ആത്മീയതയുടെ ആവശ്യം നവീന ഇടതുപക്ഷം ചർച്ചചെയ്യുമ്പോൾ

ഹിന്ദുമതത്തിലെ ദൈവങ്ങൾ, ആഘോഷങ്ങൾ, സന്ദർഭങ്ങൾ ഇവയൊക്കെയും രാഷ്ട്രീയ വ്യവഹാരങ്ങൾക്ക് ഉപയോഗിക്കുകയും അതിന് ദേശനിർമിതിയുടെ അന്തസ്സ് കൽപ്പിയ്ക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ, എ. സോമന്റെ ആത്​മീയതയുമായി ബന്ധപ്പെട്ട വിചാരങ്ങളെ വീണ്ടും വായിക്കുന്നു

സാംസ്കാരിക വിമർശകനായിരുന്ന എ. സോമന്റെ ഒരു അപ്രകാശിത ലേഖനം (ആത്മീയത വിൽപനച്ചരക്ക് ആവുമ്പോൾ) ട്രൂ കോപ്പി തിങ്കിൽ വായിക്കുന്നത് ഏതാനും മാസങ്ങൾക്കുമുമ്പാണ്. ഇപ്പോൾ അത് വീണ്ടുമോർക്കുന്നത് നമ്മുടെ രാഷ്ട്രീയജീവിതത്തിൽ മതാത്​മകമായ അധികാരനിർവഹണത്തിനു കിട്ടുന്ന പ്രാമുഖ്യത്തെ പ്രതിയാണ് : ഹിന്ദുമതത്തിലെ ദൈവങ്ങൾ, ആഘോഷങ്ങൾ, സന്ദർഭങ്ങൾ ഇവയൊക്കെയും രാഷ്ട്രീയ വ്യവഹാരങ്ങൾക്ക് ഉപയോഗിക്കുകയും അതിന് ദേശനിർമിതിയുടെ അന്തസ്സ് കൽപ്പിയ്ക്കുകയും ചെയ്യുന്ന രീതിയാണത്.

ചില സമയം, നമ്മുടെ ഭരണാധികാരികൾ തന്നെ ഹിന്ദു പുരാണകഥയിലെ രാജാവോ യോഗിയോ ആയും ടെലിവിഷനിൽ പ്രത്യക്ഷപ്പെടുക മാത്രല്ല, കോവിഡ്‌ എന്ന മഹാമാരിയെ നേരിടാൻ പോലും അനുഷ്‌ഠാനപരമായ പെരുമാറ്റങ്ങളും ആചാരക്രമങ്ങളും വിധിക്കുകപോലും ചെയ്യുന്ന അവസരങ്ങൾ ഉണ്ടാവുന്നു. സാമൂഹികമായ ഊർജ്ജമെന്ന അർത്ഥത്തിൽ ജനാധിപത്യത്തിനുള്ള സ്വഭാവിക ജീവിതത്തെത്തന്നെ വഴിതെറ്റിക്കുക എന്ന രാഷ്ട്രീയം കൃത്യമായി അങ്ങനെ നടപ്പാക്കുകയും ചെയ്യുന്നു.

നമ്മുടെ ദൈനംദിന ജീവിതത്തിൽ മതവും ആത്മീയതയും തമ്മിലുള്ള ബന്ധത്തെയാണ്, അവയുടെ വ്യതിരക്തമായ നിലനിൽപിനെയാണ് സോമൻ തന്റെ ചെറിയ കുറിപ്പിൽ അന്ന് ചർച്ച ചെയ്തത്. ഒരുപക്ഷെ എൺപതുകളിലും തൊണ്ണൂറുകളിലും ഉണ്ടായിരുന്ന പോസ്റ്റ്- നക്സലൈറ്റ് വിചാര വിഷയങ്ങളിൽ ‘ആത്മീയത’ കടന്നുവന്നിരുന്ന അവസരത്തിലുമാകാം ഈ കുറിപ്പ്‌ സോമൻ എഴുതുന്നത്.

മറ്റൊരിക്കൽ, കേരളീയ സമൂഹത്തിൽ നിന്ന് ‘കാണാതായ ആത്മീയത’യെ പറ്റി മറ്റൊരു സംസ്കാരിക വിമർശകനായ നിസാർ അഹമ്മദ് പറയുമ്പോൾ മാതാ അമൃതാനന്ദമയിയുടെ സാന്നിധ്യത്തെയും പരിശോധിച്ചിരുന്നു. നമുക്കിടയിൽ നിന്ന്​ അപ്രത്യക്ഷമായ ‘സ്പർശം’, മറ്റൊരുവിധത്തിൽ സ്നേഹവും കരുണയുമായി പ്രകടിപ്പിക്കുന്ന അമൃതാനന്ദമയിയുടെ ‘ആലിംഗന’ത്തിന്റെ ആത്മീയ പദവിയെയാണ് നിസാർ അഹമദ്‌ ഓർത്തത്. എന്നാൽ ‘മഹാമാരി’യുടെ വരവോടെ നമ്മുടെ തന്നെ ദൈനംദിനജീവിതത്തിൽ ‘സാമൂഹിക അകലം’ എന്ന ആവശ്യം ആരോഗ്യകരമായ സാംസ്കാരിക പദവി നേടിയതോടെ മാതാ അമൃതാനന്ദമയിയുടെ ആലിംഗനം ‘സാമൂഹികമായ ആവശ്യ’മായി നിലനിൽക്കാതെയുമായി.

വ്യക്തിയിലോ സമൂഹത്തിലോ കണ്ടെത്തുന്ന മതത്തിന്റെ
സ്വാധീനത്തിൽനിന്ന് ആത്മീയതയെ ‘രണ്ടാമത്തെ പ്രകൃതി’ എന്ന് സങ്കൽപ്പിക്കുകയായിരുന്നു സോമൻ, ഒരു വലിയ പരിധി നിസാർ അഹമദും. അല്ലെങ്കിൽ, അങ്ങനെയൊരു മനോഭാവത്തെയാണ് അവരുടെ വാദങ്ങൾ പിന്തുടർന്നത്. സോമനെ പോലുള്ളവർ പിന്തുടർന്ന രാഷ്ട്രീയ സമീപനത്തിന് ചിലപ്പോൾ ഇത് വലിയ പ്രശ്നം തന്നെയായിരുന്നു. ആത്മീയതയെ മതത്തിൽ നിന്ന്​ വേർപെട്ട ആഴം എന്നോ, അല്ലെങ്കിൽ അടിസ്ഥാനപരമായി മനുഷ്യനിൽ ഉണ്ടെന്ന് കണ്ടെത്തുന്ന സ്നേഹത്തിന്റെയും കരുണയുടെയും സാഹോദര്യത്തിന്റെയും ഉറവിടമെന്നോ ഇവരിൽ ഇപ്പറഞ്ഞ ‘രണ്ടാമത്തെ പ്രകൃതി’വന്നു. വാസ്തവത്തിൽ, മതത്തിലൂടെ കൈവരുന്ന പൗരോഹിത്യത്തിന്റെ അധികാരവുമായുള്ള ബന്ധത്തിന്റെ പരിണാമമാണ് ഈ അന്വേഷങ്ങളിലും ഉള്ളത്. പൗരോഹിത്യത്തിന് അനുവദിക്കുന്ന അപരിമിതമായ സ്വാതന്ത്ര്യം, ഓരോ ഘട്ടത്തിലും സാമൂഹിക ജീവിതത്തിൽ മാത്രമല്ല, അധികാരസങ്കൽപ്പങ്ങൾക്കുള്ളിലും എങ്ങനെയെല്ലാം പ്രവർത്തിക്കുന്നു എന്നത് ഇന്ത്യയുടെ കാര്യത്തിലെങ്കിലും പ്രകടമായിത്തന്നെ കാണാൻ പറ്റും. ഒരുപക്ഷെ, ഇന്നത്‌ അമ്പരപ്പ്‌ ഒന്നുമില്ലാതെ കാണാൻ പറ്റും.

നവീന ഇടതുപക്ഷത്തിന് ബോധ്യമായ രീതിയിലാകും സോമനും, പിന്നീട് കേരളത്തിലെ ഇടതു തീവ്രവാദ രാഷ്ട്രീയത്തിൽ നിന്ന്​ പുറത്തു പോയ ചിലരും ‘മനുഷ്യന് അവകാശപ്പെട്ടതാണെന്ന’ വിധം മതത്തിന്റെ രാഷ്ട്രീയപ്പരപ്പിൽ നിന്ന്​വേർപെടുത്തി ആത്മീയതയെ നോക്കാൻ ശ്രമിച്ചത്. മനുഷ്യജീവിതത്തിലെ ആഴമായി അതിനെ പറ്റി പറയാൻ അവർ തുടങ്ങി. മനുഷ്യനെ കേന്ദ്രസ്ഥാനത്ത് കാണുന്ന പ്രത്യയശാസ്ത്രങ്ങൾക്കും ക്രമങ്ങൾക്കും പുറത്ത് അത്തരമൊരു സാധ്യതയെ അവർ കണ്ടെത്തുന്നതും ആവശ്യപ്പെടുന്നതും അങ്ങനെയാണ്.

എന്നാൽ, സംഘടിതമായ, ക്രമീകരിക്കപ്പെട്ട ആവശ്യമായി, ആത്മീയതയെ കാണുന്നത് ഒരു സാമൂഹിക ആവശ്യമായി മാറുന്നില്ല എന്നതാണ് വാസ്തവം. തൻറെ ഭൗതിക സാഹചര്യത്തിൽ മതപരവും വംശീയവുമായ ലിംഗപരവുമായ നിലനിൽപ്പ് മനുഷ്യർ മനസ്സിലാക്കുന്നത് തങ്ങളുടെ സാമൂഹ്യജീവിതത്തിന്‌ അധികാരത്തോടുള്ള ബന്ധത്തെ പ്രതിയായാതുകൊണ്ടാണ് അത്. എങ്കിൽ, ആത്മീയതയെ ‘വ്യക്തിയുടെ ആഴം’ എന്നോ ‘സാമൂഹികമായ ആവശ്യം’ എന്നോ ലളിതമായി മനസ്സിലാക്കിക്കൂടാ. മറിച്ച്, ജനാധിപത്യ സമൂഹങ്ങളിലും അധികാരത്തെ നിർവചിക്കാനും നിയന്ത്രിക്കാനും സ്വയം തയ്യാറായി പരിണമിക്കുന്ന പൗരോഹിത്യത്തിന്റെ ജീവിതമായിക്കൂടി ‘ആത്മീയത’യ്ക്ക് ഊഴമുണ്ട്. ഇന്ത്യയുടെ ഇന്നത്തെ രാഷ്ട്രീയ സാഹചര്യത്തിൽ എന്തായാലും ചർച്ച ചെയ്യേണ്ട ഒന്ന്.

സോമൻ, ഇന്ന് ജീവിച്ചിരുന്നുവെങ്കിൽ, തീർച്ചയായും അങ്ങനെയൊന്നിന്റെ ആഴവും പരപ്പും ചർച്ച ചെയ്യുമായിരുന്നു.


കരുണാകരൻ

കവി, കഥാകൃത്ത്​, നോവലിസ്​റ്റ്​. യുവാവായിരുന്ന ഒമ്പതുവർഷം, യക്ഷിയും സൈക്കിൾ യാത്രക്കാരനും, ബൈസിക്കിൾ തീഫ്​, ഉടൽ എന്ന മോഹം എന്നിവ പ്രധാന പുസ്​തകങ്ങൾ. ദീർഘകാലം പ്രവാസിയായിരുന്നു.

Comments