പൗരന്റെ കുരിശുമരണം ഓർമ്മയിലെ ഉയർത്തെഴുന്നേൽപ്പുകളും

മുമ്പ് വായിച്ച പുസ്തകത്തിലേക്ക് ഒരു വായനക്കാരി വീണ്ടും തിരിച്ചു വരുന്നത് താൻ കണ്ടുവെച്ച ഏതെങ്കിലും ഒരു സന്ദർഭം വീണ്ടും കാണാനാവില്ല. തന്റെതന്നെ ഓർമ്മയിൽ അങ്ങനെയൊരു സന്ദർഭം ഈ നാളുകളിൽ അവളെ വിട്ടുപോയിട്ടുമുണ്ടാവില്ല. മറിച്ച്, തന്നോടുതന്നെയുള്ള ഒരു വിശ്വാസം പ്രകടിപ്പിക്കാനാണ് അവൾ തിരിച്ചു വരുന്നത്. മായാത്ത ഒരു തെളിവു പോലെ, വായനയിലെ അപൂർവ്വമായി വന്ന ഒരു നിമിഷം, ഇപ്പോഴും അതേപോലെ അവിടെത്തന്നെ കാണുമ്പോൾ അവൾ തന്റെതന്നെ വിശ്വാസത്തെ വീണ്ടും മുമ്പോട്ട് എടുക്കുന്നു. അല്ലെങ്കിൽ, മനുഷ്യചരിത്രത്തിലെ പ്രധാനപ്പെട്ട എല്ലാ ജീവിത കഥകളും അങ്ങനെ ചിത്രണം ചെയ്യപ്പെട്ടിരിക്കുന്നു. ഗുഹകളിലും പുസ്തകങ്ങളിലും.

അങ്ങനെയൊരു സന്ദർഭം ആനന്ദ് എന്ന എഴുത്തുകാരൻ അദ്ദേഹത്തിന്റെ എല്ലാ വായനക്കാർക്കും നൽകുന്നു. ഒരുപക്ഷെ, മലയാളത്തിലെ മറ്റ് ഏതൊരു എഴുത്തുകാരനും കഴിയാത്തത്ര, ഇത്, മനുഷ്യചരിത്രത്തിൽ ലിപികൾക്കുള്ള പ്രാധാന്യംപോലെ, പുസ്തകങ്ങളുടെ കൂടെയുള്ള വിചാരശീലരായ വായനക്കാരുടെ ജീവിത പരിണാമവുമാണ്. താനിപ്പോൾ വായിയ്ക്കുന്നത് ആനന്ദിന്റെ "അഭയാർത്ഥികൾ' ആണെന്നോ "ആൾക്കൂട്ട'മാണന്നൊ "ജൈവമനുഷ്യ'നാണന്നൊ "കഥകൾ' ആണെന്നോ പറയുന്ന വായനക്കാരിയെ ഇന്നും മലയാളത്തിലെ എല്ലാ തലമുറകളിലും കാണുന്നു. ഇപ്പോൾ, ഈ മഹാമാരിയ്ക്ക് പിറകെ വന്ന "ലോക്ഡൗൺ' കാലത്ത്, സമൂഹമാധ്യമങ്ങളിൽ വിശേഷിച്ചും, കാണുന്ന ഒന്ന് അതായിരുന്നു. അല്ലെങ്കിൽ, "ആനന്ദിന്റെ കഥകളിലൊക്കെ വായിച്ചപോലെ' എന്ന് ഏതൊരു ഇന്ത്യൻ സന്ദർഭങ്ങൾക്കും മുമ്പിൽ നമ്മൾ പലപ്പോഴും വന്നുപെടുന്നു. പൗരത്വ ഭേദഗതിക്ക് എതിരെ ഉണ്ടായ സമരങ്ങളുടെ കാലത്ത് എന്നപോലെ. ഇപ്പോൾ മഹാമാരിയെ തുടർന്ന് വന്ന അന്യസംസ്ഥാന തൊഴിലാളികളുടെ നിരാധാരമായ മഹായാത്രകളുടെ കാലത്ത് എന്നപോലെ.

യുദ്ധങ്ങൾ, അതിർത്തികൾ, ഭരണകൂടങ്ങൾ എന്നിവയുടെ ഇടപെടലുകളിലൂടെ സൃഷ്ടിക്കപെടുന്ന അഭയാർത്ഥികൾ, ആനന്ദിന്റെ നോവലിൽ പൗരജീവിതത്തിലെത്തന്നെ വലിയൊരു പിളർപ്പാണ്

(ഞാനും അങ്ങനെഒരാളാണ്. വാസ്തവത്തിൽ, ഞാൻ ഇപ്പോൾ വീണ്ടും കടന്നുപോകുന്ന ഒരു പുസ്തകം, "ആനന്ദിന്റെ നോവെല്ലകൾ' ആണ്.)

സാമൂഹികവും രാഷ്ടീയവും സാംസ്‌കാരികവുമായ ഒരു തന്മയിലേക്ക് ആ "കഥകൾ' എപ്പോഴും ചെല്ലുന്നു: മനുഷ്യാവസ്ഥയുടെ വലിയ വലിയ കിടങ്ങുകൾ കാണിച്ചും അവയെപ്പറ്റി പറഞ്ഞും. ആ കഥകളിലും നോവലുകളിലും "ഇന്ത്യൻ ഉപഭൂഖണ്ഡം' കടന്നുവരുന്നതും അങ്ങനെയാണ്. "അഭയാർത്ഥികൾ' എന്ന നോവലിൽ വിശേഷിച്ചും.

യുദ്ധങ്ങൾ, അതിർത്തികൾ, ഭരണകൂടങ്ങൾ എന്നിവയുടെ ഇടപെടലുകളിലൂടെ സൃഷ്ടിക്കപെടുന്ന അഭയാർത്ഥികൾ, ആനന്ദിന്റെ നോവലിൽ പൗരജീവിതത്തിലെത്തന്നെ വലിയൊരു പിളർപ്പാണ്. ആ പിളർപ്പിൽ ഏതെങ്കിലും ഒരു ജനവിഭാഗം മാത്രമല്ല പെടുന്നത്, മനുഷ്യവംശംതന്നെയാണ്. വ്യക്തിയെ, പൗരജീവിതത്തെ, ആനന്ദ്, സാമൂഹ്യവത്ക്കരിക്കുന്നത് ഇങ്ങനെയൊരു പിളർപ്പിലൂടെയാണ്. മതവും രാഷ്ട്രീയവും വംശീയതയും വെറുപ്പും ആ പിളർപ്പിന്റെ നിറങ്ങളാണ്. ആ അർത്ഥത്തിൽ, "അഭയാർത്ഥികൾ' നമ്മുടെതന്നെ ചരിത്രത്തിന്റെയും ഓർമ്മയുടെയും വർത്തമാനത്തിന്റെയും ജനജീവിതത്തിന്റെയും ഡോക്യുമെന്റ്‌ഷൻ ആവുന്നു. ചലച്ചിത്രകാരനായ ഋത്വിക്ക് ഘട്ടക്കിന്റെ പ്രമേയങ്ങളിൽ കണ്ടിരുന്നപോലെ. എന്നാൽ, ഘട്ടക്കിൽ അത് മനുഷ്യരുടെ ചുഴികൾ ആവുമ്പോൾ, ആനന്ദിൽ അത് സമൂഹത്തിലേക്ക് പടരുന്ന വേദനയാണ്. പൗരന്റെ കുരിശുമരണംപോലെ അത് നീണ്ടു നിൽക്കുന്നു. വീണ്ടും ഉയർത്തെഴുന്നേൽക്കുന്നു.

ഈ വേദനയെ, ആനന്ദ്, സമീപിക്കുന്നത് അതിനെപ്പറ്റി "പറയുന്നതി'ലൂടെയാണ്, ഭാഷകൊണ്ട് സാഹിത്യരൂപത്തെ അത് കണ്ടെത്തുന്നു, നിർണ്ണയിക്കുന്നു. സാഹിത്യത്തെ തെളിവുകൾകൊണ്ടും ചരിത്രംകൊണ്ടും യാഥാർത്ഥ്യത്തിന്റെ കരയിലേക്കും നയിക്കുന്നു. ഒപ്പം, തന്റെ "പ്രമേയങ്ങളിൽ' ഉള്ളതുപോലെത്തന്നെ, അത്തരം വർഗ്ഗീകരണങ്ങളുടെ അതിർത്തികളെ അസംബന്ധവുമാക്കുന്നു (അതുകൊണ്ടാണ്, "എങ്കിൽ ആനന്ദ് എന്തിന് നോവൽ എഴുതുന്നു, തത്വചിന്ത എഴുതിയാൽ പോരേ' എന്ന് ചിലരെങ്കിലും ആ നോവലിലെ സ്വാതന്ത്ര്യത്തെ വിലയിരുത്തിയത്).

ആനന്ദിന്റെ നോവലുകളെപ്പറ്റിയുള്ള ഒരു പഠനത്തിൽ, സാഹിത്യ നിരൂപകൻ, ഇ. വി. രാമകൃഷ്ണൻ, "ആനന്ദ് എന്ന നോവലിസ്റ്റിനെ മലയാളികൾ വേണ്ടവിധം തിരിച്ചറിഞ്ഞിട്ടുണ്ടോ' എന്ന് ചോദിക്കുന്നു. "അദ്ദേഹത്തിന്റെ കൃതികൾ വ്യാപകമായി വായിക്കപ്പെടുന്നുണ്ടെന്ന് നമുക്കറിയാം. എന്നാലും മലയാളിക്ക് പൂർണ്ണമായി മനസ്സിലാക്കാൻ കഴിയാത്ത ഒരു അപരിചിതത്വം ആനന്ദിലുണ്ട്.' എന്നും രാമകൃഷ്ണൻ എഴുതുന്നു. എന്നാൽ, ഈ "അപരിചിതത്വ' ത്തോടാണ് ഒരേസമയം എഴുത്തുകാരനും അയാളുടെ വായനക്കാരിയും എപ്പോഴും സംവദിച്ചുകൊണ്ടിരുന്നത് എന്നാണ് വാസ്തവം. അങ്ങനെയൊരു എഴുത്തുകാരനെ, വായനയുടെ ഒരു ഘട്ടത്തിലും, അവൾ ഉപേക്ഷിച്ചു പോയതേ ഇല്ല. അതിനൊരു കാരണം, ഈ "അപരിചിതത്വം' തന്നെയായിരുന്നു. ദിവസത്തെ, ജീവിതത്തെ, പ്രവൃത്തിയെ, അപരിചിതമാക്കുന്ന ഒരു നേർമുട്ടൽ അവൾക്ക് ദിനേന അനുഭവിക്കേണ്ടിവരുന്നു. അനുഭവത്തെ അനുഭവങ്ങളായി സഹ്യമാക്കാൻ ജീവിതത്തെ അവൾ ഒരു പറച്ചിലാക്കുന്നു.

ആനന്ദ് പറഞ്ഞതൊക്കെയും അങ്ങനെയുള്ള സന്ദർഭങ്ങളും.

"അഭയാർഥികളി'ലെ മുഖ്യകഥാപാത്രം, ഗൗതമനെ ഓർത്തുനോക്കു: അയാൾ, ഒരേസമയം, നോവലിന്റെ പ്രമേയത്തിന്റെയും ഘടനയുടെയും വാഹകനാണ്. മനുഷ്യരിൽ നിന്ന് അന്യവൽക്കരിക്കപ്പെട്ട പ്രസ്ഥാനങ്ങളെയും ആശയങ്ങളെയും പറ്റി പറഞ്ഞും ആശ്രയിച്ചും നിൽക്കുന്ന ആ കഥാപാത്രം നമ്മുടെ നോവൽ- എഴുത്തിലേക്ക് പരക്കുന്നത് അയാൾ നിർമ്മിക്കുന്ന ഭാഷകൊണ്ടാണ് - "നിർമ്മമമായ ഒരകല' ത്തിൽനിന്നാണ് ആനന്ദ് കഥ പറയുന്നത് എന്ന് ഒരു വായനക്കാരി കണ്ടെത്തുന്നത്, വാസ്തവത്തിൽ, പ്രമേയത്തിന്റെയും ഘടനയുടെയും സവിശേഷമായ ആവിഷ്‌കാരം മനസ്സിലാക്കുന്നതിലൂടെയാണ്.

അന്നും ഇന്നും നമുക്ക് ഇത് അപരിചിതമാണ്. പക്ഷെ പരിചിതമായ പ്രവൃത്തിയുമാണ്.

സ്വസ്ഥമായി ഇരിക്കാനാണ് നമ്മൾ ഭരണവും ഭരണകൂടവും തിരഞ്ഞെടുക്കുന്നത്. എന്നാൽ, ഒരു ശാപംപോലെ മനുഷ്യർ തങ്ങളുടെ ഉള്ളിൽ പരിപാലിക്കുന്ന "അസ്വസ്ഥരാവാനുള്ള വാസന' ഇതിനെയെല്ലാം തകരാറിലാക്കുന്നു

നോക്കൂ, അവൾ ഇപ്പോഴും ആനന്ദിനെ വായിക്കുന്നു. എന്തുകൊണ്ടാകും അത്?

തങ്ങളുടെ കൈയ്യിൽ ഒതുങ്ങാവുന്ന എല്ലാ വസ്തുക്കളും എടുത്ത് ആശ്രയമില്ലാതെ നീങ്ങുന്ന മനുഷ്യർ, അഭയാർത്ഥികൾ, നമ്മുക്ക് വിഭജനത്തിന്റെയും യുദ്ധങ്ങളുടെയും ഓർമ്മയാണ്. അവർ രാഷ്ട്രങ്ങളുടെ അതിർത്തികളെ അസംബന്ധമാക്കുന്നു. എന്നാൽ, രാജ്യത്തിനകത്തെത്തന്നെ ആന്തരികയുദ്ധങ്ങളിൽ നിന്നും, വംശീയവും വർഗ്ഗീയവുമായ കലാപങ്ങളിൽ നിന്നും, ഇപ്പോൾ മഹാമാരിയിൽ നിന്നും, പൊട്ടിപ്പുറപ്പെടുന്ന നിരാലംബരായ മനുഷ്യരുടെ പ്രവാഹവും "അഭയാർഥികളെ' ഉണ്ടാക്കുന്നു. അവർ പക്ഷെ അതിർത്തികളെയല്ല അസംബന്ധമാക്കുന്നത്. മറിച്ച്, "സ്വാസ്ഥ്യം' എന്ന പരികൽപ്പനയെയാണ്.

സ്വസ്ഥമായി ഇരിക്കാനാണ് നമ്മൾ ഭരണവും ഭരണകൂടവും തിരഞ്ഞെടുക്കുന്നത്. എന്നാൽ, ഒരു ശാപംപോലെ മനുഷ്യർ തങ്ങളുടെ ഉള്ളിൽ പരിപാലിക്കുന്ന "അസ്വസ്ഥരാവാനുള്ള വാസന' ഇതിനെയെല്ലാം തകരാറിലാക്കുന്നു. ഇങ്ങനെ അസ്വസ്ഥരാവാനുള്ള മനുഷ്യരുടെ വാസനയാണ് ആനന്ദിന് മതവും, ദേശീയതയും, പ്രത്യയശാസ്ത്രവും. മനുഷ്യർ കണ്ടുപിടിച്ച സ്വർഗ്ഗവും നരകവും. ഗൗതമന്റെ, "അഭയാർത്ഥികളി'ലെ കഥാപാത്രത്തിന്റെ "വാദങ്ങൾ' മിക്കതും ഇങ്ങനെ സ്വാസ്ഥ്യത്തെ തേടുന്നു. സ്വർഗ്ഗവും നരകവും വർണ്ണിക്കുന്നു. "ഭാവിയെ സാക്ഷാത്കരിക്കാൻ തുനിയുന്നവർക്കെല്ലാം, പടയാളികളായ തങ്ങൾ ഒരിക്കൽ വിഗ്രഹങ്ങളുടെ കാവല്ക്കാരാകുന്ന അവസ്ഥയെ ഒഴിവാക്കാനാകുമോ' എന്ന വിധി ആനന്ദ്, തന്റെ കഥാപാത്രത്തിനും മുമ്പെ, കണ്ടെത്തുന്നു.

ഇന്ന്, ഒരു "തീവ്ര വലതുപക്ഷ സർക്കാർ' ഭരിക്കുന്ന ഇന്ത്യയിൽ "അഭയാർഥികൾ' എന്ന നോവലിലെ ഗൗതമനെന്ന മുഖ്യകഥാപാത്രത്തെ ഒന്നുകൂടി കണ്ടുനോക്കു: ഗംഗാ നദിയുടെ കരയിൽ ഇപ്പോഴുള്ള ഒരു റെയിൽവേ സ്റ്റേഷനും യാർഡും പൊളിച്ചുമാറ്റി ഒരു തിട്ടും കനാലും പിന്നെ അതിന്റെ കരയിൽ ഒരു പാർക്കുമുണ്ടാക്കാൻ ശ്രമിക്കുന്ന ഒരു കോണ്ട്രാക്ടറുടെ കീഴിലാണ് അയാൾ തന്റെ ജോലി ചെയ്യുന്നത്. ഇന്ന്, ആ "കഥ' മറ്റൊരു ഓർമ്മയാണ്. "പഴയ കഥയല്ല'. മറിച്ച്, ഒരു "പുതിയ നിർമ്മിതി' യാണ്. പുതിയ രാഷ്ട്രവ്യവഹാരത്തിൽ "ഗംഗ' മറ്റൊന്നാവുന്നപോലെ.

"അഭയാർത്ഥികൾ', വാസ്തവത്തിൽ ഒരു യാഥാർഥ്യമല്ല, മറിച്ച് നമ്മുടെ കണ്ണുകൾക്ക് മുമ്പിലൂടെ, അണമുറിയാതെ, പതുക്കെ, നീങ്ങുന്ന സത്യമാണ്. മറവിയിലേക്ക് (സ്വാസ്ഥ്യത്തിലേക്ക്) നീങ്ങുന്ന സത്യം. ആൾക്കൂട്ടങ്ങൾ ആയല്ല, പതുക്കെ മാഞ്ഞു പോകുന്ന മുഖങ്ങളായാണ് നമ്മൾ പിന്നീട് ഈ പലായനത്തെ ഓർക്കുന്നത്. യാഥാർഥ്യത്തിലും ഭാവനയിലുമാണ് അത് ചലിക്കുന്നത്.

ഫിക്ഷൻ എഴുത്തുകാർ ഒരേസമയം അനുഭവിക്കുന്ന മാനസിക ജീവിതം ഏറെക്കുറെ രണ്ടാണ് എന്ന് എനിക്ക് തോന്നാറുണ്ട്. ഒന്ന്, Kafkaesque - വിൽ ചെന്നുപെടുക. ഒരു മർദ്ദക സംവിധാനത്തിന്റെ ദുസ്വപ്നത്തെ അത് സദാ ജീവിച്ചുകൊണ്ടിരിക്കുന്നു. മറ്റൊന്ന്, Quixotic ആവലാണ്. ധീരനാവുന്നതിന്റെയും പ്രശംസിക്കപ്പെടുന്നതിന്റെയും ആദർശവാനാവുന്നതിന്റെയും ദാർശനികനാവുന്നതിന്റെയും വീരശൂരനാവുന്നതിന്റെയും ഒപ്പം, അത് ഒരു ഇടനിലക്കാരനെയും അരസികനെയും യാഥാർഥ്യങ്ങളെ സംശയിക്കുന്നവനെയും പേറുന്നു. ആനന്ദിന്റെ സാഹിത്യ രചനകളെക്കുറിച്ച് ആലോചിയ്ക്കുമ്പോൾ നമ്മൾ പലരും ആദ്യത്തെ ലോകത്തേക്ക് ആദ്യമേ എടുത്തെറിയപ്പെടുന്നു. ശിക്ഷയുടെയും നീതിയുടെയും നീതിനിഷേധത്തിന്റെയും അസംബന്ധമായ അനുഭവങ്ങളിലേക്ക് അത് നമ്മെ കൊണ്ടുപോകുന്നു. ജീവിതവും കഥയും വർത്തമാനംതന്നെ ആകുന്നു. എന്നാൽ, ആ രചനകളിൽ നാം കണ്ടുമുട്ടുന്ന Quixotic സന്ദർഭം, ദയാരഹിതമായ ധീരത, ആദർശം, പ്രശംസ, അരസികത്വം, ക്രൂരമായ പരാജയങ്ങൾ, ഇതെല്ലാം വരുന്ന മറ്റൊരു മാനസികജീവിതവും സമ്മാനിക്കുന്നു.

ആനന്ദ് തന്റെ ഒരു കഥയുടെ (നദികളും തീരങ്ങളും) ആമുഖത്തിൽ നദികൾക്ക് ഒഴുകണം എന്ന് പറയുന്നു. ""ഒഴുകുമ്പോൾ സ്വാഭാവികമായി അവ രണ്ടു കരകളെ അടയാളപ്പെടുത്തുന്നു.'' ""കരകൾക്കിടയിൽ ചിലപ്പോൾ ദ്വീപുകളെയും സ്രഷ്ടിക്കുന്നു.'' ഇതിനെ ഒരു രൂപകമായി സങ്കൽപ്പിക്കാമെങ്കിൽ ആനന്ദിന്റെ മിക്ക രചനകളുടെയും (ജീവിത)സംസ്‌കാരവും ഓർമ്മവരും : കരകൾ അനവധിയാണ് അതിൽ. നദികളും. ആ പ്രമേയങ്ങൾ അകന്നു നിൽക്കുന്നു, പക്ഷെ അവ പരസ്പരം തൊട്ടുകൊണ്ട് ഇരിക്കുന്നു.

നന്മയും തിന്മയും ഹിംസയും അഹിംസയും എല്ലാം സഹവസിക്കുന്ന ഒരു കര, വായനയുടെ ഒരു ഭൂപ്രദേശമാണ് അത്.


കരുണാകരൻ

കവി, കഥാകൃത്ത്​, നോവലിസ്​റ്റ്​. യുവാവായിരുന്ന ഒമ്പതുവർഷം, യക്ഷിയും സൈക്കിൾ യാത്രക്കാരനും, ബൈസിക്കിൾ തീഫ്​, ഉടൽ എന്ന മോഹം എന്നിവ പ്രധാന പുസ്​തകങ്ങൾ. ദീർഘകാലം പ്രവാസിയായിരുന്നു.

Comments