അങ്ങനെയങ്ങനെ; ജാതിയുടെയും പെൺജീവിതത്തിൻ്റെയും സാംസ്കാരിക ചരിത്രം

ജലജാ രാജീവിൻ്റെ 'അങ്ങനെയങ്ങനെ' എന്ന നോവലിൻ്റെ വായന

മലയാളത്തിൽ ഏറ്റവും സജീവമായ സാഹിത്യ ശാഖയാണ് നോവലെങ്കിലും നോവൽസാഹിത്യത്തിൽ സ്ത്രീകളായ എഴുത്തുകാരികളുടെ എണ്ണം മറ്റ് സാഹിത്യ ശാഖകളെ അപേക്ഷിച്ച് കുറവാണ്. നോവൽ എഴുതുന്നതിന് സമയവും അധ്വാനവും കൂടുതലായി വേണം എന്നത് ഇതിനൊരു കാരണമാണ്. എണ്ണത്തിൽ കുറവാണെങ്കിലും നോവൽസാഹിത്യ ശാഖയുടെ മുൻനിരയിൽ ഇന്ന് സ്ത്രീകൾ ശ്രദ്ധേയസ്ഥാനം നേടിയെടുത്തിട്ടുണ്ട്. ഇങ്ങനെ ശ്രദ്ധ നേടിയെടുത്ത സ്ത്രീകളിൽ ചിലർ ഓൺലൈൻ ഇടങ്ങളിൽ എഴുതിയും ഇടപെട്ടും വളർത്തിയെടുത്ത ആത്മവിശ്വാസത്തിൻ്റെ കൂടി ബലത്തിൽ അടുത്ത കാലത്തായി എഴുത്തിലേക്ക് തിരിച്ചു വന്നവരാണ്. ആർ രാജശ്രീ, ജിസ ജോസ് എന്നിവരുടെ ഈ നിരയിലേക്ക് ‘അങ്ങനെയങ്ങനെ’ എന്ന നോവലിലൂടെ ജലജ രാജീവ് എന്ന എഴുത്തുകാരിയും കടന്നു വന്നിരിക്കുന്നു.

ഇതിനകം ധാരാളം ഇടങ്ങളിൽ ചർച്ച ചെയ്യപ്പെട്ട അങ്ങനെയങ്ങനെ എന്ന നോവലിൻ്റെ രചനയിൽ സോഷ്യൽ മീഡിയ വഹിച്ച പങ്കിനെക്കുറിച്ച് ഇതിൻ്റെ ആമുഖത്തിൽ ജലജാ രാജീവ് തന്നെ പറയുന്നുണ്ട്. ഫേസ്ബുക്ക് ഉണ്ടാക്കിത്തന്ന ഇടവും അതിലെ ഇടപെടലുകൾ തന്ന ആത്മവിശ്വാസവും എഴുത്തിലേക്ക് തിരിച്ചു വരുന്നതിനും നോവൽ പൂർത്തീകരിക്കുന്നതിനും സഹായിച്ചിട്ടുണ്ട് എന്ന് ജലജാ രാജീവ് ആമുഖത്തിൽ പറഞ്ഞിരിക്കുന്നു. ഇങ്ങനെ എഴുത്തിലേക്ക് വർഷങ്ങൾക്കുശേഷം തിരിച്ചു വരുന്ന സ്ത്രീകൾ അവർ അടഞ്ഞിരുന്ന കാലങ്ങളിൽ അടക്കിവെച്ച വാക്കുകളെയെല്ലാം തുറന്നുവിടുമ്പോൾ മറഞ്ഞോ അടഞ്ഞോ ഇരിക്കുന്ന, രേഖപ്പെടാത്ത, പല സ്ത്രീകളുടെ ജീവിതകഥയായി അത് മാറുന്നത് കാണാവുന്നതാണ്.

മലയാളസാഹിത്യത്തിന്റെ വിവിധ ശാഖകളിലെല്ലാം തന്നെ സ്ത്രീജീവിതം സാമാന്യം വിശദമായി ഇതിനോടകം ആവിഷ്കരിക്കപ്പെട്ടിട്ടുണ്ട്. എങ്കിലും ഇനിയും ആവിഷ്കരിക്കപ്പെടാത്തതും തുറക്കപ്പെടാത്തതുമായ ധാരാളം അധ്യായങ്ങൾ സ്ത്രീ ജീവിതങ്ങളിൽ ഉണ്ട് എന്ന് പുതിയ എഴുത്തുകാരികൾ നമ്മെ അനുഭവിപ്പിക്കുന്നു. ദേശചരിത്രത്തിൽ ദൃശ്യത കിട്ടാത്ത പല മനുഷ്യരുടെ ജീവിതങ്ങളെ തൻ്റെ എഴുത്തിലൂടെ വെളിച്ചപ്പെടുത്തുകയാണ് ജലജാ രാജീവ് അങ്ങനെയങ്ങനെ എന്ന നോവലിൽ. നോവലിലെ പ്രധാന കഥാപാത്രങ്ങളായ താമര, സീത, രാധ എന്നിവരുടെ ബാല്യകാലത്തിൽ തുടങ്ങി അവരുടെ കൗമാരകാലത്തിലൂടെ കടന്ന് യൗവനത്തിൽ എത്തിനിൽക്കുന്ന നോവലിന്റെ കഥ ഇതോടൊപ്പം അവരുമായി ബന്ധപ്പെട്ടതും അല്ലാത്തതുമായ ധാരാളം മനുഷ്യരുടെ ജീവിതങ്ങളെയും അവർ ജീവിച്ച / ജീവിക്കുന്ന ഇടങ്ങളെയും അവതരിപ്പിക്കുന്നുണ്ട്. നോവലിൻ്റെ ആഖ്യാന പരിസരമായ പയ്യന്നൂർ ദേശത്തിൻ്റെയും അതിൽ ഒരു കാലഘട്ടത്തിൽ ജീവിച്ച മനുഷ്യരുടെയും സാംസ്കാരിക ചരിത്രമാണ് ഈ നോവൽ എന്നും ഈ നോവലിനെക്കുറിച്ച് ചുരുക്കി പറയാം. കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ടും അപ്രതീക്ഷിതമായ ജീവിതപരിണാമങ്ങളെ അവതരിപ്പിച്ചിരിക്കുന്നതിന്റെ മികവുകൊണ്ടും ഒട്ടും മടുപ്പിക്കാത്ത വായനാനുഭവം പകർന്നു തരുന്നുമുണ്ട് ഈ നോവൽ.

പ്രധാനമായും സംഭാഷണങ്ങളിലൂടെയാണ് നോവലിസ്റ്റ് ഈ നോവൽ മുന്നോട്ട് കൊണ്ടു പോകുന്നത്. കഥാപാത്രങ്ങളെയും സന്ദർഭങ്ങളെയും ജീവനുള്ളതാക്കുന്നതിൽ ഇത് വലിയ പങ്ക് വഹിക്കുന്നുണ്ട്‌. ഭാഷയുടെ സാമുദായികവും പ്രാദേശികവുമായ പ്രത്യേകതകൾ പഴയ തലമുറയിലെ കഥാപാത്രങ്ങളിൽ കൂടുതൽ തെളിഞ്ഞു കാണുമ്പോൾ പുതു തലമുറയിലെ കഥാപാത്രങ്ങളിൽ ഇത് കുറേയൊക്കെ മാഞ്ഞു പോകുന്നതും കലർന്നു കിടക്കുന്നതും നോവലിലെ സംഭാഷണങ്ങളെ പിൻതുടർന്നാൽ അറിയാനാവും. താമരയുടെ അമ്മ യശോദയുടെ അമ്മയായ കോടിയമ്മയിൽ നിന്നാരംഭിക്കുന്ന നോവൽ ആദ്യ അധ്യായങ്ങളിൽ തന്നെ കാലവും അനുഭവങ്ങളും ചേർന്ന് രൂപപ്പെടുത്തുന്ന സ്ത്രീകർത്തൃത്വത്തിൻ്റെ വ്യത്യസ്തതകളേയും മാറ്റങ്ങളേയും സൂക്ഷ്മതയോടെ അനുഭവിപ്പിക്കുന്നുണ്ട്. യുക്തിയില്ലാത്ത കഥകളിലും അന്ധവിശ്വാസങ്ങളിലും ജീവിക്കുന്ന കോടിയമ്മയിൽ നിന്ന് ദൈവങ്ങളിലും പ്രേത പിശാചുക്കളിലും വിശ്വാസമില്ലാത്ത യശോദയിലേക്കും സ്കൂളും ഭാമ ടീച്ചറും പാഠപുസ്തകങ്ങളും പുനർനിർമ്മിച്ചെടുക്കുന്ന താമരയിലേക്കുമുള്ള തലമുറകളുടെ ദൂരത്തിനൊപ്പം മാറി വരുന്ന സാമൂഹ്യ ഇടങ്ങളുടെ സ്വഭാവവും ചിത്രീകരിക്കാൻ നോവലിസ്റ്റ് ശ്രദ്ധിച്ചിട്ടുണ്ട്.

ജിസ ജോസ്, ആർ രാജശ്രീ

നോവലിലെ സ്ഥലഘടന

പയ്യന്നൂർ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തെ കേന്ദ്രീകരിച്ചാണ് ഈ നോവലിൻ്റെ സ്ഥലഘടന ആദ്യ ഭാഗത്ത് കാണപ്പെടുന്നത്. പിന്നീട് ഈ കേന്ദ്രവും സ്ഥലത്തിൻ്റെ സ്വഭാവവും മാറുന്നുണ്ടെങ്കിലും ഭൂമിശാസ്ത്ര പരമായി നോവലിൽ ആദ്യന്തമുള്ളത് ഇതേ സ്ഥലമാണ്. ആളുകൾക്ക് കൂടിച്ചേരാനുള്ള പൊതുവിടമായിക്കൂടി നിലനിന്ന സുബ്രഹ്മണ്യസ്വാമീക്ഷേത്രപരിസരം പക്ഷേ എല്ലാവർക്കും ഒരുപോലെ പ്രവേശിക്കാവുന്നതോ ഇടപെടാവുന്നതോ ആയ ഇടമല്ല. ‘തൊഴുന്നാൽ’ വരെ മാത്രം പ്രവേശനം അനുവദിക്കപ്പെട്ട ‘താഴ്ന്ന’ ജാതിക്കാർ, ദൂരെ നിന്ന് തൊഴുത് മടങ്ങിപ്പോയിരുന്നു. ഉള്ളിൽ പ്രവേശനമുണ്ടായിരുന്നവർക്ക് തന്നെ ഒരേ അവകാശങ്ങളല്ല ഉണ്ടായിരുന്നത്. ഊട്ടുപുരയ്ക്കകത്തെ പാത്രങ്ങളൊന്നും തൊടാൻ ബ്രാഹ്മണർക്കല്ലാതെ അവകാശമുണ്ടായിരുന്നില്ല. പട്ടൻമാരും പട്ടത്തികളും കഴിച്ചു പോയതിനു ശേഷം മാത്രമാണ് മറ്റ് ജാതിക്കാർക്ക് ഭക്ഷണം വിളമ്പിയിരുന്നത്. സീത പറഞ്ഞതനുസരിച്ച് അകത്തു കയറി പായസം കോരിയെടുത്തതിന് രവിയെ ക്രൂരമായി മർദിക്കുന്നത് നോവലിൽ അവതരിപ്പിച്ചിട്ടുണ്ട്. ഇങ്ങനെ ക്ഷേത്ര കേന്ദ്രീകൃതവും ബ്രാഹ്മണ കേന്ദ്രീകൃതവുമായി നിലനിന്നിരുന്ന ജാതി വ്യവസ്ഥയേയും അകറ്റി നിർത്തിയും ഭയപ്പെടുത്തിയും ശിക്ഷിച്ചും അതിനെ നിലനിർത്തുന്നതിൻ്റെ രീതികളേയും നോവൽ വളരെ സൂക്ഷ്മതയോടെ പിൻതുടരുന്നുണ്ട്. ജാതീയ ശ്രേണിയിലെ ഉയർച്ചതാഴ്ച്ചകൾക്കനുസരിച്ച് ക്ഷേത്രത്തോട് അടുത്തും അകന്നുമായി വിവിധ ജാതികളിലുള്ള കഥാപാത്രങ്ങളുടെ വാസസ്ഥലങ്ങൾ ക്രമീകരിച്ചിരിക്കുന്നതിലും ചരിത്രത്തെ സൂക്ഷ്മതയോടെ പിന്തുടരാൻ നോവലിസ്റ്റിന് സാധിക്കുന്നു. പട്ടമ്മാർ, പൊതുവാക്കന്മാർ, വാണിയർ, ചാലിയർ, തീയ്യർ എന്നീ ജാതി വിഭാഗങ്ങളുടെയെല്ലാം ആവാസസ്ഥലങ്ങളുടെ വിന്യാസം ജാതിശ്രേണിയിലെ സ്ഥാനത്തിനനുസരിച്ചാണ് നോവലിൽ. പുലയർ, വേട്ടുവർ എന്നിവരുടെ ആവാസസ്ഥലമാവട്ടെ ഇവരിൽ നിന്നെല്ലാം വളരെ ദൂരെയാണ്. ക്ഷേത്രത്തിനടുത്തായി ഉയർന്ന ജാതിക്കാർ ജീവിക്കുന്ന നോവലിൽ ക്ഷേത്രത്തിൽ നിന്ന് ദൂരെയുള്ള താഴ്ന്ന സ്ഥലങ്ങളും വൃത്തി കുറഞ്ഞ സ്ഥലങ്ങളുമാണ് ജാതീയ ശ്രേണീകരണത്തിൽ താഴ്ത്തട്ടിലായ മനുഷ്യരുടെ ആവാസസ്ഥലങ്ങൾ .

പയ്യന്നൂര്‍ സുബ്രഹ്‌മണ്യസ്വാമി ക്ഷേത്രം

തുറവയൽ, കീപ്പട്ടവയൽ, വാച്ചാക്കരവയൽ, പൂന്തുരുത്തി വയൽ, ചേരിക്കൽ വയൽ, അരിക്കാച്ചി വയൽ ഇങ്ങനെ ചുറ്റുമുള്ള വയൽപ്രദേശങ്ങളെല്ലാം ചേർന്ന് നോവലിൽ, പരന്ന് വിശാലമായൊരു ഇടത്തെ അനുഭവപ്പെടുത്തുന്നുണ്ട്. നോവലിലെ ആദ്യ തലമുറകളുടെ കാലത്തുള്ള വിശാലമായ ഈ വയലുകൾ പിൽക്കാലങ്ങളിൽ വിസ്താരം കുറഞ്ഞ് വരുന്നതും കാണാം. കൂട്ടുകുടുംബങ്ങളും മരുമക്കത്തായവും നിലനിന്നിരുന്നൊരു ഘട്ടം കൂടിയാണ് നോവലിലെ ആദ്യ തലമുറയുടേത്. കൂട്ടുകുടുംബങ്ങളുടെ തകർച്ച, ജന്മി കുടിയാൻ ബന്ധത്തിൽ വന്ന മാറ്റങ്ങൾ എന്നിവയ്ക്കൊപ്പം ഈ വിശാലസ്ഥലഘടനയിലും മാറ്റം വരുന്നുണ്ട്.

“കോടിയമ്മ പറഞ്ഞ് അറിഞ്ഞതാന്ന്. പണ്ടുകാലത്ത്, ഇന്നത്തെപ്പോലെ, നിരത്തോ നല്ല വഴിയോ കരണ്ടു വിളക്കോ ഒന്നും ഇല്ലാത്ത കാലം. ചുറ്റോടു ചുറ്റിലും പരന്നു കിടക്കുന്ന വയലു മാത്രം. ഓരോ വീട്. കൊറച്ച് ആളുകളും. ആർക്കെങ്കിലും ആരുടെയെങ്കിലും ഒപ്പരം കെടക്കണംന്ന് തോന്നിയാല് ഇരുട്ടിലേക്ക് ഇറങ്ങി നടക്കും. തുറവയിലിലേക്കോ വാച്ചാക്കരവയലിലേക്കോ മുണ്ടുമലേക്കൂടെ കോക്കാഞ്ചേരിയിലേക്കോ നടക്കും” (പുറം 184) എന്നും തോർത്തു തലയിൽ കെട്ടി ചുണ്ടിൽ ബീഡിയും കത്തിച്ചു പിടിച്ച് സ്ത്രീകളും ഇങ്ങനെ രാത്രി കാലങ്ങളിൽ ഇറങ്ങി നടന്നിരുന്നു എന്നും അമ്മയായ കോടിയമ്മയുടെ വാക്കുകൾ ഓർമ്മിച്ചെടുത്തു കൊണ്ട് യശോദ മകളായ താമരയോട് പറയുന്നുണ്ട് നോവലിൽ. യശോദയുടെ ഈ വാക്കുകളിൽ വയലുകളുടെ തുറസ്സുകൾക്കൊപ്പം സംസ്‌കാരത്തിൻ്റെ ചില തുറസ്സുകളും പ്രത്യക്ഷമാവുന്നുണ്ട്. എന്നാൽ മാലിന്യകേന്ദ്രവും പ്രേതപിശാചുക്കളുടെ വിലാസകേന്ദ്രവും ആയി നോവലിൽ അവതരിപ്പിച്ചിരിക്കുന്ന തൂറുന്നാൾപ്പ് പോലെ വ്യക്തിസ്വഭാവത്തിലെ മാലിന്യങ്ങളും ജാതിഭൂതവും ഈ തുറസ്സുകൾക്കിടയിൽ ഒളിച്ചിരിപ്പുണ്ട്. നോവലിലെ തുറവയൽ എന്ന സ്ഥലം ദേശത്തിന്റെ ചില തുറസ്സുകളെയെന്ന പോലെ തൂറുന്നാൾപ്പ് എന്ന സ്ഥലം ദേശത്തിന്റെ ചില ഭയങ്ങളെയും ഇടുക്കങ്ങളെയും സൂചിപ്പിക്കുന്നുണ്ട്. പിന്നീട് തൂറുന്നാൾപ്പ് എന്ന സ്ഥലത്ത് ലക്ഷം വീട് കോളനി വന്നപ്പോഴും താഴ്ന്ന ജാതിക്കാർ ഇവിടെ താമസിക്കാൻ തുടങ്ങിയപ്പോഴും ദേശക്കാരിൽ പലർക്കും എതിർപ്പുണ്ടായി. ദേശക്കാർ വെള്ളം കൊടുക്കാൻ തയ്യാറാവാത്തതു കൊണ്ട് താമസക്കാർ പലരും ഒഴിഞ്ഞു പോയതായി നോവലിൽ പറയുന്നു. ദേശത്തിൻ്റെ മാറാത്ത സങ്കുചിത വിചാരങ്ങളുടെ സ്ഥല സൂചകമായി തൂറുന്നാൾപ്പ് നോവലിൽ ഏറെക്കാലം നിലകൊള്ളുന്നു.

നോവലിൽ വിശ്വാസത്തിന്റെയും യുക്തിയുടെയും എന്നപോലെ പഴമയുടെയും ആധുനികതയുടെയും സ്ഥലങ്ങളുണ്ട്. സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തെ കേന്ദ്രീകരിച്ചു കൊണ്ട് തുടങ്ങുന്ന നോവലിൻ്റെ സ്ഥലഘടന പിന്നീട് വിദ്യാലയങ്ങളും കച്ചവട സ്ഥാപനങ്ങളും രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെയും കലാപ്രവർത്തനങ്ങളുടെയും ഇടങ്ങളും ഉണ്ടാക്കുന്ന ആധുനിക സ്ഥലഘടനയിലേക്ക് ക്രമത്തിൽ മാറി വരുന്നത് കാണാം.

സ്ഥലത്തിനുമേലുള്ള അധികാരത്തെ പുനർവിന്യസിക്കാനുള്ള രാഷ്ട്രീയശ്രമങ്ങളും നോവലിൽ കുഞ്ഞപ്പൻ എന്ന കഥാപാത്രത്തിലൂടെ ആവിഷ്ക്കരിച്ചിരിക്കുന്നു. ബംഗ്ലാവുകളും ഓഡിറ്റോറിയവും റോഡും ഫ്ളാറ്റുകളുമായി മാറിയ വാച്ചാക്കര വയലിൻ്റെയും തുറവയലിൻ്റെയും ചിത്രം നോവലിൻ്റെ അവസാന അധ്യായത്തിലുണ്ട്. കൃഷിപ്പണിക്കാരനും ‘താഴ്ന്ന’ ജാതിക്കാരനുമായ ചന്തൻ്റെ മകൻ സുരേശൻ കണ്ണായ സ്ഥലങ്ങളുടെ അധിപനായി തീരുന്നതും നോവലിനൊടുവിൽ കാണാം. പട്ടന്മാരുടെ വാച്ചാക്കര, പൊതുവാക്കമാരുടെ ഗ്രാമം, ചാലിയരുടെ തെരു, തിയ്യരുടെ മമ്പലം എന്നിങ്ങനെ ജാതിക്കൂട്ടങ്ങളുടേതായി നിൽക്കുന്ന സ്ഥലത്തിൻ്റെ സ്വഭാവത്തിൽ ചില മാറ്റങ്ങൾ കാലക്രമത്തിൽ വരുന്നു. ജാതികേന്ദ്രിതമായ സ്ഥലഘടനയുടെ സ്വഭാവം മാറുന്നതിൽ കുടുംബഘടനയിലും സാമൂഹ്യഘടനയിലുമുണ്ടാകുന്ന മാറ്റങ്ങളും സാമ്പത്തിക രാഷ്ട്രീയ ഘടകങ്ങളും പങ്ക് വഹിക്കുന്നുണ്ട്. സ്ഥലഘടനയിലുണ്ടാകുന്ന ഇത്തരം മാറ്റങ്ങളെ വളരെ സൂക്ഷ്മതയോടെ പിന്തുടരുന്നതിൽ നോവലിസ്റ്റിൻ്റെ ചരിത്രബോധവും നിരീക്ഷണ പാടവവും പ്രകടമാണ്.

സാംസ്കാരികചരിത്രമാകുന്ന നോവൽ

“നീ എഴുത്തുകാരി ആയാല് അന്നേരം എഴുതിക്കോ. സ്വാധീനൂം അധികാരും ഇല്ലവര്, അവരവരെ കാലത്ത് അവരവർക്ക് തോന്നിയത് പറയും, ചെയ്യും .... കൊറേക്കാലം കഴിഞ്ഞാല് തെറ്റേത് ശരിയേത് എന്ന് ആരിക്കും തിരിയാണ്ടാവും. തെറ്റായാലും ഭൂരിപക്ഷം പറയുന്നത് ശരിയാവും അതാവും ചരിത്രം......” (പുറം 168). ഉപ്പു കുറുക്കലിനോടനുബന്ധിച്ച് നടന്ന യോഗത്തിൽ ആകസ്മികമായി ഉൾപ്പെട്ട് ജയിലിലാക്കപ്പെട്ട അപ്പൂസോറെന്ന തൻ്റെ അച്ഛനെക്കുറിച്ച് പറയുമ്പോൾ യശോദ പറയുന്ന ഈ വാക്കുകളിലൂടെ ചരിത്രം എപ്പോഴും വസ്തുനിഷ്ഠമല്ലെന്നും, പറഞ്ഞും എഴുതിയും ഉണ്ടാക്കുന്നതാണ് ചരിത്രമെന്നും അധികാരത്തിൻ്റെ ഇടപെടൽ അതിലുണ്ടെന്നുമുള്ള നിലപാട് നോവലിൽ അവതരിപ്പിക്കപ്പെടുന്നുണ്ട്. പയ്യന്നൂർ ദേശത്തിൻ്റെ അറിയപ്പെടുന്ന ചരിത്രമെന്നത് ദേശത്തിലെ പ്രധാന ഭൗതികമാറ്റങ്ങളുടെയും രാഷ്ട്രീയ സംഭവങ്ങളുടെയും ശ്രദ്ധേയരായ വ്യക്തികളുടെയും ചരിത്രമാണ്. എന്നാൽ ഈ ഭൗതിക മാറ്റങ്ങളുടെയും രാഷ്ട്രീയസംഭവങ്ങളുടെയും പ്രത്യക്ഷമോ പരോക്ഷമോ ആയ സ്വാധീനത്തിൽ ജീവിച്ച സാധാരണ മനുഷ്യരുടെ കഥയാണ് ഈ നോവലിലുള്ളത്. ജാതീയ വിവേചനങ്ങൾ രൂക്ഷമായിരുന്ന ഭൂതകാലം നോവലിൽ വിശദമായി തന്നെ അവതരിപ്പിച്ചിട്ടുണ്ട്. കോൺഗ്രസ്സ്, നക്സലൈറ്റ്, കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങൾ ദേശത്ത് ഇടപെടുന്നതിൻ്റെ സൂചനകളും നോവലിലുണ്ട്. ദേശത്തെ ഈ രാഷ്ട്രീയ വികാസങ്ങൾ വ്യക്ത്യനുഭവങ്ങളായാണ് നോവലിൽ ആവിഷ്ക്കരിക്കപ്പെടുന്നത്. യുദ്ധത്തെ ക്ഷാമമായോ ജാതിയെ ശുദ്ധാശുദ്ധങ്ങളായോ ആണ് ദേശത്തെ സാധാരണ മനുഷ്യർ അറിഞ്ഞത്.

ക്ഷേത്രവുമായി ബന്ധപ്പെട്ട ആചാരാനുഷ്ഠാനങ്ങളും വിവിധ ജാതി വിഭാഗങ്ങളുടെ ജീവിതരീതികളും നോവലിൽ വായിക്കാം. പിൽക്കാലത്ത് ക്ഷേത്രവുമായി ബന്ധപ്പെട്ടല്ലാതെ രൂപപ്പെട്ടുവരുന്ന പൊതു ഇടങ്ങൾ സംസ്‌കാരത്തിൻ്റെ കലർപ്പുകൾക്ക് കാരണമാകുന്നതും നോവലിൽ കാണാം. ജാതിയുടെ കൂട്ടങ്ങൾക്കുള്ളിൽ രൂപപ്പെടുന്ന കർതൃത്വങ്ങളിൽ നിന്ന് ഭിന്നരായ മനുഷ്യരാണ് ആധുനിക ഇടങ്ങളിൽ രൂപപ്പെടുന്നത്. സ്കൂളിൽ നിന്ന് പഠിക്കുന്ന പാഠങ്ങൾ കോടിയമ്മയുടെ വിശ്വാസങ്ങളെ സംശയത്തോടെ നോക്കുന്നതിന് താമരയെ പ്രേരിപ്പിക്കുന്നു. കേളോത്ത് സ്കൂളിൽ പഠിക്കുമ്പോൾ പല മതസ്ഥരോട് ഇടകലരുന്നുണ്ട് സീതയും രാധയും താമരയും. സമീമയുടെ ചോറ്റുപാത്രത്തിൽ കണ്ട പൊറോട്ട ക്ലാസ്സിലെ മറ്റ് കുട്ടികളെയും പ്രലോഭിപ്പിക്കുന്നു. പൊറോട്ട കഴിക്കാനായി സാഹസികയാത്ര നടത്താൻ ഇത് താമരയേയും സീതയേയും രാധയേയും പ്രേരിപ്പിക്കുന്നു. ആധുനിക ഇടങ്ങൾ ഭക്ഷണത്തിലും വസ്ത്രത്തിലും ഭാഷയിലുമൊക്കെ ഇത്തരം കലർപ്പുകൾ ഉണ്ടാക്കുന്നത് നോവലിൽ പലയിടത്തായി കാണാൻ കഴിയും. സിനിമകളും അണ്ണൻ്റെ പുതിയ ഹെയർ സ്റ്റൈലുകളും മനുഷ്യരുടെ ശരീരഭാഷയിലെന്ന പോലെ കർതൃത്വത്തിലും ഇടപെടലുകൾ നടത്തുന്നുണ്ട്. പരസ്പരബന്ധിതമായാണ് നോവലിൽ ഇത് അവതരിപ്പിക്കപ്പെടുന്നത്. കാമത്തിൽ നിന്ന് പ്രേമത്തിലേക്കുണ്ടാകുന്ന മാറ്റവും ആധുനിക പരിസരത്തോട് ചേർന്ന് നോവലിൽ അവതരിപ്പിക്കപ്പെടുന്നുണ്ട്. സദാചാരം, ലൈംഗികത, വിവാഹം തുടങ്ങിയവയിലൊക്കെ വ്യവസ്ഥാപിതമായ രീതികൾ രൂപപ്പെടുന്നതും കാണാം.

എഴുതപ്പെട്ട ചരിത്രങ്ങളിൽ നിന്ന് നമുക്ക് വായിച്ചെടുക്കാൻ കഴിയാത്ത പെൺജീവിത പരിണാമങ്ങളാണ് ഈ നോവലിലെ വ്യത്യസ്തമായ ചരിത്രാനുഭവം. ആർത്തവവും വിവാഹവും പ്രസവവും ശരീരാനുഭവങ്ങളും സ്ത്രീയുടെ ജീവിതത്തിൻ്റെയും ശരീരത്തിൻ്റെയും മേലുള്ള അനേകം അധികാരപ്രയോഗങ്ങളും കാലക്രമത്തിൽ അവയ്ക്ക് വന്ന മാറ്റവും പല തലമുറകളിലെ സ്ത്രീകൾ ഇവയൊക്കെ അനുഭവിച്ചതും നേരിട്ടതുമായ വിധവും നോവലിൽ ആവിഷ്ക്കരിക്കപ്പെടുന്നുണ്ട്. ഭർത്താവിൻ്റെയും വീട്ടുകാരുടെയും ക്രൂരതയ്ക്കിരയായി മരിക്കുന്ന ശ്രീദേവി, മകളുടെ മരണത്തിൽ മനസ്സുരുകി മരിച്ച കുഞ്ഞിപ്പാർതി, തൻ്റേതല്ലാത്ത കാരണത്താൽ മച്ചി എന്ന് പരിഹസിക്കപ്പെടുന്ന യശോദ, തനിച്ചുള്ള ജീവിതത്തിൽ സുരക്ഷിതയായിരിക്കാൻ പ്രാന്തത്തിയുടെ വേഷം കെട്ടുന്ന പ്രാന്തത്തി ടീച്ചർ, നോവലിനൊടുവിൽ മാഞ്ഞു പോകുന്ന സീത .... ഇങ്ങനെ തോറ്റു പോകുകയോ പ്രതിസന്ധികളിൽ പെടുകയോ ചെയ്യുന്ന കഥാപാത്രങ്ങൾ നോവലിലുണ്ടെങ്കിലും യശോദയിലൂടെയും ജാനുവിലൂടെയും താമരയിലൂടെയും രാധയിലൂടെയും പൊരുതുന്ന, അതിജീവിക്കുന്ന പെണ്ണുങ്ങളുടെ കഥയായി നോവൽ മാറുന്നുണ്ട്.

പയ്യന്നൂർ പാട്ടിൽ നിന്ന് നീലകേശിയേയും ദേശത്തിൻ്റെ മിത്തുകളിൽ നിന്ന് അയ്യക്കപ്പോതിയേയും കൂട്ടിച്ചേർത്തെടുത്ത് നോവലിലെ പെണ്ണുങ്ങളുടെ നിരയുടെ മുന്നിൽ നിർത്തുന്നുണ്ട് അവസാന അധ്യായത്തിൽ നോവലിസ്റ്റ്. പയ്യന്നൂർ പാട്ടിലെ നീലകേശി തൻ്റെ ആങ്ങളമാരെ കൊന്ന ഭർത്താവിനെയും മകനെയും ഉപേക്ഷിച്ചു പോകുന്ന സ്ത്രീയാണ്. ഭർത്താവിനേക്കാൾ ആങ്ങളമാർക്ക് പ്രാധാന്യം കൊടുക്കുന്ന നീലകേശിയുടെ കഥ മരുമക്കത്തായത്തിൻ്റെ ദേശസംസ്കാരത്തോട് ചേർന്ന് നിൽക്കുന്നുണ്ട്. മകനുണ്ടാകും മുമ്പും ശേഷവുമുള്ള അവളുടെ അലച്ചിലുകളിൽ ആത്മാന്വേഷണവും സ്വാതന്ത്ര്യബോധവും പ്രകടമാണ്. കൈവീശിയുള്ള പിൻനടത്തവും കൂസലില്ലായ്മയും മുട്ടറ്റം മുടിയും സുന്ദരരൂപവുമായാണ് അയ്യക്കപ്പോതിയുടെ രൂപം താമരയിൽ പതിഞ്ഞു കിടക്കുന്നത്. ഈ അയ്യക്കപ്പോതി നീലകേശി തന്നെയാണെന്ന് താമര രാധയോട് പറയുന്നു. അയ്യക്കപ്പോതിയുടെ ഓർമ്മകളിൽ നിറഞ്ഞു തുളുമ്പി നിൽക്കുന്ന താമരയിലും രാധയിലുമാണ് നോവൽ അവസാനിക്കുന്നത്. ബ്രാഹ്മണകേന്ദ്രീകൃത ജാതിവ്യവസ്ഥയ്ക്ക് മാറ്റമുണ്ടായപ്പോഴും പയ്യന്നൂർ പെരുമാൾ (സുബ്രഹ്മണ്യൻ) എന്ന പയ്യൻ്റെ സ്വാധീനം നോവലിലെ കഥാപാത്രങ്ങളിൽ ആഴത്തിൽ നിലനിൽക്കുന്നുണ്ട് . “ഓർമ്മയുള്ള കാലം മുതൽക്കേ പയ്യനല്ലേ നമ്മുടെ നായകൻ” എന്ന് താമര രാധയോട് പറയുന്നുണ്ട് ( പുറം 239 ). പയ്യനാണ് ഈ നോവലിൻ്റെ കേന്ദ്ര ബിന്ദുവെന്നും തങ്ങളുടെ ബാല്യകൗമാര യൗവനകാലങ്ങളിൽ പയ്യനായിരുന്നു തങ്ങളുടെ ഇഷ്ടനായകൻ എന്നും ആമുഖത്തിൽ നോവലിസ്റ്റു തന്നെയും പറയുന്നുണ്ട്. എന്നാൽ താമരയുടെ ഈ പ്രസ്താവനയെ അട്ടിമറിച്ചുകൊണ്ടാണ് രാധയേയും താമരയേയും പയ്യനേക്കാൾ ആഴത്തിൽ സ്വാധീനിച്ച അയ്യക്കപ്പോതിയുടെ രൂപം നോവലിനൊടുവിൽ തെളിഞ്ഞു വരുന്നത്. സാമൂഹ്യ വികാസത്തിൻ്റെ ചലന ചരിത്രത്തിലൂടെ ഒഴുകി മുന്നേറുന്ന പെണ്ണുങ്ങൾ എന്ന നിലയിൽ നിന്ന് തങ്ങളുടെ ദേശചരിത്രമിത്തുകളിലെ സ്ത്രൈണ മാതൃകകളുടെ ഊർജ്ജം കൂടി ഉൾക്കൊണ്ട് ജയിച്ചു കയറുന്ന പെണ്ണുങ്ങളായി അത് രാധയേയും താമരയേയും മാറ്റുന്നു.


നിഷി ലീല ജോർജ്

കവി, എഴുത്തുകാരി, അധ്യാപിക. മഴയുടെ വെബ്സൈറ്റ് സന്ദർശിക്കുന്ന ആകാശം, മണിക്കൂർ സൂചിയുടെ ജീവിതം എന്നീ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Comments