ലെനിനെയും സ്റ്റാലിനെയും
എസ്.കെ കണ്ടിരുന്നുവോ?

ലെനിനിലേക്കുള്ള ഒരു മലയാളിയുടെ സഞ്ചാരമാണിത്. സ്കൂൾ പാഠപുസ്തകങ്ങളിൽനിന്നും എസ്.കെ. പൊറ്റെക്കാട്ടിന്റെ യാത്രാവിവരങ്ങളിൽനിന്നും വൈലോപ്പിള്ളിയുടെ കവിതകളിൽനിന്നും അറിഞ്ഞ ലെനിനെ പിന്നീട്, റഷ്യൻ സാഹചര്യങ്ങളിൽ ‘അടുത്തറിഞ്ഞ’ അനുഭവമാണ് വി. മുസഫർ അഹമ്മദ് എഴുതുന്നത്.

ജീവിതത്തിലാദ്യമായി ലെനിനെക്കുറിച്ച് വായിച്ചതെപ്പോഴായിരുന്നു?
മൂന്നാം ക്ലാസിൽ പഠിക്കുമ്പോൾ. മലയാള പാഠാവലിയിലെ 'ലെനിനും കർഷകനും' എന്ന ചെറു കുറിപ്പാണ് ആദ്യ 'ലെനിൻ അനുഭവം. ഞങ്ങളുടെ സീനിയർ, ജൂനിയർ ബാച്ചുകളിൽ പഠിച്ചവരുടേയും ആദ്യ ലെനിൻ ഇതേ പാഠഭാഗമായിരുന്നു. അത് ഇങ്ങനെ തുടങ്ങുന്നു: ഇന്ത്യയുടെ രാഷ്ട്രപിതാവാണ് ഗാന്ധിജി. സോവിയറ്റ് റഷ്യയുടെ രാഷ്ട്രപിതാവാണ് ലെനിൻ. ഗാന്ധിജിക്കും ലെനിനും പലകാര്യങ്ങളിലും സാദൃശ്യമുണ്ട്. എളിയ ജീവിതമാണ് ഈ രണ്ടു മഹാൻമാരും ഇഷ്ടപ്പെട്ടിരുന്നത്.
കൃഷിക്കാരനായ പാഖാമോവ് ലെനിനെ കാണാൻ അദ്ദേഹത്തിന്റെ ഓഫീസിൽ ചെല്ലുന്നതും ഇരുവരും കണ്ടുമുട്ടന്നതും ഒന്നിച്ച് ഭക്ഷണം കഴിക്കുന്നതുമാണ് പാഠഭാഗത്തിന്റെ കേന്ദ്രപ്രമേയം. പാഖാമോവ് ദരിദ്രനാണ്. മുട്ടിച്ചെരിപ്പിട്ടാണ് നടപ്പ്. കയ്യിൽ ഒരു ഭാണ്ഡവുമുണ്ട്. ലെനിൻ പഴകിയ വസ്ത്രമുടുത്ത് ഓഫീസിലിരുന്ന് ഞണുങ്ങിയ തകരപ്പാത്രത്തിൽ കഞ്ഞികുടിക്കുന്നു. വെണ്ണയില്ലാത്ത കഞ്ഞി. അതു കണ്ടിട്ട് പാഖാമോവിന് സഹിക്കുന്നില്ല. വെണ്ണയില്ലാത്ത കഞ്ഞിയോ എന്ന പാഖാമോവിന്റെ ചോദ്യത്തോട് ലെനിൻ ഇങ്ങിനെ പ്രതികരിക്കുന്നു: അതെ, തൽക്കാലം വെണ്ണയില്ല. പക്ഷെ, അതൊന്നും സാരമില്ല, സഖാവേ, ഇതിലേറെ ബുദ്ധിമുട്ടുന്നവർ റഷ്യയിൽ എത്രയോ ഉണ്ടല്ലോ.

പക്ഷെ പാഖാമോവ് തന്റെ ഭാണ്ഡത്തിൽ നിന്ന് റൊട്ടിയും പന്നിയിറച്ചിയും എടുത്ത് ലെനിനോട് കഴിക്കാൻ നിർബന്ധിക്കുന്നു. അയാളെ വിഷമിപ്പിക്കരുത് എന്നു കരുതി മാത്രം ലെനിൻ ഒരു ചെറിയ റൊട്ടിക്കഷണവും അൽപ്പം ഇറച്ചിയും കഴിച്ചു. അയാളോട് ഗ്രാമത്തിലുള്ള കർഷകരുടെ ജീവിതത്തെക്കുറിച്ച് ചോദിച്ചു. ലെനിനെ കാണാനും സംസാരിക്കാനും തന്റെ കയ്യിലുള്ള ഭക്ഷണം പങ്കുവെക്കാനും കഴിഞ്ഞതിന്റെ ആഹ്ളാദത്തിൽ പാഖാമോവ് ഗ്രാമത്തിലേക്ക് മടങ്ങാനായി എഴുന്നേറ്റു. അയാളെ ഓഫീസിന്റെ വാതിൽ വരെ ചെന്ന് ലെനിൻ യാത്രയാക്കി.
ഇതാണ് ആ പാഠഭാഗത്തിന്റെ ഉള്ളടക്കം. അതിൽ ലെനിനും പാഖമോവും ഒരു മേശക്കിരുപുറമായിരുന്ന് റൊട്ടിയും ഇറച്ചിയും കഴിക്കുന്നതിന്റെ രേഖാചിത്രവുമുണ്ട്. പാഖാമോവിരിക്കുന്ന കസേരയുടെ അടുത്ത് അദ്ദേഹത്തിന്റെ ഭാണ്ഡവും കൃത്യമായി കാണാവുന്ന തരത്തിൽ ചിത്രത്തിലുണ്ട്.

ക്ലാസിലെ എന്റെ അടുത്ത കൂട്ടുകാരൻ മദ്രസയിൽ അഞ്ചിലാണ്. അവൻ പറഞ്ഞു; പന്നിയിറച്ചി ഞമ്മക്ക് ഹറാമാണ്. എനിക്കന്ന് അത് ഒട്ടും മനസ്സിലായില്ല. ഞാൻ സ്കൂളിലും മദ്രസയിലും മൂന്നിൽ തന്നെയായിരുന്നു. ഇറച്ചികളിലെ ഹറാമിലേക്ക് ഞാൻ എത്തിയിരുന്നില്ല. ഇന്നാലോചിക്കുമ്പോൾ മലപ്പുറത്തുകാരുടെ കമ്യൂണിസവിരുദ്ധതയുടെ ആദ്യ പ്രശ്നങ്ങളിലൊന്ന് മൂന്നാം ക്ലാസിലെ പാഠപുസ്തകത്തിലെ ലെനിൻ കഴിച്ച പന്നിയറിച്ചിയാണെന്ന് തോന്നാറുണ്ട്. ഏതായാലും ഇപ്പറഞ്ഞതൊക്കെയാണ് എന്റെ ആദ്യ ലെനിൻ അനുഭവം.

യുദ്ധകാലത്തെ നരകയാതനകളുടെ സ്മാരകവസ്തുക്കൾക്കിടയിൽ ഹിറ്റ്ലറുടെ ആ ക്ഷണക്കാർഡ് ലെനിൻഗ്രാഡ് നിവാസികളെ ഇന്നും പൊട്ടിച്ചിരിപ്പിക്കുന്നു

പിന്നീട് കുറച്ചു കൂടി മുതിർന്ന് എസ്.കെ. പൊറ്റെക്കാട്ടിന്റെ സോവിയറ്റ് ഡയറി വായിക്കുന്നു. 1955-ലാണ് എസ്.കെ. ഈ യാത്ര നടത്തുന്നത്. അതായത്, സ്റ്റാലിൻ മരിച്ച് രണ്ടു വർഷം കഴിഞ്ഞ്. സോവിയറ്റ് ഡയറിയിൽ എസ്.കെ ലെനിനെക്കുറിച്ച്, 'ലെനിൻ താമസിച്ചിരുന്ന മുറി' എന്ന ഉപശീർഷകത്തിൽ എഴുതി: ഇവിടെ കെട്ടിടത്തിന്റെ ഒരറ്റത്തായിരുന്നു ലെനിൻ താമസിച്ചിരുന്നത്. ലെനിന്റെ വായനാമുറിയും കിടപ്പറയും അന്നുണ്ടായിരുന്ന നിലയിൽ തന്നെ ഇന്നും കാണപ്പെടുന്നുണ്ട്. ലളിതജീവിതമാണ് ലെനിൻ നയിച്ചിരുന്നത്. സാധാരണമട്ടിലുള്ള മൂന്നുനാലു കസേരകളും ഒരു ചെറിയ മേശയും മറ്റു ചില അത്യാവശ്യ സാമഗ്രികളും മാത്രമേ ആ വായനാ മുറിയിലുള്ളൂ. ലെനിന്റെ പത്നിയും കൂടെ താമസിച്ചിരുന്നു. ഒരു ചെറിയ മുറിയാണ് അവരുടെ ശയ്യാഗൃഹം. ആ ഉറക്കറയിലെ അനാകർഷമായ കട്ടിലും കിടക്കയും വിരിയും 37 കൊല്ലം മുമ്പ് കിടന്നതുപോലെ ഇന്നും ഇവിടെ കാണുന്നുണ്ട്. ആ മുറിയിൽ നിന്നു മടങ്ങുമ്പോൾ, മാക്‌സിങ് ഗോർക്കി ലെനിനെക്കുറിച്ചു പറഞ്ഞ വാക്കുകളാണ് എനിക്കോർമ്മ വന്നത്. 'സത്യം പോലെ ശാലീനവും സത്യം പോലെ മഹത്തുമായ വ്യക്തി'.
സോവിയറ്റ് ഡയറി വായിക്കുമ്പോൾ പാഖാമോവ് ലെനിനെ കാണാൻ പോയ സ്കൂൾ പാഠം വീണ്ടും ഓർമിച്ചു. എസ്.കെയും ലെനിന്റെ ലാളിത്യത്തെക്കുറിച്ചാണല്ലോ പറയുന്നത്.

ഹോട്ടൽ അസ്റ്റോറിയ / Photo: Wikipedia

ചരിത്രത്തിലെ പ്രധാന ഐറണികളിലൊന്നിനെക്കുറിച്ചും എസ്.കെ എഴുതുന്നു. അദ്ദേഹം ലെനിൻഗ്രാഡിൽ താമസിച്ച ഹോട്ടൽ അസ്റ്റോറിയയുമായിക്കൂടി ബന്ധപ്പെട്ടതാണ് ഈ പരാമർശം. 1942-ൽ ലെനിൻഗ്രാഡ് നഗരം ജർമ്മൻകാർ വളഞ്ഞുവെച്ചിരുന്ന കാലത്ത് ഈ ഹോട്ടൽ രസകരമായൊരു കഥാവിഷയമായിത്തീർന്നു. ലെനിൻഗ്രാഡ് ഉപരോധം പിരിമുറുക്കിക്കൊണ്ടിരുന്ന ഓരോ സന്ദർഭത്തിലും നാസികൾ വിശ്വസിച്ചിരുന്നു, നഗരം രണ്ടോ നാലോ ദിവസങ്ങൾക്കകം തനിയെ കീഴടങ്ങിക്കൊള്ളുമെന്ന്. പക്ഷെ, അങ്ങനെ രണ്ടരക്കൊല്ലം കഴിയാറായിട്ടും ലെനിൻഗ്രാഡിനുള്ളിൽ കാലുകുത്താൻ ജർമ്മൻകാർക്ക് സാധിച്ചില്ല. ഒടുവിൽ എന്തു വന്നാലും ലെനിൻഗ്രാഡ് പിടിച്ചേ ഇനി വേറെ കാര്യമുള്ളൂ എന്ന ദൃഢ നിശ്ചയത്തോടെ ഹിറ്റ്ലർ തന്നെ പടയ്ക്കു പുറപ്പെട്ടു. നവംബർ 7-ാം തീയതിക്കകം നഗരം കീഴടക്കണമെന്നായിരുന്നു ഹിറ്റ്ലറുടെ പ്ലാൻ. തന്റെ പരിപാടിയിൽ ഹിറ്റ്ലർക്ക് ഉറച്ച വിശ്വാസമുണ്ടായിരുന്നു. ആര്യരക്തത്തിന്റെ ശൗര്യമല്ലേ? തന്റെ വിജയമാഘോഷിക്കാൻ ഹിറ്റ്ലർ കണ്ടുവെച്ച സ്ഥലം ഹോട്ടൽ അസ്റ്റോറിയയായിരുന്നു. ‘നവംബർ 7-ാം തീയതി ഹോട്ടൽ അസ്റ്റോറിയയിൽ വെച്ചു താൻ നടത്തുന്ന വിജയാഘോഷവിരുന്നിൽ പങ്കുകൊള്ളാൻ ക്ഷണിക്കുന്നു' എന്നു വെച്ചുകൊണ്ട് ഉയർന്ന നാസി പട്ടാള ഉദ്യോഗസ്ഥർക്ക് അയയ്ക്കാനുള്ള ക്ഷണക്കത്തുകൾ ഹിറ്റ്ലർ മുൻകൂട്ടിത്തന്നെ അച്ചടിച്ചുതയ്യാറാക്കി. പക്ഷെ, നവംബർ 7-ാം തീയതിക്കുമുമ്പു തന്നെ നാസിപ്പടയ്ക്ക് എല്ലാം ഇട്ടെറിഞ്ഞ് നേർവഴി നോക്കി പിന്തിരിഞ്ഞോടേണ്ടി വന്നു. അങ്ങനെ അവർ ഇട്ടെറിഞ്ഞു പോയ വസ്തുക്കളുടെ കൂട്ടത്തിൽ ഹോട്ടൽ അസ്റ്റോറിയയിൽ വെച്ചുള്ള ഹിറ്റ്ലറുടെ വിജയവിരുന്നിന്റെ ക്ഷണക്കത്തുകളും ഉണ്ടായിരുന്നു.

ഹിറ്റ്ലറുടെ ആ ക്ഷണക്കത്തുകൾ ലെനിൻഗ്രാഡ് മ്യൂസിയത്തിൽ പ്രദർശനത്തിനു വെച്ചിട്ടുണ്ട്. യുദ്ധകാലത്തെ നരകയാതനകളുടെ സ്മാരകവസ്തുക്കൾക്കിടയിൽ ഹിറ്റ്ലറുടെ ആ ക്ഷണക്കാർഡ് ലെനിൻഗ്രാഡ് നിവാസികളെ ഇന്നും പൊട്ടിച്ചിരിപ്പിക്കുന്നു: ഇതാണ് എസ്.കെ അവതരിപ്പിക്കുന്ന ഐറണി.

ജോസഫ് സ്റ്റാലിൻ, വി.ഐ. ലെനിൻ എന്നിവരുടെ മൃതദേഹങ്ങൾ 1953-1961 കാലത്ത് ലെനിൻ- സ്റ്റാലിൻ മ്യുസോളിയത്തിൽ

എസ്.കെയുടെ സോവിയറ്റ് ഡയറിയിൽ നിന്നറിഞ്ഞ യക്ഷിക്കഥക്കു സമാനമായ കാര്യം, ലെനിന്റെ മൃതദേഹത്തിനൊപ്പം സ്റ്റാലിന്റെയും മൃതദേഹം മ്യുസോളിയത്തിൽ ഒന്നിച്ചുകിടത്തിയിരുന്നു എന്നതാണ്. എസ്.കെയുടെ റഷ്യ സന്ദർശനം കഴിഞ്ഞ് ആറു വർഷത്തിനു ശേഷം സ്റ്റാലിന്റെ എംബാം ചെയ്ത മൃതദേഹം മ്യുസോളിയത്തിൽ നിന്നു മാറ്റി. 1953-ൽ സ്റ്റാലിൻ മരിച്ച് 1961 വരെ ലെനിന്റെ മൃതദേഹത്തിനരികെത്തന്നെ സ്റ്റാലിന്റെ മൃതദേഹവും കിടത്തുകയായിരുന്നു. ഡീ സ്റ്റാനിലൈസേഷന്റെ കാലത്ത് നികിത ക്രൂഷ്‌ച്ചേവാണ് സ്റ്റാലിന്റെ മൃതദേഹത്തിന്റെ 'അനശ്വരത' ഇല്ലാതാക്കിയത്. ലെനിന്റെ ഭൗതികദേഹം ഒരു നൂറ്റാണ്ടായി 'അനശ്വരതയിൽ' തന്നെ തുടരുകയും ചെയ്യുന്നു.

ഡീ സ്റ്റാലിനൈസേഷൻ കാലം വരെ സ്റ്റാലിനിസം തന്നെയാണ് സോവിയറ്റ് യൂണിയനിലെ ഭരണ മോഡലായിരുന്നത്.

ലെനിന്റെ മൃതദേഹം കണ്ടതിനെക്കുറിച്ച് പലരും എഴുതിയിട്ടുണ്ട്. എന്നാൽ രണ്ടു പേരേയും 'ഒന്നിച്ചു' കണ്ടതിനെക്കുറിച്ച് മലയാളത്തിൽ വായിച്ചതായി ഓർക്കുന്നില്ല. മരിച്ചുകിടക്കുന്നവർ സംസാരിച്ചാൽ എന്ന ഭ്രമാത്മകമായ തോന്നൽ ലെനിൻ- സ്റ്റാലിൻ മൃതദേഹങ്ങളുടെ എംബാംമ്ഡ് കിടപ്പിന്റെ ഫോട്ടോഗ്രാഫ് കണ്ടപ്പോൾ തോന്നിയിട്ടുണ്ട്. ഈ കാര്യം മനസ്സിലാക്കി കുറച്ചുനാൾ കഴിഞ്ഞപ്പോൾ സ്റ്റാലിന്റെ ‘പ്രോബ്ലംസ് ഓഫ് ലെനിനിസം' എന്ന 800 പേജുള്ള പുസ്തകം കയ്യിൽ കിട്ടി. 1954- ൽ മോസ്ക്കോയിലെ ഫോറിൻ ലാംഗ്വേജസ് പബ്ലിഷ് ഹൗസ് പുറത്തിറക്കിയ പുസ്തകമായിരുന്നു അത്. സ്റ്റാലിൻ മരിച്ച് ഒരു വർഷം കഴിഞ്ഞാണ് ഈ പുസ്തകം ഇംഗ്ലീഷിൽ പ്രസിദ്ധീകൃതമാവുന്നത്. സ്റ്റാലിൻ മരിച്ചിട്ടും യു.എസ്.എസ്.ആറിൽ സ്റ്റാലിനിസം തുടരുകയായിരുന്നു എന്നതിന്റെ ലഭ്യമായ ഏറ്റവും എളുപ്പത്തിൽ എടുത്തുകാട്ടാവുന്ന രേഖയാണ് ഈ പുസ്തകം. ഡീ സ്റ്റാലിനൈസേഷൻ കാലം വരെ സ്റ്റാലിനിസം തന്നെയാണ് സോവിയറ്റ് യൂണിയനിലെ ഭരണ മോഡലായിരുന്നത്. ഈ പുസ്തകം ഇപ്പോഴും ഇടക്ക് മറിച്ചുനോക്കുമ്പോൾ മരിച്ചിട്ടും ലെനിന് സ്വൈര്യം കൊടുക്കാതിരുന്ന സ്റ്റാലിനെ ഓർമിക്കും, ആ മ്യുസോളിയത്തെക്കുറിച്ച് എസ്.കെ.എഴുതിയ വരികളും ഓർത്തെടുക്കും. അദ്ദേഹം എഴുതി: റെഡ് സ്ക്വയർ നാലുപാടും അടഞ്ഞുകിടക്കുന്ന ഒരങ്കണമല്ല. ക്രെംലിൻ കോട്ടയുടെ ഭാഗമൊഴികെ എല്ലാ ഭാഗങ്ങളും തുറന്നു കിടക്കുന്നു. വ്യാപാരത്തിരക്കുള്ള തെരുവുകളും ഷാപ്പുകളും അവിടെ കാണാം. ​​ക്രെംലിനോടു തൊട്ടുകൊണ്ടുള്ള റെഡ് സ്ക്വയർ പാർശ്വത്തിൽ തന്നെയാണ് ലെനിന്റെയും സ്റ്റാലിന്റെയും മ്യുസോളിയം (ശവകുടീരം) സ്ഥാപിച്ചിരിക്കുന്നത്. ചുവന്നതും കറുത്തതുമായ ജോർജ്ജിയൻ മാർബിൾക്കല്ലുകൾ കൊണ്ടു നിർമിച്ച ശാലീനസുഭഗമായ ഒരു ഭൂഗർഭ മന്ദിരമാണ് ഈ മ്യുസോളിയം. ലെനിൻ- സ്റ്റാലിൻ എന്നീ രണ്ടു വാക്കുകൾ മാത്രം മുസോളിയത്തിന്റെ പ്രവേശദ്വാര ഭിത്തിക്കുമീതെ കൊത്തിവെച്ചിരിക്കുന്നു.

ലെനിൻ- സ്റ്റാലിൻ മ്യുസോളിയത്തിനരികിൽ ക്രെംലിൻ ഭിത്തിയുടേയും രക്തചത്വരത്തിന്റെയും ഇടയിൽ പടിപടിയായിക്കിടക്കുന്ന പൂങ്കാവനങ്ങൾ കാണാം. ഈ പൂങ്കാവനങ്ങളിൽ വരിവരിയായി വെളുത്ത സ്മാരകശിലകളും മണ്ഡപങ്ങളും പ്രതിഷ്ഠിച്ചിരിക്കുന്നു. റഷ്യൻ വിപ്ലവത്തിലെ വീരാത്മാക്കളുടെ സ്മാരകമണ്ഡലമാണിത്. Photo: Art Look Photography

ഔഷധപ്രയോഗത്താൽ യാതൊരു കേടുംവരാതെ സൂക്ഷിച്ചുവെച്ചിരിക്കുന്ന ആ ഭൗതികദേഹങ്ങളെ ഒന്നു കാണാൻ നിത്യവും ആയിരക്കണക്കിന് ജനങ്ങൾ റെഡ് സ്ക്വയറിൽ ക്യൂ നിൽക്കുന്നുണ്ടാകും.

ലെനിൻ- സ്റ്റാലിൻ മ്യുസോളിയത്തിനരികിൽ ക്രെംലിൻ ഭിത്തിയുടേയും രക്തചത്വരത്തിന്റെയും ഇടയിൽ പടിപടിയായിക്കിടക്കുന്ന പൂങ്കാവനങ്ങൾ കാണാം. ഈ പൂങ്കാവനങ്ങളിൽ വരിവരിയായി വെളുത്ത സ്മാരകശിലകളും മണ്ഡപങ്ങളും പ്രതിഷ്ഠിച്ചിരിക്കുന്നു. റഷ്യൻ വിപ്ലവത്തിലെ വീരാത്മാക്കളുടെ സ്മാരകമണ്ഡലമാണിത്. വിപ്ലവത്തോടു ബന്ധപ്പെട്ട ചില വീരയോദ്ധാക്കളുടെ ദേഹങ്ങളും ഇവിടെ അടക്കം ചെയ്തിട്ടുണ്ട്. ഇങ്ങനെ ലെനിൻ- സ്റ്റാലിൻ മ്യുസോളിയത്തെക്കുറിച്ച് എഴുതുന്നുണ്ടെങ്കിലും അതിനകത്ത് കയറി കണ്ടതായി എസ്.കെ എവിടേയും പറയുന്നില്ല. അതിന് അദ്ദേഹത്തിന് സാധിച്ചിരിക്കില്ല എന്നു കരുതാനേ വഴിയുള്ളൂ. അല്ലെങ്കിൽ തീർച്ചയായും അദ്ദേഹത്തിന്റെ രീതി അനുസരിച്ച് ഇതിനെക്കുറിച്ച് വിശദമായിത്തന്നെ എഴുതുമായിരുന്നു. ഒരുപക്ഷെ, ലെനിനൊപ്പം സ്റ്റാലിനെയും 'കാണാൻ' അവസരം കിട്ടിയ മലയാളിയായി അദ്ദേഹം തീർച്ചയായും മാറുമായിരുന്നു. ക്രെംലിനെക്കുറിച്ചുള്ള ലേഖനത്തിന്റെ ഉപശീർഷകം ‘പുറത്തു നിന്നുള്ള കാഴ്ച്ച’ എന്നാണ്. അകത്തു കയറാനുള്ള അനുവാദം മുൻകൂട്ടി സമ്പാദിച്ചിരുന്നില്ല എന്നും എസ്.കെ. പറയുന്നുണ്ട്. എസ്.കെയിലൂടെ കിട്ടുമായിരുന്ന ലെനിൻ- സ്റ്റാലിൻ കാഴ്ച അങ്ങനെ അദ്ദേഹത്തിന്റെ വായനക്കാർക്ക് നഷ്ടമായി. (സോവിയറ്റ് ഡയറിക്ക് അവലംബം: ആഫ്രിക്ക, യൂറോപ്പ് സഞ്ചാരസാഹിത്യം ഒന്നാം ഭാഗം/ എസ്.കെ. പൊറ്റെക്കാട്ട് / ഡി.സി ബുക്സ്- 2003 ജൂലൈ).

രണ്ടാം ലെനിൻ കവിത വൈലോപ്പിള്ളി
എന്തുകൊണ്ട് അപൂർണ്ണമാക്കി?

വൈലോപ്പിള്ളി ശ്രീധരമേനോൻ 1970 ജൂണിൽ റഷ്യ സന്ദർശിച്ചു. ലെനിൻ എന്ന ഒരേ ശീർഷകത്തിൽ രണ്ടു കവിതകളെഴുതി. ആദ്യ കവിത പൂർണമാണ്. രണ്ടാമത്തെ കവിത അപൂർണവും. (തൃശൂർ കറന്റ് ബുക്സ് രണ്ടു വോള്യങ്ങളായി പ്രസിദ്ധീകരിച്ച വൈലോപ്പിള്ളി സമ്പൂർണ കൃതികളിൽ രണ്ടാം വോള്യത്തിലാണ് അപൂർണമായ ലെനിൻ കവിതയുള്ളത്). മകരക്കൊയ്ത്തിലാണ് ലെനിൻ എന്ന പൂർണ കവിത സമാഹരിക്കപ്പെട്ടത്. ആദ്യ ലെനിൻ കവിത കേരളത്തിലെ ഓണക്കാലവുമായി ബന്ധപ്പെട്ട് ലെനിനെ ഓർക്കുന്നതാണ്. മാവേലിയുടെ കോലം കാൺകെ കവി ലെനിനെ ഇങ്ങനെ ഓർക്കുന്നു:

വൈലോപ്പിള്ളി ശ്രീധരമേനോൻ

തിരുവോണനാ, ളൈന്റ
കുട്ടികൾ മുറ്റത്തു പൂ-
ത്തറമേൽ സ്ഥാപിച്ച മാ-
വേലിതൻ കോലം കാൺകെ,
ഞാനനുസ്മരിക്കയാം
പോയാണ്ടിലാ ക്രെംലിന്റെ
സൂനവാടിയിൽ കണ്ടോ-
രുന്നതശിലാരൂപം.
ഹാ ലെനിൻ, ഭവദ്രൂപം,
താഴികക്കുടം പോലെ,
ഫാലവിസ്തൃതി മിന്നും
ശീർഷവും ദുർദ്ധർഷമായ്

ഇങ്ങനെയാണ് ആ കവിത തുടങ്ങുന്നത്.

പിന്നീട് കവി ഇങ്ങനെ പറയുന്നു:

മഹത്താം ക്ഷേമൈശ്വര്യ-
മാധ്യാത്മികതോത്ക്കർഷത്തിൽ
ഗൃഹസ്ഥാശ്രമമമെന്നു
ഞങ്ങൾ കണ്ടറിഞ്ഞാവൂ.
ഇതു ഞാൻ കേട്ടിട്ടുണ്ടു
മാവേലിനാട്ടിൻ പാട്ടിൽ,
ഇതു ഞാൻ ദർശിച്ചിട്ടു-
ണ്ടങ്ങു വാണതാം നാട്ടിൽ.

ഇങ്ങനെയാണ് ആദ്യ ലെനിൻ കവിതയിൽ വൈലോപ്പിള്ളി പറയുന്നത്.

എന്നാൽ രണ്ടാമത്തെ ലെനിൻ കവിതയിൽ ആദ്യ കവിതയിലെ അതേ ആരാധനയോടെ കവി ഇങ്ങനെ ചോദിക്കുന്നു:

പിന്നെയെങ്ങനെ നമ്മളത്തരമളവുകോൽ
ചെന്നെടുക്കുന്നൂ ചൊവ്വേ ലെനിനെയളക്കുവാൻ?

ലെനിനെപ്പോലെ ഒരാളെ അളക്കുവാൻ സാധാരണക്കാരായ നമ്മുടെ കയ്യിൽ എന്ത് അളവു കോലുണ്ടെന്ന ചോദ്യം ഉയർത്തുന്നു കവി. എന്നാൽ പിന്നീട് കവിത വിമർശനത്തിന്റെ സ്വരത്തിലേക്കു കടക്കുന്നു:

സ്വക നേത്രത്താലാരും കണ്ടതാണല്ലോ, നേർ,ക്കാ
'യുഗ'മുമ്മറ വാതിൽ കടന്നൂ കുനിയാതെ
ധരിച്ചൂ ശരാശരിയായ കുപ്പായം മാത്രം;
പരക്കെ ജ്ജനത, യാ ലെനിനെസ്സവിസ്മയം
ദൈവനിശ്ചയാൽ വന്ന നേതാവായ്, രാജാവായേ
നിർവിശങ്കമായ് ദേവൻ താനായോ
വാഴ്ത്തിടുകിൽ
പ്രതിഷേധിക്കാനെത്തും മുമ്പനായി ഞാൻ, കൂട്ടും
അതിയായ് ബഹളം ഞാൻ ഹാളിലും തെരുവിലും.
ആൾത്തിരക്കുകൾ പിന്നെ പ്രസംഗങ്ങളും ഘോഷ-
യാത്രകൾ, വിലാപവുമൊക്കെയുമെതിർക്കും ഞാൻ.

ലെനിനെ വിമർശനങ്ങൾ കൂടി അർഹിക്കുന്ന നേതാവ്, മനുഷ്യനായി കാണുകയാണ് വൈലോപ്പിള്ളി, അപൂർണ ലെനിന്റെ അവസാന വരികളിൽ. ഈ കവിത അദ്ദേഹം ഏതു കാലത്തെഴുതി എന്ന് സമ്പൂർണ്ണ കൃതികളിലില്ല. 80- കളിൽ ആകാനാണ് സാധ്യത. കമ്യൂണിസ്റ്റ് സ്വർഗത്തിൽ നിന്നുള്ള നരകവാർത്തകൾ അപ്പോഴേക്കും കേരളത്തിലും എത്തിയിരുന്നല്ലോ. 1985 ഡിസംബറിൽ വൈലോപ്പിള്ളി മരിച്ചു. ആറുവർഷത്തിനു ശേഷം 1991 ഡിസംബർ 31ന് സോവിയറ്റ് യൂണിയൻ ഇല്ലാതായി. ‘പ്രതിഷേധിക്കാനെത്തും മുമ്പനായി ഞാൻ’ എന്ന് വൈലോപ്പിള്ളി പറഞ്ഞു. അത് അടിച്ചമർത്തപ്പെടുമായിരുന്നുവെന്നു കൂടി അദ്ദേഹം മനസ്സിലാക്കിയിരുന്നുവോ? ലെനിന്റെ കാലം മുതൽ സെൻട്രലിസ്റ്റ് കമ്യൂണിസ്റ്റ് പാർട്ടികൾ ലോകമെങ്ങും നടത്തിപ്പോന്ന ഹിംസയിൽ നിന്ന് ലെനിനും കൈ കഴുകാനില്ല. വൈലോപ്പിള്ളി ഇതു മനസ്സിലാക്കിയിരുന്നു. ആ കവിത അദ്ദേഹം സമ്പൂർണ്ണമാക്കിയിരുന്നെങ്കിൽ കേരളത്തിലെ മുഖ്യധാരാ ഇടതുപക്ഷം അദ്ദേഹത്തെ പുരോഗമന സാഹിത്യ പക്ഷത്തു നിന്ന് പുറത്താക്കുകമായിരുന്നു, നിശ്ചയം.

ലെനിൻ കൂടുതൽ തിളങ്ങുന്നുവെന്ന് സന്ദർശകൻ,
മ്യുസോളിയം സെറ്റിൽ സാധ്യമെന്ന് സംവിധായിക

ചില വർഷങ്ങൾക്കു മുമ്പ് ലെനിൻ മ്യുസോളിയം കണ്ട ഒരു സുഹൃത്ത് പറഞ്ഞു: ലെനിന് കൂടുതൽ തിളക്കം വന്നിരിക്കുന്നു, ചെറുപ്പവും. പക്ഷെ ലെനിനിസത്തിന് തിളക്കവും യൗവ്വനവും തിരിച്ചു കിട്ടാത്തതെന്ത് എന്നു ചോദിക്കാൻ തോന്നി. പക്ഷെ, ചോദിച്ചില്ല.

അഫ്ഗാൻ സംവിധായിക ശഹർബാനു സാദത്ത്

അഫ്ഗാൻ സംവിധായിക ശഹർബാനു സാദത്തിനെ കോവിഡ് കാലത്ത് ഓൺലൈനിൻ ഇന്റർവ്യൂ ചെയ്തിരുന്നു. അവരുടെ ഓർഫനേജ് എന്ന സിനിമ അഫ്ഗാനിൽ റഷ്യൻ അധിനിവേശം നടന്ന കാലത്തുള്ള ഒരു കഥയാണ്. ആ സിനിമയിൽ കുട്ടികളുടെ ഒരു സംഘത്തെ ലെനിൻ മ്യുസോളിയം കാണിക്കാൻ കൊണ്ടു പോകുന്നുണ്ട്. റഷ്യൻ കാലത്ത് അഫ്ഗാൻ വിദ്യാർഥികൾക്ക് ഇത്തരം യാത്രകൾ കരിക്കുലത്തിന്റെ ഭാഗമായി കിട്ടുമായിരുന്നു. സിനിമയിൽ കുട്ടികൾ മുസോളിയവും ലെനിന്റെ എംബാംമ്ഡ് ശരീരവും കാണുന്നു. ശരിക്കും ആ രംഗം മ്യുസോളിയത്തിൽ തന്നെയാണോ ഷൂട്ട് ചെയ്തതെന്ന് ഞാൻ ചോദിച്ചപ്പോൾ അവർ ചിരിച്ചു; ഏയ് അല്ല അത് സെറ്റാണ്. മെഴുകിലാണ് ലെനിനെ ഉണ്ടാക്കിയത്. പുട്ടിന്റെ റഷ്യയിലെ ലെനിൻ മ്യുസോളിയവും ഒരു സിനിമാ സെറ്റായിരിക്കുമോ? ഞാൻ അവരോട് ചോദിച്ചു. അവർ അതിനോട് നിറഞ്ഞു ചിരിച്ചു കൊണ്ട് പ്രതികരിച്ചു. വാക്കുകൾ കൊണ്ട് ‘നോ കമന്റ്സ്’ എന്നും പറഞ്ഞു.

കോവിഡ് കാലത്തു തന്നെ മുൻ യു.എസ്.എസ്.ആറിലെ കസാക്കിസ്ഥാൻകാരായിരുന്ന നോവലിസ്റ്റ് ഹമീദ് ഇസ്മായിലോവിനേയും അഭിമുഖം നടത്തിയിരുന്നു. അദ്ദേഹം ലെനിനെക്കുറിച്ച് പറഞ്ഞു: ലെനിൻ ഒരു നിലയിൽ മഹാനായ നേതാവാണ്. എന്നാൽ യു.എസ്.എസ്.ആറുണ്ടാക്കുമ്പോൾ കൂട്ടിച്ചേർത്ത രാജ്യങ്ങൾക്കുള്ള ഓട്ടോണമി ലെനിനോ സെൻട്രലിസ്റ്റ് റഷ്യൻ കമ്യൂണിസ്റ്റ് പാർട്ടിയോ അംഗീകരിച്ചില്ല. അത് ഞങ്ങളുടെ ചരിത്രത്തിലെ ചോരപ്പുഴയാണ്. ആ പുഴ സൃഷ്ടിച്ചതിൽ ലെനിനും പങ്കുണ്ട്. യു.എസ്.എസ്.ആറുണ്ടാക്കാനുള്ള ഡിക്രികളെല്ലാം ഒപ്പുവെച്ചത് ലെനിനായിരുന്നു. രണ്ടു വർഷം കഴിഞ്ഞ്, 1924-ൽ ലെനിൻ മരിച്ചു. പക്ഷെ, സ്വയംഭരണമില്ലാതെ സോവിയറ്റുകളിലുള്ളവർ ആദ്യം ലെനിനിസം കൊണ്ടും പിന്നീട് സ്റ്റാലിനിസം കൊണ്ടും മനുഷ്യർ പോലുമല്ലാതായി.


വി. മുസഫർ അഹമ്മദ്​

മാധ്യമ പ്രവർത്തകനും എഴുത്തുകാരനും. മരുഭൂമിയുടെ ആത്മകഥ, മരുമരങ്ങൾ, മയിലുകൾ സവാരിക്കിറങ്ങിയ ചെരുവിലൂടെ, കുടിയേറ്റക്കാരന്റെ വീട്, മരിച്ചവരുടെ നോട്ട് പുസ്തകം, ബങ്കറിനരികിലെ ബുദ്ധൻ, camels in the sky: Travels in Arabia എന്നിവ പ്രധാന പുസ്തകങ്ങൾ.

Comments