മേതിൽ ഒരു വാതിൽ തുറക്കലാണ്. പല തുറസ്സിലേക്കുള്ള വാതായനങ്ങളുടെ മാസ്റ്റർ കീ കീപ്പറാണയാൾ. അതുകൊണ്ടാകാം, വേനൽ ഒരു വാതിൽ തുറക്കലാണ് എന്ന ചാവിവാചകം വിരലിലിട്ടു ചുഴറ്റി ‘എങ്ങനെ ഒരു പഴുതാരയെ കൊല്ലാം' എന്ന ശീർഷകത്തിൽ കഥകെട്ടാനായത്. എങ്ങനെ ഒരു പഴഞ്ചൻ വായനക്കാരനെ കൊല്ലാം എന്നുകൂടിയാണാ ആ ശീർഷകം വിളംബരം ചെയ്യുന്നതെന്ന് തോന്നും. മേതിലിനെ അല്പം വൈകി വായിക്കാൻ തുടങ്ങിയ ഒരാളെന്ന രീതിയിൽ എനിക്കങ്ങനെ കൊണ്ടു. പിന്നെ, മേതിലിയൻ / മേഡ്ലിയൻ സമുദ്രങ്ങളുടെ ആഴത്തിനു മുമ്പിൽ പകച്ചു. എങ്കിലും മേതിൽ കൃതികളെ വായിക്കാനെടുത്തതിൽ പിന്നെ ഒരു വായനക്കാരൻ എന്ന നിലയിൽ ഒരു ക്ലാസ് കേറ്റം കിട്ടിയ കുട്ടി എന്ന തോന്നലുണ്ടായി എനിയ്ക്ക്.
97-ൽ ഗൾഫിൽനിന്ന് മലേഷ്യയിലേക്ക് നിർഭാഗ്യമന്വേഷിച്ചുപോയി. ആറുമാസത്തോളം ചുറ്റിത്തിരിഞ്ഞ് തിരിച്ചുപോരും നേരം വാദ്ധ്യാർ എന്ന് വിളിക്കപ്പെടുന്ന കുപ്പുസ്വാമിയോട് യാത്ര പറയാൻ ചെന്നു. എന്റെ പിതാവിന്റെ റെസ്റ്റോറൻ്റിൽ പാർടൈം പണിയെടുക്കുന്ന തമിഴ് വംശജനായ വൃദ്ധനാണ് അയാൾ. ആദ്യ തലമുറ ഇന്ത്യൻ കുടിയേറ്റ തൊഴിലാളിയുടെ മകൻ.
“നാട്ടിൽ പോയി തിരിച്ചു വരുമ്പോൾ എനിക്കൊരു കാര്യം കൊണ്ടു തരുമോ?” അയാൾ ചോദിച്ചു.
“എന്താണ്?”
“മറ്റൊന്നുമല്ല. ഒരു പിടി പച്ചമണ്ണ്”
കേട്ടപ്പോൾ എന്റെ ഉള്ളുപൊള്ളി. കാരണം, ഞാൻ അവിടെ നിന്ന് തിരിച്ച് വിമാനം കയറുന്നത് നാട്ടിലേക്കല്ല. അറേബ്യയിലേക്കാണ്. വീണ്ടും ജോലിയന്വേഷിച്ച്. പിന്നീട്, മേതിലാണ് പച്ചമണ്ണുകൊണ്ട് എന്നെ വീണ്ടും പൊള്ളിച്ചത്, പഴുതാരയിൽ. എനിക്ക് വാക്കുകളിൽ മണ്ണു മണത്തത്. ജൈവനാഡികളുടെ അനക്കം കൊണ്ടത്.
കഥയിൽ ഒരു പ്രധാന സന്ദർഭത്തിൽ ഭർത്താവെന്ന കഥാപാത്രം അയാളുടെ ഭാര്യയോട് പകുതി കളിയായി പറയുന്നുണ്ട്; ‘‘അസത്തേ, നീ എന്നോടിങ്ങനെ കലഹിച്ചാൽ ഇന്നു രാത്രി തേളുകളും പഴുതാരകളും കൂട്ടം കൂട്ടമായി ഈ കിടക്കറയിലേക്ക് കയറിവരും."
കഥ നടക്കുന്ന കുവൈറ്റിൽ ഇപ്പറഞ്ഞ ജീവികളുടെ സാന്നിദ്ധ്യത്തെക്കുറിച്ചു കേട്ടുകേൾവി പോലും അവർക്കില്ലായിരുന്നു. പക്ഷേ, അയാൾ ഉറക്കമുണരുന്നത് ഒരു പഴുതാര പകലിലേക്കാണ്.

കുട്ടിക്കാലത്ത് കൂട്ടുകാർ കുറവായിരുന്നു എന്ന് പറഞ്ഞിട്ടുണ്ട് മേതിൽ. പഴുതാരയും തേളുമൊക്കെയായിരുന്നു കൂട്ടുകാർ. തന്റെ ലോകം തന്നെ ജന്തുജാലങ്ങൾ നിറഞ്ഞ പ്രകൃതിയായിരുന്നു. അതുകൊണ്ടുതന്നെ പഴുതാരയോ തേളോ അടുത്തെവിടെയെങ്കിലും ഉണ്ടെങ്കിൽ അറിയാൻ കഴിയും. അത്തരമൊരു ആത്മബന്ധം അദ്ദേഹത്തിന് ജീവികളുമായുണ്ട്. അതിനാൽ അസത്തേ എന്ന വെറുപ്പോടെയല്ലാത്ത വിളിയിൽ ആ സത്തുണ്ട്, സ്വത്വവും. എങ്കിലും വഴക്കിന് തീ പൂട്ടി, ആളികത്തിച്ച് അതിന്റെ തളർച്ചയിൽ സുഖമായി കിടന്നുറങ്ങുന്ന വിചിത്ര ദമ്പതികളെ മേതിൽ കഥകളിലേ നമുക്ക് കാണാനൊക്കൂ, പഴുതാരയെ പൂവായും.
ജോൺ കേജ് പറഞ്ഞതായ ഒരു കഥ പറയുന്നുണ്ട് മേതിൽ. കഥയിങ്ങനെ:
ഒരു അമേരിക്കക്കാരൻ ഫ്രാൻസിൽ പോയി താമസിക്കുന്നു. മാസങ്ങൾ അവിടെ ചെലവഴിച്ചിട്ടും ആരുമയാളെ ഗൗനിച്ചില്ല. ഒരു ദിവസം, അയാൾ റോഡിലൂടെ നടക്കുമ്പോൾ ഒരു ഫ്രഞ്ചുകാരൻ ‘സുപ്രഭാതം’ നേർന്നു. അമേരിക്കക്കാരൻ അത്ഭുതപ്പെടുകയാണ്. ഇത്രകാലം താനിവിടെ താമസിച്ചിട്ടും തന്നെയൊരാൾ ഗൗനിച്ചിട്ടു കൂടിയില്ല. അപ്പോൾ ഫ്രഞ്ചുകാരൻ പറയുകയാണ്, ‘നിങ്ങൾ അബ്നോർമൽ ആയിരിക്കുമെന്നാണ് ഞങ്ങൾ കരുതിയത്. പക്ഷേ, ഇന്നലെ നിങ്ങൾ മരത്തിനോട് സംസാരിക്കുന്നത് കണ്ടു. അപ്പോഴാണ് എനിക്ക് മനസ്സിലായത് നിങ്ങൾ നോർമ്മലാണെന്ന്’.
കമ്പ്യൂട്ടറിനെ വരെ ഒരു ജീവിയായാണ് മേതിൽ കാണുന്നത്. അവർക്കിടയിൽ ഒരു ടെലിപ്പതിപോലും അനുഭവിക്കുന്നതായും പറയുന്നു.
മനുഷ്യരിൽ പലരും ചുറ്റും കാണുന്ന മരങ്ങളിലും ജീവികളിലും അത്ഭുതം കാണാത്തവരാണ്. ചില പ്രത്യേക ഘട്ടങ്ങളിലല്ലാതെ ഇടപെടാൻ കൊള്ളാത്ത ജനുസ്സ് മനുഷ്യരാണെന്ന് മേതിൽ പറയുന്നു. എന്നാൽ കമ്പ്യൂട്ടറിനെ വരെ ഒരു ജീവിയായാണ് മേതിൽ കാണുന്നത്. അവർക്കിടയിൽ ഒരു ടെലിപ്പതിപോലും അനുഭവിക്കുന്നതായും പറയുന്നു. മനുഷ്യർ തൊട്ടു പെരുമാറുമ്പോൾ പൂവുകൾക്കുണ്ടാകുന്ന പ്രത്യേക ചൂര്, ചിതൽപ്പുറ്റിനകത്തെ തോട്ടങ്ങൾ തുടങ്ങി പ്രകൃതിയുടെ വിചിത്രഘടന, സ്വഭാവം മേതിലിയൻ രചനകളിൽ കണ്ടു പരിചയപ്പെട്ടതുകൊണ്ടാകാം, വിരസമാകുമെന്ന് കരുതി ഒഴിവാക്കുമായിരുന്ന പീറ്റർ വെലെ ബെനിന്റെ ‘Hidden Life of Tree’ പോലുള്ള ഗംഭീര പുസ്തകങ്ങൾ വായിച്ചാസ്വദിക്കാൻ പിന്നീടെന്നെ പ്രാപ്തനാക്കിയത്.

മറ്റൊരു സന്ദർഭത്തിൽ തന്റെ അപ്പാർട്ട്മെന്റിൽ കിടന്ന് മരിക്കുന്ന ഒരു പ്രാണിയുടെ അവസാന ചലനങ്ങളെ അദ്ദേഹം സൂക്ഷ്മമായി വിവരിക്കുന്നുണ്ട്. മരിക്കാൻ ഒരു സ്വകാര്യ ഇടം തേടുന്നതിനെക്കുറിച്ചാണ് അദ്ദേഹം ചിന്തിക്കുന്നത്. പലപ്പോഴും അവഗണിക്കപ്പെടുന്ന ചെറിയ ജീവികളുടെ ജീവിതങ്ങളെ ഈ ആഖ്യാനം എടുത്തുകാണിക്കുക മാത്രമല്ല, മനുഷ്യാവസ്ഥയുടെ ഒരു രൂപകമായും വർത്തിക്കുന്നു, എല്ലാ ജീവജാലങ്ങളുടെയും ജീവിതചക്രങ്ങളെ അംഗീകരിക്കാനും ബഹുമാനിക്കാനും പ്രേരിപ്പിക്കുകയും. അത് നേരിട്ടനുഭവിക്കാൻ 'മണ്ണിലെ അടയാളങ്ങൾ' എന്ന കവിത പലയാവർത്തി ഞാൻ വായിക്കുന്നു:
‘‘മണ്ണിലെ അടയാളങ്ങളിൽ ഒരു രാത്രിയുടെ ചരിത്രം:
ആരൊക്കെയോ ഇര തേടിയിരിക്കുന്നു
ആരൊക്കെയോ ഇണചേർന്നിരിക്കുന്നു
മരണമടുത്തപ്പോൾ ആരൊക്കെയോ
മാളങ്ങൾ തേടിപ്പോയിരിക്കുന്നു
എപ്പോഴും ഞാനെത്തിപ്പെടുന്നത്
ചലനങ്ങൾക്കു ശേഷമുള്ള അടയാളങ്ങളിലാകയാൽ
എന്റെ ഗൃഹത്തിൽ തോടുകൾ നിറയുന്നു,
എന്റെ മോന്തായത്തിൽ വവ്വാലുകൾക്ക് പകരം
മാറ്റൊലികൾ തൂങ്ങിയാടുന്നു;
എന്റെ കയ്യിൽ ഒരു ഒറ്റച്ചെരിപ്പ്-
മരണമടുത്തപ്പോൾ സിൻഡറെല്ല
മാളം തേടിപ്പോയിരിക്കുന്നു’’.
രണ്ടായിരമാണ്ടിന്റെ തുടക്കത്തിൽ മേതിൽ അബുദാബിയിൽ വന്നപ്പോൾ കവി സർജുവിന്റെ വീട്ടിൽ സുഹൃത്തുക്കളോടൊത്തുള്ള കൂടിയിരുപ്പിൽ പറഞ്ഞു: ഗൾഫിലെത്തിയപ്പോഴാണ് കാഫ്ക കഥാപാത്രങ്ങളെ അതിന്റെ പൂർണാർത്ഥത്തിൽ തനിക്ക് മനസ്സിലാക്കാനൊത്തതെന്ന്. ഒരർത്ഥത്തിൽ എന്റെയും മറ്റു പലരുടേയും പുറവാസജീവിതത്തെ അനലൈസ് ചെയ്യാനുള്ള ഒരു പാസ് വേഡായിരുന്നു ആ നിരീക്ഷണം. മേതിലിന്റെ ഭാഷയിൽ പറഞ്ഞാൽ, 'സൂത്രപദം'.
മറ്റൊരു സന്ദർഭത്തിൽ എന്റെ കഷണ്ടിയിലേക്ക് നോട്ടമെറിഞ്ഞ് പകുതി ചിരിയോടെ ചോദിച്ചു: എങ്ങനെ ഒപ്പിച്ചു ഈ ചെറുപ്രായത്തിൽ ഇത്രയും? പാരമ്പര്യമാണ്. പിന്നെ ഇവിടത്തെ വെള്ളവും. സ്ഥിരപ്പെട്ട മറുപടി; “മറ്റു ശരീരഭാഗങ്ങളിലെങ്ങനെ? പടച്ചവൻ ഉദ്ദേശിച്ചതിനേക്കാൾ കൂടുതൽ എങ്കിൽ താനൊരു മുഴു കഷണ്ടിയായത് തന്നെ,” ചിരിച്ചുകൊണ്ട് പറഞ്ഞു. ഞാനപ്പോഴും അസൂയയോടെ നോക്കിയത് ഞാന്നു കിടക്കുന്ന ആ നീളൻ മുടിയിലല്ല, അതിനു പിറകിൽ സെറിബ്രോ സ്പൈനൽ ദ്രാവകത്തിൽ നീരാടും ഭീമൻ വാൽനട്ടിനെ. ആ അസൂയയും അമ്പരപ്പും ഇപ്പോഴും തുടരുന്നു.
▮
മേതിൽ
Ars Longa Vita Brevis
വ്യാഴാഴ്ചകൾ മാത്രമുള്ള ഏഴു ദിവസങ്ങൾ
റാറ്റ് ബുക്സ്.
