കോഴിക്കോട് നടക്കുന്ന കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിന്റെ ഉദ്ഘാടനവേദിയിൽ എം.ടി. വാസുദേവൻ നായർ, മുഖ്യമന്ത്രി പിണറായി വിജയൻ.

ആവർത്തന വിരസത ആരോപിച്ച് ഏതെങ്കിലും ഫെസ്റ്റിവൽ കേരളത്തിൽ നിർത്തലാക്കപ്പെട്ടിട്ടില്ല

സക്കറിയയുടെ ‘രണ്ടു സാഹിത്യസ്മരണകൾ’ എന്ന കഥയെ മുൻനിർത്തി, ലിറ്റററി ഫെസ്റ്റിവലുകളുടെ ഭാവുകത്വ പ്രതിനിധാനങ്ങളെ വിശലകനം ചെയ്യുന്നു. പുതിയ സാഹിത്യോത്സവങ്ങൾക്ക് കൂടുതൽ ഇന്ററാക്റ്റീവാകാൻ പറ്റുന്ന സംവാദ മാതൃക രൂപപ്പെടുത്താൻ കഴിയുന്നുണ്ടോ എന്ന അന്വേഷണവും.

ല പേരുകളോടെയാണെങ്കിലും, കേരളത്തിൽ ഏതാണ്ട് ഏകീകൃതമായ ഫോർമാറ്റിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന ലിറ്ററേച്ചർ ഫെസ്റ്റിവലുകളുടെ കാലത്ത്, സക്കറിയ എഴുതിയ 'രണ്ടു സാഹിത്യസ്മരണകൾ’ എന്ന കഥയുടെ വായന പകരുന്ന ചില വിചാരങ്ങളാണ് ഇവിടെ രേഖപ്പെടുത്തുന്നത്. സാഹിത്യ ഫെസ്റ്റിവലുകൾ പല കോണുകളിലും നിന്നും വിമർശനമർഹിക്കുന്നുണ്ട്. സമകാലിക സാഹിത്യത്തിൽ വിസ്മയങ്ങളും പൊളിച്ചെഴുത്തുകളും സൃഷ്ടിച്ച കീഴാളവും പ്രതിരോധാത്മകവുമായ ഭാവുകത്വങ്ങളുടെ പ്രതിനിധാനം ഏതളവിലും ഏതു തലത്തിലുമാണ് ഫെസ്റ്റിവലുകളിലുള്ളതെന്നത് ഉന്നയിക്കപ്പെടേണ്ട ചോദ്യമാണ്. പുതിയ ഭാവുകത്വ പ്രതിനിധാനങ്ങളെ പൂർണമായും ഒഴിവാക്കാനാകില്ല എന്നതിനാൽ കൂട്ടത്തിൽ ഒരിടം നൽകി, അവഗണിക്കുന്നതിനു തുല്യമായി, പരിഗണിക്കപ്പെടുകയാണോ എന്ന സന്ദേഹം നിലനിൽക്കുന്നു.

പൊതുബോധത്തെ ആഴത്തിൽ ഗ്രസിക്കുകയും പൊതുമണ്ഡലത്തെ ശിഥിലീകരിക്കുകയും ചെയ്തിരിക്കുന്ന വംശീയതയെയും ദേശീയതയെയും മതകീയതയെയും കുറിച്ചുള്ള സവിശേഷപ്രശ്നങ്ങൾ ഫെസ്റ്റിവൽ വേദികളിൽ ഉയർത്തപ്പെടുന്നുണ്ടോ എന്നതും പ്രതികരണം അർഹിക്കുന്ന ചോദ്യമാണ്. സംവാദാത്മകതയെ ക്ഷയിപ്പിക്കുന്ന ദൃശ്യമാധ്യമങ്ങളിലെ പ്രകടനങ്ങളെയും സാമൂഹിക മാധ്യമ വ്യവഹാര ചേഷ്ടകളെയും അനുകരിക്കുന്നതാണോ സാഹിത്യവേദികളിലെ സാംസ്കാരിക സംവാദ സ്വഭാവമാകേണ്ടതെന്നും ആലോചനക്ക് വിധേയമാകേണ്ട വിഷയമാണ്. പുസ്തക ഉപഭോഗത്തിനപ്പുറം വായനയുടെ സംസ്കാരത്തെ സാഹിത്യ സംവാദങ്ങൾ ഏതുനിലയ്ക്കാണ് പരിപോഷിപ്പിക്കുന്നതെന്നും ഫെസ്റ്റിവൽ അനുഭവത്തെ മുൻനിർത്തി കൂടുതൽ ആലോചനകൾക്കിടയാക്കേണ്ട പ്രശ്നമാണ്. സാഹിത്യത്തിന്റെ ഉത്സവമാണോ അതോ ശ്രേണീവ്യത്യാസമില്ലാതെ സാഹിത്യങ്ങളുടെയും (literatures) വായനകളുടെയും ആഘോഷമാണോ പ്രധാനമെന്നും ചിന്തിക്കേണ്ടതാണ്.

ഈ ചോദ്യങ്ങൾക്കൊന്നും പാർശ്വഫലങ്ങൾ പോലും ഉണ്ടാകണമെന്നില്ല. മാമാങ്കം മുതൽ ഇങ്ങോട്ട്, കാവിലെ പാട്ടുത്സവങ്ങളുടെയും പള്ളിപെരുനാളുകളുടെയും ഒരു വലിയ ആഘോഷപാരമ്പര്യം കേരളീയർക്കുണ്ട്. അത്തരം ഉത്സവങ്ങൾ ഒത്തുചേരാനും മതിമറക്കാനുമുള്ളതാണ്. ആവർത്തന വിരസത ആരോപിച്ച് ഒരു പൂരവും കേരളത്തിൽ നിർത്തലാക്കപ്പെട്ടിട്ടില്ല. ഫെസ്റ്റിവലുകളുടെ സ്വന്തം നാടായ കേരളത്തിന് സെക്യുലറും മതപരവും പ്രാദേശികവുമായ ഒരു ഫെസ്റ്റിവൽ കലണ്ടർ ഉടനെ നിർമിക്കപ്പെടേണ്ടതാണ്. ആ കലണ്ടറിൽ സാഹിത്യോത്സവങ്ങൾക്കും ഒരു സ്ഥാനമുണ്ടാകേണ്ടതാണ്.

മാമാങ്കം മുതൽ ഇങ്ങോട്ട്, കാവിലെ പാട്ടുത്സവങ്ങളുടെയും പള്ളിപെരുനാളുകളുടെയും ഒരു വലിയ ആഘോഷപാരമ്പര്യം കേരളീയർക്കുണ്ട്. ആവർത്തന വിരസത ആരോപിച്ച് ഒരു പൂരവും കേരളത്തിൽ നിർത്തലാക്കപ്പെട്ടിട്ടില്ല. മച്ചാട് മാമാങ്കം / ചിത്രം : പ്രശാന്ത് കുമാർ കെ പി

ഇത്രയും രേഖപ്പെടുത്തിയതിനുശേഷം ഉപഭോഗത്വരയാൽ പ്രേരിതമായ ഉത്സവമേളകളിൽ നിന്ന് ഭിന്നമായി സക്കറിയ ‘രണ്ടു സാഹിത്യ സ്മരണകൾ’ എന്ന കഥയിൽ ആവിഷ്ക്കരിക്കുന്ന സർഗാത്മകമായ സാഹിത്യാനുഭവം നമ്മളോട് എന്തുപറയുന്നുവെന്നാണ് അന്വേഷിക്കുന്നത്.

മലയാള സാഹിത്യ ചക്രവാളത്തിൽ  ഒരു കാലത്ത് വലിയ വെടിമുഴക്കങ്ങൾ കേൾപ്പിച്ചിരുന്ന, എഴുത്തുകാരും വായനക്കാരുമെല്ലാം ചേർന്ന, ഒത്തുകൂടലിന്റെയും ഉശിരൻ സംവാദങ്ങളുടെയും വേദിയായിരുന്ന സാഹിത്യ സമ്മേളനങ്ങൾ  സമകാലികമായി വാണിജ്യാടിസ്ഥാനത്തിൽ സംഘടിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുന്ന സാഹിത്യോൽസവങ്ങളുടെ പൂർവരൂപമായിരുന്നോ? സാഹിത്യ സമ്മേളങ്ങളുടെ പൂർവചരിത്രം സമകാലിക സാഹിത്യോത്സവങ്ങൾ എന്ത് അനുഭവമാണ് പകർന്നുനൽകുന്നത്. കെട്ടിലും മട്ടിലും സാഹിത്യസമ്മേളങ്ങൾ, സമകാലികമായ സാഹിത്യോൽസവങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ തീർത്തും ദരിദ്രമായിരുന്നു എന്നുവേണം അനുമാനിക്കാൻ. എഴുത്തുകാരുടെ സ്വച്ഛന്ദമായ പ്രവർത്തനങ്ങളുടെ ഫലമായിരുന്നു അന്നത്തെ സാഹിത്യസമ്മേളനങ്ങൾ. അത്തരത്തിൽ നടന്ന രണ്ടു സാഹിത്യസമ്മേളങ്ങളുടെ പൂർവസ്മരണ സക്കറിയ ഈ കഥയിൽ രേഖപ്പെടുത്തിയിട്ടുണ്ട്.

സക്കറിയ

സാഹിത്യസമ്മേളനങ്ങളുടെ ചരിത്രം ആരെങ്കിലും രേഖപ്പെടുത്തിയിട്ടുണ്ടോ എന്നറിയില്ല. ഒരുപക്ഷെ സാഹിത്യസമ്മേളനത്തിന്റെ ചരിത്രരേഖകളിലൊന്നും കാണാൻ കഴിയാത്ത അനുഭവസാന്ദ്രതയെയാണ് സക്കറിയയുടെ കഥ അർത്ഥവേദ്യമാക്കുന്നത്. 

‘രണ്ടു സാഹിത്യസ്മരണകളി’ലെ ആദ്യ സ്മരണയിലെ കാലം അറുപതുകളുടെ ഒടുക്കമാണ് എന്ന്, ഈ സ്മരണയിൽ സൂചിപ്പിക്കുന്ന എഴുത്തുകാരുടെ പേരുകൾ മുൻനിർത്തി അനുമാനിക്കാം. നവോത്ഥാനവും പുതുതായി അനുരണനങ്ങൾ സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന ആധുനികതയുമായി, പയ്യെ പിൻവാങ്ങിക്കൊണ്ടിരിക്കുന്ന റിയലിസ്റ്റ് ഭാവുകത്വം ഏറ്റുമുട്ടൽ ആരംഭിച്ച കാലമാണിത്. എങ്കിലും, നവോത്ഥാനദശകങ്ങൾ പോലെ തന്നെ സാഹിത്യത്തിന് അപ്രമാദിത്വമുണ്ടായിരുന്ന കാലം. ശാസ്ത്രത്തിനും കലയ്ക്കും മേലും മലയാള സാഹിത്യത്തിനുണ്ടായിരുന്ന അപ്രമാദിത്വം പിന്നീട് വിമർശിക്കപ്പെട്ടിട്ടുണ്ട്. സ്മരണീയമായ ഒരു കാര്യം, സാഹിത്യമെന്നത് അന്നൊരു സങ്കുചിത മണ്ഡലമായിരുന്നില്ല എന്നാണ്. കലയും ശാസ്ത്രജ്ഞാനവും ചരിത്രവും രാഷ്ട്രതന്ത്രവും പ്രസ്‌തുത മണ്ഡലത്തിന്റെ വ്യവഹാരികതയിൽപ്പെട്ടതായിരുന്നു. കണിശമായ വേർതിരിവുകൾക്കപ്പുറം ജ്ഞാനവിഷയങ്ങൾ തമ്മിലുള്ള സംവാദത്തിന്റെ തുറസ്സായി എഴുത്തിന്റെ വ്യവഹാരികമണ്ഡലം നിലനിന്നു. മറ്റൊരു പ്രത്യേകത, വാണിജ്യ പ്രസാധക മനസ്സുകളുടെ ഇത്തിരി വെട്ടത്തിലല്ല സാഹിത്യം അന്ന് പ്രകാശിച്ചിരുന്നത്.

എഴുത്തുകാർക്ക് സ്വാച്ഛന്ദ്യമുണ്ടായിരുന്നു. അവരുടേതായ അന്തസ്സുണ്ടായിരുന്നു. പുരസ്‌ക്കാരങ്ങൾ നന്നേ കുറഞ്ഞിരുന്ന കാലമാണ് അതെന്നു തോന്നുന്നു. പുരസ്‌ക്കാര ലബ്ധി ഇന്നത്തെ പോലെ അന്നും പ്രേരക ഘടകമായിരിക്കാമെങ്കിലും സർക്കാറിന്റെയും സാമുദായിക സംഘടനകളുടെയും പുരസ്‌കാരങ്ങൾക്കുപിറകെ പോകുന്നത് ഒരു അന്തസ്സുകെട്ട ഏർപ്പാടാണെന്ന തോന്നലെങ്കിലുമുണ്ടായിരുന്നു.

സർക്കാറിന്റെയും സാമുദായിക സംഘടനകളുടെയും പുരസ്‌കാരങ്ങൾക്കുപിറകെ പോകുന്നത് ഒരു അന്തസ്സുകെട്ട ഏർപ്പാടാണെന്ന തോന്നലെങ്കിലുമുണ്ടായിരുന്നു.

എഴുത്തിനുമേൽ കക്ഷിരാഷ്ട്രീയത്തിന്റെ അതിക്രമങ്ങളെ ചെറുക്കൻ വാക്കുകളെ എഴുത്തുകാർ ചെറുത്തുനിൽപ്പു സേനയാക്കി മാറ്റിയിരുന്നു. എഴുത്തുകാരുടെ വാക്ക്സേനക്കുമുമ്പേ കക്ഷിരാഷ്ട്രീയ വടിവാൾ പടകൾ ചിതറി. പടപ്പാട്ടുകൾ പടപ്പാട്ടുകളായി തന്നെ ഗണിക്കപ്പെട്ടിരുന്നു. എഴുത്ത് അതിന്റെ അന്തസ്സ് നിലനിർത്തിയത് കക്ഷിരാഷ്ട്രീയത്തെ വണങ്ങാൻ വിസ്സമ്മതിച്ചുകൊണ്ടാണ്. രാഷ്ട്രീയക്കാർ സമ്മേളനങ്ങളിലേക്ക് ക്ഷണിക്കപ്പെട്ടിരുന്നുവെങ്കിൽ അത്, എഴുത്തുകാർ അല്ലെങ്കിൽ സാഹിത്യത്തിന്റെ നല്ല വായനക്കാർ എന്ന നിലയിലാണ്. സാഹിത്യ നിരക്ഷരരായ രാഷ്ട്രീയക്കാർ വിളമ്പുന്ന പ്രാതലടിക്കാൻ എഴുത്തുകാർ വെമ്പൽ കൊണ്ടിട്ടുമുണ്ടാകില്ല. ഒരുപക്ഷെ അപകർഷതാ ബോധം അന്നത്തെ രാഷ്ട്രീയക്കാരെയും എഴുത്തുകാരെയും ബാധിച്ചിരുന്നില്ല എന്നു വേണം കരുതാൻ. ഉത്കർഷബോധമുള്ള രാഷ്ട്രീയക്കാരും കച്ചവടക്കാരും എഴുത്തിനെ ആദരിച്ചിരുന്നു, അത് പരസ്പരമുള്ള ആദരവായിരുന്നു. 

പഴയതിനെ പുത്തൻ രൂപത്തിലാക്കി ആവോളം വിറ്റു പിഴയ്ക്കാനാണ് വിപണി താല്പര്യപ്പെടുക. പലപ്പോഴും ആഘോഷങ്ങളുടെ പൊടിപടലങ്ങൾ സാംസ്കാരികമായ നിശ്ചലാവസ്ഥയെ മറച്ചുവെയ്ക്കാൻ പറ്റുന്നതാണ്.

സാഹിത്യത്തിന് ഉന്നത സ്ഥാനവും എഴുത്തുകാരുടെ വാക്കുകൾക്ക് വലിയ മൂല്യവുമുണ്ടായിരുന്ന ഒരു കാലത്തെക്കുറിച്ചാണ്, സക്കറിയയുടെ ‘രണ്ടു സാഹിത്യ സ്മരണകളി’ലെ ആദ്യ സ്മരണ. ചേർത്തലയിൽനിന്ന് മാത്യു എന്ന 19 കാരൻ കുറ്റിപ്പുറം സാഹിത്യ സമ്മേളനത്തിൽ പങ്കെടുക്കാനെത്തുന്നതോടെയാണ് കഥ തുടങ്ങുന്നത്. വണ്ടികൾ തെറ്റിക്കയറി ഒടുവിൽ പാതിരയ്ക്കാണ് മാത്യു കുറ്റിപ്പുറത്തെന്നുന്നത്. സ്റ്റേഷനിലെ ബെഞ്ചിൽ കിടന്നുറങ്ങിയ മാത്യു ലൈംഗികമായ അതിക്രമത്തിനും പണാപഹരണത്തിനും വിധേയനാകുന്നു. പോക്കറ്റടിക്കപ്പെട്ടതിൽ മാത്യുവിന് അല്പം വേവലാതിയുണ്ടെങ്കിലും സാഹിത്യത്തിനായുള്ള ജീവിതാനുഭവങ്ങൾ എപ്പോഴും തരളവും കാല്പനികവും സ്നേഹമസൃണവുമായിരിക്കില്ല എന്ന് മാത്യു മനസ്സിലാക്കുന്നു. കഥയിലെ ഒരു ‘ടേൺ’ അത്തരത്തിലൊന്നാണ്. ജീവിതാനുഭവങ്ങൾ കയ്‌പുനിറഞ്ഞവയാകാമെങ്കിലും സാഹിത്യം പകരുന്ന അനുഭവം വികാരവിരേചനാപരവും ഉദാത്തതയിലേക്ക് പിടിച്ചുയർത്തുന്നതാണെന്നുമാണ് മാത്യു മനസ്സിലാക്കുന്നത്. 

സാഹിത്യത്തെക്കുറിച്ചുള്ള സങ്കീർണ സിദ്ധാന്തങ്ങൾ പഠിക്കുകയോ മനസ്സിലാക്കുകയോ ചെയ്യുന്നതിനു മുമ്പുള്ള ഒരു വായനക്കാരന്റെ സാഹിത്യവായനയുടെ വിശുദ്ധമായ ഘട്ടത്തെ കൂടിയാണ് 19 കാരനായ മാത്യുവിലൂടെ സക്കറിയ രേഖപ്പെടുത്തുന്നത്. മലയാളത്തിലെ എന്നല്ല, ലോകത്തിലെവിടെയും എഴുത്തിന്റെ ആദ്യ രുചിയറിഞ്ഞവർ കടന്നുപോകുന്ന ഒരു വൈകാരിക അനുഭവമാകണം ഇത്. സാഹിത്യവായന പ്രദാനം ചെയ്യുന്ന ഈ ഉദാത്തീകരണത്തിന്റെ വിശുദ്ധനുഭവത്തിലൂടെ കടന്നു പോകുന്നതോടെയാണ് ഒരു വായനക്കാരൻ പിറവി കൊള്ളുന്നത്. ഒരുപക്ഷെ, മലയാള സാഹിത്യത്തിലേക്ക് വായനക്കാരുടെ വലിയൊരു  ശ്രേണിയെ ആകർഷിക്കുന്നതിൽ ബഷീർ വലിയൊരു പങ്കു വഹിച്ചിട്ടുണ്ടെങ്കിൽ അത് ഈക്കാരണത്താലാണ്. മറ്റേതൊരു എഴുത്തുകാരനെക്കാൾ കൂടുതൽ ബഷീറിന്റെ എഴുത്തുകൾ വായനക്കാരുടെ വായനയുടെ ആയുസ്സിന്റെ വിവിധഘട്ടങ്ങളിൽ പുതിയൊരു അർത്ഥസംവേദനശേഷിയോടെ വന്നുകൊണ്ടേയിരിക്കും. 

സമഗ്രാധിപത്യ പ്രവണതകൾക്കെതിരെ എന്നും തീക്ഷ്ണമായ ആശയങ്ങളും പ്രതികരണങ്ങളും കൂട്ടംചേരലും ഉയരുന്നത് സാഹിത്യവേദികളിൽ നിന്നാണ്.

ചേർത്തലക്കാരൻ മാത്യു സാഹിത്യവായനയുടെ ഈ ഉദാത്തനുഭവത്തിൽ നിന്ന് കൂടുതൽ ഉയരങ്ങളിലേക്കുള്ള പടവുകൾ കയറാനുള്ള ഒരുക്കത്തിലാണ്. സാഹിത്യവും സാഹിത്യകാരരും ഈ ഘട്ടത്തിലെങ്കിലും ഉന്നതമായ സ്ഥാനം അലങ്കരിക്കുന്നു. എഴുത്തുകാരോട് ആരാധനയും സ്നേഹവും അനുകരണവാഞ്ജയും സമ്മിശ്രമായി മനസ്സിൽ സമ്മേളിച്ചിരിക്കുന്ന ഘട്ടമാണിത്. കൗമാരത്തിൽ വായനയുടെ ഉദാത്തവിശുദ്ധമായ ഘട്ടത്തിലൂടെ കടന്നുപോയ ഏതൊരു വായനക്കാരും എഴുത്തുകാരുടെ വ്യവസ്ഥാവിരുദ്ധവും മനുഷ്യസ്നേഹ പ്രചോദിതവുമായ സാഹസികാനുഭവങ്ങളെ തന്റെ തന്നെ ധിക്കാരപരിവേഷത്തിന് പ്രചോദനമാക്കും. നല്ലൊരു വായനക്കാരി / വായനക്കാരൻ അടിസ്ഥാനപരമായി ഒരു ധിക്കാരിയായിരിക്കും. വായനക്കാർ എന്ന നിലയിൽ നിന്ന് എഴുത്തിന്റെ പരീക്ഷണങ്ങളിലേക്ക് കടക്കുന്ന ഘട്ടം കൂടിയാണിത്.

വൈക്കം മുഹമ്മദ് ബഷീർ

വായനയുടെ ഈ ഘട്ടത്തിൽ തനിക്കേറ്റവും അടുപ്പം തോന്നിയ എഴുത്തുകാരിയോ എഴുത്തുകാരനോ വായനക്കാരുടെ മനസ്സുകളിൽ വിഗ്രഹസ്ഥാനീയരായിരിക്കും. ജീവിതത്തിലെ ഏറ്റവും വലിയ നിരാശകളിൽ ഒന്നായിരിക്കും, ആരാധനയോടെ മനസ്സിൽ കൊണ്ടുനടന്ന ആ എഴുത്തുകാരനെയോ എഴുത്തുകാരിയെയോ ആദ്യമായി നേരിൽ കണ്ട് സംസാരിച്ചപ്പോഴുണ്ടായ അനുഭവം. നിങ്ങളുടെ വായനയുടെ ഏറ്റവും പ്രധാന ഘട്ടത്തിൽ നിങ്ങൾ  ഏറെ ബഹുമാനിച്ചിരുന്ന, നിങ്ങൾ മഹാചിന്തകൻ / മഹാ ചിന്തക എന്നു വിചാരിച്ചിരുന്ന ആ എഴുത്തുകാരനോ എഴുത്തുകാരിയോ കേവലം മോഷ്ടവായ, തത്വദീക്ഷ തൊണ്ടുതീണ്ടിയിട്ടില്ലാത്ത ഒരു ക്രിമിനൽ സ്വാഭാവിയാണെന്നറിയുന്ന ഘട്ടം നിങ്ങളുടെ മനസ്സിലെ ആ വിഗ്രഹം ഉടയുക മാത്രമല്ല, നിങ്ങൾ വാക്കർത്ഥത്തെ പ്രതിനിധീകരിക്കുന്നില്ല എന്ന വലിയ തിരിച്ചറിവോടെ, പോസ്റ്റ് സ്ട്രക്ചറലിസ്റ്റായി മാറിക്കഴിയുകയും ചെയ്യും. ഇത് സക്കറിയയുടെ കഥയിലുള്ളതല്ല, വ്യക്തിഗത അനുഭവമാണ്.

ഒരു കാലത്ത് മുന്തിയ എഴുത്തുകാർ എഴുതാൻ ഒരുപക്ഷെ വിസമ്മതിച്ചിരുന്ന, ബാറ്റൺ ബോസും മാത്യു മറ്റവും വിലസിയിരുന്ന, മനോരമയുടെ താളുകളിൽ ഇന്ന് കെ.ജി.എസും സച്ചിദാനന്ദനും എഴുതുന്നു.

പക്ഷെ, സക്കറിയയുടെ കഥ നടക്കുന്നത് അറുപതുകളിലാണ്. കഥയിലെ മാത്യു വായനയുടെ ഈ വിശുദ്ധ ഘട്ടത്തിലും. മാത്യു ഭാഗ്യവാനാണ്. കാരണം അയാൾക്ക് ആ വിശുദ്ധ ഘട്ടം തരണം ചെയ്യേണ്ടിവരുന്നില്ല. സാഹിത്യത്തിൽ അന്തസ്സ് നിലനിന്നിരുന്ന കാലമാണ് അതെന്നു തോന്നുന്നു. മനുഷ്യനന്മ അതിന്റെ ചേതോഹാരിതയിൽ തന്നെ സാഹിത്യമണ്ഡലത്തിൽ നിലനിന്നു. മാത്യുവിന്റെ ഈ ഭാഗ്യം, ഒരുപക്ഷെ. യാദൃച്ഛികവുമാകാം. കാരണം മാത്യു സാഹിത്യസമ്മേളനവേദിയിൽ ആദ്യം കണ്ടുമുട്ടുന്നത് മറ്റാരെയുമല്ല, എം. ഗോവിന്ദനെയാണ്. ഗോവിന്ദനാണ് ഈ കഥയുടെ കേന്ദ്രസ്ഥാനത്ത്. മലയാളത്തിൽ അറുപതുകൾക്കു ശേഷം പ്രബലമായ, ആധുനിക സാഹിത്യം എന്ന് സാഹിത്യ ചരിത്രത്തിൽ ആലേഖനം ചെയ്യപ്പെട്ട പുതിയ സാഹിത്യ രചനാ സമ്പ്രദായങ്ങളെയും പ്രവണതകളെയും പ്രോത്സാഹിപ്പിച്ചതിലും പുതിയ എഴുത്തുകാർക്ക് ഇടമുണ്ടാക്കിക്കൊടുത്തത്തിലും എം. ഗോവിന്ദൻ നിർവഹിച്ച പങ്കിനുള്ള ആദരം കൂടിയാകാം ഈ കഥ. പുതിയ എഴുത്തുകൾ രൂപപ്പെടും മുമ്പേ പുതിയ വായനാഭാവുകത്വം ആവിർഭവിച്ചിട്ടുണ്ടാകും. മാത്യു ഈ പുതിയ വായനഭാവുകത്വത്തിന്റെ പ്രതിനിധി കൂടിയാണെന്ന് ഈ കഥയുടെ മുന്നോട്ടുപോക്കിൽ തെളിയും.

എം. ഗോവിന്ദൻ

മാത്യു ആദ്യം കാണുന്നത് എം. ഗോവിന്ദനെയാണ് എന്നതിൽ ഒരു ആകസ്മികതയുമില്ല. അറുപതുകളിൽ നടക്കുന്ന സാഹിത്യ സമ്മേളനത്തിൽ ഒരു പുതിയകാല വായനക്കാരൻ ഗോവിന്ദനെയല്ലാതെ വേറെയാരെയാണ് കണ്ടുമുട്ടേണ്ടത്. ഇത് നാല്പതുകളിലാണെങ്കിൽ തീർച്ചയായും അക്കാലത്തെ മാത്യു കണ്ടുമുട്ടുക എം. പി. പോളിനെയായിരിക്കും. 

ഗോവിന്ദൻ കസേരയിലിരുന്ന് മുറുക്കുകയാണ്. തിരിച്ചുപോകാനുള്ള യാത്രാക്കൂലി പോലുമില്ലാതെയാണ് മാത്യു സമ്മേളന സ്ഥലത്തെത്തിയിരിക്കുന്നത്. തിരിച്ചുപോകുന്നതിനെക്കുറിച്ച് വേവലാതിപ്പെടുന്ന മാത്യു ആവശ്യക്കാരന്റെ ഔചിത്യബോധമില്ലായ്മ എന്ന കാലാതിവർത്തിയായ സിദ്ധാന്തത്തിന്റെ പിന്തുണയിൽ ഗോവിന്ദനോട് നേരെ കാര്യം പറയുന്നു.
മാത്യു പറയുന്നത്, "സമ്മേളനം കൂടിയിട്ടേ പോകുന്നുള്ളൂ" എന്നാണ്, ‘പോക്കറ്റടിച്ചതിനാൽ കുറച്ചു പൈസയും വേണം’ എന്നുകൂടി പറയുന്നു.
‘കൂടിയിട്ടേ പോകുന്നുള്ളൂ’ എന്ന പറച്ചിലിൽ വിശ്വാസവും ആരാധനയുമെല്ലാം സമ്മിശ്രമാകുന്ന, കൂട്ടായ്മയും കൂടിയിരിപ്പും ഒത്തുകൂടലും എല്ലാമടങ്ങിയ അനേകമായ അർത്ഥസാധ്യതകളാണ് തുറന്നുകിടക്കുന്നത്. 

ഇന്ററാക്ടിവിറ്റിയാണ് ഡിജിറ്റൽ സംവാദത്തിന്റെ സവിശേഷത. ഇത് ആന്റി ഹൈറാർക്കിക്കലാണ്.

ഗോവിന്ദൻ മറുപടി പറയുന്നതിനുമുമ്പേ മാത്യുവിനെ ‘അളക്കുന്ന ഒരു നോട്ടം നോക്കുന്നു.’ ചുമ്മാ നോക്കുകയോ സൂക്ഷിച്ചുനോക്കുകയോ ആയിരുന്നില്ല ഗോവിന്ദൻ ചെയ്തത്. സക്കറിയയുടെ ഭാഷയിൽ ഇത് അളക്കുന്ന നോട്ടം. മലയാള സാഹിത്യത്തിന്റെ ആധുനികതയ്ക്ക് ഗോവിന്ദന്റെ അളക്കുന്ന നോട്ടം എത്രമാത്രം പ്രധാനമായിരുന്നുവെന്ന് സാംസ്കാരിക ചരിത്രം രേഖപ്പെടുത്തിയ വസ്തുതയാണ്. ആ നോട്ടത്തിൽ തെളിഞതാണ് മലയാളത്തിലെ ആധുനിക വായനയും. മടങ്ങിപ്പോകാൻ എത്ര പൈസ വേണമെന്നാണ് പുഞ്ചിരിച്ച്  ഗോവിന്ദൻ മാത്യുവിനോട് ചോദിക്കുന്നത്. 
12 രൂപ.
ഗോവിന്ദൻ 15 രൂപയാണ് കൊടുക്കുന്നത്. 12 കിഴിച്ച് ബാക്കി മൂന്നു രൂപ മാത്യു എന്ന വായനക്കാരനുള്ള 'സിറ്റിംഗ് ഫീസ്’. എഴുത്തിനേക്കാൾ മൂല്യവത്താണ് വായനയെന്ന് ഗോവിന്ദൻ അടയാളപ്പെടുത്തുകയായിരുന്നു. മറ്റൊന്നു കൂടി ഗോവിന്ദൻ അടയാളപ്പെടുത്തുന്നുണ്ട്. സാഹിത്യ സമ്മേളനം എഴുത്തുകാരുടെയെന്നതിനേക്കാൾ അത് വായനക്കാരുടേതാണ്. അല്ലെങ്കിൽ തന്നെ ഗോവിന്ദന്റെ ചിന്തയിൽ എഴുത്തുകാർ / വായനക്കാർ എന്ന ഭേദമേയില്ല.

മാത്യുവും ഗോവിന്ദനും ഇരിക്കുന്ന ഇടത്തേക്ക് എം. വി. ദേവൻ കടന്നുവരുന്നു. ഗോവിന്ദൻ മാത്യുവിന്റെ അതേ വാക്കുകൾ കടമെടുത്താണ് മാത്യുവിനെ ദേവന് പരിചയപ്പെടുത്തുന്നത്. ചേർത്തലയിൽ നിന്ന് ‘സമ്മേളനം  കൂടാൻ വന്നിരിക്കുന്ന’ മാത്യു. പൈസ പോക്കറ്റടിച്ചു പോയി. ഗോവിന്ദൻ ദേവനോട് ചോദിക്കുകയാണ്; ‘മനുഷ്യർ ഇപ്പോഴും കഷ്ടപ്പെട്ട് സാഹിത്യം അന്വേഷിച്ചു വരുന്നതു കണ്ടോ.’
മാത്യു എന്ന വ്യക്തിയിൽ മനുഷ്യർ എന്ന അർത്ഥനിക്ഷേപം നടത്തുക വഴി ഗോവിന്ദന്റെ ഹ്യൂമനിസ്റ്റ് തത്വചിന്തയെ മുഴുവൻ സക്കറിയ ഇതിലേക്ക് ആവാഹിക്കുന്നുണ്ട്. ഹ്യൂമനിസം ഒരു പ്രത്യയശാസ്ത്രധാര എന്ന നിലയിൽ അകാലചരമമടഞ്ഞിരിക്കുന്നുവെങ്കിലും ഇവിടെ മനുഷ്യർ എന്ന പദത്തിൽ ‘മനുഷ്യപ്പറ്റും മനുഷ്യാണാം മനുഷ്യത്വവുമെല്ലാം’ അടങ്ങിയിരിക്കുന്നു.
എം.വി. ദേവൻ മാത്യുവിനോട് ചോദിക്കുന്നു; കവിതയാണോ കഥയാണോ എഴുതുന്നത്?
മാത്യു പറയുന്നു; ‘വായനയാണ് കൂടുതലും’.
‘വെരി ഗുഡ് വെരി ഗുഡ്’ എന്ന് ആവേശിതനായ ഗോവിന്ദൻ.
ഗോവിന്ദൻ പറയുകയാണ്: "വായനക്കാർ ഇനിയുമുള്ളതുകൊണ്ടാണ് നമ്മളൊക്കെ ചാടിക്കളിച്ചുനടക്കുന്നത്, അല്ലേ?".
എം.വി. ദേവനും ഇതിൽ സംശയമുണ്ടായിരുന്നില്ല. ഗോവിന്ദനും ദേവനും സാഹിത്യസമ്മേളനത്തിൽ വായനയെയും വായനക്കാരെയും തിരിച്ചറിയുന്നത് ഇങ്ങനെയാണ്.
പക്ഷെ, ഇന്നത്തെ വാണിജ്യവൽകൃത ലിറ്റററി ഫെസ്റ്റിവലുകളോ? ആ ചോദ്യം നമുക്ക് ദൃശ്യപ്പെടുത്തുക എം. ഗോവിന്ദന്റെ സ്ഥാനത്ത് ആരാണ് ഇരിക്കുന്നതെന്ന കാഴ്ച്ചയാണ്.   

എം. വി. ദേവൻ

മാത്യുവിന് സംഭവിക്കുന്ന മാറ്റമാണ് കഥയുടെ കാതൽ. സാഹിത്യപ്രേമികളുടെ ആൾക്കൂട്ടത്തിൽ താനും സ്ഥാനംപിടിച്ചിരിക്കുന്നു, ചേർത്തലയിൽ പോയി വായനശാലയിലെ സുഹൃത്തുക്കളോട് ഈ ഓർമകൾ പങ്കുവെയ്ക്കുന്നതിനെക്കുറിച്ചോർത്തപ്പോൾ മാത്യുവിന് കോരിത്തരിച്ചു; ഒപ്പം കണ്ണിൽ വെള്ളവും നിറഞ്ഞു. അപ്പോഴാണ് ഒരു പെൺകുട്ടിയെ ശ്രദ്ധിക്കുന്നത്. ‘ഇല പൂവിനോട്’ എന്ന കഥയെഴുതിയ എസ്. ഓമനയാണ് അതെന്ന് മാത്യു തിരിച്ചറിയുന്നു. മാത്യു ഓമനയെ പരിചയപ്പെടുന്നു. മാന്ത്രികമായ അനുഭവം പകരുന്ന ഈ കഥയിലെ ഒരു മുഹൂർത്തം മാത്യു ഓർക്കുന്നു. ആധുനികതയുടെ എല്ലാ സവിശേഷതകളും വഹിക്കുന്നതാണ് ഈ ഭാഗം. മാത്യു സ്വപ്നത്തിലെന്ന പോലെ പെട്ടെന്നൊരു വേള കഥയുടെ മാന്ത്രികലോകത്തിലായിരുന്നു. കണ്ണു തുറക്കുമ്പോൾ ഓമനയെ കാണാനില്ല. ഓമനയ്ക്ക് കൊടുക്കാൻ ഒരു തുണ്ടു കടലാസിൽ തന്റെ മേലാവിലാസമെഴുതി അവിടെ മുഴുവൻ അന്വേഷിച്ചിട്ടും അവളെ കണ്ടെത്താനായില്ല. പിറ്റേന്ന് നാട്ടിലെ വായനശാലയിൽ സാഹിത്യ സമ്മേളനത്തിന്റെ അനുഭവങ്ങൾ പങ്കുവെയ്ക്കുന്ന കൂട്ടത്തിൽ ‘ഇല പൂവിനോട്’ എന്ന കഥയെഴുതിയ ഓമനയെ പരിചയപ്പെട്ട കാര്യവും മാത്യു സുഹൃത്തുക്കളോട് പറയുന്നുണ്ട്. അങ്ങനെയൊരു കഥയും അതെഴുതിയാളെയും സുഹൃത്തുക്കൾക്ക് അറിയില്ല എന്നു മാത്രമല്ല, സാഹിത്യ സമ്മേളനത്തിൽ പങ്കെടുത്ത മാത്യു കഥ കെട്ടിച്ചമയ്ക്കാനും തുടങ്ങിയോ എന്നാണ് സുഹൃത്തുക്കൾ ചോദിക്കുന്നത്. വായനക്കാരൻ എന്ന നിലയിൽ നിന്ന് കഥ കെട്ടിച്ചമയ്ക്കുന്ന വ്യക്തിയിലേക്കുള്ള പരിവർത്തനമാണ് മാത്യുവിൽ സംഭവിക്കുന്നത്. റിയലിസത്തിന്റെ ഒരു തലം  നിലനിർത്തുന്ന, എന്നാൽ ആധുനികതയുടെ ഭാവസ്ഫുരണമുള്ള കഥ, മാത്യുവിന്റെ സർഗാത്മക സൃഷ്ടിയാണ്. സമ്മേളനത്തിനു പോയ മാത്യുവല്ല തിരിച്ചെത്തിയ മാത്യു. സാഹിത്യ സമ്മേളനമാണോ മാത്യുവിന്റെ മന്ത്രികപരിവർത്തത്തിന് പ്രചോദനമായത്?
കൗമാരക്കാരെയും യുവാക്കളെയും ഏറെ ആകർഷിക്കുന്ന ലിറ്ററി ഫെസ്റ്റിവലുകൾക്ക് ഇങ്ങനെയുള്ള മാന്ത്രിക പരിവർത്തനങ്ങൾ സാധ്യമാക്കാനാകുന്നുണ്ടോ? 

ബാലചന്ദ്രൻ ചുള്ളിക്കാട്

രണ്ടാമത്തെ സാഹിത്യ സമ്മേളനത്തിന്റെ അനുഭവം ഇതിലും വിചിത്രമാണ്. എൺപതുകളുടെ ഒടുക്കത്തിലാണെന്നു തോന്നുന്നു ഈ സമ്മേളനം കൂത്താട്ടുകുളത്തു നടക്കുന്നത്. അപ്പോഴേക്കും മലയാള സാഹിത്യത്തിൽ നിന്ന് ഒരു തലമുറ മാറിക്കഴിഞ്ഞിരുന്നു. എം. ഗോവിന്ദനില്ല, ഉറൂബില്ല, പൊറ്റെക്കാടില്ല, പൊൻകുന്നം വർക്കിയില്ല. ബഷീർ ദൂരസഞ്ചാരം നിർത്തിയിരിക്കുന്നു. പുതിയൊരു തലമുറ സാഹിത്യത്തിൽ മാറ്റം വരുത്തിക്കഴിഞ്ഞിരുന്നു. അവരുടെ പ്രതിനിധികളെന്ന നിലയിലാണ് നരേന്ദ്ര പ്രസാദിന്റെയും ബാലചന്ദ്രൻ ചുള്ളിക്കാടിന്റെയും കടമ്മനിട്ടയുടെയും ശിവകുമാറിന്റെയും മേതിൽ രാധാകൃഷ്‌ണന്റെയും പേരുകൾ രേഖപ്പെടുത്തിയിരിക്കുന്നത്. ചുള്ളിക്കാട് വായിക്കുന്നത് ‘എവിടെ ജോൺ’ എന്ന കവിതയും. സാഹിത്യസമ്മേളനത്തിൽ പങ്കെടുത്ത രണ്ടു ചങ്ങാതിമാരുടെ സംഭാഷണത്തിലൂടെയാണ് കഥ അനാവൃതമാകുന്നത്. ഗോപി എന്ന സുഹൃത്തിന്റെ അത്യുത്തമമായ പ്രേമകഥയാണ് പ്രതിപാദിക്കുന്നത്. പ്രേമാർത്തനായ ഗോപിക്ക് താൻ പ്രേമിക്കാൻ തുടങ്ങിയ സുന്ദരിയെ ചുംബിക്കാനോ കെട്ടിപ്പിടിക്കാനോ ഒന്നുമല്ല തോന്നുന്നത്, സാഷ്ടാഗം നമിക്കാനാണ്. ‘എവിടെ ജോൺ’ കേട്ടിരിക്കുന്ന രാജലക്ഷ്മി എന്നു പേരുള്ള അവളുടെ ചുണ്ടിലും കണ്ണുകളിലും കവിളുകളിലും കവിത വന്നു പതിയുമ്പോഴുണ്ടാകുന്ന മായികമായ അനുഭവം ഗോപിയെ അവളുടെ മുമ്പാകെ സാഷ്ടാംഗം നമിക്കാനാണ് പ്രേരിപ്പിക്കുന്നത്. ഗോപി രാജലക്ഷ്മിയുടെ സാന്നിധ്യത്തെ വിവരിക്കുന്നുണ്ട്. ഫാന്റസിയുടെ വാക്കുകൾ ആധുനികോത്തരതയുടെ ഭ്രമണപഥങ്ങളിൽ പുതിയൊരു അനുഭവസഞ്ചാരമാവുകയാണ്. മലയാള കഥയിൽ ആനിമേഷന്റെയും ഗ്രാഫിക്സിന്റെയും ദൃശ്യതലം ഇത്ര മനോഹരമായി ആദ്യമായിട്ടാകണം സമന്വയിക്കപ്പെട്ടിട്ടുണ്ടാവുക. സമ്മേളനത്തിൽ പങ്കെടുത്ത ഗോപിയിലും ഗ്രാഫിക്കലായി സർഗാത്മകമായൊരു പരിവർത്തനം സംഭവിക്കുകയാണ്. 

ഫെസ്റ്റിവലുകളിൽ മാത്രമല്ല ഏതു സംവാദ വേദിയിലും പാനൽചർച്ച ദൃശ്യമാധ്യമങ്ങളുടെ പ്രകടനാത്മകമായ സ്ഥൂലിച്ച ഘടനയിലേക്ക് ആവർത്തനമാകുന്നതോടെ, ശ്രേണീവിരുദ്ധമായ പരസ്പര്യമാണ് ഇല്ലാതാക്കപ്പെടുന്നത്.

കഥയിലെ ആനിമേഷൻ ഗ്രാഫിക്സ് സീക്വൻസ് ഇങ്ങനെയാണ് സക്കറിയ അനുഭവവേദ്യമാക്കുന്നത്: "… ഞാൻ  താങ്ങാനാവാത്ത ഒരു സ്നേഹത്തിൽ മുങ്ങിപ്പോയി. ആകാശത്തുനിന്ന് ഒരു ഇരമ്പം ഉണ്ടായി. മുകളിലെ കരണ്ടുകമ്പികൾ തീപ്പൊരികൾ പാറിച്ചുകൊണ്ട് പറന്നുപോയി. അകലെ നിന്നും വന്ന വണ്ടികൾ വഴിയിൽ ഉരുകിപ്പോയി. ബസ് കാത്തുനിന്നവർ പൊടിഞ്ഞ് നിലത്തുവീണു പുകഞ്ഞു.
ഞാൻ അവളുടെ അടുത്തേക്ക് ഒരു കരിയില പോലെ കാറ്റിൽ പറന്നു. എന്നിട്ട് ഞാൻ അവളോട് പറഞ്ഞു; ക്ഷമിക്കണം. എന്റെ ഒച്ച ഒരു മിന്നൽ വെട്ടം പോലെ ആകാശത്തെ ഉരസിപ്പോകുന്നത് ഞാൻ കണ്ടു. 
‘ഒരു കാര്യം ചോദിക്കട്ടെ’; അവൾ പുഞ്ചിരിച്ചു.
ഞാൻ ചോദിച്ചു; ‘കവിത ഇഷ്ടമാണല്ലേ.’
അവൾ പറഞ്ഞു; ‘അതേ’.
മാനം താണു വന്ന് എന്റെ തലയിൽ ഉരസി. മേഘങ്ങൾ നിലത്ത് പുകമഞ്ഞായി പരന്നു. ആകാശത്തിന്റെ മണം എന്റെ മൂക്കിൽ നിറഞ്ഞു. സ്നേഹം ഈയാമ്പാറ്റക്കൂട്ടങ്ങളായി വഴിയോരത്തിലെ ദ്വാരങ്ങളിൽ നിന്ന് പൊങ്ങി. പെട്ടെന്ന് എനിക്ക് എല്ലാം മനസ്സിലായി.
ഞാൻ ഇരുകൈകളും മുന്നോട്ടു നീട്ടിക്കൊണ്ടു ചോദിച്ചു, ‘രാജലക്ഷ്മിയല്ലേ, രാജലക്ഷ്മി?’
ഒരു ബസ് അലറിക്കൊണ്ടുവന്നു നിന്നു. അവൾ അതിലേക്ക് ഓടിക്കയറി. ഞാനും ബസിനുനേരെ ഓടി. അപ്പോഴേക്കും മറ്റൊരു ബസ് നിലവിളിച്ചുകൊണ്ട് ഓടിയെത്തി എന്റെ വഴി തടഞ്ഞു. അവൾ കയറിയ ബസ് പാഞ്ഞുപോയി. ഞാൻ സാഷ്ടാംഗം നമസ്‌കരിക്കുന്നു."

പ്രണയതീവ്രതയോടെ ഇതുപോലുള്ള ദൃശ്യാനുഭവം സിനിമയിൽ പോലുമുണ്ടോ എന്നു സംശയമാണ്. വായിക്കുന്നവർ മനസ്സുകൊണ്ടെങ്കിലും സാഷ്ടാംഗം നമിക്കും.

‘രണ്ടു സാഹിത്യ സ്മരണകളി’ൽ  വ്യത്യസ്തമായ രണ്ടു കാലങ്ങളാണ്  പ്രതിപാദ്യമാകുന്നത്; അറുപതുകളും എൺപതുകളുടെ ഒടുക്കവും. ആധുനികതയുടെ തുടക്കം എന്നു പറയാവുന്ന അറുപതുകളുടെ അവസാനമെപ്പോഴോവാണ് ആദ്യ സാഹിത്യ സമ്മേളനം നടക്കുന്നത്. എനിക്ക് അജ്ഞാതമായ കാലമാണത്. രണ്ടാമത്തെ കാലം ഏറെക്കുറെ എനിക്ക് പരിചിതമാണ്. രണ്ടാമത്തെ കാലമെന്നു പറയുന്നത് നമ്മളൊക്കെ മാത്യുവാകാൻ തുടങ്ങുന്ന കാലമാണ്. ആധുനികോത്തരതയുടെ പുത്തനുണർവുകൾ സാഹിത്യത്തിൽ പ്രകടമായി തുടങ്ങിയ കാലം. ആധുനികതയെ പരിഹസിച്ചിരുന്ന പുരോഗമന സാഹിത്യത്തിന്റെ വികാരവെറി  ആധുനികോത്തരതക്കെതിരെ തിരിച്ചിരിക്കുന്നു. കല കലയ്ക്കു വേണ്ടിയാണെന്ന അറുപഴഞ്ചൻ സിദ്ധാന്തം ഇ എം എസ് അംഗീകരിച്ചിരിക്കുന്നു. ആധുനികോത്തര സാഹിത്യത്തിൽ ആവിഷ്‌ക്കരിച്ച പുത്തൻ ഭാവുകത്വ പ്രതിനിധാനങ്ങളെ ചെറുക്കാൻ ‘കല കലയ്ക്ക് വേണ്ടി’യാണെന്ന കാലഹരണപ്പെട്ട സിദ്ധാന്തം മാത്രമേ പുരോഗമന സാഹിത്യത്തിന് ഉപകാരപ്പെട്ടുള്ളൂ. ഏതായാലും, ഒരു ചെറിയ അനക്കം പോലും സാഹിത്യവായനയിൽ ഇ എം എസിന്റെ ഒടുക്കത്തെ കണ്ടെത്തലിനു സൃഷ്ടിക്കാനായില്ല എന്നതാണ്. എഴുത്തുകാരുടെ സ്വച്ഛന്ദഭൂമികയിലാണ് സാഹിത്യ സമ്മേളനങ്ങൾ നടന്നിരുന്നത് എന്നതിനാൽ ഈ പഴയ സിദ്ധാന്തം അടിച്ചേല്പിക്കാനുമായില്ല. 

ഇ.എം.എസ്.

സാഹിത്യ സമ്മേളനങ്ങളെക്കുറിച്ചുള്ള രസകരമായ ഒരു വസ്തുത ഈ സമ്മേളനങ്ങൾ നടന്നിരുന്നത് നഗരകേന്ദ്രങ്ങളില്ല എന്നതാണ്. അറിയപ്പെടുന്ന സ്ഥലങ്ങളായിരുന്നെങ്കിലും ഇടശ്ശേരിയുടെയും ഗോവിന്ദന്റെയും കുറ്റിപ്പുറവും മേരി ജോണിന്റെയും സി.ജെയുടെയും കൂത്താട്ടുകുളവും എഴുത്തുകാരുടെ ഒത്തുചേരലുകൾക്ക് ഗ്രാമ്യഭൂമിക നൽകുന്നു. ഈ രണ്ടു കാലത്തും സാഹിത്യത്തിന് അപ്രമാദിത്യമുണ്ടായിരുന്നെങ്കിലും ഏറെക്കുറെ വരേണ്യവും ന്യൂനപക്ഷം മാത്രം വ്യവഹരിച്ചിരുന്നതുമായ മണ്ഡലമായിരുന്നു. വരേണ്യമല്ലാത്ത സാഹിത്യം പൈങ്കിളിയായി മാറ്റിനിർത്തപ്പെട്ടിരുന്നു. വരേണ്യ പ്രസിദ്ധീകരണങ്ങളും ‘മ’ പ്രസിദ്ധീകരണങ്ങളും രണ്ടു വിരുദ്ധ ചേരികളിലായിരുന്നു. ലിറ്ററി ഫെസ്റ്റിവലുകളുടെ ഈ പുതുകാലത്ത്  പഴയ വേർതിരിവുകൾ മാഞ്ഞുപോയിരിക്കുന്നു. ഒരു കാലത്ത് മുന്തിയ എഴുത്തുകാർ എഴുതാൻ ഒരുപക്ഷെ വിസമ്മതിച്ചിരുന്ന, ബാറ്റൺ ബോസും മാത്യു മറ്റവും വിലസിയിരുന്ന, മനോരമയുടെ താളുകളിൽ ഇന്ന് കെ.ജി.എസും സച്ചിദാനന്ദനും എഴുതുന്നു. മാതൃഭൂമിയിൽ ഇന്ദ്രൻസിന്റെ ആത്മകഥ പ്രസിദ്ധീകരണം തുടങ്ങിയിരിക്കുന്നു. ഓൺലൈൻ മാധ്യമങ്ങളുടെ പുത്തൻ തുറസ്സുകൾ സകല സാങ്കല്പികശ്രേണികളെയും തകിടംമറിച്ച് പുതിയ എഴുത്തുകൾക്ക് പ്രചോദനമാകുന്നു. സാഹിത്യത്തിലെ ഭാവുകത്വപരമായ പ്രതിനിധാനങ്ങളിലൊക്കെ വലിയ മാറ്റങ്ങൾ സംഭവിച്ചിരിക്കുന്ന ഈ ഉത്തരകാലത്ത്, പഴയ ഭാവുകത്വത്തിന്റെ സാംസ്‌കാരിക സങ്കുചിതത്വത്താൽ ലിറ്ററി ഫെസ്റ്റിവലുകൾ  എഴുത്തിനെ പുനർശ്രേണിവൽക്കരിക്കുകയാണോ? 

സച്ചിദാനന്ദൻ, കെ.ജി.എസ്.

പ്രതിനിധാനപരമായ മാറ്റങ്ങളെയും അട്ടിമറികളെയും പ്രസാധകവ്യവസായം ഉൾക്കൊണ്ടിട്ടുണ്ട്, ഒരു പരിധിവരെയെങ്കിലും. ‘ഒരു വട്ടം കൂടി’ പോലുള്ള പൂപ്പായ ബാധിച്ച നൊസ്റ്റാൾജിയകൾ വിറ്റഴിക്കപ്പെടാനുള്ള ഉദ്ദേശ്യലക്ഷ്യങ്ങളിൽ പുതിയ ജീവിതാനുഭവങ്ങളിൽ നിന്നുരുത്തിരിയുന്ന പ്രമേയങ്ങളെ ലിറ്ററി ഫെസ്റ്റിവലുകൾക്ക്, അവയുടെ സംവാദഭൂമികയിലേക്ക് കൊണ്ടുവരാൻ കഴിയുന്നുണ്ടോ? ലാഭകരമായ ഒരു ഉത്സവ മേളയെന്ന നിലയിൽ ഇത് വിജയകരമായിരിക്കാമെങ്കിലും, സർഗാത്മകമായി എഴുത്തിന്റെ ലോകത്തിലേക്ക് പുതിയ തലമുറയെ നയിക്കാനാകുന്നുണ്ടോ? സാഹിത്യത്തിൽ നെടുനായകത്വം വഹിച്ചവരൊക്കെ പതുക്കെ പതുക്കെ മറയുകയോ പിൻവാങ്ങുകയോ ചെയ്തു തുടങ്ങി. ഒരുപക്ഷെ നടുനായകരെ ഇനി ആവശ്യമുണ്ടാകില്ല. എന്നാൽ  സംസ്കാരത്തിന്റെ ആന്തരികമായ ഗതിമാനങ്ങളെ തടഞ്ഞുനിർത്തുവാൻ പാഴ് ഭാവുകത്വം പരിശ്രമിച്ചുകൊണ്ടേയിരിക്കും. ഇന്ററാക്ടിവിറ്റിയാണ് ഡിജിറ്റൽ സംവാദത്തിന്റെ സവിശേഷത. ഇത് ആന്റി ഹൈറാർക്കിക്കലാണ്. പക്ഷെ ഫെസ്റ്റിവലുകളിൽ മാത്രമല്ല ഏതു സംവാദ വേദിയിലും പാനൽചർച്ച ദൃശ്യമാധ്യമങ്ങളുടെ പ്രകടനാത്മകമായ സ്ഥൂലിച്ച ഘടനയിലേക്ക് ആവർത്തനമാകുന്നതോടെ, ശ്രേണീവിരുദ്ധമായ പരസ്പര്യമാണ് ഇല്ലാതാക്കപ്പെടുന്നത്. പകരമായി കൂടുതൽ ഇന്ററാക്റ്റീവാകാൻ പറ്റുന്ന സംവാദ മാതൃകയാണ് വേണ്ടത്.

പഴയതിനെ പുത്തൻ രൂപത്തിലാക്കി ആവോളം വിറ്റു പിഴയ്ക്കാനാണ് വിപണി താല്പര്യപ്പെടുക. പലപ്പോഴും ആഘോഷങ്ങളുടെ പൊടിപടലങ്ങൾ സാംസ്കാരികമായ നിശ്ചലാവസ്ഥയെ മറച്ചുവെയ്ക്കാൻ പറ്റുന്നതാണ്. സൂക്ഷ്മായ ശ്രദ്ധയർഹിക്കുന്നത്, സർഗാത്മകമായി എന്തു മാറ്റങ്ങളാണ് സംഭവിക്കുന്നത് എന്നതാണ്. സമഗ്രാധിപത്യ പ്രവണതകൾക്കെതിരെ എന്നും തീക്ഷ്ണമായ ആശയങ്ങളും പ്രതികരണങ്ങളും കൂട്ടംചേരലും ഉയരുന്നത് സാഹിത്യവേദികളിൽ നിന്നാണ്. വിപണിയോ സർക്കാരോ നിയന്ത്രിക്കുന്ന ഏതൊരു വേദിക്കും നിശ്ചിത പ്രതികരണങ്ങൾക്കപ്പുറം പോവുക അത്ര തന്നെ സാധ്യമല്ല. എഴുത്തിന്റെയും എഴുത്തുകാരുടെയും സ്വാച്ഛന്ദ്യം നിലനിർത്തുന്ന ഭൂമിക തന്നെയാണ് എന്നും അഭികാമ്യം. അത് സാഹിത്യത്തിന്റെ ഉത്സവമല്ല, അത് സാഹിത്യങ്ങളുടെ വായനകളുടെയും ആഘോഷമായിരിക്കും.

Comments