ആൻ കാഴ്‌സൻ

അനുഭവങ്ങൾക്കു മുന്നിൽ കേവല അർത്ഥങ്ങൾ എന്തുചെയ്യാനാണ്?

2026-ൽ സാഹിത്യത്തിനു നൊബേൽ സമ്മാനം നേടിയ കനേഡിയൻ എഴുത്തുകാരി ആൻ കാഴ്‌സനെ വായിക്കുമ്പോൾ, ലാൽമോഹൻ പി. എഴുതുന്നു.

അനുഭവങ്ങൾ കണിശമായ അർത്ഥം തരണമെന്നു ശഠിക്കുകിൽ ആൻ കാഴ്‌സനെ വായിക്കേണ്ടതില്ല. മറിച്ച് അനുഭവങ്ങൾ അനുഭവങ്ങളായി തന്നെ പതിപ്പിച്ചെടുത്ത് കനപ്പെടുത്തുകയാണ് കവിതയെന്നു നിനയ്ക്കുകിൽ കാഴ്‌സൻ അനുഭവങ്ങളുടെ അവ്യക്തത (Vagueness of experience) മനസ്സിലാക്കിത്തരും. അവ്യക്തതയെ വ്യക്തമാക്കുമ്പോൾ അവ്യക്തത നഷ്ടമാകുമെന്നതിനാൽ, അവ്യക്തതതയെ അവ്യക്തമായി തന്നെ ആവിഷ്‌കരിക്കാനുള്ള സ്വാഭാവിക വ്യഗ്രതതയാണ് ഈ കവിതകൾ. എളുപ്പവഴിയിലെ കണക്കുകളിലോ സൂത്രവാക്യങ്ങളിലോ സമഗണിതത്തിലോ പരിഹാരം തേടുന്നവയല്ല ഈ എഴുത്തുരൂപങ്ങൾ. ഉള്ളടക്കമെന്നും രൂപമെന്നുമുള്ള ദ്വന്ദവ്യതിരിക്തതയിൽ കുരുക്കാവുന്നതല്ല അവ. അതിനാൽത്തന്നെ സാമ്പ്രദായിക കവിതകളെ മറികടന്ന് എഴുത്തിന്റെ ഉള്ളിൽത്തന്നെ സ്വയം അടച്ചിരിക്കുന്ന ഘടനകളെ (പരമ്പരാഗത കവിതാചർച്ചകളിൽ കടന്നുവരുന്ന ഘടനകൾ തന്നെ ഇവിടെ പ്രതിപാദ്യം) അഴിച്ചൊഴുക്കാനും ഈ ദ്വന്ദകൽപ്പനയെ നിരസിച്ച് കലക്കാനും കാഴ്‌സന്റെ എഴുത്തിനു സാധിക്കുന്നു. ഉള്ളിൽ ഉള്ളതിലും രൂപമുണ്ടെന്ന ബോധ്യത്തിലും അതേപോലെ തന്നെ രൂപത്തിന് ഉള്ളുകള്ളികൾ ഉണ്ടെന്നും ഈ കവിതകൾ കുഴഞ്ഞിരിക്കുന്നു. പതിവ് കവിതാവായനകളിലും ചർച്ചകളിലും കെട്ടിയിടാൻ ഈ കവിതകൾ വായനക്കാർക്കു കയർ കൊടുക്കില്ല. ഈ കവിതകൾക്കിടയിൽ കയറിയാൽപിന്നെ അഴിച്ചലയാൻ വിടാനുള്ള നിയോഗമേ കൂട്ടുതരൂ. അനുഭവങ്ങളെ കുറിച്ച് ആദ്യം സൂചിപ്പിച്ചപോലെ അത് ഉള്ളടക്ക രൂപ ദ്വന്ദങ്ങളെ ഗൗനിക്കാതെ ഭവിച്ചും ഭാവിച്ചും യാതൊരു തരംതിരിവില്ലാതെ മനസ്സുമുക്കും. ചിന്തിക്കാവുന്ന ബുദ്ധി തലച്ചോറിനും വികാര ഭാവങ്ങൾ മനസ്സിനുമെന്ന ദ്വന്ദത്തെ വായനയിലും അവ തകർക്കും. യുക്തിയേയും വികാരങ്ങളേയും വ്യത്യസ്തമായി കാണുന്ന കലാനിർണയങ്ങളെ കാഴ്‌സൺ കവിത ഗൗനിക്കുന്നില്ല. അവയെക്കുറിച്ച് പൂർവനിർണീത കവിതാവായനകളോ ആസ്വാദന പദ്ധതികളോ പിന്തുടർന്നാൽ മറ്റെന്തോ ആവണം നാം മനസ്സിലാക്കുകയെന്നും വരാം. അത് തെറ്റാണെന്നല്ല, എന്നാൽ ശരിയാവണമെന്ന ശാഠ്യവും അരുതെന്നു മാത്രം.

സ്റ്റെസിക്കോറസും ഹെലനും - പല കാലങ്ങൾ പല പല വാൾമുനകൾ

പെട്ടെന്നു വായിച്ച് അനുഭൂതിയാൽ അന്തരംഗം കുളിർക്കാനും അഭൗമികവും അരാജകവുമായി വാഴ്ത്തുന്ന കവിതാവാദങ്ങളാലും കുലുക്കി വീഴ്ത്താവുന്ന അർത്ഥമുത്തുക്കളല്ല അവ. ‘ഓട്ടോബയോഗ്രഫി ഓഫ് റെഡ്’ എന്ന പുസ്തകത്തിലെ എഴുത്തുകൾ പരിശോധിക്കാം. ആൻ കാഴ്‌സന്റെ ഗ്രീക്ക് പുരാവൃത്താഭിനിവേശത്തിന്റെ വാൾമുന ഇതിൽ പൂർണമായും കുത്തിയാഴ്ത്തിയിട്ടുണ്ട്, വാൾപ്പിടിയോ സമകാലത്തിന്റെ കയ്യിൽ പിടിപ്പിച്ചിട്ടുമുണ്ട്. ആദ്യഭാഗത്ത് സ്റ്റെസിക്കോറസ് എന്ന ഗ്രീക്ക് കവിയുടെ ശീലുകൾ എന്ന പേരിൽ ശ്‌ളഥ കവിതാഖണ്ഡങ്ങളുടെ നിരയാണ്. ട്രോജൻ യുദ്ധത്തിനു കാരണം ഹെലൻ ആണെന്നു കവിത എഴുതിയതിനാൽ ഹെലനാൽ അന്ധനാക്കപ്പെട്ട ഗ്രീക്ക് കവിയാണ് സ്‌റ്റെസിക്കോറസ്, ഗ്രീക്ക് ദൈവങ്ങളുടെ ദൈവമായ സിയൂസിന്റെ മകളാണ് ഹെലൻ. ഈ പശ്ചാത്തലത്തിൽ എഴുതപ്പെട്ട ചെറു കവിതകളാണ് ഇവ. ആദ്യ ഭാഗം Red Meat എന്നതിനു ചുവപ്പിറച്ചി എന്നിവിടെ സ്വതന്ത്ര മലയാള വിവർത്തനം. ഈ ഭാഗത്തിലെ മൂന്നു ചെറുകവിതകൾ ഇങ്ങനെ.

ആൻ കാഴ്‌സൻ. സാമ്പ്രദായിക കവിതകളെ മറികടന്ന് എഴുത്തിന്റെ ഉള്ളിൽത്തന്നെ സ്വയം അടച്ചിരിക്കുന്ന ഘടനകളെ (പരമ്പരാഗത കവിതാചർച്ചകളിൽ കടന്നുവരുന്ന ഘടനകൾ തന്നെ ഇവിടെ പ്രതിപാദ്യം) അഴിച്ചൊഴുക്കാനും ഈ ദ്വന്ദകൽപ്പനയെ നിരസിച്ച് കലക്കാനും കാഴ്‌സന്റെ എഴുത്തിനു സാധിക്കുന്നു.
ആൻ കാഴ്‌സൻ. സാമ്പ്രദായിക കവിതകളെ മറികടന്ന് എഴുത്തിന്റെ ഉള്ളിൽത്തന്നെ സ്വയം അടച്ചിരിക്കുന്ന ഘടനകളെ (പരമ്പരാഗത കവിതാചർച്ചകളിൽ കടന്നുവരുന്ന ഘടനകൾ തന്നെ ഇവിടെ പ്രതിപാദ്യം) അഴിച്ചൊഴുക്കാനും ഈ ദ്വന്ദകൽപ്പനയെ നിരസിച്ച് കലക്കാനും കാഴ്‌സന്റെ എഴുത്തിനു സാധിക്കുന്നു.

അന്നേരം സ്വർഗത്തിൽ

(Meawhile in Heaven)

ബോട്ടിൻ ചില്ലുനിലത്തിന്നടി വഴി

അഥീനയുടെ നോട്ടം; ചൂണ്ടി അഥീന.

മരിക്കും ദൈവത്തെ നോക്കി സിയൂസ്…

ചിറകുകൾ

(Wings)

മാർച്ചാകാശം അരണ്ടു മുങ്ങുമ,റ്റ്‌ലാന്റിക്

പുലർകാലാന്ധ്യനേരമൊരു ചുവപ്പൻ നായ്ക്കുട്ടി

തീരം മുറിച്ചുചാടിയെത്ര ദൂരമപ്പുറം-

വിമുക്തമാം നിഴൽപോലെ.

ജീറിയന്റെ അന്ത്യം

(Geryon's End)

ചുവന്ന ഭൂമിയുമതിൻ ചെങ്കാറ്റു-

-മാഞ്ഞാഞ്ഞു ജീറിയനില്ലാതെ.

ശീലുകൾ ചീളുകളായി തെറിക്കും വിധം

സ്റ്റെസിക്കോറസിന്റെ ശീലുകൾ എന്ന് ആദ്യം വിവർത്തനം ചെയ്തത് കവിതകളുടെ പൂർണവായനയ്ക്കു ശേഷം സ്റ്റെസിക്കോറസിന്റെ ചീളുകൾ എന്നാക്കി മാറ്റേണ്ടതില്ലേ എന്നു വായനക്കാർക്കുതോന്നും വിധമാണ് ആൻ കാഴ്‌സൻ എഴുതി നീങ്ങുന്നത്. ഈ കവിതകൾ ഗ്രീക്ക് കഥാവൃത്തത്തിൽ നിന്നാണ് അവയുടെ വേരുപടർത്തിയെടുക്കുന്നത്. ഗ്രീക്ക് പുരാവൃത്തങ്ങളും പുരാണങ്ങളും അവയുടെ വംശാവലിയും തിരിച്ചറിയുമ്പോൾ ഈ പുനരാഖ്യാനത്തിന്റെ ചിതറി അവ്യക്തമാകുന്ന ശൈലി തെളിഞ്ഞും കലങ്ങിയും അനുഭവിക്കാം. ചിന്തകൾക്കും വികാരങ്ങൾക്കും ഇടയിലൂടെയോ അവ തമ്മിൽ കലർന്നോ കവിത അർത്ഥത്തെ അലസ സ്വാതന്ത്ര്യത്തിലേക്ക് പായിച്ച് അനുഭവത്തിന്റെ ലോകത്തിലേക്ക് കൊണ്ടുപോകും പോലെ. കവിത വെറുംവായന വായിച്ച് പോകാൻ കാഴ്‌സൻ അനുവദിക്കില്ല. അതിന്റെ അനുബന്ധങ്ങൾ, കവിതയെ പ്രബന്ധം പോലെയാക്കി മാറ്റും. അതിനു നൽകുന്ന സൂചനകളിൽ പല സാധ്യതകൾ ഒരേ വസ്തുതയ്ക്ക് പല തുറകൾ തരും. അതായത് സ്റ്റെസിക്കോറസിനെ കുറിച്ചുള്ള പുരാവൃത്തത്തെ അതുതന്നെയായും അതല്ലാത്ത പലതായും മാറ്റിമറിച്ചാൽ എന്താകുമെന്ന പിൻവായനാക്കുറ്റം അതേ കവിതയ്ക്ക് മേൽ കാഴ്‌സൻ ചുമത്തും. അപ്പോൾ ഒരു കവിത ഒരു അനുബന്ധത്തിന്റെ സൂചനയാൽത്തന്നെ പല മടങ്ങാകും. അങ്ങനെ അനുബന്ധങ്ങളുടെ പല നിരകളാൽ അവ ഒരു കവിതയെ തന്നെ പലതാക്കും. അത് വായനയിൽ വായനക്കാർ സ്വയം വിഭാവനം ചെയ്യുന്നതല്ല, കവി തന്നെ ആ സാധ്യതകൾ തന്നാലാകും വിധം ഒരുക്കിയെടുക്കുകയാണ്. അതിനു പുറമേയാകും വായനക്കാരുടെ ഭാവനാ വിരിവുകൾ.

ചുവപ്പിറച്ചിയ്ക്കു (Red Meat) ശേഷം ചുവപ്പിന്റെ ആത്മകഥയിൽ (Autobiography of Red) റൊമാൻസ് (Romance) എന്ന ഭാഗത്തിൽ ആശയങ്ങൾ (Ideas) എന്ന കവിത ഇങ്ങനെ ഗ്രീക്ക് കഥകളിൽ മൂന്നുതലകളും മൂന്നു കൈകളുമുള്ള രാക്ഷസ രൂപിയായ ജീറിയനെക്കുറിച്ചുള്ള സമകാല പുനരെഴുത്തെന്നു തോന്നുംവിധമുള്ളതാണ്. ജീറിയനെക്കുറിച്ചുള്ള വിവിധങ്ങളായ ഭാവനകളിൽ മൂന്നുമുഖങ്ങളിൽ ചതിയുടെ മുഖം മറ്റു മുഖങ്ങളാൽ മറച്ച രൂപമായും ജീറിയൻ ഗ്രീക്ക് പുരാവൃത്തങ്ങളിൽ കടന്നുവരുന്നതും ഇവിടെ ഓർക്കാവുന്നതാണ്. കവിത ഇങ്ങനെ.

ആൻ കാഴ്‌സന്റെ Autobiography of Red എന്ന പുസ്തകം..
ആൻ കാഴ്‌സന്റെ Autobiography of Red എന്ന പുസ്തകം..

ആശയങ്ങൾ

അങ്ങനെയിരിക്കേ ജീറിയൻ എഴുതാൻ പഠിച്ചു.

അമ്മയുടെ ചങ്ങാതിയായ മരിയ

അവനു ജപ്പാനിൽ നിന്നുള്ള

മിന്നുംചട്ടയുള്ള പുസ്തകം കൊടുത്തു.

ആ ചട്ടയിൽ ജീറിയൻ ആത്മകഥയെന്നെഴുതി,

അകമേ വാസ്തവം കുറിച്ചു.

ജീറിയനെക്കുറിച്ചുള്ള വസ്തുതകൾ ഇങ്ങനെ:

ജീറിയൻ രാക്ഷസനാണ്, അവനെക്കുറിച്ചുള്ളതിനെല്ലാം ചെന്നിറം. അറ്റ്‌ലാന്റിക് ദ്വീപിലെ ചുവപ്പുദേശത്താണ് ജീവിച്ചത്. ജീറിയന്റെ അമ്മ, ചുവപ്പ് ആമോദത്തിന്റെ കടലിലേക്കൊഴുകും നദി, അച്ഛനോ സ്വർണം. ചിലർ പറയുന്നു അവന് ആറു കൈകൾ, കുറേ ചിറകുകൾ. തന്റെ അപൂർവ കാലിക്കൂട്ടത്തെ പോലെ ജീറിയനും ചുവപ്പുനിറക്കാരൻ. ഒരു ദിവസം ഹെരാക്‌ളസ്(ഹെർക്കുലീസ്) വന്നെത്തി ജീറിയനെ കൊന്ന് ആ കാലിക്കൂട്ടത്തെ ഏറ്റെടുത്തു.

ചോദ്യങ്ങൾ

ഹെരാക്‌ളസ് ജീറിയനെ കൊന്നതെന്തിന് ?

1. അക്രമിക്കാൻ മാത്രം

2. തന്റെ ഉദ്യമങ്ങളിൽ ഒന്നെന്ന മട്ടിൽ(പത്താമത്തെ നിയോഗം)

3. കൊന്നില്ലെങ്കിൽ അനശ്വരനായി ജീറിയൻ മാറിയേനെ

ഒടുവിലോ...

ജീറിയന്റെ ചുവപ്പൻ നായ്ക്കുട്ടിയെയും ഹെരാക്‌ളസ് കൊന്നു. എവിടെനിന്നാണ് അവന് ഇത്രയും ആശയങ്ങൾ കിട്ടിയതെന്നു ടീച്ചർ. സ്‌കൂളിൽ രക്ഷാകർത്താക്കളും അധ്യാപകരും ചേർന്നെത്തിയ ദിവസം. അടുത്തടുത്തായി അവരിരുന്നു. തന്റെ അമ്മ സംസാരിക്കും മുൻപ് പുകയില തൊണ്ടയിൽ നിന്നെടുക്കുന്നത് ജീറിയൻ കണ്ടു. അവൻ ശുഭാന്തമുള്ള എന്തെങ്കിലും എപ്പോഴെങ്കിലും എഴുതിയിട്ടുണ്ടോ? ജീറിയൻ നിശ്ചലനായി. ഒന്നു ഞെളിഞ്ഞിരുന്ന് തന്റെ എഴുത്തുപുസ്തകം ടീച്ചറുടെ കയ്യിൽനിന്ന് പിടിച്ചെടുത്ത് ക്‌ളാസിനു പിന്നിലെ തന്റെ പതിവ് ഇരിപ്പിടത്തിൽ ചെന്നിരുന്ന് പെൻസിൽ എടുത്തു.

പുതിയ അവസാനം:

ലോകമാകെയും സുന്ദരമായ ചുവപ്പുകാറ്റടികൾ ഒന്നുചേർന്ന് ആഞ്ഞു. ഇവിടെയാണ് കവിതയുടെ അവസാനം. ഇത് സാമ്പ്രദായികമായി വായിച്ചുപോരുന്ന കവിതയുടെ ഭംഗങ്ങളിലൂടെ അതിന്റെ മറ്റൊരു ഭംഗി കണ്ടെത്തുന്നു, അല്ലെങ്കിൽ എപ്പോഴും ഭംഗി തന്നെ വേണം കവിതയ്ക്ക് എന്ന വഴക്കമോ നിർബന്ധമോ തനിക്ക് ബാധകമല്ലെന്നും കാഴ്‌സൻ കരുതുന്നുണ്ടാകാം. ഈ കൃതിയിൽ തന്നെ കടന്നുവരുന്ന എമിലി ഡിക്കിൻസൺ കവിത, പതിവു പ്രവേശികയെപ്പോലെയല്ല, മറിച്ച് കൽപ്പനാബദ്ധമായ കവിതയെ അട്ടിമറി പഠിപ്പിച്ച് സംഘർഷവേദിയാക്കുന്നതിന്റെ യുദ്ധവിളംബരം പോലെയാണ് അവതരിക്കുന്നത്.

വെള്ളം കുതികുതിച്ചെത്തും പോൽ വാക്കുകൾ

ജലത്തെക്കുറിച്ചുള്ള സങ്കൽപ്പത്തെ കാഴ്‌സൻ കവിതയിൽ നിന്നൊഴിച്ചു തീർക്കുന്നത് ശ്രദ്ധിച്ചാൽ നിയത സങ്കേതങ്ങളുമായുള്ള ഈ നിരന്തരമായ ഉരസൽ വ്യക്തമാകും. ‘Water’ എന്ന കവിത ഇങ്ങനെ.

വെള്ളം! ലോകത്ത് കുന്തിച്ചിരിക്കുന്ന രണ്ടാൾക്കൂട്ടങ്ങൾക്കിടയിലൂടെ വാക്ക് കുതികുതിക്കുന്നു.

ഈ കൃതിയുടെ അവസാന ഭാഗം Interview എന്ന മട്ടിലാണ് (അ)പൂർണമാകുന്നത്. അതിൽ സ്റ്റെസിക്കോറസുമായുള്ള ഒരു അഭിമുഖമെന്ന മട്ടിലാണ് അവതരണം. ചോദ്യങ്ങളിൽ ഒന്ന്: അങ്ങനെ നമ്മൾ ഹെലനിലേക്ക് എത്തിച്ചേരുന്നതിനെക്കുറിച്ച്... സ്‌റ്റെസിക്കോറസിന്റെ ഉത്തരം: അങ്ങനെ ഒരു ഹെലൻ ഇല്ല. അവസാനം സ്‌റ്റെസിക്കോറസ് പറയുന്നത് ഇങ്ങനെ: ആ ചുവപ്പുനായ്ക്കുട്ടിയെക്കുറിച്ച് നിങ്ങൾ ചോദിക്കാത്തതിൽ സന്തോഷം. അതിനു മറുപടിയെന്നോണം അഭിമുഖം നടത്തുന്നയാൾ: അടുത്ത തവണയാവാം ആ ചോദ്യം.

പുരാവൃത്തത്തെ കാലികമായി സ്ഥാനപ്പെടുത്തുക കൂടിയാണ് കാഴ്‌സന്റെ എഴുത്തുരീതി. അതോടൊപ്പം സ്ഥാനപ്പെടുത്തുന്നതോടെ സ്ഥിരപ്പെടുത്താതിരിക്കാനും സമയത്തോടൊപ്പം സഞ്ചരിച്ചുകൊണ്ടേയിരിക്കാനുമുള്ള പ്രവണത എഴുത്തിൽ ശ്രദ്ധാപൂർവം പുലർത്തുന്നുമുണ്ട്. കാഴ്‌സന്റെ എഴുത്തുരീതികളിലെ ഈ ശീലക്കേടിന്റെ എഴുന്നുനിൽപ്പ് കവിതയുടെ അഴകുടുപ്പുകളെ കീറിമുറിക്കുന്ന എല്ലിൻ കൂർപ്പുകൾ തന്നെ. ഇതര കൃതികളുടെ സൗന്ദര്യാത്മകമോ അപഗ്രഥനാത്മകമോ ആയ വായനകളേക്കാൾ ഒരു പക്ഷേ കൂടുതൽ ചേരുക ആ കവിതകളുടെ പരിചയപ്പെടലുകളാൽ ഓരോരുത്തർക്കും സ്വയം സിദ്ധിക്കുന്ന അനുഭവങ്ങളുടെ പരകിപ്പറക്കുന്ന തോന്നലുകളാവണം. അത്തരം ഇളകി നീങ്ങലുകളാണ് കാഴ്‌സന്റെ കൃതികൾ. അവയ്ക്ക് പൊതുത്വം കൽപ്പിക്കുന്നത് കവിതാവായനയുടെ പതിവുശീലങ്ങൾ കാരണമാകണം- അത് ഈ കവിതാ വായനയിൽ സത്യപ്രസ്താവനയായി വാഴ്ത്തുന്നത് അനുഭവങ്ങളെ ധിക്കരിക്കലാകും. തന്റെ കൃതികളുടെ തന്നെ വായന തുടങ്ങേണ്ടത് മധ്യത്തിൽ നിന്നാണെന്ന് കാഴ്‌സൻ പറയുന്നതു പോലും വകവച്ചു കൊടുക്കേണ്ടുന്ന ബാധ്യത കാഴ്‌സനെ വായിക്കുന്നവർക്ക് ഉണ്ടാകേണ്ടതില്ല, അത്തരം രേഖീയ വായനയുടെ സമ്മതങ്ങളെ ഈ കവിതകൾ വച്ചൊഴിയുന്നുണ്ട്. തുടക്കമെന്ന വാഞ്ച പോലും അതിനെക്കുറിച്ചുള്ള മുൻവിധിയായിപ്പോകും. താനൊരു ക്‌ളാസിസിസ്റ്റ് ആണെന്നു കാഴ്‌സൻ അഭിമുഖത്തിൽ പറയുന്നുണ്ട്. അവ കവിയുടെ വാദങ്ങളാകട്ടെ, വായനക്കാരുടേത് അതിനെ പിൻപറ്റണമെന്ന നിർബന്ധങ്ങൾ അഴിച്ചുവായിക്കുന്നതും വഴി തന്നെ. ഗ്രീക്ക് പുരാവൃത്തങ്ങളും തുടരെത്തുടരെ വന്ന് ആഞ്ഞാഞ്ഞു വീശുന്ന ഗതി കൂടിയും കുറഞ്ഞുമുള്ള ചിന്താവേഗങ്ങളും പൊടുന്നനെ നിലച്ചുപോകുംമട്ടിൽ കവിത കുത്തിട്ട് ശ്വാസം മുട്ടിക്കുന്നതുമായി അവ പൊരുത്തങ്ങളെയല്ല, പിരിവുകളെയാണ് വിരിഞ്ഞിടുന്നത്.

ഇതൊരു ബുദ്ധിവാദമല്ല, യുക്തി തർക്കമല്ല, വികാരവശം കെടലുമല്ല... മറിച്ച് കാഴ്‌സന്റെ കവിതാനുഭവങ്ങളുടെ പരക്കൽ, അത്രയെങ്കിലും അവ്യക്തമാകാൻ കവിതയുടെ അനുഭവങ്ങൾക്ക് സ്വാതന്ത്ര്യം നൽകേണ്ടതില്ലേ?

തൊലിമേൽ ഞൊടിയിടെയൊലിക്കും പറ വയ്യാ വിയർപ്പ് വിയർപ്പ്, വെറും വിയർപ്പത്. കൊതിയെനിക്കതു നോക്കുവാൻ. (വിവർത്തനങ്ങൾ: ലാൽമോഹൻ പി.)
തൊലിമേൽ ഞൊടിയിടെയൊലിക്കും പറ വയ്യാ വിയർപ്പ് വിയർപ്പ്, വെറും വിയർപ്പത്. കൊതിയെനിക്കതു നോക്കുവാൻ. (വിവർത്തനങ്ങൾ: ലാൽമോഹൻ പി.)

(ആൻ കാഴ്‌സന്റെ രണ്ടു വ്യത്യസ്ത കൃതികളിലെ കവിതകളുടെകൂടി സ്വതന്ത്ര വിവർത്തനം ചുവടെ ചേർക്കുന്നു)

A Sudden Unspeakable Sweat Floweth Down My Skin

തൊലിമേൽ ഞൊടിയിടെയൊലിക്കും പറ വയ്യാ വിയർപ്പ്

വിയർപ്പ്, വെറും വിയർപ്പത്. കൊതിയെനിക്കതു നോക്കുവാൻ.

സകലപാതിരയും ചെല്ലും ഞാൻ കിനാവതു ചെറുപ്പം,

ഉണരും കയ്യിലെ സിരാപടങ്ങൾതൻ ചെറുതുടിയ്‌ക്കൊപ്പം.

അവ വരമ്പിന്നടിയിലാക്കലോ അതികഠിനം.

ഓരോ കണ്ണിലുമോരോ കല്ലുചുമക്കുന്നതു മാതിരി.

(Book: Plainwater- Essays and Poetry)

Kant's Question About Monica Vitti

മോണിക്കാ വിറ്റിയെച്ചൊല്ലി കാന്റിന്റെ ചോദ്യം

അവളിലത് ഒളിച്ചിരുന്നു, അതിൽ കാന്റിന് സന്തോഷവും

(ലേ ക്‌ളീസേയുടെ ആരംഭത്തിൽ കാറ്റിൽ പാറിപ്പറന്നു മോണിക്കാ വിറ്റിയുടെ മുടി, അപ്പോളവളൊരു മുറിയ്ക്കകമേ)

കാന്റിന്റേത് തെല്ലസുഖകരമാ,മാനന്ദം

ആ കാറ്റ്...അതു വന്നതെവിടുന്നാവാം?

കാന്റിന് വസ്തുവിനെ അതായിത്തന്നെ കാണുമാനന്ദം,

കണ്ണുതാഴ്ത്തി മുറിയിലവൾ പരക്കം പായുന്നു,

ചാരുകസേരയിലിരുന്നവളെ നോക്കുന്നൊരാൺ

വസ്തു അതായിത്തന്നെയപ്രാപ്യം, മറി കടക്ക വയ്യ.

മുറിക്കുപുറം പോകാനവളും വ്യഗ്രം.

വസ്തുവിനോ സ്വയം അതായി ചമയലുമസാധ്യം,

ശീല നീങ്ങേ വസ്തുക്കൾ നിറമുറി, വിളക്കുകളിടയിടെ

രാവേതു നേരമേതെന്നാരറിയാം, മുടി മന്ദം പാറിയവൾ.

സ്വയമതായി ചമയാനാവാത്തോൽവി;

പ്രതിഭാസത്തിനകമതാ അതായിട്ടാ,വസ്തുവിന്നാലേഖനം.

തുണ്ടുകടലാസെടുത്തു താഴേയിടുമവൾ.

വിവേകത്തിനതിരുകളിലും തുരുമ്പെന്നു കാന്റിന്റെ ശ്രദ്ധ.

അശാന്തമായിളകിയവൾ, ഒഴുകിപ്പിന്നെ ഇളക്കമങ്ങനെ.

ചാരുകസേരക്കാരനരികിൽ മേശമേൽ തിരിയും ഫാൻ

തിരപോലെ ദുർബലമെന്നു തോന്നി കാന്റ്

അവൾക്കു പോകാമീ വേള, സിനിമക്കാഴ്ചപ്പുറ,മയവിലായ്

സ്വന്തം സത്തയെ പടരാൻ വിട്ടു കാന്റും

പകൽമാലിന്യത്തിലേക്ക് നടന്നവൾ

തൊപ്പി വലിച്ചുതാഴ്ത്തി കാന്റ്

ലജ്ജയെങ്കിലും നടത്തയിൽ അവളാനന്ദം

ഇതിലുമായാസമാം പുലരിയിലേക്കാ നട.

മൈക്കലാഞ്ജലോ അന്റോണിയോണിയുടെ ലേ ക്‌ളീസേ- The Eclipse1962) എന്ന ചലച്ചിത്രത്തിൽ മോണിക്കാ വിറ്റി.
മൈക്കലാഞ്ജലോ അന്റോണിയോണിയുടെ ലേ ക്‌ളീസേ- The Eclipse1962) എന്ന ചലച്ചിത്രത്തിൽ മോണിക്കാ വിറ്റി.

(മോണിക്കാ വിറ്റി ഇറ്റാലിയൻ ചലച്ചിത്ര നടി, ഇറ്റാലിയൻ ചലച്ചിത്ര സംവിധായകനായ മൈക്കലാഞ്ജലോ അന്റോണിയോണിയുടെ ലേ ക്‌ളീസേ- The Eclipse1962) എന്ന ചലച്ചിത്രത്തിൽ അഭിനയിച്ചതിന്റെ രംഗങ്ങളാണ് ഇവിടെ പ്രതിപാദിച്ചിരിക്കുന്നത്. ജർമൻ തത്വചിന്തകനായ ഇമ്മാനുവേൽ കാന്റിന്റെ ആശയങ്ങളുടെ പശ്ചാത്തലത്തിലാണ് ഈ പ്രമേയം വികസിക്കുന്നത്.)

Book: Decreation- Poetry, Esaays, Opera

(വിവർത്തനങ്ങൾ: ലാൽമോഹൻ പി.)


Summary: Lal Mohan P. writes about Canadian writer Anne Carson, the 2026 Nobel Prize in Literature laureate.


ലാൽമോഹൻ പി.

കേരള സർവകലാശാല കാര്യവട്ടം ക്യാമ്പസിൽ കമ്യൂണിക്കേഷൻ ആൻഡ് ജേണലിസം വിഭാഗം അധ്യാപകൻ. 'നാലു വരകൾ കൊണ്ട് ചതുരമുണ്ടാക്കുക പ്രയാസമാണ്' എന്ന കവിതാ സമാഹാരം പ്രസിദ്ധീകരിച്ചിട്ടുണ്ട്. മെല്ലാർ മേ, പെസോവ, മയക്കോവ്‌സ്കി, അന്ന അഖ്മത്തോവ, എമിലി ഡിക്കിൻസൺ എന്നിവരുടെ കവിതകൾ വിവർത്തനം ചെയ്തിട്ടുണ്ട്.

Comments