മുൻകാലങ്ങളിലെ വിവാദങ്ങളുടെ പശ്ചാത്തലത്തിൽ ഇത്തവണ വീണ്ടും ചർച്ചയാവുകയാണ് നൊബേൽ സാഹിത്യ പുരസ്‌കാരം. മൂന്നുവർഷം മുമ്പ്, 2017ൽ ഉയർന്നുവന്ന ലൈംഗിക ആരോപണങ്ങളും സാമ്പത്തിക അഴിമതിയും 2019 ലെ പുരസ്‌കാര ജേതാവിന്റെ രാഷ്ട്രീയവും ആഗോളതലത്തിൽ തന്നെ നൊബേൽ സാഹിത്യ പുരസ്‌കാരത്തിനെതിരെ പ്രതിഷേധങ്ങൾ ഉയർത്തിയ പശ്ചാത്തലത്തിൽ തന്നെയാണ് അടിസ്ഥാനപരമായ പ്രശ്നങ്ങൾ അവഗണിച്ചുകൊണ്ട് പുതിയ പുരസ്‌കാര പ്രഖ്യാപനവും വരുന്നത്.
നോബേൽ പുരസ്‌കാരം നിർണയിക്കുന്ന സ്വീഡിഷ് അക്കാദമിയിലെ 18 അംഗങ്ങളിൽ ഒരാളുടെ ഭർത്താവിനെതിരെയായിരുന്നു 2017ൽ ലൈംഗികാരോപണം ഉയർന്നത്. അക്കാദമി അംഗമായ കാതറിന ഫ്രോസ്റ്റെൻസണിന്റെ (Katarina Frostenson ) ഭർത്താവിനെതിരെ. കവിയായ കാതറിന ഫ്രോസ്റ്റെൻസൺ 1992ലാണ് സ്വീഡിഷ് അക്കാദമിയിൽ അംഗമായത്.
ഭർത്താവും ഫ്രഞ്ച് ഫോട്ടോഗ്രാഫറുമായ ഴാങ് ക്ലോദ് അർനോൾട്ടുമായി (Jean Claude Arnault) ചേർന്ന് അവർ ഒരു കൾച്ചറൽ ക്ലബ് നടത്തിയിരുന്നു. ഈ ഫോറത്തിന് ഫണ്ട് നൽകിയിരുന്നത് സ്വീഡിഷ് അക്കാദമിയായിരുന്നു. ഈഫോറത്തിൽവെച്ച് അർണോൾട്ടിൽ നിന്നും ലൈംഗികാക്രമണം നേരിട്ടുവെന്നായിരുന്നു മീടൂ മുന്നേറ്റത്തിനിടെ 18 സ്ത്രീകൾ ഉന്നയിച്ച ആരോപണം.
ലൈംഗികാരോപണത്തിനു പുറമേ അർണോൾട്ടിനെതിരെ മറ്റൊരു ആരോപണം കൂടിയുണ്ടായിരുന്നു. ഏഴ് നൊബേൽ ജേതാക്കളുടെ പേരുകൾ ചോർത്തി പരിചയക്കാരായ വാതുവെപ്പുകാരെ നേട്ടമുണ്ടാക്കാൻ സഹായിച്ചുവെന്നത്. ഭർത്താവിന്റെ ലൈംഗികാക്രമണത്തിനു മുമ്പിൽ കണ്ണടച്ചതിന് കാതറിന് യാതൊരു നടപടിയും നേരിടേണ്ടി വന്നില്ല. കൂടാതെ പുരസ്‌കാര ജേതാക്കളുടെ പേരുവിവരങ്ങൾ പുറത്തായതിനു പിന്നിലും അവർക്ക് പങ്കുള്ളതായി സംശയമുണ്ടായിരുന്നു. ഈ സംഭവവികാസങ്ങളാണ് 2018ലെ സാഹിത്യ പുരസ്‌കാരം ഒരുവർഷം നീട്ടിവെക്കുന്നതിലേക്കു വഴിവെച്ചത്.
പാശ്ചാത്യസാഹിത്യത്തിലെ മികച്ചത് ഏതാണെന്ന ഹിതപരിശോധനയാണ് നൊബേൽ എന്ന വിമർശനം പൊതുവിലുണ്ട്. കൂടാതെ സ്വീഡിഷ് അക്കാദമിയിൽ സ്ത്രീകൾക്ക് പ്രാതിനിധ്യം കുറവാണെന്നതും വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു. ഈ സാഹചര്യത്തിൽ അക്കാദമിക്കുള്ളിൽ പരിഷ്‌കാരങ്ങൾ വരുത്തിക്കൊണ്ട് അന്താരാഷ്ട്രതലത്തിൽ പ്രതിച്ഛായ വീണ്ടെടുക്കാൻ ശ്രമിക്കുന്നതിനിടെയായിരുന്നു ഇത്തരമൊരു പ്രതിസന്ധി നേരിട്ടത്. അക്കാദമിയിലെ പുരുഷന്മാരായ അംഗങ്ങൾ മരിക്കുമ്പോൾ പകരക്കാരായി സ്ത്രീകളെ പുതിയ അംഗങ്ങളായി നിയമിക്കാൻ തുടങ്ങി. 2015ൽ അക്കാദമിയുടെ സാറാ ഡാനിയസിനെ (Sara Danius) അക്കാാദമിയുടെ ആദ്യ വനിതാ ചെയർപേഴ്‌സണായി നിയമിച്ചു. അർനോൾട്ടിന് പങ്കാളിത്തമുള്ള ഫോറവുമായി അക്കാദമിക്കുള്ള ബന്ധം വിശദീകരിച്ചതും കാതറിനെ അക്കാദമിയിൽ നിന്നു പുറത്താക്കണമെന്ന് ആവശ്യപ്പെട്ടതും അവരായിരുന്നു. എന്നാൽ അംഗങ്ങൾക്കിടയിൽ വിഭാഗീയത ഉടലെടുക്കുകയും പ്രമേയം പരാജയപ്പെടുകയും ചെയ്തു.
ഇത് പിന്നീട് അക്കാദമിയിലെ പഴയ അംഗങ്ങളും പുതിയ അംഗങ്ങളും തമ്മിലുള്ള പ്രശ്നമായി മാറി. തുടർന്ന് സാറ അക്കാദമി ചെയർപേഴ്സൺ സ്ഥാനം രാജിവെക്കുകയും അക്കാദമിയുടെ പ്രവർത്തനങ്ങളിൽ നിന്ന് വിട്ടുനിൽക്കുകയും ചെയ്തു. അതുപോലെ ഫ്രോസ്റ്റൻസണും മറ്റുപലരും അക്കാദമിയിൽ നിന്ന് പുറത്തായി. അക്കാദമിയുടെ ബൈലോ പ്രകാരം യഥാർത്ഥത്തിൽ ഇവർക്ക് രാജിവെക്കാനോ പകരക്കാരെ വെക്കാനോ കഴിയില്ലയെന്നതിനാൽത്തന്നെ കാര്യപരിപാടികൾ മുന്നോട്ടുകൊണ്ടുപോകാൻ മതിയായ അംഗങ്ങളില്ലാതെ അക്കാദമി വളരെയധികം ബുദ്ധിമുട്ടി. പിന്നീട് 2018മെയ് 2ന് സ്വീഡിഷ് രാജാവ് അക്കാദമി നിയമങ്ങൾ കൊണ്ടുവന്നശേഷമാണ് അംഗങ്ങൾക്ക് രാജിവെക്കൽ സാധ്യമായത്.
വിവാദങ്ങളെ തുടർന്ന് നീട്ടിവെച്ച പുരസ്‌കാരം 2019ൽ ലഭിച്ചത് ആസ്ട്രിയൻ നോവലിസ്റ്റും നാടകകൃത്തും കവിയും തിരക്കഥാകൃത്തുമൊക്കെയായ പീറ്റർ ഹാൻഡ്‌കെയ്ക്ക് (Peter Handke) ആയിരുന്നു.
ബോസ്‌നിയൻ കൂട്ടക്കൊലയെ അപലപിക്കാതിരുന്ന എഴുത്തുകാരന് ഇത്തരമൊരു ബഹുമതി നൽകിയത് പ്രതിഷേധങ്ങൾക്കു വഴിവെച്ചു. 1992-95 വരെയുള്ള കാലഘട്ടത്തിൽ ബോസ്‌നിയൻ സെർബ് സൈന്യത്തിന്റെ നിയന്ത്രണത്തിലായിരുന്ന മേഖലയിൽ നടന്ന വംശഹത്യയിൽ 8000ത്തിലേറെ ബോസ്‌നിയൻ മുസ്‌ലീങ്ങളാണ് കൊല്ലപ്പെട്ടത്. ബോസ്‌നിയൻ യുദ്ധത്തിൽ മുസ്‌ലീങ്ങൾക്കെതിരെ സെർബുകൾ നടത്തിയ വംശഹത്യയെ നിഷേധിച്ചുകൊണ്ട് അരഡസനോളം പുസ്തകങ്ങളും നാടകങ്ങളുമാണ് ഇക്കഴിഞ്ഞ ദശാബ്ദങ്ങളിൽ അദ്ദേഹം രചിച്ചത്. മുസ്‌ലീങ്ങൾക്കൊപ്പം ജീവിക്കുന്ന ക്രിസ്ത്യാനികൾക്ക് മുസ്‌ലീങ്ങൾ ഭീഷണിയാണെന്ന ധാരണ സൃഷ്ടിക്കുന്നതായിരുന്നു ഇവയിലേറെയും.
യുദ്ധക്കുറ്റവാളിയെന്നു വിശേഷിപ്പിക്കപ്പെട്ട സെർബിയൻ പ്രസിഡന്റായിരുന്ന സ്ലോബോദൻ മിലോസെവിച്ചിന്റെ (Slobodan Miloševic) ആരാധകനായാണ് ഹാൻഡ്‌കെ അറിയപ്പെടുന്നത്. യുദ്ധകുറ്റങ്ങളുടെ പേരിൽ വിചാരണ നേരിടുന്നതിനിടെ മരണപ്പെട്ട മിലോസെവിച്ചിന്റെ സംസ്‌കാര ചടങ്ങിൽ ഹാൻഡ്‌കെ പങ്കെടുക്കുകയും പ്രസംഗിക്കുകയും ചെയ്തിരുന്നു. 1991ൽ യൂഗോസ്ലാവിയ തകരാൻ തുടങ്ങിയതിനെ തുടർന്നുണ്ടായ ആഭ്യന്തര യുദ്ധ പരമ്പരയ്ക്ക് നേതൃത്വം നൽകിയവരിൽ പ്രമുഖനായിരുന്നു വ്യത്യസ്ത കാലഘട്ടത്തിൽ യൂഗോസ്ലാവിയയുടെയും സെർബിയയുടെയും പ്രസിഡന്റായിരുന്നു മിലോസെവിച്ച്.
യൂറോപ്പിലെയും യു.എസിലെയും വെള്ളക്കാരായ തീവ്രവാദികൾ ഹീറോകളായി ആരാധിക്കുന്നവരാണ് സെർബിയൻ തീവ്രദേശീയവാദികൾ. ഇവരെയാണ് ഹാൻഡ്‌കെ തന്റെ കൃതികളിലൂടെ പ്രതിരോധിക്കുന്നത്. അങ്ങനെയൊരാൾക്ക് നൊബേൽ പുരസ്‌കാരം നൽകുന്നതിലൂടെ സ്വന്തം രചനകളിലൂടെ അദ്ദേഹം ഒളിച്ചുകടത്തുന്ന ഗൂഢാലോചനാ സിദ്ധാന്തത്തെ ശരിവെക്കുകയാണ് സ്വീഡിഷ് അക്കാദമി ചെയ്തതെന്നായിരുന്നു വിമർശനം. തന്റെ നിലപാടുകളിൽ ഖേദം പ്രകടിപ്പിക്കാൻ ഹാൻഡ്‌കെ ഒരിക്കലും തയ്യാറായിട്ടില്ല. മറിച്ച് 'ജസ്റ്റിസ് ഫോർ സെർബിയ' എന്നത് മാത്രമാണ് തന്റെ ആശങ്കയെന്ന നിലപാട് ആവർത്തിക്കുകയാണ് ചെയ്തത്. പുരസ്‌കാരം തിരിച്ചെടുക്കാൻ സ്വീഡിഷ് അക്കാദമിയും ഇതുവരെ തയ്യാറായിട്ടില്ല.
2018ന് മുമ്പ് 1964ലാണ് സാഹിത്യത്തിനുള്ള നൊബേൽ സ്വീകരിക്കാൻ ആരുമില്ലാത്ത അവസ്ഥ വന്നത്. അന്ന് പുരസ്‌കാരത്തിന് അർഹനായ എഴുത്തുകാരൻ ഴാങ് പോൾ സാർത്ര് (Jean-Paul Sartre) പുരസ്‌കാരം തിരസ്‌കരിച്ചുകൊണ്ട് അക്കാദമിക്ക് കത്തയക്കുകയാണുണ്ടായത്. തന്റെ അഭിപ്രായങ്ങൾക്കും നിലപാടുകൾക്കും വ്യവസ്ഥിതിയുടെ ആധികാരികത ആവശ്യമില്ലെന്നു പറഞ്ഞായിരുന്നു അദ്ദേഹത്തിന്റെ ഈ നിഷേധം. ' തന്റേതായ വഴികളിലൂടെ മാത്രമേ ഒരു എഴുത്തുകാരൻ അയാളുടെ രാഷ്ട്രീയ, സാമൂഹിക, സാഹിത്യ നിലപാടുകൾ വെളിപ്പെടുത്തേണ്ടതുള്ളൂ, എഴുതപ്പെട്ട വാക്കുകളാണ് ആ വഴി' എന്നാണ് അദ്ദേഹം സ്വീഡിഷ് അക്കാദമിയെ അറിയിച്ചത്.
'ലഭിക്കുന്നയാളുടെ ഇഷ്ടം എന്താവുമെന്ന് നോക്കിയല്ല അക്കാദമി പുരസ്‌കാരം പ്രഖ്യാപിക്കുന്നത്, 18 അംഗങ്ങളുടെ തീരുമാനം മാത്രം ആശ്രയിച്ചാണ്' എന്ന മറുപടിയാണ് സാർത്രിന്റെ കത്തിന് അന്ന് അക്കാദമി സെക്രട്ടറിയായിരുന്ന കാൾ രാഗ്‌നർ ഗിയറോ (Karl Ragnar Gi-erow)മറുപടി നൽകിയത്. നൊബേൽ തിരസ്‌കരിച്ച സാർത്രിന്റെ പേരിൽ ടൈംസ് ലിറ്റററി സപ്ലിമെന്റ് ജീൻ പോൾ സാർത്ര് പ്രൈസ് ഫോർ പ്രൈസ് റഫ്യൂസൽ എന്ന പേരിൽ ഒരു പുരസ്‌കാരം നൽകുന്നുണ്ട്. പുരസ്‌കാരങ്ങൾ തിരസ്‌കരിച്ചവർക്കാണ് ഈ പുരസ്‌കാരം നൽകുന്നത്.
1958ൽ റഷ്യൻ എഴുത്തുകാരനായ ബോറിസ് പാസ്റ്റർനാകും (Boris Pasternak) നൊബെൽ പുരസ്‌കാരം തിരസ്‌കരിച്ചിരുന്നു. സ്വന്തം താൽപര്യപ്രകാരമായിരുന്നില്ലെന്നുമാത്രം. സോവിയറ്റ് ഭരണകൂടത്തിന്റെ സമ്മർദ്ദം കാരണം ആ തീരുമാനമെടുക്കാൻ അദ്ദേഹം നിർബന്ധിതനാവുകയായിരുന്നു. അദ്ദേഹത്തിന്റെ Doctor Zhivago എന്ന നോവലിൻറെ പ്രസിദ്ധീകരണം സോവിയറ്റ് വിരുദ്ധ സന്ദേശങ്ങളുടെ പേരിൽ യു.എസ്.എസ്.ആർ തടഞ്ഞിരുന്നു. ഇതിന്റെ കയ്യെഴുത്തുപ്രതികൾ ഇറ്റലിയിലേക്ക് കടത്തി 1957ൽ ഇറ്റലിയിലാണ് ഈ നോവൽ പ്രസിദ്ധീകരിക്കുന്നത്. മരണംവരെ അദ്ദേഹത്തിന് ഈ പുരസ്‌കാരം സ്വീകരിക്കാൻ കഴിഞ്ഞിരുന്നില്ല. 1988ൽ Doctor Zhivago സോവിയറ്റ് യൂണിയനിൽ പ്രസിദ്ധീകരിച്ചശേഷം, അദ്ദേഹത്തിന്റെ ബന്ധുക്കളാണ് നൊബേൽ പുരസ്‌കാരം ഏറ്റുവാങ്ങിയത്.
നൊബേൽ പുരസ്‌കാര നിർണയത്തിൽ അടിസ്ഥാനപരമായ പരിഷ്‌കരണങ്ങൾ കൊണ്ടുവരേണ്ടതിന്റെ അനിവാര്യത തുറന്നുകാട്ടുന്നതായിരുന്നു ഈ വിവാദങ്ങൾ. നൊബേൽ പോലൊരു അന്താരാഷ്ട്രപുരസ്‌കാരം നിർണിയക്കുന്നത് വെറും 18 സ്വീഡിഷ് അംഗങ്ങൾ മാത്രമുള്ള ഒരു അക്കാദമിയാണ് എന്നതാണ് പ്രധാന പ്രശ്നം. വിചിത്രമായ സംഘടനാ സംവിധാനമാണ് നൊബേൽ പുരസ്‌കാരം നിർണയിക്കുന്ന സ്വീഡിഷ് അക്കാദമിയുടേത്. 18 അംഗങ്ങളുള്ള ഈ സംഘടനയിൽ അംഗങ്ങളെ അജീവനാന്തകാലത്തേക്കാണ് നിയമിക്കുന്നത്. ഏതെങ്കിലും അംഗങ്ങൾ മരിച്ചാൽ രഹസ്യബാലറ്റിലൂടെ പുതിയ അംഗത്തെ തെരഞ്ഞെടുക്കും. സ്വീഡനിലെ രാജാവിന്റെ അംഗീകാരം ലഭിക്കുന്നതോടെ പുതിയ അംഗവും കമ്മിറ്റിയിലുൾപ്പെടും. 2018ൽ മാത്രമാണ് അംഗങ്ങൾക്ക് രാജിവെക്കാമെന്ന വ്യവസ്ഥവന്നത്. സ്വീഡ് സാഹിത്യം പരിപോഷിപ്പിക്കുകയെന്ന ലക്ഷ്യമിട്ടാണ് ഇത്തരമൊരു അക്കാദമി ആരംഭിച്ചത്. 1901ൽ സാഹിത്യത്തിനുള്ള നൊബേൽ പുരസ്‌കാരം ആരംഭിച്ചശേഷം പുരസ്‌കാരം നേടിയവരിൽ ഏഴുപേർ സ്വീഡിഷ് എഴുത്തുകാരാണ്.
ലോകസാഹിത്യവുമായി ബന്ധപ്പെട്ട ഒരു പുരസ്‌കാരമാണ് നോബെൽ എന്നതുകൊണ്ടുതന്നെ ആ ജൂറിയിൽ ലോകത്തിന്റെ വിവിധ മേഖലകളിലുള്ള സാഹിത്യകാരുടെ സാന്നിധ്യവും പങ്കാളിത്തവും ഉണ്ടാവേണ്ടതുണ്ട്. അത് ഉറപ്പിക്കാനുള്ള ശ്രമങ്ങൾ നൊബെൽ പ്രൈസ് ഫൗണ്ടേഷന്റെ ഭാഗത്തുനിന്നുമുണ്ടാവണം. അതില്ലാത്തപക്ഷം നൊബേൽ സാഹിത്യ പുരസ്‌കാരത്തിന്റെ വിശ്വസ്യത ഉയർത്തിപ്പിടിക്കാനോ വിവാദങ്ങൾ ഒഴിവാക്കാനോ കഴിയില്ല.