എല്ലാ ഭീഷണികൾക്ക് മുൻപിലും 'കക്കുകളി' അതിജീവിക്കും

സൗജന്യമായി ലഭിക്കുന്നത് ഒരു നേരത്തെ അന്നമാണെങ്കിലും അതിൽ ചൂണ്ടക്കൊളുത്തുകൾ ഒളിഞ്ഞിരിപ്പുണ്ടാകും. "കക്കുകളി'യുടെ കർട്ടൻ ഉയരുമ്പോൾ ആദ്യം കേൾക്കുന്നത് ഈ വാക്കുകളാണ്.

സമൂഹത്തിലെ ഏറ്റവും സാധാരണക്കാരായ ജനവിഭാഗങ്ങളെ ചൂഷണത്തിന് അടിമപ്പെടുത്തുന്ന അടിസ്ഥാന ഘടകം വിശപ്പു തന്നെയാണ്. ഭൂമിയിൽ മേലുള്ള ഉടമസ്ഥത, സാമ്പത്തിക ഭദ്രത, ജോലി, വിദ്യാഭ്യാസം സാമൂഹികമൂലധനം തുടങ്ങിയവയെല്ലാം ജീവിതകാലം മുഴുവൻ സ്വാപനം മാത്രമായി അവശേഷിക്കുന്ന ജനങ്ങൾ സ്വാഭാവികമായും സൗജന്യങ്ങൾക്ക് പിറകെ പോകുമ്പോൾ ആദ്യന്തികമായി ചൂഷണത്തിലേക്കു തന്നെയാണ് വലിച്ചിഴക്കപ്പെടുന്നത്.

"കക്കുകളി ' എന്ന നാടകത്തിന്റെ തുടക്കം നൽകുന്ന സന്ദേശമിതാണ്.
ഭൂമിക്കുമേലുള്ള അവകാശത്തിനും ഒരു നേരത്തെ ആഹാരത്തിനും വേണ്ടിയുള്ള സമരത്തിൽ സ്വന്തം ജീവൻ സമർപ്പിക്കപ്പെട്ട പിതാവിന്റെ മകളാണ് "കക്കുകളി'യിലെ പ്രധാന കഥാപാത്രമായ "നഡാലിയ'. റഷ്യൻ സാഹിത്യകാരനായ ആന്റൺ ചെക്കോവിന്റെ കഥാപാത്രത്തിന്റെ പേരാണ് വിപ്ലവകാരിയായ ആ പിതാവ് തന്റെ മകൾക്കു നൽകിയിരിക്കുന്നത്. മരണത്തിനു ശേഷവും നഡാലിയക്കൊപ്പം അവളുടെ ജീവിത സമരത്തിൽ ആ പിതാവ് പ്രചോദനമായി കൂടെയുണ്ട്.

"ചത്തിട്ടേ ഉള്ളു... തോറ്റിട്ടില്ല' എന്നുള്ള ഉറച്ച ശബ്ദത്തിൽ ആ പിതാവ് നാടകത്തിലുടനീളം മകൾക്കൊപ്പം സഞ്ചരിക്കുന്നു.

വിശപ്പും, ഭൂമിയും മാത്രമല്ല സ്ത്രീ എന്നുള്ള ഐഡന്റിറ്റിയും നഡാലിയയെ ചൂഷണ വ്യവസ്ഥിതിയിലേക്കു തള്ളിവിടുന്ന ഘടകമാണ്. കൂട്ടുകാരിക്കൊപ്പം കക്കുകളി കളിച്ചുകൊണ്ടിരിക്കുമ്പോഴാണ് മതപൗരോഹിത്യം നഡാലിയയെ സൗജന്യങ്ങൾ വാഗ്ദാനം ചെയ്ത്, "ഡിസിപ്ലിൻ' നിറഞ്ഞ ക്രിസ്ത്യൻ മിഷനറി ലോകത്തേക്ക് കൊണ്ടുപോകാൻ വരുന്നത്.

നാട്ടിൻ പുറങ്ങളിലെ കക്കുകളി ഒരർത്ഥത്തിൽ പെൺകുട്ടികളുടെ സ്വാതന്ത്ര പ്രഖ്യാപനം കൂടിയാണ്. ശരീരവും മനസും നിയന്ത്രണങ്ങൾക്കപ്പുറം കടന്നു ആസ്വദിക്കാനുള്ള ഒരു നാടൻ കളിയാണ് കക്കുകളി. അതുകൊണ്ടുതന്നെ, പെൺകുട്ടികൾ ഒരു നേരം അല്ലെങ്കിൽ ഒരു പ്രായം കഴിഞ്ഞാൽ കക്കുകളി അവസാനിപ്പിച്ച് വീട്ടിലെ അടുക്കളകളിലേക്ക് വഴിമാറണം എന്നുള്ളതാണ് സാമൂഹിക നിയമം.

'കക്കുകളി' നാടകത്തിൽ നിന്ന്
'കക്കുകളി' നാടകത്തിൽ നിന്ന്

മനസ്സുകൊണ്ടും ശരീരം കൊണ്ടും സംസാര ഭാഷകൊണ്ടും ശബ്ദം കൊണ്ടും "അടക്കവും ഒതുക്കവും' ഇല്ലാത്തവളാണ് നഡാലിയ. കൃസ്ത്യൻ മിഷനറി ജീവിതത്തിലേക്ക് എത്തിച്ചേരുന്ന നഡാലിയക്കു തന്റെ കക്കുകളി നിറഞ്ഞ ജീവിതം ഉപേക്ഷിക്കേണ്ടി വരുന്നു. മതപൗരോഹിത്യത്തിന്റെ "കൊട്ടാരജീവിതം' തടവറക്കു സമാനമായാണ് അവൾക്കു അനുഭവപ്പെട്ടത്. മൊറാലിറ്റി നിറഞ്ഞ മതത്തിന്റെ പേരിലുള്ള ചൂഷണത്തിൽ നിന്നും രക്ഷനേടി കക്കുകളി നിറഞ്ഞ തന്റെ പഴയ ജീവിതത്തിലേക്ക് തന്നെ എത്തിച്ചേരുന്നതിവേണ്ടിയുള്ള നഡാലിയയുടെ സമരമാണ് "കക്കുകളി' എന്ന നാടകം.

തീരദേശ ജനജീവിതത്തിന്റെ ഭാവതീവ്രമായ ആവിഷ്ക്കാരങ്ങളിലൂടെ മലയാളത്തിലെ പുതിയ എഴുത്തുകാരിൽ ശ്രദ്ധേയനാണ് ഫ്രാൻസിസ് നൊറോണ. അദ്ദേഹത്തിന്റെ ചെറുകഥയെ ആസ്പദമാക്കിയാണ് "കാക്കുകളി' എന്ന നാടകം രൂപപ്പെടുന്നത്. അജയ്കുമാറിന്റെ നാടകരചനയിൽ ജോബ് മഠത്തിലാണ് സംവിധാനം നിർവഹിച്ചിട്ടുള്ളത്. ആലപ്പുഴയിലെ പുന്നപ്ര വയലാർ വായനശാലയുടെ കീഴിലുള്ള "നെയ്തൽ നാടകസംഘം' എന്ന ഗ്രാമീണ നാടക സംഘമാണ് "കക്കുകളി'ക്ക് രംഗഭാഷ ഒരുക്കിയിരിക്കുന്നത്.

കേന്ദ്രീകൃത ക്രിസ്ത്യൻ പൗരോഹിത്യമതാധികാരം സാമൂഹിക - സാമ്പത്തിക പിന്നോക്കാവസ്ഥയെ ചൂഷണത്തിനുള്ള ഉപാധിയായി എങ്ങനെ ഉപയോഗപ്പെടുത്തുന്നു എന്നതിന്റെ ചിത്രീകരണമാണ് നാടകം. വേദിയിൽ ഏറ്റവും ഉയരത്തിൽ അധികാരകേന്ദ്രവും, ആ അധികാരകേന്ദ്രങ്ങളെ നിലനിർത്തുന്ന അധ്വാനിക്കുന്ന ശരീരങ്ങൾ മണ്ണിലുമായാണ് നാടകത്തിലുടനീളം നമ്മുക്ക് കാണാൻ കഴിയുക.

ഭൂരിപക്ഷം വരുന്ന, ഏറ്റവും സാധാരണക്കാരായ വിശ്വാസികൾക്കൊപ്പവും ചേർന്ന് കൊണ്ട് കപട മത മേലധികാരികൾക്ക് നേരെ വിരൽ ചൂണ്ടുന്ന നാടകമാണ് കക്കുകളി. നാടകത്തിൽ നഡാലിയയുടെ അമ്മ തികഞ്ഞ മതവിശ്വാസിയാണ്. എന്നാൽ മതത്തിന്റെ പേരിൽ ഉള്ള ചൂഷണങ്ങളെ അവർ തിരിച്ചറിയുകയും എതിർക്കുകയും ചെയ്യുന്നുണ്ട്.

നാടകത്തിൽ, നഡാലിയ അടക്കമുള്ള ഓരോ കഥാപാത്രവും, മതങ്ങളുടെ പേരിൽ നടക്കുന്ന അധികാര പ്രയോഗങ്ങൾക്കും അനീതികൾക്കും എതിരെ നിന്നുകൊണ്ട് മനുഷ്യാവകാശങ്ങൾക്കായി ശബ്‌ദിക്കുന്നുണ്ട്. ആധുനിക കാലഘട്ടത്തിലും സമൂഹത്തിൽ ആഴത്തിൽ തന്നെ നിലനിൽക്കുന്ന മനുഷ്യത്വ രഹിതമായ പ്രവണതകളെ നാടകം എന്ന കലയിലൂടെ ആരോഗ്യപരമായി തന്നെ വിമർശനത്തിന് വിധേയമാക്കുന്ന രംഗഭാഷയാണ് കക്കുകളി.

നാടകത്തെ സ്നേഹിക്കുന്നവർ തീർച്ചയായും കണ്ടിരിക്കേണ്ട അവതാരമാണ് അഭിനേതാക്കൾ അടക്കം രംഗഭാഷ, സംഗീതം, വെളിച്ചം എന്നിവ ഒരുക്കിയവർ നിർവഹിച്ചിരിക്കുന്നത്. നഡാലിയ എന്ന കഥാപാത്രമായി വന്ന പെൺകുട്ടിയുടെ പ്രകടനം എടുത്തുപറയേണ്ട ഒന്നാണ്.

വിമർശനാത്മകമായി കാണേണ്ട ചില കാര്യങ്ങൾ നാടകത്തിൽ ഉണ്ട് എന്നുള്ളതും ഈ അവസരത്തിൽ പറയേണ്ടതായിട്ടുണ്ട്. മതപൗരോഹിത്യത്തെ വിമർശിക്കുന്നതിന് കൃസ്ത്യൻ മൊറാലിറ്റിയെ തന്നെ മഹത്വവൽക്കരിക്കപ്പെടുന്ന ചില അവസരങ്ങൾ ഈ നാടകത്തിൽ ഉണ്ട്. കന്യാസ്ത്രികൾ തമ്മില്ലുള്ള ബന്ധത്തെ ഒളിഞ്ഞുനോക്കികൊണ്ടു വിമർശിക്കുന്നത് ഒരു തരത്തിലുള്ള മോറൽപോലീസിങ് ആണ്. എന്നിരുന്നാലും വിമർശനങ്ങളെ ഒക്കെ മറികടന്നുകൊണ്ടുള്ള ഒരു രാഷ്ട്രീയം നാടകം മുന്നോട്ടുവെക്കുന്നുണ്ട് എന്നുള്ളതാണ് സത്യം.

കാക്കുകളി നാടകത്തിനെതിരെ മതത്തിന്റെ പേര് പറഞ്ഞുകൊണ്ട് ഒരു വിഭാഗം വിമർശനവും നിരോധനവും ആവശ്യപ്പെട്ടിരിക്കയാണ്. എന്നാൽ ഭൂരിപക്ഷം വരുന്ന മതവിശ്വാസികളടക്കമുള്ള കേരളസമൂഹം ഈ നാടകത്തെ സ്വാഗതം ചെയ്യും എന്നുള്ളത് സംശയാതീതമാണ്. മതപൗരോഹിത്യഅധികാര കേന്ദ്രങ്ങൾക്ക് ഈ നാടകം അസ്വസ്ഥതകൾ സൃഷ്ട്ടിക്കും എന്നുള്ളത് സത്യം തന്നെയാണ്. അത്തരം വിമർശനങ്ങൾക്കും ഭീഷണികൾക്കും മുന്നിൽ ഒരു കലാരൂപവും തടസ്സപ്പെടാൻ പാടില്ല എന്നത് ആയിരിക്കണം കേരള സമൂഹം അവർക്ക് നൽകേണ്ട മറുപടി. സംഘപരിവർ രാഷ്ട്രീയവും അവർക്കൊപ്പം നിൽക്കുന്നു എന്നുള്ളത് "കക്കുകളി' മുന്നോട്ടുവെക്കുന്ന ജനകീയ രാഷ്ട്രീയത്തിനുള്ള അംഗീകാരമായി വേണം കരുതാൻ.

കക്കുകളി എന്ന നാടകവുമായി ബന്ധപ്പെട്ട വിവാദങ്ങൾക്ക് തുടരെത്തന്നെ അതിന്റെ രചയിതാവായ ഫ്രാൻസിസ് നൊറോണ "മാസ്റ്റർപീസ്' എന്ന നോവൽ എഴുതിയതിന്റെ പേരിൽ ഉയർന്ന പരാതിയെ തുടർന്ന് സർക്കാർ ജോലിയിൽ നിന്ന് സ്വയം വിരമിചിരിക്കുന്നു. കഴിഞ്ഞ ദിവസം ഭീഷണികൾക്ക് ഫ്രാൻസിസ് നൊറോണ മറുപടി ഇതായിരുന്നു. "ഉപജീവനമാണോ അതിജീവനമാണോ തുടരുക എന്നൊരു ഘട്ടം വന്നപ്പോൾ അതിജീവനമാണ് നല്ലതെന്ന് തീരുമാനിച്ചു. എഴുത്തില്ലെങ്കിൽ എനിക്ക് ഭ്രാന്തു പിടിക്കും'.

കക്കുകളി എന്ന നാടകവും എല്ലാ ഭീഷണികൾക്ക് മുൻപിലും അതിജീവിക്കും എന്നുതന്നെയാണ് വിശ്വാസം.

Comments