സച്ചിദാനന്ദൻ, പങ്കാളി ടി.പി. തുളസീദേവി (ബിന്ദു), ബി. രാജീവൻ, പങ്കാളി സാവിത്രി.

ഒരു ചുവന്ന കാലത്തിന്റെ
സത്യവാങ്മൂലം

സച്ചിദാനന്ദനുമായുള്ള രാഷ്ട്രീയ- സാംസ്കാരിക സൗഹൃദം ഓർത്തെടുക്കുകയാണ് ബി. രാജീവൻ. സച്ചിദാനന്ദനും കെ.ജി.എസ്സും ബി. രാജീവനും അടങ്ങുന്ന കൂട്ടുകെട്ട് കേരളീയ സാംസ്കാരികമേഖലയിലുണ്ടാക്കിയ ഭാവുകത്വ വിച്ഛേദത്തിന്റെ ചരിത്രം കൂടി ഈ ഓർമക്കുറിപ്പിലുണ്ട്.

വ്യക്തിപരം എന്നതിലുപരി ആശയപരവും ഭാവുതക്വപരവുമായ ഒരു സുഹൃദ്‌സംഘമായിരുന്നു സച്ചിദാനന്ദനും കെ.ജി.എസ്സും ഞാനുമടങ്ങുന്ന കൂട്ടുകെട്ട്. വ്യക്തികളിൽനിന്ന് സാംസ്‌കാരിക ഇടപെടലിന്റെ തലത്തിലേക്ക് വികസിച്ച ബന്ധമായിരുന്നു അത്.

സച്ചിദാനന്ദനുമായുള്ള സൗഹൃദം ആരംഭിക്കുന്നത് അറുപതുകളുടെ അവസാനത്തിലാണ്. അതിനുമുമ്പ്, തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിൽ എം.എയ്ക്ക് പഠിക്കുന്ന കാലത്തുതന്നെ, സച്ചിദാനന്ദന്റെ ആദ്യകാല കവിതകൾ ഞാൻ ശ്രദ്ധിച്ചിരുന്നു. ഒ.എൻ.വിയും തിരുനല്ലൂർ കരുണാകരനും പുതുശ്ശേരി രാമചന്ദ്രനും അടക്കമുള്ള അക്കാലത്തെ പുരോഗമനസാഹിത്യകാരന്മാരായിരുന്നു ഞങ്ങളുടെ അധ്യാപകർ. ഇവരുടെ ഭാവുകത്വം പ്രബലമായിരുന്ന കാലത്താണ് സച്ചിദാനന്ദന്റെ കവിതകൾ വരുന്നത്. ഈ അധ്യാപകരിലും പുറത്തുള്ള പഴയ ഭാവുകത്വം പിന്തുടർന്നിരുന്നവരിലും സച്ചിദാനന്ദന്റെ ആദ്യകാല കവിതകൾ വലിയ അസ്വസ്ഥതയുണ്ടാക്കി. ക്ലാസ് റൂമിനുപുറത്ത്, ഒ.എൻ.വിയും എം. കൃഷ്ണൻനായരുമെല്ലാം വരുന്ന കോഫീഹൗസിലും മറ്റുമിരുന്ന് ചർച്ച ചെയ്യുമ്പോൾ, ഈ കവിതകളോടുള്ള അവരുടെ അസഹിഷ്ണുത പ്രകടമായിരുന്നു.

യൗവനകാലകുതിപ്പിൽ സച്ചിദാനന്ദൻ ഉണ്ടാക്കിയ ആ ബ്രേക്ക് അന്നും ഇന്നും വേണ്ടത്ര വിലയിരുത്തപ്പെട്ടിട്ടില്ല. അന്ന് ഭാവുകത്വപരമായി നിലനിന്നിരുന്ന വലിയൊരു ബ്ലോക്കിനെ സച്ചിദാനന്ദന്റെ കവിതകൾ ചവുട്ടിത്തുറക്കുകയായിരുന്നു. അത്ര നൈസർഗ്ഗികമായിരുന്നു ആ കവിതകൾ. അന്ന് വേണ്ടത്ര ശ്രദ്ധയിൽ പെടാതെ പോയ കാര്യം കൂടിയാണിത്. അക്കാലത്തെ ഭാവുകത്വപരമായ പ്രതിസന്ധിയെ മറികടക്കാനുള്ള വലിയ ശ്രമങ്ങൾ സച്ചിദാനന്ദന്റെ ആദ്യകാല കവിതകളിൽ തന്നെയുണ്ടായിരുന്നു. ശ്യാമഗീത, ആത്മഗീത, അഞ്ചുസൂര്യൻ പോലുള്ള കവിതകളിൽ ഇത് കാണാം. സച്ചിദാനന്ദനെ കണ്ടുമുട്ടുന്നതിനുമുമ്പ്, അദ്ദേഹവുമായുള്ള ബന്ധം ഇത്തരം കവിതകളിലൂടെയായിരുന്നു.

ഞങ്ങൾ കണ്ടുമുട്ടുന്നത് ഒരു പ്രത്യേക സന്ദർഭത്തിലാണ്. കെ.ജി.എസും ഞാനും കേരള യൂണിവേഴ്‌സിറ്റിയിൽ ഗവേഷണ വിദ്യാർത്ഥികളായിരുന്ന കാലം. തിരുവനന്തപുരത്ത് കാത്തലിക് ഹോസ്റ്റൽ എന്ന സ്ഥാപനം തത്വശാസ്ത്രപരമായ സെമിനാറുകൾ നടത്തുമായിരുന്നു. ആ പരിപാടികളിലൊന്നിൽ അസ്തിത്വവാദത്തെക്കുറിച്ച് സച്ചിദാനന്ദൻ എഴുതിത്തയാറാക്കിയ ദീർഘ പ്രബന്ധം അവതരിപ്പിച്ചു. ആ പരിപാടിക്കുശേഷം ഞങ്ങൾ പരിചയപ്പെട്ടു. അന്നു തുടങ്ങിയ ബന്ധം പിന്നീട് തീവ്രമായി തുടർന്നു, സാംസ്‌കാരികരംഗത്ത് ഞങ്ങൾ മൂവർ സംഘമായി മാറിയെന്നും പറയാം.

യൗവനകാലകുതിപ്പിൽ സച്ചിദാനന്ദൻ ഉണ്ടാക്കിയ ആ ബ്രേക്ക് അന്നും ഇന്നും വേണ്ടത്ര വിലയിരുത്തപ്പെട്ടിട്ടില്ല. അന്ന് ഭാവുകത്വപരമായി നിലനിന്നിരുന്ന വലിയൊരു ബ്ലോക്കിനെ സച്ചിദാനന്ദന്റെ കവിതകൾ ചവുട്ടിത്തുറക്കുകയായിരുന്നു.
യൗവനകാലകുതിപ്പിൽ സച്ചിദാനന്ദൻ ഉണ്ടാക്കിയ ആ ബ്രേക്ക് അന്നും ഇന്നും വേണ്ടത്ര വിലയിരുത്തപ്പെട്ടിട്ടില്ല. അന്ന് ഭാവുകത്വപരമായി നിലനിന്നിരുന്ന വലിയൊരു ബ്ലോക്കിനെ സച്ചിദാനന്ദന്റെ കവിതകൾ ചവുട്ടിത്തുറക്കുകയായിരുന്നു.

കെ.ജി.എസ് പട്ടാമ്പിയിലേക്ക് പോകുന്നു, ഞാൻ മലപ്പുറത്ത് വരുന്നു, സച്ചിദാനന്ദൻ ഇരിങ്ങാലക്കുടയിലും. മൂന്നുപേർക്കും സന്ധിക്കാനുള്ള ഇടം തൃശ്ശൂരാണ്. ഒരേതരം വേഷം പോലും ധരിച്ച് കണ്ടാൽ ഒരേപോലെയിരിക്കുന്ന മനുഷ്യരായി, അത്രമേൽ അടുത്ത സൗഹൃദം അന്ന് ഞങ്ങൾ തമ്മിലുണ്ടായിരുന്നു. യൂണിവേഴ്‌സിറ്റികളിലും പുറത്തുമെല്ലാം സാംസ്‌കാരിക- സാഹിത്യസംവാദങ്ങൾ സജീവമായിരുന്ന കാലമായിരുന്നു അത്. അവയിലെല്ലാം ഞങ്ങൾ സജീവമായി പങ്കെടുത്തിരുന്നു.

കേവലം മൂന്ന് വ്യക്തികൾ തമ്മിലുള്ള സൗഹൃദമായിരുന്നില്ല. വ്യക്തിഗതമായ ഓർമയ്ക്ക് ഈ സന്ദർഭത്തിൽ സാംഗത്യവുമില്ല. സാംസ്‌കാരിക ചരിത്രത്തിന്റെ ഒരു പ്രതിസന്ധിഘട്ടം കൂടിയായിരുന്നു അത്. അതുകൊണ്ട് ആ കാലഘട്ടത്തിലെ ഞങ്ങളുടെ കൂട്ടുകെട്ടിനെ impersonal phenomenon ആയി കാണേണ്ടിവരും. പഴമയും പുതുമയും തമ്മിൽ സംഘട്ടനത്തിലേർപ്പെട്ടിരുന്ന, സാംസ്‌കാരിക പ്രശ്‌നസങ്കീർണതയുടെ (Problematic) ആ കാലത്ത്, അതിൽ ഇടപെട്ടുകൊണ്ടാണ് ഞങ്ങൾ പ്രവർത്തിച്ചത്. ഈ സാംസ്കാരിക പ്രശ്‌നസങ്കീർണതയുടെ പശ്ചാത്തലം കൂടി മനസ്സിലാക്കേണ്ടതുണ്ട്.

ഞങ്ങൾ പഠിക്കുന്ന കാലത്ത് ഇടതുപക്ഷ സാംസ്‌കാരിക പ്രസ്ഥാനം ഏതാണ്ട് നിശ്ചലമായിരുന്നു. അതിനുകാരണമായത്, 1964-ൽ കമ്യൂണിസ്റ്റ് പാർട്ടിയിലുണ്ടായ പിളർപ്പാണ്. പിളർപ്പിനുമുമ്പേ തന്നെ പുരോഗമനസാഹിത്യപ്രസ്ഥാനത്തിൽ സംഘർഷം രൂപപ്പെട്ടിരുന്നു. പാർട്ടിക്ക് അടിപ്പെട്ടിരിക്കണം സാംസ്‌കാരികമേഖല, പാർട്ടി പ്രചാരണത്തിനു വേണ്ടിയായിരിക്കണം സാഹിത്യം എന്ന സ്റ്റാലിനിസ്റ്റ് നിലപാട് ഇ.എം.എസിന്റെ നേതൃത്വത്തിൽ ഉയർത്തിപ്പിടിച്ചു. എന്നാൽ, മുണ്ടശ്ശേരിയെയും സി. അച്യുതമേനോനെയും പോലുള്ളവർ ഇതിൽനിന്ന് ഭിന്നമായ ലിബറൽ സമീപനമാണ് സ്വീകരിച്ചത്. സാംസ്‌കാരികമേഖലയിൽ പിളർപ്പിനുമുമ്പുണ്ടായിരുന്ന ഈ സംഘർഷം പിളർപ്പോടെ പരസ്യമാകുകയും മൂർച്ചിക്കുകയും ചെയ്തു.

ന്യൂ ലെഫ്റ്റ് ആശയങ്ങൾ സച്ചിദാനന്ദനെയും കെ.ജി.എസിനെയും എന്നെയും ഏറെ സ്വാധീനിച്ചു. ന്യൂ ലെഫ്റ്റും മോഡേണിസവും തമ്മിൽ ബന്ധിപ്പിക്കുന്ന കേന്ദ്രമായി ഞങ്ങൾ മാറി. ഇതുവഴി, മോഡേണിസത്തിൽ തന്നെ പ്രവർത്തിച്ചിരുന്ന, inherent റവല്യൂഷനറി പൊളിറ്റിക്സിനെ പുറത്തുകൊണ്ടുവരാൻ കഴിഞ്ഞു എന്നതാണ് സാംസ്കാരിക- സാഹിത്യ മേഖലകളിൽ ഞങ്ങൾ നടത്തിയ ഇടപെടലിന്റെ പ്രധാന വശം.

ഇതേതുടർന്ന് പുരോഗമന സാഹിത്യപ്രസ്ഥാനം ഔദ്യോഗികമായി തന്നെ പിളർന്നു. സാഹിത്യത്തെയും സംസ്‌കാരത്തെയും കുറിച്ചുള്ള രണ്ടുതരം വ്യാഖ്യാനങ്ങൾ പ്രബലമാകാൻ തുടങ്ങി. ഒരു വശത്ത്, സി.പി.എമ്മിന്റെ നേതൃത്വത്തിൽ സ്റ്റാലിനിസ്റ്റ് യാന്ത്രികത ശക്തിപ്പെട്ടു. മറുവശത്ത്, വൈക്കം ചന്ദ്രശേഖരൻ നായരുടെയും മറ്റും നേതൃത്വത്തിൽ സാഹിത്യം സ്വതന്ത്രമാകണം എന്ന മട്ടിൽ, പഴയ കാലത്തെ ലിബറൽ സാഹിത്യസങ്കൽപ്പത്തിന്റെ അടിസ്ഥാനത്തിലുള്ള ലൈൻ നിലവിൽവന്നു. ഇതോടൊപ്പം, എം. ഗോവിന്ദന്റെ നേതൃത്വത്തിൽ റോയിസ്റ്റുകളും അയ്യപ്പപ്പണിക്കരടക്കമുള്ളവരടങ്ങുന്ന സോഷ്യലിസ്റ്റുകളും മോഡേണിസ്റ്റുകളും മറ്റും കമ്യൂണിസ്റ്റ് വിരുദ്ധ ആശയങ്ങൾ മുന്നോട്ടുവെച്ച് രംഗത്തുവന്നു. ഇടതുപക്ഷ സാംസ്‌കാരികമേഖലയുടെ തകർച്ചയുണ്ടാക്കിയ ഈയൊരു പ്രതിസന്ധിഘട്ടത്തിൽ ഇവയെ നേരിടാനുള്ള സാംസ്‌കാരികപ്രവണത രൂപപ്പെട്ടത് ന്യൂ ലെഫ്റ്റിന്റെ വരവോടെയാണ്.

ന്യൂ ലെഫ്റ്റ് ആശയങ്ങൾ കേരളത്തിലേക്കുവരുന്നത് നക്‌സലൈറ്റ് മൂവ്‌മെന്റിലൂടെയാണ്. ആഗോളതലത്തിൽ തന്നെ ഉയർന്നുവന്ന ന്യൂ ലെഫ്റ്റ് മൂവ്‌മെന്റിന്റെ ഭാഗമായിരുന്നുവല്ലോ, വിശാലാർഥത്തിൽ ഇന്ത്യയിലെ നക്‌സലൈറ്റ് മൂവ്‌മെന്റും. ന്യൂ ലെഫ്റ്റ് ആശയങ്ങൾ സച്ചിദാനന്ദനെയും കെ.ജി.എസിനെയും എന്നെയും ഏറെ സ്വാധീനിച്ചു. ന്യൂ ലെഫ്റ്റും മോഡേണിസവും തമ്മിൽ ബന്ധിപ്പിക്കുന്ന കേന്ദ്രമായി ഞങ്ങൾ മാറി. ഇതുവഴി, മോഡേണിസത്തിൽ തന്നെ പ്രവർത്തിച്ചിരുന്ന, inherent റവല്യൂഷനറി പൊളിറ്റിക്സിനെ പുറത്തുകൊണ്ടുവരാൻ കഴിഞ്ഞു എന്നതാണ് സാംസ്കാരിക- സാഹിത്യ മേഖലകളിൽ ഞങ്ങൾ നടത്തിയ ഇടപെടലിന്റെ പ്രധാന വശം. ഇതോടെ റോയിസ്റ്റുകളും സോഷ്യലിസ്റ്റുകളും മുന്നോട്ടുവച്ച കടുത്ത ആന്റി കമ്യൂണിസത്തിന്റെ വാൾത്തല ഒടിഞ്ഞു. കാരണം, ഞങ്ങൾ മോഡേണിസ്റ്റാണ്, റവല്യുഷണിസ്റ്റുമാണ്. അങ്ങനെ ഒരു റവല്യൂഷനറി മോഡേണിസത്തിന്റെ സെൻസിബിലിറ്റി ശക്തമാകാൻ തുടങ്ങി.

സച്ചിദാനന്ദന്റെയും കെ.ജി.എസിന്റെയും കവിതകൾ നിർവഹിച്ച ontological ആന്തരികലോകം ഇനിയും പുറത്തുവരാനിരിക്കുന്നതേയുള്ളൂ.
സച്ചിദാനന്ദന്റെയും കെ.ജി.എസിന്റെയും കവിതകൾ നിർവഹിച്ച ontological ആന്തരികലോകം ഇനിയും പുറത്തുവരാനിരിക്കുന്നതേയുള്ളൂ.

എം. ഗോവിന്ദനും അയ്യപ്പപ്പണിക്കരുമൊക്കെയായുള്ള സൗഹൃദത്തിന്റെ ഭാഗമായി സച്ചിദാനന്ദൻ പത്രാധിപരായി പുറത്തിറങ്ങിയിരുന്ന 'ജ്വാല' എന്ന പ്രസിദ്ധീകരണത്തിൽനിന്ന്, ഞങ്ങളുടെ കൂട്ടുകെട്ട് വളർന്നതോടെ, ന്യൂ ലെഫ്റ്റിന്റെ ആഭിമുഖ്യത്തിലുള്ള കേരളത്തിലെ ആദ്യത്തെ വിപ്ലവസാംസ്‌കാരിക പ്രസിദ്ധീകരണമായ 'പ്രസക്തി'യിലേക്ക് മാറുന്നു. മാർക്‌സിസ്റ്റ് പ്രസ്ഥാനത്തിന്റെ സാംസ്‌കാരിക പരാജയവും അതിനെതിരെ ഉയർന്നുവന്ന പഴയ മോഡേണിസത്തിന്റെയും ആന്റി കമ്യൂണിസത്തിന്റെയും സ്വാധീനവും ഉണ്ടാക്കിയ പ്രതിസന്ധിഘട്ടത്തെ മറികടന്ന്, ഒരേസമയം പൊളിറ്റിക്കലും മോഡേണിസ്റ്റുമായ പുതിയ പൊളിറ്റിക്കൽ സെൻസിബിലിറ്റി രൂപപ്പെടുകയാണ്. ഇതിന്റെ തുടർച്ചയിലാണ് ജനകീയ സാംസ്‌കാരികവേദിയുണ്ടാകുന്നത്. സ്റ്റാലിനിസത്തിന്റെ യാന്ത്രികതയ്ക്കും വ്യക്തികേന്ദ്രിത ലിബറൽ സാഹിത്യസമീപനങ്ങൾക്കും പഴയ മോഡേണിസത്തിനും അയ്യപ്പപ്പണിക്കരെപ്പോലുള്ളവർ ഉയർത്തിക്കൊണ്ടുവന്ന മോഡേണിസത്തിനും എതിരായ സാംസ്‌കാരിക പ്രസ്ഥാനമായാണ് ജനകീയ സാംസ്‌കാരികവേദി രൂപപ്പെടുന്നത്.

മോഡേണിസത്തെ എങ്ങനെ വിപ്ലവകരമായി ഏറ്റെടുക്കാം, പരിവർത്തിപ്പിക്കാം എന്നതിന്റെ പരീക്ഷണമാണ് സാംസ്‌കാരികവേദിയുടെ കലാസങ്കൽപ്പത്തിൽ തന്നെയുണ്ടായിരുന്നത്. അങ്ങനെ നോക്കുമ്പോൾ ലോകസാഹിത്യത്തിലും നാടകത്തിലും ചിത്രകലയിലും ശിൽപകലയിലുമെല്ലാം സോവിയറ്റ് പുരോഗമന മാതൃകയെ മറികടന്ന്, കീഴാള- സാംസ്‌കാരിക ശക്തികളെ മോഡേണിസവുമായി സമന്വയിപ്പിക്കുന്നതിലൂടെ രൂപപ്പെട്ട വിധ്വംസകവും സർഗാത്മകവുമായ സമകാലിക ഭാവുകത്വത്തിലേക്ക് മലയാളികളായ നമ്മളും പ്രവേശിക്കുന്നത് ജനകീയ സാംസ്‌കാരികവേദിയിലൂടെയാണെന്നു പറയാം.

ഈ കവിതകൾക്കെതിരായി ഉയർത്തപ്പെട്ട ‘ആധുനികതയുടെ ചുവന്ന വാൽ’ എന്ന വിമർശനം നിലനിൽക്കുന്നതല്ല. ആധുനികതയ്ക്ക് ഒരു ചുവന്ന വാൽ വെക്കുകയല്ല ചെയ്തത്, ആധുനികതയുടെ തന്നെ റവല്യൂഷനറി പൊട്ടൻഷ്യലിനെ പുറത്തെടുക്കുകയാണ് ചെയ്തത്.

ഞങ്ങൾ, മൂന്നുപേരുടെയും കൂട്ടുകെട്ട്, പിന്നീട് ജനകീയ സാംസ്‌കാരികവേദിയിലൂടെയാണ് വികസിച്ചത്. നവഭാവുകത്വത്തിന്റെ ഒരു രാഷ്ട്രീയ കൂട്ടായ്മയായി ഞങ്ങളുടെ കൂട്ടുകെട്ട് മാറുകയും ചെയ്തു. സാഹിത്യത്തിലും കലയിലും ഏറെ മുന്നോട്ടുപോയെങ്കിലും രാഷ്ട്രീയമായി അതിന് മുന്നോട്ടുപോകാനാകാത്തതിന് വേറെ കാരണങ്ങളുണ്ട്. ഈ സന്ദർഭത്തിൽ അത് വിശദീകരിക്കുന്നില്ല.

ജനകീയ സാംസ്‌കാരികവേദിയുടെ ഒപ്പം നിന്ന കടമ്മനിട്ടയുടെയും സച്ചിദാനന്ദന്റേയും കെ.ജി.എസിന്റെയും സാവിത്രിയുടെയും ബാലചന്ദ്രൻ ചുള്ളിക്കാടിന്റെയും ആധുനിക രാഷ്ട്രീയ കവിതകൾ, എം. സുകുമാരന്റെയും യു.പി. ജയരാജിന്റെയും മറ്റും കഥകൾ, മധു മാഷിന്റെയും കെ.ജെ. ബേബിയുടെയും രാമചന്ദ്രൻ മൊകേരിയുടെയും നേതൃത്വത്തിൽ അവതരിപ്പിച്ചിരുന്ന എക്‌സ്പ്രഷനിസ്റ്റ് നാടകങ്ങൾ- അമ്മ, സ്പാർട്ടക്കസ്, നാടുഗദ്ദിക- റാഡിക്കൽ പെയിന്റേഴ്സ് എന്നറിയപ്പെട്ട ഒരുകൂട്ടം യുവകലാകാരന്മാരുടെ ആധുനിക ശിൽപ്പങ്ങളും ചിത്രങ്ങളും- ഇവയെല്ലാം വാസ്തവത്തിൽ, ഭാവുകത്വപരമായി എന്ത് പരിവർത്തനമാണ് ഈയൊരു മൂവ്‌മെന്റിലൂടെ സംഭവിച്ചത് എന്നതിനെക്കുറിച്ചുള്ള വിലയിരുത്തൽ നമ്മൾ നടത്തിയിട്ടില്ല.

അക്കാലത്തെ ഭാവുകത്വപരമായ പ്രതിസന്ധിയെ മറികടക്കാനുള്ള വലിയ ശ്രമങ്ങൾ സച്ചിദാനന്ദന്റെ ആദ്യകാല കവിതകളിൽ തന്നെയുണ്ടായിരുന്നു. ശ്യാമഗീത, ആത്മഗീത, അഞ്ചുസൂര്യൻ പോലുള്ള കവിതകളിൽ ഇത് കാണാം.
അക്കാലത്തെ ഭാവുകത്വപരമായ പ്രതിസന്ധിയെ മറികടക്കാനുള്ള വലിയ ശ്രമങ്ങൾ സച്ചിദാനന്ദന്റെ ആദ്യകാല കവിതകളിൽ തന്നെയുണ്ടായിരുന്നു. ശ്യാമഗീത, ആത്മഗീത, അഞ്ചുസൂര്യൻ പോലുള്ള കവിതകളിൽ ഇത് കാണാം.

ഒരു കാര്യം വ്യക്തമാക്കാം: സാംസ്‌കാരികരംഗത്തെ ഭാവുകത്വപരമായ വിച്‌ഛേദത്തിൽ ഞങ്ങളുടെ മൂവർസംഘം നടത്തിയ ഇടപെടൽ വ്യക്തിപരം എന്നതിലുപരിയായിരുന്നു. കെ.ജി.എസിന്റെയും സച്ചിദാനന്ദന്റെയും കവിതകൾ നടത്തിയ സാംസ്കാരികമായ ontological ഇടപെടലുകൾ, അതുണ്ടാക്കിയ പ്രഹരശേഷിയോടെ, വേണ്ടത്ര വിലയിരുത്തപ്പെട്ടിട്ടില്ല. മാത്രമല്ല, അവയെ ജേണലിസ്റ്റിക്കലായി ചുരുക്കിക്കെട്ടുകയും ചെയ്തു. നമ്മുടെ നാട്ടിലെ കവിതാവിമർശനം ജേണലിസ്റ്റിക് ആണ് എന്നതിന്റെ ഫലം കൂടിയാണിത്. ഈ കവിതകൾക്കെതിരായി ഉയർത്തപ്പെട്ട ‘ആധുനികതയുടെ ചുവന്ന വാൽ’ എന്ന വിമർശനം നിലനിൽക്കുന്നതല്ല. ആധുനികതയ്ക്ക് ഒരു ചുവന്ന വാൽ വെക്കുകയല്ല ചെയ്തത്, ആധുനികതയുടെ തന്നെ റവല്യൂഷനറി പൊട്ടൻഷ്യലിനെ പുറത്തെടുക്കുകയാണ് ചെയ്തത്.

സച്ചിദാനന്ദന്റെയും കെ.ജി.എസിന്റെയും കവിതകൾനിർവഹിച്ച ontological ആന്തരികലോകം ഇനിയും പുറത്തുവരാനിരിക്കുന്നതേയുള്ളൂ. അതിനൊരാമുഖം മാത്രമാണ് ഈ സന്ദർഭത്തിൽ എനിക്ക് രേഖപ്പെടുത്താനുള്ളത്.

(ബി. രാജീവനുമായി സംസാരിച്ച് തയാറാക്കിയത് കെ. കണ്ണൻ).


Summary: B. Rajeevan recalls his political and cultural friendship with K. Satchidanandan and their impact on Kerala’s modern cultural landscape.


ബി. രാജീവൻ

അധ്യാപകൻ. സാഹിത്യ വിമർശനം, തത്വശാസ്ത്രം, സൗന്ദര്യശാസ്ത്രം, രാഷ്ട്രീയചിന്ത, ചരിത്രം തുടങ്ങിയ വിഷയങ്ങളിൽ മൗലികമായ അഭിപ്രായങ്ങൾ മുന്നോട്ടുവെക്കുന്ന ചിന്തകൻ. അടിയന്തരാവസ്ഥക്കെതിരെ നിലപാടെടുത്തതിന് പൊലീസ് മർദ്ദനവും വീട്ടുതടങ്കലും നേരിട്ടു. ജനകീയ സാംസ്‌കാരികവേദിയുടെ കാലത്ത് അറസ്റ്റുചെയ്യപ്പെടുകയും ദീർഘകാലം കോളജ് അധ്യാപകജോലിയിൽനിന്ന് പുറത്താക്കപ്പെടുകയും ചെയ്തു. കീഴാള മാർക്‌സിസവും കീഴാള ജനാധിപത്യവും, പ്രളയാനന്തര മാനവികത, ജൈവ രാഷ്ട്രീയവും ജനസഞ്ചയവും, ഇന്ത്യയുടെ വീണ്ടെടുക്കൽ തുടങ്ങിയവ പ്രധാന കൃതികൾ.

Comments