കരുണാകരൻ, സച്ചിദാനന്ദൻ- പഴയ ചിത്രം.

എൺപതാം പിറന്നാളിലെ സച്ചി:
മധുരവും കയ്പ്പും

‘‘ഞാൻ രണ്ട് സച്ചിദാനന്ദന്മാരെ ഇഷ്ടപ്പെടുന്നു. ഒരാൾ കവിയായ സച്ചിദാനന്ദൻ. രണ്ടാമത്തെ സച്ചിദാനന്ദൻ പ്രബന്ധകാരനാണ്. ഇത് രണ്ടും എനിക്ക് ഇഷ്ടവും തർക്കവുമുള്ള, എന്റെ സാഹിത്യാഭിമുഖ്യത്തെ തിടം വെപ്പിക്കുന്ന പരിചയങ്ങളുമാണ്. ഞാൻ വിലമതിക്കുന്ന ഒന്ന്’’- 80 വയസ്സ് തികഞ്ഞ സച്ചിദാനന്ദനെക്കുറിച്ച് കരുണാകരൻ എഴുതുന്നു.

രിക്കൽ, കുവൈറ്റിലെ ഞങ്ങളുടെ അപ്പാർട്ടുമെന്റിൽ, എനിക്കും സുഹൃത്തിനുമൊപ്പം സച്ചിദാനന്ദനുമുണ്ടായിരുന്നു പ്രാതൽ കഴിക്കാൻ, ഒരു പുരസ്കാര സ്വീകരണത്തിനായി കുവൈറ്റിൽ എത്തിയതായിരുന്നു.

റവ കൊണ്ടുണ്ടാക്കിയ ഉപ്പുമാവിലേക്ക് സ്പൂണിൽ പഞ്ചസാരയെടുത്ത് വിതറി സച്ചി ചിരിച്ചുകൊണ്ട് പറഞ്ഞു, എനിക്ക് മധുരം വളരെ ഇഷ്ടമാണ്. ഉച്ചയൂണിനുശേഷവും ജിലേബി വാങ്ങി സച്ചി അൽപ്പം മധുരം നുകർന്നു: ‘എനിക്ക് മധുരം വേണം’.

എനിക്ക് ആ ചിരി ഇഷ്ടമായി. മധുരം നമ്മൾ കൂടെ കൂട്ടുന്ന ഓർമ്മയാണ്, കയ്പ്പിൽനിന്നോ സങ്കടത്തിൽനിന്നോ ഒരു ജോഡി കുഞ്ഞിപ്പാദങ്ങൾ പുറത്തേയ്ക്ക് പിച്ചവെച്ചതിന്റെ ഓർമ്മയുമാകാം. അല്ലെങ്കിൽ നമ്മെത്തന്നെ വലംവെയ്ക്കുന്ന, നമ്മെ വിട്ടുപോകാത്ത ഒരു ദിവസത്തിന്റെ അനന്തമായ നീളൻചക്രം, അത് ഓർമ്മിപ്പിക്കുന്നു.

സച്ചി എന്നാണ് ഞാൻ സച്ചിദാനന്ദനെ വിളിക്കുക. ‘മാഷും’ ‘ദാ’ യും എനിക്ക് പരിചയമില്ല. ‘സച്ചി’ എന്നു വിളിക്കുന്നതിൽ സാഹോദര്യത്തിന്റെ നിശ്ശബ്ദമാക്കലില്ല. ഇഷ്ടത്തിന്റെ കുറവുമില്ല, അപ്പോഴും കോപത്തിനും തർക്കത്തിനുമായുള്ള ഒരകലമുണ്ട്. അതിനാൽ, കവി സച്ചിദാനന്ദനന്റെ കർമ്മസേനയിൽ ഞാൻ അംഗമല്ല.

ഞാൻ രണ്ട് സച്ചിദാനന്ദന്മാരെ ഇഷ്ടപ്പെടുന്നു. ഒരാൾ കവിയായ സച്ചിദാനന്ദൻ. രണ്ടാമത്തെ സച്ചിദാനന്ദൻ പ്രബന്ധകാരനാണ്. ഇത് രണ്ടും എനിക്ക് ഇഷ്ടവും തർക്കവുമുള്ള, എന്റെ സാഹിത്യാഭിമുഖ്യത്തെ തിടം വെപ്പിക്കുന്ന പരിചയങ്ങളുമാണ്. ഞാൻ വിലമതിക്കുന്ന ഒന്ന്.

കവിയുടെ അധികാരം എന്നാൽ അധികാരിയുടെ അധികാരമല്ല, മറിച്ച് തന്റെ ഭാവനയുടെ ക്ഷിപ്രപ്രസാദത്തിൽ സദാ നിഷ്ക്കർഷയുള്ള ഒരു കാരണവരെ അത് ഓർമ്മിപ്പിക്കുന്നു. സച്ചി, ആ അർത്ഥത്തിൽ, സമകാലികതയുടെ ഇരയാണ്.

കവിയായ സച്ചിദാനന്ദൻ:
സച്ചിയുടെ കവിത കൂടുതൽ നേരം പുറത്ത് വസിക്കുന്നതും കുറച്ചുനേരംമാത്രം ഉള്ളിൽ പാർക്കുന്നതുമായ ഒരു മലയാളീപുരുഷനെ ഓർമ്മിപ്പിക്കുന്നു. ലോകത്തെക്കുറിച്ച് ഉത്ക്കണ്ഠയുള്ള, ലോകവിവരത്തിൽ അഭിമാനംകൊള്ളുന്ന ആ “പുറത്തേ ആളാണ്‌” സച്ചിദാനന്ദനെ എക്കാലത്തെയും അധികാരത്തിന്റെ കാമുകനാക്കുന്നത്: കവിയുടെ അധികാരം എന്നാൽ അധികാരിയുടെ അധികാരമല്ല, മറിച്ച് തന്റെ ഭാവനയുടെ ക്ഷിപ്രപ്രസാദത്തിൽ സദാ നിഷ്ക്കർഷയുള്ള ഒരു കാരണവരെ അത് ഓർമ്മിപ്പിക്കുന്നു. സച്ചി, ആ അർത്ഥത്തിൽ, സമകാലികതയുടെ ഇരയാണ്. കേരളത്തിലെ സകല ചരാചരങ്ങളെയും എന്നപോലെ സകല മനുഷ്യബിംബങ്ങളെയും സകല പ്രവണതകളെയും സച്ചിയിലെ ഈ ‘പുറംമനുഷ്യൻ’ കൂടെ കൂട്ടിയിരിക്കുന്നു: എല്ലാ പ്രേതങ്ങളും എല്ലാ വിവരശേഖരങ്ങളും ഒന്നിച്ചുകൂടുന്ന ഒരു സ്ഥലം, ഒരു മുഹൂർത്തം – അതെന്നെ മുഷിപ്പിക്കുന്നു. അത് കവിയുടെ രേഖീയചരിത്രം എഴുതാൻ എളുപ്പമാക്കുന്നു, കവിതയെ കവിതയിൽനിന്നും തുരത്തുന്നു.

ഞാൻ രണ്ട് സച്ചിദാനന്ദന്മാരെ  ഇഷ്ടപ്പെടുന്നു. ഒരാൾ കവിയായ സച്ചിദാനന്ദൻ. രണ്ടാമത്തെ  സച്ചിദാനന്ദൻ പ്രബന്ധകാരനാണ്.
ഞാൻ രണ്ട് സച്ചിദാനന്ദന്മാരെ ഇഷ്ടപ്പെടുന്നു. ഒരാൾ കവിയായ സച്ചിദാനന്ദൻ. രണ്ടാമത്തെ സച്ചിദാനന്ദൻ പ്രബന്ധകാരനാണ്.

എന്നാൽ, ‘അകത്ത് പാർക്കുന്ന’ സച്ചി നേരത്തെ പറഞ്ഞ ഈ കാരണവരുടെ കൂടെയല്ല പാർപ്പ്‌, അയാൾ വേറെ ആളാണ്‌: ഗ്രാമീണമായ ഒരു നിഷ്ക്കളങ്കതയോടെ പകലിനെപ്പോലും ഇരുട്ടിന്റെ ഓർമ്മയിൽ ദർശിക്കുന്ന ഒരു കവി, ഈ സച്ചിദാനന്ദനെ, എനിക്ക് പ്രിയമുള്ള ആളാക്കുന്നു. ഈ ആളിൽ പുറംലോകം എന്നത് ഉള്ളിലെ ആധിയാണ്. തന്റെ തന്നെ സ്വത്വത്തിന്റെ ഇടർച്ചയാണ്. പല കവിതകളിലും സച്ചി ഇത് ഗംഭീരമായി ആവിഷ്ക്കരിച്ചിട്ടുണ്ട്.

കുറേക്കാലം മുമ്പാണ്, ഒരു സദസ്സിൽ ‘ആധുനിക കവിത’യെക്കുറിച്ചുള്ള ഒരു ചൂടൻ ചർച്ച നടക്കുകയായിരുന്നു, സദസ്സിലെ ഒരദ്ധ്യാപകൻ എന്നെ വെല്ലുവിളിച്ചു: ‘ഇന്ന് ഓർമ്മയിൽനിന്ന് എടുത്തുചൊല്ലാൻ പറ്റിയ എത്ര കവിതകളുണ്ട് നിന്റെ ഈ ആധുനിക കവിതയിൽ?’’, അയാൾ ഒ എൻ വി കുറുപ്പിനെ വരെ ചൊല്ലി നിർത്തി കൈയടി വാങ്ങിയിരിക്കുകയാണ്.

ഞാൻ എഴുന്നേറ്റു നിന്നു. സച്ചിദാനന്ദന്റെ ‘നീതിയുടെ വൃക്ഷം’ എന്ന കവിത ഓർമ്മയിൽനിന്ന് ‘ചൊല്ലി’ അവതരിപ്പിച്ചു. ആ കവിതയിലെ ഗദ്യം മലയാളത്തെ എങ്ങനെ മാറ്റി എന്നും അതിന്റെ ശ്വാസം എവിടെനിന്ന് ഉയരുന്നു എന്നും ഓർത്തതുകൊണ്ടാകും, കവിതയുടെ വരികളിൽ ഞാൻ വികാരാധീനനായി. ഒരുപക്ഷേ എനിക്ക് അധികം നേരം കൈയടി കിട്ടി. ആധുനികത, വാസ്തവത്തിൽ, എതെങ്കിലും ഒരു സാമൂഹ്യമാറ്റത്തിന്റെ രേഖയല്ലന്നും മറിച്ച് വ്യക്തിയുടെ ഉള്ളിലെ സ്ഥലകാലങ്ങളെ ഓർമ്മിപ്പിക്കുന്ന സവിശേഷ ഇടപെടലാണെന്നും ബോധ്യപ്പെടുത്തുന്ന പല കവിതകളും സച്ചിയുടെതായുണ്ട്. പക്ഷേ അവ, ചിലപ്പോഴെങ്കിലും, സച്ചിയിലെ ആ പുറംമനുഷ്യൻ തന്റെ നിരീക്ഷണത്തിലാക്കി എന്നും തോന്നിയിട്ടുണ്ട്.

തന്റെ 'ഇടതുപക്ഷ'ത്തെ സച്ചിദാനന്ദൻ ഒരിക്കലും സംശയിക്കാൻ അനുവദിക്കാറില്ല. അതിന് "സ്വതന്ത്ര"മായ, അല്ലെങ്കിൽ "ആപേക്ഷിക സ്വാതന്ത്ര്യ"മുണ്ടെന്ന് അദ്ദേഹം വിശ്വസിക്കുന്നു.

പ്രബന്ധകാരനായ സച്ചിദാനന്ദൻ, തീർച്ചയായും തന്റെ ഗദ്യത്തിന്റെ പരമമായ ഉപയോഗം ഉപയോഗപ്പെടുത്തുന്ന ആളാണ്‌. നമ്മുടെ ഭാഷയുടെ മനോഹരമായ സാധ്യത അതിലുണ്ട്. എന്നാൽ, “നവ മാർക്സിസ്റ്റ് സാഹിത്യ നിരൂപണ”ത്തിന്റെ പ്രോത്ഘാടകരിൽ ഒരാളെന്ന നിലയിൽ ആ നിരീക്ഷണങ്ങളിലെ പുതുമയ്ക്കൊപ്പം അതിലെ ആശയാശ്രിതത്വം മറ്റു പലരെയും എന്നപോലെ സച്ചിയേയും പരമ്പരാഗതമായ ഒരു ലാവണ്യബോധത്തിന്റെ സംരക്ഷകനാക്കുന്നു: കലാവിമർശം, പല മാർക്സിസ്റ്റ് നിരൂപകരിലും ഒരു ലക്ഷ്യമാകുന്നു. അതിനാൽ, കലയെ സർഗ്ഗാത്മകമാക്കുന്ന അനിശ്ചിതത്വത്തിന്റെ ജൈവികത ഇവരിൽ പലരിലും നഷ്ടപ്പെടുന്നു. ഇതിന് കാരണങ്ങളുണ്ട്‌:

തന്റെ 'ഇടതുപക്ഷ'ത്തെ സച്ചിദാനന്ദൻ ഒരിക്കലും സംശയിക്കാൻ അനുവദിക്കാറില്ല. അതിന് "സ്വതന്ത്ര"മായ, അല്ലെങ്കിൽ "ആപേക്ഷിക സ്വാതന്ത്ര്യ"മുണ്ടെന്ന് അദ്ദേഹം വിശ്വസിക്കുന്നു. എന്നാൽ കേരളീയ സമൂഹത്തിൽ, നമ്മുടെ സാമൂഹ്യ പ്രജ്ഞയിൽ, സി പി എം നയിക്കുന്ന "ആധിപത്യ"രാഷ്ട്രീയത്തെ മറച്ചുവെച്ചുകൊണ്ട് തന്റെ സ്വന്തം ഇടതുപക്ഷസംഞ്ജകൾകൊണ്ട് സച്ചി, പുറത്തെ സച്ചിക്കുവേണ്ടി, വല്ലാതെ പണി എടുത്തിട്ടുമുണ്ട്. ഇതെന്നെ സങ്കടപ്പെടുത്തുകയും രോഷംകൊള്ളിക്കുകയും ചെയ്യുന്നു. സി പി എമ്മിന്റെ ആധിപത്യരാഷ്ട്രീയം ലെനിനിസ്റ്റ് പാർട്ടി സങ്കൽപ്പത്തിന്റെ ചെകുത്താൻ തന്നെ എന്ന് സച്ചിയ്ക്ക് അറിയാഞ്ഞിട്ടല്ല, പക്ഷെ അതും ഓരോ അവസരങ്ങളിലും മറച്ചുവെയ്ക്കുന്നു, നമ്മുടെ ഓർമ്മയിലെ ഓരോ അവസരങ്ങളിലും. (കെ റെയിലിന്റെ കാര്യത്തിലൊക്കെ അത് വളരെ പ്രകടമായിരുന്നു.).

‘അകത്ത് പാർക്കുന്ന’ സച്ചി വേറെ ആളാണ്‌: ഗ്രാമീണമായ ഒരു നിഷ്ക്കളങ്കതയോടെ പകലിനെപ്പോലും ഇരുട്ടിന്റെ ഓർമ്മയിൽ ദർശിക്കുന്ന ഒരു കവി, ഈ സച്ചിദാനന്ദനെ, എനിക്ക് പ്രിയമുള്ള ആളാക്കുന്നു.
‘അകത്ത് പാർക്കുന്ന’ സച്ചി വേറെ ആളാണ്‌: ഗ്രാമീണമായ ഒരു നിഷ്ക്കളങ്കതയോടെ പകലിനെപ്പോലും ഇരുട്ടിന്റെ ഓർമ്മയിൽ ദർശിക്കുന്ന ഒരു കവി, ഈ സച്ചിദാനന്ദനെ, എനിക്ക് പ്രിയമുള്ള ആളാക്കുന്നു.

ജനാധിപത്യം എന്നത് ഭരിക്കുന്ന പാർട്ടിയുടെ ഒത്താശയിൽ സംഭവിയ്ക്കുന്നതോ സംരക്ഷിക്കപ്പെടുന്നതോ ആയ ഒരു ജീവിതക്രമമല്ല; മറിച്ച്, അധികാരത്തെ മാനുഷികമായ അനുഭവമാക്കാൻ ശ്രമിക്കുന്ന മനുഷ്യസമൂഹത്തിന്റെ തന്നെ പ്രവർത്തിയാണ്. ഇത് മനസ്സിലാക്കാൻ തീർച്ചയായും മാർക്സിസം സഹായിക്കും, അധികാര- മാർക്സിസം തടയുകയും ചെയ്യും. സച്ചിയുടെ കാര്യത്തിൽ, മറ്റ് പല സഹയാത്രക്കാരുടെയും കാര്യത്തിലെന്ന പോലെ, സംഭവിയ്ക്കുന്നതും അതാണ്‌.

ആധുനികതയുടെയും അതിലെതന്നെ അവാംഗാർദ് മുൻകൈയ്യിനെയും അക്കാലത്തെ സൗഹൃദങ്ങളെയും പറ്റി പറയുമ്പോൾ, ഒരു അഭിമുഖത്തിൽ, സച്ചി മിന്നൽപോലെ പറയുന്ന ഒരു വാചകം ഞാൻ ഇപ്പോഴും ഓർക്കുന്നു: “തിരിഞ്ഞുനോക്കുമ്പോൾ ആൺസാഹോദര്യങ്ങൾ എന്ന് പറയേണ്ടിവരും” എന്നാണ്. ഒരുപക്ഷെ, ആ ഒരു വാചകത്തിൽ നിന്ന് ഈ കവിയുടെയും ആ സൗഹൃദങ്ങളിലുണ്ടായിരുന്ന മറ്റ് എഴുത്തുകാരുടെയും സർഗ്ഗാത്മകതയെ ഈ “ആൺലോക- ആധുനികത” എങ്ങനെയെല്ലാം സ്വാധീനിച്ചു എന്നന്വേഷിക്കാൻ ഒരു വഴി തെളിഞ്ഞേനേ. പക്ഷേ നമ്മൾ, പല കാരണങ്ങൾകൊണ്ടും, വിട്ടുകളഞ്ഞതാണ്. ഒരു പക്ഷേ, നമ്മൾ പുറത്തായാലും അകത്തായാലും കൂട്ടുകുടുംബത്തിന്റെ വക്താക്കളാണ്. അതിന്റെ നീതിയെ കുറിച്ച് ചർച്ച ചെയ്യാൻ ഭയമുള്ള സന്തതികളെപ്പോലെ.

സച്ചിക്ക് മധുരവും കയ്പ്പുമുള്ള എന്റെ പിറന്നാൾ ആശംസകൾ!


Summary: K. Satchidanandan at 80: Karunakaran admires both the poet and essayist in Satchidanandan—two powerful literary voices that shaped his thinking through affection, debate, and inspiration.


കരുണാകരൻ

കവി, കഥാകൃത്ത്​, നോവലിസ്​റ്റ്​. യുവാവായിരുന്ന ഒമ്പതുവർഷം, യക്ഷിയും സൈക്കിൾ യാത്രക്കാരനും, ബൈസിക്കിൾ തീഫ്​, ഉടൽ എന്ന മോഹം, മേതിൽ Ars Longa Vita brevis വ്യാഴാഴ്ചകൾ മാത്രമുള്ള ഏഴു ദിവസങ്ങൾ എന്നിവ പ്രധാന പുസ്​തകങ്ങൾ. ദീർഘകാലം പ്രവാസിയായിരുന്നു.

Comments