ക്ഷേമ കെ. തോമസ്

ആനന്ദത്തിന്റെ
ഭൂമിവാതുക്കൽ

സാറാ ജോസഫിന്റെ ആളോഹരി ആനന്ദം എന്ന ​നോവലിലൂടെ സഞ്ചരിക്കുകയാണ് കവി ക്ഷേമ കെ. തോമസ്.

ലയാള നോവൽ ശാഖയിലെ ഏറ്റവും ശക്തമായ സ്​ത്രീസാന്നിദ്ധ്യമാണ് സാറാ ജോസഫ്. വളരെ കരുത്തുറ്റതും അതേസമയം ജീവിതാസക്തിയിൽ അഭിരമിക്കുന്നവരുമായ സ്​ത്രീകഥാപാത്രങ്ങളാണ് സാറാ ജോസഫിന്റെ നോവലുകളുടെ കാതൽ. മികവാർന്നതും താൽപര്യജനകവുമായ ആഖ്യാനശൈലി ഓരോ നോവലും റ്റെയിരുപ്പിൽ നമ്മെക്കൊണ്ട് വായിപ്പിക്കാൻ പ്രാപ്തമാണ്.

ശക്തമായ കഥാപാത്രങ്ങളാലും സുന്ദരമായ വൈകാരിക മുഹൂർത്തങ്ങളാലും ആകർഷകമാ ക്കപ്പെട്ട നോവലാണ് സാറാ ജോസഫിന്റെ ആളോഹരി ആനന്ദം. മണ്ണിൻ തറവാടിന്റെ ഇടനാഴികളിലൂടെ സഞ്ചരിച്ച് ഓരോ കഥാപാത്രത്തിന്റെയും ബോധ- ഉപബോധ മനസ്സുകൾ അപഗ്രഥിച്ച് ഒരു തലമുറയുടെ ചരിത്രം നമുക്കുമുന്നിൽ തുറന്നിടുകയാണ് ഈ നോവലിലൂടെ സാറാ ജോസഫ്. ഇത് ഉപരിപ്ലവമായ ഒരു സഞ്ചാരമല്ല, മറിച്ച് ഓരോ വ്യക്തിയുടേയും വികാരങ്ങൾ, മാനസിക ഭാവങ്ങൾ, ഇന്ദ്രിയാനുഭൂതികൾ, ഉർവ്വരതകൾ, വരൾച്ചകൾ, ചാപല്യങ്ങൾ എല്ലാം അതേ അളവിൽ അനുഭവിപ്പിച്ച് നടത്തുന്ന ഒരു യാത്രയാണ്. കറിവേപ്പിലയുടെ സുഗന്ധവും മണ്ണിന്റെ ഗന്ധവും പോളിന് നൽകുന്ന ഉന്മാദം, ഓരോ പ്രണയപുസ്​തകവും അനുവിന് നൽകുന്ന ആത്മഹർഷം, ലെസ്​ബിയൻ ബന്ധങ്ങ ളിൽ തെരേസ അനുഭവിക്കുന്ന അനുഭൂതി, ഭക്ഷണത്തിന്റെ രുചിയും ഗന്ധവും ഇഷാനയ്ക്ക് നൽകുന്ന സംതൃപ്തി എന്നിങ്ങനെ ഓരോ കഥാപാത്രവും അനുഭവിയ്ക്കുന്ന വ്യത്യസ്​തമായ ആനന്ദം നാമും അനുഭവിക്കുന്നു.

പോളിന്റെയും തെരേസയുടെയും ഇരുപത് വർഷത്തെ വിരസമായ ദാമ്പത്യജീവിതം ഒരേ കൂരയ്ക്കു കീഴിൽ താമസിയ്ക്കുന്ന തീർത്തും അപരിചിതരായവർ, പരസ്​പരം ഒന്നും പകർന്നു നൽകാനാവാത്തവർ, ഔപചാരികമായ വാക്കുകൾക്കുള്ളിൽ ഒതുങ്ങുന്ന സംഭാഷണങ്ങളിൽ ചുരുങ്ങിപ്പോയവർ – പോളിന്റെയും തെരേസയുടെയും ജീവിതത്തെ കാർന്നുതിന്നുന്ന വരൾച്ച നമ്മുടേതുമാകുന്നു. ഒട്ടും താൽപര്യത്തോടെയല്ല തെരേസ പോളുമായുള്ള വിവാഹത്തിന് തയ്യാറായത്. തെരേസയെ നിർബന്ധപൂർവ്വം വിവാഹമെന്ന തടവിലകപ്പെടുത്തുകയായിരുന്നു. വിവാഹശേഷം ആഴ്ചകളും മാസങ്ങളും കഴിഞ്ഞിട്ടും തെരേസ പോളിനെ നിഷേധിച്ചുകൊണ്ടിരുന്നു. ഒരു കൂരയ്ക്കു കീഴിലെ ജിവിതം ആരെയും പരസ്​പരം പ്രിയപ്പെട്ടവരാക്കിയെന്നുവരില്ല. പോളിന്റെ കുടുംബ ബന്ധങ്ങളിൽ സജീവമായി ഇടപെട്ടുകൊണ്ട് പോളിന്റെ ബന്ധുജനങ്ങൾക്കിടയിൽ തെരേസ പ്രിയപ്പെട്ടവളായി. ഒരു നാടകത്തിലെ അഭിനേതാക്കളെപോലെയായിരുന്നു അവർ. ആളുകൾക്കിടയിൽ അവരവരുടെ ഭാഗം ഭംഗിയായി അഭിനയിച്ചു തീർത്തു.

പരസ്​പരം പൂർണ്ണമായും പൂരിപ്പിക്കുന്നതാണ് അനുവിന്റെയും പോളിന്റെയും പ്രണയം. ആത്മാവ് ആത്മാവിനെ സ്​പർശിക്കുന്ന, വിരൽത്തുമ്പുകളിൽപോലും വൈദ്യുതി പ്രവഹിപ്പിക്കുന്ന തികച്ചും അനുഭൂതിദായകമായ പ്രണയം. ഭൂമി മുഴുവൻ സുഗന്ധം പരത്തുന്ന ഒരു കെട്ടു കറിവേപ്പിലയാണ് പോൾ അവൾക്ക് ആദ്യമായി സമ്മാനിച്ചത്. അവൾക്കത് ആത്മാവിന്റെ സുഗന്ധമായി, ഭൂമിവാതുക്കലിൽ തളിരിട്ട കറിവേപ്പില. ഭൂമിവാതുക്കൽ ഉർവ്വരമായ ഭൂമിയിലേക്കുള്ള പ്രവേശനകവാടമാണ്.

എല്ലാ ജീവജാലങ്ങൾക്കും അവകാശികളാകാവുന്ന ആ ഭൂമിയുടെ കാവൽക്കാരനാണ് പോൾ. മൺമനസ്സിനെയും പെൺമനസ്സിനെയും ഇത്രയുമഗാധമായി ഉൾക്കൊള്ളാൻ മറ്റാർക്കുമാവില്ല. അനുവിന്റെ മാഞ്ഞുപോയ ചിരികൾ അവനിലൂടെ തിരിച്ചെത്തി. കെട്ടുപോയ കൺതിളക്കങ്ങൾ കത്തിജ്വലിച്ചു. വിളറിപ്പോയ ചുണ്ടുകൾ പനിനീർപൂക്കളായി, കവിളിണകൾ ചെന്താമരകളായി. കൊച്ചുത്രേസ്യ അൽഭുതത്തോടെ നോക്കിനിന്നതുപോലെ ദിവസംതോറും അവളുടെ സൗന്ദര്യം വർദ്ധിച്ചുവന്നു. അവളൊരു തളിർമരമായി... പൂമരമായി... അവളിലെ അവളായി.

മാധവിക്കുട്ടിയുടെ ചന്ദനമരങ്ങൾക്കുശേഷം മലയാള നോവലിൽ ലെസ്​ബിയൻ ബന്ധം ഇത്രയും ശക്തമായ രീതിയിൽ ആവിഷ്കരിച്ചിട്ടുള്ളത് ആളോഹരി ആനന്ദത്തിലാണ്.

തുറിച്ചുനോക്കുന്ന നൂറായിരം കണ്ണുകളുടെ തീക്ഷ്ണത തിരിച്ചുപോകൂ.... എന്ന് പറയാൻ പോളിനെ പ്രേരിപ്പിക്കുന്നുണ്ട്. എന്നിട്ടും തിരിച്ചുവരാത്തതെന്ത് എന്ന് ഓരോ ശ്വാസത്തിലും പരവശനാകുന്നു. കരിയിലയനക്കം പോലും അവളുടെ വരവാണെന്നു കരുതി ഹൃദയം കുതിയ്ക്കുന്നു. രാത്രി മുഴുവൻ അവളുടെ പ്രണയപുസ്​തകങ്ങളിൽ അയാൾ ആമഗ്നനാകുന്നു. വാക്കുകളെ ഉമ്മവെയ്ക്കുന്നു. വരികൾക്കിടയിൽ കടലിരമ്പുന്നതും മരങ്ങൾ പൂക്കുന്നതും കാണുന്നു. എന്നിട്ടും ആഴവും കടലുമായവളെ അവൻ തിരിച്ചയച്ചു. കഥാകാരി പറയുന്നതുപോലെ ആർക്കും ഒരു ഗുണവും വരുത്താത്ത തുരുമ്പിച്ച ഒരു ഘടന നിലനിർത്താൻവേണ്ടി. പൂർണമായ മനസ്സോടും സ്വതന്ത്രമായ ആത്മാവോടും കൂടിയാണ് ഭൂമിവാതുക്കലേക്ക് അവൾ വന്നത്. ഒരു വേര് മണ്ണുതുളച്ച് വെള്ളം തേടിയെത്തുന്നപോലെ സങ്കീർണമായിട്ട്. ഭൂമിവാതുക്കൽ ഒരു പറുദീസയായിരുന്നു. പച്ചപ്പിന്റെ പറുദീസ. കറിവേപ്പിലയും ഇഞ്ചിയും നാരകവുമൊക്കെ സുഗന്ധം പരത്തുന്ന ഭൂമി. അതിനപ്പുറമാണ് കത്തുന്ന പുറം ലോകം. അവിടെനിന്നാണ് അവൾ വന്നത്. ശാന്തിയുടെ കുളിർമണ്ണിലേക്ക്. നനഞ്ഞ മണ്ണിൽ നഗ്നപാദങ്ങളൂന്നിയാണ് അവൾ നടന്നത്. ഭൂമിയെ അറിയാൻ. കോടാനുകോടി ജന്തുക്കളുടെ മിടിപ്പുകൾ ഉള്ളം കാലിലണിഞ്ഞ് അവളെത്തിയത് ദാഹിക്കുന്നവന്റെ മുമ്പിൽ ഒരു കുമ്പിൾ വെള്ളം പോലെയാണെന്ന് പോൾ പറയുന്നു. അവൾക്കാകട്ടെ അവനൊരു തടാകമായിരുന്നു. അവളതിൽ ആണ്ടുമുങ്ങി. അകവും പുറവും കഴുകി, ജ്ഞാനസ്നാനം പോലെ. അനുവും പോളും തമ്മിൽ കാണുന്ന നിമിഷങ്ങൾ സുഗന്ധപൂരിതങ്ങളാണ്. കറിവേപ്പിലയുടെ, പേരയ്ക്കയുടെ, മപ്പിന്റെ, നനഞ്ഞ വൈക്കോലിന്റെ ഒക്കെയും ഗന്ധങ്ങൾ നിറഞ്ഞു തുളുമ്പുന്നതാണ് അവരുടെ സംഗമനിമിഷങ്ങൾ.

സാറാ ജോസഫ്
സാറാ ജോസഫ്

അമ്മുവും തങ്കവും – അനുവിന്റെ സഹോദരിമാർ – ഫോണിലൂടെ ഒഴുകിയെത്തുന്ന അവളുടെ ശബ്ദത്തിലെ അപകടകരമായ സന്തോഷത്തെ തിരിച്ചറിയുന്നുണ്ട്. മറ്റൊന്നിനും അവളുടെ ശബ്ദത്തെ ഇത്രയേറെ മധുരവും മൃദുലവുമാക്കാൻ കഴിയില്ലെന്ന് അവർ ഭയപ്പെടുന്നു. വ്യവസ്​ഥാപിത ഘടനയിൽ നിന്നുള്ള കുതറൽ കുടുംബബന്ധങ്ങളിൽ ഉണ്ടാക്കിയേക്കാവുന്ന വിള്ളലുകൾ ഇവിടെയും സംഭവിച്ചു. തികച്ചും സംഘർഷപൂരിതമായ കാലങ്ങൾക്കൊടുവിൽ കഥാകാരി അനുവിനെയും പോളിനെയും ഒന്നിപ്പിക്കുകതന്നെ ചെയ്യുന്നു. അത്രമേൽ പരിപൂർണമായ ഒന്നിന് അങ്ങനെയാവാതെ തരമില്ലല്ലോ.

തെരേസയുടേയും രേഷ്മയുടേയും പരസ്​പരബന്ധത്തെ അതിവചാരുതയോടെ കഥാകാരി വരച്ചിട്ടിരിക്കുന്നു. മാധവിക്കുട്ടിയുടെ ചന്ദനമരങ്ങൾക്കുശേഷം മലയാള നോവലിൽ ലെസ്​ബിയൻ ബന്ധം ഇത്രയും ശക്തമായ രീതിയിൽ ആവിഷ്കരിച്ചിട്ടുള്ളത് ഈ നോവലിലാണ്.

തെരേസയുടെ ഗവേഷണ വിദ്യാർത്ഥി രേഷ്മയുടെ വരവോടെ പോൾ ആ വീട്ടിൽ തികച്ചും അനാഥനായി. രേഷ്മയുടേയും തെരേസയുടേയും അടക്കിപ്പിടിച്ച സംസാരവും ചിരിയും കളിയും തെരേസയുടെ മുറിയിൽ നിന്നും കേട്ടുകൊണ്ട് പോൾ പുറത്തിരുന്നു. രേഷ്മയ്ക്കുവേണ്ടി ഏറ്റവും രുചികരമായ ഭക്ഷണപദാർത്ഥങ്ങൾ തെരേസ പാകം ചെയ്തു. ആത്മാവും ശരീരവും പൊള്ളിവേദനി ച്ചുകൊണ്ട് പോൾ തികച്ചും ഒറ്റപ്പെട്ടവനായി ജീവിച്ചു.

സമൂഹം കെട്ടിയേൽപ്പിച്ച സ്​ഥാപകബന്ധങ്ങളിൽ നിന്നും അതിതീവ്രമായ ജൈവിക ബന്ധങ്ങളിലേക്ക് ഓടിയണയുവാനുള്ള മനുഷ്യന്റെ ത്വരയെ തടഞ്ഞുനിർത്താനാവില്ലെന്ന് ആളോഹരി ആനന്ദം എന്ന നോവലിലെ കഥാപാത്രങ്ങൾ സാക്ഷ്യപ്പെടുത്തുന്നു.

രേഷ്മയും തെരേസയും ... പരസ്​പരം നഷ്ട്ടപ്പെട്ടേക്കുമോ എന്ന ആശങ്ക പോലും അവരെ തകർത്തു. ഏതുതരം ബന്ധങ്ങളേയും ഉൾക്കൊള്ളാനാവും വിധം വിശാലമായിരുന്നു പോളിന്റെ മനസ്സ്. ഫ്ളാറ്റുകളും വാടകവീടുകളും രേഷ്മയേയും തെരേസയേയും പുറത്താക്കിയപ്പോൾ പോൾ പൂർണമനസ്സോടെ ഭൂമിവാതുക്കൽ അവർക്കഭയം കൊടുത്തു. അതിന്റെ പേരിൽ സഭ പോളിനെ പുറത്താക്കി. ജോലിക്കാർ ഓരോരോ കാരണങ്ങൾ പറഞ്ഞ് ജോലിക്ക് വരാതായി. വിളഞ്ഞ് പാകമായി നിന്ന നെല്ല് കൊയ്യാൻ കൊയ്ത്തുകാരില്ലാതെ കൃഷി നശിച്ചു.

കൂട്ടിച്ചേർക്കപ്പെട്ട ബന്ധങ്ങൾ അതിരു ഭേദിക്കുകയും ചേരേണ്ടതിനോട് ചേർന്ന് ഒടുവിൽ ഭൂമിവാതുക്കൽ എത്തിച്ചേരുകയും ചെയ്യുന്നു. പോൾ എന്ന മഹാമനസ്​കനായ മനുഷ്യൻ, ഭൂമിവാതുക്കലിന്റെ കാവൽക്കാരൻ ക്രിസ്​തുവിനെപോലെ പുണ്യപാപങ്ങൾ മുഴുവൻ നെഞ്ചിലേറ്റാൻ കുരിശിൽ കൈവിരിച്ചുനിൽക്കുന്നു.

മണ്ണിൽ തറവാടി​ന്റെ ചരിത്രമെഴുതാൻ നിയോഗിക്കപ്പെട്ട റിട്ടയേർഡ് ഹെഡ്മിസ്​ട്രസ്സായ എമ്മ അന്വേഷിച്ചെത്തുന്നത് കുറെ അപ്രിയസത്യങ്ങളിലേക്കാണ്. പെണ്ണെഴുതുന്ന ചരിത്രസത്യങ്ങളെ അംഗീകരിക്കാൻ ആൺമേൽക്കോയ്മയുടെ ദുരഭിമാനം സമ്മതിക്കുന്നില്ല. ചരിത്രം എന്നും ആണി​ന്റേതാണല്ലോ.

മണ്ണിൽ തറവാട്ടിലെ സന്തതികളെ നന്നാക്കിയെടുക്കാൻ അവൾ ആവതും ശ്രമിക്കുന്നു. ഒരു അധ്യാപികയായതുകൊണ്ട് ചൂരലായിരുന്നു പ്രധാന ആയുധം. അങ്ങനെയൊരു മാമ്മോദീസാ ചടങ്ങിന്റെ വേളയിലാണ് ജോൺ മത്തായി, എഴുപത് വയസ്സുള്ള, സാത്വികഭാവമാർന്ന സുന്ദരനായ വൃദ്ധൻ എമ്മയെ കാണുന്നത്. ആ കാഴ്ച്ച ജീവിതത്തിലങ്ങോളം നിലനിർത്താനായി അവർ വിവാഹിതരായി. മദ്യപാനത്തിന്റെ ഉച്ചസ്​ഥായിയിലെത്തി ജീവിതത്തിൽ നിന്നും പുറത്താക്കപ്പെട്ട മനുഷ്യരെ അവരൊരുമിച്ച് ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്നു.

ജനനമായാലും മരണമായാലും വിവാഹമായാലും അതിനെ അങ്ങേയറ്റം സുന്ദരമാക്കിയിട്ടേ ഇഷാനയ്ക്കു വിശ്രമമുള്ളൂ. ഇഷാനയുടെ കാറ്ററിംഗ് സെൻ്ററാകട്ടെ രുചിയുടെ അവസാനവാക്കും. ഇഷാന പോളിന്റെ ഇളയച്ഛന്റെ മകളായിരുന്നു. മണ്ണിൽ തറവാട്ടിലെ ഇളമുറക്കാരിലൊരുവൾ. ഏറ്റവും മികച്ച കച്ചവടതന്ത്രങ്ങളിലൂടെ അവൾ അവളുടെ വഴികളിൽ അഗ്രഗണ്യയായി.

ബൈബിളിലെ സങ്കീർത്തനങ്ങളിൽ ഉപയോഗിച്ചിരിക്കുന്ന ഭാഷയോട് ഏറെ സാമ്യമുള്ളതാണ് ഈ നോവലിലെ പല ഭാഗങ്ങളും. ഇതാകട്ടെ നോവലിലെ സ്​ഥലകാല കഥാസന്ദർഭങ്ങൾക്ക് ഏറെ ഇണങ്ങുകയും ചെയ്യുന്നു. ബൈബിൾ വാക്യങ്ങൾ ദൈവവചനങ്ങളായിരിക്കെ, അതേ തരംഗദൈർഘ്യ മാർന്ന ഇതിലെ വാക്യങ്ങൾ പച്ചയായ മനുഷ്യവികാരങ്ങളുടെ ആഖ്യാനങ്ങളാണ്.

ആൻറീനാ ജോഷിയുടെ മാമ്മോദീസയിൽ ആരംഭിക്കുന്ന നോവൽ ആൻറിനാ ജോഷിയുടെ വിവാഹത്തോടെ അവസാനഘട്ടത്തിലെത്തുന്നു. ഒരു തലമുറയുടെ സംഘർഷഭരിതമായ ചരിത്രം.

സാറാ ജോസഫ്
സാറാ ജോസഫ്

അവർക്കിടയിലെ മനോഹരമായ ബന്ധങ്ങളെയും ജീർണ്ണിച്ചതും യാന്ത്രികവുമായ ബന്ധങ്ങളെയും ഉൾച്ചേർത്തുകൊണ്ട് പൂർണമാക്കുമ്പോൾ ഈ നോവൽ തികച്ചും ജീവിതഗന്ധിയായിത്തീരുന്നു.

സാറാ ജോസഫിന്റെ മറ്റുനോവലുകളിൽ നിന്ന് ഈ നോവലിനെ വ്യത്യസ്​തമാക്കുന്നത് തീവ്രമായ വൈകാരികതയാണ്. മനുഷ്യബന്ധങ്ങൾ എത്രമേൽ അഗാധമായിരിക്കാമെന്നും ഉപരിപ്ലവമായിരിക്കാമെന്നും ഓരോ കഥാപാത്രങ്ങളുടെയും വികാരവിചാരങ്ങളിൽനിന്നും ഉൾക്കൊള്ളാനാവുന്നുണ്ട്. സമൂഹം കെട്ടിയേൽപ്പിച്ച സ്​ഥാപകബന്ധങ്ങളിൽ നിന്നും അതിതീവ്രമായ ജൈവികബന്ധങ്ങളിലേക്ക് ഓടിയണയുവാനുള്ള മനുഷ്യന്റെ ത്വരയെ തടഞ്ഞുനിർത്താനാവില്ലെന്ന് ഈ നോവലിലെ കഥാപാത്രങ്ങൾ സാക്ഷ്യപ്പെടുത്തുന്നു. അതുതന്നെയാണ് ഈ നോവലിന്റെ ശക്തിയും.


Summary: Poet Kshema K. Thomas is traveling through Sarah Joseph's famous malayalam novel Aalohari Anandam.


ക്ഷേമ കെ. തോമസ്

കവി, എഴുത്തുകാരി. പുഴയെ പ്രണയിക്കുമ്പോൾ, സ്വപ്നസാഫല്യങ്ങളുടെ താഴ്വരകൾ, അലകങ്ങളുടെ ആലിംഗനം, കോങ്കണ്ണി എന്നീ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Comments