കാട്, കഥ, കല്യാട്

1940 കളുടെ പകുതി തൊട്ട് 1960- കളാദ്യം വരെ എ.കെ. ചാത്തുക്കുട്ടി നമ്പ്യാർ എഴുതിയ നായാട്ടുകഥകളുടെ സമാഹാരത്തെ പരിചയപ്പെടുത്തുന്നു. നായാട്ടനുഭവകഥകൾ എഴുതുന്നതിനുള്ള പ്രേരണയെന്തായിരുന്നു? സമകാലികർക്കുള്ള വിനോദവായനയല്ല കഥാകാരന്റെ ലക്ഷ്യം. വരാനിരിക്കുന്ന കാലത്തിനായി നായാട്ട് രേഖപ്പെടുത്തുകയാണ്. മലയാളത്തിൽ നായാട്ടനുഭവകഥകൾ ഏറെയുണ്ടെങ്കിലും നായാട്ടുചരിത്രരചന ഒട്ടും സമ്പന്നമല്ല. അനുഭവകഥകൾ എന്നതിനപ്പുറം ചരിത്രരചനയുടെ പ്രമാണസാമഗ്രിയെന്ന നിലയ്ക്ക് നായാട്ടുസ്മരണകൾക്ക് പ്രസക്തിയുണ്ട്.

""അപ്പനു ഒന്നാംതരം ഒരു ശിക്കാറിയാണ്; പ്രകൃതിനിരീക്ഷകനാണ്; എഴുത്തുകാരനാണ്; പട്ടാളക്കാരനാണ്; കൃഷിക്കാരനാണ്; സംഭാഷണചതുരനാണ്; സാഹിത്യരസികനാണ്; ജ്യോതിഷം, ആയുർവ്വേദം, വിഷവൈദ്യം എന്നിവയും ആവശ്യത്തിലധികം സ്വാധീനമായിട്ടുണ്ട്. എല്ലാം തമപ്രത്യയം ചേർത്തുതന്നെ പറയണം. കൂട്ടുകാരോടുകൂടി അല്പം "രസികത്തം' വേണമെങ്കിൽ അതിനും മുമ്പൻ തന്നെ.''

എ.കെ. ചാത്തുക്കുട്ടി നമ്പ്യാർ എന്ന അപ്പനുവിനെക്കുറിച്ച് അദ്ദേഹത്തിന്റെ ഉറ്റമിത്രവും പത്രപ്രവർത്തകനുമായിരുന്ന സി.എച്ച്. കുഞ്ഞപ്പ "സ്മരണകൾ മാത്രം' എന്ന സ്വജീവിതകഥയിൽ സൂചിപ്പിക്കുന്ന ഈ കാര്യങ്ങളിൽ പലതിന്റെയും തെളിവ് ഇവിടെ സമാഹരിച്ചിട്ടുള്ള നായാട്ടനുഭവങ്ങളിൽ കാണാം.

1940 കളുടെ പകുതി തൊട്ട് 1960- കളാദ്യം വരെയാണ് ഈ കഥകളുടെ രചനാകാലം. അവയിൽ ഒന്നൊഴികെയുള്ളവ എഴുതിയ കാലത്തുതന്നെ ആനുകാലികങ്ങളിൽ, പ്രത്യേകിച്ച് മാതൃഭൂമി വാരാന്തപ്പതിപ്പിൽ എ.കെ. എന്ന തൂലികാനാമത്തിൽ, പത്രാധിപരുടെ വെട്ടിച്ചുരുക്കലോടെ പ്രസിദ്ധീകരിച്ചിരുന്നു. അവ പൂർണരൂപത്തിലും, പ്രസിദ്ധീകരിക്കാത്ത ഒരു കഥയും ചേർന്നതാണ് ഈ സമാഹാരം. കൈയെഴുത്തുപ്രതിയാണ് ഇതിന് ആധാരം. വേറെയും കഥകൾ അദ്ദേഹം എഴുതിയിട്ടുണ്ടാവുമെന്നതിന്റെ സൂചന അവസാനം ചേർത്തിട്ടുള്ള കഥയുടെ രണ്ടാം ഭാഗത്തിൽ കാണാം: ""സലാം ശ്രീമൻ. നമസ്‌കാരം ശ്രീമതി. മൂന്നാം ഭാഗം പ്രതീക്ഷിക്കുക.'' എന്നാൽ മറ്റു ഭാഗങ്ങളോ കഥകളോ കണ്ടെടുക്കാനായിട്ടില്ല.

മാതൃഭൂമി വാരാന്തപ്പതിപ്പിൽ പ്രസിദ്ധീകരിചച്ച എ.കെയുടെ നായാട്ടനുഭവങ്ങളിലൊന്ന്.

അപ്പനുവിന്റെ കഥകൾ പുസ്തകരൂപത്തിലാകുന്നത് ഇതാദ്യമായാണെങ്കിലും അതിനുള്ള ശ്രമത്തിന് അരനൂറ്റാണ്ടിലേറെ പഴക്കമുണ്ട്. കഥാകാരൻ തന്നെയാണ് അതിന് തുടക്കമിട്ടത്. പത്രാധിപന്മാരുടെ തിരുത്തലിലും ചിട്ടപ്പെടുത്തലിലുമുള്ള അതൃപ്തിയാണ് ഈ ദിശയിൽ ചിന്തിക്കാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചത്. സമാഹാരത്തിലെ അവസാനത്തെ കഥ പത്രാധിപർ തിരിച്ചയച്ചതാണ്. അതിന് കഥാകാരൻ ചേർത്ത പിൻകുറിപ്പിൽ ""പന്ത്രണ്ട് കഥകൾക്ക് പച്ചക്കൊടി വീശിയ മഹാത്മാവിന് ഇക്കഥയോട് ഇത്ര വൈരാഗ്യം തോന്നാനുള്ള കാരണ''മെന്തെന്ന് അത്ഭുതം കൂറുന്നു, മേലിൽ കഥകൾ പ്രസിദ്ധീകരണത്തിന് അയക്കേണ്ടതില്ലെന്നു തീരുമാനിക്കുന്നു. ""ഇക്കഥയോടു കൂടി അക്കഥ അവസാനിക്കുന്നു. ഇനിയുള്ളത് എനിക്ക് തോന്നുന്നപോലെ എനിക്കു വേണ്ടി ഇപ്പുസ്തകത്തിനു വേണ്ടി എഴുതിയതാണ്. തൊപ്പിക്ക് പാകമാവാൻ വേണ്ടി തല ചെത്തി മിനുസപ്പെടുത്തേണ്ട ഗതികേട് ഇനിയില്ലെന്ന മെച്ചമുണ്ടല്ലൊ.''

അപ്പനുവിന്റെ കഥകൾ വായിക്കാൻ അവസരമുണ്ടായവർ അവ പുസ്തകരൂപത്തിൽ വന്നാൽ നായാട്ടുസാഹിത്യത്തിന് മുതൽക്കൂട്ടാകുമെന്ന് അക്കാലത്തുതന്നെ അഭിപ്രായപ്പെട്ടിരുന്നു. അദ്ദേഹത്തിനൊപ്പം രണ്ട് നായാട്ടുകളിൽ ചേർന്ന എസ്.കെ. പൊറ്റെക്കാട് അപ്പനുവിന്റെ മരണശേഷം അതിന് ഉത്സാഹിക്കുകയുമുണ്ടായി. എന്നാൽ കയ്യെഴുത്തുപ്രതി കണ്ടെത്താനാകാത്തതിനാൽ അന്നത് ഫലവത്തായില്ല.
നായാട്ടുകഥകളുടെ പശ്ചാത്തലം കല്യാടും ചുറ്റുവട്ടവുമാണ്. വടക്കെ മലബാറിലെ ചിറയ്ക്കൽ താലൂക്കിന്റെ തെക്ക്-കിഴക്ക്, കോട്ടയം താലൂക്കിന്റെ വടക്ക്- കിഴക്ക് മൂലകൾ ചേരുന്നിടമാണത്. കിഴക്ക് പശ്ചിമഘട്ടത്തിന്റെ കീഴ്ക്കുന്നുകളും, പടിഞ്ഞാറും വടക്കും ശ്രീകണ്ഠപുരം പുഴയും, തെക്ക് ആയിപ്പുഴയും അതിരിടുന്ന ചെങ്കൽ പീഠഭൂമി. ഇവിടത്തെ ആവാസചരിത്രം മഹാശിലായുഗത്തിലേക്ക് നീളുന്നു.

പ്രസിദ്ധീകരിക്കാതെ തിരിച്ചയച്ച 13-ാമത്തെ കഥയ്ക്ക് കഥാകാരൻ സ്വന്തം കൈപ്പടയിൽ എഴുതിയ പിൻകുറിപ്പ്

കല്യാട് നിന്ന് അധികം അകലെയല്ലാതെ രണ്ട് പുഴയോര അങ്ങാടികളുണ്ട്. മൂന്ന് നാഴിക തെക്ക്-പടിഞ്ഞാറ് ഇരിക്കൂറും ആറു നാഴിക വടക്ക്-പടിഞ്ഞാറ് ശ്രീകണ്ഠപുരവും. രണ്ടും അറബിവ്യാപാരകാലപ്പഴക്കമുള്ള മലഞ്ചരക്ക് കേന്ദ്രങ്ങളാണ്. കല്യാടിലെയും അയൽദേശങ്ങളിലെയും കുരുമുളകും കുടകിൽനിന്നുള്ള വനവിഭവങ്ങളുമായിരുന്നു പ്രധാന വ്യാപാരം. കിഴക്കൻ മലകളിൽ നിന്ന് കാളവണ്ടിപ്പാതകളും ഒറ്റയാൾവഴികളും ഈ അങ്ങാടികളിലേക്കു നീണ്ടു. അവിടെനിന്ന് ചരക്കുതോണികളും ചങ്ങാടം കെട്ടിയ മരത്തടികളും വളപട്ടണം നദീമുഖത്തെത്തി. ഇരിക്കൂറിൽ ആയിപ്പുഴ കുറുകെ കടന്നാൽ കണ്ണൂർ, തലശ്ശേരി എന്നീ തുറമുഖ പട്ടണങ്ങളിലേക്കുള്ള പൊതിക്കാളവഴിയും തുടർന്ന് കാളവണ്ടിപ്പാതയുമായി. കുടകിൽ നിന്ന് നെല്ലും മറ്റു ധാന്യങ്ങളും ഈ പട്ടണങ്ങളിലേക്കും തിരിച്ച് ഉപ്പും ഉണക്കമീനും കുടകിലേക്കും ഇതുവഴി കടന്നുപോയി.

ഇരിക്കൂർ, ശ്രീകണ്ഠപുരം അങ്ങാടികളുടെ ചുക്കാൻ പിടിച്ചത് സമ്പന്നരായ മാപ്പിള വ്യാപാരികളായിരുന്നു. അവർ ചരക്ക് കൈമാറിയത് തീരദേശപട്ടണങ്ങളിലെ കേയിമാപ്പിളമാർക്കായിരുന്നു. സ്വന്തമായി പത്തേമാരികളുണ്ടായിരുന്ന കേയിമാരുടെ കമ്പോളം മദ്ധ്യേഷ്യ മുഴുവൻ വ്യാപിച്ചിരുന്നു. കോലത്തിരി അടക്കമുള്ള നാടുവാഴികൾക്ക് കടം കൊടുക്കാൻ പോലും കെൽപ്പുണ്ടായിരുന്നു കേയിമാർക്ക്. പിന്നീട് ഇംഗ്ലീഷ് കമ്പനിക്കായി ചരക്ക് എത്തിക്കുന്നതിലും അവർ പങ്ക് വഹിച്ചു.

എ.കെ. ചാത്തുക്കുട്ടി നമ്പ്യാർ

കേവലം വ്യാപാരകേന്ദ്രം മാത്രമായിരുന്നില്ല ഇരിക്കൂർ. വടക്കെ മലബാറിന്റെ സൈനിക, കലാപചരിത്രങ്ങളിലും ഈ പ്രദേശത്തിന്റെ അടയാളമുണ്ട്. മൈസൂർ ഭരണാധികാരികളെ പ്രതിരോധിക്കാനായി കണ്ണൂരിൽ നിന്നുള്ള ഇംഗ്ലീഷ് പട്ടാളം 1791 ൽ ചുരത്തിലേക്ക് നീങ്ങിയത് ഇതുവഴിയായിരുന്നു. പഴശ്ശിസമരത്തിന്റെ ശക്തികേന്ദ്രങ്ങളിലൊന്നായിരുന്നു ഈ പ്രദേശം. സമരനേതൃത്വം നമ്പ്യാർജന്മികൾക്കായിരുന്നുവെങ്കിലും മാപ്പിളവ്യാപാരികൾ കുരുമുളകിനു പകരം വെടിമരുന്നും ധാന്യവും നൽകി അവരെ സഹായിച്ചു. കലാപകാരികൾക്ക് താക്കീതായി 1801 ൽ അവരിൽ രണ്ടുപേരെ ഇംഗ്ലീഷ് ഭരണാധികാരികൾ ഇരിക്കൂറിൽ പരസ്യമായി തൂക്കിലേറ്റി. സമരത്തെ നേരിടാനായി 1200 കോൽക്കാരടങ്ങുന്ന നാട്ടുസൈന്യമുണ്ടാക്കി, 100 പേരെ ഇരിക്കൂറിൽ മാത്രം നിയോഗിച്ചു. 1850 കളുടെ തുടക്കത്തിൽ കാർഷിക സമരം വടക്കോട്ടു വ്യാപിച്ചപ്പോൾ ഇരിക്കൂറിലെ വ്യാപാരികൾ അതിനെ പിന്തുണച്ചു. കോട്ടയം താലൂക്കിൽ നിന്നെത്തിയ ചെറുകൂട്ടം മാപ്പിള കുടിയാന്മാരായിരുന്നു കലാപകാരികൾ. 1940 കളിൽ തദ്ദേശീയ കുടിയാന്മാർ കർഷകസംഘത്തിന്റെ നേതൃത്വത്തിൽ അണിനിരന്നു, ഇരിക്കൂറിന് ചുവന്ന ഫർക്ക എന്ന പേര് വന്നു.

കല്യാടിലെയും സമീപപ്രദേശങ്ങളിലെയും കൃഷി- വനഭൂമിയുടെ വലിയൊരു ഭാഗം കല്യാട് താഴത്തുവീട് എന്ന നമ്പ്യാർ കുടുംബത്തിന്റെ ജന്മാധികാരത്തിൻ കീഴിലായിരുന്നു. ഇരിക്കൂർ അങ്ങാടി നിലകൊള്ളുന്ന സ്ഥലത്തിന്റെ ഏറിയ പങ്കും താഴത്തുവീടിന് ഊരാൺമയുള്ള മാമാനിക്കുന്ന് അമ്പലത്തിന്റേതും. താഴത്തുവീടിനായിരുന്നു പാരമ്പര്യമായി അംശാധികാരവും. കുന്നുകളും പുഴകളും വേലികെട്ടിയ നാടായതിനാൽ കൂടിയാവണം ഈ കുടുംബത്തിന് കോലത്തിരി, കോട്ടയം രാജാക്കന്മാരിൽനിന്ന് ആപേക്ഷിക സ്വാതന്ത്ര്യമുണ്ടായിരുന്നു. സമരകാലത്ത് താഴത്തുവീട്ടുകാർ പഴശ്ശിക്കൊപ്പം നിന്ന് ഇംഗ്ലീഷുകാരെ എതിർത്തു. കുടിയാന്മാരിൽനിന്ന് വ്യാപകമായി നികുതി പിരിച്ച് പഴശ്ശിക്ക് കൊടുക്കുകയും പ്രാദേശികസമരത്തിന് നേതൃത്വം നൽകുകയും ചെയ്തു. 1804 ൽ സബ്കലക്ടർ ബാബർ കല്യാടെത്തി, പട്ടാളമേധാവികളായ ഗ്രേയും മോൺട്രിസോറും രണ്ടു ദിശകളിൽ നിന്നായി പ്രദേശം വളഞ്ഞു. ഏറ്റുമുട്ടലിനൊടുവിൽ കലാപകാരികളെ നിരായുധരാക്കാനും താഴത്തുവീട് കാരണവരെ കോട്ടയത്തേക്ക് തുരത്താനും ഇംഗ്ലീഷുകാർക്ക് കഴിഞ്ഞു.

പത്തൊമ്പതാം നൂറ്റാണ്ടിന്റെ പകുതിയോടെ അധികാരസമവാക്യങ്ങൾ മാറി, കർഷകകലാപകാരികൾക്കെതിരെ കമ്പനിയും കല്യാട് കുടുംബവും കൈകോർത്തു. 1852 ജനുവരി 8ന് താഴത്തുവീട് ആക്രമിച്ച പ്രക്ഷോഭകാരികളെല്ലാം കൊല്ലപ്പെട്ടു. പ്രതിരോധം തീർത്ത കുടുംബാംഗങ്ങളെ കമ്പനി വീരവള നൽകി ആദരിച്ചു.

അപ്പനുവിന്റെ ജനനം 1910 ൽ. കല്യാട് താഴത്തുവീട്ടിൽ ചാത്തുക്കുട്ടി നമ്പ്യാരുടെയും ആയില്യത്ത് കുറ്റേരി ശ്രീദേവി അമ്മയുടെയും മകൻ. പ്രാഥമിക വിദ്യാഭ്യാസം മക്രേരിയിലും പെരളശ്ശേരിയിലും. തുടർന്ന് അന്ന് മിഷൻ സ്‌കൂൾ എന്ന നാട്ടുപേരിൽ അറിയപ്പെട്ടിരുന്ന തലശ്ശേരി ബി.ഇ.എം.പി. ഹൈസ്‌കൂളിൽ. മംഗലാപുരം സെയിന്റ് അലോഷ്യസ് കോളേജിൽ ഇന്റർമീഡിയറ്റിന് ചേർന്നെങ്കിലും പഠനം പൂർത്തിയാക്കാതെ കല്യാടേക്ക് മടങ്ങി.
അച്ഛന്റെ പെങ്ങൾ കല്യാട് താഴത്തുവീട്ടിൽ നാരായണി അമ്മയുടെയും കൂടാളി താഴത്തുവീട്ടിൽ കുഞ്ഞികൃഷ്ണൻ നമ്പ്യാരുടെയും മകൾ കാർത്യായനിയെ അപ്പനു ഇഷ്ടപ്പെട്ടു, വിവാഹം കഴിച്ചു. കാർത്യായനിയുടെ താവഴിവീടായ കമ്മാരത്ത് അടക്കം പലയിടങ്ങളിൽ അപ്പനു താമസിച്ചു. കൃഷിയും നായാട്ടുമായി തന്തോടും പടിയൂരും, പലതരം വ്യാപാരവും വ്യവഹാരവുമായി തലശ്ശേരിയിലും. ഇടയ്ക്ക് കുറച്ചുകാലം ടെറിട്ടോറിയൽ ആർമിയിൽ സേവനമനുഷ്ഠിച്ചു. ഇന്ന് ഹയർ സെക്കണ്ടറി സ്‌കൂളായ ഇരിട്ടിയിലെ വിദ്യാലയം സ്ഥാപിക്കാൻ മുൻകൈയെടുത്തു, അതിന്റെ നിർവ്വഹണസമിതിയുടെ അദ്ധ്യക്ഷനായി. പ്രജാസോഷ്യലിസ്റ്റ് പാർട്ടി സ്ഥാനാർത്ഥിയായി മത്സരിച്ചുവെന്നും കേൾക്കുന്നു. എന്തായാലും നിറമാർന്ന വ്യക്തിത്വം എന്നതിൽ സംശയമില്ല.

തന്തോട് ബങ്കളാവിൽ അപ്പനു ഒറ്റയ്ക്കായിരുന്നു താമസം. എന്നാൽ അതിഥികൾ ഒഴിഞ്ഞ നേരമില്ല. തന്റെ "വിഷകന്യക'യുടെ ഈറ്റില്ലമായിരുന്നു തന്തോടെ കളപ്പുരയെന്ന് പൊറ്റെക്കാട് രേഖപ്പെടുത്തി. എ.കെ.ജിയുടെ അച്ഛൻ വെള്ളുവക്കണ്ണോത്ത് രൈരുനായർ മുതൽ അഖിലേന്ത്യാ സോഷ്യലിസ്റ്റ് നേതാവായ അശോക മേഹ്ത്തക്കുവരെ ഈ വസതി ആതിഥ്യമരുളി. അപ്പനുവിന്റെ ലെറ്റർഹെഡിൽ തന്തോടിന്റെ രസകരമായ മൊഴിമാറ്റം കാണാം - സെൽഫ് ബ്രൂക്ക്.

അപ്പനുവിന്റെ മകന് എസ്.കെ. പൊറ്റെക്കാട്ട് എഴുതിയ കത്ത്.

അപ്പനു നല്ല വായനക്കാരനായിരുന്നു. തലശ്ശേരി ‘ഹിഗിൻബോതംസി’ലെ പതിവുകാരൻ. മംഗലാപുരത്തു നിന്ന് മടങ്ങിവരിക കെട്ടുകണക്കിനു പുസ്തകങ്ങളും തോക്കിൻതിരകളുമായാണ്. പുസ്തകങ്ങളും മാസികകളും തപാലിലും വരുത്തും. തന്തോട് ബങ്കളാവിലും കമ്മാരത്തും അദ്ദേഹത്തിന് വലിയ ഗ്രന്ഥശേഖരങ്ങളുണ്ടായിരുന്നു, വിഷചികിത്സാ താളിയോലകളടക്കം. ഉറങ്ങുന്ന അപ്പനുവിനെ ഉണർത്താൻ ബുദ്ധിമുട്ടില്ല, പക്ഷെ വായിക്കുന്ന അപ്പനുവിനെ ആവില്ല എന്നായിരുന്നു നാട്ടുമൊഴി. അപ്പനു ഒറ്റയാൾ ചീട്ടിലോ ഏകാംഗചതുരംഗത്തിലോ മുഴുകിയാലും അങ്ങനെതന്നെ.

കല്യാട് താഴത്തുവീട് കാരണവരെന്ന നിലയിൽ അപ്പനുവിന്റെ അച്ഛന്റെ ഔദ്യോഗിക ആസ്ഥാനമായിരുന്നു പടിയൂരെ പത്തായപ്പുര. അതിന്റെ ഒരു കവാടം തിമിംഗലത്തിന്റെ താടിയെല്ലുകൊണ്ട് ഉണ്ടാക്കിയതായിരുന്നു. അത് ലക്ഷദ്വീപിലെ കച്ചവടക്കാർ സമ്മാനിച്ചതാണെന്നു പറയപ്പെടുന്നു. കൃഷിമേൽനോട്ടം വഹിച്ച് ഇവിടെ താമസിക്കവെയാണ് 19-ാമത്തെ വയസ്സിൽ അപ്പനു ആദ്യമായി നായാട്ടിൽ ഏർപ്പെടുന്നത്.
അപ്പനുവിന്റെ കാലത്ത് നാടും കാടും ഇടകലർന്നതായിരുന്നു. കുന്നും കൊക്കയും ചതുപ്പും പടർപ്പും പറമ്പും പൊയിലും പാറയും പൊന്തയും ഒന്നിച്ചു. വലിയ കാടുകൾ അകലെയായിരുന്നില്ല. അവ അവിടവിടെ തെളിച്ച് പുനംകൃഷി ചെയ്തിരുന്നു. ഒരിക്കൽ കൃഷി ചെയ്താൽ ഏറെ വർഷം വെറുതെയിടുന്നതിനാൽ അവിടം വീണ്ടും പച്ചപിടിക്കും. കാട്ടിലെ ഈ കൃഷിയിടങ്ങളിലേക്ക് ഒറ്റയാൾ വഴികളുണ്ടായിരുന്നു. ഇറങ്ങിക്കേറാൻ കഴിയാത്ത അരുവികൾക്ക് കുറുകെ മുളമ്പാലങ്ങളും ചെറുവെള്ളച്ചാട്ടങ്ങൾ കടക്കാൻ നിരത്തിയിട്ട ഉരുളൻ കല്ലുകളും. പറമ്പുകളെ കുണ്ടനിടകൾ വേർതിരിച്ചു. അവ കുറുക്കന്മാരുടെയും പാമ്പുകളുടെയും വഴികൾ കൂടിയായിരുന്നു. മഴക്കാലത്ത് അവ നീർച്ചാലുകളായി.

കാട്- നാട് കലർപ്പ് വെളിപ്പെടുത്തുന്നതാണ് അപ്പനുവിന്റെ നായാട്ടുവിവരണങ്ങളും: ""ഞങ്ങളുടെ ബങ്കളാവ് നിൽക്കുന്നതിന്റെ വടക്കു കിഴക്കേ കോണിലുള്ള... നൂറ്റിയമ്പതുവാര മാത്രം അകലെ കിടക്കുന്ന ഒരു കുന്നാണ് നായാടുന്ന കാട്.'' വേറൊരു വിവരണം ഇങ്ങനെ: ""നായാടുന്ന കാടിന്റെ കിഴക്കും പടിഞ്ഞാറും ധാരാളമാളുകൾ പാർക്കുന്ന ഗ്രാമങ്ങളാണ്. രണ്ടു ഗ്രാമങ്ങളെയും ബന്ധിപ്പിക്കുന്ന ഒരൂടു വഴി ആ കാട്ടിൽ കൂടിയുണ്ട്.'' മറ്റൊരിടത്ത് കൃത്യം കണക്ക് കാണാം: ""പിലാവിന്റെ നേരെ കിഴക്ക് അമ്പതുവാരയോളം വീതിയുള്ള വയലാണ്. അതിന്റെ വടക്കു പടിഞ്ഞാറെ കോണിൽ ഇരുപത്തഞ്ചുവാര ദൂരെയാണ് വെളിച്ചപ്പാടന്റെ വീട്. വീടിന്റെ തെക്ക് ഇരുപതുവാര ദൂരെയും പടിഞ്ഞാറ് നാൽപതുവാര ദൂരെയും കാടാണ്.''
കുട്ടിക്കാലം മുതൽ കല്യാട് വീട്ടിലെ വിരുന്നുകാരനായിരുന്ന സി.എച്ച്. കുഞ്ഞപ്പ കല്യാടിനെക്കുറിച്ച് പറയുന്നു: ""അന്നൊക്കെ വലുതും ചെറുതുമായ കാട്ടുകോഴികളെ ധാരാളം കാണാം. ആ കാട്ടിൽത്തന്നെ നരിയും പുലിയും പന്നിയും എല്ലാം ഉണ്ടായിരുന്നു. വല്യെജമാനൻ താമസിച്ചിരുന്ന ചെറിയ വീടിന്റെ (പടിയൂരെ പത്തായപ്പുര) വളപ്പിൽനിന്നു പശുവിനെ നരി പിടിച്ചിട്ടുണ്ട്. പന്നിയെ വെടിവച്ചിട്ടുമുണ്ട്.''

കല്യാട് താഴത്തുവീട്

അപ്പനുവിന്റെ നായാട്ടു ഗുരുക്കന്മാർ കരിമ്പാലസമുദായക്കാരായിരുന്നു. ചന്തിരൻ, ചാമൻ, അമ്പു എന്നിവരോടുള്ള കടപ്പാട് അപ്പനു പ്രത്യേകം രേഖപ്പെടുത്തുന്നു. ""മൂന്നു പേരും എണ്ണം പറഞ്ഞ വെടിക്കാരും കാടിനെയും കാട്ടുമൃഗങ്ങളെയും കുറിച്ച് അസാധാരണമായ അനുഭവജ്ഞാനമുള്ള അതിധീരന്മാരും ആയിരുന്നു.'' കാട്ടിൽ വഴികാട്ടിയിരുന്നത് പ്രധാനമായും മാവിലരും പണിയരുമായിരുന്നു. എല്ലാവരും അപ്പനുവിന്റെ അച്ഛന്റെ കൃഷിയിടങ്ങളിൽ പണിയെടുത്തിരുന്നവർ.
ഇവരെക്കൂടാതെ അപ്പനുവിന്റെ നായാട്ടുസഹചാരികൾ മമ്മതും കൃഷ്ണനും കുട്ട്യപ്പനമ്പ്യാരുമായിരുന്നു. മമ്മത് ആനപ്പാപ്പാൻ, കൃഷ്ണൻ ഇടത്തരം കർഷകൻ, കുട്ട്യപ്പ നമ്പ്യാരുടെ തൊഴിൽ എന്തെന്നു വ്യക്തമല്ല. മൂവരും തോക്കുകാർ. മമ്മത് മലമാൻവേട്ടയിൽ പാമ്പുകടിയേറ്റ് മരിച്ചു. പാളിപ്പോയ നരിനായാട്ടിനെ തുടർന്ന് കൃഷ്ണനും ഒറ്റയാൻ പന്നിയുടെ ആക്രമണത്തിൽ കുട്ട്യപ്പ നമ്പ്യാരും കൊല്ലപ്പെട്ടു.

""നായാട്ടുസംഘത്തിൽ ചേർന്നുകഴിഞ്ഞാൽ അവിടെപ്പിന്നെ ഉച്ചനീചത്വങ്ങൾക്ക് സ്ഥാനമില്ല'' എന്നൊരു വെടിപൊട്ടിക്കുന്നുണ്ട് അപ്പനു. എന്നാൽ നാട്ടിലെ അധികാരബന്ധങ്ങൾ കാട്ടിലും പ്രതിഫലിക്കാതിരിക്കില്ല. അപ്പനുവിന്റെ കഥകളിൽ അതിനു തെളിവുണ്ട്. നായാട്ടു നേതാക്കളുടെ ഭക്ഷ്യപേയങ്ങൾ ചുമക്കുന്നത് പണിയരാണ്. ""ലഞ്ചിനുള്ള വക ഒരു ചൂരൽപ്പെട്ടിയിൽ നിന്ന് ചാത്തിയുടെ തലയോട്ടിന്റെ ബലം പരിശോധിക്കുന്നുണ്ട്.'' തോക്കുകാരുടെ സ്ഥാനം തെളിക്കാർക്കു മീതെയാണ്. കാട്ടിൽത്തന്നെയും അധികാരശ്രേണിയുണ്ട്. കരിമ്പാലർക്ക് കീഴെയാണ് പണിയർ. കരിമ്പാലരിൽ തോക്കുകാരുണ്ട്. പണിയരെന്നും തെളിക്കാരാണ്.
മാത്രമല്ല, തികച്ചും അധ്വാനത്തിന്റെയോ നൈപുണ്യത്തിന്റെയോ അടിസ്ഥാനത്തിലല്ല നായാട്ടിന്റെ ഫലവിതരണം. വെടിയിറച്ചി അല്ലെങ്കിൽ കൊറവ് ഭാഗിക്കുന്നതിൽ പ്രാദേശിക വ്യത്യാസവുമുണ്ട്. കല്യാട് അതിങ്ങനെ.

കല്ല്യാടെ ചെങ്കല്ലറ

നായാടിയ കാടിന്റെ ജന്മിയുടെ അവകാശമാണ് വേട്ടമൃഗത്തിന്റെ ഒരു കാല്. വെടിവച്ച് വീഴ്ത്തിയ ആൾക്ക് അല്ലെങ്കിൽ ആദ്യംകൊണ്ട വെടിവച്ചയാൾക്ക് തലയും ഒരു തോളിറച്ചിയും ഒരു കാലും. മൃഗം വീഴാൻ രണ്ടാമതൊരു വെടി വച്ചിട്ടുണ്ടെങ്കിൽ അയാൾക്ക് ഒരു കൈ. ഒരാൾ തന്നെയാണ് രണ്ടു വെടിയും വച്ചതെങ്കിൽ രണ്ടാം വെടിയുടെ അവകാശം അയാൾക്ക് ഉണ്ടാവില്ല. രണ്ടിലധികം വന്ന വെടിയുടെ അവകാശം എല്ലാ തോക്കുകാർക്കും തുല്യമാണ്. മൃഗത്തിന്റെ ചങ്ക് ചുട്ടത് മുത്തപ്പൻ ദൈവത്തിന്. ഇതെല്ലാം കഴിഞ്ഞ് ബാക്കിവരുന്നത് സംഘാംഗങ്ങൾ തുല്യമായെടുക്കും. ഒരോഹരി പോലീസ് സ്റ്റേഷനിൽ "കൈമടക്ക്'. പുഴകടന്നാണ് നായാടിയതെങ്കിൽ മറ്റൊരോഹരി തോണിക്കാർക്ക് "സന്തോഷം' കൊടുക്കും. നായാട്ടംഗങ്ങൾ ഒത്തുചേരുന്ന വേട്ടയ്‌ക്കൊരുമകൻ കാവിനടുത്ത് എത്തുന്ന നാട്ടാർക്കും കിട്ടും ഒരു പങ്ക്.
അനുഭവത്തിലൂടെ കൈവരുന്നതാണ് നായാട്ടറിവ് എന്നാണ് അപ്പനുവിന്റെ പക്ഷം. "ചാരുകസേലാശാസ്ത്രജ്ഞാനം' കൊണ്ട് ശിക്കാറിക്ക് വിശേഷിച്ച് പ്രയോജനമൊന്നുമില്ല. അവന്റെ ദീർഘായുസ്സിന് അതു വളരെയൊന്നും ഉപകരിക്കുകയുമില്ല. വെറും പുസ്തകജ്ഞാനവും കൊണ്ട് കാട് കയറുന്ന ശിക്കാറി മടങ്ങിവരുന്നത് - ഒത്തെങ്കിൽ - പല്ലക്കിലായിരിക്കാനാണ് കൂടുതൽ സാധ്യത.''

തന്റെ നായാട്ടുഗുരുക്കന്മാരായ ആദിവാസികളെ അപ്പനു വിശേഷിപ്പിക്കുന്നത് കാടിന്റെ ഭൂമിശാസ്ത്രജ്ഞർ എന്നാണ്. കാടിന്റെ ഭൂപടം അറിയുക എന്നാൽ ജന്തുസഞ്ചാരവഴികൾ മനസ്സിലാക്കുക എന്നതുകൂടിയാണ്. ചളിയിലും ചതുപ്പിലുമുള്ള മൃഗച്ചുവടുകൾ കാണാൻ ബുദ്ധിമുട്ടില്ല. എന്നാൽ അവയിൽനിന്ന് മൃഗം ചെറുതോ വലുതോ, ഒറ്റയ്‌ക്കോ കൂട്ടമോ, ഏതു ദിശയിലേക്കാണ് പോയത് എന്നൊക്കെ പറയാൻ കരിമ്പാലർക്കും മറ്റ് ആദിവാസികൾക്കുമേ കഴിയൂ. ഉറച്ച നിലത്തും പാറപ്പുറത്തുതന്നെയുമുള്ള നേർത്ത കുളമ്പടയാളങ്ങളും നഖപ്പാടുകളും അവർ കാണും. മരത്തിന്റെ മുരട് മാന്തിയത് ശ്രദ്ധിക്കും. അല്പം ഇളകിയ മണ്ണും നീങ്ങിയ ചെറുകല്ലുകളും കടിച്ചിട്ട ഇലകളും അവർക്ക് വിലപ്പെട്ട തെളിവുകൾ. അവരുടെ നടത്തത്തിനുമുണ്ട് പ്രത്യേകത. ശബ്ദം കേൾക്കാത്തവിധം, മൃഗങ്ങളെ അകറ്റാത്തവണ്ണം മൃദുവായ കാൽവയ്പ്പ്. തങ്ങളുടെ നിരീക്ഷണങ്ങൾ അനുസരിച്ച് അവർ തോക്കുകാർക്ക് സൂചന നൽകും.

മരത്തിന്മേൽ പറം കെട്ടി കാത്തിരുന്നും കഴുത്തോളമുള്ള കുഴിയിൽ ഒളിച്ചും ചിലപ്പോൾ ഇഴഞ്ഞുനീങ്ങിയും അപൂർവ്വമായി നേർക്കുനേെരയുമാണ് അപ്പനു നായാടുന്നത്. കൂടുതലും തെളിനായാട്ട്. ആർപ്പുവിളികളോടെയോ കല്ലുകൊണ്ട് ഓരോ മരത്തിലും തട്ടിയോ ചെറുകമ്പുകൊണ്ട് ഇലകളിൽ അടിച്ചുകൊണ്ടോ ഒരുവശത്തുനിന്ന് കാട് അനക്കിക്കൊണ്ട് തെളിക്കാർ മുന്നേറും. കടവുകൾ (പാറക്കെട്ടുകൾക്കും വള്ളിപ്പടർപ്പുകൾക്കും ഇടയിലുള്ള വിടവുകൾ, കാടിന്റെ മൃഗകവാടങ്ങൾ; കല്യാട് ഇവയ്ക്ക് വില്ല് എന്നും പറയും) വഴി മൃഗങ്ങൾ പുറത്തേക്ക് വരുമ്പോൾ അവിടെ പതിയിരിക്കുന്ന തോക്കുകാർ വെടിവയ്ക്കും. വെടി കഴിഞ്ഞാൽ അവർ വിളിച്ചറിയിക്കും. വെടി കൊണ്ടിട്ടും വീഴാത്ത മൃഗങ്ങളുണ്ടെങ്കിൽ അവയെ തെരഞ്ഞ് കുറച്ച് തോക്കുകാരും തെളിക്കാരും ഉൾക്കാട്ടിലേക്ക് പോകും. ഹിംസ്രമൃഗങ്ങളെങ്കിൽ ജാഗ്രതവേണ്ട പ്രവൃത്തിയാണത്. പരിചയസമ്പന്നരേ അതിനു മുതിരുകയുള്ളു; അവരെയേ അനുവദിക്കൂ.

പടിയൂരെ പത്തായപ്പുര

രണ്ട് തോക്കുകാരും മൂന്ന് തെളിക്കാരും മുതൽ മുപ്പതിലേറെ തോക്കുകാരും എഴുപതിലധികം തെളിക്കാരുമുള്ള നായാട്ടുകൂട്ടങ്ങൾ അപ്പനുവിനെ അനുഗമിച്ചിരുന്നു. ഒറ്റരാത്രി അല്ലെങ്കിൽ പകൽ നായാട്ടാണ് അധികവും. ദിവസങ്ങൾ നീളുന്നവയുമുണ്ട്. ഏറെ ഒരുക്കത്തോടെ ചെയ്തവയും പെട്ടെന്ന് ഇറങ്ങിപ്പുറപ്പെട്ടവയുമുണ്ട്. നായ്ക്കളെ കൂട്ടിയും അല്ലാതെയുമുള്ള വേട്ടയുണ്ട്.
കാട്ടിൽ പോകുന്നതിലെ ആഹ്ലാദമോ കായികവിനോദത്തിന്റെ വെല്ലുവിളിയോ വെടിയിറച്ചി കഴിക്കാനും ചങ്ങാതിമാരുമായി പങ്കുവയ്ക്കാനുമുള്ള ആഗ്രഹമോ ഇവയെല്ലാം കൂടിയോ ഏതാണ് അപ്പനുവിനെ നായാട്ടിൽ തൽപ്പരനാക്കിയത് എന്ന് പറയാൻ കഴിയില്ല. ബന്ധുക്കളുടെയും നാട്ടാരുടെയും കണ്ണിൽ അദ്ദേഹത്തിന്റെ അന്തസ്സ് ഉയരാൻ നായാട്ട് കാരണമായിട്ടുണ്ട്, എന്നാൽ അതൊരു ലക്ഷ്യമായി എടുക്കാനാവില്ല.

ഒരു കാര്യം തീർച്ച. ആനയെയും നരിയെയും മറ്റ് വൻമൃഗങ്ങളെയും ലാക്കാക്കുന്ന പൊങ്ങച്ച നായാട്ടായിരുന്നില്ല അപ്പനുവിന്റേത്; അദ്ദേഹം വേട്ടയാടിയ കാടുകളിൽ ഈവക മൃഗങ്ങൾ യഥേഷ്ടം ഉണ്ടായിരുന്നെങ്കിലും അവയെ വീഴ്ത്താനുള്ള സാങ്കേതികവിദ്യ അദ്ദേഹത്തിന് സ്വായത്തമായിരുന്നെങ്കിലും അപ്പനുവിനെ കാട്ടിലേക്ക് നയിച്ചത് സാമ്പത്തിക താൽപ്പര്യവുമായിരുന്നില്ല. ആനക്കൊമ്പോ പുലിത്തോലോ വിറ്റ് പണം നേടുക അദ്ദേഹത്തിന്റെ ലക്ഷ്യമായിരുന്നില്ല.

അപ്പനുവിന്റെ നായാട്ടുകാലത്തുതന്നെ ലാഭേച്ഛയോടെയുള്ള വൻമൃഗവേട്ട ഈ കാടുകളിൽ വ്യാപകമായിരുന്നു. മദിരാശി സർക്കാരിൽ മൃഗഡോക്ടറായിരുന്ന വി.കെ. കുട്ടു "യുദ്ധനിഴലിലെ ബാല്യകൗമാരങ്ങൾ' എന്ന ആത്മകഥയിൽ നിരീക്ഷിച്ചത് ഇപ്രകാരം: ""വെടിവെച്ചു കൊന്ന നരിയെ മരത്തണ്ടിൽ കെട്ടി രണ്ടുപേർ ചുമലിൽ വഹിച്ചു ഇരിട്ടിയിലൂടെ നടന്നുപോകുന്നത് കണ്ടിട്ടുണ്ട്. ഒരു നരിത്തോലിന്റെ വില അവർക്ക് കിട്ടിയിരുന്നത് അഞ്ഞൂറുറുപ്പിക അറുന്നൂറുറുപ്പികവരെയായിരുന്നു.''
1950 കളിൽ അത് ചെറിയ തുകയല്ല. കുടിയേറ്റ കർഷകരുടെ നിവൃത്തികേടും ചിലപ്പോഴെങ്കിലും പണക്കൊതിയുമായിരുന്നു ഇത്തരം ലാഭവേട്ടയ്ക്കു പിന്നിൽ. സമ്പന്ന ജന്മികുടുംബാംഗമായിരുന്ന അപ്പനുവിന് അതിന്റെ ആവശ്യമുണ്ടായിരുന്നില്ലെന്നു മാത്രമല്ല നായാട്ടിനോടുള്ള അദ്ദേഹത്തിന്റെ മനോഭാവം വ്യത്യസ്തവുമായിരുന്നു.

അപ്പനു പ്രധാനമായും നായാടിയത് പന്നി, കാട്ടുപോത്ത്, മലമാൻ, കാട്ടുകോഴി എന്നിവയെയായിരുന്നു. എല്ലാം തന്നെ ഇറച്ചിക്കായി. മറ്റു മൃഗങ്ങളെ കൊന്നിട്ടേയില്ല എന്നല്ല. ചൊട്ടമുതലേ ആനയോട് ""മമതയും ബഹുമാനവു''മാണെങ്കിലും നിരന്തരം കൃഷി നശിപ്പിച്ച ഒറ്റക്കൊമ്പനെ നാട്ടാരുടെ ആവശ്യപ്രകാരം കൊല്ലേണ്ടിവന്നത് അദ്ദേഹം വിവരിക്കുന്നു. സമാനസാഹചര്യത്തിൽ വേറെ രണ്ടു പ്രാവശ്യവും ഒരിക്കൽ അബദ്ധത്തിലും ആനയെ കൊന്നിട്ടുണ്ട്. കന്നുകാലികളെ കവർന്ന രണ്ടു നരികളെ കൊന്നിട്ടുണ്ട്. കാട്ടാടെന്ന് തെറ്റിദ്ധരിച്ച് ഒരു ചെന്നായയേയും. ഒരു നായാട്ടുവേളയിൽ ഏറെ മുഷിഞ്ഞു കാത്തിരുന്ന തന്റെ തൊട്ടുമുമ്പിൽ വന്നുപെട്ട മലമാനിനെ ഗർഭിണിയാെണന്നു കണ്ട് വെടിവച്ചില്ല. എന്നാൽ ഭൂതദയയെന്നോ നായാട്ടിലെ സൂക്ഷ്മമര്യാദയെന്നോ ഉള്ള അവകാശവാദം അപ്പനുവില്ല. അവളുടെ നോട്ടം കാരണം ആ നിമിഷം അങ്ങനെ തോന്നിയെന്നു മാത്രം പറയുന്നു.

നായാട്ടനുഭവകഥകൾ എഴുതുന്നതിന് അപ്പനുവിന്റെ പ്രേരണയെന്തായിരുന്നു? സമകാലികർക്കുള്ള വിനോദവായനയല്ല കഥാകാരന്റെ ലക്ഷ്യം. വരാനിരിക്കുന്ന കാലത്തിനായി നായാട്ട് രേഖപ്പെടുത്തുകയാണ്. ""നായാട്ടിന്റെ ആയുസ്സ് നിർണ്ണയിക്കപ്പെട്ടുവെന്നു വന്നു. അതൊരാസന്ന ചരിത്രവസ്തുതയായി മാറുകയാണ്. അങ്ങനെ "ഇങ്ങിനി വരാതവണ്ണം' "ഭൂതകാലാകാശവീഥിയിങ്കലേ'ക്ക് കുഞ്ചി പിടിച്ച് പുറത്താക്കപ്പെടുന്ന വിനോദമായ നായാട്ടിനെക്കുറിച്ചും അതിന്റെ നിയന്ത്രണ നടപടിച്ചട്ടങ്ങളെക്കുറിച്ചും'' അപ്പനു വ്യവഹരിക്കുന്നു. ""നായാട്ടുപഴമയുടെ ഒരു റിക്കാർട്ടിരിക്കട്ടെ.''

രസിപ്പിക്കാൻ വേണ്ടി എഴുതിയവയല്ലെങ്കിലും കഥനമികവ് ഉള്ളവയാണ് അപ്പനുവിന്റെ രചന. അദ്ദേഹത്തിന്റെ രസകരമായ ആഖ്യാനത്തിന്റെ ഒരംശം: ""അതാ വരുന്നു ഒരു മുഴുത്ത കൊമ്പൻ മലമാൻ. രംഗമാകെ മാറി. ഇതികർത്തവ്യതാമൂഢതയിൽ നിർവ്വികാരവും നിശ്ചേഷ്ടവുമായി സ്വാഭാവികപ്രവർത്തനങ്ങൾക്ക് കരുത്തറ്റ്, സ്വപ്നാടനക്കാരനെപ്പോലെ പരിസരബോധമില്ലാതെ ഉഴവൂരമ്പലവാസിയായിത്തീർന്നിരുന്ന എന്റെ കണ്ണുകളിൽ കൂടി ആ മലമാനിന്റെ കോലം ഉള്ളിൽ പതിയാൻ സമയം പിടിച്ചു. പക്ഷെ പതിഞ്ഞപ്പോൾ കളക്ടർ സായിപ്പിന്റെ അപ്രതീക്ഷിതമായ ആഗമനത്തിൽ ഹുസൂർ ശിപായിയുടെ കയ്യിലെ പുകയുന്ന ബീഡിക്കുറ്റി പോലെ എന്റെ മനോമൗഢ്യം അപ്രത്യക്ഷമായി.''

ഒരു മാൻവേട്ടയിൽ പങ്കുചേർന്ന ബന്ധുവും സ്‌നേഹിതനുമായ അനന്തൻ നായരുടെ നായാട്ടറിവിനെക്കുറിച്ച് പറയുന്നത് ഇങ്ങനെ: ""പണ്ടത്തെ പാഠപുസ്തകത്തിലെ "ചെട്ടി മാനിനെ വെടിവച്ചു' എന്ന ശുദ്ധമേ അസംഭാവ്യപ്രസ്താവം ചെറുപ്പത്തിൽ ഉരുവിട്ടു പഠിച്ചതാണ് വെടിയെക്കുറിച്ചും മാനിനെക്കുറിച്ചും അങ്ങോർക്കുള്ള അഗാധവിജ്ഞാനത്തിന്റെ ആകെത്തുക.''
പരന്ന വായന പ്രതിഫലിക്കുന്നതാണ് അപ്പനുവിന്റെ നായാട്ടെഴുത്ത്. കഥകളിൽ വടക്കൻ പാട്ടുതൊട്ട് മഹാഭാരതം വരെ പരാമർശിക്കപ്പെടും. എഴുത്തച്ഛനും കാളിദാസനുമുണ്ട്. കുഞ്ചൻ നമ്പ്യാരും ആറ്റുർ കൃഷ്ണപ്പിഷാരടിയും വി.സി. ബാലകൃഷ്ണപ്പണിക്കരും വള്ളത്തോളും കടന്നുവരും. ജിം കോർബറ്റും കെന്നത്ത് ആൻഡേഴ്‌സണും ഒപ്പം കൂടും. എം.പി. ശിവദാസമേനോനെ ""മലബാറിലെ ശിക്കാറികളുടെ ഗുരുജി'' എന്ന് ആദരിക്കുന്നതോടൊപ്പം അദ്ദേഹം ""ശുദ്ധ വെടികൾ റിക്കാർട്ടാക്കുകയും ചെയ്തു'' എന്നു പരിഹസിക്കും.

അപ്പനുവിന്റെ നായാട്ടുകഥനം സംസ്‌കൃത ഉദ്ധരണികളാൽ സമൃദ്ധം. ഇംഗ്ലീഷ്, ഹിന്ദി ഭാഷാപ്രയോഗങ്ങൾ ഒട്ടനവധി. ഓൻകോറും മുശായിരയുമുണ്ട്. യുദ്ധശബ്ദതാരാവലിയിലെ പദങ്ങളുണ്ട് - കൗൺസിൽ ഓഫ് വാർ, ഫീൽഡ് ഓഫ് ഫയർ. പ്രാസമൊത്ത പരിഭാഷയുണ്ട്. ഡെഡ് ലെറ്റർ ഓഫീസിന് ചത്ത കത്താപ്പീസ്. സാമൂഹികവിമർശനവുമുണ്ട്. യുക്തിവാദികളെ ഒളിയമ്പെയ്യും. കോൺഗ്രസ്സുകാരെയും കമ്മ്യൂണിസ്റ്റുകളെയും നിർത്തി വെടിവയ്ക്കും. നെഹ്രുവിനെയും പട്ടേലിനെയും മാത്രമല്ല മാവോവിനെയും ക്രൂഷ്‌ചെവിനെയും വെറുതെ വിടില്ല.

അപ്പനുവിന്റെ നായാട്ടുകാലമാവുമ്പോൾത്തന്നെ കാടിന്റെ വിസ്തൃതി കാര്യമായി കുറഞ്ഞിരുന്നു. ""ഇന്ന് കാട് പകുതിയും കാട്ടുമൃഗങ്ങൾ മുക്കാലും നശിച്ചുകഴിഞ്ഞു. ഇക്കഴിഞ്ഞ പത്തുകൊല്ലം കൊണ്ട് സ്വകാര്യവനങ്ങൾ മുക്കാലും കൈയേറിക്കഴിഞ്ഞിട്ടുണ്ട്.'' തെളിച്ചു പറയുന്നില്ലെങ്കിലും തിരുവിതാംകൂർ കർഷകരുടെ ചെയ്തിയാണ് അപ്പനു പ്രധാനമായും ഉദ്ദേശിക്കുന്നതെന്ന് തോന്നുന്നു.

എന്നാൽ കുടിയേറ്റം മാത്രമല്ല വടക്കെ മലബാറിലെ വനനാശത്തിനു വഴിയൊരുക്കിയത്. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കം മുതലേ ജന്മിമാരും കുടിയാന്മാരും കാടുതെളിച്ച് കൃഷിവിസ്തൃതമാക്കാനുള്ള ശ്രമത്തിലായിരുന്നു. പണത്തിന്റെ ആവശ്യം നാൾക്കുനാൾ വർദ്ധിച്ചുവന്നു. ജന്മികുടുംബങ്ങളുടെ വ്യവഹാരനടത്തിപ്പ് ചെലവുപിടിച്ച ഏർപ്പാടായിരുന്നു. വിദ്യാഭ്യാസവകയിലുള്ള ചെലവും കൂടിക്കൊണ്ടിരുന്നു. തറവാടിന്റെ വരുമാന വർദ്ധനവിനായി കാരണവന്മാർ നേരിട്ടും മരുമക്കളെ പ്രേരിപ്പിച്ചും തെങ്ങിൻതോപ്പുകളും കുരുമുളക് തോട്ടങ്ങളും ഉണ്ടാക്കി. അങ്ങനെ ഒട്ടേറെ പുനംകൃഷിയിടങ്ങൾ സ്ഥിരംകൃഷിയിടങ്ങളായി. ഉത്സാഹികളായ അംഗങ്ങൾ തറവാട്ടിൽ നിന്നു ഭൂമി ചാർത്തി വാങ്ങി സ്വന്തം നിലയ്ക്കും കൃഷി വിപുലമാക്കി. ഇതിന് മദിരാശി കൃഷിവകുപ്പിന്റെ സാങ്കേതിക സഹായവുമുണ്ടായി. മാത്രമല്ല രണ്ടു ലോകയുദ്ധങ്ങളും അവയ്ക്കിടയിൽ സംഭവിച്ച സാമ്പത്തികമാന്ദ്യവും ഉത്പന്നവിലകളെ ഉലച്ചപ്പോൾ വരുമാനം നിലനിർത്താനായി കൂടുതൽ ഭൂമി കൃഷിചെയ്യേണ്ടിവന്നു. കൂട്ടുകുടുംബങ്ങൾ കൂറുപിരിഞ്ഞതോടെ പാർപ്പിടങ്ങളുടെ ആവശ്യമേറി. അതിനായി കാടുകൾ വീണ്ടും തെളിച്ചു.

1930 കളിലെ കാർഷികബന്ധനിയമങ്ങൾ ജന്മിമാർക്ക് കടിഞ്ഞാണിട്ടു. കുടിയാന്മാരിൽനിന്ന് തന്നിഷ്ടപ്രകാരമുള്ള പിരിവ് അസാദ്ധ്യമായി. ഉത്പന്നവിലയുടെ ചാഞ്ചാട്ടം കാരണം മര്യാദപ്പാട്ടം കൊടുക്കാൻ പോലും കുടിയാന്മാർക്ക് ബുദ്ധിമുട്ട് നേരിട്ടു. പാട്ടബാക്കി വന്ന കുടിയാന്മാരെ ജന്മിമാർക്ക് പഴയതുപോലെ എളുപ്പം പുറത്താക്കാനാവുമായിരുന്നില്ല. കുടിയൊഴിപ്പിക്കലും മേൽച്ചാർത്തും ചെറുക്കാൻ കർഷകസംഘം മുന്നോട്ടുവന്നു. ജന്മിമാർ തങ്ങൾക്ക് എതിർനിന്ന കുടിയാന്മാർക്ക് പുനംകൃഷി അവകാശം നിഷേധിച്ചതും സ്വന്തമായി അത് ചെയ്യാൻ ശ്രമിച്ചതും സംഘർഷത്തിലേക്ക് നയിച്ചു. ജന്മിത്വഉത്പ്പാദനവ്യവസ്ഥ കുഴപ്പത്തിലായതോടെ തറവാട്ടു വരുമാനം കുത്തനെ കുറഞ്ഞു.

കല്യാട് ജന്മി കൂടാളി ജന്മിക്ക് അയച്ച സ്വകാര്യ കത്ത്‌

ഈ സാഹചര്യത്തിൽ കാട്ടിലെ മരം മുറിച്ചുവിറ്റും കുടിയേറ്റ കർഷകർക്ക് ഭൂമി വിറ്റുമാണ് പല തറവാടുകളും പണം കണ്ടെത്തിയത്. കൂടാതെ കൈയേറ്റം ഭയന്നും ഭൂമി കൈമാറ്റത്തിനു മുന്നെയും മരങ്ങൾ മുറിച്ചുനീക്കി. തറവാടുകളുടെ ബലക്ഷയത്തിന്റെയും അന്തച്ഛിദ്രത്തിന്റെയും നാളുകളിൽ നിയമപരമായ അധികാരമില്ലാതെയും കാരണവരുടെ അനുവാദമില്ലാതെയും പല അംഗങ്ങളും കുടിയേറ്റകർഷകർക്ക് ഭൂമി കൈമാറി. കാട് കാശാക്കി. ഒട്ടേറെ കർഷകർ വാങ്ങിയ ഭൂമിയെക്കാളേറെ വനഭൂമി കൈവശപ്പെടുത്തുകയും ചെയ്തു. അവ കൃഷിക്കായി തെളിച്ചു.

വന്യമൃഗങ്ങളില്ലാതായത് നായാട്ടു നിമിത്തമാണെന്ന അഭിപ്രായം അപ്പനുവിനില്ല. പത്രങ്ങളുടെ "ആനവിലാപ'ങ്ങളെ അദ്ദേഹം വിമർശിക്കുന്നു. ""മലബാറിൽ ആനവെടി വളരെ കുറവാണ്. ആനപിടി വംശം മുടിഞ്ഞു പോവാൻ മാത്രം സാധാരണവുമല്ല.'' ""ഇന്ന് യഥാർത്ഥത്തിൽ നശിക്കുന്നത് ആനയല്ല കാടാണ്.'' ""വനം അവളുടെ (ആനയുടെ) ആയുധവും ആഭരണവുമാണ്. അതുകൊണ്ട് സംരക്ഷിക്കപ്പെടേണ്ടത് വനമാണ് മൃഗമല്ല.'' സർക്കാരിന്റെ വനസംരക്ഷണനയത്തിലെ പിഴവുകൾ അപ്പനു ചൂണ്ടിക്കാട്ടുന്നു. ""കയ്യേറ്റത്തിന് നിയമസാധുത അനുവദിക്കപ്പെട്ടിട്ടില്ലെങ്കിലും നിരോധനസാധ്യത അങ്ങേയറ്റം കുറച്ചുകൊണ്ടുള്ളതാണ് ഇപ്പോളരങ്ങേറുന്ന നിയമങ്ങൾ. സർക്കാർ വനങ്ങളിൽ കയ്യേറ്റം നടത്തുന്നവർ രക്ഷിക്കപ്പെടുമ്പോൾ സ്വകാര്യവനങ്ങളിൽ കയ്യേറുന്നവരെ ശിക്ഷിക്കാൻ ആരാണൊരുമ്പെടുക?''

മൃഗയാവിനോദത്തെ കൊണ്ടാടുകയല്ല തങ്ങൾ ഏറെ സ്‌നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന മുൻഗാമിയുടെ സാഹിത്യസംരംഭത്തെ വെളിച്ചത്തിലേക്ക് എത്തിക്കുകയെന്ന ലക്ഷ്യത്തോടെയാണ് കുടുംബാംഗങ്ങൾ ഈ പുസ്തകം പ്രസിദ്ധീകരിക്കുന്നത് എന്നാണ് ഞാൻ മനസ്സിലാക്കുന്നത്. അതിലുപരി ഈ നായാട്ടുകഥനത്തിന്റെ പ്രാധാന്യമെന്താണ്? നായാട്ടുചരിത്രത്തിന്റെ ഉപാദാനമാണ് വ്യക്തികളുടെ നായാട്ടോർമ്മകൾ. വിസ്തൃതവനമുള്ള ഒരു ദേശത്തിന്റെ നായാട്ടു ചരിത്രം പാരിസ്ഥിതിക-സാമൂഹികചരിത്രത്തിന്റെ അവിഭാജ്യഘടകമാണ്. അതുകൊണ്ടുതന്നെ അനുഭവകഥകൾ എന്നതിനപ്പുറം ചരിത്രരചനയുടെ പ്രമാണസാമഗ്രിയെന്ന നിലയ്ക്ക് നായാട്ടുസ്മരണകൾക്ക് പ്രസക്തിയുണ്ട്.

മലയാളത്തിൽ നായാട്ടനുഭവകഥകൾ ഏറെയുണ്ടെങ്കിലും നായാട്ടുചരിത്രരചന ഒട്ടുംതന്നെ സമ്പന്നമല്ല. ആദ്യകാല എഴുത്ത് പ്രധാനമായും നായാട്ടുരീതികൾ, ചടങ്ങുകൾ, നായാട്ടു സംബന്ധിയായ പഴയ ഗ്രന്ഥങ്ങൾ എന്നിവയുടെ വിവരണമായിരുന്നു. സമീപകാലരചനകളിലാകട്ടെ നായാട്ട് അധിനിവേശപ്രത്യയശാസ്ത്രത്തിന്റെ പ്രകാശനവും പുരുഷാധിപത്യത്തിന്റെ വിളംബരവുമാണെന്ന സാമാന്യ അറിവിന്റെ ആവർത്തനമാണ് കൂടുതലും കാണുന്നത്. അതു ശരിയല്ലെന്നല്ല. പക്ഷെ വൈവിധ്യമാർന്ന ഉപാദാനങ്ങളുടെ സൂക്ഷ്മവിശകലനത്തിന് പകരമാവില്ലത്. അന്വേഷണങ്ങളുടെ തട്ടകമാകട്ടെ മധ്യതിരുവിതാംകൂറിൽ ഒതുങ്ങുന്നു.

പുതിയ രചനകൾ നായാട്ടും ജാതിവ്യവസ്ഥയുമായുള്ള ബന്ധം പരിശോധിക്കുന്നുണ്ട്. എന്നാൽ ആദിവാസികൾ നിലനിൽപ്പിനായി വേട്ടയാടിയ നിഷ്‌കളങ്കരും കുടിയേറ്റകർഷകർ മൃഗങ്ങളെയാകെ കൊന്നൊടുക്കിയ ക്രൂരന്മാരുമായിരുന്നു എന്ന കാഴ്ചപ്പാടാണ് അവ മുന്നോട്ടുവയ്ക്കുന്നത്. മനോഭാവങ്ങൾ രൂപപ്പെടുന്നത് എങ്ങനെയെന്ന് അന്വേഷിക്കാനുള്ള വിമുഖതയാണ് വ്യത്യസ്ത സാമൂഹികവിഭാഗങ്ങളിൽ സഹജഭാവം കെട്ടിയേൽപ്പിക്കുന്ന ഇത്തരം ധൃതിപിടിച്ച തരംതിരിവ് സമീപനത്തിനു കാരണം. ഇന്ത്യയടക്കമുള്ള ദക്ഷിണേഷ്യയിലെ വന്യജീവി വ്യാപാരത്തിൽ പല ഗോത്രവിഭാഗങ്ങളും ഏർപ്പെടുന്നുണ്ട്.

കല്യാടെ ചെങ്കൽ ഖനനം

നിശ്ചലമല്ല നായാട്ടിന്റെ ചരിത്രം. നായാട്ടിന്റെ ചരിത്രസന്ദർഭം, ഭൂപ്രകൃതിയും ജീവജാലവൈവിധ്യവും, ജനസംഖ്യ, വ്യത്യസ്ത സമൂഹങ്ങളുടെ സാമ്പത്തികനിലവാരം, സാങ്കേതികവിദ്യയുടെ ലഭ്യത, കാർഷികരീതി, ഉത്പാദനബന്ധങ്ങൾ, വിപണിവികാസം, ഗതാഗതസൗകര്യം തുടങ്ങിയ ഘടകങ്ങളിലെ വ്യത്യാസങ്ങൾ പരിഗണിക്കുക പ്രധാനം. നായാട്ടുചരിത്ര മെഴുത്തിന്റെ ഉപാദാനമെന്ന നിലയിൽ അപ്പനുവിന്റെ അനുഭവകഥകൾ ഇത് നമ്മെ ഓർമ്മിപ്പിക്കുന്നു.

1974 ൽ 64-ാമത്തെ വയസ്സിൽ അപ്പനു വിടവാങ്ങി. അദ്ദേഹം നായാടിയ കാടുകളും താണ്ടിയ തോടുകളും നടന്ന കുണ്ടനിടവഴികളും ഇന്നില്ല. കുന്നുകൾ പറമ്പുകളായി, വയലുകൾ വാസസ്ഥലങ്ങളായി, ഊടുവഴികൾ വാഹനം ഇരമ്പുന്ന റോഡുകളായി. ഭൂപരിഷ്‌കാരം പ്രാബല്യത്തിൽ വന്നതോടെ ഭൂമിയുടെ മേലുള്ള ജന്മിമാരുടെ കുത്തക അവസാനിച്ചു. ഇടനില കുടിയാന്മാർ ഭൂവുടമകളായി, വെറുംപാട്ട കുടിയാന്മാർ തുണ്ടുഭൂമികളുടെ ഉടമസ്ഥരായി, പുതുതായി താമസയിടം സ്വന്തമായ കുടികിടപ്പുകാർ സ്വതന്ത്ര തൊഴിലാളികളായി. പക്ഷെ ആദിവാസികൾ കോളനികളിൽ തളച്ചിടപ്പെട്ടു. കല്യാടും കാണാം പണിയക്കോളനികൾ.

സംസ്ഥാനത്തെ കെട്ടിടനിർമ്മാണപ്പെരുപ്പം കല്യാടിന്റെ ഭൂപ്രകൃതിയെ മാറ്റിമറിച്ചു. അവിടത്തെ മികച്ചയിനം ചെങ്കല്ലിന് തെക്കൻ കേരളത്തിൽനിന്നുപോലും ആവശ്യക്കാരുണ്ടായതോടെ കപ്പണകളിൽ പെരുതേരിയുടെ കന്മഴു യന്ത്രത്തിനു വഴിമാറി. ചെങ്കൽകരാർമുതലാളിമാരും പ്രാദേശികരാഷ്ട്രീയനേതാക്കളും തദ്ദേശസ്ഥാപനാധികാരികളും ചേർന്ന അധികാരവ്യൂഹം രൂപംകൊണ്ടു. അവർ ഭൂപ്രകൃതിയുടെ അധികാരികളായി. കപ്പണകളിൽ പണിയെടുക്കാനായി നൂറുകണക്കിന് മറുനാടൻ തൊഴിലാളികളെത്തി, നാട്ടുകാർ മേലാളരും ഇടനിലക്കാരുമായി.
ഇന്ന് കല്യാടെന്ന പീഠഭൂമിയില്ല. അഗാധഗർത്തങ്ങളാണവിടെ.

(എ.കെ. ചാത്തുക്കുട്ടി നമ്പ്യാർ രചിച്ച നായാട്ട് അനുഭവകഥകൾ എന്ന പുസ്തകത്തിന്റെ അവതാരിക)

Comments