മണം പൊഴിക്കുന്ന പുസ്തകങ്ങൾ,
അവ കയ്യോടെ കണ്ടുപിടിക്കുന്ന വായനക്കാർ

Ars Longa, Vita brevis

മേതിൽ: വ്യാഴാഴ്​ചകൾ മാത്രമുള്ള ഏഴു ദിവസങ്ങൾ- 3

ഒരുപക്ഷെ, മലയാള സാഹിത്യത്തിൽ, ‘ഖസാക്കിന്റെ ഇതിഹാസം' എന്ന വിജയന്റെ കൃതിയോടുമാത്രമായിരിക്കും മേതിലിന് കൂറ് എന്നുതോന്നും, മലയാളത്തിലെ എഴുത്തിനെപ്പറ്റി പറയുമ്പോൾ.

മേതിൽ രാധാകൃഷ്ണൻ/ Photo : Kamalram Sajeev

ക്കാലത്ത് കുവൈത്ത് സിറ്റിയിൽ രണ്ടോ മൂന്നോ പുസ്തകശാലകൾ ഉണ്ടായിരുന്നു. ഇംഗ്ലീഷ് ഭാഷയിൽ പ്രസിദ്ധീകരിക്കുന്ന ചില നല്ല പുസ്തകങ്ങൾ ചിലപ്പോൾ അവിടെ കാണുമായിരുന്നു. വ്യാഴാഴ്ചകളിലെ ചില വൈകുന്നേരങ്ങളിൽ മേതിലും ഞാനും അവിടങ്ങളിലെ പതിവ് സന്ദർശകരായി. അതുവരെയുമുള്ള പുറത്തെ അലച്ചിൽ പുസ്തകങ്ങൾ സൂക്ഷിച്ച ഈ ശീതീകരണമുറികളിൽ ഞങ്ങളെ എത്തിക്കുകയായിരുന്നു. ഉടലിലും തലയിലുമുള്ള ഉഷ്ണം വറ്റുന്ന സമയം കൂടിയാണത്.

ചില ദിവസങ്ങളിൽ, പുസ്തകക്കടയിലേക്ക് കയറുന്നതിനുംമുമ്പ്, മേതിൽ, ഒരു നിമിഷം, കടയ്ക്കുമുമ്പിൽ മണംപിടിച്ചുനിൽക്കുന്നതായി അഭിനയിക്കും. ‘‘ഇന്ന് ഇവിടെനിന്ന് വിശേഷപ്പെട്ട പുസ്തകം കിട്ടാനിരിക്കുന്നു'', മേതിൽ ശ്വാസം വലിച്ചുവിട്ടുകൊണ്ട് പറയും: ‘ആ പുസ്തകം നമ്മെ കാത്തിരിക്കുകയാണ്'.

Photo : 248am.com

‘നമുക്ക് നോക്കി നോക്കാം', ഞാൻ പറയും.

ഞാനും മേതിലിനോപ്പം പുസ്തകക്കടയിലേക്ക് കയറും.

‘നോക്കി നോക്കാം' എന്ന് എനിക്കെന്റെ നാട്ടിൽ നിന്നും വീട്ടിൽ നിന്നും കിട്ടിയ വള്ളുവനാടൻ പ്രയോഗമാണ്. അങ്ങനെ പറയുമ്പോൾ മേതിൽ എന്നെ കളിയാക്കും. ‘നോക്കാം' എന്നുപോരേ എന്നുചോദിക്കും. രണ്ടു ക്രിയകളിൽ അതേ ക്രിയയോ.
പിന്നെ മേതിലും, ‘നമ്മുക്ക് നോക്കി നോക്കാം' എന്നുപറഞ്ഞ് പുസ്തകക്കടയിലേക്ക് കയറും.

എന്നാൽ, അങ്ങനെയൊരുമണത്തിനുപിറകെ, മിക്കപ്പോഴും ഞങ്ങൾ ആർക്കെങ്കിലും ഒരാൾക്ക് ഒരു പുസ്തകം കിട്ടി. ഞങ്ങളെ കാത്തിരിക്കുന്ന പുസ്തകത്തിനുമുമ്പിൽ ഞങ്ങൾ ചെന്നുപെട്ടു. ചിലപ്പോൾ പുസ്തകം വാങ്ങാനുള്ള പണമില്ലെങ്കിലും, അങ്ങനെ മോഹിപ്പിച്ചുകൊണ്ട് ഒരു പുസ്തകം അവിടെയുണ്ടായി. റെയ്​മണ്ട്​ വില്യംസിന്റെ ഒരു പുസ്തകം എനിക്കുകിട്ടുന്നത് അവിടെ നിന്നാണ്. കമ്യൂണിസത്തെ വെറുത്തിരുന്ന ആ രാജ്യത്തിൽ ചിലപ്പോൾ ഇങ്ങനെ ചില മാർക്‌സിസ്റ്റ് ഗ്രന്ഥങ്ങളും എത്തിയിരുന്നു - ബൈബിൾ കണ്ടിട്ടുണ്ട്, ‘കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ' ഒരിക്കലും കണ്ടിട്ടില്ലായിരുന്നെങ്കിലും.

മേതിൽ പലപ്പോഴും ചെയ്യാറുള്ളത് അവിടെയുള്ള ‘മാസ്റ്റേർസിന്റെ' പെയിന്റിങ്സ് ശേഖരിച്ച പുസ്തകങ്ങൾ എടുത്ത് മറിച്ചുനോക്കലാണ്. ചില ചിത്രങ്ങൾ രാജ്യത്തെ മതനിയമമനുസരിച്ച് സെൻസർ ചെയ്തിട്ടുണ്ടാകും - മനുഷ്യശരീരങ്ങളുടെ നഗനതയിൽ കരിതേച്ചിരിക്കും.

ആ ഓർമ ഇപ്പോഴും എന്നെ ദുഃഖിപ്പിയ്ക്കുന്നു.

ഭരണകൂടങ്ങൾ പുസ്തകങ്ങളെ അധീനപ്പെടുത്തുന്ന സന്ദർഭമാണത്. എങ്കിലും, ആ മഹത്തായ ചിത്രത്താളുകൾ, വലിയ മ്യൂസിയങ്ങൾ ഒന്നുമില്ലാത്ത ഒരു രാജ്യത്തെ, വലിയ കാഴ്ചകളായിരുന്നു.

അങ്ങനെ ചിത്രങ്ങൾ മറിച്ചുകൊണ്ടിരിക്കുമ്പോൾ, താനുമൊരു സർറിയലിസ്റ്റ് ആണെന്ന് മേതിൽ പറയും. സാൽവദോർ ദാലിയുടെ ചിത്രങ്ങളോടുള്ള മേതിലിന്റെ ഇഷ്ടം പ്രകടമായിരുന്നു. അക്കാലത്ത് കറുത്ത ചായത്തിൽ ഞാൻ വരച്ചിരുന്ന ചില സ്‌കെച്ചുകൾ കണ്ട്, ‘ദാലിയെ പരിചയമില്ലാതെതന്നെ നീ എങ്ങനെ സർറിയലിസ്റ്റ് ആയി' എന്ന് മേതിൽ ചോദിക്കുമായിരുന്നു. ‘കലയിലെ അവസാനത്തെ ശ്വാസം' എന്നാണ് ‘സർറിയലിസ'ത്തെ മേതിൽ വിലയിരുത്തുക.

ഇങ്ങനെയായിരിക്കാം: എഴുതാത്ത സമയങ്ങളിലും എഴുതുമ്പോഴും ഓർമയിലെ ഒരു പടലം പോലെ സർറിയലിസത്തിന്റെ നീലനീല ഞരമ്പുകൾ മേതിലിൽ സദാനേരവും ഉണർന്നുകിടന്നു. സർറിയലിസ്റ്റുകളെക്കുറിച്ച് മേതിൽ മതിതീരാത്തവിധം സംസാരിച്ചു. അവരുടെ പ്രശസ്തമായ മാനിഫെസ്റ്റോയെക്കുറിച്ച് പറഞ്ഞു. തന്നെ ആ ഗോത്രത്തിലെ ഒരാളെപ്പോലെ അവതരിപ്പിച്ചു. കലയിലെ എല്ലാ ന്യായവാദങ്ങളെയും തിരസ്‌കരിച്ചുകൊണ്ട്, ആത്മാവിനോളം പോന്ന പ്രിയത്തിൽ, സർറിയലിസത്തെ, കലയിലെ ഒരു ഗ്രഹമായി കണ്ടു. തന്റെ പാർപ്പ് അവിടെയാണ് എന്ന് വിശ്വസിച്ചു.

പതുക്കെ, കലയിലെ ‘റിയലിസ'ത്തിനുവേണ്ടിയുള്ള എന്റെ എല്ലാ കരുതലുകളും, ഞങ്ങളുടെ ഈ സംഭാഷണങ്ങളിലൂടെ, ക്രമേണ എനിക്ക് നഷ്ടപ്പെടാൻ തുടങ്ങി. ഞാൻ എന്റെതന്നെ സംശയത്തിന്റെ നിഴലിലായി.

മേതിൽ രാധാകൃഷ്ണൻ. / Photo : Kamalram Sajeev

‘സത്യം' അല്ലെങ്കിൽ ‘വാസ്തവം' കലയുടെ വിഷയമേ അല്ല. സത്യാന്വേഷണം എന്നൊന്ന് കലയ്ക്ക് വേണ്ടതില്ല. സത്യാന്വേഷണം ആധ്യാത്മികതയുടെ ലോകമാണ്. സത്യം എന്നാൽ ‘പാറ' എന്നും ‘പുഴ' എന്നും ‘കുന്ന്' എന്നും പറയുന്നതിനെപ്പറ്റി പറയുന്നതാണ്. അല്ലെങ്കിൽ, ‘എഴുത്തിനെ', ഒരു പരിണാമക്രമമായി, Process ആയി, കണ്ടതിൽതന്നെ ചില തകരാറുകളുണ്ട്. പകരം, ആ പ്രവൃത്തിയെ ഒരു ഉൾക്കാമ്പ്, essence എന്ന് കാണുന്നതിലുള്ള വ്യത്യാസം മനസ്സിലാക്കുകയാണ് വേണ്ടത്, കലയും സാഹിത്യവും അങ്ങനെയൊരു essence നെ പറ്റിയാണ്.

അങ്ങനെ ഒരുദിവസം, അവിചാരിതമായി, പത്രമാസികകളും സ്​റ്റേഷനറി സാധനങ്ങളും മറ്റും വിൽക്കുന്ന സിറ്റിയിലെ ഒരു മലയാളിക്കടയിൽ നിന്ന് മേതിലിന് ഒരു പുസ്തകം കിട്ടി - അവിടെയുള്ള ഒന്നിലുംപെടാതെ, ആരാലും ശ്രദ്ധിക്കപ്പെടാൻ സാധ്യതയില്ലാത്ത സ്ഥലത്ത്, പൊടിയിൽ കുളിച്ച് ഒരു പുസ്തകം, മേതിൽ പുസ്തകം പുറത്തെടുത്തു, അതിലെ പൊടി തട്ടി.

കൗതുകത്തോടെ ഇതെല്ലാം നോക്കിനിൽക്കുകയായിരുന്നു, ഞാൻ.

മേതിൽ പുസ്തകവുമായി കടക്കാരന്റെ അരികിൽ ചെന്നു, ‘ഇത് ഇങ്ങനെ ഇവിടെ കിടക്കാൻ പാടില്ല' എന്നുപറഞ്ഞ് അതിന്റെ വില കൊടുത്തു. പിന്നെ പുസ്തകവുമായി പുറത്തേക്കുവന്നു. അവിടെ പുറത്തുള്ള തിണ്ണയിൽ ഞങ്ങൾ രണ്ടുപേരും ഇരുന്നു. പുസ്തകത്തിന്റെ ആദ്യത്തെ നാലുവരികൾ മേതിൽ വായിച്ചു. ഒരു മന്ത്രം ഉരുക്കഴിക്കുന്നപോലെ, വളരെ പതുക്കെ.

സാൽവദോർ ദാലി. / Photo : Wikimedia Commons

‘ഖസാക്കിന്റെ ഇതിഹാസം', ഒ.വി. വിജയന്റെ നോവലായിരുന്നു, ആ പുസ്തകം. അതിലെ ആദ്യത്തെ വരികൾ വായിച്ച് പുസ്തകം എനിക്ക് സമ്മാനിച്ചുകൊണ്ട് മേതിൽ പറഞ്ഞു: ‘ഇപ്പോഴും ഇത് നിനക്ക് ഉപകരിക്കും.’

ഞാൻ ചിരിച്ചു.

മറവിയെ ഏറ്റവും ആകർഷണീയമായ ഒരു സ്ഥലമെന്നുവരുത്താൻ കഥയ്ക്കുള്ള കഴിവ് ഗംഭീരമാണ്. ഒരൊറ്റ പറച്ചിൽകൊണ്ട് ലോകത്തെ കഥ മാറ്റിപ്പണിയുന്നു. കഥ പറച്ചിലിനും കഥ എഴുത്തിനും ഇടയിൽ, മനുഷ്യകുലത്തിന്റെ തന്നെ ഒരോർമ പോലെയാണ് അപ്പോൾ കഥ -എഴുത്തുകാർ.

എനിക്കും, വിജയനെ വിമർശിക്കാൻ പലതുമുണ്ടായിരുന്നു. ഒരുദിവസം എന്റെ വാദങ്ങൾ കേട്ട് മേതിൽ ഇങ്ങനെ മറുപടി പറഞ്ഞു: ‘ഏത് കമ്യൂണിസ്റ്റിനേക്കാളും മനുഷ്യസ്‌നേഹിയാണ് വിജയൻ', ‘അതാണ് എനിക്ക് പ്രധാനം.’

വിജയന്റെ നോവലിലെ പല അധ്യായങ്ങളും തനിക്ക് കാണാപ്പാഠമാണ് എന്ന് മേതിൽ പറയുമായിരുന്നു. ഒരു വൈകുന്നേരം പാലക്കാട്ട്​ തങ്ങൾ രണ്ടുപേരും ഉണ്ടായിരുന്നപ്പോൾ വിജയനൊപ്പം നടക്കാൻ പോയത് മേതിൽ ഓർത്തിരുന്നു.

ഒരുപക്ഷെ, മലയാള സാഹിത്യത്തിൽ, ‘ഖസാക്കിന്റെ ഇതിഹാസം' എന്ന വിജയന്റെ കൃതിയോടുമാത്രമായിരിക്കും മേതിലിന് കൂറ് എന്നുതോന്നും, മലയാളത്തിലെ എഴുത്തിനെപ്പറ്റി പറയുമ്പോൾ. ഏറെ ബഹുമാനത്തോടെ എം.ടി.യെക്കുറിച്ചും മാധവിക്കുട്ടിയെക്കുറിച്ചും എം. ഗോവിന്ദനെക്കുറിച്ചും ബഷീറിനെക്കുറിച്ചും കോവിലനെക്കുറിച്ചും പൊൻകുന്നം വർക്കിയെക്കുകുറിച്ചും ഒക്കെ പറയുമ്പോഴും. ‘ഖസാക്കി'ലെ നൈസാമലിയായി സിനിമയിൽ അഭിനയിക്കാൻ എനിക്ക് താത്പര്യമുണ്ട്', മേതിൽ കളിപറയും; ‘അയാളുടെ പുക പിടിച്ച അതേ കണ്ണുകൾ എനിക്കും ഉണ്ട്.’

തന്റെ കൃതിയിൽ വിജയന് ഏറെ അടുപ്പമുള്ള കഥാപാത്രവും നൈസാമാലിയായിരുന്നു.

കരുണാകരൻ, കൗമാരകാല ചിത്രം

‘ഞാനും കൂമൻകാവിലെ വിപ്ലവകാരിയായ നൈസാമലിയും ഉടപ്പിറപ്പുകളായിരുന്നു’, വിജയൻ ‘ഇതിഹാസത്തിന്റെ ഇതിഹാസം' എന്ന തന്റെ പുസ്തകത്തിലും തന്റെ കഥാപാത്രത്തോടുള്ള ഇഷ്ടം എഴുതി.

പരസ്പരം പകർന്നാടാൻ ശേഷിയുള്ള കഥാപാത്രങ്ങളാണ് അപ്പോൾ ഈ എഴുത്തുകാർ.

ഒരു കൃതി അതിന്റെ വായനയിൽ പിന്നീട് പങ്കെടുക്കുന്നത് അതിനെപ്പറ്റിയുള്ള ഓർമ തന്നെ കെട്ടുകഥയാക്കിക്കൊണ്ടാണ് എന്ന് വർഷങ്ങൾക്കുശേഷം ഞാൻ ‘ഖസാക്കിന്റെ ഇതിഹാസം' എന്ന നോവലിനെപ്പറ്റിയുള്ള എന്റെ പഠനങ്ങളിൽ ഒരിടത്ത് എഴുതുന്നുമുണ്ട്. വിജയന്റെ കഥകളെ, പിന്നീട്, ഞാൻ കണ്ടുമുട്ടുന്നതും അങ്ങനെയാണ്. ഭാഷയിൽ, ഭാവനയിൽ, ‘കഥയുടെ ഭാവി'യെക്കാൾ മനുഷ്യകുലത്തിന്റെ ഈ വാസന, കഥ പറച്ചിലിന്റെ മാസ്മരിക സാമീപ്യം, അനുഭവിച്ച ഒരാളായിരുന്നു വിജയൻ.

എന്നാൽ, ആ ദിവസങ്ങളിലൊന്നിൽത്തന്നെയാണ്, വിജയന്റെ ‘തിരിയും ചുമടും' എന്ന ലേഖനം കലാകൗമുദി ആഴ്ചപ്പതിപ്പിൽ വരുന്നത്. വിജയന്റെ ഏറ്റവും പ്രസിദ്ധമായ ‘കമ്യൂണിസ്റ്റ് വിമർശന'വും അതായിരുന്നു. പിന്നീട് പലരും ആ ചർച്ചയിൽ പങ്കെടുത്ത്​ ആഴ്ചപ്പതിപ്പിൽ വിജയനെ വിമർശിച്ചും അനുകൂലിച്ചും എഴുതി. എനിക്കും, വിജയനെ വിമർശിക്കാൻ പലതുമുണ്ടായിരുന്നു. ഒരുദിവസം എന്റെ വാദങ്ങൾ കേട്ട് മേതിൽ ഇങ്ങനെ മറുപടി പറഞ്ഞു: ‘ഏത് കമ്യൂണിസ്റ്റിനേക്കാളും മനുഷ്യസ്‌നേഹിയാണ് വിജയൻ', ‘അതാണ് എനിക്ക് പ്രധാനം.’

ഒരു മറുപടിയും അപ്പോൾ എനിക്ക് തോന്നിയില്ല. അഥവാ, എന്റെ ‘മാർക്‌സിയൻ തീർപ്പുകൾ' അപ്പോഴും എനിക്കുചുറ്റും ഉയരുന്ന വൻമതിലുകളായിരുന്നു.

നമ്മുടെ സർഗാത്മകതയുടെ സൗന്ദര്യകാംക്ഷകളിലേക്ക് ഒളിച്ചുകടത്തപ്പെട്ട അഴുകിയ രാഷ്ട്രീയത്തിന്റെ മാതൃകകളായി കാണേണ്ടുന്ന ചില സന്ദർഭങ്ങളുണ്ട്. അതിലൊന്ന്, ഭരണകൂടരാഷ്ട്രീയത്തിലെ പ്രത്യയശാസ്ത്രസമസ്യകളിൽ നിന്ന് സ്വയം മോചിപ്പിച്ച് നമ്മുടെ തെരഞ്ഞെടുപ്പുരാഷ്ട്രീയത്തിന്റെ ജനപ്രിയചേരുവകളിലേക്ക് എഴുത്തുകാർ മാറുന്നതാണ്.

സംഘടിതമായ ഒന്നിന്റെ (മതം, രാഷ്ട്രീയപാർട്ടികൾ) ജീർണത, കല, നമ്മെ ഓർമിപ്പിയ്ക്കുന്നു, ഒപ്പം, അതിൽനിന്നുമുള്ള ‘വ്യക്തികളുടെ വേർപെടലും' കല ഓർമിക്കുന്നു.

എഴുത്തുകാർ ഏതെങ്കിലും ഒരു രാഷ്ട്രീയത്തിന്റേയോ രാഷ്ട്രീയപാർട്ടിയുടെയോ വക്താക്കളാവുന്നതിലെ തെറ്റും ശരിയും എക്കാലത്തും ചർച്ച ചെയ്യുന്ന വിഷയമാണ്. എന്നാൽ, തങ്ങൾ സ്വീകരിക്കുന്ന രാഷ്ട്രീയനിലപാടുകൾ ആത്യന്തികമായി ഒരു ഭരണകൂടസങ്കൽപത്തെയാണ് പ്രതിനിധീകരിക്കുന്നത് എന്ന വാസ്തവം സൗകര്യപൂർവം പൊതുസമൂഹത്തിൽനിന്ന്​ മറച്ചുവെയ്ക്കുക എന്നത് കുറ്റകരമായ ഒരു നിലപാടായി തന്നെയാണ് കാണേണ്ടത്.

പിന്നെയും കുറേ വർഷങ്ങൾക്കുശേഷം, ‘കല മനുഷ്യരെ സ്വതന്ത്രമാക്കുന്നുണ്ടോ' എന്ന വിഷയത്തെപ്പറ്റി ഒരു സെമിനാറിൽ സംസാരിക്കാൻ എനിക്ക് ഒരവസരം കിട്ടി. മതവും രാഷ്ട്രീയവും പരാജയപ്പെടുമ്പോഴും സ്വാതന്ത്ര്യത്തിന്റെ വിഷയമാകാൻ കലയ്ക്ക് കഴിയുമോ എന്നായിരുന്നു ആ സംഭാഷണത്തിൽ അന്വേഷിച്ചുകൊണ്ടിരുന്നതും. രാഷ്ട്രീയവും മതവും പരാജയപ്പെടുന്നിടത്ത് കല ഒരാശ്രയമാകുന്ന സന്ദർഭങ്ങൾ ചിലപ്പോഴെങ്കിലുമുണ്ട് എന്നും തോന്നിയിരുന്നു. കല, രാഷ്ട്രീയം പോലെയും മതം പോലെയും മുഴുവനായും കെട്ടുപോകുന്നില്ല എന്ന വിശ്വാസമാകാം ഇത്.
​മനുഷ്യസഹജമായ ഒന്ന്.

ഒ. വി. വിജയൻ./ Photo : K.R. Vinayan

എന്നാൽ, സംഘടിതമായ ഒന്നിന്റെ (മതം, രാഷ്ട്രീയപാർട്ടികൾ) ജീർണത, കല, നമ്മെ ഓർമിപ്പിയ്ക്കുന്നു, ഒപ്പം, അതിൽനിന്നുമുള്ള ‘വ്യക്തികളുടെ വേർപെടലും' കല ഓർമിക്കുന്നു.

ഞാൻ വിജയനെ ഓർത്തു.

ഞാൻ മേതിലിനെ ഓർത്തു.

ഞങ്ങളുടെ നിലയ്ക്കാത്ത സംഭാഷണങ്ങൾ ഓർത്തു. ​▮

(തുടരും)


വായനക്കാർക്ക് ട്രൂകോപ്പി വെബ്സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന മെയിലിലോ ട്രൂകോപ്പിയുടെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയോ അറിയിക്കാം.


കരുണാകരൻ

കവി, കഥാകൃത്ത്​, നോവലിസ്​റ്റ്​. യുവാവായിരുന്ന ഒമ്പതുവർഷം, യക്ഷിയും സൈക്കിൾ യാത്രക്കാരനും, ബൈസിക്കിൾ തീഫ്​, ഉടൽ എന്ന മോഹം എന്നിവ പ്രധാന പുസ്​തകങ്ങൾ. ദീർഘകാലം പ്രവാസിയായിരുന്നു.

Comments