സ്വാതന്ത്ര്യവാഞ്ഛ കൊണ്ടു പിടയുന്ന ഹൃദയമായിരുന്നു കുമാരനാശാന്റേത്. അദ്ദേഹത്തിന് ഈശ്വരൻ സ്വാതന്ത്ര്യമാതാവാണ്. "ഭവമുക്തിദായകൻ’’ (ഒരു സിംഹപ്രസവം 1915) ലോകാനുരാഗിയായ കവി സാമൂഹികമായ ചങ്ങലക്കെട്ടുകളിൽനിന്നുള്ള വിടുതലിന്നും കൊതിച്ചു. ‘സ്വാതന്ത്ര്യഗാഥ' (1922) യിലെ പ്രാർത്ഥന, “വെട്ടിമുറിക്കുക, കാൽച്ചങ്ങല, വിഭോ
പൊട്ടിച്ചെറികയിക്കൈവിലങ്ങും" എന്നാണ്.
ആശാന്റെ തീയക്കുട്ടി "എന്തിനാ സ്വരാജ്യം?" എന്നു ചോദിച്ചുപോകുന്നതാകട്ടെ (ഒരു തീയക്കുട്ടിയുടെ വിചാരം- 1908) രാഷ്ട്രീയമായ സ്വാതന്ത്ര്യം (സ്വരാജ്, സ്വരാജ്യം) സാർത്ഥകമാകണമെങ്കിൽ "ജാതി മദിരാന്ധരടിച്ചു തമ്മിൽ അന്തപ്പെടുന്ന സ്ഥിതി മാറിയേ തീരൂ’’ എന്ന അർത്ഥത്തിലുമാണ്. വഴിനടക്കാനും പഠിക്കാനും പണി ചെയ്തു പുലരാനും സ്വാതന്ത്ര്യമില്ലെങ്കിൽ എന്തിനു സ്വരാജ്? വള്ളത്തോളിനും ഉള്ളൂരിനും ധൈഷണിക തലത്തിൽ അറിയേണ്ടിയിരുന്നത്, ആശാന് പച്ചയാഥാർത്ഥ്യമായി അറിവായിരുന്നു. മാനികൾക്ക് "മൃതിയെക്കാൾ ഭയാനക"മാണ് പാരതന്ത്ര്യം (ഒരു ഉദ്ബോധനം-1919). ഈ പാരതന്ത്ര്യം നിലനിർത്തുന്ന ചട്ടങ്ങളെ "മാറ്റുവിൻ" എന്നദ്ദേഹം ആഹ്വാനം ചെയ്‌തു (ദുരവസ്ഥ-1922).
ജാതിയുടെ ജൈവശാസ്ത്രവിരുദ്ധത (ചണ്ഡാലഭിക്ഷുകി-1922), കുലധർമ്മസങ്കല്പത്തിന്റെ അനീതി (കരുണ 1923) ഇതൊക്കെ അദ്ദേഹം ഓർമ്മിപ്പിച്ചുകൊണ്ടേയിരുന്നു. ബൗദ്ധകഥകളെ ആശാൻ സ്വാതന്ത്ര്യബോധവാഹകങ്ങളായി ഉപയോഗിച്ചു. സീതയുടെ മനസ്സിന്റെ ന്യായപീഠത്തിനു മുമ്പിൽ നിറുത്തി രാമനെ വിസ്തരിക്കുകയും രാമൻ ആദരിച്ച വൈദിക പാരമ്പര്യം എത്രമേൽ പെണ്ണിനും കീഴാളനും എതിരാണെന്ന് കാണിച്ചുകൊടുക്കുകയും ചെയ്‌തു (ചിന്താവിഷ്‌ടയായ സീത 1919) - "തരുണീപാദജഗർഹിണീ ശ്രുതി."

സീതയുടെ കാര്യത്തിൽ ശ്രദ്ധേയമായ മറ്റൊരു വശം കൂടിയുണ്ട്. എല്ലാം പറഞ്ഞുകഴിഞ്ഞാലും രാമനെ ന്യായീകരിക്കുന്ന വശം.
"അതിവിസ്തൃതകാലദേശജ-
സ്ഥിതിയാൽ നീതി വിഭിന്നമാകിലും
ക്ഷിതിനാഥ! പരാർത്ഥജീവികൾ-
ക്കെതിരില്ലാത്ത നിദർശനം ഭവാൻ."
ആശാന് ശ്രുതിപാരമ്പര്യത്തെ എന്തൊക്കെയായാലും മുഴുവനേ തള്ളിക്കളയാനും ആകുന്നില്ല. സ്വാർത്ഥികളായ ഉദരംഭരികളുടെ ദുർന്നയങ്ങൾക്കപ്പുറം മൂല്യവത്താണ് 'സനാതനധർമ്മം' എന്നിടത്തുതന്നെയാണ് ദുരവസ്ഥയും എത്തിനിൽക്കുന്നത്.
"ധർമ്മം സനാതനം ലോകത്തിൽ സ്വാർത്ഥികൾ
നിർമ്മിച്ചുവെച്ച നയങ്ങളല്ല."
'മതപരിവർത്തനരസവാദ' (1923) മെഴുതിയ ആശാനുമായി കവിയായ ആശാൻ ഇടഞ്ഞുനിൽക്കുന്നില്ല.
ആശാന്റെ ജാതിവിചാരത്തിനുമുണ്ട് മറ്റൊരു മുഖം. പുലയന്റെയും ചണ്ഡാലന്റെയും സ്ഥിതിയിൽ വ്യഥയും അലിവുമുള്ള ആശാന്റെ നോട്ടം ചിലപ്പോഴൊക്കെ ഈഴവ- തീയ സമുദായത്തിലേക്കു മാത്രമായി ഒതുങ്ങുന്നു എന്നതാണത്. പ്രസിദ്ധമായ തീയക്കുട്ടിയുടെ വിചാരത്തിൽ മാത്രമല്ല, 'ഐക്യാഹ്വാനമായ 'ഒരു പാട്ട്' (1906) എന്ന ലഘുകാവ്യത്തിലും ആഹ്വാനം മുഴങ്ങുന്നത്, മുഴുവൻ അവശന്മാർക്കും വേണ്ടിയല്ല, സ്വജാതിക്കാർക്കുവേണ്ടി മാത്രമാണ്. തങ്ങളുടെ സംഖ്യാബലത്തെക്കുറിച്ച് അഭിമാനിക്കുന്നുമുണ്ട്.
വിവരിക്കാൻ വിഷമമുള്ളത്ര നീചനായ ജാതിപ്പിശാച് ഇരുട്ടിന്റെ സന്തതിയായ പറയനാണത്രേ. അവൻ എന്തോ ചതിപ്രയോഗത്താൽ ബ്രാഹ്മണബുദ്ധിയിൽ കേറിപ്പറ്റി ദൂഷണം പറഞ്ഞു മയക്കി കേരളത്തെ മുടിച്ചുപോലും.
"സിംഹളർ, തീയർ, സേവകർ
സംഹതിയൊന്നപരോക്ഷം
നന്മയോടു കേരളത്തിൽ
നമ്മൾ പതിന്നാലു ലക്ഷം"
സിംഹ- സിംഹള- ഈഴവ ബന്ധം ലഘുകാവ്യങ്ങളിൽ അവിടവിടെയായുള്ള സിംഹപരാമർശങ്ങളിൽ നിഴലിക്കുന്നു. മൃഗശാലയിൽ സിംഹി പെറ്റ സംഭവത്തെ ആസ്പദമാക്കി രചിച്ച 'ഒരു സിംഹപ്രസവം' (1915) ഉദാഹരണമായെടുക്കുക. സിംഹം പരതന്ത്രനാണെങ്കിലും അഹിതം സഹിക്കയില്ല. മനോവീര്യത്തിനു കുറവൊന്നുമില്ല. സിംഹഗർജ്ജനം “ഗഹനത്തിൽ ഗജഗർഭഭേദനം" ചെയ്യാൻ പര്യാപ്‌തമാണ്. "ഘനഗംഭീരമഹാടവീതട"ത്തിലെ “കുലകൂടസ്ഥപരാക്രമക്രമം" ആണ് അമ്മ മക്കൾക്ക് അലിവോടെ ചൊല്ലിക്കൊടുക്കുന്നത്. ആ കുലകൂടസ്ഥർ,
"മലയും ഗുഹയും മൃഗങ്ങൾ തൻ
കുലവും കാടുമടക്കി വാണതും"
"ബാല്യമാം നിലയിൽത്തന്നെ" കുലയാനകളെ തച്ചുകൊന്നതും അവരുടെ അപ്പോഴത്തെ “രണോഗ്രനാദമാറ്റൊലിയേറ്റ്" ഗുഹാഭിത്തികൾ തകർന്നുവീണതും മറ്റും. ഇന്നത്തെ പരതന്ത്രസ്ഥിതിയിൽ ഇതെല്ലാം കേൾക്കുന്ന മക്കൾക്കാകട്ടെ വ്യഥയാണുണ്ടാകുന്നത്.
"വ്യഥയേ ഗതഭൂതിതൻ മനോ-
രഥമേകീടു വിപന്നലോകരിൽ."
പ്രകരണവ്യാപിയായ ഒരു അപ്രസ്‌തുത പ്രശംസയാണ് ഈ കാവ്യത്തിലുള്ളത്. ഈ അലങ്കാരത്തിന്റെ ലക്ഷ്യം സഹജന്മാരുടെ ഉത്തേജനമാണ്. രണശൂരന്മാരും സിംഹപരാക്രമികളുമായിരുന്നു തങ്ങളുടെ പൂർവ്വന്മാരെന്നു പറഞ്ഞ് (അഥവാ പറഞ്ഞുണ്ടാക്കി) സമുദായത്തിന് ഉന്മേഷം പകരുന്ന തന്ത്രം സി.വി. രാമൻപിള്ള മുതൽപേരും ഉപയോഗിച്ചിട്ടുള്ളതുതന്നെ. സമുദായമെന്നു മിണ്ടാതെ കേരളവീരന്മാർ, ഭാരതവീരന്മാർ എന്നു മാത്രം പറഞ്ഞ് ഇതേ തന്ത്രം 'ദേശീയവാദി'കളും പയറ്റിയിട്ടുണ്ട്. സമുദായക്കൂറോടെ ഈ തന്ത്രം പയറ്റുന്നവർ മഹത്തായ സ്വാതന്ത്ര്യബോധത്തെ അത്രയ്ക്കത്രയ്ക്ക് പരിമിതപ്പെടുത്തുന്നുമുണ്ട്.

ജാതികൃതമായ അസമത്വത്തിനെതിരെന്ന് ഏറ്റവും വിളികൊണ്ടിട്ടുള്ള ആശാൻകൃതി ‘സിംഹനാദ’ (1919) മാണ്.
"നരനു നരനശുദ്ധവസ്തുപോലും
ധരയിൽ നടപ്പതു തീണ്ടലാണുപോലും
നരകമിവിടമാണു ഹന്ത, കഷ്‌ടം!
ഹരഹരഃ ഇങ്ങനെ വല്ല നാടുമുണ്ടോ?"
എന്ന പ്രശസ്തമായ ശ്ലോകം ഇതിലാണുള്ളത്. പലപാട് നിരൂപകശ്രദ്ധയാകർഷിച്ച ഈ ലഘുകാവ്യത്തിന്റെ രചനാപശ്ചാത്തലം പലരും വിവരിച്ചുകണ്ടിട്ടുണ്ട്. ചെറായി രാമദാസിന്റെ 'അയ്യൻകാളിയെ കൈപിടിച്ചുയർത്തിയതല്ല' എന്ന ലേഖനത്തിൽ (സമീക്ഷ, 1998 ഡിസംബർ 1-15, പുറം 16) സിംഹനാദത്തെക്കുറിച്ച് പരാമർശമുണ്ട്. തന്റെ കൺമുന്നിൽ അധഃകൃതർ നടത്തിത്തുടങ്ങിയിരുന്ന പോരാട്ടങ്ങൾ ആശാനെ സ്വാധീനിച്ചതിന്റെ പ്രത്യക്ഷഫലമായിട്ടാണ് സിംഹനാദത്തെ രാമദാസ് കാണുന്നത്.
പ്രൊഫ. എം. കെ. സാനു രചിച്ച ആശാന്റെ ജീവചരിത്രത്തിലും (മൃത്യുഞ്ജയം കാവ്യജീവിതം- 1996) സിംഹനാദത്തിന്റെ ജനനവൃത്താന്തം വിവരിക്കുന്നുണ്ട്. കെ. സദാശിവന്റെ അനുസ്‌മരണം വിസ്‌തരിച്ച് ഉദ്ധരിച്ചിട്ടാണ് പ്രതിപാദനം. കാവ്യരചനാസമയത്ത് ആശാന്റെ ഭാവം ഭയാനകമായി മാറിയത്രേ. പിന്നെ ശാന്തമായപ്പോൾ കവിത വിധ്വംസകമായി വ്യാഖ്യാനിക്കപ്പെടുമോ എന്നു സംശയമായി. പ്രസിദ്ധീകരണത്തിന് നിയമതടസ്സമുണ്ടാകാനിടയില്ലെന്ന് കയ്യാലം പരമേശ്വരൻപിള്ളയിൽനിന്ന് ഉപദേശം കിട്ടി. അതു പ്രകാരമാണത്രേ പ്രസിദ്ധപ്പെടുത്തിയത്.
സമത്വവാദത്തിനും ജാതിനാശനത്തിനുമായി നിലകൊണ്ട 'സഹോദരൻ' പത്രത്തിലാണ് 'സിംഹനാദം' ആദ്യം വന്നത്. ആശാന്റെ മരണത്തിനു ശേഷം പുറത്തുവന്ന ലഘുകൃതികളുടെ സമാഹാരമായ 'മണിമാല' (1924) യിൽ 'സിംഹനാദം' ഉൾക്കൊള്ളിച്ചിട്ടുണ്ട്.
പ്രൊഫ. മുണ്ടശ്ശേരിയുടെ 'വിപ്ലവത്തിന്റെ ശുക്രനക്ഷത്രം' എന്ന പ്രസിദ്ധമായ ആശാൻ സ്‌മാരകപ്രഭാഷണത്തിൽ സിംഹനാദത്തെ സവിശേഷം പരാമർശിക്കുന്നു.
"രണപടഹമടിച്ചു ജാതിരക്ഷ-
സ്സണവൊരിടങ്ങളിലൊക്കെയെത്തിനേർപ്പിൻ"
എന്ന ശ്ലോകാർധവും “നരനു നരനശുദ്ധവസ്‌തുപോലും..." എന്ന ശ്ലോകവും ഉദ്ധരിക്കുന്നു. “ദുർദ്ദാന്തമായ സാമൂഹ്യസ്വാതന്ത്യതൃഷ്‌ണ", "സാമൂഹ്യവിപ്ലവത്തിന്റെ പ്രകടഘോഷണകൾ" എന്നൊക്കെ ഇത്തരം വരികളെ മുണ്ടശ്ശേരി പ്രശംസിക്കുന്നു.
സൂര്യനും സിംഹവും കവിതയിൽ ഒന്നായിത്തീരുന്നു. രണ്ടുപേരും 'ഹരി' തന്നെ. കൂരിരുട്ടാകുന്ന ആനയുടെ മസ്‌തകം പിളർന്നു ചോര തൂകി വന്നെത്തുന്ന സൂര്യനെന്ന സിംഹം. സൂര്യസിംഹത്തിന്റെ കേസരങ്ങൾ കിരണാവലിയാണ്
"....അർച്ചി
സ്ഫുരിതജടാഞ്ചിതനിത്യദീപം.... "
ശാക്തേയസാധനയുടെയും ഉച്ചാടനമന്ത്രവാദത്തിന്റെയും ഭയദസുന്ദരമായ രൂക്ഷചിത്രം ബിംബാവലിയുടെയും സ്വരവ്യഞ്ജനവിന്യാസത്തിന്റെയും സഹായത്താൽ ഉന്മീലനം ചെയ്യുന്നു.
"കരനഖനിരകൊണ്ടു കൂരിരുട്ടാം
കരിയുടെ കുംഭമുടച്ചു ചോര തൂവി
ത്വരയൊടുദയമാർന്നു നിങ്ങളോടി
'ഹരി'യുരചെയ്‌തു ഹന്ത കേട്ടുകൊൾവിൻ"
ഹരി ആഹ്വാനം ചെയ്യുന്നത് ഒരു ഘോരഭൂതത്തെ ഉച്ചാടനം ചെയ്യാനാണ് സമതമന്ത്രം ജപിച്ചും വിവേകയന്ത്രം ധരിച്ചുമാണ് ഉച്ചാടനം സാധിക്കേണ്ടത്. ജാതിരക്ഷസ്സാണ് ഉച്ചാടനം അർഹിക്കുന്ന ഘോരഭൂതം.
നവയുഗവിധാതാവായ ഈ സൂര്യസിംഹം ആരാണ്? ബ്രിട്ടീഷ് സാമ്രാജ്യസിംഹം തന്നെ എന്നൂഹിക്കുന്നതിൽ തെറ്റില്ല. "ആംഗലകേസരീപതാക കാറ്റിൽ കളിയാടട്ടെ" എന്ന ആശംസയും (ഷഷ്‌ടിപൂർത്തി മംഗളം) "ഹരിയപരൻ" എന്ന ജോർജ്ജ് രാജസ്‌തുതിയും (ഡൽഹി കിരീടധാരണം-1911) ഈ ഊഹത്തിന് ബലമേകുന്നു. സിംഹ- സിംഹള- ഈഴവസമവാക്യവും സംഗതംതന്നെ. 'സിംഹയുവാക്കൾ' ഈഴവയുവകേസരികൾ ആണെന്ന് തോന്നുകയില്ലേ,
‘സിംഹനാദം’ എന്ന കവിതയിലെ ജാതിമഹിമാസൂചന തീർച്ചയായും ജാതിവിരുദ്ധകവിതയ്ക്ക് ബലമേകുന്നതല്ല. ഇതിനെ കവച്ചുവെയ്ക്കുന്നത്ര അപകടം പിടിച്ച ബിംബകല്പനയും ആശയഗതിയും ഈ കവിതയിൽ മറ്റൊരിടത്തുണ്ട്. അത് സൂക്ഷ്‌മപരിശോധന അർഹിക്കുന്നു.
"പെരിയൊരരിയെ നിങ്ങൾ പോയ്ജയിപ്പിൻ
പരിചൊടു സിംഹയുവാക്കളേ സലീലം"
എന്ന അവസാനത്തെ രണ്ടു വരികൾ വായിച്ചാൽ ഈഴത്തുനാട്ടീന്നു വന്ന ചേകോന്മാരുടെ 'പരാക്രമക്രമം' ഓർമ്മ വരില്ലേ? ഇതൊക്കെ ക്ലേശിച്ചുണ്ടാക്കിയ അർത്ഥപ്രതീതിയാണെന്നു പറഞ്ഞു വിട്ടുകളഞ്ഞാൽ സംബോധന ചെയ്യപ്പെടുന്ന 'സിംഹയുവാക്കൾ', 'സഹജാതർ', നിത്യദീപം ഉളളിൽ എരിയേണ്ടുന്ന 'മദീയർ' ആരാണ്? കവിതയിൽ ആദ്യന്തം നിറഞ്ഞുനിൽക്കുന്ന ഈ സൂചകങ്ങളെ നിരാധാരമായി വിടാൻ പാടുണ്ടോ?
ഇവിടെ വിശദീകരിച്ച ജാതിമഹിമാസൂചന തീർച്ചയായും ജാതിവിരുദ്ധകവിതയ്ക്ക് ബലമേകുന്നതല്ല എന്നും ഓർക്കേണ്ടതുണ്ട്. ഇതിനെ കവച്ചുവെയ്ക്കുന്നത്ര അപകടം പിടിച്ച ബിംബകല്പനയും ആശയഗതിയും ഈ കവിതയിൽ മറ്റൊരിടത്തുണ്ട്. അത് സൂക്ഷ്‌മപരിശോധന അർഹിക്കുന്നു.
പുതുയുഗപ്പിറവിയുടെ തൂവെളിച്ചത്തിൽ പഴയ ദുരാചാരപ്പിശാചുകൾ ഏറിയതും മറഞ്ഞു. നാശകാരകനായ ഒരു ഘോരഭൂതം മാത്രം പാർപ്പിടങ്ങളുടെ ഇരുണ്ട മൂലകളിൽ അവശേഷിക്കുന്നു (ശ്ലോകം 3). ആരെയും ഭ്രാന്തും പിടിപ്പിച്ച് അടിമയാക്കുന്ന ഇവനെ ഞൊടിയളവും നിൽക്കാൻ അനുവദിക്കാതെ വേട്ടയാടണം (ശ്ലോകം 4). സമതമന്ത്രം ജപിച്ചും വിവേകയന്ത്രം ധരിച്ചും ഉച്ചാടനം നടത്താം (ശ്ലോകം 5).
അടുത്തതാണ് കവിയെ താൻതന്നെ തോല്പിച്ചുകളയുന്ന ശ്ലോകം 6.
“പറകപണിയിരുട്ടുപെറ്റതാകും
പറയനിവൻ, സ്വയമെന്തു വിദ്യയാലോ
മറയവരുടെ മണ്ടയിൽ കരേറി-
കുറകൾ പറഞ്ഞു മുടിച്ചു കേരളത്തെ’’.

വിവരിക്കാൻ വിഷമമുള്ളത്ര നീചനായ ജാതിപ്പിശാച് ഇരുട്ടിന്റെ സന്തതിയായ പറയനാണത്രേ. അവൻ എന്തോ ചതിപ്രയോഗത്താൽ ബ്രാഹ്മണബുദ്ധിയിൽ കേറിപ്പറ്റി ദൂഷണം പറഞ്ഞു മയക്കി കേരളത്തെ മുടിച്ചുപോലും. ജാതിയുണ്ടെങ്കിലല്ലേ ബ്രാഹ്മണൻ ഉണ്ടാകൂ എന്ന ചോദ്യം ഇരിക്കട്ടെ. പറയനെ ഇരുട്ടുപെറ്റതാണെന്നു പറയുമ്പോൾ കവി ജാതിയുടെ ക്രൂരതയെ സാധൂകരിക്കുകയല്ലേ ചെയ്യുന്നത്? ജാതിസമ്പ്രദായത്തിന്റെ ഇരയായ പറയനെ നീചത്വത്തിന്റെ പര്യായമാക്കുകവഴി കവിഭാവന സ്വയം തോല്‌പിക്കുന്നു. നായർസ്ത്രീയെ അപമാനിക്കാൻ ഒരുങ്ങിയവനായി താൻ ചിത്രീകരിച്ച 'ക്രൂരമുഹമ്മദനെ' വള്ളത്തോൾ 'കരിമലയന്റെ കരാളമായ രൂപം' എന്നു വിശേഷിപ്പിക്കുന്നു. ആശാന്റെ 'ഇരുട്ടു പെറ്റതാകും പറയൻ' ആ കരിമലയന്റെ ജ്യേഷ്‌ഠസ്ഥാനീയൻതന്നെ. മറയവർ (ബ്രാഹ്മണർ) സാധുക്കൾ. ഈ പറയന്റെ വിദ്യയാൽ മുഗ്ദ്ധരായിപ്പോയവർ എന്ന ഭാവമാകട്ടെ കല്ലേറിനു പുറമെ തെറികൂടി എറിഞ്ഞതുപോലെ ക്രൂരമായി.
മുണ്ടശ്ശേരിയോ സാനുവോ സിംഹനാദത്തെക്കുറിച്ചു പറഞ്ഞിട്ടുള്ള ഏതെങ്കിലുമൊരു നിരൂപകനോ ആശാന്റെ രൂക്ഷവിമർശകർ തന്നെയോ “പറകപണിയിരുട്ടുപെറ്റതാകും പറയനിവൻ..." എന്ന ശ്ലോകത്തിൽ ഒരു അപാകതയും കണ്ടിട്ടില്ല. ആരും ഉദ്ധരിച്ചതായിപ്പോലും അറിവില്ല. ആശാൻ കവിത 'കമ്പോടുകമ്പു' വായിച്ച നിരൂപകപ്രതിഭകൾ ഇതൊന്നും തിരിച്ചറിയാൻ പ്രാപ്തിയില്ലാത്തവരാണോ? അവരുടെ പ്രതികരണശേഷി ഇതൊന്നും ഏശാത്തത്ര തഴമ്പുകെട്ടിയോ? ഭാഷയിൽ വേരുറച്ചുപോയ ചില സാമൂഹികപക്ഷപാതങ്ങൾ അവരുടെ സംവേദനക്ഷമതയെ മരവിപ്പിച്ചുവോ?
ആശാന്റെ രചനാലക്ഷ്യത്തെത്തന്നെ തന്റെ ബിംബവിധാനം അബോധപൂർവ്വകമായി തോല്‌പിച്ചുകളഞ്ഞിരിക്കുന്നു എന്നാണ് ഈ ലേഖനത്തിൽ വിശദീകരിച്ചത്. ഇതു പറയുമ്പോൾ 'ഇരുട്ടുപെറ്റതാകും പറയൻ' ഇവിടെയൊരു ഉപമാനം, അഥവാ അവർണ്യം, മാത്രമല്ലേ എന്നൊരു ഒഴികഴിവിന് സ്ഥാനമില്ല. ഉപമാനത്തിന്റെ ഉൾപ്പൊരുൾ കവിമനസ്സിന്റെ അകത്തളത്തിൽത്തന്നെയാണ് കുടികൊള്ളുന്നത്. അയ്യൻകാളിയുടെയും മറ്റും പോരാട്ടങ്ങളാണ് സിംഹനാദം രചിക്കാൻ പ്രേരകശക്തിയായതെന്ന ചെറായി രാമദാസിന്റെ അഭിപ്രായം ശരിയാണെങ്കിൽ ഈ പ്രശസ്‌ത കവിതയുടെ പരാജയം കൂടുതൽ ആഴത്തിലുള്ളതാണെന്നു വന്നുകൂടുന്നു.