പ്രിയപ്പെട്ട യു.പി. ജയരാജ്,
താങ്കൾ ഈ ലോകത്തോട് വിട പറഞ്ഞിട്ട് 26 വർഷം പൂർത്തിയാവുകയാണ്. വെറും 49 വർഷമേ നിങ്ങൾക്ക് ജീവിക്കാൻ കഴിഞ്ഞുള്ളൂ. അതിനിടയിൽ തന്നെ നിങ്ങൾ ആരാണെന്ന് രേഖപ്പെടുത്തി കഴിഞ്ഞിരുന്നു. ഒരെഴുത്തുകാരൻ എന്നതിനേക്കാൾ താങ്കളെ തികഞ്ഞൊരു രാഷ്ട്രീയ പ്രവർത്തകൻ എന്ന് വിളിക്കാനാണ് ഇഷ്ടപ്പെടുന്നത്. "ജനിച്ചു ജീവിച്ചു മരിച്ചു നിങ്ങൾ ചെയ്ത അത്ഭുതം എന്ത്" എന്ന കൊച്ചുബാവയുടെ ചോദ്യത്തിന് ഉത്തരം നൽകിയ ചുരുക്കം പേരിൽ ഒരാളാണ് താങ്കൾ. നിങ്ങൾക്ക് ശേഷം ( 1999 ശേഷം ) കേരളത്തിലെ വിപ്ലവ രാഷ്ട്രീയ വഴിയിൽ അൽഭുതങ്ങൾ ഒന്നു സംഭവിച്ചിട്ടില്ല. എങ്കിലും അതിനിടയിൽ സത്യസന്ധമായ രാഷ്ട്രീയ പ്രവർത്തനങ്ങളിൽ വലിയ മാറ്റങ്ങൾ ഉണ്ടായിട്ടുണ്ട്. അതിൻ്റെ ആഴം അറിയണമെങ്കിൽ നിങ്ങളുടെ കഥകൾ വായിക്കുക തന്നെ വേണം. അതിനെക്കുറിച്ചാണ് ഞാനെന്ന വായനക്കാരൻ ചിലത് കുറിക്കാൻ ശ്രമിക്കുന്നത്.
നിങ്ങളെ കുറിച്ച് പറയുമ്പോൾ നിങ്ങളുടെ രാഷ്ട്രീയ നിലപാടും സർഗ്ഗാത്മകതയും ഒന്നാണെന്ന് പറയേണ്ടതുണ്ട്. എന്തൊരു എഴുത്തായിരുന്നു എഴുതിത്തീർത്തത്. നിങ്ങളുടെ ഓരോ കഥകളും മലയാളിയുടെ മുഖത്തുനോക്കി ചോദിച്ച ചോദ്യങ്ങൾക്ക് ഇനിയും ഉത്തരം കിട്ടാത്തവയാണ്. പ്രത്യേകിച്ചും രണ്ടര പതിറ്റാണ്ടിനിടയിൽ കേരളത്തിലെ സാഹിത്യവും അത് മുന്നോട്ടുവയ്ക്കുന്ന രാഷ്ട്രീയവും അങ്ങേയറ്റം വ്യക്ത്യാധിഷ്ടിതമാവുന്ന സമയത്ത്. താങ്കളുടെ കഥകൾ വീണ്ടും വായിക്കുക എന്നത് ഒരു തരം രാഷ്ട്രീയ പ്രവർത്തനമാണ്. അതിന് നിരവധി കാരണങ്ങളുണ്ട്.
കേരളത്തിലെ തീവ്ര ഇടതുപക്ഷ രാഷ്ട്രീയം അടിസ്ഥാന വർഗ്ഗത്തോട് കാണിച്ച ആഭിമുഖ്യമാണ് 1970-കാലത്ത് ഒരുപറ്റം യുവാക്കളെ വിപ്ലവപാതയിലേക്ക് നയിച്ചത്. അവരുടെ മുമ്പിൽ പരിഗണിക്കപ്പെട്ടതു പോലെ പാവങ്ങളെ രാഷ്ട്രീയമായി മറ്റൊരു കാലത്തും പരിഗണിക്കപ്പെട്ടിട്ടില്ല. ഈ പാവങ്ങളെ മധ്യ- ഉപരിവർഗ്ഗങ്ങളാണ് പല രീതിയിലുള്ള ചൂഷണങ്ങൾക്ക് വിധേയമാക്കിയത്. എന്നാൽ 1970-കളിലെ തീവ്ര ഇടതുപക്ഷ രാഷ്ട്രീയത്തെ വിപ്ലവാത്മകമായി മുന്നോട്ടു കൊണ്ടു പോയതും മധ്യ- ഉപരിവർഗ്ഗത്തിൽപ്പെട്ട യുവാക്കളായിരുന്നു. നക്സൽ പ്രസ്ഥാനം ആക്കാലത്ത് നടത്തിയിട്ടുള്ള ഇടപെടലുകൾ സാംസ്കാരിക കേരളത്തിൻ്റെ വസന്തകാലത്തെയാണ് ഓർമ്മപ്പെടുത്തുന്നത്. അത്തരമൊരു രാഷ്ട്രീയ പൊതുബോധത്തെ ജനകീയമായി രൂപപ്പെടുത്തിയെടുക്കാൻ പിന്നീട്ടുള്ള കേരളത്തിന് കഴിഞ്ഞിട്ടില്ല. പല രീതിയിലുള്ള വിധേയത്വ രാഷ്ട്രീയത്തിനു നട്ടെല്ല് കുനിച്ചു കൊടുക്കുന്ന അവസ്ഥയിലേക്ക് രാഷ്ട്രീയ സാഹിത്യ മേഖലകൾ മാറി. അവിടെ നിന്നുകൊണ്ട് 1970-നു ശേഷം നിങ്ങൾ എഴുതിയ കഥകൾ വായിക്കുമ്പോൾ ഒരു വായനക്കാരൻ എന്ന രീതിയിൽ അത്ഭുതപ്പെട്ടു പോവുകയാണ്.

ഇന്ന് മലയാളത്തിൽ രാഷ്ട്രീയ കഥകളുണ്ടോ എന്ന് ചോദിച്ചാൽ ഇല്ല എന്ന് പറയേണ്ടിവരും. സാഹിത്യത്തിൻ്റെ ഉള്ളടക്കങ്ങൾ അതാത് കാലത്തിൻ്റെ സാമൂഹ്യ രാഷ്ട്രീയ യാഥാർഥ്യങ്ങളെ പ്രതീകാത്മകമായി ആവിഷ്കരിക്കാറുണ്ട് എന്നാണ് പൊതുവേ നിരീക്ഷിക്കപ്പെടുന്നത്. ആ അർത്ഥത്തിൽ രാജ്യത്തെ സവിശേഷ രാഷ്ട്രീയ സാഹചര്യത്തിൽ നിശബ്ദമായ അടിയന്തരാവസ്ഥയും പൗരാവകാശലംഘനവും ന്യൂനപക്ഷ ദലിത് വിഭാഗങ്ങളോടുള്ള ഭരണകൂട സമീപനവും ഭയപ്പെടുത്തുന്നതാണ്. ബഹുസ്വരതയുടെ പൂന്തോട്ടമായ രാജ്യത്തെ ഹിന്ദുത്വത്തിന്റെ ഏകാത്മക ദേശീയതയിലേക്ക് പരിവർത്തനപ്പെടുത്താനുള്ള തീവ്രശ്രമം നടക്കുന്നു. ഇത്തരം അടയാളങ്ങളെ നേരത്തെ ഒ.വി. വിജയന്റെ ധർമ്മപുരാണത്തിലും എം.സുകുമാരൻ്റെ എഴുത്തുകളിലും നാം വായിച്ചു. നിങ്ങൾക്ക് ശേഷം അവരും യാത്രയായി. അങ്ങനെ മലയാളിയുടെ സർഗാത്മക ഭൂമികയിൽ രാഷ്ട്രീയത്തെ ഉള്ളടക്കമായി സ്വീകരിക്കുന്ന എഴുത്തിന്റെ അഭാവം സൃഷ്ടിക്കുന്ന ശൂന്യത വലുതാവുകയാണ്. അവിടെയാണ് താങ്കളുടെ കഥകൾ ഇന്നും ഊർജ്ജത്തിന്റെ മഹാഗോപുരങ്ങളായി ഉയർന്നുനിൽക്കുന്നത്. എഴുപതുകളിൽ എഴുതിയതാണെങ്കിലും പല കഥകളും ഈ കാലത്തോട് ചേർന്ന് നിൽക്കുന്നതാണ്. അതിൽ ഇപ്പോഴും അതിശയിപ്പിക്കുന്നുണ്ട് 1978-ൽ എഴുതിയ ബീഹാർ എന്ന കഥ.
നമ്മുടെ സ്വാതന്ത്ര്യത്തിന് എട്ടുപതിറ്റാണ്ട് പൂർത്തിയാവാൻ ഒരു വർഷമേ ബാക്കിയുള്ളൂ. അപ്പോഴും പല സംസ്ഥാനങ്ങളിലും ഫ്യൂഡൽ വ്യവസ്ഥിതി തുടരുകയാണ്. ജാതിയെ കേന്ദ്രീകരിച്ച് നടക്കുന്ന അധികാര ആധിപത്യ സാമൂഹികക്രമം ഇപ്പോഴും മനുഷ്യരെ കൊടിയ പീഡനത്തിന് വിധേയമാക്കുന്നു. ജാതിയും സമ്പത്തും തമ്മിൽ അഭേദ്യമായി ചേർന്നുകിടക്കുന്നുണ്ട്. അടിത്തട്ട് മനുഷ്യർക്ക് ഭൂമിക്കു മുകളിൽ അധികാരമില്ലാതിരിക്കുകയും അധികാരവർഗ്ഗങ്ങൾ അവരെ അടിമകളായി നിലനിർത്തുകയും ചെയ്യുന്നതിന്റെ സൂക്ഷമമായ വായനാണല്ലോ 1978-ൽ എഴുതിയ ബീഹാർ എന്ന കഥ. ഒരേസമയം ജാതി, ഫ്യൂഡൽ അധികാരം, സവർണ്ണത, പ്രണയം, വിവാഹം, പിതൃത്വം തുടങ്ങിയ വിവിധ അടരുകളെ എത്ര കൃത്യമായിട്ടാണ് ആവിഷ്കരിച്ചിട്ടുള്ളത്. കഥയാരംഭിക്കുന്നത് തന്നെ ഇങ്ങനെയാണല്ലോ. ''ഓമനേ, ഇവിടെ ഈ വിശാലമായ പാടത്തിന്റെ കരയിൽ, പൂന്നെല്ലിന്റെ മണം പ്രസരിക്കുന്ന ഈ ഇളംകാറ്റിൽ, ചേറും ചെളിയും ഇഴകിച്ചേർന്നതിൽ കാലുകളാഴ്ത്തി വരമ്പെടുത്തുകൊണ്ട് നില്ക്കുമ്പോൾ ദൂരെ നീ കറ്റ കെട്ടുന്നത് ഞാൻ കാണുന്നു" കഥയിൽ പ്രണയത്തിലൂടെ നിങ്ങൾ വായനക്കാരനെ കൊണ്ടുപോകുന്നത് ബിഹാറിലെ ഗ്രാമങ്ങളിലേക്കാണ്. അവിടെ തമ്പുരാൻമാരുടെ ഇരകളാകുന്ന പ്രായപൂർത്തിയാവാത്ത പെൺകുട്ടികളുടെ പൊള്ളിക്കുന്ന ജീവിതാവസ്ഥയിലേക്കാണ്. സവർണ്ണ മനുഷ്യരുടെ ഇരകളായി ബലാത്സംഗം ചെയ്യപ്പെട്ട് ഉപേക്ഷിക്കപ്പെട്ട പെൺകുട്ടികളുടെ നിലവിളികൾ ഉത്തരേന്ത്യൻ ഗ്രാമങ്ങളിൽ നിന്ന് ഇപ്പോഴും ഉയരുമ്പോൾ നിങ്ങളുടെ കഥ കാലാതിവർത്തിയായി മലയാളഭാഷയിൽ നട്ടെല്ലുയർത്തി നിൽക്കുകയാണ്. മാത്രമല്ല, ഇത്തരം അവസ്ഥയിലും ഒരു കഥയിൽ എങ്ങനെ ജീവിതത്തെ സമ്പന്നമായി അവതരിപ്പിക്കാം എന്ന് പറഞ്ഞു തരുന്നുണ്ട്.

"നീയെന്നെ ഒളിഞ്ഞു നോക്കുന്നതെങ്ങാനും കാണാനിടവന്നാൽ ചെറിയ തമ്പുരാൻ്റെ സ്വതേ ചുവന്ന മുഖം നീരസംകൊണ്ട് ഒന്നൂടെ ചുവക്കും. എനിക്കറിയാം. ഇത്തവണ കൊയ്ത്തു കഴിയുന്നതിനു മുൻപ്, പതമളന്ന് കൂലി വാങ്ങി കുടിലുവച്ച് ഞാൻ നിന്നെ എൻ്റെ പെണ്ണാക്കുന്നതിന് മുമ്പ് ചെറിയ തമ്പുരാൻ നിന്നെ അനുഭവിക്കുക തന്നെ ചെയ്യും. എനിക്കതിൽ പരാതിയില്ല. പുത്തനായി തീണ്ടാരിയായ മൂന്നു പേരാണ് ഇത്തവണ കൊയ്ത്തിനിറങ്ങിയ പെണ്ണുങ്ങളിലുള്ളതെന്ന് ഇന്നലെ ദുബ്ബു പറഞ്ഞപ്പോൾ ഞാൻ മനസ്സിലാക്കിയിരുന്നു. അതിലൊന്ന് നീയായിരിക്കുമെന്ന് (കാരണം, കഴിഞ്ഞവർഷം കൂമ്പെടുത്ത് പൊടിച്ചുവരുന്ന മുലമൊട്ടുകളുളോടുകൂടിയ ചെറിയ പെണ്ണായിരുന്നല്ലോ നീ. അന്ന് നിന്നെ എൻ്റെ കണ്ണുകൾ കണ്ടെത്തുകയേ ചെയ്തിരുന്നിലല്ലോ).” ഇത്തരം വസ്തുതാപരമായ വിവരണങ്ങൾ എന്തുമാത്രം കാവ്യാത്മകമായിട്ടാണ് താങ്കൾ അവതരിപ്പിച്ചിട്ടുള്ളത്. കഥയിൽ നിറയെ ബീഹാറിലെ ഗ്രാമത്തിൽ നടക്കുന്ന സവർണ്ണ മനുഷ്യരുടെ മനുഷ്യത്വ വിരുദ്ധതയെ കുറിച്ചുള്ള ഹൃദയം പൊള്ളിക്കുന്ന വിവരണമാണ്. പക്ഷേ, അത് കീഴ്പ്പെട്ടുപോയ മനുഷ്യരുടെ കഥയായി അവശേഷിപ്പിക്കാതെ അതിനുള്ളിൽ വിപ്ലവ പ്രതിരോധ ബോധത്തെ ആവിഷ്കരിക്കുമ്പോഴാണ് കഥയെഴുത്ത് ഏറ്റവും വലിയ രാഷ്ട്രീയ പ്രവർത്തനമാണെന്ന് വായനക്കാരൻ വിളിച്ചു പറയുന്നത്.
ഭോജ്പൂർ എന്ന സ്ഥലത്തെ മുൻനിർത്തി എങ്ങനെയാണ് അവിടെ തമ്പുരാൻമാരുടെ അതിക്രമങ്ങൾക്ക് പ്രതികാരം വീട്ടുന്നതെന്ന് കഥ പറയുന്നുണ്ട്. ഓമനേ, ഒടുവിലിന്ന് ഭോജ്പൂരിനെപ്പറ്റി ഞാൻ നിന്നോട് പറയാൻ പോവുകയാണെന്ന് പറഞ്ഞുകൊണ്ട് കഥ എങ്ങനെയാണ് മർദ്ദിത മതന്യൂനപക്ഷങ്ങൾ അധികാര വ്യവസ്ഥയോട് പൊരുതി ജയിക്കുന്നത് എന്ന് കൃത്യമായി പറഞ്ഞുവെക്കുന്നു. അത് ഇങ്ങനെയാണല്ലോ താങ്കൾ എഴുതിവെച്ചത്. "ഭോജ്പൂരിൽ കെട്ടിയ പെണ്ണിൻ്റെ ആദ്യരാത്രി അവളുടെ പുരുഷൻ തന്നെയാണത്രെ പങ്കുവെയ്ക്കുന്നത്... പക്ഷെ ഓമനേ, ഭോജ്പൂരിൽ തോക്കുകളും ലാത്തികളും ചീറുന്നുണ്ട്. എന്നും സംഘട്ടനങ്ങൾ നടക്കുന്നുണ്ട്. പ്രാകൃതമായ പണിയായുധങ്ങൾകൊണ്ടും ഒരു യുദ്ധം ആരംഭിക്കാമെന്ന് തെളിയിക്കുന്നുണ്ട്. നിരവധി പേർ കൊല്ലപ്പെടുന്നുണ്ട്. ചോരവീണ് വഴികളും പാടങ്ങൾപോലും ചെന്നിറമായിരിക്കുന്നു. എല്ലാവർക്കും അച്ഛനും മക്കളും നഷ്ടപ്പെടുന്നുണ്ട്. എന്നും ദുർമ്മരണങ്ങളും ആർത്തനാദങ്ങളും ഉണ്ട്. വ്യക്തികളുടെ പതനത്തിൽ ഒരു വർഗ്ഗത്തിൻ്റെ വിജയമാണ് മുഴങ്ങുന്നത്. മൃതിയടയുന്നവർ നഷ്ടപ്പെടുക തന്നെയാണെങ്കിലും ഒരിക്കലും നഷ്ടപ്പെടാത്ത എന്തൊക്കെയോ അവർ നമുക്കായി നേടി വെക്കുന്നുണ്ട്." ഇതുപോലൊരു കഥ പിന്നീട് മലയാളത്തിൽ വായിക്കാൻ കഴിഞ്ഞിട്ടില്ലല്ലോ.?
ഓരോ കാലവും ആ കാലത്തിൽ മനുഷ്യർ അനുഭവിക്കുന്ന അതിതീവ്രമായ അവസ്ഥകളെ കലയിലേക്ക് പരിവർത്തനപ്പെടുത്താറുണ്ട്. അതൊരു സാമൂഹ്യ വ്യവഹാരത്തിന്റെ ഭാഗമായി സംഭവിക്കുന്ന സ്വാഭാവികതയാണ്. എന്നാൽ മലയാള ചെറുകഥ നവഭാവുകത്വത്തെ ആധുനികാനന്തരം സമ്പന്നമാക്കിയപ്പോൾ അതിൽ പുറന്തള്ളപ്പെട്ട മനുഷ്യജീവിതങ്ങൾ എത്ര കഥയിൽ രാഷ്ട്രീയമായി കടന്നുവന്നിട്ടുണ്ട് എന്നൊരു ചോദ്യമുണ്ട്.
അടിയന്തരാവസ്ഥയുടെ അമ്പതാം വാർഷികം ആചരിക്കപ്പെടുമ്പോൾ 1975-ൽ എഴുതിയ താങ്കളുടെ "മഞ്ഞ്" എന്ന കഥ എങ്ങനെ ഓർക്കാതിരിക്കും! ഈ കഥ മഞ്ഞിനെ രൂപകമായി അവതരിപ്പിക്കുമ്പോൾ അതിൻ്റെ ഭീകരത ഇന്ത്യക്ക് പുറത്തേക്ക് വികസിക്കുന്നുണ്ട്. അടിയന്തരാവസ്ഥയുടെ സമാന സ്വഭാവത്തിലൂടെ കടന്നുപോയ ലോകരാജ്യങ്ങൾ കൂടി കഥയിലേക്ക് വരുന്നു. ജനാധിപത്യ വിരുദ്ധതയെ ഏതെങ്കിലും ഒരിടത്തുനിന്ന് മാത്രം നിരീക്ഷിക്കുന്നതിന് പകരം അതൊരു ആഗോളരാഷ്ട്രീയാധികാര അധീശത്വമാണെന്ന് കഥ പ്രഖ്യാപിക്കുകയാണ്.

"കൊള്ളാം. ഇത് പെട്രോഗ്രാഡിലും മോസ്കോവിലും പണ്ടുപണ്ട് ഒരു കൊടും ശൈത്യകാലത്ത് പ്രത്യക്ഷമായിരുന്ന അതേ മഞ്ഞു തന്നെയായിരുന്നു. ബർലിനിലെ പുലരികളെയും സായാഹ്നങ്ങളെയും ഭീകരമായി മാറ്റിക്കൊണ്ട് പണ്ടൊരിക്കൽ ജനജീവിതം സ്തംഭിപ്പിച്ച മഞ്ഞ്." ഇങ്ങനെ മഞ്ഞിലൂടെ അക്കാലത്തെ ഭരണകൂട രാഷ്ട്രീയ ഭീകരതയെ കൃത്യമായി അവതരിപ്പിക്കുക വഴി ''മഞ്ഞ്'' മലയാളം കഥാലോകത്ത് ഇപ്പോഴും വേറിട്ട് നിൽക്കുകയാണ്. "ശിശിരത്തിലെ ആദ്യ വെടിയൊച്ചകൾ" എന്ന കഥയിലെത്തുമ്പോൾ വിപ്ലവകാരികളിലെ രാഷ്ട്രീയം തിളച്ചു മറയുന്നത് വായനക്കാരനെ പൊള്ളിക്കുന്നുണ്ട്. "പീഡിതരേ നിങ്ങളുടെ വിമോചന നിമിഷം വന്നെത്തിയിരിക്കുന്നു". എന്ന് പറയുമ്പോൾ അധികാര വ്യവസ്ഥയിൽ നേതാവിന് ഉണ്ടാവുന്ന മാറ്റങ്ങളെ കൂടി കഥ പ്രശ്നവൽക്കരിക്കുന്നു. ആചാര്യനെ തേടി നടക്കുമ്പോഴും നേതാവും സാധാരണ ജനങ്ങളും തമ്മിലുള്ള ഇടപെടലിന്റെ രാഷ്ട്രീയം ഈ കഥ തുറന്നു പ്രഖ്യാപിക്കുന്നുണ്ട്. അതുകൊണ്ടാണ് പുതിയൊരു തെരഞ്ഞെടുപ്പോ സമരമോ ഉണ്ടാവുന്നതുവരെ ആചാര്യൻ ഇങ്ങോട്ട് വരുന്നത് എന്തിന് എന്ന ചോദ്യം ഉയരുന്നത്.
അതേസമയം "നാം ജീവിക്കുന്ന ഈ ഭൂമിയിൽ ഉണ്ണികളെ, രണ്ടേ രണ്ട് വർഗ്ഗങ്ങൾ. ചരിത്രാതീതകാലം മുതൽ ധനവും ഭൂമിയും ആയുധങ്ങളും അധികാരവും കുത്തകയാക്കിവയ്ക്കുകയും മറ്റുള്ളവരുടെ സ്വാതന്ത്ര്യവും സുഖവും കവർന്നെടുത്തു വെച്ചിരിക്കുകയും ചെയ്യുന്നവരുടെ ഒരു വർഗ്ഗം, യുഗയുഗാന്തരങ്ങളായി സ്വന്തം വിയർപ്പ് ഏറ്റവും കുറഞ്ഞ വിലയ്ക്ക് വിറ്റ് ഒരു നേരംപോലും ശരിക്ക് ഭക്ഷിക്കാനോ, ഒരു രാത്രി എങ്കിലും മനസ്സാമാധാനത്തോടെ ഉറങ്ങാനോ കഴിയാത്തവരുടെ മറ്റൊരു വർഗ്ഗം. ഇനി പറയൂ, ഇതിൽ നിങ്ങൾ ഏതു വർഗ്ഗത്തിലാണ്." ഈയൊരു ചോദ്യം ആചാര്യൻ ഉന്നയിച്ചതിനു ശേഷം പിന്നീട് ഞങ്ങൾ ചിതറി പിരിഞ്ഞു എന്നും കാറ്റിന് വിയർപ്പിന്റെ മണമുള്ള പ്രദേശങ്ങളിൽ ഞങ്ങൾ പെരുകി വളർന്നു എന്നും പ്രവർത്തകർ പറയുന്നുണ്ട്. അവർ പിന്നീട് ചോദിക്കുന്നു. "സുഹൃത്തുക്കളെ, നമ്മുടെ ഈ ലോകത്തിൽ രണ്ടേ രണ്ട് വർഗ്ഗം മാത്രം. അവർക്ക് മർദ്ദകർ എന്നും മർദ്ദിതർ എന്നും പേരുകൾ. നിങ്ങളിൽ വിയർപ്പിന്റെ മണമുള്ളവർ....'' തുടർന്ന് തൊഴിലാളികളും കർഷകരും ഞങ്ങളെ വിശ്വസിച്ചില്ല എന്ന് പറയുകയും പിന്നീട് അവർ ഞങ്ങളെ തിരിച്ചറിയുകയും അവരാൽ ഉണ്ടാക്കിയ മുറിപ്പാടുകളിൽ ഉമ്മവെച്ചെന്നും പറയുന്നുണ്ട്. ഇങ്ങനെ ഒരു വിപ്ലവരാഷ്ട്രീയ പ്രവർത്തനത്തിന്റെ സാമൂഹിക അവസ്ഥകളെ കൃത്യമായി ആവിഷ്കരിക്കുന്നുണ്ട് കഥ.
പ്രിയപ്പെട്ട യു.പി, താങ്കൾ ഒരുകഥാകൃത്ത് ആയിരിക്കെ വിപ്ലവപോരാട്ടത്തിൽ ഏർപ്പെട്ടാൽ എന്തായിരിക്കും ജീവിതം ബാക്കി വെയ്ക്കുന്നതെന്ന് പറഞ്ഞു തന്നിട്ടുണ്ടല്ലോ "മൃതിയടഞ്ഞവർ ഉറ്റുനോക്കുന്നു'' എന്ന കഥയിലൂടെ. അതിൽ ഫാക്ടറിയിൽ നടക്കുന്ന തൊഴിൽ സമരവും അതിൻ്റെ ഭാഗമായി വെടിയേറ്റ് മരിക്കുന്ന എട്ട് സഹപ്രവർത്തകർ, അതിലൊന്ന് നിങ്ങളായിരുന്നല്ലോ.? "അവിടെ പച്ചനിറത്തിലുള്ള പൂപ്പൽ പടർന്ന ഒരു കൂറ്റൻ പൈപ്പിന്റെ പള്ളയിൽ സ്ക്രൂഡ്രൈവർ കൊണ്ട് ജോൺ ഡേവിഡ് കോറി വച്ചു. അബ്ദുൽ സത്താർ ഫിറ്റർ ജനനം 1950. രണ്ടാം ചെക്ക് പോയൻ്റിൽ വെച്ച് പോലീസിന്റെ വെടിയേറ്റു പിടഞ്ഞു മരിച്ചു." നിങ്ങളുടെ അതേ ജന്മവർഷം. മാത്രമല്ല, തൊഴിലിടത്തിൽ ഉപയോഗിക്കുന്ന ഭാഷയും കഥയിലേക്ക് വരുന്നുണ്ട്.
''നാളി മുത്തു.''
''ശൊല്ലുങ്കോ ജോൺ."
"നാൻ ഇന്ത ഷാഫ്റ്റ് കൾട്ടപ്പോറേൻ.
അന്തപക്കം വെയിറ്റ് കൊടുത്ത് ജാഗ്രതയെ പിടിച്ചുക്കൊ"
''സരി ജോൺ."
പഴക്കം ചെന്ന തൊഴിൽ ഉപകരണങ്ങൾ മാറ്റാൻ വേണ്ടിയുള്ള സമരത്തിൻ്റെ ഒത്തുതീർപ്പുകൾക്ക് ശേഷം അതേ യന്ത്രത്തിന്റെ അടിയിൽപ്പെട്ടു മരിച്ചു പോകുന്ന മറ്റൊരു തൊഴിലാളി. മുതലാളിത്ത ചൂഷണത്തിൻ്റെ നാനാതലങ്ങളെ എത്ര വ്യക്തതയോടെയാണ് താങ്കൾ അവതരിപ്പിച്ചത്. ഹരിസിങ്ങ് എന്ന തൊഴിലാളിയുടെ ആ ചോദ്യം.! അബ്ദുൽ സത്താറിൻ്റെ വെടിയേറ്റ ശരീരത്തെ കുറിച്ചുള്ള ആ ചോദ്യമുണ്ടല്ലോ.

"വെടിയേറ്റ് മരിക്കുമ്പോൾ നല്ല വേദന ഉണ്ടാകുമോ."
ഇങ്ങനെ എത്രമാത്രം ബലത്തിലാണ് ഓരോ കഥയും പണിതു വെച്ചിട്ടുള്ളത്. ചൂഷണവും അധികാരപ്രയോഗവും മറ്റൊരാർത്ഥത്തിൽ നിത്യജീവിതത്തിൽ മനുഷ്യനെ പിടിച്ചു കുലുക്കുമ്പോൾ പുതുകാല കഥയിൽ അത്തരം പ്രമേയങ്ങൾ കാണുന്നില്ലല്ലോ എന്ന് സങ്കടപ്പെടുപോകുകയാണ്. അപ്പോഴും വായനക്കാരെ അത്ഭുതപ്പെടുത്തുന്നത് ഇത് ഒരു കഥയിൽ മാത്രം ഒതുങ്ങി നിൽക്കുന്നില്ല എന്നതാണ്. "ഇന്ത്യൻ തെരുവുകളെപ്പറ്റി ചില രഹസ്യങ്ങൾ " വീണ്ടും അതിശയിപ്പിക്കുകയാണ്.
വിപ്ലവം സ്വപ്നം കണ്ട യുവത്വത്തിൻ്റെ രാഷ്ട്രീയ വിളംബരം തന്നെയാണ് ഈ കഥ. ഒരു പക്ഷേ "തെയ്യങ്ങൾ" എന്ന കഥയിലും ഇത്തരം പ്രതീക്ഷാ നിർഭരമായ കാലത്തിലേക്കുള്ള യാത്രയിലെ അംഗങ്ങളായി മാറുന്നുണ്ട് വായനക്കാർ. പട്ടിണിയും ദാരിദ്ര്യവും പരിസര മലിനീകരണവും വ്യവസായ നഗരങ്ങളിൽ പതിവ് കാഴ്ചയാകുമ്പോൾ അതിൽ പെട്ട് അകാലചരമം പ്രാപിക്കുന്ന മനുഷ്യരെ കുറിച്ചുള്ള ആധിയാണ് "ഇന്ത്യൻ തെരുവുകളെപ്പറ്റിയുള്ള ചില രഹസ്യങ്ങളിൽ."
"ഞാൻ സഹതാപത്തോടെ അയാളെ നോക്കിപ്പോവുന്നു. സുഹൃത്തേ, നമ്മുടെ ഈ രാഷ്ട്രീയത്തിൽ തൊഴിലാളികൾ തിങ്ങിപ്പാർക്കുന്ന കോളനികൾക്ക് നടുവിൽ കെമിക്കൽ ഫാക്ടറികൾക്ക് ഉയരമുള്ള പുകക്കുഴലുകൾ ആവശ്യമില്ല. കാരണം, എന്തൊക്കെയായാലും വിഷം നിറഞ്ഞ ഈ മലിനവായു ശ്വസിച്ച് അകാലത്തിൽ മരണമടയുന്നവർ ആർക്കും വേണ്ടാത്ത... "എന്നിട്ടും പ്രതീക്ഷ കൈവിടാതെ പറയുന്നു. "നിന്ദിതരെ, കരയാതെ പ്രതീക്ഷയോടെ കാത്തിരിക്കുവിൻ. നിങ്ങൾക്കായി ലോഭമില്ലാത്ത പ്രകാശത്തിന്റെ ധാരാളിത്തവുമായി നിങ്ങളുടെ സൂര്യൻ വരുന്നുണ്ടല്ലോ. "ഇത്തരം പ്രതീക്ഷ നിറഞ്ഞ ലോകത്തിൽ നിന്നുകൊണ്ടുതന്നെയാണ് യാഥാർത്ഥ്യങ്ങളിലേക്ക് നിങ്ങളുടെ കണ്ണുകൾ പാഞ്ഞടുക്കുന്നത്. പതിനഞ്ചാം വയസ്സിൽ യുവതികളും ഇരുപത്തിയഞ്ചാം വയസ്സിൽ വൃദ്ധകളുമായി മാറുന്ന തെരുവുകളിലെ പെൺകുട്ടികളെ കുറിച്ച് പറയുമ്പോൾ ചൂഷണത്തെ പാലൂട്ടുന്ന വ്യവസ്ഥയുടെ ഉൽപ്പന്നങ്ങളായി ഇത്തരം മനുഷ്യൻ മാറുകയാണ്. ഇവർക്കിടയിൽ നിന്നുള്ള വിപ്ലവത്തെയാണ് ഒരുവിധം എല്ലാ കഥകളും സ്വപ്നം കാണുന്നത്. എന്നാൽ ഇവർക്കിടയിൽ പെരുകുന്ന വർഗ്ഗ വഞ്ചകരെക്കുറിച്ചും കഥ പറയുന്നു. തൊഴിലാളി സമരങ്ങൾക്കിടയിൽ ഒറ്റുകാരായി മാറുന്നവർ."നിങ്ങളുടെ സഖാക്കളെ തിരിച്ചറിയുക. സഹായിക്കുക. വിമോചനത്തിൻ്റെ പാതകളിൽ നിന്ന് പിന്തിരിയുന്നവരെ തിരിച്ചറിയുക; ഒറ്റപ്പെടുത്തുക." ഇങ്ങനെ തനിക്ക് മുമ്പിലെ വസ്തുതാ യാഥാർത്ഥ്യങ്ങളെ തുറന്നു പറയുമ്പോഴും മാറ്റത്തിലേക്ക് നയിക്കുന്ന രാഷ്ട്രീയത്തെ ഒരു കഥയും ഉപേക്ഷിക്കുന്നില്ല. മാനേജ്മെൻ്റിന് കീഴ്പ്പെടുന്ന തൊഴിലാളി സമരങ്ങൾ. നിരാശരാക്കുന്ന തൊഴിലാളികൾ. അതേ തൊഴിലാളികൾ വിപ്ലവത്തിനു വേണ്ടി നടത്തുന്ന ഒരുക്കപ്പാടുകൾ.
''ചിതറിക്കിടക്കുന്ന ശീട്ടുകൾക്ക് താഴെ വിരിച്ച ഭൂപടത്തിൽ ചുവന്ന പെൻസിൽകൊണ്ട് അടയാളപ്പെടുത്തുകയും പരസ്പരം വളരെയേറെ, ഗൗരവത്തോടെ എന്തൊക്കെയോ ചർച്ച ചെയ്യുകയുമായിരുന്നു അവർ." അങ്ങനെ പ്രതീക്ഷ കൈവിടാതെ ആശങ്കയോടെ കഥ അവസാനിക്കുന്നത് ഇങ്ങനെയാണ്.
"തടവുകാരെക്കുറിച്ചും വിമോചനത്തെക്കുറിച്ചും സംസാരിക്കുന്ന യുവാക്കളുടെ സംഘങ്ങൾ രാത്രിയുടെ ശബ്ദമായി, ഇരുട്ടിൻ്റെ ചലനമായി, പ്രഭാതത്തിൻ്റെ ചവിട്ടടികളായി എങ്ങോട്ട്.?
ഇതിന് മറുപടിയെന്നൊണം "തെയ്യങ്ങൾ" എന്ന കഥയിൽ ദൈവത്തിൻ്റെ പ്രതിരൂപങ്ങൾ തന്നെ വിപ്ലവകാരികളായി മാറുന്നു. നന്ദൻ എന്ന ചെറുപ്പക്കാരൻ തൻ്റെ സുഹൃത്തുക്കളായ കരുണനെയും ഗംഗനെയും കാണുമ്പോൾ ഭൂതകാലത്തിലെ ഓർമ്മകൾ തികച്ചും വൈയ്യക്തികമായായിരുന്നു. സഹോദരി രോണ്യേടത്തിയുടെ സാമീപ്യത്തിലും ഇത്തരം ഭൂതകാലം ഓർമ്മകളുടെ ചോരയൊലിക്കുന്ന മുറിവായി നന്ദനെ നോവിക്കുന്നുണ്ട്. എന്നാൽ അവധിക്ക് എത്തിയ, മനസിൽ നിറയെ വിപ്ലവ ബോധം നിറഞ്ഞു നിൽക്കുന്ന നന്ദനെ അൽഭുതപ്പെടുത്തുന്നത് ഗംഗനിലെ വിപ്ലവകാരിയാണ്. അതുകൊണ്ടാണ് നന്ദൻ ചോദിക്കുന്നത്.
"ഈ തെറയും തെയ്യങ്ങളുമെല്ലാം ഒരന്ധവിശ്വാസമല്ലേ ഗംഗ, നീയി നിരീശ്വരോം പുരോഗമനോം പറഞ്ഞു നടക്കുമ്പം പിന്വെങ്ങന തെറ കെട്ടുന്നത് ?”
ഗംഗൻ അന്ന് തമാശയോടെ ചിരിച്ചു.
"ഇനിക്ക് പെരന്ത്ണ്ടെടാ. ഇപ്പൊ ആരിക്കാ ഈലൊക്കെ വിശ്വാസം? കൊറെ വയസ്സമ്മാർക്കുണ്ടാവും. അത് ആരു മാറ്റിയാലും മാറോം. ഇല്ല. ബാക്കിയുള്ളവർക്ക് ഇതൊരു തമാശയല്ലേ.? ഇഞ്ഞി നോക്കിക്കോ, തെയ്യം കെട്ടി തെയ്യം കെട്ടി ഒരു ദിവസം ഞാനീ ദൈവങ്ങളെയെല്ലാം കൊല്ലും"
കുലത്തൊഴിലായി ദൈവ രൂപത്തെ പ്രാപിക്കുമ്പോഴും അതിലെ അയുക്തികതയെ ഗംഗൻ തിരിച്ചറിയുന്നുണ്ട്. അങ്ങനെ മഹാജനക്കൂട്ടത്തെ ദൈവസാന്നിധ്യത്തിലേക്ക് നയിക്കുമ്പോൾ തന്നെ അതേ ദൈവരൂപത്തെ തേടി അധികാര വർഗ്ഗം എത്തുകയാണ്. പോലീസ് എത്തുന്നത് ഗംഗനെ തേടിയാണ്. ഗംഗൻ എന്നും പ്രക്ഷോഭകാരിയായിരുന്നു.
"എവിടെ മലയൻ ഗംഗൻ? ഓന് അറസ്റ്റുവാറണ്ടുണ്ട്," പോലീസ് പറയുന്നു. തിറ കാണാൻ ഭക്തജനങ്ങൾ നിറഞ്ഞു നിൽക്കുന്ന ഇടം. അവർ പോലീസിനെ കണ്ടു പിന്തിരിയുകയാണ്. തിറ നടത്തിപ്പുകാർ പോലീസുകാരോട് പറയുന്നു. "അയ്യോ ഇപ്പൊ ഒന്നും ചെയ്യല്ലേക്കിനേ. ഓനിപ്പം ദേവസ്വരൂപത്തിലാണ്." അതിനു മറുപടിയായി പോലീസ് പറയുന്നുണ്ട്.

"ഗോഡൗണിന് തീകൊടുക്കുമ്പം അവൻ ദൈവങ്ങളെ ഓർത്തിരുന്നോ? ആ പോലീസുകാർക്കും മുമ്പിൽ ദൈവത്തെ രക്ഷിക്കാൻ ധൈര്യമില്ലാതെ കല്ലാഡികളും കഴകക്കാരനും കോമരവും നാട്ടുപ്രമാണികളും സ്തബ്ധരായി.... മാപ്പുസാക്ഷികളെ പോലെ നോക്കി നിൽക്കുകയായിരുന്ന അവർക്കു മുന്നിൽ പെട്ടെന്ന് ഊന്നുവടികൾ അവിശ്വസനീയമായ വേഗതയിൽ ആകാശത്തിലൂടെ ഊഞ്ഞാലാടി. പോലീസുകാരുടെ തലയ്ക്കു മുകളിലൂടെ ഗംഗൻ പൊങ്ങിയുയർന്നു. നൂറ്റാണ്ടുകളായി ദൈവങ്ങളുടെ ഇച്ഛാശക്തിക്ക് കീഴ് വഴങ്ങി, അവരുടെ ശാപങ്ങളും അനുഗ്രഹങ്ങളും ഏറ്റുവാങ്ങിക്കിടക്കുന്ന മണ്ഡപങ്ങൾക്കു മുകളിൽനിന്ന് അപ്രതിരോധ്യമായ ഒരു ശബ്ദം ഉയർന്നു. ഇൻകുലാബ് സിന്ദാബാദ്, നെയ്ത്തു തൊഴിലാളി യൂണിയൻ സിന്ദാബാദ് "
ഗംഗൻ ദൈവപ്രതീകമാവുകയും അയാളിലെ വിപ്ലവബോധം അടിസ്ഥാനപരമായ സാമൂഹ്യ മാറ്റത്തിനുവേണ്ടി വാദിക്കുകയ്യും ചെയ്യുമ്പോൾ തോറ്റു പോകുന്നത് സാധാരണ മനുഷ്യർക്കിടയിലെ ദൈവമാണ്. എന്നാൽ അതിനെ എങ്ങനെ മാറ്റത്തിനായി പ്രയോജനപ്പെടുത്താം എന്നതാണ് മണ്ഡപങ്ങൾക്ക് മുകളിൽ നിന്ന് ഉയർന്ന മുദ്രാവാക്യം പ്രഖ്യാപിക്കുന്നത്. ജീവിതത്തിലൂടനീളം വിപ്ലവാഭിമുഖ്യം ചേർത്തുപിടിച്ച നിങ്ങളുടെ എഴുത്ത് ഒരേ സമയം സമകാലികവും വിദൂര ഭൂതകാലത്തിലേക്കുള്ള കണ്ണാടി കൂടിയായിരുന്നു.
1970-കൾക്ക് ശേഷം മലയാള കഥയിൽ വിഷയത്തിലും ഭാവുകത്വത്തിലും ഭാഷയിലും നിരവധി മാറ്റങ്ങൾ സംഭവിച്ചു. എന്നാൽ താങ്കൾ എഴുതിയ പോലെയുള്ള രാഷ്ട്രീയ കഥകൾ പിന്നീട് മലയാളത്തിൽ പിറന്നില്ല. അത് എല്ലാകാലത്തും സാക്ഷ്യപ്പെടുത്തുന്നുണ്ട് "നിരാശാഭരിതനായ സുഹൃത്തിന് ഒരു കത്ത് "എന്ന കഥ. അത് ആരംഭിക്കുന്നത് ഇങ്ങനെയാണല്ലോ!
''ബി എന്ന നഗരത്തിൽ ജനങ്ങളോട് സഹതാപം പുലർത്തുകയും അവരോടൊത്തു ചേർന്ന് (അവരുടെ പോരാട്ടങ്ങളിലും വിജയങ്ങളിലും കഷ്ടതകളിലും ഒന്നുപോലെ പങ്കെടുത്ത ) ജീവിക്കാൻ ശ്രമിക്കുകയും ചെയ്ത കുറ്റത്തിന് ജോലിയിൽ നിന്ന് പിരിച്ചുവിടപ്പെടുകയും പീഡനാനുഭവങ്ങൾക്ക് വിധേയമാക്കപ്പെടുകയും ചെയ്ത് ഇപ്പോൾ നൈരാശ്യം പൂണ്ട് വിഷാദാവസ്ഥയിൽ കഴിയുന്നവനായ സി എന്ന സുഹൃത്തിന് ടി എന്ന നഗരത്തിൽ നിന്ന് വി എഴുതുന്ന കത്ത്. അതായത്..." ഇതിലെ യുവാവ് മുകളിൽ നിന്നുള്ള നിർദ്ദേശപ്രകാരം സുപ്രധാനമായ ഒരു ദൗത്യവുമായി ഉത്തരേന്ത്യയിലെത്തുന്നു. അവിടെ താമസിക്കാനുള്ള ഇടത്തിൽ വെച്ച് ഒരു കിഴവിയെ പരിചയപ്പെടുന്നുണ്ട്. അവർ അവനോട് ചോദിക്കുകയാണ്.
''നീ എന്തിനാണ് മോനെ ഇങ്ങനെ ചിന്തയിലാണ്ടിരിക്കുന്നത് ?"
അയാൾ മറുപടി പറയുന്നു.
''ഭയങ്കരമായ ജീവിതാനുഭവങ്ങൾ ചിരിക്കാനുള്ള എൻ്റെ കഴിവ് നഷ്ടപ്പെടുത്തിയിരിക്കുന്നു. ഞാൻ കിഴവിയോട് പറഞ്ഞു. നിങ്ങൾ കാണുന്നതിൽ നിന്നും തികച്ചും വ്യത്യസ്തമായ ജീവിതമാണ് ഞങ്ങൾ കാണുകയും അനുഭവിക്കുകയും ചെയ്യുന്നത്. അതിൽ ചിരിക്കാനായി ഒന്നുമില്ല." പിന്നീട് ഒരു ചോദ്യത്തിന് മറുപടിയായി കിഴവി ഇയാളോട് പറയുന്നുണ്ട്.
''എനിക്കാരുമില്ല. പക്ഷേ, എല്ലാവരുമുണ്ട്. നിന്നെപ്പോലുള്ള ചെറു മക്കൾ... നാൽപ്പത്തിയെട്ടിൽ തെലുങ്കാന സമരത്തിൽ എൻ്റെ ഭർത്താവിനെ അവർ വെടിവെച്ചുകൊന്നു."
"ഞാനിപ്പോൾ സ്തബ്ധനായി ഒരു പ്രതിമയെപ്പോലെ നിശ്ചലനായിപ്പോയിരുന്നു."
ഇത് കേട്ട് യുവാവ് ചോദിക്കുന്നു.
"നിങ്ങൾക്കു മക്കളൊന്നുമില്ലേ.''
"ഉണ്ടായിരുന്നു. മൂത്തവൻ ബാസവയ്യ കഴിഞ്ഞവർഷം പോലീസ് സ്റ്റേഷനിൽ വെച്ച് കൊല്ലപ്പെട്ടു. ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു എന്നാണ് പേപ്പറിൽ വന്നതെങ്കിലും അത് സത്യമല്ല... ഇളയവൻ നാഗയ്യ ജയിലിൽ ഉണ്ടെന്നും ഇല്ലെന്നും കേൾക്കുന്നു..." ഇതൊക്കെ കേട്ട ശേഷം യുവാവ് സ്വയം പറയുന്നു.
"ഈ ചെറിയ സംഭവം ജീവിതത്തിൻ്റെ, സമരത്തിന്റെ, ത്യാഗത്തിന്റെ അർത്ഥം സംശയാതീതമായി രീതിയിൽ എന്നെ പഠിപ്പിച്ചു. പിന്നീടൊരിക്കലും പ്രയാസങ്ങൾ തരണംചെയ്യേണ്ടി വരുമ്പോൾ, എനിക്ക് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല." ഇത്തരമൊരു തിരിച്ചറിവിൽ കഥ അവസാനിക്കുന്നത് ഇങ്ങനെയാണ്.
''നിലംപതിക്കുന്ന ഓരോ പോരാളിക്കും പകരം രാവണൻ്റെ ശിരസ്സുപോലെ പുതുതായി മറ്റൊരാൾ ഉയിർത്തെഴുന്നേൽക്കുന്നുണ്ട്. സമരത്തെ മുന്നോട്ടു നയിക്കുന്ന ഓരോ ധീരയോദ്ധാവും രാമബാണംപോലെ സഹസ്രങ്ങളായി പെരുകുന്നുമുണ്ട്.
വെയിൽ ചിന്നുന്നുണ്ട്, ഓർമ്മകൾ ഉണരുന്നുണ്ട്, കാക്കകൾ കരയുന്നുണ്ട്, കാറ്റ് വീശുന്നുണ്ട്, മരങ്ങൾ ഉലയുന്നുണ്ട് കാടിളകുന്നുണ്ട്, ചൂഷണം പെരുകുന്നുണ്ട്. അതുകൊണ്ടുതന്നെ സമരം തുടരുന്നുമുണ്ട്."
പ്രിയപ്പെട്ട കഥാകാരാ, താങ്കൾ എഴുതിയത് പോലെയുള്ള കഥകൾ പിന്നീടുള്ള കാലം വായിക്കാൻ കഴിയാത്തതിലെ നിരാശ പങ്കുവെച്ചുകൊണ്ട് ഈ കുറിപ്പ് അവസാനിപ്പിക്കട്ടെ.
