കവിതയും
ഇതര കലകളും

തന്റെ കവിതയിലെ സംഗീതത്തിന്റെയും ചിത്രകലയുടെയും നൃത്തത്തിന്റെയുമെല്ലാം സ്വാധീനങ്ങളെക്കുറിച്ചെഴുതുന്നു, സച്ചിദാനന്ദൻ. ‘അവിരാമം’ എന്ന ആത്മകഥയിൽനിന്ന്.

നിധിചാല സുഖമാ
ചെമ്പൈ പതുക്കെപ്പതുക്കെ
കല്യാണിയായി അലിയുന്നു
കാറ്റ് വൃക്ഷങ്ങളെ വയലിനാക്കുന്നു
മേഘങ്ങൾ മൃദംഗമായി മുഴങ്ങുന്നു
കുന്നുകളിൽ പെയ്യുന്ന മഴ ഘടമാകുന്നു
പനയോല തപ്പുകൊട്ടുന്നു
അടൽത്തിരകൾ ശ്രുതി മീട്ടുന്നു
(‘നിധിചാല സുഖമാ’)

വിതയിൽ മറ്റു കലകളുമായുള്ള ഒരു സംഭാഷണമുണ്ട്. സംഗീതത്തെയും ചിത്രങ്ങളെയും ശിൽപങ്ങളെയും കുറിച്ചുള്ള കവിതകൾ ലോകസാഹിത്യത്തിൽ എമ്പാടുമുണ്ട്. ഈ കലകൾ, ചലച്ചിത്രവും, കവിതയുടെ രൂപ-ഭാവങ്ങളെ പല രീതികളിൽ സ്വാധീനിച്ചിട്ടുമുണ്ട്. ദൃശ്യാത്മകതയും സംഗീതാത്മകതയും കവിതയുടെ കൂടി ഗുണങ്ങളാണല്ലോ. ഒപ്പം അതിൽ ആഖ്യാനത്തിന്റെയും നാടകത്തിന്റെയും ആത്മകഥയുടെയും ജീവചരിത്രതിന്റെയും അംശങ്ങളുണ്ട്, സിനിമയുടെ ചലന(മൊണ്ടാഷ്)വുമുണ്ട്.

‘ഗാന്ധിയും കവിതയും’, ‘ഗാന്ധിയും വൃക്ഷവും’,‘സാബർമതിയിലെ ചെരിപ്പുകുത്തി’, ‘അഹിംസയെക്കുറിച്ചു ഒരു സംവാദം’ എന്നീ ഗാന്ധിക്കവിതകളിൽ എന്ന പോലെ ‘പ്രവാചകനും ഉറുമ്പും’, ‘യേശുവും കഴുതയും’, ‘സിദ്ധാർഥനും അണ്ണാർ കണ്ണനും’ തുടങ്ങിയ കവിതകളിലും സംഭാഷണപ്രധാനമായ ഒരു നാടകീയസ്വഭാവമുണ്ട്; ‘യന്ത്രം’, ‘പശുവും പുലിയും’ തുടങ്ങിയവ കവിതയിൽ പറയുന്ന കഥകളാണ്. ‘സുലേഖ’, ‘മറവി മൂടും മുന്നേ’, ‘സിംഫണി’, ‘അച്ഛൻ’, ‘അമ്മ’ ‘വീട്ടിലേയ്ക്ക്’ ആത്മഗീത’, ‘മുപ്പത്’, ‘നാൽപ്പത്’, ‘അൻപത്’, അറുപത്’, ‘എഴുപത്’, ‘എഴുപത്തഞ്ച്’ തുടങ്ങി ഒട്ടേറെ കവിതകൾ ആത്മകഥാപരങ്ങളാണ്, അഥവാ ആത്മനിരീക്ഷണങ്ങളാണ്. ടി കെ രാമചന്ദ്രൻ, ടി എൻ ജോയ്, ഏ. സോമൻ, സുബ്രഹ്മണ്യദാസ്, മേഘനാദൻ തുടങ്ങി മരിച്ചുപോയവരോ ആത്മഹത്യ ചെയ്തവരോ ആയ സ്നേഹിതർക്കുവേണ്ടി എഴുതിയ കവിതകൾ ജീവചരിത്രപരമാണ് എന്നും പറയാം.

കവിതയിൽ മറ്റു കലകളുമായുള്ള ഒരു സംഭാഷണമുണ്ട്.
വിതയിൽ മറ്റു കലകളുമായുള്ള ഒരു സംഭാഷണമുണ്ട്.

ഞാൻ വായിച്ച കവികളെയും എഴുത്തുകാരെയും കുറിച്ചുള്ള ഒരു പാട് കവിതകൾ ഞാൻ എഴുതാൻ ഇടവന്നിട്ടുണ്ട്. എഴുത്തച്ഛൻ, ആശാൻ, ഇടശ്ശേരി, പി, വൈലോപ്പിള്ളി, കടമ്മനിട്ട, അയ്യപ്പപ്പണിക്കർ, സുഗതകുമാരി, എ അയ്യപ്പൻ, കേദാർ നാഥ് സിംഗ്, ധൂമിൽ, കബീറും മീരയും ബസവയും അക്കമഹാദേവിയും ആണ്ടാളും മുതൽ തുക്കാറാമും, നാമദേവനും ത്യാഗരാജനും ലല്ലാ ആരിഫയും ബുള്ളേ ഷായും വരെ പതിനഞ്ചു ഭക്തി-സൂഫി കവികൾ, ഇവരെക്കുറിച്ചെല്ലാമുള്ള കവിതകൾ തന്നെ ഉദാഹരണം, അഥവാ ഇയ്യിടെ എഴുതിയ മിലാൻ കുന്ദേരയെക്കുറിച്ചുള്ള ‘വെർട്ടിഗോ’ എന്ന കവിത.

കുട്ടിക്കാലത്ത് എനിക്കുണ്ടായിരുന്ന പല ആഗ്രഹങ്ങളിൽ ഒന്ന് ഒരു കർണ്ണാട്ടിക് പാട്ടുകാരൻ ആവുക എന്നതായിരുന്നു. ഞാൻ കൊടുങ്ങല്ലൂർ ബോയ്സ് ഹൈസ്കൂളിലേയ്ക്ക് പോകും വഴി ഒരു മഠത്തിൽ കുട്ടികളെ പാട്ട് പഠിപ്പിക്കുന്നത് എന്നും കേൾക്കുമായിരുന്നു. എന്നാൽ രാവിലെ പുറപ്പെട്ടു അഞ്ചു കിലോമീറ്റർ നടന്നും വഴിയിൽ ഒരു പുഴ തോണിയിൽ കടന്നും സ്കൂളിൽ എത്തുകയും വൈകീട്ട് അതേപോലെ തിരിച്ചു വീട്ടിൽ വരികയും ചെയ്തിരുന്ന എനിക്ക് സ്കൂളിലെ കളികളിൽ പങ്കെടുക്കാൻ പോലും സമയമുണ്ടായിരുന്നില്ല. ഫീസ് നൽകി പാട്ട് പഠിക്കുന്ന കാര്യം വീട്ടിൽ ഉന്നയിക്കാനും കഴിയുമായിരുന്നതായിരുന്നില്ല സാഹചര്യം.

അന്ന് വീട്ടിൽ ഗ്രാമഫോൺ ഇല്ലായിരുന്നു. അതുകൊണ്ട് മുടങ്ങാതെ കൊടുങ്ങല്ലൂർ ഭഗവതീക്ഷേത്രത്തിലെ താലപ്പൊലിയുത്സവത്തിനു പാട്ടുകച്ചേരികൾ കേൾക്കാൻ പോകുമായിരുന്നു. നെയ്യാറ്റിൻകര വാസുദേവൻ, എം.എൽ. വസന്തകുമാരി, ചെമ്പൈ വൈദ്യനാഥഭാഗവതർ, ശെമ്മാങ്കുടി ശ്രീനിവാസഅയ്യർ, എസ്. രാമനാഥൻ തുടങ്ങിയവർ അവിടെ കച്ചേരികൾ നടത്തുമായിരുന്നു.

ഞാൻ വായിച്ച കവികളെയും എഴുത്തുകാരെയും കുറിച്ചുള്ള ഒരു പാട് കവിതകൾ ഞാൻ എഴുതാൻ ഇടവന്നിട്ടുണ്ട്.
ഞാൻ വായിച്ച കവികളെയും എഴുത്തുകാരെയും കുറിച്ചുള്ള ഒരു പാട് കവിതകൾ ഞാൻ എഴുതാൻ ഇടവന്നിട്ടുണ്ട്.

വീട്ടിൽ റേഡിയോ വന്നതോടെ കാര്യങ്ങൾ ഭേദപ്പെട്ടു. അന്നത്തെ മലയാളം, ഹിന്ദി, തെലുങ്ക് ( എസ് ജാനകി, പി ബി ശ്രീനിവാസ്, ബാബുരാജ്, മുഹമ്മദ് റാഫി, ലതാ മങ്കേഷ്കർ, ആശാ ഭോ​സ്ലേ, പി. ഭാനുമതി തുടങ്ങിയവരുടെ കാലം, പിന്നെ റേഡിയോ സിലോണിൽ രാവിലെ പങ്കജ് മല്ലിക്കും കെ എൽ സൈഗാളും സുരയ്യയും മറ്റും). സിനിമാപ്പാട്ടുകളും വലിയ പാട്ടുകാരുടെ കച്ചേരികളും കേൾക്കാം എന്നായി. പിന്നീട് ആ താത്പര്യം വലുതായി. എറണാകുളത്തുവെച്ച് രവിശങ്കർ ഉൾപ്പെടെ വലിയ ഉപകരണസംഗീതവിദഗ്ദ്ധരെ കെട്ടു. ടേപ്പ് റെക്കോഡർ വന്നതോടെ ഇഷ്ടമുള്ള പാട്ടുകൾ തെരഞ്ഞെടുക്കാം എന്നായി. പിറകേ യു ട്യൂബ് ഉൾപ്പെടെയുള്ള പുതിയ മാധ്യമങ്ങൾ വന്നു. ഇംഗ്ലീഷിൽ പറയും പോലെ, ‘പിന്നെ ഞാൻ തിരിഞ്ഞു നോക്കിയിട്ടില്ല’.

കേരളത്തിൽവെച്ചു തന്നെ ഹിന്ദുസ്ഥാനി സംഗീതത്തിൽ താത്പര്യമെടുക്കാൻ തുടങ്ങി. പതിവായി ഭോപ്പാലിലേയ്ക്കുള്ള യാത്രകളിൽ ഭാരത്‌ഭവനിൽ നടക്കാറുള്ള സംഗീതപരിപാടികൾ കേൾക്കാൻ തുടങ്ങി; അവരുടെ വലിയ സംഗീതശേഖരവും പ്രയോജനപ്പെട്ടു. അവിടെ വെച്ചാണ് പലകുറി കുമാർ ഗന്ധർവ്, ഭീംസെൻ ജോഷി, മല്ലികാർജുൻ മൻസൂർ, ഗിരിജാദേവി, ഗംഗൂഭായ് ഹംഗൽ തുടങ്ങിയവരെ കേൾക്കുന്നത്. ഡൽഹിയിൽ വന്നതോടെ പണ്ഡിറ്റ് ജസ് രാജ്, കിഷോരി അമോൻകർ, ഗുണ്ടേച്ചാ സഹോദരന്മാർ, സാജൻ മിശ്ര-രാജൻ മിശ്ര, ഉല്ലാസ് കശാൽകർ തുടങ്ങിയ ക്ലാസിക്കൽ സംഗീതകാരന്മാരെയും മിക്കവാറും എല്ലാ പ്രധാനഹിന്ദുസ്ഥാനി ഉപകരണവിദ്വാന്മാരെയും- അംജദ് ആലിഖാൻ, ശിവകുമാർ ശർമ, ഹരിപ്രസാദ് ചൌരസ്യ, സാക്കീർ ഹുസൈൻ, ബിസ്മില്ലാ ഖാൻ - ഇന്ത്യയിലെയും പാക്കിസ്ഥാനിലെയും മുഖ്യ ഗസൽഗായകരെയും ദർഗ്ഗകളിലെ ഖവ്വാലിഗായകരെയും ഇടയ്ക്കു മാത്രം കർണ്ണാട്ടിക് വായ്പ്പാട്ടുകരെയും ഉപകരണസംഗീതജ്ഞരെയും- ബോംബെ ജയശ്രീ, ടി എം കൃഷ്ണ, വിദ്യാറാവു, എൻ രാജം - നേരിട്ട് കേൾക്കാൻ അവസരം ലഭിച്ചു, കാസറ്റുകളുടെയും പിന്നെ സി ഡി, ഡി വി ഡികളുടെയും ഒരു നല്ല ശേഖരം ഉണ്ടായി, യു ട്യൂബിന്റെ വരവോടെ തെരഞ്ഞെടുപ്പ് അനായാസമായി. സംഗീതോത്സവങ്ങളിൽ നേരിട്ടും വെർച്വൽ ആയും പങ്കു കൊള്ളാൻ ആരംഭിച്ചു, ബഹാവുദീൻ ദാഗർ തുടങ്ങിയവർ സുഹൃത്തുക്കൾ തന്നെയായി, ഞങ്ങൾ ഒന്നിച്ച് ചൈനയിൽ കവിതയും സംഗീതവും നിറഞ്ഞ പത്ത് ദിവസം കഴിഞ്ഞപ്പോൾ കൂടുതൽ അടുത്തു. പല ഘരാനകളിലെയും പാട്ടുകാരെ കെട്ടു, പഴയ കാലം മുതലുള്ളവർ. പാശ്ചാത്യസംഗീതത്തിലുള്ള- ക്ലാസ്സിക്കൽ, പോപ്‌, ഉപകരണ സംഗീതം,നാടോടി സംഗീതം, ജാസ്, , ബ്ലൂസ്- താത്പര്യവും വർദ്ധിച്ചു.

‘രാമനാഥൻ പാടുമ്പോൾ’( 1985) ആണ് നേരിട്ട്  സംഗീതം പ്രമേയമാക്കുന്ന എന്റെ ആദ്യത്തെ കവിത. എം ഡി രാമനാഥന്റെ സംഗീതത്തിൽ ലഹരി പിടിച്ചിരുന്ന ഒരു കാലത്താണ് അതെഴുതുന്നത്‌.
‘രാമനാഥൻ പാടുമ്പോൾ’( 1985) ആണ് നേരിട്ട് സംഗീതം പ്രമേയമാക്കുന്ന എന്റെ ആദ്യത്തെ കവിത. എം ഡി രാമനാഥന്റെ സംഗീതത്തിൽ ലഹരി പിടിച്ചിരുന്ന ഒരു കാലത്താണ് അതെഴുതുന്നത്‌.

വാസ്തവത്തിൽ ഇത് എന്റെ ചിത്രകലാപ്രണയം പോലെ ഒരു രഹസ്യപ്രേമമാണ്. അപൂർവ്വമായി മാത്രമേ ഈ അനുഭവങ്ങൾ എന്റെ കവിതയിൽ കടന്നുവന്നിട്ടുള്ളൂ. അപ്രതിരോധ്യമായ ചില സന്ദർഭങ്ങളിൽ മാത്രം. നൃത്തവും അങ്ങനെ തന്നെ- ഭരതനാട്യവും കഥക്കും ഒഡിസ്സിയും കുച്ചിപ്പുടിയും മുതൽ റഷ്യൻ ബാലെയും സ്പാനിഷ് ഫ്ലാമെങ്കോയും കണ്ടംപററി ഡാൻസും വരെ- ആസ്വദിക്കുന്ന ഒരാളാണ് ഞാൻ. ഈ കലകളുമായുള്ള പരിചയം- ഞാൻ ഇവയിൽ ഒന്നിലും ഒരു ‘പണ്ഡിതൻ’ അല്ല, ഏറിയാൽ ഒരു ‘രസികൻ’ മാത്രമാണ്- പ്രമേയങ്ങൾ എന്ന നിലയിൽ എന്നതിനേക്കാൾ എന്റെ കവിതയുടെ രൂപങ്ങളെയും ഘടനകളെയും സ്വരങ്ങളേയും സ്വാധീനിക്കുന്ന പ്രചോദനപ്രഭവങ്ങൾ എന്ന നിലയിലാണ് ഇവയെല്ലാം എന്നിൽ പ്രവർത്തിച്ചിട്ടുള്ളത്.

ഇന്ത്യൻ സംഗീതത്തിൽ എന്നെ പ്രത്യേകം ആകർഷിച്ചിട്ടുള്ളവരുടെ പട്ടികയൊന്നും ഇവിടെ നിരത്തുന്നില്ല. പല കവിതകളിലും അവരുടെ പേരുകൾ, രാഗനാമങ്ങൾ ഇവയൊക്കെ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. എങ്കിലും പൊതുവേ ‘സംഗീതാത്മകം’ എന്ന് പറയപ്പെടുന്ന ശബ്ദമാധുരി ഇല്ലാതെ സംഗീതം സൃഷ്ടിച്ച ചിലരോട് – എം ഡി രാമനാഥൻ, ഗംഗൂഭായ് ഹംഗൽ തുടങ്ങിയവർ- പ്രത്യേകമായ ഒരടുപ്പമുള്ളത് മറച്ചുവെയ്ക്കുന്നുമില്ല. എം ഡി രാമനാഥനെക്കുറിച്ചു ഒരിക്കൽ പറഞ്ഞപ്പോൾ, “ഓ, ആ കാളയുടെ സ്വരമുള്ളയാളോ? അതിൽ എന്ത് സംഗീതം?” എന്ന് ബാലമുരളീകൃഷ്ണയുടെ ആരാധകനായ പ്രിയമിത്രം വിഷ്ണുനാരായണൻ നമ്പൂതിരി പറഞ്ഞത് ഞാൻ ഇന്നും ഓർക്കുന്നു. ഇത് അദ്ദേഹത്തിന്റെ മാത്രം അഭിപ്രായമല്ലെന്നും അറിയാം. കർണ്ണാട്ടിക് സംഗീതത്തിൽ ഹിന്ദുസ്ഥാനിയുടെ ചില കലർപ്പുകൾ നടത്തുന്നതു കൊണ്ടുകൂടിയാകാം -കുമാർ ഗന്ധർവ് ഹിന്ദുസ്ഥാനിയിൽ ഫോക് അംശങ്ങൾ കലർത്തുന്നു എന്ന് ‘ആരോപിക്കുന്ന’വരും ഉണ്ടല്ലോ- എം ഡി രാമനാഥന്റെ ആധുനികത യാഥാസ്ഥിതികർക്കു രസിക്കാത്തത്. സംഗീതത്തെ ജനപ്രിയമാക്കുന്നതിന്റെ പേരിൽ ടി എം കൃഷ്ണയ്ക്ക് ധാരാളം വിമർശനം കേൾക്കേണ്ടിവരുന്ന സമയവുമാണല്ലോ ഇത്.

പാട്ടിന്റെ സൂചനകൾ എന്റെ ‘മൂന്നു പേർ പാടുന്നു’ മുതൽ ‘സിംഫണി’ വരെ ഒരു പാട് കവിതകളിൽ വരുന്നുണ്ട്. ‘വീടുമാറ്റം’ എന്ന കവിതയ്ക്ക് പ്രചോദനമായത് തന്നെ മല്ലികാർജുൻ മൻസൂറിന്റെ ‘പിയാ നീന്ത് ന ആയ്’ ആലാപനം കേട്ടതാണ്, അത് തുടങ്ങുന്നതും ആ വരി കൊണ്ടാണല്ലോ (‘ഇല്ല വരുന്നില്ലുറക്കം പ്രിയേ, പ്രിയേ...’) കഥകളിസംഗീതത്തിലെ ദണ്ഡകരൂപം ഉപയോഗിക്കാൻ എന്നെ പ്രേരിപ്പിച്ചത് കുട്ടിക്കാലം മുതൽ ആട്ടക്കഥയോടുള്ള പ്രിയം മാത്രമല്ല , അയ്യപ്പപ്പണിക്കർ ‘മൃത്യുപൂജ’, ‘കുടുംബപുരാണം’ തുടങ്ങിയവയിൽ അത് പ്രയോഗിച്ചുകാണിച്ചതും ചില മൂഡുകൾക്കു അത് പറ്റും എന്നതും കൂടിയാണ്. ( ശ്യാമഗീതം, ഒടുവിൽ ഞാനൊറ്റയാകുന്നു- ഈ രണ്ടാമത്തെ കവിത പിന്നീട് ഹിന്ദുസ്ഥാനിരീതിയിൽ മഴ മനോഹരമായി പാടുന്നത് ഇഷ്ടമാവുകയും ചെയ്തു.).

‘അഷ്ടപദി’, ‘മദ്ധ്യമാവതി’ ‘ലാൽഗുഡി വയലിൻ വായിക്കുമ്പോൾ’,‘മാൽകൌൻസ് ‘ തുടങ്ങിയ ശീർഷകങ്ങൾ കവിതകൾക്ക് നൽകാനും ഈ സംഗീതപ്രേമം കാരണമായിട്ടുണ്ട്, ഇവയിൽ ‘മാൽകൌൻസ്’ മാത്രമാണ് നേരിട്ട് സംഗീതം പ്രതിപാദിക്കുന്നതെങ്കിലും. കേരളത്തിലെ ചെണ്ടവിദഗ്ദ്ധർക്ക് സമർപ്പിച്ച ‘ഒരു വേനൽക്കിനാവ്’ (1992) ആകാം ഞാൻ നേരിട്ട് ഒരു വാദ്യം വിഷയമാക്കുന്ന ആദ്യ കവിത.( ‘താളം’ എന്ന വാചാലമായ ഒരു കൌമാരകവിതയെ മറക്കുന്നില്ല). പെരുവനം കുട്ടന്മാരാർ ആണ് അതെഴുതിച്ചത്.

സംഘകാലസ്മൃതികളും വർത്തമാനകാല ബിംബങ്ങളും ചേർന്നുള്ള ആ കവിത അവസാനിക്കുന്നത് ഇങ്ങനെയാണ്‌:

“മഴ നിലയ്ക്കുന്നൂ
നിറയുന്നൂ പച്ച-
ത്തളിരാൽ, പൂക്കളാൽ,
കിളികളാൽ ഭൂമി
അസുരവാദ്യത്താൽ
സുരലോകം തീർക്കും
മഹാനുഭാവനെൻ
നമസ്കാരം!വീര-
ച്ചുമലിൽ നാദത്തിൻ
കടൽ ചുമന്നൊര-
ത്തയമ്പിനു ദണ്ഡ-
നമസ്കാരം! താള-
ത്തിരകളിൽ തേഞ്ഞു
വിളഞ്ഞുരുണ്ടൊരാ-
വിരലിന്നഷ്ടാംഗ
മഹാനമസ്കാരം”.
‘ലാൽഗുഡി വയലിൻ വായിക്കുന്നു’ ( 1992).

കേരളത്തിലെ ചെണ്ടവിദഗ്ദ്ധർക്ക് സമർപ്പിച്ച ‘ഒരു വേനൽക്കിനാവ്’  (1992) ആകാം ഞാൻ നേരിട്ട് ഒരു വാദ്യം വിഷയമാക്കുന്ന ആദ്യ കവിത.( ‘താളം’ എന്ന വാചാലമായ  ഒരു കൌമാരകവിതയെ മറക്കുന്നില്ല). പെരുവനം കുട്ടന്മാരാർ ആണ് അതെഴുതിച്ചത്.
കേരളത്തിലെ ചെണ്ടവിദഗ്ദ്ധർക്ക് സമർപ്പിച്ച ‘ഒരു വേനൽക്കിനാവ്’ (1992) ആകാം ഞാൻ നേരിട്ട് ഒരു വാദ്യം വിഷയമാക്കുന്ന ആദ്യ കവിത.( ‘താളം’ എന്ന വാചാലമായ ഒരു കൌമാരകവിതയെ മറക്കുന്നില്ല). പെരുവനം കുട്ടന്മാരാർ ആണ് അതെഴുതിച്ചത്.

സംഗീതത്തോട് പ്രതികരിക്കുന്നത് ലെനിൻ പ്രതികരിച്ച രീതിയിലാണ്. സംഗീതത്തിന്റെ ഉന്മാദം നമ്മെ ക്രൂരമായ യാഥാർത്ഥൃങ്ങളിൽ നിന്ന് അകറ്റുമെന്ന ഭയം. അതു കൊണ്ടാണ് അതിൽ ഘടം ചോരകൊണ്ട് നിറയുന്നതും മൃദംഗത്തിൽ ചെന്തീയാളുന്നതും. എങ്കിലും അവസാനം പ്രത്യാശ തിരിച്ചു വരുന്നുണ്ട്:
“വയലിൻ വായിക്കുന്നൂ ലാൽഗുഡി:
കിനാവുകൾ കാണ്മു ഞാൻ കാംബോജിയിൽ
നിവർന്നു നടക്കുന്നൂ കൂനി
ആടുന്നൂ നൃത്തം പദമറ്റവൾ
ഊമ പാടുന്നു
പുഷ്പിക്കുന്നൂ കറുത്ത പെരുവിരൽ’’.

ഇരുണ്ട കാലത്ത് ഇത്തരം സ്വപ്‌നങ്ങൾ കാണിക്കുന്നത് ഒരു ക്രൂരതയാണ് എന്ന സൂചനയാണ് അവസാന വരികൾ : “ ഒരു വേനലും ക്രൂരനല്ല/ ലാൽഗുഡിയെക്കാൾ.”

‘രാമനാഥൻ പാടുമ്പോൾ’( 1985) ആണ് നേരിട്ട് സംഗീതം പ്രമേയമാക്കുന്ന എന്റെ ആദ്യത്തെ കവിത. എം ഡി രാമനാഥന്റെ സംഗീതത്തിൽ ലഹരി പിടിച്ചിരുന്ന ഒരു കാലത്താണ് അതെഴുതുന്നത്‌. രാമനാഥന്റെ ആലാപനത്തിന്റെ പ്രത്യേകതകൾ അതിൽ ഞാൻ അന്വേഷിക്കുന്നുണ്ട്, ഒപ്പം അദ്ദേഹത്തിന് പ്രിയപ്പെട്ട കൃതികളുടെ സൂചനകളുമുണ്ട്. വിളംബിതമായ ആലാപനം, (വനഹൃദയത്തിലെ മഹാവൃക്ഷത്തിന്നകത്തെ ഹരിതരസത്ത്തിന്റെ വിളംബിതസഞ്ചാരം, ഗുഹാന്തരത്തിലെ കുളിർ നീരുറവയുടെ മന്ത്രസ്ഥായിയിലുള്ള വിശുദ്ധവിസ്താരം...) സ്വരങ്ങൾ തെരഞ്ഞെടുക്കുന്നതിലെ മിതത്വം (ലുബ്ധൻ സ്വർണ്ണനാണയങ്ങളെന്നപോലെ ഗായകൻ സ്വരങ്ങൾ തുടച്ചു തിരഞ്ഞെടുക്കുന്നു), അനുസ്മരിപ്പിക്കുന്ന ശബ്ദവൈചിത്ര്യങ്ങൾ (കാളയുടെ കുരലിൽ അവൻ ഒരു തുടി, കുയിലിന്റെ തൊണ്ടയിൽ പുള്ളുവന്റെ കുടം , ആനയുടെ കുരലിൽ അമറുന്ന തംബുരു, ഇപ്പോൾ അവൻ ഒരു മുരളി, അവന്റെ തുളകളിലൂടെ വേനലിൽ മെലിഞ്ഞ പുഴകൾ...), അദ്ദേഹത്തിന്റെ പ്രിയ രാഗങ്ങൾ (ഗതകാലപുഷ്കരത്തിൽ വിടരുന്ന താമരകൾക്കിടയിൽ സാമജവരൻ ഇളകിയാടുന്ന ഹിന്ദോളം, വിജനമായ രാജതഗിരിയുടെ സ്ഫടിക തുഷാരം സുന്ദരേശ്വരനായി നടനമാടുന്ന ശങ്കരാഭരണം...). അവസാന വരികൾ ആ ആലാപനത്തിന്റെ സമഗ്രാനുഭവം സംഗ്രഹിക്കുന്നു:

“രാമനാഥൻ പാടുമ്പോൾ
ഏതോ ഹിമാവൃതഭൂഖണ്ഡത്തിൽ ആണ്ടുപോയ
പ്രാക്തനനഗരത്തിന്റെ തെരുവുകളിൽ അലയുന്ന പഥികൻ
ഇപ്പോഴും വറ്റാതൊഴുകുന്ന മനുഷ്യശബ്ദത്തിന്റെ
തെളിനീരുറവ കണ്ടെത്തുന്നു
രാമനാഥൻ പാടുമ്പോൾ
മരിക്കുന്ന ഭൂമിയിൽനിന്ന് പറന്നുയരുന്ന
അവസാനത്തെ ശൂന്യാകാശനാവികൻ
മറ്റൊരു നക്ഷത്രത്തിൽ ഇല വിരിഞ്ഞുയരുന്ന
ജീവന്റെ നാമ്പ് കണ്ടെത്തുന്നു”

‘തോടി’ (1991) കുമാർ ഗന്ധർവ്വിന്റെ ആലാപനത്തിന്റെ അനുഭവമാണ്. അതിൽ ഗായകനോ ഗാനമോ നേരിട്ട് വരുന്നതേയില്ല. കേൾവിയുടെ അനുഭവത്തെ ബിംബങ്ങളിൽ പിടിച്ചെടുക്കാനാണ് ശ്രമം. തുടങ്ങുന്നത് തന്നെ ‘കണ്ണടയ്ക്കുക’ എന്നാ നിർദ്ദേശവുമായാണ് പിന്നെ ഉത്തരേന്ത്യൻ ജീവിത രംഗങ്ങളുടെ ഒരു ഘോഷയാത്രയാണ്. വിശേഷിച്ചും ഗ്രാമദൃശ്യങ്ങൾ. ഗോത്രസ്വപ്നം ഉരുട്ടിയെടുത്ത മൺകുതിരകൾ. ചുവടു വെച്ച് കളിക്കുന്ന ഭീൽ പെൺകുട്ടികളുടെ വളകളിൽ മഴയ്ക്ക് മുപ്പത്തേഴു നിറങ്ങൾ. കാൽച്ചിലമ്പുകൾ കിലുക്കി തൂമഞ്ഞിന്നൊഴുക്ക് പോലുള്ള ആട്ടിൻ പറ്റത്തെ തളിക്കുന്ന മഴവില്ലാടയുടുത്ത ഗുജ്ജാർ പെൺകൊടി. മേഘങ്ങളിൽ കാളിദാസനെപ്പോലെ തിളങ്ങും കൊടുമുടി. താഴെ ദേവതാരുവിന്റെ തിരയ്ക്കപ്പുറത്തു ഓറഞ്ചിന്റെ ദേവതമാർ. പിന്നെങ്ങും ചോളത്തിൻ ലാസ്യം... കോശമോരോന്നും തരാനയിൽ ചെറുതാരക പോലെ വിറയ്ക്കും മൂർച്ഛാസ്ഫോടം. “ മാഘസായാഹ്നം. ഭോപ്പാൽ. വാക്ക് പൂക്കുന്ന സരോവരം. നരകമേഴിൽ നിന്നും പൊങ്ങിടും നിലവിളി മുഴങ്ങിപ്പൊള്ളും കവികുലത്തിൻ ചെവികളിലമൃതം”( കവികളുടെ ഒരു സദസ്സിൽ നടത്തിയ കച്ചേരിയാണ് ഓർമ്മിക്കുന്നത്) ഇങ്ങിനെ സമാപനം:

“കുമാർ ഗന്ധർവ്വറിവീലൊന്നും
തോടി സ്വയമേ പാടും നേരം
വെറുതേ താളം പിടി-
ച്ചമരും നാടോടി പോലവനും,
ശ്രുതി മീട്ടി പ്രിയയും.
മൌനം.

നീലനീലയാമാഴങ്ങളിൽ
വിടരുന്നു ഞാൻ.
നാദശരീരൻ.
സ്വച്ഛൻ.
ശിവൻ.”

സംഗീതം ഇപ്പോഴും എന്റെ മനസ്സിൽ കൊണ്ട് വരിക ഒരു പാട് കാഴ്ചകളാണ്. ഈ കവിത നിറയെ അവയാണ്. വേറൊരു തരത്തിൽ പറഞ്ഞാൽ ശബ്ദത്തെ കാഴ്ചയായി പുനർനിർമ്മിക്കാൻ ഒരു ശ്രമം.

‘മാൽകൌൻസ്’ ഭീംസെൻ ജോഷി ഭോപ്പാൽ തടാകതീരത്ത് ആ രാഗം പാടുന്നത് കേട്ട അനുഭവം ഓർത്തെടുക്കുകയാണ്.
‘മാൽകൌൻസ്’ ഭീംസെൻ ജോഷി ഭോപ്പാൽ തടാകതീരത്ത് ആ രാഗം പാടുന്നത് കേട്ട അനുഭവം ഓർത്തെടുക്കുകയാണ്.

‘ബ്രോവ ഭാരമാ’ ത്യാഗരാജന്നുള്ള എന്റെ പ്രണാമമാണ്.
‘‘ബ്രോവ ഭാരമാ...?
ത്യാഗരാജന്റെ നിലവിളിയിൽ
സ്വർഗ്ഗവും പാതാളവും ഒന്നിച്ച് കിടുകിടുക്കുന്നു
ഭൂമിയിലെ ചരാചരങ്ങൾ മുഴുവൻ
നിലവിളി ആവർത്തിക്കുന്നു:
മാനുകൾ ദേവഗാന്ധാരിയിൽ
കാറ്റാടിമരങ്ങൾ ശ്രീരഞ്ജിനിയിൽ
പുഴകൾ ജഗന്മോഹിനിയിൽ
കല്ലുകൾ അസാവേരിയിൽ’’
എന്നാരംഭിക്കുന്ന ഈ കവിതയിൽ ത്യാഗരാജന്റെ ഒരു പാട് കീർത്തനങ്ങളുടെ സൂചനകളുണ്ട് . ഒപ്പം ഇത് ത്യാഗരാജന്റെ സീതയെക്കുറിച്ചുള്ള ഒരു കവിത കൂടിയാണ്.’ സിംഫണി’ എന്ന കവിത എന്റെ അനേകം കുടുംബകവിതകളിൽ ഒന്നാണ്.

“ഓർത്തു പോയി
അഞ്ചു ഹൃദയങ്ങളും ചരാചരങ്ങളും ചേർന്നുള്ള ആ കുടുംബ സിംഫണി
ഇന്നലെ സുബിൻ മേത്തയുടെ വാദ്യവൃന്ദം വെർദിയുടെ ‘ദി ഫോഴ്സ് ഓഫ് ഡെസ്റ്റിനി’ അവതരിപ്പിച്ചു കേട്ടപ്പോൾ.
അച്ഛൻ തൊടിയിലെ സ്ട്രാവിൻസ്കി ആയിരുന്നു
ചേട്ടൻ വീട്ടുമുറ്റത്തെ ബെയ്ഥോഫൻ
ഞാൻ കുളക്കടവിലെ ഷൂബർട്ട്
ആ വാദ്യവൃന്ദം പിരിഞ്ഞു പോയി
മുളംകൂട്ടങ്ങൾ മാത്രം ചിലപ്പോൾ അതോർക്കുന്നു.
ഇപ്പോഴെനിക്ക് കേൾക്കണം,
ബാഹിന്റെ ‘സ്ലീപ്പേഴ്സ് വെയ്ക്ക്’’ എന്നവസാനിക്കുന്ന ഈ കവിത ഡൽഹിയിൽ സുബിൻ മേത്തയുടെ ഒരു കച്ചേരി കേട്ടതിന്റെ പിറ്റേന്ന് ഉണ്ടായതാണ്.

‘മാൽകൌൻസ്’ ഭീംസെൻ ജോഷി ഭോപ്പാൽ തടാകതീരത്ത് ആ രാഗം പാടുന്നത് കേട്ട അനുഭവം ഓർത്തെടുക്കുകയാണ്. കിഷോരി അമോൻകർ, റഷീദ് ഖാൻ തുടങ്ങിയവർ നേരിട്ടും മറ്റു പലരും റെക്കൊഡിലുംആ രാഗം പാടുന്നത് കേട്ടിട്ടുണ്ട്. പശ്ചാത്തലത്തിൽ ഉസ്താദ് റഷീദ്ഖാനെ യൂ ട്യൂബിൽ കേട്ടുകൊണ്ടാണ് ഈ കവിത എഴുതിയത്. പാതിരാരാഗമായാണ് മാൽകൌൻസ് പാരമ്പര്യത്തിൽ വിവരിക്കപ്പെടുന്നത്. ഇത് മറ്റു രണ്ടു കവിതകളിൽ നിന്നും വ്യത്യസ്തമായി ഒരു സ്വപ്നകവിതയാണ്.
‘‘പാതിരാ
പ്രദോഷത്തിൽ നിന്നുഷസ്സിലേയ്ക്കുർവ്വി-
പാതി പിന്നിടും രുദ്രമുഹൂർത്തം
നൃത്തം ചെയ്‌വൂ ഭൂതങ്ങൾ
നിലാവിന്റെ ശകലങ്ങലായ്
നടുക്കാടുന്നു ശിവൻ,
നെറ്റിത്തടത്തിൽ നിന്നും താഴെ-
വീണൊഴുകുന്നൂ ശരച്ചന്ദ്രിക ഗംഗാതുല്യം” എന്നിങ്ങിനെ തുടങ്ങി ഭീംസെൻ വിളംബിതത്തിൽ നിന്ന് ദ്രുതത്തിലേയ്ക്ക് സഞ്ചരിക്കുന്നത് അനേകം ബിംബങ്ങളിലൂടെ വരച്ചിട്ട് ( സഞ്ചരിക്കുന്നൂ രാഗം/ തേജസ്സായ്‌, നീരായ്, കാറ്റായ് / ചെല്ലുന്നൂ, തലോടുന്നൂ/ മല, താഴ്വര , വാനം,/നദി , സാഗരം, സമതലവും വിലോലമായ്. ഒരിളം കാറ്റത്തേറി/എന്നാത്മാവലയുന്നൂ /അറിയാത്തേതോ താരമണ്ഡലമൊന്നിൽ/ കാണുന്നവിടെൻ മൃത തോഴർ/ മൃതമാം കിനാവുകൾ/ തിരുതാളി തൻ മണം / പരത്തി നടക്കുന്നു” പിന്നീടു ആലാപനം ദ്രുതമാകുന്നു. “കടലിന്നടിയിലെ /പവിഴപ്പുറ്റിൽ തട്ടി/ ബഡവാഗ്നിയിൽ തട്ടി/ ഗിരിശ്രുംഗത്തിൽ മിന്നി/ വനരാശിയിൽ ചിന്നി / മരുഭൂക്കളിൽ/ കൃഷ്ണ ക്രാന്തികൾ കൊടിയാക്കി/ അത് ചെല്ലുന്നൂ സുരാതലത്തിൽ”. പിന്നെ ഗന്ധർവന്മാരും അപ്സരകളും മലക്കുകളും ജിന്നുകളും ബഹുരൂപിയായ ദൈവവും വരവായി. കേൾവി ക്കാർ വസ്തുലോകം കടന്നു അങ്ങേപ്പുറത്തെ ചൈതന്യത്തിലെത്തുന്നു. രാഗവിസ്താരം കഴിഞ്ഞു മടിച്ചു മടിച്ചു വരുന്ന വാക്കുകൾ നാദത്തിന്റെ പെരുത്ത കടലിലെ പവിഴത്തുരുത്തുകൾ പോലെ തോന്നുന്നു.ചെവിയിൽ തുളുമ്പുന്നത് നാദമാകാം , പ്രകാശവുമാകാം.

ചിത്രകലയും എന്റെ കവിതയെ അഗാധമായി സ്വാധീനിച്ചിട്ടുണ്ട്.
ചിത്രകലയും എന്റെ കവിതയെ അഗാധമായി സ്വാധീനിച്ചിട്ടുണ്ട്.

ഒടുവിൽ കണ്ണു തുറക്കുമ്പോൾ ആരും അരികിലില്ല . വേദി ശൂന്യമാണ്. സ്വർഗ്ഗത്തിന്റെ ഇല്ലാത്ത മുറി തേടി നടക്കുമ്പോൾ വസന്തരാഗമായ ഹിന്ദോളി താൻ തട്ടിയെടുത്ത താക്കോൽ ശ്രോതാവിനെ തിരിച്ചേൽപ്പിക്കുന്നു.

“ആ പാല പൂക്കും രാത്രി,
ആ വാകത്തണൽ വേദി,
ആ മയിൽത്തടാകം,
‘ആലാപി’ന്റെ ഇളംകാറ്റ്
ആ പൂവാംകുറുന്നില
മണക്കും നിലാപ്പാടം,
ആ മധുരോന്മാദത്തിൻ
ആരോഹം, അവരോഹം
ആ പക്കവാദ്യത്തിന്റെ
മഴപോൽ പെയ്യും താളം
കാതിലുണ്ടിന്നും:
ജ്വാലയാമതെൻ ചിതയ്ക്കൊപ്പം.”

ഞാൻ പറഞ്ഞത് സംഗീതം ഒരു പ്രമേയമോ പശ്ചാത്തലമോ എന്ന നിലയിൽ എന്റെ കവിതയിൽ കടന്നു വരുന്നതിനെക്കുറിച്ചാണ്, കവിതയിലെ സംഗീതത്തെക്കുറിച്ചല്ല. അത് മറ്റൊരു വിഷയമാണല്ലോ. ഈ മട്ടിൽ ഒടുവിൽ എഴുതിയ കവിത ‘നിധി ചാല സുഖമാ’ എന്നതാണ്., ഒരു ത്യാഗരാജ കീർത്തനത്തെപ്പറ്റിയും, ചെമ്പൈയുടെ ആലാപനത്തെപ്പറ്റിയും. എന്റെ അവസാനത്തെ രണ്ടു സമാഹാരങ്ങളിൽ ഒന്നിന്റെ പേരും അതാണ്‌’ മറ്റൊന്നിൻറേത് ‘പഹാഡി ഒരു രാഗം മാത്രമല്ല’ എന്നതും- പഹാഡി ആയിരുന്ന എന്റെ ഡൽഹിയിലെ ഡ്രൈവർ ശ്യാംസിംഗ് ചൌഹാനെപ്പറ്റി ആണ് ആ കവിത, പക്ഷെ ‘പഹാഡി’ എന്ന രാഗം ഓർക്കാതിരിക്കാൻ കഴിഞ്ഞില്ല.

ചിത്രകലയും എന്റെ കവിതയെ അഗാധമായി സ്വാധീനിച്ചിട്ടുണ്ട്. ഒന്ന് പൊതുസ്വാധീനമാണ്. അത് പ്രധാനമായും എന്റെ മൂർത്തവും അമൂർത്തവുമായ ഇമേജുകളിൽ ആണ് കാണുക. അത് ഏതു കവിത എടുത്താലും കാണാം എന്നത് കൊണ്ട് പ്രത്യേകം പരാമർശിക്കുന്നില്ല. ആദ്യകാലത്തെ ‘ചിത്രകാരന്മാരുടെ താഴ് വര’ തുടങ്ങിയ കവിതകൾ മുതൽ ചിത്രകലയുടെ സ്വാധീനം കാണാം. അന്നൊക്കെ ലോകകലയെക്കുറിച്ചുള്ള പുസ്തകങ്ങളിലെ ചിത്രങ്ങളുടെ അച്ചടിപ്പതിപ്പുകൾ മാത്രമേ ഞാൻ കണ്ടിരുന്നുള്ളൂ. ആധുനിക കലയെക്കുറിച്ചു പത്ത് ലേഖനങ്ങളുടെ ഒരു പരമ്പരയും ആ കാലത്ത് എഴുതി. ലോകപര്യടനം തുടങ്ങിയ ശേഷമാണ് പല പ്രസിദ്ധ ചിത്രങ്ങളുടെയും മൂലസൃഷ്ടികൾ കാണുന്നത്. എവിടെ പോയാലും ആദ്യം അവിടത്തെ പ്രസിദ്ധവും അപ്രസിദ്ധവുമായ ഗാലറികളിൽ ആണ് ഞാൻ ആദ്യം പോവുക. ന്യൂ യോർക്കിലെ ‘മോമ’, വാഷിങ്ങ്ടൺ ഡി സി യിലെ ‘മേട്രോപ്പോളിറ്റൻ മ്യൂസിയ’വും അടുത്തുള്ള ശില്പ്പോദ്യാനവും, പാരീസിലെ ‘ലൂവ്ര്’, ‘സാങ്ങ്ത്ര പോംപിദൂ’, ലണ്ടനിലെ ബ്രിട്ടീഷ് മ്യൂസിയം, ‘ ടെയ്റ്റ് മോഡേൺ’, സെന്റ് പീറ്റേഴ്സ് ബർഗ്ഗിലെ ‘ഹെർമിറ്റാജ്’, മോസ്കോവിലെ മ്യൂസിയം ഓഫ് ആർട്ട്, ബെർലിൻ, ഫ്രാക്ഫർട്ട്, ബോൺ, കൊളോൺ, റോം, ബെയ്ജിംഗ്, ജോഹന്നാസ് ബർഗ്, പെറു, ചിലി, ക്യൂബ, വെനെസ്യൂലാ, ഡൽഹി, ബോംബെ , മദ്രാസ്, ഭോപാൽ എന്നിവിടങ്ങളിലെ പ്രമുഖ മ്യൂസിയങ്ങളും ഗാലറികളും, ഇവയെല്ലാം അതിൽ പെടുന്നു. പാരീസിലെ ആദ്യസന്ദർശനത്തിൽ മോങ് മാർത്രിൽ ഒരു സാൽവദോർ ദാലി പ്രദർശനം കണ്ട ശേഷം എഴുതിയതാണ് ‘സാൽവഡോർ ദാലി ദൈവത്തെ കണ്ടുമുട്ടുന്നു’ എന്ന രചന. ഫിലാഡല്ഫിയാ കലാമ്യൂസിയത്തിൽ ആണ് മാർസെൽ ദുഷാമ്പിന്റെ ‘ കോവണി ഇറങ്ങുന്ന നഗ്ന’ എന്ന ചിത്രത്തിന്റെഒറിജിനൽ ഞാൻ കാണുന്നത്. അതും അതേ പേരിൽ ഒരു കവിത തന്നു. ആമ്സ്റ്റർഡാമിൽ വാൻ ഗോഗ് മ്യൂസിയത്തിൽ വിന്സന്റ് വാൻ ഗോഗ് തന്റെ പ്രശസ്തമായ കർഷകന്റെ ഷൂസിന്റെ ചിത്രത്തിനുവേണ്ടി വരച്ച സ്കെച്ചുകളും ആ ചിത്രവും കണ്ടപ്പോൾ ഉണ്ടായതാണ് ‘വാൻഗോഗിന്റെ ഷൂസ്’ എന്ന കവിത.

 എവിടെ പോയാലും ആദ്യം അവിടത്തെ പ്രസിദ്ധവും അപ്രസിദ്ധവുമായ ഗാലറികളിൽ ആണ് ഞാൻ ആദ്യം പോവുക.
എവിടെ പോയാലും ആദ്യം അവിടത്തെ പ്രസിദ്ധവും അപ്രസിദ്ധവുമായ ഗാലറികളിൽ ആണ് ഞാൻ ആദ്യം പോവുക.

“ഈ ഷൂസിന്റെ ഉടമ മരിച്ചു പോയി
ഷൂസുകൾ മാത്രം ബാക്കിയായി
സൂക്ഷിച്ചുനോക്കൂ: ഇവയിലുണ്ട്
അയാളുടെ അഴുക്കും വിയർപ്പും,
അയാൾ നടന്നുപോയ പശമണ്ണ്
അയാൾ കിടന്നിടത്തെ പുല്ല്
അയാൾ കഴിച്ച കരിഞ്ഞ റൊട്ടിയുടെയും
പാതി ചീഞ്ഞ ഉരുളക്കിഴങ്ങിന്റെയും
അയാൾ സഹിച്ച അപമാനത്തിന്റെയും
തവിട്ടുനിറമുള്ള കറ”
എന്ന് തുടങ്ങി
“ആ ഷൂസുകൾ കരഞ്ഞുകൊണ്ടേയിരുന്നു
അവ റെനെ മാഗ്രിറ്റിന്റെ ക്യാൻവാസ്സിൽ
കാലുകളായി പുനർജനിക്കും വരെ” എന്നവസാനിക്കുന്ന ഈ കവിത ആ ഷൂസിനു പിറകിൽ ഒരു സാധുകർഷകന്റെ കഥ തേടുകയാണ്.

ബെൽജിയത്തിൽ ഒരു സാഹിത്യസമ്മേളനത്തിനു പോയപ്പോൾ റെനെ മാഗ്രിറ്റ് മ്യൂസിയത്തിൽ കണ്ട സർ റിയലിസ്റ്റ് ചിത്രങ്ങൾ ഒരു പുതിയ ഭാഷ നിർമ്മിക്കയാണല്ലോ എന്ന തോന്നൽ ഉണ്ടായപ്പോഴാണ് ‘ഞാൻ ഒരു ഭാഷയാണ്‌’ എന്ന കവിത ഉണ്ടായത്.

“ഞാൻ ഒരു ഭാഷയാണ്‌,
യഥാർത്ഥത്തിനും അയഥാർത്ഥത്തിനും ഇടയിൽ
വരകളുടെയും നിറങ്ങളുടെയും ഭാഷ.
ഈ ഭാഷയിൽ ആകാശം
പക്ഷിയുടെ ഉള്ളിലാണ്
ചെടിത്തുമ്പും മലമുടിയും സ്വയംപക്ഷികളും
മേശപ്പുറത്തെ കൊപ്പകൾക്കിടയിൽ
അക്കാണുന്ന മനുഷ്യശിരസ്സ്
ഒരു നാമം, ജനൽ കർട്ടനിൽ
തൂങ്ങിക്കിടക്കുന്ന മേഘം മറ്റൊന്ന്
കൈപ്പത്തിയിൽ പതിഞ്ഞ മുഖം ഒരു സർവ്വനാമം.
മുലകളെ വരയൻ പുലികളാക്കുന്നത്
ഒരു സകർമ്മകക്രിയ
കുപ്പികൾക്ക് ഉടലുകൾ വളരുന്നതും
തൂണുകൾക്ക് ചില്ലകൾ മുളയ്ക്കുന്നതും
അകർമ്മക ക്രിയകൾ
പന്നിത്തലയുള്ള പുരുഷന്റെ വിപരീതം
ആകാശമായി രൂപം മാറുന്ന സ്ത്രീ,
കണ്ണു ആപ്പിളിന്റെ പര്യായം,
ചെടിയും പൂവും കിളിയുടെ നാനാർത്ഥങ്ങൾ”

ഇങ്ങനെ ഇമേജുകളെയും ഭാഷയെയും ബന്ധിപ്പിച്ച് മുന്നോട്ടു പോകുന്ന കവിത അവസാനിക്കുന്നത് ഇങ്ങിനെയാണ്‌:
“അറിഞ്ഞതല്ല കലയുടെ വിഷയം/ ലോകം വെറുതെ/ പകർത്തി വെയ്ക്കാനുള്ളതല്ല/ ഭാവന കൊണ്ട് മാറ്റിപ്പണിയാനുള്ളതാണ്’’.

റോമിൽ ‘പിയത്ത’ എന്ന ശിൽപ്പം കണ്ടപ്പോൾ എഴുതിയ കവിതയാണ് ‘പിയത്ത.’ മാഡ്രിഡ് നഗരത്തിലെ ‘റയ്നാ സോഫിയാ’ യിൽ കണ്ട പികാസ്സോയുടെ ഗ്വർണ്ണികയും അതിന്നായി അദ്ദേഹം വരച്ച സ്കെച്ചുകളും ആണ് “ആക്രോശം” എന്ന കവിതയുടെ പ്രചോദനം. “തകർക്കപ്പെട്ട വിശുദ്ധനഗരത്തിന്റെ ഓർമ്മയിൽ/ ചിത്രകാരന്റെ വിരലുകൾക്കെല്ലാം ഭ്രാന്ത് പിടിച്ചിരുന്നു. ചായത്തട്ടിലെ എല്ലാ നിറങ്ങളെയും ആ നഗരത്തിൽ ഇപ്പോൾ അവശേഷിച്ച ചാരവും കറുപ്പുമായി മാറ്റിക്കൊണ്ട് അവന്റെ അശാന്തഭാവന അലറുന്ന ഒരു മൃഗം കാടുകളിൽ എന്ന പോലെ / തന്റെ സ്കെച്ചുപുസ്തകത്ത്തിൽ സഞ്ചരിച്ചു” എന്നാരംഭിക്കുന്ന ഈ കവിതയിൽ പിന്നെ ഗുയർണ്ണിക്കയിലെ പ്രസിദ്ധങ്ങളായ ബിംബങ്ങൾ - അമറുന്ന കുതിരത്തല, കണ്ണിലേക്കു നീട്ടിയ വിളക്ക്, അലമുറയിടുന്ന അമ്മ- മുതലായവയെക്കുറിച്ചുള്ള ധ്യാനങ്ങളാണ്.

“പൂവുണ്ടായിരുന്നു, പക്ഷെ സുഗന്ധം ഇല്ലായിരുന്നു
കണ്ണുപൊട്ടിക്കുന്ന വെളിച്ചം ഉണ്ടായിരുന്നു,
പക്ഷെ കണ്ണില്ലായിരുന്നു
ഹൃദയം ഉണ്ടായിരുന്നു,
പക്ഷെ പ്രതീക്ഷ ഇല്ലായിരുന്നു
മുറുക്കിപ്പിടിച്ച വിളക്കിനെ
ആകാരശൂന്യയായ രാത്രി വിഴുങ്ങിക്കൊണ്ടിരുന്നു
സ്ഥലവും കാലവും
പേക്കിനാവിൽ എന്ന പോലെ തകിടം മറിഞ്ഞു... സ്ഫോടനത്തിൽ ചിതറിയ അവയവങ്ങൾ പോലെ
ചിഹ്നങ്ങൾ ചോരയിൽ കിടന്നു പിടച്ചു
‘എന്റെ നഗരമേ, എന്റെ ഹൃദയമേ എന്ന് ആക്രോശിച്ചു കൊണ്ട്”
എന്ന് തുടരുന്ന ആ കവിത അവസാനിക്കുന്നത് ശിവന്റെയും യേശുവിന്റെയും സൂചനകളിൽ എന്റെ പ്രതികരണം ഒതുക്കിക്കൊണ്ടാണ്:

“ഇറക്കിക്കിടത്തിയ ശവം ചുമന്നു എന്റെ ഹൃദയം
മേഘങ്ങൾക്കിടയിലൂടെ പറന്നു
അപമാനിതനായ ശിവൻ
സതിയുടെ ജഡവും കൊണ്ടെന്ന പോലെ.
അതിന്റെ ഓരോ ഭാഗം ഓരോ സ്ഥലത്ത് വീണു,
ആലെപ്പോവിൽ, ബാഗ്ദാദിൽ, ക്രൊയെഷ്യയിൽ, കാശ്മീരിൽ.
അവിടെയൊക്കെ ഉയർന്നുവന്നു
മരണത്തിന്റെ ക്ഷേത്രങ്ങൾ
യേശുവിന്റെ രക്തത്തിലുയർന്ന
അവമതിയുടെ പള്ളികൾ പോലെ.”

വെയിൽസിലെ ഒരു പരിഭാഷാ ശിൽപ്പശാലയിൽ വെച്ചാണ് ‘നിറങ്ങൾ’ എഴുതുന്നത്. ഒരേ വെൽഷ് കവിത പരിഭാഷ ചെയ്യുന്നതിനു പകരം, അത് പോലെ ഞാൻ ഒന്നെഴുതിയാൽ എങ്ങിനെയിരിക്കും എന്ന് പരീക്ഷിക്കയായിരുന്നു ഞാൻ, എന്റെ കൂടെയുള്ള കവികളും അവരുടെ വേർഷനുകൾ രചിച്ചു. ചിത്രസൂചനകളും ശിൽപ്പസൂചനകളും എന്റെ കവിതയിൽ ധാരാളമായി ഉണ്ട്. വരകളെ നടത്താൻ കൊണ്ട് പോകുന്ന പോൾ ക്ലേയെ ഓർത്തുകൊണ്ട് എഴുതിയ ഒരു കവിതയുണ്ട്, പന്നാലാൽ ഘോഷിന്റെ ബാൻസുരി പശ്ചാത്തല സംഗീതമാക്കിക്കൊണ്ടുള്ള സുഹൃത്ത് മധുസൂദനന്റെ ‘മൈനാകം’ എന്ന രേഖാചിത്ര പരമ്പരയുടെ വീഡിയോ കണ്ടപ്പോൾ ഉണ്ടായതാണ് അത്. അത് ആരംഭിക്കുന്നത് ഇങ്ങനെയാണ്‌:

“വര ആദിയിലുണ്ടായ്, / വചനം വന്നൂ പിന്നെ,/ വരകൾ വെളിച്ചമായ് / വളർന്നു സൂര്യൻ, ചന്ദ്രൻ/ വരകൾ പൊട്ടിപ്പൊട്ടി /-ത്താരകൾ, ഗ്രഹങ്ങളും,/ വരകൾ പരന്നിട്ടേ/ ആകാശമുണ്ടായ് വന്നൂ./ വരകൾ നടക്കുമ്പോൾ/ വഴികളുണ്ടാകുന്നൂ/ വരകൾ ഒഴുകുമ്പോൾ/ പുഴകൾഉണ്ടാകുന്നൂ/ വരകൾ നിവരുമ്പോൾ/ മരങ്ങളുയരുന്നൂ/ വരകൾ വിടരുമ്പോൾ/ ഇലയും പൂവും കായും / വരകൾ പറക്കുമ്പോൾ/ പക്ഷികൾ പിറക്കുന്നൂ “ ഇങ്ങിനെ നീളുന്ന കവിത അവസാനിക്കുന്നത് പന്നാലാലിന്റെ ബാൻസുരി ഓർത്തുകൊണ്ടാണ്: “ ഗായകാ, നിൻ ബാൻസുരി/ യായതുമൊരു വര/ ആയതിൻ തുളകളിൽ/ നീറിയുമുരുകിയും / വീഴ്വത് പോയ്പ്പോയൊരു /ലോകത്തിൻ വിലാപമോ? / പന്നാലാൽ, പറകതു/ കിന്നരനവലോക / സുന്ദര പരാഗത്താൽ/ മിന്നിടും താരാട്ടാമോ? / തൻ വരകൾ തൻ കരിം/ തവിട്ടിൽ മധു അൽപ്പം / പൊൻനിറം, / പുലരി തൻ / മന്ദശോണവും കടൽ/ നീലയും കൂടിച്ചേർത്താൽ?”

ചലച്ചിത്രങ്ങൾ നേരിട്ട് എന്റെ കവിതയിൽ കടന്നു വരുന്ന മുഹൂർത്തങ്ങൾ ഓർമ്മയില്ല. എന്നാൽ അതിന്റെ ‘മൊണ്ടാഷ്‘ സങ്കേതം, ഇമേജുകൾ, ചില ആഖ്യാന രീതികൾ ഇവ കവിതയെ സ്വാധീനിക്കാതിരുന്നിട്ടില്ല. എന്റെ ലോകസിനിമാ പ്രണയം മൂത്തത് ഇരിഞ്ഞാലക്കുട വെച്ച് ഞങ്ങൾ കുറെ പേർ ‘സിയോലൈറ്റ് ‘ എന്ന ഒരു ഫിലിം സൊസൈറ്റി രൂപീകരിച്ചതോടെയാണ്. അതിനു മുൻപ് തൃശ്ശൂർ ‘മാസ്സ് ഫിലിം സൊസൈറ്റി’ യുടെ പ്രദർശനങ്ങൾക്ക് പോകുമായിരുന്നു. സിയോലൈറ്റ് , ഐസൻസ്റ്റീൻ, ബെർഗ് മാൻ , ഗൊദാർദ്‌, ഫെല്ലിനി തുടങ്ങിയവരുടെ ചലച്ചിത്രങ്ങളുടെ ഫെസ്റ്റിവലുകൾ നടത്തി. ലൂയി ബ്യൂനുവെൽ ഉൾപ്പെടെ അന്ന് കേരളത്തിൽ പ്രശ്സ്തരായിരുന്ന ഒട്ടേറെ ചലച്ചിത്രകാരന്മാരുടെ സിനിമകൾ കണ്ടു. ബ്യൂനുവെലിന്റെ ‘നസറീൻ’ പതിവു തിയ്യേറ്റർ കിട്ടാതെ അന്നത്തെ ഞങ്ങളുടെ ചെറിയ വാടക വീടിന്റെ മുറ്റത്ത് സ്ക്രീൻ കെട്ടി പ്രദർശിപ്പിച്ചത് എനിക്ക് നല്ല ഓർമ്മയുണ്ട്. ഡൽഹിയിൽ ചെന്നപ്പോൾ പതിവായി അന്തർദേശീയ ഫിലിം ഫെസ്റ്റിവലുകളിൽ ദിവസം നാലും അഞ്ചും സിനിമകൾ കാണാൻ തുടങ്ങി. താർക്കൊവ്സ്കി പോലുള്ള റഷ്യൻ സംവിധായകരോടും കുറസോവയും ഓസുവും ഉൾപ്പെടെയുള്ള ജാപ്പനീസ് സിനിമാനിർമ്മാതാ ക്കളോടും ഒപ്പം , കൊറിയൻ , ഇറാനിയൻ സിനിമകളും മറ്റും ധാരാളം കാണാൻ അത് അവസരം തന്നു. ഒപ്പം റേ, ഘട്ടക്, മലയാളത്തിൽ നിന്ന് അടൂർ, ജോൺ അബ്രഹാം, അരവിന്ദൻ, കെ. പി. കുമാരൻ തുടങ്ങിയവരുടെ ചിത്രങ്ങളും. ചിലപ്പോൾ തോന്നാറുണ്ട് എന്റെ കവിതാ പരമ്പരകൾ - സീക്വെന്സുകൾ- അയ്യപ്പപ്പണിക്കരിൽനിന്ന് എന്നതിനേക്കാൾ ഒഡെസ്സാ സ്റെപ്സ് പോലുള്ള സിനിമാരംഗങ്ങളിൽ നിന്നാണ് മാതൃക കണ്ടെത്തിയത് എന്ന്. ഒപ്പം അനേകം നാടകങ്ങളും കണ്ടു, ഡൽഹിയിലും കേരളത്തിലും വരുന്ന പല ദേശങ്ങളിലേയും ഭാഷകളിലെയും നാടകങ്ങൾ.

മാര്‍ട്ടിന്‍ ലൂതര്‍ കിങ് മ്യൂസിയം, ( അതോ യൂത്ത് മ്യൂസിയമോ) ജോഹന്നാസ് ബര്‍ഗ്.
മാര്‍ട്ടിന്‍ ലൂതര്‍ കിങ് മ്യൂസിയം, ( അതോ യൂത്ത് മ്യൂസിയമോ) ജോഹന്നാസ് ബര്‍ഗ്.

ഭരതനാട്യം, കുച്ചിപ്പുടി, കഥക് എന്നിവ പോലെ കഥകളിയുടെ ഭാഷയും എന്നെ ആഴത്തിൽ സ്വാധീനിച്ചിട്ടുണ്ട്. ആ ഭാഷയിൽ എഴുതപ്പെട്ട ‘അരങ്ങിൽ’ എന്ന സമീപകാലകവിത ഈ സംഭാഷണം അവസാനിപ്പിക്കാൻ പറ്റിയ ഒന്നാണെന്ന് കരുതുന്നു:

‘ഏറെ ഞാൻ കെട്ടീ പച്ച,
കത്തിയായ്, കരിയായീ,
വേഷങ്ങൾ തീർന്നില്ലെന്നു
ചേങ്കില മുട്ടീ കാലം.
നാൽക്കവലയിൽ ചുട്ടി
കുത്തി ഞാൻ നിൽപ്പൂ, നാളെ
ആർക്കു വേണമെൻ കലി
കറുപ്പിച്ചൊരിക്കായം?
ഓർമ്മ തൻ ഭാരം പേറി-
സ്സ്വപ്നങ്ങളിഴയുന്നൂ,
സൂര്യനോ മുനിയുന്നൂ,
ദുർഗ്രഹമതിൻ പാഠം.
ആടണമിനിയും ഞാൻ
ചമയമഴിക്കുവാൻ
ആരുടെ മോക്ഷം, വധം,
ചരിതം, സ്വയംവരം?
നാന്ദിയും കലാശവും
തമ്മിലുണ്ടൽപ്പം മാത്രം
കണ്ണുകളുടെ ദൂരം
കേവലം, അറിവീല
പാടുവോനാരോ, എപ്പോൾ
മൂകമായിടും ചെണ്ട,
കേട്ടുപോം വിളക്കെന്നും.
മാപ്പു നൽകുക ഗുരോ,
ചോടു തെറ്റിയോ, മുദ്ര-
ക്കൈ വിറച്ചുവോ, നളൻ
ബകനായ് മാറിപ്പോയോ?
എങ്കിലും അമരൻ ഞാ-
നെന്നപോൽ വിയർത്താടും
എൻ മാറിവരും ചമ-
യങ്ങളിൽ, വാക്കുള്ളോളം.
അറിയാമപ്പോൾ കാള-
രാത്രിയോ കളിയിതോ
അതിജീവിക്കുന്നതെ,-
ന്നാടിടാമതു വരെ.’

‘താളം’ എന്ന ആദ്യകാലകവിതയിലെ ‘മണിപുരിയാടിയ മഴമണികൾ’ മുതൽ തന്നെ നൃത്ത സൂചനകൾ ധാരാളമായി എന്റെ കവിതകളിൽ ഉണ്ടെങ്കിലും നൃത്തം വിഷയമാക്കുന ഒരു മുഴുക്കവിത ഞാൻ എഴുതുന്നത് നർത്തകി പീനാ ബോഷ് മരിച്ചപ്പോഴാണ്. “ജീവിതനടനം” എന്ന ആ കവിത ഇങ്ങിനെ ആരംഭിക്കുന്നു :

“കാണികളില്ലാതെ നീ
ചെയ്യുന്നു നൃത്തം, പാടും
പോലെ ഗായകൻ രംഗ-
ശാലതൻ വിജനത്തിൽ.
നീ കാടിന്നരുവി, നീ
പാറുന്ന ശലഭം, നീ
പൂക്കാലം, പരാഗം, തേൻ.
നീ ചലിക്കുന്നൂ
ചലിക്കാതെ , കേവലം നിന്ന്
നീയൊഴുകുന്നൂ, നീയാ-
ണാശയും വിഷാദവും.
മരമായ് നടക്കുന്നു
കടലായ് പതയുന്നു
മുയലായ് നുരയുന്നു
പാമ്പായിട്ടിഴയുന്നു”.

പീനയുടെ അനേകം അവതരണങ്ങളിൽ കൂടി ഈ കവിത കടന്നു പോകുന്നുണ്ട്. ഒടുവിൽ അവൾ പറയുന്നു:

“ഇത് ജീവിതം, ഞാനും
നിങ്ങളും ജീവിക്കുന്ന
ചര-നിശ്ചരലോകം
വ്യഥ, ആഹ്ളാദം, സ്നേഹം,
ചലനഭരമാക്കും
ലാസ്യ-താണ്ഡവയോഗം
ചിരവിസ്മയമാകും
പ്രപഞ്ചം, സർഗ്ഗോന്മത്തം”.

(അവിരാമം’ എന്ന ആത്മകഥയിൽ നിന്ന്. പ്രസാധനം: Carnet Publishers).


Summary: In his autobiography Aviramam, K. Satchidanandan writes about the influence of music, painting, and dance on his poetry.


സച്ചിദാനന്ദൻ

കവി, വിവർത്തകൻ, എഡിറ്റർ. കേരള സാഹിത്യ അക്കാദമി അധ്യക്ഷനും കേന്ദ്ര സാഹിത്യ അക്കാദമി സെക്രട്ടറിയുമായിരുന്നു. അഞ്ചുസൂര്യൻ, പീഡനകാലം, ഇവനെക്കൂടി, സാക്ഷ്യങ്ങൾ, സമുദ്രങ്ങൾക്ക്​ മാത്രമല്ല തുടങ്ങിയ കവിതാ സമാഹാരങ്ങൾക്കുപുറമേ വിവിധ കാലഘട്ടങ്ങളിൽ എഴുതിയ കവിതകളുടെ സമാഹാരങ്ങൾ, നാടകം, പഠനങ്ങൾ തുടങ്ങിയ മേഖലകളിൽ നിരവധി കൃതികൾ. കവിതകൾ ലോകഭാഷകളിലേക്ക്​ വിവർത്തനം ചെയ്യപ്പെട്ടു. അവിരാമം എന്ന ആത്മകഥയും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Comments