ആളുകൾ ഭയങ്കരമായി തന്നെ അസ്വസ്ഥരായി. ചോദ്യങ്ങൾകൊണ്ട് അവരെന്നെ മൂടി.
‘‘ആരാണീ ജനാഫ്രസ്സ്?''
‘‘എവിടുത്തുകാരനാണ്?''
‘‘നിങ്ങൾ വിവാഹിതയല്ലെ?''
''രണ്ട് കുട്ടികളുടെ അമ്മയല്ലെ''?
‘‘ഈ പ്രായത്തിൽ ഒരു പ്രേമം. അതുമൊരു മുസ്‌ലിമിനെ?'' ഒളിക്കണ്ണുകളിൽ സംശയങ്ങൾ പെരുപെരുത്തു.
ജനാഫ്രസ്സിനെക്കുറിച്ച് ഞാൻ ആദ്യം എഫ്.ബിയിൽ എഴുതിയത് വായിച്ച് ലോകം മുഴുക്കെ അസ്വസ്ഥമായി. മുപ്പതുകളുടെ ഒടുവിൽ മുതിർന്ന പെണ്മകളും ചെറിയ ആൺകുട്ടിയും ഭർത്താവുമുള്ള സ്ത്രീയുടെ അവിഹിതമായാണ് അവർ അതിനെ കണ്ടത്. അങ്ങനെയെ അവർക്ക് കാണാൻ കഴിഞ്ഞുള്ളു. ചിലരാകട്ടെ ഇത്രയും നല്ലൊരു കാമുകനെ ഈ പ്രായത്തിൽ കിട്ടിയതിൽ അസൂയ പൂണ്ടു.
‘‘പേർഷ്യക്കാരനായ സുന്ദരനോ?'' അവർ പിറുപിറുത്തു.
‘‘അതും മുസ്‌ലിമായ കാമുകൻ എന്നെഴുതിയത് എന്താണ്? കാമുകൻ എന്നെഴുതിയാൽ പോരെ?''
എന്ന് ചില സഖാക്കൾ ചോദിച്ചപ്പോൾ ‘‘ഒരു മുസ്‌ലിമിനെ പ്രേമിക്കുക എന്നത് ഇന്ന് ഇന്ത്യയിൽ ഒരു രാഷ്ട്രീയപ്രവർത്തനമാണ്'' എന്ന് ഞാൻ ഗൗരവം പൂണ്ടു. ഒപ്പം കാക്കയ്ക്ക് കൊത്താൻ മക്കളെ വിടില്ലെന്ന നിലപാടുകാരിയായ ഒരു പഴയ സുഹൃത്ത് എന്നെ ഫോൺ വിളിച്ച് ‘‘അവളുടെ മകള് പ്രേമിച്ച് കെട്ടീട്ടോ അതും മുസ്‌ലിമിനെ, എന്താകുമോ എന്തോ'' എന്ന ദുഷിപ്പിനെക്കൂടി കൊട്ടിയാണ് ഞാനങ്ങനെ അയച്ചത്. എന്നെയറിയാത്ത ഇടതന്മാർക്കിടയിൽ പോലും ഞാൻ മുസ്‌ലിം വിരുദ്ധയുമായി.
എൻ.ഐ.എയ്ക്കും ഇന്ദുമേനോനുമിടയിൽ കേരളത്തിലെ മുസ്‌ലിം യുവാക്കൾ എന്ന ട്രോളു കേട്ടു. എന്നെ കാണുമ്പോൾ പുരുഷന്മാർ കവിളിൽ കാക്കാപ്പുള്ളി തപ്പി എന്ന് പറഞ്ഞെന്നെ അപമാനിച്ചു
എൻ.ഐ.എയ്ക്കും ഇന്ദുമേനോനുമിടയിൽ കേരളത്തിലെ മുസ്‌ലിം യുവാക്കൾ എന്ന ട്രോളു കേട്ടു. എന്നെ കാണുമ്പോൾ പുരുഷന്മാർ കവിളിൽ കാക്കാപ്പുള്ളി തപ്പി എന്ന് പറഞ്ഞെന്നെ അപമാനിച്ചു.
വായിച്ചിട്ട് എല്ലാം മനസ്സിലായിട്ടും വെറുതെ ഉപദ്രവിക്കാൻ വേണ്ടി ഒരു ക്രിസ്ത്യൻ എഡിറ്റർ അപകീർത്തികരമായ പോസ്റ്റിട്ടു. എന്റെ പരിചയത്തിലെ ഒരു കുടുംബത്തിൽ ജാരനായി വരികയും സ്വന്തം ഭാര്യയെ നന്നായി ഉപദ്രവിക്കയും ചെയ്ത അയാളുടെ ഇരട്ടപ്പേര് തീട്ടമോട്ടോർ എന്നായിരുന്നു. എനിക്ക് അപവാദങ്ങളും ഇത്തരം അപകീർത്തികളും എഴുത്തിന്റെ പേരിൽ സഹിക്കാനാവില്ലായിരുന്നു. സർവീലിയൻസ് വിദഗ്ദനായ ഒരു സുഹൃത്തിന്റെ ഭർത്താവിന്റെ സഹായത്തോടെ അയാളുടെ ഒരാഴ്ചയിലെ വിവരങ്ങൾ എനിക്ക് കിട്ടി. പത്തുപതിനെട്ട് കാമുകിമാരുള്ള, കുടുംബത്തിനകത്ത് കയറിക്കളിക്കുന്ന ഇത്തരം ഇന്റലെക്ച്വൽ ഡിസ്ഹോണസ്റ്റി മനുഷ്യരുള്ള ലോകത്തിൽ ജീവിച്ചതിൽപ്രതി എനിക്ക് ആത്മനിന്ദ തോന്നി.
എന്റെ വിഹിതമല്ലാത്ത ബന്ധത്തെ പ്രതി ഭീകര മോറൽ പൊലീസിങ് നടത്തിയത്, ജനാഫ്രസ്സുമൊത്തുള്ള എന്റെ പ്രേമത്തിൽ ഏറ്റവും അസ്വസ്ഥരായത്, കവിതയെഴുതുകയോ അതിനുശ്രമിച്ച് പരാജിതരാകുകയോ ചെയ്ത എഴുത്തുകാരികളാണെന്നത് എന്നെ പൊട്ടിച്ചിരിപ്പിച്ചു. അവരുടെ ജാതീയവും വംശീയവുമായ വെറികളും ഗ്വാഗ്വാ വിളികളും കണ്ട് മൂക്കത്ത് വിരൽവെച്ചു. ജനാഫ്രസ്സിൽ നിന്ന് എന്റെ ഉടലിലേയ്ക്കുനീണ്ട ബോഡീ ഷെയിമിങ്ങ് അവർ ആരംഭിച്ചു. മൂന്നു പെറ്റ, നാൽപ്പതുകളുലേക്ക് പ്രവേശിക്കാനാകുന്ന മധ്യവയസ്‌കയായ ഒരു സ്ത്രീഉടൽ അവർക്ക് ചരക്കോ പാക്കിങ്ങോ ഉൽപ്പന്നമോ ഷക്കീലാമാമിയോ ആയിരുന്നു. ജീവിതത്തോടുള്ള അശാന്തികളിൽ ജയിക്കാനാവാത്ത അവരോടെനിക്ക് സഹതാപം തോന്നി. ജീവിതത്തിന്റെ സംഗീതം ആർക്കും കിട്ടാതായതിന്റെ ഫ്രസ്‌റ്റ്രേഷനിൽ അവർ സ്റ്റാലിനെപ്പോലെ പേർജ് ആരംഭിച്ചു. തൊലി തവിട്ടിൽ നിന്ന് മാറിയ സ്ത്രീകളുടെ പൂർവികർ ഞങ്ങളുടെ പൂർവികരെ ആക്രമിക്കയും അവഗണിക്കുകയും ഉപദ്രവിക്കുകയും ചെയ്തിട്ടുണ്ട്. അതിനാൽ ഞങ്ങൾക്ക് തൊലിനിറത്തിന്റെ പേരിൽ ആരെയും നിന്ദിക്കാം, അപമാനിക്കാം എന്ന വിചിത്രലോജിക്ക് കേട്ട്, ‘അല്ല ഞാൻ ഇന്ത്യയിൽ തന്നെയാണോ' എന്ന് ചിന്തിച്ചു പോയി. എഴുത്തുകാരിയുടെ സെക്‌സിസം, അതിന്റെ വിപണനം, അതിലെ സ്ത്രീവിപണി, തേങ്ങാക്കൊല എന്ന് അവർ സുദീർഘമായി എഴുതി.
ജനാഫ്രസ്സിൽ നിന്ന് എന്റെ ഉടലിലേയ്ക്കുനീണ്ട ബോഡീ ഷെയിമിങ്ങ് അവർ ആരംഭിച്ചു. മൂന്നു പെറ്റ, നാൽപ്പതുകളുലേക്ക് പ്രവേശിക്കാനാകുന്ന മധ്യവയസ്‌കയായ ഒരു സ്ത്രീഉടൽ അവർക്ക് ചരക്കോ പാക്കിങ്ങോ ഉൽപ്പന്നമോ ഷക്കീലാമാമിയോ ആയിരുന്നു
എന്റെ എഴുത്ത് ഏറെ മോശമെന്നും എഡിറ്ററുമായുള്ള കൊടുക്കൽ വാങ്ങലുകളാണ് എഴുത്തുകൾ പ്രസിദ്ധീകരിക്കാനുള്ള ആധാരമെന്നും അവരിൽ ചിലർ പ്രചരിപ്പിച്ചു. നാട്ടിലായിരുന്നെങ്കിൽ നമ്മൾ അത്തരക്കാരുടെ മുഖമടിച്ചു പൊട്ടിച്ചേനെ. ജയിലിൽ പോയാലും വേണ്ടില്ല എന്നു കരുതിപ്പോയേനെ
‘‘ആ സ്ത്രീകൾ അങ്ങനെ മാത്രം ചെയ്ത് ശീലിച്ചവരാണ്. ആ കവിതകൾ കണ്ടില്ലെ? ദാ ഈ എസ്സിന്റെ വിവർത്തനം നോക്ക്. വെറുതെ ഗൂഗിൾ ട്രാൻസ്‌ലേറ്റിലിട്ട് എടുത്തതാണ്. ഇതാണ് അവരുടെ സാഹിത്യവും മൗലികതയും. ലോകം മുഴുവൻ തങ്ങളെപ്പോലെയുള്ളവരാണെന്നും തങ്ങളൂടെ തന്ത്രകുതന്ത്രാദികളെപ്പോലെ മറ്റുള്ളവരും ചെയ്യുന്നുവെന്നേ അവർ കരുതൂ'' എന്ന് എന്റെ സുഹൃത്തുക്കൾ അവരെ ചീത്തവിളിച്ചു.
‘‘ആ പെണ്ണ് രാത്രി നാലു പെഗ്ഗ് അടിച്ചിട്ട് പോസ്റ്റിടുന്നതാണ്. ജീവിതത്തിൽ ശാന്തിയില്ലാത്ത ജന്തു. എവിടെയും ജയിച്ചിട്ടില്ല. തോറ്റമനുഷ്യരാണ്. വിട്ടുകള.''
കവിതപോലെ മനോഹരമായ ഒന്നില്ല. കഥയേക്കാളും നോവലിനേക്കാളും മനോഹരവും മൂർച്ചയും ഹരവും പകരുന്ന കവിതയെഴുതുന്നവർ പാമ്പിനെപ്പോലെ ഭയക്കേണ്ടുന്ന വിഷജന്തുക്കളാണെന്ന് എനിക്ക് തോന്നി. പ്രത്യേകിച്ച് ആ ഒരു സംഘക്കാർ. മറ്റുള്ളവരെക്കുറിച്ച് എന്തൊരാകുലത? വിതറുന്നതെന്തോരു വംശീയവെറുപ്പ്...
അവരുടെ വായകൾ തുറക്കുമ്പോൾ പഴകിയ പബ്ലിക് ടോയ്‌ലെറ്റ് കുഴിയുടെ സ്ലാബ് നീങ്ങിയപോലെ മലീമസത പൊന്തി. അഴുക്കും മാലിന്യവും കവിളിലൂടൊലിച്ചിറങ്ങി. ഈ അസഹനീയമായ അഴുക്കും ദുർഗന്ധവും ഓക്കാനിച്ച് എന്റെ കുടൽ വരെ ഒലിച്ച് പോയി.
‘‘ആരാണ് ജനാഫ്രസ്സ്?''
അതെ, ജനാഫ്രസ്സ് എന്റെ കാമുകനാണ്. ഞാനൊരിക്കലും കാണാത്ത ഗന്ധർവകുമാരനായ എന്റെ കാമുകൻ. മൃത്യുവിന്റെ ദേശത്ത് 200 വർഷം ജീവിച്ച ഭയങ്കരൻ. ഒരു സ്ത്രീ എന്ന രീതിയിൽ എന്റെ കൗമാരകാലത്തുണ്ടായ ഗന്ധർവസങ്കൽപ്പത്തിൽ നിന്ന് കാമുകഡ്രാക്കുള പ്രഭുവിൽ
ഇങ്ങനെയൊരാൾ പൂർണമായും എന്റെ സൃഷ്ടിയാണ്. കൊണ്ടോട്ടിയിലോ സമീപദേശങ്ങളിലോ ഇങ്ങനെയൊരു മിത്തില്ല. അവൻ, പേർഷ്യയിൽ നിന്ന് ടിപ്പു സുൽത്താനെ കാണാൻ 1770/80 കളിൽ കുതിരയിൽ കയറി വന്ന പേർഷ്യൻ രാജകുമാരൻ
നിന്നുമൊക്കെയുണ്ടായി വന്ന ഒരു പ്രേമലോലുപനായ പുരുഷകഥാപാത്രം. ഇങ്ങനെയൊരാൾ പൂർണമായും എന്റെ സൃഷ്ടിയാണ്. കൊണ്ടോട്ടിയിലോ സമീപദേശങ്ങളിലോ ഇങ്ങനെയൊരു മിത്തില്ല. അവൻ, പേർഷ്യയിൽ നിന്ന് ടിപ്പു സുൽത്താനെ കാണാൻ 1770/80 കളിൽ കുതിരയിൽ കയറി വന്ന പേർഷ്യൻ രാജകുമാരൻ. അവനെയും ചുമന്നെത്തുന്ന വെളുവെളുത്ത കുഞ്ചിരോമക്കുതിര. പാഞ്ഞുപോകുകയും മാന്ത്രികച്ചിറക് വെച്ച് പറക്കുകയും ആകാശത്ത് നിന്ന് നൃത്തം ചെയ്യുകയും ചെയ്യുന്ന അത്ഭുതകാരിയായ പെൺകുതിര. അത് അസർബൈജാനിലും താജികിസ്ഥാനിലും പോകുന്നുണ്ട്. അത് മെസോപ്പൊട്ടേമിയയിലും മക്കത്തും തങ്ങുന്നുണ്ട്. അത് യൂറോപ്പിലെ പനിനീർപ്പൂന്തോട്ടത്തിൽ ഉലാത്തുകയും മുന്തിരിവള്ളികളിൽ മണിയായുതിർന്ന തേന്മുന്തിരികൾ ചവയ്ക്കുകയും ചെയ്യുന്നു. അത് പല രാജ്യങ്ങളിലും പോകുന്നു. എന്നാൽ ഒടുക്കം അത് തന്റെ രാജകുമാരനുമായി വന്നെത്തുന്നത് കൊണ്ടോട്ടിയിലാണ്. വലിയ ഒരു യാത്രയുടെ ഒടുക്കം. ഒരു പാലായനം. ഇനി മടക്കമില്ലാത്ത പറിച്ചുനടൽ. കഥയിൽ ജനാഫ്രസ്സ് വരുമ്പോൾ അയാൾ പേർഷ്യയിൽ നിന്ന് അപൂർവ്വമായൊരു കൃഷ്ണനാൽത്തയ്യും കൊണ്ടുവന്നിരുന്നു. ഇലകൾ കുമ്പിൾകുത്തിയ ആൽ. കൃഷ്ണനാൽ. അതിൽ ശ്രീകൃഷണൻ മതിയാവോളം വെണ്ണ കോരിക്കുടിച്ചിരുന്നു. അത് വളർന്നു പന്തലിച്ചപ്പോൾ കുട്ടികൾ ഊഞ്ഞാലിട്ടു... വൃന്ദാവനസാരംഗിയുടെ സ്വരത്തിൽ നദികലങ്ങിയപ്പോൾ അവയിൽ കാറ്റുതട്ടി മറു സംഗീതമുണ്ടായി. ജെനാഫ്രസ്സ് ഷായിബാജയിൽ അപൂർവമായൊരു കൃഷ്ണരാഗം വായിച്ചു.
ജെനാഫ്രസ്സ് ഷിയ വിഭാഗക്കാരനാണ്. സുന്നി- ഷിയ പ്രശ്‌നങ്ങളെപ്പറ്റി ഞാൻ പറയേണ്ടതില്ലല്ലോ. ടിപ്പു ഫ്രാൻസിലേയ്ക്കുള്ള യാത്രയിലാണ് ജെനാഫ്രസ്സിനെ കാണുന്നത്, അയാളിൽ ആകൃഷ്ടനാകുന്നത്. തന്റെ പടയാളികളെ വിദ്യ അഭ്യസിപ്പിക്കാൻ സുൽത്താൻ ജനാഫ്രസ്സിനെ ഇന്ത്യയിലേക്ക് ക്ഷണിക്കുന്നു. ഇതും എന്റെ മാത്രം ഭാവനയാണ്. ടിപ്പുസുൽത്താൻ തന്റെ മക്കളെ പഠിപ്പിച്ചിരുന്നത് ഫ്രാൻസിൽ അയച്ചാണ് എന്നു ഞാൻ എവിടുന്നോ കേട്ടിട്ടുണ്ട്. അതങ്ങനെ മനസ്സിൽ കിടന്നു.
ഒരിക്കൽ എന്റെ ഒരു ഫ്രഞ്ച് യാത്രക്കിടയിൽ ഞാൻ തൊട്ടടുത്തിരുന്ന ഒരു പേർഷ്യക്കാരനോട് പേരു ചോദിച്ചു പരിചയപ്പെട്ടപ്പോൾ അയാൾ ഒരു പേരു പറഞ്ഞു. അതെനിക്ക് വഴങ്ങിയില്ല. അയാൾ രണ്ടുമൂന്നാവർത്തിച്ചിട്ടും മറ്റെന്തോ ആണു ഞാൻ കേട്ടത്. ഏതാണ്ട് ജനാഫ്രസ്സ് പോലെ ഒന്ന്. ഞാൻ എന്റെ മനസ്സിനുതോന്നിയ ആ ഒരു പേരുതന്നെയിട്ട് അയാളെ വിളിച്ചു.
‘‘ജെനാഫ്രസ്സ്''
അങ്ങനെയാണ് ആ പേര് എനിക്ക് കിട്ടുന്നത്. ഞാൻ നടത്തിയ വിമാനയാത്ര ടിപ്പുവിന്റെ പറക്കും കുതിരയാത്രയായി. ഞാൻ കണ്ട പേർഷ്യക്കാരൻ ടിപ്പുകാണുന്ന ജെനാഫ്രസ്സായി. അവർ സുഹൃത്തുക്കളായി. അതിസുന്ദരനായ ജെനാഫ്രസ്സിനും ടിപ്പുവോട് പ്രേമം തോന്നി. അയാൾ ടിപ്പുവിന്റെ പട്ടാളക്കാർക്ക് ചില രഹസ്യ പേർഷ്യൻ ആയോധനവിദ്യ പഠിപ്പിക്കുവായി എന്നുപറഞ്ഞ് അയാളെ തേടി വന്നു. അക്കാലത്ത് ടിപ്പു ഫറോക്കിൽ കോട്ട പണിയുകയായിരുന്നു. പടയാളികൾ കൊണ്ടോട്ടിയിലുമായിരുന്നു. അവർക്കൊപ്പം ജനാഫ്രസ്സ് ചേർന്നു.
ഏതു പെണ്ണിനെയും മയക്കിയെടുക്കുന്ന പ്രേമമാന്ത്രികൻ. ഏതു പുരുഷനെയും കാമിപ്പിക്കുന്ന അതിസുന്ദരനായവൻ. അവന്റെ പ്രേമം രതിയിലേയ്ക്കു നീണ്ടുകിടക്കുന്ന ആഴവും ചുഴിയും പരപ്പും വിശപ്പുമുള്ള പെരുംകടലാണ്
ഇപ്പോൾ ജനാഫ്രസ്സിന് 200 വയസ്സാണ് പ്രായം. ഇത് മരിച്ചതിനുശേഷമുള്ള പ്രായക്കണക്കാണ്. പക്ഷെ പ്രേമത്തിലയാൾ 20 കാരനായ യുവാവാണ്. പ്രേമം സ്ഫുടം ചെയ്യുന്ന രൂപാന്തരണം. ഒരിനം മെറ്റമോർഫസിസ്. അയാളുടെ വാർദ്ധക്യം ചിലപ്പോൾ 18 ആയി മാറുന്നു. ഓരോരുത്തരോടും വെർജിനായ പ്രേമം സൂക്ഷിക്കുന്ന ഒരാളാണ് ജനാഫ്രസ്സ്. ഏതു പെണ്ണിനെയും മയക്കിയെടുക്കുന്ന പ്രേമമാന്ത്രികൻ. ഏതു പുരുഷനെയും കാമിപ്പിക്കുന്ന അതിസുന്ദരനായവൻ. അവന്റെ പ്രേമം രതിയിലേയ്ക്കു നീണ്ടുകിടക്കുന്ന ആഴവും ചുഴിയും പരപ്പും വിശപ്പുമുള്ള പെരുംകടലാണ്. പെരുമീനുകൾ ഉദിക്കയും നിലാവിൽ കുളിക്കയും മഴയും മഞ്ഞും നഗ്‌നമായ നെഞ്ചിൽ സദാവീഴ്ത്തിയാഹ്‌ളാദിക്കയും ചെയ്യുന്ന ആഴക്കടൽ. ആ പ്രേമമാകട്ടെ, അത് അതിസങ്കീർണമാണ്. പരപീഢാരതിയുടേയും ആത്മപീഢാരതിയുടെയും വർത്തുളാകൃതിയായ മേളനമാണ് ജനാഫ്രസ്സിന്റെ പ്രേമം. മുറിവുകളും ചോരയുടെ ഉന്മാദഗന്ധവും മാംസത്തിന്റെ മദിപ്പിക്കലുമുള്ള ഒരു നരഭോജിത്വം ഓരോ മനുഷ്യന്റെ രതിയ്ക്കുള്ളിലും ഉണ്ട്. മനുഷ്യൻ എന്ന സംസ്‌കാര ഉടുപ്പിട്ട മൃഗം അതൂരിക്കളയുന്നതിന്റെ പരകൃതിയും സൗന്ദര്യവും. അത് ജെനാഫ്രസ്സിൽ വളരെ വ്യക്തവും പുറത്തേയ്ക്കു തെളിഞ്ഞു നിൽക്കുന്നതും ആണ്. ജനാഫ്രസ്സ് പ്രേമത്തിന്റെ പരമകാഷ്ഠയിലും അതിമൂർച്ഛയിലും പെൺകുട്ടികളുടെ പച്ചമാംസം കഴിക്കാനാഗ്രഹിക്കുന്നു. രക്തമുറിഞ്ചി കുടിക്കാനാഗ്രഹിക്കുന്നു. അവരുടെ ഉമിനീരിന്റെ പശപ്പിൽ ഉടൽ സ്രവങ്ങളുടെ കൊഴുപ്പിൽ കൺപീലികളോട്ടി നിലവിട്ട് പൊട്ടിക്കരയുവാൻ ആവനാഗ്രഹിക്കുന്നു. കാരണം അവനൊരേസമയം പ്രേതവും പ്രേമവുമാണ്.
‘‘വാ വാ വാ'' അവരുടെ ആത്മാവുകൾ അവനിൽ മുങ്ങിമരിക്കുവാൻ കാത്തുനിന്നു. തന്റെ കഴുത്തിൽ നിന്ന് ജനാഫ്രസ്സിനെക്കൊണ്ട് ആഴ്ച്ക്കാഴ്ച്ചയ്ക്ക് ചോര കുടിപ്പിച്ചിരുന്ന പതിമൂന്നുകാരി ശോശന്ന വിളർച്ച ബാധിച്ച് നാലുമാസം കൊണ്ട് മരിച്ചു. തന്റെ തുടയിറച്ചി തിന്നാൻ കൊടുത്ത് കൊടുത്ത് പ്രേമഹരം കയറിയ ഇഹ്ലാസ്സ് ഒടുക്കം തന്റെ പ്രേമത്തിന്റെ ഭാരം താങ്ങാനാവാതെ അവളുടെ ഹൃദയവും കുടലും അറുത്ത് ജനാഫ്രസ്സിനു തിന്നാൻ കൊടുത്തു.
മനുഷ്യരുടെ ഉള്ളിൽ ഇണയെ ഭക്ഷിക്കുന്ന ആദിമമായൊരു മൃഗീയചോദന ഉണ്ട്. തന്റെ ഇണയോടുള്ള ഉന്മാദകരവും ഉത്ഭ്രാന്തകരവുമായ കൊടിയപ്രേമത്തിൽ നിന്നുണ്ടാകുന്ന ഒന്ന്. എട്ടുകാലിയെപ്പോലെ തന്റെ പുരുഷന്റെ കടിച്ചീമ്പി തിന്നുകളയണമെന്നാഗ്രഹിക്കാത്തെ പെണ്ണുങ്ങളുണ്ടോ? അത്തരം വന്യരതിയിൽ ചില മനുഷ്യർ കടിക്കുകയും രക്തം കുടിക്കുകയും ചെയ്യുന്നത് അത്രതന്നെ കൊടിയ ഭ്രാന്തിലാണ്. ജനാഫ്രസ്സിനെ സ്‌നേഹിക്കുന്ന സ്ത്രീകൾ അയാളുടെ ആത്മാവിനെയും ഉടലിനേയും ഒരുപോലെ സ്‌നേഹിക്കുന്നു. അവർ ആത്മാവിനൊപ്പം പ്രേതഭാവത്തിനു പ്രേമത്തിലാണ്ട് തങ്ങളെത്തന്നെ ഉടലിനെത്തന്നെ സമർപ്പിക്കുന്നു. മരണത്തോളം നീളുന്ന നിത്യവിശുദ്ധമായ ഉടൽപ്രേമം.
പ്രിയാപ്പസ്സ്, ആട്ടുകൊറ്റന്മാരുടെയും മുന്തിരിക്കുലകളുടെയും ദേവദേവൻ
ഗ്രീക്ക് മിത്തിലെ ദേവനാണ് പ്രിയാപ്പസ്സ്. ഡയോനഷ്യസ്സിന്റെയും അഫ്രോഡൈറ്റെസ്സിന്റെയും മകൻ. ആട്ടു കൊറ്റന്മാരുടെയും തേനീച്ചകളുടെയും പച്ചക്കറിപഴത്തോപ്പുകളുടെയും പൂന്തോട്ടങ്ങളൂടെയും ദേവൻ. അരിവാളും തുലാസ്സും കയ്യിലിളം പഴങ്ങളും പൂക്കളുമായി നടക്കുന്ന ഗ്രീക്ക് ഉർവ്വരതാദേവൻ. ഉദ്ധൃതമായ അവന്റെ ഭയലിംഗം. അതു ചൂണ്ടിയവൻ ഉർവ്വരതയ്ക്കായ് അനുഗ്രഹം ചൊരിയുമെത്രെ. ഉലക്കപോലെയുള്ള ഉടൽ താങ്ങിനടക്കുന്നത് ഉർവ്വരതയ്ക്ക് വേണ്ടി പ്രിയാപ്പസ്സ് ചെയ്യുന്ന ത്യാഗമാണെന്ന് കർഷകർ വിശ്വസിക്കുന്നു. അവന്റെ ലിംഗത്തിൽ തേനും വെണ്ണയും പുരട്ടി അവർ ആരാധിക്കുന്നു, ആഹ്‌ളാദിക്കുന്നു. ഒരിക്കലും ഒടുങ്ങല്ലേ അവന്റെ ദൈവികമായാ ആ ഉർവ്വരാതാസക്തിയെന്നവർ പ്രാർത്ഥിക്കുന്നു.
മനുഷ്യരുടെ ഉള്ളിൽ ഇണയെ ഭക്ഷിക്കുന്ന ആദിമമായൊരു മൃഗീയചോദന ഉണ്ട്. തന്റെ ഇണയോടുള്ള ഉന്മാദകരവും ഉത്ഭ്രാന്തകരവുമായ കൊടിയപ്രേമത്തിൽ നിന്നുണ്ടാകുന്ന ഒന്ന്
ഹെറാ ദേവതയുടെ ശാപം മൂലമാണ് പ്രിയാപ്പസ്സിനു ഈ രൂപം കിട്ടിയതെന്നും മറ്റുമുള്ള പല കഥകളും പ്രചാരത്തിലുണ്ട്. കണ്ടാൽ മടുപ്പുളവാക്കുന്ന ഈ ഉർവ്വരതാദേവതയുടെ പല വേർഷനുകളും നമ്മുടെ ആരാധനാ ക്രമത്തിലും കണ്ടിട്ടുണ്ട്. ശിവലിംഗാരാധനകളും മറ്റുപലതരം ആരാധനകളും അതിനുദാഹരണമാണ്.
പണ്ടൊരിക്കൽ കർണാടക അതിർത്തിക്കു സമീപത്തെ കൊറഗരുടെ ഉർവ്വരതാ ഉത്സവത്തിനു പോയത് ഓർക്കുന്നു. കേരളക്കാർ കുറവാണ്, കർണ്ണാടകയിലെ ഗോത്രമാണവരിൽ ഭൂരിഭാഗവും. ഭൂമി പെണ്ണാണെന്നും തങ്ങളുടെ ലിംഗത്താൽ ആരാധിച്ചാൽ മാത്രമേ അവൾ തന്റെ ലജ്ജയും കന്യകാത്വവും വെടിഞ്ഞ് ഗർഭവതിയാവുള്ളൂ എന്നും ആ ഗോത്രം വിശ്വസിക്കുന്നു. അവളെ തങ്ങൾക്കായി ഗർഭവതിയാക്കുക ഓരോ ചെറുപ്പക്കാരന്റെയും ഉത്തവാദിത്തമാണ്. എല്ലാ പുരുഷന്മാരും ചെറുപ്പക്കാരും പാടത്ത് വന്നു നിൽക്കും. ഭൂമിയെ പ്രാപിക്കാനായി. ആഫ്രിക്കൻ ഗോത്രങ്ങളുടെ ഡോർമിറ്റെറിയിൽ ഒരു പ്രായപൂർത്തിയായ ഗോത്രയുവാവ് പഠിക്കേണ്ടുന്ന അസ്വയം രതിയുടെ ആദ്യപാഠങ്ങൾ അറിഞ്ഞ ഓരോരുത്തനും അവിടെ ഹാജരാവണം. ചില ആണുങ്ങൾ
അവരുടെ സാരിയുടെ ഇടയിലൂടെ കാണുന്ന വയറിന്റെ കറുത്ത കൃഷ്ണശിലാനിറം വെയിലിൽ വെട്ടിത്തിളങ്ങുമ്പോൾ ഓരോരുത്തനും ഉത്തേജിതനാവുന്നു. അവർ മദാലസകളായി നിന്ന് ചെറുപ്പക്കാരെ വെല്ലുവിളിക്കുന്നു
സ്ത്രീവേഷധാരികളായിരിക്കും. അത് ഈ ചെറുപ്പക്കാരെ ഉന്മാദികളാക്കാനാണ്. അവരുടെ സാരിയുടെ ഇടയിലൂടെ കാണുന്ന വയറിന്റെ കറുത്ത കൃഷ്ണശിലാനിറം വെയിലിൽ വെട്ടിത്തിളങ്ങുമ്പോൾ ഓരോരുത്തനും ഉത്തേജിതനാവുന്നു. അവർ മദാലസകളായി നിന്ന് ചെറുപ്പക്കാരെ വെല്ലുവിളിക്കുന്നു. സ്ത്രീകൾക്ക് പ്രവേശനം പൊതുവെ അനുവദനീയമല്ല. സ്ത്രീകളും ദൂരെ നിന്ന് ഉത്സവം കാണും. ആത്മരതിയുടെ പരസ്യമായ ഒരു കാഴ്ചയാണത്. എല്ലാ മനുഷ്യരും പാടത്തിറങ്ങുന്നു. ആത്മരതിയുടെ മത്സരം. ലിംഗാരാധനയുടെ ഗോത്രമുഖം. ആദ്യം ഭൂമിയിൽ തന്റെ ബീജങ്ങളെ വീഴ്ത്തുന്നവന് പ്രത്യേക പദവി കിട്ടുന്നു. ആദ്യത്തെ വിളവിലും കൊയ്ത്തിലും അവന് കൂടുതൽ അവകാശവും ലഭ്യമാകും. പാടത്തിറങ്ങി ഭൂമിയുടെ നഗ്‌നനെഞ്ചിൽ സ്പർശിച്ച ഓരോരുത്തനും തങ്ങളൂടെ ഊർവ്വരരതാസ്രവം ഭൂമിയിൽ ഉറ്റിയ്ക്കുന്നതോടെ ഉത്സവം പൂർത്തിയാകുന്നു. സംഘം ചേർന്ന് തന്നെ പ്രാപിച്ച പുരുഷലിംഗങ്ങൾ ആജ്ഞാപിച്ചത് കേട്ട് ഭൂമി കന്യകാത്വം വെടിഞ്ഞ് ഗർഭവതിയാകുന്നു. ഒരു ഭയങ്കര കാമുകൻ എന്ന കൊറഗ ഗോത്രസങ്കൽപ്പത്തിന് സമാനമാന് പ്രിയാപ്പസ്സെന്ന ഗ്രീക്ക് പുരാവൃത്തത്തിലുമുള്ളത്. 2006 ലാണ് ഞാനീ ഉത്സവത്തെക്കുറിച്ച് പഠിക്കാൻ പോയത്. ഈ കൊറഗ കമ്പളയുത്സവം ഇപ്പോഴുമുണ്ടെത്രെ. രഹസ്യമായാണ് നടത്തുക. പൊലീസിന്റെയും മുഖ്യധാരക്കാരുടെയും കണ്ണുവെട്ടിച്ചു വേണം ചെയ്യാൻ. വെയിലിലിൽ വിയർത്ത് അവൾക്കായി മുളച്ച് മുളപൊട്ടി അവളിൽ വിത്തിട്ട് ഓരോ പുരുഷനും അതിന്റെ സാമൂഹിക ചുമതല നിർവ്വഹിക്കുന്നു. പൂർണതയുള്ള, പെണ്ണിനോട് പ്രേമവും കാമവുമുള്ള ഒരാൾ തൊട്ടാൽ വരണ്ടുണങ്ങിയ ഭൂമിവരെ ഉർവ്വരയാകും എന്ന ഗോത്രസങ്കൽപ്പം. അവൾ നനഞ്ഞു തെഴുത്തു മുളപൊട്ടി റാഗിയും നെല്ലും ഗർഭിണികൊണ്ട് നമുക്ക് നൽകും. ഭൂമിപ്പെണ്ണിന്റെ മുലപ്പാലുറഞ്ഞ അരിയാകും..
മക്കളെ ഊട്ടും. ആ സ്വഭാവവിശേഷതകളും കൂടി ഈ കഥയിൽ ജനാഫ്രസ്സിനു നൽകിയിട്ടുണ്ട്. ദി അൾട്ടിമേറ്റ് മാൻ, ദി കംപ്ലീറ്റ് മാൻ എന്ന സ്ത്രീ സങ്കൽപ്പത്തിന്റെ പൂർണപുരുഷമൂർത്തീകരണമാണ് ജനാഫ്രസ്സ്. ആത്മരതിയുടെ കമ്പളയുത്സവം പരസ്യമായി നടത്തപ്പെടുന്ന ഒരു നാട്ടിൽ ജീവിക്കുന്ന ഞാൻ പുരുഷനായിരുന്നുവെങ്കിൽ ഇത്രയ്ക്ക് കേൾക്കേണ്ടി വരില്ലായിരുന്നു.
ജനാഫ്രസ്സിന്റെ ലൈംഗികത
നരഭോജിത്വത്തിലൂന്നിയ പരപീഢാരതിയാണു ജനാഫ്രസ്സിന്റെ ലൈംഗികതയുടെ കാതൽ എന്നു പറഞ്ഞുവല്ലോ. ബൈസെക്ഷ്വലായിരിക്കുന്ന ഒരാൾ. ഇനാഖ് ഖാനെയും ഇഹ്ലാസിനേയും ഒരേസമയം പ്രേമിക്കുന്നവൻ. ഒരുവശത്ത് തന്റെ പ്രേമക്രൂരത ചുരന്നുവരുമ്പോൾ തന്നെ മറുവശത്ത് പ്രേമമാന്ത്രികത്താൽ ഉറപൊട്ടിയ കൊടിയസ്‌നേഹത്താൽ അവനിണയെ തനിക്ക് പൂർണമായും വശംവദയാക്കുന്നു. വിശക്കുമ്പോൾ തുടമുറിച്ചവൾ അവനെ ഊട്ടും വിധം, മുലക്കണ്ണിലൂടെ രക്തം ചുരത്തിയവന്റെ ദാഹം ശമിപ്പിക്കും വിധം, അവനു കൊറിക്കാൻ തന്റെ കൃഷ്ണമണികൾ ചൂഴ്ന്നു നൽകും വിധം വിധേയരാണവർ.
പ്രിയാപ്പസ്സിനെപ്പോലെ അഭംഗിയുള്ള, കാഴ്ചയിൽ അറപ്പിക്കുന്ന, വലിയ ലിംഗമാണ് ജനാഫ്രെസ്സിനെന്നും ഈ കഥ പറയുന്നുണ്ട്. അതിശക്തനായ സ്വതന്ത്രനായ ആ ലിംഗം കൊണ്ടോട്ടിയുടെ ഉർവ്വരതയുടെ ചിഹ്നമായിട്ടാണ് കഥ വായിക്കുന്നത്
പ്രിയാപ്പസ്സിനെപ്പോലെ അഭംഗിയുള്ള, കാഴ്ചയിൽ അറപ്പിക്കുന്ന, വലിയ ലിംഗമാണ് ജനാഫ്രെസ്സിനെന്നും ഈ കഥ പറയുന്നുണ്ട്. അതിശക്തനായ സ്വതന്ത്രനായ ആ ലിംഗം കൊണ്ടോട്ടിയുടെ ഉർവ്വരതയുടെ ചിഹ്നമായിട്ടാണ് കഥ വായിക്കുന്നത്. ഓരോ കാലഘട്ടത്തിലും ഓരോ മനുഷ്യരിലൂടെ ജനാഫ്രസ്സ് തന്റെ തുടർച്ച കൈവരിക്കുന്നു. അയാളുടെ ലിംഗത്തിനു വല്ലാത്തൊരു ശക്തി ലഭിക്കുന്നു. ജനാഫ്രസ്സിന്റെ തുടർച്ചക്കാരൊക്കെ ലിംഗം കയ്യുപോലെ ഉപയോഗിക്കുകയും പ്രവർത്തിപ്പിക്കുകയും ചെയ്യുന്നു. രണ്ട് കൈപിടിച്ച് ഊഞ്ഞാലാടുമ്പോൾ ലിംഗം ചുരുട്ട് ഉയർത്തിയൊരു വലിയുണ്ട്. ജനാഫ്രെസ്സ് ബൈ സെക്ഷ്വാലിറ്റിയുടേയും വന്യകാമത്തിന്റെയും ക്രൂരതയുടേയും പ്രേമത്തിന്റേയും പ്രതീകമാണു ഈ ഭീകരനായ ലിംഗം.
ജനാഫ്രസ്സിലെ സ്വവർഗ്ഗരതിയും വിമത ലൈംഗികതയും
സാമൂഹിക നിയമങ്ങൾക്കും സോഷ്യൽ നോമിനും (Social Norms) പുറത്താണ് ഭൂരിഭാഗസമൂഹങ്ങളിലും സ്വവർഗ്ഗരതി. അത് പ്രകൃതി വിരുദ്ധമാണെന്നു വിശ്വസിക്കുന്ന സമൂഹങ്ങളാണ് ഏറെയും. പല സെമെറ്റിക് മതചിന്തകളും ഇതിനെ പാപമായിക്കണക്കാക്കി കൊടിയ ശിക്ഷ തന്നെ അത്തരം മനുഷ്യർക്ക് നൽകിപ്പോന്നിരുന്നു. വിമതത്വവും യഥാ പ്രകൃതിയാണെന്ന തിരിച്ചറിവ്, ഏറെ വികാസം പ്രാപിച്ച, ഫിലോസഫിയും ജനാധിപത്യ രാഷ്ട്രീയവുമുള്ള സമൂഹങ്ങളിൽ മാത്രമെ ഉള്ളൂ. അതും അടുത്തകാലത്ത് മാത്രം. മിക്ക സമൂഹത്തിലും സ്വവർഗബന്ധങ്ങളെ സംബന്ധിച്ച ചർച്ചകളോ, വിശകലനങ്ങളോ സാമൂഹ്യനിയമങ്ങളോ സോഷ്യൽ നോംസ്സോ ഇല്ല തന്നെ. അവരെ സമൂഹം അരികുവൽകരിച്ചിരിക്കുകയാണ്. കണ്ടുപിടിച്ചാൽ കുറ്റത്തിനു ശിക്ഷയുണ്ട് എന്നു മാത്രമേ സമൂഹങ്ങൾക്കറിയൂ. വിമതലൈംഗികതയുടെ പേരിൽ മനുഷ്യർ ക്രൂശിക്കപ്പെടുകയോ ക്രൂരമായി കൊല്ലപ്പെടുകയോ ചെയ്തുപോന്നതാണ് മനുഷ്യന്റെ സെക്ഷ്വൽ പ്രിഫറൻസ്സിന്റെ ചരിത്രം.
വിമത ലൈംഗികത കുറ്റകൃത്യമാകുന്ന സമൂഹത്തിൽ അതിനകത്ത് പാലിക്കേണ്ട നോംസ് എന്തെന്ന് ആർക്കും കൃത്യതയുണ്ടാവില്ല. കൊള്ളസംഘമായാലും വിശുദ്ധ പുണ്യാള സംഘമായാലും സംഘനിയമങ്ങൾ കൃത്യമായിരിക്കണം. സമൂഹത്തിന്റെ പുറത്തായിരുന്നതിനാലും, കുറ്റകൃത്യമോ പാപമോ ആയി കരുതിയിരുന്നതിനാലും വിമത ലൈംഗികസമൂഹങ്ങളിൽ പലപ്പോഴും കൃത്യമായ നിയമസംഹിതകളെ കാണാറില്ലായിരുന്നു. പ്രത്യേകിച്ചും വളരെ
വിമതലൈംഗികതയുടെ പേരിൽ മനുഷ്യർ ക്രൂശിക്കപ്പെടുകയോ ക്രൂരമായി കൊല്ലപ്പെടുകയോ ചെയ്തുപോന്നതാണ് മനുഷ്യന്റെ സെക്ഷ്വൽ പ്രിഫറൻസ്സിന്റെ ചരിത്രം
യാഥാസ്ഥിതികമായ സമൂഹങ്ങളിൽ ഇത് കൂടുതൽ ആശങ്കാകുലമായിത്തീർന്നു. ആര് ആർക്ക് ഇണയാവും? എപ്പോൾ ആ ഇണയെ മാറ്റാം?, ഇണകൾക്കിടയിലെ വിശ്വാസ്തതാസങ്കൽപ്പം എന്ത്? ആ ബന്ധത്തിൽ നാം പാലിക്കേണ്ട നിയമാവലികൾ എന്തൊക്കെ? എന്നൊന്നും നോംസിൽ വ്യക്തമായിട്ടുണ്ടാവണമെന്നില്ല. എന്നാൽ പോളിഗാമസ് സമൂഹങ്ങളിൽ പോലും ബഹുഭാര്യാത്വത്തിനും ബഹുഭർത്തൃത്വത്തിനൊക്കെ നിയമാവലികൾ കാണാം. സ്ത്രീവിരുദ്ധതക്കും മനുഷ്യത്വരാഹിത്യത്തിനും ജാതിനീചതയ്ക്കും വരെ കൃത്യമായ നിയമങ്ങൾ കാണാം. എന്നാൽ വിമത ലൈംഗികത സോഷ്യൽ നോമിനുപുറത്ത് നിൽക്കുന്നു. അത് വിമതലൈംഗികതയിലെ തകരാറു കൊണ്ടല്ല. സമൂഹം ആ ലൈംഗികത സ്വാഭാവികമാണെന്നും പ്രകൃതിയാണെന്നും തിരിച്ചറിയത്തക്ക വളർച്ച പ്രാപിക്കാത്തതുകൊണ്ടാണ്.
എന്റെ നാട്ടിൽ കുട്ടിക്കാലത്ത് പലവിധ കൊലപാതകങ്ങളും നടന്നിരുന്നത് കുണ്ടൻ തർക്കത്തിന്റെ പേരിലായിരുന്നു. മലക്കാരിത്തിറയുൽസവം, അന്തിമഹാളങ്കാവിലെ താലപ്പൊലി, കൊണ്ടോട്ടി നേർച്ച, ഭയങ്കാവിലെക്കൊടുതി, ബി.പി അങ്ങാടി നേർച്ച, ഉച്ചാറലുമഹോൽസവം, അങ്ങാടിപ്പുറത്തെ നേർച്ച, കരിങ്കാളിയമ്മങ്കൊടുതി, മാടനുത്സവം, ശുഹാദാക്കളുടെ നേർച്ച...ഇവയൊക്കെ സത്യത്തിൽ നാടിന്റെ ആഹ്ലാദോത്സവങ്ങളായിരുന്നു. പലതരം മരണങ്ങൾ ഇത്തരം നേർച്ചയും ഉത്സവവുമായി ബന്ധപ്പെട്ട് നടന്നിട്ടുണ്ട്. അത്തരം കേസുകൾക്ക് വാലും തലയുമുണ്ടാവാറില്ല. രണ്ട് സംഘങ്ങൾ തമ്മിലെ പക പോക്കാലാണ് പ്രത്യക്ഷകാരണങ്ങൾ. എന്നാൽ ക്വട്ടേഷനൊന്നും അത്ര വ്യാപകമല്ലായിരുന്ന 70 കളുടെ അവസാനത്തിലും 80 കളിലുമൊക്കെയാണീ പക തീർക്കപ്പെടുന്നത്. ചുഴിഞ്ഞുചെല്ലുമ്പോൾ പലതിനും അവിശ്വസ്തതയിൽ നിന്നുണ്ടായ സ്വർഗ്ഗാനുരാഗപകകഥകൾ പറയുവാനുണ്ടെന്നു കാണാം.
‘‘എന്ത്‌ത്തെയ്‌നു ആശാരീ?'' തന്റെ മുടി തിരുപ്പൻ കെട്ടെ, പത്രവാർത്ത വായിച്ചു തന്ന ഭർത്താവിനോട് ദേവകിവെല്ല്യമ്മ ചോദിച്ചു.
‘‘കുണ്ടന്തർക്കം അല്ലാണ്ടെന്ത്ത്താ?'' എന്ന് ആശാരിമാമ ഭാര്യയോട് ഒച്ചതാഴ്ത്തി പറയുന്നത് ഞാൻ പലപ്പോഴും കേട്ടു. കുണ്ടൻ എന്നാൽ ചെറുപ്പക്കാരൻ എന്നു മാത്രം അർത്ഥവും വ്യവഹാരവുമുള്ള കുട്ടികളുടെയും സ്ത്രീകളുടെയും ലോകത്തായതിനാൽ രണ്ട് ചെക്കന്മാർ തർക്കിച്ച് കയ്യാങ്കളിച്ച് കൊലയിലെത്തി എന്ന് ഞാനും എന്റെ സുഹൃത്ത് ബിന്ദുവും വിശ്വസിച്ചു.
മമ്മിക്കോയ എന്ന കാമുകൻ
ജനാഫ്രസ്സ് ആരംഭിക്കുന്നത് തന്റെ ഊത്തൻ അലി എന്ന തന്റെ ഇണയെ, തന്റെ സഹോദരി കുൽസ്സുംബി വിവാഹം ചെയ്തതിന്റെ മമ്മിക്കോയയുടെ പകയിൽ നിന്നാണ്. മമ്മിക്കോയ സ്രാവിനെയല്ല വെട്ടുന്നത്. കുൽസ്സുംബിയെന്ന പൊന്നു പെങ്ങളുടെ ശരീരത്തെയാണ്. തന്റെ കഷ്ടപ്പാടുകളൊന്നുമറിയിക്കാതെ
കുണ്ടൻ എന്നാൽ ചെറുപ്പക്കാരൻ എന്നു മാത്രം അർത്ഥവും വ്യവഹാരവുമുള്ള കുട്ടികളുടെയും സ്ത്രീകളുടെയും ലോകത്തായതിനാൽ രണ്ട് ചെക്കന്മാർ തർക്കിച്ച് കയ്യാങ്കളിച്ച് കൊലയിലെത്തി എന്ന് ഞാനും എന്റെ സുഹൃത്ത് ബിന്ദുവും വിശ്വസിച്ചു
മമ്മിക്കോയ പൊന്നിച്ചു വളർത്തിയ കുൽസ്സുംബി യഥാർത്ഥത്തിൽ മമ്മിക്കോയയ്ക്ക് മകൾ തന്നെയായിരുന്നു. വാപ്പ ലോറിയിൽ നിന്നു വീണ് ചത്തു. യത്തീമായ മമ്മിയേയും കുൽസ്സുവിനെയും പാത്രം മോറിയും അലക്കിയും അടുക്കളപ്പണി ചെയ്തും വളർത്തിയ റസിയാബി കുൽസ്സുവിനെ, അവളുടെ വാപ്പയെപ്പോലെ നോക്കണമെന്ന് മരണക്കിടക്കയിൽ ഉമ്മ വാക്കു വാങ്ങിയത് അന്നോളം മമ്മി പാലിച്ചിട്ടുണ്ട്. എയർപ്പോർട്ട് സ്‌കൂളിലെ കനത്ത ഫീസ് നൽകി അവളെ ഇംഗ്ലീഷ് മീഡിയം പഠിപ്പിച്ചതിലും ഫാറൂഖ് കോളേജിലും കാലിക്കറ്റ് യൂണിവേസിറ്റിയിലും പഠിപ്പിച്ചതിലും ആ വാക്കിന്റെ ഉറപ്പുണ്ട്.
എന്റെ സ്‌കൂളിൽ മൈമൂന എന്നൊരു പെൺകുട്ടിയുണ്ടായിരുന്നു. അവളുടെ ഏട്ടൻ നാലു വയസ്സ് മുതിർന്ന ആളാണ്. എന്തൊരു സ്‌നേഹമാണ് അവരു തമ്മിൽ. ഞാൻ ലോലിപ്പോപ്പ് വായിട്ട് നുണഞ്ഞുകൊണ്ട് അവരുടെ സ്‌നേഹത്തെ അസൂയയോടെ നോക്കി. എനിക്കൊരു ഇക്കാക്കാ ഉണ്ടായിരുന്നെങ്കിലെന്ന് ഞാൻ ആത്മാർത്ഥമായി ആഗ്രഹിച്ചു. മൈമൂനത്തിന്റെ ഇക്കാക്ക വേറെ ലെവെലായിരുന്നു. അവൾക്കു വേണ്ടി അവൻ സ്‌കൂൾ വിട്ടു കഴിഞ്ഞാൽ പണിയെടുത്തു. തോട്ടിൽ ചൂണ്ടലിട്ട് കോലിമീനുകളെ വിറ്റും അരിച്ചാക്ക് ചുമന്നും അവൻ പൈസയുണ്ടാക്കി നല്ല സ്ലേയിറ്റ്, കമ്മലുകൾ നെയിൽ പോളിഷ്, സ്ലേഡ് എന്നിവ അവൾക്ക് വാങ്ങിക്കൊടുക്കാറുണ്ടായിരുന്നു. മൈമൂനത്ത് പഠിച്ച് വലുതായി വലിയ ആളാവുമെന്നായിരുന്നു അക്കാലത്ത് ആ ഏട്ടൻ പറയാറ്. കുൽസുംബിക്കായി കഷ്ടപ്പെട്ട മമ്മിയുടെ സ്‌നേഹം ഉരുവം കൊണ്ടത് മൈമൂനയുടെ സ്‌നേഹത്തിൽ നിന്നാണ്. ലോലിപ്പോപ്പിന്റെ മണമുള്ള കൈകൾ നീട്ടി ‘‘ഇനിക്കും തെരുവോ ഒരു സ്‌ളേഡെന്ന്?'' ചോദിച്ച് എന്റെ മുടിയിൽ രണ്ട് സ്ലേഡു കുത്തിത്തന്ന ആ ഇക്കാക്കാന്റെ സ്‌നേഹമാണ് എന്റെ മുമ്പിലെ ഏറ്റവും ഉദാത്തമായ ഏട്ടൻ അനിയത്തി ബന്ധം.
മമ്മിയുടെ കഥയിലെ ട്വിസ്റ്റ് ശരിക്കുമുള്ള കഥയിലില്ല. അത് വേറെ. ഇവിടത്തെ കഥയിലാകട്ടെ അലിയും കുൽസ്സുംബിയും വിവാഹം ചെയ്തതറിഞ്ഞതോടെ അവൾ എന്ന പെങ്ങളും മകളുമൊക്കെ മമ്മിയിൽ ഇല്ലാതാകുന്നു. അവനിൽ പക ചുരക്കുകയാണ്. ലോകത്ത് ഏറ്റവും തീവ്രമായ ബന്ധമേത് എന്നതിനു ഒരിക്കൽ കിട്ടിയ ശരിയുത്തരം ഇതായിരുന്നു- ഇണകൾക്കിടയിലെ ബന്ധം.
‘‘അല്ല അപ്പോ അമ്മയോ?''
‘‘അമ്മ അച്ഛന്റെയാണ്'' എന്ന് നിസ്സംഗമായിക്കേട്ട ഉത്തരം. അതിന്റെ ആഴം കുട്ടിക്കാലത്ത് എനിക്ക് മനസ്സിലായിരുന്നില്ല. ജീവികൾ പരിണാമപരമായ് അവയുടെ ഇണകളുടേത് മാത്രമാണ് എന്നായിരിക്കണം വെല്ല്യമ്മ അതിലൂടെ എന്നോട് പറഞ്ഞത്.
കഥയിലെ മമ്മിക്കോയ എന്നും വ്യത്യസ്തനായ കുട്ടിയായിരുന്നു. ചെറിയ പ്രായത്തിൽ പ്രായപൂർത്തിയായവൻ. ചെറുപ്പത്തിൽ തന്നെ ജോലിക്ക് പോയതിനാൽ സാമ്പത്തികമായി ഏറെ സ്വാതന്ത്ര്യമുള്ളവൻ. സെക്കന്ററി പ്യൂബേർട്ടിയുടെ സമയത്താണ് അവന്റെ ചുക്കുമണിയിൽ വിഷച്ചോണനുറുമ്പ് കടിക്കുന്നത്. പള്ളിമതിലിലിൽ ഇരുന്ന് തെറ്റുചെയ്യുന്നവരെ കടിക്കുന്ന ആ കുഞ്ഞിജിന്നായി മാറുന്നു അവന്റെ മനസ്സിൽ. അന്ധവിശ്വാസം പടർന്നിരുന്ന കൊണ്ടോട്ടിയിലെ ആൾക്കാർ അവനെ പൈതൽജിന്ന് കടിച്ചു എന്നു വിശ്വസിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നു. ഡോക്ടർ പ്രിയാപ്പിസം എന്ന മെഡിക്കൽ കണ്ടീഷനെക്കുറിച്ച് അവന്റെ ഉമ്മയോട് വിശദീകരിക്കുന്നുണ്ട്. പക്ഷെ അതെന്തെന്നൊന്നും മനസ്സിലാവാത്ത റസിയാബീബി ശാസ്ത്രീയമായ മരുന്നുകൾക്ക് പകരം മകനെ തൂറാബിനടുത്തേക്ക് അയക്കുന്നു. വ്യാജമാന്ത്രികങ്ങൾക്ക് ഇരയാവുന്ന സമുഹമായിരുന്നു അക്കാലത്ത്. അതിന്റെ പ്രതിനിധിയായിരുന്നു മമ്മി.
എന്റെ നാട്ടിൽ പ്രശസ്തമാണ് വെള്ളം ഓതിക്കൊടുക്കൽ ഊത്യുഴീക്കൽ, മുട്ട മാന്ത്രികം, അറബി വശ്യം തുടങ്ങിയ ഉഡായിപ്പുകൾ. മനുഷ്യർ അന്ധമായി വിശ്വസിക്കുകയും ആളുകൾ തട്ടിപ്പിനിരയാകുകയും ചെയ്യുന്നത് സാധാരണമായിരുന്നു
എന്റെ നാട്ടിൽ പ്രശസ്തമാണ് വെള്ളം ഓതിക്കൊടുക്കൽ ഊത്യുഴീക്കൽ, മുട്ട മാന്ത്രികം, അറബി വശ്യം തുടങ്ങിയ ഉഡായിപ്പുകൾ. മനുഷ്യർ അന്ധമായി വിശ്വസിക്കുകയും ആളുകൾ തട്ടിപ്പിനിരയാകുകയും ചെയ്യുന്നത് സാധാരണമായിരുന്നു. കണ്ണേറ്, നാവേറ്, കുടുംബകലഹം, തൊഴിൽ തടസം, ശത്രുദോഷം, പ്രേതപൂജ, പ്രാക്കുപ്രാന്ത്, സ്‌നേഹവശ്യം, ഭാര്യാ-ഭർത്തൃകലഹം, സ്വത്ത് തർക്കം, പഠിപ്പ് തുടങ്ങി സാധാരണ പരിഹരിക്കാനാവാത്ത സംഭവങ്ങൾ വരെ ഏലസും ഉറുക്കും ചരടുമൊക്കെ കെട്ടി അറബി മാന്ത്രികർ മാറ്റിത്തന്നു.
ചിലരൊക്കെ നല്ല മനുഷ്യരായിരുന്നു. ഒരു തട്ടിപ്പുമില്ലാത്ത നല്ലവർ. അൽപം അന്ധവിശ്വാസികളായിരുന്നുവെന്നുമാത്രം. അവരെല്ലാം ചെറിയ നാട്ടുചികിത്സയാണ് ചെയ്തിരുന്നത്. നാട്ടുമരുന്നും വംശീയമരുന്നുകളും രോഗികൾക്ക് തന്നിരുന്നു. ഒപ്പം ഇത്തിരി മന്ത്രവാദവും കാണും. പക്ഷെ 10 പൈസ നാണയം തന്ന് അത് പേഴ്‌സിൽ വെക്കാനും തുണിക്കണ്ടം തന്ന് അലമാരിയിൽ വെക്കാനും അരിമണികൾ അരിപാത്രത്തിൽ ഇട്ടുവെയ്ക്കാനും ഒപ്പം പറയും. പൊലിച്ച് പൊലിച്ച് വരും, അതാണ് വിശ്വാസം. അക്കാലത്ത് പുളീഞ്ചോട്ടിലെ ഒരു തങ്ങളുടെ അടുത്ത് ചെന്നു കുഞ്ചിയിലിടാൻ ഞാൻ പൈസ വാങ്ങാറുണ്ടായിരുന്നു.
‘‘ഡും ഡും'' തങ്ങളുടെ ഇരുമ്പ് ഗെയിറ്റിൽ ഞാൻ അടിച്ചു.
‘‘എന്തേയ്‌നും മുത്തുബീ?''
‘‘പുയ്യേ കുഞ്ചി'' ഞാൻ ഈണത്തിൽ കൊഞ്ചി
‘‘അയ്‌നു?''
‘‘പൈശാ തരീ. ഊതിറ്റും ഓതീട്ടും തരീന്ന്'' ഉപ്പാപ്പ ചിരിക്കും. പൈസയും തരും. പോക്കറ്റിന്നെടുത്ത് ''ബിസ്മില്ലാഹിറഹ്മാൻ'' എന്നു തുടങ്ങുന്ന പൊലിമന്ത്രം ചൊല്ലി.
‘‘ഫൂഹ് ഫൂഹ് ഫൂഹ്'' എന്നു ഊതി ആ പൈസ തരും. പരീക്ഷയെഴുതാൻ പെൻസിലുകളും തന്നിരുന്നുവെന്നാണോർമ. അദ്ദേഹം രജിസ്‌ട്രേഡ് മെഡിക്കൽ പ്രാക്റ്റീഷണരോ മറ്റോ ആയിരുന്നു. നല്ല ഒരു തങ്ങൾ.
പക്ഷെ പല ചികിത്സകരും മാന്ത്രികരും വെറും തട്ടിപ്പുകാരുമായിരുന്നു. ലൈംഗിക പ്രശങ്ങളോ, നിധിയെടൂക്കലോ, പൊതു സമൂഹത്തിൽ സാധാരണക്കാരൻ പറയാൻ മടിക്കുന്ന കാര്യങ്ങളോ ആയിരുന്നു ഇത്തരം ചികിത്സയിലൂടെ മാറ്റാൻ നോക്കിയത് എന്നതിനാൽ ചതിക്കപ്പെട്ടപ്പോൾ പോലും മനുഷ്യർക്ക് നിശബ്ദരാകാനെ കഴിഞ്ഞുള്ളു. ഇതിനു മറ്റൊരു തലവുമുണ്ടായിരുന്നു. അനപത്യതയ്ക്ക് ചികിത്സ തേടിയ സ്ത്രീകളെ ഗർഭിണിയാക്കുക, ചെറിയ കുഞ്ഞുങ്ങളെ ലൈംഗികമായി ഉപയോഗിക്കുക, പണം തട്ടുക എന്നതായിരുന്നു ഇത്തരം കള്ളമാന്ത്രികരുടെ രീതി. അത്തരമൊരു തന്തപ്പണിക്കരുടെ കഥ ഞാൻ പലപ്പോഴും എഴുതിയിട്ടുണ്ട്.
തങ്ങൾ ലിംഗമുയർത്തിയാൽ തീരാവുന്നതാണ് ഭൂമിയുടേയും സ്ത്രീകളുടെയും പ്രശ്‌നങ്ങൾ എന്നു വിശ്വസിക്കുന്ന പറ്റ്രിയാർക്കിയുടെ പ്രതീകം
ഈ കഥയിൽ മമ്മിക്കോയ അറബി മാന്ത്രികനായ തൂറാബിനാൽ ഉപയോഗിക്കപ്പെട്ട ഒരു കുഞ്ഞായിരുന്നു. ചെറിയ കുട്ടികളെ അബ്യൂസ് ചെയ്തതിന്റെ ഇര. ഈ ഇരയായ മമ്മിക്കോയ അലിയുടെ വേട്ടക്കാരനുമാണ്. ഒരു കയ്യിനെപ്പോലെ പ്രവർത്തിക്കുന്ന മമ്മിയുടെ ലിംഗം എന്നത് പ്രതീകമാണ്. പുരുഷന്റെ മാനസികനിലയുടെയും അധീശത്വനിലയുടെയും പ്രതീകം. തങ്ങൾ ലിംഗമുയർത്തിയാൽ തീരാവുന്നതാണ് ഭൂമിയുടേയും സ്ത്രീകളുടെയും പ്രശ്‌നങ്ങൾ എന്നു വിശ്വസിക്കുന്ന പറ്റ്രിയാർക്കിയുടെ പ്രതീകം. ദുർബലനെയും സ്ത്രീകളെയും മാറി സഞ്ചരിക്കുന്നവരെയും അധികാരത്താൽ നിശബ്ദനാക്കമെന്ന പൗരുഷമൗഢ്യത്തിന്റെ പ്രതീകം.
‘‘എന്താണ് സ്ത്രീകളുടെ പ്രശ്‌നങ്ങളുടെയൊക്കെ പരിഹാരം?'' നീഷേ താടി തടവുന്നു.
‘‘ഗർഭം'' അത്രതന്നെ.
തൂറാബ് എന്ന നിഗൂഢത
കഥയിലെ തൂറാബിന്റെ സ്വഭാവമുള്ള ദുർമന്ത്രവാദിയായ ഒരു പണിക്കർ എന്റെ നാട്ടിൽ ജീവിച്ചിരുന്നു. നിഗൂഢമായ പെരുമാറ്റമുള്ള ഒരാൾ. കൊച്ചുകുട്ടികളെപ്പോലും മോശക്കണ്ണോടെ നോക്കിയിരുന്ന ഒരാൾ. തുറാബ് അയാളിൽ നിന്നുണ്ടായ കഥാപാത്രമാണ്. സ്‌കൂൾ വിട്ടുവരുമ്പോൾ അയാളെക്കണ്ട് മുതിർന്ന ഇത്തമാരും ചേച്ചിമാരും ഓടി. ആൺകുട്ടികൾ കല്ല് കയ്യിൽ പിടിച്ച് അവർക്ക് കാവലായി. ഹൈസ്‌ക്കൂൾ കുട്ടികൾ സ്‌കൂൾ വിട്ടുവരുന്ന ഒന്നരഫൂട്ട് ഇടവഴിയിൽ അയാൾ മഞ്ഞിച്ച പല്ലുകൾ കാട്ടി നിന്നു. കല്ലെറിയാൻ കുട്ടികൾക്ക് ഭയമായിരുന്നു. മുമ്പ് കല്ലെറിഞ്ഞ് ഓടിയ കുട്ടി മണ്ണുമാതിവരുന്ന ടിപ്പറു തട്ടി മരണവുമായ് മാസങ്ങളോളം മല്ലിട്ട കഥ പണിക്കരു ഓർമിക്കും.
‘‘ഇന്തിനാണ്ടാ ചെക്കാ? ഇനിക്ക് തോന്ന്യാ ഞാനമക്കും. അന്നെക്കൊണ്ട് തടയാമ്പറ്റുവൊ?'' അയാൾ കുട്ടികളെ പരസ്യമായി വെല്ലുവിളിച്ചു.
അന്ത്രാവീക്കം പോലെ മാരകമായ എന്തോ ഒരു രോഗത്താൽ അയാൾ സദാ അവശനായിരുന്നു. പണിക്കത്തിയമ്മ അയയിൽ ഉണക്കാനിട്ട ആനലങ്കോട്ടികൾ കണ്ട് സ്ത്രീകളും കുട്ടികളും വാപൊത്തിച്ചിരിച്ചു. അയാളെ കുളിക്കടവിൽ നഗ്‌നനായിക്കണ്ട ചിന്ന, ഉണിച്ചിര എന്നിവർ ജീവിതത്തിൽ പിന്നെ കുളക്കടവിലേയ്ക്ക് പോകാതായി. വഴിവക്കിൽ അയാൾ തുണിപൊക്കിക്കാട്ടിയതിൽ ഭയന്ന് കൊയ്ത്തുകഴിഞ്ഞ് വൈക്കോലും കെട്ടി വന്ന ഉണ്യാമന്റെ ഭാര്യ കാക്കി ബോധം കെട്ട് വീണു. ആളുകളാരോ കാക്കിയെ കണ്ടത് അവളുടെ ഭാഗ്യമായി കരുതി എല്ലവരും. നാലുറുക്കോ മറ്റോ കെട്ടേണ്ടിവന്നു പിന്നെ ഉണ്ണ്യാമനൊപ്പം കിടക്കാൻ പോലും.
ആ പണിക്കർ സദാ കാലുകൾ ഒരുപാട് അകത്തിയാണ് നടന്നിരുന്നത്. ആനക്കോണകം കെട്ടിയിട്ടും അയാളിരിക്കുമ്പോൾ നിലമുട്ടുന്ന അണ്ടിയെപ്പറ്റി തെറി പറഞ്ഞ് ആശാരിവീട്ടിലെ പെണ്ണുങ്ങൾ കുണുങ്ങിച്ചിരിച്ചു. അക്കാലത്തൊന്നും അതെന്തെന്ന് എനിക്ക് മനസ്സിലായിരുന്നില്ല. എന്താണ് തന്തപ്പണിക്കരുടെ പ്രശ്‌നമെന്നും എനിക്ക് മനസിലായിരുന്നില്ല. പക്ഷെ അയാൾ കാലകത്തി ഊരവളച്ച് മഞ്ഞക്കറപ്പല്ലിളിച്ച് വരുന്ന രംഗങ്ങൾ ഞാനും ബിന്ദുവും ആശാരിമാമയ്ക്കു മുമ്പിൽ അഭിനയിച്ചു കാണിച്ചു. തോർത്തുമുണ്ട് നീളത്തിൽ മടക്കി ഷെഡ്ഡിയിൽ കുത്തിവെച്ചു. കോണത്തിന്റെ വാലു നിലത്തുരസി.
‘‘പോയ്യ്യാണ്ടീം കുട്ട്യാളെ ആട്ന്നു'' എന്ന് ചിരിയടക്കനാവാതെ ആശാരിമാമൻ ഞങ്ങളെ ഓടിച്ചു വിട്ടു.
ആനക്കോണകം കെട്ടിയിട്ടും അയാളിരിക്കുമ്പോൾ നിലമുട്ടുന്ന അണ്ടിയെപ്പറ്റി തെറി പറഞ്ഞ് ആശാരിവീട്ടിലെ പെണ്ണുങ്ങൾ കുണുങ്ങിച്ചിരിച്ചു. അക്കാലത്തൊന്നും അതെന്തെന്ന് എനിക്ക് മനസ്സിലായിരുന്നില്ല.
പാണന്വീട്ടിലെ ഒടിമുത്താച്ചനായിരുന്നു പണിക്കരുമുത്താച്ചനു കൂട്ട്. രണ്ടു പേരെയും ഒന്നിച്ച് കണ്ടാൽ നാട്ടുകാർ വിറയ്ക്കും. സി.ഐ.ടി.യുക്കാർ വരെ വിറയ്ക്കും. ചാരായം വാറ്റുന്ന നത്ത് ശിവനും മൊളോകൊടി വാസുവും ചോത്ത രക്തക്കണ്ണും കോപവുമുള്ള കൊല്ലൻ സുരയും വിറയ്ക്കും. ഇരുവരെക്കാണുമ്പോൾ ആളുകൾ ഭവ്യതയോടെ നിന്നു. മുണ്ടുകൾ കുത്തഴിഞ്ഞു നിവർന്നു ബഹുമാനം കാട്ടി.
‘‘ഇപ്പ ജി റാക്ക് കാച്ചല്യഡാ?''
‘‘കുണ്ടരാം പണിക്കറേ''; നത്ത് തല ചൊറിഞ്ഞു. സുരയാവട്ടെ തിളങ്ങുന്ന ഒരു കത്തി സമ്മാനിച്ചു. ആ കത്തിയുടെ വായ്ത്തലത്തിളക്കം കണ്ട് ഞാൻ ഞെട്ടിത്തകർന്നു പോയി. എന്റെ അമ്മ അനിയത്തിയെ ഗർഭം ധരിച്ച സമയമായിരുന്നു അത്. അമ്മ മൂത്രമൊഴിക്കാനായി പുറത്തെ കുളിമുറിയിലേക്ക് പോകുമ്പോൾ ഒരു കാവൽ നായയായി ഞാൻ കണ്ണുമിഴിഞ്ഞുനിന്നു. എന്റെ ചെറിയ കയ്യിൽ പാമ്പിനെ കൊല്ലാനായി അച്ഛൻ വാങ്ങിവെച്ച കൊങ്കിയിരുമ്പ് വടിയുണ്ടായിരുന്നു. അമ്മ തിരിച്ച് കയറുംവരെ ആ തിളങ്ങുന്ന കത്തി അമ്മയുടെ പൊക്കിളിനെ പകുത്ത് സഞ്ചരിക്കുന്നത് ഞാൻ ഉറക്കത്തിൽ പോലും കണ്ടു.
മൊളൊകൊടി വാസു പക്ഷെ രഹസ്യമായ പൊതിക്കെട്ടാണ് തന്തപ്പണിക്കരു മുത്താച്ചനു നൽകിയത്. അതെന്തായിരിക്കും എന്നോർത്തെനിക്കക്കാലത്ത് സൈ്വര്യമില്ലായിരുന്നു.
‘‘തന്താർക്കെന്താണ് മൊളോകൊടി ബാസു കൊടുത്തത്?'' എന്ന് ദേവകിവെല്ല്യമ്മയെക്കൊണ്ട് പണിക്കത്ത്യാരോട് ചോദിപ്പിച്ചു എന്റെ ജിജ്ഞാസ. പണിക്കാത്തി മുത്താച്ചി ആകെ വിഷണ്ണയായി അവർ ചെവിയിൽ അടക്കം പറഞ്ഞു.
‘‘ഉയ്യോ'' ദേവകി വെല്ല്യമ്മയുടെ കണ്ണ് മിഴിഞ്ഞു. ഒരിക്കലും ആ പൊതിഎന്തെന്ന് എനിക്കറിയാനായില്ല.
‘‘ബെലുതാവട്ടെ ഇണ്ണീ. അപ്പൊ പറയാം''. ഞാൻ വലുതായി വരും മുമ്പ് ദേവകിവെല്യമ്മ മരിച്ചു പോയി.
തന്തപ്പണിക്കരെപ്പോലെയല്ല ഒടിമുത്താച്ചൻ. നല്ലവനാണ്. ഒടി മുത്താച്ചൻ നന്നായി ഒടി മറയും. പക്ഷെ പെണ്ണുങ്ങളുമായുള്ള ഒരു കച്ചവടം ഇല്ല. ഒടി മുത്താച്ചിയായിരുന്നു ജീവിതത്തിലെ ഒരേയൊരു പെണ്ണ്. വലിയ വിടർന്ന കണ്ണുകളും ചെമ്പൻ കൃഷണമണിയുടെ ശൃംഗാരമൂർച്ചയാൽ ലോകത്തെ ഭയപ്പെടുത്തുകയും ചെയ്ത മന്ത്രവാദിനി. എല്ലാർക്കും ഉപകാരികൾ. എന്നാൽ പണിക്കരെക്കൊണ്ട് നാട്ടുകാർ പൊറുതി മുട്ടി. ഇഷ്ടപ്പെട്ട സ്ത്രീകളുടെ വീട്ടിലേയ്ക്കും കയറിച്ചെല്ലുക. കുളിമുറിയ്ക്കു മുമ്പിൽ കാത്തുനിൽക്കുക, ഇടവഴിയിലൂടെ എതിർവരുന്ന ഹൈസ്‌കൂൾ കുട്ടിയുടെ മുല പിടിച്ചമർത്തുക. കുളക്കടവിൽ പോയി ഒളിഞ്ഞുനോക്കുക, മന്ത്രാഞ്ജനം പുരട്ടി ഉടൽ അദൃശ്യമാക്കി, കിടപ്പുമുറിക്കാഴ്ചൾ കാണുക തുടങ്ങി പാതകങ്ങളുടെയും പാപങ്ങളുടെയും കൈപ്പുസ്തകമായിരുന്നു അയാൾ. ചീത്ത സുഹൃത്തുക്കളും ചീത്തകളും മാത്രമായ് വെറുക്കപ്പെട്ട ജന്മം. പലരും അയാളുടെ ഭാര്യ പണിക്കത്ത്യമ്മയോട് ചെന്നു പരാതിപ്പെട്ടു. ഞാൻ സ്‌കൂളിൽ പോകുമ്പോൾ വേലിക്കൽ മ്ലാനമുഖിയായ് നിന്ന് സങ്കടം കേൾക്കുന്ന പണിക്കത്തിമുത്താച്ചിയമ്മയെ കാണാം. കണ്ണുകളിലൂടെ കുടുകുടാ വെള്ളം ചാടി ശിരസ്സ് താഴ്ത്തി നിൽക്കുന്നവൾ. വേലിക്കലെ കുന്നുമണിവള്ളിയിൽ നിന്നും അതു പറിച്ചെടുത്ത് കോന്തലയിൽ കെട്ടുന്നത് പതിവാക്കി. സ്‌കൂൾ കുട്ടികളെ രക്ഷിക്കാനായിരുന്നു അത്.
ഗർഭിണികളെ ഏഴാം മാസത്തിൽ പ്രസവിപ്പിച്ച് വയറ്റിൽ നിന്നുള്ള ഭ്രൂണത്തെയെടുത്ത് അഞ്ജനമുണ്ടാക്കി അത് പുരട്ടിയാണു ഒടി മുത്താച്ചനും പണിക്കരുമുത്താച്ചനും ഒടിവിദ്യയിൽ അദൃശ്യരായിരുന്നതെത്രെ
ഒടിയിൽ ഉള്ള താൽപര്യമാണ് പണിക്കരുമുത്താച്ചനെ പാണന്റെ അടുത്തെത്തിച്ചത്. ഗർഭിണികളെ ഏഴാം മാസത്തിൽ പ്രസവിപ്പിച്ച് വയറ്റിൽ നിന്നുള്ള ഭ്രൂണത്തെയെടുത്ത് അഞ്ജനമുണ്ടാക്കി അത് പുരട്ടിയാണു ഒടി മുത്താച്ചനും പണിക്കരുമുത്താച്ചനും ഒടിവിദ്യയിൽ അദൃശ്യരായിരുന്നതെത്രെ. 1980 കൾക്കുശേഷം അഞ്ജനലഭ്യത അമ്പേ കുറഞ്ഞു. അഞ്ജനത്തിനായ് മൃതദേഹങ്ങളെ ആശ്രയിക്കേണ്ട അവസ്ഥ വന്നതങ്ങനെയാണ്. എന്റെ പറമ്പിലെ അടയ്ക്ക കൈക്കൂലിയായ് വാങ്ങിയാണ് ഒടി മുത്താച്ചിയെനിക്ക് ഈ കഥകളോക്കെ പറഞ്ഞുതന്നത്. അതും ഏറെ വലുതായശേഷം. മൂത്രപ്പുരകൾ പുറത്തുണ്ടായിരുന്ന കാലത്ത് ഗർഭിണികൾക്കും ഭ്രൂണത്തിനും വലിയ പ്രയാസമുണ്ടായിരുന്നില്ലെത്രെ. ഇടയ്ക്കിടെ മുറ്റത്തിറങ്ങുന്നവരെ പെട്ടന്നു പിടികൂടി മരുന്നു കൊടുത്ത് ഭ്രൂണത്തെ പ്രസവിപ്പിക്കുമായിരുന്നു.
‘‘ചെല ഒടിയമ്മാരു നശൂലങ്ങളേരിക്കും തന്തപ്പണിക്കരെപ്പോലെ. ആപെണ്ണുങ്ങളെ ഗർഭിണിയ്യാന്നൊന്നും നോക്കാണ്ട് ആവശ്യത്തിനുപയോഗിക്കും. പിന്നെ പള്ളകീറി കരു എടുക്കും. ഇന്റാളു ഇന്റെ പാണനങ്ങനെയൊന്നും ചെയ്യുലട്ടൊ''; മുത്താച്ചി അടക്കം പറഞ്ഞു.
‘‘ഇപ്പോൾ എല്ലാരും കക്കൂസ്സൊക്കെ വീട്ടിനകത്താക്കിലെ? പിന്നെ പൊലീസ് കേസ്സും. ഇന്റെ പാണൻ നല്ലോനാ. മക്കളോക്കെ നല്ല നെലേലാ അറയാലോ. ശവഒക്കെ മാന്തീട്ട് വല്ലതും വന്നാലു. ആ തന്തപ്പണിക്കരാ ഇന്റെ പാണനെക്കെടുത്തിയേ.''പാണത്തി മുത്താച്ചി ഓർമ പങ്കിട്ടു.
വർഷങ്ങൾക്കിപ്പുറത്ത് ലോക്ക്ഡൗണിന്റെ ഊഞ്ഞാലാട്ടത്തിൽ, കക്കൂസ്സിലേക്കോടാൻ മറന്ന് മതിലിലേക്ക് മൂത്രമൊഴിച്ച കുഞ്ഞൂട്ടന്റെ ചുക്കാണിയിൽ ഒരു ചോണനുറുമ്പ് കടിച്ചു. ഉയ്യിന്റമ്മാ. കരച്ചിലും പിഴിച്ചിലും.
‘‘ഇന്റെ ചുക്കു പൊട്ടിയേ''
ചങ്ങാതി മുണ്ടുടുത്ത് കാലും അകത്തി വെച്ച് പണിക്കരെപ്പോലെ നടക്കാൻ തുടങ്ങി. അക്കു കെട്ടിക്കൊടുത്ത കുട്ടിക്കോനകം അഴിഞ്ഞു തൂങ്ങിക്കിടന്നു. പെട്ടന്ന് മുറിയിലേയ്ക്ക് കയറിവന്ന അവനെക്കണ്ട് ഞാൻ വല്യപണിക്കരെ ഓർത്തു. അങ്ങനെ കഥയിൽ പണിക്കരെപ്പോലെ പെണ്ണുങ്ങളെ വശീകരിക്കുന്ന, ശ്മശാനങ്ങളിലെ ഗർഭിണിജഢങ്ങളുടെ വയർകീറിക്കരുവെ എടുക്കുന്ന ക്രൂരനായ തൂറാബ് എന്ന കഥാപാത്രം ജനിച്ചു.
കൊണ്ടോട്ടി നേർച്ചയും കൈത്തർക്കങ്ങളും
പഴയങ്ങാടിപ്പള്ളിയുടെയും തഖിയാവിന്റെയും കൊണ്ടോട്ടിത്തങ്ങന്മാരുടെയും കഥ നല്ല രസമാണ്. മുഹമ്മദ് ഷാ തങ്ങൾ എന്നൊരു സുന്ദരൻ, 1717ലോ മറ്റോ ബോംബെയിൽ നിന്ന് കൊണ്ടോട്ടിയിലെത്തി, കൊണ്ടോട്ടി തങ്ങൾ എന്ന പേരിൽ താമസമാരംഭിച്ചു തുടങ്ങി. വളരെ പുരോഗമനാത്മകവും ജനമനസ്സുകളെ ആകർഷിക്കുന്നതുമായ പാരമ്പര്യമായിരുന്നു തങ്ങൾമാരുടേത്. ജാതിമത ഭേദമെന്യേ ദേശക്കാർക്ക് തങ്ങൾമാർ പ്രിയങ്കരരായി. അക്കാലത്ത് മുസ്‌ലിംകളുടെ ആത്മീയാചാര്യന്മാരായിരുന്ന പൊന്നാനി മഖ്ദൂമികൾ, സയ്യിദ് ശൈഖ് ജിഫ്രി എന്നിവരുമായി ഫിലോസഫിക്കലായ എതിർപ്പ് തങ്ങൾ പാരമ്പര്യത്തിനുണ്ടായിരുന്നു. ഷാ വ്യാജ സൂഫിയാണ്, പുതുമയെന്നു പറഞ്ഞ് കാഫിറിത്തരം പരത്തുന്നുവെന്നൊക്കെ ആരോപണമുണ്ടായി. വലിയ വലിയ തർക്കമുണ്ടായി. ഷാ തങ്ങളുടെ ശിഷ്യന്മാരും ആരാധകരുമൊക്കെ
ഷാ വ്യാജ സൂഫിയാണ്, പുതുമയെന്നു പറഞ്ഞ് കാഫിറിത്തരം പരത്തുന്നുവെന്നൊക്കെ ആരോപണമുണ്ടായി. വലിയ വലിയ തർക്കമുണ്ടായി
അദ്ദേഹത്തിന്റെ കാൽക്കൽ കുമ്പിട്ട് കാൽപാദങ്ങളിൽ ചുംബിക്കുമായിരുന്നത്രേ. ഇതൊക്കെ കേട്ട കഥകളാണ്. ഇസ്‌ലാം മതത്തിൽ സുജൂത് ചെയ്യാൻ പാടില്ലല്ലോ. അതിനാൽ തങ്ങൾ പാരമ്പര്യത്തിനും അനുഷ്ഠാനങ്ങൾക്കുമെതിരായി ജിഫ്രി, മമ്പുറം സയ്യിദ് അലവി, ഉമർ ഖാദി എന്നിവർ മതവിധി നൽകി, ഫത്വകൾ പുറപ്പെടുവിക്കപ്പെട്ടു. കൊണ്ടോട്ടി നേർച്ചയിൽ കലയും മനുഷ്യരുടെയും ഇടപഴക്കങ്ങളുമുണ്ടായിരുന്നു. സ്ത്രീയും പുരുഷനും ഒന്നിച്ചിരുന്നു ഇടകലർന്നു പാടുന്നതും ഭക്തിഭജനങ്ങൾ നടത്തുന്നതും യാഥാസ്ഥിതികരെ അമ്പേ ചൊടിപ്പിച്ചുവെത്രെ. ബാഗ്ദാദിലെയും പേർഷ്യയിലേയുമൊക്കെ പുണ്യളന്മാരുടെ പേരിൽ മുഹമ്മദ് ഷാ തങ്ങൾ നടത്തിയിരുന്ന നേർച്ചകൾ, സൂഫിധാരയിലെ സംഗീതവും ആഘോഷവും അതിലെ ചെണ്ടപീപ്പികളും ആനയും, അമ്പാരിയും മനുഷ്യരുടെ ഉന്മാദകരമായ ആഹ്‌ളാദാരവങ്ങളും യാഥാസ്ഥിതിക പണ്ഡിതരെ കൂടുതൽ ക്ഷുഭിതരാക്കി. ദളിത്ഹിന്ദു -മുസ്ലീം ഇടപഴക്കങ്ങളും അവർക്ക് അത്രമേൽ രസിച്ചിരുന്നില്ലെത്രെ. ഇതൊക്കെ കേട്ടറിവാണു. ഷിയാ-സുന്നി പാരമ്പര്യ തർക്കങ്ങൾക്കിടയിലും കൊണ്ടോട്ടി നേർച്ച ഞങ്ങളുടെയൊക്കെ മനസ്സിലെ വലിയ സ്വപ്നമായി.
ഞാൻ അടുത്ത വീട്ടിലെ ആശാരിച്ചെക്കമാരുടെ കൂടെ നേർച്ചയ്ക്ക് പോകാൻ തുടങ്ങി. മുടിയില്ലാത്ത ആൺശരീരിയായ ഞാൻ മദ്രസ്സയിൽ നിന്ന് സമ്പാദിച്ച അറബിത്തൊപ്പിയും വെച്ച് നേർച്ചയ്ക്ക് പോയി. തഖിയാവിലെ ആണുങ്ങൾക്കൊപ്പം എല്ലാം ആസ്വദിച്ചു. തട്ടാന്റെ പെട്ടിവരവ്, പീരങ്കി പൊട്ടിക്കലു മരീദമധുരം തിന്നലു, നകാരയും ഷായിബാജയും വായിക്കുന്നത് ഒക്കെ. എനിക്കിപ്പോഴും പാലപ്പൂവിന്റെ മണമുള്ള ഒരു ചെങ്ങായിയെ കണ്ട ഓർമ്മയുണ്ട്. അന്ന് ആകൂട്ടത്തിലെ അതിസുന്ദരനായ ചെറുപ്പക്കാരൻ. കവിളിൽ 2 കാക്കാപ്പുള്ളി, കണ്ണുകളിൽ സൂര്യവൃത്തം, സ്വർണ്ണനിറം. പാലയുടേയോ പാരിജാതത്തിന്റേയോ മണമുള്ള വെള്ളത്തുണിയും കുപ്പായവും തലേക്കെട്ടും. അയാൾ എന്റെ അരികിലേക്കു നടന്നുവന്നു. എനിക്ക് ഏഴു വയസ്സാണ്. അയാൾക്കൊരു 23 വയസ്സുകാണുമായിരിക്കും. അത്രഭംഗിയുള്ള ഒരു ചെറുപ്പക്കാരനെ ഞാനതിനുമുമ്പോ ശേഷമോ കണ്ടിട്ടില്ല. അയാൾ വസിയിൽ നിരത്തിവെച്ച ഗ്ലാസ്സിലേയ്ക്ക് വെള്ളമൊഴിച്ചു കാപ്പിപ്പെട്ടി തുറന്നു അതിലിട്ട് ഇളക്കി. ഞാനയാളുടെ കണ്ണുകളിലേയ്ക്ക് തന്നെ നോക്കി. കാക്കാപ്പുള്ളിയുടെ ഭംഗിയിൽ കവിളിൽ പടർന്ന നീലരാശി. അയാളുടെ കയ്യിൽ പുല്ലങ്കുഴലുകൾ തൂക്കിയ ഒരു വടിയുണ്ടായിരുന്നു. അയാൾ എന്റെ അരികിലേക്ക് വന്നു. കയ്യിൽ മധുരപലഹാരം തന്നു എന്നെ തൂക്കിയെടുത്തു.
‘‘തൊപ്പി വെച്ചാലു മൊഞ്ചത്തീനെ എനക്ക് മനസ്സിലാകൂലെ?'' ഞാൻ പേടിയോടെ നോക്കി.
‘‘ഗംഗാരാ. കുട്ടിനെ കുണ്ടായ് അക്ക്യാൾടാ. പട മോസെണു''
അത്രഭംഗിയുള്ള ഒരു ചെറുപ്പക്കാരനെ ഞാനതിനുമുമ്പോ ശേഷമോ കണ്ടിട്ടില്ല. അയാൾ വസിയിൽ നിരത്തിവെച്ച ഗ്ലാസ്സിലേയ്ക്ക് വെള്ളമൊഴിച്ചു കാപ്പിപ്പെട്ടി തുറന്നു അതിലിട്ട് ഇളക്കി. ഞാനയാളുടെ കണ്ണുകളിലേയ്ക്ക് തന്നെ നോക്കി
പോകുന്ന വഴിയിൽ ഞാനയാളെ വീണ്ടും വീണ്ടും തിരിഞ്ഞു നോക്കി. നീളമേറിയ മാൻപേടക്കണ്ണുകൾ. ഓറഞ്ചല്ലിയെപ്പോലെ നിറമുള്ള ശൊങ്കൻ ചുണ്ടുകൾ എന്തൊരു ഭംഗി. വലുതാകുമ്പോളയാളെ ഞാൻ കല്യാണം ചെയ്യുമെന്ന് ഉറപ്പിച്ചു. വീട്ടിൽ വന്നപാടെ ഞാൻ അയാളെപ്പറ്റിപ്പറഞ്ഞു. അച്ഛനോടും അമ്മയോടും കല്യാണത്തിനുള്ള വാക്കു വാങ്ങി. ആ സുന്ദരനെക്കുറിച്ചുള്ള, നേർച്ചയെക്കുറിച്ചുള്ള ഓർമ്മയാണു നേർച്ചയെപ്പറ്റി കഥയെഴുതാൻ ആഗ്രഹിപ്പിച്ചത്. 2012 ൽ പലകാരണങ്ങളാൽ കൊണ്ടോട്ടി നേർച്ച നിന്നുപോയി. ഞങ്ങളുടെ നാടിന്റെ സ്വപ്നങ്ങളും. വളർന്നു വലുതായി എന്റെ ഓന്റെ കൂടെ കൊണ്ടോട്ടി നേർച്ചയ്ക്ക് പോകാൻ കാത്തുനിന്ന ഞാനും എന്റെ കുട്ടികളും സങ്കടത്തിലുമായി
റാവുത്തറുമ്മാമ്മയുടെ ഭ്രാന്തുചികിത്സ
കോളാർകുന്നിന്റെ താഴെ വളപ്പിൽ തൊടിയിൽ എന്റെ അച്ഛൻ ഒരു കൊച്ച് വീട് വാങ്ങുകയാണ്, ഹസ്സൻഹക്കീം എന്നൊരാളിൽ നിന്ന്. സഹോദരന്റെ മുക്ത്യാറെഴുതി ആ സ്ഥലം വിറ്റ് പോകുമ്പോൾ ആ ഉമ്മയും മകനും ആത്മബന്ധമൊഴിയാത്തതിനാൽ ഏറെ വിമ്മിട്ടപ്പെട്ടു. ചില അദൃശ്യശക്തികളോട് മാന്ത്രിക ഭാഷയിൽ ഉമ്മ സംസാരിച്ചു യാത്രാമൊഴി പറഞ്ഞു. ഉമ്മയുടെ ഏഴര സെന്റ് വീട്ടിലെ തൊടിയിൽ നിറയെ മരങ്ങളാണു. കാടു കൂടിയ പോലെ അടുത്തപറമ്പിലേയ്‌ക്കൊക്കെ ഈ വൃക്ഷനടൽ വ്യാപിച്ചിട്ടുണ്ട്. ഈ വൃക്ഷക്കൂട്ടങ്ങൾക്ക് പുറമെ ഉപേക്ഷിക്കപ്പെട്ട ഒന്നരഫൂട്ട് കുണ്ടനടവഴിയിൽ വലിയ ഇനം കല്ലവാഴകൾ നട്ടിരുന്നു. ഉള്ളിൽ കല്ലുള്ള കുഞ്ഞിപ്പഴങ്ങൾക്ക് ഒരുതരം പ്രത്യേക മധുരവും വാസനയും രസകരമായ പുളിപ്പും ഉണ്ടായിരുന്നു. ഹസ്സൻ കാക്കയുടെ ഉമ്മ ഒരു വലിയ തങ്ങളുമ്മാമ്മയാണ്. ഭ്രാന്തിനു സൗജന്യമായി ചികിത്സിക്കും. പാലക്കാട്ടു നിന്നേ വൈദ്യത്തിലും മാന്ത്രികത്തിലും പ്രശസ്തയാണ്. നിരവധി രോഗികളെ രോഗബാധിതരായി കൊണ്ടുവന്നു. ഭ്രാന്തായിരുന്നു എല്ലാവർക്കും. വല്ലാത്ത അവസ്ഥയിൽ ആക്രമണത്തിനു മുതിരന്നവരെയൊക്കെ ദിവസങ്ങളോളം കവുങ്ങിൽ ചങ്ങലയ്ക്കിട്ടു. തളവും മന്ത്രങ്ങളും നാട്ടുമരുന്നുമായി ഉമ്മ ഓരോരുത്തരുടെയും അസുഖം ഭേദമാക്കി. പ്രതിഫലമായി ഭൂമിയിൽ വൃക്ഷങ്ങൾ നടണമെത്രെ; അങ്ങനെയാണ് ഈ ഉമ്മയുടെ രീതി. ഞാനാ ഉമ്മയെ ഒറ്റത്തവണയാണ് ആകെ കണ്ടത്. മുസ്‌ലിംമാണെങ്കിലും പാലക്കാട്ടുകാരിയായ ആ ഉമ്മ സീമന്തരേഖയിൽ സിന്ദൂരമിട്ടിരുന്നതും ഇറച്ചിയുപയോഗിക്കാത്തതും സന്ധ്യയ്ക്ക് വിളക്കു വെച്ചതും എന്നെ അമ്പരപ്പിച്ചു. എന്റെ നാട്ടിൽ മുഴുവൻ ഇത് ഭയങ്കര ചർച്ചയുമായിരുന്നു. വീട്ടിലെ തൊടിയിൽ ഓരോ മരത്തിലും ആണികളും ചങ്ങലകളും കണ്ടു. തുടക്കത്തിൽ ആണി പൊരിച്ച് കളിവണ്ടികൾ ഉണ്ടാക്കിയെങ്കിലും ഉമ്മ വീട്ടിലേയ്ക്ക് ഒരെഴുത്തു വിട്ടതോടെ ഞങ്ങളത് നിർത്തി.
ആടത്തെ മാവിന്റെ താഴത്തെ കൊമ്പിലെ ആണികൾ നീങ്കൾ പൊറിച്ചോ? മരുതിന്റെ വേരിലടിച്ച ആണികൾ പൊറിച്ചൊ എന്നിങ്ങനെ പറിച്ച ആണികൾ ഏതു മരത്തിനേതെന്നു കൃത്യമായി മനസ്സിലായതുപോലെ ചോദിച്ചിരുന്നു ആ കത്തിൽ. ഉമ്മയുടെ കൃത്യത എന്റെ അമ്മയെ ഭയപ്പെടുത്തി. ആണി പറിച്ചെടുക്കുന്നത് പ്രേതങ്ങളെ അഴിച്ചു വിടുന്നതിനു തുല്യമാണെന്ന് അമ്മയ്ക്കാരോ പറഞ്ഞു കൊടുത്തു. അമ്മ തങ്ങളുമ്മാമ്മാനെ ചെന്നു കണ്ടു. മൊയ്തീൻ കുട്ടി, റസാഖ്, ലുക്ക്മാൻ അങ്ങനെ ഉമ്മ പലരെയും അവിടെ കാട്ടിത്തന്നു.
‘‘പിരാന്തും നൊയിയുമെല്ലാം മുടിഞ്ചിറ്റ് പോയോറാണു. പക്ഷെ പെട്ടെന്ന് എളകി ബന്തിറുക്ക്. അതാ ആണി പൊരിഞ്ഞോന്നു സംശയം വന്നത്. ഈ മൂന്നു പേർ കുത്തിയ ആണികളാണത്. ദയവ് സെയ്ദ് നീങ്കൾ ആണികൾ പൊറിക്കറുത്. ജാഗ്രതയാ പാത്തുക്കോ''
എന്റെയമ്മ, അത്ര വിശ്വാസം ഇല്ലാത്ത ആളായിട്ടുപോലും അവർക്ക് വാക്കു കൊടുത്തു. കാരണം ഏതു മരത്തിൽ നിന്നും ഏതു കൊമ്പിൽ നിന്നും ആണി ഇളകി എന്നവർ കൃത്യമായ് കണ്ടെത്തിയത് അമ്മയെ ഭയപ്പെടുത്തി. മാന്ത്രിക സിദ്ധിയുള്ള ആ തങ്ങളമ്മയിൽ നിന്നാണു ഇതിലെ റാവുത്തറുമ്മാമ എന്ന കഥാപാത്രം ഉണ്ടാകുന്നത്.
ഊത്തൻ അലി അഥവാ പ്രേമിക്കപ്പെടുന്ന ഊത്തൻ ശ്രീനി
ഊത്തൻ എന്നാൽ അധരരതിക്കാരനായ പുരുഷൻ എന്നാണർത്ഥം. വളരെയധികം ഡെറഗേറ്റെറിയായ അർത്ഥത്തിൽ തെറിയായിപ്പോലും തെക്ക് ഭാഗത്ത് ഈ വിളി വിളിക്കാറുണ്ട്. ഊത്തൻ ശ്രീനിയാണു കഥയിൽ ഊത്തൻ അലിയാവുന്നത്. എന്റെ അടുത്ത ബന്ധുവായ ഗായത്രി ഒരു പ്രേമത്തിൽ പെടുകയും ആ പ്രേമനായകനുമായി ഒളിച്ചോടുകയും ചെയ്തു. ഒളിച്ചോടിയപ്പോൾ മറ്റു വഴിയില്ലാതെ ഏറെ എതിർത്ത ഗായത്രിയുടെ കുടുംബക്കാർ ഇരുവരെയും തിരികെ വിളിച്ച് കല്യാണം നടത്തിക്കൊടുത്തു. ഒരേ നാട്ടുകാരും ജാതിക്കാരുമായിട്ടും എന്താണീ കല്യാണത്തിനെതിർപ്പെന്നു ആരും ചോദിച്ചില്ല. ആ നാട്ടിൽ ശ്രീനിയുടെ പേരു അങ്ങനെയായിരുന്നു. അവന്റെ നിലയും അപ്രകാരമായിരുന്നു. ഊത്തൻ. ഊത്തൻ ശ്രീനി.
ഊത്തൻ എന്നാൽ അധരരതിക്കാരനായ പുരുഷൻ എന്നാണർത്ഥം. വളരെയധികം ഡെറഗേറ്റെറിയായ അർത്ഥത്തിൽ തെറിയായിപ്പോലും തെക്ക് ഭാഗത്ത് ഈ വിളി വിളിക്കാറുണ്ട്
നായകൻ ശ്രീനിവാസ് ഞങ്ങളുടെ തന്നെ അകന്ന ബന്ധുവായ ഒരാളുടെ ദത്തു മകനാണ്. കുട്ടികളില്ലാതെ ഏറെ നാൾ ജീവിച്ചശേഷമാണ് അവർ ശ്രീനിയെ ദത്തെടുത്തത്. തറവാട്ടിലാർക്കും ആ ദത്തെടുപ്പ് അത്ര പിടിച്ചില്ല. അവരുടെ കാലശേഷം തങ്ങളുടെ മക്കൾക്ക് വരേണ്ട സ്വത്ത് തിന്നാൻ വന്ന ജീവിയായാണു അവർ ശ്രീനിയെ കണക്കാക്കിയത്. പറ്റുന്ന അവസരത്തിലൊക്കെ അവർ ശ്രീനിയെ ഉപദ്രവിച്ചു. പ്രത്യേകിച്ച് ചെറിയച്ചന്മാരും കുടുംബങ്ങളും. കസിൻസ്സും എല്ലാവരും തരം പാത്തും തക്കം പാത്തും നോക്കുകൊണ്ടും വാക്കുകൾ കൊണ്ടും ശാരീരികമായും ശ്രീനിയെ ഉപദ്രവിച്ചു.
അവന്റെ നില മനസ്സിലാക്കിയ മാതാപിതാക്കൾ അതറവാട്ടു വീട് മാറി മറ്റൊരിടത്തേയ്ക്ക് പോയി. അവിടുത്തെ നല്ല അന്തരീക്ഷം അമ്മയ്ക്കു മറ്റൊരു അനുഗ്രഹം കൂടി നൽകി. മറ്റൊരു കുഞ്ഞ്. ശ്രീനിയുടെ 12 മത്തെ വയസ്സിൽ അവന്റെയമ്മ അനിയത്തിയെ പ്രസവിച്ചതോടെ അവന്റെ കഷ്ടതകൾ പൂർണമായി. വീണ്ടും പ്രസവത്തിനായി തിരികെ തറവാട്ടിലേക്ക് അവർക്ക് പോകേണ്ടി വന്നു. കൂട്ടു കുടുംബത്തിൽ ശ്രീനിയൊറ്റപ്പെട്ടു. കൂടുതൽ പരുക്കനായി അവർ അവനോട് പെരുമാറി. കുടുംബത്തെ ഛിദ്രൈച്ച് നികൃഷ്ടനായും സ്വത്തു തിന്നാൻ വന്ന തെണ്ടിയായുമൊക്കെ അവരവനെ നിരന്തരം കളിയാക്കി. ഇതോടൊപ്പം തന്നെ കിട്ടിയിടത്ത് തന്നെ കൊണ്ടു പോയി അവനെയുപേക്ഷിക്കാൻ ബന്ധുക്കൾ മാതാപിതാക്കളെ നിരന്തരം നിർബന്ധിച്ചു.
എന്നാൽ ശ്രീനിയുടെ വളർത്തച്ഛനും അമ്മയും ഒന്നിനും വഴങ്ങിയില്ല. അവർക്ക് ശ്രീനി സ്വന്തം കുഞ്ഞു തന്നെയായിരുന്നു. അവർ ഒരു രീതിയിലും അതിനു സമ്മതിച്ചില്ല. ബന്ധുക്കളുണ്ടോ വെറുതെയിരിക്കുന്നു? തരം കിട്ടുമ്പോൾ കിട്ടുമ്പോൾ ശ്രീനിയെ ഓടിക്കാനും ഉപദ്രവിക്കാനും ശ്രമിച്ചു കൊണ്ടേയിരുന്നു.
ഒടുക്കം അച്ഛനും അമ്മയ്ക്കും പ്രാണനായിരുന്നിട്ടും ബന്ധുജനങ്ങളാൽ അപമാനിതനായ് ശ്രീനിക്ക് നാടു വിടേണ്ടി വന്നു. അവനെ ഓടിച്ചു വിട്ടുവെന്നതായിരുന്നു ശരി. പക്ഷെ അവന്റെ അമ്മ ശാഠ്യം പിടിച്ചു. ശ്രീനിയില്ലാതെ ജീവിക്കാനാവില്ലെന്നു അവർ കരഞ്ഞു കൊണ്ടേയിരുന്നു. ഭക്ഷണം കഴിക്കാതെയും കുഞ്ഞിനു പാലുകൊടുക്കാതെയുമായിരുന്നു അവരുടെ പ്രതിഷേധം. അവർ നിർബന്ധം പിടിച്ചുകൊണ്ടേയിരുന്നു. പട്ടിണിയും സമരവും. അവർ പലതവണ ആശുപത്രിയിലാകുകയും ഡിപ്രെഷനിലാവുകയും ചെയ്തു. എല്ലാ പത്രങ്ങളിലും ടീവിയിലുമൊക്കെ അവർ അറിയിപ്പ് കൊടുത്തു. തിരിച്ചു വരൂ അമ്മ മരിച്ചുപോകും നിന്നെ കാണാതെ എന്നു വരെ എഴുതി. ഒടുക്കം 8 മാസങ്ങൾക്ക് ശേഷം ശ്രീനിയെ പോലീസ്സ് ബോംബെയിൽ നിന്നും കണ്ടെത്തി. അവനെ അച്ഛൻ പോയി തിരികെ കൊണ്ടു വന്നു.
ദൂരദേശങ്ങളിൽ നിന്നു പോലും ആവശ്യക്കാർ ശ്രീനിയെത്തേടി വരാൻ തുടങ്ങി. ഇരുളിലും മറവിലും പൊന്തകളിലും മുതിർന്ന പുരുഷന്മാർക്കൊപ്പം പതിമൂന്നുകാരനായ അവൻ സ്വയം വിൽപ്പനയ്ക്കായി വിലപേശിനിന്നു
തിരിച്ചു വന്നത് പുതിയ ശ്രീനിയായിരുന്നു. തെരുവിന്റെ നെറികേടുകൾ അനുഭവിച്ചും ശീലിച്ചും വന്നവൻ, പണത്തിനു അത്യാവശ്യമുള്ളവൻ. പുകയിലയും ചില ലഹരികളും അത്യവശ്യമുള്ളവൻ. ആരെയും ഭയമില്ലാത്തവൻ, കൂസാത്തവൻ... ലഹരിക്കായി ഏറെ പണം ആവശ്യമായിരുന്നു. പണം കണ്ടെത്തുവാൻ തെരുവ് അവനെ പഠിപ്പിച്ച തൊഴിലുതന്നെ അവൻ തുടർന്നു. ഉത്സവപ്പറമ്പുകളിലും നേർച്ചകളിലുമവന്റെ പതിവ് സാന്നിദ്ധ്യം ശ്രദ്ധിക്കപ്പെട്ടു. ഇളമിറച്ചിയുടെ വിൽപന. അതും ആൺകുട്ടി. അപൂർവ്വമായ ഒന്നായി നാട് അത് വിലയിരുത്തി. ദൂരദേശങ്ങളിൽ നിന്നു പോലും ആവശ്യക്കാർ ശ്രീനിയെത്തേടി വരാൻ തുടങ്ങി. ഇരുളിലും മറവിലും പൊന്തകളിലും മുതിർന്ന പുരുഷന്മാർക്കൊപ്പം പതിമൂന്നുകാരനായ അവൻ സ്വയം വിൽപ്പനയ്ക്കായി വിലപേശിനിന്നു.
കാശിനായി പുരുഷന്മാരോടൊപ്പം പോകുന്ന ശ്രീനി നാട്ടിൽ കുപ്രസിദ്ധനായി. ഊത്തൻ ശ്രീനിയെന്നു അവൻ പരക്കെ വിളിക്കപ്പെട്ടു. എന്റെ കസിനായ ചേട്ടൻ ഒരിക്കൽ ആലിന്റെ പുറകിലെ ഇടവഴിയിൽ വെച്ച് ഇത് നേരിട്ട് കണ്ട് അവനെ തല്ലി. വലിയ വഴക്കായി. നാട്ടുകാരും വീട്ടുകാരും ഇടപെട്ടു. അവന്റെ യാത്രകളെ തടസ്സ്‌പ്പെടുത്തി. അവനെ തേടി വീടിന്റെ മുമ്പിലെ റോഡിൽ കാറുകളും ബൈക്കുകളും ക്യൂ നിന്നു.
അവന്റെ മാതാപിതാക്കൾ ഒടുക്കം കേസ്സ് കൊടുക്കുകയും വലിയ പ്രശ്‌നമായി മാറുകയും ചെയ്തു. നിരന്തരമായി ഡോക്ടറെ കാണിക്കുകയുമൊക്കെ ചെയ്തു. നാട്ടിൽ നിന്നുതന്നെ മാറി അവർ വീട് ദൂരെയെടുത്ത് താമസിച്ചു. പതിയെ ശ്രീനി പഴയ ശ്രീനിയായ് മാറി. ചുണ്ടുകൾക്കിരുവശത്തും കുമിളകളീല്ലാത്ത തമ്പാക്കും സിഗററ്റും മുഷിഞ്ഞ തലയുമില്ലാത്ത മറ്റൊരു ശ്രീനി. ഭംഗിയുള്ള കളം കളം ഷർട്ടിട്ട്, മിടുക്കനായ് പഠിക്കുന്ന ഉണ്ടക്കണ്ണും ആനച്ചെവിയുമുള്ള സുന്ദരനായ ശ്രീനി. അവന്റെ കണ്ണുകളീൽ വിഷാദം തഴമ്പിട്ടിരുന്നു. ചുണ്ടുകൾ സദാ പശ്ചാത്താപത്തോടെ തിണർത്തുകണ്ടു. ആരോടും വഴക്കില്ല, ദുശ്ശീലമില്ല, സൗമ്യമായ പെരുമാറ്റം ഒതുങ്ങിയ ചിരി. ആ ശ്രീനിയെയാണു ഗായത്രി പ്രേമിച്ചത്.
ഒരാളും ഇത് അംഗീകരിച്ചില്ല. ശ്രീനിയുടെ അമ്മ പലവഴിയ്ക്ക് ആളുകളെ സമരസപ്പെടുത്താൻ ശ്രമിച്ചു. അവരുടെ മകന് ജീവിതത്തിലേയ്ക്കുള്ള വരവിനുള്ള പിടിവള്ളിയാണ് ഗായത്രിയെന്നവർക്ക് അറിയാമായിരുന്നു. പക്ഷെ നടന്നില്ല. ശ്രീനിയുടെ ഭൂതകാലത്തിലെ രണ്ട് കൊല്ലങ്ങൾ ഊത്തനെന്നവനെ അടയാളപ്പെടുത്തിയിരുന്നു. ഗായത്രിയുടെ പഠിപ്പു നിന്നു. എല്ലാത്തിനും സപ്പോർട്ട് എന്റെ ചേട്ടനും. അവളുടെ അച്ഛനവൾക്ക് കല്യാണമുറപ്പിച്ചു. എന്തായാലും ശരി എങ്ങനെയൊക്കെയോ ഗായത്രി കല്യാണത്തലേന്ന് ഓടിപ്പോയി.
കാലം കഴിഞ്ഞു എല്ലാരും സമരസപ്പെട്ടു ഗായത്രിയുടെ അച്ഛനും എന്റെ കസിനും ഒഴികെ.. അവർക്കുള്ളിൽ മാടങ്കാവിനു പുറകിലെ മുട്ടുകുത്തിയിരുന്ന ശ്രീനിയുടെ രൂപം കൂടുതൽ കൂടുതൽ മിഴിവാർന്നു. ഓർക്കെയോർക്കെ അവർ തങ്ങളുടെ പിണക്കം പുതുക്കിക്കൊണ്ടേയിരുന്നു.
ഉപദ്രവിക്കപ്പെടുകയും അബ്യൂസ്സിയ്യപ്പെടുകയും ചെയ്ത കുഞ്ഞുങ്ങളൂടെ, തെരുവിലെ അനാഥക്കുഞ്ഞുങ്ങളുടെ പ്രതീകമായിരുന്നു ശ്രീനി. അവന്റെ ചോദനകളെ സമൂഹം ക്രൂരമായി ഉപയോഗിച്ചു. അവന്റെ ജീവിതത്തെ അവർ പിച്ചിച്ചീന്തി. ഗായത്രിയെപ്പോലൊരു പെൺകുട്ടി അവനെ പ്രേമിച്ചതും കല്യാണം കഴിച്ചതുമൊക്കെ ഇന്നും ലോകത്തിനു മഹാത്ഭുതമാണ്. അവരുടെ ഒരു പിണക്കം പോലുമില്ലാത്ത സ്‌നേഹപൂർണ്ണമായ ജീവിതവും.
രാമചന്ദ്ര സിറാസ്സ്; അടഞ്ഞ വാതിലുകളും വഴികളും പുറകിൽ അയാൾ ചുംബിച്ച നഗ്‌നപുരുഷനും
‘‘And when I thought how my dear friend,
my lover was on his way coming,
O then I was happy,
I heard the hissing rustle of the liquid and sands as
directed to me whispering to congratulate me,
For the one I love most lay sleeping by me under the same cover in the cool night,
In the stillness in the autumn moonbeams his face was inclined toward me,
And his arm lay lightly around my breast - and that night I was happy.''
പുരുഷനും പുരുഷനും തമ്മിലെ പ്രേമത്തെക്കുറിച്ച് ആത്മാവു കൊണ്ടെഴുതിയിരുന്ന
അലിഘട്ടിലെ മറാത്തി പ്രൊഫസർ. അദ്ദേഹത്തിനെ ദുരൂഹമരണം ഇന്നും ലോകത്തിനു സമസ്യയാണ്.
പുരുഷനും പുരുഷനും തമ്മിലെ പ്രേമത്തെക്കുറിച്ച് ആത്മാവു കൊണ്ടെഴുതിയിരുന്ന
അലിഘട്ടിലെ മറാത്തി പ്രൊഫസർ. അദ്ദേഹത്തിനെ ദുരൂഹമരണം ഇന്നും ലോകത്തിനു സമസ്യയാണ്
എന്നാൽ അധികാരികൾക്ക് അത് സാധാരണമാണ്. ഒരു സാധാരണ ആത്മഹത്യയായ് അവർ കേസ് അടച്ചു കളഞ്ഞു. ജനാധിപത്യബോധമുള്ള, യുക്തിയുള്ള ആർക്കും അത് കൊലപാതകമാണെന്നും എന്തുകൊണ്ടെന്നും അറിയാനാകും. ഗേയാണെന്ന് തുറന്നുപറഞ്ഞതിന്റെ പേരിൽ യൂണിവേഴ്‌സിറ്റി തന്നെ ചതിച്ച് പുറത്താക്കിയ രാമചന്ദ്ര സിറാസ്സ്. അദ്ദേഹത്തെ പറ്റിയോർക്കുമ്പോൾ നമ്മുടെ ഹൃദയം തകർന്നു പോകും. അദ്ദേഹത്തെ അപമാനിച്ച വിധം ഓർക്കുമ്പോൾ തൊലി പൊളിഞ്ഞു പോകും. 53 വയസ്സിൽ അദ്ദേഹത്തോട് ഏറെ വർഷം ജോലിചെയ്ത യൂണിവേഴ്‌സിറ്റി എത്ര ക്രൂരമായാണ് പെരുമാറിയത്.
തൊഴിലിടത്തിൽ മനുഷ്യർ എങ്ങനെ ക്രൂശിക്കപ്പെടുന്നു, അത് സംസ്‌കാരിക ലോകത്തേയ്ക്ക് എങ്ങനെ വലിച്ചെടുത്ത് കൊണ്ടുവരുന്നു എന്നൊക്കെ നേരിട്ട് അനുഭവിച്ചവളാണു ഞാൻ. റെയ്പ്പ് കേസ്സിൽ പ്രതിയായ, ക്രിമിനൽ കേസുകളിൽ പ്രതിയായ ഒരു സംഘത്തിനെ എതിർത്തു എന്ന ഒറ്റക്കാരണത്താൽ ശാരീരികവും മാനസികവുമായ ഉപദ്രവങ്ങൾ എനിക്ക് സഹപ്രവർത്തകരിൽ നിന്ന് കിട്ടി. സീനിയോറിറ്റിയ്ക്ക് വേണ്ടി കടുപിടികൂടുന്ന ചിലരും കൂടിയായപ്പോൾ പൂർത്തിയായി. അഴിമതി, മതിലുചാട്ടം, ഗോത്രവർഗ്ഗക്കാരെ വംശീയമായി അധിക്ഷേപിക്കൽ എന്നൊക്കെ പലതരം അഴികൾ എന്റെ മുഖത്തിട്ട് മുറുക്കാൻ ഓൺലൈൻ പോർട്ടലുകളിൽ ചിലത് മുറവിളികൂട്ടി. മയക്കുമരുന്നുപയോഗിച്ച വാച്ച്മാൻ എന്നെയും മകനെയും ഓഫീസ് മുറിയിൽ പൂട്ടിയിട്ട സംഭവവും പൊലീസ് രീതികളും യൂണിയന്റെ നേതാക്കളുടെ കള്ളവും എന്നെ അമ്പരപ്പിച്ചു. നീതിയെവിടെ? നെറിയെവിടെ? ആ സമയത്ത് എനിക്ക് രാമചന്ദ്രൻ സാറിനെ വീണ്ടും ഓർമ്മ വന്നു. ദുർബലനായ പതറിയ ശബ്ദത്തിൽ കവിത വായിച്ച, കണ്ണുകളിൽ നിസ്സഹായതയുള്ള കവി. അദ്ദേഹത്തിന് എന്റെ അച്ഛന്റെ പ്രായമുണ്ടായിരുന്നു. അദ്ദേഹത്തിന്റെ ആ വേദന എന്റെ ഉള്ളിൽ ഉണ്ട്. അതിന്റെ തീവ്രത ഈ സംഭവങ്ങളോടെ എനിക്ക് പൂർണമായും വെളിപ്പെട്ടു. വ്യാജസർട്ടിഫിക്കറ്റ് കൊടുത്ത് പി.എസ്. സിയെ കബളിപ്പിച്ച സംഘക്കാരുടെ തന്ത്രങ്ങൾ എന്റെ മകൻ വന്നതിനാൽ പൊളിഞ്ഞു പോയതാണ്. ക്യാമ്പസിലെ സ്ത്രീകളൂടെ പരിശീലനമുറിയിൽ എന്നെയുപദ്രവിക്കാൻ അവർകാത്തു വെച്ച തന്ത്രങ്ങൾ ഒന്നു പാളിയതാണ്. അപകടം ബോധ്യമായപ്പോൾ ഞാൻ പൊലീസിനെ വിളിച്ചത് കുതന്ത്രജന്തുക്കളൂടെ പദ്ധതിയെ പൊളിച്ചുകളഞ്ഞു. എന്നാൽ രാമചന്ദ്ര സിറാസ്സ് അദ്ദേഹത്തിന്റെ ക്യാമ്പസിൽ ഒറ്റയ്ക്കയിരുന്നു. ശത്രുക്കൾ കുഴിച്ച കുഴിയിൽ അദ്ദേഹം വീണു.
ജനാഫ്രസ്സ് കഥയിലെ പ്രൊഫസർ ഷിറാസ്സ്, രാമചന്ദ്ര സിറാസ്സ് ആണ്. പൊതുബോധവും വിമതലൈംഗികതാഭയവും കൊന്നുകളഞ്ഞ പാവം കവി. ഊത്തൻ അലിയ്ക്കു ജോലി നൽകിയതിന്റെ പേരിൽ വേട്ടയാടപ്പെടുന്ന കഥാപാത്രമായി അദ്ദേഹം വരുന്നു. ജനാഫ്രസ്സ് എന്ന കഥ രാമചന്ദ്ര സിറാസ്സ് എന്ന കവിയോടുള്ള എന്റെ ആദരവും ഒടുങ്ങാത്ത വേദനയുമാണ്. വിമതലൈംഗികതയുടെ പേരിൽ വേട്ടയാടപ്പെട്ട എല്ലാരോടുമുള്ള സങ്കടങ്ങളാണ്.
അവോക്കറാജിയും സീതിഹാജിയും ആരോഗ്യവും വിദ്യയുമെന്നർത്ഥം
വൈദ്യരങ്ങാടി പുളീഞ്ചോട്ടിലെ പ്രശസ്തനായ ഞങ്ങളുടെ ഡോക്ടർ ആണ് അവോക്കറാജി. അബൂബക്കർ എന്നാണ് പേരു. മൂപ്പരാണു ആ നാട്ടിന്റെ ഭിഷഗ്വരൻ. എല്ലാത്തിനും പ്രതിവിധി.
ജനാഫ്രസ്സ് എന്ന കഥ രാമചന്ദ്ര സിറാസ്സ് എന്ന കവിയോടുള്ള എന്റെ ആദരവും ഒടുങ്ങാത്ത വേദനയുമാണ്. വിമതലൈംഗികതയുടെ പേരിൽ വേട്ടയാടപ്പെട്ട എല്ലാരോടുമുള്ള സങ്കടങ്ങളാണ്
ക്യാൻസറായാലും അവോക്കറാജ്ജി സികിത്സിച്ചാൽ മാറും എന്ന് പറയുന്ന അവിലിടിയുമ്മമ്മാരെ കണ്ടാണ് ഞാൻ വളർന്നത്. ‘‘അവൊക്കറാജി ദോക്ടെർ കയ്പ്പങ്ങ കഴിച്ചാൽ നല്ലത്'' എന്നു പറഞ്ഞ ശേഷമാണു വല്ല്യാവിലിടിയുമ്മ ദിനവും പച്ചക്കൈപ്പക്ക തിന്നാനാരംഭിച്ചത് എന്നുമെനിക്കറിയാം. അത്ര സ്വാധീനശക്തിയുണ്ട് അദ്ദേഹത്തിനു. അദ്ദേഹം ജെനാഫ്രസ്സിൽ കഥാപാത്രമാവുന്നു. ഒരു ദേശത്തിന്റെ ഭിഷഗ്വരൻ.
മറ്റൊന്നു സീതീഹാജിയാണ്. ബാഫഖിതങ്ങൾ മെമ്മോറിയൽ സ്‌കൂൾ ആരംഭിച്ച വ്യക്തി. ഹൈവേയ്ക്കരികിൽ ഷോപ്പിങ്ങ് കോംപ്ലെക്‌സ് കെട്ടാതെ നാടിനായ് സ്‌കൂൾ പണിത മഹാൻ. ഞാൻ പേങ്ങാട് സ്‌കൂളെന്നു വിളിക്കുന്ന ആ സ്‌കൂളാണു ജനാഫ്രസ്സ് കഥയിലെ പശ്ചാത്തലം.
ജനാഫ്രസ്സ് കഥയിലെ മുഖ്യനായകനായ ജനാഫ്രസ്സ് പൂർണമായും എന്റെ ഭാവനയിലുണ്ടായ കഥാപാത്രമാണ്. എന്നിലെ പൂർണപുരുഷനെത്തേടിയുള്ള സ്വപങ്ങളൂടെ ഒരു മാനിഫെസ്റ്റേഷൻ. എന്നാൽ അതിലെ മറ്റെല്ലാ കഥാപാത്രങ്ങളും ഇപ്പോഴും ജീവിച്ചിരിക്കുന്നവരാണ്. ജയകുമാർ പനക്കലെന്ന ഹോമിയോ ഡോക്ടർ എന്റെ കുട്ടിക്കാലം മുതൽ ഇങ്ങോട്ട് അമല ക്‌ളിനിക്ക് നടത്തിയിരുന്നു. മരുന്നില്ലാത്ത പഞ്ചാരമിഠായികൾ ഇടയ്‌ക്കൊക്കെ ഞാൻ വാങ്ങിത്തിന്നാറുണ്ടായിരുന്നു. ചുരുണ്ട മുടിയുള്ള പാട്ടൊക്കെയിഷ്ടമുള്ള സുധീർ മാഷ് പേങ്ങാട്ടു സ്‌കൂളിലെ മാഷാണ്, വെല്ല്യറബി മാഷും കുട്ട്യറബ്യാഷും ഉറുദു മാഷും യൂനുസ്സും ലബീബയുമൊക്കെ ഇന്നുമുണ്ട്... പതിനൊന്നാം മയിൽസ്സിലിറങ്ങി പേങ്ങാട്ടുസ്‌കൂളിലേയ്ക്ക് ചെന്നാൽ ഈ കഥാഭൂമിക കാണാം, അതിന്റെയടുത്ത് തന്നെയാണ് കൊണ്ടോട്ടിയേയും കഥയിൽ വച്ചിരിക്കുന്നത്. റാവുത്തറുമ്മായുടേയും ഉപ്പാപ്പയുടെയും പേര് പരീദുകണ്ണ് ഉമ്മയും മാദുക്കനി റാവ്ടിയാറെന്നുമാണു. എന്റെ സുഹൃത്ത് നിഹാദിന്റെ പ്രപിതാക്കളുടെ പേരാണത്.
മമ്മിക്കോയ എന്ന പേരു ഞാൻ എടുത്തത്തത് എന്റെ സഹപാഠിയിൽ നിന്നാണ്. എന്റെ സ്‌കൂളിലെ ഏറ്റവും സുന്ദരനായ കുട്ടികളിൽ ഒരാളായിരുന്നു അവൻ. പക്ഷെ ആ പേരു മാത്രമേ കഥയിൽ ഉള്ളു. എന്റെ സുഹൃത്തു മമ്മിക്കോയയുമായ് കഥയ്ക്ക് ബന്ധമേയില്ല.
ഇങ്ങനെ ഒന്നോ രണ്ടോ ജീവിതബിംബങ്ങളിൽ തുടങ്ങി, ഇപ്പോഴും ജീവിക്കുന്ന കഥാപാത്രങ്ങളിൽ സഞ്ചരിച്ച്, ഒരുപാട് കഥകൾ മെനഞ്ഞാണു ജനാഫ്രെസ്സ് പൂർത്തീകരിച്ചിരിക്കുന്നത്. ഭാവനയുടെയും ഭയത്തിന്റെയും പ്രേതങ്ങളുടെയുമൊക്കെ കയ്യിൽ കൊടുത്താണു ജെനാഫ്രെസ്സിനെ പൂർത്തിയാക്കിയത്.
മുസ്‌ലിമിനെ പ്രേമിക്കുക ഇന്ത്യയിൽ ഒരു രാഷ്ട്രീയപ്രവർത്തനമാണെന്നു കൂടി എന്റെ ജനാഫ്രസ്സ് വിളിച്ചു പറയുന്നു. മക്കളെ കാക്കകൊത്തുമെന്ന് ആകുലപ്പെടുന്ന ഫാഷിസ്റ്റ് ശക്തികൾക്കും വെറുപ്പിന്റെ രാഷ്ട്രീയം വിൽക്കുന്ന എല്ലാത്തരം മനുഷ്യർക്കും ഒറ്റ മറുപടിയേ ഉള്ളൂ, അതാണ് കൊടിയ പ്രേമം എന്ന് ഈ കഥ വായനക്കാരനോട് സംവദിയ്ക്കുന്നു.