പറിച്ചു പുതയ്ക്കുന്ന കവിത

എം.ആർ. രേണുകുമാറിന്റെ കവിതകളുടെ ആകെത്തുകയുടെ പരിച്ഛേദമായി കാണാവുന്ന ഒന്നാണ് പറിച്ചുപുത എന്ന സമാഹാരം. വേറിട്ട കാവ്യഭാഷ, കാവ്യലോകം, കാവ്യസംസ്​കാരം ഇതാണ് രേണുകുമാറിന്റെ രചനകളെ സവിശേഷമാക്കുന്നത്.

‘‘കവിത കൊണ്ട് ജീവിക്കാനാവില്ലെങ്കിലും കവിതയുള്ളിടത്തോളം കാലം ജീവിക്കാനാവുമെന്ന് തലച്ചോറിനുള്ളിൽ ഇടയ്ക്കിടെ മിന്നാമിനുങ്ങുകൾ മിന്നി’’.
പറിച്ചുപുത എന്ന കവിതയുടെ ആമുഖത്തിൽ ‘കവിതയും ഞാനും’ എന്ന ലഘു കുറിപ്പിൽ എം.ആർ. രേണുകുമാർ കവിതയെ കുറിച്ചുള്ള തന്റെ മാനിഫെസ്റ്റോ ഇങ്ങനെ വ്യക്തമാക്കുന്നു. അതിനു മുന്നോടിയായി ഇംഗ്ലീഷിൽ കൊടുത്തിട്ടുള്ള നാലു വരികളെ ഇപ്രകാരം ഭാഷാന്തരീകരിക്കാം:

‘ലോകം അവസാനിച്ചേക്കാം
എന്നാലും വേദനകൾ അവസാനിക്കില്ല
വാക്ക് അവസാനിച്ചേക്കാം
എന്നാലും കവിത അവസാനിക്കില്ല’.

എം.ആർ. രേണുകുമാർ

ലോകാതീതമായ വേദനയെയും ഭാഷാതീതമായ കവിതയെയും ആവിഷ്കരിക്കാനുള്ള അടങ്ങാത്ത ത്വരയാണ് രേണുകുമാറിന്റെ കവിതകൾ. ഈ കവിതയെയാണ് അതിജീവനത്തിന്റെ മിന്നായമായി കവി തിരിച്ചറിയുന്നത്.

വേറിട്ട കാവ്യഭാഷ, കാവ്യലോകം, കാവ്യസംസ്​കാരം ഇതാണ് രേണുകുമാറിന്റെ രചനകളെ സവിശേഷമാക്കുന്നത്. എന്നാൽ ഇതിനെ വായനക്കാരും നിരൂപകരും എത്രത്തോളം തിരിച്ചറിയുന്നു എന്നത് വലിയ ചോദ്യമാണ്. ഗ്രാമ്യപദങ്ങളും ദലിത് പദങ്ങളും ഉൾച്ചേർന്ന ഭാഷയാണ് രേണുകുമാറിന്റേത് എന്ന് പലരും ചൂണ്ടിക്കാണിക്കാറുണ്ട്. എന്നാൽ അത്രയുംകൊണ്ട് അവസാനിപ്പിക്കാവുന്നതാണോ രേണുകുമാർ കവിതകളെക്കുറിച്ചുള്ള ആലോചന. അല്ല എന്നായിരിക്കും ഉത്തരം.

ഇത് എന്തുകൊണ്ടാണ്?
രേണുകുമാർ കവിതകളെ അത്രത്തോളം മനസ്സിലാക്കാൻ കഴിയാത്തതുകൊണ്ടാണോ അതല്ല മനസ്സിലാക്കിയിട്ടും മനസ്സിലായിട്ടില്ലെന്ന് നടിക്കുന്നതുകൊണ്ടാണോ? രണ്ടാമത് പറഞ്ഞതാകാനാണ് സാധ്യത. എന്തുകൊണ്ട്?
മറ്റു പല സാംസ്​കാരിക മൂലധനവും പോലെ കവിതയും ഒരു സാംസ്​കാരിക മൂലധനമാണ്. സവർണാഭിരുചികൾക്കും സവർണ ഭാഷക്കും സൗന്ദര്യസങ്കല്പങ്ങൾക്കും മുൻതൂക്കമുള്ളതാണ് ഇപ്പോഴും മലയാളിയുടെ കാവ്യസംസ്​കാരം. ഇത് ഇതേപടി തുടരണം എന്നാണ് വലിയ വിഭാഗം നിരൂപകർ ഉൾപ്പെടെ പലരും ധരിച്ചു വെച്ചിരിക്കുന്നത്. അതുകൊണ്ട് അവർ രേണുകുമാറിന്റെ കവിതയെ ഇന്നുവരെയുള്ള മലയാളകാവ്യ ഭാഷയിലെ ഗ്രാമ്യ– പ്രാദേശിക ഭാഷാ ധാരയോട് ചേർത്തുവയ്ക്കാനാണ് ശ്രമിക്കുക. അങ്ങനെ അടയാളപ്പെടുത്തുന്നതിലൂടെ ആ കവിത വാസ്​തവത്തിൽ സംവഹിക്കുന്ന പ്രതിസംസ്​കാരങ്ങളെ മുഴുവൻ റദ്ദു ചെയ്യാൻ സാധിക്കും.

പൊയ്കയിൽ അപ്പച്ചന്റെ പാട്ടുകളിൽ പറയുന്നതുപോലെ കൃഷിപ്പാടത്തിന്റെ കരയിൽ, വെയിൽചൂടിൽ കരിവാളിച്ച്, ഉറുമ്പരിച്ചു മരിച്ചുപോയ കുഞ്ഞുങ്ങളെ തൊട്ട് ആർക്കു പറയാനാകും, മഞ്ജരിയുടെ താരാട്ടീണം കേരളത്തിന്റെ പൊതുകാവ്യപാരമ്പര്യമാണെന്ന്?

മഞ്ജരിയുടെ താരാട്ടീണത്തിൽ വടക്കേ മലബാറിന്റെ പ്രാദേശികവും ഗ്രാമ്യവുമായ പദാവലികളിൽ രചിക്കപ്പെട്ടതാണ് ചെറുശ്ശേരിയുടെ കൃഷ്ണഗാഥ. അന്നുമുതൽ ഇന്നോളമുള്ള വരേണ്യ– സംസ്​കൃത കാവ്യഭാഷയോട് വിയോജിച്ചു നിൽക്കുന്ന കാവ്യഭാഷാ പാരമ്പര്യത്തോടാണ് പലരും രേണു കുമാറിന്റെ കവിതകളെ ചേർത്തുവയ്ക്കുന്നത്. സംസ്​കൃത/ വരേണ്യോന്മുഖമായ കാവ്യഭാഷയോടും സംസ്​കാരത്തോടും ചെറുശ്ശേരിയും എഴുത്തച്ഛനും ഉൾപ്പെടെയുള്ളവർ നടത്തിയ കലഹങ്ങളെ ചെറുതായി കാണുന്നില്ല. എങ്കിലും അവരുടെയൊന്നും കാവ്യഭാഷയിൽ ഇടം പിടിക്കാത്ത കുറെ മനുഷ്യരും അവരുടെ ജീവിതലോകവും കാവ്യസംസ്​കാരവും ഇവിടെ ഉണ്ടായിരുന്നു. മഞ്ജരിയുടെ ഈണത്തിൽ താരാട്ട് കേട്ടുറങ്ങാൻ അവസരമുണ്ടായിട്ടുള്ള എത്ര ആളുകൾ കേരളത്തിലുണ്ടായിരുന്നു? പൊയ്കയിൽ അപ്പച്ചന്റെ പാട്ടുകളിൽ പറയുന്നതുപോലെ കൃഷിപ്പാടത്തിന്റെ കരയിൽ, വെയിൽചൂടിൽ കരിവാളിച്ച്, ഉറുമ്പരിച്ചു മരിച്ചുപോയ കുഞ്ഞുങ്ങളെ തൊട്ട് ആർക്കു പറയാനാകും, മഞ്ജരിയുടെ താരാട്ടീണം കേരളത്തിന്റെ പൊതുകാവ്യപാരമ്പര്യമാണെന്ന്? അതിനപ്പുറത്തേക്കുള്ള ജീവിതത്തെയും കാവ്യവഴികളെയും മലയാള കവിതയിലേക്ക് ആനയിക്കാൻ ഇപ്പോഴും നമ്മുടെ കാവ്യഭാഷ സജ്ജമായിട്ടില്ല. അതിനെ അത്തരത്തിൽ സജ്ജമാക്കി എടുക്കുന്ന കാവ്യപ്രക്രിയയാണ് രേണുകുമാറിനെ പോലുള്ള കവികളുടെ രചനകളെ വ്യത്യസ്​തമാക്കുന്നത്. അതറിയണമെങ്കിൽ അവരുടെ കവിതാലോകങ്ങളിലേക്കും ഭാഷയിലേക്കും അവ തമ്മിൽ ചേരുമ്പോൾ ഉണ്ടാകുന്ന രാസമാറ്റങ്ങളിലേക്കും ഭാവുകത്വ പരിണാമങ്ങളിലേക്കും സൂക്ഷ്മതയോടെ പ്രവേശിക്കാൻ സാധിക്കണം. ആ സൂക്ഷ്മതയെ കണ്ടിട്ടും കണ്ടില്ലെന്നു നടിക്കുകയും അതു മറ്റൊന്നാണെന്ന് സ്​ഥാപിക്കാൻ ശ്രമിക്കുകയും ചെയ്യുന്ന വാമൊഴി വയറ്റുപോക്കുകളെ (വെർബൽ ഡയറിയ) കവച്ചുവെക്കുമ്പോഴേ ഇത്തരം കവികളെയും അവരുടെ രചനകളെയും ചരിത്രപരമായി അടയാളപ്പെടുത്താൻ സാധിക്കുകയുള്ളൂ.

വേറിട്ടൊരു അനുഭവലോകത്തെ ആവിഷ്കരിക്കുന്ന കവിതകളാണ് രേണുകുമാറിന്റെ എല്ലാ സമാഹാരങ്ങളിലുമുള്ളത്.

‘‘പരപരാ വെളുക്കുമ്പം
എണീറ്റ് ചൂണ്ടയിടാൻ പോകും.

കാരി കൂരി കല്ലട
ചില്ലാൻ പള്ളത്തി പരൽ
പൂളാൻ മനഞ്ഞിൽ
അറിഞ്ഞിൽ ആരകനങ്ങനെ
മീനുകൾ പുകുപുകാന്ന്
തോട്ടീന്ന് വലിച്ചുകേറ്റും.

ഇരട്ടയീർക്കിലിൻ
കോർമ്പലിൽ കോർത്തു മീനും ചൂണ്ടയുമായയാൾ
തോട്ടിറമ്പിലൂടെ വീട്ടിലേക്ക്
പോണപോക്കുകണ്ടാൽ
ആരും പറയുകേല
അയാൾക്ക് ബാങ്കിലാണ് പണിയെന്ന്’’.

തോടിൻ്റെയും മീനുകളുടെയും ലോകത്തെ സ്വാഭാവികവും അനായാസകരവും ആയി കവിതയിലേക്ക് ആനയിക്കുന്നത് ഈ സവിശേഷമായ ഭാഷകൊണ്ടു കൂടിയാണ്.

‘‘സ്വർണ്ണ ഫ്രെയിമുള്ള
കണ്ണടയൊക്കെ വെച്ച്
മുന്തിയ ഇനം സുഗന്ധവും പൂശി
കറങ്ങുന്ന കസേരയിൽ
മോണിറ്ററിൽ നോക്കി
കീബോർഡിൽ
തട്ടിയും മുട്ടിയുമിരിക്കുന്ന
അയാളെ കണ്ടാൽ
ആരും പറയുകേല
ഒരു മീൻ കൊതിയനാണെന്ന്’’.
അയാളുടെ തൊഴിലിടത്തിലും ഇടവേളയിലും വിനോദത്തിലും മയക്കത്തിലും ഉണർവിലും പ്രണയത്തിലും കാമത്തിലും എല്ലാം മീനുകൾ എത്ര പ്രധാനമാണെന്ന് ഈ കവിത പറയുന്നു. മീനിനോടുള്ള കൊതി കേവലം ഭക്ഷണവസ്​തുവോടുള്ള കൊതി മാത്രമല്ല, ജൈവ പരിസരത്തോടും അതുണ്ടാക്കിയ ജൈവസംസ്​കൃതിയോടുമുള്ള കൊതി കൂടിയാണ്. ചരിത്രത്തിലോളം നീണ്ടുകിടക്കുന്ന സംസ്​കൃതിയോടുള്ള കൊതിയാണത്.

ഓരോ മനുഷ്യനും അനുഭവങ്ങളുടെ വൻകരയാണെന്നും പുഴകളെ ഗർഭത്തിൽ സംവഹിക്കുന്ന ഭൂമിയെപ്പോലെ അനുഭവങ്ങളെ ഉൾവഹിക്കുന്നവരാണ് മനുഷ്യരെന്നും ഈ കവിത അടയാളപ്പെടുത്തുന്നു. അതോടൊപ്പം ചിലരുടെ അനുഭവങ്ങളെ അടയാളപ്പെടുത്താൻ നിലനിൽക്കുന്ന കാവ്യവ്യവസ്​ഥയും അതിന്റെ ഭാഷയും വ്യവഹാരവും മതിയാവുകയില്ലെന്നും കവിതയിൽ ഒരു പ്രതിവ്യവഹാരമുണ്ടാകുമ്പോഴേ അത്തരം അനുഭവങ്ങൾ ആവിഷ്കരിക്കാനാവുകയുള്ളൂ എന്നും കൂടി ഈ കവിത ഓർമ്മിപ്പിക്കുന്നു.

വിഭവഭൂപടം എന്ന കവിത നോക്കുക:

‘‘ചിരട്ടക്കരിയുടെ
കറുപ്പ് ചേർത്ത്
മെഴുകിയ നിലത്ത്
പഴമണത്താൽ പൊതിഞ്ഞ്
പുസ്​തകം നുരയ്ക്കുന്ന തഴപ്പായ,
എണ്ണ പുരട്ടിയ
വാഴപ്പോളയുടെ
അകമിനുപ്പിൽ
ഓട്ടവിളക്കിൻ
നാളത്താലെഴുതി കറുപ്പിച്ച്
പടച്ച കരിമഷി’’

അവനിരിക്കാൻ കുതിർന്ന തിട്ടകളും നടക്കാൻ വഴുകുന്ന വരമ്പുകളും ചാടുവാൻ പുതയുന്ന മടകളും ആടുവാൻ ഞരമ്പുകളെഴുന്ന കൈയൂഞ്ഞാലും കേൾക്കുവാൻ കടപുഴകുന്ന മരങ്ങളുടെ കരച്ചിലും കണ്ണു തകർന്ന പക്ഷിയുടെ ചിറകടിയും തോടു മുറിച്ചു നീന്തുന്ന മാടന്റെ കിതപ്പും വന്നുപോകുന്ന ചാവിന്റെ കാല്പെരുമാറ്റവും ആണ് ഉള്ളത്.

‘‘ഉടുതുണി
ഉണങ്ങുവാനിട്ട്
കൈതകളുടെ
പച്ചയുടുത്തിരിക്കെ
നീലപൊന്മാനും
നീർക്കോലിയും
ഉപ്പനും കൂട്ട്.
പൂമണവും തഴമുള്ളും
ആഭരണങ്ങൾ’’.

ദലിതരുടെയും ബഹുജനങ്ങളുടെയും വിഭവഭൂപടത്തെയാണ് ഈ കവിത ആവിഷ്കരിക്കുന്നത്. അപ്പോഴും കൈതകളുടെ പച്ചയും നീലപൊന്മാനും നീർക്കോലിയും ഉപ്പനും ഒക്കെ ചേർന്ന ഒരു ജൈവസംസ്​കൃതി കവിതയിൽ മിടിക്കുന്നുണ്ട്. അതുകൂടിച്ചേർന്നതാണ് അവരുടെ വിഭവഭൂപടം.

ദലിത് –ബഹുജന ലോകങ്ങളുടെ അനുഭവങ്ങളിലെ ഈ ഇരുട്ടാണ് രേണുകുമാറിന്റെ കവിതയെ സവിശേഷമാക്കുന്നത്.

വർഷങ്ങൾക്കു മുമ്പ് തങ്ങളുടെ ഭൂമി വിലയ്ക്കു വാങ്ങാൻ വന്ന അമേരിക്കൻ പ്രസിഡന്റിന്റെ ദൂതനോട് സിയാറ്റിൽ എന്ന ഗോത്രമൂപ്പൻ പറഞ്ഞ വാക്കുകൾ ചരിത്രത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. നിങ്ങൾ ഈ ഭൂമിയിലൂടെ നടക്കുമ്പോൾ ചെരുപ്പിനടിയിൽ കിരുകിരുപ്പിന്റെ ശബ്ദം കേൾക്കുന്നത് മണലുകൾ ഞെരിഞ്ഞമരുന്നതിന്റേതല്ല, അതിനടിയിൽ എന്നേക്കുമായി ഉറങ്ങിക്കിടക്കുന്ന ഞങ്ങളുടെ പിതാമഹരുടെ അസ്​ഥികൾ ഞെരിയുന്നതിന്റെ ഒച്ചയാണത്. അവരുടെ ഉറക്കത്തിന് ഭംഗമുണ്ടാകാതെ നിങ്ങൾക്ക് ഈ ഭൂമി സംരക്ഷിക്കാനാകുമോ?
നിങ്ങൾ ആ പുഴയിലെ വെള്ളം കാണുന്നില്ലേ? അത് ഞങ്ങളുടെ പിതാമഹരുടെ കണ്ണീരും വിയർപ്പും കൂടി കലർന്നതാണ്. അതിന്റെ ഒഴുക്കിന് ഭംഗമുണ്ടാക്കാതെ നിങ്ങൾക്ക് പുഴയെ സംരക്ഷിക്കാനാകുമോ?
മരത്തിന്റെ ചെറിയ ചില്ലകളെ ഉലച്ച് കടന്നുപോകുന്ന ഇളം കാറ്റുണ്ടല്ലോ. ആ കാറ്റ് ഞങ്ങളുടെ പൂർവ്വപിതാമഹർ ഏറ്റവും ആദ്യം ഉള്ളിലേക്കാവാഹിച്ചതും ഏറ്റവും അവസാനം പുറത്തേക്കയച്ചതുമായ കാറ്റാണ്. ആ കാറ്റ് മലിനപ്പെടാതെ നിങ്ങൾക്ക് ഈ വായുവിനെ സംരക്ഷിക്കാനാകുമോ? - ഇതായിരുന്നു ആ ഗോത്രമൂപ്പന്റെ ചോദ്യങ്ങൾ.
ലോകത്തെവിടെയും ഗോത്ര/ ദലിത് സംസ്​കാരങ്ങൾക്കും ബഹുജനങ്ങൾക്കും പ്രകൃതിയെന്നത് തങ്ങൾക്കന്യമായ ഒന്നല്ല. അതിന്റെ തന്നെ ഭാഗമായി ഉൽഗ്രഥനാത്മകമായാണ് അവർ തങ്ങളെയും പ്രകൃതിയെയും നോക്കിക്കണ്ടത്.

സിയാറ്റിൽ മൂപ്പൻ

പറിച്ചുപുത എന്ന സമാഹാരത്തിലെ ചില മരങ്ങൾ എന്ന കവിതയിൽ രേണുകുമാർ പറയുന്നത് നോക്കുക:

‘‘ചില മരങ്ങൾ
അങ്ങനെയാണ്
ചാരത്തേ വളരൂ
പെരപ്പുറത്തേക്ക്
ചാഞ്ഞേ നിൽക്കൂ
വഴിയേ പോകുന്ന
കാറ്റിനെയെല്ലാം
കണ്ണു കാണിച്ച്
ചുറ്റിപ്പിടിച്ചുലഞ്ഞ്
ചില്ലകളൊടിച്ചിട്ട്
ഓടുപൊട്ടിക്കും’’.

ഒരു തുള്ളി വിടാതെ മഴയായ മഴയെല്ലാം ഉച്ചിയിൽ കൊണ്ടുനിൽക്കുന്ന മരങ്ങൾ, കൊള്ളിയാനുകളെ ഭൂമിയിലേക്ക് തോട്ടി കെട്ടിപ്പിടിക്കുന്ന മരങ്ങൾ, ആദ്യ മിന്നലിൽ തന്നെ അകവാളുവെട്ടി തരിപ്പണമായി കരച്ചിൽ തുടങ്ങുന്ന മരങ്ങൾ.

‘‘ഓരോ ഇടിവെട്ടിലും
നടുങ്ങും വെട്ടിവിയർക്കും
മനസ്സറിയാതെ ഇലകളും
കായ്കളും പൊഴിയും
വിറയലുകളെല്ലാം
വേരുകളായി മാറും
മണ്ണിലേക്കിറങ്ങും
കാറ്റും മഴയും
കോർത്തുമടുത്താലും
ഇടിയും മിന്നലും
തല്ലിപ്പിരിഞ്ഞാലും
കോടമഞ്ഞു പുതച്ച്
തലതാഴ്ത്തി മിഴി
തോരാതെ നിൽക്കും.
ചില മരങ്ങൾ
അങ്ങനെയാണ്’’.

എവിടെ തിരിഞ്ഞുനോക്കിയാലും പൂത്ത മരങ്ങളെ മാത്രം കാണുന്ന പുറംകാഴ്ചയിലല്ല, തലതാഴ്ത്തി മിഴി തോരാതെ നിൽക്കുന്ന മരത്തിന്റെ, തോരാമഴയും കൊടുംവെയിലും മഞ്ഞും കാലാകാലമായി ഏറ്റുവാങ്ങുന്ന മനുഷ്യന്റെ, അകം കാഴ്ചയിലേക്കാണ് ഈ കവിയുടെ കണ്ണുകൾ തുറന്നുവെച്ചിട്ടുള്ളത്. അതുകൊണ്ടുതന്നെ ഇത് പുറംകാഴ്ചയിലെ ഒരു മരമല്ല. മരത്തെ മനുഷ്യനും മനുഷ്യനെ മരവും ആയി വായിച്ചെടുക്കാനുള്ള സാധ്യതകളാണ് ഈ കവിതയെ വ്യത്യസ്​തമാക്കുന്നത്. അതാകട്ടെ ഗോത്ര / ദലിത് അനുഭവ ലോകങ്ങളിൽ നിന്നും അതിനു പാകപ്പെട്ട കാവ്യഭാഷയിൽ നിന്നും മാത്രം ഉണ്ടായിത്തീരുന്ന തുറവികളാണ്.

പറിച്ചുപുത എന്ന സമാഹാരത്തിലെ തടുത്തു കൂട്ടൽ എന്ന കവിത സ്വന്തം കവിതയെ കുറിച്ചുതന്നെയുള്ള പ്രഖ്യാപനമാണ്.

‘‘തിണ്ണയിലങ്ങനെ
ചുമ്മാതിരിക്കുമ്പോൾ
ചോന്നുതുടങ്ങുന്ന
പടിഞ്ഞാറൻ
മാനത്തുനിന്ന്
മേഘമിച്ചിരി
തോണ്ടിയെടുത്ത്
കവിതയിൽവെക്കുന്നു
പെരപ്പുറത്തേക്കു
ചാഞ്ഞുമുത്തുന്ന
തെങ്ങോലത്തുമ്പിൽ
ഈയലാടുന്ന കിളികളുടെ ചിലപ്പിനെ കവിതയിലേക്ക് തടുത്തു കൂട്ടുന്നു’’.

ഇങ്ങനെ മറ്റെന്തെല്ലാമാണ് താൻ കവിതയിലേക്ക് ചേർത്തുവച്ചിരിക്കുന്നത് എന്ന് കവി തുടർന്ന് വ്യകതമാക്കുന്നു. പാടവരമ്പിലൂടെ പണികഴിഞ്ഞു മടങ്ങുന്ന പെണ്ണിനെ വരമ്പുവാരുന്നതിനിടയിൽ തലയുയർത്തിനോക്കുന്ന ആണൊരുത്തന്റെ കൊതിനോട്ടം, കളി കഴിഞ്ഞ് എത്താൻ വൈകുന്ന കുട്ടിയെ ഒച്ചയെടുത്തു വിളിക്കുന്ന അമ്മയുടെ ആധിപൂതി, പുഴ കടന്ന് കായലിലേക്ക് കടക്കുന്ന കനാല് ബോട്ടിന്റെ അലിഞ്ഞുതീരുന്ന ഇരമ്പം- ഇങ്ങനെ പലതും കവിതയിൽ ചേർത്തുവച്ച് കവിത അവസാനിക്കുന്നത് ഇങ്ങനെയാണ്:

‘‘കുട്ടിക്കാലത്ത്
തോട്ടിൽ വീണു മരിച്ച കൂട്ടുകാരൻ ഇപ്പോഴും ബണ്ടിലേക്ക് പിടിച്ചുകയറാൻ ശ്രമിക്കുന്നതുകണ്ട്
കവിതയിൽ ഇരുട്ടുകേറുന്നു’’

ദലിത് –ബഹുജന ലോകങ്ങളുടെ അനുഭവങ്ങളിലെ ഈ ഇരുട്ടാണ് രേണുകുമാറിന്റെ കവിതയെ സവിശേഷമാക്കുന്നത്. ബണ്ടും ബണ്ടിലെ കുരുതിയും എല്ലാം കോട്ടയത്തെ ദലിതരുടെ വായ്മൊഴി ഓർമയുടെയും ചരിത്രത്തിന്റെയും ഭാഗമാണ്. ഓർമയിലേക്ക് താണുപോയ കൂട്ടുകാരൻ ബണ്ടിന്റെ മുകളിലേക്ക്, ജീവിതത്തിലേക്ക് പിടിച്ചു കയറാൻ ശ്രമിക്കുന്നത് സകലമാന പ്രാന്തവത്കൃതരുടെയും ഇരുട്ടിൽ നിന്നുള്ള അതിജീവനത്തിന്റെ ശ്രമമാണ്. അങ്ങനെ ഒന്നിനെ തന്റെ കവിതയിലേക്ക് ചേർത്തുവെക്കണമെങ്കിൽ ആ ഇരുട്ടിനെ അരിച്ചുകുഴച്ച് പരുവപ്പെടുത്തിയെടുത്ത ഒരു കാവ്യഭാഷ വേണമെന്ന് ഈയൊരു ജനതയുടെ ഭാഷയും സംസ്​കാരവും ചരിത്രവും എല്ലാം അധികാരസ്​ഥാപനങ്ങളുടെ സാമാന്യധാരയിലേക്ക് നിശ്ശബ്ദമാക്കപ്പെടുന്നത് എന്നതിന്റെ ആവിഷ്കാരം കൂടിയാണ് ഈ കവിത.

രേണുകുമാർ കവിതകളുടെ ആകെത്തുകയുടെ പരിച്ഛേദമായി കാണാവുന്ന ഒന്നാണ് പറിച്ചുപുത. തണുപ്പ് തീരെ സഹിക്കാൻ കഴിയാതാകുമ്പോൾ ഉടുത്തിരിക്കുന്നതിനെത്തന്നെ അഴിച്ചു പുതപ്പാക്കി മാറ്റുക എന്നത് സ്വാഭാവിക പ്രതികരണമാണ്. ഇതിനെയാണ് പറിച്ചുപുത എന്ന് പറയുന്നത്. സ്വാഭാവികം എന്നതുപോലെ ഒരു ജൈവപ്രതികരണവും ആണത്. ഏറ്റവും അടിസ്​ഥാനനിലയിലുള്ള ഒരു പ്രതിരോധശ്രമവും കൂടിയാണ്. രേണുകുമാറിനെ സംബന്ധിച്ച് കവിത ഒരു പറിച്ചുപുതയാണ്.

‘‘വാഴ മുറുക്കില്ലെങ്കിലും
വാഴയുടെ മടിയിൽ
വെറ്റിലയുണ്ടാവും
വാഴപ്പോള് തുറന്ന്
വാട്ടമേറ്റം കൂടിയതൊന്ന്
എടുത്തു മുറുക്കുന്നു.

.....................................

ചോറു വെച്ച് വാർത്തിട്ടിട്ട്
പഴഞ്ചോറിൽ ആവി കേറ്റുന്നു
പുതിയ പ്ലയിറ്റെടുക്കാതെ
പഴയ പിഞ്ഞാണത്തിൽ
കോരിയിട്ടു കഴിക്കുന്നു’’.

പറിച്ചുപുത ഇല്ലായ്മയുടെ കാലത്തെ ഒരു ശീലമാണ്. വറുതിക്കാലവും അതിന്റെ ശീലവും അത്രമേൽ അഗാധമായി അടയാളപ്പെട്ടതുകൊണ്ടാവണം ചിലർക്ക് സമൃദ്ധിയിലും തുടരുന്ന ഒരു ശീലമായി അതു മാറുന്നു. ഹാങ്ങറിൽ തൂങ്ങുന്ന പുത്തൻ ഉടുപ്പുകൾ ഏറെയുണ്ടായിട്ടും പഴയ ഒരെണ്ണമെടുത്ത് തൊട്ടും മണം പിടിച്ചും നോക്കി, നിറം മങ്ങിയോ എന്ന് വെളിച്ചത്തു പിടിച്ചുനോക്കി, പൊട്ടിപ്പോയ ബട്ടൺസ്​ വെച്ചുപിടിപ്പിച്ച്, അത് ഇട്ടു നോക്കുന്നു ചിലർ. പുതിയ ചെരുപ്പുകളുണ്ടായാലും പഴയതൊന്നിലേക്ക് കാലുകൾ തിരുകുന്നവർ.

പുതപ്പുകളെല്ലാം മടക്കി അലമാരയിൽ വെച്ചിട്ട് തുണി പറിച്ച് പുതച്ച് ചുരുണ്ടുകൂടുന്നവർ. പാതിയിലേറെയും ഒഴിഞ്ഞ കിടക്കയിൽ തനിച്ചു കിടക്കുന്നവർ. ബൾബുകളെല്ലാം കെടുത്തി അവർ കത്തിച്ചുവെച്ച റാന്തലുവിളക്കിന്റെ തിരി താഴ്ത്തുന്നു. തുറന്നുവെച്ചാലും കൂരിരുട്ടാകയാൽ കണ്ണുകളെന്തിന് തുറന്നുവെക്കണം? എന്തിനാണ് ജീവിതത്തിന്റെ കിടക്കയിൽ ഇത്രയേറെ സ്​ഥലമുണ്ടായിട്ടും, രാജകീയമായി കിടക്കാമായിരുന്നിട്ടും ചിലർ പകുതിയിലേറെയും ഒഴിച്ചിട്ട് അതിന്റെ വെളുമ്പിൽ മാത്രം കിടന്നുറങ്ങുന്നത്? എന്തിനാണ് ഇത്രയേറെ വെളിച്ചമുണ്ടായിട്ടും ചിലർ മാത്രം ഇരുട്ടിൽ കഴിയേണ്ടിവരുന്നത്? എന്തുകൊണ്ടാണ് തുറന്നു വെച്ചാലും ചിലരുടെ കണ്ണുകളിൽ ഇരുട്ടു മാത്രമായിരിക്കുന്നത്? എന്തുകൊണ്ടാണ് പ്രകാശമാനവും ശബ്ദായമാനവുമായ ഈ ലോകത്ത് ചിലർ മാത്രം കണ്ണുപൂട്ടി ജീവിക്കേണ്ടി വരുന്നത്? അവരുടെ ജീവിതത്തിലേക്ക് തിരിച്ചൊന്നു സഞ്ചരിക്കാൻ ആ ജീവിതം മാത്രം മതിയാവില്ല. അതിലേക്ക് പ്രവേശിക്കാനുള്ള ഭാഷ കൂടി ആവശ്യമായി വരും. ഭാഷ മാത്രം പോരാ, കാവ്യഭാഷ കൂടിയുണ്ടാകണം. ആ കാവ്യഭാഷ കൂടിയാണ് പറിച്ചുപുത എന്ന കവിത.

വർത്തമാനമനുഷ്യരുടെ ജീവിതത്തിന് കരുത്തും ആധാരവുമായി നിൽക്കുന്ന സാംസ്​കാരികതയുടെ ഒരു വലിയ ലോകമുണ്ട്. അതിൽ ഏതു ലോകത്തെയാണ് നിങ്ങൾ നിങ്ങളുടെ കവിതയിലേക്കും സാഹിത്യത്തിലേക്കും പാസ്​ കൊടുത്തു പ്രവേശിപ്പിച്ചിട്ടുള്ളത്?

ഇവിടെ കാവ്യഭാഷ എന്നത് വെറും വർണ്ണവും വാക്കും വരിയും ചേർന്ന ഭാഷയല്ല. മറിച്ച് അതിനോടൊപ്പം ചേരുന്ന ഭാവുകത്വവും സൗന്ദര്യാത്മകതയും അതിൽ ഉൾച്ചേർന്ന ചരിത്രബോധവും ജീവിതദർശനവും എല്ലാം കൂടിച്ചേർന്നതാണ്. ഇത് കണ്ടെത്താൻ ഓരോ കവിതയിലും ഓരോതരം സൂത്രവാക്യങ്ങൾ ഉണ്ടാകും. രേണുകുമാറിന്റെ പല കവിതയിലും പൊതുവായി കാണുന്ന ചില സൂത്രവാക്യങ്ങളുണ്ട്. കവിതാ പാഠത്തെ, അതിന്റെ ആകെത്തുകയെ തലവാചകം കൊണ്ട് ഹരിച്ച്, അതിലെ കാവ്യഘടകങ്ങളെക്കൊണ്ട് പെരുപ്പിച്ചെടുക്കുമ്പോഴാണ് ചില കവിതകളിൽ ഈ കാവ്യലോകം തുറന്നുകിട്ടുന്നത്. അതിന് ഏറ്റവും നല്ല ഉദാഹരണമാണ് ഡബ്ബിങ് എന്ന കവിത (പറിച്ചുപുത എന്ന സമാഹാരം).

പലതരം ശബ്ദങ്ങളെ ഡബ്ബ് ചെയ്യുന്നതിനെക്കുറിച്ചാണ് ഈ കവിത സംസാരിക്കുന്നത്. ഡബ്ബിങ് എന്നത് ഏറെ സൂക്ഷ്മത ആവശ്യപ്പെടുന്ന ഒരു സാങ്കേതികവൃത്തിയും കലാവൃത്തിയുമാണ്. സിനിമയിൽ ഒരു ദൃശ്യരംഗത്തി​ന്റെ ദൃശ്യങ്ങൾ മാറ്റി പകരം പുതിയ ദൃശ്യങ്ങൾ നൽകുമ്പോൾ അതിന്റെ ശബ്ദസംവിധാനങ്ങൾക്ക് മാറ്റം വരാതെ, ശബ്ദസംവിധാനത്തെ ദൃശ്യതയുടെ ചലനങ്ങളോട് സാത്മീകരിച്ച് അവതരിപ്പിക്കുന്നതിനെയാണ് ഡബ്ബിങ് എന്ന് പറയുന്നത്. ഈ കവിതയിൽ പലതരം ശബ്ദങ്ങളെ ഡബ്ബ് ചെയ്യുന്നതിനെക്കുറിച്ച് കവി പറയുന്നു.

‘‘കല്ലിലടിച്ച് തുണി
വെളുപ്പിക്കുന്നതിന്റെ

അന്തിയായിട്ടും
കളിമതിയാക്കി വരാത്ത
മക്കളെ അമ്മ വിളിക്കുന്നതിന്റെ

ഓലമടലോ തേങ്ങയോ
പറമ്പിൽ വീഴുന്നതിന്റെ

തോട്ടിലൂടൊരാൾ
വള്ളമൂന്നി പോകുന്നതിന്റെ

കഴുക്കോൽ
വള്ളത്തിലിടിക്കുന്നതിന്റെ’’

അങ്ങനെ പലതരം ഒച്ചകളെയാണ് ഡബ്ബ് ചെയ്ത് മറ്റൊരു ദൃശ്യത്തോട് ചേർക്കേണ്ടത്.

‘‘വാഴയിലൊരു കാക്ക
വന്നിരിക്കുന്നതിന്റെ

വാഴക്കൈ ഒടിയുന്നതിന്റെ

കരിയിലകൾക്കിടയിലൂടൊരു ചേരയിഴയുന്നതിന്റെ

കൈതക്കാട്ടിലേക്ക്
കുളക്കോഴികൾ പായുന്നതിന്റെ’
എന്നിങ്ങനെ തികച്ചും സാധാരണവും സ്വാഭാവികവുമാണത്.

‘‘കൈതപ്പൂ വിടരുന്നതിന്റെ,

കടവിലൊരു വരാൽ
മറിയുന്നതിന്റെ,

റേഡിയോ നിലയം
തുറക്കുന്നതിന്റെ

കഞ്ഞിപ്പശമുക്കിയ
സാരി ഉലയുന്നതിന്റെ

ഒച്ചകൾ കൊണ്ട് ഒരു തീവണ്ടി തീർക്കണം. പിന്നെ അതിനു പായാൻ നമുക്ക് പാളങ്ങൾ ആവണം’’.

അടുപ്പിൽ ഊതുന്നതിന്റെ, കഞ്ഞി തിളക്കുന്നതിന്റെ, പശുവിനെ കറക്കുന്നതിന്റെ, മുട്ടയിട്ട് പിടക്കോഴി കൊക്കുന്നതിന്റെ, ഒപ്പം കൂടിയ പൂവൻ ഒറ്റച്ചിറക് ലാകുന്നതിന്റെ എല്ലാം ഒച്ചകളെ അതിന്റെ സ്വാഭാവികത നഷ്ടപ്പെട്ടു പോകാതെ അതിന്റെ ജീവിതത്തിൽ നിന്ന് കവിതയിലേക്ക് ഡബ്ബ് ചെയ്ത് ചേർക്കുന്നതിനെ ക്കുറിച്ചാണ് കവി പറയുന്നത്.

വർത്തമാനമനുഷ്യരുടെ ജീവിതത്തിന് കരുത്തും ആധാരവുമായി നിൽക്കുന്ന സാംസ്​കാരികതയുടെ ഒരു വലിയ ലോകമുണ്ട്. അതിൽ ഏതു ലോകത്തെയാണ് നിങ്ങൾ നിങ്ങളുടെ കവിതയിലേക്കും സാഹിത്യത്തിലേക്കും പാസ്​ കൊടുത്തു പ്രവേശിപ്പിച്ചിട്ടുള്ളത്? എന്നത് ഒരു ചോദ്യമാണ്. ഒരു ഡബ്ബിങ്ങി​ന്റെ സൂക്ഷ്മതയോടെ, അതിൽ ഓരോ സംസ്​കാരവും ജീവിച്ച ജീവിതത്തിന്റെ എല്ലാ സ്​പന്ദനങ്ങളോടെയും അതിന് കവിതയിലേക്ക് പ്രവേശമുണ്ടാവുക. ഒച്ചയുടെ സ്വാഭാവികതയ്ക്കൊപ്പം അതിന്റെ ചൂടും ചൂരും ചരിത്രവും വേരും മുറിഞ്ഞു പോകാതെ കവിതയിലേക്കും സാഹിത്യത്തിലേക്കും വരുംകാല ജീവിതത്തിലേക്കും അതിനെ തുന്നിച്ചേർക്കുന്നതിനെക്കുറിച്ചാണ് ഡബ്ബിങ് എന്ന കവിത പറയുന്നത്.

കെണിനിലങ്ങളിൽ നിന്ന് പറിച്ചുപുതയിലേക്ക് സഞ്ചരിച്ചെത്തുമ്പോൾ രേണുകുമാറിന്റെ കാവ്യഭാഷ കൂടുതൽ സൂക്ഷ്മതയും തെളിച്ചവും മൂർച്ചയും ഉള്ളതായി മാറിത്തീരുന്നു.

ശബ്ദത്തെ, ഭാഷയെ തുന്നിച്ചേർക്കുന്നതിലാണ് ഡബ്ബിങ്ങിന്റെ സൂക്ഷ്മത. കവിതയിൽ ഇതെത്ര ഉണ്ടായിട്ടുണ്ട് എന്നത് ഇനിയും പരിശോധിക്കേണ്ടതാണ്. ഈണഭാഷയിൽ നിന്ന് ഗദ്യഭാഷയിലേക്ക് മലയാളകാവ്യഭാഷ പരിണമിച്ചപ്പോഴും ആന്തരികമായി അതിൽ എത്രമാത്രം മാറ്റമുണ്ടായിട്ടുണ്ട്? ഖസാക്കിന്റെ ഇതിഹാസത്തിന്റെ കൈവഴികളിലൂടെ സഞ്ചരിച്ചു വന്ന കല്പനികവും നിഗൂഢവുമായ ഒരു ഗദ്യഭാഷയാണ് അതിന്റെ മുഖ്യധാരയായിരുന്നത്. അതിൽ പ്രാദേശിക / ഗ്രാമ്യ / ദലിത് പദങ്ങൾ കലർത്തിയിട്ടുള്ളവർ, അത്തരം ജീവിതാനുഭവങ്ങൾ ചേർത്തുവച്ചവർ പിന്നീട് നമുക്ക് ഏറെ ഉണ്ടായിട്ടുണ്ട്. അത് ഒരളവോളം പ്രതിരോധം തന്നെയാണ്. എന്നാൽ അപ്പോഴും മുഖ്യധാരയുടെ കൈവഴികളിൽ പുറമ്പോക്കുകാരുടെ ചില അടയാളങ്ങൾ അതനുവദിക്കുന്ന ചട്ടക്കൂടുകൾക്കകത്തുനിന്ന് തുന്നിച്ചേർക്കുക മാത്രമാണുണ്ടായത്. മലയാള കവിത പിന്തുടർന്നുവന്ന മുഖ്യധാരാ കാവ്യഭാഷയ്ക്കകത്ത് പ്രതിരോധത്തിന്റെ അത്തരം ചില മുദ്രകൾ ചേർത്തുവെക്കൽ മാത്രമായിരുന്നു അത്. അപ്പോഴും അത് ഒരിക്കലും പുറമ്പോക്കിന്റെ കാവ്യഭാഷയോ കാവ്യവ്യവഹാരമോ ആയിരുന്നില്ല. ഇവിടെയാണ് വേറിട്ടൊരു കാവ്യഭാഷയെയും കാവ്യ വ്യവഹാരത്തെയും മുന്നോട്ട് വെക്കാനുള്ള രേണുകുമാറിന്റെ ശ്രമം ശ്രദ്ധേയമായിത്തീരുന്നത്. കെണിനിലങ്ങളിൽ നിന്ന് പറിച്ചുപുതയിലേക്ക് സഞ്ചരിച്ചെത്തുമ്പോൾ ആ കാവ്യഭാഷ കൂടുതൽ സൂക്ഷ്മതയും തെളിച്ചവും മൂർച്ചയും ഉള്ളതായി മാറിത്തീരുന്നു. തുടക്കകാലങ്ങളിൽ സ്വീകാര്യത ലഭിച്ചില്ലെന്നുവെച്ച് തന്റെ കാവ്യഭാഷയിൽനിന്ന് മാറി നടക്കാൻ ഈ കവി തയ്യാറായില്ല. നിദാന്ത ജാഗ്രതയിലൂടെയും പരിശ്രമത്തിലൂടെയും ആ കാവ്യഭാഷയെ അംഗീകരിപ്പിച്ചെടുക്കാൻ കവിക്ക് സാധിച്ചു എന്നതിന്റെ തെളിവാണ് പറിച്ചുപുതയും അതിന് ലഭിച്ച സ്വീകാര്യതയും.

അതിനിർണായകമായ ഒരു രാഷ്ട്രീയതെരഞ്ഞെടുപ്പിന്റെ ഘട്ടത്തിലൂടെ നമ്മുടെ രാജ്യം കടന്നുപോവുകയാണ്. ചുട്ടുപൊള്ളുന്ന രാഷ്ട്രീയ സംവാദങ്ങളെ കാത്തിരിക്കുകയാണ് ജനത. എന്നാൽ അതിനു പകരം വിവാദങ്ങളും കോലാഹലങ്ങളുമാണ് ഉയർന്നുകേൾക്കുന്നത്. തെരുവുനാടകങ്ങളും പടപ്പാട്ടുകളും പിൻവാങ്ങുന്നിടത്ത് ഡി ജെ പാർട്ടികളും മ്യൂസിക് ബാൻ്റുകളുമാണ് ഇന്ന് അരങ്ങുവാഴുന്നത്. ഏറ്റവും നിർണായകമായ ഒരു രാഷ്ട്രീയ സന്ദർഭത്തിൽ രാഷ്ട്രീയ പ്രബുദ്ധമെന്ന് പലപ്പോഴും കരുതിപോരുന്ന കേരളത്തിൽ പോലും ഇതാണ് അവസ്​ഥ എന്നു വരുമ്പോൾ നമ്മുടെ സൗന്ദര്യാത്മകതയും അതിന്റെ രാഷ്ട്രീയതലവും എന്താണെന്ന് പരിശോധിക്കപ്പെടേണ്ടതുണ്ട്. അത്തരമൊരു സന്ദർഭത്തിലാണ് രേണു കുമാറിനെപോലെ ഒരു കവി വേറിട്ട ഒരു കാവ്യവഴിക്കും കാവ്യവ്യവഹാരത്തിനുമായി സ്​ഥിതപ്രജ്ഞനായി നിലകൊള്ളുന്നത്. ഈ രാഷ്ട്രീയതലമാണ് രേണുകുമാറിന്റെ കവിതയെയും കാവ്യവഴിയെയും സവിശേഷമാക്കുന്നത്.

സഹായക ഗ്രന്ഥങ്ങൾ:
എം. ആർ. രേണുകുമാർ, 2011, കെണിനിലങ്ങളിൽ, എൻ.ബി.എസ്​, കോട്ടയം.
2017, കൊതിയൻ, ഡി.സി ബുക്സ്​, കോട്ടയം.
2021, പറിച്ചുപുത, ഡി.സി ബുക്സ്​, കോട്ടയം.


കെ.എം. ഭരതൻ

തിരൂർ തുഞ്ചത്തെഴുത്തച്ഛൻ മലയാളം സർവകലാശാലയിലെ സംസ്കാര പൈതൃക പഠന സ്കൂളിൽ പ്രൊഫസർ. ഫോക് ലോർ സിദ്ധാന്തവും പ്രയോഗവും, നാട്ടു സംസ്കൃതിയുടെ നടവഴികൾ, സംസ്കാരം സമൂഹം നാഗരികത തുടങ്ങിയ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Comments