ആനന്ദ്; ഉൽക്കണ്ഠാകുലനായ സംവാദി

മലയാളിയാണെന്ന് പറയാൻ ആനന്ദ് ഈ പാൻ ഇന്ത്യൻ എഴുത്തുകാരനിൽ അധികമൊന്നുമില്ല. ഭാവുകത്വമുള്ള, രാഷ്ട്രീയബോദ്ധ്യങ്ങളുള്ള, അതിനാൽ അസ്വസ്ഥനായ ഇന്ത്യൻ പൗരരുടെ ഉൽക്കണ്ഠകളാണ് ആനന്ദിന്റെ സംവാദമണ്ഡലം- ആനന്ദിന്റെ ചിന്താലോകത്തെക്കുറിച്ച് കൽപ്പറ്റ നാരായണൻ എഴുതുന്നു.

സംവാദനിർഭരമാണ് ആനന്ദിന്റെ മനസ്സ്. അത് കഥാപാത്രങ്ങളായിപ്പിരിഞ്ഞ് സുനിലും സുന്ദറും ജോസഫും രാധയും പ്രേമുമായി ഒരു നോവലിന്റെ സെമിനാർ മുറിയിൽ തീരാത്ത സംവാദങ്ങളിലേർപ്പെട്ടു ഒരിക്കൽ. അവരോരുത്തരും ആൾക്കൂട്ടത്തിൽ നിന്നാണ് കയറിവന്നത്. സംവാദാനന്തരം ആൾക്കൂട്ടത്തിൽ ലയിക്കുകയും ചെയ്തു. അല്ലെങ്കിൽ ശമിക്കുകയും ചെയ്തു. എന്തുകൊണ്ടോ സംവാദശൂന്യമായ ഇടത്തിന്റെ പേരാണ് ആനന്ദ് നോവലിന് നൽകിയത്. സുനിലോ ജോസഫോ സുന്ദറോ രാധയോ ഒന്നും ആൾക്കൂട്ടത്തിലെ അംഗങ്ങളല്ല. സംസാരിക്കുമ്പോൾ മുഴുത്ത വ്യക്തികളാണവർ. എന്നിട്ടും. അവർ അവരല്ലാതായിത്തീർന്ന ഇടത്തിന്റെ, അവരിലോരോരുത്തടേയും വ്യതിരിക്തതയെ വിഴുങ്ങിയ ഇടത്തിന്റെ പേരായി നോവലിന്. സംവാദവിമുഖമായ ഒരിടത്തിന്റെ. ആൾക്കൂട്ടത്തിന്റെ കടലിൽനിന്ന് കരയിൽക്കയറി നിന്ന് അവർ സംവദിച്ചു. അത്തരം കരകൾ ആനന്ദിൻ്റ എല്ലാ രചനകളിലുമുണ്ട്. ആൾക്കൂട്ടത്തിനപരിചിതമായ ചിന്തയിലേക്കുള്ള കരകയറൽ ആനന്ദിൽ സദാ. സംഭാഷണങ്ങളല്ല സംവാദങ്ങളാണ് ആനന്ദ്.

എന്താണ് സംവാദം?
വ്യാസനും വിഘ്നേശ്വരനും എന്ന കൃതിയിൽ അത് സൂക്ഷ്മമായി വിശദീകരിക്കപ്പെടുന്നുണ്ട്.

വ്യാസൻ പറയുന്നതനുസരിച്ച് കേവലം കേട്ടെഴുതുന്നതിൽ തനിക്കുള്ള വൈമുഖ്യം ഗണപതി പ്രകടിപ്പിക്കുന്നു. അടുത്ത വാക്യത്തിനായി കാത്തിരിക്കാൻ തനിക്കാവില്ല. കാത്തിരിക്കേണ്ടിവരില്ല, വ്യാസൻ പറയുന്നു, കാത്തിരിക്കൽ ചെയ്യുന്ന പ്രവൃത്തിയിൽ മുഴുകാത്ത ഒരാളുടെ അനുഭവമാണ്. അനുസരിക്കലുമില്ല, അനുസരിക്കൽ ഫലത്തിൽ പങ്കില്ലാത്തവന്റെ അനുഭവമാണ്. അർത്ഥബോധത്തോടെ കേൾക്കുക. അർത്ഥമറിഞ്ഞ് കേൾക്കുമ്പോൾ പറയുന്നവനില്ല, കേൾക്കുന്നവൻ മാത്രം. കേട്ടെഴുതലില്ല, എഴുതൽ മാത്രം. വാദമില്ല, സംവാദം. എനിക്കുവേണ്ടത് ഒരു പകർപ്പെഴുത്തുകാരനെ അല്ല, ഒരു സഹഗ്രന്ഥകാരനെയാണ് (co- author). പറയുന്നത് ഉണ്മയായി തീരുക കേൾക്കുന്നവൻ സാക്ഷാത്ക്കരിക്കുമ്പോഴാണ്.

മഹാഭാരതം വ്യാസൻ പറഞ്ഞതോ ഗണപതി സാക്ഷാത്ക്കരിച്ചതോ എന്ന് പറയാനാവില്ല, അതൊരു മഹാസംവാദമാണ് എന്ന് പറയുകയാണ് ഈ സൂചിതകഥ.

ഏതാണ്ടക്കാലത്ത് തന്നെ ഭൂമിയിൽ മറ്റൊരിടത്ത് നടന്ന മറ്റൊരു സംവാദമാണ് സോക്രട്ടീസ്- പ്ലേറ്റോ സംവാദം. അത് സോക്രട്ടീസ് പറഞ്ഞതോ പ്ലേറ്റോ പറഞ്ഞതോ എന്നൊരുറപ്പുമില്ല. ഈ ഘടന പക്ഷെ അവയെ സംവാദാത്മകമാക്കുന്നു. കേവലമായി പിന്തുടരാനല്ല, അനുവാചകരുടെ വചനമായി പരിവർത്തിക്കാനായി, ഉയിർത്തെഴുനേൽക്കാനായി എഴുതപ്പെട്ടതാണത്. ഉൾക്കൊണ്ടുകൊണ്ട് എഴുതപ്പെട്ടതിനാൽ ഉൾക്കൊണ്ടുകൊണ്ട് കേൾക്കപ്പെടാൻ നിയുക്തരായി അനുവാചകരും.

‘വ്യാസനും വിഘ്നേശ്വരനും' എന്ന കൃതിയിൽ രണ്ടു കഥകളുണ്ട്. ഒന്ന് നഹുഷപുരാണകർത്താവ് മഹാഭാരതത്തിൽ നിന്ന് വായിച്ച മഹാഭാരതത്തിലില്ലാത്ത ഒരു സദർഭത്തെ മുൻനിർത്തിയെഴുതിയത്. ഏകലവ്യനും പത്മവ്യൂഹത്തിലകപ്പെട്ട അഭിമന്യുവും തമ്മിലുള്ള സംവാദം. സങ്കൽപ്പിക്കാൻ പോലും എളുപ്പമല്ലാത്ത ഒരു സംവാദം. യുദ്ധരംഗത്തുവെച്ച് നടക്കുമെന്ന് പ്രതീക്ഷിക്കാനാവാത്ത കൃഷ്ണാർജ്ജുനസംവാദത്തിലൂടെ വ്യാസനതിന്, ഏത് പുനഃസൃഷ്ടിക്കും, മൗനാനുവാദം നൽകുന്നുണ്ടെങ്കിലും.

ഏകലവൃനും അഭിമന്യുവും ഒരുപോലെ നിസ്സഹായരാണ്. പെരുവിരൽ മുറിച്ചുനൽകിയതിനാൽ അസ്ത്രവിദ്യ നിഷ്ഫലമാക്കിയ ഏകലവ്യൻ. പത്മവ്യൂഹം ഭേദിക്കാനല്ലാതെ അതിൽ നിന്ന് പുറത്തുകടക്കാൻ പഠിച്ചിട്ടില്ലാത്തതിൽ നിസ്സഹായനായ അഭിമന്യുവും. വിദ്യയാൽ പരിത്യജിക്കപ്പെട്ടവരാണ് ഇരുവരും. വിദ്യയാൽ വിനാശത്തിലെത്തിയവർ. രണ്ടുപേരും വ്യത്യസ്തങ്ങളെങ്കിലും സൂക്ഷ്മത്തിൽ ഒന്നായ ഒരു പത്മവ്യൂഹത്തിനകത്ത്. ഇരുവരും അവരവരുടെ നിലയെ സാധൂകരിക്കുന്നുണ്ട്. ഗുരുവിന് പെരുവിരൽ മുറിച്ച് നൽകിയതുവഴി താൻ തന്റെ സ്വാതന്ത്ര്യത്തെ സംരക്ഷിക്കുകയായിരുന്നുവെന്ന് ഏകലവ്യൻ. പത്മവ്യൂഹം ഭേദിക്കുകവഴി, അതിന്റെ പരിണാമത്തെ ഭയപ്പെടാത്തത് വഴി, താൻ സ്വാതന്ത്ര്യം പ്രയോഗിക്കുകയായിരുന്നുവെന്ന് അഭിമന്യു. അഭിമന്യുവിന്റെ അവസ്ഥയോട് സംവദിക്കാൻ ഏകലവ്യനും ഏകലവ്യന്റെ അവസ്ഥയോട് സംവദിക്കാൻ അഭിമന്യുവിനുമേ കഴിയൂ എന്ന തിരിച്ചറിവിനാൽ സങ്കൽപ്പിക്കപ്പെട്ടതാവാം ഈ വിചിത്രമായ രംഗം.

ഇതത്രയും ഉദ്വേഗജനകമായിത്തീരാൻ നോവലിസ്റ്റിന് തന്റെതായ ഒരു പൂർവ്വപീഡികയുണ്ട്. ഒരു സംവാദയോഗ്യത. അഭിമാനം രക്ഷിക്കുവാനായി പെരുവിരൽ മുറിച്ചെറിഞ്ഞ നെയ്ത്തുകാർ. അപമാനകരമാം വിധം കുറഞ്ഞ കൂലിക്ക് അവരുടെ കുലവിദ്യയെ വിൽക്കേണ്ടിവന്നപ്പോൾ കണ്ട പ്രതിവിധി പെരുവിരൽ മുറിച്ചുകളഞ്ഞ് സ്വാതന്ത്ര്യത്തെ വരിക്കുകയായിരുന്നു. ബ്രീട്ടിഷുകാർക്ക് സ്വയം അയോഗ്യരാവുകയാണ് യോഗ്യത നിലനിർത്താൻ അവർ കണ്ട വഴി. ഇതിനൊരു സമാന്തരം ഏകലവ്യനിലോ അഭിമന്യുവിലോ കാണുകയാണ് ആനന്ദ്. ഒന്നിനെ സമാന്തരമായ മറ്റൊന്നിലൂടെ അറിയുകയാണ് ആനന്ദിന്റെ സംവാദരീതി. പ്രത്യക്ഷത്തിൽ അവ ഏറെ അകന്നതാണെങ്കിലും.

യാത്രയ്ക്കിടയിൽ പരിചയപ്പെടാനിയായ വർദ്ധമാനൻ പറഞ്ഞ ആമ്രപാലിയുടെ കഥയാണ് അടുത്തത്. പരിചയപ്പെടാൻ ആനന്ദിലെ ആഖ്യാനകാരന് വേദവ്യാസൻ ഗണപതിയിൽത്തേടിയ പോലുള്ള, സോക്രട്ടീസ് പ്ലേറ്റോവിൽ സാക്ഷാത്ക്കരിച്ചപോലെയുള്ള ഒരു സംവാദിയെ വേണം. ഭാഷണത്തിൽ പങ്കുചേർന്ന് അതിനെ മുന്നോട്ട് കൊണ്ടുപോവുന്ന ഒരാൾ. അടിയന്തരാവസ്ഥയിൽ ജനാധിപത്യത്തിന് വന്ന വ്യതിചലനത്തെക്കുറിച്ചുള്ള ആനന്ദിന്റെ ആശങ്കയാണ് - ബുദ്ധനിൽ തൽപ്പരനായ വർദ്ധമാനൻ ആനന്ദിനെ ആനന്ദൻ എന്നാണ് വിളിക്കുന്നത് - വർദ്ധമാനനെക്കൊണ്ട് ആമ്രപാലിയുടെ കഥ പറയിക്കുന്നത്. ജനാധിപത്യ രാജ്യമായ വജ്ജി ഏകാധിപത്യരാജ്യമായ മാഗധത്തിൽ നിന്ന് യുദ്ധഭീഷണി നേരിടുകയാണ്. വജ്ജിക്ക് ശത്രുക്കളില്ല, യുദ്ധമോഹവുമില്ല. അത് അകത്തും പുറഞ്ഞും എല്ലാവരുമായി രമ്യതയിൽക്കഴിയാനാഗ്രഹിച്ചു. ബുദ്ധിമതിയും സുന്ദരിയും നർത്തകിയും ജനാധിപത്യവാദിയുമായ ആമ്രപാലി പക്ഷെ കാലം മാറുന്നത് കൺമുന്നിൽക്കാണുന്നു. അകത്തെ ആഭ്യന്തര സംഘർഷങ്ങളാണ് പുറത്തെ ശത്രുവല്ല വജ്ജിയെ തകർക്കുന്നത്. അതവൾ സഭയിൽ പറയുന്നു. സുന്ദരമായ ഈ ശരീരത്തെ ചിന്തിക്കാനുപയോഗിക്കുന്നത് അവർക്കിട യിലെ അധികാരികൾക്കിഷ്ടമാവുന്നില്ല. അവളുമായി രമിക്കാനവർക്ക് മോഹമുണ്ട്., അവളുടെ ന്യായമായ ആശങ്കകൾ പങ്കിടാനവർക്ക് താൽപ്പര്യമില്ല. അവൾ അവർക്ക് വഴങ്ങുന്നില്ലെന്ന് കണ്ടപ്പോൾ അവൾ പലർക്കും, ശത്രുരാജ്യത്തിലെ മുൻ രാജാവായ ബിംബിസാരന് വരെ വഴങ്ങുന്നുണ്ടെന്ന് അവർ കഥകളുണ്ടാക്കുന്നു. അവർ സഭ കൂടി ആമപാലിയെ നഗരവധുവായി പ്രഖ്യാപിക്കുന്നു.

അടിയന്തരാവസ്ഥയിൽ ഭാരതത്തിൽ ജനാധിപത്യത്തിന് സംഭവിച്ചത് പ്രത്യക്ഷത്തിൽ സമാനമല്ലെങ്കിലും സൂക്ഷ്മമായി സമാനമായ ഒരു കഥ. പ്രത്യക്ഷത്തിൽ സമാനമായതിന് സംവാദാത്മകത ഇല്ലെന്ന് ആനന്ദ് കരുതുന്നുണ്ടാവും. ഇന്ത്യയിലെ നീതിന്യായ വ്യവസ്ഥ എന്തൊരു കോമാളിത്തമായി മാറി എന്ന പറയാൻ ഗോവർദ്ധന്റെ യാത്രകളിൽ അവലംബിച്ച കഥ ഓർമ്മിക്കുക.

വിചിത്രമായ ഉപമകൾ ആനന്ദിന്റെ രചനകളെ- പിൽക്കാലരചനകളെ പ്രത്യേകിച്ച് - കാവ്യാത്മകമാക്കുന്നു. ഒ.വി. വിജയനെപ്പോലെ- പദപര്യന്തം, എന്തിന് ശബ്ദപര്യന്തം പോലും കവിയാണ് വിജയൻ- കവിയല്ല ആനന്ദ്. പക്ഷെ, കവിതയിലെന്ന പോലെ ആനന്ദിന്റെ വാക്യങ്ങളും ഉപമകളും സംവദിക്കുന്നു. മലയാളിയാണെന്ന് പറയാൻ ഈ പാൻ ഇന്ത്യൻ എഴുത്തുകാരനിൽ അധികമൊന്നുമില്ല. ഭാവുകത്വമുള്ള, രാഷ്ട്രീയബോദ്ധ്യങ്ങളുള്ള, അതിനാൽ അസ്വസ്ഥനായ ഇന്ത്യൻ പൗരരുടെ ഉൽക്കണ്ഠകളാണ് ആനന്ദിന്റെ സംവാദമണ്ഡലം. കടച്ചിലെടുക്കുന്ന സമീപകാലസംഭവങ്ങൾ അവയുടെ അടിയിൽ സജീവമായുണ്ട്. അവയെ നോവലെന്നോ ചെറുകഥയെന്നോ സൗകര്യത്തിന് പറയാമെന്നേയുള്ളൂ. തുല്ല്യമായ മേധാബലവും ഭാവനയുള്ളവനായി / വൾക്കായി വ്യാസന് വിഘ്നേശ്വരനെപ്പോലെയുള്ള ഒരാൾക്കായി ആനന്ദ് എഴുതുന്നു. അയാളുമായി ഗാഢമായി സംവദിക്കുന്നു.

ട്രൂകോപ്പി വെബ്‌സീൻ 220ാം പാക്കറ്റ് വായിക്കാം,കേൾക്കാം


Summary: Kalpatta Narayanan writes about writer Anand's world of thought.


കൽപ്പറ്റ നാരായണൻ

കവി, നോവലിസ്റ്റ്, സാഹിത്യവിമർശകൻ, അധ്യാപകൻ. ഒഴിഞ്ഞ വൃക്ഷഛായയിൽ, ഒരു മുടന്തന്റെ സുവിഷേശം, കറുത്ത പാൽ (കവിതാ സമാഹാരങ്ങൾ), ഇത്രമാത്രം (നോവൽ), ഈ കണ്ണടയൊന്ന് വെച്ചുനോക്കൂ, കോന്തല, കവിയുടെ ജീവചരിത്രം, എല്ലാ ചലനങ്ങളും വ്യതിചലനങ്ങൾ തുടങ്ങിയവ പ്രധാന കൃതികൾ ​​​​​​​

Comments