മനുഷ്യചരിത്രത്തിന്റെ നീതിരാഹിത്യം പറയുന്ന ആൾക്കൂട്ടം

പരേതനായിട്ടും മരണ സർട്ടിഫിക്കറ്റ് കിട്ടാൻ സർക്കാർ ഓഫീസുകൾ കയറിയിറങ്ങി ജീവിക്കുന്നു. അസഹനീയമായ നിസ്സഹായത. മനുഷ്യചരിത്രത്തിലെ നീതിരാഹിത്യത്തെപ്പറ്റിയാണ് ആനന്ദ് പറഞ്ഞുകൊണ്ടിരുന്നത്. അതിനാൽ ആനന്ദിനെ ഒരു ഒറ്റയാൾ മനുഷ്യവകാശക്കമ്മീഷനായി വിശേഷിപ്പിക്കാം- കെ.സജീഷ് എഴുതുന്നു.

നുഷ്യചരിത്രത്തിന്റെ നീതിരാഹിത്യം പറയുന്ന ആൾക്കൂട്ടം

വിരസമായ എഴുത്തു ശൈലി. ഭാവിയെപ്പറ്റി പ്രതീക്ഷയേ ഇല്ലാത്ത കഥയും കഥാപാത്രങ്ങളും. ചരിത്രത്തിലെ ചില കൗതുക മുഹൂർത്തങ്ങളെ രാഷ്ടീയമോ ഫിലോസഫിക്കലോ ആയി സാമാന്യ പ്രസ്താവനകൾക്കും സംസാരങ്ങൾക്കുമിടക്ക് അമേച്വർ രീതിയിൽ വിളക്കിച്ചേർക്കുന്നതാണ് ആനന്ദിന്റെ കഥനരീതി. എന്നിട്ടും ആനന്ദിന്റെ നോവലുകൾ ക്ലാസിക്കുകളായി.

ഇരുപതുകളിൽ വായിച്ച അനുഭവനൊസ്റ്റാൾജിയ, നമ്മളും പുസ്തകവും അമ്പതിലെത്തി നിൽക്കുമ്പോഴുള്ള ഇരുപത് വയസ്സുകാരൻ പുതുതലമുറയും പങ്കിടുന്നതിനപ്പുറം അംഗീകാരം എന്തു വേണം. നമ്മൾ വായന തുടങ്ങിയ ശേഷം എഴുത്ത് വളരെയേറെ ഉഴുതു മറിക്കപ്പെടുകയും മുന്നോട്ട് പോവുകയും ചെയ്‌തെങ്കിലും ഇപ്പോഴത്തെ തലമുറയ്ക്കും "അതികായൻമാർ' ആനന്ദും വിജയനുമാണെന്ന് തോന്നുന്നു. ആനന്ദ് പതിപ്പിൽ ഒന്നോ രണ്ടോ പുതിയ തലമുറയിലുള്ളവരും ആവാമായിരുന്നു.

എപ്പോഴുമുള്ള സംശയമാണ്. വിവർത്തനങ്ങളിലൂടെ എന്തുകൊണ്ട് ആനന്ദിന് ഒരു പാൻ-ഇന്ത്യൻ വായനാ സമൂഹം ഉണ്ടായില്ല. മുസഫർ പറഞ്ഞത് പോലെ ഇന്ത്യൻ ഭാഷയാണ് അത് സംസാരിക്കുന്നത്. ആനന്ദ് ഭാഷാപരമായി മലയാളത്തെ ഒരു രീതിയിലും പുതുക്കിയിട്ടില്ല. മലയാള സവിശേഷ പദപ്രയോഗങ്ങളില്ല, ശൈലികളില്ല, അലങ്കാരങ്ങളില്ല, പ്രാദേശിക ബിംബങ്ങളില്ല. പരിഭാഷയിൽ നഷ്ടപ്പെടാൻ ഏറെയില്ല. എന്നിട്ടും മറ്റിന്ത്യൻ ഭാഷകളിലേക്ക് വേണ്ടത്ര പരിഭാഷകളോ വായനകളോ നടന്നില്ല.

വ്യവസ്ഥിതിക്കകത്ത് ശ്വാസംമുട്ടി ജീവിക്കുന്ന വ്യക്തിയാണ് ആനന്ദിന്റെ സംസാര വിഷയം. അസ്തിത്വം കിട്ടാതെ ആൾക്കൂട്ടമായി അലയുന്നു. അതിജീവനത്തിന് അഭയാർത്ഥികളായി ഇടങ്ങൾ മാറുന്നു. അവന് പിടികിട്ടാത്ത ആദിമ ഭീതി വളരുന്ന കണക്ക് ഏതോ ഭരണകൂട സിവിൽ സ്ട്രക്ചറുകൾ പണിയുന്നതിൽ പങ്കാളിയാവുന്നു. പരേതനായിട്ടും മരണ സർട്ടിഫിക്കറ്റ് കിട്ടാൻ സർക്കാർ ഓഫീസുകൾ കയറിയിറങ്ങി ജീവിക്കുന്നു. അസഹനീയമായ നിസ്സഹായത. മനുഷ്യചരിത്രത്തിലെ നീതിരാഹിത്യത്തെപ്പറ്റിയാണ് ആനന്ദ് പറഞ്ഞുകൊണ്ടിരുന്നത്. അതിനാൽ ആനന്ദിനെ ഒരു ഒറ്റയാൾ മനുഷ്യവകാശക്കമ്മീഷനായി വിശേഷിപ്പിക്കാം. ആനന്ദിന്റെ അസ്തിത്വത്തെപ്പറ്റിയുള്ള അന്വേഷണത്തിന്റെ thought process ന്റെ weak gravitational force ൽ lifted & hooked ആയി വായനക്കാരനും കറങ്ങിത്തുടങ്ങും.

Comments