പ്രിയപ്പെട്ട കുഞ്ഞിക്കാ, ഇത് ആ അഭിമുഖമാണ്...
താങ്കൾ പലകുറി ആവശ്യപ്പെട്ടിട്ടും ഞാൻ എഴുതി ഒരിക്കലും ആർക്കും കൊടുക്കാത്ത, ഒരിക്കലും ഒരിക്കലും എനിക്കിനി പൂർണമാക്കാൻ ധൈര്യമില്ലാത്ത, നമ്മുടെ ആ വിവാദ ഇൻറർവ്യൂ...
എനിക്ക് ഒരിക്കലും തിരുത്താനാകാത്തതിനാലും നിങ്ങളുടെ സാക്ഷ്യമില്ലാത്തതിനാലും അതിരഹസ്യങ്ങൾ ഞാനിതിൽ നിന്ന്ഒഴിവാക്കിയിരിക്കുന്നു. എനിക്ക് താങ്കളുടെ അത്ര ധൈര്യം പോരാ എന്നറിയാമല്ലോ. ഒരാളുടെ പോലും പേരുകൾ നേരിട്ട് ഉപയോഗിച്ചിട്ടുമില്ല.
""ചെല പെണ്ണുങ്ങളു വരും. കുട്ടികളില്ലാതെ ചികിത്സയ്ക്ക്. പനിയ്ക്ക്. വയറു വേദനയ്ക്ക്... ആദ്യം വന്നവൾക്ക് പനിയല്ല പ്രേമമാണെന്ന് സ്റ്റെത്ത് നെഞ്ചത്ത് വെച്ചപ്പഴെ എനിക്ക് മനസ്സിലായി. അദ്ദാണ്. അവർക്ക് ഞാൻ കുഞ്ഞുങ്ങളെ നൽകി. അവരൊക്കെ സന്തോഷത്തിൽ ജീവിക്കുന്നു. നല്ലകാര്യല്ലെ. ജീവിതമാണ് കൊടുക്കുന്നത്. പുണ്യകർമ്മം. ദൈവികം.. ആരും ചെയ്യുമിത്? എന്നെപ്പോലത്തെ ചില വിശാല ഹൃദയക്കാരു മാത്രം. അതൊക്കെ എന്റെ ഭാര്യക്കുമറിയാം...''
""ഓളെ തീരുമാനം ഒരു പൊളിറ്റിക്കൽ സ്റ്റേറ്റ്മെന്റാണ്. എനിക്ക് ഓളില്ലാതെ ജീവിക്കാൻ കയ്യുലാത്ത സമയം വരെ ഓലെനിക്കൊപ്പം നിന്ന്. അന്നെനക്ക് ഓളൊന്നും മാണ്ടാരുന്നു... ഓള് പുനത്തിലെന്ന മനുഷ്യനു വേണ്ടിയും ഭർത്താവിനു വേണ്ടിയും എഴുത്തുകാരനു വേണ്ടിയും ഓല കുട്ടികളെ അച്ഛനു വേണ്ടിം എല്ലാം അടക്കി എല്ലാ വെറുപ്പും ദേഷ്യോം എല്ലാം ഓള് സബൂറാക്കിക്കളഞ്ഞ്. ഒടുക്കം എനിക്ക് ഓളെ മാത്രം വേണന്ന് തോന്ന്യേ സന്ദർഭത്തില് ഓള് എന്നെ തോൽപ്പിച്ചു.. ഓള് സ്വയം നന്നായ്റ്റ് വെഷമിച്ചിട്ട് തന്നാണ് എന്നെ വേണ്ടാന്ന് വെച്ചത്. വെല്യ തീരുമാനാത്, എനിക്ക് ഓലെ മാത്രം വേണന്ന് തോന്നണ സമയത്ത് ഓള് ഒരു ഉശിരത്തിയായ്. പക്ഷേ നീണ്ട 40 വർഷം വേണ്ടി വന്നു ആ പാവത്തിന് ആ തീരുമാനത്തിലെത്താൻ''
കുഞ്ഞിക്ക ഗ്ലാസ്സ് ടേബിളിൽ വെച്ചു. പഴയതു പോലെ വൃത്തിയും സ്ഫടിക സുതാര്യതയും ആ ഗ്ലാസ്സിനുണ്ടായിരുന്നില്ല. ഞാൻ ഒന്നും മിണ്ടിയില്ല. ടിഷ്യൂ പേപ്പറെടുത്ത് ആ ഗ്ലാസ്സിന്റെ പുറത്ത് വെറുതെ ഉരച്ചു. അത് പതുക്കെ തിളങ്ങിവന്നു...
""ഞാനിപ്പോൾ പൂർണമായും ഏകാകിയാണ്. സ്ത്രീകളെ ആദരിക്കുന്നതിനൊപ്പം ഭാര്യയെ ആദരിക്കാൻ മറന്ന വിഡ്ഢി. കടല് നോക്ക് മോളെ. അതുപോലെയാരുന്നു എന്റെ അലീമ. ഓളു പോയപ്പോൾ എന്റെ സന്തോഷങ്ങളും പോയി. എന്റെ ഗ്ലാസ്സുകളുടെ ഭംഗിപോയ്''
കുഞ്ഞിക്കയുടെ കണ്ണുകളിൽ നിന്ന് തുള്ളിയിട്ടൊഴുകി
ഈ അഭിമുഖം ഒരിക്കലും പൂർത്തിയാകില്ല; കാരണം കുഞ്ഞിക്ക എന്നാൽ മൂന്നക്ഷരമല്ല, മുന്നൂറാണ്ടത്തെ നിഷ്കപടമായ സത്യസന്ധമായ പിതൃസ്നേഹമാണ്.
നിന്റെ കവർപ്പടമിച്ച് നമ്മൾ കൊടുക്കുമെന്ന് പറഞ്ഞ ആ അഭിമുഖം അപൂർണമായി ഞാനിതാ പ്രസിദ്ധം ചെയ്യുന്നു.
ഇന്ദു മേനോൻ എഴുതുന്നു, തന്റെ പ്രിയ എഴുത്തുകാരനുമായുള്ള ഒരു അപൂർവ അഭിമുഖം. എന്റെ വിഷാദവേശ്യകളുടെ ഓർമക്കുറിപ്പുകൾ
ചിത്രീകരണം: മുരളീധരൻ