ആശാലത

കവിതയിൽ ഏകവിളത്തോട്ടം അസാധ്യമാകുന്ന കാലം

ആശാലതയുടെ ‘ജാതിക്കാത്തോട്ടം’ എന്ന കവിതാ സമാഹാരത്തിന്റെ വായന.

വിത ഇസ്തിരിവടിവൊത്ത ഭാഷയുടെ ഏകനിഘണ്ടുത്തോട്ടമല്ല. പലതിനെയും പാർപ്പിച്ചിരിക്കുന്ന ഒരു ജൈവിക പാർക്കാണ്. പലതരം മനുഷ്യരും ഇഴജന്തുക്കളും പക്ഷികളും പൂമ്പാറ്റകളും കാട്ടുമൃഗങ്ങളും മാലാഖമാരും ജിന്നുകളും ഖായേനും ആബേലും ആദമും അവ്വയും സാത്താനും ആകാശവും കടലും നക്ഷത്രങ്ങളും വേലിപ്പടർപ്പുകളും കാട്ടുവള്ളികളും മരങ്ങളും കെട്ടുപിണഞ്ഞുകിടക്കുന്ന ഒരു ജൈവിക പാർക്ക്.

നമ്മുടെ സിനിമകൾ തുടങ്ങുമ്പോൾ എഴുതിക്കാണിക്കാറുള്ള പോലെ, കഥയും സംഭവവും ഒരു സംഭവത്തെയോ വ്യക്തിയെയോ കുറിച്ചല്ലെന്നും തികച്ചും ഭാവനാപരമാണെന്നും കവിതയിൽ എഴുതിക്കാണിക്കില്ല. ഭാഷ കൊണ്ടുള്ള ഒരു ജൈവരൂപമെന്ന നിലയിൽ സൃഷ്ടിപ്പിൽ നിരന്തരം പാലിക്കുന്ന തന്റേടമാണ് ആശാലതയുടെ എഴുത്തുകളുടെ /കവിതയുടെ ശക്തി. അവയിൽ വിഹരിക്കുന്ന ഏതു ജീവിയും പ്രകൃതിപ്രതിഭാസവും സഹൃദയരോട് എങ്ങനെ പെരുമാറുമെന്ന് മുൻകൂട്ടി പറയാൻ പറ്റില്ല. ഭാഷയുടെ ഏതുതരം വിനിമയസാധ്യതയും അവ തേടും. സ്വാതന്ത്ര്യത്തിന്റെ നടുക്കടലിൽ നിന്ന് വാക്ക് കോരിക്കുടിക്കും. കവിതക്കുവേണ്ട ശരീരഭാഷ തരാതരം എടുത്തണിയും.

ഒരുപക്ഷെ, മലയാളത്തിൽ ഇങ്ങനെയൊരു പെൺകവിതയുണ്ടോ?.
വാക്ക് കണ്ടെടുത്താൽ പോരാ, അത് ഉച്ചരിക്കുന്ന / വിനിമയം ചെയ്യുന്ന രീതിയും ബഹുസ്വരമാവുമ്പോഴേ കാവ്യഭാഷ ആത്യന്തികമായി സ്വാതന്ത്ര്യം പ്രാപിക്കൂ. കവിത എന്ന സാഹിത്യത്തിന്റെ ഉദ്ദേശ്യവും അതുതന്നെ. എവിടെ കവിത നിലയ്ക്കുന്നുവോ, അവിടെ ഭാഷ നിലയ്ക്കും. ഭാഷയുടെ പല വിധത്തിലുള്ള പേറാണ് (potential) കവിത. കവിതയുടെ വിനിമയശക്തിയാണ് ഏതൊരു ഭാഷയുടെയും കുതിപ്പും കിതപ്പും. മനുഷ്യവംശത്തിന്റെ നിലനിൽപ്പ് തന്നെ ഈ ഭാഷാലീല കൊണ്ടാണത്രേ.

അമ്മാമ ജാതിക്കാത്തോട്ടം കാണാൻ പോയ കഥയുടെ ബൈബിളിക്കൽ അന്യാപദേശമാണ്‌ ഈ പേരിലുള്ള കവിത. ‘ജാതിക്കാത്തോട്ടം’ എന്ന പ്രയോഗത്തിന് ബഹുലമായ അർത്ഥമുണ്ട്. ജാതിക്ക ഒരു മരമാണ്. നന്നായി വെള്ളവും വളവും വലിച്ചെടുക്കുന്നത്. ഇലകൾ തിങ്ങിനിറഞ്ഞത്. സ്വർഗത്തിൽ / ഏദനിൽ ആ മരമുണ്ടാകാതിരിക്കാൻ വഴിയില്ല. ‘ജാതിക്ക’യിൽ ജാതിയുണ്ട്. ജാതിയില്ലാത്ത സൃഷ്ടിവിഭാഗമില്ല. ‘പറിക്കാമ്പാടില്ല’ എന്ന കല്പനയാൽ കെട്ടിയിടപ്പെട്ട കുഞ്ഞാടുകളാണ് ബൈബിൾ കഥക്ക് പുറത്തുനിൽക്കുന്ന വിശ്വാസികൾ.

വാക്ക് കണ്ടെടുത്താൽ പോരാ, അത് ഉച്ചരിക്കുന്ന / വിനിമയം ചെയ്യുന്ന രീതിയും ബഹുസ്വരമാവുമ്പോഴേ കാവ്യഭാഷ ആത്യന്തികമായി സ്വാതന്ത്ര്യം പ്രാപിക്കൂ.

എന്നാൽ കവിതയിലെ അമ്മാമ്മയാവട്ടെ, ഓർമയും ഭ്രമകല്പനയും കൂടിക്കുഴഞ്ഞു ജീവിക്കുന്നു- കുഞ്ഞേനാച്ചനെപ്പോലെ. സത്യമാകാം, പൊയ്യാകാം. പഴയ ഓർമകളുടെ ലോകത്ത് അവരിപ്പോഴും ബലമുള്ള ഒരു ജീവിതത്തിനുടമയാണ്. തന്നെ, തോട്ടം കാണാൻ കൊണ്ടുപോകുന്ന കഥയിലെ ആണ് ആരായാലും അമ്മാമ്മയുടെ രസികൻ ജീവിതത്തിന് അർത്ഥമുണ്ടാക്കിയ ആളാണ്.

ഏതായാലും ജൂഡിത് ബട്ട്ലറെ വായിച്ചുകൊണ്ട് മയങ്ങുമ്പോഴാണ്, സ്വപ്നത്തിലേക്ക് അമ്മാമ്മയുടെ പ്രവേശം എന്നതിന് പ്രത്യേക അർത്ഥമുണ്ട്, കവിതയിൽ. ക്വീർ തിയറിയുടെയും ജൻഡർ പെർഫോമേറ്റിവിറ്റി എന്ന തത്വത്തിന്റെയും ശക്തമായ വക്താവാണല്ലോ, ജൂഡിത് ബട്ട്ലർ. പോരാത്തതിന്, സെമിറ്റിക് വിരുദ്ധതത്വത്തെ മുൻനിർത്തി ഇസ്രായേൽ ഭരണകൂടത്തിന്റെ വിമർശകയുമായിരുന്നു എന്നത് ഇന്നത്തെ സന്ദർഭത്തിലും പ്രസക്തം.

തന്റെ ഉറക്കത്തിലേക്ക് ഇടക്കൊക്കെ കഥ പറയാൻ അമ്മാമ്മ കയറിവരുന്നതിനെക്കുറിച്ച് സൂചനയുണ്ട്. ഇതാദ്യമല്ല അവർ ഇതേ കഥയുമായി വരുന്നത് എന്നും സൂചനയുണ്ട്. ഒരു കഥയും അവർ രണ്ടു പ്രാവശ്യം ഒരുപോലെ പറയാറുമില്ല. എന്നും തോട്ടക്കാരൻ മൂപ്പീനിനെ തെറിപറഞ്ഞുകൊണ്ടേ പ്രവേശിക്കാറുള്ളൂ. അനാദി കാലത്ത് ജാതിക്ക കട്ടു പറിച്ച കഥക്ക് ഒരു പാഠമല്ല ഉള്ളത് എന്നർത്ഥം.

‘പറിക്കാമ്പാടില്ല’ എന്ന കല്പനയാൽ കെട്ടിയിടപ്പെട്ട കുഞ്ഞാടുകളാണ് ബൈബിൾ കഥക്ക് പുറത്തുനിൽക്കുന്ന വിശ്വാസികൾ. എന്നാൽ കവിതയിലെ അമ്മാമ്മയാവട്ടെ, ഓർമയും ഭ്രമകല്പനയും കൂടിക്കുഴഞ്ഞു ജീവിക്കുന്നു / Photo : Wikipedia
‘പറിക്കാമ്പാടില്ല’ എന്ന കല്പനയാൽ കെട്ടിയിടപ്പെട്ട കുഞ്ഞാടുകളാണ് ബൈബിൾ കഥക്ക് പുറത്തുനിൽക്കുന്ന വിശ്വാസികൾ. എന്നാൽ കവിതയിലെ അമ്മാമ്മയാവട്ടെ, ഓർമയും ഭ്രമകല്പനയും കൂടിക്കുഴഞ്ഞു ജീവിക്കുന്നു / Photo : Wikipedia

ജാതിക്കാത്തോട്ടത്തിൽ കടന്ന അമ്മാമ്മയുടെ ഭാഷണം ഇങ്ങനെയാണ്:
‘പാമ്പും ചേമ്പുമൊന്നുമില്ല കൊച്ചേ
അതൊക്കെ അങ്ങേര് പറഞ്ഞുണ്ടാക്കിയ കള്ളക്കഥയല്ലേന്ന്..’
‘പറിക്കാമ്പാടില്ലന്നങ്ങേര് പറഞ്ഞപ്പം
പറിക്കണംന്ന് എനിക്കൊരു വാശി
അത്രേ ഉണ്ടായുള്ളൂ,
എന്ന് അമ്മാമ
ഒരു ജാതിക്ക കടിച്ചു’..

മാംസനിബദ്ധരാഗം പോലെ
കാട്ടു ഞാവലുകൾ പ്രണയം പോലെ നിന്നു.
പള്ളി പഠിപ്പിച്ച ഏക കർതൃകമോ ഏകപാഠമോ അല്ല അമ്മാമ്മയുടെത് എന്ന് നിശ്ചയം. അല്ലെങ്കിൽ ഒരമ്മാമമാരുടെയും അങ്ങനെയായിരുന്നിട്ടുമില്ല. ഇത്ര രസിപ്പിക്കുന്ന കഥ കേട്ടിട്ടും നിസ്സംഗയായി നിൽക്കുന്നവളോട്, മുത്തശ്ശിക്കഥയിൽനിന്നുകൊണ്ട് അവർ കവിതയിൽ ഗർജ്ജിച്ചു,
‘ഒരു പഴം പറിക്കാൻ കൈ പൊങ്ങാത്ത നീയൊക്കെ
എന്തോന്നു മൈര് ഫെമിനിസ്റ്റാടീ
എന്ന് അമ്മാമ പുകല ഞെട്ട്
വായിൽ തിരുകി,
ഒരു ചേരയോ മറ്റോ പാഞ്ഞുപോയോ?’

ഏതായാലും ഈ ഭാഷണം, ജൂഡിത് ബട്ട്ലർ വായിച്ച് ഉറങ്ങിയവളോടാണെന്ന് ഓർക്കുമ്പോഴാണ് കഥയുടെ പിടികിട്ടാപ്പോക്ക് തിരിയുക.

കവിതയിൽ, കഥ പറഞ്ഞും പാട്ടുപാടിയും നൃത്തം ചെയ്തും ആഖ്യാനം നിർമിക്കുന്ന രീതി ആശാലതയുടെ കവിതയിൽ വ്യാപകമാണ്. വർത്തമാനത്തെയും ഭൂതത്തെയും കൂട്ടിയിണക്കാൻ പോന്ന ഒരെളുപ്പവിദ്യ കൂടിയത്രേ അത്. ഓർമകളിൽനിന്ന് പല ആഖ്യാനങ്ങളും അങ്ങനെ കവിതയിലേക്കുവരുന്നു. എന്തിനധികം, പോലീസ് ഉരുട്ടിയ രാഷ്ട്രീയക്കഥകൾ പോലും. ഒരു വാക്കിലൂടെയോ പ്രയോഗത്തിലൂടെയോ ആയിരിക്കും ഇങ്ങനെ ചിലത് തളനീട്ടുക. ബലം പിടിച്ചുള്ള കർതൃത്വങ്ങളെയൊക്കെ ഈ രീതി മെല്ലെ ഇളക്കിക്കളയും. പുതിയ കാലത്തിന്റെ മനുഷ്യാവസ്ഥയെ കൂടുതൽ വിമർശനവിധേയമാക്കുകയും ചെയ്യും. കഥയിൽ പലതരത്തിലുള്ള ആഖ്യാനങ്ങൾ സന്നിവേശിപ്പിച്ച് ഏകഭാഷണത്തിൽനിന്നും ജടിലമായ ആത്മഭാഷണത്തിൽനിന്നും കവിതയെ മുക്തമാക്കുക കൂടി ചെയ്യുന്നു, ഇവയൊക്കെ.

ജൂഡിത് ബട്ട്ലർ
ജൂഡിത് ബട്ട്ലർ

ബുദ്ധനുമായുള്ള ഒരു സംവാദമാണ്, ‘ബുദ്ധനും ഞാനും നരിയും’ എന്ന കവിതയിൽ. മെരുക്കിയെടുത്ത ഒരു നരിയുമായുള്ള പ്രണയമാണ് സംവാദവിഷയം. ഇടശ്ശേരിയുടെ പ്രശസ്ത കവിതയുടെ പേരു തന്നെ കവിതയ്ക്കും. എന്നാൽ ഇടശ്ശേരിക്ക് ഒരു പാരഡിയല്ല ഈ കവിത.
‘അരിയില്ല തിരിയില്ല ദുരിതമാണെന്നാലും നരിതിന്നാൽ നന്നോ മനുഷ്യന്മാരെ’
എന്ന് ‘ഇടശ്ശേരിക്കാലത്ത്’ നമ്മെ പറഞ്ഞുപഠിപ്പിച്ച കഥയുടെ ഒരു എതിർ സോഫ്റ്റ്‌വെയർ ഉപയോഗിച്ചാണ് ഇതിന്റെ നിർമിതി. കേരളീയ നവോത്ഥാനം എന്നു പറയുന്ന പ്രതിഭാസം നമ്മിൽനിന്ന് മാഞ്ഞുപോയതാണോ, അതോ കാലത്തിന്റെ മാറുന്ന സോഫ്റ്റ്‌വെയർ എടുത്തുപയോഗിക്കാൻ അറിയാത്തവർ ഉച്ചരിക്കുന്ന ഒരു വെറും വാക്കാണോ, ചരിത്രമാണോ അത്. അങ്ങനെയും ഇപ്പോൾ ചോദ്യങ്ങൾ ഉയരുന്നുണ്ട്.

കുഞ്ഞുങ്ങളുടെ വിശപ്പോർത്ത് സഹിക്കാതെ എളുപ്പവഴിയേ പോയി നരിയുടെ മുന്നിൽപ്പെട്ട നിസ്വവർഗ്ഗത്തിലെ തൊഴിലാളിക്ക് ബുദ്ധപ്രതിമ ‘മറിച്ചിട്ട്’ ക്രൂരമായ മൃഗത്തെ മറികടക്കേണ്ടിവന്നു, എന്നിടത്തുതന്നെ ഇടശ്ശേരി ഒരു പുതുചരിതം വിഭാവനം ചെയ്തിട്ടുണ്ട്. ഗാന്ധിസവും മാർക്സിസവും തമ്മിലുള്ള ഒരു അന്തഃസംഘർഷം എടുത്തുകാണിക്കാൻ ഇങ്ങനെയൊരു സോഫ്റ്റ്​വെയർ കവിക്കു തന്നെ എടുത്തുപയോഗിക്കേണ്ടിവന്നു?. മാർക്സിസം മാഞ്ഞ്, കേവലം ഇലക്ടറൽ ബോണ്ട്‌ രാഷ്ട്രീയമായി മാറിയ കാലത്ത് ഇടശ്ശേരിയെ അധികമാർക്കും മനസ്സിലാകണമെന്നില്ല. നവോത്ഥാനം എന്ന ഓമനപ്പേരിൽ കാലങ്ങളായി പാർലമെന്ററി വോട്ടുബാങ്കിലൂടെ കൈമാറിപ്പോരുന്ന അക്കൗണ്ടിൽ, മായ്ച്ചുകളയാൻ പറ്റാത്തമട്ടിൽ ഒരു ഐതിഹ്യകഥയായി അത് മാറി.

‘ബുദ്ധാ,
അവനും ഞാൻ പറയുന്നതനുസരിക്കുന്നുണ്ട്
അവനിപ്പോൾ പച്ചയിറച്ചി തിന്നാറില്ലല്ലോ
മാനിനെയോ മുയൽകുഞ്ഞിനെയോ പോലും
ചാടിവീണ് കൊല്ലാറില്ല
കാച്ചിയ മോരൊഴിച്ച് ഒപ്പിവടിച്ച്
ഞാനുരുട്ടിക്കൊടുക്കുന്ന ഉരുളയും ഓലനും കഴിച്ച്
അഹിംസാവാദിയായി പതുങ്ങിക്കിടക്കുന്നത് കണ്ടില്ലേ?’

ആരാണ്, ഇന്ന് ആ അഹിംസാവാദി?
പരിണാമം ആരുടെയായിരിക്കണം?
ചരിത്രത്തെ വളരാൻ വിടാതെ ആത്മജൽപ്പനങ്ങളുടെ കൂടയിലാക്കി വെക്കുന്ന, ഒരു ജാതിസ്വരൂപം, ചിലരെങ്കിലും കരുതുമ്പോലെ നവമുതലാളിത്തത്തിന്റെ പ്രശ്നമായല്ല, ഉയർത്തിക്കാട്ടേണ്ടത്. കേരളത്തിലും ഇന്ത്യയിലാകമാനവും ഇന്ന് അതിന് കരാളത്വമുണ്ട്.

പാവം പുലി, എന്തൊരു സാധുമൃഗം അല്ലേ?
അതിനെ എന്റെ മടിയിൽ കിടത്തിയിരിക്കുന്നു
-അതിനെ പ്രേമമെന്നാണോ വിളിക്കേണ്ടത്..?
ഇതാണോ കവികൾ പറയുന്ന പ്രേമം?
എന്ന ചോദ്യങ്ങൾ ബുദ്ധനോടുതന്നെ ചോദിക്കുന്നു.

ഭാഷ ഊറക്കിട്ടുവച്ച് ക്ലാസിക് പദവി നേടിയെടുക്കാൻ വേണ്ടിയുള്ള ഒന്നല്ല. അത് നടപ്പായിപ്പോന്ന കാലങ്ങളിലൂടെയുള്ള അനുഭവബോധമുണ്ട്. ഇടശ്ശേരി, തന്നെ സ്വയം തിരുത്തിക്കൊണ്ടായിരുന്നു, കവിതയിൽ ഒരു പരിവർത്തനകാലത്തെ സ്ഥാപിച്ചത്. എന്നാൽ, ആൺ മേൽക്കോയ്മയുടെ സൂക്ഷ്മദർശിനിക്കുഴലിലൂടെ ചിട്ടപ്പെടുത്തിയ ആ ചരിത്രത്തിനകത്ത് അതും തറഞ്ഞുകിടന്നു. അതിനോടുള്ള ശക്തമായ ഒരു പ്രതികരണമായി വേണം, സ്ത്രീയുടെ ഭാഗത്തുനിന്നുകൊണ്ടുള്ള പുലിയുടെ ‘നവചരിത്ര’വാദം പറച്ചിൽ. അതേ സമയത്ത് സ്ത്രീകർതൃത്വത്തിന്റെ പലമയിലേക്കുള്ള പകർന്നാട്ടമായും ഇത് വിലയിരിത്തപ്പെട്ടു.

ഇടശ്ശേരി
ഇടശ്ശേരി

ഡോ. ജി. ഉഷാകുമാരിയുടെ ഭാഷയിൽ പറഞ്ഞാൽ, സ്ത്രീയുടെ കർതൃത്വത്തെ ‘പലപ്പോഴും ജന്തു ജീവലോകങ്ങളിലേക്കും ഭൂതപ്രേതയക്ഷി ജന്മങ്ങളിലേക്കും പറിച്ചുനട്ടും മറ്റൊരു സാധ്യതയെ തേടുന്നു.’ മാത്രമല്ല, പല കവിതകളിലും ജന്തുത്വത്തിന്റെ ഈ വേഷമാറ്റം ഒരു താക്കോൽ ആശയമായി വരുന്നുണ്ട്. ദ്വന്ദ്വബോധമായി മാത്രം നമ്മുടെ മനസ്സിൽ നിലയുറപ്പിച്ചവയൊന്നും അതുമാത്രമായി നിൽക്കാൻ യോഗ്യമല്ലാത്തവിധം ലിംഗബോധം ഇന്ന് മാറിപ്പോയി. സ്ഥാവര-ജംഗമങ്ങളെ കുറിക്കുന്ന ബോധം പോലും കഴിഞ്ഞകാലം ഉണ്ടാക്കിവച്ചത് മാത്രമായി ഇന്ന് നിൽക്കുകയില്ല. ഡയസ്പോറകളും മാറുന്ന സാങ്കേതികബോധവും അധികാരഭാവനയെക്കുറിക്കുന്ന ഭാഷാപരവും ലിംഗപരവുമായ പരികല്പനകളെത്തന്നെ മാറ്റിപ്പണിതുകൊണ്ടിരിക്കുന്നു. ഒരുപക്ഷേ അറിവിന്റെ പഴം തിന്ന അവ്വയ്ക്ക്, ഇന്ന് പഴയ സെൻസിബിലിറ്റിയിൽ നിന്നുകൊണ്ട്, വെറുതെ നട്ടം തിരിയാനേയാവൂ, ഒന്നും രൂപീകരിച്ചെടുക്കാനാവില്ല. ഈ ഗതികേടാണ് ഒരുപക്ഷേ ജാതിക്കാത്തോട്ടം എന്ന സമാഹാരത്തിലെ കവിതകൾ വിളംബരം ചെയ്യുന്ന ആത്മതത്വം.

പുലിജന്മം എന്ന കവിതയിൽ വേറൊരു പുലിയാണ്. അടിയറവുകൊണ്ട് നഖവും പല്ലും മൂർച്ച കെട്ടുപോയ കഥയാണ് ഈ പുലിയുടേത്.
‘അങ്ങനെകിടന്നു കിടന്ന്
വിശക്കുമ്പോൾ പുല്ലു തിന്ന്
യാത്രികരുടെ ഉരുള വാങ്ങിയുണ്ട്
പുലിപ്പല്ലിന്റെ മൂർച്ചയും
പുലിനഖത്തിന്റെ അലകും പോയി 
പുലിക്ക് അപ്പോൾ
16 വയസ്സ്
പതിനാറുവയതിനിലേ പാൽപ്പല്ലു കൊഴിഞ്ഞ പുലി
പാലു കുടിച്ചു
പാതി മയങ്ങിക്കിടക്കേ…’

ശത്രു ആഗതനായപ്പോൾ -
‘വാസവദത്തക്ക്
ഉപഗുപ്തൻ വന്നപോലെയാ’യി 
എന്നാണ് ഈ പുലിയുടെ കഥയിലെ ട്വിസ്റ്റ്.

കുമാരനാശാൻ
കുമാരനാശാൻ

ആശാൻ കവിത നിലകൊണ്ട കാലത്തോടുള്ള ഒരു പ്രതികരണം ഇതിലുണ്ട്. മൂന്ന് പ്രണയം ഉണ്ടായിരുന്ന അയാൾക്ക് പുലിയായിത്തീരാൻ യോഗ്യത വന്നത്,
‘പുലിയുടെ ജന്തുത്വത്തിനില്ലാത്ത
മനുഷ്യത്വം അയാൾക്കുണ്ടായിരുന്നതുകൊണ്ട് ആയുസ്സെത്തും മുമ്പ് അവൾ പുഴയിൽചാടി
ജീവിതം ക്ഷണഭംഗുരം! ഹാ! പുഷ്പമേ!’
എന്നൊരു ചരിത്രം കൂടിയുണ്ട്.

ആശാന്റെ വാസവദത്തക്ക് സമീപമെത്തിയ ഉപഗുപ്തന്, അവൾക്ക് മോക്ഷം വിധിക്കാൻപോന്ന എന്ത് ചരിത്രമാനുഭവമാണുള്ളത്, എന്നൊരു ചോദ്യം വാസവാദത്ത കിടക്കുന്ന ചുടലയിൽനിന്ന് ഉയരുന്നുണ്ട്, എന്നർത്ഥം.

പ്ലാവില എന്ന കവിത (കീഴടങ്ങലിന്റെ) വേഷപ്പകർച്ചയുടെ ഏറ്റവും ഉദാത്തവും വേദനാജനകവുമായ ഒരവസ്ഥയെ കാണിക്കുന്നു. പ്ലാവിലയുടെ മാദകഗന്ധം നുണഞ്ഞ് അയാളുടെ അഭ്യാസത്തിന് പാകമായി ഭവിക്കുന്ന അവളുടെ കർതൃകപ്രക്രിയ ഒരുതരം ഗദ്യപ്പേച്ചിലൂടെ അവതരിപ്പിക്കുന്നു. ആസക്തമായ ലോകത്ത് പൊടുന്നനെ മറന്നുവെക്കാവുന്ന ചില ആശയങ്ങൾ ഉണ്ട്. പിന്നെയൊരു ഘട്ടത്തിൽ അവ അവിടുന്ന് കണ്ടെടുക്കുക പ്രയാസമായിരിക്കും. ഈ ആലോചന, നിരന്തരമായ ലിംഗാവബോധത്തിലൂടെ സഞ്ചരിക്കുന്ന ഒരു ചരിത്രപ്രജ്ഞയെ തിച്ചറിയുന്നു. ബുദ്ധന്റെ പ്രജ്ഞയും കരുണയും തത്വവും കഥ പറയാൻ കൊള്ളാം. പ്രജ്ഞയുടെ പരസ്പര പ്രേഷണം, ചരിത്രം എവിടെയോ തടഞ്ഞു നിർത്തിയിട്ടുണ്ട്. അതിനോടുള്ള വിദൂഷക സ്വഭാവത്തിലുള്ള ഒരേറ്റുമുട്ടൽ ഈ കവിതയിലും തിളയ്ക്കുന്നുണ്ട്.

മലയാളത്തിലെ ആധുനിക കവിതയിൽനിന്ന് പുതുകവിതയിലെത്തിയപ്പോൾ സംഭവിച്ച ഒരു സുപ്രധാനമാറ്റം, സൂക്ഷ്മരാഷ്ട്രീയത്തിനും സൂക്ഷ്‌മ വ്യാകരണത്തിനും കിട്ടിയ ഊന്നലും സ്വീകാര്യതയുമാണ്.

രണ്ട്

ലയാളത്തിലെ ആധുനിക കവിതയിൽനിന്ന് പുതുകവിതയിലെത്തിയപ്പോൾ സംഭവിച്ച ഒരു സുപ്രധാനമാറ്റം, സൂക്ഷ്മരാഷ്ട്രീയത്തിനും സൂക്ഷ്‌മ വ്യാകരണത്തിനും കിട്ടിയ ഊന്നലും സ്വീകാര്യതയുമാണ്. ഘടനാവാദാനന്തരപരമായ ഈ മാറ്റം കർതൃത്വവിശേഷങ്ങളിലും മാറ്റം കൊണ്ടുവന്നു. വലിയ ആഖ്യാനങ്ങളെ രണ്ടാംതരമായി കണ്ടത് കേവലം ആശയപരമായ ഒരു മാറ്റമായിരുന്നില്ല. 90-കളിൽ ലോകമെമ്പാടുമുണ്ടായ ദേശരാഷ്ട്രങ്ങളുടെ ശിഥിലീകരണ സ്വഭാവത്തിൽനിന്ന് നവമുതലാളിത്തത്തിന്റെ വളർച്ച ലോകമെമ്പാടുമുണ്ടാക്കിയ അധികാരത്തെക്കുറിച്ചുള്ള പുതിയ സംപ്രത്യയങ്ങളിൽ നിന്നുമാണ്. ഒരുപക്ഷേ മെഗാ ദേശീയതയോടും ഡാംഭികമായ സ്ഥാപനങ്ങളോടും ഒരുതരം നിഷേധപ്രതികരണം എന്ന മട്ടിലായിരുന്നു. അത് നമ്മുടെ കവിതയിലും അതിന്റെ ഫലം കൊയ്‌തു. ഒറ്റ ഉദാഹരണം കൊണ്ട് സൂചിപ്പിച്ചാൽ, കെ. ജി. ശങ്കരപ്പിള്ളയുടെ ബംഗാളിൽനിന്ന് കൊച്ചിയിലെ വൃക്ഷങ്ങളിൽ എത്തുമ്പോൾ നമുക്കതിന്റെ വ്യത്യാസം മനസ്സിലാകും. വൃക്ഷങ്ങളുടെ ‘ഓംകാര’ത്തിൽനിന്ന് ഫർണിച്ചറിലേക്കുള്ള കച്ചവടദൂരം സുഗമമായതാണത്.

കെ.ജി.എസ്‌
കെ.ജി.എസ്‌

കീഴാളവാദം കവിതയിൽ കടതുറക്കുന്നതിന് അവ പുതിയ ചാലുകൾ വെട്ടിത്തുറന്നു. സ്ത്രീവാദം, ദലിത്‌വാദം എന്നിവ സജീവമായി. സ്വത്വരാഷ്ട്രീയ പരികല്പനകൾ ഈ മാറ്റത്തെ കുറേക്കൂടി കീലിട്ടുറപ്പിച്ചു.

പരിഭാഷയിൽ യൂറോ -കേന്ദ്രിത ടെക്സ്റ്റുകളിൽനിന്ന് വ്യാപകമായ മാറ്റമുണ്ടാവുന്നതും ഇക്കാലത്താണ്. ഏഷ്യൻ, ആഫ്രിക്കൻ, ലാറ്റിനമേരിക്കൻ പരിഭാഷകളിലേക്കുള്ള സഞ്ചാരം കൂടുന്നതോടെ പരിഭാഷയെക്കുറിച്ചുള്ള കൊളോണിയൽ ആശയങ്ങൾക്കും മാറ്റം വന്നു. തുറന്നുവച്ച ചന്തയിൽ, എല്ലാ ആഖ്യാനങ്ങൾക്കും തുറസും വിപണിയും കിട്ടി. ചെറിയ ആഖ്യാനങ്ങളുടെ ബഹുലത കൊണ്ട് മലയാളകവിതയും സജീവമായി.

രണ്ട് പതിറ്റാണ്ടുകൊണ്ടുതന്നെ കിതച്ചുപോയ ഒരു പാരമ്പര്യവും നമ്മുടെ പുതുകവിതക്കുണ്ട്. സ്വത്വരാഷ്ട്രീയ പരികല്പനകൾ പ്രവിശാലവും നവജാഗ്രത്തായും ഉപയോഗിക്കാൻ കഴിയാതെ, നവകല്പനികമായ ഒരു ചട്ടക്കൂടിലേക്ക് പുതുകവിത പരിണമിക്കുന്നതായി അതിന്റെ ഉത്തരദശയിൽ അനുഭപ്പെടുന്നു. മെല്ലെമെല്ലെ, ‘ഉത്തമപുരുഷ’രുടെ സൂക്ഷ്‌മരാഷ്ട്രീയത്തിന്റെ കാല്പനിക മുദ്രകളായി പന്നിപ്പേറ് പോലെ പുതുകവിത മുൻകൈ നേടി. കാല്പനികവാദം ഒരു കാലത്ത് മലയാള കവിതക്ക് സമ്മാനിച്ച ചിന്തകളിലെയും രൂപങ്ങളിലെയും വിപ്ലവ ജാഗ്രത ഒരുപക്ഷേ നവകാല്പനികതയ്ക്ക് സമ്മാനിക്കാൻ കഴിയാതെ പോയി. ആധുനികത പ്രസരിപ്പിച്ച സ്വതന്ത്ര മാനവികവാദം (liberal humanism) മെല്ലെമെല്ലെ മലയാള കവിതയിൽനിന്ന് നീങ്ങിപ്പോവുകയും ചെയ്തു. വൻകിട രാഷ്ട്രീയത്തിന്റെ (Macro Politics) പ്രവിശാല കാഴ്ചപ്പാടുകൾ നമ്മുടെ കവിത ഏറെക്കുറെ അവസാനിപ്പിക്കുകയും ചെയ്തു. ആധുനികത ഭാഷയിലും ടെക്‌നിക്കിലും കൊണ്ടുവന്ന ബഹുമുഖമായ പരീക്ഷണങ്ങളും ഒരു പരിധിവരെയടങ്ങി.

ഒക്കെ സമ്മതിച്ചാലും, ലോകത്തിന്റെയും ഇലക്ട്രോണിക് മാധ്യമീകരണ വ്യവഹാരങ്ങളുടെയും കുതിച്ചുപായൽ മനുഷ്യജീവിതത്തിലും രാഷ്ട്രീയമുന്നേറ്റത്തിലും ഉണ്ടാക്കിയ മാറ്റം കാണാതെ കവിതയിലൂടെ ലോകത്തെ /പ്രപഞ്ചത്തെ കാണുന്നതിൽ പരിമിതികളേറെയുണ്ട്. ഇലക്ട്രോണിക് സാങ്കേതിക പദ്ധതികൾ ഒരുപക്ഷേ ഏറ്റവും സൂക്ഷ്മ രൂപത്തിലും ചങ്ങാത്ത മുതലാളിത്തത്തിന്റെ അദൃശ്യാകാരരൂപത്തിലും തിളങ്ങിയ രണ്ടുമൂന്നു ദശകങ്ങളിലൂടെയാണ് നാം കടന്നുപോന്നത്.

അറുപതുകൾ തൊട്ടേ ലോക സാഹിത്യത്തിൽ ഭാവന കൊണ്ട് കൊണ്ടാടിയ, ഡിസ്റ്റോപ്പിയൻ രൂപകങ്ങൾ ശാസ്ത്രത്തിന്റെയും വൻ ഭരണകൂട പദ്ധതികളുടേയും ഒത്താശയോടെ സാക്ഷാൽകൃതമായ കാലവും ഇതുതന്നെ. മാത്രമല്ല, പരസ്യവിപണി ഇലക്ട്രോണിക് സാങ്കേതിക വിപണിയ്ക്കകത്ത് ധൂളീകൃതമായ ഓജസ്സോടെ പല മാനങ്ങളിലുള്ള പരീക്ഷണങ്ങൾക്ക് കളമൊരുക്കുകയുണ്ടായി.

ആധുനികത അക്കാലത്തെ ലോകരാഷ്ട്രീയത്തിന്റെ ആലോചനകൾക്കുള്ളിൽനിന്നുകൊണ്ട് രൂപപ്പെടുത്തിയ കാവ്യപരീക്ഷണങ്ങൾ അന്നത്തെ വൻ പരസ്യവിപണിയുടെ ആഖ്യാനതന്ത്രം തിരിച്ചറിഞ്ഞുകൊണ്ടുകൂടിയായിരുന്നു  Photo: Penguin Books
ആധുനികത അക്കാലത്തെ ലോകരാഷ്ട്രീയത്തിന്റെ ആലോചനകൾക്കുള്ളിൽനിന്നുകൊണ്ട് രൂപപ്പെടുത്തിയ കാവ്യപരീക്ഷണങ്ങൾ അന്നത്തെ വൻ പരസ്യവിപണിയുടെ ആഖ്യാനതന്ത്രം തിരിച്ചറിഞ്ഞുകൊണ്ടുകൂടിയായിരുന്നു Photo: Penguin Books

ആധുനികത അക്കാലത്തെ ലോകരാഷ്ട്രീയത്തിന്റെ ആലോചനകൾക്കുള്ളിൽനിന്നുകൊണ്ട് രൂപപ്പെടുത്തിയ കാവ്യപരീക്ഷണങ്ങൾ അന്നത്തെ വൻ പരസ്യവിപണിയുടെ ആഖ്യാനതന്ത്രം തിരിച്ചറിഞ്ഞുകൊണ്ടുകൂടിയായിരുന്നു എന്നൊരഭിപ്രായം എനിക്കുണ്ട്. റോളാങ്ങ് ബാർത്തിന്റെയും മറ്റും നവീകരിക്കപ്പെട്ട മിത്ത് വായനകൾ ഒരുപക്ഷേ, അവയ്ക്ക് ഏറെ പ്രചോദകവുമായിരുന്നു.

വിപണിയും പരസ്യവും തമ്മിലുള്ള ബന്ധം സുവിദിതമാണല്ലോ. മനുഷ്യരുടെ ജീവിതായോധനവുമായി ബന്ധപ്പെട്ട മനുഷ്യനിർമിതമായ ഒരു വ്യവഹാരമേഖല തന്നെയാണ് അതും. ആഗോള കലാചരിത്രങ്ങളിൽ അവയുടെ ശക്തമായ അനുരണനങ്ങൾ എന്നുമുണ്ടായിട്ടുണ്ട്. എന്നാൽ, നമുക്കിടയിൽ നടമാടിയ സൂക്ഷ്മരാഷ്ട്രീയ- സ്വത്വരാഷ്ട്രീയ പരികല്പനകളും ചർച്ചകളും ഒരു പരിധിവരെ ഇത്തരം ആഗോള മാത്രകളെ മറച്ചുപിടിക്കുകയോ അവഗണിക്കുകയോ ആണ് ചെയ്തത്. ഇന്ത്യയിൽ സജീവമായിക്കൊണ്ടിരുന്ന ജാതിരാഷ്ട്രീയത്തിനും വിശാലമായൊരു മാനവിക ചട്ടക്കൂട് രൂപീകരിക്കാനായില്ല. വൻ ആഖ്യാനങ്ങളോടുള്ള കേവലം പ്രത്യയശാസ്ത്രമായ ഒരതൃപ്തി മാത്രമായി അവ മാറുകയും പ്രയോഗത്തിൽ സ്വത്വ രാഷ്ട്രീയമാനങ്ങളെ കൂടുതൽ ഇടുക്കത്തോടെ കൈകാര്യം ചെയുന്ന ഒരു ബ്രാൻഡ് ആയി അവ അവശേഷിക്കുകയും ചെയ്തു.
1990-കൾ തൊട്ട് തെഴുത്തുവന്ന കവിതയിലെ സൂക്ഷ്മരാഷ്ട്രീയം ഒരു ഘട്ടമെത്തിയപ്പോൾ പരിവർത്തനദശയെ അഭിമുഖീകരിക്കാതെ നിന്നിടത്തുനിന്ന് തൂറ്റുന്ന കരിമരുന്ന് പോലെയായിത്തീരുകയാണുണ്ടായത്.

സൂക്ഷ്‌മരാഷ്ട്രീയം, സ്വത്വവാദം, സ്ത്രീവാദം എന്നിവയൊക്കെ പുതുകവിതയ്ക്ക് രാഷ്ട്രീയവും ശില്പവിധാനവും തീർക്കുന്നതിൽ അവയുടെ പങ്കുവഹിച്ചിട്ടുണ്ട്.

ലോകരാഷ്ട്രീയവും അവയുടെ സാംസ്‌കാരിക ഭൂപടവും നമ്മുടെ കാവ്യപരിസരത്തുനിന്നും കല്പനകളിൽനിന്നും മാറിപ്പോയതിന്റെ ഉത്തരവാദിത്തം സത്യത്തിൽ പൂർണമായും നടേ പറഞ്ഞ ആശയങ്ങളിലോ പ്രസ്ഥാനങ്ങളിലോ ആണെന്നൊന്നും ഞാൻ ആരോപിക്കുന്നില്ല. സൂക്ഷ്‌മരാഷ്ട്രീയം, സ്വത്വവാദം, സ്ത്രീവാദം എന്നിവയൊക്കെ പുതുകവിതയ്ക്ക് രാഷ്ട്രീയവും ശില്പവിധാനവും തീർക്കുന്നതിൽ അവയുടെ പങ്കുവഹിച്ചിട്ടുണ്ട്.

ലോകം / ഭൂഖണ്ഡം മുതലായവ വെറും ഭൂമിശാസ്ത്ര പരികല്പനകളല്ല. മനുഷ്യവംശത്തിന്റെ ബഹുലരൂപപരമായിട്ടുള്ള ഭൂപടം കൂടിയത്രേ. 1990-കളോടെ ‘ഗ്ലോക്കൽ’ (Global + Local) എന്നൊരു പ്രയോഗം തന്നെ ഇതേ ഉൾക്കൊള്ളലിന്റെ രാഷ്ട്രീയത്തിൽനിന്നുമുണ്ടായതാണ്. അതുകൊണ്ടുതന്നെ, ഏതു ഭാഷയിൽ സാഹിത്യ രൂപങ്ങൾക്കും ഈ മനുഷ്യയാഥാർഥ്യങ്ങളിൽനിന്നും ഒറ്റക്ക് നിൽക്കാവതല്ല.

ആറ്റൂര്‍ രവിവര്‍മ
ആറ്റൂര്‍ രവിവര്‍മ

പുതുകവിത തുടക്കദശയിൽ ഇക്കാര്യം മനസ്സിലാക്കിക്കൊണ്ടുതന്നെയാണ്, വൻ ആഖ്യാനങ്ങളോടുള്ള പ്രതിരോധം ആരംഭിച്ചതെങ്കിലും പിന്നെപ്പിന്നെ സ്വത്വരൂഢതയിലും തൊട്ടുകൂടായ്മയിലും ശില്പത്തിന്റെ ക്ലിഷേ രൂപങ്ങളിലും ചാരി വിശ്രമിക്കുകയാണുണ്ടായത്. ഡയസ്പോറയുടെ യാഥാർഥ്യങ്ങൾ കൊണ്ട് ജീവിതം പണിതുണ്ടാക്കുന്ന ഏതു ജനവിഭാഗത്തിനും സ്വത്വ നിലകളെ പരിഷ്കരിച്ചും വിപുലീകരിച്ചും കൊണ്ടല്ലാതെ വാഴ് വ് ദുഷ്കരമാണ്. മലയാളകവിതയുടെ ചരിത്രം പരിശോധിച്ചാലും ഇക്കാര്യം ബോധ്യമാവും. ആധുനികരുടെ കൂടെയാണ് സ്ഥാനമെങ്കിലും ഇക്കാര്യം നന്നായി മനസ്സിലാക്കിയ ഒരാളാണ്, ആറ്റൂർ. പുതുമൊഴിവഴികൾ എന്ന സമാഹാരം എഡിറ്റ് ചെയ്തുകൊണ്ട് പുതുകവിതക്ക് ഒരു അതിർത്തിരേഖ വരച്ചു.

ഒരുപക്ഷേ, നമ്മുടെ കഥാസാഹിത്യം, നോവൽ, തുടങ്ങിയ സാഹിത്യരൂപങ്ങൾ മറ്റൊരു വഴിക്കാണ് സഞ്ചരിച്ചത്. ഉത്തരദശയിൽ ഡയസ്പോറയുടെ വിശാല മനുഷ്യപ്രദേശത്തെ വലിയ ക്യാൻവാസിൽ പകർത്താൻ അവ കൂടുതൽ മിടുക്ക് കാട്ടി-പ്രത്യേകിച്ചും നോവൽ സാഹിത്യം. പല നിരൂപകരും ശ്രദ്ധിക്കപ്പെടാതെ പോയൊരു കാര്യമുണ്ട്. മലയാള കവിതയിൽ, പ്രവാസി കവികളാണ് ഡയസ്പോറയുടെ മനുഷ്യസ്വത്വ വിശേഷങ്ങളും വിദേശ തൊഴിൽ ഡയസ്പോറയും സജീവമായി കവിതയിലേക്ക് ചേർത്തുവച്ചത്. 90-കൾ മുതൽ രണ്ടായിരാമാണ്ടിന്റെ ആദ്യ ദശകങ്ങൾ വരെയുള്ള കാലം അതിന്റെ പുഷ്കലകാലമാണ്.

മീന അലക്സാണ്ടര്‍, കമലാദാസ്
മീന അലക്സാണ്ടര്‍, കമലാദാസ്

പെൺകവിതയാണ് നമ്മുടെ വിഷയമെന്നിരിക്കെ അങ്ങനെ ഒഴിവായിപ്പോയ ചിലരെ ശ്രദ്ധിക്കാനാണ് ലേഖനത്തിന്റെ ഭാവം. ഇക്കാലയളവിൽ, ബിന്ദു സന്തോഷ്‌, ദേവസേന, രഹ്‌ന ഖാലിദ് തുടങ്ങിയവർ താന്താങ്കളുടെ തൊഴിൽ ഡയസ്പോറയിൽ പരിചയിച്ച സ്ത്രൈണ സ്വത്വപ്രമാണങ്ങൾ പ്രത്യേകമായി കവിതയിൽ അടയാളപ്പെടുത്തുന്നുണ്ട്. മലയാളമണ്ണിൽ വേരുകളുള്ള മീനാ അലക്‌സാണ്ടറും കമലാദാസും അവരവരുടെ പ്രവാസയാത്രകളിൽ കണ്ടെടുത്ത ശക്തമായ കവിതകൾ ഇന്ത്യൻ ഇംഗ്ലീഷ് ഭാഷാ -സാംസ്‌കാരിക സന്ദർഭത്തിൽ കുറിക്കുന്നത് 90-കൾക്ക് മുമ്പാണെങ്കിലും അതിന്റെയൊക്കെ സ്വാധീനം മെല്ലെമെല്ലെ പ്രാദേശിക ഭാഷാസാഹിത്യത്തിൽ എത്തിയത് ഇക്കാലത്താണ്. ‘ഇന്ത്യൻ സമുദ്രത്തിലൂടെ സുഡാനിലെക്കും തിരിച്ചുമുള്ള കപ്പൽയാത്രകൾ തന്റെ കവിതയിൽ പുതിയ ജലസസ്യങ്ങളും സ്ഥലസംസ്കാരങ്ങളുടെ പായലും കൊണ്ടുവന്നു’ എന്ന്, തന്റെ കവിതയിലെ മാറിവന്ന ഫോണ- ഫ്ലോറ യെക്കുറിച്ച്, മീന അലക്സാണ്ടർ രേഖപ്പെടുത്തുകയുണ്ടായി.

സഹീറ തങ്ങള്‍
സഹീറ തങ്ങള്‍

ബിന്ദു സന്തോഷിന്റെ പാൻഗിയ പോലുള്ള കവിത, തൊണ്ണൂറുകളിൽ അടയാളപ്പെടുത്തിയ സ്ത്രീ കാഴ്ചയുടെയാണെങ്കിലും മീനയുടെ എഴുത്തിന്റെ ഡയസ്പോറത്തുടർച്ചയായി കാണാം. തൊഴിൽ ഡയസ്പോറയുടെ മാറ്റത്തോടെത്തന്നെ ലോക ഭൂപടം മലയാളകവിതയിൽ അപ്പോഴേക്കും അസ്തിവാരമിട്ടു. ആ കവിതയുടെ ഉത്തരഖണ്ഡമായ ‘മറുപാതി’യിൽനിന്ന്:
‘ഭാരതത്തിന്റെ
മത സൗഹൃദ നയം പരിപാലിച്ച
എന്റെ ആൺപാതി നെയ്തുവച്ച
ഭൂപടങ്ങളാണ് ഇത്.
ക്ഷമ കെട്ട്, സഹികെട്ട്
ഞാൻ
ഖഡ്ഗം എടുക്കുന്നു
നെയ്ത്തുശാല തുറക്കുന്നു
കാളിയായ് ഉറയുന്നു
തല കൊയ്തു മാറ്റുന്നു.
മദിരാശികൾ
മധുവാണികൾ, കാമാലസകൾ
ശേഷിച്ചവർ
വിരണ്ടോടി മറയുന്നു.
ഒരു പെരുങ്കടൽ,
രക്തം, പ്രളയം
ശമനതാളത്തിൽ
സ്ക്രീനിപ്പോൾ ശാന്തം
ആലിലയിൽ ചാഞ്ചാടി
ഉണ്ണിവിരലുണ്ട്
പാൻഗിയയുടെ ഫോസിൽ മാത്രം.’

പാൻഗിയ എന്ന ഒറ്റഭൂപടത്തിന്റെ അധികാരപരിസരം ഭിന്നമാകുന്നിടത്താണ്, ഇത് ‘അവൾ’ സങ്കൽപ്പിച്ച ഒരു ഭൂപടം തുറക്കുന്നത്. ഇങ്ങനെ സങ്കൽപ്പിക്കാനുള്ള ഊർജം നൽകുന്നത് കവികൾ നേരിടുന്ന പ്രവാസ പരിസരമാണ്.

ബിന്ദു സന്തോഷ്
ബിന്ദു സന്തോഷ്

ദേവസേനയുടെ അടുക്കിവച്ചിരിക്കുന്നത്, 804-ലെ ഷീല പറഞ്ഞത് തുടങ്ങിയ കവിതകളിലും ശക്തമായ തൊഴിൽ ഡയസ്പൊറയെക്കുറിച്ചുള്ള സ്ത്രീമനസ്സ് വിമർശനാത്മകമായി വാചാലമാവുന്നത് കാണാം. 804-ലെ ഷീല പറഞ്ഞത് എന്ന കവിതയിലെ ഒരു സന്ദർഭം:
‘നച്ചൊല്ലു പോലെയതു സംഭവിച്ചു…
ബാസ്കിൻ -റോബിൻ ബിൽഡിലെ -
മിസ് രിച്ചെക്കന്റെ സൈക്കിൾ തട്ടിയിട്ടിന്ന് മൂന്നാംപക്കം..
എനിക്ക് തലകറങ്ങി
അവനെന്തെങ്കിലും സംഭവിച്ചാൽ…
ഏറ്റവും സഹിക്കാൻ കഴിയാത്തത്,
804-ലെ ഷീല പറഞ്ഞതാണ്
എന്റെ ചെവിയാലെ കേട്ടത്
അഹങ്കാരം’

ബിന്ദു സന്തോഷിലും പിൽക്കാലത്ത് ഡോണയിലും ഞാൻ കണ്ട ഫലിതവും സ്ത്രൈണവുമായ സർക്കാസവും ഏറെ സംവാദാത്മകമാണ്.

ബിന്ദു സന്തോഷും രഹ്‌നയും ദേവസേനയും സഹീറ തങ്ങളും നമ്മുടെ കാവ്യവിമർശനമണ്ഡലത്തിൽ വേണ്ടത്ര അടയാളപ്പെടുത്തപ്പെട്ടവരല്ല. അതിനുകാരണം, നാട്ടിൽ അവർ വേണ്ടത്ര ദൃശ്യരല്ല എന്നതത്രെ. വി. മുസഫർ അഹമ്മദ്, രാം മോഹൻ പാലിയത്ത്, കുഴൂർ വിൽ‌സൺ എന്ന ഏതാനും പേരെ മാറ്റിനിർത്തിയാൽ മിക്ക പ്രവാസി ആൺകവികളും ഇതേവിധി നേരിടേണ്ടി വന്നവരാണ്. പ്രവാസം മതിയാക്കി പലരും, എന്നിരുന്നാലും പലരും കവിതയിലും സമൂഹത്തിലും ഇപ്പോഴും പ്രവാസികളെപ്പോലെ അദൃശ്യരാണ്.

ദേവസേന
ദേവസേന

ഡോണ മയൂരയെപ്പോലുള്ളവർ, ഏറ്റവും പുതിയ കവിതയുടെ സ്ത്രൈണമായ ഡയസ്പോറാമുഖം പരിഷക്കരിക്കുന്നുണ്ട്. ഡോണ സമകാലീന കവി എന്ന നിലക്കും പുതിയ പരീക്ഷണങ്ങൾ കവിതയിൽ കൊണ്ടുവരുന്നയാൾ എന്നുള്ളതു കൊണ്ടും സാമൂഹ്യ മാധ്യമങ്ങളിൽ കാര്യമായി ഇടപെടുന്ന വ്യക്തി എന്നതിനാലും കവിതയിലെ ഒഴിവാക്കാൻ പറ്റാത്ത പെൺസാന്നിദ്ധ്യമായി മാറുകയുണ്ടായി.

ഒരുപക്ഷെ, നമ്മുടെ പുതുകവിതാമണ്ഡലത്തിൽ വേറിട്ട സ്വരം കേൾപ്പിച്ചവരിൽ കൂടുതലും പ്രവാസി കവികളാണ്. സ്വത്വപ്രകാശനത്തിലും അവയുടെ വിമർശനത്തിലും ഒരേ രൂഢഘടനയിൽ നങ്കൂരമിടാൻ അവർക്ക് കഴിയില്ല. അതിനുകാരണം, അവർ സ്വത്വത്തെ ചിതറിയ നിലയിൽ അനുഭവിക്കുന്നവരാണ്. ഒരു പരിധി വരെയെങ്കിലും പ്രവാസികൾ ജാതിചിന്തക്ക് പുറത്താണ്. അവരുടെ സമരം അവർ നിലകൊള്ളുന്ന സങ്കീർണമായ തൊഴിൽ ഡയസ്പോറയോടാണ്. എന്നാൽ, ദലിത്‌, സ്ത്രീ സ്വത്വങ്ങൾ വെളിപ്പെടുത്തി നമ്മുടെ കവിത ആധുനികതയിൽനിന്ന് ഭിന്നമാകുന്നതും പുതുകവിതയുടെ കാലത്താണെങ്കിലും ഒരുഘട്ടം പിന്നിടുമ്പോൾ ഈ മണ്ഡലത്തിൽ റാഡിക്കലായ ഒരു പരിവർത്തനദശ സംഭവിക്കുന്നില്ല എന്നാണ് എന്റെ എളിയ നിരീക്ഷണം.

ഡോണ മയൂര
ഡോണ മയൂര

നമ്മുടെ കവിതയിൽ തൊഴിലുമായി ബന്ധപ്പെട്ട ജീവിതയാഥാർഥ്യങ്ങൾ അധികം കടന്നുവരാറില്ല. ആധുനികതയുടെ കാലത്ത് കണ്ട കവിതയുടെ നഗരപാലായനത്തിലും അവയധികം കണ്ടിട്ടില്ല. തൊഴിൽ കവിതക്കു പുറത്താണെന്ന ഒരു മിഥ്യാധാരണ കവിതയിലെ പൂർവസൂരികൾ നമ്മുടെ ഭാഷയിൽ മുമ്പേ പണിതുവച്ചിട്ടുണ്ട്. നാം പിന്നിട്ട സവർണ്ണ മധ്യവർഗ - ഫ്യൂഡൽ ജീവിതാവബോധം നമുക്ക് നൽകിയതാവണം അവ. മറ്റൊരു ഇന്ത്യൻ ഭാഷയിലും നമുക്കിതുപോലെ കാണാനാവില്ല. കവിത സ്വകാര്യമായതോ, സൂക്ഷ്മമായതോ മാത്രമായ സ്വത്വ -അനുഭൂതി സൗഗന്ധികങ്ങളെ അടയാളപ്പെടുത്താൻ മാത്രമായ ഒന്നാണെന്നയറിവ് ജാതിത്രൈവർണികരുടെ ജീവിതവീക്ഷണത്തിൽനിന്ന് കിട്ടിയതാവാം. ജാതിസ്വത്വവും തൊഴിലും വിഭജിച്ചെടുക്കാൻ പറ്റാത്തത്തിനാലാവാം (കീഴാള) പുതുകവിതയിൽ ഒരു മാത്രയെങ്കിലും തൊഴിൽമുഖം കവിതയിൽ തിരയിളക്കമുണ്ടാക്കിയിട്ടുണ്ട്. 

സൂക്ഷ്മരാഷ്ട്രീയവും കവിതയിലെ കീഴാള കല്പനകളും മറ്റു എഴുത്താശയരൂപങ്ങളെപ്പോലെത്തന്നെ പ്രവിശാല ജീവിത്തിന്റെ ഇടം ചുരുക്കിക്കാട്ടുമെന്ന അറിവ് കവിതയെ കൂടുതൽ പരിഷ്കരിക്കാനും സമകാലികമെന്ന മട്ടിൽ വിതാനിക്കാനും പുതിയ ശ്രമങ്ങൾ ഇന്നുണ്ട്.

കാറ്റുപിടിച്ച കാവ്യശിൽപ്പങ്ങൾ

മലയാളത്തിലെ (സ്ത്രീ) കവിതയിൽ പലതരത്തിലുള്ള ആഖ്യാന വിശേഷങ്ങളുടെ ഒരു ജുഗൽബന്തി ആശാലതയുടെ കവിതയെ വേറിട്ടതാക്കുന്നു. ജുഗൽബന്തി എന്ന പ്രയോഗം ഇവിടെ സവിശേഷമാണ്. പല രീതിയിലുള്ള ഭാഷാരൂപങ്ങളും ഇമേജറികളും നിന്ദാ -സ്തുത്യ അലങ്കാരങ്ങളും വാമൊഴിതാളവും ഓർമകളും കവിതയിലേക്ക് എവിടെനിന്നും വലിച്ചുകൊണ്ടുവരാനുള്ള ഭാഷാ സ്വാതന്ത്ര്യത്തെയാണ് ഞാൻ ഈ പ്രയോഗത്തിൽ കാണുന്നത്. പല ദ്രവ്യങ്ങളും പ്രത്യക്ഷപ്പെടുമ്പോലെത്തന്നെ മുഖ്യമാണ് പല ശിൽപ്പങ്ങളും രൂപപ്പെടുന്നത്. ഒന്നിൽമാത്രം നങ്കൂരമിടാതെ പല മനുഷ്യപ്രകൃതങ്ങളിലേയ്ക്കും ഇവ കുടിയേറിപ്പോകുന്നു. സ്ത്രീസ്വത്വങ്ങളുടെ പല അടരുകളും അനാവൃതമാകുന്നു.

കവിത ഒരു പ്രത്യേക ദിശയിൽ അവയുടെ ഫലം നൽകണമെന്ന തത്വം ഒരുപക്ഷേ കാലത്തിന്റെ ജ്ഞാനിമ സമ്പ്രദായവും പ്രാസ്ഥാനികമായ വിശേഷവും ചേർന്ന് രൂപീകരിച്ചെടുക്കുന്നതാണ്. സൂക്ഷ്മരാഷ്ട്രീയവും കവിതയിലെ കീഴാള കല്പനകളും മറ്റു എഴുത്താശയരൂപങ്ങളെപ്പോലെത്തന്നെ പ്രവിശാല ജീവിത്തിന്റെ ഇടം ചുരുക്കിക്കാട്ടുമെന്ന അറിവ് കവിതയെ കൂടുതൽ പരിഷ്കരിക്കാനും സമകാലികമെന്ന മട്ടിൽ വിതാനിക്കാനും പുതിയ ശ്രമങ്ങൾ ഇന്നുണ്ട്. ആധുനികതയുടെ കാലത്തെപ്പോലെയല്ലെങ്കിലും മാക്രോ തലത്തിൽ രാഷ്ട്രീയത്തെ നോക്കിക്കാണാനും ആഗോള രാഷ്ട്രീയത്തിന്റെ പുത്തനൊഴുക്ക് തിരിച്ചറിയാനും ഓരോ കാലത്തെ കലാ സാഹിത്യ രൂപങ്ങൾക്കുമാവണം. ഈ തിച്ചറിവിനോപ്പം ഏറ്റവും സജീവമായി ഇടപെടുന്ന ഏതാനും കവികൾ നമുക്കുണ്ട്.

ആശാലത
ആശാലത

ആശാലതയുടെ എഴുത്തിന്റെ സ്ഥാനം കുറേക്കൂടി ഭിന്നതലത്തിലാണ്. പുതിയ ലോകത്തിലേക്കും അതിന്റ പ്രതിഭാസങ്ങളിലേക്കും കുതിക്കുന്ന (സ്ത്രീ) നോട്ടത്തിന്റെ സർവവ്യാപിത്വം (omnipresence) അവയിലുണ്ട്. എന്നാൽ അത് സർവശക്തമയമായ (Omnipotent) അധികാരത്തിന്റെ നീരാളിപ്പിടുത്തമല്ല. മുകളിൽനിന്നുമുള്ള ആ നോട്ടത്തിൽ ചെറുതുകളെ ആദ്യം കാണുന്നു. ഭാഷണവും പ്രതിഭാഷണവും തമ്മിലുള്ള സംഘർഷം തിരിച്ചറിയുന്നു. ജാതിക്കാത്തോട്ടത്തിലെ മിക്ക കവിതകളിലും ഈ ഡയലക്‌റ്റിക്സ് ഉണ്ട്.

‘പ്രതിഭാഷണത്തിന്റെ സാദ്ധ്യതകൾ നിരന്തരം ഉപയോഗിക്കുന്ന കവിതയാണ് അവ’യെന്ന് ഡോ.ജി. ഉഷാകുമാരി ഈ സമാഹാരത്തിനെഴുതിയ പഠനത്തിൽ പറയുന്നുണ്ട്. പിറുപിറുക്കൽ, മുറുമുറുപ്പ്, ഏറ്റുപറച്ചിൽ, ചിലപ്പ്, റിപ്പോർട്ടിങ്, കമന്റ്റി, തർക്കം, വഴക്ക്...എന്നുവേണ്ട എന്തും കവിതയിലെ ഭാഷണമാക്കി മാറ്റി ഭാഷയുടെയും ജീവിതത്തിന്റെയും നേർരേഖകളെയും ഏകസ്വരതയെയും തകർക്കുന്ന ഒരു വിദ്യ കവിത സദാ പുലർത്തുന്നുണ്ട്, എന്നാണ് വിശദീകരണം.

ജി. ഉഷാകുമാരി
ജി. ഉഷാകുമാരി

പെണ്മയുടെ ദക്ഷിണ്യമില്ലാത്ത ഒരിടപെടൽ കവിത ആവഹിക്കുന്നു. ആൺകോയ്മ ചരിത്രമായി പ്രയോഗിച്ചവ ഭാഷണത്തിൽ തിരിച്ചിട്ടുകൊണ്ട്, ഹാസവും സർകാസവും സൃഷ്ടിക്കുക പതിവാണ്. നമ്മുടെ സാമ്പ്രദായികമായ ലിറിക്കൽ പാരമ്പര്യത്തിനെതിരായ സംഗതിയാണിത്. രാജശ്രീയുടെ, കല്യാണിയെന്നും ദാക്ഷായണിയെന്നും പേരായ രണ്ടു സ്ത്രീകളുടെ കതയിൽ വായനക്കാർ അനുഭവിക്കുന്ന ഭാഷയുടെ സ്വാതന്ത്ര്യമുണ്ട്. അത് നാട്ടുമൊഴികളിൽ സ്ത്രീ തിരിച്ചറിഞ്ഞ സ്വജീവിതവും പുരുഷഗാഥ മറച്ചുപിടിച്ച ആഖ്യാനങ്ങളുടെ രാഷ്ട്രീയവും പറയുന്നുണ്ട്. ഇതുവരെ നമ്മുടെ നോവലുകളിൽ അങ്ങനെയൊന്ന് അനുഭവിച്ചിട്ടില്ല.

ആശാലതയുടെ കവിതയിൽ അവധൂത മട്ടിലുള്ള ഒരു ഫലിതമായി പലയിടത്തും ഈ ഭാഷയെ പടർത്തുന്നുണ്ട്. ഇതൊരു മാറ്റത്തിന്റെ തുടക്കമാണെന്നും ആരാലും നിർമിച്ചെടുത്തതല്ല, പ്രകൃതി തന്നെ ഒരുക്കിയതാണെന്നുമുള്ള മട്ടിലാണ് ഭാഷയുടെ നാട്യം. റിപ് വാൻ വിങ്കിൾ എന്ന കവിത അങ്ങനെയുള്ള മാറ്റത്തെ ഉദ്‌ഗാനം ചെയ്യുന്നുണ്ട്. ആരാണ്, നമ്മുടെ നേരത്തെ ഉണ്ടാക്കുന്നത്?

‘പുലർച്ചെ ചന്ദ്രൻ മടങ്ങിപ്പോയപ്പോഴാകണം
ഒന്നുമയങ്ങി
ഉറക്കത്തിൽ
അവരോടൊത്ത്
ചെസ്സ് കളിച്ചു
കുപ്പിയിലെ വീഞ്ഞ്
ഒന്ന് മൊത്തി -
ഒറ്റത്തവണ
ഏറെ മയങ്ങിപ്പോയോ എന്ന് ഭയന്നുണർന്നപ്പോൾ
നേരം അതേപടി നിൽക്കുന്നു.’

പതിനെട്ടാം നൂറ്റാണ്ടിൽ വാഷിങ്ടൺ ഇർവിങ് സൃഷ്ടിച്ച ആ കഥാപാത്രം ഒരുണർച്ചയുടെ ഗതിമാറ്റ സൂചകമായിരുന്നു. എത്ര തടുത്തുനിർത്തിയാലും ലോകത്തിന് അതിന് കൽപ്പിക്കപ്പെട്ട മാറ്റത്തിന്റെ ഒരു ദിശയുണ്ട്. കാലം നിൽക്കുകയാണെന്നത് വെറും തോന്നലാണ്. ഉള്ളിൽ വളർച്ചയുടെ അടിയൊഴുക്ക് ശക്തമാണ്.

 വാഷിങ്ടൺ ഇർവിങ്
വാഷിങ്ടൺ ഇർവിങ്

ക്വാണ്ടം തിയറിയും ഫിസിക്സും തമ്മിലെന്താണ് ബന്ധം?
അർത്ഥമറിഞ്ഞു പെരുമാറണം എന്ന് പറയാറുണ്ട്. ഏതു വാക്കിനും പ്രയോഗത്തിനും അവയുല്പാദിപ്പിക്കുന്ന ശബ്ദത്തിനും രൂഢിയായ അർത്ഥത്തെ വിട്ട് നമ്മുടെ അർത്ഥങ്ങളുണ്ടാക്കാം. അതിൽ കവിതക്കുള്ള പങ്ക് ചെറുതല്ല. നമ്മുടെ സ്വപ്ന -ജാഗ്രത്തുകൾക്കിടയിലെ സവിശേഷ മണ്ഡലം സജ്ജമാകുന്ന നേരമുണ്ട്. ഉപബോധം നടത്തുന്ന ഒരു പോലീസ് പണി കൂടിയാണത്. സ്വത്വബലങ്ങളുടെ ഉയിരും മെയ്യും ഒന്നിക്കുന്ന രാഷ്ട്രീയം ഉള്ളടങ്ങിയതാണത്. 3-ഡി കണ്ണട ഉപയോഗിച്ച് സിനിമ കണ്ട അനുഭവത്തെ ഇന്ന് നടമാടുന്ന ദേശീയമായ ഉന്മാദഭാഷയിലേക്ക് പരിഭാഷപ്പെടുത്തുമ്പോൾ ക്വാണ്ടം തിയറി ഉപഹാസത്തിന്റെ ഒരു മാറ്റപ്രയോഗമായിത്തീരുന്നു.

സാരമുള്ളത് എന്ന് സാകൂതം ‘ബോധിപ്പിച്ചു’കൊണ്ടിരിക്കുന്നവക്കു പിറകിലുള്ള രാഷ്ട്രീയം ഫലിതരൂപേണയുള്ള ഒന്നാക്കുന്നത് മാറുന്ന കാലവും അതിന്റെ രാഷ്ട്രീയവുമാണ്.

‘കണ്ണട വച്ചുനോക്കി
കൊള്ളാം.
ഉയിരേ, ഉലകേ
രാജ്യം തന്നെ മാറിപ്പോയിരുന്നു.’

‘കാറ് വീട് പൂച്ച പുലി വിമാനം തീപ്പെട്ടിപ്പടം
കമ്പ്യൂട്ടർ നീ ഞാൻ ചുവരിലെ സിനിമാപ്പരസ്യം
ത്രിമാനത്തിൽ
ത്രിവർണ്ണക്കൊടി
ഒക്കെയും 3-ഡി സൗഭഗം
-എത്ര സുന്ദരം
ഇങ്ങനെയൊക്കെത്തന്നെ നിക്കണേ ജഗദീശ്വരാ എന്റെ നാട്
ആചന്ദ്രതാരവും എന്ന് പുളകം കൊള്ളുന്നേരം..’
എന്ന് ഗമയിൽ നിൽക്കുമ്പോൾ, അതാ -

‘ആകാശത്തെത്തുംമുമ്പതിർത്തിയിലെ
കമ്പിവേലിയിലുടക്കി
ഛന്ദസ്സു തെറ്റി
താഴേക്ക്
ഡും
അതോടെ തീർന്നു
കർമ്മകാണ്ഡം.’

റിപ്പബ്ലിക് എന്ന കവിതയിൽ ഈ രാഷ്ട്രീയ ഉപഹാസത്തിന്റെ വിപുലീകരണമുണ്ട്. ദേശരാഷ്ട്രങ്ങൾ പലതും കൊഴിഞ്ഞുപോയിക്കൊണ്ടിരിക്കുന്ന കാലത്ത്, ഏറെ രസത്തോടെ വായിക്കാം ഈ കവിത.

ബിന്ദു സന്തോഷിന്റെ പാൻഗിയയുടെ വമൊഴിമട്ടിലുള്ള അതിരസകരമായ പാരഡി കൂടിയായി ഈ കവിതയെക്കാണാം.

‘നമ്മളിനി വേറെ റിപ്പബ്ലിക്കാടീ,
മാവുട്ടിച്ചേട്ടൻ പറഞ്ഞു
നമ്മക്ക് വേറെ ഭരണഘടനേം കോടീം കോടതീം വേണം’.

സാധാരണ മനുഷ്യരുടെ ആപത്ഛങ്കകൾ, നാടോടി മട്ടിലുള്ള സംഭാഷണരൂപത്തിൽ പകർത്തിയിരിക്കുന്നു. ഒരു നാട്ടിൻപുറം പോലും ദൈനദിന രാഷ്ട്രീയജീവിത വ്യവഹാരങ്ങളുടെ വായനയെ മുൻനിർത്തി എത്ര ബഹുലവും വൈബ്രന്റുമാക്കാമെന്ന് അതീവ രസത്തോടെ ഈ കവിത ബോധ്യപ്പെടുത്തുന്നു. ജാതി - മത -ലിംഗ സ്വത്വങ്ങളുടെ ഉപഹാസത്തോടെയുള്ള ഉറയൂരൽ അതീവരസകരമായി പകർത്തിയിട്ടുണ്ട്.

‘മീനിന്റെ കാര്യം പറഞ്ഞപ്പഴാ
വേറെ രാജ്യമായാപ്പിന്നെ
പേഴക്കാപ്പള്ളീന്ന് മീൻവണ്ടിക്കാരെ
കടത്തിവിടുവോ?
എന്റെ ദേവീ,
മീനില്ലേലച്ഛനൊരു വറ്റ് ചോറെറങ്ങാത്തതാ
ഇനിയിപ്പോ എന്തുചെയ്യും?’

ബഷീറിന്റെ സ്ഥലചരിത്രങ്ങൾപോലെ, ഒരു കുട്ടിക്കളിയുടെ അടിപ്പടവിൽ രാഷ്ട്രീയം കലർത്തിവിടുന്ന മിടുക്കുണ്ട് ഇത്തരം ആഖ്യാനങ്ങളിൽ. കവിതക്ക് ഇഷ്ടികയായി മൊഴികൾ മാത്രം മതി, ശില്പം അത് സ്വയം ആർജ്ജിച്ചുകൊള്ളും.

വൈക്കം മുഹമ്മദ് ബഷീര്‍
വൈക്കം മുഹമ്മദ് ബഷീര്‍

അപസ്മാര ഭാഷണങ്ങൾ

അപസ്മാരത്തെ, ആൺകോയ്മക്കെതിരെയുള്ള സ്ത്രീയുടെ പ്രതിരോധഭാഷ എന്ന നിലയ്ക്ക് ഫ്രഞ്ച് ദർശനികയും എഴുത്തുകാരിയുമായ ജൂലിയറ്റ് മിച്ചൽ മുമ്പേ അടയാളപ്പെടുത്തുകയുണ്ടായി. അധികാരപ്രയോഗം സമൂഹത്തിന്റെതന്നെ ഘടനാപ്രയോഗമായി മാറിയതിന്റെ ഓർമകളോട് സ്ത്രീയുടെ ശരീരഭാഷ സ്വകാര്യമായി സൂക്ഷിക്കുന്ന ഒരു പ്രതിരോധ മാനകം ഈ ‘രോഗ’മുറയിലുണ്ട്. അടക്കി ഭരിക്കുന്ന സ്ഥാപനങ്ങളോടുള്ള ശാരീരികവും ഭാഷപരവുമായ ഒരു പ്രതീകാത്മകമായ എതിരിടൽ എന്ന നിലയ്ക്ക് അപസ്‌മാരത്തിനുള്ള പ്രത്യേകതകൾ മിച്ചൽ വിശദീകരിച്ചിട്ടുണ്ട്. ഇങ്ങനെയൊരു ഭാഷാ കണ്ണാടിയിലൂടെ സ്ത്രീയുടെ അപസ്മാരതുല്യമായ കാവ്യഭാഷയെയും അടയാളപ്പെടുത്തിയ ഒരു കാലം നമുക്കുണ്ടായിരുന്നു. സ്ത്രീകളുടെ എഴുത്തിൽ ആൺകോയ്മയോടുള്ള പലതരത്തിലുള്ള അപസ്മാരരൂപങ്ങൾ കാണാം. അവ വിലാപം മാത്രമായി ചുരുക്കുന്ന കാലവും കഴിഞ്ഞു. (ഇതിഹാസങ്ങളിൽ പല വിശ്രുതരായ സ്ത്രീകഥാ പാത്രങ്ങളുടെയും വിലാപങ്ങൾ ഓർക്കുമല്ലോ).

മിത്തും മനുഷ്യനും തമ്മിലുള്ള ബന്ധത്തെ കേവലം സ്ഥാവരസ്വഭാവത്തിൽ പുനരാനയിക്കുന്ന ആശയങ്ങളെ ഈ കവിത തിരസ്കരിക്കും. തീവ്ര വലതുപക്ഷ ആശയങ്ങളെ കണക്കിന് കൊട്ടും.

സ്വത്വരാഷ്ട്രീയവുമായി ബന്ധപ്പെടുത്തി അവയെ വായിക്കുന്ന ഒരു കാലത്ത്, അവയുടെ രാഷ്ട്രീയ അർഥങ്ങൾ മാറിവന്നു. പുതുകവിതയിൽ ഇങ്ങനെയുള്ള ഒരു മൗലിക മാറ്റമുണ്ടായിട്ടുണ്ട് - പ്രത്യേകിച്ച് ഇക്കാലയളവിലെ ദലിത്‌ കവിതയിൽ. അപസ്‌മാരത്തിന്റെ / വിലപനത്തിന്റെ /പ്രേതഭാഷണത്തിന്റെ നിരവധി അപഭ്രംശങ്ങൾ കിറുക്കിന്റെയും പ്രതിഭാഷണങ്ങളുടെയും ഫലിതത്തിന്റെയും ആക്ഷേപഹാസത്തിന്റെയും ഭാഷാരൂപമായി മാറുന്നതാണ്, ആശാലതയുടെ കവിതയിലെ വികാര - വിചാര ഭാവ വിശേഷം. കർതൃത്വം വിദൂഷകത്വം നിറഞ്ഞ ഒരു കോമാളിയുടെയായിത്തീരുന്നു. സ്ത്രീയെന്ന പൊതുഘടനയിൽ നിന്നു മാറി സമൂഹത്തിൽ രാഷ്ട്രീയപൗരത്വമണിയുന്ന ഒരുവളുടെ കാവ്യവിവർത്തനമായി അവ മാറുന്നു.

മിത്തുകളെ, അപപുരാവൃത്ത ഭാഷണത്തിന് പ്രയോജനപ്പെടുത്തുക, കഥകളിലൂടെയും നാട്ടുമൊഴികളിലൂടെയും സ്വപ്നതുല്യമായ അപഭ്രംശസ്വഭാവമുള്ള ഭാഷാകർതൃത്വങ്ങൾ ഉണ്ടാക്കുക, രാഷ്ട്രീയ രൂപകങ്ങളെ ആധുനിക പ്രയോഗമുറയുമായി ചേർത്തുവച്ച് ഉപഹാസങ്ങൾ നിർമിക്കുക തുടങ്ങിയ മാർഗങ്ങളുപയോഗിച്ച് കാവ്യഭാഷയെ നിരന്തരം പുതുക്കുകയും ഹാസത്തിന്റെ വിദൂഷകവാണി സൃഷ്ടിക്കുകയും ചെയ്യുന്നു. ഉള്ളിലെ വേഗത കൂട്ടി കാവ്യഭാഷയെ ഒരു പോപ്പ് ആർട്ടിലെന്നപോലെ കൂടുതൽ അപവർത്തന സ്വഭാവമുള്ളതാക്കുന്നു. പുതിയ ഫാഷിസ്റ്റ് ഭരണകൂടങ്ങളുടെ അതിർത്തിപ്പേടി, ജനസംഖ്യാപേടി, ധൂർത്ത് പോലെ ആചരിക്കുന്ന രാഷ്ട്രീയ ഉച്ചകോടികൾ എന്നിവയെയൊക്കെ പാരഡിവൽക്കരിക്കുന്ന കാവ്യരീതി ഇവയിൽ വേണ്ടുവോളമുണ്ട്.

റൊണാള്‍ഡ് ബാര്‍ത്ത്സ്
റൊണാള്‍ഡ് ബാര്‍ത്ത്സ്

മിത്തും മനുഷ്യനും തമ്മിലുള്ള ബന്ധത്തെ കേവലം സ്ഥാവരസ്വഭാവത്തിൽ പുനരാനയിക്കുന്ന ആശയങ്ങളെ ഈ കവിത തിരസ്കരിക്കും. തീവ്ര വലതുപക്ഷ ആശയങ്ങളെ കണക്കിന് കൊട്ടും. നിഗൂഢവൽക്കരിക്കപ്പെടുന്ന ഏത്‌ മിത്തും ഒരു തമാശക്കഥമട്ടിൽ ചുരുളഴിയുകയും (Demythify) ബാർത്തിന്റെ മിത്ത്‌ പരികല്പനയിലെന്നപോലെ അധികാരസ്ഥരുടെ പരസ്യവാണിക്കുനേരെയുള്ള ഫലിതമായി മാറുകയും ചെയ്യും.

പതിനാറായിരത്തിയെട്ടാമവൾ എന്ന കവിതയിൽ കൃഷ്ണ - ഗോപിക ബന്ധത്തെ ഉപഹാസമട്ടിൽ പ്രശ്നവൽക്കരിക്കുന്നത് ഇങ്ങനെ:
‘ചുഴിയിൽപ്പെട്ട പതിനാറായിരത്തിയെട്ടാമത്തവളെ കാളിയന്റെ മേൽ ചവിട്ടിനിന്ന് ഉന്മാദനൃത്തം ചവിട്ടിയവൻ കണ്ടില്ല’
എന്നിങ്ങനെ, സാധാരണ പ്രസ്താവനയിൽ ഇതിഹാസത്തെ പ്രശ്നവൽക്കരിച്ചുകളഞ്ഞു.

‘ഒഴുകിയങ്ങ് പോയി 
ചെലപ്പോ കടലിൽ ചെന്നായിരിക്കും’
എന്നതിനോട് ശ്രീകൃഷ്ണന്റെ മനോഭാവമിങ്ങനെ:
‘ഇന്നത്തേക്കു പോട്ടെ,
നാളെ എണ്ണമൊപ്പിക്കാം’
എന്നുപറഞ്ഞുകൊണ്ട് പതിനാറായിരത്തേഴാമത്തവളെയും എടുത്ത് കഥാനായകൻ നടന്നുപോകുന്ന രംഗം ഒരു ത്രില്ലർ സിനിമയെ ഓർമിപ്പിക്കും. നമ്മുടെ രാഷ്ട്രനായകർ സദാ ഉരുവിടാറുള്ള ‘നാരീശക്തി ആഖ്യാന’ങ്ങൾ ഓർമയിൽ ചിരിപടർത്തുക അപ്പോഴാണ്.

ധർമം എന്നൊക്കെ ഇതിഹാസത്തിലും മറ്റും പുരുഷൻ ഉച്ചരിച്ചുപോന്നത് മിക്കപ്പോഴും ഇതിഹാസങ്ങളിലെ സ്ത്രീയുമായി ബന്ധപ്പെട്ട ആഖ്യാനങ്ങളിൽ കാണുന്ന വിധേയത്വമോ കീഴടങ്ങലോ തോൽവിയോ ഒക്കെയായി ബന്ധപ്പെട്ട പുരുഷാഹന്തയുടെ വസ്തുതകളായിരുന്നു, എന്ന് ഇതൊക്കെ ഓർമിപ്പിച്ചേക്കാം. ഇത്തരത്തിൽ പുരുഷനിർമിതമായ എല്ലാ നീതിസാരങ്ങളെയും എടുക്കപ്പെടാത്ത ഒരു നാണയം കണക്കെ ഉപഹാസത്തിന്റെ ഭാവനയായി ഭാഷയിലേക്ക് സ്വീകരിക്കുന്നു.

കിറുക്ക് മുഖ്യ ആലംബമായി വരുന്ന ഒരു തരം കാവ്യസരണിയുണ്ട്. അപസ്‌മാരത്തിന്റെ മറ്റൊരു അപഭ്രംശമാണ്, അതും. കമലദാസിന്റെ കവിതകളിൽ നന്നായി ഭാഷാപരമായി ഇവ പരിചരിക്കുന്നത് കാണാം
കിറുക്ക് മുഖ്യ ആലംബമായി വരുന്ന ഒരു തരം കാവ്യസരണിയുണ്ട്. അപസ്‌മാരത്തിന്റെ മറ്റൊരു അപഭ്രംശമാണ്, അതും. കമലദാസിന്റെ കവിതകളിൽ നന്നായി ഭാഷാപരമായി ഇവ പരിചരിക്കുന്നത് കാണാം

കിറുക്ക് (Freakness) മുഖ്യ ആലംബമായി വരുന്ന ഒരു തരം കാവ്യസരണിയുണ്ട്. അപസ്‌മാരത്തിന്റെ മറ്റൊരു അപഭ്രംശമാണ്, അതും. കമലദാസിന്റെ കവിതകളിൽ നന്നായി ഭാഷാപരമായി ഇവ പരിചരിക്കുന്നത് കാണാം. പ്രണയത്തിനകത്തെ കിറുക്ക് പോലും ഒരുതരം സ്ത്രീആത്മീയതയുമായി കമലദാസ് പുനഃക്രമീകരിച്ചു. The Freaks എന്നൊരു കവിത തന്നെ അവർ എഴുതിയിട്ടുണ്ട്. അതിൽ ഫ്രീക്കന്റെ അലസമനോഭാവത്തെ കണക്കിന് കളിയാക്കുന്നുണ്ട്, കവി:
‘എവിടെ നിന്റെ ത്രസിക്കുന്ന വിരലുകൾ
തൊലിയുടെ ചതുപ്പിൽ
അവയ്ക്ക് ശ്വാസം നിലച്ചുപോയോ?
ഈ ചാവുപ്രണയം കൊണ്ട്
നെടുനാൾവാഴ്‌വിലേക്കൊരു
യാത്ര പറ്റുമോ?
നാളേറെ കാത്തിരുന്നിട്ടും
നിറയാത്തൊരു വെള്ളത്തൊട്ടിപോലെ
മനം മൗനസർപ്പങ്ങളാൽ കോർത്ത കോമ്പല പോലെയും’
എന്ന് ഫ്രീക്കനെ കളിയാക്കുന്നുണ്ട്. വേറൊരിടത്ത് മറ്റൊരു കർതൃത്വം അവർ എടുത്തണിയും.
സാരിയുടുക്കൂ, പെൺകുട്ടിയാവൂ
ഭാര്യയാകൂ, അവൾ പറഞ്ഞു,
എംബ്രോയ്‌ഡറാവുക, പാചകം ചെയ്യുക
വേലക്കാരോട് കലഹിനിയാവുക
കൂട്ടം കൂടുക,
ഭിത്തിമുകളിൽ കയറിയിരിക്കുകയോ
ലേസിട്ട് പൊതിഞ്ഞ ജാലകങ്ങളിലൂടെ
നോക്കുകയോ അരുത്.

പ്രച്ഛന്നമാം ഗെയിമുകളരുത്,
സ്‌കിസോഫ്രേനിയ നടിക്കല്ലേ
അതിരൂപവതിയാവല്ലേ
പ്രണയപരാജയത്തിൽ
വാവിട്ടു കരയല്ലേ’
(Introduction /പരിചയപ്പെടുത്തൽ)
ഈ കർതൃപ്രായം നമുക്ക് അധികം പേരിൽ കാണാനാവില്ല.

കാലം തന്റെ മുന്നിലേക്ക് വിലക്കിയതും പിടിച്ചുതള്ളിയതുമായ എല്ലാ ഉത്തമപുരുഷ വേഷങ്ങളെയും അവർ ആടയാഭരണങ്ങളോടെ കവിതയിൽ എടുത്തണിഞ്ഞു. തന്റെ ആത്മബിംബത്തിൽ വേഷങ്ങളുടെ കോളാഷ് ചേർത്തുവച്ച് കമലദാസ് അനുവാചകരെ പരിഭ്രാന്തരാക്കി. ഇങ്ങനെയായിരുന്നു അവർ തന്റെ ഉള്ളിലെ അപസ്മാരഭാഷ എടുത്തുപയോഗിച്ചത്.

രഹന ഖാലിദ്
രഹന ഖാലിദ്

നിരന്തരമായ പരീക്ഷണങ്ങളും വ്യവഹാര വൈവിധ്യങ്ങളും ഭാഷാഭേദങ്ങളും വന്നുനിറയുന്ന ജീവിതവൈവിധ്യങ്ങളുടെ ലോകം ആശാലതയുടെ കവിതയിലുണ്ട്. അതുകൊണ്ടുതന്നെ, കവിതയെന്ന കലയെക്കുറിച്ചുള്ള പൂർവധാരണകൾ ഇത് വായിച്ചുപോകുന്ന അനുവാചകരുടെ ബാധ്യതയല്ലാതായിത്തീരും. ഏതുതരം വിതണ്ഡ വാദവും ഉപഹാസത്തോടെ തുറന്നുകാണിക്കപ്പെടുന്ന അതിസൂക്ഷ്മമായ ഒരു രാഷ്ട്രീയമാണ് ഈ കവിതകളുടേത്. രാഷ്ട്രീയത്തെ സൂക്ഷ്മം, സ്ഥൂലം എന്നിങ്ങനെ തരംതിരിക്കുന്ന പ്രത്യയശാസ്ത്രം ഈ കവിത ഉപേക്ഷിക്കുന്നു.

നാടകീയത ഈ കവിതയുടെ കൊടിയടയാളമാണ്. ഓരോ പദപ്രയോഗങ്ങളും പ്രതീകത്മകമായ അർത്ഥത്തിൽ പ്രയോഗിക്കാനുള്ള കൗശലം ഒരു പ്രത്യേക രാഷ്ട്രീയനോട്ടത്തിന്റെയാണ്. ശരീരത്തിന്റെ രാഷ്ട്രീയം ഓരോ കോണിലുമുണ്ട്. തുറിച്ചുനോട്ട (gaze) മാണല്ലോ ഏതധികാരത്തിന്റെയും കന്യാബീജം.

മൃഗശാലക്കുമുന്നിൽ കാത്തുനിൽക്കുന്നവൾ (മൂന്ന് സാധ്യതകളടക്കം) എന്ന കവിതയിൽ കാത്തുനിൽക്കുന്ന പെൺകുട്ടിയുടെ നിൽപ്പിനെ ഈ സാധ്യതയുടെ കലയാക്കുന്നു. ഒരു തിയേറ്റർ സാധ്യതക്ക് അകത്താണ്, രാഷ്ട്രീയം അതിന്റെ ശില്പഭംഗിയോടെ ഇതൾ വിരിയുന്നത്. സങ്കല്പനങ്ങളുടെ ഒരു ഭാവിവാദത്തിലാണ് (Futurism) ഇവയൊക്കെയെന്നും എന്നും ആരോപിക്കാം.
‘ഒരു ചേഞ്ച്‌ ആർക്കാണിഷ്ടമില്ലാത്തത്?
അതുകൊണ്ട്
ഇത്തവണ
പകൽ പതിനൊന്നുമണി ആയ്ക്കോട്ടെ
അവളുടെ ഉടുപ്പിന്റെ നിറം നീലയാണ്
നരച്ച ഒരു തൂണിൽ ചാരി
ലേശം കളർ കോൺട്രാസ്റ്റുണ്ടാക്കി നിൽക്കുകയാണ്
നീല ഉടുപ്പിന്റെ കഴുത്തിന് കുറുകെ
മജന്റ നിറത്തിലൊരു ദുപ്പട്ട പാറിക്കളിക്കുന്നുണ്ട്
ഉച്ച മൂക്കും മുമ്പത്തെ വെയിലിൽ
തുമ്പികൾ പാറിക്കളിക്കുന്നുണ്ട്
അവളുടെ നോട്ടവും പാറിക്കളിക്കുന്നുണ്ട്…’

പ്രതീക്ഷകളുടെ /അല്ലെങ്കിൽ തുറിച്ചുനോട്ടത്തിന്റെ മൂന്ന് സാദ്ധ്യതകൾ ആരായുകയാണ് കവിത. ലോകം കോമഡിയിലേക്കാണോ ട്രാജഡിയിലേക്കാണോ പോകുന്നത് എന്ന് ഉൽകണ്ഠയുണ്ടാക്കുന്നതുപോലെയുള്ള നമ്മുടെ ദൃശ്യമാധ്യമങ്ങളുടെ തത്സമയ പ്രക്ഷേപണം ഓർക്കാവുന്നതാണ്.

കവിതയുടെ മൂന്നാം ഖണ്ഡം തരളമനസ്കർക്കു വേണ്ടിയാണ്, എന്ന് സാക്ഷ്യപ്പെടുത്തുന്നുണ്ട്. ‘മഴവില്ലിന്റെ വർണഭംഗിയുള്ള ഒരു ദുപ്പട്ട കൂടിയായാൽ ലോലമനസ്കർക്ക് പ്രത്യാശ കൈവരും’.
എന്നാൽ കഥയുടെ ക്ലൈമാക്സ്‌ അതല്ല. അത് ഒരാശയമാണ്. പ്രയോഗികമായ മാർഗം വെടിയുന്നത് കഥയും, അല്ലാത്തത് ജീവിതവും എന്നൊരു നടപ്പുണ്ടല്ലോ. കഥ വേണോ ജീവിതം വേണോ എന്ന ചോയ്സിനിടക്കാണ് എല്ലാം സംഭവിക്കുന്നത്. കവിതയിലെ അടുത്ത അഞ്ചു സാദ്ധ്യതകൾ ഞാൻ വിവരിക്കുന്നില്ല. സത്യത്തിൽ ഒരു ധ്യാനബുദ്ധ കഥയിൽ ഒളിച്ചിരിക്കാവുന്ന സൂക്ഷ്‌മധമനികളെ കഥാസ്ഥൂലത്തിൽ എഴുതുന്ന കവിതയാണിത്. ഇതുപോലൊരു കഥന സാധ്യതയാണ് ബയോസ്കോപ് എന്ന കവിതയിലുമുള്ളത്. കഥ നിറഞ്ഞാടുന്ന ബയോസ്കോപ്പിനകത്തെ കോപ്പുകളും മനസ്സിനകത്തെ അതൃപ്പങ്ങളുടെ വേലിയേറ്റവും സാമൂഹ്യ ഉപബോധവും തമ്മിലുള്ള ഒരു അവിഹിത വേഴ്ച ഈ കവിതയിലുമുണ്ട്. ബൈബിളിലെയോ രാമായണത്തിലെയോ ഒക്കെയുള്ള പ്രലോഭന കഥയിൽ കാണാറുള്ള നായികമാരുടെ ന്യൂജൻ പതിപ്പല്ല ഇവർ.

‘വെള്ളച്ചാട്ടം കാണാം
സായിപ്പും മദാമ്മേം 
 കുളിക്കണ കാണാം
കൊച്ചിക്കായലിൽ
കപ്പല് വന്നടുക്കണ കാണാം’
എന്നൊക്കെയുള്ള പരസ്യം കണ്ട് പ്രലോഭനത്തിൽ വീണവൾ അകത്ത് കാണുന്നത് മറ്റു കാര്യങ്ങളാണ്. പറയുന്നത് ഒന്നും കാണിക്കുന്നത് മറ്റൊന്നും. ഇതിഹാസമായാലും ചരിത്രമായാലും ഈ കഥകൾക്കുള്ള വർത്തമാന ബന്ധം ചിന്തനീയമാണ്.

‘കാറ്റിനെ പറത്തിവിടാൻ നേരമായി
കൊടുങ്കാറ്റിൽ കപ്പല് മുക്കാൻ നേരമായി എന്ന് മൂന്നു പേരും കൈ കോർത്തുപിടിച്ച്
പാട്ടു പാടി
ഡാൻസ് ചെയ്തോണ്ടിരിക്കുന്നത് 
അകത്താണോ പൊറത്താണോന്ന് ഞാനമ്പരന്നു നിക്കുമ്പോ’
റൂളർ തലക്ക് കിഴുക്കുന്നു.
‘എണീക്കെടി പെങ്കൊച്ചേ,
മുപ്പത് കാശും തന്നിട്ട് മൂന്നുമണിക്കൂർ
കാണാംന്ന് വിചാരിച്ചോ…’

മുപ്പത് കാശ് എന്ന പ്രയോഗത്തിന് സാമാന്യമായ ഒരർത്ഥമല്ല ഉള്ളത്. ഇതിഹാസവും വർത്തമാനവും ഇടതടവില്ലാതെ കൂടിക്കുഴയുന്ന കവിതയുടെ ചേല് ഇവിടെയും കാണാം.

ഒന്നിനെയും ഒറ്റപ്പെട്ട സംഭവമായി ഒരു കവിതയിലും വായിക്കാനാവില്ല. ഏതൊരു ചെറിയ പ്രാദേശിക സംഭവത്തിൽപോലും ലോകത്തെ ഭരിക്കുന്ന അധികാര രാഷ്ട്രീയത്തിന്റെ വിദൂര സംവേദനത്തോട് ബന്ധമുണ്ട്. സിനിമയിൽ ചാർളി ചാപ്ലിന്റെ കിറുക്കുപോലെ വായനക്കാരെ രസിപ്പിക്കുന്നു ഇത്. ചാപ്ലിന്റെ ഏതൊരു സിനിമയിലും ഭരിക്കുന്നത് അയാളുടെ സ്വകാര്യ കഥയല്ല, എല്ലാത്തിനെയും പൊതിഞ്ഞുനിൽക്കുന്ന ഒരു രാഷ്ട്രീയമാണ്. ഹോജ കഥകളിലെ വികടത്തമോ വിദൂഷകത്വമോ പോലെ പെൺജീവിതത്തിന്റെ ഒരാത്മ തത്വത്തിലേയ്ക്ക് പ്രവേശിക്കാൻ നമ്മെ അവ സഹായിക്കും.

ഈ വിചിന്തനം അവസാനിപ്പിക്കുന്നു.

‘വെറുതെ വെറുതെ പരീക്ഷണം
പ്രതീക്ഷിക്കാത്തിടങ്ങളിൽ വാക്ക്
ഭൂമി പിളർന്ന ഗർത്തത്തിലേക്ക്
നിലയറ്റ്…’
എന്ന് ഒരു കവിതയിൽ കോറിയിട്ട പോലെ.

സഹായക ഗ്രന്ഥങ്ങൾ:
-ആശാലത, ജാതിക്കാത്തോട്ടം, ലോഗോസ് ബുക്സ്, വിളയൂർ, 2022.
-Meena Alxander, I Root my name, United Writers, Culcutta, 1977.
-Juliet Mitchell, Mad Men and Medusas: reclaiming Hysteria and the Effects of Sibling Relations,Allen Lane and Penguin, London, 2000.
-ഡോ. ഉമർ തറമേൽ, ഡയസ്പോറ, ഗ്രേസ് ബുക്സ്, കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി, 2023.
-Kamala Das, Summer in Culcutta, Everest Press New Delhi,1965.


Summary: ആശാലതയുടെ ‘ജാതിക്കാത്തോട്ടം’ എന്ന കവിതാ സമാഹാരത്തിന്റെ വായന.


ഡോ. ഉമർ തറമേൽ

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ മലയാള -കേരള പഠനവിഭാഗത്തിൽ പ്രൊഫസറായിരുന്നു. ദേശത്തിന്റെ​​​​​​​ ഭാവനാഭൂപടങ്ങൾ, ഇശലുകളുടെ ഉദ്യാനം, കാഴ്​ചയുടെ ഹെയർപിൻ വളവുകൾ തുടങ്ങിയവ പ്രധാന പുസ്​തകങ്ങൾ.

Comments