എൻ.ഇ. ബാലകൃഷ്ണമാരാർ പുസ്തകങ്ങൾ കൊണ്ടെഴുതിയ ചരിത്രം

പ്രതിസന്ധിയുടെ ഏത് വക്കത്തു നിന്നും പ്രതീക്ഷയുടെ ചെറിയൊരു തെളിച്ചമുണ്ട് എന്ന് തിരിച്ചറിഞ്ഞു മുന്നോട്ട് പോകാൻ കാണിച്ച ആത്മധൈര്യമാണ് എൻ.ഇ. ബാലകൃഷ്ണ മാരാരിന്റെ വിജയം.

ലയാള പുസ്തക പ്രസാധന ചരിത്രത്തിൽ അനുപമമായ സ്ഥാനമാണ് എൻ.ഇ. ബാലകൃഷ്ണ മാരാർക്ക് ഉള്ളത്. ബാലേട്ടൻ എന്ന് അടുപ്പക്കാർ വിളിക്കുന്ന അദ്ദേഹത്തിന്റെ, ലളിതമായ തുടക്കവും അത്ഭുതകരമായ വളർച്ചയും മലയാള പുസ്തകപ്രസാധന രംഗത്തുതന്നെ സമാനതകളില്ലാത്ത ഒന്നാണ്. ടൂറിങ് ബുക്‌സ്റ്റാൾ എന്ന പേരിൽ തന്നെയുണ്ട് ആ വ്യത്യസ്തത. കവി ആർ. രാമചന്ദ്രനാണ് ടൂറിങ് ബുക്‌സ്റ്റാൾ എന്ന പേര് നിർദ്ദേശിച്ചത്. സഞ്ചിയിലാക്കിയ പുസ്തകങ്ങൾ കാൽനടയായി ആവശ്യക്കാർക്ക് എത്തിച്ചു കൊടുക്കുന്നതായിരുന്നു ടിബിഎസിന്റെ രീതി. പിന്നീട് പുസ്തകസഞ്ചിക്ക് സൈക്കിളിലേയ്ക്ക് സ്ഥാനകയറ്റം കിട്ടി. പുസ്തക വായന താല്പര്യമുള്ള ആളുകളെ കണ്ടെത്തി, വെയിലും മഴയും വകവയ്ക്കാതെ അവരുടെ അടുത്ത് പുസ്തകം എത്തിച്ചു കൊടുക്കുക എന്ന മഹത്തായൊരു അക്ഷര ഉപാസനയാണ് ബാലകൃഷ്ണ മാരാർ ആദ്യ കാലത്ത് നിർവഹിച്ചിരുന്നത്. പുസ്തകങ്ങളുമായി നടക്കുമ്പോൾ ഭക്ഷണം കഴിക്കാൻ പോലും പണമില്ലാതെ തളർന്നുവീണ അനുഭവങ്ങൾ ബാലകൃഷ്ണ മാരാർ "കണ്ണീരിനും മധുരം' എന്ന തന്റെ ആത്മകഥയിൽ വിവരിക്കുന്നുണ്ട്.

ഫറൂഖ്, കൊയ്‌ലാണ്ടി, മാവൂർ എന്നീ സ്ഥലങ്ങളിലൊക്കെ സൈക്കിൾ ചവിട്ടി പുസ്തകങ്ങൾ എത്തിച്ചു കൊടുക്കുക എന്ന കഠിനമായ ശ്രമം ആളുടെ ഭാഗത്തു നിന്ന് ഉണ്ടായിട്ടുണ്ട്.

ടിബിഎസ് എന്ന പേര് കാൽനടയായും സൈക്കിളിലുമൊക്കെയായി പുസ്തകങ്ങൾ കൊണ്ടു നടന്നു വിറ്റിരുന്ന ഒരു കാലത്തെ കൂടി അടയാളപ്പെടുത്തുന്നുണ്ട്.

എം.ടി. വാസുദേവൻ നായരും ആർ. രാമചന്ദ്രനും അടക്കമുള്ളവരായിരുന്നു അന്ന് അദ്ദേഹത്തിന്റെ ഉപദേശകർ. ആർ. രാമചന്ദ്രനെന്ന അധ്യാപകൻ ഇല്ലായിരുന്നെങ്കിൽ, അദ്ദേഹത്തിന്റെ ഉപദേശങ്ങളില്ലായിരുന്നെങ്കിൽ പൂർണ എന്ന സ്ഥാപനം ഇന്നത്തെ നിലയിൽ ഉണ്ടാകുമായിരുന്നില്ല എന്ന് ബാലകൃഷ്ണ മാരാർ ആവർത്തിച്ച് പറഞ്ഞിട്ടുണ്ട്.

പിന്നെയും കാലങ്ങൾക്കു ശേഷമാണ് പൂർണ പബ്ലിക്കേഷനുമായി പുസ്തക പ്രസാധന രംഗത്തേയ്ക്ക് അദ്ദേഹം കടന്നു വരുന്നത്. എം.ടി വാസുദേവൻ നായരുടേത് ഉൾപ്പെടെയുള്ള പത്ത് പുസ്തകങ്ങളിലൂടെയാണ് പ്രസാധക രംഗത്തേയ്ക്ക് പൂർണ ബുക്‌സ് ചുവടുവയ്ക്കുന്നത്. അതിന്റെ പഴയൊരു നോട്ടീസ് അടുത്ത കാലം വരെ ബാലകൃഷ്ണമാരുടെ ശേഖരത്തിൽ ഉണ്ടായിരുന്നു.

സക്കറിയ, എംടി, എസ്‌.കെ. പൊറ്റെക്കാട്ട്, ഉറൂബ് എന്നിവരുടെ കൃതികൾ ആദ്യമായി മലയാളികളിലേയ്ക്ക് എത്തിച്ചു എന്ന വലിയ സംഭാവനയും ബാലകൃഷ്ണ മാരാരുടെ ഭാഗത്തു നിന്നുണ്ട്. പൂർണ പ്രസാധന ചരിത്രത്തിൽ അടയാളപ്പെടുന്നത് ഇത്തരത്തിൽ എണ്ണം പറഞ്ഞ പുസ്തകങ്ങളുടെ പേരിൽക്കൂടിയാണ്. അന്നത്തെക്കാലത്ത് അത്ര എളുപ്പമായിരുന്നില്ല പുസ്തക പ്രസിദ്ധീകരണവും വിതരണവും. എങ്കിലും ഒരു ദീർഘദൃഷ്ടിയോടെയും കഠിന ശ്രമത്തോടെയുമുള്ള പ്രവർത്തനങ്ങൾ കൊണ്ടാണ് ബാലകൃഷ്ണമാരാർക്ക് പ്രതിസന്ധികളെ അതിജീവിച്ചു പിടിച്ചു നിൽക്കാൻ സാധിച്ചത്.

കോർട്ട് റോഡിലും പിന്നീട് മിഠായിതെരുവിലും ചെറിയ ചെറിയ പുസ്തകശാലകൾ തുറന്നു. സാഹിത്യ സംവാദങ്ങൾകൊണ്ട് വായനക്കാരെ ചേർത്തു നിർത്തി .

പല മേഖലയിൽപ്പെട്ട ഏഴായിരത്തോളം പുസ്തകങ്ങളാണ് നാളിതുവരെ വായനക്കാരുടെ പൂർണ വായനക്കാരുടെ കൈകളിൽ എത്തിച്ചിട്ടുള്ളത്. പഴയതും പുതിയതുമായ തലമുറയിലെ എഴുത്തുകാരെ കണ്ടെത്തി അവരുടെ രചനകൾ വായനക്കാരിൽ എത്തിക്കുന്നതിൽ ബാലകൃഷ്ണമാരാർ വിജയം കണ്ടു. അതും പുസ്തക പ്രസാധം ഒരു കച്ചവടം കൂടിയാണ് എന്നു മനസ്സിലാക്കി കൊണ്ടു തന്നെ, പുസ്തകങ്ങളുടെ വിപണി സാധ്യത കണ്ടെത്തി അത്തരം പുസ്തകങ്ങൾ രചയ്താക്കളോട് എഴുതി വാങ്ങുന്നതിൽ അദ്ദേഹം കാണിച്ച മികവ് എടുത്തു പറയേണ്ട ഒന്നാണ്.

ഒപ്പം തന്നെ പൂർണ പ്രസിദ്ധീകരിച്ച പുസ്തകങ്ങൾക്ക് പാഠപുസ്തകങ്ങളിൽ ഇടം നേടിയെടുക്കുകയും അതിനു വേണ്ടപ്പെട്ടവരുമായി ബന്ധപ്പെടുകയും, അതിന്റെ പുറകെ വിശ്രമമില്ലാതെ സഞ്ചരിച്ച് അത്തരം ലക്ഷ്യങ്ങൾ നേടിയെടുക്കുകയും ചെയ്തിട്ടുള്ള സന്ദർഭങ്ങളെല്ലാം പങ്കുവെച്ചിട്ടുണ്ട്.

ഉറൂബ്, തകഴി, പാറപ്പുറം, എസ്.കെ. പൊറ്റെക്കാട്ട്, പുനത്തിൽ കുഞ്ഞബ്ദുള്ള, എം. മുകുന്ദൻ, സേതു, നന്ദനാർ, പി. വത്സല, പി. സുരേന്ദ്രൻ തുടങ്ങിയ എഴുത്തുകാരൊക്കെ ബാലേട്ടന്റെ പ്രത്യേകമായ അഭ്യർഥനയ്ക്കു വഴങ്ങി എഴുതി നൽകുകയും അത് നല്ല രീതിയ്ക്ക് പ്രസിദ്ധീകരിക്കുകയും ചെയ്തു എന്നതും ഓർക്കേണ്ടതുണ്ട്.

ബാലസാഹിത്യ പുസ്തകങ്ങളുടെ കാര്യത്തിലും പൂർണയുടെ പങ്ക് എടുത്തുപറയേണ്ടതുണ്ട്. ഒരു പക്ഷേ പൂർണയായിരിക്കാം ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിനെക്കാൾ കൂടുതൽ ബാലപുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുള്ളത്.

സമ്പൂർണ്ണ കൃതികളും വിവർത്തന കൃതികളും പൂർണയുടേതായിട്ടുണ്ട്. അമീഷ് ത്രിപാഠിയുടെ ശിവത്രയ പുസ്തകങ്ങളുടെ തർജ്ജമാവകാശം പൂർണയ്ക്കായിരുന്നു. പുസ്തകത്തിന്റെ പതിനായിരക്കണക്കിന് കോപ്പികൾ ആണ് വിറ്റു പോയത്. ഇന്നും നിത്യഹരിതങ്ങളായ തകഴിയുടെയും ദേവിന്റെയും എസ്.കെയുടെയും പുസ്തകങ്ങൾ ഓരോ വർഷവും പുതിയ പതിപ്പുകൾ ഇറക്കുകയും പുസ്തകമേളകളിലും മറ്റും അത് വിറ്റഴിക്കുകയും ചെയ്യുന്നുണ്ട് .

അവിശ്രമമായുള്ള ഒരു ജീവിത രീതിയായിരുന്നു അദ്ദേഹത്തിന്റേത്. ആരോഗ്യപ്രശ്നങ്ങളാൽ കിടപ്പിലാകും വരെ എല്ലാ ദിവസവും കൃത്യമായി ടിബി എസിൽ എത്തുകയും ഉത്തരവാദിത്തങ്ങളൊക്കെ കൃത്യമായി നിർവഹിക്കുകയും ചെയ്തിരുന്ന ഒരു കഠിന പ്രയത്നിയായിരുന്നു അദ്ദേഹം. കൃത്യമായ മീറ്റിങ്ങുകളും പുതിയ പുസ്തകങ്ങളെ കുറിച്ചുള്ള നിർദ്ദേശങ്ങളും, ഇറങ്ങിയ പുസ്തകങ്ങളുടെ വിപണന സാധ്യത വർധിപ്പിക്കുന്നതിനുള്ള ആലോചനകളുമൊക്കെ സ്ഥിരമായി നടത്തിയിരുന്നു. ഒപ്പം തന്നെ പുതിയ തലമുറയെ ബോധവൽക്കരിക്കുന്നതിനു വേണ്ടി പ്രസാധന രംഗത്ത് താൻ അനുഭവിച്ച കഷ്ടപ്പാടുകൾ, പ്രതിസന്ധികൾ, അതിനെ എങ്ങനെ തരണം ചെയ്തു എന്നതിന്റെ തീഷ്ണമായ അനുഭവങ്ങളൊക്കെ ഏറ്റവും ഹൃദ്യമായി അദ്ദേഹം വിവരിക്കുമായിരുന്നു.

പ്രൊഫഷണലായി പ്രസാധന ശാലയെ കൊണ്ടുപോകാൻ സാധിച്ചിട്ടില്ല എന്ന വിമർശനം ഉണ്ടാകുമ്പോളും അദ്ദേഹത്തിന്റെ ഉള്ളിലെ ആർദ്രത തിരിച്ചറിഞ്ഞിട്ടുള്ള ഒരാളാണ് ഞാൻ. താൻ പിന്നിട്ടു പോന്ന ഏറ്റവും പ്രയാസമേറിയ ആ ജീവിതം അദ്ദേഹം ഒരിക്കലും മറന്നില്ല.

വിൽപ്പന കുറഞ്ഞ പുസ്തകങ്ങൾ വിറ്റഴിക്കുന്നതിനെ കുറിച്ചൊരു ആലോചന ഉണ്ടായ സമയത്ത് പത്ത് വർഷമായിട്ടും വിറ്റുപോകാത്ത പുസ്തകങ്ങളുടെ എഴുത്തുകാർക്ക് ഒരു കത്ത് എഴുതി - "നിങ്ങൾ പകുതി വിലയ്ക്ക് പുസ്തകങ്ങൾ എടുത്തു കൊണ്ടു പോകണം, അല്ലെങ്കിൽ ഞങ്ങളിത് ഗോഡൗണിലേക്ക് മാറ്റും '
ഇതായിരുന്നു കത്തിലെ ഉള്ളടക്കം. കുറെ എഴുത്തുകാർക്ക് ഇതു പോലെ കത്തയച്ചു, എറണാകുളത്ത് നിന്നൊരു എഴുത്തുകാരിയുടെ മറുപടി വന്നു- "എന്റെ പുസ്തകങ്ങൾ വിറ്റഴിയുന്നില്ല എന്നറിയുന്നതിൽ എനിക്ക് വലിയ സങ്കടമുണ്ട്. അതെനിക്ക് വാങ്ങികൊണ്ട് പോകണമെന്ന് ആഗ്രഹവുമുണ്ട്. പക്ഷേ ഇപ്പോഴത്തെ രോഗാതുരമായ എന്റെ അവസ്ഥയിൽ എനിക്ക് അത് വാങ്ങാനുള്ള സാമ്പത്തിക ശേഷി ഇല്ല. മരുന്നിന് തന്നെ വലിയ ബുദ്ധിമുട്ടുള്ളൊരു സമയമാണിത്. ഇങ്ങനൊരു സാഹചര്യത്തിൽ എങ്ങനെയാണ് ആ പുസ്തകങ്ങൾ എടുക്കുക'' വളരെ വൈകാരികമായൊരു കത്തായിരുന്നു അത്. കത്ത് വായിച്ചതിനു ശേഷം അദ്ദേഹം പറഞ്ഞു. "അവരുടെ പുസ്തകം വിറ്റുപോയോ ഇല്ലയോ എന്ന് നോക്കേണ്ടതില്ല, ആയിരം പുസ്തകത്തിന്റെ കോപ്പി വിറ്റുകഴിഞ്ഞാൽ പതിനഞ്ച് ശതമാനം റോയൽറ്റി ഇനത്തിൽ അവർക്ക് കൊടുക്കാനുണ്ടാവും , അത് കണക്കാക്കി ആ മുഴുവൻ തുകയും ഇന്നു തന്നെ അവർക്ക് അയച്ചുകൊടുക്കണം. എല്ലാ പ്രാരാബ്ദങ്ങളുടെയും, എല്ലാ ദുരിതങ്ങളുടെ എല്ലാ സങ്കടങ്ങളുടെയും അപ്പുറത്ത് ഒരു നല്ല നാളെ ഉണ്ടാകും എന്ന ആശംസയും ചേർത്ത് ഒരു കത്തും അയയ്ക്കണം'

കുട്ടികൾക്ക് സ്‌കോളർഷിപ്പ്, ആശുപത്രികൾക്ക് സംഭാവനകൾ തുടങ്ങി കാരുണ്യ പ്രവർത്തന രംഗത്ത് അദ്ദേഹം നടത്തിയിരുന്ന സേവനങ്ങൾ കൂടി ഇതിനോട് ചേർത്തു വായിക്കേണ്ട ഒന്നാണ്.

പുതിയ തലമുറയ്ക്ക് ഒരു പാഠപുസ്തകമാണ് എൻ.ഇ. ബാലകൃഷ്ണമാരാർ. പ്രസാധക ധർമ്മത്തിന്റെ ഏഴയലത്ത് പോലും എത്താത്ത പ്രസാധന സ്ഥാപനങ്ങൾ കൂണുപോലെ പൊട്ടിമുളയ്‍ക്കുന്ന ഈ കാലത്ത് ബാലകൃഷ്ണമാരാർ എന്ന വ്യക്തി വിശ്രമമില്ലാത്ത കഠിന പ്രയത്നത്തിലൂടെ വളർന്നു വന്ന് മലയാള പ്രസാധക ചരിത്രത്തിലെ തിളങ്ങുന്ന അധ്യായമായി മാറിയൊരു കഥയാണത്. അത് ശരിക്കും മനസിലാക്കണമെങ്കിൽ അദ്ദേഹത്തിന്റെ കണ്ണീരിന്റെ മാധുര്യം എന്ന ആത്മകഥ മാത്രം വായിച്ചാൽ മതിയാവും. പ്രതിസന്ധിയുടെ ഏത് വക്കത്തു നിന്നും പ്രതീക്ഷയുടെ ചെറിയൊരു തെളിച്ചമുണ്ട് എന്ന് തിരിച്ചറിഞ്ഞു മുന്നോട്ട് പോകാൻ കാണിച്ച ആത്മധൈര്യമാണ് അദ്ദേഹത്തിന്റെ വിജയം.

ഏതാണ്ട് രണ്ട് വർഷം മുമ്പ് അസുഖബാധിതനായ അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. അതെല്ലാം അതിജീവിച്ച് കരകയറി വന്നൊരു നേരത്തായിരുന്നു വീണ്ടും അദ്ദേഹത്തിന് കോവിഡ് ബാധിച്ചത്. അതോടെ ആരോഗ്യം വല്ലാതെ മോശമായി. 90 -ാം ജന്മദിനത്തിന്റെ അടുത്ത ദിവസം അദ്ദേഹം ലോകത്തോട് യാത്രപറയുകയും ചെയ്തു.

പ്രസാധക രംഗത്ത് ഉറച്ചു നിൽക്കുമ്പോൾ തന്നെ അതിന്റെ വിപണന മൂല്യത്തെയും ചേർത്ത് പിടിച്ചുകൊണ്ട് അദ്ദേഹം നേടിയെടുത്ത തിളക്കമാർന്ന വലിയൊരു വിജയമാണ് നമ്മുടെ മുമ്പിൽ ഉണ്ടാകേണ്ടത്.

കോഴിക്കോട് മുതലക്കുളത്ത് ഇന്ന് തലയുയർത്തി നിൽക്കുന്ന ടിബിഎസ് എന്ന സ്ഥാപനം അദ്ദേഹത്തിന്റെ കഠിന ശ്രമത്തിൽ നിന്ന് ഉണ്ടായതാണ്. ആ കണ്ണുനീരിന്റെ മാധുര്യം കൂടിയാണ് അത്.

പുതുതലമുറയിലെ ഏറ്റവും ശ്രദ്ധേയമായ പുസ്തകങ്ങൾ അടക്കം പ്രസിദ്ധീകരിച്ചുകൊണ്ട് പൂർണ അതിന്റെ ജൈത്രയാത്ര തുടരുകയാണ്.
ഇന്ന് ബാലകൃഷ്ണ മാരാർ നമ്മോടൊപ്പമില്ലെങ്കിലും അദ്ദേഹം സൃഷ്ടിച്ചെടുത്ത ആ പ്രസാധന സാമ്രാജ്യം നമുക്ക് മുന്നിലുണ്ട്.

എൻ.വി ബാലകൃഷ്ണ മാരാരുടെ വിയോഗം പുസ്തക പ്രസാധക മേഖലയിൽ വലിയൊരു നഷ്ടം തന്നെയെങ്കിലും അദ്ദേഹം സമ്മാനിച്ച ഊർജ്ജത്തിന്റെ ബലത്തിൽ നമുക്ക് മുന്നോട്ട് പോവേണ്ടതുണ്ട്. പുസ്തക പ്രസാധനം ഒട്ടും എളുപ്പമുള്ള കാര്യമല്ലെന്നും അതിൽ ശ്രദ്ധിക്കേണ്ട ഒരുപാട് കാര്യങ്ങൾ ഉണ്ടെന്നും, പ്രതിസന്ധിയുടെ ഏത് കയത്തിനപ്പുറവും വിജയത്തിന്റെ വലിയൊരു സാധ്യത തെളിഞ്ഞു കാണാമെന്നും പഠിപ്പിച്ച മാരാർക്ക് പ്രണാമം.

Comments