ഇന്നലെകൾ
ചാലിയത്തെ മദ്‌റസത്തുൽ അൽമനാർ എൽ.പി. സ്‌കൂളിലാണ് ഞാൻ ആദ്യം പഠിക്കുന്നത്. പിന്നീട് പെരുമണ്ണയിലെ അത്തിപറമ്പ് എൽ.പി. സ്‌കൂളിൽ, അതുകഴിഞ്ഞ് പുത്തൂർമഠം യു.പി. സ്‌കൂൾ, പന്തീരങ്കാവ് ഹൈസ്‌കൂൾ, ദേവഗിരി കോളേജ്, ശേഷം കാലിക്കറ്റ് യൂണിവേഴ്‌സിറ്റി, ഈ രീതിയിലാണ് എന്റെ സ്‌കൂൾ-കോളേജ് പഠനം.
വീട്ടിൽ വായനയുടെ ഒരു തരത്തിലുള്ള അന്തരീക്ഷവുമുണ്ടായിരുന്നില്ല. എന്റെ ഇമ്മ (ഉമ്മ) സ്‌കൂളിലോ മദ്രസയിലോ പോയിട്ടില്ല. സാധാരണഗതിയിൽ അക്കാലത്ത് മുസ്ലിം വീടുകളിൽ, പ്രത്യേകിച്ച് തറവാടുകളിലുള്ള സ്ത്രീകൾ സ്‌കൂളിൽ പോവുന്ന പതിവ് കുറവാണ്. അതേസമയം, മദ്രസയിൽ പോവുക എന്നത് അനിവാര്യവുമാണ്. എന്നാൽ എന്റെ ഇമ്മ മദ്രസയിലും പോയിട്ടില്ല. മുസ്ലിയാർ വീട്ടിൽ വന്ന് പഠിപ്പിക്കുന്ന സമ്പ്രദായം അക്കാലത്തുണ്ടായിരുന്നു. സാധാരണ പലർക്കും വായനയുടെ ലോകം ആരംഭിക്കുന്നത് വീടിന്റെ അന്തരീക്ഷത്തിലായിരിക്കും. എന്നാൽ എന്നെ സംബന്ധിച്ച് ചാലിയത്തെയോ പെരുമണ്ണയിലെയോ ജീവിതകാലത്ത്, വീട്ടിൽ വായനയുടെ അന്തരീക്ഷമുണ്ടായിരുന്നില്ല. മാത്രമല്ല, അത്ഭുതമായി തോന്നും ഇന്നാലോചിക്കുമ്പോൾ; അച്ചടിച്ച മലയാള കടലാസിന്റെ ഒരു കഷ്ണം പോലും കാണുന്ന സാഹചര്യം വീട്ടിലുണ്ടായിരുന്നില്ല.
ആ കാലത്ത് സാധനങ്ങൾ പൊതിയാനുപയോഗിച്ചിരുന്നത് പലതരം ഇലകളാണ്; തേക്കിന്റെ ഇല, ഉപ്പൂത്തിയുടെ ഇല, കൂവയുടെ ഇല. കെട്ടാൻ ഉപയോഗിച്ചിരുന്നത് പാളയുടെ നാര്, വാഴനാര്, ഇതൊക്കെയാണ്. വക്കുനൂലൊക്കെ അന്ന് വലിയ വിസ്മയമായിരുന്നു. കടലാസിൽ പൊതിഞ്ഞ്, വക്കുനൂലുകൊണ്ട് കെട്ടിയ എന്തെങ്കിലും പൊതി വീട്ടിൽ കൊണ്ടുവന്നാൽ അത്ഭുതമാണ്. കാരണം, ഈ വക്കുനൂലിനും കടലാസിനും പല ആവശ്യങ്ങളുണ്ടാകും, അതിന് പിടിവലിയുണ്ടാവും. അങ്ങനെ അപകടത്തിൽ വന്നൊരു കടലാസ് കഷണം പോലും കാണാനുള്ള അവസരം ചെറുപ്പകാലത്തുണ്ടായിരുന്നില്ല. അക്കാലത്തുണ്ടായിരുന്ന ഏക അത്ഭുതം; അജ്മീറിൽ നിന്നുള്ള പ്രസാദവും അവിടെ നിന്നുള്ള ചില കടലാസുകളും ബാപ്പയ്ക്ക് വരാറുണ്ട്. ഈ പ്രസാദത്തിൽ തിന്നാൻ പറ്റിയ ചില സാധനങ്ങളൊക്കെയുണ്ടാവും. ചില കടലാസ് കഷ്ണങ്ങളും. അതല്ലാതെ ഒന്നുമില്ല.
സാധാരണ ഇന്നത്തെ ഒരു കുട്ടി ഒരു വീട്ടിൽ ജനിച്ചുവളരുമ്പോൾ ആ വീട്ടിൽ ചുരുങ്ങിയത് കുറച്ച് പുസ്തകമെങ്കിലും ഉണ്ടാവും. ഇല്ലെങ്കിൽ കുറച്ച് പത്രങ്ങളുണ്ടാവും. പെരുമണ്ണയിലെ ഞങ്ങളുടെ വീട്ടിൽ പത്രം വാങ്ങിയിട്ടില്ല. ഞാൻ എസ്.എസ്.എൽ.സി. പഠിക്കുമ്പോഴും, പ്രീഡിഗ്രി പഠിക്കുമ്പോഴും, ഡിഗ്രി പഠിക്കുമ്പോഴുമൊന്നും വീട്ടിൽ പത്രമില്ല, ഒരു പുസ്തകവുമില്ല. ആകെയുള്ളത് ഖുർആൻ ആണ്. ഇമ്മ ഖുർആൻ ഓതും എന്നതിലപ്പുറം വേറൊരു വായനയും അവിടെയില്ല. സാക്ഷരതാ പ്രസ്ഥാനം വന്ന വകയിൽ പേരെഴുതാനും ഒപ്പിടാനും ഇമ്മയെ പഠിപ്പിക്കുകയാണുണ്ടായത്.
ആദ്യമായി കേട്ട കവിത
പുത്തൂർമഠം യു.പി. സ്‌കൂളിൽ പഠിക്കുന്ന കാലത്താണ് മലയാളത്തിൽ പദ്യം എന്നൊന്നുണ്ടെന്ന് ആദ്യമായി മനസ്സിലാക്കുന്നത്. അവിടെ ഞങ്ങൾക്കൊരു പിള്ളമാഷുണ്ടായിരുന്നു. പ്രത്യേക രീതിയിലുള്ള ആളായിരുന്നു അദ്ദേഹം. തെക്കുനിന്ന് വന്ന അദ്ദേഹമാണ് മലയാളം അധ്യാപകരിൽ ഒരാൾ. ദേഷ്യം വന്നാൽ അദ്ദേഹം പറയുന്നൊരു ഡയലോഗുണ്ട്: "കാലേപ്പിടിച്ച് ഞാൻ തെക്കോട്ടെറിയുമെടാ കൂവേ.' എന്തിനാണ് തെക്കോട്ട് എറിയുന്നത് എന്നത് ഞങ്ങൾക്ക് വ്യക്തമല്ല. തൂവെള്ള ഷർട്ട്, ജുബ്ബ, മുണ്ട്, ക്ലീൻഷേവ്, നല്ല തടി, നല്ല ഉയരം, ഇതൊക്കെയാണ് പിള്ളമാഷ്... അദ്ദേഹം കസേരയിൽ വന്നിരിക്കും. ചുവപ്പ്, നീല, കറുപ്പ് എന്നിങ്ങനെയുള്ള മൂന്ന് കുപ്പി മഷി, ചോക്ക് ഇതെല്ലാം ക്ലാസ് ലീഡർ ടേബിളിന് മുന്നിൽ വച്ചിരിക്കണം. പക്ഷെ, അതൊന്നും അധികം ഉപയോഗിക്കില്ല. മാഷ് ക്ലാസിൽ വന്ന് വീക്കിലി വായിച്ചിരിക്കും. അത് മനോരമ ആഴ്ചപ്പതിപ്പായിരിക്കും എന്നാണ് ഞാൻ വിചാരിക്കുന്നത്. കുട്ടികൾ ചെയ്യേണ്ടത് പാഠഭാഗം, ഗദ്യം മുഴുവൻ പകർത്തിയെഴുതുകയാണ്. അല്ലാതെ ക്ലാസെടുക്കുകയൊന്നുമില്ല. "എഴുതിക്കെടാ...' എന്ന് പറയും, നമ്മള് എഴുതും. ഇടയ്ക്ക് എന്തെങ്കിലും ഒച്ചയൊക്കെ ഉണ്ടാവുകയാണെങ്കിൽ ധൃതിയിൽ ചാടിയെഴുന്നേറ്റ്, "മറിക്കെടാ....' എന്നൊരു ഡയലോഗാണ്.
ഒരുപക്ഷെ, എന്റെ സാംസ്‌കാരിക പ്രവർത്തനത്തിൽ, പ്രത്യേകിച്ച് പിൽക്കാലത്ത് എഴുത്തിലേക്ക് വരുന്നതിൽ പ്രചോദനമായി ആദ്യംതന്നെ പ്രവർത്തിച്ച കാര്യം എസ്.എഫ്.ഐയ്ക്ക് വേണ്ടിയുള്ള നോട്ടീസെഴുത്താണ്. അതുപോലെത്തന്നെ മുദ്രാവാക്യം ഉണ്ടാക്കുന്നതും. അതൊക്കെ ഒരു സർഗ്ഗാത്മക പ്രവർത്തനമാണ്.
പക്ഷെ, ഒരുദിവസം മാഷ് ക്ലാസിൽ വന്ന് ഒരു കവിത ചൊല്ലി. ഞാനിപ്പോഴും ഓർക്കുന്നുണ്ട്: "പൂമുഖം വിദ്യുത്ദീപശോഭയാൽ ഓളം വെട്ടുന്ന ആ മണിഹർമ്മ്യത്തിന്റെ മുറ്റത്തുനിന്നു വൃദ്ധൻ...' എന്നു തുടങ്ങുന്ന ഇടശ്ശേരിയുടെ "അങ്ങേ വീട്ടിലേക്ക്' എന്ന കവിത. ആദ്യം അതിന്റെയൊരു ചുരുക്കം പറഞ്ഞു. അതായത്, സമ്പന്നമായൊരു വീട്ടിലേക്ക്, ദരിദ്രയായ ഒരു പെൺകുട്ടിയെ കല്യാണം കഴിച്ചുകൊണ്ടുപോകുന്നു. ഒറ്റ കണ്ടീഷനേയുള്ളൂ; സ്ത്രീധനമില്ല, ആഭരണമില്ല, പക്ഷെ, മകളെ കാണാൻ വീട്ടിലേക്ക് വരാൻ പാടില്ല. അതായത്, കല്യാണത്തോടുകൂടി മകളെ അവർക്ക് കൊടുത്തതുപോലെയായി. അങ്ങനെ അയാൾ വീട്ടിൽ നിൽക്കുമ്പോൾ ഭാര്യ ഇടയ്ക്കിടയ്ക്ക് അയാളോട് പറയും: "വിറ്റതൊന്നുമല്ലല്ലോ? കല്യാണം കഴിച്ചതല്ലേ. ഒന്നു കണ്ടുപോന്നാൽ എന്താണ്?' അപ്പോൾ അയാൾക്കാണെങ്കിൽ കണ്ണ് തുടിക്കുന്നുമുണ്ട്. അങ്ങനെ പ്രായമായ അയാൾ, സംഘർഷത്തോടെ, മകളെ കാണാൻ പോവുകയാണ്. പോകുന്ന വഴിയിൽ നിന്നും ഓരോരുത്തര് ചോദിക്കും: "അമ്മാവൻ എങ്ങോട്ടാണ്?', "കാരണോര് എങ്ങട്ടാണ്?' അതൊക്കെ അയാളെ ദേഷ്യം പിടിപ്പിക്കുന്നുണ്ട്. "ഞാൻ കാശിക്ക് പോവുകയാണ്, എന്താ പോരണുണ്ടോ?' എന്നൊക്കെ ചോദിച്ചും പറഞ്ഞും, നാട്ടിൻപുറത്തിന്റെ എല്ലാ സ്വഭാവങ്ങളും ഇടശ്ശേരി ആ കവിതയിൽ അവതരിപ്പിച്ചിട്ടുണ്ട്. അങ്ങനെ അയാൾ ആ വീടിന്റെ പൂമുഖത്ത് എത്തുകയാണ്. പൂമുഖത്തുതന്നെ ജാമാതാവ്, മകളുടെ ഭർത്താവ്, ഇരിക്കുന്നുണ്ട്. ഭർത്താവിനൊപ്പം ഒന്നു രണ്ട് സുഹൃത്തുക്കളുമുണ്ട്. മകളെ അന്വേഷിച്ച് അവിടെ ചെല്ലാൻ പാടില്ലായെന്ന നേരത്തേയുള്ള കണ്ടീഷനാണ് അയാൾ ലംഘിച്ചിരിക്കുന്നത്. അയാളിങ്ങനെ മുറ്റത്ത് നിൽക്കുകയാണ്. "പൂമുഖം വിദ്യുത്ദീപശോഭയാൽ ഓളം വെട്ടുന്ന ആ മണിഹർമ്മ്യത്തിന്റെ മുറ്റത്ത് നിന്നൂ വൃദ്ധൻ/ മാന്യമായ് ഉടുപ്പിട്ട രണ്ടുപേർ സുഹൃത്തുക്കളായീടാം/ ജാമാതാവുണ്ടവരൊത്തിരിക്കുന്നു/ അദ്ദേഹം കണ്ടു, തന്നെ കണ്ടവാറാകൺകളിൽ പ്രദ്യോതിച്ചത്/ ഹാർഷസ്വാഗതത്തെളിവല്ല, നീരസക്കറയുമല്ല/ ഒത്തൊരു സംഭ്രമം മാത്രം.'
വല്ലാത്തൊരു അവസ്ഥ. ആ സമയത്ത് മകൾ ഉമ്മറത്തേക്ക് വരുന്നുണ്ട്. അവൾ അച്ഛനെ കണ്ടു. "വർത്തുമുഖമണ്ഡലംനോക്കി നിസ്സഹായായി നിന്നു!' പിള്ളമാഷ് ഇത് വിവരിച്ചപ്പോൾ ഇയാൾ ഇതുവരെ കണ്ട കക്ഷിയല്ലല്ലോ എന്നൊരു തോന്നലുണ്ടായി.
മലയാളത്തിൽ പദ്യം/കവിത എന്നൊന്നുണ്ടെന്ന് അന്നാദ്യമായാണ് അറിയുന്നത്. ഇന്ന്, കവിതാലാപനം, കവിതാമത്സരം, പ്രോത്സാഹനം, റിയാലിറ്റി ഷോകൾ ഇതെല്ലാം ഉള്ള കാലമാണ്. പക്ഷെ, അന്ന് അതൊന്നുമില്ലല്ലോ. അധ്യാപകരുടെ കുടുംബങ്ങളിലോ മറ്റ് മധ്യവർഗ പശ്ചാത്തലത്തിലുള്ള വീടുകളിലോ ഒക്കെയാണ് പുസ്തകങ്ങളുടെയും കവിതയുടെയുമൊക്കെ അന്തരീക്ഷമുണ്ടാകുക. എന്റെ ജീവിതത്തിൽ ആദ്യമാണ് ആ അനുഭവം. അതുകഴിഞ്ഞ്, പന്തീരാങ്കാവ് ഹൈസ്‌കൂളിലെത്തിയപ്പോൾ, അവിടെ ലൈബ്രറിയൊക്കെയുണ്ട്. പക്ഷെ, വിദ്യാർത്ഥികളെന്ന നിലയിൽ ലൈബ്രറി ഉപയോഗത്തെക്കുറിച്ചൊന്നും യാതൊരു ധാരണയുമില്ല. ഹൈസ്‌കൂളിൽ എസ്.എഫ്.ഐ. പ്രവർത്തനമൊക്കെയായതുകൊണ്ട് വായനയെക്കാൾ, മുദ്രാവാക്യം വിളിക്കുക, പോസ്റ്ററൊട്ടിക്കുക, എന്നതിലൊക്കെയാണ് ആവേശം. ഈ ആവേശവുമായിട്ടാണ് കോളേജിലേക്ക് പോകുന്നത്.
ഡിഗ്രി, പ്രീഡിഗ്രി കാലം
ഞാൻ എസ്.എസ്.എൽ.സി. ജയിച്ചു എന്നത് ഞങ്ങളുടെ പ്രദേശത്ത് ഒരു അത്ഭുതമായിരുന്നു. റിസൾട്ട് വന്ന ശേഷം ആളുകളെന്നെ അന്തംവിട്ട് നോക്കുകയാണ്. കാരണം, എസ്.എസ്.എൽ.സി വരെ എന്നതാണ് ഞങ്ങളുടെ നാട്ടിലെ മുദ്രാവാക്യം. പിന്നെ ആ "വരെ' കടക്കേണ്ട ആവശ്യമില്ല. എസ്.എസ്.എൽ.സി എത്തി എന്നതുതന്നെ ഒരു അന്തസ്സാണ്. ഞാൻ ആ "വരെ' കടന്നിരിക്കുകയാണ്. ഞാനും അന്തംവിട്ടു, വീട്ടുകാരും അന്തംവിട്ടു, നാട്ടുകാരും അന്തംവിട്ടു. ആ തവണ ജയിച്ചത്, ഞാനും മറ്റൊരു പെൺകുട്ടിയും മാത്രമാണ്. ആ പെൺകുട്ടി ഒരു അധ്യാപകന്റെ മകളായിരുന്നതിനാൽ അതിലാർക്കും അത്ഭുതമുണ്ടായിരുന്നില്ല, എന്നാൽ എന്റെ കാര്യം അങ്ങനെയായിരുന്നില്ല! ജയിച്ച സ്ഥിതിക്ക് ഡോക്ടറാവുക എന്നതാണ് വീട്ടുകാരുടെയൊക്കെ വിചാരം. സെക്കൻറ് ഗ്രൂപ്പ് എടുക്കുക എന്നതാണ് അതിന്റെ രീതി. എന്റെ ബാപ്പ അദ്ദേഹത്തിന്റെ കൂടെ പഠിച്ച പരമേശ്വരൻ നമ്പീശൻ മാഷുമായുള്ള സൗഹൃദത്തിന്റെ അടിസ്ഥാനത്തിൽ എന്നെ സെക്കൻറ് ഗ്രൂപ്പിൽ ചേർത്തു. സെക്കൻറ് ഗ്രൂപ്പ് ഒരു കാരണവശാലും ശരിയാവില്ലെന്ന് എനിക്കറിയാം. കാരണം, അവിടെ വരയ്ക്കാനുണ്ട്, എനിക്കാണെങ്കിൽ വര തീരെ വഴങ്ങില്ല. അതുകൊണ്ടൊക്കെ തന്നെ ഞാൻ മാഷിന്റെ അടുത്ത് വീണ്ടും ചെന്നു. "ഇതെനിക്ക് ശരിയാവൂല്ല, എന്നെ തേഡ് ഗ്രൂപ്പിലേക്ക് ആക്കിത്തരണം' എന്ന് പറഞ്ഞു. "അന്റെ ബാപ്പ എത്രയോ പറഞ്ഞിട്ടാണ്, വല്യ പ്രയാസപ്പെട്ടിട്ടാണ് ഇനിക്ക് സെക്കൻറ് ഗ്രൂപ്പ് ശര്യാക്കിയത്' എന്ന് മാഷ്. "ഇന്നെ എങ്ങനെയെങ്കിലും തേഡ്ഗ്രൂപ്പിലേക്കാക്കണം' എന്ന് ഞാൻ കാലുപിടിച്ചു. അതൊന്നും വീട്ടിൽ അറിയുന്നില്ല. ഞാനിങ്ങനെ ഡോക്ടറായിക്കൊണ്ടിരിക്കുകയാണെന്നാണ് വീട്ടിൽ കരുതിക്കൊണ്ടിരിക്കുന്നത്. എന്നാൽ മാഷ് തേഡ്ഗ്രൂപ്പ് ശരിയാക്കിത്തന്നു.
നേരത്തെ ആളുകൾ പറഞ്ഞിട്ടുണ്ട്; തേഡ് ഗ്രൂപ്പ് കിട്ടിക്കഴിഞ്ഞാ പിന്നെയൊന്നും പേടിക്കാനില്ല, പിന്നെ നമ്മളങ്ങോട്ട് പോകേണ്ട കാര്യമില്ല എന്നൊക്കെ. സെക്കൻറ് ഗ്രൂപ്പ് അങ്ങനെയല്ല, നമ്മൾ എന്നും പോകേണ്ടി വരും. അങ്ങനെ തേഡ്ഗ്രൂപ്പ് കിട്ടിയ പശ്ചാത്തലത്തിൽ, അതിന്റെ ആഹ്ലാദത്തിൽ നേരത്തേ തന്നെയുള്ള വിദ്യാർത്ഥി രാഷ്ട്രീയപ്രവർത്തനത്തിൽ സജീവമായി. മുദ്രാവാക്യം വിളിക്കുക, മുദ്രാവാക്യം എഴുതുക, നോട്ടീസ് എഴുതുക, ഇതൊക്കെയായി രീതികൾ. ഒരുപക്ഷെ, എന്റെ സാംസ്‌കാരിക പ്രവർത്തനത്തിൽ, പ്രത്യേകിച്ച് പിൽക്കാലത്ത് എഴുത്തിലേക്ക് വരുന്നതിൽ പ്രചോദനമായി ആദ്യംതന്നെ പ്രവർത്തിച്ച കാര്യം എസ്.എഫ്.ഐയ്ക്ക് വേണ്ടിയുള്ള നോട്ടീസെഴുത്താണ്. അതുപോലെത്തന്നെ മുദ്രാവാക്യം ഉണ്ടാക്കുന്നതും. അതൊക്കെ ഒരു സർഗ്ഗാത്മക പ്രവർത്തനമാണ്. വളരെ അർത്ഥപൂർണമായിരിക്കണം, സംക്ഷിപ്തമായിരിക്കണം, കാവ്യാത്മകമായിരിക്കണം, കുറിക്ക് കൊള്ളുന്നതായിരിക്കണം, ഇങ്ങനെ നിരവധി കാര്യങ്ങൾ ആലോചിച്ചിട്ടുവേണം മുദ്രാവാക്യം എഴുതാൻ.
ചെങ്കതിർ കലാവേദി പെരുമണ്ണയിൽ രൂപപ്പെട്ടപ്പോൾ, അതിന്റെ ഉദ്ഘാടനത്തിന് വന്നിരുന്നത് പി. വത്സലയാണ്. ചടങ്ങിന് സ്വാഗതം പറയാനുള്ള ചുമതല എനിക്കായിരുന്നു. അതായിരുന്നു എന്റെ ആദ്യത്തെ പ്രസംഗം. ഞാൻ വിറച്ചുപോയൊരു സമയമായിരുന്നു അത്.
ഡിഗ്രിയും പ്രീഡിഗ്രിയും ദേവഗിരി കോളേജിലായിരുന്നു. അവിടെ നല്ലൊരു ലൈബ്രറിയുണ്ട്. ചാക്കോച്ചൻ എന്നയാളാണ് ലൈബ്രേറിയൻ. പുതിയ ബാച്ച് വന്നാൽ അദ്ദേഹം വിദ്യാർത്ഥികളെയെല്ലാം വിളിച്ചുചേർക്കും. ലൈബ്രറിയെക്കുറിച്ച് വിശദീകരണം നൽകും. എന്നിട്ട് അദ്ദേഹത്തിന്റെയൊരു സ്ഥിരം ഡയലോഗുണ്ട്: "ഓൾഡ് ബി.എ ഈസ് ഈക്വൽ ടു മോഡേൺ എം.എ.' അദ്ദേഹം ബി.എക്കാരനാണ്. ശേഷം പുസ്തകത്തെക്കുറിച്ചൊക്കെ പറയും. അന്നത്തെയൊരു പ്രത്യേകത, ചില പുസ്തകങ്ങളൊന്നും കോളേജിൽ പഠിക്കുന്ന കുട്ടികൾക്ക് നൽകില്ല. എനിക്ക് അന്നും കോളേജ് ലൈബ്രറികളൊന്നും ഉപയോഗിക്കാൻ കഴിഞ്ഞിട്ടില്ല. കാരണം, നമ്മുടെ താൽപര്യം വേറെയാണല്ലോ. അങ്ങനെ പോയി ഡിഗ്രിക്കാലം. ഡിഗ്രി കഴിഞ്ഞ് ഞങ്ങൾ പെരുമണ്ണയിൽ, പെരുമണ്ണ ട്യൂഷൻ സെന്റർ എന്ന പേരിൽ ഒരു പാരലൽ കോളേജ്, സുഹൃത്തുക്കളെല്ലാം ചേർന്ന് നടത്തി. അത് ഏകദേശം ഒരു കമ്യൂൺ രീതിയുള്ളതായിരുന്നു. ആർക്കും പൈസയില്ല, എല്ലാരും ഒന്നിച്ച് ഭക്ഷണം, ഒന്നിച്ച് സിനിമ, വസ്ത്രമെടുക്കൽ. ദരിദ്രരായ കുട്ടികളിൽ നിന്ന് ഫീസും ഈടാക്കിയിരുന്നില്ല. എന്റെ ബാപ്പയുടെ തന്നെ കെട്ടിടമായിരുന്നു അത്. അതുകൊണ്ട് വാടകയൊന്നും കൊടുക്കാതങ്ങനെ പിടിച്ചുനിൽക്കാമായിരുന്നു.
പെരുമണ്ണയിലെ സാംസ്കാരിക ലോകം
ആ സമയത്താണ് പെരുമണ്ണ ഗ്രാമീണ വായനശാല, ചെങ്കതിർ കലാവേദി എന്നിവയൊക്കെയായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നത്. പെരുമണ്ണ ഗ്രാമീണ വായനശാലയിലെ കുറച്ച് പുസ്തകങ്ങളിൽ നിന്നാണ് വായനയുടെ തുടക്കം. ഡിഗ്രി കഴിഞ്ഞ് കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ എം.എ.ക്ക് ചേരുമ്പോൾ അവിടെ അത്ഭുതകരമായ സെൻട്രൽ ലൈബ്രറിയും ഡിപ്പാർട്ടുമെൻറ് ലൈബ്രറിയുമുണ്ടായിരുന്നു, ഓരോ അധ്യാപകരുടെ മുറിയിലും പുസ്തകങ്ങൾ അടക്കിവെച്ചിട്ടുണ്ടായിരുന്നു. കൂടെയുള്ള കുട്ടികളെല്ലാം ധാരാളം പുസ്തകങ്ങളുമായി പരിചയമുള്ള ആൾക്കാരായിരുന്നു, അങ്ങനെ ആ ഒരു പശ്ചാത്തലത്തിൽ മലയാളം എം.എയുമായി ബന്ധപ്പെട്ട് പുസ്തകങ്ങളൊക്കെ വായിച്ചുതുടങ്ങി. അതേ കാലത്തുതന്നെയാണ് ഡോ. ആസാദിന്റെ പിതാവായ മാധവൻമാഷിന്റെ കയ്യിൽ നിന്ന് പുസ്തകങ്ങൾ വാങ്ങി വായിക്കുന്നത്. അദ്ദേഹത്തിന് വിശാലമായ പുസ്തകശേഖരമുണ്ടായിരുന്നു.
കൂടുതൽ വായിക്കാൻ പ്രേരണയായ ചില സംഭവങ്ങൾ വേറെയുമുണ്ടായി. ചെങ്കതിർ കലാവേദി പെരുമണ്ണയിൽ രൂപപ്പെട്ടപ്പോൾ, അതിന്റെ ഉദ്ഘാടനത്തിന് വന്നിരുന്നത് പി. വത്സലയാണ്. ചടങ്ങിന് സ്വാഗതം പറയാനുള്ള ചുമതല എനിക്കായിരുന്നു. അതായിരുന്നു എന്റെ ആദ്യ പ്രസംഗം. ഞാൻ വിറച്ചുപോയൊരു സമയം. ഒരു രക്ഷയുമില്ല, കലാവേദി സെക്രട്ടറിയാണ് ഞാൻ. അങ്ങനെ പി. വത്സലയുടെ ആ കാലത്ത് വന്ന "നെല്ല്' ഉൾപ്പെടെയുള്ള രചനകൾ വായിച്ചു. വേറെ രക്ഷയില്ല. ചടങ്ങിൽ ആശംസാ പ്രസംഗം നടത്താനുണ്ടായിരുന്നത് അന്ന് ദേശാഭിമാനിയിൽ ജോലി ചെയ്യുകയായിരുന്ന സിദ്ധാർത്ഥൻ പരുത്തിക്കാടായിരുന്നു. അദ്ദേഹം ചില കഥകളൊക്കെ എഴുതുന്ന സമയമാണ്. വത്സല ടീച്ചറുടെയും സിദ്ധാർഥൻ പരുത്തിക്കാടിന്റെയും രചനകൾ നല്ല രീതിയിൽ വായിച്ചുമനസ്സിലാക്കിയ ശേഷമാണ് പ്രസംഗത്തിന് മുതിർന്നത്. വലിയ തെറ്റില്ലാതെ അവതരിപ്പിച്ചു. ആളുകൾക്കൊക്കെ വലിയ ആവേശമായി; എനിക്കും. ഞാൻ പേടിച്ചത്ര പേടിക്കേണ്ടതില്ല എന്നൊരു തോന്നലുണ്ടായി. അങ്ങനെ ചെങ്കതിർ കലാവേദിയുടെ പ്രവർത്തനങ്ങളിൽ സജീവമായി. ശേഷമാണ് നോവലുകളിലേക്കും ഇതര സാഹിത്യ വായനകളിലേക്കുമൊക്കെ കൂടുതലായി എത്തുന്നത്.
പ്രതിഭയുണ്ടായിട്ടും അപ്രശസ്തരായി നിൽക്കുന്ന ആളുകളുടെ പുസ്തകങ്ങൾക്ക് മലയാളത്തിൽ ഏറ്റവും കൂടുതൽ ആമുഖമെഴുതിയ ഒരാൾ ഞാനായിരിക്കും.
ഞാൻ കോളേജിൽ പഠിപ്പിക്കുന്ന സമയത്ത്, കവിത ആവശ്യപ്പെടുന്ന തരത്തിൽ ചൊല്ലാൻ എനിക്ക് കഴിയുമായിരുന്നില്ല. ഏതു കവിതയും വായിക്കുകയേ ചെയ്യാറുള്ളൂ, ചൊല്ലാറില്ല. കുട്ടികളിൽ നന്നായി ചൊല്ലുന്നവരുണ്ടെങ്കിൽ അവരെക്കൊണ്ട് ചൊല്ലിക്കും. സത്യത്തിൽ, പലരും കവിയരങ്ങിൽ നീട്ടിപ്പരത്തി പാടുന്നതുപോലെ പാടേണ്ട കാര്യമൊന്നുമില്ല. എങ്കിലും ഓരോ കവിതയ്ക്കും അതിന്റെതായ ഒരു ഭാവലോകമുണ്ടല്ലോ. ആ ഭാവലോകത്തിന്റെ ശബ്ദാവിഷ്‌കാരം ആവശ്യമുണ്ട്, അതിന്റെ അർത്ഥാവിഷ്‌കാരം ആവശ്യമുണ്ട്, അതിന്റെ ഭാവാവിഷ്‌കാരം ആവശ്യമുണ്ട്, അതിന്റെ സാംസ്‌കാരികമായ പൊരുളുകളിലേക്ക് വിദ്യാർത്ഥികളെ പ്രവേശിപ്പിക്കേണ്ടതുണ്ട്. അതിൽ ആദ്യം വേണ്ടത് അതിന്റെ ശബ്ദാവിഷ്‌കാരമാണ്. അതിന് കവിത ചൊല്ലണം. ഇവിടെയാണ് പിള്ളമാഷിന്റെ പ്രസക്തി. അദ്ദേഹം കവിത നീട്ടിപ്പരത്തി പാടുകയൊന്നുമല്ല ചെയ്തിരുന്നത്. "അങ്ങേ വീട്ടിലേക്ക്' എന്ന കവിതയുടെ അവസാനം ആ വൃദ്ധനെ നോക്കി സുഹൃത്തുകൾ ചോദിക്കും; "ഈ കിഴവൻ നിങ്ങൾക്കാരാ? കുറേ നേരമായല്ലോ നിന്ന് തിരിയുന്നു?' അപ്പോൾ നിർവ്വാഹമില്ലാതെ വീട്ടുകാരൻ പറയും പറയും, "ആ കാർന്നോരെ വീടിന്റെ പിറകിലേക്ക് കൊണ്ടുപോയി എന്തെങ്കിലും കൊടുത്തുവിട്ടേക്ക്.' മകൾ സങ്കടപ്പെടുന്നുണ്ട്. അപ്പോൾ അയാൾ, "പാടുപെട്ടുണ്ടാക്കിയ പുഞ്ചിരിയോടെ/ ചോടുമാറ്റിയേറെ ഭംഗിയിലേവം ചൊല്ലി/ വയസ്സാകുമ്പോൾ വഴിതെറ്റുന്നു, അങ്ങേ വീട്ടിൽ കയറേണ്ടതാ...' എന്നു പറഞ്ഞ്, "അയാളിറങ്ങി കൂനിക്കൂനി....' ഇങ്ങനെയൊരു രംഗമുണ്ട് കവിതയിൽ. പിള്ളമാഷ് അതിന്റെ ഭാവം ഉൾക്കൊണ്ട് അവതരിപ്പിക്കുകയാണ്.
ബീഡിത്തൊഴിലാളികൾക്ക് വേണ്ടിയുള്ള വായന
സാംസ്‌കാരിക ജീവിതത്തിന്റെയും പൊതുപ്രവർത്തനത്തിന്റെയും ഭാഗമായാണ് എന്നിൽ നോവൽ വായനയും ചെറുകഥാ വായനയും നടക്കുന്നത്. പിന്നെ ചെങ്കതിർ കലാവേദിയുടെ ഭാഗമായി നാടകങ്ങൾ അവതരിപ്പിക്കുകയും ചെയ്തു. അന്ന് മാവൂരിൽ ജോലി ചെയ്യുകയായിരുന്ന പുരുഷൻ കടലുണ്ടി ഞങ്ങളുടെ നാടകപ്രവർത്തനങ്ങളിൽ സഹകരിച്ചിരുന്നു, പി.എ. കൃഷ്ണൻകുട്ടിയും. പെരുമണ്ണയിൽത്തന്നെയുള്ള കാളിദാസൻ, കെ.എം.സി. മൊയ്തീൻ തുടങ്ങി ധാരാളം പേർ ചെങ്കതിർ കലാവേദിയുടെ പ്രവർത്തനങ്ങളിൽ സജീവമായിരുന്നു. പെരുമണ്ണ അന്ന് ബീഡിത്തൊഴിലാളികളുടെ കേന്ദ്രമാണ്. ബീഡിത്തൊഴിലാളികളുടെ തൊഴിലിന് ഒരു പ്രത്യേകതയുണ്ട്. അവർ ബീഡി തെറുത്തുകൊണ്ടിരിക്കെ, കെട്ടികൊണ്ടിരിക്കെ, ഇടയ്ക്ക് കട്ടൻചായ കുടിച്ചുകൊണ്ടിരിക്കെ, ഇടയ്ക്ക് ബീഡി പുകച്ചുകൊണ്ടിരിക്കെ, അവർക്കു വേണ്ടി പത്രം വായിക്കാൻ, അവർക്കു വേണ്ടി പുസ്തകം വായിക്കാൻ ഒക്കെ ആളുണ്ടാവും. അങ്ങനെ ബീഡിക്കമ്പനിയിൽ പുസ്തകം വായിക്കുന്ന ഒരാളായിരുന്നു ഞാൻ. അവിടെ വായിക്കുന്ന സാഹിത്യകൃതികളുമായി ബന്ധപ്പെട്ട് തീപിടിച്ച ചർച്ചകൾ നടക്കും. ഒ.വി. വിജയന്റെ നോവൽ വായിക്കുമ്പോൾ അവിടെ അള്ളാപ്പിച്ച മൊല്ലാക്കയും, രവിയുമെല്ലാം നാട്ടുകാരിൽ പലരുടെയും വട്ടപ്പേരുകളായി മാറുമായിരുന്നു. ഞാനിപ്പോഴും ഓർക്കുന്നുണ്ട്; ‘അജ്ഞതയുടെ താഴ്‌വര' എന്ന കാക്കനാടന്റെ നോവൽ വായിച്ചത്. അതിലൊരു കഥാപാത്രം, കെ.ടി. പിള്ളയാണെന്ന് തോന്നുന്നു, സ്വന്തം ശവക്കുഴി അയാൾ തന്നെയാണ് വെട്ടുന്നത്. ഇത് ബീഡിത്തൊഴിലാളി കേന്ദ്രത്തിൽ വായിച്ചപ്പോൾ, അവരെല്ലാവരും കൂടി പറഞ്ഞു, ആ പ്രദേശത്തുള്ള ഒരു അധ്യാപകനാണ് ഈ കഥാപാത്രമെന്ന്. അങ്ങനെ അതയാളുടെ പേരായി മാറി. ഇതെല്ലാം ആ നാടിന്റെ സാംസ്‌കാരിക ഇടപെടലുകളുടെ രസകരമായ ഉദാഹരണങ്ങളായിരുന്നു.
"രാഷ്ട്രപുനർനിർമ്മാണത്തിൽ യുവാക്കളുടെ പങ്ക്' എന്ന ഒരു ലേഖനമാണ് ഞാൻ ആദ്യമായി എഴുതുന്നത്. വീക്ഷണം വാരാന്തപ്പതിപ്പിലാണ് അത് അച്ചടിച്ചു വന്നത്. പിന്നീട് ചന്ദ്രിക ആഴ്ചപ്പതിപ്പിലും ചില എഴുത്തുകളൊക്കെ വന്നു. എം.എ.യ്ക്ക് പഠിക്കുന്ന കാലത്ത് റാഗിംഗിനെതിരെയുള്ള ഒരു ലേഖനം ദേശാഭിമാനി പത്രത്തിൽ അച്ചടിച്ചുവന്നു. പൊതുപ്രവർത്തനം, കലാസമിതി പ്രവർത്തനം, സാംസ്‌കാരിക പ്രവർത്തനം അതിലൂടെയെല്ലാമാണ് ഞാൻ വളരുന്നത്. ആ സമയത്ത് വിവേകാനന്ദ സാഹിത്യസർവ്വസ്വം ഞാൻ ഏറെക്കുറെ മുഴുവൻ കൃതിയും വായിച്ചു. അതെനിക്ക് ആ കാലത്ത് വലിയ ഊർജ്ജം നൽകി. പിന്നീട് ടോൾസ്റ്റോയിയുടെയും ദസ്തയേവ്‌സ്‌കിയുടെയും മാക്‌സിം ഗോർക്കിയുടെയും കൃതികളുടെ വിവർത്തനം വായിച്ചു. ഇതിൽ ദസ്തയേവ്‌സ്‌കിയുടെ കൃതികളാണ് ഒരു ബാധ പോലെ എന്നെ വല്ലാതങ്ങ് പൂട്ടിക്കളഞ്ഞത്. അത് പിന്നീട് വായനയിൽ വലിയ പ്രചോദനമായി പ്രവർത്തിച്ചു. എം.എയ്ക്ക് പഠിക്കുമ്പോളും കലാ സാംസ്‌കാരിക പ്രവർത്തനവുമായി ബന്ധപ്പെട്ട് വായന മുന്നോട്ടു പോയി.
ബഷീറിനെതിരെ എഴുതിയ വിമർശനം, ബഷീറെഴുതിയ മറുപടി
ദേശാഭിമാനി വാരികയിൽ തായാട്ട് ശങ്കരൻ എഡിറ്ററായിരുന്ന സമയത്ത് ഒരു അനൗപചാരികമായ മീറ്റിംഗ് വിളിച്ചിരുന്നു. ടി.പി. കുഞ്ഞിക്കണ്ണനും ഹമീദ് ചേന്ദമംഗല്ലൂരും സിദ്ധാർത്ഥൻ പരുത്തിക്കാടും ഞാനുമെല്ലാം ഉണ്ടായിരുന്നു അതിൽ. ഓരോരുത്തരെയും ഓരോ അസൈൻമെൻറ് ഏൽപിച്ചു. അതിൽ എനിക്ക് മാഷ് തന്നത് ഉറൂബിനെയും വൈക്കം മുഹമ്മദ് ബഷീറിനെയും കുറിച്ച് എഴുതാനാണ്. അതിന്റെ അടിസ്ഥാനത്തിൽ ബഷീറിനെ വായിച്ചു, ഉറൂബിനെ വായിച്ചു. അതേക്കുറിച്ച് ആലോചിച്ചു. അത് എഴുതി. ആ എഴുത്ത് ദേശാഭിമാനിയിൽ അച്ചടിച്ചു വന്നു. ദേശാഭിമാനിയിലെ എന്റെ ആദ്യ പ്രബന്ധം അതായിരുന്നു. മാത്രമല്ല, അത് ജീവിതത്തിലെ വഴിത്തിരിവായി. ആ ലേഖനത്തെക്കുറിച്ച് വൈക്കം മുഹമ്മദ് ബഷീർ വായനക്കാരുടെ കത്തുകളിൽ മറുപടിയായി ഒരു കുറിപ്പെഴുതി. ആ കുറിപ്പിന്റെ തലക്കെട്ട്, "എന്റെ പക്കൽ ശാപങ്ങളില്ല, അനുഗ്രഹങ്ങളേയുള്ളൂ' എന്നായിരുന്നു. അത് ജീവിതത്തിൽ വെളിച്ചം നൽകിയ പ്രചോദനമായിരുന്നു. കാരണം, ബഷീറിന്റെ കഥകളുടെ ഉള്ളടക്കമൊക്കെ ഉൾക്കൊണ്ട്, ബഷീർ എപ്രകാരമാണ് മലയാളസാഹിത്യത്തിൽ ഉയർന്നു നിൽക്കുന്നത്, ഉറൂബ് എങ്ങനെയാണ് ഉയർന്നുനിൽക്കുന്നത് എന്നൊക്കെ വിശദീകരിക്കുന്ന എഴുത്താണ് ഞാൻ എഴുതിയത്.
എന്നാൽ അതിൽ ബഷീറിനെതിരെയുള്ള ഒരു വിമർശനം കൂടിയുണ്ടായിരുന്നു. അക്കാലത്ത് കലാകൗമുദി പ്രസിദ്ധീകരിച്ച ബഷീറുമായുള്ള അഭിമുഖത്തിൽ ഒരു ചോദ്യമുണ്ട്: "നിങ്ങൾ യുവ എഴുത്തുകാരുടെ കഥകൾ വായിക്കാറുണ്ടോ?' അതിന് ബഷീറിന്റെ ഉത്തരം: "ഞാൻ അമേദ്യം ഭക്ഷിക്കാറില്ല' എന്നായിരുന്നു. അതെനിക്ക് സഹിക്കാൻ പറ്റുന്നതായിരുന്നില്ല. ബഷീറിനെപ്പോലുള്ള മലയാളത്തിലെ മഹാപ്രതിഭയിൽ നിന്ന് ഇത്തരത്തിലുള്ള വിവരംകെട്ട അഭിപ്രായമുണ്ടായത്, ബഷീറിനും മലയാള സാഹിത്യത്തിനും എല്ലാത്തിനും നാണക്കേടാണ് എന്നു പറഞ്ഞുകൊണ്ടുള്ള രൂക്ഷമായ എതിർപ്പ് ഞാൻ ഉന്നയിച്ചിരുന്നു. ആ ഭാഗത്തോടാണ് ബഷീർ പ്രതികരിച്ചത്. ബഷീർ പറയാൻ ശ്രമിച്ചത്, "അങ്ങനെയൊരു അഭിമുഖം എന്റെ പേരിൽ വന്നിട്ടുണ്ട്. അതിന് ഞാൻ ഉത്തരവാദിയല്ല. ഈ വീട്ടിൽ ഒരുപാട് പേർ വരും, പലരും പലതും എന്നോട് സംസാരിക്കും. ചിലർ അതൊക്കെ എഴുതും, ചിലപ്പോൾ ഞാൻ പറയാത്തതും എഴുതും, അതുകൊണ്ട് കുഞ്ഞഹമ്മദിനോട് എനിക്ക് പറയാനുള്ളത്, അദ്ദേഹം പഠിച്ചാണ് എഴുതിയിരിക്കുന്നത്, വളരെ നന്നായാണ് എഴുതിയിരിക്കുന്നത്, ഇതൊരു പുസ്തകത്തിൽ ചേർക്കുമ്പോൾ ഈ ഭാഗം ഒഴിവാക്കണമെന്നാണ്, എന്റെ പക്കൽ ശാപങ്ങളില്ല, അനുഗ്രഹങ്ങളേയുള്ളൂ.' ബഷീർ എഴുതിയ മറുപടിയുടെ പ്രധാനഭാഗം ഇങ്ങനെയായിരുന്നു. ആ കത്ത് ബഷീറിന്റെ തിരഞ്ഞെടുത്ത കൃതികളിൽ, യാദൃച്ഛികമായിട്ടാവാം രണ്ട് സ്ഥലത്തുണ്ട്.
നാട്ടിലെ അക്കാലത്തെ തൊഴിലാളി അന്തരീക്ഷം ചെങ്കതിർ കലാവേദി, ഗ്രാമീണവായനശാല, കോളേജിലെ എസ്.എഫ്.ഐ. പ്രവർത്തനം, ദേശാഭിമാനി വാരിക, ദേശാഭിമാനി സ്റ്റഡിസർക്കിൾ, പുരോഗമന കലാസാഹിത്യസംഘം, നാടകപ്രവർത്തനം ഇതൊക്കെയാണ് വായനയുടെ ലോകത്തേക്ക് കൂടുതൽ തുറന്നുവിട്ടത്.
1980കളുടെ പകുതിയിലാണ് ശരീഅത്ത് സംവാദമുണ്ടാകുന്നത്. ആ സമയത്ത് എന്റെ രണ്ട് പുസ്തകങ്ങൾ വന്നു. ഒന്ന്, ഞാനും ഹമീദ് ചേന്ദമംഗലൂരും ചേർന്നെഴുതിയ "ശരീഅത്ത് മിഥ്യയും യാഥാർത്ഥ്യവും' . അത് ആ കാലത്ത് വളരെയേറെ ആഘോഷിക്കപ്പെട്ടു. ഞങ്ങൾ രണ്ടുപേരും ഈ പുസ്തകത്തിന്റെ പശ്ചാത്തലത്തിൽ കേരളത്തിലുടനീളം സാംസ്‌കാരിക പ്രഭാഷണങ്ങൾ നടത്തി. ഞാൻ തനിച്ചും നടത്തിയിട്ടുണ്ട്. രണ്ട്, മതവിമർശനം എന്ന നിലയ്ക്ക്, പ്രത്യേകിച്ചും ഇസ്ലാം മതവിമർശനം എന്ന നിലയ്ക്ക് മലയാളത്തിലെ ആദ്യത്തെ പുസ്തകമായി, ‘സ്വർഗം, നരകം, പരലോകം' പുറത്തിറങ്ങി. ആ സമയത്ത് ഫാറൂഖ് കോളേജിൽ അധ്യാപകനാണ്. അത് ചില സംഘർഷങ്ങൾക്ക് കാരണമായി. ചുരുക്കത്തിൽ എന്റെ വായന എന്നത് സാംസ്‌കാരിക പ്രവർത്തനമായും സംവാദമായും ഓരോരോ കാലത്തും ഓരോ അവസ്ഥകളെ അഭിമുഖീകരിക്കുന്നതായുമുള്ളതാണ്.
എന്തുകൊണ്ട് ഇന്ന് ‘ചണ്ഡാലഭിക്ഷുകി?’
മുൻകാല സാംസ്കാരിക ഇടപെടുകളുടെ തുടർച്ചയിൽ, അന്നത്തേതിൽനിന്ന് വ്യത്യസ്തമായി കൂടിയാണ് ഇന്ന് വായനയും ഇടപെടലുകളും മുന്നോട്ടുപോകുന്നത്. ഇന്ന് ആമുഖക്കുറിപ്പുകൾ എഴുതുന്നതിനായി ധാരാളം പുസ്തകങ്ങൾ കയ്യിൽ വരുന്നുണ്ട്. ഇപ്പോൾ ചെയ്യുന്ന പ്രധാനപ്പെട്ട ഒരു കാര്യം, പലരും എഴുതുന്ന പുസ്തകങ്ങൾ വായിച്ച് അഭിപ്രായം പറയുക, ആമുഖക്കുറിപ്പുകൾ എഴുതുക, എന്നതൊക്കെയാണ്. പ്രതിഭയുണ്ടായിട്ടും അപ്രശസ്തരായി നിൽക്കുന്ന ആളുകളുടെ പുസ്തകങ്ങൾക്ക് മലയാളത്തിൽ ഏറ്റവും കൂടുതൽ ആമുഖമെഴുതിയ ഒരാൾ ഞാനായിരിക്കും. എന്നോട് പലരും പറഞ്ഞിട്ടുണ്ട്, "കെ.ഇ.എൻ ഇത് അവസാനിപ്പിക്കണം. ഒരു പുസ്തകമൊക്കെ എഴുതുമ്പോഴേക്കും അവരെയിങ്ങനെ പ്രശംസിക്കാനൊന്നും പാടില്ല' എന്നൊക്കെ. പക്ഷെ, അത് ശരിയല്ല എന്ന ബോധ്യത്തിന്റെ അടിസ്ഥാനത്തിൽ ധാരാളം ആമുഖങ്ങൾ എഴുതി. ഇപ്പോഴത്തെ പ്രധാനപ്പെട്ട വായനകളിൽ ഒന്ന്, അയച്ചുകിട്ടുന്ന ആമുഖമെഴുതാനോ, അഭിപ്രായം പറയാനോ ഉള്ള പുസ്തകങ്ങളാണ്. അതിൽ കവിത പെടും, നോവൽ പെടും, വൈജ്ഞാനിക സാഹിത്യം പെടും, നാടകം പെടും.
2022ൽ എന്റെ മുമ്പിലുള്ള പുസ്തകങ്ങളിലൊന്ന്, ചണ്ഡാലഭിക്ഷുകിയെക്കുറിച്ചുള്ള നാടകമാണ്. "കുമാരനാശാനും ചണ്ഡാലഭിക്ഷുകിയും' എന്ന പേരിൽ അനിൽകുമാർ ആലത്തുപറമ്പിന്റെ രചനയാണത്. ചണ്ഡാലഭിക്ഷുകിയെക്കുറിച്ച് നേരത്തെ നാടകം വന്നിട്ടുണ്ടോ എന്നെനിക്ക് അറിഞ്ഞുകൂടാ. കഥാപ്രസംഗങ്ങൾ ഉണ്ടായിട്ടുണ്ട്. ആ കഥാപ്രസംഗങ്ങളെപ്പറ്റി പറഞ്ഞുകൊണ്ടാണ് ഈ നാടകം. ഡോ. ലിസ പുൽപ്പറമ്പിൽ എഴുതിയ "തിരസ്‌കൃതരുടെ ആത്മഗാഥകൾ', ഡോ. ഉമർ ഒ തസ്‌നീം എഴുതിയ "പെണ്ണ് ആണ് ആണോ, പെൺതമാശകളുടെ കൊലച്ചിരികൾ', ബാബു പുലപ്പാടിയുടെ ഇരുട്ടിലും തെളിയുന്ന അടിമജീവിതം എന്നിവയൊക്കെയാണ് ഇപ്പോഴത്തെ എന്റെ വായനയിലുള്ള മറ്റ് പുസ്തകങ്ങൾ.
കൂടാതെ, കുമാരനാശാന്റെ കൃതികൾ, പ്രത്യേകിച്ചും ദുരവസ്ഥ, ചണ്ഡാലഭിക്ഷുകി- അതൊക്കെ വീണ്ടുമെടുത്ത് വായിക്കേണ്ടിവന്നു. നമ്മുടെ കാലത്തെ സാമൂഹ്യ സാംസ്‌കാരിക പ്രശ്‌നങ്ങളോടുള്ള എതിരിടൽ എന്നർത്ഥത്തിലാണ് ആ വായന വിപ്ലവകരമായി മാറുന്നത്. അതായത്, നമുക്ക് പല രീതിയിൽ ഒരു കൃതി വായിക്കാം. നിരന്തരമായി നമ്മുടെ ജീവിതത്തിന്റെ ഭാഗമായി വായന മാറേണ്ടതുണ്ട്. ആ അർത്ഥത്തിൽ പുസ്തകങ്ങൾ, കവിതകൾ, കഥകളൊക്കെ വായിക്കാം. അതേസമയംതന്നെ ചില സന്ദർഭങ്ങളിൽ നമ്മുടെ കാലത്തോടുള്ള നമ്മുടെ അഭിമുഖീകരണത്തിന്റെ ഭാഗമായി ചില കൃതികൾക്ക് മുൻഗണന നൽകേണ്ടിവരും. ഇപ്പോൾ ഏറ്റവും മുൻഗണന നൽകേണ്ട മലയാളത്തിലെ കൃതികളിൽപ്പെട്ടതാണ് കുമാരനാശാന്റെ രചനകൾ എന്നാണ് ഞാൻ വിചാരിക്കുന്നത്. കാരണം, ഇന്ന് ഇന്ത്യ നേരിടുന്ന ഏറ്റവും പ്രധാന പ്രശ്‌നം, ജാതിമേൽക്കോയ്മയാണ്. വളരെ കൃത്യമായും മിത്തോക്രസിയും കോർപ്പറോക്രസിയും ചേർന്ന ഒരു രാഷ്ട്ര വ്യവസ്ഥയാണ് ഇവിടെയുള്ളത്. മിത്ത് നേരത്തേയുണ്ട്. എന്നാൽ മിത്തുകൾ പടയോട്ടം നടത്തുന്ന ഒരു കാലമാണ് 2014നുശേഷമുള്ള ഇന്ത്യൻ ജീവിതം. നമുക്കറിയാം, ഭരണകൂടത്തിന്റെ തന്നെ നേതൃത്വത്തിൽ മിത്തുകൾ കൊമ്പുകുലുക്കി മതനിരപേക്ഷതയുടെ നെഞ്ചം തുളയ്ക്കുന്ന കാലത്താണ് നമ്മൾ ജീവിക്കുന്നത്. അതുകൊണ്ട്, ഇത് നേരത്തേ നാട്ടുകഥകളായി വന്ന മിത്തുകളൊന്നുമല്ല. നിരുപദ്രവങ്ങളായ പഴയ മിത്തുകളുമല്ല. ഇത് ഭരണകൂടതന്ത്രമാണ്. ശാസ്ത്രത്തിനും ശാസ്ത്രബോധത്തിനും പ്രബുദ്ധതയ്ക്കും പകരമായി വരുന്നത് പുരാണബോധമാണ്. അതുകൊണ്ട് മിത്തോക്രസി എന്ന സംഭവം 2014നുശേഷം കൂടുതൽ ഉയർന്നുവന്നിട്ടുണ്ട്. കോടതിവിധികളിൽപ്പോലും മിത്തോക്രസിയാണ് തെളിയുന്നത്. നമ്മുടെ നിയമവ്യവസ്ഥയിൽ, എന്തിന് ജഡ്ജിമാരുടെ അഭിപ്രായപ്രകടനങ്ങളിലും വിധിപ്രഖ്യാപനങ്ങളിലും പോലും നീതിബോധമല്ല, മറിച്ച് മിത്താണ് കടന്നുവരുന്നത്. മിത്തോക്രസിയുടെ വലിയൊരു പ്രശ്‌നം എന്താണെന്നുവെച്ചാൽ, അത് നമ്മുടെ വായനയെ വളരെ സങ്കുചിതമാക്കും എന്നതുകൂടിയാണ്.
വായന എന്നാൽ, നിരവധി വഴികളിലേക്ക് സഞ്ചരിക്കാൻ മാത്രം വിസ്തൃതമായ തുറന്നുവെച്ച വാതിലുകളുള്ള സ്ഥലമാണ്. ആ വാതിലുകളൊക്കെ അടയും. എന്നിട്ട് നമ്മൾ ഭരണകൂടം നിർദ്ദേശിക്കുന്ന ഏതെങ്കിലുമൊരു വ്യാഖ്യാനത്തിൽ സ്തംഭിച്ചുപോകും. കോർപ്പറേറ്റോക്രസി എന്നത് വളരെ കൃത്യമാണ്, അന്വേഷണമോ ആലോചനയോ വിമർശനമോ ഒന്നും അതിന്റെ അജണ്ടയിലില്ല. പകരം, അത് ഉത്പാദിപ്പിച്ചിരിക്കുന്ന പുതിയ കർതൃത്വമുണ്ട്. അതിനെ ജോസഫ് ക്രിസബോ എന്ന ആഫ്രിക്കൻ ചരിത്രകാരൻ ഹോമോ കൊക്കോളൻസ് എന്നാണ് വിളിക്കുന്നത്. എന്നു പറഞ്ഞാൽ എന്തും വെട്ടിവിഴുങ്ങും. ഒരു വിമർശനവുമില്ല, ഒരു അന്വേഷണവുമില്ല. അതായത്, ഏതെങ്കിലും അർത്ഥശൂന്യമായിട്ടുള്ള നാലഞ്ചുവരി, "ഹും...ക്രം...' എന്നുള്ള നാലഞ്ചുവരി രാവിലെയും ഉച്ചയ്ക്കും വൈകുന്നേരവും ഭക്ഷണത്തിനു മുമ്പും പിമ്പും പതിനായിരത്തൊന്നു തവണ ഉച്ചരിച്ചാൽ ഐശ്വര്യലബ്ധി താനേ വന്നുചേരും എന്നു കണ്ടാൽ അത് അതേപോലെ ചെയ്യാൻ ശ്രമിക്കുന്ന ഉള്ളുപൊത്തായ സമൂഹമുണ്ടാകും. ടി.എസ്. ഏലിയറ്റ്, ഹോളോമാൻ എന്ന കവിതയിൽ പറയുന്നുണ്ട്, അകംപൊത്തായി ചണ്ടി കുത്തിനിറച്ച എന്ന്. നമ്മുടെ പശ്ചാത്തലത്തിൽ പറഞ്ഞാൽ, പുരാണബോധമൊക്കെ കുത്തിനിറച്ച കുറേ മനുഷ്യർ ഉത്പാദിപ്പിക്കപ്പെട്ടിട്ടുണ്ട്. അവർക്ക് ഒരു വിമർശനബോധവുമില്ല. അതേസമയം, അവർക്ക് ഒരു മതമുണ്ട്, ആനന്ദവാദമാണ്. ഹെഡണിസമാണ്. ആ ഹെഡണിസത്തിനു വേണ്ടി അവർ എന്തും ചെയ്യും. അതിന്റെ പശ്ചാത്തലത്തിൽ, ഈ കോർപ്പറേറ്റോക്രസിയാണ്.... കൃഷ്ണയ്യരുടെ വാക്കുകൾ ഞാൻ സാധാരണ പ്രയോഗിക്കാറുണ്ട്. കോർപ്പറേറ്റ് കാനിബോയ്‌സ്! അതാണ് വന്നുകൊണ്ടിരിക്കുന്നത്. അതും നമ്മുടെ സമൂഹത്തിൽ ഇപ്പോൾ സംഭവിച്ചുകൊണ്ടിരിക്കുകയാണ്.
ജാതിമേൽക്കോയ്മ, അതിന്റെ തന്നെ പ്രത്യയശാസ്ത്രം എന്ന നിലയ്ക്കാണ് മിത്തോക്രസി വരുന്നത്, അതുപോലെ കോർപ്പറേറ്റ്‌വത്കരണത്തിന്റെ ഭാഗമായിട്ടാണ് കോർപറേറ്റോക്രസി വരുന്നത്. ഇത് രണ്ടും ഉരുകിച്ചേർന്ന് ഒരു നവ ഫാഷിസമാവുകയാണ്.
പത്തനംതിട്ടയിലെ ഇലന്തൂരിൽ നരബലി നടന്നപ്പോൾ ഞാൻ പെട്ടെന്ന് മുമ്പ് വായിച്ച എൻ.വി. കൃഷ്ണവാരിയരുടെ കവിതയാണ് ഓർത്തത്. ഒരു പഴയ പാട്ട് എന്ന കവിത. അത് നരബലിയെക്കുറിച്ചാണ്. പക്ഷെ, ആ നരബലിക്കൊരു പ്രത്യേകതയുണ്ട്. ഒരു വംശത്തിന് വരൾച്ച പോലുള്ള പല ദുരിതങ്ങൾ വരികയാണ്. ആ ദുരിതത്തിന് എന്താണ് കാരണം എന്നാലോചിച്ച് ദേവീക്ഷേത്രത്തിൽ എത്തുമ്പോൾ അവിടെ കൂടിനിൽക്കുന്ന ആളുകൾക്കിടയിൽ നിന്ന് ഒരു പെൺകുട്ടി ഉറയുകയാണ്. പതിവനുസരിച്ച് ആ കുട്ടിയെ ബലിയായി കൊടുക്കണം. അത് അരചന്റെ മകളാണ്. പക്ഷെ, അവിടെ വിട്ടുവീഴ്ചയില്ല. ആ അരചന്റെ മകളെത്തന്നെ ബലി കൊടുക്കാൻ നേരത്ത് ആ കുട്ടിയെ പ്രണയിക്കുന്ന ഒരു യുവാവ് വന്നിട്ട് ആദ്യം അരചനെ ചവിട്ടിവീഴ്ത്തും, പിന്നെ ദേവീവിഗ്രഹവും ചവിട്ടിവീഴ്ത്തും. അതിൽ പറയുന്നുണ്ട്: "ഏഴുമലകളുടെ മുകളിലല്ലോ ഭദ്രകാളീദേവി കുടികൊള്ളുന്നു/ ഏഴുകാട്ടാനകൾ കാവൽ നിൽപ്പൂ....' എന്നൊക്കെ പറയുന്ന, എൻ.വി. എഴുതിയ കവിത. അങ്ങനെ പെട്ടെന്ന് എൻ.വി. കൃഷ്ണവാരിയരുടെ കവിതയിലേക്ക് വായന വരുന്നു. വായനയുടെ സ്വഭാവം നിർണയിക്കുന്നതിൽ നമ്മൾ ജീവിക്കുന്ന കാലത്തിൽ സംഭവിക്കുന്ന പലതരത്തിലുള്ള പ്രശ്‌നങ്ങൾ പരോക്ഷമായി പങ്കെടുക്കുന്നുണ്ട്.
ജാതിമേൽക്കോയ്മ, അതിന്റെ തന്നെ പ്രത്യയശാസ്ത്രം എന്ന നിലയ്ക്കാണ് മിത്തോക്രസി വരുന്നത്, അതുപോലെ കോർപ്പറേറ്റ്‌വത്കരണത്തിന്റെ ഭാഗമായിട്ടാണ് കോർപറേറ്റോക്രസി വരുന്നത്. ഇത് രണ്ടും ഉരുകിച്ചേർന്ന് ഒരു നവ ഫാഷിസമാവുകയാണ്. അപ്പോൾ ഈ കാലത്തെ ഏതു വായനയും, ഈ കാലത്തെ ഏത് എഴുത്തും, ഏത് വിഷയത്തെക്കുറിച്ചാണെങ്കിലും, ഏത് സന്ദർഭത്തിലാണെങ്കിലും ഈയൊരു ഭീകരാവസ്ഥയ്‌ക്കെതിരെയുള്ള പരോക്ഷ പ്രതികരണമെങ്കിലും ഉണ്ടാവണം. ആ അർത്ഥത്തിൽ നമ്മുടെ വായനയും എഴുത്തും ഇടപെടലുമൊക്കെ മാറേണ്ട ഒരു കാലത്ത് ഏറ്റവും പ്രസക്തമായൊരു കൃതിയാണ് കുമാരനാശാന്റെ ചണ്ഡാലഭിക്ഷുകി. അതുകൊണ്ട് അതിനെ ആസ്പദമാക്കി നാടകം ഉണ്ടാവണം, ചെറുകഥയുണ്ടാവണം, കവിതയുണ്ടാവണം. കവിതയുണ്ടായിട്ടുണ്ട്: നേരത്തെ സച്ചിദാനന്ദന്റെ "ബോധവതി' എന്ന കവിതയുണ്ടായിട്ടുണ്ട്. അത് ചണ്ഡാലഭിക്ഷുകിയുടെ ആധുനിക ആവിഷ്‌കാരമാണ്. അങ്ങനെ ഒരു കവിത പോരാ, ധാരാളം കവിതകളുണ്ടാവണം. ധാരാളം ചെറുകഥകളുമുണ്ടാവണം. നാടകവും സിനിമകളുമുണ്ടാവണം. അങ്ങനെ നമ്മുടെ വായന പെരുകിപ്പെരുകി വരണം.
നമ്മുടെ കാലത്തെ മനുഷ്യരുമായി സംഘർഷത്തിലേർപ്പെടുന്ന കവിതകൾ കുമാരനാശാന്റെ കവിതകളാണ്.
അതായത്, സമൂർത്തമായ ജീവിതപശ്ചാത്തലത്തോട് ഏറ്റുമുട്ടുന്ന തരത്തിലുള്ള വായനയാകണം. അതാണ് ഉത്പാദനപരമായ വായന. പക്ഷെ, മിക്കവാറും നമ്മുടെ കാലത്തെ വായന ഉപഭോഗ വായനയാണ്. ആ വായന സത്യത്തിൽ ഒരു ഇടപെടലും നടത്തുന്നില്ല. നമ്മളെപ്പോലും അത് ഉഴുതുമറിക്കുന്നില്ല. ഒരു കൃതിയാണെങ്കിൽ, ഒരു നാടകമാണെങ്കിൽ, നോവലാണെങ്കിൽ, അതങ്ങ് ഉൾക്കൊള്ളുകയാണ് നമ്മൾ ചെയ്യുന്നത്. അതിനുപകരം, ഭാഷയടക്കം, എഴുത്തുകാരന്റെ ഭാഷയും, പ്രഭാഷകന്റെ ഭാഷയും, എല്ലാ സംസാരഭാഷയും നിരന്തരം ചോദ്യംചെയ്യപ്പെട്ടുകൊണ്ടിരിക്കണം. ഇന്നലെ ഉച്ചരിച്ചു എന്നത് ഇന്ന് ഉച്ചരിക്കാനുള്ള ഉറപ്പല്ല. ഇന്നലെ, ഇന്നലത്തെ പശ്ചാത്തലത്തിൽ, അന്തരീക്ഷത്തിൽ ആ വാക്ക് നമ്മൾ ഉച്ചരിച്ചതാണ്. ഇന്ന് നമ്മുടെ ജീവിതം അതിനെ അതിവർത്തിച്ച് മുന്നേറിക്കഴിഞ്ഞു. അപ്പോൾ ആ വാക്ക് അപര്യാപ്തമാകാം. ആ വാക്ക് ഉപേക്ഷിക്കണം. ഇന്നലെ ആ വാക്ക് എത്രമാത്രം ആവേശത്തോടെ ഉൾക്കൊണ്ടുവോ, അതിനേക്കാൾ ആവേശത്തോടെ അതിനെ ഉപേക്ഷിക്കാൻ തയ്യാറാവണം. പക്ഷെ, പലരും അങ്ങനെ ഉപേക്ഷിക്കുന്നില്ല.
ഭാഷയെ നിരന്തരം ചോദ്യംചെയ്യണം, ഭാഷയെ ചോദ്യം ചെയ്യുമ്പോൾ അലങ്കാര കൽപനകളിൽ, മെറ്റഫറിൽ ഒക്കെ അഴിച്ചുപണി ആവശ്യമായി വരും. അങ്ങനെ ഭാഷയിലും നമ്മളിലും അഴിച്ചുപണിയുണ്ടാക്കുന്ന, അതുവഴി നമ്മുടെ കാലത്തെ അതിജീവിക്കുന്ന ഒരു വായനയാണ് ഉത്പാദനപരമായ വായന. അത് വിമർശനാത്മകമായ വായനയാണ്. അതേസമയം ഉപഭോഗവായന എന്നു നമ്മൾ പറയുന്നത്, വളരെ പരിമിതമായതാണ്. അവിടെയാണ് ആസ്വാദനം എന്ന വാക്ക് ഉണ്ടാവുന്നത്. സത്യത്തിൽ ആസ്വാദകർ, സഹൃദയർ എന്നൊക്കെയുള്ള വാക്കുകൾ വളരെ അപര്യാപ്തമാണ്. സഹൃദയം എന്നു പറയുന്നത് ഒരു ഫോട്ടോകോപ്പിയാണ്. എഴുതുന്ന സമയത്ത് ഒരാൾ ഏതൊക്കെത്തരത്തിലുള്ള മാനസികാവസ്ഥയിലൂടെ കടന്നുപോയോ, ആ മാനസികാവസ്ഥയ്ക്ക് സമാനമായ അവസ്ഥയിലൂടെ കടന്നുപോകുന്ന വായനക്കാരെയാണ് സഹൃദയർ എന്നു വിളിക്കുന്നത്. അത് സ്തംഭനമാണ് സത്യത്തിൽ. അതൊരു ഫോട്ടോക്കോപ്പിയാണ്. അതിനുപകരം ഉത്പാദനപരമായ വായന ആവശ്യപ്പെടുന്നത് എഴുത്തിനെത്തന്നെ പുതിയ രീതിയിൽ മാറ്റിയെഴുതുന്ന ഒന്നായിട്ട് വായന തീരുമ്പോഴാണ്. വളരെ മുമ്പ് മുണ്ടശ്ശേരി, വായനക്കാർ എഴുത്തുകാരാവട്ടെ എന്ന് പറഞ്ഞിരുന്നു. അപ്പോഴാണ് വിമർശനാത്മകമായ വായനയുണ്ടാവുക.
ഒരുദാഹരണം പറയാം, ചണ്ഡാലഭിക്ഷുകിയിൽ വളരെ ഹൃദ്യമായ പല പ്രയോഗങ്ങളുണ്ട്. പക്ഷെ, ചില പദങ്ങളെത്തുമ്പോൾ നമുക്ക് ഇന്നത്തെയൊരു ഭാവുകത്വവുമായി പൊരുത്തപ്പെടാത്ത അവസ്ഥ വരും. ഉദാഹരണമായി, "സ്‌നേഹംതാൻ ജീവിതം ശ്രീമൻ/ സ്‌നേഹവ്യാഹതിത മരണം/ സ്‌നേഹം നരകത്തിൻ നടുവിൽ/ സ്വർഗ്ഗഗേഹം പണിയും പടുത്വം.' ഈ നാലുവരിയിൽ അവസാനത്തെ പടുത്വം, എന്റെയൊരു സമകാലീനഭാവുകത്വവുമായി സംഘർഷത്തിലേർപ്പെടും. നമ്മുടെ കാലത്തെ മനുഷ്യരുമായി സംഘർഷത്തിലേർപ്പെടുന്ന കവിതകൾ കുമാരനാശാന്റെ കവിതകളാണ്. നമ്മുടെ കീഴ്‌മേൽ മറിഞ്ഞ കാലത്തിന്റെ കവിതകൾ തന്നെയാണ് ഇന്നും കുമാരനാശാന്റെ കവിത. പക്ഷെ, അവിടെ, സ്‌നേഹത്തെക്കുറിച്ച് പറയുമ്പോൾ, സ്‌നേഹവും സാമർത്ഥ്യവും പൊരുത്തപ്പെടില്ല. സമർപ്പണമാണ് സ്‌നേഹം. അല്ലെങ്കിൽ ആയിരിക്കണം സ്‌നേഹം. ഈ പടുത്വം എന്ന വാക്ക്, ‘സ്‌നേഹംതാൻ ജീവിതം ശ്രീമൻ...' അപ്പോൾ നമുക്ക് കോരിത്തരിപ്പുണ്ടാകും. ‘സ്‌നേഹവ്യാഹതി തന്നെ മരണം...' അപ്പോൾ വീണ്ടും ഒന്ന് ഊർജ്ജസ്വലമാകും. ‘സ്‌നേഹം നരകത്തിൻ നടുവിൽ സ്വർഗ്ഗഗേഹം പണിയും...' അപ്പോഴേക്കും നമ്മൾ പുളകം കൊണ്ടുകഴിഞ്ഞു. പിന്നെയാ പടുത്വം വേണ്ട. അത് സാമർത്ഥ്യമാണ്. പടുത്വം എന്നു പറഞ്ഞാൽ, ഇന്നത്തെ പശ്ചാത്തലത്തിൽ, ആർക്കാണോ ചൂഷണം പ്രകടമല്ലാത്തവിധം മറച്ചുവെച്ച് ജീവിതത്തിൽ പ്രയോഗിച്ച് വിജയിക്കാൻ കഴിയുക, അവരാണ് പൊതുവിൽ സമർത്ഥരായി തീരുന്നത്. അല്ലാത്തവരെ നമ്മൾ പാവം എന്നാണ് പറയുക. അതായത്, ചൂഷണത്തെ സ്വാംശീകരിച്ച്, മറ്റുള്ളവരെ കബളിപ്പിക്കുന്ന തരത്തിൽ പ്രയോഗിക്കുന്നതിൽ പരാജയപ്പെടുന്ന ആളാണ് പാവം. ജയിക്കുന്ന ആളാണ് സമർത്ഥൻ. അതുകൊണ്ട് സമർത്ഥൻ എന്ന പദത്തിന് നല്ല ധ്വനികളുണ്ടെങ്കിൽ പോലും കഴിയുന്നത്ര, സ്‌നേഹത്തെക്കുറിച്ച് പറയുന്ന പശ്ചാത്തലത്തിൽ പ്രവർത്തിക്കാൻ പറ്റില്ല. ഇതുതന്നെയാണ് സാമ്രാജ്യം എന്നുള്ള വാക്കും.
സമാനമായ കാര്യങ്ങൾ പരപ്‌സപരം പങ്കുവയ്ക്കുമ്പോൾ രൂപപ്പെടുന്ന കൂട്ടായ്മയുടെ പേരാണ് പൊതു. അപ്പോൾ, ‘പൊതു’ എന്നത് പ്രയോഗമാണ്. സമാനത്തിൽ പ്രയോഗമില്ല. അത് അവസ്ഥ മാത്രമാണ്. സമാനം എന്ന അവസ്ഥയെ വ്യക്തികൾ തങ്ങളുടെ ഇടപെടലിലൂടെ പൊതുവാക്കി തീർക്കണം.
സാമ്രാജ്യം എന്ന വാക്കിന് പല പോസിറ്റീവ് അർത്ഥങ്ങളും ഉണ്ടാകാം, ഉണ്ടാക്കാം. ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ രാജ്യസ്‌നേഹം എന്ന കവിതയിൽ, അവസാനം പറയുന്നുണ്ട്: എനിക്ക് രാജ്യസ്‌നേഹമല്ല, സ്‌നേഹമുള്ള ഒരു രാജ്യത്തെയാണ്, ജീവൻ അസ്തമിക്കാത്ത ഒരു സാമ്രാജ്യം. ജീവൻ അസ്തമിക്കാത്ത സാമ്രാജ്യം എന്നു പറയുമ്പോൾ, നമ്മൾ ഇന്ന് ജീവിക്കുന്ന കാലത്ത്, നേരത്തേ പറഞ്ഞ കോർപ്പറേറ്റോക്രസി സാമ്രാജ്യം സാമ്രാജ്യത്വം എന്നൊക്കെയുള്ള വാക്ക് രാഷ്ട്രീയമായി നമ്മളിലുണ്ടാക്കുന്ന ഒരു സംഭവവും, അതിനെ അതിവർത്തിക്കാനാണ് കവിത ഉദ്ദേശിക്കുന്നത്. അങ്ങനെ ഉദ്ദേശിക്കുന്ന കവിത, അതിന്റെ തന്നെ തരത്തിലുള്ള ആവർത്തനമാകുമ്പോൾ വായനയിൽ, പ്രബുദ്ധവായനയിൽ, രാഷ്ട്രീയവായനയിൽ ഉണ്ടാവുന്നൊരു കല്ലുകടിയുണ്ട്. അതുകൊണ്ട് കവി ഈ വാക്ക് മാറ്റണമെന്നല്ല, വായനക്കാർ മനസ്സിലാക്കണം എന്നാണ്. അതിൽ കൽക്കണ്ടവും കാണും, കയ്പുനീരും കാണും, അത് പിന്നീട് പരാതിപ്പെട്ടിട്ട് കാര്യമില്ല. അത് കവിയുടെ പ്രശ്‌നമല്ല, ഏതെങ്കിലും വായനക്കാരുടെയും പ്രശ്‌നമല്ല. അത് ഈ കാലഘട്ടത്തിലെ വായനയുടെ പ്രശ്‌നമാണ്. ആ അർത്ഥത്തിൽ മാറുന്നൊരു വായന രൂപപ്പെടണം. ഞാൻ പറയാൻ ഉദ്ദേശിക്കുന്ന കാര്യം, മുമ്പ് വായിച്ച കൃതികൾ മുമ്പത്തെ കൃതികളാണ്. ഇന്ന് വായിക്കുന്ന കൃതികൾ ഇന്നത്തെ കൃതികളാണ്. ഞാനിപ്പോൾ ചണ്ഡാലഭിക്ഷുകിയാണ് വായിക്കുന്നതെന്ന് കേൾക്കുമ്പോൾ, "അയ്യയ്യേ, ഈ കക്ഷിക്ക് 1922ലെ ആ കൃതി വായിക്കണോ?' എന്ന് ചോദിക്കാം. 1922ലെ കൃതിയല്ലിത്, 2022ലെ കൃതിയായി അത് വളരുകയാണ്. എല്ലാ കൃതികൾക്കും അങ്ങനെ വളരാൻ പറ്റില്ല. അങ്ങനെ വളരണമെങ്കിൽ ആ വളർച്ചയെ സാധ്യമാക്കുന്ന ഒരു ഘടന, സ്‌ട്രെക്ചർ കൃതിയ്ക്കുണ്ടാവണം. കുമാരനാശാന്റെ കൃതിയ്ക്ക് അതുണ്ട്. അവിടെയാണ് പുതിയ വായനയുടെ പശ്ചാത്തലം.
പൊതുവായന, പ്രകൃതിവായന
ഞാൻ, വായനയുടെ ബലതന്ത്രങ്ങൾ എന്ന പേരിൽ മുമ്പൊരു പ്രബന്ധം എഴുതിയിട്ടുണ്ട്. അത് കോട്ടയം മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റിയിലെ ഡിഗ്രി വിദ്യാർത്ഥികളുടെ പാഠപുസ്തകത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അതിൽ, പറയാൻ ശ്രമിച്ച കാര്യം, പൊതുവിൽ വായനയെക്കുറിച്ച് നമ്മുടെ കാലത്ത് രൂപപ്പെട്ട ആശയങ്ങളെ സ്വാംശീകരിച്ച് സ്വന്തമായ രീതിയിൽ അവതരിപ്പിച്ചതിൽ പ്രകൃതി വായന എന്ന സംഭവത്തെക്കുറിച്ച് പറയുന്നുണ്ട്. നമുക്ക് വളരെ പരിചിതമായ വായനയാണ്, അക്ഷരവായന. ഇന്ന് വളരെ പരിചിതമാണ് ഡിജിറ്റൽ റീഡിംഗ് എന്നു പറയുന്ന ഇ-വായന. ആ വായനയും ഈ വായനയും ഇന്ന് നമുക്ക് വളരെ സുപരിചിതമാണ്. എന്നാൽ, ആ വായനയുടെയും ഈ വായനയുടെയും മറ്റെല്ലാ വ്യത്യസ്ത വായനകളുടെയും മൗലികമായ സ്രോതസ്സുകളിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് പ്രകൃതി വായന. പരിണാമത്തിന്റെ പ്രാഥമികഘട്ടത്തിലെ മനുഷ്യർ ഈ പ്രകൃതിയെ കണ്ടതും, പരിണാമത്തിന്റെ പിൽക്കാലഘട്ടത്തിലെ മനുഷ്യർ ഈ പ്രകൃതിയെ കണ്ടതും, ഇടപെട്ടതും. പരിണാമത്തിന്റെ ഏറെക്കുറെ ദൈർഘ്യമേറിയ കാലയളവിൽ വന്നുനിൽക്കുന്ന ആധുനിക മനുഷ്യർ പ്രകൃതിയെ കാണുന്നതും അതിലിടപെടുന്നതും, അതിന്റെ അനന്തരഫലങ്ങളും അത് അഭിമുഖീകരിക്കുന്നതും, അതിനെ അതിജീവിക്കാനുള്ള ആലോചനയിൽ ഏർപ്പെടുന്നതും ഉൾപ്പെടെയുള്ള കാര്യങ്ങൾ. സത്യത്തിൽ നമ്മൾ പ്രകൃതിയുടെ ഭാഗമാണെങ്കിൽ, അതുറപ്പാണ്, നമ്മുടെ വായനയുടെയും പ്രാഥമിക സ്രോതസ്സ് പ്രകൃതി തന്നെയായിരിക്കും. അപ്പോൾ പ്രകൃതിവായനയുടെ മൊട്ടിൽ നിന്നാണ് മറ്റുള്ള വായനകളൊക്കെ മുളച്ചുവന്നത്.
ഈ പ്രകൃതിവായനയുടെ ഏറ്റവും സജീവമായ സാന്നിധ്യമായി മാറുന്നത്, ഇടപെടുന്ന, പ്രതികരിക്കുന്ന, മനുഷ്യരുടെ കൂട്ടായ്മകളാണ്. ഞാനതിനെ പൊതുവായന എന്നാണ് വിളിക്കുന്നത്. അതായത്, സാമൂഹ്യജീവിതത്തിന്റെ പ്രാണനെന്നു പറയുന്നത്, പൊതുവായ പങ്കാളിത്തമാണ്. അംബേദ്കർ പറയുന്നുണ്ട്: സമാനം - Similar, പൊതു - Common. ഇതു തമ്മിലുള്ള വ്യത്യാസം, സമാന അവസ്ഥകളിലൂടെ കടന്നുപോകുന്നതുകൊണ്ടുമാത്രം വ്യക്തികൾ സമൂഹമായി മാറില്ല. മറിച്ച് അവർക്കത് പങ്കുവയ്ക്കാൻ പറ്റണം. സമാനമായ കാര്യങ്ങൾ പരപ്‌സപരം പങ്കുവയ്ക്കുമ്പോൾ രൂപപ്പെടുന്ന കൂട്ടായ്മയുടെ പേരാണ് പൊതു. അപ്പോൾ, ‘പൊതു’ എന്നത് പ്രയോഗമാണ്. സമാനത്തിൽ പ്രയോഗമില്ല. അത് അവസ്ഥ മാത്രമാണ്. സമാനം എന്ന അവസ്ഥയെ വ്യക്തികൾ തങ്ങളുടെ ഇടപെടലിലൂടെ പൊതുവാക്കി തീർക്കണം. അതായത് വിനിമയം നടക്കണം. അപ്പോൾ കമ്യൂണിക്കേഷൻ എന്നത് ഒരു പ്രവർത്തനമാണ്. ‘പൊതു’ എന്നതിൽ തന്നെ ഒരു വിനിമയവും ഉൾപ്പെടുന്നുണ്ട്. സത്യത്തിൽ വായന എന്നു പറഞ്ഞാൽ, അനന്തമായ വിനിമയപ്രക്രിയകൾക്കിടയിൽ, അത് പ്രകൃതിയുടെ നേതൃത്വത്തിൽ നടക്കുന്ന ധാരാളം വിനിമയമുണ്ട്, അതിൽ നമുക്ക് ധാരണപോലുമില്ല. പ്രകൃതിയിൽ മനുഷ്യൻ പരിണമിച്ച്, പ്രജ്ഞയുള്ളൊരു ജന്തുവായി തീരുമ്പോൾ മാത്രമാണ് പ്രകൃതിയെക്കുറിച്ച് അവർ ആലോചിക്കുന്നത്. പക്ഷെ, ജൈവലോകത്തിനുമുമ്പും പ്രകൃതിയുണ്ട്, പദാർത്ഥലോകമായി.
പദാർത്ഥലോകമായിരുന്ന പ്രകൃതിയെക്കുറിച്ച് ജൈവലോകമായിത്തീർന്ന പ്രകൃതിക്ക് പൂർണ്ണജ്ഞാനം അസാധ്യമായിരിക്കും. ജൈവപ്രകൃതിയാണ് പിന്നീട് പ്രജ്ഞാപ്രകൃതിയായും നൈതികപ്രകൃതിയായും, സൗന്ദര്യപ്രകൃതിയായും രൂപാന്തരം പ്രാപിക്കുന്നത്. പ്രകൃതിയാണ് ഒന്നാമത്തെ സ്രോതസ്സെങ്കിൽ രണ്ടാമത്തേത്, പൊതുവായ സാമൂഹ്യപ്രവർത്തനം, അധ്വാനപ്രവർത്തനം, ശാസ്ത്രപ്രവർത്തനം, കലാ പ്രവർത്തനം, നിരന്തരമായ ഇടപെടൽ, രാഷ്ട്രീയപ്രവർത്തനം, ഇതാണ് പൊതുവായന എന്നത്. ഞാൻ പ്രധാനമായും ഒരു സാംസ്‌കാരിക പ്രവർത്തകനെന്ന നിലയിൽ പൊതുവായനയുടെ ലോകത്ത് വ്യാപരിക്കുന്ന ഒരാളാണ്. സാംസ്‌കാരിക പ്രവർത്തനം നടത്തുന്ന, പൊതുപ്രവർത്തനം നടത്തുന്ന എല്ലാവരും അറിഞ്ഞോ അറിയാതെയോ ഒരു പൊതുവായനയുടെ ഭാഗത്താണ്. അതെങ്ങനെയാണെന്ന് പറഞ്ഞാൽ, ഏതൊരു സ്ഥലത്ത് നടക്കുന്ന സംഭാഷണത്തെയും ഒരു ടെക്സ്റ്റായി നാം പരിഗണിക്കണം. അതിൽ നിന്ന് നമുക്ക് നമ്മുടെ സാമൂഹ്യാവസ്ഥയെക്കുറിച്ചുള്ള ചിത്രം കിട്ടും.
ഈയടുത്തകാലത്ത് എനിക്ക് ഒരു ഫാദർ കത്തയച്ചു. കാർഡായതുകൊണ്ട് അതിൽ സ്വകാര്യതയില്ലതാനും. അദ്ദേഹം പറഞ്ഞു, ഞാൻ എഴുതിയ ‘സീത ജയ്ശ്രീറാം വിളിച്ചിട്ടില്ല' എന്ന പുസ്തകം അദ്ദേഹം വായിച്ചു. അതിൽ പങ്കുവയ്ക്കുന്ന ഫാസിസ്റ്റ് വിരുദ്ധത വളരെ പ്രസക്തമാണ്.
കേരളത്തിൽ നവോത്ഥാന സമരങ്ങളുടെ ഭാഗമായി വനിതാ മതിൽ പ്രക്ഷോഭം നടക്കുന്ന സമയത്ത് രണ്ട് സുഹൃത്തുക്കൾ തമ്മിൽ നടന്ന സംഭാഷണം അവരുടെയൊരു സുഹൃത്ത് ഈയടുത്ത് പങ്കുവെച്ചു. അതൊരു ടെക്സ്റ്റാണ്: രണ്ട് ഉറച്ച ഇടതുപക്ഷക്കാരായ സുഹൃത്തുക്കളിൽ ഒരാൾ മറ്റേയാളോട് ചോദിച്ചു: ഈ മതിലിൽ നിന്റെ ഭാര്യ പങ്കെടുക്കുമോ? എന്ന്. അപ്പോൾ അയാൾ പറഞ്ഞു: അവളൊരു അധ്യാപികയാണ്. പങ്കെടുക്കാനുള്ള എല്ലാ സാധ്യതയുമുണ്ട്. സമരം വളരെ ശരിയായൊരു കാര്യമാണ്. പിന്നെ മാത്രമല്ല, ഞങ്ങളതിനെക്കുറിച്ച് സംസാരിക്കുകയും ചെയ്യാറുണ്ട്, പങ്കെടുക്കാൻ സാധ്യതയുണ്ട് എന്ന്.
മറ്റേയാളോട് തിരിച്ച് ചോദിച്ചു: നിന്റെ ഭാര്യ പങ്കെടുക്കുമോയെന്ന്.
"പിന്നെ, പങ്കെടുക്കാതെ, ഓളെ തീറ്റിപ്പോറ്റുന്നത് ഞാനാ. പിന്നെ പങ്കെടുക്കുതാരിക്കോ?' എന്ന് അയാൾ മറുപടി പറഞ്ഞു. രണ്ടുപേരും ഈ വനിതാ മതിൽ എന്ന പ്രക്ഷോഭം വിജയിപ്പിക്കുന്നതിൽ തൽപരരാണ്. രണ്ടുപേരും ജനാധിപത്യവാദികളാണ്. രണ്ടാമത്തെയാൾ, ഓളെ തീറ്റിപ്പോറ്റുന്നത് ഞാനാണ്, അതുകൊണ്ട് പങ്കെടുക്കും എന്നു പറയുന്നു. ആ പ്രയോഗം തന്നെ തെറ്റാണ്. എന്തെന്നാൽ, നാട്ടിലെ പുരുഷന്മാർക്കെല്ലാം തീറ്റ കൊടുക്കുന്നത് സ്ത്രീകളാണ് ഇന്നത്തെ പശ്ചാത്തലത്തിൽ. വിപ്ലവാനന്തര സോവിയറ്റ് ഭരണഘടനയിൽ സ്ത്രീകളുടെ സമർപ്പണത്തെ, അതിന്റെ മൂല്യം എടുത്തു പറയുന്നുണ്ട്. അത് അയാൾ മനസ്സിലാക്കിയിട്ടില്ല. രണ്ട്, നമ്മുടെ നാട്ടിൽ ഒരു ഫ്യൂഡൽ പ്രയോഗമാണ് കൂറ് എന്നൊക്കെ പറയുന്നത്. ചിലയാളുകൾ പറയുന്നത് കേൾക്കാറുണ്ട്, കുട്ടികളെന്തെങ്കിലും പറഞ്ഞാൽ കേട്ടില്ലെങ്കിൽ, ഇതിനേക്കാൾ നല്ലത് വാഴ വയ്ക്കുകയാണെന്ന്. കുട്ടികളെന്താ ഫലം തരേണ്ട വിളയാണോ! ചിലർ പറയും, ഇതിനേക്കാൾ നല്ലത് നായയ്ക്ക് ഭക്ഷണം കൊടുത്താൽ അത് വാലാട്ടുകയെങ്കിലും ചെയ്യും എന്ന്. മനുഷ്യനെന്താ വാലാട്ടാനുള്ളതാ?!
ഇവിടെ നവോത്ഥാനമൂല്യത്തിന് വിരുദ്ധമായിട്ടുള്ള സംഗതിയാണ് മേൽപറഞ്ഞ രണ്ടുപേരുടെ സംഭാഷണത്തിൽ ഒരാളുടേത്. ഇത് വലിയൊരു ടെക്സ്റ്റാണ്. ഇത്തരം സന്ദർഭങ്ങളുടെ വിശകലനങ്ങളെ ഒരുപക്ഷെ, ഒരു കഥ വായിച്ചാൽ കിട്ടില്ല. ഒരു കവിത വായിച്ചാൽ കിട്ടില്ല. മനുഷ്യർ പരസ്പരം പങ്കുവയ്ക്കുന്ന, ആശയങ്ങൾ, സംഭാഷണങ്ങൾ അതിനൊക്കെ വലിയ ചിന്തയുടെ, വിമർശനത്തിന്റെ ഒരു ലോകമുണ്ട്.
ഈയടുത്തകാലത്ത് എനിക്ക് ഒരു ഫാദർ കത്തയച്ചു. കാർഡായതുകൊണ്ട് അതിൽ സ്വകാര്യതയില്ലതാനും. അദ്ദേഹം പറഞ്ഞു, ഞാൻ എഴുതിയ ‘സീത ജയ്ശ്രീറാം വിളിച്ചിട്ടില്ല' എന്ന പുസ്തകം അദ്ദേഹം വായിച്ചു. അതിൽ പങ്കുവയ്ക്കുന്ന ഫാസിസ്റ്റ് വിരുദ്ധത വളരെ പ്രസക്തമാണ്. ഇന്നത്തെ ഇന്ത്യനവസ്ഥയിൽ ഫാഷിസത്തിന്റെ വളർച്ചയിൽ അദ്ദേഹവും ഭയപ്പെടുന്നു. അതൊരു ഫ്രെയിമാണ്. അതിന്റെ രണ്ടാമത്തെ ഭാഗം, എനിക്ക് ഏറ്റവും ഇഷ്ടം യേശുക്രിസ്തുവാണ്. ക്രിസ്തു കഴിഞ്ഞാൽ മഹാത്മാ ഗാന്ധിയാണ്. മഹാത്മാഗാന്ധി കഴിഞ്ഞാൽ ജയപ്രകാശ് നാരായണനാണ്. ജയപ്രകാശ് നാരായണന്റെ സെക്രട്ടറിയെ പരിചയപ്പെട്ടിട്ടുണ്ട്. അദ്ദേഹത്തിന്റെ വീട്ടിൽ പോയിട്ടുണ്ട്. ഇത് രണ്ടാമത്തെ ടെക്സ്റ്റാണ്. അതിൽ വലിയൊരു സത്യസന്ധതയുണ്ട്. തന്റെ വിശ്വാസം അദ്ദേഹം നിർഭയമായി പറയുന്നു. യേശുക്രിസ്തുവിനെ ലോകത്തിൽ വച്ച് ഏറ്റവും കൂടുതൽ സ്‌നേഹിക്കാൻ ഒരാൾക്ക് അവകാശമുണ്ട്. അത് പറയാൻ അവകാശമുണ്ട്. അതിനുവേണ്ടി പ്രചരണം നടത്താൻ ഒരാൾക്ക് അവകാശമുണ്ട്. ഇന്നത്തെ ഇന്ത്യൻ പശ്ചാത്തലത്തിൽ അതിൽ പ്രതിസന്ധി നേരിടുന്നുണ്ട്. അങ്ങനെ ഈ കത്തിന്റെ രണ്ടാമത്തെ ഭാഗം വലിയൊരു ആലോചനയുടെ ടെക്സ്റ്റാണ്. മൂന്നാമത് അതിൽ പറയുന്നത്, 'താങ്കളൊരു മാർക്‌സിസ്റ്റാണെന്ന് കരുതുന്നു. അങ്ങനെയാണെങ്കിൽ ചൈനയിൽ ചെറിയ പുരോഗതിയൊക്കെ ഉണ്ടായിട്ടുണ്ട്. പക്ഷെ, അവിടെ ജനങ്ങളൊക്കെ തടവിലല്ലേ? എന്ത് വല്ലാത്തൊരു അവസ്ഥയാണത്? എസ്.എഫ്.ഐക്കാർ ഈ കോളേജൊന്നും മര്യാദയ്ക്ക് നടത്താൻ സമ്മതിക്കുന്നില്ല. അതും ഇതുപോലെ ഫാസിസം തന്നെയല്ലേ?' തീർച്ചയായും, അത് വേറൊരു ടെക്സ്റ്റാണ്.
പ്രത്യേകിച്ചും, കണ്ണുരുട്ടുക, രണ്ട് ഉന്തും തള്ളും. അതെല്ലാം ഫാഷിസമാണ് എന്നൊക്കെയുള്ള, ഫാഷിസത്തെ ന്യൂനീകരിക്കുന്ന ഒരു പ്രവണത അതിലുണ്ട്. അതേസമയം വിമർശനാത്മകവുമാണ്. ആ ടെക്സ്റ്റിന്റെ ഒരറ്റത്താണ് ഹിറ്റ്‌ലർ- മുസോളിനി- സ്റ്റാലിൻ എന്നൊക്കെയുള്ള സംഭവം നിൽക്കുന്നത്. സ്റ്റാലിൻ കൊള്ളരുതായ്മകൾ ചെയ്തിട്ടുണ്ട്, വിമർശിക്കപ്പെടേണ്ടതാണ്. പക്ഷെ, ഹിറ്റ്‌ലർ- മുസോളിനി എന്നതിലേക്ക് സ്റ്റാലിനെ നിർത്തുമ്പോൾ സ്റ്റാലിൻവിമർശനം തന്നെ സത്യത്തിൽ ഇല്ലാതാവുകയാണ് ചെയ്യുന്നത്. വലിയൊരു മഞ്ഞുകട്ടയുടെ മുകൾപാളി മാത്രമാണ് ആ നാലുവരി. അതും വലിയൊരു ടെക്സ്റ്റാണ്.
ഞാൻ കല്യാണങ്ങൾക്ക് പോകാത്തതിന്റെ ഉത്തരവാദിത്തം നവോത്ഥാനമാണ് ഏറ്റെടുക്കേണ്ടത്. ശ്രീനാരായണഗുരു ഉൾപ്പെടെയുള്ള നവോത്ഥാന നായകരാണ് കുറ്റമേൽക്കേണ്ടത്. കാരണം, ധൂർത്ത് പാടില്ല, സ്ത്രീധനം പാടില്ല, ആഭരണം പാടില്ല, പൗരോഹിത്വം പാടില്ല, വി.ടി. ഭട്ടതിരിപ്പാടിന്റെ വാക്കുകൾ ആവർത്തിച്ചാൽ "ഇത്യാദി വഷളത്തരങ്ങളൊന്നും ആചരിക്കപ്പെട്ടതുമില്ല'.
പിന്നെ അതിൽ എഴുതിയിരിക്കുന്നതിൽ എന്നെ ഏറെ ആവേശം കൊള്ളിക്കുന്ന മറ്റൊരു കാര്യമുണ്ട്. അദ്ദേഹം പറഞ്ഞു, "ഞാനിപ്പോൾ ബോൺഹാഫറെക്കുറിച്ചും പാസ്റ്റർ നിമോളയെക്കുറിച്ചുമുള്ള ഒരു പുസ്തകത്തിന്റെ രചനയിലാണ്. ബോൺഹാഫർ കൊല്ലപ്പെട്ടു. പാസ്റ്റർ നിമോള കഷ്ടിച്ച് രക്ഷപ്പെട്ടു.' എനിക്ക് ഇതുവരെ അറിയാത്ത ഒരു കാര്യംകൂടി ആ കത്തിലുണ്ട്. അത് വ്യക്തമല്ല. പാസ്റ്റർ നിമോള രണ്ടുതവണ ഇന്ത്യയിൽ വന്നിട്ടുണ്ട് എന്നതാണത്. കോട്ടയത്തും വന്നിട്ടുണ്ട് എന്ന് അതിൽ എഴുതിയിട്ടുണ്ട്. ഇപ്പോൾ ആളുകളെല്ലാം ഫാഷിസ്റ്റ് വിരുദ്ധ പ്രചരണം നടത്തുമ്പോൾ പാസ്റ്റർ നിമോളയെക്കുറിച്ച് പറയുന്നുണ്ട്. സത്യത്തിൽ പാസ്റ്റർ നിമോള തുടക്കത്തിൽ ഹിറ്റ്‌ലറുടെ കാഴ്ചപ്പാടിനോട് പൊരുത്തപ്പെട്ട ആളായിരുന്നു. പിന്നീട് അതിനെതിരെ പ്രതികരിച്ച് പുറത്തുവന്നു. എന്നാൽ ഡയറ്റിക് ബോൺഹാഫർ അങ്ങനെയല്ല. അദ്ദേഹം തുടക്കംമുതൽക്കുതന്നെ ഹിറ്റ്‌ലർക്ക് എതിരായിരുന്നു. ഹിറ്റ്‌ലർ അല്ല ജീസസാണ്- അവിടെയാണ് ഏറ്റവും വലിയ തത്വം. തിയോളജി തന്നെ ഫാഷിസ്റ്റ് വിരുദ്ധരീതിയിലേക്ക് മാറ്റിയൊരാളാണ് ബോൺഹാഫർ. അദ്ദേഹം തൂക്കിലേറ്റപ്പെടുകയാണ്. അവരെക്കുറിച്ചൊക്കെയുള്ള പുസ്തകം, അത് കാലം ആവശ്യപ്പെടുന്നതാണ്. ഇത്തരത്തിൽ അദ്ദേഹം എനിക്കയച്ച, ഇരുപത് വരിയുള്ള ഒരു കാർഡ് വിനിമയം ചെയ്യുന്ന ആശയലോകം വിപുലമാണ്. അത് പല രീതിയിൽ വായിക്കാനും ചർച്ച ചെയ്യാനും പറ്റും. ഇങ്ങനെ ഒരുപാട് സംഭവങ്ങളുണ്ട് പറയാൻ.
ഒരു കാര്യംകൂടി പറയാം. ഈയിടെ, തേക്കടിയിൽ പു ക സ ക്യാമ്പിൽ പോയി. ഞങ്ങൾ ഒരു വാഹനത്തിലാണ് പോകുന്നത്. കൂട്ടത്തിൽ കെ.പി. മോഹനൻ മാഷുണ്ട്, കവി ഒ.പി. സുരേഷുണ്ട്. അവിടെ എത്താൻ നേരത്ത്, ഒരു ചെറിയ ചായക്കടയിൽ കയറി ചായ കുടിക്കുകയാണ്. അപ്പോൾ ചായക്കടക്കാരൻ എന്നെയിങ്ങനെ നോക്കി, ‘നല്ല കണ്ട് പരിചയമുണ്ടല്ലോ' എന്നു പറഞ്ഞു. അതിന്റെ രഹസ്യമിത്രയേയുള്ളൂ: ഈ ഊശാൻ താടിയും ഉണ്ടക്കണ്ണുമൊക്കെ കണ്ടാൽ പരിചിതമാണെന്ന് തോന്നും. ഒരു തവണയൊക്കെയേ ടി.വിയിൽ വന്നിട്ടുണ്ടാവൂ, എന്നാലും എപ്പോഴും ടി.വിയിലുണ്ടല്ലോ എന്ന് പറയാറുണ്ട്.
അയാൾ കുറേ ആലോചിച്ച ശേഷം, എന്നെ നോക്കി, ‘നിങ്ങൾ പക്ഷിനിരീക്ഷകനല്ലേ?' എന്ന് ചോദിച്ചു.
ഞാൻ പറഞ്ഞു: അതെ.
അതോടെ അയാൾക്ക് ഭയങ്കര സന്തോഷമായി. എനിക്ക് വേണമെങ്കിൽ അല്ല എന്നു പറയാം. അതോടുകൂടി അയാൾക്ക് വലിയ സങ്കടമാകും. ഇതിൽ വലിയ കാര്യമൊന്നുമില്ലല്ലോ. ഞാൻ പക്ഷി നിരീക്ഷകനല്ലെങ്കിലും ചിത്രശലഭങ്ങൾ മുതൽ, പക്ഷികൾ മുതൽ, മൃഗങ്ങൾ മുതൽ, വൃക്ഷങ്ങൾ മുതൽ, വള്ളികൾ മുതൽ, പുക്കൾ മുതൽ, ഓരോന്നും വേറിട്ട് കാണുന്നതിലുള്ള വിസ്മയമൊക്കെ അനുഭവിക്കുന്ന ആളായതുകൊണ്ട് വേറാരും അടയാളപ്പെടുത്തിയില്ലെങ്കിലും ഇയാളിത് കണ്ടുപിടിച്ചല്ലോ എന്നും തോന്നി എനിക്ക്, വായനയുടെ വേറൊരു മണ്ഡലത്തിൽ.
ഈയിടെ, തളിപ്പറമ്പിൽ ഒരു കല്യാണത്തിന് പോയി. സാധാരണ കല്യാണത്തിന് പോകുന്നയാളല്ല. ഞാൻ കല്യാണങ്ങൾക്ക് പോകാത്തതിന്റെ ഉത്തരവാദിത്തം നവോത്ഥാനമാണ് ഏറ്റെടുക്കേണ്ടത്. ശ്രീനാരായണഗുരു ഉൾപ്പെടെയുള്ള നവോത്ഥാന നായകരാണ് കുറ്റമേൽക്കേണ്ടത്. കാരണം, ധൂർത്ത് പാടില്ല, സ്ത്രീധനം പാടില്ല, ആഭരണം പാടില്ല, പൗരോഹിത്വം പാടില്ല, വി.ടി. ഭട്ടതിരിപ്പാടിന്റെ വാക്കുകൾ ആവർത്തിച്ചാൽ "ഇത്യാദി വഷളത്തരങ്ങളൊന്നും ആചരിക്കപ്പെട്ടതുമില്ല'. ഇത്യാദി വഷളത്തരങ്ങളെല്ലാം കല്യാണത്തിൽ ആചരിക്കപ്പെട്ടതുകൊണ്ട് എനിക്ക് കല്യാണത്തിന് പോകാൻ പറ്റാറില്ല, ഞാൻ പോകാറുമില്ല. പക്ഷെ, ഈ കല്യാണത്തിന്റെ പ്രത്യേകതയെന്താണെന്ന് പറഞ്ഞാൽ, ഭരണഘടനയുടെ ആമുഖം കൈമാറിയിട്ടാണ് അവർ വിവാഹിതരായത്. വളരെ അഭിമാനം. ആരാണ് ഇന്ത്യക്കാർ? എന്ന വരന്റെ കവിതാ പ്രകാശനവുമുണ്ട്.
തളിപ്പറമ്പിലെ കുറ്റിക്കോലിലെ ഒരു സഹോദര സ്ഥാപനത്തിൽ വച്ചാണ് ഈ സംഭവം. ജാതിമത പരിഗണന കൂടാതെ, രാഷ്ട്രീയ പരിഗണന കൂടാതെ എല്ലാവർക്കും ഒത്തുകൂടാനാവുന്ന ചെറുതെങ്കിലും വളരെ മനോഹരമായ ഹാളാണ്. ധൂർത്തും, ആഭരണവുമില്ല. അപ്പോൾ പങ്കെടുക്കേണ്ട കല്യാണമാണ്. അവിടെ ചെന്നപ്പോൾ പ്രതീക്ഷിക്കാത്ത ഒരു കാര്യം നടന്നു. മോതിരക്കൈമാറ്റവും മാല കൈമാറ്റവുമുണ്ട്, താലിയുമുണ്ട്. അവിടെ ആശംസാ പ്രസംഗത്തിൽ ഒരു മഹേശ്വരൻമാഷ്, വരന്റെ അധ്യാപകൻ കൂടിയാണ്, അദ്ദേഹം അത് എതിർത്തു. എന്റെ പ്രസംഗത്തിൽ ഞാൻ പറഞ്ഞു, ഭരണഘടനാ ആമുഖം കൈമാറ്റമൊക്കെ മാതൃകാപരമാണ്. ഇന്നത്തെ പശ്ചാത്തലത്തിൽ വിവാഹവേദിതന്നെ സമരവേദിയായി മാറുന്നതിന്റെ പശ്ചാത്തലം അതിലുണ്ട്. അതിൽ പങ്കെടുക്കാൻ കഴിഞ്ഞത് വളരെ അഭിമാനമാണ്. പക്ഷെ, പിന്നീടു നടന്ന ചടങ്ങുകൾ എന്നെ സംബന്ധിച്ച് അഭിമാനകരമല്ല എന്നൊക്കെയാണ് ഞാൻ പ്രസംഗിച്ചത്.
മഹേശ്വരൻ മാഷ്, അദ്ദേഹം സാമൂഹ്യ സാംസ്‌കാരികരംഗത്ത് ഇടപെട്ടുകൊണ്ടിരിക്കുന്ന പ്രതിഭയാണ്, പറഞ്ഞു: "ഇത് ഇവിടെ വേണ്ടില്ലായിരുന്നു. ഈ ഒത്തുചേരലിന്റെ പൊലിമ നഷ്ടപ്പെടുത്തിയെന്നാണ് എനിക്ക് തോന്നുന്നത്. ഞാനത് ഇവിടെവെച്ചുതന്നെ തുറന്നുപറയുകയാണ്.' അത് അവിടെയൊരു ചർച്ചയായി. അതുകഴിഞ്ഞ് വരൻ മറുപടി പറയുമ്പോൾ പറഞ്ഞു, മാഷ് പറഞ്ഞത് ശരിയാണ്. എനിക്കത് വേണമെന്നുണ്ടായിരുന്നില്ല. പക്ഷെ, ഭാര്യയുടെ പക്ഷത്തുനിന്ന് അത് വന്നു. പക്ഷെ, താലിയുടെ ലോക്കറ്റിൽ സ്വാതന്ത്ര്യം, സമത്വം സാഹോദര്യം എന്നാണ് എഴുതിയത്. മോതിരത്തിന്റെ മുകളിൽ "ലൗ' എന്നു മാത്രമേയുള്ളൂ.
നമ്മളെപ്പോലെത്തന്നെ വ്യത്യസ്ത കാഴ്ചപ്പാടുകൾ ഉൾക്കൊള്ളാനും പങ്കുവയ്ക്കാനുമുള്ള മറ്റുള്ളവരുടെ അവകാശംകൂടി ഉൾക്കൊണ്ട്, അതേസമയം ജനാധിപത്യ മതനിരപേക്ഷ മൂല്യങ്ങളെ മുന്നോട്ടു കൊണ്ടുപോകാൻ സാധിക്കുന്ന തരത്തിൽ ബഹുമാതൃകയുടെ ഒരു ഫ്രെയിമിൽ നമ്മൾ കാര്യങ്ങളെ കാണണം
ഇതൊക്കെ കഴിഞ്ഞപ്പോൾ ആ വിവാഹം തന്നെ വലിയൊരു ടെക്സ്റ്റായി മാറി. ചില സുഹൃത്തുക്കൾ എന്റെ കൈപിടിച്ച് പറഞ്ഞു: "കെ.ഇ.എൻ. താലിയെ വിമർശിച്ചു. പക്ഷെ, അത് വളരെ മൃദുലമായിട്ടാണ്. ഒന്ന് ചെപ്പക്കുറ്റിക്ക് കൊടുക്കുന്നപോലെ കൊടുക്കായിരുന്നു. പക്ഷെ, മാഷത് ചെയ്തു. കെ.ഇ.എന്നിൽ നിന്ന് അത് പ്രതീക്ഷിച്ചിരുന്നു.' ഞാൻ പറഞ്ഞു. അങ്ങനെ പ്രതീക്ഷിക്കുന്നതിൽ കാര്യമില്ല. എന്നെ സംബന്ധിച്ച് ഞാനുയർത്തുന്നൊരു വായന, മനസ്സിലാക്കലിന് വിരുദ്ധമാണ്. നമ്മളൊരു ബഹുമാതൃക കാണണം. അയാൾ സത്യസന്ധമായി പറഞ്ഞു, അയാൾക്കത് താൽപര്യമില്ല. വിവാഹം അയാളുടെ മാത്രം കാര്യമല്ല, അയാൾ വിവാഹം കഴിക്കുന്നവരുടെ കൂടെ കാര്യമുണ്ട്. അപ്പോൾ ഇതെങ്ങനെയാണ് പരിഹരിക്കുക? ഇത് പരിഹരിക്കാനുള്ള നല്ല രീതിയാണ് അയാൾ സ്വീകരിച്ചത്. അതു കേട്ടതോടെ അവർക്കും തൃപ്തിയായി.
അപ്പോൾ നമ്മൾ ബഹുമാതൃകകളുടെ അകത്തുനിന്നുവേണം എല്ലാ കാര്യങ്ങളെയും, ഈ ആധുനിക കാലത്ത്, പ്രത്യേകിച്ചും, ഒരു നവ ഫാഷിസ്റ്റ് കാലത്ത് നമ്മുടെ വായന, നമ്മുടെ ഏതെങ്കിലും ശരിതന്നെയായ കാഴ്ചപ്പാട്, ബലാൽക്കാരമായി മറ്റുള്ളവരുടെ മേൽ കെട്ടിവയ്ക്കാനുള്ളതാവരുത്. മറിച്ച് നമ്മളെപ്പോലെത്തന്നെ വ്യത്യസ്ത കാഴ്ചപ്പാടുകൾ ഉൾക്കൊള്ളാനും പങ്കുവയ്ക്കാനുമുള്ള മറ്റുള്ളവരുടെ അവകാശംകൂടി ഉൾക്കൊണ്ട്, അതേസമയം ജനാധിപത്യ മതനിരപേക്ഷ മൂല്യങ്ങളെ മുന്നോട്ടു കൊണ്ടുപോകാൻ സാധിക്കുന്ന തരത്തിൽ ബഹുമാതൃകയുടെ ഒരു ഫ്രെയിമിൽ നമ്മൾ കാര്യങ്ങളെ കാണണം എന്ന് ഞാൻ പറഞ്ഞു. എന്നിട്ട് ഒരു ഉദാഹരണംകൂടി പറഞ്ഞു. കോഴിക്കോട് സി.പി.എം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി കടപ്പുറത്ത് സാംസ്‌കാരിക സമ്മേളനം നടക്കുകയാണ്. നമ്മൾ പ്രിയപ്പെട്ട, ബഹുമാനപ്പെട്ട എന്നു മാത്രം പറഞ്ഞാൽ പോര. ബഹുമാതൃകരേ, എന്ന സംബോധനകൂടി അനിവാര്യമായും ഇനി എല്ലാ പ്രസംഗത്തിലും ചേർക്കണം എന്ന്, അത് 2014നുശേഷം ഇന്ത്യയിലെ രാഷ്ട്രവ്യവസ്ഥ മാറിക്കഴിഞ്ഞിരിക്കുന്നു. അത് ബഹുമാതൃകയെ കുഴിച്ചുമൂടുകയാണ്. ഈ കാലത്ത് നാം പ്രതീകമായിട്ടെങ്കിലും അതിനെ പ്രതിരോധിക്കാൻ വേണ്ടി ബഹുമാതൃകരേ, എന്ന് നമ്മുടെ സംബോധനകളിൽ പറയുന്നത് നന്നാവുമെന്ന് 2022ൽ എനിക്കൊരു തിരിച്ചറിവുണ്ടായി. ഞാനിപ്പോൾ അത് ചെയ്തുകൊണ്ടിരിക്കുകയാണ് എന്ന് പറഞ്ഞു.
തുടർന്ന് പ്രസംഗിച്ചത് പി.കെ. പാറക്കടവായിരുന്നു. അദ്ദേഹം പറഞ്ഞു, "കെ.ഇ.എൻ പറഞ്ഞത് വളരെ ശരിയാണ്. ബഹുമാതൃകരേ എന്ന് ഞാനും പ്രയോഗിക്കുന്നു.' പിന്നെ പ്രസംഗിച്ചത് ഡോ. ഖദീജാ മുംതാസായിരുന്നു. ടീച്ചർ പറഞ്ഞു: ‘ഞാൻ ഈ ബഹുമാതൃകരേ എന്ന് പറയുന്നില്ല.' തുടർന്ന് ടീച്ചർ പ്രസംഗിച്ചു.
ഇതുകഴിഞ്ഞ് ഒരാൾ വന്ന് എന്റെ കൈപിടിച്ച് ചോദിച്ചു: "അല്ല, ആ ഡോക്ടറെന്താ ചെയ്തത്? ബഹുമാതൃകരേ എന്ന് കെ.ഇ.എൻ. പറഞ്ഞത് അംഗീകരിച്ചില്ല.' ഞാൻ പറഞ്ഞു, അവരത് പറഞ്ഞതുകൊണ്ടാണ് ബഹുമാതൃകരേ പ്രസക്തമായത്. ഇല്ലെങ്കിൽ ഇത് ഏകമാതൃകയായിപ്പോകില്ലേ?
അതുകൊണ്ട് നമ്മൾ വിചാരിക്കുന്നത്, മറ്റുള്ളവരെല്ലാം പറയുകയും വിചാരിക്കുകയും ചെയ്യുക എന്നതല്ല, അവർ അവരുടേതായ ആലോചനാരീതികളിൽ കാര്യങ്ങൾ അവതരിപ്പിക്കുക. ടീച്ചർ അവതരിപ്പിച്ച ഉള്ളടക്കം നോക്കിയാൽ അത് ബഹുമാതൃകരേ എന്ന് അവരുടെ രീതിയിൽ ഐക്യപ്പെടുന്നതാണ്. അവർ ഈ പ്രയോഗം നടത്തുന്നില്ല. അതിന് അവർക്ക് സ്വാതന്ത്ര്യമുണ്ട്. നമ്മുടെ വായന, നമ്മുടെ ചരിത്രം, തത്വചിന്ത, നാനാതരത്തിലുള്ള പ്രത്യയശാസ്ത്രങ്ങൾ, നമ്മുടെ കാലം അഭിമുഖീകരിക്കുന്ന രാഷ്ട്രീയ പ്രതിസന്ധികൾ, ഇതിനോടെല്ലാം എതിരിട്ടുകൊണ്ട് നിർവ്വഹിക്കേണ്ട സൂക്ഷ്മമായ, വിമർശനാത്മകമായ രാഷ്ട്രീയ സാംസ്‌കാരിക സംയുക്ത പ്രവർത്തനം എന്ന രീതിയിൽ നമ്മുടെ വായനയെ നമുക്ക് തിരിച്ചറിയാൻ കഴിഞ്ഞാൽ അത് ഏതെങ്കിലും ഒരു പുസ്തകത്തിൽ അന്ത്യവിശ്രമം കൊള്ളുന്നു എന്ന് കരുതാനാവില്ല. അവിടെയാണ് നമ്മുടെ വിപുലമായിട്ടുള്ള, ഇടതടവില്ലാത്ത ഇടപെടലാണ് സൂക്ഷ്മാർത്ഥത്തിൽ വായന എന്നതിലേക്ക് നമ്മളെത്തും. അതാണ്, അതായിരിക്കണം വായനയുടെ ബലതന്ത്രം. ▮