പരിസ്ഥിതിബോധത്തെക്കുറിച്ച് ലോകത്തുണ്ടായ ഏറ്റവും മനോഹരമായ രേഖയായി അറിയപ്പെടുന്നത് റെഡ് ഇന്ത്യൻ വംശജനായ സിയാറ്റിൽ മൂപ്പൻ സാമ്രാജ്യത്വവാദികൾക്കെഴുതിയ ഞങ്ങൾ നിങ്ങൾക്കു ഭൂമി വിറ്റാൽ...? എന്ന കുറിപ്പാണ്. ഭൂമിയുടെമേലും മറ്റു മനുഷ്യരുടെമേലും പടർന്നേറുന്ന അധിനിവേശത്തിന്റെ ധാർഷ്ട്യത്തിനെതിര ശക്തമായ നിലപാടെടുക്കാൻ ഏതു ജനതക്കും ഊർജ്ജം പകരുന്നവയാണ് മൂപ്പന്റെ വാക്കുകൾ. കാലമേറെ കഴിഞ്ഞിട്ടും ആ വാക്കുകൾക്ക് യാതൊരുവിധ ശക്തിക്ഷയവും സംഭവിച്ചിട്ടില്ല.
സമാനരീതിയിൽ, എഴുത്തുകാരുടെ ആവിഷ്‌കാര സ്വാതന്ത്ര്യത്തെക്കുറിച്ച് ഏറ്റവും ശ്രദ്ധേയമായ ഒരു രേഖ 2018 സെപ്റ്റംബർ അഞ്ചിന് പുറത്തുവന്നിരുന്നു. അതൊരു കോടതിവിധിയാണ്. ഇന്ത്യയുടെ പരമോന്നത നീതിപീഠം സർഗാത്മകതയെക്കുറിച്ചും ആവിഷ്‌കാര സ്വാതന്ത്ര്യത്തെക്കുറിച്ചും ശക്തവും സുചിന്തിതമായ അഭിപ്രായമാണ് ഒരു വിധിന്യായത്തിലൂടെ പ്രകടിപ്പിച്ചിരിക്കുന്നത്.
എസ്. ഹരീഷിന്റെ മീശ എന്ന നോവൽ നിരോധിക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയിൽ സമർപ്പിക്കപ്പെട്ട റിട്ട് ഹർജി തള്ളിക്കൊണ്ടുള്ള സുപ്രീം കോടതി ബഞ്ചിന്റെ വിധിന്യായമാണത്. ചീഫ്ജസ്റ്റീസ് ദീപക് മിശ്ര അധ്യക്ഷനായ മൂന്നംഗബഞ്ച്, നോവലിന്റെ പ്രസിദ്ധീകരണം തടയുന്നതിന് ഒരു യുക്തിയുമില്ലെന്ന് ഉറപ്പിച്ചു പറയുന്ന ഈ വിധിന്യായം സാഹിത്യചരിത്രത്തിൽ എക്കാലവും സ്മരിക്കപ്പെടുന്ന അപൂർവ രേഖയായിരിക്കും.
ജസ്റ്റിസ് എ. എം. ഖാൻവിൽക്കർ, ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് എന്നിവരായിരുന്നു മൂന്നംഗ ബഞ്ചിലെ മറ്റു ന്യായാധിപർ. എഴുത്തുകാരുടെ സ്വാതന്ത്ര്യത്തെയോ സർഗാത്മകവ്യവഹാരങ്ങളയോ ആർക്കും തടഞ്ഞുനിർത്താനാവില്ലെന്ന് ആ വിധിന്യായത്തിൽ കോടതി അസന്ദിഗ്ധമായി വിധിച്ചു.
അണയുന്നതിനുമുമ്പുള്ള ആളൽ എന്ന പ്രയോഗം അന്വർത്ഥകമാക്കുന്ന മട്ടിൽ, ജസ്റ്റിസ് ദീപക് മിശ്ര തന്റെ ഔദ്യോഗിക ജീവിതത്തിന്റെ അന്തിമഘട്ടത്തിൽ ശ്രദ്ധേയമായ മൂന്നുനാല് കോടതിവിധികൾ കൊണ്ടുവന്നിട്ടുണ്ട്. അക്കൂട്ടത്തിലാണ്, മീശക്കെതിരെയുള്ള ഹർജി തള്ളിക്കളഞ്ഞുകൊണ്ട് എഴുത്തുകാരുടെ അവകാശങ്ങളെ സംരക്ഷിക്കുന്ന ഈ വിധിയും വരുന്നത്.
മലയാള പത്രങ്ങൾ ‘കാണാതിരുന്ന' ആ വാർത്ത
വോൾട്ടയറുടെ വാക്കുകൾ നിരത്തിയാണ് ആ വിധിപ്രസ്താവം കോടതി അവസാനിപ്പിച്ചത്- നിങ്ങൾ പറയുന്നത് ഒരു പക്ഷേ, എനിക്ക് സ്വീകാര്യമാകണമെന്നില്ല, എന്നാൽ അഭിപ്രായം പറയാനുള്ള നിങ്ങളുടെ അവകാശം നിലനിന്നുകിട്ടാൻ മരിക്കുവോളം നിങ്ങളൊടൊപ്പം ഞാനുണ്ടാകും.
കേന്ദ്ര-സംസ്ഥാനസർക്കാരുകൾ, മാതൃഭൂമി എന്നിവരെ എതിർകക്ഷികളാക്കി ബി.ജെ.പി സൗത്തിന്ത്യൻ സെൽ കൺവീനറും ഡൽഹി എൻ.എസ്.എസ് വികാസ് പുരി കരയോഗം സെക്രട്ടറിയുമായ എൻ. രാധാകൃഷ്ണൻ നൽകിയ ഹർജിയാണ് ഈ വിധിയിലൂടെ സുപ്രീംകോടതി ബഞ്ച് തള്ളിയത്. ക്ഷേത്രദർശനത്തിനു പോകുന്ന സ്ത്രീകളെ അപകീർത്തിപ്പെടുത്തുന്നതാണ് നോവലിലെ ചില സംഭാഷണങ്ങളെന്ന പരാതിക്കാരന്റെ വാദത്തെ ‘അടിത്തറയില്ലാതെയുള്ള കെട്ടിടനിർമാണം' എന്നാണ് സുപ്രീം കോടതി പരിഹസിച്ചത്.
ഒരു കൃതിയിൽ യഥാർത്ഥത്തിൽ ഇല്ലാത്ത അശ്ലീലവും സദാചാരവിരുദ്ധതയും മാന്യതയില്ലായ്മയും ദർശിക്കാൻ ചിലപ്പോൾ വായനക്കാർക്ക്കഴിഞ്ഞേക്കാമെന്ന് കോടതി കണ്ടെത്തി. ആഴ്ചപ്പതിപ്പിന്റെ മറ്റു രൂപത്തിലുള്ള പ്രസിദ്ധീകരണം നിരോധിക്കണമെന്ന വാദവും കോടതി തള്ളി. ചരിത്രരേഖയായി മാറിയ ഈ വിധിന്യായം ദേശീയതലത്തിൽ ദി ഹിന്ദു മുഖ്യവാർത്തയാക്കിയപ്പോൾ, മലയാളപത്രങ്ങൾക്ക് അത് പ്രാധാന്യമുള്ള വാർത്തയായിരുന്നില്ല. ശ്രദ്ധേയമായ ആ വിധിന്യായം വിവർത്തനം ചെയ്യാനും 2018 ഒക്ടോബർ ലക്കം പച്ചക്കുതിര മാസികയിൽ പ്രസിദ്ധിക്കരിക്കാനും സാധിച്ചു. ഇന്നോർക്കുമ്പോൾ, ആദ്യന്തം സാഹിത്യഭംഗിയുള്ള ആ വിധിന്യായത്തിന്റെ വിവർത്തനം ഏറെ ആസ്വാദ്യകരമായിരുന്നു.
ഒരു നിയമപ്രമാണം എന്ന നിലവിട്ട് കാവ്യലക്ഷണം, കാവ്യഹേതു, കാവ്യപ്രയോജനം, ആഖ്യാനം, വ്യാഖ്യാനം, വായന എന്നിവയെയെല്ലാം സ്പർശിക്കുന്നതും സൂക്ഷ്മമായി അപഗ്രഥിക്കുന്നതുമായ കാവ്യമീമാംസാപരമായ ഒരു പ്രബന്ധം തന്നെയായിരുന്നു അത്. എഴുത്തുകാരുടെ ഭാവനാവിലാസത്തിന് പരിധി നിശ്ചയിക്കരുതെന്ന് അടിവരയിട്ടു പറയാനാണ് ആ വിധിന്യായത്തിൽ ഉദ്യമിച്ചിരിക്കുന്നത്.
വാക്കിന്റെ ചിറകരിയരുത്
ജനാധിപത്യത്തിന്റെ പതാക ഉയർത്തിപ്പിടിക്കുന്നതിൽ നീതിന്യായ വ്യവസ്ഥ എന്നും പ്രതിജ്ഞാബദ്ധമാണെന്നും സ്വാതന്ത്ര്യത്തിന്റെയും വിമോചനത്തിന്റെയും ആദർശങ്ങൾ എക്കാലവും കാത്തു പരിപാലിക്കപെടണമെന്നും ഈ വിധിന്യായത്തിൽ കോടതി നിരീക്ഷിക്കുന്നുണ്ട്.
സമഗ്രാധിപത്യത്തിന്റെ ഇരുമ്പുമറക്കുള്ളിലല്ല നാം കഴിഞ്ഞുകൂടുന്നത്, മറിച്ച്, ജനാധിപത്യത്തിന്റെ ശുദ്ധവായുവുള്ളതും സ്വതന്ത്രമായ ആശയവിനിമയം അനുവദിക്കപ്പെട്ടിട്ടുള്ളതുമായ ഒരു രാജ്യത്താണ് നാം ജീവിക്കുന്നത് - കോടതി വ്യക്തമാക്കി. എഴുത്തുകാർക്ക് ആത്മപ്രകാശനത്തിനുള്ള മൗലികാവകാശമുണ്ടെന്ന് കോടതി ഇതിലൂടെ അസന്ദിഗ്ദമായി പ്രസ്താവിച്ചിരിക്കുന്നു.
മനോവൈകല്യമുള്ള ചിലരുടെ പ്രേരണയാൽ ഒരു സർഗാത്മക സാഹിത്യകൃതി നിരോധിക്കപ്പെടുന്നതിന്റെ അബദ്ധം കോടതി ചൂണ്ടിക്കാട്ടുന്നുണ്ട്. അഭിപ്രായങ്ങൾ സ്വതന്ത്രമായി ആവിഷ്‌കരിക്കാൻ കഴിയാതെ വന്നാൽ കലാപ്രവർത്തകർക്കും എഴുത്തുകാർക്കും യാതൊരു വിധ സർഗസൃഷ്ടികളും ചെയ്യാനാകില്ല. ആരോഗ്യകരമായ സംവാദങ്ങളാണ് എന്നും ജനാധിപത്യത്തിന്റെ ശക്തി. വ്യത്യസ്തമായ അഭിപ്രായങ്ങൾ ഉണ്ടാകണം, അത് സമൂഹത്തിൽ ചർച്ച ചെയ്യപ്പെടുകയും വേണം. എല്ലാവരെയും പ്രീതിപ്പെടുത്തിക്കൊണ്ട് ഒരു സാഹിത്യരചന നിർവഹിക്കാൻ ആർക്കും കഴിഞ്ഞെന്നു വരികയില്ല. മറ്റൊരാൾക്ക് ഹിതകരമാകില്ലെന്ന് കരുതിയിരുന്നാൽ ചിലപ്പോൾ, സാഹിത്യമോ കലയോ ഒന്നുമുണ്ടായില്ലെന്നു വരാം. ഒരു സാഹിത്യകൃതിയെക്കുറിച്ച് വ്യക്തിപരമായ വീക്ഷണം ആർക്കുമുണ്ടാകാം. എന്നാലത് ഒരു നീതിന്യായകോടതിയുടെയും നയസമീപനമാകാൻ പാടില്ല. ഒരു തരത്തിലുമുള്ള സെൻസർഷിപ്പിനും അത് കാരണമാകരുത്..... ഇത്തരത്തിൽ കോടതി കണ്ടെത്തിയതു മുഴുവൻ നമ്മുടെ ആവിഷകാരസ്വാതന്ത്ര്യത്തിന്റെ പ്രസക്തി വ്യക്തമാക്കുന്ന കാര്യങ്ങളായിരുന്നു. ഒരു ചിത്രകാരനോ/ചിത്രകാരിക്കോ വർണങ്ങൾ പോലെയാണ് എഴുത്തുകാരന്/ എഴുത്തുകാരിക്ക് തന്റെ വാക്കുകൾ. അതിന്റെ ചിറകരിയാൻ ആരെയും അനുവദിക്കരുത്- കോടതി വ്യക്തമാക്കി.
രാജ്യത്ത് ചാർളി ഹെബ്‌ഡോ പ്രതിസന്ധി സൃഷ്ടിക്കുമെന്ന് ഹരജിക്കാരൻ
പരാതിക്കാരനായ എൻ. രാധാകൃഷ്ണൻ സുപ്രീംകോടതിയിൽ കൊടുത്ത റിട്ട് ഹർജിയിൽ വാദിച്ചതെന്തെന്നു കൂടി പരിശോധിച്ചാലാണ് ഈ കോടതി വിധിയുടെ സാംഗത്യം വ്യക്തമാവുക. ക്ഷേത്രദർശനം നടത്തുന്ന ഹിന്ദുസ്ത്രീകളെ അവഹേളിക്കുന്നതും നിന്ദിക്കുന്നതുമായ ഒരു കൃതിയാണ് ഈ നോവലെന്നായിരുന്നു പരാതിക്കാരന്റെ പ്രധാന വാദം. ക്ഷേത്രവൃത്തികൾ അനുഷ്ഠിക്കുന്ന പൂജാരിമാരെ ജാതീയമായി അധിക്ഷേപിക്കുന്ന ചില പരാമർശങ്ങളും നോവലിലിലുണ്ടെന്ന് പരാതിക്കാരൻ വാദിച്ചു.
ഇത്തരത്തിൽ ‘മതനിന്ദ' നടത്തുന്ന ഒരു കൃതിയുടെ പ്രസാധനം തടയുന്നതിനും ഓൺലൈൻ പ്രചരണം തടസ്സപ്പെടുത്തുന്നതിനും, ഉത്തരവാദിത്തപ്പെട്ട കേരളസർക്കാർ തയാറായില്ല എന്നും പരാതിക്കാരൻ ആക്ഷേപിക്കുന്നു. നോവലിനെതിരെ ദേശവ്യാപകമായി ജനരോഷമുണ്ടെന്നും ജനങ്ങൾ നോവലിനെതിരെ പ്രക്ഷോഭത്തിലാണെന്നും പരാതിക്കാരൻ വരെ വാദിച്ചു. മലയാളത്തിൽ പ്രസിദ്ധീകരിച്ചതുകൊണ്ടാണ് കേരളത്തിൽ ഈ കൃതിയെ ചൊല്ലി പ്രക്ഷോഭമുണ്ടായതെന്നാണ് പരാതിക്കാരൻ വാദിച്ചിരിക്കുന്നത്.
അപകീർത്തികരമായ ഈ നോവൽ പ്രസിദ്ധീകരിക്കപ്പെട്ട ശേഷം ക്ഷേത്രദർശനത്തിന് പോകുന്ന സ്ത്രീകൾ വല്ലാതെ പരിഹസിക്കപ്പെടുന്ന സാഹചര്യമാണത്രേ! പരിഹാസം കൊണ്ട് സമൂഹമാധ്യമങ്ങൾ നിറഞ്ഞു കവിഞ്ഞുവെന്നാണ് പരാതിക്കാരന്റെ പക്ഷം. സമൂഹമാധ്യമങ്ങളിൽ വരുന്ന നിരവധിയായ ട്രോളുകൾ ഹിന്ദുമതവിശ്വാസികൾക്ക് അതീവദുഃഖവും അമർഷവും ഉണ്ടാക്കുന്നു. നോവലിന്റെ പ്രസിദ്ധീകരണം നിർത്തിവച്ചില്ലെങ്കിൽ അത് ദേശവ്യാപക പ്രക്ഷോഭത്തിന് ഇടയാക്കുമെന്ന് പരാതിക്കാരൻ വാദിക്കുന്നു.
ഇത്തരത്തിലുള്ള ഒരു കൃതി നിരോധിച്ചില്ലെങ്കിൽ രാജ്യത്ത് ‘ചാർളി ഹെബ്‌ഡോ' മട്ടിലുള്ള പ്രതിസന്ധി സൃഷ്ടിക്കുമെന്നും ഹരജിക്കാരൻ വാദിച്ചു. സ്ത്രീകളുടെ അവകാശങ്ങളും താൽപര്യങ്ങളും സംരക്ഷിക്കുന്നതിന് വേണ്ടിയാണ് തന്റെ ഒറ്റയ്ക്കുള്ള കോടതിയാത്ര എന്നും അദ്ദേഹം വ്യക്തമാക്കി. ഈ രചന ആവിഷ്‌കാരസ്വാതന്ത്ര്യത്തിന്റെ സാക്ഷാത്കാരമല്ലെന്നും സമൂഹത്തിൽ വിഭാഗീയത സൃഷ്ടിക്കുന്നതിനുള്ള ഗൂഢാലോചനയുടെ ഭാഗമാണെന്നും ഇവിടെ വാദിച്ചിരിക്കുന്നു.
കൃതിയിൽ പരാമർശിച്ചിരിക്കുന്ന കാര്യങ്ങൾ സ്ത്രീകൾക്കെതിരേ വിവേചനപരമായി എഴുതിയിട്ടുള്ളതാണെന്നും ബഹുസ്വരസമൂഹത്തിന്റെയും മതങ്ങളുടെയും ലിംഗനീതിയുടെയും മൂല്യങ്ങൾ കാത്തുപരിപാലിച്ചുപോരുന്ന ഒരു സമൂഹത്തിന്റെ ഘടനാവിശേഷത്തെ വെല്ലുവിളിക്കുകയാണ് ഇവിടെ ചെയ്തിരിക്കുന്നതെന്നും പരാതിക്കാരൻ അഭിപ്രായപ്പെടുന്നു. അപകീർത്തികരവും അപമാനകരവുമായ ഇത്തരം കൃതികൾ പ്രസിദ്ധീകരിക്കുന്നത് മാനസികവൈകൃതം ബാധിച്ചവരെയും വർഗ്ഗീയതിമിരം ബാധിച്ചവരെയും വളർത്താൻ മാത്രമേ സഹായിക്കുകയുള്ളുവെന്നും ഇത്തരം പ്രവണതകൾ മുളയിലേ നുള്ളിക്കളയണമെന്നും പരാതിക്കാരൻ വാദിക്കുന്നുണ്ട്.
സ്ത്രീകളെ വെറും ലൈംഗികോപകരണങ്ങളായി മാത്രം കാണുന്ന പ്രവണതയെ പ്രചോദിപ്പിക്കാനാവും ഇത്തരം കൃതികൾ സഹായിക്കുകയെന്നും പരാതിക്കാരന് അഭിപ്രായമുണ്ട്. സ്ത്രീകളുടെ മൗലികാവകാശങ്ങൾ നിഷേധിച്ചുകൊണ്ട്, അവരുടെ സുരക്ഷിതത്വവും ക്ഷേമവും താറുമാറാക്കുകയാണ് ഇത്തരം കൃതികൾ ചെയ്യുന്നതെന്ന് പരാതിക്കാരൻ വാദിച്ചിരിക്കുന്നു.
ഭാവനാവിലാസത്തിന് ഭ്രമണപഥം നിശ്ചയിക്കരുത്
ഭരണഘടനാപരമായി സാധുതയുള്ള ഏതെങ്കിലുമൊരു നിയമത്തിന് വിരുദ്ധമാകാത്ത വിധത്തിൽ ഒരു എഴുത്തുകാരന് തന്റെ ആവിഷ്‌കാരസ്വാതന്ത്ര്യം പരിപൂർണ്ണമായ അർത്ഥത്തിൽ വിനിയോഗിക്കാൻ ഇവിടെ അവകാശമുണ്ട് എന്നു പറഞ്ഞുകൊണ്ടാണ് സുപ്രീംകോടതിയുടെ വിധിന്യായം തുടങ്ങുന്നത്.
സാഹിത്യാദികലകളുടെ അടിസ്ഥാനാശയം എന്താണെന്നു പരിശോധിക്കുകയും കലാവിഷ്‌കാരങ്ങളോടു ചേർന്നുനിൽക്കുന്ന ഉദാരതാവാദം എന്താണെന്നു കാണുകയുമാണ് ചെയ്യേണ്ടത്. ഒരാളുടെ ആവിഷ്‌കാരസ്വാതന്ത്ര്യത്തെ ബഹുവിധമായ രൂപത്തിൽ പ്രത്യക്ഷീകരിക്കാൻ സാഹിത്യത്തിന് കഴിയുന്നുണ്ട്. സർഗ്ഗാത്മകതയുടെ കഴുത്തു ഞെരിക്കാതിരിക്കുമ്പോൾ മാത്രമെ സ്വതന്ത്രമായ മനസ്സിന്റെ ചിന്തകളും ആശയങ്ങളും പൊടിപ്പുറപ്പെടുകയുള്ള വെന്നും അപ്പോൾ മാത്രമേ അത് സമൂഹത്തിന് സ്വീകരിക്കാൻ പര്യാപ്തമാവുകയുള്ളൂവെന്നും കോടതി കണ്ടെത്തി.
സർഗ്ഗാത്മകതയെ ശ്വാസം മുട്ടിച്ച് കൊല്ലാതിരിക്കുമ്പോൾ മാത്രമേ സാഹിത്യത്തിന് അതിന്റെ അനുവാചകരിലേക്കുള്ള മാധ്യമമായി പ്രവർത്തിക്കാൻ കഴിയുകയുള്ളു. സർഗ്ഗാത്മകതയുടെ നീരരുവിയുടെ സ്വച്ഛന്ദപ്രവാഹത്തിന് അതിരുകളോ ഭാവനയ്ക്ക് പരിധികളോ ഇല്ല. തന്റെ ആലോചനകളെയും ചിന്തകളെയും തടസ്സപ്പെടുത്തുന്ന എല്ലാ ബന്ധനങ്ങളും അഴിച്ചുകൊണ്ടുവേണം സർഗ്ഗാത്മകപ്രവർത്തനത്തിൽ മുഴുകുന്ന ഒരു എഴുത്തുകാരനോ/ എഴുത്തുകാരിക്കോ കലാകാരനോ/ കലാകാരിക്കോ ചിന്തിക്കാൻ. സ്വന്തം ആശയങ്ങളും വീക്ഷണങ്ങളും ഭാവനകളും പ്രകാശിപ്പിക്കാനുള്ള അവകാശം എഴുത്തുകാർക്കുണ്ട്. അത്തരം ഭാവനകളും വീക്ഷണങ്ങളും സ്വന്തം വീക്ഷണകോണിലൂടെ മെനഞ്ഞെടുക്കാൻ അനുവാചകർക്കും അവകാശമുണ്ട്. ഭാവനയില്ലാത്ത ചിന്താപ്രക്രിയ പരിമിതികളുള്ളതായിരിക്കും.
സർഗ്ഗാത്മകമായ ശബ്ദങ്ങളെ ശ്വാസംമുട്ടിക്കുകയോ നിശ്ശബ്ദമാക്കുകയോ ബൗദ്ധികസ്വാതന്ത്ര്യത്തെ ഉന്മൂലനം ചെയ്യുകയോ അരുത്. സ്വതന്ത്രശബ്ദവും ആവിഷ്‌കരണവും സർഗ്ഗാത്മകതയുമെല്ലാം തടയുന്നത് ആപൽക്കരമാണ്. അങ്ങനെ ചെയ്താൽ സർഗ്ഗസ്വാതന്ത്ര്യത്തിന്റെ ബൗദ്ധികമായ ഒരുതരം അടിച്ചമർത്തലിന് അത് കാരണമാക്കും.
സ്വതന്ത്രചിന്തയെയും ആശയദാർഢ്യമുള്ള മനുഷ്യമനസ്സിനെയും തടസ്സപ്പെടുത്തുന്നതിന്റെ അന്തിമഫലം സാഹിതീയമായ അധൈര്യം മാത്രമായിരിക്കും. ആശയങ്ങൾക്ക് ചിറകുണ്ട്. ആശയങ്ങളുടെയും ഭാവനയുടെയും ചിറകരിഞ്ഞാൽ ഒരു കലാസൃഷ്ടിയും പിന്നീടിവിടെ പിറവികൊള്ളില്ല. പുസ്തകങ്ങൾ, നിരോധിക്കുന്ന സംസ്‌കാരമുടലെടുത്താൽ അത് ആശയങ്ങളുടെ സ്വതന്ത്രപ്രവാഹത്തെ ബാധിക്കുകയും അഭിപ്രായങ്ങളുടെയും ചിന്തകളുടെയും ആവിഷ്‌കരണങ്ങളുടെയും മേലുള്ള അവഹേളനമായി ഭവിക്കുകയും ചെയ്യും. അപകീർത്തികരമോ അഭിമാനക്ഷതമുണ്ടാക്കുന്നതോ ആയ വിധത്തിൽ, അശ്ശീലതയൊന്നുമില്ലാത്തതെങ്കിൽ, ഒരു പുസ്തകം നിരോധിക്കുന്നതോ പ്രത്യക്ഷമോ പരോക്ഷമോ ആയ സെൻസർഷിപ്പ് നടത്തുന്നതോ ബൗദ്ധികലോകത്ത് അസ്വസ്ഥതയും അശാന്തിയും നിറയ്ക്കും. ബൗദ്ധികമായ സഹിഷ്ണുത ഇല്ലാതാക്കും, ആത്യന്തികമായി അത് ബൗദ്ധികഭീരുത്വത്തിനിടയാക്കും. എഴുത്തുകാരന്റെ സ്വതന്ത്രചേതനയെ നശിപ്പിക്കുന്ന ഏറ്റവും വലിയ ശത്രു ഈ ബൗദ്ധികഭീരുത്വമാണ്. അസംതൃപ്തിയുടെ അതിശൈത്യമാവും അത് ക്ഷണിച്ചുവരുത്തുക. ഏകാധിപത്യ ഭരണ സംവിധാനമുള്ള ഒരു രാജ്യത്തല്ല, ജനാധിപത്യവ്യവസ്ഥ നിലനിൽക്കുന്ന ഒരു രാജ്യത്താണ് നാം ജീവിക്കുന്നതെന്നും ഇവിടെ ആശയങ്ങളുടെ സ്വതന്ത്രമായ വിനിമയം സാധ്യമാകണമെന്നും ചിന്തകൾക്കും ആവിഷ്‌കാരങ്ങൾക്കും ഇവിടെ സ്വാതന്ത്ര്യമുണ്ടെന്നും നാം എന്നുമോർക്കണം. അഭിപ്രായസ്വാതന്ത്ര്യത്തിന്റെയും ആവിഷ്‌കാരസ്വാതന്ത്ര്യത്തിന്റെയും അലംഘനീയമായ തത്ത്വങ്ങളെ പരിപാലിച്ചുകൊണ്ടും എഴുത്തുകാരുടെ സർഗ്ഗചേതനയും പ്രതിഭയും സംരക്ഷിച്ചുകൊണ്ടും മാത്രമേ ഭരണഘടനയുടെ ആദർശങ്ങളെ സംരക്ഷിക്കുവാനും എഴുത്തിനും വായനയ്ക്കുമുള്ള സ്വാതന്ത്ര്യം വിലമതിക്കുന്ന ജനാധിപത്യസമൂഹമായി ഉയരാനും നമുക്കു കഴിയൂ.
ആവിഷ്‌കാരസ്വാതന്ത്ര്യത്തെക്കുറിച്ചും സാഹിത്യാദി കലകളിലെ അശ്ലീലതയെക്കുറിച്ചും വിവിധ കാലങ്ങളിൽ സുപ്രീം കോടതിയും കീഴ് കോടതികളും നടത്തിയിട്ടുള്ള വിധികളും പരാമർശങ്ങളൂം ഈ വിധിന്യായത്തിന്റെ രചനയ്ക്കുവേണ്ടി സുപ്രീം കോടതി ബഞ്ച് കൃത്യമായി പ്രയോജനപ്പെടുത്തുന്നുണ്ട്.
ദേവിപ്രസാദ് രാമചന്ദ്ര തുൽജാപുകാറും മഹാരാഷ്ട്രാ സംസ്ഥാനവും തമ്മിലുള്ള കേസിൽ ആവിഷ്‌കാരസ്വാതന്ത്ര്യമെന്തെന്ന് കോടതി വ്യക്തമാക്കുന്നുണ്ട്. ഭിന്നമായ വികാരങ്ങളും വിചാരങ്ങളും വീഷണങ്ങളുമുള്ളവരാണ് എഴുത്തുകാർ. അനുവാചകരും അങ്ങനെതന്നെ. അത്തരം സ്വാതന്ത്ര്യങ്ങൾ വകവച്ചുകൊടുത്താൽ മാത്രമേ സാഹിത്യരചന സാധ്യമാകൂ. ‘സത്യം ശിവം സുന്ദരം,' ‘ബൻഡ്വിറ്റ് ക്വീൻ', ‘പത്മാവത് ' എന്നീ സിനിമകളെക്കുറിച്ചും ‘പ്രജാപതി’ എന്ന നോവലിനെക്കുറിച്ചും മുമ്പുണ്ടായിട്ടുള്ള കോടതിവിധികൾ ഇതിനു വേണ്ടി സുപ്രീംകോടതി ഉദ്ധരിക്കുണ്ട്.
എഴുത്തുകാർ എങ്ങനെ എഴുതണമെന്ന് അവരെ പഠിപ്പിക്കേണ്ടതില്ല, ഭാവനാവിലാസത്തിന് ഭ്രമണപഥം നിശ്ചയിക്കരുത് എന്നാണ് വിധിന്യായത്തിന്റെ അവസാനത്തിലെ പ്രധാന നിഗമനം. എതൊരു
സാഹിത്യകൃതിയും അതിന്റെ സമഗ്രതയിൽ വായിക്കേണ്ടതാണെന്നും ചെറു ചെറുകഷണങ്ങളാക്കി, സന്ദർഭത്തിൽ നിന്ന് അടർത്തി മാറ്റി വായിക്കുന്നത് ഒരുതരം വികലവായനയാണെന്നും കോടതി വ്യക്തമാക്കി.
ഒരു സാഹിത്യകൃതിയെ ഭാവനാത്മകസൃഷ്ടിയായി പരിഗണിച്ച് ആഴത്തിലും സമഗ്രതയിലും വായിച്ച് അതിന്റെ സാഹിത്യമൂല്യത്തെ കണ്ടെത്തണമെന്ന് അഭിപ്രായപ്പെടുന്ന ഈ വിധി സാഹിത്യചരിത്രത്തിൽ തന്നെ നിർണ്ണായകമായ ഒരു രേഖയായി, ഒരു നാഴികകല്ലായി എന്നും നിലനിൽക്കും.
എസ് ഹരീഷിന്റെ ‘മീശ' എന്ന നോവൽ ജയശ്രീ കളത്തിൽ വിവർത്തനം ചെയ്തതിന് ജെ.സി.ബി പുരസ്‌ക്കാരം ലഭിച്ചതിന്റെ ആഘോഷങ്ങൾ അരങ്ങേറുമ്പോൾ ആ നോവൽ മലയാളത്തിൽ നിരോധിക്കപ്പെട്ടിരുന്നതാണെന്നുംഅത്തരമൊരു കൃതി എഴുതിയതിന്റെ പേരിൽ ദുരിതകയത്തിലൂടെ അതിന്റെ രചയിതാവ് കടന്നു പോകേണ്ടി വന്നുവെന്നും ഒടുക്കം, സുപ്രീം കോടതിയുടെ ശ്രദ്ധേയമായ ഒരു വിധിയാണ് ആ കൃതിക്ക് ജീവൻ നൽകിയതെന്നു ഇടയ്ക്കിടെ ഓർക്കുന്നത് കേരളത്തിന്റെ സാംസ്‌കാരികലോകത്തിന് ഒരു നല്ല കായകല്പചികിത്സ തന്നെയായിരിക്കും.
മീശ നിരോധിക്കണമെന്നമെന്നാവശ്യപ്പെട്ട് സമർപ്പിച്ച റിട്ട് ഹർജി തള്ളിക്കൊണ്ടുള്ള സുപ്രീം കോടതി വിധി
ഭരണഘടനാപരമായി സാധുതയുള്ള ഏതെങ്കിലുമൊരു നിയമത്തിന് വിരുദ്ധമാകാത്ത വിധത്തിൽ ഒരു എഴുത്തുകാരന്/എഴുത്തുകാരിക്ക് തന്റെ ആവിഷ്‌കാരസ്വാതന്ത്ര്യം, പരിപൂർണമായ അർത്ഥത്തിൽതന്നെ വിനിയോഗിക്കാൻ ഇവിടെ അവകാശമുണ്ട്. ചിലപ്പോൾ അതൊരു നോവലാകാം, ഒരു മഹാകാവ്യമോ കവിതാസമാഹാരമോ ആകാം. ഒരു നാടകമാവാം, ഒരു ചെറുകഥയോ നീണ്ടകഥയോ തന്നെയാകാം. ഉപന്യാസമോ ഒരു ലഘുകുറിപ്പോ എന്തുമാകാം. എന്തു തന്നെയായാലും രചയിതാവിന് എഴുത്തിൽ പൂർണസ്വാതന്ത്ര്യമുണ്ട്. ആവിഷ്‌കാരസ്വാതന്ത്ര്യം എന്നത് ഒരു പരിഷ്‌കൃതസമൂഹത്തിന് എന്നും പ്രിയപ്പെട്ടതാണ്. സമൂഹം അതിന്റെ ഹൃദയത്തോട് ചേർത്തുവയ്ക്കാനിഷ്ടപ്പെടുന്ന ഒന്നാണത്. അതുകൊണ്ട് ആ സ്വാതന്ത്ര്യത്തിനു വരുന്ന നേരിയ ഇടിവുപോലും സമൂഹത്തിന് അനിഷ്ടകരമായി തോന്നിയേക്കാം.
ഒരു പ്രത്യേക മതവിഭാഗത്തിലെ സ്ത്രീകളുടെ വികാരത്തെ വ്രണപ്പെടുത്തുന്ന തരത്തിൽ ആഭാസകരമായ പ്രസ്താവനകളുള്ളതിനാൽ ഒരു പുസ്തകം തന്നെ നിരോധിക്കപ്പെടണമെന്ന ആവശ്യമാണ് ഇവിടെ സമർപ്പിക്കപ്പെട്ട റിട്ട് ഹർജിയിലുള്ളത്. സർഗാത്മകതയും അതിന് സമൂഹത്തിലുള്ള സ്വാധീനവും പരാമർശവിധേയമായിട്ടുള്ള, ഭരണഘടനയുടെ 32-ാം അനുച്ഛേദത്തിന്റെ പരിധിയിൽ വരുന്ന വിഷയമാണിത്. സർഗ്ഗാത്മകതയും ആവിഷ്‌കാര സ്വാതന്ത്ര്യവും ഊന്നിപ്പറയുന്ന രണ്ട് സുപ്രധാന വിധികൾ ഇവിടെ വന്നിട്ടുണ്ട്. പ്രയോഗിക റിയലിസത്തിന്റെ (Practical realism) തത്ത്വങ്ങൾ എപ്രകാരമാണ് സർഗസ്വാതന്ത്ര്യം ഉറപ്പുവരുത്തുന്നതെന്നും സംസ്‌കാരത്തിന്റെ ആധാരശിലയായ സർഗ്ഗസ്വാതന്ത്ര്യം കാത്തുപരിപാലിക്കപ്പെടേണ്ടതും പരിപോഷിക്കപ്പെടേണ്ടതുമാണെന്ന് ആ വിധിപ്രസ്താവങ്ങളിൽ വ്യക്തമാക്കപ്പെട്ടിരിക്കുന്നു. ആവിഷ്‌കാര സ്വാതന്ത്ര്യത്തിനുള്ള എഴുത്തുകാരുടെ അവകാശം ഏതെങ്കിലും വിധത്തിൽ വെട്ടിച്ചുരുക്കുന്നത് അത്യന്തം ആശങ്കാജനകമാണ്.
2. ദേവീദാസ് രാമചന്ദ്ര തുൽജാപുർക്കാരും മഹാരാഷ്ട്രസംസ്ഥാനവും തമ്മിലുള്ള കേസ്സിൽ സാഹിതീയസ്വാതന്ത്ര്യം എന്താണെന്ന് സുപ്രീംകോടതി നിരീക്ഷിച്ചിട്ടുണ്ട്: സാഹിത്യകാരന്മാർ എഴുത്തിലെടുക്കുന്ന സ്വാതന്ത്ര്യവിനിയോഗം (പോയറ്റിക് ലൈസൻസ് എന്ന് ഇംഗ്ലീഷിൽ) നിയമഭാഷയിലുള്ള ലൈസൻസ് പോലെയാണെന്ന് ധരിക്കരുത്. അങ്ങനെ ഒരു ലൈസൻസ് നൽകാൻ ആരെയും ചുമതലപ്പെടുത്തിയിട്ടുമില്ല. എഴുത്തുകാരുടെ സ്വാതന്ത്ര്യം സാഹിതീയമണ്ഡലത്തിലെ ഒരു പ്രയോഗവിശേഷം മാത്രമാണെന്ന് ധരിക്കണം. കവിതയുടെ അടിസ്ഥാനസങ്കല്പനങ്ങൾ പ്രദാനം ചെയ്യുന്ന സ്വാതന്ത്ര്യമാണ് എഴുത്തുകാരൻ/എഴുത്തുകാരി എടുത്തുപയോഗിക്കുന്നത്. യാഥാർത്ഥ്യത്തിൽനിന്ന് വിട്ടകന്നുനിൽക്കാൻ അയാൾക്ക് സ്വാതന്ത്ര്യമുണ്ട്. വ്യാകരണനിയമങ്ങളിൽനിന്ന് പറന്നകലാനും വൃത്തനിബദ്ധമായ കാവ്യപന്ഥാവുവിട്ട് വിരാജിക്കാനും മനോധർമ്മമനുസരിച്ച് പദങ്ങളെ കൂട്ടിച്ചേർക്കാനും അർത്ഥപുഷ്ടിക്കുവേണ്ടി പ്രചാരലുപ്തമായ പദങ്ങളുപയോഗിക്കാനും തികച്ചും യഥാർത്ഥമായ ആശയങ്ങളെ പുരാവൃത്തത്തിന്റെ ചിറകിലൊതുക്കാനും പ്രാസമോ താളമോ ഇല്ലാത്ത പുതുവഴിവെട്ടാനും പരിഹാസവും ഉപഹാസവും ആക്ഷേപഹാസ്യവും ശ്ലോഷോക്തിയും ഉപമയും രൂപകവുമൊക്കെ തരാതരം പ്രയോഗിക്കാനും എഴുത്തുകാരന് സ്വാതന്ത്ര്യമുണ്ട്. ‘എന്നും ഭുജിക്കുമപ്പമീ ജീവിതം' എന്നോ ‘ഉള്ളി പൊളിച്ചപോൽ ഐഹികജീവിതം' ‘സമൂഹം സ്റ്റ്യു പോലെയാണ്' എന്നോ ഒക്കെ ആശയങ്ങൾ നിറച്ച ബലൂണുകൾ ആകാശത്തിന്റെ അനന്തവിഹായസ്സിലേക്ക് പറത്തിവിടാം. സ്വന്തം ഭ്രമകൽപനകളിലെ യുക്തിവിചാരങ്ങളോട് കലഹിക്കാം. ഭാവനാത്മകയാഥാർത്ഥ്യം കൊണ്ടുതീർത്ത കാൽപനികലോകങ്ങളിൽ വിഹരിക്കാം. സാധർമ്മ്യത്തിന്റെ സാർവലൗകികദൃഷ്ടിയിൽ അഭിരമിക്കുകയും ചെയ്യാം.
തനിക്കിഷ്ടപ്പെട്ടവിധത്തിലും താൻ മനസ്സിലാക്കിയ വിധത്തിലും ഒരാൾക്ക് കാവ്യാസ്വാദനം നടത്താം. ‘ഇന്നലെ രാത്രിയിൽ ഞാൻ അനശ്വരത ദർശിച്ചു' എന്നൊരു കവിയെഴുതിയാൽ ‘അനശ്വരത'യെ ആരും അക്ഷരാർത്ഥത്തിലെടുക്കുകയില്ല. ഹാംലെറ്റിന്റെ ചോദ്യത്തിന് നിരവധി അടരുകളുണ്ട്. ഓരോന്നിനും നിരവധി അർത്ഥങ്ങൾ നൽകാൻ കഴിഞ്ഞേക്കാം.
പരമ്പരാഗതമോ ആധുനികമോ വൈയക്തികമോ ആയ അർത്ഥഭേദങ്ങളും നൽകാം. ഒരു നാടകകൃത്തിന്റെയോ കവിയുടെയോ എഴുത്തുകാരന്റെയോ ചിന്തകളുടെ സ്വതന്ത്രവിഹാരം തടയാൻ ആർക്കും കഴിയുകയില്ല. എഴുത്തുകാരെപ്പോലെ നിരൂപകരും സ്വന്തം അഭിപ്രായം പ്രകടിപ്പിക്കുന്നത് (അതിന്റെ മൂല്യം എന്തായാലും ശരി) തടയാൻ ആർക്കും കഴിയുകയില്ല. ഒരു വിഷയത്തെക്കുറിച്ച് ക്ലാസിക്കൽ ബോധ്യങ്ങളോടെയാവും ഒരാൾ ആലോചിക്കുന്നത്. അതിഭൗതികതലത്തിലാവും ഇതരൻ ആലോചിക്കുന്നത്.
ഷെല്ലിയോ കിറ്റ്സോ ബൈറനോ മനസ്സിലാക്കിയതുപോലെ കാല്പനിക യുക്തിയോടെയാവും മറ്റുചിലർ കാര്യങ്ങൾ മനസ്സിലാക്കുക. വേൾഡ്സ് വർത്തിനെപ്പോലെ പ്രകൃതിയോട് സംവദിക്കുന്ന മട്ടിലാവും ചിലരുടെ ചിന്തകൾ. ചിലപ്പോൾ പ്രബോധനാത്മകമായേക്കാം അത്. അലക്സാണ്ടർ പോപ്പിനെപ്പോലെയോ ഡ്രൈഡനെപ്പോലെയോ എഴുതാൻ ചിലർ ശ്രമിച്ചെന്നുവരാം. എസ്രാ പൗണ്ടിനെയും എലിയറ്റിനെയും പാബ്ലോ നെരൂദയെയുംപോലെ വൈയക്തികാധുനികതയുടെ രിതി അവലംബിച്ചും എഴുതിയെന്നു വരാം. ഈ വ്യത്യസ്തതകളൊക്കെയാണ് സാഹിതീയസ്വാതന്ത്ര്യം എന്നതുകൊണ്ട് വിവക്ഷിക്കുന്നത്.
3. ‘സത്യം, ശിവം, സുന്ദരം' എന്ന സിനിമയുമായി ബന്ധപ്പെട്ട് ആ സിനിമയുടെ നിർമാതാക്കളും കേസ്സിൽ പരാതിക്കാരുമായ രാജ്കപൂർ അടക്കമുള്ളവർക്കെതിരേ സ്വീകരിക്കപ്പെട്ട ക്രിമിനൽ നടപടിക്രമങ്ങൾ റദ്ദുചെയ്തുകൊണ്ട് ജസ്റ്റിസ് കൃഷ്ണയ്യർ പുറപ്പെടുവിച്ച വിധിന്യായത്തിൽ ഇപ്രകാരം നിരീക്ഷിച്ചിരിക്കുന്നു: ‘നിയമവിജ്ഞാനപ്രകാരം പറയുകയാണെങ്കിൽ, ഒരു കാര്യം ചെയ്യാനോ ചെയ്യാതിരിക്കാനോ അനുശാസിക്കുന്ന നിയമം എന്നത് സമൂഹത്തിന്റെ സാംസ്‌കാരികവിധികളുടെ പ്രതിഫലനമായിരിക്കണം. മറിച്ച് സൗന്ദര്യാവിഷ്‌കാരങ്ങളെയോ സർഗസൃഷ്ടിവ്യാപാരങ്ങളെയോ ഒന്നും ഭരണകൂടം തന്നെ തളച്ചിടുന്ന തരത്തിലുള്ളതായിരിക്കരുത് അത്. ധർമ്മം എന്ന നൈയാമികമൂല്യം സർഗാത്മകാന്വേഷങ്ങളുടെ വിളനിലമാണെന്ന് തിരിച്ചറിയുകയാണ് ഇവിടെ നാം. ധർമം എന്ന ഈ മൂല്യം നിലനിൽക്കുന്ന സദാചാരബോധത്തിന്റെയും സന്മാർഗ്ഗത്തിന്റെയും പ്രബുദ്ധസമൂഹത്തിന്റെ സമ്മതികളുടെയും സമ്യക്കായ മേളനമാണ്. പ്രശസ്ത നിയമ വിശാരദനായ ജോൺ ഓസ്റ്റീൻ പറയുന്ന തരത്തിലുള്ള പോസിറ്റീവായ നിയമങ്ങൾക്കെതിരെ ജനങ്ങൾ നെയ്തെടുത്ത പൊതുചട്ടങ്ങളാണവ. ക്രോഡീകരിക്കപ്പെട്ട നിയമസംഹിത കൾക്കപ്പുറത്ത് ഏറെ പരിവേഷത്തോടെയും സ്വയം നിർണ്ണയാവകാശത്തോടെയും അത് നിലനിൽക്കുന്നുണ്ട്. കോടതികളുടെയും നിയമങ്ങളുടെയും അടിസ്ഥാനത്തിൽ മാത്രം ധർമ്മാചാരങ്ങളെന്തെന്ന് നിർണ്ണയിക്കുന്നത് മൗലികസ്വാതന്ത്ര്യത്തെത്തന്നെ നിഹനിക്കുന്ന തരത്തിൽ വിപൽക്കരമാകാം. നമ്മുടെ ഭരണഘടനാവ്യവസ്ഥയുടെ അടിസ്ഥാനതത്ത്വമാണ് അഭിപ്രായസ്വാതന്ത്ര്യമെന്നത്. നമ്മുടെ സാമാന്യമര്യാദകളും മാന്യതയും സദാചാരബോധവുമൊക്കെ ആ സ്വാതന്ത്ര്യത്തെ നിയന്ത്രിക്കുന്നുമുണ്ട്. കലയിൽ ക്രമസമാധാനപാലനം നടത്തുന്നതിന് സാമൂഹികചലനാത്മകത (Social dynamics) നിയമചലനാത്മകതയ്ക്ക് വഴികാട്ടിയാവുന്നു.'
4. ന്യായാധിപൻ ഇപ്രകാരം തുടർന്നു: ‘അശ്ലീലതയെക്കുറിച്ചുള്ള കോടതിയുടെ വിലയിരുത്തലുകൾ യാഥാർത്ഥ്യവും ആപേക്ഷികതയും തമ്മിലുള്ള ബന്ധത്തെ എപ്പോഴും ഓർമ്മപ്പെടുത്തുന്നതായിരിക്കണം. സമൂഹത്തിന്റെ വിശാലമാനവികബോധത്തോടാണ്, മറിച്ച്, നിയമത്തിന്റെ ശിക്ഷാനിർദ്ദേശങ്ങളോടല്ല അത് ബന്ധപ്പെട്ടു കിടക്കുന്നത്. യോഗാത്മകദർശനത്തോടെയോ താപസമന്ത്രങ്ങളോടെയോ ത്യാഗപരി ത്യാഗങ്ങളോടെയോ മാത്രമല്ല മനുഷ്യർ ജീവിക്കുന്നതെന്ന് സാമൂഹികശാസ്ത്രജ്ഞന്മാരും ആത്മീയ'ശാസ്ത്രജ്ഞ'ന്മാരും സമ്മതിക്കുന്നുണ്ട്. സൗന്ദര്യത്തോടുള്ള ആസക്തി, മൈത്രിയിലൂടെ ലഭിക്കുന്ന ഇന്ദ്രിയസുഖം, മിതമായ ജഡികാഭിലാഷങ്ങളുടെ അനുസാരം ഇവയൊക്കെ മനുഷ്യജിവിതത്തിന്റെ ഭാഗമാണ്. ഏതു കാര്യത്തിലും തീവ്രതയും ആധിക്യവും തിരിച്ചടികളുണ്ടാക്കുമെന്നതിൽ സംശയമില്ല. എന്നാൽ Moderation is a fatal thing. Nothing succeeds like excess. (മിതത്വമല്ല, ആധിക്യമാണ് നല്ലത്) എന്ന ഓസ്‌കർ വൈൽഡിന്റെ വാക്കുകൾ സ്വികരിച്ചുകൊണ്ട് കിറുക്കന്മാരായ ചില കലാകാരന്മാരും സിനിമസംവിധയകരും അത് ജീവിതത്തിൽ പ്രാവർത്തികമാക്കാൻ ശ്രമിക്കുന്നുണ്ട്. കഴമ്പൊന്നുമില്ല അതിൽ.'
‘അന്തിമ വിധിനിർണയവും അപ്രമാദിത്വവുമൊക്കെ കോടതികൾക്ക് അതീതമാണെന്നാണ് ഇക്കാര്യങ്ങളിൽനിന്നെല്ലാം നമുക്ക് എത്തിച്ചേരാൻ കഴിയുന്ന നിഗമനം. നിയമങ്ങളെ വ്യാഖ്യാനിക്കുകയും പ്രായോഗിക റിയലിസത്തിന്റെ അടിസ്ഥാനത്തിൽ നിയമവത്കരണം നടത്തുകയുമാണ് കോടതികൾ ചെയ്യേണ്ടത്. അല്ലാതെ, കാൽപനിക ആദർശവാദമോ വിരക്ത തീവ്രവാദ (recluse etxremism)മോ നടത്തുകയല്ല.'
5. ഈ കേസ്സിലെ നിയമപ്രശ്നത്തെ പ്രായോഗിക റിയലിസത്തിന്റെ അടിസ്ഥാനത്തിൽ വിലയിരുത്താൻ ഉദ്ദേശിക്കുന്നതുകൊണ്ടാണ് മേൽക്കൊടുത്ത രണ്ടു വിധിതീർപ്പുകളെക്കുറിച്ച് ഇവിടെ സവിസ്തരം പറഞ്ഞത്. പ്രായോഗികറിയലിസത്തെക്കുറിച്ച് പറയുമ്പോൾ അതിനെ സർഗ്ഗാത്മകതയുടെ പ്രകരണത്തിൽത്തന്നെ മനസ്സിലാക്കേണ്ടതുണ്ട്. പ്രത്യേകിച്ച്, നിലവിലെ റിട്ട് ഹർജി ഭരണഘടനയുടെ 32-ാം അനുച്ഛേദത്തിന്റെ അടിസ്ഥാനത്തിൽ നോവൽ നിരോധിക്കണം എന്നാവശ്യപ്പെടുന്ന സാഹചര്യത്തിൽ. കോഴിക്കോടു നിന്ന് പ്രസിദ്ധീകരിക്കുന്നതും രാജ്യത്തിനകത്തും പുറത്തും വായിക്കപ്പെടുന്നതുമായ മലയാളത്തിലെ പ്രശസ്ത വാരികയായ മാതൃഭൂമി ആഴ്ചപ്പതിപ്പിൽ വന്ന മീശ എന്ന പേരിലുള്ള നോവൽ നിരോധിക്കണമെന്നാണ് റിട്ട് ഹർജിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്.
6. മേൽപ്പറഞ്ഞ സാഹിത്യകൃതി ക്ഷേത്രദർശനം നടത്തുന്ന സ്ത്രീകളെ അവഹേളിക്കുന്നതും നിന്ദ്യമായി പരാമർശിക്കുന്നതുമാണെന്ന് ശക്തമായി വാദിക്കുന്നുണ്ട്. ആ അർത്ഥത്തിൽ ഒരു പ്രത്യേക മതവിഭാഗത്തിന്റെ വികാരങ്ങളെ തൽകൃതി വ്രണപ്പെടുത്തുകയും ചെയ്യുന്നു എന്നാണ് പരാതിക്കാർ വാദിക്കുന്നത്. മീശ എന്ന നോവലിലെ ഒരു ഭാഗം ക്ഷേത്രദർശനം നടത്തുന്ന സ്ത്രീകളെ അപകീർത്തികരമായി അവതരിപ്പിച്ചിരിക്കുന്നതിനാൽ അത് സമുദായത്തിന് അസ്വസ്ഥത പകരുന്നുവെന്നും പരാതിയിൽ ഉറപ്പിച്ചു പറയുന്നു.
7. നോവൽ പ്രസിദ്ധീകരിക്കുന്നതിനുമുമ്പ് മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ പത്രാധിപർ അതിൽ വേണ്ട തിരുത്തലുകൾ വരുത്തുന്ന കാര്യത്തിലും സൂക്ഷ്മപരിശോധന നടത്തുന്ന കാര്യത്തിലും പരാജയപ്പെട്ടുവെന്ന് പരാതിക്കാരൻ വാദിക്കുന്നുണ്ട്. സ്ത്രീകളുടെ അവകാശങ്ങളും താൽപര്യങ്ങളും സംരക്ഷിക്കുന്നതിനുവേണ്ടിയാണ് താൻ ഒറ്റയ്ക്ക് കോടതിയെ സമീപിച്ചിരിക്കുന്നതെന്ന് പരാതിക്കാരൻ സമർത്ഥിക്കുന്നു.
മാതൃഭൂമിയിൽ പ്രസിദ്ധീകരിച്ച ആ രചന ആവിഷ്‌കാരസ്വാതന്ത്ര്യത്തിന്റെ സാക്ഷാത്കാരമല്ലെന്നും സമൂഹത്തിൽ വിഭാഗീയത സൃഷ്ടിക്കുന്നതിനുള്ള ഗൂഢാലോചനയുടെ ഭാഗമാണെന്നും ഇവിടെ വാദിച്ചിരിക്കുന്നു. കൃതിയിൽ പരാമർശിച്ചിരിക്കുന്ന കാര്യങ്ങൾ സ്ത്രീകൾക്കെതിരേ വിവേചനപരമായി എഴുതിയിട്ടുള്ളതാണെന്നും ബഹുസ്വരസമൂഹത്തിന്റെയും മതങ്ങളുടെയും ലിംഗനീതിയുടെയും മൂല്യങ്ങൾ കാത്തുപരിപാലിച്ചുപോരുന്ന ഒരു സമൂഹത്തിന്റെ ഘടനാവിശേഷത്തെ വെല്ലുവിളിക്കുകയാണ് ഇവിടെ ചെയ്തിരിക്കുന്നതെന്നും പരാതിക്കാരൻ അഭിപ്രായപ്പെടുന്നു.
അപകീർത്തികരവും അപമാനകരവുമായ ഇത്തരം കൃതികൾ പ്രസിദ്ധീകരിക്കുന്നത് മാനസികവൈകൃതം ബാധിച്ചവരെയും വർഗ്ഗീയതിമിരം ബാധിച്ചവരെയും വളർത്താൻ മാത്രമേ സഹായിക്കുകയുള്ളൂവെന്നും ഇത്തരം പ്രവണതകൾ മുളയിലേ നുള്ളിക്കളയണമെന്നും പരാതിക്കാരൻ വാദിക്കുന്നുണ്ട്. സ്ത്രീകളെ വെറും ലൈംഗികോപകരണങ്ങളായി മാത്രം കാണുന്ന പ്രവണതയെ പ്രചോദിപ്പിക്കാനാവും ഇത്തരം കൃതികൾ സഹായിക്കുകയെന്നും പരാതിക്കാരന് അഭിപ്രായമുണ്ട്. സ്ത്രീകളുടെ മൗലികാവകാശങ്ങൾ നിഷേധിച്ചുകൊണ്ട്, അവരുടെ സുരക്ഷിതത്വവും ക്ഷേമവും താറുമാറാക്കുകയാണ് ഇത്തരം കൃതികൾ ചെയ്യുന്നതെന്ന് പരാതിക്കാരൻ വാദിച്ചിരിക്കുന്നു.
8.മാതൃഭൂമിയിൽ പ്രസിദ്ധീകരിക്കപ്പെട്ടുവന്ന അപവാദപരമായ കൃതി ആരാധനാലയങ്ങളെ മോശമായി ചിത്രീകരിക്കുകയും തന്മൂലം പൊതുജനം അവയെ വെറുപ്പോടെയും പരിഹാസത്തോടെയും കാണുവാൻ കാരണമാകുകയും ചെയ്യുമെന്ന് പരാതിക്കാരൻ ആരോപിച്ചിരിക്കുന്നു. ക്ഷേത്രങ്ങളിൽ ചെന്ന് ഇഷ്ടദൈവങ്ങളെ തൊഴുന്നതിന് മനസ്സും ശരീരവും ഒരുപോലെ നിർമ്മലമായിരിക്കണമെന്ന് ഹിന്ദുമതവിശ്വാസത്തിൽ കരുതപ്പെടുന്നതിന് നേർവിപരീതദിശയിലാണ് നോവലിലെ പരാമർശമെന്നും പരാതിക്കാരൻ അഭിപ്രായപ്പെടുന്നു.
9.മാതൃഭൂമിയിൽ വന്ന ഈ കൃതി പൊതുജന മര്യാദകളെയും മാന്യതയെയും സദാചാരത്തെയും അലങ്കോലപ്പെടുത്തുകയും സ്ത്രീത്വത്തെ അപകീർത്തിപ്പെടുത്തുകയും ചെയ്യാൻ പോന്നതായതുകൊണ്ട് ആർട്ടിക്കിൾ 19(2)ന്റെ അടിസ്ഥാനത്തിൽ നിയന്ത്രണം കൊണ്ടുവരാൻ മതിയായ കാരണമാണെന്ന് വാദിക്കപ്പെട്ടിരിക്കുന്നു. കുറ്റാരോപിതമായ കൃതി പ്രസിദ്ധീകരിക്കപ്പെട്ടുവന്നതിനുശേഷം ക്ഷേത്രദർശനം നടത്തുന്ന സ്ത്രീകളെക്കുറിച്ച് സമൂഹമാധ്യമങ്ങളിലൂടെ പരിഹാസദ്യോതകമായ ഒട്ടേറെ പരാമർശങ്ങളുണ്ടായതായി പരാതിക്കാരൻ സമർത്ഥിക്കുന്നുണ്ട്. ഇത്തരം കാര്യങ്ങൾ സ്ത്രീകളുടെ വിമോചനത്തിനും ശാക്തീകരണത്തിനും വിലങ്ങുതടിയാകുമെന്നും പരാതിക്കാരൻ വാദിക്കുന്നു.
10. ഇത്തരത്തിലുള്ള ഒരു കൃതി നിരോധിച്ചില്ലെങ്കിൽ ആയത് ഈ രാജ്യത്ത് ‘ചാർളി ഹെബ് ഡോ' രീതിയിലുള്ള കടുത്ത അക്രമങ്ങൾക്ക് വഴിവെക്കുമെന്ന് പരാതിക്കാരൻ ഉറപ്പിച്ചുപറയുന്നു. ആയതിനാൽ ഇക്കാര്യത്തിൽ കോടതി എത്രയും പെട്ടെന്ന് ഇടപെട്ട് നിയന്ത്രണങ്ങളും നിരോധനങ്ങളും കൊണ്ടുവരുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ നൽകണമെന്നും അതിലൂടെ പത്രമാധ്യമങ്ങളും സമൂഹമാധ്യമങ്ങളും നടത്തുകയോ നിയന്ത്രിക്കുകയോ പ്രസിദ്ധീകരിക്കുകയോ ചെയ്യുന്നവരെ പിന്തിരിപ്പിക്കണമെന്നും പരാതിക്കാരൻ ആവശ്യപ്പെട്ടിരിക്കുന്നു. വിവിധ സമുദായങ്ങളും മതങ്ങളും സമാധാനത്തോടെ സഹവർത്തിക്കുന്ന രാജ്യത്ത് സംവേദനരഹിതവും ദുരാരോപണപരവും അപകീർത്തികരവുമായ ഇത്തരം കൃതികൾ പ്രസിദ്ധീകരിക്കപ്പെടുന്നത് തടയാനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ നൽകാനാണ് പരാതിക്കാരൻ ആവശ്യപ്പെടുന്നത്.
11. മേൽപറഞ്ഞ കാര്യങ്ങളുടെ അടിസ്ഥാനത്തിൽ മാൻഡമാസ് റിട്ടിലൂടെയോ സമാനമായ മറ്റേതെങ്കിലും റിട്ടുകളിലൂടെയോ നിർദ്ദേശങ്ങളിലൂടെയോ 2018 ജൂലൈ ഏഴിനു പ്രസിദ്ധീകരിച്ച മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ മുഴുവൻ കോപ്പികളും കണ്ടുകെട്ടണമെന്ന് പരാതിക്കാരൻ ആവശ്യപ്പെട്ടിരിക്കുന്നു. ഇന്റർനെറ്റ് അടക്കമുള്ള മറ്റേതെങ്കിലും മാർഗ്ഗത്തിൽ നോവൽ തുടർന്നു പ്രസിദ്ധീകരിക്കുന്നതും വിതരണം നടത്തുന്നതും വിലക്കണമെന്നും പരാതിക്കാരൻ ആവശ്യപ്പെട്ടിരിക്കുന്നു. ഇത്തരം കാര്യങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള ഉചിതമായ മാർഗ്ഗനിർദ്ദേശങ്ങൾ കോടതി ഇടപെട്ട് മാൻഡമസ് റിട്ടിലൂടെയോ മറ്റേതെങ്കിലും രീതിയിലോ കേന്ദ്ര ഇൻഫർമേഷൻ ആന്റ് ബ്രോഡ്കാസ്റ്റിങ് വകുപ്പിനു കൂടി നൽകേണ്ടതാണെന്നും പരാതിക്കാരൻ ആവശ്യപ്പെട്ടിരിക്കുന്നു.
12. 2018 ആഗസ്റ്റ് രണ്ടിന് റിട്ട് ഹർജി പരിഗണനയ്ക്കു വന്ന അതേ ദിവസംതന്നെ എതിർകക്ഷികൾക്ക് നോട്ടീസ് അയയ്ക്കുന്നതിനു മുമ്പായി താഴെ പറയുന്ന പ്രകാരം ഒരു ഉത്തരവിടുന്നത് ഉചിതമെന്ന് കോടതിക്ക് ബോധ്യപ്പെട്ടു: ‘മാതൃഭൂമി ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിക്കപ്പെട്ട നോവലിന്റെ കേന്ദ്രപ്രമേയവും മൂന്ന് അധ്യായങ്ങളും അഞ്ചുദിവസത്തിനകം കോടതിയിൽ ഹാജരാക്കേണ്ടതാണെന്ന് എതിർഭാഗം അഭിഭാഷകനായ ശ്രീ. എം.ടി. ജോർജിനോട് ആവശ്യപ്പെടുന്നു.'
13. മുൻപറഞ്ഞ ഉത്തരവിന്റെ അടിസ്ഥാനത്തിൽ മാതൃഭൂമി ചീഫ് എഡിറ്റർക്കുവേണ്ടി അഭിഭാഷകനായ ശ്രീ. എം.ടി. ജോർജ് മീശ എന്ന നോവലിന്റെ കേന്ദ്രപ്രമേയത്തിന്റെയും ആദ്യ മൂന്ന് അധ്യായങ്ങളുടെയും ഇംഗ്ലീഷ് പരിഭാഷ കോടതിയിൽ സമർപ്പിച്ചു.
മീശ എന്ന നോവലിന്റെ കേന്ദ്രപ്രമേയം പരിശോധിച്ചപ്പോൾ പത്തൊമ്പതാം നൂറ്റാണ്ടിൽ ആരംഭിച്ച് ഇക്കാലംവരെ നീളുന്ന ഒരാഖ്യാനമാണ് നോവലിലുള്ളതെന്ന് വ്യക്തമാകുന്നു. വാവച്ചൻ എന്ന മീശ, പവിയാൻ, ചെല്ല എന്നിവരാണ് നോവലിലെ പ്രധാന കഥാപാത്രങ്ങൾ. പവിയാന്റെയും ചെല്ലയുടെയും ആറുമക്കളിലൊരാളാണ് വാവച്ചൻ. കൃഷിയാണ് ഉപജിവനമാർഗ്ഗം. അച്ഛനായ പവിയാനോടൊപ്പം ചെറുപ്പക്കാരനായ വാവച്ചൻ പുല്ലുവെട്ടാൻ വള്ളത്തിൽ കയറി പോകുന്നിടത്താണ് നോവലാരംഭിക്കുന്നത്.
വള്ളത്തിൽ സഞ്ചരിക്കവേ യാത്രാമദ്ധ്യേ സമീപത്തുള്ള ഒരു പറമ്പിൽനിന്ന് പവിയാൻ ഒരു പാളയൻകോടൻകുല മോഷ്ടിച്ച് വള്ളത്തിൽ കയറാൻ തുടങ്ങുമ്പോൾ പറമ്പിനു നടുവിലെ വീട്ടിൽനിന്ന് ഇറങ്ങിവന്ന സീത എന്ന ചെറുപ്പക്കാരി പവിയാനെ തടഞ്ഞു. കുതിച്ചുപാഞ്ഞെത്തിയ സീതയുടെ അർദ്ധനഗ്‌നശരീരം കണ്ട് ചെറുപ്പക്കാരനായ വാവച്ചൻ സ്തംഭിച്ചു നിന്നുപോയി. പാളയൻകോടൻകുല സീതയ്ക്കു മുന്നിലിട്ട് പവിയാൻ യാത്രതിരിച്ചു.
യാത്രതുടർന്നപ്പോൾ പെട്ടെന്നുണ്ടായ കൊടുങ്കാറ്റിൽപ്പെട്ട് അച്ഛനും മകനും വഴിതെറ്റി കുറെ അലയേണ്ടി വന്നു. കാറ്റടങ്ങി കുറച്ചുകഴിഞ്ഞപ്പോൾ മലയ എന്ന സ്ഥലത്തേക്ക് യാത്രപോകുന്ന രണ്ടുപേരെ വാവച്ചൻ കണ്ടു. ലോകത്ത് ഉടനെ യുദ്ധമുണ്ടാകാൻ പോവുകയാണെന്നും പട്ടിണിയും ക്ഷാമവും വരുന്നതിനുമുമ്പ് നാടുവിടുകയാണെന്നും അവർ പറഞ്ഞു. മലയ എന്ന സ്ഥലത്തേക്കുറിച്ച് വാവച്ചന് ഒരു ധാരണയുമുണ്ടായിരുന്നില്ല. എങ്കിലും അങ്ങോട്ടുപോകുന്ന കാര്യം വാവച്ചന്റെ മനസ്സിലുടക്കി.
15. ആഖ്യാനം തുടരുമ്പോൾ വാവച്ചനും കുടുംബവും കടുത്ത വറുതിയിൽ ജീവിക്കുന്നതായി വായിക്കാം. ഒരു ദിവസം മലബാറിൽ നിന്ന് ഒരു നാടകസംഘം വാവച്ചന്റെ ഗ്രാമത്തിലേക്കു വന്നു. നാടകത്തിലെ പൊലിസുകാരന്റെ വേഷത്തിൽ അഭിനയിക്കാൻ വലിയ കപ്പടാ മീശയുള്ള ഒരാളെ നാടകസംഘത്തിന്റെ ഉടമ തിരഞ്ഞുനടക്കുന്നുണ്ടായിരുന്നു. താഴ്ന്ന ജാതിയിൽപെട്ട ആർക്കും മീശവയ്ക്കാനുള്ള അവകാശമില്ലാത്തതുകൊണ്ട് ആ ഗ്രാമത്തിൽനിന്ന് ഒരു മീശക്കൊമ്പനെ നാടകസംഘത്തിനു ലഭിച്ചില്ല.
ജീവിതത്തിലൊരിക്കലും ഷേവുചെയ്തിട്ടില്ലാത്ത വാവച്ചന്റെ മുടിയും താടിയും നാടകസംഘത്തിന്റെ ഉടമ കണ്ടു. മുടിയും താടിയും വടിച്ച് വലിയ മീശ മാത്രം നിലനിർത്താൻ ഉടമ വാവച്ചനോട് ആവശ്യപ്പെട്ടു. വാവച്ചൻ അപ്രകാരം ചെയ്ത് നാടകത്തിന്റെ അരങ്ങിലെത്തി. സ്റ്റേജിൽ കയറിനിന്ന് ഒന്നുരണ്ടുപ്രാവശ്യം ‘ഡാ' എന്ന് അലറിവിളിക്കുന്നതുമാത്രമായിരുന്നു വാവച്ചന്റെ റോൾ.
16. വാവച്ചന്റെ മീശയും അഭിനയവും കണ്ട് ഗ്രാമവാസികൾ പേടിച്ചുപോയി. ചിലർ ഓടി രക്ഷപ്പെട്ടു. നാടകാവതരണം കഴിഞ്ഞിട്ടും വാവച്ചൻ മീശവടിക്കാൻ തയ്യാറായില്ല. അങ്ങനെ വാവച്ചന്റെ മീശ നാട്ടിൽ പ്രസിദ്ധമായി. വാവച്ചന്റെ മീശയോട് വിപ്രതിപത്തി കാട്ടിയ ഉയർന്ന ജാതിക്കാർ നാട്ടിലെ എല്ലാ കുറ്റകൃത്യങ്ങളും നിർദോഷിയായ വാവച്ചന്റെ തലയിൽ കെട്ടിവെച്ചു. മലയയിലേക്ക് പോകണമെന്നും അർദ്ധനഗ്‌നയായി തനിക്കു മുന്നിൽ വന്ന സീതയെന്ന പെൺകുട്ടിയെ വിവാഹം കഴിക്കണം എന്നു മാത്രമേ അവന് ആഗ്രഹമുണ്ടായിരുന്നുള്ളൂ.
17. പട്ടിണിയും ക്ഷാമവും വന്നകാലത്ത് ആയുധധാരികളായ ചിലരോടൊപ്പം വാവച്ചൻ കുട്ടനാടൻ നെൽപ്പാടങ്ങളിലേക്കു രക്ഷപ്പെട്ട് അവിടെ ഒളിവിൽ പാർത്തു. കൃഷി ചെയ്യുന്ന സമയത്തു മാത്രമേ പാടശേഖരങ്ങളിൽ മനുഷ്യസാന്നിധ്യം സാധാരണഗതിയിൽ ഉണ്ടാകാറുള്ളൂ. അതുകൊണ്ടാണ് വാവച്ചന് അവിടെ ഒളിച്ചുജീവിക്കാൻ കഴിഞ്ഞത്. കാലങ്ങൾപോകെ വാവച്ചൻ കുട്ടനാടൻ പ്രകൃതിയുടെ ഭാഗമായിത്തീർന്നു. അവിടത്തെ ജനജീവിതത്തിന്റെ ഭാഗമായ പുരാവൃത്തങ്ങളും കഥകളും മറ്റു നാടോടിവാങ്മയങ്ങളും അന്ധവിശ്വാസങ്ങളും വാവച്ചന് മനസ്സിലാക്കിയെടുക്കാൻ കഴിഞ്ഞു.
18. പവിയാനും ചെല്ലയും മകനായ വാവച്ചനെ കാണാതെ മരിച്ചു. ചെല്ലയുടെ മരണശേഷം വാവച്ചൻ ജന്മനാട്ടിലെക്കു മടങ്ങിയെത്തി. അവിടെ വന്ന് കാളന്റെ കൈയിലുണ്ടായിരുന്ന ഒരു പുസ്തകമെടുത്ത് വാവച്ചൻ ഓടിപ്പോവുകയും ദൂരെ മാറിയിരുന്ന് അതു മുഴുവൻ വായിച്ചുതീർക്കുകയും ചെയ്തു. വാവച്ചൻ എന്ന മീശയുടെ കഥ ആ ദേശത്തിന്റെ ഉപബോധമനസ്സിൽ ആഴത്തിൽ കൊത്തിവയ്ക്കപ്പെട്ടിട്ടുണ്ടായിരുന്നു. മീശ സ്വയമേവ ഒരു അഭൗമശക്തിയായി, ഐതിഹ്യമായി രൂപാന്തരം പ്രാപിച്ചു. മീശയുടെ പ്രവർത്തനങ്ങൾ അവിടത്തെ കാർഷികവൃത്തിയെ പ്രതികൂലമായി ബാധിക്കുമെന്ന് ഭൂവുടമകളും സർക്കാരും ഭയപ്പെട്ടു. മീശയെ കൈകാര്യം ചെയ്യാൻ താണുലിംഗ നാടാർ എന്നൊരു സബ് ഇൻസ്പെക്ടറെ അവർ ഏർപ്പാടാക്കി. എന്നാൽ ആ സമയത്ത് കുട്ടനാടിന് ഒരു വലിയ പ്രളയത്തെ നേരിടേണ്ടിവരികയും പ്രളയസമയത്ത് നാടാർ ദുരൂഹമായി മരണപ്പെടുകയും ചെയ്തു. നാടാരുടെ മരണം മീശയെക്കുറിച്ച് കൂടുതൽ സംഭീതി സൃഷ്ടിക്കാൻ കാരണമായി. പിന്നീട്, നാട്ടിലെ പ്രമാണിയായ കരുമത്തറ ഇട്ടിച്ചനോട് ഏറ്റുമുട്ടി മീശ കൊല ചെയ്യപ്പെട്ടുവെന്ന് നാട്ടിലൊരു അഭ്യൂഹം പരന്നു.
19. പക്ഷേ, മീശ രക്ഷപ്പെട്ട് കുട്ടനാട്ടിലെ കുമരകത്തെത്തി. അക്കാലത്ത്, ഇംഗ്ലിഷുകാരനായ ബ്രണ്ണൻ സായിപ്പ് കുട്ടനാട്ടിലെ പാടശേഖരങ്ങളിൽനിന്ന് യന്ത്രമുപയോഗിച്ച് വെള്ളം വറ്റിക്കുന്ന സജ്ജീകരണങ്ങൾ ചെയ്തുവച്ചിരുന്നു. യന്ത്രത്തിന്റെ പ്രവർത്തനരഹസ്യം ഒളിപ്പിച്ചുവച്ച സായിപ്പ് വെള്ളം തേവിക്കളയുന്നതിന് ജനങ്ങളിൽനിന്ന് ഭീമമായ തുക ഈടാക്കി.
ശാസ്ത്രതത്പരനായ അവറാച്ചൻ എന്നൊരാൾ സായിപ്പിന്റെ രഹസ്യം പിടിച്ചെടുക്കാൻ മീശയുടെ സഹായത്തോടെ ചില തന്ത്രങ്ങൾ രൂപപ്പെടുത്തി. മീശ പിന്നീട് ബേക്കർ എന്ന ഒരു സായിപ്പിന്റെ സഹായിയാവുകയും ചെയ്തു. ബേക്കർ സായിപ്പ് ഏക്കറുകണക്കിന് വയലുകൾ സ്വന്തമായുള്ള ഒരു മിഷനറിപ്രവർത്തകനായിരുന്നു. ഔസേപ്പ് എന്നൊരു മത്സ്യത്തൊഴിലാളിയെ അവിടെവച്ച് മീശയ്ക്കു കൂട്ടുകിട്ടി. ബേക്കർ സായിപ്പിന്റെ അച്ഛന് ഒരു മലയാളിസ്ത്രീയിൽ പിറന്ന മകനാണയാൾ.
20. ബേക്കർ സായിപ്പ് അറിയപ്പെടുന്ന ഒരു മുതലപിടിത്തക്കാരനായിരുന്നു. വേമ്പനാട്ടുകായലിൽ മുതലകൾക്ക് വംശനാശം നേരിട്ടതിന് കാരണക്കാരൻ ഈ ബേക്കർസായിപ്പാണത്രേ. എന്തായാലും ഒടുവിലത്തെ മുതല ബേക്കറോട് പ്രതികാരം ചെയ്യാനിരിക്കുകയായിരുന്നു. ഒടുവിൽ മീശ മുതലയെ കീഴടക്കി. താൻ ചെയ്യേണ്ടിയിരുന്ന സാഹസകൃത്യം മീശചെയ്തതോടെ മീശ, ബേക്കർ സായിപ്പിന്റെ ബദ്ധവൈരിയായി. സായിപ്പ് തനിക്കെതിരേ തിരിഞ്ഞുവെന്നറിഞ്ഞതോടെ ഔസേപ്പിനോടൊപ്പം മീശ അവിടുന്ന് കടന്നുകളഞ്ഞു.
21. അതിനുശേഷം കുട്ടത്തി എന്നൊരു വേശ്യാസ്ത്രീയെ മീശ കണ്ടുമുട്ടുന്നു. അവൾ മീശയുടെ വീരാപദാനങ്ങൾ ഏറെ കേട്ടിട്ടുള്ളവളാണ്. പാടശേഖരങ്ങളിലൊന്നിന്റെ ഉടമയുടെ മകനായ കുഞ്ഞച്ചൻ അവളെ സ്ഥിരമായി ഉപദ്രവിക്കാറുണ്ടായിരുന്നു. മീശ കുഞ്ഞച്ചനെയും അടിച്ചൊതുക്കി. സന്തുഷ്ടയായ കുട്ടത്തി മീശയ്ക്കൊരു പ്രത്യുപകാരം ചെയ്തു. തന്റെ ബാല്യകാലസ്വപ്നമായിരുന്ന സീതയെ കണ്ടെത്താൻ നാരായണൻ എന്നൊരാളുടെ സഹായത്തോടെ മീശയെ കുട്ടത്തി സഹായിച്ചു. കുട്ട പുലവൻ എന്നൊരു കള്ളന്റെയടുത്തുനിന്ന് സീതയെ മീശ വീണ്ടെടുത്തു. തന്നോടൊപ്പം വരാൻ മീശ സീതയെ ക്ഷണിച്ചു. അവൾക്കതിൽ താത്പര്യമുണ്ടായിരുന്നില്ല. മീശയ്ക്കു വഴങ്ങാൻ അവൾ വിസമ്മതിച്ചു.
22. അങ്ങനെ വാവച്ചൻ എന്ന മീശ- ജീവിതത്തിൽ സകലരെയും വിറപ്പിക്കുകയും തോൽപ്പിക്കുകയും ചെയ്ത മനുഷ്യർ-ഒരു സ്ത്രീയുടെ മുന്നിൽ പരാജിതനായി.
23. പരാതിക്കാരന് കോടതിയെ സമീപിക്കാൻ കാരണമാക്കിയ നോവലിലെ സംഭാഷണഭാഗമെന്തെന്ന് ഇനി പരിശോധിക്കാം. അതിന്റെ ഇംഗ്ലിഷ് പരിഭാഷ എതിർഭാഗം അഭിഭാഷകൻ സമർപ്പിച്ചിട്ടുണ്ട്.
‘പെൺകുട്ടികൾ എന്തിനാണിങ്ങനെ കുളിച്ച് സുന്ദരികളായി അമ്പലത്തിൽ പോകുന്നത്?' ആറുമാസം മുമ്പുവരെ കൂടെ നടക്കാറുണ്ടായിരുന്ന സുഹൃത്ത് ഒരിക്കൽ ചോദിച്ചു.
‘പ്രാർത്ഥിക്കാൻ.' ഞാൻ പറഞ്ഞു.
‘അല്ല. നീ ഒന്നുകൂടി സൂക്ഷിച്ചുനോക്ക്. ഏറ്റവും നല്ല വസ്ത്രങ്ങൾ ഏറ്റവും ഭംഗിയായണിഞ്ഞ് ഏറ്റവും ഒരുങ്ങി എന്തിനാണ് പ്രാർത്ഥിക്കുന്നത്? തങ്ങൾ ലൈംഗികബന്ധത്തിലേർപ്പെടാൻ തയ്യാറാണെന്ന് അബോധപൂർവമായി പ്രഖ്യാപിക്കുകയാണവർ.' ഞാൻ ചിരിച്ചു.
‘അല്ലെങ്കിൽ അവരെന്താണ് മാസത്തിൽ നാലോ അഞ്ചോ ദിവസം അമ്പലത്തിൽ വരാത്തത്? തങ്ങൾ അതിന് തയ്യാറല്ലെന്ന് അറിയിക്കുകയാണ്. പ്രത്യേകിച്ചും അമ്പലത്തിലെ തിരുമേനിമാരെ. അവരായിരുന്നല്ലോ പണ്ട് ഇക്കാര്യത്തിന്റെ ആശാന്മാർ.'
24. പരാതിക്കാരൻ ഊന്നിപ്പറയുന്നതുപോലെ ഈ പറഞ്ഞ നോവൽ ഭാഗം സ്ത്രീസമൂഹത്തിന് അപമാനകരമാകുന്നത്ര കുഴപ്പമുള്ളതാണോ എന്നും അതിന്റെ പേരിൽ നോവൽ നിരോധിക്കേണ്ടതാണോ എന്നും പരിശോധിക്കുകയാണ് കോടതിയുടെ പ്രഥമ പരിഗണനയ്ക്കു വരുന്ന വിഷയം.
25. ഇതു തീരുമാനിക്കുന്നതിന് സാഹിത്യാദികലകളുടെ അടിസ്ഥാനാശയം എന്താണെന്നു പരിശോധിക്കുകയും കലാവിഷ്‌കാരങ്ങളോടു ചേർന്നുനിൽക്കുന്ന ഉദാരതാവാദം എന്താണെന്നു കാണുകയും ചെയ്യേണ്ടതുണ്ട്. ഒരാളുടെ ആവിഷ്‌കാരസ്വാതന്ത്ര്യത്തെ സാഹിത്യം ബഹുവിധമായ രൂപത്തിലാവും പ്രതീകവൽക്കരിക്കുക. സർഗ്ഗാത്മകതയുടെ കഴുത്തു ഞെരിക്കാതിരിക്കുമ്പോൾ മാത്രമെ സ്വതന്ത്രമായ മനസ്സിന്റെ ചിന്തകളെയും ആശയങ്ങളെയും സമൂഹത്തിന് സ്വീകരിക്കാൻ സാധ്യമാകുകയുള്ളൂ.
26. സർഗ്ഗാത്മകതയെ ശ്വാസം മുട്ടിച്ച് കൊല്ലാതിരിക്കുമ്പോൾ മാത്രമാണ് സാഹിത്യത്തിന് അതിന്റെ അനുവാചകരിലേക്കുള്ള മാധ്യമമായി പ്രവർത്തിക്കാൻ കഴിയുന്നത്. സർഗ്ഗാത്മകതയുടെ നീരരുവിയുടെ സ്വച്ഛന്ദപ്രവാഹത്തിന് അതിരുകളോ ഭാവനയ്ക്ക് പരിധികളോ ഇല്ല. തന്റെ ആലോചനകളെയും ചിന്തകളെയും തടസ്സപ്പെടുത്തുന്ന എല്ലാ ബന്ധനങ്ങളും അഴിച്ചുകൊണ്ടുവേണം സർഗ്ഗാത്മകപ്രവർത്തനത്തിൽ മുഴുകുന്ന ഒരു എഴുത്തുകാരനോ കലാകാരനോ ചിന്തിക്കാൻ.
സ്വന്തം ആശയങ്ങളും വീക്ഷണങ്ങളും ഭാവനകളും പ്രകാശിപ്പിക്കാനുള്ള അവകാശം സാഹിത്യകാരന്മാർക്കുണ്ട്. അത്തരം ഭാവനകളും വീക്ഷണങ്ങളും സ്വന്തം വീക്ഷണകോണിലൂടെ മെനഞ്ഞെടുക്കാൻ അനുവാചകർക്കും അവകാശമുണ്ട്. ഭാവനയില്ലാത്ത ചിന്താപ്രക്രിയ പരിമിതികളുള്ളതായിരിക്കും.
27. സർഗ്ഗാത്മകമായ ശബ്ദങ്ങളെ ശ്വാസംമുട്ടിക്കുകയോ നിശ്ശബ്ദമാക്കുകയോ ബൗദ്ധികസ്വാതന്ത്ര്യത്തെ ഉന്മൂലനം ചെയ്യുകയോ അരുത്. സ്വതന്ത്രശബ്ദവും ആവിഷ്‌കരണവും സർഗ്ഗാത്മകതയുമെല്ലാം തടയുന്നത് ആപൽക്കരമാണ്. അങ്ങനെ ചെയ്താൽ സർഗ്ഗസ്വാതന്ത്ര്യത്തിന്റെ ബൗദ്ധികമായ ഒരുതരം അടിച്ചമർത്തലിന് അത് കാരണമാക്കും.
സ്വതന്ത്രചിന്തയെയും ആശയദാർഢ്യമുള്ള മനുഷ്യമനസ്സിനെയും തടസ്സപ്പെടുത്തുന്നതിന്റെ അന്തിമഫലം സാഹിതീയമായ അധൈര്യം മാത്രമായിരിക്കും. ആശയങ്ങൾക്ക് ചിറകുണ്ട്. ആശയങ്ങളുടെയും ഭാവനയുടെയും ചിറകരിഞ്ഞാൽ ഒരു കലാസൃഷ്ടിയും പിന്നീടിവിടെ പിറവികൊള്ളില്ല. പുസ്തകങ്ങൾ, നിരോധിക്കുന്ന സംസ്‌കാരമുടലെടുത്താൽ അത് ആശയങ്ങളുടെ സ്വതന്ത്രപ്രവാഹത്തെ ബാധിക്കുകയും അഭിപ്രായങ്ങളുടെയും ചിന്തകളുടെയും ആവിഷ്‌കരണങ്ങളുടെയും മേലുള്ള അവഹേളനമായി ഭവിക്കുകയും ചെയ്യും.
അപകീർത്തികരമോ അഭിമാനക്ഷതമുണ്ടാക്കുന്നതോ ആയ വിധത്തിൽ അശ്ശീലത യൊന്നുമില്ലാത്തതെങ്കിൽ ഒരു പുസ്തകം നിരോധിക്കുന്നതോ പ്രത്യക്ഷമോ പരോക്ഷമോ ആയ സെൻസർഷിപ്പ് നടത്തുന്നതോ ഒക്കെ ബൗദ്ധികലോകത്ത് അസ്വസ്ഥതയും അശാന്തിയും നിറയ്ക്കും. ബൗദ്ധികമായ സഹിഷ്ണുത ഇല്ലാതാക്കും, ആത്യന്തികമായി അത് ബൗദ്ധികഭീരുത്വത്തിനിടയാക്കും.
എഴുത്തുകാരന്റെ സ്വതന്ത്രചേതനയെ നശിപ്പിക്കുന്ന ഏറ്റവും വലിയ ശത്രു ഈ ബൗദ്ധിക ഭീരുത്വമാണ്. അസംതൃപ്തിയുടെ അതിശൈത്യമാവും അത് ക്ഷണിച്ചുവരുത്തുക. ഏകാധിപത്യഭരണ സംവിധാനമുള്ള ഒരു രാജ്യത്തല്ല, ജനാധിപത്യവ്യവസ്ഥ നിലനിൽക്കുന്ന ഒരു രാജ്യത്താണ് നാം ജീവിക്കുന്നതെന്നും ഇവിടെ ആശയങ്ങളുടെ സ്വതന്ത്രമായ വിനിമയം സാധ്യമാകണമെന്നും ചിന്തകൾക്കും ആവിഷ്‌കാരങ്ങൾക്കും ഇവിടെ സ്വാതന്ത്ര്യമുണ്ടെന്നും നാം എന്നുമോർക്കണം.
അഭിപ്രായ സ്വാതന്ത്ര്യത്തിന്റെയും ആവിഷ്‌കാരസ്വാതന്ത്ര്യത്തിന്റെയും അലംഘനീയമായ തത്ത്വങ്ങളെ പരിപാലിച്ചുകൊണ്ടും എഴുത്തുകാരുടെ സർഗ്ഗചേതനയും പ്രതിഭയും സംരക്ഷിച്ചുകൊണ്ടും മാത്രമേ ഭരണഘടനയുടെ ആദർശങ്ങളെ സംരക്ഷിച്ചുകൊണ്ടും മാത്രമേ ഭരണഘടനയുടെ ആദർശങ്ങളെ സംരക്ഷിക്കുവാനും എഴുത്തിനും വായനയ്ക്കുമുള്ള സ്വാതന്ത്ര്യം വിലമതിക്കുന്ന ജനാധിപത്യസമൂഹമായി ഉയരാനും നമുക്കു കഴിയൂ.
28. പക്വതയുടെയും മാനവികതയുടെയും സഹിഷ്ണുതയുടെയും അലിഖിതനിയമങ്ങൾ വായനക്കാരും സാഹിത്യാസ്വാദകരും മനസ്സിലാക്കുകയും അതിനോട് കൂറുപുലർത്തുകയും ചെയ്യേണ്ടതുണ്ടെന്ന് മുൻപറഞ്ഞ കാര്യങ്ങൾ ചൂണ്ടിക്കാട്ടുന്നുണ്ട്. ആവിഷ്‌കാരസ്വാതന്ത്ര്യം എല്ലാറ്റിനും ഉപരിയാണെന്നതിനാൽ ഒരു നിലയ്ക്കും അത് നിഷേധിക്കരുതെന്ന് വ്യക്തം. ജനാധിപത്യമൂല്യങ്ങളുടെയും സ്വാതന്ത്ര്യാദർശങ്ങളുടെയും പതാക എല്ലാറ്റിനും മുകളിൽ പാറിക്കളിക്കേണ്ടതുണ്ട്. ആദർശങ്ങളുടെ ആ ചൈതന്യം എന്നും നിലനിർത്താൻ നീതിന്യായവ്യവസ്ഥ പ്രതിജ്ഞാബദ്ധവുമാണ്. നിയമത്താൽ നിരോധിക്കപ്പെട്ടിരിക്കുന്ന കാര്യങ്ങൾക്കുവിരുദ്ധമായി ആരെങ്കിലും പ്രവർത്തിക്കുന്നതുവരെ അവ തുടരുകയും ചെയ്യാം. ആരുടെയെങ്കിലും വിചിത്രഭാവനയുടെയോ വീക്ഷണഗതികളുടെയോ അടിസ്ഥാനത്തിൽ ഒരു നിരോധനവും ഉണ്ടാകരുതെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.
29. സമരേഷ് ബോസും മുതൽ പേരും അമൽമിത്രയും മുതൽപേരും തമ്മിലുള്ള കേസ്സിൽ കോടതിയുടെ മുമ്പിൽ വന്ന പ്രശ്നം പ്രതിചേർക്കപ്പെട്ടയാൾ IPC 292 വകുപ്പുപ്രകാരം കുറ്റം ചെയ്തോ എന്ന് കണ്ടെത്തുകയായിരുന്നു. ‘സരോദ്യദേശ്' എന്ന പ്രസിദ്ധീകരണത്തിൽ ‘പ്രജാപതി' എന്ന നോവൽ പ്രതിചേർക്കപ്പെട്ടയാൾ എഴുതി പ്രസിദ്ധീകരിച്ചു. വിചാരണക്കോടതിയുടെ മുന്നിൽവന്ന തർക്കം ഇതാണ്- ‘നോവൽ ഒരു അശ്ശീലകൃതിയാണ്. രചയിതാവും പ്രസാധകരും ചേർന്ന് അത് എഴുതി പ്രസിദ്ധീകരിക്കുകയും വിതരണം ചെയ്യുകയും പ്രദർശിപ്പിക്കുകയും ചെയ്തിരിക്കുന്നു.'
വിചാരണക്കോടതി പരാതിക്കാരുടെ വാദം ശരിവച്ച് പ്രതികളെ ശിക്ഷിച്ചു. ഹൈക്കോടതിയിൽ അപ്പീൽ പോയെങ്കിലും അവിടെയും ശിക്ഷ ശരിവയ്ക്കുകയായിരുന്നു. എന്നാൽ കേസിൽ സുപ്രീംകോടതി മറിച്ചൊരു വിധിയാണ് കൊണ്ടുവന്നത്. സുപ്രീംകോടതി ശിക്ഷ റദ്ദാക്കി.
പുസ്തകങ്ങളിലെയും ലേഖനങ്ങളിലെയും അശ്ശീലത എന്താണെന്ന് സുപ്രീംകോടതി ഈ കേസിൽ ഇങ്ങനെയാണ് അഭിപ്രായപ്പെട്ടിരിക്കുന്നത്: ‘ഒരു പുസ്തകത്തിലെയോ കഥയിലെയോ ലേഖനത്തിലെയോ ചിലഭാഗങ്ങളെക്കുറിച്ച് എന്തെങ്കിലും തരത്തിലുള്ള പരാതിയുണ്ടെങ്കിൽ ആ ഭാഗം പരിശോധിക്കുന്നതുപോലെ പുസ്തകത്തെയോ കഥയെയോ ലേഖനത്തെയോ പൂർണമായെടുത്തും വസ്തുനിഷ്ഠ വിലയിരുത്തൽ നടത്തേണ്ടതുണ്ട്. അങ്ങനെ വിലയിരുത്തൽ നടത്തിയശേഷം മാത്രമേ കോടതി ഇക്കാര്യത്തിൽ അന്തിമ തിരുമാനം എടുക്കാൻ പാടുള്ളൂ.
വിഷയത്തെ അതിന്റെ സമഗ്രതയിൽ കാണുന്നതുപോലെ അശ്ശീലമെന്നു പരാമർശിക്കപ്പെട്ടിരിക്കുന്ന ഭാഗങ്ങൾ ഗുരുതരമാണോയെന്നും ആയത് അനുവാചകരുടെ മനസ്സ് ദുഷിപ്പിക്കുകയും മലിനമാക്കുകയും ചെയ്യുന്ന വിധത്തിലാണോ ഉള്ളതെന്നും പരിശോധിക്കേണ്ടതുണ്ട്. വസ്തുനിഷ്ഠമായിട്ടാണ് ഇതെല്ലാം പരിശോധിക്കേണ്ടതെങ്കിലും വിധിപറയുന്ന ന്യായാധിപന്റെ ആത്മനിഷ്ഠമനോഭാവങ്ങളും ഇക്കാര്യത്തിൽ നിർണ്ണായകമായേക്കാം.
അമിത ധാർമ്മികനിഷ്ഠയും അതിവിനയവും കാട്ടുന്ന ഒരു ന്യായാധിപൻ വസ്തുനിഷ്ഠവിലയിരുത്തലിലൂടെ ഒരു കൃതി അശ്ശീലമാണെന്ന് വിധിച്ചേക്കാം. എന്നാൽ അതേസമയം, മറ്റൊരു വീക്ഷണമുള്ള ഒരു ന്യായാധിപൻ അശ്ശീലതയൊന്നും കണ്ടില്ലെന്നും വരാം. അശ്ശീലത എന്ന സങ്കല്പനം വ്യക്തികളുടെ സാമൂഹികവീക്ഷണത്തിൽനിന്ന് രൂപപ്പെട്ടുവരുന്നതാണ്. അശ്ശീലതയെക്കുറിച്ചുള്ള സങ്കല്പങ്ങൾ ഓരോ രാജ്യത്തും വ്യത്യസ്തമാണ്.
അശ്ശീലത പരിശോധിക്കുന്ന സമയത്ത്, ഒരു ന്യായാധിപൻ എഴുത്തുകാരന്റെ പക്ഷത്ത് സ്വയം പ്രതിഷ്ഠിക്കുകയും ആ എഴുത്തുകാരൻ പറയാൻ ശ്രമിക്കുന്നതെന്തെന്ന് മനസ്സിലാക്കുകയും ചെയ്യേണ്ടതുണ്ട്. സാഹിത്യപരമോ, കലാപരമോ ആയതെന്തെങ്കിലും എഴുത്തുകാരൻ പറയാനാഗ്രഹിക്കുന്നുണ്ടോ എന്നും പരിശോധിക്കണം. പിന്നീട് അതേ ന്യായാധിപൻ വായനക്കാരുടെ പക്ഷത്തുകൂടി സ്വയം പ്രതിഷ്ഠിച്ച് മറ്റൊരു വിലയിരുത്തലും നടത്താം.'
നോവലിന്റെ കഥാതന്തു പരിശോധിച്ച ശേഷം കോടതി ഇത്രകൂടി നിരീക്ഷിച്ചു: ‘അനുവാചകരുടെ പക്ഷത്ത് നാം നമ്മെ പ്രതിഷ്ഠിക്കുമ്പോൾ മറക്കാൻപാടില്ലാത്ത് ചിലതുണ്ട്. വായനാസമൂഹത്തിൽ വിവിധ പ്രായക്കാരും വിവിധ ലിംഗത്തിൽപ്പെട്ടവരും ഉണ്ടാവാം. ചിലപ്പോൾ ഞെട്ടലോടെയോ വെറുപ്പോടെയോ പോലും കൃതി വായിക്കപ്പെട്ടു എന്നുവരാം. കൃതി വായിക്കുന്നവരെല്ലാം സാന്മാർഗ്ഗികമായി അധഃപതിച്ചുപോകുമെന്നോ വിഷയാസക്തരായി മാറുമെന്നോ ധരിക്കേണ്ടതില്ല. അത്തരത്തിലുള്ള കഥാപാത്രങ്ങളോ സന്ദർഭങ്ങളോ ജീവിതത്തിൽ നേരിടേണ്ടി വന്നിട്ടുള്ളവരുമുണ്ടാകാം.
നോവൽ രചിച്ചിരിക്കുന്ന ഭാഷയോ ആഖ്യാനരീതിയോകൊണ്ടുമാത്രം ഒരു കൃതിയെ അശ്ശീലമെന്നു വിധിക്കരുത്. സ്ത്രീശരീരത്തെക്കുറിച്ചോ ലൈംഗികതയെക്കുറിച്ചോ ചിലപ്പോൾ ചില ഊന്നലുകൾ കൃതികളിൽ കണ്ടെന്നു വരാം. ചില പ്രത്യേകതരം വികാരങ്ങളും ചിന്തകളും അസഭ്യമല്ലാത്ത ഭാഷയിൽ എഴുതിയിരിക്കുന്നു എന്നും വരാം. സാഹിത്യകൃതികളിലെ ചില ഭാഗങ്ങൾ ചിലർക്ക് അരുചികരമായി തോന്നിയേക്കാം. ചിലപ്പോൾ അരുചികരമായ കാര്യങ്ങൾ അവതരിപ്പിച്ചിരിക്കുന്നത് തഴക്കവും പഴക്കവും പാകതയുമുള്ള വായനക്കാരെ ഉദ്ദേശിച്ചാവാം. അതെല്ലാം കൗമാരക്കാരുടെ വായനാവിഭവമാകേണ്ടതില്ല.'
30. ബോബി ആർട്ട് ഇന്റർനാഷണലും ഓംപാൽസിംഗ് ഹൂൺമുതൽപേരും തമ്മിലുള്ള ‘ബൻഡിറ്റ് ക്വീൻ' കേസ്സിൽ വന്നിട്ടുള്ള കോടതി വിധികൂടി ഇത്തരുണത്തിൽ നാം പരിശോധിക്കേണ്ടതുണ്ട്. കഥാവസ്തു പൂർണമായി പരിശോധിക്കുകയും ഒരു പെൺകുട്ടി അനുഭവിച്ച പീഡനങ്ങളും ദുരിതങ്ങളും അവളെ എങ്ങനെയൊരു കൊള്ളക്കാരിയാക്കി മാറ്റുന്നു എന്നെല്ലാം കോടതി സശ്രദ്ധം നിരീക്ഷിച്ചു. ഒരു കഥ ആസ്വദിക്കുന്നതിന്, അവതരിപ്പിക്കപ്പെട്ടിരിക്കുന്ന കഥാപാത്രത്തിന്റെ സ്വഭാവസവിശേഷതകൾകൂടി വിലയിരുത്തേണ്ടതുണ്ട്.
‘ഒന്നാമതായി, ആ സീനിൽ നൂറോളം വരുന്ന പുരുഷന്മാരുടെ മുന്നിൽവച്ചാണ് ആ യുവതി അപമാനിക്കപ്പെടുന്നത്. നഗ്‌നയായി നടത്തിക്കുന്നതും കിണറ്റിൽനിന്ന് വെള്ളം കോരാൻ അവളെ നിർബന്ധിക്കുന്നതും അവിടെവച്ചു തന്നെ. അവളുടെ സ്തനങ്ങളും മറ്റു ശരീരഭാഗങ്ങളും നഗ്‌നമാക്കി അവളെ അവഹേളിക്കണമെന്നാണ് ആ പുരുഷന്മാർ ഉദ്ദേശിച്ചത്. അത്തരമൊരു കൃത്യം ചെയ്തതിന്റെ പ്രതീതി ജനിപ്പിക്കാൻ അത്തരമൊരു രംഗത്തിന്റെ ചിത്രീകരണം തന്നെയാണ് ഏറ്റവും നല്ലത്.
എന്നാൽ ആ രംഗം സിനിമാ പ്രേക്ഷകന്റെ ഇക്കിളിസുഖം ഉദ്ദേശിച്ചുള്ളതല്ല, മറിച്ച്, പ്രേക്ഷകന് ഇരയോട് സഹാനുഭൂതി വളർത്താനും അക്രമികളോട് വെറുപ്പ് തോന്നാനും ഉദ്ദേശിച്ചുള്ളതാണ്. ഫൂലൻ ദേവിയുടെ നഗ്‌നതയോടല്ല നീതിന്യായകോടതിക്ക് ജുഗുപ്സ തോന്നുന്നത്. മറിച്ച്, അവളുടെ സ്ത്രീത്വത്തെ അപമാനിച്ച പരപീഢനത്തോടും ഹൃദയശൂന്യതയോടുമാണ്. നഗ്‌നത എപ്പോഴും അധമവികാരങ്ങൾ ഉണ്ടാക്കണമെന്നില്ല. ‘ഷിൻഡ്ലേഴ്സ് ലിസ്റ്റ്' എന്ന സിനിമയെക്കുറിച്ചുള്ള പരാമർശം ഈ അവസരത്തിൽ ഉചിതമാണ. നഗ്‌നരായ ഒട്ടേറെ സ്ത്രീപുരുഷന്മാരെ നിരത്തിനിർത്തിയിരിക്കുന്നതായി കാണിച്ചിരിക്കുന്ന ഒരു രംഗമുണ്ട് അതിൽ. നാസി കോൺസൻട്രേഷൻ ക്യാമ്പുകളിലേക്ക് നടത്തിച്ചുകൊണ്ടുപോകുകയാണ് ഒരുപറ്റം മനുഷ്യരെ. മരണകവാടത്തിലേക്ക് കടക്കുന്നതിനുമുമ്പും എല്ലാ ആത്മാഭിമാനവും നഷ്ടപ്പെട്ട് അവർ നഗ്‌നരായിരിക്കുന്നു. കണ്ണീരാണ് ഈ കാഴ്ചയ്ക്ക് ഒരു പ്രതികരണം. അനുകമ്പയോ, ഭയമോ, ആത്മനിന്ദയോ ഒക്കെ പ്രേക്ഷകർക്ക് ഉണ്ടായിയെന്നും വരാം. ഒരു പെർവേർട്ടിന് ഇതൊന്നുമുണ്ടാകണമെന്നില്ല.
അത്തരം രതിവൈകൃതരെ സംരക്ഷിക്കുന്നതിനുവേണ്ടിയോ ലോലഹൃദയന്മാരുടെ ചപലവികാരങ്ങൾ ഉണർത്താതിരിക്കാനോ വേണ്ടി സെൻസർഷിപ്പ് ചെയ്യേണ്ടതില്ല. അതല്ല സെൻസർഷിപ്പിന്റെ ഉദ്ദേശ്യം. ‘ബൻഡിറ്റ് ക്വീൻ' പറയുന്നത് ശക്തമായ ഒരു മനുഷ്യകഥയാണ്. അതിൽ ഫൂലൻദേവിയെ നഗ്‌നയാക്കി നടത്തിക്കുന്നത് ആ കഥയുടെ കേന്ദ്രബിന്ദുവാണ്. ഫൂലൻദേവി എന്തുകൊണ്ടങ്ങനെയായി എന്ന് വിശദമാക്കുന്ന ഒരു സംഭവമാണത്. സമൂഹത്തോടുള്ള ശക്തമായ ധാർമ്മികരോഷം നിറഞ്ഞതാണ് അവളുടെ ക്രോധവും പ്രതികാരവാഞ്ഛയും.'
മുൻപറഞ്ഞ കാര്യങ്ങൾ വ്യക്തമാക്കുന്നതുപോലെ കഥാപാത്രങ്ങളുടെ ദുഃഖങ്ങളും ദുരിതങ്ങളും ചിത്രീകരിച്ചിരിക്കുന്ന രംഗങ്ങൾ പെർവേർട്ടായ പ്രേക്ഷകരുടെ ആസ്വദനക്ഷമതയുടെ പേരിലല്ല മനസ്സിലാക്കപ്പെടേണ്ടത്. മാനസികരോഗശാന്തിയുടെ തത്ത്വങ്ങളൊന്നും ആവിഷ്‌കാരസ്വാതന്ത്ര്യം അനുവദിക്കുന്നതിന് തടസ്സമാകില്ല. മാത്രവുമല്ല, പെർവേർട്ടായ പ്രേക്ഷകരുടെ നിലപാടുകൾക്കും വീക്ഷണങ്ങൾക്കും അനുഗുണമായി ആവിഷകാരസ്വാതന്ത്ര്യത്തെ നിഹനിക്കാനുമാകില്ല.
ഒരു കൃതി വായിക്കുമ്പോൾ അതിന്റെ പശ്ചാത്തലം, കഥാപാത്രനിർമ്മിതിയിലെ സൂക്ഷ്മഘടകങ്ങൾ, കൃതിയുടെ ഉദ്ദേശലക്ഷ്യങ്ങൾ എന്നിവ പരിഗണനയ്ക്കെടുക്കേണ്ടതാണ്.
31. ഈ സന്ദർഭത്തിൽ വൈക്കോം 18 മീഡിയ പ്രൈവറ്റ് ലിമിറ്റഡ് മുതൽപേരും ഇന്ത്യൻ യൂണിയൻ മുതൽപേരും തമ്മിലുള്ള ഒരു കേസിലെ വിധി പരിശോധിക്കുന്നത് അനുയോജ്യമായിരിക്കും. ആ കേസ്സിൽ ‘പത്മാവത്' എന്ന സിനിമയ്ക്ക് നാലു സംസ്ഥാനങ്ങളിൽ ഏർപ്പെടുത്തിയ നിരോധനം നീക്കണമെന്നതായിരുന്നു പരാതിക്കാരുടെ ആവശ്യം.
നിരോധനവിജ്ഞാപനങ്ങളെല്ലാം കോടതി റദ്ദാക്കുകയും സിനിമ എന്ന പോപ്പുലർ മാധ്യമത്തിന് അതിന്റേതായ സ്ഥാനമുണ്ടെന്നും കലാവിഷ്‌കാരങ്ങൾക്കുമേൽ അറ്റകുറ്റപ്പണികൾ ചെയ്യാനാവില്ലെന്നും കോടതി അഭിപ്രായപ്പെട്ടു. ബൗദ്ധികവീര്യവും നൈസർഗികമോ നിർമ്മിതമോ ആയ സർഗ്ഗശക്തിയും അംഗീകരിക്കപ്പെട്ട നിയമത്തിന്റെ അഭാവത്തിൽ, (ആന്തരികമായി) തടയപ്പെടുകയാണെങ്കിൽ അത് സർഗാത്മകത എന്ന ആശയത്തിനുതന്നെ നാശം വരുത്തും.
സർഗാത്മകത നശിച്ചാൽ സാംസ്‌കാരികമൂല്യങ്ങൾ ക്ഷയിച്ചുപോവുകയും ചെയ്യും. നചികേത വൽഹേക്കറും സെൻട്രൽ ബോർഡ് ഓഫ് സർട്ടിഫിക്കേഷനും തമ്മിൽ നടന്ന ഒരു കേസ്സിൽ വന്ന ഒരു കോടതിവിധികൂടി ഈ സന്ദർഭത്തിൽ പ്രസക്തമാണ്: ‘നിയമത്തിൽ നിരോധിച്ചിട്ടില്ലാത്ത രീതിയിൽ ഒരു കലാകാരന് ആത്മവിഷ്‌കാരം നടത്താൻ തന്റേതായ സ്വാതന്ത്ര്യമുണ്ട്. സ്വന്തം ഇച്ഛാനുസൃതമായി പദങ്ങളും പ്രയോഗങ്ങളും ആവിഷ്‌കാരങ്ങളും നടത്തുന്ന നിരവധി എഴുത്തുകാരെ ചരിത്രത്തിലുടനിളം കാണാൻ കഴിയും. സാധാരണ മനുഷ്യരിൽനിന്ന് ഏറെ വ്യത്യസ്തത പുലർത്തുന്നവരും ചിലപ്പോൾ അവരുടെ ഭാവനയ്ക്കു പുറത്തുള്ളവരുമായ ഒട്ടേറെ കഥാപാത്രങ്ങളെ എഴുത്തുകാർ സൃഷ്ടിക്കാറുണ്ട്. ചിന്തോദ്ദീപകമായ ഒരു സിനിമ പ്രബോധകാത്മകമായിരിക്കണമെന്നില്ല. അത് മതാചാരനിഷ്ഠയുള്ളതുമാകണമെന്നില്ല. പ്രേക്ഷകരുടെ ബോധമനസ്സിനെയോ, അവബോധമനസ്സിനെയോ തട്ടിയുണർത്തുന്ന മട്ടിൽ ആവിഷ്‌കൃതമായതാവാം അത്. നിയമം അനുശാസിക്കുന്നതു പ്രകാരമുള്ള ചില നിയന്ത്രണങ്ങൾ മാത്രമേ അതിന് ബാധകമായിട്ടുള്ളു.
32. ആദർശ് കോ-ഓപ്പറേറ്റീവ് ഹൗസിങ് സൊസൈറ്റിയും ഇന്ത്യൻ യൂണിയനും തമ്മിലുള്ള കേസ്സിൽ ഒരു സിനിമ നിരോധിക്കണമെന്ന ആവശ്യം പരിശോധിച്ച് ഇങ്ങനെ വിധി പ്രസ്താവിച്ചു: ‘കോടതിവിധി പറയുന്നത് മുന്നിലെത്തുന്ന വസ്തുക്കളുടെ അടിസ്ഥാനത്തിലാണ്, അതല്ലാതെ അതിനുമേൽ ഉണ്ടാക്കപ്പെട്ട ഭാവനയുടെ അടിസ്താനത്തിലല്ല.'
33. ആക്ഷേപാർമായ പ്രവൃത്തിയാണെന്ന ആരോപണം മുൻനിർത്തി സ്വതന്ത്രമായ ഭാഷണത്തെയോ ആവിഷ്‌കാരത്തെയോ സർഗ്ഗാത്മകതയെയോ ഭാവനയെയോ കോടതിക്കു തടയേണ്ടിവരികയാണെങ്കിൽ അത് വലിയ അപകടാവസ്ഥ സൃഷ്ടിക്കും. സാഹിതീയസ്വാതന്ത്ര്യത്തിന്റെ ബൗദ്ധികമായ അടിച്ചമർത്തലിലേക്ക് അത് നയിക്കും. ഇങ്ങനെ പറയുമ്പോഴും നാം ഒരു കാര്യം ഓർക്കണം, എല്ലാ അർത്ഥത്തിലും സമ്പൂർണ്ണവുമല്ല ഈ അവകാശം. ആർട്ടിക്കിൾ 19(2)ന്റെ പരിധിക്കുള്ളിൽ വരുന്നതും വളരെ നേരിയതുമായ ചില നിയന്ത്രണങ്ങൾ അപ്പോഴും ബാധകമായിരിക്കും. ജോർജ് ഓർവലിന്റെ വാക്കുകൾ കടമെടുത്തുകൊണ്ട് പറയുകയാണെങ്കിൽ സർഗ്ഗാത്മകരചന ബൗദ്ധികഭീരുത്വത്തിന് എതിരാണ്.
34. മുൻപറഞ്ഞ തത്ത്വങ്ങളുടെ അടിസ്ഥാനത്തിൽ നോവലിന്റെ ഉള്ളടക്കത്തെ സംബന്ധിച്ചും ഉപയോഗിക്കപ്പെട്ട ഭാഷയെ സംബന്ധിച്ചും തിരുമാനമെടുക്കേണ്ടതുണ്ട്. ക്ഷേത്രദർശനം നടത്തുന്ന സ്ത്രീകളെ ഇകഴ്ത്തിക്കാട്ടുന്നതിനുവേണ്ടിയാണ് രചനയെന്ന പരാതിയാണ് ഇവിടെ ലഭിച്ചിരിക്കുന്നത്. ഇന്ദ്രിയസുഖം പകരുന്ന ഒരു സന്ദർഭം മന:പൂർവ്വം ആസൂത്രണം ചെയ്യുന്നതിനും ഒരു ജനവിഭാഗത്തെക്കൊണ്ട് അവരെ അവഹേളിക്കാനും ഉദ്ദേശിച്ചുകൊണ്ടാണോ ഈ സംഭാഷണം രചിക്കപ്പെട്ടിരിക്കുന്നതെന്ന് കോടതിക്കു പരിശോധിക്കേണ്ടതുണ്ട്.
ഒരു സർഗാത്മകകൃതി പക്വമായ മനസ്സോടെയും ഉദാരമായ സമീപനത്തോടെയും വസ്തുനിഷ്ഠമായ സഹിഷ്ണുതയോടെയും കൂടിയാണ് വായിക്കപ്പെടേണ്ടത്. വ്യത്യസ്തമായി രൂപപ്പെടുത്തിയ കൃതി എന്ന യാഥാർത്ഥ്യത്തെ സ്വീകരിക്കാനുള്ള വിശാലമനസ്സോടെയാണ് വായന നടത്തേണ്ടത്. കടുത്ത ധാർമ്മികനിഷ്ഠയുടെ കാഴ്ചപ്പാടുവച്ച് എല്ലാ കൃതികളും ധർമ്മോപദേശം ചെയ്യുന്നതായിരിക്കണമെന്ന് ശാഠ്യം പിടിക്കാനുമാകില്ല.
ഒരു അനുവാചകന് കൃതിയിലെ സന്ദർഭം മനസ്സിലാക്കുന്നതിനുള്ള ഭാവുകത്വം ഉണ്ടായിരിക്കണം. അതോടൊപ്പം ആ കൃതിയിലെ കഥാപാത്രങ്ങളെ ഉൾക്കൊള്ളാനും കഴിയണം. കൃതിയിൽ എഴുതപ്പെട്ടതെല്ലാം അരുചികരമാണെന്നു കരുതുകയോ യുവമനസ്സുകളെ മലിനമാക്കാൻ ഉദ്ദേശിച്ചു രചിച്ചതാണെന്നു കരുതുകയോ ചെയ്യേണ്ടതില്ല. മറിച്ച് എഴുത്തുകാരനോടൊപ്പം സഞ്ചരിക്കുന്ന ഒരു സഹയാത്രികന്റെ അവസ്ഥയിലേക്ക് അനുവാചകർ ഉയർന്നുവരണം.
തലതിരിഞ്ഞതരത്തിലുള്ള വിധി പ്രസ്താവം ഒഴിവാക്കേണ്ടതുണ്ട്. ഏതൊരു സർഗ്ഗാത്മകകൃതിയും സഹൃദയരായ അനുവാചകരെ കാത്തിരിക്കുന്നുണ്ട്. വിമർശനത്തോട് പ്രതികൂലഭാവമുണ്ടാകില്ലെങ്കിലും അനാവശ്യ പ്രതിഷേധം ഒരു കൃതിയും പ്രതീക്ഷിക്കുന്നില്ല. ‘വൂതറിൻ ഹൈറ്റ്സസി'ന്റെ രചയിതാവ് തന്റെ ഷെൽത്ത് ക്ലിഫ് എന്ന കഥാപാത്രത്തെ ചുറ്റിനിൽക്കുന്ന രോഗാവസ്ഥയെക്കുറിച്ച് വായനക്കാർ മനസ്സിലാക്കണമെന്ന് ആഗ്രഹിക്കുന്നുണ്ട്.
നളദമയന്തിക്കഥയിലെ ദമയന്തിയുടെ ശരിരസൗന്ദര്യം അനുവാചകർക്ക് അനുഭവവേദ്യമാകണമെന്ന് കവി ആഗ്രഹിക്കുന്നുണ്ട്. ആസ്വാദനമാണ്, രതിവൈകൃതമല്ല കവിയുടെ ലക്ഷ്യം.
35. കഥാപാത്രങ്ങളുടെ സ്വഭാവസവിശേഷതകളും കഥയിൽ നെയ്തെടുത്ത ഇതിവൃത്തവും ഉപ-ഇതിവൃത്തങ്ങളും വായനക്കാർ മനസ്സിലാക്കുകയും ആസ്വദിക്കുകയും ചെയ്യേണ്ടതുണ്ട്. മീശ എന്ന കഥാപാത്രം അസംഖ്യം അനുഭവങ്ങളിലൂടെയും വ്യത്യസ്തമായ സന്ദർഭങ്ങളിലൂടെയുമാണ് നോവലിൽ കടന്നുപോകുന്നത്. ആ സന്ദർഭങ്ങളെല്ലാം മീശ എന്ന കഥാപാത്രത്തിന്റെ അടിസ്ഥാനസ്വഭാവത്തെ ചുറ്റിപ്പറ്റിയാണ് നിലനിൽക്കുന്നതും. ആ സന്ദർഭങ്ങളെല്ലാം നോവലിലെ ഉപകഥകളായി മാറുന്നുമുണ്ട്.
കഥാപാത്രവ്യക്തിത്വത്തിന്റെ പൂർവ്വാപരബന്ധം എന്ന ആശയം പല എഴുത്തുകാരും പാലിക്കാറുള്ളതാണ്. ഈ നോവലിന്റെ ആഖ്യാനത്തിൽ ആ പൂർവ്വാപരബന്ധം വേണ്ടത്ര ദീക്ഷിച്ചിട്ടുണ്ട്. സന്ദർഭങ്ങളോ, സന്ദർഭങ്ങളെ പരിചരിച്ച രീതിയോ വ്യത്യസ്തമാണെന്നു വന്നാലും കഥാപാത്രത്തിന്റെ അടിസ്ഥാനസ്വഭാവത്തിൽ മാറ്റമൊന്നുമില്ല. ഇതെല്ലാം ഒരു അനുവാചകന്റെ വീക്ഷണ കോണിൽ നിന്നുള്ളതാണ്. മറ്റൊരു അനുവാചകന് ചിലപ്പോൾ, ഈ ഉപകഥകളെല്ലാം ആവേശപൂർവ്വം ആസൂത്രണം ചെയ്തിരിക്കുന്നതായും അങ്ങനെ ചെയ്തത് കഥാനായകനെ അവതരിപ്പിക്കുന്നതിനുവേണ്ടി ലോഭനീയമായ ചില സന്ദർഭങ്ങൾ മന:പൂർവ്വം സൃഷ്ടിച്ചിരിക്കുന്നതാണെന്നും തോന്നാം. രണ്ടു വ്യത്യസ്തമായ വിധത്തിലുള്ള ആസ്വാദനങ്ങളാണിവ. രണ്ടും സർഗ്ഗാത്മകതയുടെ സാക്ഷാൽക്കാരംതന്നെയെന്ന് സമ്മതിക്കാതെ വയ്യ.
കഥയുമായി ഇഴുകിച്ചേർന്നിരിക്കുന്ന കഥാപാത്രത്തിന്റെ വീക്ഷണങ്ങൾ വ്യത്യസ്തമായിത്തന്നെ കാണാൻ താദാത്മ്യപ്പെടുന്ന ഏതൊരു വായനക്കാരനും/വായനക്കാരിക്കും കഴിയും. ഉയർന്ന ഭാവുകത്വമുള്ള ഒരു അനുവാചകൻ നായകന്റെ ദുർഘടാവസ്ഥയെ തന്റേതുമായി ചേർത്തുവച്ചു എന്നുവരാം. ചിലപ്പോൾ സ്വയം അകലം പാലിച്ച്, കഥാപാത്രത്തിനു നൽകിയ അമിതപ്രാധാന്യം അനാവശ്യവും അപമാനകരവും ചില വിഭാഗക്കാരെ വ്രണപ്പെടുത്തുന്നതുമാണെന്ന് സ്വാഭിപ്രായം വ്യക്തമാക്കിയെന്നും വരാം.
അങ്ങനെ തോന്നുന്നയാൾക്ക് ഒരു നോവൽ അപവാദപരമായും നിന്ദ്യമായും തോന്നാം. ഇപ്പറഞ്ഞതിൽ ഒരു വീക്ഷണത്താലും കോടതി സ്വാധീനിക്കപ്പെടരുത്. ഒരു ന്യായാധിപന് ചില പ്രത്യേകരീതികളോട് കടുത്ത വിയോജിപ്പുകളുണ്ടായി എന്നു വരാം. എന്നുവച്ച്, അതിന്റെയടിസ്ഥാനത്തിൽ ഒരു നിരോധ ഉത്തരവ് പുറപ്പെടുവിക്കുന്ന സാഹചര്യമുണ്ടാകരുത്. സംഭാഷണങ്ങളിൽ ഉപയോഗിച്ച ഭാഷ അശ്ശീലമാണെന്ന് ഒരു നിലയ്ക്കും കരുതാനാവില്ല. അപകീർത്തിയുടെ കാര്യവും ഇവിടെ വരുന്നില്ല.
ക്ഷേത്രദർശനത്തിനു വന്ന സ്ത്രീകളെ അപമാനിച്ചു എന്നു കെട്ടിച്ചമച്ച വാദങ്ങൾ അടിത്തറയില്ലാതെ കെട്ടിപ്പൊക്കിയ കെട്ടിടത്തിനു സമാനമാണ്.
36. ഒരു കഥാപാത്രത്തിന്റെ സ്വാഭാവികവളർച്ച സംഭവങ്ങളിലൂടെയും സന്ദർഭങ്ങളിലൂടെയും സൂക്ഷ്മമായി മനസ്സിലാക്കുകയാണെങ്കിൽ, ഏതു സങ്കീർണ്ണസാഹചര്യത്തിലും പരാജയപ്പെടുത്താനും ആധിപത്യം നേടാനുമുള്ള ത്വര അയാളിൽ നിലനിൽക്കുന്നത് ശ്രദ്ധാലുവായ വായനക്കാരന് കാണാൻ കഴിയും. ഒരു ചെറു അവഗണനപോലും അംഗികരിക്കാനാകാത്ത അവസ്ഥയും കണ്ടേക്കാം. ഇത്തരത്തിലുള്ള രണ്ടു വശങ്ങളും ഈ പ്രശ്നമണ്ഡലത്തിൽ വരുന്നതാണ്.
കഥാപാത്രങ്ങൾക്ക് ഇഷ്ടമുള്ള ലോകം തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം എഴുത്തുകാർ വായനക്കാർക്ക് നൽകുന്നുണ്ട്. കഥാപാത്രത്തിന്റെ ലോകത്തെ ചുറ്റിനിൽക്കുന്നതാണ് അയാളുടെ ഭാവന. വായനക്കാർക്ക് കഥാപാത്രതെ ആരാധിക്കാനോ അയാളുമായി താദാത്മ്യപ്പെടാനോ ഉള്ള അവകാശമുണ്ട്. മീശ എന്ന നോവലിൽ പറഞ്ഞിരിക്കുന്ന, അപകീർത്തികരമെന്നു വിശേഷിപ്പിക്കപ്പെട്ട സംഭാഷണം എന്തെങ്കിലും തരത്തിൽ മനസ്സിളക്കം സൃഷ്ടിക്കാനുള്ള ശ്രമമല്ല. കഥാപാത്രങ്ങളെ പൊലിപ്പിച്ചെടുക്കുന്നതിന്റെ ഭാഗമാണത്. ഇത് ഒരു ഭാവനാത്മക യാഥാർത്ഥ്യമാണ്. നമുക്ക് ഭാവന ചെയ്യാൻ കഴിയുന്നതെല്ലാം യാഥാർത്ഥ്യമാണെന്ന് പിക്കാസോ പറഞ്ഞിരിക്കുന്നതിന് തുല്യമാണത്. യഥാർത്ഥത്തിൽ ഇല്ലാത്തതെങ്കിൽ പോലും പെർവേർട്ടായ ഒരു വായനക്കാരന് ഏതു കൃതിയിലും അശ്ശീലവും സദാചാര വിരുദ്ധതയും മാന്യതയില്ലായ്മയും ദർശിക്കുവാൻ കഴിഞ്ഞേക്കാം.
37. ഇത്തരം ആരോപണങ്ങളുടെ പേരിൽ പുസ്തകങ്ങൾ നിരോധിക്കാൻ തുടങ്ങിയാൽ പിന്നെ സർഗ്ഗാത്മകത ബാക്കിയുണ്ടാകില്ല. ഭരണഘടനാനുസൃതകോടതികൾ അത്തരം ഇടപെടലുകൾ നടത്തിയാൽ അത് കലയുടെ മരണത്തിനുതന്നെ കാരണമാകും. ഒരു എഴുത്തുകാരൻ അനുഭവിക്കുന്ന സ്വാതന്ത്ര്യം സമ്പൂർണ്ണമായതല്ലെന്നത് സത്യം. പക്ഷേ, ഒരു നിരോധനം ഏർപ്പെടുത്തുന്നതിന് മുമ്പ്, അത് ഏതെങ്കിലും നിലയ്ക്ക് ഭരണഘടനയുടെ 19(2) അനുച്ഛേദത്തിന്റെ പരിധിയിൽ വരുന്നുണ്ടോയെന്ന് പരിശോധിക്കേണ്ടതുണ്ട്.
അത്തരം ഘട്ടങ്ങളിൽ എസ്. രംഗരാജനും ജഗ്ജീവൻ മുതൽപേരും തമ്മിലുള്ള കേസിന്റെ വിധി ഓർക്കാവുന്നതാണ്. അനുച്ഛേദം 19(2)നെ വ്യാഖ്യാനിച്ച്കോടതി ഇങ്ങനെ നിരീക്ഷിച്ചു: ‘ഏതെങ്കിലും വിധത്തിൽ സമ്മർദ്ദം ചെലുത്തുകയോ ഏതെങ്കിലും ജനവിഭാഗത്തിന്റെ താൽപര്യങ്ങളെ അപകടപ്പെടുത്തുകയോ ചെയ്യാത്തിടത്തോളം ആവിഷ്‌കാര സ്വാതന്ത്ര്യം അടിച്ചമർത്തരുതെന്നതായിരിക്കണം നമ്മുടെ ആദർശം; നാമതിന് പ്രതിജ്ഞാബദ്ധ വുമായിരിക്കണം. അപകടങ്ങളൊക്കെ ഉണ്ടായേക്കാം. വിദൂരമായതോ അനുമാനിക്കാൻ കഴിയാത്തതോ പ്രസക്തി കുറഞ്ഞതോ ആയ അപകടങ്ങൾക്ക് വലിയ വില കല്പിക്കേണ്ടതില്ല എന്നു മാത്രം. വളരെയടുത്തു നിൽക്കുന്ന അപകടസാധ്യതകളെ മാത്രം ഇവിടെ പരിഗണിച്ചാൽ മതി. കൃത്യമായും പൊതുതാത്പര്യത്തിന് ഹാനികരമായിരിക്കുന്നവ മാത്രം ശ്രദ്ധിച്ചാൽ മതിയാകും.’
38. ഇത്തരത്തിലുള്ള ഒരു ലിറ്റ്മസ് ടെസ്റ്റ് നടത്തുമ്പോൾ നാം ഓർക്കേണ്ട പ്രധാന കാര്യം ഒരു പുസ്തകവും, ഒരിക്കലും, തുണ്ടുതുണ്ടുകളായി വായിക്കരുതെന്നാണ്. പുസ്തകങ്ങൾ അതിന്റെ സമഗ്രതയിൽ വായിക്കേണ്ടതാണ്. ഉപയോഗിക്കപ്പെട്ട ഭാഷ, രൂപപ്പെടുത്തിയ ആശയങ്ങൾ, പാത്രസൃഷ്ടി, ആഖ്യാനത്തിലുപയോഗിക്കപ്പെട്ട ബിംബാവലി, പ്രമേയപരമായ അനുബന്ധസങ്കല്പനങ്ങൾ, സന്ദർഭചിത്രണത്തിന്റെ സ്വഭാവം എന്നിവയെല്ലാം വസ്തു നിഷ്ഠമായിത്തന്നെ മനസ്സിലാക്കേണ്ടതുണ്ട്. ഒരു കൃതിയെ ആത്മനിഷ്ഠമായി വായിക്കുന്ന രീതി സ്വാഭാവികമായി വരാറുണ്ടെങ്കിലും അത്തരം ആത്മനിഷ്ഠത നിയമരംഗത്തേക്ക് കടത്തിവിട്ട് കൃതിയെ നിരോധിക്കാനോ സെൻസർഷിപ്പ് നടത്താനോ അത് കാരണമാക്കരുത്.
39. എല്ലാറ്റിനും ഉപരിയായി ഒരു എഴുത്തുകാരന്റെ/എഴുത്തുകാരിയുടെ സർഗ്ഗാത്മകതയും പ്രപഞ്ചവീക്ഷണവും നാമെന്നും മനസ്സിൽ കരുതേണ്ടതുണ്ട്. കവിതയ്ക്കു ബാധകമായിരിക്കുന്നതെല്ലാം അതുപോലെ നോവലുകൾക്കും മറ്റ് സർഗ്ഗാത്മക സാഹിത്യകൃതികൾക്കും ബാധകമാണ്. ഒരു നിർദ്ദേശങ്ങൾക്കും വഴങ്ങാൻ അതിനോടാവശ്യപ്പെടരുത്. അത് അടിച്ചേൽപ്പിക്കലിന് തുല്യമാകും.
ഒരു ചിത്രകാരന് വർണങ്ങൾ കൊണ്ടെന്നവണ്ണം എഴുത്തുകാരന് വാക്കുകൾകൊണ്ട് വിളയാടാൻ കഴിയണം. ഭാവനാവിലാസത്തിന് ഭ്രമണപഥങ്ങൾ നിശ്ചയിക്കരുത്. കൃതി അന്തിമമായി പ്രസിദ്ധീകരിക്കുന്നത് നിയമത്തിന് വിരുദ്ധമായ മട്ടിലാകരുത് എന്നുമാത്രം. ആയത് നിയമവ്യവസ്ഥ അംഗീകരിക്കുന്ന വിവിധ കാര്യങ്ങൾക്കു വിധേയമായിരിക്കുകയും ചെയ്യണം. വസ്തുനിഷ്ഠവീക്ഷണത്തിന്റെ സങ്കല്പങ്ങളെ സ്വീകരിച്ചുകൊണ്ടായാലും എഴുത്തുകാരന്റെ ശില്പവൈദഗ്ദ്ധ്യം ആദരവർഹിക്കുന്നുണ്ട്.
40. അന്തിമമായി എഴുത്തുകാരനും ചിന്തകനുമായ വോൾട്ടയറുടെ വാക്കുകളെ ഇവിടെ ഓർമ്മിപ്പിക്കട്ടെ: ‘നിങ്ങൾ പറയുന്നത് ഒരു പക്ഷേ, എനിക്ക് സ്വീകാര്യമാകണമെന്നില്ല, എന്നിരുന്നാലും അഭിപ്രായം പറയാനുള്ള നിങ്ങളുടെ അവകാശം നിലനിന്നുകിട്ടുന്നതിനുവേണ്ടി മരിക്കുവോളം ഞാനുണ്ടാകും, നിങ്ങളോടൊപ്പം'
ആവിഷ്‌കാരസ്വാതന്ത്ര്യത്തെക്കുറിച്ചു പറയുമ്പോഴൊക്കെ നമുക്കുണ്ടായിരിക്കേണ്ട വെളിച്ചം എന്നും ഇതായിരിക്കണം.
41. മേൽപ്പറഞ്ഞ അപഗ്രഥനത്തിന്റെ അടിസ്ഥാനത്തിൽ, ഇവിടെ സമർപ്പിക്കപ്പെട്ട റിട്ട്ഹർജി അയോഗ്യമാണെന്നു കാണുകയാൽ തള്ളിക്കളയുന്നു.
(വിവ. ജോസഫ്‌കെ ജോബ്)