ആദ്യ ലക്ഷദ്വീപ് സാഹിത്യോൽസവത്തിന് വേദിയാവുകയാണ് കവരത്തി. ദ്വീപ്ഭരണകൂടത്തിന്റെ ജനവിരുദ്ധ നടപടികൾക്കെതിരെ പൊരുതുന്ന ജനതയുടെ സാംസ്‌കാരിക വിനിമയത്തിനായുള്ള പരിശ്രമമാണ് മെയ് ഒന്ന് മുതൽ മൂന്നു വരെ നടക്കുന്ന സാഹിത്യോൽസവം. ലക്ഷദ്വീപ് സാഹിത്യ പ്രവർത്തക സംഘമാണ് സംഘാടകർ. ലക്ഷദ്വീപ് സാഹിത്യ പ്രവർത്തക സംഘം പ്രസിഡന്റും ലക്ഷദ്വീപിൽ നിന്നുള്ള ആദ്യമലയാള നോവലായ ‘കോലോട’ത്തിത്തിന്റെ രചയിതാവും ഫെസ്റ്റിവൽ ഡയറക്ടറുമായ ഇസ്മത്ത് ഹുസൈനുമായി ലക്ഷദ്വീപ് പ്രക്ഷോഭ കാലത്ത് രൂപീകൃതമായ ‘ഇൻ സോളിഡാരിറ്റി വിത്ത് ലക്ഷദ്വീപി' എന്ന കൂട്ടായ്മയുടെ രൂപീകരണത്തിന് നേതൃത്വം കൊടുത്ത എം.കെ. ഷഹസാദ് നടത്തിയ അഭിമുഖം.
എം.കെ.ഷഹസാദ്: ലക്ഷദ്വീപിൽ സാഹിത്യോൽസവം നടത്താനുള്ള സാഹചര്യം വിശദമാക്കാമോ?
ഇസ്മത്ത് ഹുസൈൻ: 2008 മുതൽ കിൽത്താൻ ദ്വീപിൽ ലക്ഷദ്വീപ് സാഹിത്യോൽസവം സംഘടിപ്പിച്ചുവരുന്നുണ്ട്. അത് പക്ഷേ, ചെറിയൊരു പ്രദേശത്ത് ചെറിയ പങ്കാളിത്തത്തോടെയായിരുന്നു നടത്തിയിരുന്നത്. അന്നേ ഞങ്ങളുടെ ആഗ്രഹമായിരുന്നു ദ്വീപിലെ മുഴുവൻ സാഹിത്യകാരരെയും സാഹിത്യ പ്രേമികളേയും ഉൾകൊള്ളിച്ച് സാഹിത്യ സമ്മേളനം സംഘടിപ്പിക്കുകയെന്നത്. ഇന്ന് അത്തരമൊരു സാഹിത്യ സമ്മേളനത്തിനുള്ള സാഹചര്യം ഒത്തുവന്നിരിക്കുന്നു. ഫണ്ടായിരുന്നു പ്രധാന പ്രശ്‌നം, അതിഥികൾക്കുള്ള പെർമിറ്റും കപ്പൽ ടിക്കറ്റുകളും സംഘടിപ്പിക്കലായിരുന്നു മറ്റൊരു പ്രശ്‌നം. ഈ പരിമിതികൾ നിലനിൽക്കുന്ന ദ്വീപിൽ ഇത്തരമൊരു വലിയ പരിപാടി അത്ര എളുപ്പമല്ല. അങ്ങനെയാണ് ഇത്ര വൈകിയത്. എല്ലാവർക്കും പങ്കെടുക്കാൻ പറ്റുമെന്ന പ്രതീക്ഷയിലാണ് കവരത്തിയെ സമ്മേളന സ്ഥലമായി തെരഞ്ഞെടുത്തത്.
ലക്ഷദ്വീപിൽ സാഹിത്യതൽപരരായ ധാരാളം പേരുണ്ട്. എത്രയോ കൈയെഴുത്തുകൾ അച്ചടിക്കപ്പെടാൻ വിധി കാത്തിരിക്കുന്നു. കടലാണ് ലക്ഷദ്വീപ് സാഹിത്യത്തിലെ പ്രധാന പ്രമേയം. സൂഫി സാഹിത്യവും നാടോടി സാഹിത്യവും ലക്ഷദ്വീപ് ജനതയുടെ ജീവിതത്തിന്റെ ഭാഗമാണ്. കടലോട്ടവുമായി ബന്ധപ്പെട്ട റഹ്മാനി എന്ന പരമ്പരാഗത നാവിക ശാസ്ത്ര ഗ്രന്ഥം ലക്ഷദ്വീപിന്റെ സംസ്‌കൃതിയുടെ ഭാഗമാണ്. ഇത്തരത്തിൽ ലക്ഷദ്വീപിൽ പരിണമിച്ച സാഹിത്യവും സംസ്‌കാരവും ലോകത്തിനുമുന്നിൽ അവതരിപ്പിക്കേണ്ടതും പരിപോഷിപ്പിക്കേണ്ടതും അനിവാര്യതയാണ്. അതിനുള്ള മുന്നൊരുക്കമാണ് ഈ സമ്മേളനം.
ലക്ഷദ്വീപിലെ മാറിയ രാഷ്ട്രീയ സാഹചര്യം സാഹിത്യ സമ്മേളനത്തിന്റെ ആലോചനയ്ക്ക് കാരണമായോ?
തടസങ്ങളേതുമില്ലാതെ സുഗമമായി ഒഴുകുന്ന നദി ദിശമാറിയൊഴുകേണ്ടി വരാറില്ല. പ്രതിബന്ധങ്ങളെ തകർക്കേണ്ടിവരികയും ചെയ്യാറില്ല. എന്നാൽ ഒഴുക്ക് തടസപ്പെടുന്ന നദി പുതിയ ഉയരങ്ങളും ദിശകളും തേടിയേ തീരൂ. അതുപോലെ ഒന്നായിരുന്നു ലക്ഷദ്വീപ് ജനതയുടെ പ്രതിരോധവും. പുത്തൻ സാഹചര്യങ്ങളെ രാഷ്ട്രീയമായും സാഹിത്യത്തിലൂടേയും സാംസ്‌കാരികമായും ചെറുക്കാനുള്ള മാനസികവും സാമൂഹ്യവുമായ കരുത്ത് ആർജിക്കാനുള്ള പരിശ്രമമായിട്ടുകൂടി സാഹിത്യ സമ്മേളനത്തെ കാണാം. പ്രതിരോധത്തിന്റെ ചിഹ്നമായിതന്നെ സമ്മേളനം മാറുമെന്നുതന്നെയാണ് പ്രതീക്ഷ. എന്നാൽ കഴിഞ്ഞ വർഷം നടന്ന പ്രക്ഷോഭവുമായി ഈ സമ്മേളനത്തിന് നേരിട്ട് ബന്ധമൊന്നുമില്ല. കാലങ്ങളായി ഞങ്ങളുടെ ചിന്തയിലുള്ളതാണ് ഈ സാഹിത്യ സമ്മേളനം. ആകസ്മികമായി ഒത്തുവന്നെന്നേയുള്ളൂ.
ലക്ഷദ്വീപിന്റെ സാഹിത്യ ചരിത്രത്തെപ്പറ്റിയും സാംസ്‌കാരിക ചരിത്രത്തെപ്പറ്റിയും പറയാമോ?
ലക്ഷദ്വീപ് സാഹിത്യത്തിൽ ഒരുപാട് കൃതികളൊന്നും ഉണ്ടായിട്ടില്ല. മലയാളത്തിൽ നോവൽ എഴുതപ്പെട്ട് നൂറുവർഷം പിന്നിട്ടപ്പോഴാണ് ലക്ഷദ്വീപിൽ ആദ്യ മലയാള നോവൽ എഴുതപ്പെടുന്നതുതന്നെ. കേരളവുമായി താരതമ്യം ചെയ്യുമ്പോൾ പതിയെയാണ് നമ്മുടെ സാഹിത്യം പരിണമിക്കുന്നത്. ഭൂമിശാസ്ത്രപരമായി ഒറ്റപ്പെട്ട് നിൽക്കുന്ന ഈ പ്രദേശത്തെ ജനങ്ങൾക്ക് അവരുടെ സ്വത്വവും ഭാഷയും സംസ്‌കാരവും സാഹിത്യവും തിരിച്ചറിയാൻ ഒരുപാട് കാലം വേണ്ടിവന്നിട്ടുണ്ട്. ഉദാഹരണത്തിന്, എന്റെ ദ്വീപായ കിൽത്താനിലെ സാഹിത്യത്തിന് 300 വർഷത്തെ ചരിത്രമുണ്ട്. ഓരോ തലമുറയിലും ആറോ ഏഴോ പത്തോ സാഹിത്യകാരർ സർഗസൃഷ്ടി നടത്തുന്നവരായിരുന്നു. അവരുടെ രചനകളുടെ കൈയെഴുത്ത് പ്രതികൾ കിൽത്താനിൽ കണ്ടെടുത്തിയിട്ടുണ്ട്.
മൊഹിയുദ്ദീൻ മാലയും കപ്പപ്പാട്ടും നൂൽ മതുഹും എഴുതിയ കുഞ്ഞായിൻ മുസല്യാറുടേയും ഖാളി മുഹമ്മദിന്റേയും കാലത്തുതന്നെ, അതേ ഭാഷയിൽ ലക്ഷദ്വീപിൽ കൃതികൾ കണ്ടെടുക്കപ്പെട്ടിട്ടുണ്ട്. കോല സിരിമാല, കൽവൈരമാല പോലുള്ള കൃതികൾ, കപ്പൽ നിർമാണത്തിന്റെ തുടക്കം മുതൽ ഒടുക്കം വരെയുള്ള കഥ വിവരിക്കുന്ന കപ്പൽപ്പാട്ട് എന്നിവ. കിൽത്താനിൽ വന്ന് തകർന്ന ഒരു കപ്പലിനെ കുറിച്ചുള്ളതാണ് ആ കൃതി.
സൂഫി പാരമ്പര്യവും ലക്ഷദ്വീപ് സാഹിത്യത്തിൽ പ്രകടമാണ്. നേരത്തെ പറഞ്ഞ കോലസ്രിമാലയും കൽവൈരമാലയും ഹക്കീക്കത്ത് മാലയുമൊക്കെ സൂഫി പാരമ്പര്യത്തിന് ഉദാഹരണങ്ങളാണ്. പിന്നെ നാട്ടിൽ നടക്കുന്ന എല്ലാ സംഭവങ്ങളും ആവിഷ്‌കരിച്ചത് പാട്ടിലൂടെയാണ്. ഇങ്ങനൊരു സാഹിത്യപാരമ്പര്യമാണ് ലക്ഷദ്വീപിൽ നിലനിൽക്കുന്നത്. നോവലും കഥകളും കവിതയും പോലുള്ള സാഹിത്യ സൃഷ്ടികൾ ദ്വീപിൽ കുറവാണ്. അത്തരം സൃഷ്ടികൾ നടത്താൻ ശേഷിയുള്ളവർ ദ്വീപിലില്ലാഞ്ഞട്ടല്ല. എന്താണ് നോവൽ എന്നോ ആധുനിക സാഹിത്യമെന്നോ അതെങ്ങനെ രചിക്കണമെന്നോ സംബന്ധിച്ച ശിക്ഷണം ദ്വീപുകാർക്ക് കിട്ടിയിട്ടില്ല എന്നതാണ് ഒരു കാരണം. പത്രങ്ങളോ പ്രസിദ്ധീകരണമോ ഇല്ല എന്നതാണ് മറ്റൊരു കാരണം. ഇത് രണ്ടും പരിഹരിക്കാൻ പറ്റും എന്നാണ് പ്രതീക്ഷ.
താങ്കൾ എഴുതിയ ‘കോലോടം’ എന്ന നോവൽ എങ്ങനെ സ്വീകരിക്കപ്പെട്ടു?
ലക്ഷദ്വീപിലെ ആദ്യ മലയാള നോവലാണ് കോലോടം. പ്രസിദ്ധീകരിച്ചപ്പോൾ തന്നെ ലക്ഷദ്വീപിൽ എല്ലാ ദ്വീപുകളിലും ഈ പുസ്തകം നന്നായി വായിക്കപ്പെട്ടിട്ടുണ്ട്. കേരളത്തിലും കോലോടം സ്വീകരിക്കപ്പെട്ടിട്ടുണ്ട്. പല സർവകലാശാലകളിലും പഠിക്കപ്പെടുകയും തീസീസുകൾ തയ്യാറാക്കുകയും ചെയ്തിട്ടുണ്ട്. ദ്വീപുകാർ വളരെ ആസ്വാദകരമായ വായിച്ച പുസ്തകത്തിന്റെ എഴുത്തുകാരനായതിൽ സന്തോഷമുണ്ട്. കോലോടം എല്ലാരുടേയും മനസ്സിൽ നിലനിൽക്കുന്നുണ്ട്. ലക്ഷദ്വീപിന്റെ കഴിഞ്ഞുപോയ ജീവിതമാണത്. ഓടത്തിൽ കടൽ യാത്ര ചെയ്ത് വൻകരയിൽ പോവുകയും അവിടെനിന്ന് നിത്യോപയോഗ സാധനങ്ങളുമായി ദ്വീപിലേക്ക് തിരിച്ചുപോരുകയും ചെയ്തിരുന്ന എത്രയോ ഓടങ്ങൾ കടലിൽ മുങ്ങിപ്പോയിരിക്കുന്നു.
P
സാഹിത്യ സമ്മേളനത്തിൽ എന്തൊക്കെ വിഷയങ്ങൾ ചർച്ച ചെയ്യാനാണ് ഉദ്ദേശിക്കുന്നത്?
ദ്വീപിന് ഒരു ഭാഷയും സംസ്‌കാരവും ഉണ്ടെന്നത് പ്രത്യേകം ചർച്ച ചെയ്യപ്പെടേണ്ടതും വിലയിരുത്തപ്പെടേണ്ടതുമാണെന്ന് ഞങ്ങൾ തിരിച്ചറിയുന്നു. അതുപോലെ ലക്ഷദ്വീപിന്റെ ചരിത്രം, സംസ്‌കാരം, കടലോട്ട കണക്ക്, സൂഫി സാഹിത്യം, നാടോടി സാഹിത്യം, ലക്ഷദ്വീപിനെ സംബന്ധിച്ച സെമിനാറുകൾ, ദ്വീപിലെ നാടോടിപ്പാട്ടുകളും കലകളും ആവിഷ്‌കരിക്കപ്പെടുന്ന വേദികൾ തുടങ്ങിയ കാര്യങ്ങൾ. അതുപോലെ കടൽതീരത്തിരുന്ന് സാഹിത്യവും കലയും ആസ്വദിച്ചിരുന്ന തനത് സാംസ്‌കാരിക പൈതൃകം ദ്വീപിനുണ്ടായിരുന്നു. ഓടത്തിന്റെ പാണ്ടാല്യക്കകത്ത് വർഷകാലത്ത് കാറ്റ് മറകെട്ടി കടപ്പുറത്ത് കിടന്നുറങ്ങുന്ന സ്വഭാവം ദ്വീപുകാർക്ക് പണ്ടുണ്ടായിരുന്നു. അതിന്റെ ഭാഗമായി എല്ലാരും കടപ്പുറത്ത് ഒന്നിച്ചുകൂടുകയും അവിടെ കൂടിയിരുന്ന് രാക്കഥകൾ പറയുകയും പാട്ടുപാടുകയും ചെയ്യുന്ന പാരമ്പര്യം നിലനിന്നിരുന്നു. ആ പാരമ്പര്യത്തെ പുനരാവിഷ്‌കരിക്കുന്ന ‘മേലാവാകൂട്ടം’ എന്ന പരിപാടി ദ്വീപിന്റെ സാംസ്‌കാരിക പൈതൃകത്തിന്റെ ഭാഗമായി ഉൾപ്പെടുത്തിയിട്ടുണ്ട്.
‘പുള്ളിപ്പറവ’ എന്ന പേരിൽ ദ്വീപിലെ നാടൻ പാട്ടുകളുടെ ശേഖരം അവതരിപ്പിക്കുന്ന സംഗീത പരിപാടി സമ്മേളനത്തിന്റെ ഭാഗമാണ്. ദഫ് റാത്തീബ് അനുഷ്ഠാന കലാരൂപം എന്നതിലുപരി ഒരു കലാരൂപമായിട്ടുതന്നെ ദ്വീപിൽ രൂപപ്പെട്ടിട്ടുണ്ട്. കവരത്തി, കടമം, ചെത്തിലാത്ത്, ബിത്ര, അഗത്തി, കിൽത്താൻ ദ്വീപുകളിലാണ് ഇതുള്ളത്. ആ ദ്വീപുകളിൽ മൂന്നോ നാലോ ദിവസത്തെ പെരുന്നാൾ ആഘോഷമുണ്ട്. അതിങ്ങനെ നീണ്ടുനിൽക്കാൻ കാരണം റാത്തീബാണ്. ഓരോ വീട്ടിലും പോയി റാത്തിബ് ചൊല്ലുകയും ദഫ് റാത്തീബ് ചെയ്യുകയും ചെയ്യുന്ന തരത്തിൽ വ്യത്യസ്തമായ രീതിയിൽ ദഫ് കളിപോലെ ദഫ് റാത്തീബ് വികസിച്ചിട്ടുണ്ട്. തിക്കിർ എന്ന പേരിലാണ് അത് അറിയപ്പെടുന്നത്.ആ കലാരൂപത്തിന്റെ ആവിഷ്‌കാരം ലക്ഷദ്വീപ് സാഹിത്യ സമ്മേളനത്തിലുണ്ടാവും. ഇങ്ങനെ ദ്വീപിനെ സംബന്ധിച്ചതെല്ലാം പങ്കുവെക്കുന്ന വേദിയായിരിക്കും ലക്ഷദ്വീപ് സാഹിത്യോൽസവം.
മലയാളത്തിലെ പ്രമുഖ സാഹിത്യകാരൻ സക്കറിയയാണ് സമ്മേളനം ഉദ്ഘാടനം ചെയ്യുന്നത്. അൻവർ അലി, ശിഹാബുദ്ദീൻ പൊയ്ത്തുംകടവ്, മുസഫർ അഹമ്മദ്, മധുപാൽ, സന്തോഷ് കീഴാറ്റൂർ അതുപോലെ മറ്റ് കലാകാരൻമാരും പ്രൊഫസർമാരുമൊക്കെ സംബന്ധിക്കുന്നുണ്ട്. ലക്ഷദ്വീപിലുള്ള എല്ലാ എഴുത്തുകാരും സംബന്ധിക്കുന്ന പരിപാടിയായിരിക്കും ഇത്. യു.സി.കെ തങ്ങൾ കാട്ടുപുറം മമ്പൻ, ഡോ.സി.ജി. പൂക്കോയ, ഡോ.എം. മുല്ലക്കോയ, കെ.എം. കാസമിക്കോയ, കെ.ബാഹിർ, ചാളകാട് ബിത്ര തുടങ്ങി എല്ലാ എഴുത്തുകാരും സമ്മേളനത്തിൽ സംബന്ധിക്കും.
ലക്ഷദ്വീപ് സാഹിത്യോൽസവത്തിന്റെ പാശ്ചാത്തലത്തിൽ കേരളത്തിനോട് എന്താണ് പറയാനുള്ളത്?
ഞങ്ങളുടെ ജീവിതവും ആവിഷ്‌ക്കാരങ്ങളുമെല്ലാം കേരളവുമായി ബന്ധപ്പെട്ടതാണ്. ഞങ്ങൾ മണത്തതും തിന്നതും പറഞ്ഞതും പഠിച്ചതും നടന്നതുമൊക്കെ കേരളത്തോടൊപ്പമായിരുന്നു. തനത് വ്യക്തിത്വമുണ്ടാകേണ്ടിയിരുന്ന ഭാഷയും പഠനവുമൊക്കെ മലയാളത്തിൽ കൂടിക്കലർന്നുപോയി. ഞങ്ങളെ ഞങ്ങളായി നിലനിർത്താൻ അവബോധമുള്ള മലയാളികളുടെ സഹായം കൂടിയേ തീരൂ. ഒറ്റപ്പെട്ടു പോയ ഈ ജനവിഭാഗത്തിന്റെ സർഗചൈതന്യത്തെ തൊട്ടുണർത്തി സാഹിത്യ പാരമ്പര്യം വീണ്ടെടുക്കാൻ നിങ്ങൾ ഞങ്ങളോടൊപ്പം ഉണ്ടാവണമെന്നാണ് പ്രിയ മലയാളികളോട് പറയാനുള്ളത്.