മലയാളമെന്നാൽ തമിഴല്ല, സംസ്‌കൃതവുമല്ല. ചിലരെങ്കിലും വിചാരിക്കുന്നതുപോലെ ഒരു സങ്കരഭാഷയോ വെങ്കലഭാഷയോ അല്ല അത്. ലോകത്തിലുള്ള ഭാഷകൾ തമ്മിൽ കൊടുക്കൽ വാങ്ങലുകളും ജൈവബന്ധവുമൊക്കെയുണ്ടാകാം. അതൊക്കെ സാധാരണമാണ്. അതൊന്നും ഒരു ഭാഷയുടെ സ്വാതന്ത്ര്യത്തെയോ വളർച്ചയെയോ ഒരു നിലയ്ക്കും തടയുന്നതാകരുത്. നൂറ്റാണ്ടുകൾ ഏറെ കഴിഞ്ഞിട്ടും ശ്രേഷ്ഠഭാഷ പോലെയുള്ള പദവികൾ ലഭിച്ചിട്ടും മലയാളത്തെ ഇപ്പോഴും ഒരു സ്വതന്ത്രഭാഷയായി അംഗീകരിക്കാനുള്ള വിമുഖത പലർക്കുമുണ്ട് എന്നത് ആശ്ചര്യകരമാണ്.
ഇന്ത്യൻ ഭാഷയിലെ ഏറ്റവും വലിയ കുംഭകോണം നടന്നത് മലയാളത്തിലാണ് എന്ന് അടുത്തിടെ ഒരു അഭിമുഖസംഭാഷണത്തിൽ ജയമോഹൻ (ഡോ. പി. എം. ഗിരീഷുമായുള്ള അഭിമുഖത്തിൽ) പറയുകയുണ്ടായി. എഴുത്തച്ഛന്റെ കാലം വരെയുള്ള മലയാളം, തമിഴർക്ക് മനസിലാകുന്ന മലയാളമായിരുന്നുവെന്നും അതിനുശേഷം മലയാളം സംസ്‌കൃതത്തിന്റെ വഴിയേ പോയെന്നുമാണ് ജയമോഹൻ ആ ഇന്റർവ്യൂവിൽ പറഞ്ഞത്. കേട്ടതു പാതി കേൾക്കാത്തപാതി, ദേവഭാഷയായ സംസ്‌കൃതത്തെ ജയമോഹൻ അപമാനിച്ചുവെന്നു പറഞ്ഞ് സംസ്‌കൃതപക്ഷപാതികളും വിമർശനദണ്ഡങ്ങളുമായി ഇറങ്ങിയിട്ടുണ്ട്.
മലയാളഭാഷയ്ക്ക്, അതിന്റേതായ സ്വതന്ത്ര്യാസ്തിത്വം അനുവദിച്ചു നൽകാൻ കൂട്ടാക്കാത്ത തമിഴരും സംസ്‌കൃതവാദികളും തമ്മിൽ എക്കാലത്തും തർക്കങ്ങളുണ്ടായിട്ടുണ്ട്. അതിപ്പോഴും തുടരുന്നുവെന്നുമാത്രം. മലയാളമെന്നാൽ തമിഴിൽ കുറച്ച് സംസ്‌കൃതം ചേർത്തതാണെന്നോ 'തമിഴ് മണിപ്രവാളം' തന്നെയാണെന്നോ ഉറച്ചുവിശ്വസിക്കുന്ന തമിഴരും തമിഴ് ഭാഷാപണ്ഡിതന്മാരും എക്കാലത്തും ഉണ്ടായിട്ടുണ്ട്. അതുപോലെ പാലി, പ്രാകൃതം, സംസ്‌കൃതം എന്ന പാരമ്പര്യത്തിൽ നിന്നാണ് മലയാളം ഉരുത്തിരിഞ്ഞുവന്നതെന്ന് വിശ്വസിക്കുന്നവരുമുണ്ട്. എല്ലാ ഭാഷകളുടെ ഉദ്ഭവം ദേവഭാഷയായ സംസ്‌കൃതത്തിൽ നിന്നാണെന്നും മലയാളവും ആ ദേവഭാഷയിൽ നിന്ന് ഉദ്ഭവിച്ചതാണെന്നും വിശ്വസിക്കുന്ന ശുദ്ധാത്മക്കളും എല്ലാ കാലത്തുമുണ്ടായിട്ടുണ്ട്. തമിഴും മലയാളവും ദക്ഷിണദ്രാവിഡത്തിലെ ഒരു പൊതു പാരമ്പര്യത്തിൽനിന്ന് വന്നു എന്നതാണ് തമിഴിന് അപചയം വന്ന് മലയാളമുണ്ടായി എന്ന വിശ്വാസത്തിന്റെ അടിസ്ഥാനം. മലയാളത്തിൽ എഴുപതു ശതമാനം സംസ്‌കൃതപദങ്ങളുണ്ടല്ലോ എന്നതാണ് സംസ്‌കൃതമാണ് മലയാളത്തിന്റെ ഉത്ഭവത്തിന് കാരണമായത് എന്ന വിശ്വാസത്തിന്റെ അടിസ്ഥാനം. തമിഴിനും മലയാളത്തിനും ഒരു പൊതു പൂർവഘട്ടമുണ്ടായിരുന്നുവെന്നും തമിഴകത്തിന്റെ പശ്ചിമതീര ഭാഷാഭേദത്തിലാണ് മലയാളത്തിന്റെ വേരുകൾ തിരയേണ്ടതെന്നും ഇന്ന് ഭാഷാശാസ്ത്രജ്ഞർ (Shanmugam, 2018: 34-55) അഭിപ്രായസമന്വയത്തിൽ എത്തിയിട്ടുണ്ട്.
അതൊക്കെ ശരിയാണെങ്കിലും മലയാളം ഒരു 'പഴയ തമിഴാ'ണെന്നും അതിനെ നശിപ്പിച്ച് ഈ വിധമാക്കിയത് സംസ്‌കൃതമാണെന്നും കരുതുന്നത് ഒരു സരളവിചാരം മാത്രമാണ്. മലയാളത്തെ തമിഴിൽ നിന്ന് വേർപെടുത്തിക്കളഞ്ഞതിന്റെ കുറ്റത്തിൽ നിന്ന് ജയമോഹൻ എഴുത്തച്ഛനെ ഒഴിവാക്കുന്നുണ്ട്. എന്നാൽ എഴുത്തച്ഛനാണ് ഈ തമിഴ് ഭാഷാവധം നടത്തി മലയാളത്തെയും തമിഴിനെയും രണ്ടു പാത്രമാക്കിയത് എന്ന് വിശ്വസിക്കുന്ന ഒട്ടേറെ പേർ ഇപ്പോഴും തമിഴരുടെ ഇടയിലുണ്ട്.
‘മലയാളത്തിൽ എത്ര സംസ്‌കൃതമുണ്ട്' എന്ന പ്രസിദ്ധമായ ഒരു ലേഖനത്തിൽ മലയാളത്തിലെ സംസ്‌കൃതത്തെ ടി.ബി. വേണുഗോപാലപ്പണിക്കർ (2006: 46) വിലയിരുത്തുന്നുണ്ട്.
‘‘മലയാള ഭാഷാഘടനയിൽ സംസ്‌കൃതത്തിന്റെ സ്വാധീനം തുച്ഛമാണ്, സംസ്‌കൃതവ്യാകരണ നിയമങ്ങളുടെ അനുസരണം തദ്ധിതനിർമ്മിതിയിലും സമാസനിർമ്മിതിയിലുമായി നാം ഒതുക്കിയിരിക്കുകയാണ്, കൃത്തദ്ധിതസമാസങ്ങളുടെ നിർമ്മിതിയിൽ മലയാളം എന്നും സംസ്‌കൃതത്തെ ആശ്രയിച്ചിട്ടുണ്ട് എന്നല്ലാതെ സംസ്‌കൃതത്തിനു നാം അമ്പേ വഴങ്ങി കൊടുത്തിട്ടൊന്നുമില്ല’’ എന്നിങ്ങനെയുള്ള നിരീക്ഷണങ്ങളാണ് അദ്ദേഹം കൃത്യമായി നടത്തുന്നത്.
ഭാഷകളുടെ സ്വാഭാവികമായ പരിണിതികളെ അംഗീകരിക്കാൻ കൂട്ടാക്കാത്തവരാണ് പലപ്പോഴും ഭാഷയുടെ ആശ്രിതവാദങ്ങൾ ഉന്നയിക്കാറുള്ളത്. കാലങ്ങൾ കൊണ്ട് ഒരു ഭാഷയിൽ ഉണ്ടാകുന്ന മാറ്റങ്ങളെ തടയിടാൻ കഴിയും എന്ന തെറ്റിദ്ധാരണ പലർക്കുമുണ്ട്. ഭാഷയുടെ തനിമാവാദങ്ങളുടെ സ്വഭാവം തന്നെയാണ് ഭാഷയുടെ ഉല്പത്തിയെക്കുറിച്ചുള്ള തനിമാവാദങ്ങൾക്കുമുള്ളത്.
'പ്രബല'ഭാഷകളും മലയാളവും
മറ്റു ഭാഷകളുടെ സാന്നിധ്യം കൊണ്ടും മേൽക്കോയ്മ കൊണ്ടും എക്കാലത്തും അപകർഷതാബോധം അനുഭവിക്കേണ്ടിവന്ന ഒരു ഭാഷയാണ് മലയാളം. പല കാലഘട്ടങ്ങളിലും മറ്റു ഭാഷകളുടെ പലവിധത്തിലുള്ള പ്രാമാണികത മലയാളത്തിന് അനുഭവിക്കേണ്ടിവന്നിട്ടുണ്ട്. ഇവിടുത്തെ ജാതിശ്രേണിയും സാമ്പത്തിക ഉച്ചനീചത്വക്രമങ്ങളുമൊക്കെ ഈ അപകർഷതാബോധം വർദ്ധിപ്പിക്കുന്നതിൽ എന്നും മുതൽക്കൂട്ടായിട്ടുമുണ്ട്.
തമിഴിനും മലയാളത്തിലും ഒരു പൊതുപാരമ്പര്യമുണ്ട് എന്ന കാര്യത്തിൽ ഒരു സംശയവുമില്ല. ഒരു പൊതു പാരമ്പര്യത്തിൽ നിന്ന് വന്നു എന്നതുകൊണ്ട് ഇപ്പോഴും ഈ തറവാടിത്തഘോഷണം ഇങ്ങനെ തുടരേണ്ടതുണ്ടോ എന്ന കാര്യമാണ് നമ്മൾ ആലോചിക്കേണ്ടത്.
'പ്രബല'ഭാഷകളുടെ അടിസ്ഥാനത്തിൽ മറ്റു ഭാഷകളെ വിലയിരുത്തുന്ന രീതി കാലങ്ങൾക്കു മുൻപേ ഉള്ളതാണ്. അതിപ്പോഴും തുടരുന്നു എന്നു മാത്രം. സമൂഹത്തിലെ ഏതെങ്കിലും പ്രബലരാഷ്ട്രീയകക്ഷികളുടെയോ സാമൂഹ്യ വിഭാഗങ്ങളുടെയോ ഒക്കെ ഭാഷയെയാണ് ഇത്തരത്തിൽ പ്രബലഭാഷകൾ എന്നു കരുതപ്പെട്ടു പോരുന്നത്. താരതമ്യേന സാമൂഹികവും രാഷ്ട്രീയവുമായ പദവി കുറഞ്ഞ ഭാഷക്കാർക്ക് പലപ്പോഴും ഈ 'പ്രബല'ഭാഷകളെ അംഗീകരിക്കേണ്ടി വരുന്നു. ഭാഷാപരമായ ഒരു അസമത്വമാണ് പ്രബലഭാഷകൾ എന്ന ആശയത്തിന് പുറകിലുള്ളത്. പ്രബലഭാഷകളും മലയാളവും തമ്മിൽ പ്രധാനമായി നാല് രീതികളിലാണ് ബന്ധപ്പെട്ടിരിക്കുന്നത്.
1. തമിഴിന്റെ മേൽക്കോയ്മ
ഒരു വലിയ ഭാഷ, വിസ്തൃതമായ ഒരു ജനവിഭാഗത്തിന്റെ ഭാഷ, ചരിത്രവും പാരമ്പര്യവുമുള്ള ഭാഷ എന്നൊക്കെയുള്ള നിലകളിൽ തമിഴിന്റെ ഒരുതരം പ്രാമാണികത മനസ്സിൽ വച്ചുകൊണ്ടാണ് ജയമോഹൻ മലയാളത്തിൽ നടന്ന കുംഭകോണത്തെക്കുറിച്ചൊക്കെ പറയുന്നത്. തമിഴിനും മലയാളത്തിലും ഒരു പൊതുപാരമ്പര്യമുണ്ട് എന്ന കാര്യത്തിൽ ഒരു സംശയവുമില്ല. ഒരു പൊതു പാരമ്പര്യത്തിൽ നിന്ന് വന്നു എന്നതുകൊണ്ട് ഇപ്പോഴും ഈ തറവാടിത്തഘോഷണം ഇങ്ങനെ തുടരേണ്ടതുണ്ടോ എന്ന കാര്യമാണ് നമ്മൾ ആലോചിക്കേണ്ടത്. ഇത്തരം തറവാടിത്തഘോഷണങ്ങൾക്ക് രാഷ്ട്രീയമായ ചില മൂല്യങ്ങളോ പ്രസക്തിയോ ഉണ്ടായിരിക്കാം. അത് അതിന്റെ വഴിക്ക് നടക്കട്ടെ. ഇവിടെ ഒരു വിഷയമായി ഉന്നയിക്കുന്നത് തമിഴിന്റെ തൊഴുത്തിൽ കെട്ടുന്നതു കൊണ്ട് മലയാളത്തിന് വളർച്ചയുണ്ടാകും എന്ന് വിചാരിക്കുന്നത് അബദ്ധമായിരിക്കും എന്നതാണ്. ഒരു ഭാഷാനദിക്കും പുറകോട്ട് ഒഴുകാനാവില്ല. മലയാളത്തിന്റെ വളർച്ച തികച്ചും സ്വാഭാവികമായി അതിന്റെ ഭാഷകരുടെ കൈകളിലാണ് നിലനിൽക്കുന്നത്. അവരത് ഉപയോഗിക്കുകയും അതുപയോഗിച്ച് അവരുടെ ഭാഷാപരവും സാംസ്‌കാരികവുമായ ആവശ്യങ്ങൾ നിറവേറ്റുകയും ചെയ്യുമ്പോൾ തീർച്ചയായും അത് വളരും. തമിഴിലേക്ക് സമ്പൂർണ്ണമായി മടങ്ങിയാലോ തമിഴിന്റെ ചുവടു പിടിച്ച് ദ്രാവിഡത്തമിഴിലേക്കോ പച്ചമലയാളത്തിലേക്കോ പോയാലോ ഒന്നും ഭാഷ രക്ഷപ്പെടുകയില്ല.
ചരിത്രാത്മകഭാഷാശാസ്ത്രത്തിന്റെ പ്രധാനപ്പെട്ട സങ്കൽപ്പനങ്ങളിൽ ഒന്നായിരുന്നു ഭാഷാകുടുംബം (Family tree concept and genealogical classification). ലോകത്തിലുള്ള പല ഭാഷകളും ഒരേരോ ഗോത്രത്തിൽ അല്ലെങ്കിൽ കുടുംബത്തിൽപ്പെട്ടതാണ് എന്നും കാലങ്ങൾ കൊണ്ട് പരിണമിച്ച് വികാസം പ്രാപിച്ചു വന്നവയാണ് ഇന്ന് കാണുന്ന ഭാഷകളെന്നുമാണ് ആ സങ്കല്പനത്തിന്റെ അടിസ്ഥാനം. പക്ഷേ, ഭാഷാകുടുംബം എന്ന ആശയത്തെ മുൻനിർത്തി കുടുംബപാരമ്പര്യത്തിന്റെ കാര്യം പറഞ്ഞ് മലയാളത്തെ തമിഴിന്റെ ഭാഗമാക്കി മാറ്റാൻ ശ്രമിക്കുന്നത് ഒട്ടും ഉചിതമല്ല.
2. സംസ്‌കൃതത്തിന്റെ മേൽക്കോയ്മ
പദതലത്തിൽ മേധാവിത്വം നിലനിർത്തുമെന്നല്ലാതെ പൂർണ്ണമായി സംസ്‌കൃതത്തിന്റെ വഴിയെ പോകാൻ മലയാളത്തിന് കഴിയുകയില്ല. സമാസങ്ങളിലും പുതു പദനിർമ്മതിയിലുമല്ലാതെ സംസ്‌കൃതം മലയാളത്തിലേക്ക് കയറിവരുകയുമില്ല. ഞാൻ പോകുന്നു എന്നതിന് 'അഹം ഗച്ഛാമി' എന്നും 'ഞങ്ങൾ പോകുന്നു' എന്നതിന് 'വയം ഗച്ഛാമഃ ' എന്നുമൊക്കെ പറയാനാകുന്ന ഒരു സംസ്‌കൃതാദേശം ഒരിക്കലും മലയാളത്തിൽ സംഭവിക്കാൻപോകുന്നില്ല. എന്നാൽ ആരൊക്കെ എന്തൊക്കെ പറഞ്ഞാലും പുതുപദനിർമ്മിതിക്ക് മലയാളം സംസ്‌കൃതത്തെത്തന്നെ ആശ്രയിക്കുകയും ചെയ്യും. കാരണം അതാണ് മലയാളത്തിന്റെ സ്വാഭാവികരീതി.
3. ഇംഗ്ലീഷിന്റെ മേൽക്കോയ്മ
മലയാളത്തിന്റെ ഭാഷാപരിണാമത്തിന് കാരണമായ യൂറോപ്യൻ ഭാഷകളിൽ ഏറ്റവും മുന്നിലുള്ളത് ഇംഗ്ലീഷ് തന്നെ. വന്നുകയറി ആധിപത്യം ഉറപ്പിച്ച ഒരു ഭാഷ എന്ന നിലയിലല്ലാതെ സാംസ്‌കാരികവും രാഷ്ട്രീയവുമായ പ്രാധാന്യം മലയാളത്തിനുമേൽ ഉറപ്പിക്കാൻ ഇംഗ്ലീഷിന് കഴിഞ്ഞിട്ടുണ്ട്. ഇംഗ്ലീഷിനെ ഒരു വിദേശഭാഷ എന്നോ അന്യഭാഷയെന്നോ കാണാൻ കഴിയാത്ത അത്രമേൽ അടുപ്പം/സ്വാധീനം മലയാളത്തിലുണ്ടായിട്ടുണ്ട് എന്നതും വാസ്തവം. പുതിയ ആശയങ്ങളും ശാസ്ത്ര സാങ്കേതിക വിദ്യകളുമൊന്നും തന്നെ പഠിക്കാനോ മനസ്സിലാക്കാനോ അശക്തമാണ് മലയാളം എന്ന മൂഢവിചാരത്തോടുകൂടി ഇംഗ്ലീഷ് ഭാഷയെ കൂടുതൽ ആശ്രയിക്കുന്നതിലൂടെയാണ് ഇംഗ്ലീഷിന്റെ മേൽക്കോയ്മ സൃഷ്ടിക്കപ്പെടുന്നത്. എന്നാൽ നമ്മുടെ ഭാഷാപരമായ ആവശ്യങ്ങൾക്ക് ഇംഗ്ലീഷിൽ നിന്നും മറ്റു ഭാഷകളിൽ നിന്നും പദം കടം കൊള്ളുന്നത് സ്വാഭാവികപ്രക്രിയയാണെന്ന് നാം അംഗീകരിക്കുകയും വേണം. ആവശ്യാനുസരണം പദസ്വീകാരം നടത്തുന്നത് ഭാഷയിൽ വലിയ അട്ടിമറികൾ സൃഷ്ടിക്കും എന്ന വിചാരത്തിന് യാതൊരു സാംഗത്യവുമില്ല. ആർക്കൊക്കെ ഇഷ്ടമില്ലെങ്കിലും ഇംഗ്ലീഷിൽ നിന്നും മറ്റു ലോകഭാഷകളിൽ നിന്നും മലയാളത്തിൽ ഇനിയും പദങ്ങൾ കടം കൊള്ളുകതന്നെ ചെയ്യും. അങ്ങനെ മാത്രമേ ഈ ഭാഷയ്ക്ക് വളരാനാവുകയുമുള്ളൂ.
4. ഹിന്ദിയുടെ മേൽക്കോയ്മ
ഇന്ത്യയെപ്പോലെയുള്ള ഒരു രാജ്യത്തിന്റെ ഭാഷാപരമായ ബഹുസ്വരതയെ അംഗീകരിക്കാതെയിരിക്കുകയും അവിടേക്ക് ഔദ്യോഗികമായി ഒറ്റ ഭാഷ മതി എന്ന് ശാഠ്യത്തിലേക്ക് വരുകയും ചെയ്യുമ്പോൾ ഹിന്ദിയുടെ മേൽക്കോയ്മ സംഭവിക്കും. കേന്ദ്രഭരണകൂടത്തിന്റെ ഭാഷയായി ഹിന്ദി അടിച്ചേൽപ്പിക്കാൻ തുടങ്ങുന്നതിലൂടെ മലയാളം പോലെയുള്ള ഭാഷകൾ കൂടുതൽ പരുങ്ങലിലാവും.
ഭാഷാസമ്പർക്കവും പദസമ്പത്തും
ലോകത്തുള്ള എല്ലാ ഭാഷകൾക്കും മറ്റു ഭാഷകളുമായി ഏതെങ്കിലും തരത്തിൽ സമ്പർക്കത്തിൽ ഏർപ്പെടേണ്ടിവരുന്നുണ്ട്. ഇതര ഭാഷകളുമായുള്ള സമ്പർക്കത്തിന്റെ ഫലമായി ഭാഷയുടെ സ്വരൂപഘടനയിലും നിഘണ്ടുവിലും മാറ്റങ്ങൾ വരുന്നത് സ്വാഭാവികമാണ്. ഭാഷാഘടകങ്ങളുടെ ആദാനമാണ് (Borrowing) സമ്പർക്കത്തിന്റെ പ്രത്യക്ഷഫലങ്ങളിൽ ഒന്ന്. പദങ്ങൾ, സർവനാമങ്ങൾ, ഉപസർഗങ്ങൾ, നാമരൂപങ്ങൾ, ക്രിയാരൂപങ്ങൾ, വാക്യങ്ങൾ എന്നിവകളിൽ മാത്രമല്ല സ്വനിമങ്ങളിലും ഉച്ചാരണത്തിലും ഈണഭേദങ്ങളിലും വരെ ആദാനമുണ്ടാകാമെന്ന് ഐക്കേൻവാൾഡ് (Aikhenvald, 2006: 15-18) പറയുന്നു. എങ്കിലും സമ്പർക്കഫലമായി ഏറ്റവും പ്രകടമായ മാറ്റം കാണുന്ന ഭാഷാമേഖല നിഘണ്ടു അഥവാ പദകോശമാണ്. നിഘണ്ടുക്കളിൽ വരുന്ന ഈ മാറ്റത്തെ പദാദാനത്തിന്റെ പ്രത്യക്ഷഫലമായി വിലയിരുത്താം. ഒരു ഭാഷയിൽ നിന്ന് ‘കടം’ കൊണ്ട് ഭാഷകസമൂഹത്തിന്റെ കോശവ്യവസ്ഥയിൽ എത്തുന്ന പദങ്ങളെ പരകീയപദങ്ങളെന്നാണ് വിളിക്കാറുള്ളത്. ആവശ്യത്തിനും ആഡംബരത്തിനുമായി എല്ലാ ഭാഷകളും അന്യഭാഷകളിൽ നിന്ന് പദാദാനം നടത്തുന്നു. ആദാനം ചെയ്യപ്പെടുന്ന വാക്കുകൾ ചിലപ്പോൾ തത്സമമായോ തത്ഭവമായോ വരാം. പുതുതായി ഭാഷയിലേക്ക് വരുന്ന പദങ്ങൾ 'കടം കൊണ്ടു', 'ആദാനം ചെയ്തു' എന്നൊക്കെ ആലങ്കാരികമായി പറയുന്നത് ഈ ഭാഷാപരിവർത്തനപ്രക്രിയ ബോധപൂർവം നടത്തുന്നതാണെന്ന് തെറ്റിദ്ധാരണ കൊണ്ടാണ്. ബോധപൂർവമല്ലെന്നു മാത്രമല്ല, പദങ്ങൾ കടന്നുവരുന്നത് ഭാഷകർക്ക് തിരിച്ചറിയാൻ പോലും കഴിയണമെന്നില്ല. അത്രയ്ക്ക് സ്വാഭാവികമാണ് പദാദാനപ്രക്രിയ. പദങ്ങൾ ഭാഷയിലേക്ക് കയറിവന്ന് പ്രചാരത്തിലായ ശേഷം മാത്രമേ അവയുടെ സാന്നിധ്യംപോലും ഭാഷകർ തിരിച്ചറിയുകയുള്ളു. സ്വാഭാവികമായി വാമൊഴിയിലേക്കാണ് പരകീയപദങ്ങൾ കയറികൂടാറുള്ളതെങ്കിലും അവയിൽ ചില പദങ്ങളെങ്കിലും പിന്നീട് വരമൊഴിയിലും മാനകഭാഷയിലും സ്വീകരിക്കപ്പെട്ടുവെന്നു വരാം. പദാദാനത്തിന്റെ സ്വീകാരപ്രക്രിയ അത്രയേറെ സങ്കീർണമാണ്. ഭാഷയിൽ പദങ്ങൾ 'കടം കൊള്ളുന്നു' എന്നാണെങ്കിലും പണമോ മറ്റു വസ്തുക്കളോ പോലെ വാങ്ങിച്ച പദം തിരികെ കൊടുക്കേണ്ട ബാധ്യതയും ഭാഷകർക്കില്ല. പദം 'കടം കൊണ്ടു' എന്നതിന്റെ പേരിൽ ആരും അവകാശത്തർക്കം ഉന്നയിക്കേണ്ടതില്ല എന്നർത്ഥം.
മറ്റു ഭാഷകളുമായുള്ള ബന്ധമോ സാദൃശ്യമോ ഭാഷാഗോത്രസ്വഭാവങ്ങളുടെ പങ്കുവയ്ക്കലോ ഒന്നും ഗോത്രഭാഷകളെ സ്വതന്ത്രമൊഴികളായി പരിഗണിക്കുന്നതിന് തടസ്സമായി നില്ക്കാൻ പാടില്ലാത്തതാണ്.
'പ്രബല'ഭാഷകളും ഗോത്രഭാഷകളും
ഗോത്രഭാഷകളുമായി ബന്ധപ്പെട്ട വിഷയങ്ങളിലും ഈ ഭാഷാപരമായ സ്വാതന്ത്ര്യത്തിന്റെ പ്രശ്‌നം പ്രസക്തമായി വരുന്നുണ്ട്. ഏതെങ്കിലും ഒരു മുഖ്യധാരാ ഭാഷയുടെ അല്ലെങ്കിൽ ഭാഷകളുടെ അടിസ്ഥാനത്തിൽ ഗോത്രഭാഷകളെ വിലയിരുത്തുന്നതാണ് ഇവിടുത്തെ സ്വാഭാവികമായ രീതി. കേരളസംസ്ഥാനത്തിന്റെ അതിർത്തികളിൽ വരുന്ന ഗോത്രഭാഷകൾ എടുത്തും ഇക്കാര്യം ഉദാഹരിക്കാൻ കഴിയും. സ്വതന്ത്രഭാഷകളായി ഗണിക്കാൻ കഴിയുന്ന ഭാഷകളെ പോലും 'മലയാളത്തിന്റെയും തമിഴിന്റെയും സങ്കരമാണ്' 'മലയാളത്തിന്റെയോ തമിഴിന്റെയോ വാമൊഴിഭേദമാണ്' 'കന്നട ഭാഷാപദങ്ങൾ കൂടുതലുള്ള മലയാളമാണ് എന്നൊക്കെ ഗോത്രഭാഷകളെക്കുറിച്ച് സാമാന്യമായ ചില വിലയിരുത്തലുകൾ നടത്താറുണ്ട്. യാതൊരു അടിസ്ഥാനവുമില്ലാത്ത പ്രസ്താവനകളാണ് ഇവ. ഇവിടുത്തെ ഗോത്രഭാഷകൾക്ക് മലയാളത്തോടോ തമിഴിനോടോ കന്നടയോടോ കൊടഗുവിനോടോ സാദൃശ്യവും ബന്ധവും ഇല്ലെന്നല്ല പറഞ്ഞുവരുന്നത്. ഒരേ ഭാഷാകുടുംബത്തിൽ പെടുന്നവയായതുകൊണ്ട് ഈ ഭാഷകൾ തമ്മിൽ തീർച്ചയായും സാദൃശ്യവുമുണ്ടാകും. ഇവിടുത്തെ മുഖ്യധാരാഭാഷകളെപ്പോലെ ഗോത്രഭാഷകളും ദ്രാവിഡഭാഷകളുടെ ഗണത്തിൽ പരിഗണിക്കേണ്ടവ തന്നെയാണ്. ദ്രാവിഡഭാഷാഗോത്രത്തിൽപ്പെടുന്നതുകൊണ്ട് ഗോത്രഭാഷകളും മുഖ്യധാരാഭാഷകളും ദ്രാവിഡത്തിന്റെ ചില പൊതുസ്വഭാവങ്ങൾ പങ്കിടുകയും ചെയ്യുന്നുണ്ട്. മറ്റു ഭാഷകളുമായുള്ള ബന്ധമോ സാദൃശ്യമോ ഭാഷാഗോത്രസ്വഭാവങ്ങളുടെ പങ്കുവയ്ക്കലോ ഒന്നും ഗോത്രഭാഷകളെ സ്വതന്ത്രമൊഴികളായി പരിഗണിക്കുന്നതിന് തടസ്സമായി നില്ക്കാൻ പാടില്ലാത്തതാണ്. ലിപി ഇല്ലാത്ത ഭാഷകൾ ഭാഷകളാണോയെന്നും അവയെ ഭാഷകൾ എന്നു വിളിക്കാമോ എന്നുമുള്ള സംശയം പൊതുവെയുണ്ട്. വയനാടടക്കമുള്ള ഗോത്രമേഖലകളിലെ ഗോത്രഭാഷകളെ ലിപിയില്ല എന്ന കാരണത്താൽ ഭാഷകളായി പരിഗണിക്കാൻ പലരും വൈമുഖ്യം കാണിക്കുന്നു. ഏഴായിരത്തോളം വരുന്ന ലോകഭാഷകളിൽ 95 ശതമാനത്തിനും ലിപികളില്ലയെന്നും ഭാഷകളുടെ നിലനിൽപ്പിന് ലിപി അവശ്യമല്ല എന്നും അറിയാതെയാണ് പലരും ഇത്തരത്തിൽ ഭാഷകളെക്കുറിച്ച് പരാമർശങ്ങൾ നടത്തുന്നത്.
ജൈവവൈവിധ്യം പോലെ അംഗീകരിക്കപ്പെടേണ്ടതാണ് ഭാഷാവൈവിധ്യവും. ഭാഷാപരിസ്ഥിതിയും ഭാഷാവൈവിധ്യവും അംഗീകരിച്ചാൽ എല്ലാ ഗോത്രഭാഷകൾക്കും സവിശേഷവും അനന്യവുമായ മൊഴിരൂപങ്ങളുണ്ടെന്നും അവയിലെല്ലാം സൂക്ഷ്മമായ അനുഭവങ്ങളുണ്ടെന്നും ആ സാംസ്‌കാരിക പ്രത്യേകതകൾ പരിപാലിക്കപ്പെടേണ്ടതാണെന്നും വ്യക്തമാകും.
ഗോത്രഭാഷകളെയെന്നപോലെ മലയാളഭാഷയെയും അതിന്റെ വഴിക്ക് വിടുക, അതിന്റെ വളർച്ച സ്വന്തം വഴിക്കാകട്ടെ എന്ന ആശയമാണ് ഈ കുറിപ്പ് മുന്നോട്ടു വയ്ക്കുന്നത്. മറ്റു ഭാഷകളുടെ ചുമലിലല്ലാതെ ഈ ഭാഷകൾക്ക് വളരാനും വികസിക്കാനുമുള്ള അവസരം അനുവദിച്ചുകൊടുക്കുക. ഭാഷകളുടെ സ്വാഭാവിക പരിണാമഗതി അംഗീകരിക്കുക.
ഗ്രന്ഥസൂചി:
-Aikhenvald, Alexandra Y (2006) Grammars in Contact: A Cross-Linguistic Typology, Oxford: Oxford University Press.
-Shanmugam S V (2018) Essays on the History of Malayalam, Kuppam: Dravidian University.
-പ്രഭാകരവാരിയർ കെ. എം. (1982), പൂർവ്വ കേരള ഭാഷ, ചെന്നൈ മദ്രാസ് സർവകലാശാല.
-വേണുഗോപാലപ്പണിക്കർ (2006), ഭാഷാലോകം,. കോട്ടയം: ഡി സി ബുക്‌സ്.