കുഞ്ഞുണ്ണി സജീവ്

കസൻദ്സാക്കിസ് മരിക്കുമ്പോൾ ഇന്ത്യയിൽ ആനന്ദ് എന്ന എഴുത്തുകാരന്റെ ജീവിതം ആരംഭിച്ചു…

ആനന്ദിന്റെ ചിന്തകളെയും ഭാവനയെയും രൂപപ്പെടുത്തിയ വൈയക്തികവും രാഷ്ട്രീയവുമായ പല തലങ്ങളെ വിശലകനം ചെയ്യുകയാണ് കുഞ്ഞുണ്ണി സജീവ്.

ബുദ്ധൻ തൻ്റെ ശിഷ്യരോടായി പറയാറുള്ള ‘ചങ്ങാടത്തിൻ്റെ ഉപമ’ ശ്രദ്ധേയമാണ്.

‘‘ജീവിതമെന്ന നദി മുറിച്ചുകടക്കുന്നതിന് ഉപയോഗിക്കാവുന്ന ചങ്ങാടം മാത്രമാണ് എൻ്റെ ധർമ്മോപദേശം. നദി മുറിച്ചുകടന്ന ശേഷവും നിങ്ങളാ ചങ്ങാടം ചുമക്കേണ്ട കാര്യമില്ല, അതിനെ തീരത്തുതന്നെ ഉപേക്ഷിക്കുക. കതിരറുത്ത ശേഷം അരിവാളും, ആണി തറച്ച ശേഷം ചുറ്റികയും അതാതിൻ്റെ സ്ഥാനത്ത് തിരികെ വെക്കുന്ന പോലെ”.

പാലി ഗ്രന്ഥസമാഹാരങ്ങളായ മജ്‌ജിമ നികായത്തിലും (22), സംയുത്ത നികായത്തിലും (22.101) പരാമർശിക്കപ്പെടുന്ന ‘ചങ്ങാടത്തിൻ്റെ ഉപമ’യെ ഓർമിപ്പിക്കുന്നതാണ് ആനന്ദിൻ്റെ എഴുത്തും ആശയലോകവും. കഥ, നോവൽ, ശിൽപം, നാടകം, ഉപന്യാസം, വിവർത്തനം എന്നിങ്ങനെ പലവിധ ചങ്ങാടങ്ങളിൽ കയറി ആശയനദികളെ മുറിച്ച് കടക്കുവാൻ ശ്രമിച്ച ചിന്തകനാണ് അദ്ദേഹം. ഫിക്ഷനും നോൺ ഫിക്ഷനുമിടയിൽ സത്യത്തെ - ജ്ഞാനത്തെ- അദ്ദേഹം തേടി, ബുദ്ധനെ പോലെ.

സ്വതന്ത്ര ഇന്ത്യയുടെയും കേരളം രൂപീകരണത്തിൻെറയും പശ്ചാത്തലത്തിൽ ജീവിതം ആരംഭിക്കുന്ന ഒരു യുവാവിന്റെ അസ്തിത്വ അന്വേഷണം എന്ന നിലയ്ക്കാണ് അദ്ദേഹത്തിന്റെ എഴുത്ത് ആരംഭിക്കുന്നത്. നെഹ്രുവും ഗാന്ധിയും ചേർന്ന് തീർത്ത സെക്യുലർ രാഷ്ട്രഘടനയും മാർക്സിസവും സോഷ്യലിസവും തീർത്ത സമത്വ - സാഹോദര്യ ബോധവും എം. എൻ. റോയിയുടെ റാഡിക്കൽ ഹ്യുമനിസവുമെല്ലാം ചേർന്ന് തീർത്ത രാഷ്ട്രീയ തിരിച്ചറിവുകൾക്കുമേൽ, ബോംബെ നഗരത്തിലെ അനുഭവങ്ങൾ കൂടി ചേർന്നപ്പോൾ ആനന്ദ് എന്ന എഴുത്തുകാരൻ സ്വാഭാവികമായി രൂപപ്പെടുകയായിരുന്നു.

സ്വതന്ത്ര ഇന്ത്യയുടെയും കേരളം രൂപീകരണത്തിൻെറയും പശ്ചാത്തലത്തിൽ ജീവിതം ആരംഭിക്കുന്ന ഒരു യുവാവിന്റെ അസ്തിത്വ അന്വേഷണം എന്ന നിലയ്ക്കാണ്  ആനന്ദിന്റെ എഴുത്ത്  ആരംഭിക്കുന്നത്.  Photo/ Muhammad Hanan
സ്വതന്ത്ര ഇന്ത്യയുടെയും കേരളം രൂപീകരണത്തിൻെറയും പശ്ചാത്തലത്തിൽ ജീവിതം ആരംഭിക്കുന്ന ഒരു യുവാവിന്റെ അസ്തിത്വ അന്വേഷണം എന്ന നിലയ്ക്കാണ് ആനന്ദിന്റെ എഴുത്ത് ആരംഭിക്കുന്നത്. Photo/ Muhammad Hanan

ബുക്കോവസ്കിയെ പോലെ, അകത്തുനിന്ന് ആഴത്തിലുള്ള സമ്മർദ്ദമുള്ളപ്പോൾ മാത്രം എഴുതുന്ന എഴുത്തുകാരനായി ആനന്ദ് മാറിയത് മലയാളത്തിന് വെളിയിലാണ് - പുറമ്പോക്കിലാണ്. മഹാശ്വേതാദേവി അദ്ദേഹത്തെ ‘പ്രിയപ്പെട്ട പുറമ്പോക്ക് മനുഷ്യൻ’ എന്ന് കത്തുകളിൽ അഭിസംബോധന ചെയ്തു. എഴുത്തുകാരനെന്നോ, കലാകാരനെന്നോ ഇന്നും സ്വയം വിശേഷിപ്പിക്കുവാൻ മടി കാണിക്കുന്ന ആനന്ദ് എഴുത്തുകാരല്ല, മറിച്ച് സാംസ്കാരിക മൂല്യങ്ങളെ ഉയർത്തിക്കാട്ടുന്ന ജനങ്ങളാണ് ചരിത്രത്തിനുമേൽ സ്വാധീനം ചെലുത്തുന്നതെന്ന് നിരന്തരം അഭിപ്രായപ്പെടാറുണ്ട്.

ബംഗാളിയും ഹിന്ദിയും ഗുജറാത്തിയും നദികൾ പോലെ മലയാളവുമായി ആനന്ദിൻ്റെ നോവലുകളിൽ കലരുന്നുണ്ട്. ഇന്ത്യൻ പശ്ചാത്തലത്തിൽ മലയാള നോവലുകൾ എഴുതുന്ന കഥാകാരൻ, പല ആഖ്യാനങ്ങളെ തമ്മിൽ ബന്ധിപ്പിക്കുവാനും, അവ തമ്മിൽ സ്വതന്ത്രമായ തുടർച്ചകൾ നിലനിർത്തുവാനും ശ്രദ്ധിച്ചു.

സങ്കൽപത്തിനും യാഥാർഥ്യത്തിനുമിടയിലെ നദിയായാണ് അദ്ദേഹം സ്വന്തം ഭാവനയെ മനസിലാക്കുന്നത്. ഭാവനയുടെ നദിയിൽ ഇറങ്ങുക എന്നതാണ് ആനന്ദിന് ഓരോ കലാസൃഷ്ടിയും. നദിയിൽ ഇറങ്ങുക, തനിക്ക് താൽപര്യം തോന്നുന്ന ആശയങ്ങളെ സ്പർശിക്കുക എന്നീ ദൗത്യങ്ങളാണ് പ്രധാനം. രൂപത്തിനേക്കാൾ ആശയത്തിനും ആത്മാവിഷ്ക്കാരത്തിനുമാണ് എഴുത്തിൽ മുൻ‌തൂക്കം. ബോംബെ, ഗുജറാത്ത്, ബംഗാൾ, ഡെറാഡൂൺ, വടക്ക് കിഴക്കൻ സംസ്ഥാനങ്ങൾ എന്നിവിടങ്ങളിലൂടെയുള്ള യാത്രയും ജീവിതവും അദ്ദേഹത്തിന്റെ ഭാവനയെയും ചിന്തകളെയും രൂപപ്പെടുത്തി. എഴുത്ത് വളരെ ‘Conscious’ ആയ ഒരു തീരുമാനമാണെന്ന് സമ്മതിക്കുമ്പോഴും, ഭൗതികമായ യാത്രകളേയും ആന്തരികമായ യാത്രകളേയും എഴുത്തിനുമേലുള്ള സ്വാധീനങ്ങളായി അദ്ദേഹം തിരിച്ചറിയുന്നു.

ബംഗാളിയും ഹിന്ദിയും ഗുജറാത്തിയും നദികൾ പോലെ മലയാളവുമായി ആനന്ദിൻ്റെ നോവലുകളിൽ കലരുന്നുണ്ട്. ഇന്ത്യൻ പശ്ചാത്തലത്തിൽ മലയാള നോവലുകൾ എഴുതുന്ന കഥാകാരൻ, പല ആഖ്യാനങ്ങളെ തമ്മിൽ ബന്ധിപ്പിക്കുവാനും, അവ തമ്മിൽ സ്വതന്ത്രമായ തുടർച്ചകൾ നിലനിർത്തുവാനും ശ്രദ്ധിച്ചു. അതിരുകൾക്കും വേർതിരിവുകൾക്കുമെതിരെ, കൃത്യമായ നിർവചനങ്ങൾക്കെതിരെ ഭാവനയെ തുറന്നുവിടുന്ന രാഷ്ട്രീയ നിലപാട് കൂടിയാണ് ആനന്ദിന്റെ എഴുത്തുകൾ. കലാകാരരുടെ ആത്മാവിഷ്കാരത്തിന് വ്യക്തിത്വവും സ്വാതന്ത്ര്യവുമാണ് പ്രേരകശക്തികൾ എന്നദ്ദേഹം കരുതുന്നു. എഴുത്തിലും, കലയിലും ഒരു ‘Genre - Transcending Style’ അദ്ദേഹം കണ്ടെത്തി. അവിടെ ഉപന്യാസങ്ങൾ കഥകളായി മാറും, ആശയങ്ങൾ കവിതകളായി, തത്വചിന്ത നോവലായി, നോവലിന്റെ തുടർച്ച ചിലപ്പോൾ ശിൽപങ്ങളായി മാറും. എല്ലാം ഒരു തരത്തിലുള്ള വിവർത്തനമാണ്. മനസ്സിൽ തോന്നിയ ആശയങ്ങളെ വാക്കുകളായി, കഥകളായി, നോവലുകളായി, ശിൽപങ്ങളായി അദ്ദേഹം വിവർത്തനം ചെയ്തു. ഓരോ കലാസൃഷ്ടിയും നദിയായി ഒഴുകുന്ന ഭാവനയിൽ ഓരോ തവണയായി ഇറങ്ങിയതിന്റെ ഫലമാണ്. ഒരേ നദിയിൽ തന്നെ ഒന്നിൽ കൂടുതൽ തവണ ഇറങ്ങുക സാധ്യമല്ല, കാരണം നദി ഒഴുകിക്കൊണ്ടേയിരിക്കുന്നു. നദി പോലെ ഒഴുക്ക് നിലയ്ക്കാത്ത മനുഷ്യചരിത്രം ആധാരമാകുന്നതുകൊണ്ടുതന്നെ ആനന്ദിന്റെ ഓരോ കലാസൃഷ്ടിയും അതാത് കാലത്തെ കലഹിക്കുന്ന രാഷ്ട്രീയ - സാമൂഹികാവസ്ഥകളോട്, നദികളോട് ഇടപെടുന്നു.

മനുഷ്യസമൂഹത്തെ തന്നെയും നദിയോട് താരതമ്യം ചെയ്യുന്ന അദ്ദേഹത്തിന്റെ വാക്കുകൾ ശ്രദ്ധിക്കുക: “ഒഴുകിയിറങ്ങുകയും പരക്കുകയും പൊങ്ങുകയും ചെയ്യുന്ന ജലം പോലെ മനുഷ്യരും സമൂഹവുമൊക്കെ പരക്കുകയും ഉയരുകയുമൊക്കെ ചെയ്തേക്കാം.’’

മലയാളത്തിലെ പല കഥാകൃത്തുക്കളും ആത്മാവിഷ്കാരത്തെ പ്രാദേശിക ഭാഷയിലും പ്രദേശിക ഭൂമികയിലും ഒതുക്കിനിർത്തിയപ്പോൾ, ആനന്ദിന്റെ കഥകളും കഥാപാത്രങ്ങളും ദേശ- കാല-സമയ സീമകളെ തകർത്തെറിഞ്ഞു, കര കവിഞ്ഞൊഴുകുന്ന നദിയെപ്പോലെ. അതിരുകളിൽ കണിശക്കാരാവുന്ന മനുഷ്യരെ ആനന്ദ് തിരുത്തുന്നുണ്ട്: “അതിരുകളിൽ നിങ്ങൾ കണിശക്കാരാകരുത്, അതിരുകൾ ഒന്നും തന്നെ സ്ഥിരമല്ല. ഡാർവിൻ ജീവജാലങ്ങൾ തമ്മിലുള്ള അതിരുകളെ ഇല്ലാതാക്കി, മാർക്സ് ക്ലാസുകൾ തമ്മിലുള്ള അതിരുകൾ ഇല്ലാതാക്കി. അതിരുകൾക്കെതിരെയുള്ള കലാപം, നിർവചനകൾക്കെതിരെയുള്ള കലാപം”.
ഓരോ കലാരൂപവും ശ്രമിക്കേണ്ടത് അത്തരമൊരു കലാപത്തിന് വേണ്ടിയാണ്. രാഷ്ട്രങ്ങൾ നിർമിച്ചെടുക്കുന്ന ഭൂപടങ്ങൾ ശ്രദ്ധിക്കുക: “ഭൂപടങ്ങൾ യഥാർത്ഥമായവയും വസ്തുനിഷ്ഠമല്ലാത്ത, അടിസ്ഥാനത്തിൽ സങ്കൽപ്പിക്കപെട്ടവയും ഉണ്ട്. ചില ഭൂപടങ്ങൾ മനുഷ്യന്റെ കാഴ്ചകളെ വിശാലമാക്കുന്നു. എന്നാൽ ചിലവയാകട്ടെ എല്ലായിടത്തും രക്തം പൂശുന്നു.’’ മനുഷ്യന്റെ കാഴ്ചകളെ വിശാലമാക്കുന്ന ഭൂപടങ്ങൾ നാം നിർമിക്കേണ്ടിയിരിക്കുന്നു.

 ആധുനിക ലോകവും മുതലാളിത്ത വ്യവസ്ഥയും മനുഷ്യനെ ‘ആൾക്കൂട്ട’ങ്ങളുടെ ഭാഗമാക്കുമ്പോൾ അതിനെതിരെയുള്ള ചെറുത്തുനിൽപ്പ് എന്ന നിലയ്ക്കാണ് എഴുത്തും കലയും വളരുന്നത്.
ആധുനിക ലോകവും മുതലാളിത്ത വ്യവസ്ഥയും മനുഷ്യനെ ‘ആൾക്കൂട്ട’ങ്ങളുടെ ഭാഗമാക്കുമ്പോൾ അതിനെതിരെയുള്ള ചെറുത്തുനിൽപ്പ് എന്ന നിലയ്ക്കാണ് എഴുത്തും കലയും വളരുന്നത്.

ലോകസാഹിത്യ ചരിത്രത്തിൽ ആനന്ദുമായി സാദൃശ്യം തോന്നിയേക്കാവുന്ന ധാരാളം എഴുത്തുകാരുണ്ട്. ഭരണകൂട ഭീകരതയും, രാഷ്ട്രീയവും അധികാരവുമെല്ലാം ആനന്ദിന്റെ കൃതികളിൽ ചർച്ച ചെയ്യപ്പെടുമ്പോൾ ഓർവെൽ, ആർട്സ് ഹക്സ്‌ലി, തോമസ് മൻ എന്നീ എഴുത്തുകാരുടെ സ്വാധീനം കാണാം. വ്യക്തിയും സമൂഹവും നീതി- ന്യായ സംഘർഷങ്ങളും കടന്നു വരുമ്പോൾ കാഫ്കയെ കാണാം. ദസ്തെയോവസ്‌കി, ടോൾസ്റ്റോയ്, തുർഗനേവ് എന്നീ റഷ്യൻ എഴുത്തുകാരെ സ്വാധീനങ്ങളായി ആനന്ദ് പറയാറുണ്ട്. ആധുനിക ലോകവും മുതലാളിത്ത വ്യവസ്ഥയും മനുഷ്യനെ ‘ആൾക്കൂട്ട’ങ്ങളുടെ ഭാഗമാക്കുമ്പോൾ അതിനെതിരെയുള്ള ചെറുത്തുനിൽപ്പ് എന്ന നിലയ്ക്കാണ് എഴുത്തും കലയും വളരുന്നത്.

ഗ്രീക്ക് എഴുത്തുകാരനായ നിക്കോസ് കസൻദ്സാക്കിസിനെ ആനന്ദിന്റെ എഴുത്തും ജീവിതവുമായി താരതമ്യം ചെയ്യാമെന്ന് കരുതുന്നു. എല്ലാവിധ രാഷ്ട്രീയ സാഹചര്യങ്ങളേയും ഇവർ തങ്ങളുടെ എഴുത്തിൽ പരിഗണിക്കുന്നു. ആധുനിക ലോകത്തെ അസ്തിത്വപ്രശ്നങ്ങളിൽ രചന ആരംഭിക്കുകയും പലവിധ ആശയങ്ങളെയും രാഷ്ട്രീയ തത്വങ്ങളെയും എഴുത്തുകളിലിവർ അവതരിപ്പിക്കുകയും ചെയ്തു. ഒരാൾ എന്തുകൊണ്ട് എഴുത്തുകാരാകുന്നു എന്ന ചോദ്യത്തിന് രണ്ടു പേർക്കും ഒരേ ഉത്തരമാണ്: “പലപ്പോഴും ഞാൻ നിസ്സഹായനാണ്”.
ജീവിതത്തിന്റെ യാഥാർഥ്യത്തെ മനസിലാക്കുവാൻ രണ്ടു പേരും പല ആശയങ്ങളെ പുൽകുകയും ചർച്ച ചെയ്യുകയും ഉപേക്ഷിക്കുകയും ചെയ്തു. അസ്തിത്വവാദം, കമ്മ്യൂണിസം, ബുദ്ധദർശനം. നിഷേധവാദം, പ്രാചീന മതങ്ങൾ, സെമിറ്റിക് മതങ്ങൾ എന്നിങ്ങനെ ആധുനിക മനുഷ്യന് കണ്ടെത്താവുന്ന എല്ലാ ദർശനങ്ങളേയും അവർ പരിചയപ്പെട്ടു. യാത്രകളിലൂടെ വളർന്നതാണ് രണ്ട് പേരുടെയും എഴുത്തുജീവിതം. യൂറോപ്പിന്റെ പല ഭാഗങ്ങളിലായി സഞ്ചരിച്ച കസൻദ്സാക്കിസ് ഗ്രീക്ക് പ്രാദേശികതയിൽ ഊന്നുമ്പോഴും രചനകളെല്ലാം യൂറോപ്യനായി നിലനിർത്തി. ഇന്ത്യയെ യൂറോപ്പുമായി താരതമ്യം ചെയ്തുകൊണ്ടാണ് ആനന്ദ് സ്വന്തം സാഹിത്യദർശനത്തെ അവതരിപ്പിക്കാറുള്ളത്. ഫ്രഞ്ച്, ഇറ്റാലിയൻ, ജർമൻ എന്നീ ഭാഷകളിൽ നോവലുകൾ എഴുതപ്പെടുമ്പോഴും അവയെല്ലാം യൂറോപ്യനായി നിലനിൽക്കുന്നത് പോലെ ആനന്ദിന്റെ മലയാളത്തിലുള്ള എഴുത്തുകൾ ഇന്ത്യനായി നിലനിന്നു. പ്രത്യയശാസ്ത്രങ്ങളിൽ നിന്ന് അധികമൊന്നും പ്രതീക്ഷിക്കാനില്ല എന്ന് കണ്ടെത്തിയ എഴുത്തുകാരുമാണവർ. ലോകത്തെ മാറ്റിമറിക്കണമെന്നുണ്ടെങ്കിൽ ആദ്യം ലോകം കീഴടക്കണം എന്ന അധികാരത്തിന്റെ പൊതു ബോധം എല്ലാ പ്രത്യയശാസ്ത്രങ്ങളും പാലിച്ചു പോരുന്നു എന്ന ചരിത്രസത്യത്തെ രണ്ടുപേരും തുറന്നു സമ്മതിക്കുന്നു. അധികാരത്തെക്കുറിച്ചും, ചരിത്രത്തെക്കുറിച്ചും മാത്രമല്ല, തകർച്ചയുടെയും പലായനത്തിന്റെയും പീഡനങ്ങളുടെയും ദുരവസ്ഥയുടെ ചിത്രമാണ് രണ്ടു പേർക്കും വിവരിക്കുവാനുള്ളത്. ബാൽക്കൻ യുദ്ധത്തിലും ഒന്നാം ലോകമഹായുദ്ധത്തിലും ഗ്രീക്ക് ആഭ്യന്തര യുദ്ധത്തിലും കസൻദ്സാക്കിസ് പങ്കെടുത്തപ്പോൾ ആനന്ദ് 1960 -64 വരെയുള്ള കാലയളവിൽ ഷോർട്ട് സർവീസ് കമ്മീഷന്റെ ഭാഗമായി വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ ഇന്ത്യൻ ആർമിയുടെ ഭാഗമായിരുന്നു. 1965-ലെയും 1971-ലെയും യുദ്ധങ്ങളുമായി ബന്ധപ്പെട്ട അനുഭവങ്ങൾ ആനന്ദിനുണ്ട്. യുദ്ധവുമായി ബന്ധപ്പെട്ട മനുഷ്യജീവിതത്തിന്റെ അനുഭവങ്ങൾ രണ്ട് പേരുടേയും കൃതികളിൽ കാണാം. കസൻദ്സാക്കിസ് പൂർണമായും മനുഷ്യജീവിതത്തെ ആധുനിക ജീവിതത്തിന് പുറത്താണ് കണ്ടിരുന്നത്. പക്ഷെ ആനന്ദ് പിന്നേയും ആധുനിക മനുഷ്യനിലും സംസ്കാരത്തിലും ജനാധിപത്യത്തിലും സിവിൽ സമൂഹത്തിലുമെല്ലാം പ്രതീക്ഷ വെക്കുന്നു. 1957-ൽ കസൻദ്സാക്കിസ് മരിക്കുമ്പോൾ ആനന്ദ്, ബോംബെ നഗരം നൽകുന്ന അനുഭവത്തിൽ നിന്ന് ഒരു എഴുത്തുകാരനായി രൂപാന്തരപ്പെടുകയായിരുന്നു. ആനന്ദിന്റെ ആദ്യ രചനയായ ‘ആൾക്കൂട്ടം’ പ്രതിപാദിക്കുന്ന കാലഘട്ടം 1957 മുതൽ 62 വരെയുള്ള നെഹ്രുവിയൻ കാലഘട്ടമാണെന്നുമോർക്കുക.
യൂറോപ്പിലെ ക്രെറ്റ് സ്വദേശിയായ കസൻദ്സാക്കിസ് മരിക്കുമ്പോൾ ഇന്ത്യയിൽ മലയാളിയായ ആനന്ദ് എന്ന എഴുത്തുകാരന്റെ ജീവിതം ആരംഭിച്ചു. ഗംഗാതീരത്തെ മണ്ണ് ഉഴുതുമറിക്കുന്ന മണ്ണിരകളെ കണ്ട് ശില്പങ്ങൾ നിർമ്മിക്കാനാരംഭിച്ച ആനന്ദും, പട്ടുനൂൽപ്പുഴുക്കളെ മനുഷ്യന് അനുകരിക്കാവുന്ന ഏറ്റവും മികച്ച ജീവനായി കാണുന്ന കസൻദ്സാക്കിസും ഒരേ തരത്തിലുള്ള മനുഷ്യരാണ്. യഥാർത്ഥ ജീവിതത്തിന്റെ നിസ്സഹായാവസ്ഥയിൽ നിന്നും, നിഷ്ക്രിയതത്വത്തിൽ നിന്നും കലയിൽ അഭയം പ്രാപിച്ചവർ. പ്രത്യയശാസ്ത്രങ്ങളും അവർക്ക് കലാസൃഷ്ടികളാണ്. പലതരം പ്രത്യയശാസ്ത്രങ്ങളെ അവർ പുൽകുന്നു, ചർച്ച ചെയ്യുന്നു, ഉപേക്ഷിക്കുന്നു. പ്രശ്നങ്ങൾക്കുള്ള പരിഹാരമല്ല, മറിച്ച് അതിജീവനത്തിനുവേണ്ടിയുള്ള ഉപാധിയായി കലയെ മാത്രം അവർ ജീവിതത്തോടൊപ്പം ചേർക്കുന്നു. രണ്ടുപേരും ബുദ്ധദർശനത്തിൽ താൽപര്യപ്പെടുന്നു. യൂറോപ്പും ഇന്ത്യയും ഒന്നാണ്, പടിഞ്ഞാറും കിഴക്കും ഒരുമിക്കുന്നു ബുദ്ധനിൽ.

ഗ്രീക്ക് എഴുത്തുകാരനായ നിക്കോസ് കസൻദ്സാക്കിസിനെ ആനന്ദിന്റെ എഴുത്തും ജീവിതവുമായി താരതമ്യം ചെയ്യാമെന്ന് കരുതുന്നു. എല്ലാവിധ രാഷ്ട്രീയ സാഹചര്യങ്ങളേയും ഇവർ തങ്ങളുടെ എഴുത്തിൽ പരിഗണിക്കുന്നു.
ഗ്രീക്ക് എഴുത്തുകാരനായ നിക്കോസ് കസൻദ്സാക്കിസിനെ ആനന്ദിന്റെ എഴുത്തും ജീവിതവുമായി താരതമ്യം ചെയ്യാമെന്ന് കരുതുന്നു. എല്ലാവിധ രാഷ്ട്രീയ സാഹചര്യങ്ങളേയും ഇവർ തങ്ങളുടെ എഴുത്തിൽ പരിഗണിക്കുന്നു.

പതിന്നാല് - പതിനഞ്ച് വർഷങ്ങളോളം ബംഗാളിൽ ജീവിച്ച ആനന്ദ്, മരണസർട്ടിഫിക്കറ്റ്, ഉത്തരായനം എന്നീ നോവലുകൾ പൂർത്തിയാക്കി. ബംഗാളിൽ നിന്ന് അഭയാർഥികൾ ഇന്ത്യയിലേക്ക്‌ പ്രവഹിക്കുന്ന അനുഭവം നോവലുകളിൽ വിവരിച്ചു. അഭയം എന്ന ആശയത്തെ തത്ത്വചിന്താപരമായി സമീപിക്കുമ്പോൾ അദ്ദേഹം രണ്ട് തരത്തിലുള്ള അഭയാർത്ഥികളെ കണ്ടെത്തുന്നു.
ഒന്ന്: സ്ഥലത്തിന്റെ അഭയാർത്ഥികൾ.
രാഷ്ട്രീയം, സംസ്കാരം, മതം, വംശം തുടങ്ങിയവയിൽ അധിഷ്ഠിതമായ സംഘർഷങ്ങളിൽ കുടിയൊഴിപ്പിക്കപ്പെട്ടവർ.
രണ്ട്: കാലത്തിന്റെ അഭയാർത്ഥികൾ.
മറ്റൊരു സ്ഥലം കണ്ടെത്താനാകാതെ വരുമ്പോൾ അവർ ഒരു പ്രത്യേക കാലത്തിൽ അഭയം തേടുന്നു. ഇന്നിന്റെ സമയത്തിൽ നിന്ന് മറ്റൊരു സമയത്തിലേക്ക് യാത്ര ചെയ്യുന്ന അഭയാർത്ഥി, ഇന്നിന്റെ ദുരിതത്തിൽ നിന്ന് രക്ഷ നൽകുന്ന മറ്റൊരു നാളെയെ സ്വപ്നം കാണുന്ന അഭയാർത്ഥി.

ചരിത്രം തന്നെ ഈ രണ്ട് തരത്തിലുള്ള അഭയാർത്ഥികളുടെ പലായനമാണ്. ഭാരതീയമായ സന്ദർഭങ്ങളിൽ നടക്കുന്ന പലായനങ്ങളെ വിവരിക്കുന്ന എഴുത്തുകൾ ആനന്ദ് പുതിയൊരുതരം മലയാളം ഉപയോഗിച്ചാണ് എഴുതിയിരിക്കുന്നത്. പലായനങ്ങളെക്കുറിച്ചുള്ള എഴുത്തിലും ആനന്ദ് യാത്രയെ കണ്ടെത്തുന്നുണ്ട്. ഒരു ആശയത്തിൽ നിന്ന് മറ്റൊരു ആശയത്തിലേക്ക്, ഒരു പരിസരത്തിൽ നിന്ന് മറ്റൊരു പരിസരത്തേയ്ക്ക്. മരുഭൂമികൾ ഉണ്ടാകുന്നത് (1989), ഗോവർദ്ധന്റെ യാത്രകൾ (1995) മുതലായ നോവലുകളിൽ തത്ത്വചിന്താപരമായ വിചാരങ്ങൾ ധാരാളമാണ്. മനുഷ്യർക്കിടയിൽ ആർദ്രത വറ്റുന്ന അവസ്ഥയിലാണ് മരുഭൂമികൾ ഉണ്ടാകുന്നത്. അവിടെ ആർദ്രതയ്ക്ക് കേഴുന്ന കരച്ചിലുകൾക്കു മുൻപിൽ നാം കാത് പൊത്തും കണ്ണടയ്ക്കും. മൂല്യങ്ങൾ മറക്കുമ്പോൾ മരുഭൂമികൾ ഉണ്ടാകുന്നു. ആനന്ദിന്റെ വരികൾ ശ്രദ്ധിക്കുക:

“ഓ പോകുന്നവരെ
നിങ്ങൾ പോകൂ, പോകണമെങ്കിൽ
ഓ പോകുന്നവരെ
നിങ്ങൾ പോകൂ പോകണമെങ്കിൽ
പക്ഷെ മടങ്ങിവരരുത്
നിങ്ങൾക്ക് വരുവാൻ കഴിയുമെങ്കിൽ തന്നെയും
വന്നാലും കാണരുത് ഞങ്ങളുടെ അവസ്ഥ
നിങ്ങൾക്കപ്പോൾ കാഴ്ച്ച ഉണ്ടെങ്കിൽ തന്നെയും
കരയരുത്, കണ്ണീരുണ്ടെങ്കിൽ തന്നെയും
മരിച്ചുകൊള്ളൂ, മരണം നിങ്ങളുടെ കയ്യിലാണെങ്കിൽ
ഒരിക്കൽ ഓർത്തുനോക്കൂ
ജീവിതം കൊണ്ട് നിങ്ങൾക്കെന്തായിരുന്നു പ്രയോജനം.”

മനുഷ്യർക്കിടയിൽ ആർദ്രത വറ്റുന്ന അവസ്ഥയിലാണ് മരുഭൂമികൾ ഉണ്ടാകുന്നത്. അവിടെ ആർദ്രതയ്ക്ക് കേഴുന്ന കരച്ചിലുകൾക്കു മുൻപിൽ നാം കാത് പൊത്തും കണ്ണടയ്ക്കും. മൂല്യങ്ങൾ മറക്കുമ്പോൾ മരുഭൂമികൾ ഉണ്ടാകുന്നു.
മനുഷ്യർക്കിടയിൽ ആർദ്രത വറ്റുന്ന അവസ്ഥയിലാണ് മരുഭൂമികൾ ഉണ്ടാകുന്നത്. അവിടെ ആർദ്രതയ്ക്ക് കേഴുന്ന കരച്ചിലുകൾക്കു മുൻപിൽ നാം കാത് പൊത്തും കണ്ണടയ്ക്കും. മൂല്യങ്ങൾ മറക്കുമ്പോൾ മരുഭൂമികൾ ഉണ്ടാകുന്നു.

സഹജീവികളുടെ കരച്ചിൽ കേൾക്കാൾ നിൽക്കാതെ നാം ഓരോരുത്തരും അന്നും ഇന്നും ജീവിതം തള്ളി നീക്കുന്നു. മനുഷ്യചരിത്രത്തെക്കുറിച്ച് പൊതുവായും, ഇന്ത്യൻ ചരിത്രത്തെക്കുറിച്ച് സവിശേഷമായും ആനന്ദ് മുന്നോട്ടുവെക്കുന്ന ദർശനങ്ങൾ ദുരവസ്ഥകൾ നിറഞ്ഞതാണ്. അംഗഭംഗം എന്ന കഥയിൽ സംവേദനശക്തി നഷ്ടമായ ഒരു സാമൂഹിക ശരീരത്തെക്കുറിച്ച് ആനന്ദ് എഴുതുന്നു:

“സമൂഹം ഒരു ശരീരമാണ്. ഒരിടത്തുണ്ടാകുന്ന മുറിവ് മറ്റിടങ്ങളിൽ വേദനയായി എത്തണം. അതെ, വേദന ഒരു സൂചനയാണ്, അപകടത്തിന്റെ സന്ദേശം. അത് നമ്മുടെ ഏറ്റവും വലിയ സുഹൃത്താകുന്നു. അതു കൂടി ഇല്ലാതായാൽ രോഗം അറിയപ്പെടാതെ പോകും. നിങ്ങളുടെ കൈ മുറിഞ്ഞുപോയിരിക്കുന്നു, നിങ്ങളറിയാതെ. രോഗങ്ങൾ, മഹാവിപത്തുകൾ നമ്മെ ആക്രമിച്ചേക്കും. കൊല്ലും നമ്മുടെ തലമുറ. വർഗം. ഭൂമിയിലെ ജീവിതം തന്നെ നശിച്ചുപോയേക്കും. ഇതൊന്നും ആരും അറിയുകയില്ല. ആരും അറിയാതെ ആർക്കുമൊരിത്തിരി വേദന പോലുമുണ്ടാക്കാതെ നിശ്ശബ്ദം.”

ഇന്ത്യൻ സാമൂഹിക ശരീരം എത്രയോ മുറിവുകളുടെ വേദന അനുഭവിക്കുന്നു. വർഗീയതയും മതമൗലിക വാദവും സ്ത്രീകളോടുള്ള വിവേചനവും ദലിതർക്ക് നേരെയുള്ള അതിക്രമവുമെല്ലാം ചേർന്ന് എത്രയോ മുറിവുകൾ. അത്തരം മുറിവുകളെ ഓർത്ത് നാം ആകുലപ്പെടാറുണ്ടോ?

ഇന്ത്യ എന്ന രാഷ്ട്രത്തെക്കുറിച്ചുള്ള ബോധ്യം അദ്ദേഹം വിവരിക്കുന്നത് ശ്രദ്ധിക്കുക:

“നമ്മുടെ സമൂഹത്തിൽ രാഷ്ട്രം എന്നത് അധികാരത്തിന്റെ ഒരു തലം മാത്രമാണ്. തിരശ്ചീനതലത്തിൽ ജാതി, മതം, സംസ്കാരം, മുതലായ ശക്തികൾ പ്രവർത്തിക്കുന്നു.”

ഒരു ആധുനിക രാഷ്ട്രമായി മാറാൻ സാധിക്കാത്ത തരത്തിൽ ഇന്ത്യ എന്ന രാഷ്ട്രം അധികാര സങ്കീർണതകളിൽ പെട്ട് കറങ്ങിക്കൊണ്ടിരിക്കുന്നു എന്നതൊരു സത്യമാണ്. മറ്റൊരിടത്ത് അദ്ദേഹം അധികാരത്തെക്കുറിച്ച് നടത്തുന്ന കണ്ടെത്തലുകൾ ശ്രദ്ധിക്കുക.

“അധികാരത്തിന്റെ സമവാക്യം പ്രതിഫലിക്കുന്നത് സ്റ്റേറ്റിൽ കൂടിയും സ്റ്റേറ്റിന്റെ ഉപകരണങ്ങളിൽ കൂടിയുമാണ്. സ്റ്റേറ്റ് പവറിനെ എതിർക്കുന്നുവെന്ന പ്രസ്ഥാനങ്ങൾ പോലും വാസ്തവത്തിൽ അതിന്റെ സംരക്ഷകരായി മാറുന്നു. അവരും മനുഷ്യരെ മാനിപുലേറ്റ് ചെയ്യാൻ ശ്രമിക്കുന്നു. വ്യക്തിക്കുപകരം ആൾക്കൂട്ടത്തെ സ്ഥാപിക്കുന്നു.”

ഭരണകൂടത്തിന് ഭരിക്കാൻ പാകപ്പെടുത്തിയെടുത്ത ആൾക്കൂട്ടത്തിൽ നിന്ന് വിട്ടു നിൽക്കേണ്ടതിന്റെയും, സ്വതന്ത്രമായി ചിന്തിക്കുന്ന വ്യക്തികൾ ഉണ്ടാകേണ്ടതിന്റെയും പ്രാധാന്യം ആനന്ദ് പലപ്പോഴായി എഴുത്തുകളിലും പ്രഭാഷണങ്ങളിലും ആവർത്തിക്കുന്നത് കാണാം. “ഗാന്ധിയും ആൾക്കൂട്ടവും” എന്ന ശിൽപം മുന്നോട്ടുവെക്കുന്ന ആശയവും ഇതോടൊപ്പം ചേർത്ത് വായിക്കാവുന്നതാണ്. ഗാന്ധി എങ്ങനെ ആൾക്കൂട്ടത്തിൽ നിന്ന് വ്യത്യാസപ്പെട്ടു നിൽക്കുന്നു എന്നതാണ് ശിൽപത്തിന്റെ പ്രത്യേകത.

ചരിത്രത്തിൽ സാമൂഹിക മുന്നേറ്റങ്ങൾ പലപ്പോഴും രാഷ്ട്രീയ - സാമൂഹിക പ്രശ്നങ്ങളെ ‘external’ ആയി കണ്ടിരുന്നപ്പോൾ ഗാന്ധി പ്രശ്നങ്ങളെ ‘internal’ ആയി മനസിലാക്കി. സ്വാതന്ത്ര്യസമരം ബ്രിട്ടീഷ് വിരുദ്ധ സമരം മാത്രമല്ല, ഇന്ത്യൻ സാമൂഹിക ന്യൂനതകളെ പരിഹരിക്കുന്ന സമരം കൂടിയാണ്. ബാഹ്യമായി മാത്രം ഒരു പ്രശ്നം നിലനിൽക്കുന്നില്ല, മറിച്ച് ആന്തരികമായി നിൽക്കുന്ന പ്രശ്നങ്ങളെകൂടി പരിഹരിക്കുമ്പോഴാണ്, മനുഷ്യർ തമ്മിൽ നിലനിൽക്കുന്ന എല്ലാ പ്രശ്നങ്ങളും പരിഹരിക്കപ്പെടുക. ആനന്ദ് ഫാഷിസത്തെ മനസിലാക്കുന്നതും ഇതേ യുക്തിയിൽ നിന്നാണ്. ഒരു നേതാവിനുകീഴിൽ അണിനിരക്കാൻ വേണ്ടി തോന്നുന്ന ആഗ്രഹത്തോടുള്ള, ഒരു ഗോത്രത്തോട് വിധേയത്വം കാട്ടാനുള്ള, സ്വന്തമായി തീരുമാനമെടുക്കുമ്പോൾ തോന്നുന്ന ഭയത്തോടുള്ള സമരം കൂടിയാണ് ഫാഷിസത്തോടുള്ള സമരം. ഫാഷിസം ഒരിക്കലും ഒരു ബാഹ്യമായ പ്രശ്നമല്ല, മറിച്ച് അതിൽ ആന്തരികമായ ഘടകങ്ങൾ ഉൾച്ചേർന്നിരിക്കുന്നു. നമ്മളിൽ ഓരോരുത്തരിലും ഒരു ഫാഷിസ്റ്റ് ഒളിച്ചിരിക്കുന്നു. സംസ്കാരം - പ്രതി സംസ്കാരം എന്നീ ദ്വന്ദങ്ങൾ തമ്മിലുള്ള സംഘർഷമായും ആനന്ദ് ഈ പ്രശ്നത്തെ മനസിലാക്കുന്നു.

‘‘സംസ്കാരം യുക്തിയേയും പൊതുനന്മയേയും മുൻപിൽ വെക്കുന്നു. മനുഷ്യനിലുള്ള രണ്ട് ഗുണങ്ങളിൽ ക്രൂരതയെ മെരുക്കുന്നു, ആർദ്രതയെ പുഷ്ഠിപ്പെടുത്തുന്നു. പ്രതിസംസ്കാരത്തെ നയിക്കുന്നത് സ്വാർത്ഥതയും അധികാരവാഞ്ഛയുമാണ്. ക്രൂരതയും ആർദ്രതയും അത് ആവശ്യാനുസരണം ഉപയോഗിക്കുന്നു. സംസ്കാരത്തിന്റെ ഉൽപ്പന്നമായ ജനാധിപത്യം പ്രതിസംസ്കാരത്തിന് ഒരു തടസ്സമാണ്, ആവശ്യം കഴിഞ്ഞാൽ എടുത്തുമാറ്റാവുന്ന മുഖമൂടി.”

ഒരുപക്ഷെ കഥകളിലും കവിതകളിലും വെളിപ്പെട്ടുപോയ ചരിത്രത്തിന്റെ ദുരവസ്ഥയെ പരിഹരിക്കാൻ ശ്രമിക്കുന്നതാണ് ആനന്ദിന്റെ ലേഖനങ്ങളും സാമൂഹിക വിമർശനങ്ങളും.

ബാഹ്യവും ആന്തരികവുമാണ് ആനന്ദിന് പ്രതിസംസ്കാരത്തിന്റെ ചേരുവകൾ. വിശ്വാസം പ്രതിസംസ്കാരത്തിന്റെ ഭാഗമാണ്. കാലങ്ങളായി പഴക്കം ചെന്ന് അഴുകിനിൽക്കുന്ന വിശ്വാസങ്ങൾ അരികുകളിലേക്കും അകത്തേയ്ക്കും വളരുന്നു, വ്യക്തിയുടെ സ്വാതന്ത്ര്യം പൂർണമായും നിയന്ത്രിക്കുന്നതിൽ വിശ്വാസം വിജയിക്കുന്നിടത്ത് ഫാഷിസം പൂർണമാകുന്നു. എന്താവും ഇത്തരമൊരു സാഹചര്യത്തെ നേരിടാനുള്ള മാർഗം എന്ന ചോദ്യത്തിന്, സന്തുലനാവസ്ഥ നിലനിർത്തുന്നതിന് ഉത്തരവാദപ്പെട്ട സിവിൽ സമൂഹം എന്നാണ് ആനന്ദിന്റെ മറുപടി. പക്ഷെ സങ്കീർണമായ അധികാരഘടന നിലനിൽക്കുന്ന സമൂഹത്തിൽ അത്തരമൊരു സിവിൽ സമൂഹത്തെ കണ്ടെത്തുകയോ നിർമിക്കുകയോ പ്രയാസമാണ്. അധികാരമോഹവും അധികാരത്തോടുള്ള വിധേയത്വവും മാത്രമാണ് ഇന്ന് മനുഷ്യന്റെ സാമൂഹിക ജീവിതത്തെ നിർണയിക്കുന്നത്. ആനന്ദിന്റെ വാക്കുകളിൽ “അധികാരമോഹം എല്ലാ ആധാരങ്ങളിൽ നിന്നും പറിഞ്ഞുപോന്ന് നിർമമവും നിരാമയവുമായി എല്ലാവരെയും ഒന്നിപ്പിക്കുന്ന അവസ്ഥ’’യായി ഇന്ന് പരിണമിച്ചിരിക്കുന്നു

ലേഖനങ്ങളിൽ ശുഭാപ്തിവിശ്വാസം പുലർത്തുന്ന ആനന്ദ് പക്ഷെ കഥകളിലും നോവലുകളിലും മനുഷ്യചരിത്രത്തിലൂന്നിയുള്ള ഭാവിയെക്കുറിച്ചുള്ള ചിന്തകളിൽ ഒട്ടും പ്രതീക്ഷ വെക്കുന്നില്ല. ഉദാഹരണത്തിന് ഗോവർദ്ധന്റെ യാത്രകളിലെ ആദ്യഭാഗങ്ങളിൽ കാണുന്ന വരികൾ ശ്രദ്ധിക്കുക:

“ധർമസംസ്‌ഥാപനാർത്ഥം യുദ്ധം ചെയ്യുന്ന ധർമ്മജ്ഞരും പ്രവാചകന്മാരും പ്രത്യയശാസ്ത്രബദ്ധരായ വിപ്ലവകാരികളും സാംസ്കാരിക സ്വത്വത്തിന് വേണ്ടി സമരം ചെയ്യുന്ന ആധുനിക വിമോചന സൈനികരും എല്ലാവരും താന്താങ്ങളുടെ ശരിയും, ശക്തിയും തെളിയിക്കാൻ വേണ്ടി കാണുന്നവഴി നിരപരാധികളുടെമേൽ ആയുധം പ്രയോഗിക്കുകയാണ്. ഓരോരുത്തരും അവരവരുടെ ലക്ഷ്യം മാത്രം മുൻനിർത്തി സർവലോകത്തിന്റെ മേൽ വിധിയെഴുതുന്നു’’.

ലേഖനങ്ങളിൽ ശുഭാപ്തിവിശ്വാസം പുലർത്തുന്ന ആനന്ദ് പക്ഷെ കഥകളിലും നോവലുകളിലും മനുഷ്യചരിത്രത്തിലൂന്നിയുള്ള ഭാവിയെക്കുറിച്ചുള്ള ചിന്തകളിൽ ഒട്ടും പ്രതീക്ഷ വെക്കുന്നില്ല.
ലേഖനങ്ങളിൽ ശുഭാപ്തിവിശ്വാസം പുലർത്തുന്ന ആനന്ദ് പക്ഷെ കഥകളിലും നോവലുകളിലും മനുഷ്യചരിത്രത്തിലൂന്നിയുള്ള ഭാവിയെക്കുറിച്ചുള്ള ചിന്തകളിൽ ഒട്ടും പ്രതീക്ഷ വെക്കുന്നില്ല.

1986- ൽ പുറത്തിറങ്ങിയ വിജയസ്തഭം എന്ന കഥയിൽ ഇന്ത്യൻ സമൂഹം പൂർണമായും പരസ്പരം മത്സരിക്കുന്ന ഒരു മൃഗലോകമായി പരിണമിക്കുന്നത് കാണാം:

“വലിയൊരു പിരമിഡിന്റെ രൂപത്തിൽ എന്റെ മുൻപിൽ ഉയരുന്ന മനുഷ്യജീവികളുടെ സ്തംഭം. ഈ പിരമിഡിലെ ഓരോ ജീവിയും അതിനുള്ളിൽ കിടന്ന് നുഴഞ്ഞുകൊണ്ട് അതിന്റെ തലപ്പത്തെത്തി തന്റെ കൊടി പറപ്പിക്കുവാൻ ശ്രമിക്കുകയാണ്. ആരൊക്കെയോ എത്തുന്നു, ആരോ വീഴുന്നു. ചവിട്ടി ഉള്ളിലേക്കാക്കപെടുന്നു. ഇതിന്റെ മുകളിൽ എത്തുന്നവരാരും തന്നെ അവരുടെ അവകാശമോ, സ്വാതന്ത്ര്യമോ അർഹതയോ കൊണ്ടല്ല അവിടെ എത്തുന്നത്… മറ്റുള്ളവരുടെ തോളിൽ ചവിട്ടിയാണ് അവർ അവിടെ എത്തുന്നത്. വേറൊരുവന്റെ, അവകാശത്തേയും സ്വാതന്ത്ര്യത്തേയും അർഹതയെയും കവർന്നെടുത്തുകൊണ്ട്. ഈ സ്തംഭത്തിൽ ചിവിട്ടുപടികളില്ല, അഥവാ സഹജീവികൾ തന്നെയാണ് ഓരോ ജീവികളുടെയും ചവിട്ടുപടി. നാം നമ്മുടെ സമൂഹത്തെ ഒരു മനുഷ്യക്കൂമ്പാരമാക്കി മാറ്റിയിരിക്കുന്നു. സുഹൃത്തേ ഇത് തന്നെയായിരിക്കുന്നു നമ്മുടെ കാലഘട്ടത്തിന്റെ വിജയസ്തംഭവും’’.

‘കാറ്റ്സവാരിക്കാർ’ എന്ന കവിതയിൽ പൊടിക്കാറ്റിൽ പറന്നകന്ന മകനെക്കുറിച്ച് വ്യാകുലപ്പെടുന്ന മാതാപിതാക്കളെ കാണാം. അവരെ ആശ്വസിപ്പിക്കുന്ന ട്യൂഷൻ മാസ്റ്ററുടെ വാക്കുകൾ ശ്രദ്ധിക്കുക:

“ഈ പൊടിക്കാറ്റുകൾ അങ്ങനെയാണ്
ഓർക്കാപ്പുറത്ത് വരുന്നു.
നമ്മുടെ യുവത്വത്തെ മുഴുവൻ കൊണ്ടുപോകുന്നു.
എങ്കിലും നിരാമയൻ ദുഃഖിക്കരുത്
നഷ്ടപ്പെടുവാനായിട്ടെങ്കിലും നമുക്ക് ചിലതുണ്ടെന്ന് അവയല്ലേ നമ്മെ അറിയിക്കുന്നത്”.

പഴയ കാല മൂല്യങ്ങളെ തകർത്തെറിയുന്ന പുതിയ കാലം പല തമുറകളും മനസിലാക്കുന്നത് പല രീതിയിലാണ്. മാറ്റങ്ങളിൽ പെട്ട് ഒറ്റപ്പെട്ടുപോകുന്ന തലമുറകൾ പഴയ ഓർമകളിൽ ജീവിച്ചു മരിക്കുന്നു. ക്ഷീണിതർ എന്ന കവിതയിൽ ജീവിതത്തെ കുറിച്ച് പലവിധ ദർശനങ്ങൾ പകർന്നു തന്ന മഹാമനുഷ്യർ ഒരുമിച്ച് ചേരുന്നുണ്ട്. ബുദ്ധനും ക്രിസ്തുവും മുഹമ്മദും മാർക്സും. തങ്ങൾ തുടങ്ങിവെച്ച സമരങ്ങൾ ഒന്നും പൂർണതയിൽ എത്തിയില്ല. എങ്കിലും “അവർക്കാർക്കും മനഃസ്താപമില്ലായിരുന്നു. ദുഃഖമോ വേദനയോ ക്രോധമോ ഏകാന്തതയോ ഇല്ലായിരുന്നു. അവർ ക്ഷീണിച്ചിരുന്നു, അത്രമാത്രം’’.

ഒരുപക്ഷെ കഥകളിലും കവിതകളിലും വെളിപ്പെട്ടുപോയ ചരിത്രത്തിന്റെ ദുരവസ്ഥയെ പരിഹരിക്കാൻ ശ്രമിക്കുന്നതാണ് ആനന്ദിന്റെ ലേഖനങ്ങളും സാമൂഹിക വിമർശനങ്ങളും. മനുഷ്യരുടെ പൊതുസ്വഭാവത്തെക്കുറിച്ച് ആൾക്കൂട്ടം എന്ന നോവലിൽ പരാമർശിക്കുന്നത് ശ്രദ്ധിക്കുക:

“ആകർഷിക്കപ്പെട്ട മനുഷ്യന് അഴകും അലങ്കോലവും തമ്മിൽ വ്യത്യാസമില്ല. ഈ യക്ഷിയുടെ പിടിയിൽപ്പെട്ടവർ തേടിവന്നതെല്ലാം മറക്കുന്നു. മാളികകൾ മരുപ്പച്ചകൾ പോലെ അകന്ന് നിൽക്കുമ്പോൾ ഫാക്ടറികളും ഓഫീസുകളും കാണാത്ത ചങ്ങലകൾ കൊണ്ട് അവരെ വരിഞ്ഞുകെട്ടുന്നു’’.

വർഷങ്ങൾക്ക് മുൻപേ എഴുതിതീർത്ത നോവലിലും മനുഷ്യബന്ധങ്ങൾ ചങ്ങലകൾ കൊണ്ടുള്ളവയാണ്, ഇന്നും സ്ഥിതി വ്യത്യസ്തമല്ല. അടിമജീവിതത്തിന്റെ ലഹരി നുണയുന്ന മനുഷ്യർ നഗരത്തോട് ചേർന്ന് ഇന്നും ഇല്ലാതെയാവുന്നു; പേരും മേൽവിലാസവുമെല്ലാം മായ്ച്ചുകളഞ്ഞുകൊണ്ട്. വ്യക്തികൾ ആത്മാഹുതി ചെയ്യുന്നു, ബലികൊടുക്കപ്പെടുന്നു, ആൾക്കൂട്ടത്തിന്റെ എണ്ണം പെരുകുന്നു.

Comments