Jean-Antoine Watteau ന്റെ 'ദ ലവ് സോങ്' എന്ന പെയിന്റിങ്

പ്രേമമെന്നാലെന്താണ് പെണ്ണേ, അത്...

""പ്രേമമെന്നാലെന്താണ് പെണ്ണേ? അത്...''
അത് ഓരോരുത്തർക്കും ഓരോന്നല്ലേ.
വീറ്റാ സാക്ൾവിൽ-വെസ്റ്റിന് കാമുകിയായ വർജീനിയ വുൾഫിനെ അടുത്ത തവണ കാണാനായി കാത്തിരിക്കേണ്ടി വരുന്ന 4,80,000 സെക്കൻഡുകളാണ് പ്രേമം. സ്റ്റെൻദാലിന് അത് അൽബാനോ നദിയുടെ തീരത്ത് തന്റെ സ്‌നേഹം തിരിച്ചുനൽകാതിരുന്ന കാമുകിമാരുടെ പേരിന്റെ ആദ്യാക്ഷരങ്ങൾ പൊടിയിൽ ചൂരൽവടികൊണ്ട് കോറിയിട്ട് നെടുവീർപ്പിടുന്നതായിരുന്നു. തനിക്ക് പ്രേമിക്കാൻ കിട്ടാതിരുന്ന, തന്നേക്കാൾ പതിനഞ്ചുവയസ്സ് മൂപ്പുള്ള നഥേനിയൽ ഹോത്തോൺ എന്ന അതിസുന്ദരനായ എഴുത്തുകാരൻ ചങ്ങാതിക്ക് മോബി-ഡിക്ക് എന്ന മാസ്റ്റർപീസ് സമർപ്പിക്കുന്നതായിരുന്നു ഹെർമൻ മെൽവില്ലിന് പ്രേമം.

ജോയ്‌സ് കാറൊൾ ഓട്ട്‌സിന് അത് വാക്കുകളും ഉടലുകളും മാത്രമാണ്.
നമുക്കും നമ്മുടേതായ സങ്കൽപമുണ്ട്. അതുപോലെ വായന ജീവിതത്തിന്റെ ഭാഗമായ ഏതൊരാൾക്കും പ്രണയത്തിന്റെ ഒരു സ്വകാര്യ ലൈബ്രറിയുണ്ടാകും. ഈ വാലന്റയിൻ വാരത്തിൽ, എന്റെ സ്വകാര്യ ലൈബ്രറിയിൽനിന്ന് ഏതാനും ഏടുകൾ പരിഭാഷപ്പെടുത്തുന്നു. കാരണം: "പ്രണയത്തെപ്പറ്റി ഒരിക്കലും പറഞ്ഞുകേട്ടിട്ടില്ലെങ്കിൽ ഒരിക്കലും പ്രണയത്തിലകപ്പെടാനിടയില്ലാത്ത മനുഷ്യരുമുണ്ട്' എന്ന് പതിനേഴാം നൂറ്റാണ്ടിലൊരു ഫ്രഞ്ച് ചിന്തകൻ പറഞ്ഞിട്ടുള്ളത് മറക്കാതിരിക്കാൻ.

ഗോൾവെ കിന്നെൽ

1. ഗോൾവെ കിന്നെൽ

അവസാനത്തെ ദൈവങ്ങൾ

വെള്ളത്തിൽ ഏതാനും വാരകൾ അകലെ
അവൾ ഒരു പാറക്കല്ലിൽ നഗ്‌നയായി ഇരിക്കുന്നു.
അയാൾ ബെറിപ്പഴങ്ങൾ പറിച്ച്
തീരത്ത് നിൽക്കുന്നു, അയാളും നഗ്‌നനാണ്.
അവൾ വിളിച്ചു. അയാൾ തിരിഞ്ഞു.
തന്റെ മഹാസൗന്ദര്യം അവനെക്കാണിച്ച്
അവൾ കാലുകൾ തുറന്നു, ചിരിച്ചു,
ലോകത്തിന്റെ രണ്ടറ്റങ്ങളെ
കെട്ടിനിറുത്തിയിരിക്കുന്നപോലുള്ള
ചുണ്ടുകളുടെ വില്ല്.
അവളുടെ പ്രതിബിംബത്തെ
നീർനുറുങ്ങുകളാക്കി
അയാൾ വെള്ളത്തിലൂടെ തുഴഞ്ഞുനടന്ന്
അവൾക്ക് മുന്നിൽ നിന്നു,
ഇലക്കൂട്ടങ്ങളിലും അടിച്ചേറിലും
കണങ്കാലുകൾ പുതഞ്ഞുകാണുന്ന ലോകത്തിന്റെ ഇഴുകൽ.
മഞ്ഞുടുപ്പണിഞ്ഞ ഒരു ബെറിപ്പഴം അയാൾ
അവളുടെ വായിലിട്ടു കൊടുത്തു.
അവളത് വിഴുങ്ങി. അയാൾ ഒന്നുകൂടിയിട്ടു.
അവളത് വിഴുങ്ങി. പൊയ്കയ്ക്ക് മീതെ
രണ്ടു മീവൽപ്പക്ഷികൾ മിന്നിത്തുള്ളിപ്പറന്നു,
ഒരാളൊരു പ്രാണിയെ പിടിച്ചപ്പോൾ
ഇരുവരും ചുഴലിപ്പാറി കൂടുതൽ ഉയരങ്ങളിലേക്ക്.
ദൈവങ്ങളുടെ നീലരക്തമല്ല
ചോരയാണ് അയാൾക്കുള്ളിൽ വെമ്പുന്നത്.
അവൾ അയാളെയെടുത്ത് വെമ്പിനിൽക്കുന്നതിനെ
ഈമ്പിക്കുടിച്ചു. അയാൾ മുട്ടുകുത്തി
സ്വർഗ്ഗത്തെ പാതാളവുമായി കോർക്കുന്ന
കുത്തനെ ചിരിക്കുന്ന നിഗൂഢമായ ചിരിയെ തുറന്നു,
അവളുടെ ഏറ്റവും നേർമ്മയുള്ള ചർമ്മത്തെ
അതിലും നേർമ്മയോടെ നക്കിയെടുത്തു.
പാറയ്ക്കുമേൽ അവർ ഒന്നായി.
എവിടെയോ ഒരു തവള കരയുന്നു, കാക്ക വിളിക്കുന്നു,
അവരുടെ ശരീരത്തിലെ രോമങ്ങൾ
എഴുന്നുവിറച്ചു.
വിട്ടുപോകാൻ കൂട്ടാക്കാതെ
മരണം വരിച്ച,
ആനന്ദത്താൽ വിറകൊണ്ട് നുറുങ്ങുകളായി ചിതറിയ,
സ്വന്തം നിലവിളികൾ മനുഷ്യരുടെ നെഞ്ചകങ്ങൾക്ക് ദാനം ചെയ്ത
അവസാനത്തെ ദൈവങ്ങളുടെ ഭാഷയിൽ
അവർ കരഞ്ഞു.
ഇപ്പോൾ പൊയ്കയിൽ
ഒഴുകുന്നു, രണ്ടു മുഖങ്ങൾ,
എല്ലാം വ്യാഖ്യാനിക്കുന്ന,
എല്ലാ ദിക്കുകളിലേക്കും പടരുന്ന
മാതൃഭാവമുള്ള മഹാപൈൻമരത്തെ നോക്കിക്കൊണ്ട്.1990

വീസ്വാവ ഷിംബോർസ്‌ക

2. വീസ്വാവ ഷിംബോർസ്‌ക

രിക്കൽ ഒരു ഫ്രഞ്ച് വനിതാ മാസിക വിശ്വാസവഞ്ചന കാണിച്ച ഭർത്താക്കന്മാരോട് ഇങ്ങനെയൊരു ചോദ്യം ഉന്നയിച്ചു: ""ഏത് സാഹചര്യത്തിലാണ് നിങ്ങൾ ആദ്യമായി ഭാര്യയെ വഞ്ചിച്ചത്?''
ഇപ്പോൾ ആ പുസ്തകം കണ്ടുപിടിക്കാൻ കഴിയാത്തതിനാൽ എന്റെ സ്വന്തം വാക്കുകളിൽ അത് ഞാൻ പറയാം. ഒരു യോഗ്യൻ മനസ്സ് തുറന്നു: അത്യാവശ്യം നല്ല കച്ചവടമുള്ള, പുരാതന സാധനങ്ങൾ വിൽക്കുന്ന ഒരു കടയുടെ ഉടമയാണ് ഞാൻ. അതീവസുന്ദരിയാണ് എന്റെ ഭാര്യ; തന്റെ രൂപത്തെ നന്നായി പരിപാലിക്കാനും വിദഗ്ധമായി അതിനെ എടുത്തുകാണിക്കാനും അവൾക്കറിയാം. ഹൃദ്യവും ഉചിതവുമായ വസ്ത്രധാരണം. കുട്ടികൾക്ക് നല്ല പാഠങ്ങൾ പറഞ്ഞുകൊടുത്ത്, അവൾ അവരെ എല്ലാ നല്ല ഗുണങ്ങളുമുള്ളവരായി വളർത്തുന്നു. അവൾക്ക് നന്ദി, വീട്ടിൽ എല്ലാം സുഗമമായി നടക്കുന്നു. ഓരോന്നിനും അതാതിന്റെ ഇടമുണ്ട്, എല്ലായിടവും വൃത്തിയിൽ വെട്ടിത്തിളങ്ങും.

വീട്ടിൽ വെക്കുന്ന ഭക്ഷണത്തിന് നല്ല രുചിയാണ്, കാലൊറിക്കണക്കെല്ലാം കൃത്യം, വിളമ്പുന്നതോ സമയത്തിന് നല്ല കലാചാതുരിയോടെ. മാത്രമല്ല, എന്റെ ഭാര്യ മുൻകരുതലും വകതിരിവും ഉള്ളവളാണ്, അതുകൊണ്ട് ഏത് അവസ്ഥയെയും അവൾ സമർത്ഥമായി അതിജീവിക്കും. ഞാൻ യോജിച്ച ജീവിതപങ്കാളിയെ കണ്ടെത്തിയെന്ന് എന്റെ സുഹൃത്തുക്കൾ കരുതി. എനിക്കും അതേ അഭിപ്രായമായിരുന്നു - ഒരു ദിവസം എന്റെ കടയിലേക്ക് ആ പെൺകുട്ടി കടന്നുവരുന്നതുവരെ. അവൾ പ്രത്യേകിച്ച് സുന്ദരിയോ ആകർഷകത്വമുള്ളവളോ ആയിരുന്നില്ല, വിലക്കിഴിവിൽ വാങ്ങിച്ച ഭംഗിയില്ലാത്ത വസ്ത്രമായിരുന്നു അവളുടേത്. ജാക്കറ്റിന്റെ ഒരു കുടുക്ക് പോയിട്ടുണ്ട്, കാലിൽ വൃത്തിയില്ലാത്ത ഷൂസ്. ജാലകത്തിൽ ഇരുന്നിരുന്ന ഒരു നെക്ലസിന്റെ വില അവൾ മടിച്ചുമടിച്ച് ചോദിച്ചു. വലിയ വിലയുള്ള ഒന്നായിരുന്നില്ല അത്, എങ്കിലും അവൾക്കത് കൂടുതലായിരുന്നു.

അവൾ പോകാൻ തുടങ്ങുമ്പോഴാണ് പെട്ടെന്ന്, അശ്രദ്ധമായൊരു ചലനത്താൽ, അമൂല്യമായൊരു ചൈനീസ് പൂപ്പാത്രത്തെ താങ്ങിനിറുത്തിയിരുന്ന ഒരു തൂണിൽച്ചെന്ന് അവൾ തട്ടിയത്. പൂപ്പാത്രം കഷണങ്ങളായി ചിതറിത്തെറിച്ചു. പേടിയോടെ അവൾ ആദ്യം എന്നെയും പിന്നെ ഉടഞ്ഞുകിടക്കുന്ന നുറുങ്ങുകളിലേക്കും നോക്കി - എന്നിട്ട് നിലത്തേക്ക് ആഞ്ഞുവീണ് ഒരു കുഞ്ഞിനെപ്പോലെ നിലവിളിക്കാൻ തുടങ്ങി. മിണ്ടാൻ പറ്റാതെ തരിച്ചുനിൽക്കുകയായിരുന്നു ഞാൻ, എന്നാൽ എന്റെ മനസ്സിലൂടെ പലതരം ചിന്തകൾ ഒഴുകി. ഉദാഹരണത്തിന്, എന്റെ ഭാര്യ ഒരിക്കലും ഒന്നിലും ചെന്ന് തട്ടിയിട്ടില്ല. അവൾ കരയുന്നത് ഒരിക്കൽപ്പോലും ഞാൻ കണ്ടിട്ടില്ല. ഇനിയഥവാ അവൾ കരഞ്ഞാൽതന്നെ, അത് നിലത്ത് കിടന്നുകൊണ്ടായിരിക്കില്ല. അവളുടെ കണ്ണുനീർ പളുങ്കുപോലെ തെളിഞ്ഞതുമായിരിക്കും, കാരണം ___ എന്ന പ്രസിദ്ധമായ കമ്പനി നിർമ്മിക്കുന്ന മസ്‌കാര മാത്രമേ അവൾ ഉപയോഗിക്കാറുള്ളൂ. വികാരാധീനനായ ഞാൻ അവൾക്കരികിൽ മുട്ടുകുത്തിയിരുന്ന് അവളെ ആലിംഗനം ചെയ്ത്, എന്റെ തൂവെള്ളത്തൂവാലകൊണ്ട് അവളുടെ കറുത്ത കണ്ണീർച്ചാലുകൾ തുടച്ചുകൊടുത്തു... അങ്ങനെയാണ് എല്ലാം തുടങ്ങിയത്, വഴിതെറ്റിപ്പോയ പുരാവസ്തു കച്ചവടക്കാരൻ തന്റെ അവസാനത്തെ വാചകത്തിൽ നെടുവീർപ്പുതിർത്തു.

സി. പി. കവാഫി

3. സി. പി. കവാഫി

മധ്യാഹ്നസൂര്യൻ

മുറി, എത്ര പരിചിതമാണെനിക്ക്.
ഇപ്പോളവർ ഇതും ഇതിനടുത്തതും
വാടകയ്ക്ക് കൊടുത്തിരിക്കുകയാണ്,
വ്യാപാരാവശ്യങ്ങൾക്കായി.
കെട്ടിടം മുഴുവനിപ്പോൾ
ദല്ലാളന്മാരുടെയും കച്ചവടക്കാരുടെയും കമ്പനികളുടെയും
ജോലിസ്ഥലങ്ങളായി തീർന്നിരിക്കുന്നു.

ഹാ ഈ മുറി, എത്ര പരിചിതമാണെനിക്ക്.

ദാ ഇവിടെ, വാതിലിനടുത്തായിരുന്നു ചാരുകട്ടിൽ,
അതിനു മുന്നിലായി ഒരു തുർക്കിഷ് പരവതാനി;
തൊട്ടടുത്ത്, രണ്ടു മഞ്ഞ പൂപ്പാത്രങ്ങളോടു കൂടിയൊരു ഷെല്ഫ്.
വലതുവശത്ത് - അല്ല, നേരെ മുന്നിൽ, കണ്ണാടി പതിച്ചൊരു ചുവരലമാര.
മധ്യത്തിൽ, അവൻ എഴുതാറുള്ള മേശ;
മൂന്നു വലിയ ചൂരൽക്കസാലകളും.
ജനലിനടുത്തായിരുന്നു കിടക്ക
അവിടെ
എത്രവട്ടം ഞങ്ങൾ സ്‌നേഹിച്ചു കിടന്നു.

പാവംപിടിച്ച ആ പഴയ സാധനങ്ങൾ ഇപ്പോഴും ഇവിടെയെവിടെയെങ്കിലുമുണ്ടാകും.

ജനലിനടുത്തായിരുന്നു കിടക്ക:
മധ്യാഹ്നസൂര്യൻ പകുതിയോളം കയറിവരും.

...ഒരു മധ്യാഹ്നത്തിൽ നാലു മണിക്ക്
ഒരൊറ്റയാഴ്ചത്തേക്കായി പിരിഞ്ഞതാണ് ഞങ്ങൾ ... കഷ്ടം,
ആ ആഴ്ച എന്നെന്നേക്കുമായി നീണ്ടുപോയി.1919

വാൽട്ടർ ബെന്യാമീൻ

4. വാൽട്ടർ ബെന്യാമീൻ

വെടിക്കോപ്പുകൾ

രു പെൺസുഹൃത്തിനെ കാണാൻ റീഗയിൽ എത്തിയതായിരുന്നു ഞാൻ. അവളുടെ വീട്, നഗരം, ഭാഷ -എല്ലാം എനിക്ക് അപരിചിതമായിരുന്നു. ആരും എന്നെ പ്രതീക്ഷിക്കുന്നുണ്ടായിരുന്നില്ല; ആർക്കും എന്നെ അറിയില്ല. രണ്ടു മണിക്കൂർ ഞാൻ തെരുവിൽ തനിച്ച് നടന്നു. അങ്ങനെ ഞാൻ അവയെ പിന്നീടൊരിക്കലും കണ്ടിട്ടില്ല. ഓരോ പടിവാതിൽക്കൽനിന്നും ഒരു തീനാളം മുന്നോട്ടു ചാടി; ഓരോ മൂലക്കല്ലിൽനിന്നും സ്ഫുലിംഗങ്ങൾ ചിതറി, ഓരോ ട്രാമും അഗ്‌നിശമനസേനയുടെ വണ്ടിപോലെ എന്റെ നേർക്ക് കുതിച്ചു. കാരണം അവൾ പടിവാതിൽ കടന്ന്, മൂല തിരിഞ്ഞ്, ട്രാമിൽ ഇരിക്കുന്നുണ്ടാവാം. എന്നാൽ ഞങ്ങൾ രണ്ടുപേർക്കുമിടയിൽ, എന്തു വിലകൊടുത്തും, ഞാനായിരിക്കണം അവളെ ആദ്യം കാണേണ്ടത്. കാരണം തന്റെ നോട്ടത്തിലെ ജ്വലനം അവൾ എന്റെ നേരെ വീഴ്ത്തിയിരുന്നെങ്കിൽ, ഞാൻ ഒരു വെടിമരുന്നുശാലപോലെ പൊട്ടിത്തെറിച്ചേനെ.1928

ജാക്ക് ഗിൽബെർട്ട്

5. ജാക്ക് ഗിൽബെർട്ട്

പ്രണയികൾ

ത്ര വികാരതീവ്രതയുള്ളവരാണ് തങ്ങളെന്ന്
ആണുങ്ങൾ ആത്മപ്രശംസ നടത്തുന്നത് കേൾക്കുമ്പോൾ,
ബിയർ സുലഭമായി ഒഴുകിയിരുന്ന ഒരു പാർട്ടിയിൽനിന്ന് വരുന്ന ഒരുവനെ
രണ്ടാംനിലയിലെ ജനാലയ്ക്കൽനിന്ന് നോക്കിനിൽക്കുന്ന
രണ്ടു തൂപ്പുകാരിപ്പെണ്ണുങ്ങളെ ഞാൻ ഓർക്കും.
ഒന്ന് മൂത്രമൊഴിക്കാനായി അയാൾ
കെട്ടിടങ്ങൾ കയറിയിറങ്ങുകയാണ്. "എന്റെ ദൈവമേ,'
ഉയരമുള്ള സ്ത്രീ പറഞ്ഞു, ""ഉറപ്പായും ഇവൻ
വാസ്തുവിദ്യയിൽ താല്പര്യമുള്ളവൻതന്നെ.''1992

വാസ്കോ പോപ്പ

6. വാസ്‌കോ പോപ്പ

പ്രലോഭകൻ

രാൾ കസേരയുടെ കാലിൽ തഴുകിത്തഴുകിനിന്നു
കസേരയിളകി കാൽകൊണ്ട്
നാണത്തോടെ അയാൾക്കൊരു നോട്ടം കൊടുക്കുംവരെ

മറ്റൊരാൾ താക്കോൽദ്വാരത്തെ ഉമ്മവെച്ചു
ഉമ്മവെച്ചുമ്മവെച്ച് ആഹ് എങ്ങനെയൊക്കെയുമ്മ
ഒടുവിൽ താക്കോൽദ്വാരം ഉമ്മ തിരിച്ചുകൊടുക്കുംവരെ

മൂന്നാമൻ ഒരുവശത്തേക്ക് മാറി
രണ്ടുപേരെയും അത്ഭുതത്തോടെ നോക്കി
തല ആട്ടിയാട്ടി നിന്നു

ഒടുവിൽ അത് താഴേക്കു വീഴുംവരെ

7. മാർഷ്യൽ

IX: 21 (സ്വതന്ത്രാനുവാദം)

കാലിയഡോറസിൽ നിന്ന് ഒരു ചെറുക്കനെ വാങ്ങാൻ
ആർടെമിഡോറസ് തന്റെ നിലം വിറ്റു.
ഇപ്പോൾ രണ്ടുപേരും തൃപ്തരാണ്:
അവർക്ക് ഉഴുതുമറിക്കാൻ പുത്തൻ നിലങ്ങളുണ്ടല്ലോ!

എ.ഡി ഒന്നാം നൂറ്റാണ്ട്

​▮

Comments