ഞാൻ ഡൽഹിയിൽ ഉണ്ടായത് മുപ്പതു വർഷമാണ്, 1992 മുതൽ 2022 വരെ. അക്കാലം മുഴുവൻ അവിടെ നിൽക്കാൻ എന്നെ തുണച്ചതിൽ ഡൽഹിയിലെ മലയാളി സമൂഹത്തിനു ഒരു വലിയ പങ്കുണ്ട്. മലയാളം കേൾക്കാതെ, മലയാളികളെ കാണാതെ, മലയാളം ശ്വസിക്കാതെ, എനിക്ക് ഇത്ര കാലം ഡൽഹിയിൽ തുടരുക സാദ്ധ്യമായിരുന്നില്ല. ഡൽഹിയിൽ എത്തിയ ഉടൻ ഞങ്ങൾ മലയാളികളെ തേടുകയായിരുന്നു. പരിചയം ഉള്ളവരെയും അവർക്ക് പരിചയം ഉള്ളവരെയും അന്വേഷിച്ച് നോയ്ഡ മുതൽ ഫരീദാബാദ് വരെ ഞങ്ങൾ സഞ്ചരിച്ചു. ഞങ്ങൾ ഇരുവരും ആദ്യം ഡൽഹിയിൽ പങ്കെടുത്ത പരിപാടി ഡൽഹി മലയാളി സമാജം സംഘടിപ്പിച്ച ഒന്നായിരുന്നു. അവിടെ വെച്ചാണ് നിർഭാഗ്യവശാൽ ഇപ്പോൾ നമ്മുടെ കൂടെ ഇല്ലാത്ത കെ പി കെ കുട്ടിയുമായി പരിചയപ്പെടുന്നത്, പിന്നെ അദ്ദേഹം കുടുംബസുഹൃത്തായി. രണ്ടാമത്തെ പരിപാടി ഡൽഹി മലയാളി അസോസിയേഷൻ സംഘടിപ്പിച്ച നെഹ്‌റു പ്ലേസിലെ ഓണാഘോഷം ആയിരുന്നു. പിന്നെ ആർ കെ പുരം മുതലിങ്ങോട്ട് പല പരിപാടികളിലും പങ്കെടുത്തു.
ആ മൂന്നു പതിറ്റാണ്ടിന്റെ കഥ സംഗ്രഹിക്കുവാൻ പോലും ഒരു ലേഖനം പോരാ. എന്റെ അനുഭവചക്രവാളങ്ങൾ ഏറെ വികസിച്ച കാലം എന്ന് മാത്രം പറയാം. ഞാൻ ഡൽഹിയിൽ പല ജോലികൾ ചെയ്തു. ആദ്യം സാഹിത്യ അക്കാദമിയിലെ ഇംഗ്ലീഷ് എഡിറ്റർ എന്ന നിലയിൽ. പിന്നെ നല്ല മത്സരത്തിലൂടെ തന്നെ അക്കാദമിയുടെ സെക്രട്ടറി ആയി തെരഞ്ഞെടുക്കപ്പെട്ടു. ആ പത്തു വർഷം ഞാൻ ചെയ്ത കാര്യങ്ങൾ അക്കാദമിയുടെ ചരിത്രം പറയും. വരേണ്യ സാഹിത്യകാരന്മാർക്കുള്ള ഒരു വൃദ്ധസദനം നഎന്ന നിലയിൽ നിന്ന് ഊർജ്ജസ്വലവും സ്വതന്ത്രവുമായ ഒരു സാഹിത്യ സ്ഥാപനമായി അതിനെ മാറ്റാൻ ഞാൻ ഏറെ ഊർജ്ജം ചിലവിട്ടു. യുവസാഹിത്യകാരന്മാർ, എഴുത്തുകാരായ സ്ത്രീകൾ, ദളിത്-ആദിവാസി സാഹിത്യകാരന്മാർ എന്നിവർക്ക് പ്രത്യേകം പ്ലാററ്ഫോമുകൾ, (യഥാക്രമം മുലാക്കാത്ത്, നാരീചേതന, അസ്മിത), എട്ടാം ഷെഡ്യൂളിന് പുറത്തുള്ള ഭാഷകളിലും സമ്മാനങ്ങൾ, പ്രസക്തമായ വിഷയങ്ങളിൽ ഓരോ വർഷവും 30-ൽ ഏറെ സെമിനാറുകൾ, ‘അന്തരാൾ’ എന്ന പേരിൽ വിഭിന്ന വിഷയങ്ങളിൽ രാജാ രാമണ്ണയും ജയന്ത് നാർളിക്കരും മുതൽ മല്ലികാ സാരാഭായിയും ഭാലചന്ദ്ര നെമാദേയും വരെയുള്ളവരുടെ പ്രഭാഷണ പരമ്പര, ദലിത്, ആദിവാസി, സ്ത്രീ എഴുത്തുകാരുടെ മുമ്മൂന്നു വാർഷിക സമ്മേളനങ്ങൾ, യുവസാഹിത്യകാരന്മാരുടെ പ്രാദേശിക സാഹിത്യോത്സവങ്ങൾ, ‘ആവിഷ്കാർ’ എന്ന പേരിൽ കവിതയെ സംഗീതവും നൃത്തവുമായി അവതരിപ്പിക്കുന്ന പരിപാടികൾ, വർഷത്തിൽ 120 പുസ്തകം ഇറക്കിയിടത്ത് 340 പുസ്തകങ്ങൾ... ആർക്കും കാണാവുന്ന മാറ്റമായിരുന്നു ഇവയെല്ലാം.

അക്കാദമിയിലെ എന്റെ സുവർണ്ണകാലം യു. ആർ. അനന്തമൂർത്തി പ്രസിഡന്റ് ആയിരുന്ന വർഷങ്ങളാണ്. അഗാധമായ പരസ്പര ധാരണയാണ് ഞങ്ങൾ തമ്മിൽ ഉണ്ടായിരുന്നത്. അക്കാദമിയുടെ തന്നെ ഏറ്റവും പുഷ്കലമായ കാലമായിരുന്നു അത് എന്ന് ഇപ്പോൾ തോന്നുന്നു. അക്കാദമിയിലെ 14 വർഷം എനിക്ക് ഇന്ത്യയിൽ എമ്പാടും, പുറത്തും, സുഹൃത്തുക്കളെ സമ്പാദിച്ചു തന്നു. എഴുത്തുകാർ എന്നെ അവരിൽ ഒരാൾ ആയി കണ്ടു. ഒരു എഴുത്തുകാരനോടും വഴക്കിടേണ്ടി വന്നില്ല. എഴുത്തുകാരുള്ളതുകൊണ്ടാണ് അക്കാദമി ഉള്ളത് എന്ന് അക്കാദമിജീവനക്കാരെ ഞാൻ നിരന്തരം ഓർമ്മിപ്പിച്ചു. പകലും രാത്രിയും എപ്പോളും അവർക്ക് എന്നെ വിളിക്കാമായിരുന്നു. അക്കാദമിയുടെ സുവർണ്ണ ജൂബിലിയും ഞാൻ കാര്യദർശി ആയിരുന്നപ്പോഴാണ് ഗംഭീരമായി ആഘോഷിച്ചത്. കേരളത്തോട് പക്ഷപാതം കാണിക്കുന്നു എന്ന് തോന്നിക്കാതെ തന്നെ ഞാൻ കേരളത്തിന് വേണ്ടി പറ്റാവുന്നതെല്ലാം ചെയ്തു. മലയാളി എഴുത്തുകാരെ ധാരാളം അക്കാദമി പരിപാടികളിൽ പങ്കെടുപ്പിച്ചു. കേരളത്തിൽ വെച്ച് ഒരു പാട് സെമിനാറുകളും ജൂബിലി യുവസാഹിത്യ സമ്മേളനവും ‘മീറ്റ് ദി ഓതർ’ പരിപാടികളും കവിയരങ്ങുകളും സംഘടിപ്പിച്ചു. ആദ്യമായി അക്കാദമിയുടെ സെക്രട്ടറിയാകുന്ന മലയാളി എന്ന നിലയിൽ അതെല്ലാം എന്റെ ചുമതലയായിരുന്നു എന്ന് ഞാൻ കരുതുന്നു. ഡൽഹിയിൽ ഓംചേരി, എം. മുകുന്ദൻ തുടങ്ങിയ എഴുത്തുകാരിൽ നിന്നും ഡൽഹി മലയാളി അസ്സോസിയേഷൻ, ജനസംസ്കൃതി തുടങ്ങിയ സംഘടനകളിൽ നിന്നും നല്ല പിന്തുണയാണ് എനിക്ക് ലഭിച്ചത്.
അക്കാദമിയിൽ നിന്ന് വിരമിച്ചശേഷം ഞാൻ പല ജോലികൾ ചെയ്തുകൊണ്ടിരുന്നു. സർക്കാരിന്റെ ഉന്നത വിദ്യാഭ്യാസ വകുപ്പിൽ ഉപദേശകൻ, അജീത് കൌർ നടത്തുന്ന ഒരു ‘സാർക്ക്’ സാംസ്കാരിക സംഘടനയുടെ കാര്യവാഹകനും അവരുടെ ‘ബിയോണ്ട് ബോർഡേഴ്സ്’ എന്ന മാസികയുടെയും ‘സാർക്ക് സാഹിത്യലൈബ്രറി’ എന്ന ഗ്രന്ഥപരമ്പരയുടെയും എഡിറ്ററും, ‘കഥ’ എന്ന പ്രസിദ്ധീകരണഗൃഹത്തിൽ എഡിറ്റർ, ഇന്ദിരാ ഗാന്ധി ഓപ്പൺ യൂനിവേഴ്സിറ്റിയിൽ വിവർത്തന വകുപ്പിന്റെ സ്ഥാപക ഡയറക്ടർ, ഒടുവിൽ സിംലയിലെ ‘ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്‌ഡ് സ്റ്റഡീസി’ന്റെ ക്ഷണമനുസരിച്ചു അവിടെ ഒരു വര്ഷം നാഷണൽ ഫെല്ലോ- ഇവയെല്ലാം എന്റെ അനുഭവത്തിനും അക്കാദമിക് പ്രവർത്തനത്തിനും വലിയ സംഭാവനകൾ നൽകി. ഒപ്പം ലോകത്തെ മിക്ക ഭൂഖണ്ഡങ്ങളിലും സഞ്ചരിക്കാനും അവിടത്തെ സംസ്കാരവും കലയും സാഹിത്യവും നേരിട്ടറിയാനുമുള്ള അവസരങ്ങൾ ലഭിച്ചു. ഇത് ഡൽഹിയിൽ ആയതു കൊണ്ട് മാത്രം ആകണം എന്നില്ലെങ്കിലും ഈ ലൊക്കേഷൻ നിശ്ചയമായും അതിൽ ഒരു പങ്കു വഹിച്ചിട്ടുണ്ട്.
എല്ലാ ജോലികളും ചെയ്തുകൊണ്ടിരിക്കുമ്പോഴും സാഹിത്യം, വിശേഷിച്ചും കവിത, എന്റെ ആദ്യപ്രണയമായി തുടർന്നു. കഴിഞ്ഞ 25 വർഷത്തിൽ എന്റെ 15 കവിതാസമാഹാരങ്ങൾ ഇറങ്ങി, അത്ര തന്നെ ലേഖനസമാഹാരങ്ങളും. എണ്ണത്തെക്കാൾ പ്രധാനം അവയ്ക്ക് പുതിയ ദിശകൾ കൈവന്നു എന്നതാണ്. ഒന്നാമതായി ഞാൻ ഇംഗ്ലീഷിലും ലേഖനങ്ങൾ ധാരാളമായി എഴുതാൻ തുടങ്ങി. ‘ഫ്രന്റ്ലൈനി’ലെ കോളം മാത്രമല്ല ഞാൻ ഉദ്ദേശിക്കുന്നത്, പ്രബന്ധങ്ങളും പ്രഭാഷണങ്ങളുമായി ഏറെ ലേഖനങ്ങൾ: അവയിൽ കുറെ എണ്ണം എന്റെ നാല് ഇംഗ്ലീഷ് സമാഹാരങ്ങളിലുണ്ട്.

രണ്ടാമതായി, ഇവിടെ എന്റെ വായനയ്ക്കും ചിന്തയ്ക്കും പുതിയ ദിശകൾ കൈവന്നു. കേരളത്തിൽ മാത്രം ജീവിക്കുന്നത് സുഖകരമായിരിക്കെത്തന്നെ ധൈഷണികമായ സങ്കുചിതത്വത്തിനും കാരണമാകാം. കേരളത്തിൽ പുലർത്തിയിരുന്ന പല ധാരണകളും നിലപാടുകളും പുനഃപരിശോധിക്കാൻ എനിക്ക് ഡൽഹി അവസരം തന്നു. എന്റെ കവിതയെയും ഡൽഹി ജീവിതം പല രീതിയിൽ സ്വാധീനിച്ചു:
ഒന്ന്, ഡൽഹിയെക്കുറിച്ചു തന്നെയുള്ള കവിതകൾ. രണ്ട്, ഇവിടെ നിന്ന് കേരളത്തിലേക്ക് ചിലപ്പോൾ ഗൃഹാതുരത്വത്തോടെയും, ചിലപ്പോൾ വിമർശനാത്മകമായും നോക്കുന്ന രചനകൾ (അവയിൽ പലതും മലയാള ഭാഷയെ ചുറ്റിപ്പറ്റിയാണ്).
മൂന്ന്, ഉത്തരേന്ത്യൻ സംസ്കാരത്തിൽ നിന്നുണ്ടാകുന്ന കവിതകൾ (ഹിന്ദുസ്ഥാനി സംഗീതം, ഭക്തി കവികൾ...).
നാല്, ദേശീയരാഷ്ട്രീയവുമായി പ്രത്യക്ഷമായും പരോക്ഷമായും ബന്ധപ്പെട്ട രചനകൾ (ഇവ പലപ്പോഴും പ്രതിരോധപ്രസ്ഥാനങ്ങളുമായി ബന്ധപ്പെട്ടതിന്റെ കൂടി ഫലമാണ്).
അഞ്ച്, ഇന്ത്യയിലും പുറത്തും നടത്തിയ യാത്രകളുമായി ബന്ധപ്പെട്ട നിരവധി കവിതകൾ. ഇവയ്ക്കൊപ്പം എന്റെ പ്രമേയങ്ങൾ- പ്രകൃതി, പ്രണയം, മരണം, ബന്ധങ്ങൾ, പ്രപഞ്ചരഹസ്യങ്ങൾ -കൈകാര്യം ചെയ്യുന്നത് ഞാൻ തുടരുകയും ചെയ്തു.
കേരളത്തിൽ നാലു വർഷം മുൻപാണ് ഞാൻ താമസമാരംഭിച്ചത്. വന്നയുടൻ കേരള സാഹിത്യ അക്കാദമിയുടെ അദ്ധ്യക്ഷൻ എന്ന ചുമതല ഏൽക്കേണ്ടിവരികയും ചെയ്തു. ഇവിടെ പലരും ചോദിക്കാറുണ്ട്, ഡൽഹി മിസ്സ് ചെയ്യുന്നുണ്ടോ എന്ന്. തീർച്ചയായും. ഡൽഹിയിലെ മലയാളികളുടെ സ്നേഹം, ഡൽഹിയിലെ സാംസ്കാരിക സായാഹ്നങ്ങൾ, എന്തിനു ഞങ്ങൾ താമസിച്ചിരുന്ന ഇടങ്ങളിലെ- ലാജ്പത് നഗർ, മയൂർ വിഹാർ, പട്പർഗൻജ്- സൗഹൃദങ്ങൾ, വിശേഷിച്ചും വളരെ കാലം താമസിച്ച മലയാളികൾ സ്ഥാപിച്ച നീതി അപ്പാർട്മെന്റ്സിലെ കുടുംബസുഹൃത്തുക്കൾ, എല്ലാം നഷ്ടബോധം ഉണ്ടാക്കുന്നു. ഡൽഹി മലയാളി കൂട്ടായ്മയെ വിശേഷിച്ചും ഓർക്കുന്നു. ഡൽഹി മലയാളി അസോസിയേഷന് ഈ വിശേഷാവസരത്തിൽ എന്റെ നന്ദിയും ആശംസകളും. എന്നും ഡൽഹി മലയാളികളും ഡൽഹി മലയാളി അസോസിയേഷനും എന്റെ മനസ്സിൽ ഉണ്ടാകും.
(‘അവിരാമം’ എന്ന ആത്മകഥയില്‍നിന്ന്. പ്രസാധനം: Carnet Publishers).
