ന്യൂയോർക്കിൽ കുത്തേറ്റുവീണ റുഷ്​ദിക്ക്​ പ്രഥമശുശ്രൂഷ നൽകുന്നു

മൂന്നു പതിറ്റാണ്ടിനുശേഷം
​ഒരു ‘ഫത്‌വ' കൊലക്കത്തിയായി വന്നപ്പോൾ

ലോകമാകെ പടരുന്ന ലിഖിതവും അലിഖിതവുമായ വധശാസനകളും ഗ്രന്ഥവിലക്കുകളും ലിബറൽ ഇടത്തെ അനുദിനം ശോഷിപ്പിക്കുന്നു എന്നു മാത്രമല്ല, ലിബറൽ എഴുത്തുകാർ പോലും ഇത്തരം ഫത്‌വകളെ ആന്തരികവൽക്കരിച്ച് സ്വയം സെൻസർഷിപ്പിനുമുതിരുന്ന അഭിശപ്തകാലവുമാണിത്.

1989 ഫെബ്രുവരി 14നാണ് ഇറാന്റെ പരമോന്നത നേതാവായ ആയത്തുല്ല റൂഹൊല്ല ഖൊമൈനി സൽമാൻ റുഷ്ദിയെയും 1988ൽ പ്രസിദ്ധീകരിച്ച അദ്ദേഹത്തിന്റെ നോവലായ ‘ദ സാത്താനിക് വേഴ്‌സസി'ന്റെ പ്രസാധകരെയും വധിക്കാൻ ഒരു ഫത്‌വ (മതവിധിന്യായം) ഇറാൻ റോഡിയോയിലൂടെ പുറപ്പെടുവിച്ചത്. ആ ‘വിധിന്യായം' ഇങ്ങനെയായിരുന്നു: ‘‘നമ്മൾ അള്ളാവിൽനിന്ന് വന്നവരാണ്. അള്ളാവിലേക്ക് തന്നെ തിരിച്ചുപോകും. സാത്താനിക് വേഴ്‌സസിന്റെ ഗ്രന്ഥകർത്താവും അത് എഡിറ്റ് ചെയ്യുകയും പ്രസിദ്ധീകരിക്കുകയും ചെയ്ത എല്ലാവരും വധശിക്ഷക്ക് അർഹരാണ്. ലോകത്തിന്റെ ഏതു ദിക്കിലുമുള്ള ശൂരരും ധീരരുമായ മുസ്‌ലിംകൾ ഇവരെ താമസംവിനാ കൊന്നുതള്ളാൻ പ്രതിജ്ഞാബദ്ധരാണ്. മുസ്‌ലിംകളുടെ വിശുദ്ധ വിശ്വാസങ്ങളെ നിന്ദിക്കാൻ ഇനിമുതൽ ആരും ധൈര്യപ്പെടരുത്.'' റുഷ്ദിയെ വധിക്കുന്നവർ രക്തസാക്ഷികളായി നേരെ സ്വർഗത്തിലേക്ക് പോകുമെന്നും ഖൊമൈനി കൂട്ടിച്ചേർത്തു.

ഇറാൻ റുഷ്ദിക്കെതിരായ വധോദ്യമത്തെയോ അക്രമിയെയോ അപലപിച്ചില്ലെന്നുമാത്രമല്ല, ‘മതനിന്ദകനും മതപരിത്യാഗി’യുമായ ‘പിഴച്ച' റുഷ്ദിയെ വകവരുത്താൻ ശ്രമിച്ച അക്രമിയെ ‘ഭയരഹിതനും കർത്തവ്യബോധവുമുള്ളവനുമായി' ഉദ്‌ഘോഷിക്കുകയാണ് ചെയ്തത്.

ഭൂപ്രദേശങ്ങളെയും രാജ്യങ്ങളെയും കവിഞ്ഞുനിൽക്കുന്ന ഈ അഭൂതപൂർവമായ വധാഹ്വാനം പാൻ ഇസ്‌ലാമിസ്റ്റ് മതോന്മാദവും വികാരവിജ്രംഭിതത്വവും ആളിക്കത്തിക്കാനുള്ള ബോധപൂർവ ശ്രമമായിരുന്നു. റുഷ്ദിയുടെ നോവൽ പ്രസിദ്ധീകരിച്ച് ഒരു പതിറ്റാണ്ടിനുശേഷം പിറന്ന അമേരിക്കൻ പൗരനും ലബനൻ വംശജനുമായ ഒരു 24കാരൻ, 33 വർഷം മുമ്പ് പുറപ്പെടുവിച്ച ആ ഫത്‌വയുടെ കൊലക്കത്തി, ന്യൂയോർക്കിൽ വച്ച് റുഷ്ദിയുടെ കഴുത്തിലും നെഞ്ചിലും വയറ്റിലുമായി കുത്തിയിറക്കി. പാൻ ഇസ്‌ലാമിസ്റ്റ് മതഭീകരവാദത്തിന് ഒരു ആഗോളമാനമുണ്ട് എന്നതിന്റെ സുവ്യക്തവും സ്പഷ്ടവുമായ നിദർശനമാണ് ഈ ലബനീസ് വംശജനായ അമേരിക്കൻ പൗരന്റെ വധോദ്യമം. വധശ്രമത്തിന് മുതിർന്ന വ്യക്തിയുടെ സമൂഹമാധ്യമപോസ്റ്റുകളിൽ ഖൊമൈനി- ഇറാൻ അനുകൂല പോസ്റ്റുകൾ ധാരാളമുണ്ടായിരുന്നു.

ആയത്തുല്ല റൂഹൊല്ല ഖൊമൈനി

ഇറാൻ പക്ഷേ, റുഷ്ദിക്കെതിരെ നടന്ന വധോദ്യമത്തെയോ അക്രമിയെയോ അപലപിച്ചില്ലെന്നുമാത്രമല്ല, ‘മതനിന്ദകനും മതപരിത്യാഗി’യുമായ ‘പിഴച്ച' റുഷ്ദിയെ വകവരുത്താൻ ശ്രമിച്ച അക്രമിയെ ‘ഭയരഹിതനും കർത്തവ്യബോധവുമുള്ളവനുമായി' ഉദ്‌ഘോഷിക്കുകയാണ് ചെയ്തത്. റുഷ്ദിയും അദ്ദേഹത്തെ പിന്തുണക്കുന്നവരുമാണ് ഇതിനുത്തരവാദികൾ എന്നാണ് ഇറാൻ വിദേശകാര്യമന്ത്രാലയം പ്രതികരിച്ചത്. 1980- 88 കാലത്ത് നടന്ന ഇറാൻ- ഇറാഖ് യുദ്ധത്തെതുടർന്ന്​ രൂക്ഷമായ തൊഴിലില്ലായ്മയിലും വിലക്കയറ്റത്തിലും പണപ്പെരുപ്പത്തിലും അസ്വസ്ഥരായ ഇറാനിലെ ജനങ്ങളെ ഈ ദുരിതങ്ങളിൽനിന്ന് ശ്രദ്ധ തിരിക്കാനുള്ള പിടിവള്ളിയായിരുന്നു ഖൊമൈനിയുടെ ഫത്‌വ.

മതനിന്ദയെക്കുറിച്ചും മതപരിത്യാഗത്തെക്കുറിച്ചും ആഴത്തിൽ അന്വേഷിച്ച ഇസ്‌ലാമിക പണ്ഡിതന്മാർ മുന്നോട്ടുവച്ച നിരീക്ഷണങ്ങൾ ഈ സന്ദർഭത്തിൽ പ്രസക്തമാണ്.

എന്നാൽ, രണ്ട് വ്യാഴവട്ടം മുമ്പ്, 1998ൽ ഇറാന്റെ വിദേശകാര്യമന്ത്രിയായിരുന്ന കമാൽ കറാസ്സി, ന്യൂയോർക്കിൽ വച്ച്, റുഷ്ദിയെ വധിക്കാൻ ഇറാന് പരിപാടിയില്ലെന്ന് പ്രസ്താവിച്ചിരുന്നു. അദ്ദേഹം പരിഷ്‌കരണവാദിയായ മുഹമ്മദ് ഖത്തമിയുടെ മന്ത്രിസഭയിൽ അംഗമായിരുന്നു. ഈ പ്രസ്താവം പഴയ ഫത്‌വ അസാധുവാക്കുന്നതാണെന്ന് തീർപ്പിലെത്തിയ ബ്രിട്ടൻ, ഇറാനുമായുള്ള നയന്ത്രബന്ധം സാധാരണ നിലയിലാക്കി. എന്നാൽ, രണ്ടുതവണ ഇറാന്റെ ഭരണം കൈയാളിയശേഷം 2005ൽ തീവ്രനിലപാടുള്ള ഷിയ ഇസ്‌ലാമിസ്റ്റുകൾ ഇറാനിൽ പിടിമുറുക്കി. പിന്നീട് ഇറാന്റെ പരമോന്നത മതമേലധ്യക്ഷനായ ആയത്തുല്ല അലി ഖൊമൈനി ‘റുഷ്ദി മതനിന്ദകനാണെന്നും ഇസ്‌ലാമിലെ അനുശാസനങ്ങൾക്കനുസരിച്ച് വധിക്കപ്പെടേണ്ടവനാണെന്നും' വീണ്ടും ആവർത്തിച്ചു. 2019ലെ ഒരു ട്വിറ്റർ പോസ്റ്റിൽ ഈ രണ്ടാം ഖൊമൈനി പഴയ ഫത്‌വ ‘സുദൃഢവും മാറ്റാനാകാത്തതു'മാണെന്ന് കുറിക്കുകയും ചെയ്തു. ഇത് റുഷ്ദിയുടെ ചുറ്റും ഉരുണ്ടുകൂടിയിരുന്ന കാളമേഘങ്ങളെ കനപ്പിച്ചെങ്കിലും അദ്ദേഹം എഴുത്ത് തുടർന്നു.

ബന്ധനസ്ഥനായ എഴുത്തുകാർക്ക് ഭാവനക്ക്​ ജന്മം കൊടുക്കാൻ കഴിയില്ലെന്ന ജോർജ് ഓർവെല്ലിന്റെ തെറ്റായ പ്രമാണവാക്യത്തിനെതിരെയായിരുന്നു റുഷ്ദിയുടെ പിന്നീടുവന്ന സൃഷ്ടികൾ

ഒരു പതിറ്റാണ്ട്​ ഒളിവിലും പിന്നീട് കുറെയൊക്കെ സ്വതന്ത്രമായി പുറത്തും കഴിഞ്ഞ നാളുകളിലാണ് റുഷ്ദിയുടെ പല മികച്ച രചനകളും പുറത്തുവന്നത്. ബന്ധനസ്ഥനായ എഴുത്തുകാർക്ക് ഭാവനക്ക്​ ജന്മം കൊടുക്കാൻ കഴിയില്ലെന്ന ജോർജ് ഓർവെല്ലിന്റെ തെറ്റായ പ്രമാണവാക്യത്തിനെതിരെയായിരുന്നു റുഷ്ദിയുടെ പിന്നീടുവന്ന സൃഷ്ടികൾ. 2021ൽ പുറത്തുവന്ന ‘ദ ലാംഗ്വേജസ് ഓഫ് ട്രൂത്ത്' ഒരുദാഹരണം. ഈ വധശ്രമത്തിന് ഒരാഴ്ച മുമ്പ് ഇന്ത്യയിലെ ഫാസിസ്റ്റ് സമാന ഹിന്ദുത്വ ഭരണകൂടം നടത്തുന്ന മനുഷ്യാവകാശ- പൗര- ന്യൂനപക്ഷ വിരുദ്ധ വിധ്വംസകവൃത്തികളെ അപലപിച്ച് റുഷ്ദിയും സമാനമനസ്‌കരായ പ്രശസ്ത എഴുത്തുകാരും പുതിയ രാഷ്ട്രപതിക്ക് അവരവരുടെ വീക്ഷണങ്ങൾ ശക്തമായി വെവ്വേറെ അവതരിപ്പിച്ച് കത്ത് അയച്ചിരുന്നു.

എസ്. ഇർഫാൻ ഹബീബ് എഴുതുന്നു: ‘‘ശരീഅത്ത് ആണ് മാറ്റത്തിനുള്ള ഏറ്റവും വലിയ തടസ്സം.’’

മതനിന്ദയും ഖുർആനും വ്യാഖ്യാനങ്ങളും

മതനിന്ദയെക്കുറിച്ചും മതപരിത്യാഗത്തെക്കുറിച്ചും ആഴത്തിൽ അന്വേഷിച്ച ഇസ്‌ലാമിക പണ്ഡിതന്മാർ മുന്നോട്ടുവച്ച നിരീക്ഷണങ്ങൾ ഇത്തരുണത്തിൽ പ്രസക്തമാണ്. താരീഖ് റമദാൻ ‘ദ മീനിങ്‌സ് ഓഫ് ദ ലൈഫ് ഓഫ് പ്രോഫറ്റ് മുഹമ്മദ്' എന്ന ഗ്രന്ഥത്തിൽ എഴുതുന്നു: ‘‘പ്രവാചകനായ മുഹമ്മദ് അപ്രമാദിത്വം അവകാശപ്പെട്ടിരുന്നില്ല. വിമർശനങ്ങൾക്ക് താൻ അതീതനാണെന്ന് അദ്ദേഹം ഒരിക്കലും വാദിച്ചിരുന്നില്ല. അദ്ദേഹം മറ്റുള്ളവർ പറയുന്നത് കേട്ടു. അവരുമായി സംവാദത്തിലേർപ്പെട്ടു. അവരുടെ കാഴ്ചപ്പാട് മനസ്സിലാക്കാൻ പരിശ്രമിച്ചു. തന്റെ അപൂർണതയിലും വീഴ്ചകളിലും പ്രവാചകൻ ഇടവിടാതെ ജാഗ്രത പുലർത്തി. ദിവസേന തന്റെ കുറവുകളിലും ദോഷങ്ങളിലും നോട്ടപ്പിഴകളിലും മാപ്പ് തരാൻ അദ്ദേഹം ദൈവത്തോട് അഭ്യർഥിച്ചു. അദ്ദേഹം സ്‌നേഹിച്ചു, അദ്ദേഹം പൊറുത്തു, മാപ്പു കൊടുത്തു. ഏതെങ്കിലും പുരുഷനോ സ്ത്രീയോ തങ്ങൾക്ക് പിശകുപറ്റി എന്നുപറഞ്ഞ് പ്രവാചകനെ സമീപിച്ചാൽ ആ തെറ്റ് എത്ര ഗൗരവതരമായിരുന്നാലും അദ്ദേഹം അവരുടെ അന്തഃകരണത്തെ ഗ്രഹിക്കുകയും അവളെയോ അവനെയോ മാപ്പിന്റെ മാർഗം കാണിക്കുകയും ചെയ്തു.''

ഏദ് ഹുസൈൻ

‘ദ ഹൗസ് ഓഫ് ഇസ്‌ലാം: എ ഗ്ലോബൽ ഹിസ്റ്ററി' എന്ന ഗ്രന്ഥത്തിൽ ഏദ് ഹുസൈൻ എഴുതുന്നു: ‘‘വ്യഭിചാരികളെ കല്ലെറിഞ്ഞുകൊല്ലണമെന്ന പരാമർശം ഖുർആനിലില്ല. മതനിന്ദകരെയും മതപരിത്യാഗികളെയും വധിക്കണമെന്നോ സ്വവർഗാനുരാഗികളെ ഉയരം കൂടിയ കെട്ടിടത്തിൽനിന്ന് എറിഞ്ഞുകൊല്ലണമെന്നോ ഖുർആൻ പറയുന്നില്ല. പുരുഷന്മാർ താടി വളർത്തണമെന്നോ സ്ത്രീകൾ മുടി ചുറ്റിപ്പൊതിയണമെന്നോ ഖുർആനിലില്ല. ഇക്കാര്യങ്ങളെല്ലാം പ്രവാചകൻ പറഞ്ഞതായി ആരോപിതമായ ഹദീസുകളിലാണുള്ളത്. ഖുർആനുമായി പൊരുത്തപ്പെടാത്ത ഹദീസുകളെ ചോദ്യം ചെയ്യാനുള്ള ധൈര്യം പൊതുവേ മുസ്‌ലിംകൾക്ക് നഷ്ടമായിരിക്കുന്നു.''

എസ്. ഇർഫാൻ ഹബീബ്

എസ്. ഇർഫാൻ ഹബീബ് ഇതേ കാര്യം ഇങ്ങനെ സംക്ഷേപിക്കുന്നു: ‘‘ശരീഅത്ത് ആണ് മാറ്റത്തിനുള്ള ഏറ്റവും വലിയ തടസ്സം. ശരീഅത്ത് തത്വങ്ങളുടെ നാല് സ്രോതസ്സുകളിൽ ഒന്ന് ഖുർആനും മറ്റുള്ളവ ഖിയാസ് (മനുഷ്യ യുക്തിവിചാരം), ഇജ്മാത് (പൊതുസമ്മതം), സുന്നത്ത് (പ്രവാചകചര്യകൾ, ഉദീരണങ്ങൾ) എന്നിവയുമാണ്. പ്രവാചക വചനങ്ങളിൽ മിക്കവാറും മുഹമ്മദ് നബിയുടെ മരണശേഷം 200 കൊല്ലം കഴിഞ്ഞ് എഴുതപ്പെട്ടതാണ്. അവയിൽ പലതിനും ആധികാരകത്വമില്ല.''

അറബി ഭാഷയിൽ ശരീഅത്ത് എന്നതിന്റെ അക്ഷരാർഥം വഴി, മാർഗം എന്നാണ്. കുടിവെള്ളമുള്ള ഇടത്തേക്ക് നയിക്കുന്ന പാത എന്നൊക്കെയായിരുന്ന ആ വാക്കിന്റെ അർഥം. ഇസ്‌ലാം മതത്തിന്റെ ആവിർഭാവത്തിനുശേഷം മതാനുയായികൾ ഇസ്‌ലാമിക നിയമങ്ങളുടെയും ധാർമികതയുടെയും വഴിയായി അതിനെ കണ്ടു. അത് ദൈവത്തിന്റെ മാറ്റാൻ പറ്റാത്ത നിയമമായി നിഷ്‌കർഷിക്കപ്പെട്ടു. പക്ഷേ, സിയാവുദ്ദീൻ സർദാറിനെപ്പോലുള്ള ലിബറൽ മുസ്‌ലിം ചിന്തകർ പറയുന്നത്, ശരീഅത്ത് ഒരു ഖുർആൻ ആശയമല്ല എന്നാണ്. ഖുർആനിൽ ഈ പദം രണ്ടു പ്രാവശ്യമേ വരുന്നുള്ളൂ. അത് ദ്യോതിപ്പിക്കുന്നത് പ്രവാചകന്മാരിലൂടെ എല്ലാ ജനതകൾക്കും സമുദായങ്ങൾക്കും ദൈവം നൽകിയ മാർഗനിർദേശമായാണ്. ഇങ്ങനെ രണ്ടർഥത്തിലും ശരീഅത്ത് എന്നത് കാലാതീതമായി മാറ്റമില്ലാതെ നിലനിൽക്കേണ്ട ക്രോഡീകൃത നിയമസംഹിതയല്ലെന്ന് ‘റീഡിങ് ദ ഖുർആൻ' എന്ന ഗ്രന്ഥത്തിൽ സർദാർ വിശദീകരിക്കുന്നുണ്ട്. താലിബാനെയും അൽ ഖായ്ദയെയും ഐ.എസിനെയും പോലുള്ള രണോൽസുക ഇസ്‌ലാമിസ്റ്റുകൾ ‘ശുദ്ധ ശരീഅത്തി'ലേക്ക് മടങ്ങണമെന്ന് ആഹ്വാനം ചെയ്യുന്നവരാണ്. ശരീഅത്ത് നിയമങ്ങൾ, പല മുസ്‌ലിം രാജ്യങ്ങളിലും പരിഷ്‌കരണത്തിന് വിധേയമാക്കിയിട്ടുണ്ടെങ്കിലും, പ്രത്യേകിച്ച് സ്ത്രീഅവകാശങ്ങളുടെ കാര്യത്തിൽ, ഇന്ത്യയിലെ ആ മേഖല ഇപ്പോഴും പ്രവേശനവിലക്കുള്ളതായി തുടരുന്നു.

ഹസ്സൻ സുരൂർ

ഹസ്സൻ സുരൂർ ‘ഹു കിൽഡ് ലിബറൽ ഇസ്‌ലാം' (2019) എന്ന ഗ്രന്ഥത്തിൽ എഴുതുന്നു: ‘‘എന്താണ് യഥാർഥ പ്രശ്‌നം? മുഴുവൻ പിഴവും ഇസ്‌ലാമിന്റെ വ്യാഖ്യാതാക്കളിൽ മാത്രം ചുമത്തേണ്ടതല്ല. തങ്ങളുടെ തീവ്രവാദ നിലപാടുകൾക്കനുസരിച്ച് കരുതിക്കൂട്ടി ദുർവ്യാഖ്യാനിക്കുന്നവരും ഇവരിൽ ഉൾപ്പെടും. ഇസ്‌ലാമിക ദൈവശാസ്ത്രത്തിൽ തന്നെ ദുർവ്യാഖ്യാനത്തിനും തെറ്റിധാരണക്കും വഴിവെക്കാൻ സാധ്യതയുള്ള പലതുമുണ്ട്. ഖുർആൻ പാഠം അനിശ്ചിതാർഥങ്ങളുടെ, അവ്യക്തതകളുടെ ഒരു കുഴിബോംബ് പ്രദേശമാണ്. തീവ്രവാദികൾക്ക് സന്ദർഭനിരപേക്ഷമായി തന്നിഷ്ടപ്രകാരം പെറുക്കിയെടുത്ത് താന്താങ്ങളുടെ ദുഷ്‌കൃത്യങ്ങളെ സാധൂകരിക്കാവുന്ന ആയത്തുകൾ (സൂക്തങ്ങൾ) അതിലുണ്ട്. യഥാർഥ സന്ദർഭത്തിൽനിന്ന് പിഴുതുമാറ്റിയാണ് അവരത് ഉപയോഗിക്കുന്നത്. അതുപോലെ, മുഹമ്മദ് നബിയുടെ വചനങ്ങളും പ്രബോധനങ്ങളുമായ ഹദീസുകളെ ഉപായങ്ങളാൽ വളച്ചൊടിക്കാനും പറ്റും. അവ ധാരാളമുണ്ട് എന്നതും പല സന്ദർഭങ്ങളിൽ ഉണ്ടായതുമാണ് എന്നതും നബിയുടെ മരണശേഷം അനേക പതിറ്റാണ്ടുകൾ കഴിഞ്ഞ് ഉണ്ടായതാണെന്നതും മാത്രമല്ല, കാരണം. അവ മിക്കപ്പോഴും യഥാതഥ സന്ദർഭത്തിൽനിന്ന് ബാഹ്യമായി ഉദ്ധരിക്കപ്പെടുന്നു എന്നതാണ് പ്രധാന പ്രശ്‌നം. ആധികാരികത്വമോ പ്രാമാണ്യമോ ഇല്ലാത്ത ധാരാളം ഹദീസുകൾ പ്രവാചകന്റെ പേരിൽ ചാർത്തപ്പെട്ടിട്ടുണ്ട്. പല ആധികാരിക ഹദീസുകൾക്കും ദുർവ്യാഖ്യാനത്താലും സാന്ദർഭികമായ പ്രമാദങ്ങളാലും ഊനം വരുത്തിയിട്ടുണ്ട്.’’

ഗ്രന്ഥകാരന്മാർക്ക് വധശിക്ഷ വിധിക്കുകയോ പുസ്തകങ്ങൾ നിരോധിക്കുകയോ എഴുത്തുകാരുടെ വായടപ്പിക്കുകയോ ചെയ്യുന്ന ‘ആയത്തുല്ലമാർ' എല്ലാ മതങ്ങളിലുമുണ്ട്.

ഗ്രന്ഥകാരന്മാർക്ക് വധശിക്ഷ വിധിക്കുകയോ പുസ്തകങ്ങൾ നിരോധിക്കുകയോ എഴുത്തുകാരുടെ വായടപ്പിക്കുകയോ ചെയ്യുന്ന ‘ആയത്തുല്ലമാർ' എല്ലാ മതങ്ങളിലുമുണ്ട്. ഇന്ത്യയിൽ കൽബുർഗിയെയും ഗൗരി ലങ്കേിഷനെയും ഗോവിന്ദ് പൻസാരെയെയും നരേന്ദ്ര ധാബോൽക്കറെയും പട്ടാപ്പകൽ വധിച്ചത് സംഘ്പരിവാറിന്റെ ഹിംസാത്മക പ്രത്യയശാസ്ത്രം അടിമുടി ഗ്രസിച്ച ഹിന്ദുത്വ നരാധമ സംഘങ്ങളാണ്. പെരുമാൾ മുരുകന്റെ ‘മാതൊരു ഭാഗനെ'തിരെയും എസ്. ഹരീഷിന്റെ ‘മീശ'ക്കെതിരെയും ചന്ദ്രഹാസമിളക്കി കലാപാന്തരീക്ഷം സൃഷ്ടിച്ചതും ഹിന്ദുത്വ പ്രഘോഷകരായ ഇന്ത്യൻ ആയത്തുല്ലമാരാണ്. ഇങ്ങനെ ലോകമാകെ നിർഭാഗ്യവശാൽ പടരുന്ന ലിഖിതവും അലിഖിതവുമായ വധശാസനകളും ഗ്രന്ഥവിലക്കുകളും ലിബറൽ ഇടത്തെ അനുദിനം ശോഷിപ്പിക്കുന്നു എന്നു മാത്രമല്ല, ലിബറൽ എഴുത്തുകാർ പോലും ഇത്തരം ഫത്‌വകളെ ആന്തരികവൽക്കരിച്ച് സ്വയം സെൻസർഷിപ്പിനുമുതിരുന്ന അഭിശപ്ത കാലവുമാണിത്. ▮


വായനക്കാർക്ക് ട്രൂകോപ്പി വെബ്സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന മെയിലിലോ ട്രൂകോപ്പിയുടെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയോ അറിയിക്കാം.


എ. എം. ഷിനാസ്

എഴുത്തുകാരൻ, എറണാകുളം മഹാരാജാസ്​ കോളേജിൽ ചരിത്രവിഭാഗം മേധാവി. എല്ലാവരും ഇന്ത്യക്കാർ പക്ഷെ കുടിയേറ്റക്കാർ, റഷ്യ: മണ്ണിൽ വീണ നക്ഷത്രം, എം.ജി.എസിന്റെ​​​​​​​ ചരിത്രനിലപാടുകൾ (സഹ ഗ്രന്​ഥകർത്താവ്​), Local History : Quest for Method and Theories (Co-Editor ) എന്നീ പുസ്​തകങ്ങൾ പ്രസിദ്ധീകരിച്ചു.

Comments