നീ എന്തായ്പോയി?
മൂന്നു വരയോ
ചിലച്ചിലോ…
കവിത (കല), എല്ലാ കാലത്തും നേരിട്ടതും നിഷേധിച്ചതും മാറ്റിപ്പണിതതും വാസ്തവത്തെയാണ് (Real), ആ അവസ്ഥയെയാണ്. ലോകത്തെ മുഴുവനും ‘അബ്സ്ട്രാക്റ്റ്’ എന്ന് അമൂർത്തവും, എന്നാൽ സംഗ്രഹശേഷിയുള്ളതും എന്ന അർത്ഥത്തിൽ നിർമിച്ചുകൊണ്ടും മനുഷ്യസംസ്കാരത്തിന്റെ വിവിധ ഘട്ടങ്ങളിൽ വാസ്തവത്തെ പുനർനിർവചിച്ചുകൊണ്ടുമായിരുന്നു അത് ചെയ്തത്. കവിതയുടെ (കലയുടെ) സാധ്യതയും അതാണ്. മറ്റ് ഏത് കലാശാഖകൾക്കും എന്നപോലെ കവിതയ്ക്കും അത്തരമൊരു ഊഴം തന്നെയാണുള്ളത്.
‘വാസ്തവം’ എന്നതിനെ കവിത മനസിലാക്കുന്നത് അതിലെ ‘വെളിപ്പെടാത്ത എന്തും’ കണ്ടെത്തിക്കൊണ്ടായിരുന്നില്ല. മറിച്ച്, വാസ്തവത്തെ ഉറപ്പാക്കുന്ന അല്ലെങ്കിൽ ഉറപ്പിച്ചുനിർത്തുന്ന വസ്തുതകളെ അഴിയാൻ അനുവദിച്ചുകൊണ്ടായിരുന്നു. അതിന്റെ ‘ഏക-ഉദ്ദേശ്യ’ത്തെ തെളിമയുള്ള സന്ദേഹങ്ങളിലേക്ക് വിലയിപ്പിച്ചുകൊണ്ടായിരുന്നു.
ഭാവന ഒരു പ്രയോഗം എന്ന നിലയ്ക്ക് ലാവണ്യത്തെ കണ്ടെത്തിയതും അങ്ങനെയാണ്. എന്നാൽ, കവിത മറ്റേതൊരു കലയെയും പോലെ ഒരു സമയത്തും ഇത്തരമൊരു സംഘർഷത്തിൽനിന്ന് മുക്തവുമായിരുന്നില്ല. കവിത വാസ്തവത്തോട് അടുക്കുന്നു എന്ന് പറയുമ്പോൾ മറ്റൊരുവിധത്തിൽ നാം സൂചിപ്പിക്കുന്നതും അതാണ്. അതുകൊണ്ടുതന്നെ, കവിത വാസ്തവത്തോട് അടുക്കുന്നു എന്ന് പറയുമ്പോൾ കവിത നഷ്ടപ്പെട്ടതാണ് നാം അനുഭവിക്കുന്നത്. വാസ്തവം ലോകത്തെ കുറിച്ചുള്ള സങ്കുചിതമായ കൽപ്പനയാണ്. ഭാവനയെ നിഷേധിക്കുന്ന അവസ്ഥയെയാണ് വാസ്തവം അഥവാ റിയൽ എന്ന പദം അർത്ഥമാക്കുന്നത്. അതുകൊണ്ടാണ് കല അത്തരമൊരു അവസ്ഥയെ അബ്സ്ട്രാക്റ്റ് എന്ന മറ്റൊരു തലത്തിലേക്ക് മാറ്റുന്നത്. വാസ്തവത്തെ മറ്റൊന്നുകൂടിയായി അവതരിപ്പിക്കുന്നത്.
ഇനി, ഇത്തരമൊരു വിചാരലോകത്തിലേക്കാണ് മലയാള കവിതയെ നാം ആനയിക്കുന്നതെങ്കിൽ ‘ഭാവനയുടെ ദരിദ്രമായ ഉപയോഗ’മായി നമ്മുടെ കവിത മാറിയത് എന്തായാലും കണ്ണിൽപ്പെടും. ഒരിക്കൽ ഭാവനാസന്നദ്ധമായിരുന്ന മലയാള കവിത ഇന്ന് ഇടുങ്ങിയതും പ്രയോജനപരമെന്നു സ്വയം വാഴ്ത്തുന്നതുമായ ഒരുതരം വസ്തുവൽക്കരണത്തിലേക്ക് മാറിയിരിക്കുന്നു. നിർഭാഗ്യവശാൽ, ഏറ്റവും അവസാനത്തെ കവിതാവിവാദവും ഇതേ പരിസരത്തിലാണ് ആരംഭിക്കുന്നതും അവസാനിക്കുന്നതും. തീർച്ചയായും ഇതിൽ നമ്മുടെ സാമൂഹ്യമനസ്സിന് പങ്കുണ്ട്. അതിനേക്കാൾ അതിന്റെ രാഷ്ട്രീയ മേൽക്കോയ്മ സൃഷ്ടിച്ച ഭീതിയുണ്ട്; നമ്മുടെ പൊതുഭാവനയെത്തന്നെ ആ ഭീതി ബാധിച്ചത് അത്രയും ആഴത്തിലുമാണ്. കവി ഒരു സാമൂഹ്യജീവി മാത്രമാണ് എന്ന വമ്പിച്ച ലളിതീകരണത്തിലേക്ക് നമ്മുടെ കവികൾ നടന്നുപോയതും കൂട്ടത്തോടെയാണ്. അതുകൊണ്ടാണ് ഇന്ന് തന്റെ ഒരു കവിതകൊണ്ട് പ്രയോജനപ്രദമായ പല ഉപയോഗങ്ങളും ഉണ്ടായിരുന്നുവെന്ന് ഒരു കവിക്ക് വീമ്പ് പറയേണ്ടിവരുന്നത്. അയാളാകട്ടെ, ഇതിനിടയിൽ, തന്റെ തന്നെ കവിതയുടെ വസ്തുവൽക്കരണത്തിൻറെ ഇരയായത് മനസിലാക്കിയതുമില്ല: കുളത്തിലെ മുയലും മുയലിന്റെ പള്ളയ്ക്കുള്ളിലെ സുഷുപ്തിയും എന്ന് ക്ലീഷേയിൽ ഇത് പറയാൻ പറ്റുന്നത് അതുകൊണ്ടാണ്.
യുക്തിപരത കവിതയിൽ ആഘോഷിച്ചതും ആഘോഷിക്കപ്പെടുന്നതും അതിന്റെ രാഷ്ട്രീയകാരണം കൊണ്ടായിരുന്നു. കലാവിരുദ്ധമായ ഒരു വാസ്തവത്തെ ഇത് നിർമിക്കുന്നു. ഒപ്പം ഭാവനാദരിദ്രമായ ഒരു കാവ്യസംസ്കാരത്തെ ഒരു ഭരണകൂട സ്ഥാപനം പോലെ പരിപാലിക്കുന്നു.
വാസ്തവത്തിൽ, നല്ല കവിതയിലേക്കോ ചീത്ത കവിതയിലേക്കോ ‘വഴി തെറ്റുക’ - അതാണ് കവിയുടെ ഒരേയൊരു നിയോഗമെന്നു തോന്നുമെങ്കിലും അതല്ല കവിത, കവിയ്ക്കോ വായനക്കാർക്കോ സമ്മാനിക്കുന്നത്. പകരം, ലോകത്തിന്റെ മൂർത്തമായ സാന്നിദ്ധ്യത്തെ മറികടക്കുന്ന സവിശേഷകരമായ അനുഭൂതിയിൽ അതേ ലോകത്തിന്റെ മറ്റൊരു അനുഭവത്തെ അനുഭവിക്കാനാവുക എന്നാണ്. നമുക്ക് നഷ്ടപ്പെടുന്നതും അതാണ്. അതിനൊരു കാരണം, കേരളത്തിന്റെ ബൗദ്ധികമണ്ഡലത്തിൽ ‘യുക്തിപരത’യ്ക്ക് കിട്ടിയ, അല്ലെങ്കിൽ പൊള്ളയായ പ്രാമുഖ്യമാണ്. ആ യുക്തിപരത കവിതയിൽ ആഘോഷിച്ചതും ആഘോഷിക്കപ്പെടുന്നതും അതിന്റെ രാഷ്ട്രീയകാരണം കൊണ്ടായിരുന്നു. കലാവിരുദ്ധമായ ഒരു വാസ്തവത്തെ ഇത് നിർമിക്കുന്നു. ഒപ്പം ഭാവനാദരിദ്രമായ ഒരു കാവ്യസംസ്കാരത്തെ ഒരു ഭരണകൂട സ്ഥാപനം പോലെ പരിപാലിക്കുന്നു.
ഇതിന് മലയാള കവിതയിൽ, സമീപസ്ഥമായ ഒരു ചരിത്രമുണ്ട്. ‘ആധുനികത’യുടെ കാലംവരെ കലാപരമായ ഭാവന എന്നാൽ ‘വാസ്തവ’ത്തെ, ‘റിയൽ’ എന്നതിനെ ആവിഷ്കരിക്കുക എന്നായിരുന്നു. ‘വാസ്തവം’, അല്ലെങ്കിൽ ‘റിയൽ’ എന്നതിനെ പ്രകൃതി എന്ന് അറിഞ്ഞും അറിയാതെയും മനസിലാക്കുന്ന നിരുന്മേഷപരമായ ഒരു വലിയ കാലത്തിന്റെ നിരാകരണമാണ് ‘ആധുനികത’യുടെ രംഗപ്രവേശത്തോടെ സംഭവിച്ചത്. ലോകത്തെ എല്ലാ ഭാഷാ സമൂഹങ്ങളിലും ‘ആധുനികത’യ്ക്ക് അങ്ങനെയൊരു കാലത്തിന്റെയും അങ്ങനെയൊരു വേർപെടലിന്റെയും ചരിത്രവുമുണ്ട്. നമ്മുടെ ആധുനികതയ്ക്കും വളരെ ഹ്രസ്വമെങ്കിലും അങ്ങനെയൊരു ചരിത്രമുണ്ട്. ആധുനികതയുടെ മനോഹരമായ സംഭാവന വ്യക്തിയിൽ, കവിയിൽ, അത് കണ്ടെത്തുന്ന അയാളുടെ തന്നെ ‘ഗുണകരമായ ഉണ്മ’യാണ്. വ്യക്തിയുടെ, കവിയുടെ ഏകവും മുഴുവനുമായ പങ്കാളിത്തം അത്തരമൊരു ഉണ്മയിൽ അങ്ങനെയൊരു പരിഗണനയിൽ, സവിശേഷമായി ഉൾക്കൊണ്ടിരുന്നു. അതുകൊണ്ടാണ് ആധുനികത ഒരു പദ്ധതിയായോ, പ്രോസസ് ആയോ അല്ല, പകരം ഒരു സത്തയായോ എസ്സെൻസ് ആയോ ആണ് അതിനെ സ്വയം കണ്ടെത്തുന്നത് എന്ന് പറയുന്നത്. ഇന്ന് നമ്മൾ ആധുനികോത്തരതയെ മനസിലാക്കുന്നതും അങ്ങനെയാണ്.
ഹ്രസ്വമായ ആധുനികതയുടെ കാലം തീർച്ചയായും, നമ്മുടെ കവിതയിലും കലയിലും ആഴമുള്ള സൃഷ്ടികളുടെ കൂടി കാലം തന്നെയായിരുന്നു. പക്ഷേ ഹ്രസ്വമായിരുന്നു. പിന്നീട് വരുന്നത്, ഭാവനാദരിദ്രമായ പുരോഗമന സാഹിത്യകാലത്തിന്റെ മറ്റൊരു തുടർച്ചയായിരുന്നു. അഥവാ വസ്തുവൽക്കരണത്തിന്റെ മറ്റൊരു വ്യാജകാലത്തിന്റെ തുടർച്ചയായിരുന്നു. മലയാള കവിതയിലാണ് അത് നീണ്ടുനിന്നത് - ദുർബലമെങ്കിലും ഇപ്പോഴും നീണ്ടുനിൽക്കുന്നതും കവിതയിലാണ്.
ചീത്ത പൊളിറ്റിക്കൽ റിയലിസം ഇപ്പോഴും എഴുതുന്ന ആധുനിക കാലത്തെ കവിയും അയാളുടെ പാരമ്പര്യം ദീക്ഷയായി സ്വീകരിക്കുന്ന ശിഷ്യനും കേരളത്തിന്റെ മാത്രം കാവ്യജന്മങ്ങളാണ്, രാഷ്ട്രീയ കാരണമാണ്.
കവിയാകുക എന്നാൽ അസാധ്യമാം വിധം സന്നിഹിതമായ ഒരു ശൂന്യതയെ അന്തമില്ലാത്ത സാധ്യതകൾകൊണ്ട് നേരിടുക എന്നാണ്. അഥവാ, അങ്ങനെയൊരു അവസരത്തിലേക്ക് പ്രവേശിക്കുകയാണ് കവി ചെയ്യുന്നത്. ഭാവനയുടെ ആഘോഷമാണ് അത്. അത്തരമൊരു സാധ്യതയുടെ ഊർജ്ജം അനുഭവിപ്പിക്കാനായി എന്നതാണ് ‘ആധുനികത’യുടെ കാലവും അതിന്റെ തുടർച്ചകളും അതിന്റെ സൃഷ്ടികളും നമുക്ക് തന്നത്. എന്നാൽ, കേരളത്തിന്റെ മാത്രം രാഷ്ട്രീയ കാരണങ്ങൾ കൊണ്ട് ആധുനികതയിൽ ലീനമായ ഈ സാധ്യത അഥവാ പൊട്ടെൻഷ്യൽ ഇവിടെ അട്ടിമറിക്കപ്പെട്ടു. ചീത്ത പൊളിറ്റിക്കൽ റിയലിസം ഇപ്പോഴും എഴുതുന്ന ആധുനിക കാലത്തെ കവിയും അയാളുടെ പാരമ്പര്യം ദീക്ഷയായി സ്വീകരിക്കുന്ന ശിഷ്യനും അതുകൊണ്ടുതന്നെ കേരളത്തിന്റെ മാത്രം കാവ്യജന്മങ്ങളും രാഷ്ട്രീയ കാരണമാകുന്നതും അങ്ങനെയാണ്.
ഈ കുറിപ്പിന്റെ ആദ്യവരികളിലേക്ക് ഞാൻ ഒരിക്കൽ കൂടി തിരിച്ചുചെല്ലട്ടെ. അബ്സ്ട്രാക്റ്റ്, അഥവാ അമൂർത്തവും സംഗ്രഹ ശേഷിയുള്ളതുമായ ഒരു സങ്കൽപ്പത്തെ, നിർമിതിയെ കണ്ടെത്തിക്കൊണ്ടാണ് കല പ്രകൃതിയെയും ലോകത്തെയും മാറ്റിപ്പണിതത് എന്ന് പറയുകയുണ്ടായല്ലോ. കലയുടെ ആവശ്യവും മറ്റൊന്നായിരുന്നില്ല. ലോകത്തിന്റെ ശോകം, മിസറി, അത്രയും വമ്പിച്ചതാണ്. എങ്കിൽ, ആ ശോകത്തെ, ദുരിതത്തെ നമ്മൾ അറിയുന്നത് കലയിലൂടെയാണ്. അതുകൊണ്ടാണ് കല (അതിനാൽ കവിതയും) സ്വാതന്ത്ര്യത്തിന്റെ അത്രയും സമഗ്രമായ ഒരു സങ്കൽപ്പത്തിലേക്ക് നീങ്ങിയത്. ഭാവനാശാലികളായിരിക്കുക എന്ന ഒരേയൊരു സാധ്യതയിലേക്കും ആവശ്യത്തിലേക്കും കവിയെ നയിക്കുന്നതും അതാണ്. മറ്റൊന്നുമല്ല…