പുസ്തകങ്ങൾ കൊണ്ട് ഒരു മധുരപ്രതികാരം

ആഗ്രഹിച്ച പുസ്തകം വായിക്കാനാകതെ തല താഴ്ത്തിയിറങ്ങിപ്പോയ ഒരു കുട്ടി ഇതൊക്കെ കാണുന്നുണ്ടാവും, അവന്റെ പ്രിയപ്പെട്ട പുസ്തകങ്ങളുടെ ഈ മധുര പ്രതികാരം. ഗ്രാമത്തിൽ തനിച്ചുനടന്ന അവന്റെ ചങ്ങാതിമാർ മറ്റാരുമായിരുന്നില്ലല്ലോ- കെ. സന്തോഷ് എഴുതുന്നു.

മ്മയുടെ അകന്ന ബന്ധത്തിൽപ്പെട്ട ഒരു കുടുംബം ഞങ്ങളുടെ ഗ്രാമത്തിൽ താമസിച്ചിരുന്നു. സ്കൂൾ വിട്ടു വന്നാലുടൻ തന്നെ ഞാൻ അവിടേക്ക് പായും. പിന്നെ സന്ധ്യയാകുന്നതുവരെ അവിടെ തന്നെ.

ആ വീട്ടിൽ ഏതാണ്ട് എന്റെ സമപ്രായമുള്ള ഒരു കുട്ടിയുണ്ടായിരുന്നു. ഞങ്ങൾ സുഹൃത്തുക്കളായിരുന്നു. അവൻ മറ്റൊരു സ്കൂളിലാണ് പഠിച്ചിരുന്നത്. എന്റെ പള്ളിക്കൂടത്തിനേക്കാൾ നല്ലത് അവൻ പഠിച്ച സ്കൂളാണെന്ന് പലരും പറഞ്ഞ് ഞാൻ കേട്ടിട്ടുണ്ട്. എനിക്കും അവിടെ ചേരാനായിരുന്നു ഇഷ്ടം. പക്ഷെ ഞങ്ങൾക്ക് സർക്കാരിൽനിന്ന് കക്കൂസ് കിട്ടാൻ സഹായിച്ച വെള്ളയും വെള്ളയുമിട്ട ഒരാൾ ഗ്രാമത്തിലെ തന്നെ മറ്റൊരു സ്കൂളിൽ ജോലി ചെയ്യുന്നുണ്ടായിരുന്നു ( അദ്ദേഹം അവിടുത്തെ പ്യൂൺ ആണെന്ന് പിന്നീട് മനസ്സിലായി). കുന്നിൻ മുകളിലുള്ള ആ പള്ളിക്കൂടത്തിനെ ‘മുടന്തൻ സ്കൂൾ’ എന്നായിരുന്നു എല്ലാവരും വിളിച്ചിരുന്നത്. ഓടിട്ട ഒരു ഒറ്റവരി കെട്ടിടം. ക്ലാസുകളെ വേർതിരിക്കാൻ ഇടയിൽ മറവൊന്നുമില്ല. നോട്ടീസ് എന്തെങ്കിലും വായിക്കാനുണ്ടെങ്കിൽ പ്യൂൺ എല്ലാ ക്ലാസിനും വേണ്ടി ഒച്ചയെടുത്ത് ഒറ്റ വായന. നോട്ടീസിൽ അവധി വല്ലതുമാണെങ്കിൽ കുറച്ചുനേരത്തേക്ക് അവിടെമാകെ ശബ്ദമുഖരിതമാകും. ഒരു ഭംഗിയുമില്ലാത്ത സ്കൂൾ. വീട്ടിൽ നിന്ന് ഒരുപാട് നടന്നുവേണം അവിടേക്കെത്താൻ. അടുത്ത് ഇത്രയും നല്ല സ്കൂളുണ്ടായിട്ട് നിന്നെ എന്തിനാണ് അവിടെ അയച്ചതെന്ന് പലരും ചോദിക്കും. ഞാനാകട്ടെ ഞങ്ങൾക്ക് കക്കൂസ് കിട്ടിയ കഥ ഒരു മടിയുമില്ലാതെ വിസ്തരിക്കുകയും ചെയ്യും.

കുന്നിൻ മുകളിലുള്ള ആ പള്ളിക്കൂടത്തിനെ ‘മുടന്തൻ സ്കൂൾ’ എന്നായിരുന്നു എല്ലാവരും വിളിച്ചിരുന്നത്. ഓടിട്ട ഒരു ഒറ്റവരി കെട്ടിടം. ക്ലാസുകളെ വേർതിരിക്കാൻ ഇടയിൽ മറവൊന്നുമില്ല. നോട്ടീസ് എന്തെങ്കിലും വായിക്കാനുണ്ടെങ്കിൽ പ്യൂൺ എല്ലാ ക്ലാസിനും വേണ്ടി ഒച്ചയെടുത്ത് ഒറ്റ വായന.
കുന്നിൻ മുകളിലുള്ള ആ പള്ളിക്കൂടത്തിനെ ‘മുടന്തൻ സ്കൂൾ’ എന്നായിരുന്നു എല്ലാവരും വിളിച്ചിരുന്നത്. ഓടിട്ട ഒരു ഒറ്റവരി കെട്ടിടം. ക്ലാസുകളെ വേർതിരിക്കാൻ ഇടയിൽ മറവൊന്നുമില്ല. നോട്ടീസ് എന്തെങ്കിലും വായിക്കാനുണ്ടെങ്കിൽ പ്യൂൺ എല്ലാ ക്ലാസിനും വേണ്ടി ഒച്ചയെടുത്ത് ഒറ്റ വായന.

എന്റെ കൂട്ടുകാരനാകട്ടെ തരം കിട്ടുമ്പോഴൊക്കെ അവന്റെ സ്കൂളിലെ പുതിയ പുതിയ വിശേഷങ്ങൾ പറയും. ശാസ്ത്രമേളയ്ക്ക് ചലിക്കുന്ന യന്ത്ര മനുഷ്യനെ പ്രദർശിപ്പിച്ചത്, ടെലസ്കോപ്പ് എന്നൊരു അത്ഭുതവസ്തുവി​നെക്കുറിച്ച്, മനുഷ്യന്മാരുടെ കണ്ണ് കൊണ്ട് നോക്കിയാൽ കാണാൻ പറ്റാത്ത ജീവികളെ ടെലിസ്കോപ്പിലൂടെ കണാമെന്നും മറ്റും. ഞാൻ അതൊക്കെ വിഷമത്തോടെ കേട്ടിരിക്കും. അപ്പോഴൊക്കെ അവന്റെ മുഖത്ത് നിറഞ്ഞ ചിരിയുണ്ടാകും. അവന്റെ പോസ് കാണാൻ വൈകിട്ട് ആ വീട്ടിലേക്ക് പോകണ്ട എന്ന് ഇടയ്ക്ക് ഞാൻ തീരുമാനിക്കും. പക്ഷേ നാലു മണിക്ക് അവിടെ നിന്ന് കിട്ടുന്ന ചായയുടെ കാര്യം ഓർക്കുമ്പോൾ, ചായ മാത്രമല്ല ഒപ്പം എന്തെങ്കിലും കഴിക്കാനും ഉണ്ടാവും. അതൊക്കെ വെളിയിൽ നിന്ന് വാങ്ങുന്നതല്ല അവന്റെ അമ്മ ഉണ്ടാക്കുന്നതാണ്. ആ അമ്മയ്ക്ക് എല്ലാത്തരം പലഹാരമുണ്ടാക്കാനും അറിയാം. വീട്ടിൽ അതൊന്നും പതിവില്ല. അഞ്ചു മണിയാകുമ്പോൾ കാറ്റിൽ അവന്റെ അമ്മയുണ്ടാക്കുന്ന പലഹാരത്തിന്റെ വറവുമണം അങ്ങനെ പരക്കും. അത് എന്നെ ആവാഹിച്ച് ആ വീട്ടിലേക്ക് വീണ്ടും വീണ്ടും കൊണ്ടുചെല്ലും. ആ വീട്ടിൽ അവനെ കൂടാതെ കോളേജിൽ പഠിക്കുന്നവരുമുണ്ടായിരുന്നു. അവന്റെ സഹോദരങ്ങൾ. അവരുടെ തടിമാടൻ പുസ്തകങ്ങൾ ഞാൻ ഇടയ്ക്ക് നോക്കാറുണ്ട്. ഒന്നും മനസ്സിലാവില്ല. എല്ലാം ഇംഗ്ലീഷിൽ. ഇംഗ്ലീഷ് എനിക്ക് അന്ന് വല്യ പിടിയില്ല (ഇന്നും).

അങ്ങനെയിരിക്കെയാണ് അത് സംഭവിച്ചത്. അതൊരു വെള്ളിയാഴ്ചയായിരുന്നു. പതിവുപോലെ അവിടെ പരതുന്നതിനിടയിൽ പുസ്തകക്കൂട്ടത്തിൽ നിന്ന് ഒരു പുതിയ മലയാളം പുസ്തകം എന്റെ മുന്നിലേക്ക് ആരോ എടുത്തിട്ട പോലെ വന്നു വീണു. പേര് ഞാൻ വായിക്കാൻ ശ്രമിച്ചു (തപ്പിപ്പെറുക്കി)- ഒരു കുടയും കുഞ്ഞു പെങ്ങളും. പുറംചട്ടയിൽ കുടയുമായി നിൽക്കുന്ന ഒരു പെൺകുട്ടി, ദൂരെ മാറി വിഷമത്തോടെ നിൽക്കുന്ന ആൺകുട്ടി. അത് അവളുടെ അനിയനായിരിക്കണം. മഴയും പെയ്യുന്നുണ്ട്. എന്തുഭംഗി. പുസ്തകം ഞാൻ മണത്തു നോക്കി. ഹാവൂ, പേർഷ്യൻ സോപ്പിന്റെ മണം. എനിക്ക് പുസ്തകം എത്രയു വേഗം വായിക്കണമെന്നു തോന്നി. അമ്മയോട് ഞാൻ കാര്യം പറഞ്ഞു.
അതിനെന്താ നീ കൊണ്ടുപോയി വായിച്ചോ, സ്നേഹത്തോടെ അമ്മ പറഞ്ഞു. എനിക്ക് സ്വർഗ്ഗം കിട്ടിയതുപോലെ സന്തോഷം. ഞാൻ ആ പുസ്തകവുമായി വീട്ടിലേക്ക് പോകാനിറങ്ങിയതും, പുസ്തകത്തിന്റെ ശരിക്കുള്ള ഉടമകൾ ഞങ്ങളാണ് എന്ന മട്ടിൽ കോളേജിൽ പഠിക്കുന്നവർ എന്റെ മുമ്പിൽ പ്രത്യക്ഷപ്പെട്ടു. അവരെ കണ്ണുകൾ ദേഷ്യം കൊണ്ട് ചുവന്നിരുന്നു. അവർ വിറച്ചുകൊണ്ട് ചോദിച്ചു; ചോദിക്കാതെ പുസ്തകമെടുക്കാൻ നിന്നോട് ആരു പറഞ്ഞു?

ഞാൻ കള്ളനെ പോലെ പരുങ്ങി. എന്നിട്ട് പതിയെ പതിയെ ‘ഞാൻ അമ്മയോട് ചോദിച്ചിരുന്നു’ എന്നു പറഞ്ഞു. വിശ്വാസം വരാതെ അവർ അടുക്കളയിലേക്ക്. കുറച്ചു കഴിഞ്ഞ് അമ്മയുമായി വന്നു. അമ്മ ക്ഷീണിച്ച ശബ്ദത്തിൽ അവരോട്, ‘ഞാനാണ് അവനോട്...’ എന്നു പറഞ്ഞു.
അത് കേട്ടതും അവർ വീണ്ടും ബഹളം വെച്ചു. ഇത് കോളേജ് ലൈബ്രറിയിൽ നിന്നെടുത്ത പുസ്തകമാണ്, എന്തെങ്കിലും സംഭവിച്ചാൽ പിന്നെ എന്താ ഉണ്ടാവുന്നതെന്നെ അറിയ്വോ? അമ്മ വീണ്ടും എന്റെ സഹായത്തിനെത്തി. അവൻ കൊണ്ടുപോയി ഒന്ന് വായിച്ചെന്നുവച്ച് എന്ത് സംഭവിക്കാനാണ്?
അവർ വീണ്ടും വീണ്ടും ഒച്ചയെടുത്തു.
‘പറഞ്ഞാൽ മനസ്സിലാവില്ല? അവിടെ കൊണ്ടു പോയി വല്ല ചായയോ മറ്റോ മറിഞ്ഞാൽ...’
ഞാനാകട്ടെ ഇപ്പൊ വിങ്ങിപ്പൊട്ടും എന്ന അവസ്ഥയിലാണ്. ഒടുവിൽ എന്റെ നിൽപ്പും മട്ടും കണ്ട് അവരുടെ മനസ്സലിഞ്ഞു. അത്ര നിർബന്ധമാണെങ്കിൽ ഇവിടെ ഇരുന്നു വായിച്ചോളൂ, വീട്ടിൽ കൊണ്ടുപോകണ്ട.

പേര് ഞാൻ വായിക്കാൻ ശ്രമിച്ചു (തപ്പിപ്പെറുക്കി)- ഒരു കുടയും കുഞ്ഞു പെങ്ങളും. പുറംചട്ടയിൽ കുടയുമായി നിൽക്കുന്ന ഒരു പെൺകുട്ടി, ദൂരെ മാറി വിഷമത്തോടെ നിൽക്കുന്ന ആൺകുട്ടി. അത് അവളുടെ അനിയനായിരിക്കണം. മഴയും പെയ്യുന്നുണ്ട്.
പേര് ഞാൻ വായിക്കാൻ ശ്രമിച്ചു (തപ്പിപ്പെറുക്കി)- ഒരു കുടയും കുഞ്ഞു പെങ്ങളും. പുറംചട്ടയിൽ കുടയുമായി നിൽക്കുന്ന ഒരു പെൺകുട്ടി, ദൂരെ മാറി വിഷമത്തോടെ നിൽക്കുന്ന ആൺകുട്ടി. അത് അവളുടെ അനിയനായിരിക്കണം. മഴയും പെയ്യുന്നുണ്ട്.

അത്രയും വലിയ മലയാള കഥാപുസ്തകം പുസ്തകം ആദ്യമായിട്ടാണ് ഞാൻ കാണുന്നതുതന്നെ. ഞാൻ മലയാളം വായിക്കാൻ പഠിച്ചുവരുന്നതേയുള്ളൂ. എനിക്കറിയാം രണ്ടു ദിവസം അവധിയുണ്ട്. എങ്കിലും രാവിലെയും വൈകീട്ടും വായിച്ചാല്ലേ തീരൂ. എന്തുകൊണ്ടോ ആ പുസ്തകം എനിക്ക് അവിടെയിരുന്ന് വായിക്കാൻ തോന്നിയില്ല. ഒന്നും പറയാതെ അവിടുന്ന് ഇറങ്ങി നടന്നു. നെഞ്ചിൽ ഒരു വല്ലാത്ത കനം അനുഭവപ്പെട്ടു.
പുറത്ത് ഇരുട്ട് വീണിരുന്നു.

അന്ന് ഊണ് കഴിക്കാൻ തോന്നിയില്ല, നല്ല പോലെ ഉറങ്ങാനും പറ്റിയില്ല. എന്തോ മനസ്സിൽ പറഞ്ഞറിയിക്കാൻ കഴിയാത്ത ഒരു വിഷമം. മനസ്സിൽ നിറയെ ആ പുസ്തകത്തിന്റെ ഭംഗിയുള്ള പുറം ചട്ടയായിരുന്നു.

പിന്നെ കുറെ നാൾ ഞാൻ ആ വീട്ടിലേക്ക് പോയതേയില്ല. എങ്കിലും വൈകുന്നേരത്തെ ചായയുടെ ശബ്ദം എന്റെ കാതിൽ വന്നുവീണപ്പോൾ, മനം മയക്കുന്ന വറവുഗന്ധം കാറ്റിൽ കലർന്നപ്പോൾ ഞാൻ അവിടേക്ക് വീണ്ടും പോയി. അങ്ങനെ ഒരു സംഭവം അവിടെ നടന്നിട്ടില്ല എന്നപോലെ ഞങ്ങളെല്ലാം പെരുമാറി. എങ്കിലും അവിടെയുളള പുസ്തകങ്ങളിലേക്ക് നോക്കുമ്പോൾ പറഞ്ഞറിയിക്കാനാവാത്ത ഒരു ദുഃഖം മനസ്സിൽ ചോന്നു കിടന്നു.

വർഷങ്ങൾ കഴിയുന്നു, ഏതോ നിയോഗം പോലെ പുസ്തകങ്ങളോടും വായനയോടുമുള്ള താല്പര്യം കൂടിക്കൂടി വരുന്നു. പതിയെയാണെങ്കിലും എഴുത്തിലേക്കും അത് വഴി തുറക്കുന്നു. മറ്റൊരു അത്ഭുതം എന്താണെന്നു വെച്ചാൽ, തേടിയ വള്ളി കാലിൽ ചുറ്റിയ പോലെ ജോലി അന്വേഷിച്ചു നടന്നു കയറിയത് പ്രധാനപ്പെട്ട ഒരു പുസ്തക പ്രസാധക സംഘത്തിൽ. വൈകാതെ തന്നെ അവിടെയുള്ള മലയാള പുസ്തകങ്ങൾ നോക്കുന്നതിനും വേണ്ടത് ഓർഡർ ചെയ്യുന്നതിനുമുള്ള ചുമതലയും വന്നു ചേർന്നു. എന്റെ വായനയോടുളള താല്പര്യം മനസ്സിലാക്കി സഹപ്രവർത്തകർ പുസ്തകങ്ങൾ വീട്ടിൽ കൊണ്ടുപോയി വായിക്കാൻ അനുമതി തന്നു. പുസ്തകം വാങ്ങുകയാണെങ്കിൽ പകുതി പൈസ കൊടുത്താൽ മതി. എന്റെ ചെറിയ വീട്ടിലേക്ക് പുസ്തകങ്ങൾ ഒഴുകുകയായിരുന്നു. നാട്ടിൻപുറത്തെ വീടുകളിൽ വളരെ വേഗം ആ അത്ഭുത വാർത്ത പരന്നു; ഇന്ന ആളുടെ വീട്ടിൽ പുസ്തകമുണ്ട്.
ആവശ്യക്കാർ വന്നു.
‘മരുമോൾക്ക് ടി.വി കാണാൻ താല്പര്യമില്ല, നിന്റെ കൈയ്യിൽ പുസ്തകമുണ്ടന്നറിഞ്ഞ് ഓള് എനിക്കവിടെ ഇരിക്കപ്പൊറുതി തരണില്ല...’, ആവശ്യക്കാർ വീണ്ടും വീണ്ടും വന്നുകൊണ്ടിരുന്നു.
‘പത്താം ക്ലാസ് ജയിച്ച കുട്ടികൾക്ക് അനുമോദന ഫലകത്തിനൊപ്പം പുസ്തകം കൊടുക്കുന്നു, വായിച്ചു കഴിഞ്ഞ പുസ്തകങ്ങളുണ്ടെങ്കിൽ...’ നാട്ടിലെ ചെറുപ്പക്കാർ പുതിയ വായനശാല തുടങ്ങുന്നു, അവരെയൊന്നു സഹായിക്കണം. തീർച്ചയായും.

ഒടുവിൽ പുസ്തകം ആവശ്യപ്പെട്ട് അവരും വന്നു, അന്നത്തെ ആ കോളേജ് വിദ്യാർത്ഥികൾ. മത്സര പരീക്ഷകൾക്ക് തയ്യാറെടുക്കണം. ഇപ്പോൾ എല്ലാ പുസ്തകങ്ങളും പണം കൊടുത്തു വാങ്ങാൻ പറ്റിയ അവസ്ഥയിലല്ല. പിന്നെ ഒന്നും പറഞ്ഞില്ല. വേണ്ട, പറയണ്ട.

പറയാതെ തന്നെ എനിക്ക് കാര്യങ്ങൾ അറിയാം. ഞാൻ പുസ്തക അലമാര ഇരിക്കണ മുറി കാണിച്ചുകൊടുത്തു. കുറച്ചുസമയത്തിനുശേഷം ഒന്നുരണ്ട് പുസ്തകങ്ങളുമായി വന്നു. ഒരാഴ്ചക്കുളളിൽ തിരികെ തരാം എന്നുപറഞ്ഞു പോയി. ഞാൻ സമ്മതഭാവത്തിൽ തലയാട്ടി.
പിന്നീട് ചേച്ചി വിളിച്ചപ്പോൾ അറിയിച്ചു, ഞാൻ വീട്ടിലില്ലാത്തപ്പോഴും അവർ പുസ്തകങ്ങൾ അന്വേഷിച്ച് എത്താറുണ്ടെന്ന്.

എന്റെ വായനയോടുളള താല്പര്യം മനസ്സിലാക്കി സഹപ്രവർത്തകർ പുസ്തകങ്ങൾ വീട്ടിൽ കൊണ്ടുപോയി വായിക്കാൻ അനുമതി തന്നു. പുസ്തകം വാങ്ങുകയാണെങ്കിൽ പകുതി പൈസ കൊടുത്താൽ മതി. എന്റെ ചെറിയ വീട്ടിലേക്ക് പുസ്തകങ്ങൾ ഒഴുകുകയായിരുന്നു.
എന്റെ വായനയോടുളള താല്പര്യം മനസ്സിലാക്കി സഹപ്രവർത്തകർ പുസ്തകങ്ങൾ വീട്ടിൽ കൊണ്ടുപോയി വായിക്കാൻ അനുമതി തന്നു. പുസ്തകം വാങ്ങുകയാണെങ്കിൽ പകുതി പൈസ കൊടുത്താൽ മതി. എന്റെ ചെറിയ വീട്ടിലേക്ക് പുസ്തകങ്ങൾ ഒഴുകുകയായിരുന്നു.

അവർ മാത്രമല്ല പലരും. ചേച്ചിയുടെ മക്കൾ പുസ്തകം കൊണ്ടുപോയവരുടെ പേര് കൃത്യമായി എഴുതി സൂക്ഷിച്ചു. തിരികെ കൊണ്ടുവരുന്നുണ്ടെന്ന് ഉറപ്പുവരുത്തി. ഇപ്പോൾ ധാരാളം പേർ വീട്ടിലെ പുസ്തകങ്ങൾ ഉപയോഗപ്പെടുത്തുന്നു. ഉപയോഗപ്പെടുത്തട്ടെ, ആവശ്യമുളളവരൊക്കെ വായിക്കട്ടെ.

ആഗ്രഹിച്ച പുസ്തകം വായിക്കാനാകതെ തല താഴ്ത്തിയിറങ്ങിപ്പോയ ഒരു കുട്ടി ഇതൊക്കെ കാണുന്നുണ്ടാവും, അവന്റെ പ്രിയപ്പെട്ട പുസ്തകങ്ങളുടെ ഈ മധുര പ്രതികാരം.
ഗ്രാമത്തിൽ തനിച്ചുനടന്ന അവന്റെ ചങ്ങാതിമാർ മറ്റാരുമായിരുന്നില്ലല്ലോ.


Summary: K Santhosh writes about his desire to read the book Eko Koda Um Kunjupemala


കെ. സന്തോഷ്

കവി, ഗാനരചയിതാവ്. ഇപ്പോൾ പുസ്തക പ്രസാധക രംഗത്ത് സജീവം. ഒരു പുഴ മരിക്കുമ്പോൾ, തന്തപ്പാട്ട് ( കവിതാ സമാഹാരങ്ങൾ), അജയ്യനായ കർണൻ ( ബാല സാഹിത്യ നോവൽ) എന്നീ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Comments