അലീന

നല്ല കവിതയ്ക്കും
ചീത്ത കവിതയ്ക്കും
ഇടയിലുള്ള ഗ്രേ ഏരിയ

‘‘എഴുത്തോ ആസ്വാദനമോ ഇവിടെ നിഷ്കളങ്കമായ പ്രവൃത്തികളല്ല, പല നിലയിലുള്ള, പല അടരുകളുള്ള അധികാരപ്രകടനങ്ങളാണ്. ഈ അധികാരപ്രകടനങ്ങളെ മുഖവിലക്കെടുത്തു മാത്രമേ നല്ല കവിതയേത് മോശം കവിതയേത് എന്ന ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്താനാകൂ’’- മലയാളത്തിലെ ഏറ്റവും പുതിയ കവിതകളെക്കുറിച്ചുള്ള ചർച്ചയിൽ ഇടപെട്ട് അലീന എഴുതുന്നു.

അലീന

വിതാരചനാ മത്സരങ്ങളിൽ ഒന്നാമത് വരുന്ന കവിതകളേക്കാൾ മികച്ചതായിരിക്കും രണ്ടാമതും മൂന്നാമതും വരുന്നവ എന്നൊരു ‘പഴഞ്ചൊല്ല്’ കേട്ടിട്ടുണ്ട്. സാങ്കേതികമായി നോക്കിയാൽ അത് ശരിയാവാനുള്ള സാധ്യതയുണ്ട്. ഒരു നിർണായക സമിതിയിലെ ഭൂരിഭാഗം അംഗങ്ങൾക്കും ഇഷ്ടപ്പെടുകയും കണക്റ്റ് ചെയ്യാനോ റിലേറ്റ് ചെയ്യാനോ പറ്റുന്ന കവിതയാണല്ലോ ഒന്നാമത് വരിക. പലപ്പോഴും വ്യാപകമായ അഭിരുചികൾക്ക് ഇണങ്ങിയതും സർഗ്ഗാത്മകതയേക്കാൾ പ്രാപ്യതക്ക് മുൻതൂക്കമുള്ളതും ആകാം ഇത്തരം കവിതകൾ. അപ്പോൾ ഒരു പ്രത്യേക പ്രേക്ഷകവൃന്ദത്തിനെ ആകർഷിക്കുന്നതോ പുതിയതോ പരീക്ഷണാത്മകമോ അനേകം വായനകൾ ആവശ്യപ്പെടുന്നതോ സാഹസികമോ ആയ രചനകൾ രണ്ടാമത്തെയും മൂന്നാമത്തെയും സ്ഥാനത്തേക്ക് പിന്തള്ളപ്പെടും. അവിടെയും കവിതയുടെ സ്വാഭാവികതയെക്കാൾ ഉപരി വായനക്കാരന്റെ മനോനിലയാണ് മികവും പോരായ്മയും നിർണ്ണയിക്കുന്നത്.

വളരെ വസ്തുനിഷ്ഠമായി മികച്ച കവിതകളുണ്ടോ?
അതോ ഒന്നിനെക്കാൾ മികച്ചതാണ് മറ്റൊന്ന് എന്ന് എല്ലാം ആപേക്ഷിക വിലയിരുത്തലുകളാണോ?
വ്യക്തിപരമായി ആസ്വദിക്കാൻ പറ്റുന്നുണ്ടോ ഇല്ലയോ എന്നതാണോ ആ മാനദണ്ഡം?

നിലവാരം കുറഞ്ഞത് എന്ന് പറയപ്പെടുന്ന രചനകൾക്ക് പ്രചാരം ലഭിക്കുന്നതും വായനക്കാർ കൂടുന്നതും അവ വൻതോതിൽ വിറ്റഴിക്കപ്പെടുന്നതും മലയാള സാഹിത്യ ലോകത്തും വലിയ ചർച്ചാവിഷയമാണ്. ഇത്തരം മോശം കൃതികൾ കൂടുതലായി വായനക്കാരിൽ എത്തുന്നത് മൂല്യച്യുതി ഉണ്ടാക്കും എന്ന് അഭിപ്രായങ്ങൾ ഉണ്ട്.

Absolute നല്ല കവിതക്കും Absolute ചീത്ത കവിതയ്ക്കും ഇടയിലുള്ള ഗ്രേ ഏരിയയിലാണ് ഇന്നു വരെ എഴുതപ്പെട്ടിട്ടുള്ള എല്ലാ കവിതകളും നിലകൊള്ളുന്നത് എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. അതുകൊണ്ട് ലോകത്തിലെ ഏറ്റവും നല്ല കവിത എന്ന് എനിക്കോ മറ്റൊരാൾക്കോ തോന്നുന്ന കവിതയെക്കാൾ നല്ല കവിത മറ്റൊന്ന് ഉറപ്പായും ഉണ്ടാകും. ഏറ്റവും മോശം കവിത എന്ന് തോന്നുന്നതിനെക്കാൾ മോശമായി ആരെങ്കിലും എഴുതിയിട്ടും ഉണ്ടാകും. നല്ലത്, ചീത്ത എന്ന റിജിഡ് (Rigid) ബൈനറിയിലല്ല, മറിച്ച് ഒരു സ്പെക്ട്രത്തിലാണ് കവിത നിലനിൽക്കുന്നത്. അതിന് ഗുണം, ശൈലി, വൈകാരികത, അതിന്റെ ആഴം, വ്യാഖ്യാനങ്ങൾ എന്നിങ്ങനെ ഒരുപാട് ചലനാത്മക ഘടകങ്ങൾ ഉണ്ട്. അതുകൊണ്ടാണ് പല കവിതാവിവാദങ്ങളും ഉണ്ടാകുന്നത്. ഒരാൾക്ക് ഇഷ്ടമാകുന്ന കവിത ഭൂരിഭാഗത്തിന് ഇഷ്ടമാവണം എന്നില്ല. ഭൂരിഭാഗത്തിന് ഇഷ്ടമാകുന്ന കവിത കുറച്ചു പേരെയെങ്കിലും സ്പർശിക്കാതെ പോകും.

ആത്യന്തികമായി സർഗാത്മക പ്രകടനത്തിന്റെ സ്വഭാവം ഫ്ലൂയിഡിറ്റി (Fluidity) ആണ്. അതൊരിക്കലും രേഖീയമോ സ്ഥിരമോ അല്ല. അതുകൊണ്ടാണല്ലോ സ്വന്തം പേരിൽ ശരാശരിയിൽ താഴെ നിലവാരമുള്ള ഒരു എഴുത്തെങ്കിലുമില്ലാത്ത എഴുത്തുകാർ ഉണ്ടാകാത്തത്. സർഗാത്മകതയുടെ ഫ്ലൂയിഡിറ്റിക്ക് പുറത്ത് കവിതയെ നിർണ്ണയിക്കുന്നതെല്ലാം സാങ്കേതികത്വവും അധികാരപരവുമാണ്.

സർഗാത്മകതയുടെ ഫ്ലൂയിഡിറ്റിക്ക് പുറത്ത് കവിതയെ നിർണ്ണയിക്കുന്നതെല്ലാം സാങ്കേതികത്വവും അധികാരപരവുമാണ്.
സർഗാത്മകതയുടെ ഫ്ലൂയിഡിറ്റിക്ക് പുറത്ത് കവിതയെ നിർണ്ണയിക്കുന്നതെല്ലാം സാങ്കേതികത്വവും അധികാരപരവുമാണ്.

സാങ്കേതികത്വം, പഠിക്കാനും കവിതയിൽ പകർത്താനും കഴിയുന്ന ചില പൊടിക്കൈകളാണ്. ഉദാഹരണത്തിന്, വിപുലമായ ഒരു ദൃശ്യഭാഷ, അല്ലെങ്കിൽ മറ്റ് ഇന്ദ്രിയാനുഭവങ്ങൾ. പ്രതീകങ്ങൾ, ബിംബങ്ങൾ പോലെയുള്ളവ ഉപയോഗിച്ച് ഭാഷയിൽ പല അർത്ഥങ്ങൾ അടുക്കി വെക്കൽ, മാത്രമല്ല അതിലേക്ക് എത്താൻ വായനക്കാർക്ക് സ്പൂൺ ഫീഡിങ് അല്ലാത്ത കൃത്യമായ സൂചനകൾ കൊടുക്കൽ, വൃത്തം പോലെയുള്ള പരമ്പരാഗത രീതികളിൽ ഊന്നിയുള്ള താളമോ സംഗീതാത്മകതയോ. Free verse, slam poetry, spoken word അല്ലെങ്കിൽ ലളിതമായ ഗദ്യകവിത ആയിക്കോട്ടെ, അവയിൽ ബോധപൂർവ്വമുള്ള വരി മുറിക്കലുകൾ ശബ്ദങ്ങൾ എന്നിവകൊണ്ട് താളാത്മകത നിർമ്മിക്കൽ. തികച്ചും പുതിയതും വ്യത്യസ്തവുമായ ലോകവീക്ഷണം, ആശയങ്ങൾ, പ്രകടനങ്ങൾ. വാക്കുകൾ അടുക്കുന്ന രീതി, അതിലെ പുതുമ. ഇങ്ങനെ ചില വഴികളിലൂടെ കവിതയുടെ സാങ്കേതികപരമായ മൂല്യം വർദ്ധിപ്പിക്കാം. വായനാനുഭവം മെച്ചപ്പെടുത്താം. മാത്രമല്ല കവിതയിൽ ഇത്തരം കാര്യങ്ങൾ തിരയുന്ന വായനക്കാരനെ തൃപ്തിപ്പെടുത്താനും കഴിയുമായിരിക്കും. പക്ഷേ അപ്പോഴും അതൊരു മികച്ച കൃതി ആയിരിക്കണം എന്ന് ഒരു നിർബന്ധവുമില്ല.

പുസ്തകങ്ങൾ ഈ മുതലാളിത്ത ലോകത്ത് സർഗ്ഗാത്മക ആവിഷ്കാരങ്ങളെക്കാൾ വിപണന വസ്തുക്കളാണ്. ലാഭം കൂടുതൽ ഉണ്ടാകുന്ന വിൽപ്പന ചരക്കുകൾ സ്വാഭാവികമായും പ്രോത്സാഹിപ്പിക്കപ്പെടും. അത് വ്യവസ്ഥയുടെ പ്രശ്നമാണ്.

സാമ്പ്രദായികമായി മോശം കവിതകൾ എന്ന് വിളിക്കുന്നവയിലും പലപ്പോഴും സാങ്കേതികമായ മികവ് ഉണ്ടാവാം. എന്നാലും അവയെ പെട്ടെന്ന് തിരിച്ചറിയാൻ, അവ നിർമ്മിക്കുന്ന ചില സാങ്കേതിക പിഴവുകളും ഉണ്ട്. പൊതുവായി പറഞ്ഞാൽ ഉപയോഗിച്ചു തേയ്മാനം വന്നു തളർന്ന പ്രയോഗങ്ങൾ അഥവാ ക്ലീഷേ, ഒരു ദൃശ്യഭാഷയുടെ അഭാവം, സെൻസറി അനുഭവങ്ങളുടെ അഭാവം. ഭാഷക്ക് സ്ഥിരവും കൃത്യവുമായ ഒരു ഒഴുക്ക് ഇല്ലാതിരിക്കൽ, കൃത്രിമമായ അല്ലെങ്കിൽ ഇടയ്ക്ക് മുറിയുന്ന താളം. വാക്കുകൾ നീട്ടിയും കുറുക്കിയും, സന്ദർഭോചിതവും കവിതയുടെ ഭാവത്തിന് പൂരകവും അല്ലാത്ത പ്രയോഗങ്ങളും ചേർത്തുള്ള പ്രാസമൊപ്പിക്കലും താളമൊപ്പിക്കലും. പ്രത്യേകിച്ച് ഒരു ഉദ്ദേശമോ അനായാസതയോ ഇല്ലാത്ത കവിതക്കുള്ളിലെ സ്വരവ്യതിയാനങ്ങൾ. അതേ അർത്ഥമുള്ള സാമാന്യ പദങ്ങൾ നിലനിൽക്കേ കഠിനമായ വാക്കുകൾ ഉപയോഗിച്ച് നാടകീയമായി ഭാഷയെ ബുദ്ധിജീവിവത്കരിക്കൽ, വർണനാപദങ്ങളുടെ അതിപ്രസരം ഇതൊക്കെ ആസ്വാദനത്തെ ബാധിക്കുന്ന പിഴവുകളാണ്. അപ്പോഴും ഇത്തരം കാര്യങ്ങൾ സൂക്ഷിക്കണം എന്നത് കല്ലിൽ കൊത്തിയ ഒരു നിയമാവലി അല്ല. ഒരു ആവശ്യകത ഉണ്ടെങ്കിൽ ഈ പിഴവുകളെല്ലാം തന്നെ വളരെ ഫലപ്രദമായി കവിതയിൽ അർത്ഥവും ഭാവവും നിർമ്മിക്കാൻ ഉപയോഗിക്കാം. ആവശ്യകത ഉണ്ടായിരിക്കലാണ് ഏറ്റവും പ്രധാനം.

കോടിക്കണക്കിന് പുസ്തക കോപ്പികൾ വിറ്റഴിച്ചിട്ടുള്ള പ്രശസ്തയായ കവിയാണ് രുപി കൗർ. പക്ഷേ സാമ്പ്രദായിക സാഹിത്യലോകത്ത് ഇത്രയധികം തുച്ഛീകരണവും നിന്ദയും ഏറ്റുവാങ്ങിയ മറ്റൊരു കവി ഉണ്ടാകില്ല.
കോടിക്കണക്കിന് പുസ്തക കോപ്പികൾ വിറ്റഴിച്ചിട്ടുള്ള പ്രശസ്തയായ കവിയാണ് രുപി കൗർ. പക്ഷേ സാമ്പ്രദായിക സാഹിത്യലോകത്ത് ഇത്രയധികം തുച്ഛീകരണവും നിന്ദയും ഏറ്റുവാങ്ങിയ മറ്റൊരു കവി ഉണ്ടാകില്ല.

കോടിക്കണക്കിന് പുസ്തക കോപ്പികൾ വിറ്റഴിച്ചിട്ടുള്ള പ്രശസ്തയായ കവിയാണ് രുപി കൗർ. അവരുടെ കൃതികൾ എഴുപതിൽ അധികം ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. പക്ഷേ സാമ്പ്രദായിക സാഹിത്യലോകത്ത് ഇത്രയധികം തുച്ഛീകരണവും നിന്ദയും ഏറ്റുവാങ്ങിയ മറ്റൊരു കവി ഉണ്ടാകില്ല. അവരുടെ കവിതകളിൽ കവിത മാത്രമില്ല എന്നാണ് പൊതു അഭിപ്രായം. ആശയചോരണം പോലും അവരിൽ ആരോപിക്കപ്പെടുന്നുണ്ട്. പക്ഷേ അവരുടെ കോടികൾ വരുന്ന വായനക്കാർക്ക് എന്തായാലും ഇതിന് വിരുദ്ധമായ അഭിപ്രായം ആയിരിക്കുമല്ലോ. അവരുടെ കൃതികളിൽ ജനത്തെ ആകർഷിക്കുന്ന ഘടകങ്ങൾ ഉണ്ടെന്നതിൽ തർക്കമില്ല. നിലവാരം കുറഞ്ഞത് എന്ന് പറയപ്പെടുന്ന രചനകൾക്ക് പ്രചാരം ലഭിക്കുന്നതും വായനക്കാർ കൂടുന്നതും അവ വൻതോതിൽ വിറ്റഴിക്കപ്പെടുന്നതും മലയാള സാഹിത്യ ലോകത്തും വലിയ ചർച്ചാവിഷയമാണ്. ഇത്തരം മോശം കൃതികൾ കൂടുതലായി വായനക്കാരിൽ എത്തുന്നത് മൂല്യച്യുതി ഉണ്ടാക്കും എന്ന് അഭിപ്രായങ്ങൾ ഉണ്ട്. പക്ഷേ നിലവാരം കുറഞ്ഞ കൃതികളുടെ പ്രചാരം ഒരിക്കലും നല്ല കൃതികൾ സൃഷ്ടിക്കപ്പെടുന്നതിനോ വിതരണം ചെയ്യപ്പെടുന്നതിനോ തടസ്സമാകുന്നില്ല. പതുക്കെപ്പതുക്കെ ആണെങ്കിലും അത്തരം കൃതികൾ വായനക്കാരെ കണ്ടെത്തുക തന്നെ ചെയ്യും. പുസ്തകങ്ങൾ ഈ മുതലാളിത്ത ലോകത്ത് സർഗ്ഗാത്മക ആവിഷ്കാരങ്ങളെക്കാൾ വിപണന വസ്തുക്കളാണ്. ലാഭം കൂടുതൽ ഉണ്ടാകുന്ന വിൽപ്പന ചരക്കുകൾ സ്വാഭാവികമായും പ്രോത്സാഹിപ്പിക്കപ്പെടും. അത് വ്യവസ്ഥയുടെ പ്രശ്നമാണ്.

ലോകത്ത് ഒരിക്കലും രണ്ടു വ്യക്തികൾക്ക് ഒരു കാര്യം ഒരേ അനുഭവം ആയിരിക്കില്ല നൽകുന്നത്. എന്റെ നീല ആയിരിക്കില്ല നിങ്ങളുടെ നീല. എന്റെ പ്രണയം ആയിരിക്കില്ല നിങ്ങളുടെ പ്രണയം. ഞാൻ ആസ്വാദ്യകരം എന്ന് കരുതുന്നത് നിങ്ങൾക്ക് അരോചകം ആയിരിക്കും.

ഈ സാങ്കേതികതയ്ക്കെല്ലാം അപ്പുറത്ത് കവിതയിൽ അർത്ഥം നിർമ്മിക്കുന്നത് രസകരമായ ഒരു പ്രവൃത്തിയാണ്. ഒരു കാര്യത്തിന്, അതൊരു വസ്തുവോ അനുഭവമോ, വികാരമോ, നിരീക്ഷണമോ ആയിക്കോട്ടെ ചുരുങ്ങിയ വാക്കുകളാൽ മുൻപ് ഇല്ലാതിരുന്ന ഒരു വിശദീകരണം നൽകുന്നതാണ് കവിത എന്നൊരു പൊതു അഭിപ്രായമുണ്ട്. കവിതയെ ഇങ്ങനെ സമീപിച്ചാൽ ഒരു കവിയെ സംബന്ധിച്ചിടത്തോളം സാധ്യതകളുടെ അനന്തതയാണ് മുന്നിൽ. എമിലി ഡിക്കിൻസൺ, പ്രതീക്ഷ തൂവലുകളുള്ള ആത്മാവിൽ കുടിയിരിക്കുന്ന ഒന്നാണെന്ന്' എഴുതി. പക്ഷേ കെയ്റ്റ്ലിൻ സെയ്ഡ, അല്ല എമിലീ, പ്രതീക്ഷ അഴുക്കുചാലിൽ വസിക്കുന്ന ഒരു എലിയാണ് എന്ന് അതിന് മറുപടിയായി എഴുതി. ലോകത്ത് ഒരിക്കലും രണ്ടു വ്യക്തികൾക്ക് ഒരു കാര്യം ഒരേ അനുഭവം ആയിരിക്കില്ല നൽകുന്നത്. എന്റെ നീല ആയിരിക്കില്ല നിങ്ങളുടെ നീല. എന്റെ പ്രണയം ആയിരിക്കില്ല നിങ്ങളുടെ പ്രണയം. ഞാൻ ആസ്വാദ്യകരം എന്ന് കരുതുന്നത് നിങ്ങൾക്ക് അരോചകം ആയിരിക്കും. ഈ വ്യത്യസ്തതകളെ, സ്വതന്ത്രത്വത്തെ, വ്യക്തിപരതയെ പുതിയ ഭാഷ നൽകി സംവേദനക്ഷമമാക്കുന്നതിലാണ് കവിയുടെ മിടുക്ക്.

എമിലി ഡിക്കിൻസൺ, പ്രതീക്ഷ തൂവലുകളുള്ള ആത്മാവിൽ കുടിയിരിക്കുന്ന ഒന്നാണെന്ന്' എഴുതി. പക്ഷേ കെയ്റ്റ്ലിൻ സെയ്ഡ, അല്ല എമിലീ, പ്രതീക്ഷ അഴുക്കുചാലിൽ വസിക്കുന്ന ഒരു എലിയാണ് എന്ന് അതിന് മറുപടിയായി എഴുതി.
എമിലി ഡിക്കിൻസൺ, പ്രതീക്ഷ തൂവലുകളുള്ള ആത്മാവിൽ കുടിയിരിക്കുന്ന ഒന്നാണെന്ന്' എഴുതി. പക്ഷേ കെയ്റ്റ്ലിൻ സെയ്ഡ, അല്ല എമിലീ, പ്രതീക്ഷ അഴുക്കുചാലിൽ വസിക്കുന്ന ഒരു എലിയാണ് എന്ന് അതിന് മറുപടിയായി എഴുതി.

ഈ വ്യത്യസ്തതകൾ നിരീക്ഷിച്ച് കണ്ടെത്താനും അധ്വാനം ആവശ്യമാണ്. ചുറ്റുമുള്ള ലോകത്തേക്ക് ആയിരം കണ്ണുകളും പതിനായിരം കാതുകളും തുറന്നു വെച്ചിരിക്കണം. അത്രതന്നെ അവനവന്റെ ഉള്ളിലേക്കും വേണം. എല്ലാ എഴുത്തുകാരും ആർട്ടിസ്റ്റുകളും കടന്നുപോകുന്ന ഒരു വിഷമഘട്ടമാണല്ലോ ക്രിയേറ്റീവ് ബ്ലോക്ക്. പുതുതായി ഒന്നും സൃഷ്ടിക്കാൻ കഴിയാത്ത അവസ്ഥ. എനിക്ക് വ്യക്തിപരമായി ആ സ്ഥിതി വരുന്നത് പുതുതായി ഒന്നും നിരീക്ഷിച്ചു കണ്ടെത്താൻ പറ്റാത്തപ്പോഴാണ്. കല്ല് വെറും കല്ലായി തന്നെ കിടക്കും. പുറത്ത് ഇറങ്ങുമ്പോഴോ ബസിൽ യാത്ര ചെയ്യുമ്പോഴോ കേൾക്കുന്ന സംഭാഷണ ശകലങ്ങൾ എല്ലാം തന്നെ കേവല അർത്ഥം മാത്രമേ നിർമ്മിക്കൂ, കവിത നിർമ്മിക്കില്ല. അപ്പോഴും ഞാൻ എഴുതും, പക്ഷേ എഴുതുന്നതൊക്കെ വളരെ മോശം കവിതകൾ ആയിരിക്കും.

ഓരോ സാഹചര്യങ്ങളിലും എനിക്ക് എന്താണ് തോന്നുന്നത്, എനിക്ക് എന്താണ് സംഭവിക്കുന്നത് എന്നതിന് ഒരു ഉൾക്കാഴ്ച വേണം. ആ തോന്നൽ ആദ്യമായി വരുന്ന ഒരു മനുഷ്യൻ ഞാനല്ല എന്നുള്ള ജ്ഞാനം ഉണ്ടാകണം. അനുഭവങ്ങൾ, പശ്ചാത്തലങ്ങൾ, കാഴ്ചപ്പാടുകൾ എന്നിവ വ്യത്യസ്തമായിരിക്കുമ്പോഴും മനുഷ്യരുടെ അടിസ്ഥാന വികാരങ്ങൾ ഒന്നായിരിക്കും. ഒരു അമേരിക്കക്കാരനോ ഇന്ത്യക്കാരനോ സവർണനോ ദലിതനോ ആയിക്കൊള്ളട്ടെ, കോപം, വിരഹം, പ്രണയനഷ്ടം എന്നിങ്ങനെയുള്ള അടിസ്ഥാന വികാരങ്ങൾ സമാനമായിരിക്കും. ഈ അടിസ്ഥാന വികാരങ്ങളിലേക്കാണ് കവിത വായിക്കുന്ന മനുഷ്യൻ സ്വയം ബന്ധിപ്പിക്കുന്നത്. അപ്പോഴാണ് തികച്ചും വ്യക്തിപരം എങ്കിലും കവിത ഒരു സർവ്വലൗകിക സ്വഭാവം കൈവരിക്കുന്നത്. ലോകത്തെ എല്ലാ മനുഷ്യർക്കും ദുഃഖമുണ്ട്. അവരുടെ ദുഃഖത്തിന് ശമനം ആവശ്യമാണ്. നല്ല കവിത ഈ ദുഃഖത്തെ സാധുവാക്കുന്നു, അതിലൂടെ ആശ്വാസം നൽകുന്നു.

കെയ്റ്റ്ലിൻ സെയ്ഡ
കെയ്റ്റ്ലിൻ സെയ്ഡ

ഒരു കവിതയുടെ ശക്തി അതിൽ അടങ്ങിയിരിക്കുന്ന സത്യങ്ങളാണ്. എഴുത്ത് ഫലപ്രദമാക്കാൻ ഓരോ എഴുത്തുകാരും ചെയ്യേണ്ട കാര്യം അവരവരോടും മറ്റുള്ളവരോടും സത്യസന്ധത പുലർത്തുക എന്നുള്ളതാണ്. അസത്യങ്ങൾ നല്ല വായനക്കാർക്ക് തിരിച്ചറിയാൻ സാധിക്കും. എഴുത്തിലെ ഫിലോസഫി, രാഷ്ട്രീയം എന്നീ ഘടകങ്ങളിലാണ് ഈ സത്യസന്ധതയുടെ ചോദ്യം ഉയരുന്നത്. നമ്മൾ ഇത്രയും കാലം ഈ ലോകത്ത് മനുഷ്യരിൽ ഒരാളായി ജീവിച്ചതിൽ നിന്നും ആർജ്ജിച്ചെടുത്ത അനുഭവങ്ങളുടെയും അറിവിന്റെയും ആകെത്തുക ആയിരിക്കുമല്ലോ നമ്മുടെ ജീവിത വീക്ഷണം. അതാണ് പിന്നീട് നമ്മുടെ രചനകളുടെ ഫിലോസഫി ആയി മാറുന്നത്.

വൈവിധ്യങ്ങളെ അംഗീകരിക്കുകയോ ആരായുകയോ ചെയ്യാതിരിക്കുമ്പോൾ താരതമ്യേന മോശം കൃതികൾ ഉണ്ടാകുന്നു. കോട്ടങ്ങൾ നിലനിൽക്കുന്ന സ്ഥിരസങ്കല്പങ്ങളെ പിൻപറ്റുന്നത് സാഹിത്യത്തെ ഒരു തരത്തിലും സഹായിക്കില്ല, മുന്നോട്ട് നയിക്കുകയുമില്ല.

ഉദാഹരണം പറഞ്ഞാൽ, അറിഞ്ഞോ അറിയാതെയോ, യഥാർത്ഥ ജീവിതത്തിൽ നമ്മൾ വെറുക്കുന്ന ഗുണങ്ങളാകും നമ്മുടെ പ്രതിനായകർക്ക് ഉണ്ടാകുക. ലോകത്തെ കുറിച്ചും മറ്റു മനുഷ്യരെ കുറിച്ചും വ്യത്യസ്ത വ്യവസ്ഥിതികളെ കുറിച്ചും ഉള്ള നമ്മുടെ കാഴ്ചപ്പാട് എത്ര ഒളിപ്പിച്ചു വെച്ചാലും നമ്മുടെ കൃതികളിൽ കൃത്യമായി പ്രതിഫലിക്കും. സ്വയം വിശ്വസിക്കാത്ത, എന്നാൽ പൊതുവേ സ്വീകരിക്കപ്പെടുന്ന രാഷ്ട്രീയവും ഫിലോസഫിയും കലയിൽ കുത്തി നിറയ്ക്കാൻ ശ്രമിച്ചാൽ ഏച്ചുകെട്ടിയതു പോലെ ഇരിക്കുന്നത് ഈ കാരണത്താലാണ്. ഒരു സ്ത്രീവിരുദ്ധനായ വ്യക്തി നോവൽ എഴുതിയാലോ സിനിമ ചെയ്താലോ അതിൽ സ്ത്രീവിരുദ്ധത കടന്നുവരുന്നത് വളരെ സ്വാഭാവികമായാണ്. സവർണതയിൽ അഭിരമിക്കുന്ന ഒരു വ്യക്തിയുടെ കല സവർണമായി പോകുന്നതിൽ അത്ഭുതപ്പെടാനില്ല. ആളുകളുടെ പിന്തിരിപ്പൻ രാഷ്ട്രീയമോ അരാഷ്ട്രീയതയോ കലയിൽ കടന്നു കൂടുന്നതിന് പ്രത്യേക അധ്വാനം ആവശ്യമില്ല. അതേപോലെ നമ്മൾ ഫെമിനിസ്റ്റ് ആണോ, മനുഷ്യരുടെ തുല്യതയിൽ വിശ്വസിക്കുന്നുണ്ടോ എങ്കിൽ നമ്മൾ നിർമ്മിക്കുന്ന കലയിൽ സ്വാഭാവികമായും അവ കടന്നുവരും. നിങ്ങൾ മാനവിക മൂല്യങ്ങളിൽ വിശ്വസിക്കുന്ന ആളാണെങ്കിൽ നിങ്ങളുടെ കവിത അതേ മാനവിക മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്നവ ആയിരിക്കും. നിങ്ങളുടെ രാഷ്ട്രീയത്തിൽ വ്യാജമുണ്ടെങ്കിൽ അതും തെളിഞ്ഞു വരും.

സാഹിത്യം സാർവത്രികമാകുമ്പോഴും അതിന് വ്യക്തിപരതയുടെ ഒരു തലം ഉണ്ടല്ലോ. അതിനെ അതിന്റേതായ രീതിയിൽ മനസിലാക്കാനും വിശദീകരിക്കാനും ആശയത്തെ അടിസ്ഥാനപ്പെടുത്തി ചില ഉപവിഭാഗങ്ങൾ തരംതിരിക്കപ്പെട്ടിട്ടുണ്ട്. ആഫ്രിക്കൻ അമേരിക്കൻ സാഹിത്യം, പെണ്ണെഴുത്ത്, ദലിത് സാഹിത്യം ഇതൊക്കെ ചില ഉദാഹരണങ്ങളാണ്. പക്ഷേ ഈ കള്ളികളുടെ വാർപ്പുമാതൃകകളെ മാത്രം പിന്തുടർന്നാൽ നല്ല കൃതികൾ ഉണ്ടാവില്ല. വലിയ ഉപസമൂഹങ്ങളുടെ ഭാഗമാകുമ്പോൾ പോലും സവിശേഷമായ ജീവിതങ്ങളാണ് നമുക്കുള്ളത്. ലിംഗപദവി, ജാതി, മതം, സാമ്പത്തിക വർഗം എന്നിങ്ങനെ പല സ്വത്വങ്ങളുടെയും ആകെത്തുകയാണ് നമ്മുടെ ജീവിതവും അനുഭവങ്ങളും. ഇത്തരം വൈവിധ്യങ്ങളെ അംഗീകരിക്കുകയോ ആരായുകയോ ചെയ്യാതിരിക്കുമ്പോൾ താരതമ്യേന മോശം കൃതികൾ ഉണ്ടാകുന്നു. കോട്ടങ്ങൾ നിലനിൽക്കുന്ന സ്ഥിരസങ്കല്പങ്ങളെ പിൻപറ്റുന്നത് സാഹിത്യത്തെ ഒരു തരത്തിലും സഹായിക്കില്ല, മുന്നോട്ട് നയിക്കുകയുമില്ല.

കാണുന്നവന്റെ കാഴ്ച മാത്രമാണ് ആഖ്യാനം, അത് എപ്പോഴും അധികാരപരമായിരിക്കും എന്ന് പ്രദീപൻ പാമ്പിരിക്കുന്ന് നിരീക്ഷിക്കുന്നുണ്ട്.
കാണുന്നവന്റെ കാഴ്ച മാത്രമാണ് ആഖ്യാനം, അത് എപ്പോഴും അധികാരപരമായിരിക്കും എന്ന് പ്രദീപൻ പാമ്പിരിക്കുന്ന് നിരീക്ഷിക്കുന്നുണ്ട്.

സർഗ്ഗാത്മകതക്കും അപ്പുറമാണ് അധികാരത്തെ സംബന്ധിക്കുന്ന ചോദ്യം. സാഹിത്യത്തിൽ സൃഷ്ടി മുതൽ സ്വീകാര്യത വരെ അധികാരം വലിയ പങ്കു വഹിക്കുന്നു. ആരാണ് കഥ പറയുന്നത്, എന്തു തരം കഥകളാണ് പറയുന്നത്, എങ്ങനെയാണ് ഈ കഥകൾ കേൾക്കപ്പെടുന്നത് എന്നിങ്ങനെ പലതും തീരുമാനിക്കപ്പെടുന്നത് അധികാരം കയ്യാളുന്ന പലതരം വ്യവസ്ഥിതികളാണ്. കാണുന്നവന്റെ കാഴ്ച മാത്രമാണ് ആഖ്യാനം, അത് എപ്പോഴും അധികാരപരമായിരിക്കും എന്ന് പ്രദീപൻ പാമ്പിരിക്കുന്ന് നിരീക്ഷിക്കുന്നുണ്ട്. ഇവിടുത്തെ പാർശ്വവൽക്കരിക്കപ്പെട്ട സമൂഹങ്ങൾ എഴുത്ത് എന്ന ജ്ഞാനാധികാരത്തിലേക്ക് എത്തിപ്പെടാൻ ഒരുപാട് വെല്ലുവിളികൾ നേരിടുന്നുണ്ട്. അതിൽ ഒന്ന് സ്വാഭാവികമായും വിഭവങ്ങളുടെ അഭാവമാണ്. സാമൂഹികവും സാംസ്കാരികവും പിതൃപാരമ്പര്യപരവുമായ പ്രിവിലേജുകളുടെ ഏറ്റക്കുറച്ചിൽ എഴുത്തു ജീവിതങ്ങളെ കാര്യമായി ബാധിക്കുന്നു. ഇവിടുത്തെ പ്രമുഖ ആഖ്യാനങ്ങളെല്ലാം കൈകാര്യം ചെയ്യുന്നത് പ്രബല വിഭാഗങ്ങളാണ്. അവർ നിർമ്മിച്ചിട്ടുള്ള സങ്കല്പങ്ങളെ വെട്ടിത്തെളിച്ചുകൊണ്ടാണ് മറ്റുള്ളവർ സ്വന്തം ശബ്ദം കണ്ടെത്തുന്നത്.

ആസ്വാദനം എന്ന പ്രക്രിയ പല അധികാരബന്ധങ്ങളിൽ തട്ടി തടഞ്ഞാണ് നടക്കുന്നത്. അതിൽ എഴുത്തുകാരന്റെ ജാതിലിംഗവർണവർഗ്ഗ സ്വത്വങ്ങൾക്കും വിമർശകന്റെയും വായനക്കാരന്റെയും സ്വത്വങ്ങൾക്കും വലിയ പങ്കുണ്ട്.

ഇന്ത്യയിലെ സ്ഥിതി വിചിത്രമാണ്. ഇവിടെ എഴുത്തും വായനയും അറിവധികാരവും ഒരു കാലം വരെ ബ്രാഹ്മണർക്ക് മാത്രമായി സംവരണം ചെയ്യപ്പെട്ടിരുന്നു. പുസ്തകങ്ങളും വേദങ്ങളുമൊക്കെ മനുഷ്യന്റെ അധ്വാനമായല്ല, ദൈവത്തിൽ നിന്ന് വരുന്നതായാണ് കണ്ടിരുന്നത്. അതിന്റെ അനന്തരഫലമെന്നോണം ഇന്നും എഴുത്തുകാരും വായനക്കാരും തമ്മിൽ ഉള്ളത് ഒരു ഫ്യൂഡൽ ബന്ധമാണ്. സിനിമയെയോ സംഗീതത്തെയോ വിമർശിക്കുന്നതുപോലെ സ്വതന്ത്രമായി പുസ്തകങ്ങളെ ആളുകൾ വിമർശിക്കാറില്ല. ഒരു സാഹിത്യകൃതി വായിച്ചിട്ട് മനസ്സിലാക്കാനോ ആസ്വദിക്കാനോ പറ്റിയില്ലെങ്കിൽ അത് എഴുത്തുകാരന്റെ പ്രശ്നമായല്ല, വായനക്കാരന്റെ അജ്ഞതയായാണ് കണക്കാക്കപ്പെടുക. എന്നാൽ എഴുത്തുകാരൻ ഏതെങ്കിലും കീഴാള വിഭാഗത്തിൽ പെട്ട ആളാണെങ്കിൽ ഈ വ്യവസ്ഥ നേരെ തിരിയും. അതുകൊണ്ട് ഇവിടെ ആസ്വാദനം എന്ന പ്രക്രിയ പല അധികാരബന്ധങ്ങളിൽ തട്ടി തടഞ്ഞാണ് നടക്കുന്നത്. അതിൽ എഴുത്തുകാരന്റെ ജാതിലിംഗവർണവർഗ്ഗ സ്വത്വങ്ങൾക്കും വിമർശകന്റെയും വായനക്കാരന്റെയും സ്വത്വങ്ങൾക്കും വലിയ പങ്കുണ്ട്. എഴുത്തോ ആസ്വാദനമോ ഇവിടെ നിഷ്കളങ്കമായ പ്രവൃത്തികളല്ല, പല നിലയിലുള്ള, പല അടരുകളുള്ള അധികാരപ്രകടനങ്ങളാണ്. ഈ അധികാരപ്രകടനങ്ങളെ മുഖവിലക്കെടുത്തു മാത്രമേ നല്ല കവിതയേത് മോശം കവിതയേത് എന്ന ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്താനാകൂ.


Summary: Following the recent discussions on Malayalam poetry regarding KR Tony's poem "Jiji," Aleena explores the grey area between good and bad poetry.


അലീന

കവി, മോഡൽ. സിൽക്ക്​ റൂട്ട്​ എന്ന കവിതാ സമാഹാരം പ്രസിദ്ധീകരിച്ചിട്ടുണ്ട്​.

Comments