ആൻ കാഴ്സൻ

ആൻ കാഴ്സൺ
അവതരിപ്പിച്ച
ആ ‘ബെക്കറ്റ് നിമിഷം’

2026-ൽ സാഹിത്യനോബെൽ നേടിയ കനേഡിയൻ കവി ആൻ കാഴ്സന്റെ War Song എന്ന കവിതയുടെ വായനാ അനുഭവം, ഈ കവിതയുടെ വിവർത്തനവും: കരുണാകരൻ എഴുതുന്നു.

ഞാനാദ്യം വായിക്കുന്ന ആൻ കാഴ്സന്റെ കവിത, ‘War Song’ ആണ് - 2018- ലാകണം, കുവൈത്തിൽ ജോലി ചെയ്തിരുന്ന കാലത്ത്, ഉച്ചതിരിഞ്ഞ സമയം, കവിതകൾ അവയുടെ ജീവിതോദ്ദേശ്യമാക്കി വായനക്കാരെ തേടിയിറങ്ങുന്ന നേരത്ത്: അവരിൽ പിന്നെ അവ എക്കാലത്തേയ്ക്കുമായി പാർക്കാൻ തുടങ്ങുന്നു.

ആൻ കാഴ്സന്റെ ഈ കവിതയ്ക്ക് എന്റെ കൂടെ അങ്ങനെയൊരു ജന്മമായിരുന്നു. കവിത ഞാൻ ഓർത്തുവെച്ചു. ഓർക്കാതെപോയ നേരങ്ങളിൽ അത് മറവിയുടെ ഏതോ പാളിയിൽ പറ്റിപ്പിടിച്ചുനിന്നു. കഴിഞ്ഞ ദിവസം ആൻ കാഴ് സനാണ് ഈ വർഷത്തെ സാഹിത്യത്തിനുള്ള നോബെൽ സമ്മാനം എന്നു കേട്ടപ്പോൾ ഞാനാദ്യം ഓർത്തതും ആ കവിതയായിരുന്നു, തീർച്ചയായും, ആ വൈകുന്നേരവും.

കാഴ്സന്റെ ഈ കവിതയിൽ ഏറെ പ്രിയപ്പെട്ട ഒരു എഴുത്തുകാരനാണുള്ളത്- സാമുവെൽ ബെക്കറ്റ്. അതും വെറുതെ വന്നുപോവുകയല്ല. തിരശ്ശീല നീക്കി മെലിഞ്ഞതും നീണ്ടതും വിരക്തിയാലിപ്പോൾ ശിൽപ്പം പോലെ ആവർത്തിക്കുന്നതുമായ മുഖം കാണിക്കുക പോലുമല്ല; മരണത്തിൽനിന്നും ജീവിതത്തിലേക്ക് അലസമായി നോക്കുന്ന ഒരാൾ - ഒരുപക്ഷേ അങ്ങനെയാണ് ഞാനാ കവിത ആദ്യം വായിച്ചത്. എന്നാലത് ബെക്കറ്റിനെ കുറിച്ചുള്ള ഒരു കവിതയുമല്ല.

ആൻ കാഴ്സന്റെ കവിതയുടെ പശ്ചാത്തലം ഇതാണ്:

സാമുവൽ ബെക്കറ്റിനുനേരെ ഒരിക്കൽ ഒരു കത്തി ആക്രമണം ഉണ്ടാവുന്നു. 1938 ജനുവരി ആറിന് രാത്രിയാണ് അത് നടക്കുന്നത്. പാരീസിലെ ഒരു തെരുവിലൂടെ ('അവന്യൂ ഡി ഓർലിയൻസ്') വീട്ടിലേക്ക് നടന്നുപോവുകയായിരുന്ന ബെക്കറ്റിനെ, ആ പ്രദേശത്തെ കുപ്രസിദ്ധനായ ഒരു ‘പിമ്പ്’ സമീപിക്കുകയും ശല്യപ്പെടുത്താൻ തുടങ്ങുകയും ചെയ്യുന്നു. ഒരുസമയം ബെക്കറ്റ് അയാളെ തള്ളിമാറ്റിയപ്പോൾ, അക്രമി ഒരു കഠാര പുറത്തെടുത്ത് ബെക്കറ്റിന്റെ നെഞ്ചിൽ കുത്തുകയും അവിടെനിന്ന് ഓടിപ്പോവുകയും ചെയ്തു. ബെക്കറ്റ് അവിടെ, തെരുവിൽ, വീണു; തെരുവിൽ ചോരയിൽ കുളിച്ച് ആരുമറിയാതെ കിടന്നു. ഓ, അങ്ങനെയല്ല, ഈ സമയം അദ്ദേഹത്തിന്റെ ചില സുഹൃത്തുക്കൾ കൂടി കൂടെയുണ്ടായിരുന്നു എന്നും വായിച്ചിട്ടുണ്ട്. നേരറിയില്ല.

പക്ഷേ, ബെക്കറ്റ് വീണു, ആരാരുമറിയാതെ തെരുവിൽ അങ്ങനെ കുറേ നേരം, വർഷങ്ങൾക്കും ശേഷമുള്ള തന്റെ അന്ത്യംവരേയ്ക്കും അവിടെത്തന്നെ കിടന്നു എന്നു വായിക്കാനാണ് ഞാൻ ഇഷ്ടപ്പെടുക: എത്ര ക്രൂരം അല്ലേ?
അങ്ങനെ അല്ല; അതൊരു “ബെക്കറ്റ് നിമിഷം” ആണ്.
ഞാൻ തുടരട്ടെ.

ആൻ കാഴ്സൻ
ആൻ കാഴ്സൻ

ഈ ആക്രമണത്തിൽ അദ്ദേഹത്തിന്റെ ശ്വാസകോശത്തിന് സാരമായി പരിക്കേറ്റു, ഹൃദയത്തിന് തൊട്ടരികിലൂടെയാണ് ആ കത്തി കടന്നുപോയത്. കട്ടിയുള്ള ശൈത്യകാലങ്ങളിൽ ആളുകൾ സാധാരണ ധരിക്കാറുള്ള ഒരു ഓവർകോട്ട് ആ സമയം ബെക്കറ്റ് ധരിച്ചിരുന്നതുകൊണ്ടുമാത്രം അദ്ദേഹത്തിന്റെ ജീവൻ രക്ഷിക്കാനായി. (അതിനാൽ, കോട്ട് ധരിക്കാത്ത ബെക്കറ്റിന്റെ ഫോട്ടോ കാണുമ്പോൾ, അതും രാത്രികളിൽ എവിടെയെങ്കിലും കാണുമ്പോൾ, ഇപ്പോഴും ഒരു നിമിഷം എന്റെ ചങ്കിടിക്കുന്നു).

എന്തായാലും, ബെക്കറ്റിന്റെ അടുത്ത സുഹൃത്തും വഴികാട്ടിയുമായിരുന്ന ജെയിംസ് ജോയ്‌സ് അദ്ദേഹത്തെ സഹായിക്കാനെത്തുന്നു. ആശുപത്രിയിൽ ഒരു സ്വകാര്യ മുറി ഏർപ്പാടാക്കിക്കൊടുക്കുകയും, ബെക്കറ്റിന്റെ ആരോഗ്യം വീണ്ടെടുക്കുന്നതുവരെ അദ്ദേഹത്തെ നിരീക്ഷിക്കാൻ സ്വന്തം ഡോക്ടറെ തന്നെ നിയോഗിക്കുകയും ചെയ്യുന്നു.

കേസ് കോടതിയിൽ എത്തുന്നു. ഒരു ദിവസം നിയമനടപടികൾക്കിടയിൽ, റോബർട്ട് ജൂൾസ് പ്രുഡന്റ് എന്ന തന്റെ ആക്രമിയെ ബെക്കറ്റ് നേരിൽ കാണുകയും, എന്തിനാണ് ഇങ്ങനെ ചെയ്തതെന്ന് ചോദിക്കുകയും ചെയ്യുന്നു. അതിന് പ്രുഡന്റ് നൽകിയ മറുപടി ഇപ്രകാരമായിരുന്നു:
"Je ne sais pas, Monsieur. Je m'excuse." ("എനിക്കറിയില്ല സാർ. ഞാൻ ക്ഷമ ചോദിക്കുന്നു.")

കാരണമോ പ്രകോപനമോ ഇല്ലാതെയുള്ള ഈ കുറ്റകൃത്യവും, അക്രമി നൽകിയ അർത്ഥശൂന്യമായ മറുപടിയും ബെക്കറ്റിന്റെ ലോകവീക്ഷണത്തെ തന്നെ ആഴത്തിൽ സ്വാധീനിച്ചു എന്നാണ് പിന്നീട് നാം കേൾക്കുന്നത്. അല്ലെങ്കിൽ കണ്ടെത്തുന്നത്. അല്ലെങ്കിൽ, ഇതാ, ഇപ്പോൾ, ഇങ്ങനെ ഞാൻ തന്നെ എഴുതുന്നത്‌.

ജീവിതത്തിന്റെ അർത്ഥശൂന്യത, ആശയവിനിമയങ്ങളിൽ വന്നുചേരുന്ന പരാജയങ്ങൾ, യാദൃച്ഛികങ്ങളായ ദുരിതങ്ങൾ എന്നിവ പ്രമേയമാകുന്ന 'തിയേറ്റർ ഓഫ് ദി അബ്‌സർഡ്' (Theatre of the Absurd) എന്ന നാടക ശൈലിയിലേക്ക് ബെക്കറ്റ് മാറുന്നതിനും ഈ സംഭവം ഒരു പ്രധാന കാരണമായി എന്ന് ‘ബെക്കറ്റ് പണ്ഡിതർ’ പറയുന്നു. ഞാനും അവരെ കോപ്പി ചെയ്യുന്നു. ബെക്കറ്റിന്റെ “Waiting for Godot” പോലുള്ള മാസ്റ്റർപീസ് കൃതികളിൽവരെ ഈ സംഭവത്തിന്റെ സ്വാധീനം പ്രകടമാണ് എന്ന് പറയപ്പെടുന്നു. ഞാനും അതാവർത്തിക്കട്ടെ: അല്ലെങ്കിലും, കൊല മരണംപോലെയല്ല. ലക്ഷ്യം നിറവേറാത്ത കൊലപാതകമാകട്ടെ, പിന്നെയുള്ള ജീവിതത്തിലുടനീളം ഒരു മനംപുരട്ടൽ കൂടി അനുഭവിക്കുന്നു.

എന്തായാലും അക്രമിയുടെ മാന്യമായ പെരുമാറ്റവും, കുറ്റകൃത്യത്തിന്റെ വിചിത്രമായ സ്വഭാവവും കണ്ട്, ബെക്കറ്റ് അയാൾക്കെതിരെയുള്ള പരാതി പിൻവലിക്കുന്നു. ഈ ആക്രമണം ബെക്കറ്റിന്റെ വ്യക്തിജീവിതത്തെയും പൂർണ്ണമായും മാറ്റിമറിച്ചു. കുത്തേറ്റ വാർത്ത അറിഞ്ഞ സൂസൻ ഡെഷെവോ-ഡുമെസ്നിൽ (Suzanne Déchevaux-Dumesnil) എന്ന ഫ്രഞ്ച് യുവതി ഒരു ദിവസം അദ്ദേഹത്തെ ആശുപത്രിയിൽ കാണാനെത്തുന്നു. പിയാനോ വിദ്യാർത്ഥിനിയായിരുന്ന അവർക്ക് ബെക്കറ്റിനെ ചെറിയ രീതിയിൽ പരിചയമുണ്ടായിരുന്നു. ബെക്കറ്റ് സുഖം പ്രാപിച്ചുകൊണ്ടിരുന്ന സമയത്തെ ആ സന്ദർശനങ്ങൾ അവരെ പ്രണയത്തിലേക്കും കൊണ്ടുപോകുന്നു. താമസിയാതെ അവർ ഒരുമിച്ച് ജീവിക്കാൻ തുടങ്ങുകയും ചെയ്തു. രണ്ടാം ലോകമഹായുദ്ധകാലത്ത് ഫ്രഞ്ച് പ്രതിരോധ പ്രസ്ഥാനത്തിൽ (French Resistance) അവർ ഒരുമിച്ച് പ്രവർത്തിക്കുന്നുപോലുമുണ്ട്. 1989-ൽ സൂസൻ മരിക്കുന്നതുവരെ.

ആൻ കാഴ്സന്റെ കവിതയിൽ ഇതെല്ലാമുണ്ട്. എന്നാലത് മാത്രവുമല്ല. ജീവിതത്തെ അതിന്റെ ഒരു നിമിഷത്തിലേക്ക് മുറുക്കുന്നതും പിന്നെ ആ നിമിഷത്തിൽനിന്നും പെരുകുന്ന ഓർമ്മകളിലേക്ക് പറഞ്ഞയക്കുന്നതും ഈ കവിതയിലും കാണാം. ബെക്കറ്റ് ഓർമ്മയായി വരുന്ന അവരുടെ മറ്റൊരു കവിതയിലും ഇത് കാണാം: “Her Beckett” എന്ന കവിതയിൽ.

കാഴ്സന്റെ ഈ കവിതയിൽ ഏറെ പ്രിയപ്പെട്ട ഒരു എഴുത്തുകാരനാണുള്ളത്- സാമുവെൽ ബെക്കറ്റ്.
കാഴ്സന്റെ ഈ കവിതയിൽ ഏറെ പ്രിയപ്പെട്ട ഒരു എഴുത്തുകാരനാണുള്ളത്- സാമുവെൽ ബെക്കറ്റ്.

നിശ്ശബ്ദതയുടെ സ്വരം; അത് ജീവിതത്തെ വീട്ടുമൃഗം പോലെ ഉരുമ്മി നിൽക്കുന്നു.

▮

ആൻ കാഴ്സന്റെ
‘War Song’ എന്ന കവിതയുടെ
മൊഴിമാറ്റം:

യുദ്ധഗീതം
ആൻ കാഴ്സൻ
വിവ: കരുണാകരൻ

1937
പാരീസിലെ ഒരു രാത്രിയിൽ,
അപരിചിതനായ ഒരുത്തന്റെ
വളഞ്ഞതരം കഠാരയാൽ
ബെക്കറ്റിന് കുത്തേറ്റു.

ശ്വാസകോശത്തിൽ തൊടാതെ
തലനാരിഴയ്ക്ക് രക്ഷപ്പെട്ടു.

ചടച്ച, ആ പോരാളി
രണ്ടാഴ്ച ആശുപത്രിയിൽ കിടന്നു.
അവിടെ ജോയ്‌സ് കുടുംബാംഗങ്ങളെല്ലാം
(ജെയിംസ്, നോറ, ലൂസിയ)
ചില ബെക്കറ്റ് കുടുംബാംഗങ്ങളും
(അമ്മ, സഹോദരൻ)
പിന്നെ സൂസാനും എത്തി.

അന്നുവരെ ആരും അറിഞ്ഞിട്ടില്ലാത്ത
(സാം പോലും അറിയാത്ത)
ആ കാമുകിയെ,
അമ്പതു വർഷങ്ങൾക്കുശേഷം
അദ്ദേഹം വിവാഹം കഴിച്ചു-
അപ്പോഴും അദ്ദേഹത്തിന്റെ കണ്ണുകളിൽ
ഒരു നേർത്ത നാണം നിഴലിച്ചിരുന്നു-
അല്ല, അതൊക്കെ ഞാൻ ചുമ്മാ കെട്ടിയുണ്ടാക്കിയതാണ്.

പക്ഷേ ആ പൌരാണികരായ ('എൻഡ്‌ഗെയിം') ശത്രുക്കളെക്കുറിച്ച്,
അദ്ദേഹം പറഞ്ഞത് ഇങ്ങനെയാണ്:
"അത് സൂസാനും ഞാനും ആണ്".
പോർക്കളം പോലെ ജീവൻമുറ്റിയ മുറിയിൽ,
കിടക്കയ്ക്ക് അരികിൽ കുനിഞ്ഞുനിന്നുകൊണ്ട്
സൂസാൻ ലൂസിയയോട് എന്താണ് പറഞ്ഞിട്ടുണ്ടാവുക?
അല്ലെങ്കിൽ അമ്മ, ക്ലോവിനോട് എന്താണ് പറഞ്ഞിട്ടുണ്ടാവുക?

അങ്ങനെ നിങ്ങൾ അത്ഭുതപ്പെടുന്നുണ്ടോ?
വാസ്തവത്തിൽ, അവിടെ വെളിച്ചമൊന്നുമില്ല,
(പോർക്കളം)
അതൊന്നും ഓർമ്മയുള്ളവരാരും
ഇപ്പോൾ ജീവിച്ചിരിപ്പുമില്ല.
ആ മുറിയെക്കുറിച്ചോ
അവിടെയുണ്ടായിരുന്ന ധാരാളികളായ
ആത്മാക്കളെക്കുറിച്ചോ
എനിക്ക് പറയാനുള്ളതെല്ലാം—

തറപ്പലകളിൽ അലഞ്ഞുതിരിയുന്ന,
മരണത്തെക്കുറിച്ചുള്ള എന്റെ സ്വന്തം ഭയമാണ്.
മണൽത്തരികളെപ്പോലെ പറന്നുനടക്കുന്ന ഭയം.

നിങ്ങൾക്കറിയുമോ
മുമ്പൊക്കെ ഞാൻ, കവി,
എന്റെ സാഡിലിൽ പിന്നിലേക്ക് ചാരിയിരുന്ന്,
അർത്ഥസമ്പുഷ്ടമായ ഒരു കവിത ചൊല്ലുമായിരുന്നു.
അത് നിങ്ങളിൽ പോരാട്ടവീര്യം നിറയ്ക്കും.
പിന്നീട് നമ്മൾ ഒരുമിച്ച്
ഇരുണ്ട മണൽപരപ്പിലൂടെ,
നിലാവ് വീഴുന്ന തകർന്ന കെട്ടിടങ്ങൾക്കിടയിലൂടെ,
നമ്മുടെ ലക്ഷ്യത്തിലേക്ക് കുതിച്ചുപായും.
ഭക്ഷണത്തെക്കുറിച്ചോ വെള്ളത്തെക്കുറിച്ചോ
ചിന്ത പോലുമുണ്ടാകില്ല.
ഒരു കവിയായ എന്നോട്
ആ പോരാട്ടത്തെക്കുറിച്ചുള്ള
വിശദാംശങ്ങൾ ചോദിച്ചാൽ,
ഞാൻ 'അന്താറ ഇബ്ൻ ഷദ്ദാദി'നെ* ഉദ്ധരിക്കും-
"കൃഷ്ണമൃഗങ്ങൾ അങ്ങോട്ടുമിങ്ങോട്ടും കുതിച്ചുപാഞ്ഞു" - എന്ന്.
എങ്കിൽ കൃഷ്ണമൃഗങ്ങളുടെ കണ്ണുകളിൽ
ഒരു നേരിയ നാണം കൂടി
ചേർത്തുവെക്കാനാകുമോ എന്ന് ഞാനാലോചിക്കും.
അങ്ങനെ, എന്റെ സ്വന്തം മരണത്തെ
മറ്റൊരു ഉജ്ജ്വലമായ നിമിഷത്തേക്ക്
മാറ്റിവെക്കാൻ, അല്ലെങ്കിൽ അതിനോട്
ഒരു സംഭാഷണത്തിലേർപ്പെടാൻ
ഞാൻ ശ്രമിച്ചേക്കും.

▮

(*‘അന്തറ ഇബ് ൻ ഷദ്ദാദിന്റെ യുദ്ധഗീതങ്ങൾ; ജെയിംസ് ഇ. മോണ്ട്ഗോമറി, റിച്ചാർഡ് സീബെർത്ത് എന്നിവർ ചേർന്ന് വിവർത്തനം ചെയ്തത്).


Summary: Karunakaran writes about reading and translating Anne Carson’s War Song, the 2026 Nobel Prize in Literature.


കരുണാകരൻ

കവി, കഥാകൃത്ത്​, നോവലിസ്​റ്റ്​. യുവാവായിരുന്ന ഒമ്പതുവർഷം, യക്ഷിയും സൈക്കിൾ യാത്രക്കാരനും, ബൈസിക്കിൾ തീഫ്​, ഉടൽ എന്ന മോഹം, മേതിൽ Ars Longa Vita brevis വ്യാഴാഴ്ചകൾ മാത്രമുള്ള ഏഴു ദിവസങ്ങൾ എന്നിവ പ്രധാന പുസ്​തകങ്ങൾ. ദീർഘകാലം പ്രവാസിയായിരുന്നു.

Comments