സംസ്ഥാന സ്കൂൾ യുവജനോത്സവത്തിൽ ഒട്ടും ഗ്ലാമറില്ലാത്ത ഇനങ്ങളായിരുന്നു അക്കാലത്തും എഴുത്തുമത്സരങ്ങൾ. കോഴിക്കോട്ടെ ഏതോ സ്കൂളിലെ ക്ലാസ്മുറിക്കു പുറത്ത് മത്സരം തുടങ്ങാൻ കാത്തുനിന്ന കുട്ടികൾക്കിടയിലേക്ക് ഒരു പത്രപ്രവർത്തകൻ വന്നു. ഒഴിഞ്ഞുമാറിനിൽക്കുന്നതു കണ്ടാവണം പെട്ടന്ന് അടുത്തുവന്ന് ഇഷ്ടപ്പെട്ട എഴുത്തുകാരൻ ആരാണെന്നു ചോദിച്ചപ്പോൾ എം.ടി വാസുദേവൻ നായർ എന്നു പറയാൻ രണ്ടാമതൊന്നാലോചിക്കേണ്ടി വന്നില്ല. സ്വതേ സംസാരിക്കാൻ പേടിയും വിമുഖതയും ഉള്ള ആളായിട്ടും ഇഷ്ടപ്പെട്ട പുസ്തകം രണ്ടാമൂഴമാണെന്നും അതിഷ്ടപ്പെടാനുള്ള കാരണമെന്തെന്നും വിശദമായി പറഞ്ഞു. എം.ടിയുടെ വീട് ഇവിടെ കോഴിക്കോടാണ്, മത്സരമൊക്കെ കഴിഞ്ഞ് പോയി കാണാൻ ശ്രമിക്കൂ എന്നയാൾ സ്നേഹപൂർവ്വം നിർദ്ദേശിച്ചു. നിന്റെ പേരും എം.ടിയെക്കുറിച്ചു നീ പറഞ്ഞതും പത്രത്തിൽ കണ്ടു എന്ന് പിന്നീട് തൃശ്ശൂരുള്ള ഒരു സ്നേഹിത കത്തയച്ചെങ്കിലും ഒരിക്കലും ആ പത്രവാർത്ത കാണാനോ വായിക്കാനോ കഴിഞ്ഞില്ല. എക്സ്പ്രസ് എന്നോ മറ്റോ പേരുള്ള ആ പത്രം കിട്ടാനൊരു വഴിയും ഉണ്ടായിരുന്നില്ല. അതുപോലെ വേദികളിലല്ലാതെ എം.ടിയെയും ഒരിക്കലും കണ്ടില്ല, പരിചയപ്പെട്ടില്ല.
പക്ഷേ അറിയാത്ത ആളായിരുന്നില്ല, ഏറ്റവുമടുപ്പമുള്ള കഥാപാത്രങ്ങളുടെ സൃഷ്ടാവായതു കൊണ്ട്, ചിരപരിചിതനായ മനുഷ്യൻ. നാലാം ക്ലാസിൽ പഠിക്കുന്ന കാലത്തെ തോരാതെ മഴ പെയ്യുന്ന ജൂൺമാസം, ആരുടെയോ കൈയ്യിൽ നിന്ന് വായിക്കാൻ ചോദിച്ചു വാങ്ങിയ പുറംചട്ടയില്ലാത്ത നാലുകെട്ട് വായിച്ച നാൾ മുതൽ കൂടെക്കൂടിയ ആൾ. ഉള്ളി മൂപ്പിച്ചു ചോറു കൊടുക്കാൻ അമ്മ എണ്ണക്കുപ്പിയുമായി അപ്പുണ്ണിയെ സന്ധ്യയ്ക്ക് പറഞ്ഞയക്കുന്നിടത്തായിരുന്നു നാലുകെട്ടിന്റെ തുടക്കം. ഇപ്പോഴും ആ ഉള്ളി മൂപ്പിച്ച ചോറു നാവിൽ കൊതിയൂറിക്കും. അന്നൊക്കെ വീട്ടിലും അങ്ങനെ ചുമന്നുള്ളി അരിഞ്ഞു നെയ്യിലോ വെളിച്ചെണ്ണയിലോ മൂപ്പിച്ചു അതിലേക്കു ചോറു കുടഞ്ഞിട്ടിളക്കി വിളമ്പാറുണ്ടായിരുന്നു. എണ്ണയുടെ മണമുള്ള ചൂടുചോറും മൊരിഞ്ഞ ഉള്ളിയും ഏറ്റവും പ്രിയപ്പെട്ട രുചിയായിരുന്നു. അവന്റെ അമ്മ കൊടുത്ത പൈസയും കുപ്പിയുമായി ഇരുട്ടു വീഴുന്ന സന്ധ്യയിലേക്കിറങ്ങിപ്പോകുന്ന അപ്പുണ്ണിക്കൊപ്പം അന്നു ഞാനുമിറങ്ങി. ശങ്കരൻനായരെ കണ്ടപ്പോൾ അവനെപ്പോലെ ഞാനും പേടിച്ചു. അപ്പുണ്ണി വലുതാവുന്നതിനൊപ്പം വീർപ്പടക്കി ഒന്നിച്ചു നടന്നു. വായിച്ചു തീരാതെ ഉറങ്ങാൻ വയ്യായിരുന്നു. എത്രയോ കാലം അപ്പുണ്ണി കൂടെയുണ്ടായിരുന്നു. അവന്റെ നിസഹായതകൾ, അനാഥത്വം, ഏകാന്തത… മകൻ വിട്ടു പോയതിന്റെ വേദന തിന്നുന്ന അവന്റെ അമ്മ.

ഭാരതപ്പുഴയുടെ തീരത്തുള്ള ഗ്രാമത്തിലായിരുന്നു ഹൈസ്കൂൾ കാലത്ത് താമസിച്ചത്. അവിടെ ഒരു വായനശാലയുണ്ടായിരുന്നതാണ് ഏറ്റവും വലിയ ആകർഷണം. കവർ പേജുള്ള നാലുകെട്ട് അവിടെ നിന്നു കണ്ടെടുക്കാൻ കഴിഞ്ഞപ്പോൾ തോന്നിയ സന്തോഷത്തിന് അതിരില്ലാതായി. എം.ടി വാസുദേവൻ നായർ എന്ന പേരു മനസ്സിൽ തറഞ്ഞതും അപ്പോഴാവണം. നാലുകെട്ട് വീണ്ടും വായിച്ചു. കാലവും അസുരവിത്തും മഞ്ഞും എം.ടി യുടെ തിരക്കഥകളും തെരഞ്ഞെടുത്ത കഥകളുമൊക്കെ വായിച്ചത് ആ ലൈബ്രറിയിൽ നിന്നായിരുന്നു. പ്രിയപ്പെട്ട എഴുത്തുകാരനായി അദ്ദേഹം മാറി. ഗവേഷണം ചെയ്യാൻ തീരുമാനിച്ചപ്പോൾ എം.ടിയെ ഉപേക്ഷിക്കാൻ വയ്യായിരുന്നു. ഏറ്റവും താല്പര്യം തോന്നിയ സ്ത്രീവാദ സൗന്ദര്യ ശാസ്ത്രവും വിട്ടു കളയുക പ്രയാസം. പുരുഷരചനകളിലെ സ്ത്രീചിത്രണമെന്ന വിഷയം തെരഞ്ഞെടുത്തത് അങ്ങനെയായിരുന്നു. ഇഷ്ടപ്പെട്ട എഴുത്തുകാരെ വിടാതെ ചേർത്തു പിടിക്കാൻ ആ വിഷയം സഹായിച്ചു. എം.ടിയുടെ നോവലുകൾ പുരുഷന്റെ ആഖ്യാനങ്ങളായിരുന്നു. അവന്റെ ആകുലതകളും വിജയാഘോഷങ്ങളുമായിരുന്നു. പക്ഷേ അതൊന്നും ആ എഴുത്തുകളോടുള്ള ഇഷ്ടം ഇല്ലാതാക്കിയില്ല. അദ്ദേഹത്തിന്റെ പ്രഭാഷണങ്ങൾ, അഭിമുഖങ്ങൾ, ഓർമ്മകൾ, സാഹിത്യലേഖനങ്ങൾ... എല്ലാം ഇഷ്ടത്തോടെ വായിച്ചു. ഷെർലക്, വാനപ്രസ്ഥം, ഡാർ എസ് സലാം, കുട്ടേട്ടത്തി, ഇരുട്ടിന്റെ ആത്മാവ്... തുടങ്ങി എത്രയോ കഥകൾ ക്ലാസ്മുറികളിൽ പഠിപ്പിച്ചു.
പക്ഷേ എംടിയെക്കുറിച്ചുള്ള ഏറ്റവും ഹൃദ്യമായ ഓർമ്മ ഏതെന്നാലോചിച്ചാൽ അതിപ്പോഴും ആ ഉള്ളി മൂപ്പിച്ച ചോറിന്റെ വാസനയും രുചിയുമാണ്. ഏറ്റവുമധികം മനസ്സു തൊട്ട എം.ടി കഥാപാത്രം ഏതെന്നാലോചിച്ചാൽ സംശയമില്ല, അത് ഇടവഴിയിലെ പൂച്ച മിണ്ടാപ്പൂച്ചയിലെ അമ്മയാണ്. ഏതു പ്രായത്തിലാണത് ആദ്യം വായിച്ചതെന്നോർമ്മയില്ല. മിക്കവാറും കൗമാരകാലത്താവണം. പിന്നെ ജീവിതത്തിന്റെ പല തിരിവുകളിലും ആ കഥ വായിച്ചിട്ടുണ്ട്. ആദ്യത്തേതിനേക്കാൾ. സ്ത്രീയുടെ മനസ്സിലേക്കു കയറിച്ചെല്ലുന്ന അപൂർവ്വം എംടി കഥകളിലൊന്നായിട്ടും അതിനെ വായിക്കാൻ കഴിയുന്നു.

എല്ലാം തികഞ്ഞ ദാമ്പത്യത്തിന്റെ സുരക്ഷിതമായ നേർരേഖാ യാത്രയ്ക്കിടയിൽ സ്വയം തിരഞ്ഞെടുത്ത സാഹസികമായൊരു തിരിയൽ. അവളുടെ ജീവിതം അതോടെ തകിടം മറിയുന്നു. എന്തിന് എന്ന ചോദ്യത്തിനു പ്രസക്തിയില്ല. ജീവിതം ചിലപ്പോഴൊക്കെ ഇങ്ങനെയാണ്. അത്തരം ചില പ്രലോഭനങ്ങളെ മറികടന്നു പോവാൻ കഴിഞ്ഞെന്നു വരില്ല. അതിനു ജീവിതം കൊണ്ടു തന്നെ വില കൊടുക്കേണ്ടിയും വരും. ആ വഴിമാറി നടക്കലിന്റെ ശിക്ഷയായി മക്കളുടെ മുന്നിൽ തെറ്റുകാരിയായ അമ്മയായി സഹപ്രവർത്തകരുടെയും നാട്ടുകാരുടെയും മുന്നിൽ കാമാസക്തയായി അവൾ മുദ്രകുത്തപ്പെടുന്നു... മക്കൾ വലുതാവും വരെ മാത്രം തുടരണമെന്നു നിശ്ചയിക്കപ്പെട്ട ദാമ്പത്യം. വീടുമാറണ്ട, എല്ലാം പഴയതുപോലെ തുടരട്ടെ. തുടരാൻ വയ്യാത്തത് ഒന്നു മാത്രമേയുള്ളൂ നാം തമ്മിലുള്ള ബന്ധം എന്ന ഭർത്താവിന്റെ താക്കീത്... എല്ലാം ചേരുമ്പോൾ തകർന്നടിഞ്ഞവളും കുറ്റവാളിയുമായ സ്ത്രീയുടെ ചിത്രം പൂർണ്ണമാവുകയാണു വേണ്ടത്. പക്ഷേ കഥയിലെ സ്ത്രീ അങ്ങനെയല്ല.

നാടകം അവസാനിക്കുന്നു ,അന്ത്യത്തിൽ പണ്ടു കാണാത്തവരെപ്പോലെ നാം വേർപിരിയുന്നു എന്ന് അവൾ തിരസ്കാരങ്ങളുടെ വേദന അതിജീവിക്കാൻ പല തവണ സ്വയം സമാശ്വസിക്കുന്നുണ്ട്. മുൻ വിധികൾക്കോ നിയമങ്ങൾക്കോ വഴങ്ങാത്ത സ്ത്രീമനസ്സും സന്തുഷ്ട ദാമ്പത്യത്തിന്റെ ചട്ടക്കൂടുകൾക്കു മെരുക്കാനാവാത്ത പ്രണയദാഹവും വിവാഹബാഹ്യബന്ധത്തിന്റെ ശിക്ഷ തുടർജീവിതത്തിലുടനീളമനുഭവിക്കേണ്ടി വരുന്നവളുടെ നിസ്സഹായതയും മനോഹരമായി പകർത്തിയ കഥയാണ് ഇടവഴിയിലെ പൂച്ച, മിണ്ടാപ്പൂച്ച. അവൾ വേദനിക്കുന്നവളാണ് പക്ഷേ ദുർബലയല്ല, ഒരിക്കൽ മാത്രം സംഭവിച്ച വഴിമാറൽ ജീവിതത്തെ നാടകവും നരകവുമാക്കി മാറ്റുമ്പോഴും അവൾ തകരുന്നില്ല. നിവർന്നു നിൽക്കുകയാണ്. എഴുത്തുകാരൻ ഇല്ലാതാവുന്നു. എഴുത്ത് ബാക്കിയാവുന്നു. അകലാനാവാത്ത വിധം… ഒരിക്കലും വേർപെടാത്ത തരത്തിൽ അത് പ്രാണനിലിരുകിപ്പിടിച്ചിരിക്കുന്നു..
