യോൺ ഫോസെ

ഇരുട്ടിലെ കാറ്റ് പോലെ: യോൺ ഫോസെയുടെ പുസ്തകങ്ങളെപ്പറ്റി ഒരാത്മഗതം

‘നന്നായി ആശയവിനിമയം നടത്താൻ കഴിഞ്ഞാൽ എല്ലാ പ്രശ്നങ്ങളും പരിഹരിക്കാൻ കഴിയുമെന്നതാണ് നമ്മുടെ ഒരു മിഥ്യാധാരണയെന്ന് ഞാൻ കരുതുന്നു’, യോൺ ഫോസെ (Jon Fosse) ഒരഭിമുഖത്തിൽ പറയുന്നു. ‘ആശയവിനിമയത്തോടുള്ള നേരെ എതിരായതെന്തോ അതാണ് കലയെന്ന് ജർമൻ തത്ത്വചിന്തകൻ അഡോർണോ പറഞ്ഞു. അദ്ദേഹത്തിന് ഒരു പോയിന്റുണ്ട്. ആ പോയിന്റിനും ജീവിതവുമായി എന്തെങ്കിലും ബന്ധമുണ്ട്’, നോർവീജിയൻ എഴുത്തുകാരാനായ ഫോസെയുടെ ഈ നിഗമനത്തിൽ എത്താൻ കഴിഞ്ഞാൽ കലയെ കുറിച്ചുള്ള ദുർഗ്രഹസംബന്ധികളായ നമ്മുടെ ചർച്ചകൾ വേറെ വഴിക്ക് മുന്നേറും; പക്ഷെ കലയെയും സാഹിത്യത്തെയും ഉപയോഗപ്രദമായ എന്തോ ആയി നന്നായി തെറ്റിദ്ധരിക്കാമെങ്കിൽ ഫോസെയുടെ ഈ പ്രസ്താവന വിവാദ പരാമർശവും ആകുന്നു. നന്നായി ആശയവിനിമയം നടത്തുക എന്നാൽ അപരന്റെ ആലോചനകളെ കോളനീകരിക്കുക എന്നും അർത്ഥമുണ്ട്. അല്ലെങ്കിൽ, അങ്ങനെയൊരു ‘വ്യതിയാനം' കലയ്ക്ക് അനാവശ്യം തന്നെയാണ്.

ഏതാനും വർഷങ്ങൾക്കു മുമ്പ് കവിയും പരിഭാഷകനുമായ സച്ചു തോമസ് എനിക്കെഴുതി: മലയാളത്തിലെ എല്ലാ കഥാകൃത്തുക്കളും വായിക്കേണ്ട ഒരു പുസ്തകം യോൺ ഫോസെയുടെ Scenes From A Childhood ആണ്. മറ്റൊരു സന്ദർഭത്തിൽ കഥാകൃത്ത്, സുരേഷ് പി. തോമസ്, ഫോസെയെ കുറിച്ച് പറഞ്ഞ്​ എനിക്കൊരു പുസ്തകം അയച്ചുതന്നു. എന്റെ ഈ യുവസുഹൃത്തുക്കൾ നമ്മുടെ സാഹിത്യത്തിന്റെ ‘കരുതൽക്കാർ' ആണെന്നുമാത്രമല്ല, മലയാള ഭാവനയിലെ അവരുടെ സവിശേഷമായ ഇടപെടൽമൂലം വ്യത്യസ്തമായ വായനാനുഭവം സമ്മാനിക്കുന്നവരുമാണ്, ഫോസെ എന്റെയും പ്രിയപ്പെട്ട എഴുത്തുകാരിൽ ഒരാളായി. അല്ലെങ്കിൽ, ബാല്യത്തിന്റെയും യൗവനത്തിന്റെയും ഓർമ കലയിൽ കലരുന്ന ആർക്കും ഈ എഴുത്തുകാരനെ ഇഷ്ടപ്പെടാൻ കാരണങ്ങളുണ്ടാവും: നന്നായി ആശയവിനിമയം നടത്താൻ കഴിഞ്ഞാൽ എല്ലാ പ്രശ്നങ്ങളും പരിഹരിക്കാൻ കഴിയുമെന്നത് ഒരു മിഥ്യാധാരണയെന്ന് നിങ്ങൾ വിശ്വസിക്കുക.

യോൺ ഫോസെ

കടലിനെ കുറിച്ച് ഒന്നുമറിയാത്ത മത്സ്യത്തിന്റെ കഥ - അങ്ങനെയാണ് നോർവീജിയൻ സംസ്‌കാരത്തിൽ തന്റെ സാഹിത്യത്തെപ്പറ്റി യോൺ ഫോസെ പറയുന്നത്. അധികം സംസാരിക്കാത്ത, നിശ്ശബ്ദത പാലിക്കാൻ ഇഷ്ടപ്പെടുന്ന നോർവീജിയൻ ജനതയെ പോലെ, വിശേഷിച്ചും തന്റെ നാടകങ്ങൾ, ഫോസെ പറയുന്നു.

ഫോസെയുടെ ചില നാടകങ്ങളാണ് ഞാൻ ആദ്യം വായിച്ചത്. അദ്ദേഹത്തിന്റെ കഥകളിൽ പിന്നീട് പരിചയപ്പെടുന്നപോലെ നിരലങ്കാരമായ ഭാഷകൊണ്ടും ഹ്രസ്വങ്ങളായ നാടക ക്രിയകൾ കൊണ്ടും വേറിട്ട രചനകളാണ് അവയും.

‘അധികം സംസാരിക്കാത്ത എഴുത്ത്' സാഹിത്യത്തിന്റെ മാത്രമല്ല, ഭാഷയുടെയും മാധ്യമത്തിന്റെയും സാധ്യതയാണ്. അല്ലെങ്കിൽ, ‘സാഹിത്യമെഴുതാനുള്ള ഒരു ഭാഷ' അത് ഭാഷയിൽ ആഗ്രഹിക്കുന്നില്ല. പലപ്പോഴും നിരാധാരമെന്നും അസംബന്ധമെന്നും വേർപിരിയുന്ന ജീവിതത്തെ ചിലപ്പോഴെങ്കിലും ‘അർത്ഥവത്താക്കുന്ന' സാഹിത്യത്തെ ഇത് അവതരിപ്പിക്കുന്നു. രസകരവും വിഷദാത്മകവുമായ മനുഷ്യാവസ്ഥയെ എഴുത്ത് സന്ദർശിക്കുന്നു.

ശ്രദ്ധിച്ചിട്ടില്ലേ, ‘അധികം സംസാരിക്കാത്ത ആൾ' നമ്മുടെ കാഴ്ചയെ പിടിച്ചു പറ്റുന്നു.

ഏറെക്കുറെ ഇങ്ങനെയൊരു ആഭിമുഖ്യമാണ് എനിക്ക് യോൺ ഫോസെയുടെ എഴുത്തിനോടുള്ളത്. ചില നാടകങ്ങൾ, ചില കഥകൾ, ചില നോവലുകൾ, ഫോസെയുടെ എഴുത്ത് പരിചയപ്പെടുന്ന ആരും അതിലെ ‘ശൂന്യങ്ങളായ സ്ഥലങ്ങൾ' ശ്രദ്ധിക്കുന്നു. അവിടെ, നിശ്ശബ്ദതയുടെ ദ്രുവരൂപത്തെ അനുഭവിക്കുന്നു. കെട്ടിനിൽക്കുന്ന ഒന്നിനെ - അത് എന്തുമാകട്ടെ, ചിലപ്പോൾ ഓർമ, ചിലപ്പോൾ ദുഃഖം, ചിലപ്പോൾ സ്‌നേഹം എന്നിങ്ങനെ എന്തുമാകാം - മനുഷ്യാവസ്ഥയുടെ കാഴ്ചയാക്കുന്നു. കെട്ടിനിൽക്കുന്ന ഒന്നിനെ ഒഴുക്കിവിടാൻ ആഗ്രഹിക്കുന്നു.

കോവിഡിന്റെ ആദ്യത്തെ അടച്ചിരിപ്പിൽ ഫോസെയുടെ രണ്ടു പുസ്തകങ്ങൾ വായിച്ചു. ജീവിതത്തിന്റെ എന്നപോലെ സാഹിത്യത്തിന്റെയും നിസ്സാരമായ ഉപയോഗം ശീലിക്കാൻ പറ്റിയ ആ നാളുകളിൽ ഫോസെയുടെ എഴുത്ത് അസാധാരണമായ ഒരനുഭവമാവുകയായിരുന്നു.

അദ്ദേഹത്തിന്റെ Scenes From A Childhood എന്ന കഥാസമാഹാരത്തിൽ ഒരു നീണ്ട കഥയുണ്ട്: And Then My Dog will Come Back to me എന്ന പേരിൽ. ഒരു നോർവീജിയൻ ഗ്രാമത്തിലെ ഒരാൾ തന്റെ വളർത്തുനായയെ കൊന്നതിന് അയൽക്കാരനെ കൊല്ലുന്നതാണ് കഥ. അതാകട്ടെ, ഈ രണ്ടു കൊലപാതകങ്ങളും, നായയുടെയും അയൽക്കാരന്റെയും, ശരിക്കും നടന്നിട്ടുണ്ടോ എന്ന് വ്യക്തമാക്കാത്ത ഒരാഖ്യാനം കൊണ്ടുമാണ് പറഞ്ഞിരിക്കുന്നത്: ഓർമയുടെയോ അല്ലെങ്കിൽ ഒരു കൃത്യത്തിന്റെയൊ വിവരണം, അതിന്റെ അരികുകൾ അഴിച്ചുവിടുന്ന വിധം പറയുന്നു. കഥയുടെ ആദ്യം മുതൽ അവസാനം വരെ നമ്മൾ സഞ്ചരിക്കുന്നതും അങ്ങനെയൊരു തീർച്ചയില്ലായ്മയോടെയാണ്. എന്നാൽ, അങ്ങനെയൊരു സന്ദർഭത്തിലും ഈ രണ്ട് കുറ്റകൃത്യങ്ങളുടെയും സാധ്യത, മനുഷ്യരെന്ന നിലയ്ക്കും വായനക്കാരെന്ന നിലയ്ക്കും, നമ്മൾ തുറന്നിടുകയും ചെയ്യുന്നു. ഒരു കഥ വായിക്കാൻ പ്രാപ്തി നേടുന്നതും, ഒരു കുറ്റകൃത്യത്തിന് സാക്ഷിയാകുന്നതും, വളരെ സ്വാഭാവികവും, ചിലപ്പോൾ ജീവിതത്തിന്റെ സംക്ഷേപമായും നമ്മൾ അനുഭവിക്കുന്നു. ‘ഞാൻ ഒരിക്കലും അയാളെ ഇഷ്ടപ്പെട്ടിട്ടില്ല' എന്നാണ് കഥയിലെ കൊലപാതകത്തിനുള്ള ഒരേ ഒരു കാരണമായി നാം മനസ്സിലാക്കുക. അല്ലെങ്കിൽ, പിച്ചും പേയുമായി തുടരുന്ന ആത്മഭാഷണമാണത്. I never liked the guy. I am going to kill him. Take his life. Take him out. Put an end to him. Kill the shit out of him. Bastard fucker.

സീൻസ് ഫ്രം ചൈൽഡ് ഹുഡ് / Photo: Fitzcarraldo Editions FB page

ആർത്തിയുടെ ആത്മഭാഷണം എന്ന് ഈ കഥയെ ചിലർ പരിചയപ്പെടുത്തിയിട്ടുണ്ട്. മനോഹരമായ ഇരുണ്ട കഥ; നിരാശ നിറഞ്ഞതും. അപ്പോഴും, നമുക്കിടയിൽ, എപ്പോൾ വേണമെങ്കിലും പ്രത്യക്ഷപ്പെടാവുന്ന ഭയാനകമായ ഒരു വ്യക്തിത്വത്തെ ഈ കഥ പരിചയപ്പെടുത്തുന്നു. അല്ലെങ്കിൽ, നോർവേയുടെ ഏതോ ഗ്രാമപ്രദേശത്ത് നടക്കുക മാത്രം ചെയ്ത ഒരു കഥ: തന്റെ അയൽക്കാരനെ ഒരാൾ കൊല്ലുന്നു (ഇല്ലെങ്കിൽ ഇല്ല), അയാളുടെ നായയെ കൊന്നതിന്റെ പേരിൽ (ഇല്ലെങ്കിൽ ഇല്ല).

ജീവിതത്തിൽ വന്നുപെടുകയും അപ്രത്യക്ഷമാവുകയും ചെയ്യുന്ന ഒരാളെ, അയാളുടെ ചുറ്റുപാടുകളെ, കഥ, And then my dog will come back to me - അവതരിപ്പിക്കുന്നു. ജന്തുസഹജമായ വാസന പകരുന്ന ഒരു കഥ, കഥ ഭാഷയുടെ ലക്ഷ്യമാവുന്ന പോലെയൊരു എഴുത്ത്.

തീർച്ചയായും, Scenes From A Childhood, മനോഹരമായ മറ്റൊരു കഥയാണ്. ബാല്യത്തെ അത് ജീവിതത്തിന്റെ ആസ്തിയാക്കുന്നു. പല ഖണ്ഡങ്ങളിൽ ചെറിയ ചെറിയ കുറിപ്പുകൾ പോലെയാണ് ഇത് എഴുതിയിട്ടുള്ളത് - വീണ്ടും നിരാർഭാടമായ ഭാഷയിൽ. ‘നമ്മുടെ ജീവിതത്തിൽ ഏറ്റവും പ്രധാനപ്പെട്ട ചിലത് കാണാനില്ല എന്ന് ഞാൻ മനസ്സിലാക്കുന്നു. അതിനാൽ ഒരു വിപ്ലവം ആവശ്യമാണ്.'
​ഈ രണ്ടു വരികൾ മാത്രമുള്ള ഒരു ഖണ്ഡവും ഈ കഥയിലുണ്ട്.

1987 നും 2013 നുമിടയിൽ എഴുതിയ കഥകളുടെയും ഒരു നോവെല്ലയുടെയും സമാഹാരമാണ് Scenes from a Childhood.

വാസ്തവത്തിൽ, ഫോസെയുടെ ചില നാടകങ്ങളാണ് ഞാൻ ആദ്യം വായിച്ചത്. അദ്ദേഹത്തിന്റെ കഥകളിൽ പിന്നീട് പരിചയപ്പെടുന്നപോലെ നിരലങ്കാരമായ ഭാഷകൊണ്ടും ഹ്രസ്വങ്ങളായ നാടക ക്രിയകൾ കൊണ്ടും വേറിട്ട രചനകളാണ് അവയും.

എഴുത്തുകാരുടെ വായന, അല്ലെങ്കിൽ, അവരുടെ മരണത്തിനും മുമ്പുള്ള ധൃതിയാണ്, അവർക്ക് കൂടുതലും ആലോചനാസമയമാണ്, അവരുടെ ജീവിതത്തിന്റെ നടവഴികൾ ഒരുങ്ങുന്നതും ആ സമയത്താണ്.

നാടകവേദിയിൽ നമ്മൾ എല്ലാവരും മറ്റ് ചില ആളുകളുടെ കൈകളിലാണ്, ജീവിതത്തിലും എന്നപോലെ എന്ന് യോൺ ഫോസെ പറയുന്നു. നോർവെയിലെ ആളുകൾ കുറച്ചുമാത്രം സംസാരിക്കുന്ന കൂട്ടത്തിലത്രെ. അല്ലെങ്കിൽ അവർ നിശ്ശബ്ദരായ ജനതയാണ്, എന്റെ നാടകത്തിലെ ആളുകളെപ്പോലെ. യോൺ ഫോസെ പറയുന്നു.

മറ്റെന്ത് പറയണം, രസകരമായ മനുഷ്യാവസ്ഥയെയോ വിഷാദം പടർന്ന മനുഷ്യാവസ്ഥയെയോ ഓർക്കാൻ കുറച്ചുമാത്രം സംസാരിക്കുന്നവരോ നിശ്ശബ്​ദത ശീലമാക്കിയവരോ ആയ മനുഷ്യരെപ്പറ്റി പറഞ്ഞാൽ മതി. ഒരു പക്ഷെ ഫോസെയുടെ സാഹിത്യത്തെ അങ്ങനെയും പരിചയപ്പെടാം. അത് ഭാഷയുടെയും സാഹിത്യത്തിന്റെയും ‘നിസ്സാരമായ' ഉപയോഗം നമ്മെ ഓർമ്മിപ്പിക്കുന്നു.

ഫോസെയുടെ നാടകങ്ങൾക്ക് സാമുവൽ ബെക്കറ്റിന്റെ തുടർച്ച പറയാറുണ്ട്, സ്ഥലങ്ങളിൽ ഉറയ്ക്കുന്ന കഥാപാത്രങ്ങളും ചെറുതായി മുറിയുന്ന സംഭാഷണങ്ങളും, ബെക്കറ്റിൽ എന്നപോലെ, ഇവയിലുമുണ്ട്.

അദ്ദേഹത്തിന്റെ ചില നാടകങ്ങളും (Plays Six) ചില കഥകളും ഞാൻ വായിക്കുന്നത് ഏതാണ്ട് ഒരേ സമയത്താണ്. ‘കോവിഡി'നും മുമ്പുള്ള നാളുകളായിരുന്നു അത്. വായനയെ തിരിച്ചുപിടിക്കാൻ നടന്ന നാളുകളിൽ. കോവിഡിന്റെ ആദ്യത്തെ അടച്ചിരിപ്പിൽ ഫോസെയുടെ രണ്ടു പുസ്തകങ്ങൾ വായിച്ചു. ജീവിതത്തിന്റെ എന്നപോലെ സാഹിത്യത്തിന്റെയും നിസ്സാരമായ ഉപയോഗം ശീലിക്കാൻ പറ്റിയ ആ നാളുകളിൽ ഫോസെയുടെ എഴുത്ത് അസാധാരണമായ ഒരനുഭവമാവുകയായിരുന്നു.

എഴുത്തുകാരുടെ വായന, അല്ലെങ്കിൽ, അവരുടെ മരണത്തിനും മുമ്പുള്ള ധൃതിയാണ്, അവർക്ക് കൂടുതലും ആലോചനാസമയമാണ്, അവരുടെ ജീവിതത്തിന്റെ നടവഴികൾ ഒരുങ്ങുന്നതും ആ സമയത്താണ്. അതിനാൽ, ഫോസെയുടെ എഴുത്ത് അപരിചിതമായിരുന്നില്ല. ചമയമില്ലാത്ത ചുവടുകളിൽ ഒരാദിമ നൃത്തം കടന്നുപോവുന്ന പോലെ എന്നുതോന്നും. ചിലപ്പോൾ ചില മട്ടുപ്പാവുകളിൽ സ്ഥിരമായി കാണുന്ന ഒരാളുടെ അകന്നേ പോകുന്ന നോട്ടം നമ്മുടെയുള്ളിലും എന്തോ തിരയുന്നു എന്നും.

ഫോസെയുടെ നാടകങ്ങൾക്ക് സാമുവൽ ബെക്കറ്റിന്റെ തുടർച്ച പറയാറുണ്ട്, സ്ഥലങ്ങളിൽ ഉറയ്ക്കുന്ന കഥാപാത്രങ്ങളും ചെറുതായി മുറിയുന്ന സംഭാഷണങ്ങളും, ബെക്കറ്റിൽ എന്നപോലെ, ഇവയിലുമുണ്ട്.

നാടകങ്ങളും ആ ഭാഷയുടെ അനുഭവം ഓർമിപ്പിക്കുന്നു. നാടകവേദിയെ കുറിച്ച് ഫോസെ ഇങ്ങനെ പറയുന്നു: Theatre is very old-fashioned art form. It existed before capitalism, before communism, before industrialism, before mass production. Perhaps because it is pre-modern, theatre feels right for our times.​

കാൾ ഓവ്​ ക്​നോസ്​ഗാർഡ്​ / Photo: Wikimedia Commons

ഫോസെയുടെ രചനകളിൽ സമകാലികമായത് കീറിമുറിക്കപ്പെടുകയോ അല്ലെങ്കിൽ പൂർണമായും ഒഴിവാക്കപ്പെടുകയോ ചെയ്യുന്നു എന്ന് കാൾ ഓവ്​ ക്​നോസ്​ഗാർഡ്​ (Karl Ove Knausgaard) പറയുന്നു: ‘‘അദ്ദേഹത്തിന്റെ കൃതി പലപ്പോഴും മരണത്തെ സമീപിക്കുകയും ഒരുതരം അസ്തിത്വപരമായ ‘ഗ്രൗണ്ട്​ സീറോ’ കണ്ടെത്തുന്നു എങ്കിലും, അത് ഒരിക്കലും നിരാശാജനകമല്ല, തീർച്ചയായും ദുരുദ്ദേശ്യപരവുമല്ല.’’ .

മറ്റൊരു സമയം അതേ കുറിച്ച് കൂടുതൽ പറയണം. ഇപ്പോൾ പക്ഷെ ആ നാളുകളിൽ ഒരു പുലർച്ചെ കണ്ട ഒരു സ്വപ്നം പറയാൻ തോന്നുന്നു. ഈ എഴുതിയതിനോട് ബന്ധമൊന്നുമില്ല. അല്ലെങ്കിൽ അങ്ങനെ ഒരു ബന്ധം ആലോചിക്കേണ്ടതുമില്ല. വഴിയിലറിയാതെ ചെന്നു മുട്ടുന്ന സഞ്ചാരം എന്ന് കണ്ടാൽ മതി. സ്വപ്നം ഇതാണ്: ഒരു കുഞ്ഞുകുട്ടിയുമായി ഞാൻ ഒരു മരക്കസേരയിൽ ഇരിക്കുന്നു. കസേര പിറകോട്ടു പതുക്കെ ചെരിയുകയാണ്, ഇതാ നമ്മൾ രണ്ടും ഇപ്പോൾ വീഴും എന്ന് ഞാനും അവളും നിർത്താതെ ചിരിയ്ക്കുന്നു. ആഴം ഓർക്കാത്ത ഒരു വീഴ്ചയെ പൊതിഞ്ഞുകൊണ്ട് രണ്ട് ചിരികൾ കലരുന്ന ഒച്ച കേൾക്കുന്നു.

യോൺ ഫോസെയെ പറ്റി ഇപ്പോൾ ഈ കുറിപ്പ് എഴുതുമ്പോഴും ഞങ്ങളുടെ വീഴ്​ച എന്നെ ചിരിപ്പിക്കുന്നു. പ്രിയപ്പെട്ട എന്തോ ഒന്ന് ഇപ്പോൾ കൈയിൽ തടയുമെന്ന് ഒപ്പം കൂടുന്ന വീഴ്ചയാവും ഒരു പക്ഷെ, ഇപ്പോൾ, ഈ പുസ്തകങ്ങളെ ഓർത്തതും? ▮


കരുണാകരൻ

കവി, കഥാകൃത്ത്​, നോവലിസ്​റ്റ്​. യുവാവായിരുന്ന ഒമ്പതുവർഷം, യക്ഷിയും സൈക്കിൾ യാത്രക്കാരനും, ബൈസിക്കിൾ തീഫ്​, ഉടൽ എന്ന മോഹം എന്നിവ പ്രധാന പുസ്​തകങ്ങൾ. ദീർഘകാലം പ്രവാസിയായിരുന്നു.

Comments