പ്രശസ്ത ചിത്രകാരൻ റിയാസ് കോമു ചെയ്ത തന്റെ പുതിയ പുസ്തകത്തിന്റെ (ഒടുവിൽ പുസ്തകങ്ങൾ മാത്രം അവശേഷിക്കുന്നു / ആനന്ദ് & അമൃത് ലാൽ / ഐവറി ബുക്സ്) കവർചിത്രം നോക്കി ആനന്ദ് ആ സമയം സ്തൂപങ്ങളെ പറ്റി ചിലത് പറയാൻ തുടങ്ങി:
വിജയങ്ങളുടെയും പരാജയപ്പെടലുകളുടെയും മരണാനന്തര സ്മരണകളുടെയും സ്മാരകങ്ങളായി ഡൽഹിയിലും പരിസരങ്ങളിലും ഉയർന്നുവന്ന സ്തൂപങ്ങളെപ്പറ്റി. ഇടയ്ക്ക് തന്റെ ഒരു കഥ ഓർത്തു. അതും സ്തൂപങ്ങളെ പറ്റിയാണ്. പക്ഷേ പേര് ഓർമ വന്നില്ല. പുസ്തകം എനിക്കുവേണ്ടി ഓട്ടോഗ്രാഫ് ചെയ്യാനായി ചെന്ന് തുറക്കുമ്പോഴും ആനന്ദ് തന്റെ കഥയുടെ പേര് ഓർത്തു.
“ഇപ്പോൾ ഓർമ വന്നു’’, ആനന്ദ് പറഞ്ഞു: ‘‘വിജയസ്തംഭം, അതാണ് കഥയുടെ പേര്." എനിക്ക് ആനന്ദിന്റെ ആ കഥ ഓർമയുണ്ടായിരുന്നില്ല. ‘സ്നേഹത്തോടെ’ എന്നെഴുതി ആനന്ദ് തന്റെ സംഭാഷണങ്ങളുടെ പുസ്തകം തന്നു.
മൂന്നു- മൂന്നര മണിക്കൂർ ആനന്ദുമായി ആ വൈകുന്നേരം സംസാരിച്ച ഇതിവൃത്തങ്ങളെപ്പറ്റിയായിരുന്നു ഞങ്ങൾ - കെ. വേണു, അഷ്ടമൂർത്തി ദേശമംഗലം, ഞാൻ - അന്ന് ഇരിങ്ങാലക്കുടയിൽനിന്ന് മടങ്ങുമ്പോഴും ഓർത്തത്. അതിലെ കൃത്യത, കാഴ്ച്ചപ്പാട്, വിമർശങ്ങളിലെ വീഴ്ച്ചകൾ, അപ്പോഴും ആനന്ദ് പുലർത്തുന്ന ബൗദ്ധിക സത്യസന്ധത, ഇതെല്ലാം ഞങ്ങളുടെ സംസാരവിഷയമായി. പിറ്റേന്ന് രാവിലെ ഞാൻ ആനന്ദ് തലേന്ന് പറഞ്ഞ കഥ, ‘വിജയസ്തംഭം’ (ആനന്ദിന്റെ കഥകൾ, 1960 – 2002, കറന്റ് ബുക്സ്) വായിക്കാനെടുത്തു.
കഥ ഇങ്ങനെ തുടങ്ങുന്നു: ‘‘അഞ്ചു കൊല്ലം മുമ്പ് ഇതുപോലെ ഒക്ടോബറിലൊരു ദിവസമായിരുന്നു കുത്തബ്മീനാറിൽ വലിയ ഒരു ദുരന്തം സംഭവിച്ചത്. മീനാറിന്റെ മുകളിലേക്കുള്ള ഇടുങ്ങിയ ചവിട്ടുപടികളിൽക്കൂടി തിങ്ങിക്കയറുകയായിരുന്നു ഒരു പറ്റം കുട്ടികൾ. പൊടുന്നനെ മുകളിൽനിന്നൊരു കുട്ടി വീഴുക കാരണം അവർ ഒന്നിനൊന്നു മീതെയായി പതിച്ചു. ആ തള്ളലിൽപെട്ട് ഒട്ടേറെ കുട്ടികൾ ചവിട്ടിക്കൊല്ലപ്പെട്ടു’’.
തന്റെ ജോലിസ്ഥലത്തെ നരേൻ ചൗധരിയാണ് കഥ പറയുന്ന ആളോട് ഈ ദുരന്തത്തെപ്പറ്റി പറയുന്നത്. ‘അത് അറിയിക്കാൻ വേണ്ടി അയാൾ എന്റെ അടുത്തുവന്നു.’
ദില്ലിയിൽ നിന്നൊക്കെ വളരെ ദൂരെ മാറി മറ്റൊരു സ്ഥലത്താണ്, ഇപ്പോൾ, ചൗധരി ദില്ലിയിലെ വിശാലമായ റോഡുകളും ചോരയുടെയും യുദ്ധങ്ങളുടെയും ചരിത്രം ഉറച്ച് ഉല്ലാസമായി ഭവിച്ച പൂന്തോട്ടങ്ങളും ഒക്കെയായി കടന്നുവരുന്നത്. ദുരന്തത്തിന്റെ ഭയാനകമായ അവസ്ഥ അയാൾ പറയുന്നു. ‘ഭയാനകമായ അവസ്ഥയായിരിക്കും അത്, അല്ലെ?’
‘അങ്ങനെയൊരു അവസ്ഥയിൽ സ്വന്തം പ്രാണൻ രക്ഷിക്കാനുള്ള യത്നത്തിൽ എത്രയോ കുട്ടികൾ കൂട്ടുകാരെത്തന്നെ ചവിട്ടിക്കൊന്നു’.

‘ശരിയാണ്’, ഞാൻ പറഞ്ഞു.
“ഒരു മനുഷ്യക്കൂമ്പാരത്തിൽ പെട്ടുപോയാൽ ഏതു വലിയ മനുഷ്യനും ചെയ്യാനുള്ളത് സ്വന്തം കഴിവുകളെല്ലാം മറ്റുള്ളവരെ മുഴുവൻ താഴെയാക്കി തന്നെത്തന്നെ മുകളിൽ കൊണ്ടുവരാൻ വേണ്ടി ഉപയോഗിക്കുകയാണ്. ബുദ്ധനോ ക്രിസ്തുവോ ആയാൽതന്നെയും, അല്ലെ?’’
ഈ കഥയിലെ നരേൻ ചൗധരിയെ കുറിച്ച് പിന്നെ നമ്മൾ അറിയുന്നത് അയാൾ മരിച്ചതിനു ശേഷമാണ്. കഥ പറയുന്ന ആൾ വർഷങ്ങൾക്കുശേഷം അതേ ജോലിസ്ഥലത്ത് പിന്നീട് എത്തുമ്പോൾ. അവിടെവെച്ച് അയാൾ ഒരു ചെറുപ്പക്കാരനെ കാണുന്നു. ചൗധരിയുടെ മകനെ. അച്ഛൻ മരിച്ചപ്പോൾ അവിടെ മകന് ജോലി കിട്ടിയതാണ്. എന്നാൽ ചൗധരി മരിക്കുകയല്ല, ആത്മഹത്യ ചെയ്യുകയായിരുന്നു. ജോലിയിലായിരുന്നതുകൊണ്ട് അയാളുടെ മകന് ജോലി കിട്ടി. പോലീസിന്റെ കണ്ണിൽ ആത്മഹത്യ. വാസ്തവത്തിൽ അതുമായിരുന്നില്ല.
‘പിന്നെ?’
‘തൂങ്ങിമരിച്ച അവസ്ഥയിൽ കണ്ടു ഒരു ദിവസം രാവിലെ. വാസ്തവത്തിൽ, കഴുത്ത് ഞെക്കി’- ‘ചൗധരിയുടെ കുടുംബത്തെ സംബന്ധിച്ചിടത്തോളം അയാൾ ഒരു രക്ഷകനല്ലാതായി കഴിഞ്ഞിരുന്നു, അറിയാമല്ലോ. റിട്ടയർ ചെയ്യാൻ പോകുന്ന ഒരാൾ. അവസാനകാലത്ത് ഒന്ന് രണ്ടു തവണ മദ്യപിച്ച അവസ്ഥയിലും കണ്ടുവെന്നു പറയുന്നു. പിന്നെ മകനും ഒരു ജോലി ആവശ്യമായിരുന്നു. നിങ്ങൾക്കറിയാമല്ലോ അയാളുടെ കുടുംബത്തിന്റെ അവസ്ഥ. എന്തൊരു കുടുംബമാണ് ആലോചിച്ചു നോക്കിയാൽ… ക്വസ്റ്റിൻ ഓഫ് സർവൈവൽ, യൂ നൊ?’
ചില ഭൂപ്രദേശങ്ങളിൽ മനുഷ്യർ പാർക്കുന്നത് ചരിത്രത്തിന്റെ ഇരകൾ എന്ന വിധത്തിലാണ് എന്ന് നമ്മൾ മലയാളികൾ അറിയുന്നത് ആനന്ദിന്റെ കഥകളിലൂടെയും നോവലുകളിലൂടെയും ആണെന്ന് തോന്നാറുണ്ട്.
ഈ കഥ വായിച്ച പകൽ മുഴുവൻ ഞാൻ ആ കഥയ്ക്കൊപ്പം എന്നതിനെക്കാൾ ആ കഥയിലേക്ക് എത്തുന്ന മനുഷ്യർക്കൊപ്പം കഴിഞ്ഞു. അവർ കുടിയേറ്റക്കാരും ദരിദ്രരും സമൂഹത്തിന്റെ പുറമ്പോക്കിൽ കഴിയുന്നവരുമാണ്. ജീവിതം അവർ യാചിച്ചു നേടുന്ന എന്തോ ആണ് എന്നു തോന്നും, അപ്പോഴും അത് മത്സരങ്ങളുടെ ഇടയിൽ കഴിയുന്ന എന്തോ ആണ് – നിശ്ശബ്ദമാക്കപ്പെട്ട മത്സ്യത്തിന്റെ പിടച്ചിൽപോലെ എന്തോ ഒന്ന് ആ ജീവിതം കരയിൽ വർണ്ണിക്കുന്നു. ആനന്ദ് കഥയ്ക്ക് നൽകിയ പേര്, ഒരേസമയം ഒരാണിനും ഒരു രാജാവിനും ഒരു നഗരത്തിനും പാകമാണ്. വിജയമാണ് ആത്യന്തികമായി സ്ഥാനം ഉറപ്പിക്കുന്നത് എന്ന വിവരം സ്വകാര്യമായി അത് നമ്മുടെ കാതിൽ പറയുന്നു.
രണ്ടോ മൂന്നോ ദിവസം കഴിഞ്ഞ് ഇതേ കഥ എന്നെ വീണ്ടും സന്ദർശിച്ചു. മഹാകുംഭമേളയ്ക്ക് പുറപ്പെട്ട മനുഷ്യരിൽ ചിലർ, അവരിലധികവും കുട്ടികളും സ്ത്രീകളുമായിരുന്നു, ദൽഹി സ്റ്റേഷനിൽ തിക്കിലും തിരക്കിലും പെട്ട് ചവിട്ടും കുത്തുമേറ്റ് മരിച്ചപ്പോഴാണ് അത്. മോക്ഷമാർഗ്ഗത്തിലേക്കുള്ള ആ കുതിപ്പിലും നമ്മൾ മനഃപൂർവ്വമല്ലാത്ത നരഹത്യ വാഗ്ദാനം ചെയ്യുന്നു.

39 വർഷംമുമ്പ് (1986) എഴുതിയ ഈ കഥ ആനന്ദ് അവസാനിപ്പിക്കുന്നത് ഇങ്ങനെയാണ്:
‘നാം നമ്മുടെ സമൂഹത്തെ ഒരു മനുഷ്യക്കൂമ്പാരമാക്കി മാറ്റിയിരിക്കുന്നു, സുഹൃത്തേ. ഇതുതന്നെയായിരിക്കുന്നു നമ്മുടെ കാലഘട്ടത്തിന്റെ വിജയസ്തംഭവും.’
ഒരിക്കൽ ഡൽഹിയിൽ നിന്ന് ആനന്ദ് വിളിച്ചപ്പോൾ കലയും സാഹിത്യവും പറഞ്ഞതിനെക്കാൾ ഇന്ത്യയുടെ വടക്ക് കിഴക്കൻ സംസ്ഥാനങ്ങളെ കുറിച്ചായി സംസാരം. അവിടെ ജോലി ചെയ്തിരുന്ന കാലത്തെ കുറിച്ചും മൂന്നു വർഷം മുമ്പ് അവിടെ ചില സ്ഥലങ്ങളിൽ പോയതും ആനന്ദ് പറഞ്ഞു. ആസാമിലെ വീടുകളുടെയും കേരളത്തിലെ വീടുകളുടെയും സാമ്യങ്ങൾ ഓർത്തു. ഇന്ത്യയിലെ ഓരോ ഭാഷാസമൂഹങ്ങളിലും ഏതെങ്കിലും ഒരു പുരാണകഥ അതിന്റെ അനവധി ജന്മങ്ങളിൽ പല വേർഷനിൽ തുടരുന്നത് ഓർമ്മിച്ച്, ആസാമിലെയും കേരളത്തിലെയും പരശുരാമകഥകൾ പറഞ്ഞു. 'സാഹിത്യ'വും 'Literature'- ഉം വ്യത്യസ്തമാവുന്നത് പറഞ്ഞു. ‘താക്കോൽ’ എന്ന തന്റെ പുതിയ കഥയെപ്പറ്റിയും ചിലത് ഓർത്തു. പിന്നെ ഇന്ത്യയെപ്പറ്റിയായി… ‘ഇന്ത്യയുടെ സ്വാതന്ത്ര്യം’ തെക്കും വടക്കും എങ്ങനെയാണ് ആ നാളുകളിൽ ആഘോഷിച്ചത് എന്ന് ഓർത്ത്, കഠിനമായ ദുഃഖം തന്ന ഒരു ദിവസം എന്ന് ‘ആഗസ്ത് 15’ എന്ന തീയതിയെ ഓർത്ത്, തന്റെ ബംഗാളി സുഹൃത്തിനെപ്പറ്റി പറഞ്ഞ് ആനന്ദ് ഗാന്ധിജിയെ ഓർത്തു: എന്തൊരു ദുഃഖമായിരുന്നിരിക്കും ആ നാളുകളിൽ ഗാന്ധിയുടേത്.

ചില ഭൂപ്രദേശങ്ങളിൽ മനുഷ്യർ പാർക്കുന്നത് ചരിത്രത്തിന്റെ ഇരകൾ എന്ന വിധത്തിലാണ് എന്ന് നമ്മൾ മലയാളികൾ അറിയുന്നത് ആനന്ദിന്റെ കഥകളിലൂടെയും നോവലുകളിലൂടെയും ആണെന്ന് തോന്നാറുണ്ട്. അല്ലെങ്കിൽ, ആ ഭാവന ഡോക്യുമെന്റ് ചെയ്യുന്നത് നമ്മുടെ തന്നെ ചില ഇരുണ്ട സ്ഥലങ്ങൾ കൂടിയാണ്. തലമുറകളായി കൈമാറുകയോ ഓർമ്മിയ്ക്കുകയോ ചെയ്യുന്ന എന്തും ചരിത്രത്തിന്റെ തടവിലാണ് എന്ന് പറയാതെ പറയുന്ന ഒരു രീതി ആനന്ദ് എന്തുകൊണ്ടായിരിക്കും തന്റെ ഇതിവൃത്തമാക്കിയത് എന്ന് ഞാൻ ആലോചിക്കാറുണ്ട്. അത്തരം സന്ദർഭങ്ങളുടെ സന്ദർശകനാവാൻ ആനന്ദ് തന്നെ സ്വയം തിരഞ്ഞെടുത്തിരിക്കുന്നു എന്ന് സമാധാനിച്ചിട്ടുമുണ്ട്.

ഫിക്ഷനെ ഭാഷയുടെ സ്വാതന്ത്ര്യത്തിൽ കണ്ടെത്തുന്ന ഈ എഴുത്തുകാരന്റെ പ്രമേയങ്ങൾ പലപ്പോഴും കുറ്റവും ശിക്ഷയും തടവുമാകുന്നത് ഇപ്പോഴും കൗതുകം ഉണ്ടാക്കുന്നു. സ്വാതന്ത്ര്യത്തെ ആത്മാഭിമാനത്തിന്റെ നീറ്റലിൽ കണ്ടെത്തുന്ന രീതി ആനന്ദ് പരീക്ഷിയ്ക്കുന്നതും അങ്ങനെയൊരു കൗതുകത്തിന്റെ തുടർച്ചയിലാവണം.
ആനന്ദിന്റെ ഇതിവൃത്തങ്ങൾ ചരിത്രത്തെ സ്പർശിക്കുന്നത് വർത്തമാനത്തിന്റെ ആവശ്യമായാണ്. ചരിത്രം ഒരിക്കൽ സംഭവിച്ചതും ഇപ്പോൾ ഓർമ്മിക്കുന്നത് എന്തോ അതുമാണ്. ആ സംഭവങ്ങൾക്കും ആ ഓർമ്മകൾക്കും വർത്തമാനം വേറൊരു ജീവൻ ഊതുന്നു. നമ്മുടെ കാലത്തെ ശാരീരികമായി തന്നെ അനുഭവിക്കുന്ന ഒരു ഭാവന ആനന്ദ് കഥകളാക്കി പുനഃസംപ്രേക്ഷണം ചെയ്യുകയാണ്. “ഞാൻ എന്തെല്ലാം വായിച്ചിട്ടുണ്ടോ അവയെല്ലാം എന്നെ സ്വാധീനിച്ചിട്ടുണ്ട്”എന്ന് ആനന്ദ് തന്റെ ഈ സംഭാഷണത്തിൽ പറയുന്നുണ്ട്. സ്വാഭാവികമായും അത് രാഷ്ട്രങ്ങളെപ്പറ്റിയും സംസ്കാരങ്ങളെപ്പറ്റിയുമാവുന്നു. ഒരു സാഹിത്യരൂപം എന്ന നിലയിൽ നോവൽ ഇവയൊക്കെ സന്ദർശിയ്ക്കുന്നതിനെപ്പറ്റിയും ആവുന്നു.
തൻറെ ഇതിവൃത്തത്തെ തന്റെ തന്നെ കാലത്തിന്റെ സാരത്തിലേക്ക് സന്നിവേശിക്കുന്ന എല്ലാ കാലങ്ങളുടെയും ഒരു ഫോസിലുകൾ പോലെ ആനന്ദ് കണ്ടെത്തുകയായിരുന്നു? ഒരു പക്ഷേ…