ലെെലയും മജ്നുവും പാഠശാലയിൽ. ഇവിടെ വെച്ചാണ് ഇരുവരും പ്രണയത്തിലാവുന്നത്. നിസാമിയുടെ ലൈല മജ്‌നൂൻ മാനുസ്‌ക്രിപ്റ്റിൽ നിന്ന് (A.D. 1524-2) / Photo: Wikimedia Commons

അവളുടെ ഉമിനീരിന്

പ്രണയ ജീവിതത്തിന്റെ അറേബ്യൻ പുസ്തകം എന്നു വിളിക്കാവുന്ന രചനയാണ്​, അറബ് ലോകത്തു നിന്നുള്ള ഏക ബുക്കർ ജേതാവും ഒമാനി നോവലിസ്റ്റുമായ ജോഖ അൽഹാരിതിയുടെ പുതിയ പുസ്തകമായ "ദ ബോഡി ഇൻ അറബിക്ക് ലൗ പോയട്രി, ദ ഉദ്‌രി ട്രഡീഷൻ'

വീഞ്ഞിന്റെ ഗന്ധവും തേനിന്റെ മധുരവും

ലൈലയുടെ ഭർത്താവ് നിങ്ങളുടെ കൂട്ടത്തിലുണ്ടെങ്കിൽ ദൈവനാമത്തിൽ ഞാൻ ആണയിടുന്നത് കേൾക്കുക: ഞാനവളുടെ ചുണ്ടുകൾ തുറന്ന വായയിൽ എൺപത് തവണയെങ്കിലും ചുംബിച്ചിട്ടുണ്ട്. ദൈവ നാമത്തിൽ ഒരിക്കൽ കൂടി ഞാൻ ആണയിടുന്നു ഞാനവളെ മുഴുവനായും കണ്ടിട്ടുണ്ട് അവളുടെ ഇരുപതു വിരലുകളും കണ്ടിട്ടുണ്ട് ആ ഇരുപതും എന്നെ പിറകിൽ നിന്നും ചുറ്റിപ്പിടിച്ചിട്ടുമുണ്ട്. അവളെ ചുംബിക്കാൻ തുടങ്ങുമ്പോൾ പലപ്പോഴും വലിയ ശബ്ദത്തിൽ ചിനച്ച് തലതിരിക്കുന്ന കുതിരകളെപ്പോലെ തലവെട്ടിച്ച് നിലത്ത് കാൽവിരൽ കൊണ്ട് കളം വരച്ച് തലയാട്ടിക്കൊണ്ട് അവൾ പറയും, ആളുകൾ കാണുമെന്ന് ഞാൻ ഭയക്കുന്നു.

ലൈല- മജ്നു പ്രണയ കാവ്യത്തിലെ ഈ ഭാഗം ഉദ്ധരിച്ച്​ (നിരവധി നാടുകളിൽ ഈ കാവ്യത്തിന് വ്യത്യസ്ത ആഖ്യാനങ്ങളുണ്ടായിട്ടുണ്ട്. പ്രത്യേകിച്ചും മുസ്‌ലിം- അറബ്-പേർഷ്യൻ ലോകത്ത്. ഒരർഥത്തിൽ ഇന്ത്യയിൽ പുരാണങ്ങൾക്കും മിത്തുകൾക്കും നൽകുന്ന ആഖ്യാനങ്ങൾക്ക് സമാനമാണിത്. മനുഷ്യപ്രണയവും ദൈവപ്രണയവും ഒന്നിക്കുന്ന നിരവധി സ്ഥലികളെ പിൽക്കാലത്ത് ലൈല- മജ്നു ആഖ്യാനങ്ങൾ കണ്ടെത്തിയിട്ടുണ്ട്) അറബ് ലോകത്തു നിന്നുള്ള ഏക ബുക്കർ ജേതാവും ഒമാനി നോവലിസ്റ്റുമായ ജോഖ അൽഹാരിതി തന്റെ പുതിയ പുസ്തകമായ "ദ ബോഡി ഇൻ അറബിക്ക് ലൗ പോയട്രി, ദ ഉദ്‌രി ട്രഡീഷൻ' എന്ന പുസ്തകത്തിൽ സ്ഥാപിക്കുന്നത് അറബ് പ്രണയ കവിതകളിൽ മനുഷ്യശരീരം ഹാജരില്ല എന്ന പൊതുബോധം തെറ്റാണെന്നും ആ കവിതകളിൽ പ്രണയ ശരീരം എന്ന സങ്കൽപ്പം പ്രധാനമാണെന്നുമാണ്.

ജോഖ അൽഹാർത്തി

ഉദ്‌രി പാരമ്പര്യത്തിലുള്ള പ്രണയ കവിതകളെയാണ് ഈ പുസ്തകം പരിശോധിക്കുന്നത്. ഇസ്​ലാമിന്റെ ആവിർഭാവഘട്ടത്തിൽ ഉമയ്യാദ് കാലത്തെ (ഏഴ്- എട്ട് നൂറ്റാണ്ടുകൾ) കവിതകളാണിവ. പിൽക്കാലത്ത് അറബ് സാഹിത്യത്തിൽ നിന്ന്​ പതുക്കെ പതുക്കെ മനുഷ്യ ശരീരവർണനങ്ങൾ അപ്രത്യക്ഷമാവുകയുണ്ടായി. മതം എല്ലായ്​പ്പോഴും അത് വിലക്കി. സദാചാരത്തിൽ സ്ത്രീയും പുരുഷനും അപ്രത്യക്ഷരായി. പ്രണയം മിക്കപ്പോഴും ശരീരരഹിതമായ അനുഭവമായി (പ്ലാറ്റോണിക്ക് ലൗ) ചിത്രീകരിക്കപ്പെട്ടു. ശരീരത്തെക്കുറിച്ച് പറയുന്നത് വിലക്കി. എന്നാൽ ഈ പുസ്തകം പറയുന്നത് അറബ്- പേർഷ്യൻ സാഹിത്യത്തിന്റെ പ്രധാന ഉറവയിലൊന്ന് പ്രണയ ശരീരങ്ങളെക്കുറിച്ചുള്ള പ്രതിപാദനമാണെന്നതാണ്. എഡിൻബറോ യൂണിവേഴ്‌സിറ്റി പ്രസ് രണ്ടു മാസം മുമ്പ് പുറത്തിറക്കിയ ഈ പുസ്തകം ഉദ്‌രി കവിതാ പാരമ്പര്യത്തെ സമഗ്രമായി സമീപിക്കുന്ന ആദ്യ ഇംഗ്ലീഷ് ഗ്രന്ഥമാണെന്നതും ശ്രദ്ധേയമാണ്. അറബ്- ഇസ്​ലാമിക ലോകത്തെ സാഹിത്യത്തെ പുനഃപരിശോധിക്കാനും പൊതുബോധങ്ങളെ തിരുത്താനും ഒരു പക്ഷെ ഈ പുസ്തകം സഹായിച്ചേക്കും.

മതത്തിന്റെ ആദ്യ നൂറ്റാണ്ടുകളിൽ അതിനൊപ്പവും പിന്നീട് അതിനെ എതിർത്തും വളർന്ന ഏറ്റവും പ്രധാനപ്പെട്ട വികാരം മനുഷ്യ പ്രണയം തന്നെയായിരുന്നു.

ഉദ്‌രി പാരമ്പര്യത്തിൽ പ്രണയ രക്തസാക്ഷികൾ എന്നൊരു സങ്കൽപ്പമുണ്ടെന്ന് ഗ്രന്ഥകാരി പറയുന്നു. പ്രണയം നിഷേധിക്കപ്പെടുമ്പോൾ ജീവനൊടുക്കുന്നവരെ രക്തസാക്ഷികൾ തന്നെയായി അക്കാലത്തെ അറബ് പാരമ്പര്യം കരുതിപ്പോന്നു. പ്രണയ കാലത്ത് ജീവനൊടുക്കുന്ന കാമുകീ കാമുകൻമാരുടെ ഖബറുകൾ തൊട്ടടുത്ത് തന്നെയായിരിക്കും എന്നത് പ്രണയ രക്തസാക്ഷിത്വത്തിന് അന്ന് നൽകിയ ആത്മീയ പരിവേഷം കൂടിയായിരുന്നുവെന്ന് ഇതിൽ നിന്നും മനസ്സിലാക്കാം. തീർച്ചയായും അതെല്ലാം പിൽക്കാലത്ത് ഇല്ലാതായി എന്നതിൽ സംശയമില്ല.

എന്നാൽ മതത്തിന്റെ ആദ്യ നൂറ്റാണ്ടുകളിൽ അതിനൊപ്പവും പിന്നീട് അതിനെ എതിർത്തും വളർന്ന ഏറ്റവും പ്രധാനപ്പെട്ട വികാരം മനുഷ്യ പ്രണയം തന്നെയായിരുന്നു. പ്രണയം ആ സമൂഹങ്ങളിൽ വിമോചന പ്രത്യയശാസ്ത്രം തന്നെയായി പ്രവർത്തിച്ചതിന്​ നിരവധി ഉദാഹരണങ്ങൾ കവിതകളുടെ പഠനങ്ങളിലൂടെ ജോഖ മുന്നോട്ടുവെക്കുന്നു. പ്രണയ ബന്ധത്തിന്റെ പേരിൽ കുടുംബങ്ങളും അതു വഴി രാജാവും ഊരുവിലക്ക് കൽപ്പിച്ച കാമുകൻ "നോമാൻസ് ലാൻഡാ'യി പരിഗണിക്കപ്പെടുന്ന മരുഭൂമിയിലേക്കാണ് നാടുകടത്തപ്പെടുന്നത്. അയാൾ ശിഷ്ടജീവിതം അവിടെ അലഞ്ഞു തീർക്കുകയാണ്. ആ നോമാൻസ് ലാൻഡ് ഒരു പീനൽ കോളനിയായി രൂപാന്തരപ്പെടുന്നു. ഇത്തരത്തിൽ പീഡിപ്പിക്കപ്പെടുമ്പോഴും കമിതാക്കൾ ആ വേദന ഇല്ലാതാകണമെന്നാഗ്രഹിക്കുന്നില്ല. വേദനയാണ് യഥാർഥ പ്രണയ പാരവശ്യത്തിന്റെ വികാരം എന്നു പോലും അവർ വിശ്വസിക്കുന്നു. എന്നു മാത്രമല്ല മരുഭൂമിയുടെ അനന്തതയും മണൽക്കാറ്റിന്റെ ഹുങ്കാരവും പ്രണയത്തിന്റെ വിസ്താരമേറിയ അനശ്വരമായ ലാൻഡ് സ്‌കേപ്പായി ഈ കവിതകളിൽ പ്രവർത്തിക്കുകയാണെന്നും ജോഖ വാദിക്കുന്നു.

മജ്നൂൻ എന്ന പദത്തിൽ നിന്നാണ് മജ്നു ഉണ്ടായത്. അതിനർഥം ഭ്രാന്തൻ എന്നാണ്. ഇക്കാര്യം വെച്ച്​ മജ്നൂന്റെ സ്വഭാവത്തെ വിശ്ലേഷിക്കുന്നവർക്ക് കിട്ടുന്നത് മൂന്നു കാര്യങ്ങളാണ്- പ്രണയം, ഭ്രാന്ത്, കവിത. മിഷേൽസ് ഡോൾസിന്റെ മജ്നൂൻ: ദ മാഡ് മാൻ ഇൻ ദ മിഡീവൽ ഇസ്​ലാമിക്​ വേൾഡ് എന്ന പുസ്തകം ഇസ്​ലാമിക്​ സമൂഹങ്ങളിലെ മനോചിത്തതയെ പരിശോധിക്കുന്നു. അതിന്റെ അടിസ്ഥാനം ഏഴാം നൂറ്റാണ്ടിലെ ലൈല- മജ്നു കാവ്യമാണ്.
പ്രണയ രക്തസാക്ഷിത്വമാണ് യഥാർഥ ജിഹാദെന്ന വിശ്വാസവും ഉദ്‌രി കാവ്യങ്ങളിൽ കാണാമെന്ന് ജോഖ വാദിക്കുന്നു. അതുകൊണ്ടാണ് മജ്നു കഅ്ബയുടെ ദിശയിലേക്കു നോക്കി നമസ്‌ക്കരിക്കുന്നതിനു പകരം ലൈലയുടെ വീടിന്റെ ദിശയിലേക്കു നോക്കി പ്രാർഥിച്ചതെന്ന ഉദാഹരണവും അവർ ലൈല-മജ്നു കാവ്യത്തെ ഉദാഹരിച്ച്​ പറയുന്നു. പ്രണയം ആരാധനയുടെ കേന്ദ്രത്തെ മാറ്റുന്നു. അതു കാമുകിയുടെ സാന്നിധ്യത്തിലേക്ക്​ നോക്കുന്നു. ഉദ്‌രി കവിതാ പാരമ്പര്യം നടത്തുന്ന അട്ടിമറികളിലൊന്ന് ഇതാണ്.

ഉദ്‌രി കവിതകൾ കമിതാക്കളെക്കുറിച്ചാണ് ആവർത്തിച്ചു പറയുന്നത്. അതിന്റെ കേന്ദ്രം പ്രണയിക്കുന്നവരാണ്. അവരിലൂടെ അധികാര വിമർശനവും സാമൂഹിക വിമർശനവും നടത്തുകയാണ് കവികൾ ചെയ്യുന്നത്.

ഇബ്നു അൽ അഷ്ദാഖിന്റെ കിതാബ് അൽ അഗ്ഹാനിയിൽ നിന്നുള്ള ഒരു സന്ദർഭം, മക്കയിൽ നടക്കുന്നത്, ഗ്രന്ഥകാരി എടുത്തെഴുതുന്നു. ആഖ്യാനം നടത്തുന്നയാൾ പറയുന്നു: ഞാൻ മക്കയിൽ വിശുദ്ധ കഅ്ബാലയം വലം വെക്കുകയായിരുന്നു. അവിടെ ഒരു മൂലയിൽ ഒരു യുവാവ് ജ്വരബാധിതൻ എന്ന പോലെ വിലപിക്കുന്നു. ഞാൻ അയാളെ അഭിവാദ്യം ചെയ്തു. യുവാവ് എന്നോട് ചോദിച്ചു. ""നിങ്ങൾ എവിടെനിന്നും വരുന്നു?''
""ബസ്‌റയിൽ നിന്ന്,'' ഞാൻ മറുപടി പറഞ്ഞു.
""നിങ്ങൾ അങ്ങോട്ടു തന്നെയാണോ മടങ്ങുന്നത്,'' അയാൾ വീണ്ടും ചോദിച്ചു. ""അതെ,'' ഞാൻ പ്രതികരിച്ചു.
""അങ്ങിനെയെങ്കിൽ നിങ്ങൾ അൽ നിബാജിൽ എത്തുമ്പോൾ ഉച്ചത്തിൽ ഹിലാൽ, ഹിലാൽ എന്നു വിളിക്കണം. അപ്പോൾ ഒരു യുവതി നിങ്ങളുടെ അടുത്തേക്ക് വരും. അവളോട് പറയുക: അവളുടെ കണ്ണുകളിൽ നിന്ന്​ ദുർവ്വിധികൾ കുഴിച്ചെടുത്ത് ഞാൻ എന്റേതാക്കിയിരിക്കുന്നുവെന്ന്. പ്രണയം എന്നെ കൊലക്കു കൊടുത്തിരിക്കുന്നുവെന്നും അവളോട് പറയുക.''

ലൈലയും മജ്‌നുവും അവസാനമായി കാണുന്നു / ചിത്രീകരണം: ഷിറാസ് സ്‌കൂൾ ഓഫ് മിനിയേച്ചർ പെയിന്റിംഗ്

ഇത്രയും പറഞ്ഞ ശേഷം ആ യുവാവ് തനിക്കു മുന്നിൽ മരിച്ചു വീണെന്ന് ആഖ്യാതാവ് പറയുന്നു. അയാൾ ബസറയിലേക്കു മടങ്ങുമ്പോൾ അൽ നിബാജിൽ എത്തുകയും യുവതിയുടെ പേര് ഉച്ചത്തിൽ വിളിച്ചു പറയുകയും ചെയ്തു. അവൾ വന്നു. എന്നോട് എന്താണ് പറയാനുള്ളതെന്ന് ചോദിച്ചു. ചെറുപ്പക്കാരൻ പറഞ്ഞ കാര്യങ്ങൾ അവളുമായി പങ്കുവെച്ചു കഴിഞ്ഞപ്പോൾ അവൾ ചോദിച്ചു, അദ്ദേഹം മരിച്ചുവല്ലേ? ഇങ്ങിനെ പറഞ്ഞു കൊണ്ട് ആ യുവതിയും ആഖ്യാതാവിന്റെ മുമ്പിൽ മരിച്ചു വീഴുകയാണ്. പ്രണയ രക്തസാക്ഷികൾക്ക് കിതാബ് അൽ അഗ്ഹാനി അവതരിപ്പിക്കുന്ന ഏറ്റവും വലിയ ഉദാഹരണം ഈ ആഖ്യാനമാണ്. വിശുദ്ധ കഅ്ബാലയം മുതൽ പ്രണയ രക്തസാക്ഷിത്വം വരെയുള്ള ആഖ്യാനമാണ് ഈ പ്രണയാനുഭവ സന്ദർഭമായി കവിതയിൽ കടന്നു വരുന്നത്. ലൈലയെക്കുറിച്ച് മജ്നു പറയുന്നത് വേദന മറക്കാൻ ഒരാൾ നിരന്തരമായി മദ്യപിക്കുന്നതു പോലെ, ഞാൻ ലൈലയെ ഓർക്കുക, വീണ്ടും വീണ്ടും ഓർക്കുക എന്നതാണ് ചെയ്തുകൊണ്ടിരിക്കുന്നത്. എനിക്കു മറ്റു വഴിയില്ല. പക്ഷെ മദ്യപൻ മറക്കാൻ ശ്രമിക്കുന്നു, കാമുകൻ ഓർത്തോർത്തു കൊണ്ടിരിക്കാൻ അതിതീവ്രമായി ശ്രമിക്കുന്നു. ഇങ്ങിനെയാണ് മജ്നു ആ കാവ്യത്തിൽ തന്നെ നിർവ്വചിക്കുന്നത്.


പ്ലാറ്റോണിക്ക് പ്രണയത്തിന്റെ അന്തിമ ലക്ഷ്യം ദൈവത്തിലോ സൗന്ദര്യത്തിന്റെ സമ്പൂർണതയിലോ പോയി അലിയുക എന്നതാണ്. എന്നാൽ ഉദ്‌രി കവിതകൾ കമിതാക്കളെക്കുറിച്ചാണ് ആവർത്തിച്ചു പറയുന്നത്. അതിന്റെ കേന്ദ്രം പ്രണയിക്കുന്നവരാണ്. അവരിലൂടെ അധികാര വിമർശനവും സാമൂഹിക വിമർശനവും നടത്തുകയാണ് കവികൾ ചെയ്യുന്നത്. ഈ കവിതാ പാരമ്പര്യത്തിലെ ഒരു പ്രധാന പ്രശ്നം ഏറെക്കുറെ എല്ലായ്​പ്പോഴും അത് പുരുഷ വീക്ഷണത്തിൽ നിന്നുള്ളതാണെന്നതാണ്. കാമുകിയുടെ ശബ്ദം പോലും വായനക്കാർ കേൾക്കുന്നത് പുരുഷാഖ്യാനത്തിലൂടെ മാത്രമാണ്. ഈ കവികളിൽ ഭൂരിഭാഗം പേരും പുരുഷൻമാരായിരുന്നു എന്നതു തന്നെ കാരണം. ഈ പ്രശ്നം ജോഖ തന്റെ പഠനത്തിൽ വിശദമായി അവതരിപ്പിക്കുന്നില്ല.

സ്ത്രീ ശക്തി എന്ന സങ്കൽപ്പത്തെ പുറത്തു കൊണ്ടു വരാനാണ് വിരുദ്ധോക്തിയിലൂടെ കവിയുടെ ശ്രമം. ഇത്തരത്തിൽ സ്ത്രീയെ ആവിഷ്‌ക്കരിക്കുന്നത് ഉദ്‌രി പാരമ്പര്യത്തിൽ വിരളമാണ്.

കവിതയുടെ കഷണങ്ങളും കഥയുടെ പശ്ചാത്തലവും ഒന്നിക്കുന്നതാണ് ഈ കവിതകളുടെ രചനാ സങ്കേതം. യാചകർക്കൊപ്പം ചേർന്ന് ലൈലയുടെ വീട്ടിൽ പോയി അവളുടെ ബന്ധുക്കളുടെ സഹായം ചോദിക്കുന്നതിനിടെ അവളെ കാണാൻ പറ്റുമോ എന്നു നോക്കണമെന്ന് മജ്നു പറയുന്ന കാവ്യഭാഗം ഇപ്പറഞ്ഞതിനുള്ള മികച്ച ഉദാഹരണമാണ്. കാമുകന്റെ നുറുങ്ങിയ ഹൃദയം കവിതാക്കഷണങ്ങളിലൂടെയാണ് അവതരിപ്പിക്കപ്പെടുന്നത്. പദ്യവും ഗദ്യവും ഇവിടെ ഒരേ പോലെ ഇടകലരുന്നു, ലയിക്കുന്നു. ഉമയ്യാദ് കാലഘട്ടത്തിൽ അറേബ്യയിലെ നജദിൽ (ഇപ്പോഴത് സൗദി അറേബ്യയിൽ) ആണ് ഉദ്‌രി കാവ്യങ്ങൾ പ്രധാനമായും രചിക്കപ്പെടുന്നത്. അക്കാലത്ത് അറബ് കവിതയുടെ പ്രധാന പ്രമേയം പ്രണയം തന്നെയായിരുന്നു. ഉദ്‌രി പാരമ്പര്യത്തിലല്ലാതെ എഴുതിയിരുന്ന ദുഅൽ റുമ്മ്, വാലിബ് ബി യസീദ് എന്നിവരുടെ കവിതകൾ ഇതിനുദാഹരണമായി ഗ്രന്ഥകാരി ചൂണ്ടിക്കാട്ടുന്നു.

മറ്റൊരു ഉദ്‌രി കവിതയിലെ ബുസൈന എന്ന നായികയെക്കുറിച്ചുള്ള നിരീക്ഷണം വൈരുദ്ധ്യങ്ങളിലൂടെ കാമുകിയുടെ ശക്തിയെ പുറത്തു കൊണ്ടു വരുന്നു. ഈ നായിക ഒരേ സമയം സുന്ദരിയും വിരൂപയുമായി ചിത്രീകരിക്കപ്പെട്ടിരിക്കുന്നു. ബദുവായും പട്ടണവാസിയുമായും രംഗത്തു വരുന്നു. അവൾ മരുഭൂമിയിൽ ദരിദ്രയും നഗരത്തിൽ ധനികയുമാണ്. ആത്മനിന്ദ കഴുകിക്കളയാൻ ബുസൈന ഒരു ബദുവിനെ വിവാഹം കഴിക്കാൻ നിർബന്ധിതയാകുന്നു. കാമുകൻ മരിച്ചപ്പോൾ ബദു സമൂഹം അവളെ ആശ്വസിപ്പിക്കുന്നു. മരുഭൂമിയിൽ അലയുകയും ഒപ്പം രാജകൊട്ടാരത്തിൽ പ്രത്യക്ഷപ്പെടുകയും ചെയ്യുന്നു ഈ നായിക. ഇങ്ങിനെ വൈരുധ്യങ്ങളിലൂടെയാണ് ആഖ്യാനം നിർവ്വഹിക്കുന്നത്. സ്ത്രീയുടെ ജീവിതയാഥാർഥ്യത്തിന്റെ രണ്ടറ്റങ്ങൾ ഇതിലൂടെ ആവിഷ്‌ക്കരിക്കപ്പെടുന്നു. സ്ത്രീ ശക്തി എന്ന സങ്കൽപ്പത്തെ പുറത്തു കൊണ്ടു വരാനാണ് വിരുദ്ധോക്തിയിലൂടെ കവിയുടെ ശ്രമം. ഇത്തരത്തിൽ സ്ത്രീയെ ആവിഷ്‌ക്കരിക്കുന്നത് ഉദ്‌രി പാരമ്പര്യത്തിൽ വിരളമാണ്.

ഈജിപ്ഷ്യൻ കവി അഹമ്മദ് ഷൗക്കി മജ്നൂൻ- ലൈല എന്ന ശീർഷകത്തിൽ രചിച്ച (1933) കാവ്യ നാടകം മറ്റൊരു ആഖ്യാനം നിർവ്വഹിക്കുന്നു. ഷൗക്കിയുടെ ഈ പുതു ആഖ്യാനത്തിൽ നാം കേൾക്കുന്നത് കൂടുതലായും സ്ത്രീകളുടെ ശബ്ദമാണ്. സാമൂഹിക ജീവിതം നിഷേധിക്കപ്പെട്ട വീടിന്റെ ഹറേമുകളിൽ (അകത്തളങ്ങളിൽ) തളക്കപ്പെട്ട സ്ത്രീകളുടെ ശബ്ദങ്ങൾ കേൾപ്പിക്കാൻ ഷൗക്കി ശ്രമിക്കുന്നത് കാണാം. കവി ഖ്വാസിം ഹദ്ദാദ് (ബഹ്റൈൻ) പുറത്തു കൊണ്ടു വന്ന അക്ബർ മജ്നൂൻ ലൈല (1996) കവിതാ സമാഹാരം ലൈല മജ്നു കാവ്യാഖ്യാനത്തെ കൂടുതൽ ആധുനികമായി സമീപിക്കുന്നത് കാണാം. എന്നാൽ 1924ൽ ഈജിപ്ഷ്യൻ നിരൂപകൻ താഹ ഹുസൈൻ ഉദ്‌രി കവിതകൾ അതിവാചാലവും പെരുപ്പിച്ചു പറയലിൽ മുങ്ങിയതുമാണെന്ന് വിമർശിച്ചു. അറബ് ലോകം പ്രണയത്തേയും പ്രണയാനുഭവങ്ങളേയും നിയന്ത്രിക്കാൻ തുടങ്ങുന്നതിന്റെ ഭാഗമായാണ് ഇന്ന് പലരും താഹ ഹുസൈന്റെ അഭിപ്രായത്തെ കാണുന്നത്. അറബ് നഗര രതിജന്യ (ഇറോട്ടിക്ക്) സാഹിത്യവും മരുഭൂമിയിലെ ബദുക്കളുടെ നിർമ്മല സാഹിത്യവും ആണുള്ളതെന്നും പ്രണയകാവ്യങ്ങൾ പൂർണമായും നാഗരികമാണെന്നും അദ്ദേഹം വാദിച്ചു. ഉദ്‌രി കവിതയിലെ മരുഭൂമി, ബദു അംശങ്ങൾ പഠിക്കുന്നവർക്ക് ഒരു പക്ഷെ താഹ ഹുസൈന്റെ വാദങ്ങളോട് യോജിക്കാനാവില്ല.

അവളുടെ മാറിടത്തിന്റെ സുഗന്ധം തേടാൻ ഞാനാഗ്രഹിക്കുന്നു, ഇദ്‌രീസ്‌ നബി സ്വർഗം മോഹിച്ചപോലെ എന്ന ഉദ്‌രി കവിതയിലെ വരി ഉദ്ധരിച്ച്​ ഈ രചനകൾ എങ്ങിനെ ശരീരത്തിന്റെ കവിതകൂടിയായി മാറുന്നുവെന്ന് ജോഖ വിശദീകരിക്കുന്നു

വിഘ്നങ്ങളേതുമില്ലാത്ത ആനന്ദം എന്ന സങ്കൽപമാണ് ഈ കവിതാ പാരമ്പര്യം പ്രകാശിപ്പിക്കാൻ ശ്രമിക്കുന്നത്. ആ ആനന്ദം മുറിയുമ്പോൾ കമിതാക്കൾ ജീവൻ വെടിയുന്നു. ആനന്ദ വിഘ്നമാണ് മരണം എന്നതിലേക്കാണ് ഈ കവിതകൾ യഥാർഥത്തിൽ വളരുന്നത്. കമിതാക്കളെ ആദർശവൽക്കരിക്കുമ്പോൾ അവർക്കിടയിൽ ശരീരാഭിലാഷം ഇല്ല എന്നല്ല അർഥം. ഉദ്‌രി കവിത ഈ അഭിലാഷം പൂർത്തീകരിക്കാൻ പല വഴികൾ തേടുന്നു. ജെ.സി. ബെർഗൽ ഇക്കാര്യത്തെക്കുറിച്ച് തന്റെ ' "Love, Lust, and Longing: Eroticism in Early Islam as Reflected in Literary Sources' എന്ന ലേഖനത്തിൽ പറയുന്നു: ഉദ്‌രി കവിതകളിലെ പ്രണയം രതിജന്യമാണ് (ഇറോട്ടിക്ക്). ഒരു കവിതയിലെ ജമീൽ ഇന്ദ്രിയപരതക്കായി കാണിക്കുന്ന കൗശലങ്ങളും സജീവതയും തന്നെ ഇതിനുള്ള ഉദാഹരണം:

ജമീലിന്റെ ഈ വരികൾ ആ പ്രബന്ധത്തിൽ ബെർഗൽ ഉദ്ധരിക്കുന്നു. I am pleased with very little things accorded to me by Buthaynah They are so insignificant that if they were known by the man (who spies us) he would not be annoyed with my love I am pleased even when she says: 'no' or ‘I cannot' And when she makes me live on promises promises hoped for, but always disappointing I am pleased with a quick glance at her, and even with spending a whole year without our meeting neither at the beginning nor at the end.

അവളുടെ മാറിടത്തിന്റെ സുഗന്ധം തേടാൻ ഞാനാഗ്രഹിക്കുന്നു, ഇദ്‌രീസ്‌ നബി സ്വർഗം മോഹിച്ചപോലെ എന്ന ഉദ്‌രി കവിതയിലെ വരി ഉദ്ധരിച്ച്​ ഈ രചനകൾ എങ്ങിനെ ശരീരത്തിന്റെ കവിതകൂടിയായി മാറുന്നുവെന്ന് ജോഖ വിശദീകരിക്കുന്നു. മനസ്സിന്റേയും ശരീരത്തിന്റേയും അഭിലാഷങ്ങളെ ഒരു കവിത ദാഹ ജലം തേടി വട്ടം പറക്കുന്ന പക്ഷികളോട് ഉപമിക്കുന്നു. ദാഹ ജലവും മരണവും ഒന്നിച്ചു സഞ്ചരിക്കുകയാണെന്നും പറയുന്നു. ആ വരികൾ ഇങ്ങിനെ:See the parched birds which circle round the water night and day, but for fear of being beaten never drink their fill or come close to the cool ponds They see the froth of the water and death together and are attentive to the voices of the water bearers They are no more afflicted than I am with the heat of longing and ardour but the enemy has hindered me

ലൈലയും മജ്‌നുവും തമ്പിൽ / ചിത്രീകരണം: ഷിറാസ് സ്‌കൂൾ ഓഫ് മിനിയേച്ചർ പെയിന്റിംഗ്

ഒരിടത്ത് ഇങ്ങിനെ കാണാം: അവളുടെ ഉമനീരിന് വീഞ്ഞിന്റെ മണവും തേനിന്റെ മധുരവും: കാമുകിയുടെ ഉമിനീര് രോഗശാന്തിയും മരിച്ചവരെ വീണ്ടും ജീവിപ്പിക്കുന്നതുമാണെന്നു വരെ പറയുന്ന കവിതകളുണ്ട്. ഒട്ടകക്കൂട്ടവുമായി രാത്രി മരുഭൂമിയിലൂടെ നമ്മൾ പോവുകയാണെങ്കിൽ അവ നിന്നെ പിന്തുടരും, നിന്നിലെ സുഗന്ധമാണ് അവയെ നയിക്കുക എന്ന് ലൈലയോട് മജ്നു ഒരിക്കൽ പറയുന്നുണ്ട്. സ്ത്രീ ശരീരത്തെ ഓറിക്‌സ്, പെൺമുയൽ, ആനക്കൊമ്പിന്റെ മാർദവം, വെള്ളി, ശുദ്ധജലം, മണൽക്കുന്നുകൾ, (And underneath the two (breasts) are two compacted sand dunes, which have been struck by droplets of rain from Gemini-മണൽക്കുന്നും സ്ത്രീ ശരീരവുമായുള്ള ബന്ധം ഇങ്ങിനെ കടന്നു വരുന്നു) മുന്തിരി, വീഞ്ഞ്, സൂര്യൻ, ചന്ദ്രൻ എന്നീ രൂപകങ്ങളുപയോഗിച്ചാണ് വർണ്ണിക്കുന്നത്. ഉദ്‌രി കവിതകളിലെ നായികമാരായ ലൈല, ലുബ്ന, ബുസൈന, അഫ്ര, അസ്സ എന്നിവരുടെ ശരീര വർണ്ണന നല്ല ഉയരം, വെളുപ്പ്, വലിയ കണ്ണുകൾ, നീണ്ട കഴുത്ത്, സമൃദ്ധ മാറിടം, ഇടുങ്ങിയ അരക്കെട്ട്, സമൃദ്ധ നിതംബം, തടിച്ച കാലുകൾ എന്നിങ്ങനെയാണ്. പ്രീ ഇസ്​ലാമിക്ക് കാലത്തെ കവിതയിലെ ഫാത്തിമ, അബ്‌ല എന്നീ നായികമാരുടെ ശരീര വർണ്ണനയും ഇമ്മട്ടിൽ തന്നെ. പുരുഷൻ സ്ത്രീ ശരീരത്തെ വർണിക്കുന്ന എല്ലാ സാഹിത്യത്തിലും സംഭവിച്ചിട്ടുള്ള ആർക്കിടൈപ്പിംഗ് തന്നെയാണ് അറബി കവിതയിലും പ്രത്യേകിച്ച് ഉദ്‌രി പാരമ്പര്യത്തിലും സംഭവിച്ചിട്ടുള്ളത്. പുരുഷനെ വർണ്ണിക്കുന്നത് പുരുഷൻ തന്നെയാണെന്നതും ഓർക്കേണ്ട കാര്യമാണ്.

സ്ത്രീകളെ വർണിക്കാൻ അറബി ഭാഷയിൽ ഉപയോഗിക്കുന്ന വാക്കുകളുടെ ഉൽപ്പത്തി ഒട്ടകങ്ങളേയും കുതിരകളേയും കുറിച്ചു പറയുന്ന വാക്കുകളുടെ താവഴിയിൽ നിന്നു തന്നെയാണെന്ന് അറബി നിഘണ്ടു പണ്ഡിതൻ അബ്ദുൽ കരീം വിമർശന സ്വരത്തിൽ അഭിപ്രായപ്പെട്ടതിനെ ( ദഹു എന്ന പദം സ്ത്രീക്കും പെണ്ണൊട്ടകത്തിനും ഒരേ പോലെ ഉപയോഗിക്കുന്നു. ദംഖജ് എന്ന പദം വലിയ പെണ്ണൊട്ടകത്തിനും സ്ത്രീക്കും ഒരേ പോലെ ഉപയോഗിക്കുന്നു. അബ്ദുൽ കരീമിന്റെ വിമർശനത്തിന്റെ ഒരു ഉദാഹരണമാണിത്) ജോഖ പ്രതിരോധിക്കുന്നത് ഷേക്​സ്​പിയറെ ഉദ്ധരിച്ചാണ്. ഗ്രന്ഥകാരി പറയുന്നു: For instance, in Shakespeare's Othello, Iago informs Brabantio, Desdemona's father, of Desdemona's elopement with Othello: ‘Even now, very now, an old black ram is tupping your white ewe. Moreover, associating the desirable figure of a woman with the fine figure of a horse is open to more than one interpretation, for the Arab horse is certainly not built like a cart horse, rather it has elegant and slender features. ഷേക്​സ്​പിയറിനും പ്രണയത്തെ ഭ്രാന്തായി ചിത്രീകരിക്കുന്ന പ്രവണതയുണ്ടായിരുന്നുവെന്നും ജോഖ ഇതിനോട് ചേർത്തു പറയുന്നു. ആ വരികൾ ഇങ്ങനെ: Lovers and madmen have such seething brains,Such shaping fantasies that apprehendMore than cool reason ever comprehends.
ഇതോടൊപ്പം ഫുആദ്ഖൂരി ഉദ്‌രി കവിതകളെക്കുറിച്ചു നടത്തിയ പഠനത്തിൽ സ്വർഗത്തിലെ ഹൂറിമാരെ ഭൂമിയിലെ സ്ത്രീകളായി തെറ്റിദ്ധരിച്ചുവെന്ന വിമർശനവും ജോഖ ഉന്നയിക്കുന്നു.

ഉദ്‌രി കവിതകളിലെ രംഗങ്ങൾ ചിത്രങ്ങളായി അടയാളപ്പെടുത്തിയതിനെക്കുറിച്ചും പുസ്തകം പ്രതിപാദിക്കുന്നു. പ്രധാനമായും മോഹാലസ്യം എന്ന ശാരീരികാവസ്ഥ പല ചിത്രങ്ങളിലുമുണ്ട്. ലൈലയും മജ്നുവും ഒരു തമ്പിൽ എത്തുന്നതും അവിടേക്ക് കടന്നു വന്ന സിംഹം ഒരാളെ ആക്രമിക്കുന്നതു കണ്ട് ലൈല മോഹാലസ്യപ്പെടുന്നതുമാണ് ഒരു ചിത്രത്തിലുള്ളത്. അക്കാലത്തെ അറബ്-പേർഷ്യൻ ചിത്രകലക്ക്, പിന്നീട് മുഗൾ ചിത്രകലക്കും ഈ കവിതകൾ പ്രചോദനമായിട്ടുണ്ട്. 15-ാം നൂറ്റാണ്ടിലാണ് ഈ ചിത്രങ്ങൾ രചിക്കപ്പെടുന്നത്. അക്കാലത്ത് മിനിയേച്ചർ പെയിന്റിങ്ങുകളിൽ പൂർണ്ണചന്ദ്ര മുഖം, ഇടുങ്ങിയ "ചൈന'ക്കണ്ണുകൾ, ചെറിയ വായ, വില്ലു പോലുള്ള പുരികം എന്നിവയാണ് സുന്ദരികളുടേയും സുന്ദരൻമാരുടേയും ചിത്രീകരിക്കാൻ ഒരേ പോലെ ഉപയോഗിച്ചിരുന്നത്. ഷിറാസ് സ്‌കൂൾ ഓഫ് മിനിയേച്ചർ പെയിന്റിംഗിൽ നിന്നാണ് ഈ രചനകൾ ഉണ്ടായത്. കാമുകനേയും കാമുകിയേയും വരക്കുമ്പോൾ ഉപയോഗിച്ചിരുന്ന വട്ടമുഖത്തിന് ആധാരമായിരുന്നത് ബുദ്ധ രൂപത്തിന്റെ മുഖ വട്ടമായിരുന്നുവെന്ന കൗതുകകരമായ കാര്യവും ജോഖ ചൂട്ടിക്കാട്ടുന്നു.
മനുഷ്യൻ ശരീരത്താലും ആത്മാവിനാലും നിർമ്മിക്കപ്പെട്ടിരിക്കുന്നു. ശരീരത്തെക്കുറിച്ച് എളുപ്പത്തിൽ പറയാം, ഞാൻ എന്ന് പറയുമ്പോഴാണ് ആത്മാവിന്റെ അവതരണത്തിന്റെ ആവശ്യം വരുന്നത്. കവികൾ അത് പറയാനുള്ള പദാവലി കണ്ടെത്തിയത് എങ്ങിനെ എന്നതിന് അറബി കാവ്യ സാഹിത്യത്തിൽ ഉദ്‌രി പാരമ്പര്യം പോലെ ശക്തമായ മറ്റൊന്നുണ്ടോയെന്ന് സംശയമാണെന്ന് ഗ്രന്ഥകാരി അസന്നിഗ്ധമായി പ്രഖ്യാപിക്കുന്നു. ഇബ്നു ദാവൂദിന്റെ The Book of the Flower, ഇബ്നു ഹസമിന്റെ The Ring of the Dove എന്നീ പുസ്തകങ്ങളാണ് ഗ്രന്ഥരചനയുടെ പ്രധാന ഉപാദാനമെന്നും എഴുത്തുകാരി പറയുന്നു.

പ്രണയം വിലക്കപ്പെട്ട എല്ലാ സമൂഹങ്ങളിലും പ്രണയ കവിതകളുണ്ടായിട്ടുണ്ട്. ലോകമെങ്ങും അത് കാണാം. പ്രണയത്തിനായുള്ള പൊരുതലാണ് അവയെല്ലാം രേഖപ്പെടുത്തിയിരിക്കുന്നത്.

പ്രണയ ജീവിതത്തിന്റെ അറേബ്യൻ പുസ്തകം എന്നു വിളിക്കാവുന്ന രചനയാണിത്. പ്രണയം വിലക്കപ്പെട്ട എല്ലാ സമൂഹങ്ങളിലും പ്രണയ കവിതകളുണ്ടായിട്ടുണ്ട്. ലോകമെങ്ങും അത് കാണാം. പ്രണയത്തിനായുള്ള പൊരുതലാണ് അവയെല്ലാം രേഖപ്പെടുത്തിയിരിക്കുന്നത്. അറബ്- ഇസ്​ലാമിക സമൂഹങ്ങളിലെ പ്രണയവും നിഷേധവും പൊരുതലും ബലിയുമെല്ലാം ഈ പുസ്തകത്തിന്റെ ഓരോ താളിലും നിറഞ്ഞു നിൽക്കുന്നു. ഈ വിഷയത്തെക്കുറിച്ചെഴുതുമ്പോൾ സാധാരണ അറബ് എഴുത്തുകാർ ദീക്ഷിക്കാറുള്ള വിലക്ക് മനോഭാവത്തിൽ നിന്നും പുറത്തു കടന്ന് എഴുതാൻ ജോഖ അൽഹാരിത്തിക്ക് കഴിഞ്ഞിരിക്കുന്നു എന്നത് പ്രധാനപ്പെട്ട കാര്യമാണ്. ബുക്കർ സമ്മാനത്തിന് അവരെ അർഹയാക്കിയ "സെലസ്റ്റിയൽ ബോഡീസ്' എന്ന നോവലിൽ സ്വന്തം നാടായ ഒമാനിലുണ്ടായിരുന്ന അടിമക്കച്ചവടത്തെക്കുറിച്ച് പറയാൻ കാണിച്ച ധീരത ഈ പുസ്തകത്തിൽ പ്രണയ കവിതകളെക്കുറിച്ച് എഴുതുമ്പോഴുമുണ്ട്. അത് സ്ത്രീ പുരുഷ ബന്ധങ്ങളെക്കുറിച്ച് നടക്കുന്ന ചർച്ചകളിലേക്കും വിവാദങ്ങളിലേക്കും പുതിയ വാതിൽ തുറക്കുകയും ചെയ്യുന്നു.

2020 ജനുവരിയിൽ ഈ എഴുത്തുകാരി ഒരാഴ്​ച കേരളത്തിലുണ്ടായിരുന്നു. മമ്പാട് എം.ഇ.എസ് കോളേജിൽ പ്രഭാഷണങ്ങൾക്കായാണ് അവർ വന്നത്. തിരൂരങ്ങാടി പി.എസ്.എം.ഒ കോളേജിലും ഒരു പ്രഭാഷണമുണ്ടായി. പ്രധാനമായും ഫിക്ഷനെക്കുറിച്ചാണ് സംസാരിച്ചത്. എന്നാൽ എഡിൻബറോയിൽ ഡോക്ടറൽ പഠനവിഷയം ക്ലാസിക്കൽ അറബ് കവിതയിലായിരുന്നുവെന്ന് അന്നവർ പറഞ്ഞിരുന്നു. I Have Never Touched Her: The Body in Al-Ghazal Al-'Udhri എന്നായിരുന്നു 2010ൽ പൂർത്തിയാക്കിയ തീസിസിന്റെ ശീർഷകം. ആ പഠനത്തിൽ നിന്നും കൂടുതൽ മുന്നോട്ടു പോയി പ്രണയ ശരീരം (മനസ്സു മാത്രമല്ല) എന്ന വിഷയത്തെ സമീപിക്കുകയാണ് ഈ പുസ്തകം.

സ്ത്രീയുടെ അക്കാലത്തെ യഥാർഥ പ്രണയ ശബ്ദം പുരുഷ കവികൾ അവതരിപ്പിച്ചു തന്നെയായിരുന്നുവോ എന്ന ചോദ്യത്തിലേക്ക് എന്തായാലും ഈ പുസ്തകം പോകുന്നില്ല. ആ പരിമിതി ഒരു പക്ഷെ അവർ ഈ വിഷയത്തിൽ തുടരുന്ന ഗവേഷണങ്ങളിലൂടെ മറികടക്കപ്പെട്ടേക്കും എന്നു പ്രതീക്ഷിക്കാം. സാബ്രി ഹാഫീസ് എഴുതിയ ആമുഖം ഇത്തരത്തിലുള്ള സൂചനകൾ കൂടി അടങ്ങിയതാണ്. ▮


​വായനക്കാർക്ക് ട്രൂകോപ്പി വെബ്‌സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കാം.​


വി. മുസഫർ അഹമ്മദ്​

കവി, വിവർത്തകൻ, യാത്രികൻ, ‘കേരളീയം’ മാസികയുടെ എഡിറ്റർ. ​​​​​​​മരുഭൂമിയുടെ ആത്മകഥ, മരുമരങ്ങൾ, മരിച്ചവരുടെ നോട്ടുപുസ്​തകം, കുടിയേറ്റക്കാരന്റെ വീട്​ തുടങ്ങിയവ പ്രധാന പുസ്​തകങ്ങൾ.

Comments