സന്തോഷം തരുന്ന സ്ഥലങ്ങൾ സന്തോഷിക്കാനുള്ള അവകാശം പോലെ അപ്രത്യക്ഷമാവുമ്പോഴാണ്, നമുക്കിടയിൽ, ഈ മാസങ്ങളിൽ നടക്കുന്ന സാഹിത്യോത്സവങ്ങൾ സന്തോഷം തരുന്ന വാർത്തയും സ്ഥലവുമാകുന്നത്. കഴിഞ്ഞ വർഷത്തെ കെ.എൽ.എഫിൽ പങ്കെടുത്ത ഒരാൾ എന്ന നിലയ്ക്ക് ആ സ്ഥലവും ആൾക്കൂട്ടവും വിശേഷിച്ച്, യുവാക്കളുടെ പങ്കാളിത്തം, എന്നെയും സന്തോഷിപ്പിച്ചിരുന്നു. സാഹിത്യം, ഇപ്പോഴും, ജീവിതത്തിന്റെ എതെങ്കിലും നിമിഷങ്ങളിൽ തങ്ങി നിൽക്കുന്നു എന്നുമാത്രമല്ല ഈ സന്തോഷത്തിന്റെ അടിസ്ഥാനം; അത് എപ്പോഴും ഉണ്ടെങ്കിലും. ‘സന്തോഷിക്കാനുള്ള അവകാശം’ എന്ന ഒരു വാചകത്തിന്റെ നിർമാണത്തിലേക്ക് ലോകമെങ്ങുമുള്ള മനുഷ്യർ മുമ്പെന്നത്തേക്കാളും വന്നുനിൽക്കുന്നു എന്നതുകൊണ്ടുകൂടിയാണ്. എങ്കിൽ, ഇത്തരം സാഹിത്യോത്സവങ്ങളിലും, സന്തോഷം, അത് ‘സംഭവിക്കുന്നു’ എന്നതിനേക്കാൾ അത് ‘നിർമിക്കുകയാണ് എന്ന സന്ദർഭത്തെയാണ് നമ്മൾ അഭിമുഖീകരിക്കുന്നത്.
കഴിഞ്ഞ നാലു മാസങ്ങൾക്കിടയ്ക്ക് 79-ലധികം മാധ്യമ പ്രവർത്തകരാണ് ഇസ്രായേൽ- ഹമാസ് യുദ്ധത്തിൽ മാത്രം കൊല്ലപ്പെട്ടത്, 20,000-ലധികം മനുഷ്യർക്കുമൊപ്പം. അവരിൽ കവികളും കഥാകൃത്തുക്കളും സാംസ്കാരിക പ്രവർത്തകരും ഉണ്ട് – നമ്മുടെ ഏതോ സാഹിത്യോത്സവത്തിൽ മെഹ്മൂദ് ദാർവിഷിന്റെ കവിതകൾ ആരെങ്കിലും വായിക്കുന്നുമുണ്ടാവും. യുക്രെയ്നിലെ റഷ്യൻ അധിനിവേശവും യുദ്ധവും മറ്റൊന്ന്.
രാജാവുമായുള്ള പുരോഹിതന്മാരുടെ ബന്ധംപോലെ ഒന്ന് ഭരണകൂടവുമായി എഴുത്തുകാർക്ക് ഉണ്ടാവുന്നതിനെപ്പറ്റി സാർത്രെ, ‘എന്താണ് സാഹിത്യം?’ എന്ന പ്രസിദ്ധമായ പുസ്തകത്തിൽ പറയുന്നുണ്ട്. എന്നാൽ, ഭരണകൂടങ്ങൾ യുദ്ധങ്ങളിലേർപ്പെടുമ്പോൾ എഴുത്തുകാരും ‘ഇരകൾ’ എന്ന ചേരിയിലേക്ക് മാറ്റിനിർത്തപ്പെടുന്നു. പക്ഷെ യുദ്ധങ്ങളില്ലാത്ത രാജ്യങ്ങളിൽ എഴുത്തുകാരും മാധ്യമ പ്രവർത്തകരും ജയിലിലടയ്ക്കപ്പെടുമ്പോഴും, ചിലപ്പോൾ കൊല്ലപ്പെടുമ്പോഴും, അവർ യുദ്ധ സമാനമായ ഒരന്തരീക്ഷത്തിലാണ്.
കഴിഞ്ഞ ദിവസങ്ങിളിൽ കേരളത്തിലുണ്ടായ ഒരൊറ്റ സംഭവമുണ്ടാക്കിയ സംഭവപരമ്പര ആലോചിച്ചു നോക്കൂ: കേരളത്തിലെ പ്രതിപക്ഷ പാർട്ടിയിലെ യുവാക്കളിൽ ചിലർ ‘നവ കേരള യാത്ര’യിലായിരുന്ന മുഖ്യമന്ത്രിക്കുനേരെ കരിങ്കൊടി വീശി റോഡിൽ സമരവുമായി പ്രത്യക്ഷപ്പെടുന്നു. അത് വലിയ തെരുവു യുദ്ധങ്ങളിലേക്കും പോലീസ് അതിക്രമങ്ങളിലേക്കും ചോര തുപ്പുന്ന കൊലവിളികളിലേക്കും യുവാക്കളുടെ വീട്ടുതടങ്കലിലേക്കും നയിക്കുന്നു. കേരളത്തിന്റെ സമീപകാല ചരിത്രത്തിൽ ഭരണകൂടത്തിന്റെ ഇത്ര പ്രത്യക്ഷമായ പ്രതിപക്ഷ വിരുദ്ധത നാം മുമ്പ് കണ്ടിട്ടില്ല.
ഇങ്ങനെയൊരു കാലത്ത്, നമ്മുടെ എഴുത്തുകാർ, ആ സദസ്സിൽ എന്തു ചെയ്യും? കവിത വായിച്ചു മടങ്ങും? കഥ വായിച്ചു മടങ്ങും?
ഈ സംഭവപരമ്പര പലതും നമുക്ക് കാണിച്ചുതരുന്നുമുണ്ടായിരുന്നു. കേരളീയ സമൂഹത്തിൽ അതിവേഗം നടന്നുകൊണ്ടിരിക്കുന്ന ജനാധിപത്യക്ഷയം, ഭീതി തോന്നിക്കുന്ന ഭരണകൂട ഹിംസ, യുവത്വത്തിന്റെ രാഷ്ട്രീയശൂന്യമായ അസഹിഷ്ണുത, അങ്ങനെ പലതും. എന്നാൽ, ഇതിനെല്ലാം ഊർജ്ജം നൽകുന്ന ‘അധികാരം’ – അത് ഭരണകൂടത്തിന്റെയോ രാഷ്ട്രീയ പാർട്ടിയുടെയോ ആവട്ടെ – സ്വാതന്ത്ര്യത്തിന്റെ സർഗ്ഗാത്മകമായ ഏതു പ്രകാശനത്തെയും ചവിട്ടിയരച്ചുപോകാൻ മാത്രം പ്രാപ്തമായ ഭീകര യന്ത്രസമുച്ചയം പോലെ ഒന്നിയിരിക്കുന്നുവെന്നും, അത് സ്വാഭാവികമായ ജീവിതമായിരിക്കുന്നു എന്നുമാണ്. ഇങ്ങനെയുള്ള ദിവസങ്ങളുടെ ഇടയിലാണ് നമ്മുടെ ഈ സാഹിത്യോത്സവങ്ങൾ എത്തുന്നത്. എങ്കിൽ, ഇങ്ങനെയൊരു കാലത്ത്, നമ്മുടെ എഴുത്തുകാർ, ആ സദസ്സിൽ എന്തു ചെയ്യും? കവിത വായിച്ചു മടങ്ങും? കഥ വായിച്ചു മടങ്ങും?
ടി.എം. കൃഷ്ണയുടെയോ പ്രകാശ് രാജിന്റെയോ കാര്യമല്ല ഞാൻ പറയുന്നത്. പിന്നെ? 1980 - 82 നുശേഷം, നക്സലൈറ്റുകൾക്ക് പ്രാതിനിധ്യമുണ്ടായിരുന്ന 'ജനകീയ സാംസ്കാരിക വേദി'യ്ക്കും ശേഷം, കേരളത്തിലെ ബുദ്ധിജീവി മണ്ഡലത്തിലെ 'നവ മാർക്സിസ്റ്റ് പക്ഷപാതികൾ' ഒരുപാട് കുളങ്ങളിൽ കുളിച്ചാണ് ഇന്ന് സി പി എം നയിക്കുന്ന, ഇടതുപക്ഷ ചേരിയിലെത്തുന്നത്. അതെന്തുമാകട്ടെ, അതവരുടെ ഇഷ്ടം: ഫ്രാങ്ക്ഫെർട്ട് സ്കൂളിൽനിന്ന് എ കെ ജി സെന്ററിലേക്കുള്ള അവരുടെ ദൂരം വാസ്തവത്തിൽ 'മാർക്സിസ'ത്തിന്റെയോ 'സ്വാതന്ത്ര്യ'ത്തിന്റെയോ അവരുടെ തന്നെ ധാർമികവ്യഥയുടെയോ പ്രശ്നവുമായിരുന്നില്ല, മറിച്ച് സാഹിത്യപരമായ അവസരവാദമായിരുന്നു.
സാഹിത്യത്തിന്റെ മണ്ഡലത്തിൽ നിന്നുകൊണ്ടുതന്നെ സി.ജെ. തോമസും എം. ഗോവിന്ദനും ഒ.വി. വിജയനും ഉയർത്തിയ 'അധികാര വിമർശം', നമ്മുടെ ഭാഷയുടെ വലിയൊരു പാരമ്പര്യം, ഇതിനിടയിൽ നമുക്ക് നഷ്ടപ്പെടുക തന്നെ ചെയ്തു.
എന്നാൽ, അറുപതുകളിലും എഴുപതുകളിലും മാർക്സിസത്തെ, അതിന്റെ അധികാര കൽപ്പനയെ, അതിന്റെ വിവിധങ്ങളായ താൽപര്യങ്ങളെ ആലോചനാശേഷികൊണ്ട് നവീകരിച്ച 'നവീന ഇടതുപക്ഷ ചിന്തകരിൽ' നിന്ന് പ്രചോദനം കൊണ്ട് ‘പോസ്റ്റ് -നക്സലൈറ്റ് ബൗദ്ധിക ലോക'ത്തെ വീണ്ടും മുന്നോട്ടു കൊണ്ടുപോകാൻ വന്ന കേരളത്തിലെ 'ഇടത് ബുദ്ധിജീവി’കളിൽ, സാഹിത്യകാരാരും ചിന്തകരുമൊക്കെയുണ്ടായിരുന്നുവെങ്കിലും, ഒരു ഹ്രസ്വകാലം കൊണ്ട് അവരൊക്കെ ആ 'സ്വാതന്ത്ര്യ'ത്തിൽനിന്ന് പിൻവാങ്ങുന്ന കാഴ്ച്ചയാണ് നാം കണ്ടത്: ഒരിക്കൽ അവർ വിമർശിച്ചിരുന്ന 'ഔദ്യോഗിക കമ്യൂണിസ്റ്റ് പാർട്ടി’യുടെ (‘സ്റ്റാലിനിസ്റ്റ്’ പാർട്ടിയുടെ എന്ന് കൃത്യം) സഹയാത്രക്കാരുമായി. മറ്റൊരു വിധത്തിൽ ആലോചിച്ചാൽ, അവർ സാഹിത്യകാരർ മാത്രമായിരുന്നു. അവസരങ്ങളെ സാധ്യതകളായി കാണുന്ന വിജയികളായ രാഷ്ട്രീയക്കാരെ പോലെയായിരുന്നു അവരും. എങ്കിൽ, അങ്ങനെ അവസരവാദത്തിന്റെ ഒരു പ്രാതിനിധ്യമാവുകയാണ് നമ്മുടെ സാഹിത്യോത്സവങ്ങളുടെ ചുറ്റും നിൽക്കുന്ന നല്ലൊരു പങ്ക് എഴുത്തുകാരും.
കുറച്ചുകൂടി ഓർത്തു പറയുകയാണെങ്കിൽ, സാഹിത്യത്തിന്റെ മണ്ഡലത്തിൽ നിന്നുകൊണ്ടുതന്നെ സി.ജെ. തോമസും എം. ഗോവിന്ദനും ഒ.വി. വിജയനും ഉയർത്തിയ 'അധികാര വിമർശം', നമ്മുടെ ഭാഷയുടെ വലിയൊരു പാരമ്പര്യം, ഇതിനിടയിൽ നമുക്ക് നഷ്ടപ്പെടുക തന്നെ ചെയ്തു. രാഷ്ട്രീയശാക്തിക മത്സരത്തിനുപുറത്ത്, അവശ്യം വേണ്ട ജനാധിപത്യ തുറവുകളെ, തങ്ങളുടെ ‘പാർട്ടി’ക്കു വേണ്ടി, ഈ തലമുറക്കു തൊട്ടുപിറകെ വന്ന തലമുറ എഴുത്തുകാർ അടയ്ക്കുകയായിരുന്നു. പേര് വിളിച്ചുപറയുകയാണെകിൽ സച്ചിദാനന്ദൻ, മാധവൻ, മുകുന്ദൻ തുടങ്ങിയവർ. ഇന്ന് അവരാണ് ഈ സാഹിത്യോത്സവങ്ങളുടെ സംഘാടകർ എന്നത് നമ്മുടെ സാഹിത്യലോകം സ്വന്തമായി രചിച്ച ഭരണകൂട രാഷ്ട്രീയത്തിന്റെ ആഴം മനസിലാക്കിത്തരും.
ട്രൂകോപ്പി വെബ്സീനിന്റെ ഒരു പാക്കറ്റിൽ എം. ഗംഗാധരൻ എഴുതിയ ലേഖനത്തിൽ (“എല്ലാ ശിഖരങ്ങളിലും പൂക്കളുള്ള മരം”) എം. ഗോവിന്ദൻ ജീവിച്ചിരുന്ന കാലത്തെയും മരിച്ച ശേഷമുള്ള കാലത്തെയും ‘രണ്ട് സച്ചിദാനന്ദൻമാരെ’ പറ്റി പറയുന്നതും ഇപ്പോൾ ഓർമ വരുന്നു: 'അപ്രസക്തനായ ഗോവിന്ദൻ' എന്ന സച്ചിദാനന്ദന്റെ പരാമർശം വാസ്തവത്തിൽ തന്റെ തന്നെ അവസരവാദത്തിന്റെ തന്നെ ആശയപരിചയായി തോന്നിയാൽ അത്ഭുതപ്പെടുകയും വേണ്ടാ. ഗോവിന്ദൻ, ഗ്രാംഷി പറഞ്ഞ തരത്തിലുള്ള 'ഓർഗാനിക് ബുദ്ധിജീവി'യല്ല എന്നായിരുന്നുവത്രെ ഗോവിന്ദൻ മരിച്ചതിനുശേഷമുള്ള സച്ചിദാനന്ദന്റെ വിലയിരുത്തൽ. പക്ഷെ സച്ചിദാനന്ദന്റെ കാര്യമോ? ചരിത്രം തിരിഞ്ഞുകൊത്തുന്നു?
ഞാനിത് പറയുന്നത്, നമ്മുടെ ബൗദ്ധിക മണ്ഡലത്തെ, അതിന്റെ ജൈവങ്ങളായ ഉറവിടങ്ങളെ, തങ്ങളുടെ ആധിപത്യ രാഷ്ട്രീയം കൊണ്ട് 'സാമാന്യവൽക്കരിക്കുന്ന' ഔദ്യോഗിക കമ്യൂണിസത്തിന് ഈ എഴുത്തുകാർ ചെയ്യുന്ന സംഭാവനകളെ മറച്ചുവെയ്ക്കാൻ പാടില്ല എന്നതുകൊണ്ടാണ്. ഇവരുടെ കൂടി നിലപാടുകളാണ് ഇന്ന് പാർട്ടിയോട് അടുപ്പമില്ലാത്ത കേരളത്തിലെ എഴുത്തുകാരെയും പരിസ്ഥിതി, സാമ്പത്തിക ശാസ്ത്രജ്ഞരെയും ഇത്ര വേഗം ആക്രമിക്കുന്ന 'ബുദ്ധിജീവി- വിരുദ്ധത'യുടെ ഒരു വലിയ അക്ഷരപ്പടയുണ്ടായത് എന്നതുകൊണ്ടാണ്. ഇന്ന് ഈ മൂശയിലാണ് നമ്മുടെ എഴുത്തുകാരും സാഹിത്യവും ‘തങ്ങളെ ഉണ്ടാക്കുന്നത്’.
ഡിസംബർ 31 ന് രാത്രി അപ്രതീക്ഷിതമായി എനിക്കൊരു ഫോൺ കോൾ വന്നു. പരിചയപ്പെട്ടപ്പോൾ അത് നമ്മുടെ ഭാഷയിലെ പുതിയ തലമുറയിലെ എഴുത്തുകാരിയാണ്. ആ യുവതി എനിക്ക് പുതുവർഷം ആശംസിച്ച് അവസാനിപ്പിച്ചത് ഇങ്ങനെയായിരുന്നു: എനിക്ക് താങ്കൾ ഫേസ്ബുക്കിൽ എഴുത്തുകാരെ പറ്റിയും അവരുടെ രാഷ്ട്രീയസമീപനങ്ങളെ പറ്റിയും എഴുതുന്നതിനോട് യോജിപ്പുണ്ട്, എന്നെ താങ്കളുടെ എഴുത്ത് സ്വാധീനിച്ചിട്ടുപോലുമുണ്ട്, പക്ഷെ എനിക്കിത് അവിടെയൊ പൊതുഇടത്തൊ പറയാൻ പറ്റില്ല, ഞാൻ എഴുതിത്തുടങ്ങുന്ന ആളല്ലേ, എന്നെ വേഗം ഒന്നുമല്ലാതാക്കും...
ആ യുവതിയെ കേട്ടുകൊണ്ടിരുന്നപ്പോൾ എനിക്ക് സത്യത്തിൽ കരച്ചിൽ വന്നു. ഞാൻ എഴുത്തുകാരനാവാൻ മോഹിച്ച എന്റെ “യുവാവായിരുന്ന കാലം” ഓർമ വന്നു. സമരങ്ങളുടെയും സമാന്തര മാസികകളുടെയും വിഭിന്നങ്ങളായ രാഷ്ട്രീയവിശ്വാസങ്ങളുടെയും കാലമായിരുന്നു, അത്. ഇതൊന്നും ഈ യുവതിക്കും ഉണ്ടാവണമെന്നല്ല, അല്ലെങ്കിൽ അങ്ങനെയൊരു കാലവുമല്ല ഇത്. പക്ഷെ ഞാൻ നേരത്തെ പറഞ്ഞ ‘ഭരണകൂട യന്ത്രം’ നമ്മുടെ സാഹിത്യമണ്ഡലത്തിലും പ്രവർത്തിക്കുന്നത് ആ യുവതി എന്നെ ഓർമിപ്പിയ്ക്കുകയായിരുന്നു – ഭയം എന്ന മതിലാണ് എഴുത്തുകാരിയാവാനുള്ള അവളുടെ സ്വപ്നത്തിനു മുമ്പിൽ നമ്മുടെ സാഹിത്യ സ്ഥാപനങ്ങൾ ഉയർത്തിയിരിക്കുന്നത്.
ഞാൻ ആ യുവതിയോട് പറഞ്ഞു; എനിക്ക് മനസിലാവും, അങ്ങനെ നിലപാടുകൾ അറിയിക്കണം എന്നുമില്ല, തന്റെ സ്വാതന്ത്ര്യബോധം – അത് ഭയത്തിന്റെ നിഴലിൽ ആവുമ്പോഴും – നഷ്ടപ്പെടുത്തേണ്ടാ..
സാഹിത്യോത്സവങ്ങൾ ഈ യുവ എഴുത്തുകാരെ, പറ്റിത്തീനികൾ അല്ലാത്തവരെ, എങ്ങനെ ഉൾക്കൊള്ളും?
അവരെ ഭയത്തിന്റെ നിഴലിൽത്തന്നെ നിർത്തും?
‘കുലംകുത്തികൾ’ എന്ന പ്രസ്താവത്തിലൂടെ, അങ്ങനെയായവരുടെ വിമത ജീവിതത്തിനുണ്ടാകാവുന്ന വിധിയെപ്പറ്റി, അക്കാലത്ത്, ടി.പി. ചന്ദ്രശേഖരന്റെ വധത്തിനു തൊട്ടുപിറകേ, അന്നത്തെ പാർട്ടി സെക്രട്ടറിയുടെ മുന്നറിയിപ്പുണ്ടായിരുന്നു. അദ്ദേഹം പിന്നെ കേരളത്തിന്റെ മുഖ്യമന്ത്രിയായി. ‘കുലംകുത്തികൾ’ എന്ന വിമത ജീവിതത്തിന് കേരളത്തിന്റെ രാഷ്ട്രീയ ജീവിതത്തിൽ പല മാറ്റങ്ങളുമുണ്ടായി. മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി കാണിക്കും എന്ന ഭയങ്കര ഭയത്തിൽ പ്രതിപക്ഷത്തെ യുവാക്കളെ വീട്ടു തടങ്കലിലാക്കുന്നതും മർദ്ദിയ്ക്കുന്നതും വരെ. ഇപ്പോൾ, ഈ പ്രയോഗം ഞാൻ ഓർക്കുന്നത്, കേരളത്തിന്റെ ജനാധിപത്യ ജീവിതത്തിലെ തുറസ്സുകളെ അടയ്ക്കുന്ന ഇത്തരം രാഷ്ട്രീയാധിപത്യത്തോട് കൂട്ടത്തോടെ ഒത്തുതീർപ്പായ എഴുത്തുകാരെ ഓർമിപ്പിക്കാനാണ്. നമ്മുടെ ഭൂരിഭാഗം എഴുത്തുകാരും ‘കുലംകുത്തി’കളവാൻ വിസമ്മതിക്കുന്നു, സാഹിത്യം ഭാവന ചെയ്യുന്ന വിമതജീവിതത്തിന്റെ ചൂരും ചൂടും ഉപേക്ഷിക്കുന്നു: പക്ഷെ എല്ലാവരും ഇന്ത്യയിലെ ജനാധിപത്യ ജീവിതം നേരിടുന്ന പ്രതിസന്ധിയെ പറ്റി ബോധമുള്ളവരാണ്, അവരിൽ കവികൾ, അതിനുവേണ്ടി കവിതകൾ പോലും എഴുതുന്നു.