സമീക്ഷയുടെ കവറുകളിലൊന്ന്. എം. ഗോവിന്ദന്റെ പത്രാധിപത്യത്തിൽ 1963-ൽ ത്രൈമാസികയായിട്ടാണിതിന്റെ പ്രസിദ്ധീകരണം ആരംഭിച്ചത്.

‘പ്രേരണ'യും ‘സമീക്ഷ'യും വായിച്ചുവളർന്ന തലമുറ,
അത് വായിക്കാതെ വളരുന്ന തലമുറകളോട്​

ഡിജിറ്റൽ സാങ്കേതികതയോടൊപ്പം പ്രതീതിസാങ്കേതികതയുടെ വെബ്ബണിഞ്ഞ് മുമ്പുണ്ടായിരുന്ന സമാന്തര പ്രസിദ്ധീകരണങ്ങളുടെ അപരരൂപങ്ങൾ ഇന്ന് ഓൺലൈനിൽ സജീവമാണ്. ഓൺലൈൻ എഡിഷൻ പ്രത്യേകമായി തയാറാക്കുന്ന ഒരു വായനാവെബിനകത്താണ്, സാമാന്യമായി പറഞ്ഞാൽ രണ്ടായിരത്തിനുശേഷമുള്ള വിദ്യാർത്ഥി തലമുറ- സമാന്തര പ്രസിദ്ധീകരണങ്ങളെ മുൻനിർത്തി ഒരു തലമുറസഞ്ചാരം

സൂക്ഷിപ്പിന് ഭാരമായപ്പോൾ എന്റെ മാസികാശേഖരം ഒന്ന് തെരഞ്ഞുവച്ചു.
ലിറ്റിൽ മാഗസിൻ ഗണത്തിൽപ്പെട്ട നിരവധി മാസികകൾ കിട്ടി. അവയുടെ കലാഗണന പരിശോധിച്ചു, 70-കൾക്കുമുമ്പേ ചെറുമാസികകൾ മലയാളത്തിലുണ്ട്.അന്വേഷണം, സമീക്ഷ, ഗോപുരം, ജാല... തുടങ്ങിയ ചിലത്. അവയുടെ ചില ലക്കങ്ങൾ കണ്ടതോർമയുണ്ട്. ബദൽ സാഹിത്യചിന്തകളും സാംസ്‌കാരിക രാഷ്ട്രീയവുമൊക്കെയാണ് പൊതുവെ ഇവയുടെയൊക്കെ ഫോക്കസ്. 70-കൾക്കുശേഷമാണ് എന്റെ ശേഖരത്തിലുള്ള പല ചെറുമാസികയുടെയും കാലം. 1980, 90, 2000 കാലഘട്ടത്തിലാണ് അവയുടെ ഉച്ചനില.

നടപ്പുരാഷ്ട്രീയ സാമൂഹിക വ്യവസ്ഥയെ തലതിരിച്ചു വായിക്കാനുള്ള ശ്രമം എന്ന് ഇവയുടെ ശ്രമങ്ങളെ ഒറ്റവാക്യത്തിൽ പറയാം. എൺപതുകൾ തൊട്ടുള്ള ചില സമാന്തര മാസികകൾ അങ്ങനെയുള്ളവ. അക്കാദമികരംഗത്ത് സജീവമായവരാണ്, ഇത്തരം മാഗസിനുകളുടെ തലപ്പത്ത് എന്നതുകൊണ്ടാവണം, ഒരുതരം അക്കാദമിക ചിട്ട ഇവയുടെയൊക്കെ കെട്ടിലും മട്ടിലും നിഴലിക്കുന്നുണ്ട്.

പ്രേരണ, നിയോഗം, പാഠഭേദം, വാക്ക്, സംവാദം, അടയാളം, ഫ്രീ പ്രസ്സ്, വായന തുടങ്ങിയവ അത്തരത്തിലുള്ളവയാണ്. സമകാലിക രാഷ്ട്രീയവും സംസ്‌കാരവും കലയും തമ്മിൽ പുലർത്തുന്ന ആന്തരികാവബോധത്തെ തിരിച്ചറിയാനുള്ള ഒരാത്മീയശക്തി ഇവ ആർജിക്കുന്നുണ്ട്. ഈ മതേതര ആത്മീയതയുടെ പിൻബലം എഴുപതുകളിലെ ഏകകേന്ദ്രിതമായ അധികാര സംവിധാനത്തോടുള്ള പ്രതിരോധാത്മകനിലപാട് കൂടിയായിരുന്നു.

സംസ്‌കാരത്തിനും സാഹിത്യത്തിനും മറ്റും പ്രാധാന്യം കൽപിക്കുന്നവയാണ് മറ്റൊരു വിഭാഗം. സരോവരം, ആശയസമന്വയം, സംസ്‌കരിക പൈതൃകം, ഉള്ളെഴുത്ത്, സമയം, എതിർദിശ, സൂക്ഷ്മദർശനം, പ്രസക്തി, പ്ലാവില... ഇങ്ങനെ ഒരുകൂട്ടം.

ഇന്നത്തെ കാലത്തെ അപേക്ഷിച്ച് അക്കാലത്ത് ഇത്രയധികം സമാന്തര മാസികകൾ എന്തുകൊണ്ട് എന്നൊരു ചോദ്യം എന്നിൽ തലപൊക്കി. ഞാൻ എന്തുകൊണ്ട് ഇവയൊക്കെ ശ്രദ്ധിച്ചു എന്നതായിരുന്നു രണ്ടാമത്തെ പ്രശ്‌നം.

സിനിമ, നാടകം, ചിത്രകല, മറ്റു കലകൾ എന്നിവയുടെ സാമാന്തര വായനയ്ക്ക് പ്രാമുഖ്യം നൽകുന്നു വേറെ ചിലത്. നേരറിവ്, കലാപൂർണിമ, രശ്മി ഫിലിം സോസൈറ്റിയുടെ ചലച്ചിത്ര വാർത്ത, സ്‌കൂൾ ഓഫ് ഡ്രാമയുടെ രുചി, ചലച്ചിത്ര അക്കാദമിയുടെ ദൃശ്യതാളം, വി.സി. ഹാരിസും സുഹൃത്തുക്കളും കോട്ടയത്തുനിന്ന് പുറത്തിറക്കി രണ്ടുലക്കം മാത്രം വെളിച്ചംകണ്ട നോക്കുകൂട്ടം... ഇങ്ങനെ പോകുന്നവ.

വൈദ്യം, ശരീരം, പരിസ്ഥിതി, പ്രദേശിക കൃഷി എന്നിവയുടെ രാഷ്ട്രീയം, ആത്മീയത എന്നിവയെ പുനർവായനയ്ക്ക് വിധേയമാക്കുന്ന കേരളീയം, വൈദ്യശസ്ത്രം, പൂർണോദയ, സോളിഡാരിറ്റി പത്രിക തുടങ്ങിയ ചിലത്. സ്ത്രീവാദ പ്രധാനവും സ്ത്രീകൾക്ക് മാത്രമായി എഴുതാവുന്നതുമായ സംഘടിത പോലുള്ള മാസികയെയും ഇക്കൂട്ടത്തിൽ കാണണം.

ഇന്നത്തെ കാലത്തെ അപേക്ഷിച്ച് അക്കാലത്ത് ഇത്രയധികം സമാന്തര മാസികകൾ എന്തുകൊണ്ട് എന്നൊരു ചോദ്യം എന്നിൽ തലപൊക്കി. ഞാൻ എന്തുകൊണ്ട് ഇവയൊക്കെ ശ്രദ്ധിച്ചു എന്നതായിരുന്നു രണ്ടാമത്തെ പ്രശ്‌നം. 1980 മുതൽ മാതൃഭൂമി, കേരള കൗമുദി, മാധ്യമം, ഭാഷാപോഷിണി തുടങ്ങിയ മുഖ്യധാരാ മാസിക -വാരികാദികൾ ഞാൻ വായനയിൽ ഏറെക്കുറെ പിന്തുടർന്നിട്ടുണ്ട്. സമകാലികങ്ങൾ വായിച്ചതുകൊണ്ടുകൂടിയാണ് സമകാലീന സാഹിത്യവും സാംസ്‌കാരിക വിചിന്തനങ്ങളും അവയുടെ മാറിവരുന്ന ലാവണ്യശാസ്ത്രവും സാംസ്‌കാരിക രാഷ്ട്രീയവും ഏറെക്കുറെ എന്നിൽ ഉറച്ചുപോയത്. പുസ്തകങ്ങൾ എടുത്തുവായിക്കുന്നതുകൊണ്ടുമാത്രം ഈ ലക്ഷ്യം പുലരണമെന്നില്ല. അതുകൊണ്ടുതന്നെ, അതതുകാലത്തെ ചിന്തയെ സമകാലികമാക്കുന്ന ‘സമകാലിക'ങ്ങളുടെ വായന ഏറെ പ്രാധാന്യമർഹിക്കുന്നു.

1990 വരെ നിലനിന്ന അധ്യാപകവൃത്തിയുടെ ശീലങ്ങൾക്ക് പിൽക്കാല വിദ്യാർഥികളെ പഴയപോലെ വാരിപ്പുണരാൻ പറ്റിയിട്ടില്ല. നമ്മുടെ സമകാലികങ്ങൾ മിക്കതും ഓൺലൈൻ കൂടിയായി മാറിയതോടെ അച്ചടിമാധ്യമങ്ങളുടെ വായനക്ഷമതയ്ക്കും മാറ്റംവന്നു.

ക്ലാസ്​മുറികളിൽ, സമകാലികങ്ങളുടെ വായനാപ്രാധാന്യത്തെക്കുറിച്ച് വിദ്യാർഥികളെ എന്നും ഞാൻ ഉണർത്താറുണ്ടായിരുന്നു. ചെറുമാസികകളുടെ വായന ബദൽ സാംസ്‌കാരിക -ലാവണ്യബോധത്തെ കൂടുതൽ സജീവമാക്കുമെന്നും അപര യാഥാർഥ്യങ്ങളെ കൂടുതൽ അടുത്തറിയാൻ പ്രാപ്തമാക്കുമെന്നും കുട്ടികളോട് പറയുമായിരുന്നു. എന്നാൽ, 2000-നുശേഷം വിദ്യാർഥികൾ സമകാലികങ്ങളുടെ വായന ഏറെക്കുറെ വിട്ടുപോയതായിട്ടാണ് അനുഭവം. അതിനുകാരണം മാറിവന്ന ഇലക്‌ട്രോണിക് മാധ്യമ സ്വാധീനമായിരുന്നു.

പ്രിൻറ്​ മാധ്യമത്തിന്റെ പല മട്ടിലുള്ള പ്രസാരണവും മറ്റൊരുതരം അധികാര കേന്ദ്രീകരണവും സംഭവിക്കുന്ന കാലം കൂടിയത്രേ ഇത്. മറ്റൊരു കാരണം ഉന്നത വിജ്ഞാനരംഗത്ത് സെമസ്റ്റർ സമ്പ്രദായം വ്യാപകമായതാണ്. ഈ സമ്പ്രദായം കുട്ടികളെ കണിശമായ പീരിയഡുകൾക്കുള്ളിലും എണ്ണിച്ചുട്ട പുസ്തകങ്ങൾക്കുള്ളിലും അസൈൻമെൻറ്​ സെമിനാറുകൾക്കുള്ളിലും തടവിലാക്കി. മുഖ്യധാരാ സമകാലികങ്ങൾ തന്നെ വായിക്കുന്ന വിദ്യാർഥികളുടെ എണ്ണം കുറഞ്ഞു.

യഥാർഥത്തിൽ, നമ്മുടെ സാമ്പ്രദായിക വ്യവഹാര /കരിക്കുലം മാതൃകയെ തകിടം മറിച്ച ഒരു സംഭവമായിരുന്നു ഈ മാധ്യമ മാറ്റം. 1990 വരെ നിലനിന്ന അധ്യാപകവൃത്തിയുടെ ശീലങ്ങൾക്ക് പിൽക്കാല വിദ്യാർഥികളെ പഴയപോലെ വാരിപ്പുണരാൻ പറ്റിയിട്ടില്ല. നമ്മുടെ സമകാലികങ്ങൾ മിക്കതും ഓൺലൈൻ കൂടിയായി മാറിയതോടെ അച്ചടിമാധ്യമങ്ങളുടെ വായനക്ഷമതയ്ക്കും മാറ്റംവന്നു.
പറഞ്ഞുവന്നത്, ഇന്നത്തെ കുട്ടികൾ എന്റെ തലമുറ മുന്തിയതെന്നു കരുതിയിരുന്ന പലതും അങ്ങനെയല്ല എന്നു വിചാരിക്കുന്നവരാണ്. എന്നുമാത്രമല്ല, അവരുടെ വായനയ്ക്കുപുറത്താണ് ഇവയിൽ മിക്കതും. മാറിമറിഞ്ഞ ഒരു ലോകബോധമാണവരുടേത്. നൂറ്റാണ്ടുകളായി, അച്ചടിമാധ്യമം പ്രസരിപ്പിച്ച ഒരു രാഷ്ട്രീയ -സാംസ്‌കാരിക സംവിധാനമല്ല ഗുണത്തിലും രൂപത്തിലും ഡിജിറ്റൽ മാധ്യമങ്ങൾ നിർമിച്ചത്. ഓൺലൈൻ എഡിഷൻ പ്രത്യേകമായി തയാറാക്കുന്ന ഒരു വായന വെബിനകത്താണ്, സാമാന്യമായി പറഞ്ഞാൽ രണ്ടായിരത്തിനുശേഷമുള്ള വിദ്യാർഥി തലമുറ.

പൗരൻ ‘പ്രജ'യായി പരിണമിച്ചുകൊണ്ടിരിക്കുന്ന ഉത്തരകാലത്ത്, ചെറുമാസികകളും അവയുടെ രാഷ്ട്രീയ സാംസ്‌കാരികതയും കെട്ടുപോകുന്നു എന്നതാണ്, വർത്തമാനകാലം സാക്ഷ്യപ്പെടുത്തുന്നത്.

മുപ്പതുവർഷത്തോളം നീണ്ടുനിന്ന എന്റെ അധ്യാപകജീവിതത്തിനിടയിൽ വായനയുടെ മുഖ്യധാര കൊണ്ടുമാത്രം ഞാൻ തൃപ്തനായില്ല.
സംസ്‌കാരം, രാഷ്ട്രീയം എന്നീ സംവർഗങ്ങൾക്കിടയ്ക്ക് നിലനിൽക്കുന്ന പലതരം സാമൂഹ്യ വൈരുധ്യങ്ങളാണതിനുകാരണം.ഡിഗ്രിക്ക് പഠിക്കുമ്പോൾ, കോളേജിൽ ഞങ്ങൾ ഇറക്കിയ സ്പന്ദനം (പി.എസ്.എം.ഒ. കോളേജ് തിരൂരങ്ങാടി), പി.ജി. ക്ലാസിലായിരുന്നപ്പോൾ പുറത്തിറക്കിയ മൊഴി, (ശ്രീ നീലകണ്ഠ സംസ്‌കൃത കോളേജ്, പട്ടാമ്പി) പോലുള്ള കാമ്പസ് ലിറ്റിൽ മാസികകൾക്ക് പ്രേരണ, അക്കാലത്ത് പുറത്തിറങ്ങിക്കൊണ്ടിരുന്ന ചെറുമാസികകൾ ആയിരുന്നു. അറിയപ്പെട്ട കോളേജുകളിൽ നിന്നൊക്കെ അന്ന് ഇതുപോലെ ലിറ്റിൽ മാസികകൾ ഇറങ്ങിയിരുന്നു. സാമൂഹ്യശ്രേണിയിലെ വിഭിന്നതകൾ പ്രകാശിപ്പിക്കാൻ ഏറെക്കുറെ ചെറുമാസികകൾക്ക് കൂടുതൽ കരുത്തുണ്ട് എന്നതാണ് അതിനുകാരണം.

താഹ ഫസൽ, അലൻ ശുഐബ്‌

അടുത്തകാലത്ത് നമ്മുടെ സംസ്ഥാനത്ത്, മാവോ സാഹിത്യം വായിച്ചു എന്നോ അവ സൂക്ഷിച്ചു എന്നോ പറഞ്ഞു ചില വിദ്യാർഥികളെ അറസ്റ്റുചെയ്ത് യു.എ.പി.എ. ചുമത്തിയതോർക്കുക. നമ്മുടെ സാമൂഹ്യ പൊതുബോധവും രാഷ്ട്രീയബോധവും എത്രമേൽ തളർന്നുപോയിരിക്കുന്നു എന്നുമാത്രമല്ല, പൗരസ്വാതന്ത്ര്യത്തിന്റെ വൈജയന്തിയെന്നുൽഘോഷിക്കപ്പെട്ട ആധുനിക സാമൂഹ്യ നവോത്ഥാനത്തിന്റെ പതാക നമ്മുടെ കാലത്ത് എത്ര താണുപോയിരിക്കുന്നു എന്നുകൂടിയത്രെ ഇതിൽനിന്നൊക്കെ വായിച്ചെടുക്കാനാവുക. വാക്ക്, പ്രേരണ, പാഠഭേദം... അങ്ങനെ കുറേ മാസികകൾ വായിക്കുകയും കക്ഷത്തിൽ തിരുകി സ്വാതന്ത്ര്യം സ്വപ്നം കണ്ടു നടക്കുകയും ചെയ്ത, പിന്നിട്ടുപോയ എഴുപതുകളെയും എൺപതുകളെയും കുറിച്ചെന്തുപറയാൻ?

രണ്ടറ്റങ്ങൾക്കിടയിൽ നിലനിൽക്കുന്ന ചില സാമൂഹ്യ- സാംസ്‌കാരിക യാഥാർഥ്യങ്ങളെ അറിയണമെന്ന് ശഠിച്ച് സ്വത്വബലം നമ്മുടെയുള്ളിൽ ഇടിച്ചുനിൽക്കുമ്പോൾ, നിലവിലുള്ള മുഖ്യധാരാ വ്യവഹാരങ്ങൾ മാത്രം നമ്മെ തൃപ്തിപ്പെടുത്താതെ വരുന്നു.

താഹ ഫസലിനും അലൻ ശുഐബിനും ജാമ്യമനുവദിച്ചപ്പോൾ, എനിക്ക്
എഫ്.ബിയിൽ കുറിക്കാൻ തോന്നിയത് ഇങ്ങനെ: ‘കുട്ടികളെ, നിങ്ങൾ ഇനിയും യഥേഷ്ടം വായിക്കുക. ലോകം കൂടുതൽ നന്നാവട്ടെ'. ഇങ്ങനെയൊക്കെ, എന്നെ ഓർമിപ്പിച്ചത് ഒരുപക്ഷേ, ഉപബോധത്തിൽ കിടക്കുന്ന സമാന്തര പ്രസിദ്ധീകരണങ്ങളുടെ വായനയിൽനിന്നും സംസ്‌കാരത്തിൽനിന്നുമാവാം. പിന്നിട്ട കാലത്തിലേയ്ക്കും വായനാചരിത്രത്തിലേയ്ക്കും തിരിഞ്ഞുനോക്കിയാൽ ഇത്തരം ‘നിയമച്ചാർത്തുകൾ' ഇളിഭ്യമായ ഒരു തമാശയായിപ്പോലും ഞങ്ങളുടെ തലമുറയ്ക്ക് തോന്നാം. പൗരൻ എന്ന സങ്കല്പം കുറേക്കൂടി ശക്തിപ്പെടുമെന്ന വിശ്വാസം പുലർത്തുന്ന നാളുകളിലായിരിക്കും, ചെറുമാസികയുടെ രാഷ്ട്രീയം ഇരമ്പുക. പൗരൻ ‘പ്രജ'യായി പരിണമിച്ചുകൊണ്ടിരിക്കുന്ന ഉത്തരകാലത്ത്, ചെറുമാസികകളും അവയുടെ രാഷ്ട്രീയ സാംസ്‌കാരികതയും കെട്ടുപോകുന്നു എന്നതാണ്, വർത്തമാനകാലം സാക്ഷ്യപ്പെടുത്തുന്നത്.

രണ്ടറ്റങ്ങൾക്കിടയിൽ നിലനിൽക്കുന്ന ചില സാമൂഹ്യ- സാംസ്‌കാരിക യാഥാർഥ്യങ്ങളെ അറിയണമെന്ന് ശഠിച്ച് സ്വത്വബലം നമ്മുടെയുള്ളിൽ ഇടിച്ചുനിൽക്കുമ്പോൾ, നിലവിലുള്ള മുഖ്യധാരാ വ്യവഹാരങ്ങൾ മാത്രം നമ്മെ തൃപ്തിപ്പെടുത്താതെ വരുന്നു. ഈ പ്രതിരോധബലം ഒന്നുകൊണ്ടുമാത്രം ചില അപര യാഥാർഥ്യങ്ങളെ തേടിപ്പോകാൻ ചിന്താശീലമുള്ള വായനക്കാർ നിർബന്ധിതരാവും. ചെറുമാസികകൾ ആവിഷ്‌കരിക്കാൻ ശ്രമിച്ചത് അവയെയാണ്. പ്രൊഫഷനലിസത്തെക്കാൾ, ഒരുതരം അവിഞ്ഞ അമച്വറിസം കൊണ്ടാണ് അവ മുഖ്യധാരായിൽനിന്ന് വേറിട്ടുനിന്നത്, കെട്ടിലും മട്ടിലും. തുടർന്നുപോരുന്ന സാമൂഹ്യരാഷ്ട്രീയ ചിന്തകളിൽ ഒരുതരം വിളുമ്പ് സൃഷ്ടിച്ചുകൊണ്ടാണ് അവയുടെ വാഴ്ച.

മുഖ്യധാരാ ഇടതുപക്ഷം അന്നും സമാന്തര രാഷ്ട്രീയ /വായനാകളത്തിൽ നിന്ന് പുറത്തായിരുന്നു. അധികാരത്തിന്റെ പല്ലും നഖവും അവിടെയും പ്രത്യക്ഷമായിരുന്നു. മാർക്‌സിസ്റ്റ് -ലെനിനിസ്റ്റ് തത്വശാസ്ത്രം കേരളരാഷ്ട്രീയത്തിൽ കൊഴുക്കുന്നത് സാമ്പ്രദായിക ഇടതുപക്ഷത്തിന് ഒരു വിമർശനമെന്നോണമാണ്. എഴുപതുകളിൽ മാവോവാദം, ആയതുകൊണ്ടുതന്നെ ഒരു വിശാല ഇടതുപക്ഷത്തെ വിഭാവനം ചെയ്തു. മാർക്‌സിസത്തിന് അക്കാലത്തുണ്ടായ ചില ബദൽ വായനകൾ ശ്രദ്ധേയമാണ്. ഒരു മാർക്‌സിസ്റ്റ് വിമർശനപരമ്പര പാഠഭേദത്തിൽ പ്രസിദ്ധീകരിച്ചുവന്നപ്പോൾ, നിത്യചൈതന്യയതിയെ നക്‌സലൈറ്റ് സന്യാസി എന്നു വിളിച്ച് മുഖ്യ ഇടതുപക്ഷം പരിഹസിച്ചതോർമയുണ്ട്.
ഇന്ദ്രപ്രസ്ഥ രാഷ്ട്രീയത്തിന്റെ വലതുപക്ഷ രാഷ്ട്രീയമുഖത്തിനെതിരെയുള്ള സാമാന്തര രാഷ്ട്രീയസാംസ്‌കാരിക ചിന്തകളെയാണ് ചെറുമാസികകളിലെ രാഷ്ട്രീയപംക്തി ഏറെ പരിഗണിച്ചത്. അന്നത്തെ മുഖ്യധാരാ എഴുത്തുകാരുടെ ശക്തമായ ഒരു നിര, ഇത്തരം മാസികകളുടെ കോളമെഴുത്തുകാർ കൂടിയായിരുന്നു- ആനന്ദ്, വിജയൻ, എം.പി. നാരായണപിള്ള, കെ.ജി.എസ്., സച്ചിദാനന്ദൻ, മാധവിക്കുട്ടി, എം. സുകുമാരൻ, എം.എൻ. വിജയൻ, എം.ജി.എസ്., സി.ആർ. പരമേശ്വരൻ തുടങ്ങിയ മുതിർന്ന എഴുത്തുകാർ. തുടക്കത്തിൽ ഒരു വലതുപക്ഷ മൂരാച്ചിയായ സുകുമാർ അഴീക്കോട് പോലും, അദ്ദേഹത്തിന്റെ വലതുപക്ഷ ആശയങ്ങളിലും നിരൂപണ സമ്പ്രദായങ്ങളിലും വെള്ളം ചേർത്ത് പലപ്പോഴും ‘സമാന്തര'ക്കാരോട് ചേർന്നുനിന്നു. പാഠഭേദത്തിന്റെ വരവിനെ അദ്ദേഹം തന്റെ ജീവിതത്തിലെ സർഗാത്മകമായ മാറ്റത്തിനു നാന്ദിയായിപോലും സ്മരിച്ചത് ഓർക്കുന്നു.

സുകുമാർ അഴീക്കോട്‌ / Photo: Wikimedia Commons

നമ്മുടെ സാമൂഹിക- സാംസ്‌കാരിക രാഷ്ട്രീയത്തിന് കൂടുതൽ കേന്ദ്രീകരണം സംഭവിക്കുന്ന കാലം കൂടിയാണ് തൊണ്ണൂറുകൾ. അതിനോടുള്ള പ്രതിരോധം എന്ന നിലക്ക് അന്നുതൊട്ടുള്ള സമാന്തര പ്രസിദ്ധീകരണങ്ങളുടെ സ്വഭാവവും മാറുന്നുണ്ട്. ആഗോളവൽക്കരണത്തിന് ഇന്ത്യയെപ്പോലുള്ള ഒരു അവികസിത /വികസ്വര രാഷ്ട്രത്തിൽ പ്രായോഗിക രാഷ്ട്രീയ സമീപനം ഏറെക്കുറെ ഉറയ്ക്കുന്നത് അക്കാലത്താണ്. കൃഷിരീതിയിലും വിപണി സമീപനത്തിലും ആഗോളകമായ ഒരു പിടിമുറുക്കം പുതിയ രാജ്യാന്തര ഉടമ്പടികളിലൂടെ സംഭവിക്കുന്നു. ജൈവ രാഷ്ട്രീയത്തിന്റെ മാതൃകകൾ മറികടന്ന് രാസകൃഷിയും ഉടമ്പടികളും ഉറയ്ക്കുന്നു. കേന്ദ്രീകൃതമായ ഒരു ജീവിതതത്വശാസ്ത്രം വികസിത രാജ്യങ്ങൾ അടിച്ചേൽപ്പിക്കുന്നു. അവയോടൊക്കെയുള്ള ഒരു സംവാദം/പ്രതിവാദം എന്ന നിലയ്ക്കുകൂടിയാണ് സാമാന്തര പ്രസിദ്ധീകരങ്ങൾ കരുത്താർജിക്കുന്നത്. എഴുപതുകളുടെ സാംസ്‌കാരികരാഷ്ട്രീയ സ്വഭാവത്തിൽനിന്നും ശേഷമുള്ള ചെറുമാസികകൾ മൗലികമായ മാറ്റം വരുത്തുന്നുണ്ട്.

ചെറു സ്വത്വങ്ങളെക്കുറിച്ചുള്ള ഇടങ്ങളെ കൂടുതൽ ചിന്താമണ്ഡലത്തിലേക്ക് കൊണ്ടുവരാൻ കഴിയുന്നതോടെയാണ് ബഹുലാഖ്യാനങ്ങളുടെ വിചാരം ശക്തമാവുന്നത്. ദലിത് -ന്യൂനപക്ഷ ആഖ്യാന വിചാരം നെടുങ്കൻ ആധുനികതാവാദവുമായി സംഘർഷത്തിലേർപ്പെട്ട കാലത്തെയാണ് നാം ഉത്തരാധുനികം, ആധുനികാനന്തരം എന്നൊക്കെ പേരിട്ടുവിളിച്ചത്.

മനുഷ്യനെക്കുറിച്ചുള്ള സങ്കൽപം യൂറോ കേന്ദ്രിതവും പാശ്ചാത്യമായ അപമാനവീകൃത യുക്തിയുമായി കൂടുതൽ സംവദിക്കുന്ന സാമാന്തര കാലത്തിൽനിന്നും, തറയുടെ ചൂടറിഞ്ഞ ഒരു ചെറുസമൂഹത്തിന്റെ /കൂട്ടത്തിന്റെ ഉണ്മയുമായുമാണ് രണ്ടാംഘട്ട പ്രസിദ്ധീകരങ്ങൾ വളർച്ച പ്രാപിച്ചത്. കവിതയും സാഹിത്യവും കലാരൂപങ്ങളുമായുമുള്ള ചർച്ചകളിൽ പോലും ഈ താത്വികമാറ്റം കാണാം.

വിമോചന ദൈവശാസ്ത്രം, സിവിൽ നിയമങ്ങൾ, സ്ത്രീവാദം, പോസ്റ്റ് മാർക്‌സിസം, സിവിൽ സമൂഹം, ചരിത്രം, ജൈവസമൂഹം, വിമോചന ദൈവശാസ്ത്രം, കമ്യൂണിറ്റി കൾച്ചർ, ആഗോള മനുഷ്യൻ, ആണവ രാഷ്ട്രീയം, പരിസ്ഥിതി രാഷ്ട്രീയം, കേരളീയ ചിന്ത, ദലിത് വാദം തുടങ്ങി അങ്ങനെ നിരവധി മേഖലകൾ ഈ സമാന്തര മാസികകളിലൂടെയാണ് മെല്ലെമെല്ലെ മുഖ്യധാരാ സാമൂഹികശ്രേണിയിലേയ്ക്ക് കടന്നുവന്നത്. എന്നാൽ അക്കാലത്തെ, സാമ്പ്രദായിക രാഷ്ട്രീയ അധികാരമണ്ഡലം ഒരിക്കലും ഈ ചെറുതുകളെ കണ്ടതായി നടിക്കുകയോ, നടപ്പുരാഷ്ട്രീയ മണ്ഡലത്തിൽ ചർച്ചയ്ക്കുവയ്ക്കുകയോ ചെയ്തിട്ടില്ല. ചിന്താഗ്രസ്തരായ ഒരുകൂട്ടം മനുഷ്യരെ മാത്രം ബാധിക്കുന്ന പോലെയുള്ള ഒരു സംഗതി.
പുറത്തുനിന്നുള്ള ഒരു ബാധയല്ല ചരിത്രസംവാദമെന്നും ഉള്ളിൽനിന്നുള്ള ഒരു ആളലിൽ നിന്നുവേണം പുതിയൊരു മാനുഷിക ധൈഷണിക സമീപനം ഉണ്ടാവാനെന്നുമുള്ള തിരിച്ചറിവ് സംഭാവന ചെയ്യാൻ ഇവയ്ക്കായി.
ചെറു സ്വത്വങ്ങളെക്കുറിച്ചുള്ള ഇടങ്ങളെ കൂടുതൽ ചിന്താമണ്ഡലത്തിലേക്ക് കൊണ്ടുവരാൻ കഴിയുന്നതോടെയാണ് ബഹുലാഖ്യാനങ്ങളുടെ വിചാരം ശക്തമാവുന്നത്. ദലിത് -ന്യൂനപക്ഷ ആഖ്യാന വിചാരം നെടുങ്കൻ ആധുനികതാവാദവുമായി സംഘർഷത്തിലേർപ്പെട്ട കാലത്തെയാണ് നാം ഉത്തരാധുനികം, ആധുനികാനന്തരം എന്നൊക്കെ പേരിട്ടുവിളിച്ചത്. സ്വത്വങ്ങളുടെ ബഹുലപ്രകാരങ്ങളെ പ്രദർശിപ്പിക്കുക എന്നത് ഉത്തര മുതലാളിത്തയുക്തിയുടെ സ്ട്രാറ്റജിയാണ്. വ്യവസായനന്തര മുതലാളിത്തത്തിന്റെ ആഗോളത, കേരളീയ സംസ്‌കാരത്തിലും ഏറെ ദൃശ്യമായി. കേരളീയരുടെ പ്രവാസം അതിന് ഭൗതികമായി ആക്കം കൂട്ടി.

ഭൂമിയെക്കുറിച്ചുള്ള സങ്കൽപങ്ങൾ മാറി. ഈ സാഹചര്യത്തിലാണ് ആദിവാസി - ദലിത് ജീവിതക്രമത്തിൽ വീണ്ടും അസ്വാരസ്യം ഉണ്ടാവുന്നത്. ദലിത് സാഹിത്യ- രാഷ്ട്രീയചിന്തയ്ക്ക് ഒരു പുതുവസന്തം ഉണ്ടാവുകയും ഭാഷയിലും ആഖ്യാനത്തിലും അപരസ്വത്വങ്ങൾക്ക് കൂടുതൽ ദൃശ്യതയുണ്ടാവുകയും ചെയ്യുന്നു.
2000- 2005 കാലഘട്ടത്തിൽ പുറത്തിറങ്ങിയ ചെറുമാസികാ സെമിനാറുകളിൽ, സിവിൽ സമൂഹത്തിലെ വ്യക്തികൾക്കകത്ത് ഉരുവം കൊള്ളേണ്ട താത്വിക മനുഷ്യമണ്ഡലത്തെക്കുറിച്ചുള്ള ദൃഢമായ വിശ്വാസങ്ങൾ കാണാം. ഉള്ളിൽ നിന്നുള്ള തിരിച്ചറിവ് നേടേണ്ടത് മാറിവരുന്ന ഭൗതികസാഹചര്യത്തിൽ നിന്നുതന്നെയാണെന്ന ബോധ്യത്തോടെ തന്നെ, അവ സംവാദത്മകമാകേണ്ടതിന്റെ ആവശ്യകതകയെ അവ ഊന്നിപ്പറഞ്ഞു. ഒരുപക്ഷേ മാറ്റം ഉത്‌ഘോഷിക്കുന്ന സംവാദമുഖം തന്നെയാണ് ഈ ചെറുമാസികകൾ കാലത്തിനുനൽകിയ മൗലികമായ സാമൂഹ്യചിന്ത.

കേരളീയം നടത്തിയ സെമിനാറുകളിലൊന്നിൽ (മനുഷ്യബന്ധങ്ങളിലെ നീതിയുക്തത) ഡോ. നിസാർ അഹമ്മദ് പറയുന്നത്, ‘പൊളിറ്റിക്കൽ എന്നുള്ളത് നാം എപ്പോഴും invent ചെയ്തുകൊണ്ടിരിക്കുന്നതാണ്' എന്നതാണ്. അതുകൊണ്ടുതന്നെ നിതാന്തപരിണാമിയാണത്. എന്നും ഒരുപോലെ ഉറഞ്ഞുനിൽക്കുന്ന, വ്യവസ്ഥാപിതമായി നിലക്കൊള്ളുന്നതല്ല, എന്നർഥം. ‘തുടർച്ചയായി തന്നോടും മറ്റുള്ളവരോടും സത്യസന്ധമായിരിക്കുന്നതാണ് ശ്രദ്ധ എന്നും നമ്മുടെ തന്നെ വാസനകൾ, വികാരവിചാരങ്ങൾ, മനോഭാവങ്ങൾ ഒക്കെ സംബന്ധിച്ചിടത്തോളം അത് നമ്മിൽ ഇന്നയിന്ന അളവിൽ ഉണ്ട് എന്നു തിരിച്ചറിയുക എന്നതാണ് സത്യസന്ധത’ എന്നും നിസാർ അഹമ്മദ് മറ്റൊരിടത്ത് പറയുന്നുണ്ട്.

ഇക്കാര്യം എടുത്തുപറഞ്ഞത്, നിലവിലുള്ള രാഷ്ട്രീയ- സാമൂഹിക സാംസ്‌കാരിക ചുറ്റുപാടുകളിൽ നിന്ന് സംഭവിക്കേണ്ട ഒരു മൗലികമാറ്റം വ്യക്തികളുടെ പുതിയ കൂട്ടത്തെ നിർമിക്കുന്നതും വ്യവസ്ഥാപിത സാമൂഹ്യമണ്ഡലത്തെ മെല്ലെമെല്ലെ ഉടയ്ക്കുന്നതും സ്വപ്നം കണ്ടിരുന്ന ഒരു ചെറുകൂട്ടം എഴുപതുകളിലും എൺപതുകളിലും സജീവമായിരുന്നു എന്നുപറയാൻ കൂടിയാണ്.
ദലിത് സംവാദങ്ങളും മറ്റും ചെറുമാസികകളിൽ സജീവമാകുന്നത്, രണ്ടാം ഘട്ടത്തിന്റെ ഉത്തരദശയിലാണ്. ആധുനികതയിൽ നിന്ന് ആധുനികോത്തര ദശയിലേയ്ക്ക് കേരളവും മലയാളഭാഷയും പ്രവേശിക്കുന്ന കാലമാണ് തൊണ്ണൂറുകൾ. ദലിത് സംവാദങ്ങൾ, പ്രത്യയശാസ്ത്ര സംവാദങ്ങൾ, സർക്കാർ അധികാരപദ്ധതികളോടുള്ള ദലിത് സമരങ്ങൾ... ഒക്കെ സജീവമായ കാലമാണ് തൊണ്ണൂറുകളുടെ ഉത്തരദശയും രണ്ടായിരാമാണ്ടിലെ ആദ്യ പതിറ്റാണ്ടും. ആധുനിക വ്യവഹാരങ്ങൾ പ്രശ്‌നവൽകരിക്കുന്ന കാലവും ഹ്രസ്വാഖ്യാനങ്ങൾ സജീവത നേടുകയും ചെയ്യുന്ന കാലവും ഇതുതന്നെ. ദലിത് സാഹിത്യം, കല തുടങ്ങിയവയ്ക്ക് പുത്തനുണർവും ആഖ്യാനപരമായി മൗലികമാറ്റവും ഇക്കാലത്തുണ്ടാവുന്നു. സാഹിത്യത്തിൽ മിക്ക ജനുസുകളിലും അത് വെന്നിക്കൊടി നാട്ടി. മൊത്തത്തിൽ ദലിത് തത്വശാസ്ത്രത്തിന് ഉത്തരധുനികമായ വഴിത്തിരിവും ഉണ്ടായി. ചരിത്രത്തെക്കുറിച്ചുള്ള വേറിട്ട സങ്കൽപങ്ങൾ സജീവമായി.സൈന്ധവമൊഴി, സൂചകം തുടങ്ങിയ ചെറുമാസികകൾ ഇക്കാലത്ത് വേറിട്ടുതന്നെ പ്രത്യക്ഷപ്പെടുന്നു. കൂട്ടത്തിൽ കൂട്ടുമ്പോൾ, മറ്റുള്ളവരാൽ രൂപപ്പെടുത്തുന്ന ഒരു സ്വത്വപ്രകാരത്തിൽനിന്ന് വേറിട്ട് തങ്ങളുടെ മാത്രമായ ഒരു ചിന്താതട്ടകം ഉണ്ടാക്കിയെടുക്കാനാണ്, പരിമിതമായെങ്കിലും ഈ ചെറുമസികകൾ ശ്രമിച്ചത്.

ശലഭജന്മങ്ങളായിരുന്നുവെങ്കിലും, അവ പാറിപ്പറന്ന ആകാശം കാലങ്ങളോളം ജ്വലിച്ചുതന്നെ നിന്നു. ക്ഷണികമായവയാണെന്ന് അവയെക്കരുതുന്നതിൽ അർധസത്യമേയുള്ളൂ. മുഖ്യധാരയും ഓരവും തമ്മിലുള്ള സംഘർഷങ്ങളെ നിരന്തരം അടയാളപ്പെടുത്തി, രണ്ടുമൂന്നു ദശകങ്ങളിലെ മനുഷ്യസ്വത്വ വൈഭിന്നതകളെ അവ മറനീക്കിപ്പുറത്തിട്ടു. ചിലത് ഒന്നോ രണ്ടോ പിറവികളിൽ അവസാനിച്ചു. ചിലത് ഏറെക്കാലം വാണു. ചെറുതുകളുടെ സ്വത്വവിളംബരമായിരുന്നു, മിക്ക ചെറുമാസികകളുടെയും ജന്മസഫല്യം.
മഹാസാങ്കേതിക പ്രഭാവവും മൂലധന ശക്തികളുടെ പുതുവാഴ്ചയും ഇവയെ അവസാനിപ്പിച്ചു എന്നു കരുതുന്നതിൽ യഥാർഥ്യമില്ല. ചിറകുവീണുപോയെങ്കിലും ഡിജിറ്റൽ സാങ്കേതികതയോടൊപ്പം പ്രതീതിസാങ്കേതികതയുടെ വെബ്ബണിഞ്ഞ് ഇവയുടെ അപരരൂപങ്ങൾ ഇന്ന് ഓൺലൈനിൽ ഏറെ സജീവമാണ്. ഒരു കാര്യമുറപ്പാണ്- പല കാലത്തും പല വേഷമണിഞ്ഞ്, മുഖ്യധാരയോട് വിമർശനം പങ്കിട്ടു കടന്നുപോയ ലിറ്റിൽ മാഗസിനുകളുടെ സാന്നിധ്യം മറന്ന് മനുഷ്യചരിത്രത്തെക്കുറിച്ചുള്ള വായന അപൂർണമായിരിക്കുമെന്നത്.▮


വായനക്കാർക്ക് ട്രൂകോപ്പി വെബ്‌സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കാം.​


ഡോ. ഉമർ തറമേൽ

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ മലയാള -കേരള പഠനവിഭാഗത്തിൽ പ്രൊഫസറായിരുന്നു. ദേശത്തിന്റെ​​​​​​​ ഭാവനാഭൂപടങ്ങൾ, ഇശലുകളുടെ ഉദ്യാനം, കാഴ്​ചയുടെ ഹെയർപിൻ വളവുകൾ തുടങ്ങിയവ പ്രധാന പുസ്​തകങ്ങൾ.

Comments