വലിയ വീടുകളിൽ രാവിലെ എന്തെങ്കിലും പല ഹാരമുണ്ടാകും. മിക്കവാറും ഇഡ്ഡലിയോ ദോശയോ. ഉച്ചയ്ക്ക് കഴിക്കാൻ തൂക്കുപാത്രത്തിലാക്കി സ്കൂളി ലേക്കു ചോറു കൊണ്ടുപോകും. അധികം കുട്ടിക ളുള്ള വീടുകളിൽ നിന്നുള്ള വലിയ തൂക്കുപാത്രം കൂട്ടത്തിൽ മുതിർന്നവർ ആരെങ്കിലുമായിരിക്കും ചുമക്കുക.
ജ്യേഷ്ഠന്മാർ മലമൽക്കാവിൽ പഠിച്ചിരുന്ന കാലത്ത് ഒന്നും കൊണ്ടുപോയിരുന്നില്ല. എന്നെ അവിടെ നാലാം ക്ലാസിൽ ചേർത്തപ്പോഴാണ് ചെറിയ കുട്ടി നാലുമണിവരെ വിശന്നിരിക്കുന്നത് കഷ്ടമല്ലേയെന്ന ഒരു ചിന്ത അമ്മയ്ക്കുണ്ടായത്. തൂക്കുപാത്രത്തിൽ രാവിലത്തെ കഞ്ഞി. അതിൽ രണ്ടു പ്ലാവിലയും ഉണ്ടാകും. അതു ചുമക്കുന്നതു വിനോദിനിയാണ്. അമ്മാവന്റെ മകൾ. എന്റെ പ്രായക്കാരി. പഠിക്കാനുള്ള സൗകര്യത്തിനായി അവൾ കുറച്ചുകാലം ഞങ്ങളുടെ വീട്ടിലാണു താമസിച്ചിരുന്നത്. രാവിലെ സ്കൂളിലേക്കു പോകും. മുൻപ് തരുന്ന കഞ്ഞിയുടെ ബാക്കിതന്നെ. കുട്ടികൾ ചോറ്റുപാത്രങ്ങൾ വയ്ക്കുന്ന ചെറിയ മുറിയിൽ ഞങ്ങളുടെ ചോറ്റുപാത്രം നാണത്തോടെയാവും ഇരിക്കുന്നത്. മിക്കപ്പോഴും അതിനടുത്തായിരിക്കും പാറക്കുളങ്ങര വലിയ വീട്ടിൽനിന്നു വരുന്ന അഞ്ചാം ക്ലാസിലെ വലിയ പാവാടയുടുത്ത പെൺകുട്ടിയുടെ പാത്രം. അതിൽ പാൽക്കഞ്ഞിയാണ്. തുളുമ്പി പുറ ത്തേക്കൊഴുകിയതിന്റെ പാടുകൾ കാണാം. അവളുടെ വീട്ടിലെ ഒരു ജോലിക്കാരിയുടെ മകൻ പാത്രവും ചുമന്നുകൊണ്ടുവരും. അവൻ ഉച്ചയ്ക്കു വല്ലതും കഴിക്കുന്നുണ്ടോ, അറിയില്ല. പെൺകുട്ടി വൈകുന്നേരം മടങ്ങുമ്പോൾ പാത്രവും പുസ്തകങ്ങളും ചുമന്നുകൊണ്ട് അവൻ കൂടെയുണ്ടാകും.

അമ്പലവട്ടം കുട്ടികളെല്ലാം വീടുകളിൽ പോയി ഉണ്ടിട്ടു വരുന്നവരാണ്. മാസ്റ്റർമാർ ഒന്നും കഴിക്കുന്നതു കണ്ടിട്ടില്ല. എന്നെ കൊണ്ടുനടക്കാൻ ഏട്ടമ്മ പ്രത്യേകം ഏൽപ്പിച്ചതുകൊണ്ടായിരിക്കും തൂക്കുപാത്രം തുറന്നുവച്ചാൽ ആദ്യം കഞ്ഞി കുടി ക്കേണ്ടതു ഞാനാണ് എന്നവൾക്കു നിർബ്ബന്ധമുണ്ട്. പരിഭവം പറയാനോ തർക്കിക്കാനോ വയ്യ. അവളൊരു ചുമതല ഏറ്റതാണ്. ഞാൻ പകുതിയോളം കഞ്ഞികുടിച്ചു മതിയാക്കുമ്പോൾ ബാക്കി മുഴുവൻ വറ്റാണ്. അതവൾക്ക്. ഈ രീതിയൊന്നു മാറ്റിയാലോ എന്നാലോചിച്ച് അങ്ങനെയൊരു നിർദ്ദേശവും വച്ചു. പക്ഷേ, വറ്റിന്റെ വിഹിതം കിട്ടുന്നു എന്നതുകൊണ്ടാണോ, അറിയില്ല. അവൾ സമ്മതിച്ചില്ല. ആൺകുട്ടി കഴിച്ചു ബാക്കിവേണം പെൺകുട്ടി കഴിക്കാൻ. അവൾക്ക് ആ ശാസ്ത്രമൊക്കെ നന്നായി അറിയാം.
രാവിലെ ഞങ്ങൾക്കു കിട്ടുന്നതു നല്ല ചൂടുള്ള കഞ്ഞിയായിരുന്നു. വേറെ വിഭവങ്ങളൊന്നുമില്ല. അതു കഴിഞ്ഞ് എഴുന്നേൽക്കുമ്പോഴേക്ക് ആകെ വിയർത്തുകുളിച്ചിരിക്കും. ഈ കഞ്ഞിയാണ് ബാക്കിയുള്ളവരുടെ ഉച്ചഭക്ഷണം. അപ്പോഴേക്കും തോട്ടത്തിൽ നിന്നു ചെറു കായയോ ചേനത്തണ്ടാ കൊണ്ടുവന്ന് ഒരു കൂട്ടാൻ വച്ചിരിക്കും.
ഇളം ചുവപ്പുനിറം. ഒരു പ്രത്യേക സുഗന്ധം. കിണ്ണത്തിൽ കഞ്ഞി നിറച്ച് ഒഴിച്ച് അൽപ്പം കഴി ഞ്ഞാൽ ഒരു നേർത്ത പാട മുകളിൽ പരക്കും. ഈ കഞ്ഞിക്കു രണ്ടുമൂന്നു വിഭവങ്ങളെങ്കിലുമുണ്ടാകും. പരമേശ്വരനമ്മാവൻ ഇടയ്ക്കു ഞങ്ങളുടെ കൂടെ താമസിക്കുമ്പോഴാണ് ഈ കഞ്ഞി രാവിലെ വിളമ്പുന്നത്. അമ്മാവൻ താമസം കൂടുതലും ഭാര്യവീട്ടിൽ, അല്ലെങ്കിൽ മരുമക്കളുടെ കൂടെ. അവിടെ എന്തെങ്കിലും അസ്വാരസ്യമുണ്ടായാൽ വഴക്കോ ബഹളമോ ഒന്നുമുണ്ടാക്കാതെ രണ്ടുമൂന്നു ഷർട്ടും മുണ്ടും വേഷ്ടിയുമായി നേരെ ഞങ്ങളുടെ വീട്ടിലേക്കു വരും. ആ വരവു കണ്ടാൽ അമ്മയും ചെറിയമ്മയും പത്തായപ്പുരയുടെ മുകളിലെ മുറി വൃത്തിയാക്കും.
പിണക്കം മതിയാക്കാമെന്നു സ്വയം തീരുമാനിച്ചു രണ്ടുമൂന്നാഴ്ച കഴിഞ്ഞ് അമ്മാമ മടങ്ങുന്നതുവരെ അമ്മയ്ക്ക് പരിഭ്രമമാണ്. ഭക്ഷണത്തിന്റെ കാര്യത്തിൽ പ്രത്യേകിച്ചും. അദ്ദേഹം മലമലക്കാവിലെ അധ്യാപകനായിരുന്നു. അദ്ദേഹത്തിന്റെ ഒരു മേൽനോട്ടമുണ്ടാകുമെന്നു കരുതിയാണ് അമ്മ വടക്കുമ്മുറിയിലെ കോപ്പൻ മാസ്റ്ററുടെ സ്കൂളിൽ കുറച്ചു മാസങ്ങൾ ഇരുത്തിയശേഷം എന്നെ മലമൽക്കാവിൽ ചേർത്തത്.

പിണങ്ങിവന്നു താമസിക്കുന്നതിന്റെ വിവരങ്ങൾ അറിയാൻ പുഴവക്കത്തെ വീട്ടിൽനിന്ന് അമ്മായിയും കുന്നിൻചരിവിലെ വീട്ടിൽനിന്ന് മരുമക്കളും തോട്ടത്തിലൂടെ കയറിവരും. അമ്മയെ കണ്ടു സംസാരിച്ചു മടങ്ങിപ്പോകും. മിക്കവാറും പിണക്കത്തിനുള്ള കാരണം ഒന്നായിരിക്കും. ഭക്ഷണം കഴിക്കുമ്പോൾ കഞ്ഞിയിൽനിന്നോ ചോറിൽ നിന്നോ ഒരു തലനാരിഴകിട്ടി. അതുകൊണ്ട് പരമേശ്വരനമ്മാവൻ വീട്ടിലുള്ളപ്പോൾ ഭക്ഷണം കഴിഞ്ഞ് പത്തായപ്പുരയിലേക്കു പോകുന്നതുവരെ അകത്ത് എല്ലാവർക്കും നെഞ്ചിടിപ്പാണ്. തലനാരിഴ പറക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണമെന്ന് ചെറിയമ്മയോടും മീനാക്ഷിയേടത്തിയോടും പറയാറുണ്ട്. തല പറത്തിയിട്ടു നടക്കുന്നവർക്കെല്ലാം ഭയങ്കര ശകാരം കിട്ടും. കൊല്ലത്തിലൊരിക്കൽ പുരമേച്ചിലിന്റെ ദിവസമാണ് കഞ്ഞി ഒരു സദ്യ തന്നെയാവുന്നത്. ഒരു ദിവസം മേൽപ്പുര മുഴുവൻ പൊളിച്ചുമാറ്റും. അടിച്ചു വൃത്തിയാക്കും. പിറ്റേന്നു രാവിലെ മേച്ചിൽ തുടങ്ങുന്നു. മൂന്നോ നാലോ പേർ മേച്ചിലിന്റെ സ്ഥാനങ്ങളിൽ ഇരിക്കും. സഹായികൾ താഴെ നിന്ന് വയ്ക്കോൽ കറ്റകൾ കൃത്യസ്ഥാനങ്ങളിലേക്ക് എറിഞ്ഞുകൊടുക്കും. അവരുടെ കൈവിരുതും വേഗവും കണ്ടുനിൽക്കാൻ തന്നെ ഒരു രസമാണ്. പുരമേച്ചിലിന്റെ അന്ന് എന്തെങ്കിലും അസുഖം പറഞ്ഞ സ്കൂളിൽ പോകാതെ കഴിക്കാൻ പരമാവധി ശ്രമിക്കും. മേച്ചിൽക്കാർ ഉച്ചതിരിയുമ്പോഴാകും ജോലി നിർത്തി ഇറങ്ങുന്നത്. അവർ കരിയും മാറാലയും പറ്റിയ മുണ്ടുകൾ മാറ്റി കിണറ്റുവക്കിൽനിന്ന് കയ്യും കാലും കഴുകി കഞ്ഞികുടിക്കാൻ തയ്യാറാവും. വലിയ കിണ്ണങ്ങളിൽ കഞ്ഞി. ഇലക്കഷണങ്ങളിൽ ചേന, ചേമ്പ്, ചക്ക് ഇതെല്ലാം ചേർത്തുള്ള പുഴുക്ക്, പച്ചമുളകിന്റെ ചമ്മന്തി, നാളികേരപ്പൂളുകൾ, ശർക്കരയച്ച് - അവരുടെ കഞ്ഞികുടി ഒരു കാഴ്ച തന്നെയാണ്. അവർക്കുവേണ്ടി നാളികേരം പൂളുമ്പോൾ അടുക്കളഭാഗത്തുനിന്നും ഞങ്ങൾക്കും ഒരു കഷണം കിട്ടും. ഒരു പകുതി ശർക്കരയച്ചും.
വലിയ വീടുകളിൽ മാത്രമായിരുന്നു ഉച്ചയ്ക്കും രാത്രിയിലും ചോറ്. ആ വീടുകളിലെ കുട്ടികൾക്കുസ്കൂൾ വിട്ടുവരുമ്പോൾ എന്തെങ്കിലും പലഹാരവും ഉണ്ടാവും. പലഹാരമില്ലെന്നു കണ്ടാൽ കുട്ടികൾ വാശിപിടിക്കും. ‘പലഹാരമില്ലെങ്കിൽ വായിക്കാനൊരു പുസ്തകമെങ്കിലും തരൂ' വെന്ന് എൻ.വി. കൃഷ്ണവാരിയർ കുട്ടിക്കാലത്തു വാശിപിടിച്ചിരുന്നത് അദ്ദേഹത്തിന്റെ സഹോദരൻ ശങ്കരൻകുട്ടി വാരിയർ ഓർമ്മക്കുറിപ്പുകളിൽ എഴുതിയതു വായിച്ചിട്ടുണ്ട്.
കൊല്ലത്തോടുകൊല്ലം ചെലവിനുവേണ്ട നെല്ല് വലിയവീട്ടുകാർക്കു കൃഷിയിൽ നിന്നു കിട്ടും. ഏതെ ങ്കിലും ഒരു വിള പിഴച്ചാൽത്തന്നെ സാരമില്ല. പത്തായങ്ങളിൽ നെല്ലുണ്ടാവും. ഞങ്ങളെപ്പോലത്തെ ചെറിയ കൃഷിക്കാർ അധികംപേരും വിരിപ്പു കൃഷിയെത്തന്നെയാണ് ആശ്രയിച്ചിരുന്നത്. അത് അങ്ങനെ പിഴയ്ക്കാറില്ല. പക്ഷേ മകരത്തിലെ മുണ്ട കവിളയെ മുഴുവൻ വിശ്വസിക്കാൻ വയ്യ. ഞങ്ങളുടെ പ്രദേശത്തു പുഞ്ചകൃഷി ഇറക്കാനുള്ള പാടങ്ങൾ വളരെ കുറവാണ്. അതുകൊണ്ട് മിഥുനം - കർക്കടകം കാലത്തു പല വീടുകളിലും വിത്തിനുവച്ച നെല്ലു മാത്രമേ കാണൂ. അതുകൊണ്ട് ഉച്ചയ്ക്ക് കഞ്ഞി.
ഗ്രാമക്കാർ കഞ്ഞി ഒരു മോശം വിഭവമായി കരു തിയിരുന്നില്ല. വഴിയാത്രക്കാർക്കു സൗജന്യമായി കഞ്ഞി കൊടുത്തിരുന്ന രണ്ടു കഞ്ഞിപ്പുരകൾ മുൻപുണ്ടായിരുന്നവത്രേ. പുന്നയൂർക്കുളത്ത് അച്ഛന്റെ വീട്ടിൽ പോയി താമസിക്കാൻ തുടങ്ങിയ ശേഷമാണ് രണ്ടുനേരവും ചോറ് എന്ന സമൃദ്ധി കാണാൻ തുടങ്ങുന്നത്. അവിടെ രാവിലെയും വൈകുന്നേരവും പലഹാരവും ഉണ്ടാകും. അപ്രതീക്ഷിതമായി ആരെങ്കിലും വന്നാൽ വെറും ചായ കൊടുക്കുന്നതു മോശമായി അവിടത്തുകാർക്കു തോന്നിയിരുന്നു. ഒന്നുമില്ലെങ്കിൽ രണ്ടു പപ്പടം കാച്ചിയതെങ്കിലും കൂടെ വച്ചുകൊടുക്കണം.

അടുക്കളപ്പണിക്കും മറ്റും അമ്മയേയും ചെറിയ മ്മയേയും സഹായിക്കാൻ പുഴയക്കരെയുള്ള തറ വാട്ടുശാഖയിലെ മീനാക്ഷിയേടത്തി നിന്നിരുന്നു. രാത്രി ബാക്കിയാകുന്ന ചോറിൽ വെള്ളമൊഴിച്ച് അവർ കരുതി വയ്ക്കും. ചോറ് അധികമുണ്ടായി ട്ടൊന്നുമല്ല. അവർക്കു രാവിലെ അതു വേണം. കിണക്കുവക്കത്തുനിന്നു കാലും മുഖവും കഴുകി വന്നാൽ മീനാക്ഷിയേടത്തി ഉപ്പും പച്ചമുളകും ചേർത്തു സ്വാദോടെ കഴിക്കും. ഇത്തിരി കഴിച്ചാലോ എന്നു ഞാനും സംശയിച്ചിട്ടുണ്ട്. “കഴിച്ചോ, നല്ലതാ’’ എന്നവർ പ്രേരിപ്പിക്കുകയും ചെയ്യും. ഒരിക്കൽ അമ്മ അതുകേട്ടു ശാസിച്ചു. “കുട്ടിക്ക് പഴഞ്ചോറു കൊടുക്കല്ലേ മീനാക്ഷീ.” എപ്പോഴെങ്കിലും അതിന്റെ സ്വാദറിയണമെന്നുണ്ടായിരുന്നു. സാധിച്ചില്ല.
പഴയകാലത്തെ കഞ്ഞിപ്പുരകൾ ഇല്ലാതായി. ചായപ്പീടികകൾ ചിലതു വന്നതുകൊണ്ട് വഴിയാത്രക്കാർ കഞ്ഞിപ്പുരകളെത്തേടി പോവാതായി. ഒരു വേനൽക്കാലത്തു മനക്കാരുടെ ഉത്സാഹം കൊണ്ടാവും പഴയ കഞ്ഞിപ്പുരയിൽ സംഭാരം കൊടുക്കാൻ തുടങ്ങി. അതും പിന്നീട് ഇല്ലാതായി.
അടുക്കളപ്പണി മാത്രമല്ല മീനാക്ഷിയേടത്തിക്ക്. വിറകു വെട്ടും, വാഴയുടെ തടമെടുക്കും. മീനാക്ഷിയേടത്തിയുടെ മിടുക്കിനെപ്പറ്റി അമ്മ പലപ്പോഴും പറയാറുണ്ട്. സാധാരണ ഉപയോഗിക്കാത്ത പല പച്ചക്കറികളും അവർ തോട്ടത്തിൽനിന്ന് കൊണ്ടുവരും. തൊഴുത്തിന്റെ മീതേ പടരുന്ന മത്തന്റെയും കുമ്പളത്തിന്റെയും ഇലകൾ തോട്ടിക്കോലിൽ കറിക്കത്തി വച്ചുകെട്ടി അറുത്തെടുക്കും. അതുകൊണ്ടു കൂട്ടാൻവയ്ക്കും. ഏതിലയും തണ്ടും കൂട്ടാൻ വയ്ക്കാൻ നല്ലതാണെന്ന് അവർ അമ്മയെ ബോധ്യപ്പെടുത്തി. സന്ധ്യയ്ക്ക് ഇല്ലത്തെ കുളത്തിൽനിന്നു കുളിച്ചു വരുമ്പോഴും അവരുടെ കയ്യിൽ രണ്ടു ചേമ്പിൻ തണ്ടോ ഒരു കാവത്തിൻ കിഴങ്ങോ ഉണ്ടായിരിക്കും. ഇടവഴിയിലെയും പാമ്പിൻ കാവിലെയും മുളങ്കുട്ടങ്ങൾ കട്ടയിട്ടു നെല്ലു വീഴാൻ തുടങ്ങിയത് ആദ്യം കണ്ടെത്തിയത് മീനാക്ഷിയേടത്തിയാണ്. ആരുടെ സ്ഥലത്തെ മുളങ്കൂട്ടമെന്ന് അവകാശപ്പെടലൊന്നുമില്ല. പലരും അടിച്ചുവാരിക്കൊണ്ടുപോകും. ആളു കളറിഞ്ഞ് ചൂലും മുറവുമൊക്കെയായി വരുന്നതിനു മുൻപുതന്നെ മീനാക്ഷിയേടത്തി അയൽപക്കത്തെ പെൺകുട്ടികളെ വിളിച്ചുകൂട്ടി എട്ടുപത്തു മുറം മുള നെല്ല് ശേഖരിച്ചു കഴിഞ്ഞിരുന്നു. മുളനെല്ല് അരി യാക്കിയാൽ പല വിഭവങ്ങളും ഉണ്ടാക്കാം.

“ഏടത്തീ, ഒരണയ്ക്ക് ശർക്കര വാങ്ങിക്കോളൂ, നമുക്ക് അസ്സൽ പായസം വയ്ക്കാം. പക്ഷേ, മുള നെല്ലു കിട്ടിയതിൽ അമ്മയ്ക്ക് വലിയ സന്തോഷമൊന്നും കണ്ടില്ല. കട്ടയിട്ട് മുളകളെല്ലാം നശിക്കും. പിന്നെ വേലിപ്പണിക്കു കൂടി നാല് ഇല്ലിയുണ്ടാവില്ല. അതായിരുന്നു അമ്മയുടെ ദുഃഖം.
മുളയരി കൊണ്ട് ചോറുവെച്ചാലും നന്നെന്നു ചെറിയമ്മ. അതിലും നന്നാവുക പൊടിയാക്കി പുട്ടു ചുട്ടാലാണെന്നു മീനാക്ഷിയേടത്തി പറഞ്ഞു. അടുക്കളകാര്യങ്ങളില്‍ തീരുമാനമെടുക്കേണ്ടതു മീനാക്ഷി തന്നെയെന്ന് അമ്മ.
ചോലയിൽ ആനപ്പന വെട്ടാൻ തുടങ്ങിയപ്പോൾ വലിയൊരു കഷണം ആദ്യംതന്നെ കൈവശമാക്കി വീട്ടിലെത്തിച്ചതു മീനാക്ഷിയേടത്തിയാണ്. പിന്നെ അത് ഇടിച്ചു വെള്ളത്തിലിട്ട് ഊറ്റി വെയിലത്തു വച്ചുണക്കിയെടുക്കുമ്പോൾ അവർ പറഞ്ഞു: “നല്ല മൂപ്പുള്ള പന, എന്നാ ഇതു വെട്ടുക എന്ന് ഞാൻ നോക്കി ഇരിക്കുകയായിരുന്നു’’.
പനമ്പൊടികൊണ്ട് ഉണ്ടാക്കാവുന്ന വിഭവങ്ങളെപ്പറ്റിയായി പിന്നെ അവരുടെ വർണ്ണനകൾ. വിരകുമ്പോൾ നാളികേരം ചിരകിയിടണം. ശർക്കര പൊടിച്ചിട്ടാൽ അതിലും മുന്തിയ പലഹാരമില്ല. ഇതൊന്നുമില്ലാതെത്തന്നെ ഞങ്ങൾ മൂന്നുദിവസം പന പൊടി വിരകിയതു കഴിച്ചു. ചോറിന്റെ അളവു കുറയുന്നത് ആരും ശ്രദ്ധിച്ചതുമില്ല.
ഞാൻ കുമരനെല്ലൂർ ഹൈസ്കൂളിൽ ഫസ്റ്റ് ഫോമിൽ ചേർന്ന് കൊല്ലത്തിലാണ് വലിയേട്ടന്റെ കല്യാണം നടക്കുന്നത്. അച്ഛന്റെ മൂത്ത മരുമകൾ മാധവിക്കുട്ടിയാണ് വധു. നാലഞ്ചു ദിവസം പുന്നയൂർക്കുളത്തു കല്യാണത്തിന്റെ ആഘോഷം തന്നെ. അച്ഛൻ സിലോണിലേക്കു മടങ്ങിപ്പോയശേഷമാണ് ഓപ്പുവിനെ കൂടല്ലൂർക്ക് കൊണ്ടുവന്നത്. അന്യോന്യം അറിയുന്നവരാണ്. അതുകൊണ്ട് കൂട്ടിക്കൊണ്ടു വരൽ എന്ന ആഘോഷമൊന്നും വേണ്ടെന്ന് അമ്മ നിശ്ചയിച്ചിരുന്നു.

മീനാക്ഷിയേടത്തി ചോദിച്ചു, പതുക്കെ; “ഒരു ശർക്കരപായസമെങ്കിലും ഉണ്ടാക്കേണ്ട ഏടത്തീ’’. ഞാനും അതു താൽപ്പര്യത്തോടെ കേൾക്കുന്നുണ്ട്. അമ്മയുടെ ശബ്ദമുയർന്നു; “നീ മിണ്ടാണ്ടിരുന്നോ. സദ്യേം ഘോഷോം ഒന്നൂല്ലാ എന്നു ഞാൻ പറഞ്ഞില്ലേ? അന്യവീട്ടീന്ന് കൊണ്ടരണതൊന്നുമല്ലല്ലോ അവളെ’’.
കുളി കഴിഞ്ഞ് പൂമുഖത്തിന്റെ മുകളിലെ മുറിയിൽ പണ്ടെപ്പോഴോ വലിയേട്ടൻ കൊണ്ടുവന്ന ചില പുസ്തകങ്ങൾ നോക്കിക്കൊണ്ടു കിടക്കുകയായിരുന്നു ഓപ്പു. ചെറിയമ്മയാണ് താഴെ നിന്നു വിളി ച്ചത് “കുട്ട്യേ, വരൂ ഉണ്ണാറായി, എവിടെ വാസു?
അടുക്കളത്തളത്തിൽ രണ്ടില വച്ചിട്ടുണ്ട്. ഓപ്പു വിനും എനിക്കും. അൽപ്പം പരിഭ്രമത്തിൽ ഓപ്പു പറഞ്ഞു: “എനിക്കായിട്ടില്ല. എല്ലാവരും കൂടി ഇരുന്നാപ്പോരേ’’. മീനാക്ഷിയേടത്തി പറഞ്ഞു: “ഞങ്ങൾ കൊറേ കഴിയും. കുട്ടി ഇരുന്നോ.
വിളമ്പിയത് മീനാക്ഷിയേടത്തിയാണ്. പ്രത്യേക വിഭവങ്ങളൊന്നുമില്ല. ഓപ്പുവിന്റെ ഗൃഹപ്രവേശം പ്രമാണിച്ചാവണം കാച്ചിയ പപ്പടമുണ്ട്. ഓപ്പു ഒന്നും മിണ്ടാതെ ഊണു കഴിച്ചു, ഞാനും.
മുകളിലെ മുറിയിലെത്തിയപ്പോൾ ഓപ്പു പുസ്തകവായന തുടരാതെ കട്ടിലിൽ കയറി ചുമരും ചാരി ഇരുന്നു. ഞാൻ ചെറിയ വർത്തമാനങ്ങൾ പറഞ്ഞ് ഓപ്പുവെ രസിപ്പിക്കാൻ ശ്രമിച്ചു. അവർ വലിയ താൽപ്പര്യമൊന്നും കാണിച്ചില്ല.
കുറച്ചു കഴിഞ്ഞ് അവർ എഴുന്നേറ്റു താഴേക്കു പോകുമ്പോൾ ഞാനും കൂടെ പോയി. ഓപ്പു നേരെ അടുക്കളത്തളത്തിലേക്കാണ് കടന്നുചെന്നത്. അപ്പോൾ അമ്മ, ചെറിയമ്മ, മീനാക്ഷിയേടത്തി എന്നിവർ ഇരുന്നു കഞ്ഞി കുടിക്കുകയായിരുന്നു. മീനാക്ഷിയേടത്തി ചോദിച്ചു: “എന്താ വേണ്ടത്?’’ ഓപ്പു ഒന്നും മിണ്ടിയില്ല. പിന്നെ പെട്ടെന്നു കരഞ്ഞു. അമ്മ ചോദിച്ചു: “എന്തേ?”
ഓപ്പു കരഞ്ഞുകൊണ്ടു പറഞ്ഞു: “അമ്മായി, നിങ്ങളൊക്കെ കഴിക്കണ ഭക്ഷണം തന്നെ മതിയായിരുന്നല്ലോ എനിക്കും. പ്രത്യേകായിട്ട് എനിക്ക് ഒന്നും വേണ്ട. ഞാൻ അന്യവീട്ടിലെ കുട്ടിയൊന്നു മല്ലല്ലോ? നിങ്ങൾക്കു കഞ്ഞിയാണെങ്കിൽ എനിക്കും കഞ്ഞി’’.

എന്നിട്ടവർ തേങ്ങിക്കൊണ്ട് അകത്തേക്കു പോയി. അമ്മ തലതാഴ്ത്തിയിരുന്നു. ചെറിയമ്മ അൽപ്പം ദേഷ്യത്തിൽ അമ്മയെ നോക്കി.
ചെറിയമ്മ പറഞ്ഞു: “അവളു പറഞ്ഞതാ കാര്യം. എനിക്ക് അരിയിട്ടപ്പഴേ തോന്നീരുന്നു. ഒരീസം പോരല്ലോ ഇത്’’.
ഒരു തെറ്റുപറ്റിയ ഭാവത്തിൽ അമ്മ ചെറിയമ്മയെ നോക്കി. പിന്നെ കഞ്ഞികുടി തുടർന്നു.
(തൃശൂർ കറന്റ് ബുക്സ് പ്രസിദ്ധീകരിച്ച മുത്തശ്ശിമാരുടെ രാത്രി എന്ന പുസ്തകത്തിൽനിന്ന്).