ഫെയ്‌ദോർ ഡോസ്റ്റോയെവ്‌സ്‌കി

തിരുനെല്ലിയിലെ ആദിവാസി കൂരയിൽ
​ഞാൻ ഡോസ്‌റ്റോയെവ്‌സ്‌കിയെ കണ്ടു

തിരുനെല്ലിയിലെ ആദിവാസി കൂരകളിൽ ഞാൻ കണ്ട, പ്രായപൂർത്തിയായ കുട്ടികൾക്കുപോലും നാണം മറയ്ക്കാൻ വസ്ത്രമുണ്ടായിരുന്നില്ല. 'കുറ്റവും ശിക്ഷയും' എന്ന നോവലിൽ വായിച്ച ഒരു ദൃശ്യമാണ് കൺമുന്നിലെന്ന ബോധ്യം എന്നെ നിശ്ശബ്ദനാക്കിക്കളഞ്ഞു. എന്നെ രൂപപ്പെടുത്തിയ കാഴ്ചകളിൽ ഒന്നായിരുന്നു ഇത്- ഡോസ്​റ്റോയെവ്​സ്​കി വായനയിലെ തീവ്രമായ ഒരു സന്ദർഭം.

ഴുപതുകളുടെ മധ്യം.
വയനാട്ടിലെ തിരുനെല്ലിയിൽ പട്ടിണി മരണമുണ്ടായി.
കോഴിക്കോട് മെഡിക്കൽ കോളേജിലെ ഡോക്ടർമാരടങ്ങുന്ന വസ്തുതാന്വേഷണസംഘം അത് പോഷകാഹാരക്കുറവുമൂലമാണെന്ന റിപ്പോർട്ടാണ് നൽകിയത്. എന്നാൽ, വസ്തുത അറിയാൻ എനിക്ക് താൽപര്യമുണ്ടായി, അങ്ങനെ തിരുനെല്ലിയിലേക്കുപോയി.
കർക്കടകത്തിലെ കൊടും മഴ. മരണം നടന്ന സ്ഥലത്ത് ഏതാനും കൂരകളുണ്ട്.
ഉച്ചനേരമാണ്. രണ്ടുമണിയായിക്കാണും. ഒരു ആദിവാസി സ്ത്രീ വട്ടക്കുട ചൂടി ഒക്കത്ത് ഒരു കുട്ടിയെയും എടുത്തുവരുന്നു. കൈയിൽ ഒരു പാത്രത്തിൽ കഞ്ഞിയും ചോറുമല്ലാത്ത എന്തോ അൽപം ഭക്ഷണമുണ്ട്. ഇത് കണ്ടപ്പോൾ ആ കൂരകളിലെ കുട്ടികൾ കാണിച്ച ഒരുതരം തിടുക്കം എന്നെ ഞെട്ടിച്ചു.

"ഞാനിപ്പോൾ മുട്ടുകുത്തിയത് നിന്റെ കാൽക്കലല്ല, ലോകത്തിലെ മനുഷ്യരാശിയുടെ ക്ലേശങ്ങൾക്കുമുന്നിലാണ്?'' /ഫോട്ടോ : ദി റഷ്യൻ ആർട്സ് തീയേറ്റർ ആൻറ് സ്റ്റുഡിയോ

പെട്ടെന്ന് ഒരു രംഗം ഓർത്തു, അപ്പോൾ വായിച്ചുകൊണ്ടിരുന്ന ഡോസ്​റ്റോയെവ്‌സ്‌കിയുടെ "കുറ്റവും ശിക്ഷയും' എന്ന നോവലിലെ രംഗം. ആ സമയത്ത് ഈ നോവൽ എന്റെ കൈവശമുണ്ടായിരുന്നു.
കഥാനായകൻ റസ്‌കോൾ നിക്കോവ് തനിക്ക് സ്​നേഹമുണ്ടായിരുന്ന സോന്യയുടെ വീട്ടിലെത്തുന്നു. പിതാവിന്റെ മദ്യപാനത്തിൽ തകർന്ന കുടുംബം. പട്ടിണി മാറ്റാൻ ശരീരം വിൽക്കേണ്ടിവന്ന പെൺകുട്ടിയാണ് സോണിയ.
നാണം മറയ്ക്കാൻ വേണ്ട വസ്ത്രമില്ലാത്ത കുട്ടികളെ അയാൾ അവളുടെ വീട്ടിൽ കണ്ടു. അയാൾ അടുക്കളയിലെത്തി ഓരോ പാത്രവും തുറന്നുനോക്കുമ്പോൾ അവയെല്ലാം ശൂന്യമായിരുന്നു.
പെട്ടെന്ന് അയാൾ മുട്ടുകുത്തിനിന്ന് സോന്യയുടെ പാദങ്ങൾ തൊടുന്നു.
""നിങ്ങൾ എന്താണ് ചെയ്യുന്നത്, അതും എന്നെപ്പോലുള്ള ഒരുവളോട്...?'', സോണിയ ചോദിക്കുന്നു.
""ഞാനിപ്പോൾ മുട്ടുകുത്തിയത് നിന്റെ കാൽക്കലല്ല, ലോകത്തിലെ മനുഷ്യരാശിയുടെ ക്ലേശങ്ങൾക്കുമുന്നിലാണ്?''

1866ലാണ് "കുറ്റവും ശിക്ഷയും' പുറത്തുവന്നത്. ഇപ്പോഴും അതിന്റെ പ്രസക്തിയും പ്രാധാന്യവും നഷ്ടമായിട്ടില്ല. ഈ നോവൽ നൽകുന്ന സന്ദേശം കാലാതീതവും ദേശാതീതവുമാണ്.

തിരുനെല്ലിയിലെ ആദിവാസി കുട്ടിയുടെ മരണം പട്ടിണി മൂലം തന്നെയാണെന്ന് എനിക്ക് പ്രഥമദൃഷ്ട്യാ മനസ്സിലാക്കാൻ കഴിഞ്ഞു. ആദിവാസി കൂരകളിൽ ഞാൻ കണ്ട, പ്രായപൂർത്തിയായ കുട്ടികൾക്കുപോലും നാണം മറയ്ക്കാൻ വസ്ത്രമുണ്ടായിരുന്നില്ല. നോവലിൽ വായിച്ച ഒരു ദൃശ്യമാണ് കൺമുന്നിലെന്ന ബോധ്യം എന്നെ നിശ്ശബ്ദനാക്കിക്കളഞ്ഞു.
എന്നെ രൂപപ്പെടുത്തിയ കാഴ്ചകളിൽ ഒന്നായിരുന്നു ഇത്.
1866ലാണ് "കുറ്റവും ശിക്ഷയും' പുറത്തുവന്നത്. ഇപ്പോഴും അതിന്റെ പ്രസക്തിയും പ്രാധാന്യവും നഷ്ടമായിട്ടില്ല. ഈ നോവൽ നൽകുന്ന സന്ദേശം കാലാതീതവും ദേശാതീതവുമാണ്.
ഇത്ര മനസ്സിൽ തട്ടി വായിച്ച വേറൊരു പുസ്തകമില്ല. വൈകാരികമായി എന്നെ സ്വാധീനിച്ച പുസ്തകമാണിത്.

ഈ നോവലിന്റെ ഇതിവൃത്തം ദാരിദ്ര്യവും ഇൻഇക്വാലിറ്റിയുമാണ്. ദരിദ്രരും അല്ലാത്തവരും തമ്മിലുള്ള അന്തരം. നോവലിലെ കേന്ദ്ര കഥാപാത്രം റസ്‌കോൾ നിക്കോവ് വളരെ സെൻസിറ്റീവായ ഗവേഷകനാണ്. ആദർശവാൻ. ഒരു വൃദ്ധയുടെ വീട്ടിലാണ് അദ്ദേഹം വാടകയ്ക്ക് താമസിക്കുന്നത്. ഇയാൾക്ക് ഇവരോട് സ്‌നേഹമാണ്. സ്വർണപ്പണയത്തിൽ കടം കൊടുക്കുന്നവരാണ് ഈ വൃദ്ധ. ഇവർ സ്വർണം കുന്നുകൂട്ടിവച്ചിരിക്കുകയാണ്. പാവപ്പെട്ടവരിൽനിന്ന് സ്വർണം വാങ്ങി പണം കടം കൊടുക്കുകയാണിവർ.
ദാരിദ്ര്യം ഇത്ര മൂർത്തമായി പ്രതിപാദിക്കുന്ന നോവൽ വേറെയില്ല. ദാരിദ്ര്യത്തിന്റെ നിർവചനത്തിനും ദാരിദ്ര്യത്തിന്റെ പരിമാണം അളക്കാനും അതിന്റെ കാഠിന്യം കുറയ്ക്കാനുള്ള മാർഗങ്ങൾക്കുമായി ആധുനിക കാലഘട്ടത്തിൽ ഭരണാധികാരികളും സാമ്പത്തിക വിദഗ്ധരും എത്രയോ സമയമാണ് ചെലവഴിച്ചിട്ടുള്ളത്. എന്നാൽ, ശാശ്വതമായി ദാരിദ്ര്യം പരിഹരിക്കാനുള്ള പരിപാടികളൊന്നും ഇവയിലുണ്ടാകില്ല. ദരിദ്രർക്ക് സ്വത്തുടമസ്ഥാവകാശം നൽകണം, ഉൽപാദകഘടങ്ങളിൽ ഉടമസ്ഥാവകാശവും നിയന്ത്രണവും വേണം- ഇങ്ങനെ പറയില്ല. Poverty is not going because the hungry are not angry. hungry ആയവർ angry ആയാൽ ദാരിദ്ര്യം എളുപ്പം പോകുന്നതേയുള്ളൂ. ഈ അവസ്ഥയുണ്ടാകാതിരിക്കാൻ ഭരണാധികാരികളും സമ്പത്ത് നിയന്ത്രിക്കുന്നവരും പല തന്ത്രങ്ങളും പയറ്റും. ഇത്തരം പ്രശ്‌നങ്ങളിലേക്കാണ് ഈ നോവലിന്റെ വായന അന്തിമമായി കൊണ്ടെത്തിക്കുന്നത്.

സ്‌റ്റേറ്റ് എന്നാൽ പവർ ആണ്, അധികാരം എപ്പോഴും ശിക്ഷിക്കാൻ ഉപയോഗിക്കുന്നതുകൊണ്ടാണ് പലപ്പോഴും സമൂഹത്തിൽ വലിയ പ്രശ്‌നങ്ങളുണ്ടാകുന്നത്.

റസ്‌കോൾ നിക്കോവിന്​ സോണിയയോട്​ സ്​നേഹമുണ്ട്​.
നിനക്കെന്താണ് ജോലി എന്നയാൾ ചോദിക്കുമ്പോൾ പ്രോസ്റ്റിറ്റ്യൂട്ടാണ് എന്നവൾ മറുപടി പറയുന്നു. ഇയാളുടെ മധ്യവർഗ മൊറാലിറ്റി വച്ചുകൊണ്ട്-ദരിദ്രരെ നിയന്ത്രിക്കുന്നത് മധ്യവർഗ മൊറാലിറ്റിയാണ്- നിനക്ക് ഇങ്ങനെ പറയുന്നതിൽ ലജ്ജയില്ലേ എന്നയാൾ ചോദിക്കുന്നു.
അതിനവൾ മറുപടി പറയുന്നില്ല. മിഡിൽ ക്ലാസ് മൊറാലിറ്റിയെ പോലുള്ള മാനദണ്ഡം വച്ചുകൊണ്ട് എല്ലാ സാമൂഹിക സാഹചര്യങ്ങളെയും അളക്കരുത്. ഒരു അയഞ്ഞ സമീപനമാണ് ആവശ്യം. നമ്മുടെ മൂല്യബോധമാണ് ശരി എന്നത് അപകടങ്ങൾ വരുത്തും.

ശിക്ഷ തെറ്റിനുള്ളതല്ല, കുറ്റത്തിനുള്ളതാണ്. നമ്മുടെ കുട്ടികൾ തെറ്റുചെയ്താൽ അതിനെ തിരുത്തുകയാണ്, ശിക്ഷിക്കുകയല്ല ചെയ്യേണ്ടത്. തെറ്റ് വരുത്തിയ കുട്ടികളെ ശിക്ഷിക്കുന്നത് അടിസ്ഥാനപരമായി മൂല്യബോധമില്ലാത്ത രക്ഷിതാക്കളും അധ്യാപകരുമാണ്.
കുറ്റം ചെയ്തവർ ശിക്ഷ അനുഭവിക്കണം. ശിക്ഷയിൽനിന്ന് രക്ഷപ്പെടാൻ പറ്റിയേക്കും, എന്നാൽ, മനഃസാക്ഷി എപ്പോഴും നമ്മെ വേട്ടയാടിക്കൊണ്ടിരിക്കും. നമുക്ക് ഒന്നിലും ശ്രദ്ധ കേന്ദ്രീകരിക്കാൻ പറ്റില്ല, ഭാവി ജീവിതത്തിന് ദിശാബോധം നൽകാനാകില്ല. കുറ്റം ചെയ്തവർ ശിക്ഷിക്കപ്പെട്ടാലേ അവർ കറക്ട് ചെയ്യപ്പെടൂ.
കുറ്റത്തിന്റെ കാഠിന്യമനുസരിച്ചാണല്ലോ ശിക്ഷ വിധിക്കുന്നത്. അതൊരു അനിവാര്യതയാണ്. എന്നാൽ ഇവിടെ മൗലികമായ ഒരു പ്രശ്‌നമുയർന്നുവരുന്നു. സ്‌റ്റേറ്റ് എന്നാൽ പവർ ആണ്, അധികാരം എപ്പോഴും ശിക്ഷിക്കാൻ ഉപയോഗിക്കുന്നതുകൊണ്ടാണ് പലപ്പോഴും സമൂഹത്തിൽ വലിയ പ്രശ്‌നങ്ങളുണ്ടാകുന്നത്. നീതിയെക്കുറിച്ച് പറയാറുണ്ടല്ലോ. അധികാരം നീതിയോടൊപ്പമല്ല. അത് ശക്തിയോടൊപ്പമാണ്. അതുകൊണ്ട് അധികാരികൾ പലപ്പോഴും ശക്തന്മാരുടെ കൂടെയാണ്, അശക്തന്മാരുടെ കൂടെയല്ല.

പാവപ്പെട്ട ഒരാളുടെ കുഞ്ഞിന്റെ ഓപ്പറേഷന് ഒരു ലക്ഷം രൂപ വേണം. ആളുകൾ അയാൾക്ക് നൂറോ ഇരുനൂറോ രൂപ കൊടുക്കും. പിന്നെയാരും ശ്രദ്ധിക്കില്ല. ക്ഷമകെട്ട് അയാൾ ഒരുലക്ഷം രൂപ എവിടെനിന്നെങ്കിലും എടുക്കുന്നു എന്നിരിക്കട്ടെ. രണ്ടുമൂന്നു മിനിറ്റിനകം പൊലീസും ഉദ്യോഗസ്ഥരും അവിടെയെത്തും. ഭരണാധികാരികൾ പ്രസ്താവനയിറക്കും, ഇത്തരം കുറ്റകൃത്യങ്ങൾ അനുവദിക്കാനാവില്ല എന്നു പറഞ്ഞ്. വിപരീതദിശയിൽ ചക്രം എത്ര പെട്ടെന്നാണ് ചലിക്കുന്നത് എന്നു നോക്കുക. കാരണം, അധികാരം സമ്പന്നനെയും ശക്തനെയും സംരക്ഷിക്കാനുള്ളതാണ്.

1884-ലാണ് ഏംഗൽസ് The Origin of the Family, Private Property and the State എഴുതുന്നത്. അദ്ദേഹം പറയുന്നുണ്ട്, ഭരണകൂടം സമ്പന്നരെയും ശക്തരെയും സംരക്ഷിക്കാനുള്ളതാണ് എന്ന്. ആരിൽനിന്ന്? പാവങ്ങളിൽനിന്ന്, ദരിദ്രരിൽനിന്ന്, ചൂഷിതരിൽനിന്ന്. ഏതെങ്കിലും ഒരു സർക്കാർ, തങ്ങൾ പാവങ്ങൾക്കൊപ്പമാണ് എന്നു പറഞ്ഞാൽ നാം ആ സർക്കാറിന്റെ സത്യസന്ധതയെയാണ് സംശയിക്കേണ്ടത്. നീതി ദരിദ്രർക്കും ദുർബലർക്കും വേണ്ടിയുള്ളതല്ല.
ഈ നോവലിന്റെ വായനയിൽനിന്ന് ലഭിക്കുന്ന മൗലികമായ, ഘടനാപരമായ ഒരു സന്ദേശമെന്നു പറയുന്നത്, സമൂഹത്തിൽ വൈരുധ്യം നിറഞ്ഞുനിൽക്കുമ്പോൾ അവ മൂർച്ഛിക്കാതിരിക്കാൻ ഭരണകൂടങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട് എന്നതാണ്. സമൂഹത്തിന് അതിന്റേതായ ഡൈനമിക്‌സുണ്ട്.

സമ്പത്ത് ആവശ്യമില്ലാത്തവരിൽനിന്ന് എടുത്ത് ആവശ്യമുള്ളവർക്ക് വിതരണം ചെയ്യുന്നതിനുപകരം ആഗോള മുതലാളിത്തത്തെക്കുറിച്ചൊക്കെയാണ് ഭരണകൂടങ്ങൾ സംസാരിക്കുക. ഇത് സാധാരണക്കാർക്ക് ഗോചരമല്ലാത്ത കാര്യങ്ങളാണ്.

സമൂഹത്തിന്റേതായ ചാലകശക്തികൾ പ്രവർത്തിക്കുമ്പോൾ, ഭരണാധികാരികളും സമ്പന്നരും പറയും, അത് ആഭ്യന്തര സുരക്ഷയ്ക്ക് ഭീഷണിയാണ് എന്ന്. മൻമോഹൻ സിങാണ് പ്രധാനമന്ത്രിയായിരുന്നപ്പോഴാണ് ഈ പരാമർശം കോയിൻ ചെയ്തത്. ഭരണവർഗത്തിനുള്ളതാണ് ഈ ഭീഷണി. ഇത്തരം പ്രകടമായ വൈരുധ്യങ്ങൾ ഉണ്ടാകാതിരിക്കാൻ ഭരണകൂടം ശ്രദ്ധിക്കണം. സമ്പത്ത് ആവശ്യക്കാർക്ക് വീതിച്ചുകൊടുക്കേണ്ടതാണ്. മതസ്ഥാപനങ്ങളും തോട്ടങ്ങളും രാഷ്ട്രീയ പാർട്ടികളും മറ്റുമാണ് സമ്പത്ത് കൈയടക്കിവച്ചിരിക്കുന്നത്. ദരിദ്രരും ചൂഷിതരും മർദിതരും സമ്പത്തില്ലാതെ വിഷമിക്കുന്നു. സമ്പത്ത് ആവശ്യമില്ലാത്തവരിൽനിന്ന് എടുത്ത് ആവശ്യമുള്ളവർക്ക് വിതരണം ചെയ്യുന്നതിനുപകരം ആഗോള മുതലാളിത്തത്തെക്കുറിച്ചൊക്കെയാണ് ഭരണകൂടങ്ങൾ സംസാരിക്കുക. ഇത് സാധാരണക്കാർക്ക് ഗോചരമല്ലാത്ത കാര്യങ്ങളാണ്. അട്ടപ്പാടിയിലെ മധു വിശന്നപ്പോൾ ഭക്ഷണമെടുത്ത് കഴിച്ചുവെന്നുപറഞ്ഞ് തല്ലിക്കൊന്നു. അയാളുടെ ദാരിദ്ര്യം മുകേഷ് അംബാനിക്ക് സമ്പത്ത് കുന്നുകൂടിയതുകൊണ്ട് സംഭവിച്ചതല്ല. വാളയാറിലെ അമ്മക്ക് നീതി നിഷേധിക്കപ്പെട്ടത് കാലാവസ്ഥാ വ്യതിയാനം കൊണ്ടല്ല. കുറ്റവും ശിക്ഷയും എന്ന നോവലിൽനിന്ന് വളരെ ബുദ്ധിപൂർവം വായിച്ചെടുക്കേണ്ട കാര്യങ്ങളാണിവ.

ആൾക്കൂട്ടം തല്ലിക്കൊന്ന അട്ടപ്പാടിയിലെ ആദിവാസി യുവാവ് മധു

റസ്‌കോൾ നിക്കോവിന്​ വൃദ്ധയോട് യാതൊരു പകയുമില്ല. പകരം, സ്‌നേഹമാണ്, ബഹുമാനമാണ്. പക്ഷെ, ഇയാളുടെ മുന്നിൽ പ്രത്യക്ഷപ്പെടുന്ന വൈരുധ്യം ഈ വ്യക്തിയിലൂടെയാണ്. ഇത് നാം മനസ്സിലാക്കണം. ഇന്ധനവില കൂടുമ്പോൾ സാധാരണക്കാരന് ഓട്ടോറിക്ഷക്കാരനോടാണ് ദേഷ്യം തോന്നുക, അയാളോടാണ് അത് പ്രകടിപ്പിക്കുക. എന്നാൽ, ഓട്ടോറിക്ഷക്കരനല്ല വിലക്കയറ്റത്തിനുകാരണം. ദേശീയവും അന്തർദേശീയവുമായ ചൂഷകശക്തികളാണ് ഇതിനുപിന്നിൽ, ഈ സാധാരണക്കാരനായ ഓട്ടോറിക്ഷക്കാരൻ നിസ്സഹായനാണ് എന്നുമനസ്സിലാക്കാനുള്ള വിശകലനാത്മകമായ ബുദ്ധി സാധാരണക്കാരനില്ല.
അസമത്വങ്ങൾ സമൂഹത്തിലെ ഹാർമണി ഇല്ലാതാക്കുകയും അതുവഴി മാനവികത തന്നെ നഷ്ടമാകുകയും ചെയ്യുന്നു. ഇവിടെ, റസ്‌കോൾ നിക്കോവിനെ സംബന്ധിച്ച് ആ വൃദ്ധയാണ് ഇതിന്റെ കാരണം. അതുകൊണ്ടാണ് അയാൾ ഇവരെ കൊല്ലുന്നത്. എന്നിട്ട് സ്വർണമെടുത്ത് പാവപ്പെട്ടവർക്ക് വീതിച്ചുകൊടുക്കുകയാണ്. ഇതിനുള്ള അവസരം വ്യവസ്ഥിതിയുടെ നിയന്ത്രണം കൈയാളുന്നവരുണ്ടാക്കരുത്. വ്യവസ്ഥിതി തന്നെയാണ് കുറ്റകരമായ സാഹചര്യങ്ങളെയും കുറ്റവാളികളെയും സൃഷ്ടിക്കുന്നത്. എന്നിട്ട് അവർ തന്നെ കുറ്റവാളികളെ ശിക്ഷിക്കുന്നു. കുറ്റവാളികൾ അറിഞ്ഞുകൊണ്ട് ചെയ്യുന്നതല്ല കുറ്റകൃത്യം. കുറ്റകൃത്യങ്ങൾക്കുള്ള സാമൂഹികാവസ്ഥ സൃഷ്ടിച്ചശേഷം കുറ്റവാളികളെ ശിക്ഷിക്കുക. മനുഷ്യാവകാശ പ്രവർത്തകൻ കെ.ജി. കണ്ണാബിരാൻ മദ്രാസ് ഹൈകോടതിയിൽ ഒരു കേസ് വാദിക്കുമ്പോൾ പറഞ്ഞു; നിയമമാണ് കുറ്റം നിർവചിക്കുന്നത്, പക്ഷെ, കുറ്റവാളിയെ നിശ്ചയിക്കുന്നത് ഭരണകൂടമാണ്.

സമ്പന്നന്റെ സമ്പത്തുണ്ടാക്കുന്നത് തൊഴിലാളികളാണ്. പാവപ്പെട്ടവരുടെ ദാരിദ്ര്യം സൃഷ്ടിക്കുകയും അതിനെ പുനർസൃഷ്ടിക്കുകയും അതിനെ ശാശ്വതീകരിക്കുകയും ചെയ്യുന്നത് ഈ പാവപ്പെട്ടവർ തന്നെയാണ്.

എന്റെ ചെറുപ്പത്തിൽ, ദാരിദ്ര്യവും വിവേചനവുമെല്ലാം തികച്ചും സ്വഭാവികതയോടെയാണ് അനുഭവിച്ചിരുന്നത്, ഒട്ടും പരാതിയില്ലാതെ. വിധിയാണെന്ന മട്ടിൽ. എന്നാൽ അത് വിധിയല്ല, സാമൂഹികസൃഷ്ടിയാണ് എന്ന് തിരിച്ചറിയുന്നത് ഇത്തരം പുസ്തകങ്ങളുടെ വായനകളിലൂടെയാണ്. ദാരിദ്ര്യവും സമ്പത്തും ഒരേ ശക്തികളും ഒരേ പ്രക്രിയകളുമാണ് സൃഷ്ടിക്കുന്നത് എന്നാണ് മാർക്‌സ് പറഞ്ഞത്. ദാരിദ്ര്യം സൃഷ്ടിക്കപ്പെടുന്നത് സമ്പത്ത് കുന്നുകൂട്ടുന്ന ശക്തികളാൽ തന്നെയാണ്. സമ്പന്നന്റെ സമ്പത്തുണ്ടാക്കുന്നത് തൊഴിലാളികളാണ്. പാവപ്പെട്ടവരുടെ ദാരിദ്ര്യം സൃഷ്ടിക്കുകയും അതിനെ പുനർസൃഷ്ടിക്കുകയും അതിനെ ശാശ്വതീകരിക്കുകയും ചെയ്യുന്നത് ഈ പാവപ്പെട്ടവർ തന്നെയാണ്. പാവപ്പെട്ടവർ സമ്പന്നർക്ക് സമ്പത്തുണ്ടാക്കുന്നുവെന്നുമാത്രമല്ല, അവരുടെ പാവപ്പെട്ട അവസ്ഥ സൃഷ്ടിക്കുകയും പുനർസൃഷ്ടിക്കുകയും ചെയ്യുന്നു. അതുകൊണ്ടാണ് പാവപ്പെട്ടവർ അവരെ തന്നെ പുനർനിർവചിക്കേണ്ട അവസ്ഥയുണ്ടാകുന്നത്.

സാമൂഹിക ശാസ്ത്രജ്ഞന്മാർ കാര്യങ്ങളെ അപഗ്രഥിക്കുന്നത് കാര്യകാരണങ്ങൾ- സിദ്ധാന്തം, മെത്തഡോളജി വച്ചുകൊണ്ടാണ്. ഇതൊന്നും ക്രിയേറ്റീവല്ല, ക്രിയേറ്റീവ് തിങ്കിങ് വരുന്നത് സാഹിത്യത്തിൽനിന്നാണ്. അമേരിക്കൻ ഫിലോസഫറായ മാർത്ത നുസ്‌ബോം (Martha Craven Nussbaum) പറഞ്ഞുവല്ലോ, ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട വിദ്യാഭ്യാസ ചിന്തകൻ സോക്രട്ടീസ് ആയിരുന്നു എന്ന്. അദ്ദേഹം ചോദ്യം ചോദിക്കുകയാണ്, ഉത്തരം കണ്ടെത്തുകയല്ല ചെയ്തത്.

രവീന്ദ്രനാഥ ടാഗോർ

ഇന്ത്യയിൽ അവർ പറയുന്നത് ഏറ്റവും പ്രധാനപ്പെട്ട വിദ്യാഭ്യാസ ചിന്തകൻ ടാഗോറായിരുന്നു എന്നാണ്, കാരണം, അദ്ദേഹം പ്രാധാന്യം നൽകിയത് കലയ്ക്കായിരുന്നു. നിങ്ങൾക്ക് ഒരു ഇക്കണോമിസ്റ്റിനെ ഉണ്ടാക്കാൻ കഴിയും, ഒരു സംഗീതജ്ഞനെ ഉണ്ടാക്കാൻ കഴിയില്ല. ഇതാണ് ക്രിയേറ്റിവിറ്റിയുടെ സ്രോതസ്സ്. വൈജ്ഞാനിക സാഹിത്യം ക്രിയേറ്റിവിറ്റിയുടെ നിദാനമല്ല. ഞാനൊരു സോഷ്യൽ സയന്റിസ്റ്റാണ്, അതുമായി ബന്ധപ്പെട്ട കാര്യങ്ങൾ മനസ്സിലാക്കാൻ കഴിയും. എന്നാൽ, എനിക്കൊരു കവിയുടെ ഭാവനയില്ല.

സാമൂഹികശാസ്​ത്രപരമായ കാഴ്​ചപ്പാടിൽനിന്നുകൊണ്ടാണ്​ ഈ വായന നടത്തിയത്​. കുറ്റവും ശിക്ഷയും നൽകിയ ഒരു ഉൾക്കാഴ്​ച എന്നത്​, കാണാൻ കണ്ണുകൾ മാത്രം പോരാ, ഹൃദയവും വേണം എന്നതായിരുന്നു. കണ്ണുകൾ കൊണ്ട്​ നോക്കാൻ മാത്രമേ കഴിയൂ, ആ നോട്ടം ഉള്ളിൽ പതിയണമെങ്കിൽ ഒരു ഹൃദയം കൂടി ആവശ്യമാണ്​ എന്ന സന്ദേശമാണ്​ ഈ നോവൽ എനിക്കു നൽകിയത്​.
ഈ നോവൽ നൽകുന്ന സന്ദേശങ്ങളുടെ സാംഗത്യം ഇനിയും നഷ്ടമായിട്ടില്ല. അതുവെച്ച് നമ്മുടെ ആധുനിക ജീവിതശൈലി രൂപപ്പെടുത്താൻ കഴിയും. അതാണ് കുറ്റവും ശിക്ഷയും എന്ന നോവലിന്റെ പ്രാധാന്യം. ▮


വായനക്കാർക്ക് ട്രൂകോപ്പി വെബ്‌സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കാം.​


എം. കുഞ്ഞാമൻ

പ്രമുഖ സാമ്പത്തികശാസ്​ത്ര വിദഗ്​ധൻ. സബാൾട്ടൻ സ്​റ്റഡീസിൽ മൗലിക അന്വേഷണം നടത്തുന്ന ചിന്തകൻ. മഹാരാഷ്​ട്രയിലെ തുൽജാപുരിൽ ടാറ്റ ഇൻസ്​റ്റിറ്റ്യൂട്ട്​ ഓഫ്​ സോഷ്യൽ സയൻസസിൽ പ്രഫസറായിരുന്നു. ഇപ്പോൾ നെൽസൺ മണ്ടേല ചെയർ പ്രൊഫസർ, എം.ജി യൂണിവേഴ്​സിറ്റി. ​​​​​​​Development of Tribal Economy, State Level Planning In India, Globalization: A Subaltern Perspective, Economic Development and Social change, കേരളത്തിന്റെ വികസന പ്രതിസന്ധി, എതിര്​: ചെറോണയുടെയും അയ്യപ്പന്റെയും മകന്റെ ജീവിതസമരം എന്നിവയാണ്​ പ്രധാന കൃതികൾ.

Comments