സമൂഹത്തിന്റെ മൂർത്ത അവസ്ഥകളെപ്പറ്റി അസാധാരണ സൂക്ഷ്മതയാർന്ന വെളിപ്പെടുത്തലുകൾ നടത്താൻ സാഹിത്യഭാവനയ്ക്കുള്ള കഴിവിനെ റിച്ചാർഡ് ഹോഗാർട്ടിനെപ്പോലുള്ള സാഹിത്യചിന്തകർ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. അതായത്, സമൂഹശാസ്ത്രപരമായ ഗവേഷണം സാമൂഹ്യമാറ്റങ്ങളെപ്പറ്റി തരുന്ന ഉൾക്കാഴ്ചകളോട് സമാനസ്വഭാവമുള്ള വെളിപ്പെടുത്തലുകൾ നടത്താൻ സാഹിത്യഭാവനയ്ക്കു കഴിയും.
സമൂഹം ഏതു ദിശയിലേക്കാണ് നീങ്ങുന്നതെന്ന സൂചന തരുന്ന ചില വിശദാംശങ്ങളെ തിരിച്ചറിയാനുള്ള ആ പ്രത്യേക കഴിവ്, സമൂഹത്തിന്റെ ആന്തരികവിള്ളലുകളെ തിരിച്ചറിയാനും സാമൂഹ്യസ്വത്വങ്ങൾക്കുള്ളിൽ ഉണ്ടാകുന്ന വിടവുകളും വടുക്കളും മറ്റും കണ്ടെത്തി സാഹിത്യത്തിലൂടെ അവയെ വെളിപ്പെടുത്താനുള്ള ശേഷി – ഇവ സാഹിത്യഭാവനയുടെ സവിശേഷ സ്വഭാവത്തിന്റെ ഭാഗമാണ്.
സമൂഹശാസ്ത്രത്തിനും ഇതേ ശേഷിയുണ്ട്, പക്ഷേ അതു ചരിക്കുന്നത് മറ്റൊരു പാതയിലൂടെയാണ്. വലിയ തോതിലുള്ള വിവരശേഖരണം, ദത്തങ്ങളുടെ അപഗ്രഥനം എന്നിവയിലൂടെയാണ് അത് സമൂഹത്തെപ്പറ്റിയുള്ള ഉൾക്കാഴ്ചയുണ്ടാക്കുന്നത്. സമൂഹശാസ്ത്ര സിദ്ധാന്തശാഖകളോടും സൈദ്ധാന്തിക ചർച്ചകളോടും സംവദിക്കാനും സമൂഹശാസ്ത്രത്തിന്റെ സാങ്കേതികഭാഷ ഉപയോഗിക്കാനും സാമൂഹ്യശാസ്ത്ര ഗവേഷകർക്ക് ബാദ്ധ്യതയുണ്ട് (ഇതിനെയാണ് നാം അക്കാദമിക് ബാധ്യതകൾ എന്നു വിളിക്കുന്നത്). കണക്കുകളും യുക്തിസഹമായ വാദങ്ങളും ഉപയോഗിച്ചാണ് അത് ആശയവിനിമയം ചെയ്യുന്നത്. ഭരണകൂടത്തെയും ജനാധിപത്യത്തെയുമാണ് അത് അഭിസംബോധന ചെയ്യുന്നത്. ഭരണനയമാറ്റത്തിലൂടെയാണ് അത് സമൂഹത്തെ മാറ്റാൻ ആയുന്നത്.
ഈ നൂറ്റാണ്ടിൽ സാഹിത്യഭാവനയെ പ്രയോഗിച്ച് സമൂഹത്തിലേക്ക് തങ്ങളുടെ നോട്ടം പായിച്ച എഴുത്തുകാരികൾ മിക്കവരും പ്രത്യേക വിമർശനമുനയുള്ള സ്ത്രീപക്ഷനോട്ടങ്ങളാണ് മെനെഞ്ഞെടുത്തത്.
സാഹിത്യഭാവന പക്ഷേ, വലിയ വിവരശേഖരണം ആവശ്യപ്പെട്ടാലും, ആ വസ്തുകളെയും പരിചയങ്ങളെയും ഭാവനയുടെ പിൻപശ്ചാത്തലമായി തൂക്കിനിർത്തുകയേ ഉള്ളൂ. സിദ്ധാന്തവത്ക്കരണത്തിന് നമ്മെ സഹായിക്കുന്ന സഹജാവബോധമാണ് സാഹിത്യരചനയിൽ സജീവമാകുന്ന മനോ-ഉപകരണം. വളരെ ചെറിയ, ഒരുപക്ഷേ ആനുഷംഗികമായ, നിരീക്ഷണങ്ങൾ നൽകുന്ന ഉൾക്കാഴ്ചയെ കഥയായി വിപുലപ്പെടുത്തി, വസ്തുതാവാദപരമായ നിബന്ധനകളിൽ നിന്ന് വിമോചിപ്പിച്ച്, സൗന്ദര്യാത്മകതന്ത്രങ്ങൾ മെനഞ്ഞ് പറയുന്നതിന്റെ വൈകാരിക, രാഷ്ട്രീയ, പ്രഭവങ്ങളെ അനുഭവത്തിലേക്കു പകരാൻ സജ്ജമാക്കി, വായനാനുഭവത്തെത്തന്നെ മാറ്റിയെടുത്ത്, വായനക്കാരുടെ ആന്തരികലോകങ്ങളെ ഉണർത്താനാണ് സാഹിത്യം ശ്രമിക്കുന്നത്. സാഹിത്യ ആശയവിനിമയം രൂപകങ്ങളിലൂടെയും സൗന്ദര്യപരമായ ചട്ടക്കൂടുകളിലൂടെയുമാണ്. അത് ഭരണകൂടത്തെയല്ല, വായനാസമൂഹത്തെയാണ് ഉന്നംവയ്ക്കുന്നത്. ഭരണ-നയമാറ്റങ്ങളിലൂടെയല്ല, വായനക്കാരുടെ ആന്തരിക ഇടങ്ങളെ ഉടച്ചുവാർക്കുന്നതിലൂടെയാണ് അത് സ്വന്തം സ്വാധീനം ഉറപ്പിക്കാൻ നോക്കുന്നത്.
സാഹിത്യം സമൂഹത്തിന്റെ കണ്ണാടി എന്നല്ല ഇവിടെ പറയുന്നത്. സാമൂഹ്യമാറ്റത്തിന്റെ ലക്ഷണങ്ങൾ സാഹിത്യകൃതികളിൽ കാണും – വിശേഷിച്ച് ജനപ്രിയസാഹിത്യത്തിൽ, ഉദാഹരണത്തിന്. ഇവിടെ പറയുന്നത് അതിലധികമാണ്. സാഹിത്യഭാവനയ്ക്ക് സമൂഹത്തിന്റെ അത്ര പ്രത്യക്ഷമല്ലാത്ത വശങ്ങളെ, ഇനിയും കാര്യമായി തെളിഞ്ഞിട്ടില്ലാത്ത വിള്ളലുകളെ, പ്രവണതകളെ, വെളിപ്പെടുത്താനുള്ള ശക്തിയെപ്പറ്റിയാണ് ഇവിടെ പറഞ്ഞത്.
▮

എന്നാൽ സാഹിത്യഭാവന, സമൂഹശാസ്ത്രഭാവനയെപ്പോലെത്തന്നെ പിതൃമേധാവിത്വപൂരിതവും ആണ്. ആധുനിക മലയാള സാഹിത്യഭാവന തീർച്ചയായും വരേണ്യ മലയാളി സമൂഹത്തിന്റെ അടിസ്ഥാനഘടനകളെ, വിശേഷിച്ച് ആൺ- പെൺബന്ധങ്ങളെ നിർവ്വഹിക്കുന്ന അധികാരബന്ധങ്ങളെ, മുന്നേ കണ്ടിരുന്നു. ഇതിനെ ആൺ-സാഹിത്യഭാവന എന്നല്ല, മലയാളി ആധുനിക പിതൃമേധാവിത്വ അവബോധം എന്നു വേണം പറയാൻ.
ഈ പിതൃമേധാവിത്വ സാഹിത്യഭാവനയ്ക്ക് ഇരുപതാം നൂറ്റാണ്ടിലെ മലയാളത്തിൽ പല അടരുകളും രൂപങ്ങളും ഉണ്ടായി. ഈ നൂറ്റാണ്ടിൽ സാഹിത്യഭാവനയെ പ്രയോഗിച്ച് സമൂഹത്തിലേക്ക് തങ്ങളുടെ നോട്ടം പായിച്ച എഴുത്തുകാരികൾ മിക്കവരും പ്രത്യേക വിമർശനമുനയുള്ള സ്ത്രീപക്ഷനോട്ടങ്ങളാണ് മെനെഞ്ഞെടുത്തത്. അവയിലൂടെ മുഖ്യധാരാ പുരുഷാധികാര സാഹിത്യഭാവനയ്ക്ക് ബദൽ സാമൂഹ്യക്കാഴ്ചകളാണ് അവർ സൃഷ്ടിച്ചത്.
മലയാളത്തിലെ സ്ത്രീപക്ഷ സാഹിത്യഭാവനയുടെ വൈവിദ്ധ്യത്തെ നാം വേണ്ടത്ര അംഗീകരിച്ചിട്ടില്ലെന്നു തോന്നുന്നു. സാറാ ജോസഫിന്റെ തലമുറയിലെ (ഇരുപതാം നൂറ്റാണ്ടിന്റെ അവസാന ദശകങ്ങളിലെ) എഴുത്തുകാരികളുടെ സാഹിത്യഭാവനകൾ ഓരോന്നും സവിശേഷങ്ങളാണ്. സാറാ ജോസഫിന്റെ എഴുത്തിന്റെ സവിശേഷതയെ മനസ്സിലാക്കണമെങ്കിൽ ഇതു കൂടി കണക്കാക്കണം.
സാറാ ജോസഫിന്റെ സാഹിത്യഭാവന 1990- കളിൽ അവർ രചിച്ച നോവലുകളിലൂടെ പിന്നെയും വളർന്നു. അന്ന് ചുരുളഴിഞ്ഞുവന്ന രാഷ്ട്രീയസാഹചര്യങ്ങളുടെ മേൽ സവിശേഷമായ സാഹിത്യ ഉൾക്കാഴ്ചയുടെ വെളിച്ചം വീഴ്ത്തിയ നോവലുകളായിരുന്നു അവ.
മാധവിക്കുട്ടി, രാജലക്ഷ്മി തുടങ്ങിയവർ ഈ തലമുറയുടെ മുൻഗാമിനികളായിരുന്നു. ദേശീയപ്രസ്ഥാനം, സാമൂഹ്യപരിഷ്ക്കരണം വാഗ്ദാനം ചെയ്ത സുന്ദരവും സ്നേഹപൂർണവും സുഭദ്രവുമായ കുടുംബജീവിതം, ഇവയെല്ലാം വെറും വാക്കുകളായിരുന്നെന്ന തിരിച്ചറിവുണ്ടാക്കിയ നിരാശ, ശബ്ദമില്ലായ്മയുടെ വിഷാദം, ദൈനംദിന ജീവിതമെന്ന തടവറ സൃഷ്ടിച്ച വീർപ്പുമുട്ടൽ, പ്രകടിപ്പിക്കാനാവാത്ത ആന്തരികവേദന – ഇതുപോലുള്ള ലിംഗവത്കൃത അവസ്ഥകളെ പ്രമേയമാക്കിയുള്ള സാഹിത്യഭാവനയായിരുന്നു ഇവരുടേത് – സ്ത്രൈണ- മോഡേണിസം എന്നു വിളിക്കാവുന്നത്. 1980- കളിലും ഇതു ശക്തമായിരുന്നു – ഉദാഹരണത്തിന്, അഷിതയുടെ കഥകളിൽ.
പക്ഷേ ഇതിൽ നിന്ന് ഫെമിനിസ്റ്റ് എന്ന് സ്വയംവിളിച്ച ഒരു സ്ത്രീപക്ഷ സാഹിത്യഭാവനയിലേക്ക് ഉയർന്നുവന്ന എഴുത്തുകാരികളായിരുന്നു സാറാ ജോസഫവും മാനസിയും. രണ്ടു പേരിലും സാഹിത്യഭാവന സമൂഹത്തിലെ പൊരുത്തക്കേടുകളെയും പ്രവണതകളെയും – പലപ്പോഴും വിങ്ങലുകളിലൂടെയും നിശ്വാസങ്ങളിലൂടെയും മറ്റും -- കേവലം ചൂണ്ടിക്കാട്ടുന്നതിൽ നിന്ന് വേറിട്ട്, പുതിയ ലോകങ്ങളും അധികാരവിരുദ്ധ നിലപാടുകളും പോരാട്ടങ്ങളും വിഭാവനം ചെയ്തു. മാനസിയുടെ എഴുത്ത് ഇന്ത്യൻ സ്ത്രീപ്രസ്ഥാനത്തിന്റെ ഊർജത്തിലും ആശയലോകത്തിലും വേരാഴ്ത്തി നിന്നപ്പോൾ സാറാ ജോസഫിന്റെ രചനകൾ മലയാളിസമൂഹത്തിലെ കെട്ടുപാടുകളോട് മല്ലിടുന്ന ഫെമിനിസ്റ്റ് സാഹിത്യ- എഴുത്തായി. രണ്ടു പേരുടേയും എഴുത്ത് കെട്ടുപൊട്ടിക്കലിന്റെ ആഹ്ളാദവും ഒരുമ്പെട്ടിറങ്ങുന്നതിന്റെ ഊർജവും സാഹിത്യഭാവനയിലൂടെ സൃഷ്ടിച്ചു. അവരുടെ കഥകളിൽ സ്ത്രീകളുടെ കോപവും ഉയിർത്തെഴുന്നേൽപ്പും ഭ്രാന്തും അധികാരികളെ വിറപ്പിച്ച പൊട്ടിച്ചിരികളും ഇടുക്കങ്ങളെ തകർക്കലും ഇറങ്ങിപ്പോകും നിറഞ്ഞുനിന്നു.

സാഹിത്യഭാവനയെ സമൂഹത്തെ അതിസൂക്ഷ്മമായി പരിശോധിക്കാനുള്ള ഉപകരണമായിയാണ് ഉപയോഗിക്കേണ്ടതെന്ന് വാദിക്കുകയും, ഭാവിയെക്കുറിച്ചുള്ള സ്വപ്നങ്ങളും ആഹ്വാനങ്ങളും അത് മെനയേണ്ടതില്ലെന്നു കരുതുകയും ചെയ്തവരായിരുന്നു അവരുടെ സമകാലികരായിരുന്ന സാഹിത്യകാരികളിൽ ചിലരെങ്കിലും. അവർ ഫെമിനിസ്റ്റ് സാഹിത്യഭാവന മാത്രമാണ് പിതൃമേധാവിത്വവിരുദ്ധഭാവനയെന്ന വാദത്തോട് യോജിച്ചില്ല. ആ അഭിപ്രായഭിന്നത, പക്ഷേ, സ്ത്രീപക്ഷ എഴുത്തെന്ന പുതിയ മേഖലയുടെ വളർച്ചയെയാണ് സൂചിപ്പിച്ചത് – ഒന്നിലധികം നിലപാടുകൾക്ക് പൂർണയോജിപ്പു കൂടാതെ നിൽക്കാവുന്ന സ്ഥലമായി അത് വികസിച്ചുവെന്ന സൂചനയാണ് ശരിക്കും ഇതിലുണ്ടായിരുന്നത്.
പക്ഷേ സാറാ ജോസഫിന്റെ സാഹിത്യഭാവന 1990- കളിൽ അവർ രചിച്ച നോവലുകളിലൂടെ പിന്നെയും വളർന്നു. അന്ന് ചുരുളഴിഞ്ഞുവന്ന രാഷ്ട്രീയസാഹചര്യങ്ങളുടെ മേൽ സവിശേഷമായ സാഹിത്യ ഉൾക്കാഴ്ചയുടെ വെളിച്ചം വീഴ്ത്തിയ നോവലുകളായിരുന്നു അവ. അവയുടെ സാഹിത്യപരമായ ആശയവിനിമയശക്തിയും അവയ്ക്ക് പിടിച്ചെടുക്കാനായ സാമൂഹ്യസങ്കീർണതകളും തീവ്രതകളും ഒരുപോലെയല്ലെങ്കിലും, പലവിധ സാമൂഹ്യ ഇടങ്ങളിലെ ലിംഗപരമായ ഹിംസയുടെ വ്യത്യസ്തങ്ങളായ വേരുപടർച്ചകളെ അന്വേഷിച്ചുള്ള യാത്രകൾ പോലെയാണവയെല്ലാം.
▮
സാറാ ജോസഫിന്റെ എഴുത്ത് സ്വന്തം സാഹിത്യഭാവനയുടെ ഇടത്തെ ആശ്രയിച്ചാണ് ഇന്നും നിൽക്കുന്നത്. തന്റെ പൊതുബുദ്ധിജീവിതത്തിന് ഉൾബലം പകരാനും അവർക്കു കഴിയുന്നത് അതുകൊണ്ടായിരിക്കാം.
സാറാ ജോസഫിന്റെ ഫെമിനിസ്റ്റ് സാഹിത്യഭാവനയ്ക്കുണ്ടായ വായനാസമൂഹം തന്നെയാണ് പിൽക്കാലത്ത് മലയാള സാഹിത്യ പൊതുമണ്ഡലത്തിൽ വിപണി നിർണായകശക്തിയായി മാറിയപ്പോൾ, ‘സ്ത്രീ’, ‘പെൺ-‘ എന്നും മറ്റും വിശേഷിപ്പിക്കപ്പെട്ട എഴുത്തിന്റെ ഉപഭോക്താക്കളായത്. അതുണ്ടാക്കിയ അടിത്തറയുടെ മേലാണ് സ്ത്രീപക്ഷമെന്ന് സ്വയം വിളിച്ച, അല്ലെങ്കിൽ സൂചിപ്പിച്ച, മറ്റു സാഹിത്യഭാവനകളും കൂടുകൂട്ടിയത്. അവയുടെ വൈവിദ്ധ്യവും ശ്രദ്ധേയമാണ് – സോഷ്യലിസ്റ്റ് റിയലിസത്തിന്റെ വകഭേദമെന്നു വിളിക്കാവുന്ന സ്ത്രീപക്ഷ റിയലിസം മുതൽ ഇന്ന് വലിയ വിറ്റഴിവുള്ള സ്ത്രീപക്ഷ മദ്ധ്യവർത്തി മോഡേണിസം (middlebrow modernism) വരെ.

എന്നാലിവയൊന്നും സാഹിത്യഭാവനയുടെ തനതുമണ്ഡലത്തിൽ വേരൂന്നിക്കൊണ്ട് ലോകത്തെ ഉറ്റുനോക്കുമെന്ന വാശി കാട്ടിയില്ല. ഒരുപക്ഷേ ഇരുപതാം നൂറ്റാണ്ടിൽ ഇല്ലായിരുന്ന പൊതുസാഹചര്യങ്ങളാകാം ഇതിനു കാരണം – സാഹിത്യവിപണിയുടെ വികാസം, സാഹിത്യരചയിതാക്കൾക്ക് മുൻപൊരിക്കലുമില്ലാത്ത പുരസ്ക്കാരപ്പെരുമഴ, സാഹിത്യോത്സവങ്ങൾ ഉയർത്തുന്ന സാഹിത്യ-താരപദവിസാദ്ധ്യത, വായനാസമൂഹം സാഹിത്യ- ഉപഭോക്താക്കളായി മാറിയത്- അങ്ങനെ പലതും. ഒന്നുകിൽ രാഷ്ട്രീയമണ്ഡലത്തിലെ തത്പരകക്ഷികളുടെ ശബ്ദത്തിൽ സ്വന്തം ശബ്ദത്തെ ചേർക്കുക, അല്ലെങ്കിൽ വിപണിയുടെ സൂചനകൾക്കു വഴങ്ങുക, അതുമല്ലെങ്കിൽ രാഷ്ട്രീയമണ്ഡലവും വിപണിയും സംഗമിക്കുന്ന സ്ഥലങ്ങളിലേക്കു വേരു നീട്ടുക – ഇതൊക്കെയാണ് പുതിയ നൂറ്റാണ്ടിലെ സ്ത്രീപക്ഷഭാവനകളുടെ തന്ത്രങ്ങൾ.
പക്ഷേ സാഹിത്യകാരികൾ പലരും വിപണിയിൽ ചെലവാകുന്ന വ്യാഖ്യാനങ്ങളെ തേടുന്നു. അവയിൽ വിശ്വാസമർപ്പിക്കുന്നു. വിപണിയും സാമൂഹ്യ- രാഷ്ട്രീയമുഖ്യധാരയും ചേരുന്നിടത്ത് ചെലവാകുന്ന വ്യാഖ്യാനങ്ങൾ മിക്കപ്പോഴും കൃതിയുടെ ഉൾക്കാഴ്ചകളെയല്ല, മുഖ്യധാരയ്ക്കു രുചിക്കുന്ന പ്രത്യയശാസ്ത്രപരമായ സന്ദേശങ്ങളെയാണ് തിരയുന്നത്.

പുതിയ സ്ത്രീപക്ഷ സാഹിത്യഭാവനയ്ക്ക് – ഉദാഹരണത്തിന്, മദ്ധ്യവർത്തി മോഡേണിസ്റ്റ് സ്ത്രീപക്ഷരചനയ്ക്ക് - തീർച്ചയായും ആഴത്തിലുള്ള സാമൂഹ്യ ഉൾക്കാഴ്ചകളുണ്ടാക്കാനാകുമെന്ന് കെ.ആർ. മീരയുടെ സാഹിത്യരചനയിൽനിന്ന് വ്യക്തമാകുന്നുണ്ട്. പക്ഷേ സാഹിത്യഭാവനയിലൂടെ ഉയർന്നുവരുന്ന ഉൾക്കാഴ്ചകളെപ്പറ്റി അവയുടെ സ്രഷ്ടാക്കൾക്ക് പൂർണ അവബോധം ഉണ്ടാകുമെന്ന് യാതൊരുറപ്പുമില്ല. അത്തരം വ്യാഖ്യാനങ്ങൾക്ക് വിപണിയിൽ വിലയുണ്ടായാലും ചിലപ്പോൾ സാമൂഹ്യമാദ്ധ്യമ വായനാസമൂഹത്തിലെ ഭൂരിപക്ഷത്തിന് അവയോട് വിരോധം പോലും ഉണ്ടാകാനിടയുണ്ട്.
കൃതികളുടെ സൂക്ഷ്മ വായനകളിലൂടെയാണ് അവയിലെ സാമൂഹ്യ ഉൾക്കാഴ്ചകൾ തെളിഞ്ഞുവരുന്നത്. അവ ഒരുപക്ഷേ ഏറ്റവും ഉതകുന്നത് പിതൃമേധാവിത്വത്തിന്റെ പരിണാമത്തെപ്പറ്റിയുള്ള ഉൾക്കാഴ്ച തേടുന്ന സ്ത്രീപക്ഷ വായനാസമൂഹത്തിനായിരിക്കും. പക്ഷേ, മലയാള സാഹിത്യരചനയിൽ സ്ത്രീപക്ഷം മുന്നേറിയെങ്കിലും ഫെമിനിസ്റ്റ് സാഹിത്യവിമർശനത്തിന് ഇനിയും അതിന്റെ ഉപകരണങ്ങളെ കണ്ടെത്താനോ കണ്ടെത്തിയവയെ വേണ്ടത്ര മൂർച്ചപ്പെടുത്താനോ കഴിഞ്ഞിട്ടില്ല.
സാറാ ജോസഫിന്റെ എഴുത്തിനെ ജീവസ്സുറ്റാക്കുന്ന സാഹിത്യഭാവനയുടെ രൂപീകരണത്തിന്റെ ചരിത്ര-സാമൂഹ്യ-സാംസ്കാരിക വശങ്ങളെപ്പറ്റി ഇനിയും പഠിക്കണം, തീർച്ച തന്നെ.
സാറാ ജോസഫിന്റെ എഴുത്ത് സ്വന്തം സാഹിത്യഭാവനയുടെ ഇടത്തെ ആശ്രയിച്ചാണ് ഇന്നും നിൽക്കുന്നത്. തന്റെ പൊതുബുദ്ധിജീവിതത്തിന് ഉൾബലം പകരാനും അവർക്കു കഴിയുന്നത് അതുകൊണ്ടായിരിക്കാം. സർക്കാർവത്കൃത ഫെമിനിസത്തിന്റെ ദണ്ഡനീതിപ്രണയത്തിൽ നിന്ന് സ്വയം രക്ഷിക്കാനും ലൈംഗികപീഡനമല്ലാത്ത മറ്റുതരം പിതൃമേധാവിത്വ ചൂഷണ- മർദ്ദനങ്ങളെ കാണാനും അവയ്ക്കതിരെ മറയില്ലാതെ പ്രതിഷേധിക്കാനുമുള്ള ആത്മധൈര്യം അവർക്ക് അനായാസമുണ്ടാകുന്നത് വെറുതേയല്ല.
▮
വ്യക്തികളുടെ സാഹിത്യഭാവനയുടെ വളർച്ചയിലെ വളവുകളെയും തിരിവുകളെയും നിർണയിക്കുന്നത് എന്താണെന്നു പറയാൻ എളുപ്പമല്ല. പക്ഷേ സാറ ടീച്ചറുടെ കാര്യത്തിൽ അതിന്റെ വളർച്ചയിൽ കുട്ടിക്കളിക്കു പോലും പങ്കുണ്ടെന്ന് തോന്നുന്നു. കെ.വി. സുമംഗല രചിച്ച ജീവചരിത്രത്തിൽ കുട്ടിക്കാലത്ത് കുറ്റിച്ചിറ അങ്ങാടിയിലേക്ക് ഗോസായിക്കുന്ന് കടന്ന് സാധനങ്ങൾ കൊണ്ടുപോയിരുന്ന ഉന്തുവണ്ടിക്കാരെ പറ്റി പറയുന്നുണ്ട്. ആ കുന്ന് വല്ലാത്ത കയറ്റമായതുകൊണ്ട് ഉന്തുവണ്ടിക്കാർ വിയർത്തും കിതച്ചും കഷ്ടപ്പെട്ടാണ് അതു കടന്നിരുന്നത്. ആ പ്രയാസം കണ്ട കുട്ടിയായ സാറയും കൂട്ടുകാരും വണ്ടികളുടെ പിന്നിൽ ചെന്ന് തള്ളിക്കൊടുക്കും. വണ്ടി വലിക്കുന്നവർ കുട്ടികൾക്ക് പരിക്കുപറ്റിയാലോ എന്നു ഭയന്ന് അവരെ ഓടിച്ചുകളയും ... വണ്ടിക്കാരുടെ കണ്ണു തെറ്റിയാൽ സാറയും കൂട്ടരും വീണ്ടും വണ്ടി പിന്നിൽ നിന്നു തള്ളിക്കൊടുത്ത് അവരുടെ ആയാസം കുറയ്ക്കാൻ ശ്രമിക്കും ...
സാറാ ജോസഫിന്റെ എഴുത്തിനെ ജീവസ്സുറ്റാക്കുന്ന സാഹിത്യഭാവനയുടെ രൂപീകരണത്തിന്റെ ചരിത്ര-സാമൂഹ്യ-സാംസ്കാരിക വശങ്ങളെപ്പറ്റി ഇനിയും പഠിക്കണം, തീർച്ച തന്നെ. പക്ഷേ സാറാ ജോസഫ് എന്ന സ്ത്രീയുടെ, പൊതുബുദ്ധിജീവിയുടെ, എഴുത്തുകാരിയുടെ, നൈതികതമർമ്മം മനസ്സിലാക്കാൻ ഈ ജീവചരിത്രശകലം മാത്രം മതി.