ഇംഗ്ലീഷ്​; അധിനിവേശ ഭാഷ​അവസരങ്ങളുടെ ഭാഷയായ ചരിത്രം

സമ്പർക്ക ഭാഷകളെ ഉച്ചാടനം ചെയ്തുകൊണ്ടുള്ള ശുദ്ധഭാഷാവാദം ഭാഷാജനാധിപത്യത്തിനെതിരാണ്. അതുപോലെ, ഇംഗ്ലീഷ് വരേണ്യതയിലൂടെയേ സാമ്പത്തിക സുരക്ഷിതത്വമുണ്ടാകൂ എന്ന ചിന്തയും അടിമത്തമാണ്. നാട്ടുഭാഷയെ സാമ്പത്തിക സുരക്ഷിതത്വം ഉറപ്പുവരുത്തുന്ന അവസരങ്ങളുടെ ഭാഷയാക്കുന്നതിലൂടെ മാത്രമേ ഇംഗ്ലീഷ് ഉയർത്തുന്ന അസ്തിത്വഭീതിയെ മലയാളിക്ക് മറികടക്കാനാവൂ.

ധിനിവേശ ഭാഷാചരിത്രം പരിശോധിക്കുമ്പോൾ, ഇംഗ്ലീഷിന് കൈവന്ന അംഗീകാരം പേർഷ്യൻ ഉൾപ്പടെ മറ്റൊരു ഭാഷക്കും ഇന്ത്യയിൽ ആർജിക്കാനായില്ല എന്നത് പരിശോധന അർഹിക്കുന്ന വിഷയമാണ്. ഇംഗ്ലീഷ് പ്രമുഖ ഭാഷയായി സ്വാതന്ത്ര്യാനന്തര ഇന്ത്യയിലും നിലനിൽക്കുന്നത് എന്തുകൊണ്ട്?.

ഇംഗ്ലീഷ് അധിനിവേശം നടന്ന ഇടങ്ങളിലൊക്കെ സാമ്രാജ്യത്വഭരണം അവസാനിച്ചെങ്കിലും ഇംഗ്ലീഷ്​ ഭാഷാമേധാവിത്തം പടിയിറങ്ങിയിട്ടില്ല. ഇന്ത്യയിലെ അവസ്ഥയും മറിച്ചല്ല. ശാസ്ത്രസാങ്കേതികതയിലും വിവരസാങ്കേതികതയിലും ഇംഗ്ലീഷ് സ്വായത്തമാക്കിയ വിഭവശേഷി ഒഴിവാക്കാനാകാത്തതാണോ? ഇന്ത്യൻ സന്ദർഭത്തിലും ഇംഗ്ലീഷ് വർജ്ജനവും ഇംഗ്ലീഷ് പ്രയോജനവാദവും ശക്തമാണ്. ഇന്ത്യയിലെ ഇംഗ്ലീഷ് യൂറോപ്പിലെയോ അമേരിക്കയിലെയോ അല്ല, അതൊരു ഇന്ത്യൻ ഭേദമായി മാറിയിട്ടുണ്ട്. എന്തുകൊണ്ടാണ് അങ്ങനെ സംഭവിച്ചത്? ഇന്ത്യയിൽ ഇംഗ്ലീഷ് അടിച്ചേൽപ്പിച്ചതാണോ?

ഇംഗ്ലീഷും ഇന്ത്യയും തമ്മിലുള്ള ബന്ധത്തെ കുറിച്ചുള്ള സംവാദങ്ങളിൽ, ഇത്തരം ധാരാളം ചോദ്യങ്ങൾ നേരിടണം. ഈ സാഹചര്യത്തിൽ ഇംഗ്ലീഷിന്റെ ഇന്ത്യൻ ചരിത്രം അറിയുന്നത് പ്രയോജനകരമാണ്.

ഇംഗ്ലീഷ്​ വിദ്യാഭ്യാസത്തെ എതിർത്ത ഈസ്​റ്റിന്ത്യ കമ്പനി

18ാം നൂറ്റാണ്ടിന്റെ പകുതിവരെയും ഇന്ത്യയിൽ ഇംഗ്ലീഷ്​ അത്ര കേൾക്കപ്പെടാത്ത ഭാഷയായിരുന്നു. പിന്നീട് സ്ഥിതി മാറി, ഇംഗ്ലീഷ് എല്ലാ മേഖലയിലേക്കും വ്യാപിച്ചു. 17,18 നൂറ്റാണ്ടുകളിൽ ഇംഗ്ലീഷിന്റെ ഉപയോഗം അധികവും ഈസ്റ്റിന്ത്യ കമ്പനി ഉദ്യോഗസ്ഥർക്കിടയിൽ മാത്രമായിരുന്നു. വാണിജ്യസംബന്ധമായി അവർക്ക് ദ്വിഭാഷികളുടെ സഹായം തേടേണ്ടിവന്നു. അക്കാലത്ത്​ ദ്വിഭാഷികൾക്ക് വലിയ രീതിയിൽ ഇംഗ്ലീഷ് പരിജ്ഞാനം ഇല്ലായിരുന്നു. അവരോടും മറ്റു ഇന്ത്യക്കാരോടും പേർഷ്യൻ, പോർച്ചുഗീസ്, ഹിന്ദി, ഉറുദു അല്ലെങ്കിൽ മറ്റു തദ്ദേശീയ ഭാഷകളിലായിരുന്നു കമ്പനി ഉദ്യോഗസ്ഥർ സംസാരിച്ചിരുന്നത്. അതുകൊണ്ടുതന്നെ, ഈസ്റ്റിന്ത്യാ കമ്പനിയുടെ വരവോടെ ഇംഗ്ലീഷ് അധിനിവേശമുണ്ടായി എന്ന് തീർത്തും പറയാനാവില്ല. ഭാഷാസമ്പർക്കത്തിന്​അവരുടെ വരവോടെ പരിമിത സാഹചര്യമൊരുങ്ങിയെന്നേ പറയാനാവൂ. ഇന്ത്യയിൽ ഇംഗ്ലീഷിന്റെ തുടക്കം വളരെ പതുക്കെയാണ്​ സംഭവിച്ചത്. എന്നാൽ, വ്യാപനം പെട്ടെന്നായിരുന്നു. ഇതിന് സഹായകമായ ഭാഷാപരിസ്ഥിതി രൂപംകൊണ്ടതെങ്ങനെയാണ്?

ഈസ്റ്റിന്ത്യാ കമ്പനി ഇന്ത്യയിൽ ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന് പൊതുവിൽ എതിരായിരുന്നു. ഈസ്​റ്റിന്ത്യ കമ്പനി ചെയർമാനും എം.പിയുമായിരുന്ന ചാൾസ് ഗ്രാൻറിനെപോലുള്ള ചിലർ ഇംഗ്ലീഷ് വിദ്യാഭ്യാസം വേണമെന്ന് ശഠിച്ചപ്പോൾ പോലും ബ്രിട്ടീഷ് പാർലമെൻറംഗങ്ങൾക്ക് യോജിപ്പുണ്ടായിരുന്നില്ല. അമേരിക്കൻ കോളനികളിൽ ഇംഗ്ലീഷ് വിദ്യാഭ്യാസം ആരംഭിച്ചതുകൊണ്ടാണ് കോളനികൾ നഷ്ടപ്പെട്ടതെന്ന വിശ്വാസം അവരിലുണ്ടായിരുന്നു. ഇന്ത്യൻ ഭാഷകൾ പഠിച്ച്, അതിലൂടെ പാശ്ചാത്യജ്ഞാനം വിതരണം ചെയ്യുക എന്ന നയമായിരുന്നു ബ്രിട്ടനുണ്ടായിരുന്നത്. ഇന്ത്യൻ ജനതയെ ഇംഗ്ലീഷ് പഠിപ്പിക്കുന്നതിനേക്കാൾ, കുറച്ച് യൂറോപ്യൻകാർക്ക്​ ഇന്ത്യൻ ഭാഷകൾ പഠിക്കുന്നത് എളുപ്പമാണ് എന്നായിരുന്നു നയം. ഗ്രാൻറിന് ഇതിനോട് യോജിപ്പില്ലായിരുന്നു. ഇന്ത്യക്കാർ പാശ്ചാത്യവിജ്ഞാനം നേടേണ്ടത് ഇംഗ്ലീഷിലൂടെ തന്നെയാകണമെന്ന് അദ്ദേഹം വാദിച്ചു. പേർഷ്യന്റെ പ്രചാരത്തെയും പൊതുഅംഗീകാരത്തെയും ചൂണ്ടിക്കാണിച്ചാണ് ഗ്രാൻറ്​ ഇംഗ്ലീഷിനായി വാദിച്ചത്. ക്രിസ്തീയതയിലേക്ക് കടന്നെത്താൻ ഇംഗ്ലീഷ് വഴിയൊരുക്കുമെന്നും ഗ്രാൻറ്​ വിശ്വസിച്ചു.

18ാം നൂറ്റാണ്ടിന്റെ പകുതിവരെ ഇംഗ്ലീഷ് വ്യാപനം പതുക്കെയായിരുന്നു. പോർച്ചുഗീസ്, പേർഷ്യൻ ഭാഷകൾക്കായിരുന്നു പ്രചാരം. 18ാം നൂറ്റാണ്ടിന്റെ പകുതിക്കുശേഷം പേർഷ്യൻ ഒഴിവാക്കി ഇംഗ്ലീഷ് സ്ഥാനമുറപ്പിക്കാൻ തുടങ്ങി. സാമ്പത്തിക ആവശ്യങ്ങളാണ് ഇന്ത്യക്കാരെ ഇംഗ്ലീഷിലേക്ക് അടുപ്പിച്ചത്. മിഷനറി സഹായത്തോടെ ഇന്ത്യക്കാർ ഇംഗ്ലീഷ് പഠിക്കാൻ തുടങ്ങിയെങ്കിലും അവർക്ക് ആദ്യകാലത്ത്​ വേണ്ടത്ര ഭരണകൂട സഹായം ലഭിച്ചിരുന്നില്ല. മിഷിണറിമാർ സ്‌കൂളിൽ ഇംഗ്ലീഷ് പഠിപ്പിച്ചു. അതുവഴി 19ാം നൂറ്റാണ്ടിന്റെ ആദ്യത്തോടെ ആവശ്യത്തിന് ഇംഗ്ലീഷ് അറിയുന്നവരുണ്ടായി. 20ാം നൂറ്റാണ്ടായപ്പോൾ സ്വാതന്ത്ര്യം ചോദിയ്ക്കാൻ മാത്രം ശക്തിയുള്ള, ഇംഗ്ലീഷ് അറിയുന്ന ജനതയായി ഇന്ത്യക്കാർ മാറി. 19ാം നൂറ്റാണ്ടിന്റെ അവസാനത്തിൽ തിലകിന്റെ അനുയായിയായ ചിപ്ലുങ്കർ ഇന്ത്യക്ക് പുതിയ സ്വപ്നങ്ങളും ഊർജവും തന്ന ഇംഗ്ലീഷിനെ ‘പുലിപ്പാൽ’ എന്നാണ്​വിശേഷിപ്പിച്ചത്. 1930 വരെ പൊതുഇടങ്ങളിലേക്ക് ഇംഗ്ലീഷ് വ്യാപിച്ചിരുന്നില്ല. അഭ്യസ്തവിദ്യരായ ചിലർക്കുമാത്രം ഗ്രഹിക്കാവുന്ന ഭാഷയായി അത് മാറിയിരുന്നുവെങ്കിലും ബഹുഭൂരിപക്ഷവും ഇംഗ്ലീഷിനെ ഗൗരവമായി കണ്ടിരുന്നില്ല എന്നത് വാസ്തവമാണ്.

പുതിയ തൊഴിൽ സേന, പുതിയ സങ്കരഭാഷ

ഇന്ത്യൻ ജനതയുടെ സാമൂഹികവും സാംസ്‌കാരികവുമായ മനോഭാവം ഇംഗ്ലീഷിനോ ഇംഗ്ലീഷുകാർക്കോ അനുകൂലമായിരുന്നില്ല. അവരുമായി വാണിജ്യബന്ധം സ്ഥാപിക്കുന്നതിലും ഇന്ത്യക്കാർ സംശയാലുക്കളായിരുന്നു. അന്യ സംസ്‌കാരത്തോടും ജനതയോടും ഇണങ്ങാനുള്ള വൈഷമ്യം സ്വാഭാവികമായും അവർ പ്രകടിപ്പിച്ചിരുന്നു. അതിലേറെ, അന്യമത​ത്തോടുള്ള അകൽച്ചയും. എന്നാൽ, അന്നത്തെ ഭരണകൂടം ഇക്കൂട്ടരെ അംഗീകരിച്ചതോടെ, ഒരു പ്രതിരോധ മനോഭാവത്തിലേക്ക്​ ഈ അകൽച്ച വികസിച്ചില്ല. ഈസ്​റ്റിന്ത്യ കമ്പനി അവധാനതയോടെയാണ് ഈ സന്ദർഭത്തെ നേരിട്ടത്. അന്യതയെ തൊഴിലവസരങ്ങൾ കൊണ്ട് നിറച്ചില്ലാതാക്കുകയായിരുന്നു അവർ ചെയ്തത്. അതോടൊപ്പം, ഇന്ത്യയുടെ തൊഴിൽ ശ്രേണീകരണത്തെ സംരക്ഷിക്കുകയും ചെയ്തു. ഓരോ തൊഴിലും കുലത്തൊഴിലായിരുന്ന ഇന്ത്യയിൽ ഉന്നത ജാതിക്കാർക്കുള്ള തൊഴിൽ മറ്റുള്ളവരെ ഏൽപ്പിക്കാൻ ബ്രിട്ടീഷുകാരും തയ്യാറായില്ല. വിദേശീയർക്ക് ഇന്ത്യയിലെ തൊഴിൽ സംസ്‌കാരവും പരിചിതമായി. കുലത്തൊഴിലനുസരിച്ച്​ ജോലി നൽകുകയും പഴയ സാമൂഹികക്രമത്തിലെ വേതന രീതികളിൽ നിന്ന്​ വ്യത്യസ്തമായ ശമ്പള സമ്പ്രദായം സർവത്രികമാക്കുകയും ചെയ്തതോടെ, പുതിയ തൊഴിൽദായകരെ തേടി എല്ലാ വർഗത്തിലുമുള്ളവർ എത്തി. എങ്കിലും, അവർക്കിടയിലെ ഭാഷാഭിന്നത വിനിമയവിടവ് നിലനിർത്തി. ഇതിനെ ഇരുപക്ഷവും നേരിട്ടത് വ്യത്യസ്ത രീതിയിലാണ്. നാട്ടുഭാഷകൾ വശത്താക്കി സേവകരോട് സംസാരിക്കാനുള്ള ശ്രമങ്ങളും ദ്വിഭാഷകളുടെ സഹായവും ഇക്കാര്യത്തിൽ കമ്പനി ഉദ്യോഗസ്ഥർ ഉപയോഗിച്ചു. സേവകർ കേൾക്കുന്ന ഇംഗ്ലീഷ് വാക്കുകളെയും പ്രയോഗത്തെയും അവരവരുടെ മാതൃഭാഷാഘടനയിൽ ഉൾപ്പെടുത്തി സങ്കരവിനിമയത്തിന് തയ്യാറെടുത്തു.

ദ്വിഭാഷികളുടെ ഭാഷാസേവനത്തിൽ തൃപ്തരല്ലാതിരുന്നതുകൊണ്ടുതന്നെ നാട്ടുഭാഷകളെ മനസ്സിലാക്കിയെടുക്കാനുള്ള ശ്രമങ്ങൾക്ക് ഉദ്യോഗസ്ഥർക്കിടയിൽ മത്സരമുണ്ടായിരുന്നു. അതിനെ പോഷിപ്പിക്കുന്നതിൽ കമ്പനിയും ശ്രദ്ധിച്ചു. ഈ ഘട്ടത്തിൽ തങ്ങളുടെ ഭാഷ കൊണ്ട് അന്യഭാഷക്കാരെ ഭരിക്കുക എന്നതല്ലായിരുന്നു അവരുടെ നയം, മറിച്ച്​, നാട്ടുഭാഷാ ഉപയോഗത്തിലൂടെ വിഭവ ചൂഷണം എതിർപ്പില്ലാതെ ഉറപ്പുവരുത്തുക എന്നതായിരുന്നു. അവർ സൃഷ്ടിച്ച തൊഴിലവസരങ്ങൾ പ്രധാനമായും വാണിജ്യ സംബന്ധമായതും വീട്ടുജോലിക്കുള്ളതുമായിരുന്നു. ദല്ലാളുമാരും ദ്വിഭാഷികളും വീട്ടുജോലിക്കാരുമായ തൊഴിൽസേനയായിരുന്നെങ്കിലും പിന്നീടത് വളർന്ന് ഗുമസ്തന്മാരും ശിപായികളും ഒക്കെ ഉൾപ്പെടുന്ന വലിയൊരു സേവകശൃംഖലയായി.

പുതുതായി രൂപപ്പെട്ട തൊഴിൽസേനക്ക് യജമാനന്റെ ഭാഷയിൽ നൈപുണി നേടേണ്ടത് തൊഴിലിനാവശ്യമായി. ഇത് യജമാനനുമായി അടുക്കാനും തൊഴിലുറപ്പിനും സഹായകമാണെന്ന് അവർ വിശ്വസിക്കുകയും ചെയ്തു. സമ്പർക്ക സാഹചര്യത്തിലെ സ്വാഭാവിക പ്രതികരണം എന്ന രീതിയിൽ ഓരോരുത്തരും വിനിമയാവശ്യം നിറവേറ്റാനും ശ്രമിച്ചു. വീട്ടുപണിക്കാരിൽ ചിലർ യജമാനഭാഷ സമ്പർക്കത്തിലൂടെ അല്പാല്പമായി പഠിച്ചെടുത്തു. അത്തരം സേവകർക്ക് പരിഗണനയും ലഭിച്ചു. എന്നാൽ, ചില ഉദ്യോഗസ്ഥർ ഇംഗ്ലീഷ് അറിയുന്നവരെ വീട്ടു ജോലിക്കെടുക്കാൻ താല്പര്യം കാണിച്ചില്ല. അവരുടെ രഹസ്യങ്ങൾ സേവകർ മനസിലാക്കും എന്നതിനുള്ള മുൻകരുതലായിരുന്നു ഇതിനുപിന്നിൽ. തുടക്കത്തിൽ, ഉയർന്ന ഹിന്ദുക്കൾ അവരുടെ ജാതിയെ മലിനമാക്കുമെന്ന ചിന്തയിൽ ഇംഗ്ലീഷിനെ വെറുത്തു. ഇംഗ്ലീഷ് പഠനം ക്രിസ്തീയതയിലേക്കുള്ള മതം മാറ്റത്തിന്റെ ആദ്യപടിയായി കണ്ട് മുസ്​ലിംകളും വെറുത്തു. വൈകാതെ, ബ്രിട്ടീഷ് ബന്ധത്തിലൂടെ സമ്പത്തും അധികാരവും നേടാമെന്ന് ഇന്ത്യക്കാർ പഠിക്കുകയും ഈ ബന്ധത്തിനാവശ്യം ഇംഗ്ലീഷാണെന്നും വന്നതോടെ ഇന്ത്യയിൽ ഇംഗ്ലീഷിനുവേണ്ടി ആവശ്യമുയർന്നു. ചെറിയകാലം ഉന്നതർ ഇംഗ്ലീഷിനെ വെറുത്തെങ്കിലും അതിലൂടെ കിട്ടാവുന്ന ഭൗതികനേട്ടങ്ങളിൽ അവരും തല്പരരായി.

ബംഗാളി അധ്യാപകർക്ക് ശമ്പളം എട്ടു രൂപ, ഇംഗ്ലീഷ് അധ്യാപകർക്ക് 80 രൂപ

1774 ൽ കൽക്കട്ടയിൽ സുപ്രീംകോടതി സ്ഥാപിച്ചതുമുതലാണ് ബംഗാളിൽ ഇംഗ്ലീഷ് ഭാഷാതൽപര്യം പ്രകടമായത്. ഇത്​ നിരവധി ജോലിസാധ്യതകൾ കൊണ്ടുവന്നു. അക്ഷരത്തെറ്റില്ലാതെ പകർപ്പെഴുതാനായി നല്ല കയ്യെഴുത്തുള്ളവർക്ക്​ജോലിസാധ്യതയേറി. അതോടൊപ്പം, ഗുമസ്തത്തൊഴിലും. ഇംഗ്ലീഷ് പരിജ്ഞാനം തൊഴിൽ നേടുന്നതിന്​ നിർബന്ധമായതോടെ ഇംഗ്ലീഷ് പരിചയിക്കാനുള്ള താല്പര്യം ഉയർന്നു. രാജാ റാം മോഹൻ റായ് ഉൾപ്പടെയുള്ളവർ സ്വന്തമായി ഇംഗ്ലീഷ് പഠിക്കാനാരംഭിച്ചു. ഇതോടെ സ്‌കൂളുകൾ ആരംഭിച്ചു. പെ​ട്ടെന്നുണ്ടായ ആവശ്യത്തിനനുസരിച്ച്​ പഠനോപകരണം ലഭ്യമായിരുന്നില്ല. എങ്കിലും, ഇംഗ്ലീഷ് ജ്ഞാനം കൈവരിക്കാൻ ഒരു കമ്പോളം തന്നെ തുറന്നുകിട്ടി. ലഭ്യമായതെല്ലാം ആവശ്യക്കാർ വാങ്ങിക്കൂട്ടി. ഇംഗ്ലീഷ് ഭാഷാപഠന സഹായികളുടെയും മറ്റു ഗ്രന്ഥങ്ങളുടെയും വില്പന കുതിച്ചുയർന്നു. ഈസ്​റ്റിന്ത്യാ കമ്പനിയിലും മറ്റിടങ്ങളിലും ജോലി ലഭിക്കാൻ ഇംഗ്ലീഷ് ആവശ്യമായതോടെ ഇംഗ്ലീഷ് അറിയുന്നതും കയ്യെഴുത്ത്​ നന്നായിരിക്കുന്നതും അക്കാലത്ത്​ ബംഗാളിൽ വിവാഹത്തിനുപോലും മാനദണ്ഡമായി മാറി.

1830 ഓടെ, ഔപചാരികമായി ഇംഗ്ലീഷ് പഠിപ്പിക്കുന്ന സ്‌കൂളുകൾ നഗരങ്ങളിൽനിന്ന്​1830 ഓടെ ഗ്രാമങ്ങളിലേക്ക്​ വ്യാപിച്ചു. മിഷനറി സ്‌കൂളുകളായിരുന്നു ഇവയിലധികവും. ഇംഗ്ലീഷ് സാഹിത്യപഠനത്തിലും പാശ്ചാത്യ ശാസ്ത്രപഠനത്തിലും താല്പര്യമേറിവരുന്ന ബംഗാളി സമൂഹത്തെയാണ് 1829 ലെ മിഷനറി റിപ്പോർട്ട് അടയാളപ്പെടുത്തിയത്. ബംഗാളി അധ്യാപകർക്ക് എട്ടു രൂപ ശമ്പളമായിരുന്നപ്പോൾ ഇംഗ്ലീഷ് അധ്യാപകർക്ക് 80 രൂപയും സഹായികൾക്ക് 20 രൂപയും ലഭിച്ചു. വായനയും ഉച്ചാരണവും പരിശീലിപ്പിച്ചായിരുന്നു തുടക്കം. പിന്നെ എഴുത്തുപരിശീലനം, ഇംഗ്ലീഷിൽനിന്ന്​ ബംഗാളിയിലേക്ക്​ വിവർത്തനം, തുടർന്ന് വ്യാകരണം, അവസാനം ഇംഗ്ലീഷ് ചരിത്രം എന്നിങ്ങനെയാണ് അക്കാലത്തെ ഇംഗ്ലീഷ് പഠനപദ്ധതി ആസൂത്രണം ചെയ്തത്​.

1820 ൽ ഏതാണ്ട് 6000 വിദ്യാർഥികൾ ഇംഗ്ലീഷ് പഠിക്കാനുണ്ടായിരുന്നെങ്കിൽ 19ാം നൂറ്റാണ്ടിന്റെ ആദ്യം തന്നെ ലക്ഷക്കണക്കിന് പഠിതാക്കളായി. വന്ദേമാതര സൃഷ്ടാവായ ബങ്കിംചന്ദ്ര ചാറ്റർജി ആദ്യ കാലത്ത്​ ബി.എ ഡിഗ്രി നേടിയവരിൽ ഒരാളായിരുന്നു. 1916 ൽ ബംഗാൾ പ്രസിഡൻസിയിലെ ബീഹാർ, അസം, ഒറീസ എന്നിവിടങ്ങളിൽ ഇംഗ്ലീഷിനായി ആവശ്യമുയർന്നു. ബിഹാറിൽ ഇംഗ്ലീഷ് സ്വീകരിക്കാൻ ഉന്നതർക്ക് ആദ്യകാലത്ത്​ താല്പര്യമുണ്ടായിരുന്നില്ല. പാട്​ന കോളേജ് സ്ഥാപിച്ചശേഷവും പതുക്കെ മാത്രമേ ഇംഗ്ലീഷിന്​ അംഗീകാരം ലഭിച്ചുള്ളൂ. 1861 ലാണ് ദർഭംഗയിൽ സ്‌കൂൾ ആരംഭിച്ചത്. ബംഗാളികളാണ് ഇതര പ്രദേശങ്ങളിൽ ഇംഗ്ലീഷ് വ്യാപനം സാധ്യമാക്കുന്നതിന്​ പ്രേരകമായത്.

19ാം നൂറ്റാണ്ടിന്റെ ആദ്യ ദശകം വരെ ബോംബ പ്രസിഡൻസിയിൽ ഇംഗ്ലീഷിനായി വലിയ ആവേശമുണ്ടായിരുന്നില്ല. പാഴ്സികളായിരുന്നു ബ്രിട്ടീഷുകാരുമായി അവിടെ ആദ്യം ബന്ധം സ്ഥാപിച്ചത്. സൂററ്റിൽ അവരാണ് ആദ്യം ജോലി ഏറ്റെടുത്തത്. ഇംഗ്ലീഷ് വിദ്യാഭ്യാസം തുടങ്ങിയപ്പോൾ ജെ.എൻ. ടാറ്റ, ദിൻഷാ വാചാ, രാമകൃഷ്ണ ഗോപാൽ ഭണ്ഡാർക്കർ ഇവരെല്ലാം സഹപാഠികളായി. 1856ൽ അധികം സ്‌കൂളുകൾ ബോംബെ പ്രസിഡൻസിയിലുണ്ടായിരുന്നില്ല. ആകെ 2000 വിദ്യാർത്ഥികളേ ഉണ്ടായിരുന്നുള്ളൂ. ഇതിനേക്കാളും കുറവായിരുന്നു മദ്രാസ് പ്രസിഡൻസിയിലെ അവസ്ഥ. മിഷനറി സ്‌കൂളുൾപ്പടെ മൂന്ന്​ സ്‌കൂളുകളേ അവിടെയുണ്ടായിരുന്നുള്ളൂ. 1841ൽ പ്രസിഡൻസി കോളേജ് ആരംഭിച്ചതുമുതൽ മദ്രാസിൽ ഇംഗ്ലീഷ് വിദ്യാഭ്യാസം തുടങ്ങിയെങ്കിലും വലിയ ആകർഷണമുണ്ടായില്ല. 30 വർഷങ്ങൾക്കുശേഷം 70,000 പേർ ഒപ്പിട്ട നിവേദനം സമർപ്പിച്ച്​ പാശ്ചാത്യ വിദ്യാഭ്യാസം ഉറപ്പുവരുത്താൻ ശ്രമം നടന്നതും ഇവിടെയാണ്. പഞ്ചാബിൽ 1849 ലാണ് ഇംഗ്ലീഷ് സ്‌കൂൾ തുടങ്ങിയത്. പഠിക്കാനായി ഉന്നതർ മാത്രമേ ഉണ്ടായിരുന്നുള്ളൂ.

ദക്ഷിണേന്ത്യയിൽ വരേണ്യർ ഇംഗ്ലീഷ്​ പഠിക്കാൻ തുടങ്ങുന്നു

18ാം നൂറ്റാണ്ടിന്റെ പകുതിയായതോടെ ദക്ഷിണേന്ത്യയിലെ വരേണ്യർ ഇംഗ്ലീഷ് അംഗീകരിച്ചു. ഇന്ത്യയിൽ ആദ്യമായി ഒരു രാജകുടുംബം ഇംഗ്ലീഷ് താല്പര്യം കാണിച്ചത് തിരുവിതാംകൂറിലാണ്​. 1819ൽ സംസ്‌കൃതത്തോടും മലയാളത്തോടും ഒപ്പം രാജകുടുംബം ഇംഗ്ലീഷ് പഠിപ്പിച്ചു. തിരുവിതാംകൂർ രാജകുടുംബത്തെ ഇംഗ്ലീഷ് പഠിപ്പിച്ചുതുടങ്ങിയത് ഡച്ച് പുരോഹിതനാണ്, തുടർന്ന് തഞ്ചാവൂരിലെ ബ്രാഹ്മണരും. റസിഡന്റായിരുന്ന കേണൽ മൺറോക്ക് തഞ്ചാവൂർ ബ്രാഹ്മണരുടെ ഇംഗ്ലീഷ് പഠിപ്പിക്കലിനോട്, പ്രത്യേകിച്ചും ഉച്ചാരണത്തോട്, താല്പര്യമുണ്ടായില്ല. തുടർന്ന് റാണിയുടെ അനുമതിയോടെ മൺറോ തഞ്ചാവൂരിൽ നിന്നുതന്നെ ടി. സുബ്ബറാവുവിനെ കണ്ടെത്തി നിയമിച്ചു.

തിരുവിതാംകൂർ രാജാക്കന്മാർ ഇംഗ്ലീഷ് പഠനം ആരംഭിച്ചതിനെ തുടർന്ന് തഞ്ചാവൂർ രാജാക്കന്മാരും ഇംഗ്ലീഷ് പഠിക്കാൻ തുടങ്ങി. തഞ്ചാവൂർ മഹാരാജാവിനെ പഠിപ്പിച്ചത് ജർമൻ മിഷനറിയായിരുന്നു.
പൂനയിലെ നാനാ ഫഡ്‌നാവിസ് രാജാവും ഇംഗ്ലീഷ് പഠനത്തെ പിന്താങ്ങിയവരിൽ ഒരാളാണ്. യുവാക്കളിൽ പാശ്ചാത്യ ശാസ്ത്രജ്ഞാനമുണ്ടാക്കാൻ ഇംഗ്ലീഷും പഠിപ്പിച്ചു. ചുരുക്കത്തിൽ, ഉന്നതർക്ക് ഇംഗ്ലീഷ് പഠനം രാഷ്ട്രീയതാല്പര്യവും സാധാരണക്കാർക്ക് സാമ്പത്തിക സാധ്യതയുമായി വികസിച്ചു.

19ാം നൂറ്റാണ്ടിന്റെ ആദ്യ ദശകത്തിൽ ഇംഗ്ലീഷ് സംസാരിക്കുന്നത് അഭിമാനമായി മാറി. ഹിന്ദു- മുസ്​ലിം വരേണ്യർക്ക്​ ഇംഗ്ലീഷ് ജീവിതവും ഇന്ത്യൻ ജീവിതവും സമാന്തരമായി മാറിയതോടെ പൊതുഇടങ്ങളിൽ ഇംഗ്ലീഷ് അംഗീകരിക്കപ്പെട്ടു വിദേശഭാഷയോടൊപ്പം വസ്ത്രം, ഭക്ഷണം, പാനീയം, വിനോദം എല്ലാം ഏറ്റെടുത്തു. രാജാറാം മോഹൻ റോയിക്ക് ഇന്ത്യ, ഇംഗ്ലീഷ് രാജ്യമായി തോന്നിയിരുന്നുവെന്നു പോലും പറയാറുണ്ട്. രാജാറാം മോഹൻ റോയ് ഉച്ചക്ക് ഇന്ത്യനും രാത്രി യുറോപ്യനുമായാണ് ജീവിച്ചത്. ജീവിതചര്യയിലുള്ള മാറ്റം പ്രകടമായും ഭാഷാമാറ്റം കൂടിയായി മാറി. രാജാറാം മോഹൻ റോയ്, ഔപചാരിക സന്ദർഭങ്ങളിലും പൊതുഇടങ്ങളിലും ഇംഗ്ലീഷും അനൗപചാരിക സന്ദർഭങ്ങളിൽ മാതൃഭാഷയോ, മറ്റുഭാഷകളോ ഉപയോഗിച്ചിരുന്നുവെന്നും അറിയുന്നു. അഭ്യസ്തവിദ്യരിൽ ഭൂരിഭാഗവും മിക്ക സന്ദർഭങ്ങളിലും ഇംഗ്ലീഷ് ഭാഷ ഉപയോഗിക്കുന്നുവെന്നും ചിലരതിനെ ദേശഭാഷയായും തനത് മൊഴിയായും പരിഗണിക്കുന്നുവെന്നും ഗാന്ധിജി അഭിപ്രായപ്പെടുന്നുണ്ട്.

ഇംഗ്ലീഷ് പഠിപ്പിക്കാൻ ഈസ്​റ്റിന്ത്യ കമ്പനിക്ക് താല്പര്യമില്ലായിരുന്നു. 1673ൽ മദ്രാസിൽ യുറോപ്യൻ സേവകരുടെഅനാഥക്കുട്ടികൾക്ക് പഠിക്കാൻ സ്‌കൂൾ ആരംഭിക്കാൻ ഉത്തരവിട്ടുവെങ്കിലും പോർച്ചുഗീസ്​ ആയിരുന്നു മാധ്യമം. 1725 ൽ ഇത്തരമൊരു സ്‌കൂൾ കൽക്കട്ടയിലും ആരംഭിച്ചു. 18ാം നൂറ്റാണ്ടിൽ മിഷനറിമാർ സ്‌കൂളുകൾ ആരംഭിച്ച്​ ഇംഗ്ലീഷ് പഠിപ്പിക്കാൻ തുടങ്ങി. കമ്പനി ഉദ്യോഗസ്ഥനായിരുന്ന റവറൻറ്​ വില്യം, ഇംഗ്ലീഷ് സൈനികരുടെ മക്കൾക്ക് പോർച്ചുഗീസ്​ സ്‌കൂളിനേക്കാളും വേണ്ടത് ഇംഗ്ലീഷ് സ്‌കൂളാണ് എന്നു വാദിച്ച്​, 1715ൽ മദ്രാസിൽ സെൻറ്​ മേരീസ് സ്‌കൂൾ തുടങ്ങി. ഇതേതുടർന്ന് ബോംബെയിലും കൽക്കട്ടയിലും കമ്പനി ഇംഗ്ലീഷ് സ്‌കൂളുകൾ ആരംഭിച്ചു.18ാം നൂറ്റാണ്ടിന്റെ അവസാനത്തോടെ ഈസ്​റ്റിന്ത്യ കമ്പനി ഇംഗ്ലീഷ് വ്യാപനത്തിന്​ ചില ആനുകൂല്യങ്ങൾ അനുവദിക്കുകയും ധാരാളം സ്‌കൂളുകൾ തുറക്കുകയും ചെയ്​തു. ഇവയിൽ അധികവും മിഷനറിമാരാണ്​ നടത്തിയത്​. 1850 നുശേഷം കൽക്കട്ട, ബോംബെ, മദ്രാസ് എന്നിവിടങ്ങളിൽ നിറയെ ഇംഗ്ലീഷ് സ്‌കൂളുകൾ ആരംഭിച്ചു. 19ാം നൂറ്റാണ്ടിന്റെ പകുതിയോടെ ഇന്ത്യയിലാകെ ഇംഗ്ലീഷ് വിദ്യാഭ്യാസം വ്യാപിച്ചു.

1835 വരെ ഈസ്​റ്റിന്ത്യ കമ്പനിക്ക് ഇന്ത്യയിലെ ഇംഗ്ലീഷ് ഭാഷാവിദ്യാഭ്യാസത്തിൽ കൃത്യമായ നിലപാടുണ്ടായിരുന്നില്ല. അവരുടെ ജീവനക്കാരുടെ അനാഥർക്കുവേണ്ടി സ്‌കൂൾ തുടങ്ങാൻ ആലോചന വന്നെങ്കിലും പൊതുജന വിദ്യാഭ്യാസത്തിലേക്കത്​ വ്യാപിച്ചില്ല. 1823ൽ രാജാ റാം മോഹൻ റോയ്, പാരമ്പരാഗത വിദ്യഭ്യാസമല്ല, ഇംഗ്ലീഷിലൂടെ പാശ്ചാത്യവിദ്യാഭ്യാസമാണ്​വേണ്ടതെന്ന്​ ഗവർണർ ജനറലിനോട് ആവശ്യപ്പെട്ടെങ്കിലും കമ്പനി വീണ്ടും സംസ്‌കൃത കോളേജ് ആരംഭിക്കാനാണ് താല്പര്യം കാണിച്ചത്. കമ്പനിനിലപാടിന് വിരുദ്ധമായി ഈ വിഷയത്തിൽ ലണ്ടനിൽനിന്ന്​ അനുഭാവ പരിഗണന ലഭിക്കുകയും ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന്​ അംഗീകാരം ലഭിക്കുകയും ചെയ്​തു.

1830ൽ സംസ്‌കൃത കോളേജിലും മെട്രിക്കുലേഷന് ഇംഗ്ലീഷ് നിർബന്ധമാക്കി. 1835 ൽ ഈസ്​റ്റിന്ത്യ കമ്പനി വക്താക്കളായ വില്യം ബെൻറിക് രാജാറാം മോഹൻ റോയിയുടെ അഭ്യർത്ഥനക്കൊപ്പം നിന്നു. മെക്കാളയും ബെൻറിക്കും ഇംഗ്ലീഷ് വിദ്യാഭ്യാസം ആരംഭിക്കാൻ തീരുമാനിച്ചു. ഈ നയത്തോട് ഓറിയന്റലിസ്റ്റുകളായ എച്ച്. എച്ച്. വിൽസൺ, എച്ച്. ടി. പ്രിൻസിപ് തുടങ്ങിയവർ വിയോജിച്ചുവെങ്കിലും മെക്കാളെ ഉൾപ്പെടുന്ന ആംഗ്ലിസിസ്റ്റുകളുടെ നിലപാടുതന്നെ വിജയിച്ചു. 1835 ജനുവരി 26 ന് ബെട്‌നിക്കിന്റെ തീരുമാനം വന്നതോടെ അധ്യാപനം പൂർണമായും ഇംഗ്ലീഷിലായി. ആൻഗ്ലിസിസ്റ്റുകളുടെ തീരുമാനത്തിനുപിന്നിൽ വ്യക്തമായ കൊളോണിയൽ താല്പര്യമുണ്ടായിരുന്നുവെന്ന് മെക്കാളെയുടെ അഭിപ്രായത്തിൽ വ്യക്തമാണ്. ഇംഗ്ലീഷ് വിദ്യാഭ്യാസം സ്വീകരിക്കുന്ന ഒരു ഹിന്ദുവും ഹിന്ദുവായി തുടരാൻ സാധ്യതയില്ല എന്നാണ് മെക്കാളെ വിശ്വസിച്ചത്. അഥവാ, ചിലർ പാരമ്പര്യമായി തുടർന്നാലും മറ്റു ചിലർ ക്രിസ്തുമതം സ്വീകരിക്കും. ഇംഗ്ലീഷ് വിദ്യാഭ്യാസത്തിലൂടെ ബംഗാൾ ജനതയുടെ വിശ്വാസത്തിൽ മാറ്റം വരും എന്നും മെക്കാളെ അഭിപ്രായപ്പെട്ടു.

ഗവർണർ ജനറലായിരുന്ന ലോർഡ് ഓക്​ലാൻഡ്, 1839 ൽ ഭരണഭാഷ ഇംഗ്ലീഷാകണമെന്ന്​ പ്രഖ്യാപിച്ചുവെങ്കിലും 1844 ലാണ് ഇത് യാഥാർഥ്യമായത്. ഇംഗ്ലീഷ് അറിയുന്നവർക്ക് ജോലിയിൽ മുൻഗണന എന്ന തീരുമാനം ലോർഡ് ഹാർഡിങിന്റെ കാലത്ത്​ നിലവിൽവന്നതോടെ ഇംഗ്ലീഷ് അറിയുന്നവർ സംസ്‌കൃത- പേർഷ്യൻ പണ്ഡിതരെ അവഗണിച്ചു മുന്നേറി. മൗലവിമാരും പണ്ഡിറ്റുകളും ഭരണത്തിന്റെ ഭാഗമല്ലാതായി. ഈ തീരുമാനങ്ങളെല്ലാം ഇംഗ്ലീഷ് വ്യാപനത്തിന് കാരണമായി. 1854 ലെ വുഡ്സ് ഡസ്​പാച്ച്​ പ്രാഥമിക വിദ്യാഭ്യാസം മാതൃഭാഷയിലാകണമെന്ന് ശുപാർശ ചെയ്​തു. വൈ​സ്രോയ്​ ലോർഡ് കഴ്സനും അതേ നിലപാടാണുണ്ടായിരുന്നത്.

1857ൽ ഈസ്​റ്റിന്ത്യാ കമ്പനിയിൽ നിന്ന്​ ഭരണം ബ്രിട്ടൻ നേരിട്ട് ഏറ്റടുത്തതോടെ ഇംഗ്ലീഷിന്​ പ്രാധാന്യമേറി. കൽക്കട്ട, ബോംബെ, മദ്രാസ് പ്രസിഡൻസികളിൽ 1857 -1858 കാലത്ത്​ സർവകലാശാലകൾ ആരംഭിച്ചതോടെ ഇംഗ്ലീഷിന്റെ പ്രാധാന്യമുയർന്നു. പെ​ട്ടെന്ന്​, വിദ്യാഭ്യാസത്തിന്റെ പര്യായമായി മാറി, ഇംഗ്ലീഷ്.
ഇതോടെ പേർഷ്യന് ഉപയോഗമില്ലാതായി. വളരെ പെട്ടെന്ന്​ ഇംഗ്ലീഷ് ബന്ധഭാഷയായി വളർന്നു. സാമ്പത്തിക ലാഭത്തിനായാണ് ഇന്ത്യക്കാർ ഇംഗ്ലീഷ് പഠിക്കാൻ തയ്യാറായത്. അധികാരവും പദവിയും നൽകുന്ന ഭാഷ വരേണ്യതയുടെ പ്രതീകമായി മാറി.

സംസാരഭാഷയായല്ല, രണ്ടാം ഭാഷയായാണ്​ ഇന്ത്യയിൽ ഇംഗ്ലീഷ്​ പഠനം നടന്നത്. വ്യാകരണം, വിവർത്തനം, പദകോശപഠനം, പുസ്​തകങ്ങൾ അടിസ്​ഥാനമാക്കിയുള്ള പഠനം, ബൈബിൾ വിവർത്തനം തുടങ്ങിയവയുടെ അടിസ്​ഥാനത്തിലുള്ള പഠനമുറയാണ് സ്വീകരിച്ചത്. ചുരുക്കത്തിൽ, ഇംഗ്ലീഷ് വരമൊഴിയായി ശീലിച്ചുവെന്നുപറയാം. ബ്രിട്ടീഷുകാരുടെ ഇംഗ്ലീഷായിരുന്നില്ല ഇന്ത്യയിലേത്. സവിശേഷമായ തദ്ദേശീയ ഭാഷാസ്വഭാവം അതിനുണ്ടായി. ഉച്ചാരണത്തിലും പദനിർമിതിയിലും വാക്യഘടനയിലും ഭിന്നത ദൃശ്യമായിരുന്നു. പ്ര ശ്​നം, പഠനത്തിന്റെയാണോ അതോ, ഭാഷാപരിസ്ഥിതിയുടേതാണോ എന്നാലോചിക്കുമ്പോൾ, മിക്ക ഘടകങ്ങളിലും ഭാഷാപരിസ്ഥിതിയുടെ സ്വാധീനമുണ്ടായിരുന്നുവെന്നുകാണാം. ഇന്ത്യക്കാരെ ഇംഗ്ലീഷ് പഠിപ്പിച്ച്​സമന്മാരാക്കുകയായിരുന്നില്ല കൊളോണിയൽ താല്പര്യം. പകരം, എന്നത്തേക്കുമായി ഒരു വൈജ്ഞാനിക കമ്പോളത്തെയും ഭാഷാ അടിമകളെയും സൃഷ്ടിച്ചെടുക്കുകയായിരുന്നു. ഹർജി എഴുത്തിനും, ഗുമസ്തപ്പണിക്കുമുള്ള ഇംഗ്ലീഷ് പരിജ്ഞാനമുണ്ടാക്കാനേ അവർ താല്പര്യമെടുത്തുള്ളൂ. ‘ബാബു ഇംഗ്ലീഷ്’ എന്ന്​ കളിയാക്കി ഇന്ത്യക്കാരുടെ ഇംഗ്ലീഷ് ഉച്ചാരണത്തെയും പ്രയോഗത്തെയും പരിഹസിക്കുകയായിരുന്നു അവരുടെ അക്കാലത്തെ നേരമ്പോക്ക്.

ഇന്ത്യൻ ഭാഷയായി മാറിയ ഇംഗ്ലീഷ്​

കാലമേറെ കഴിഞ്ഞിട്ടും, ഇന്ത്യയിൽ ഇംഗ്ലീഷിനോടുള്ള വിധേയത്വം കുടുകയല്ലാതെ കുറയുന്നില്ല. ഇംഗ്ലീഷ് വർജനം ഇടക്ക് ചിലർ പ്രാദേശികമായി ഉയർത്തുന്നതൊഴിച്ചാൽ അതിന് ഇപ്പോൾ വലിയ അംഗീകാരമില്ല. ഇംഗ്ലീഷിനെ ഒരു അധിനിവേശഭാഷയായി കാണേണ്ടതില്ല എന്നും അത് ദേശീയ ഭാഷാവൈവിധ്യങ്ങൾ ഉൾക്കൊണ്ട് മറ്റൊരു ഇന്ത്യൻ ഭാഷയായി, ഇന്ത്യൻ ഇംഗ്ലീഷ് ആയി മാറിയിട്ടുണ്ടെന്നുമുള്ള വാദം ശക്തമാണ് (അണ്ണാമലൈ- 2004, ബ്രെച്ച് കച്ച്റു- 1983). ആഗോളപൗരത്വത്തിന് ഇംഗ്ലീഷും പ്രാദേശിക സ്വത്വത്തിനായി മാതൃഭാഷയും എന്ന നയം ഇന്ന് ഏതാണ്ട് സ്വീകാര്യമായിട്ടുണ്ട്. ഇന്ത്യൻ ഭാഷകളിൽ വേരുറച്ച സംസ്‌കൃതധാരയുടെ സവർണമുഖം എഴുത്തുഭാഷയെ നിയന്ത്രിക്കുന്നതിനാൽ അവർണരുടെ മുന്നേറ്റത്തിന് അത് സഹായകമാകില്ലെന്നും ഇംഗ്ലീഷ് അതിന് സഹായിക്കുമെന്നുമുള്ള വിശ്വാസവും ശക്തമാണ്.

ചുരുക്കത്തിൽ, ഉച്ചാരണം കൊണ്ടും പ്രയോഗം കൊണ്ടും ഭിന്നമായ, ഭാഷാവിഷ്​ടമായ ഇന്ത്യൻ ഇംഗ്ലീഷ്​ ഒരു സർഗാത്മക പ്രതിരോധത്തിന്റെ തലത്തിലേക്ക്​ വികസിച്ചിട്ടുണ്ട്​. പ്രാദേശിക ഭാഷകളിൽ ഇംഗ്ലീഷ് സ്വാധീനം പ്രകടമാണ്. സി.ജെ. ജോർജിന്റെ ഇംഗ്ലീഷാവിഷ്ടമായ മലയാളം (2020 ) എന്ന പുസ്​തകം ഇംഗ്ലീഷ് എത്രത്തോളം ആഴത്തിൽ മലയാളത്തിൽ വേരാഴ്ത്തിയിരിക്കുന്നുവെന്ന് വ്യക്തമാക്കുന്നു.

സംസ്‌കൃതത്തോടും പേർഷ്യനോടും ഇംഗ്ലീഷിനോടും, പ്രയോഗത്തിലുള്ള ഏറ്റക്കുറച്ചിലൊഴിവാക്കിയാൽ, ഇന്ത്യൻ ഭാഷകൾ സ്വീകരിച്ചത് സമീകരണനയം തന്നെയാണെന്നുറപ്പിക്കാം. പക്ഷെ, നമ്മുടെ കൊളോണിയൽ വിരുദ്ധ മനോഭാവം കൊണ്ട് ഇംഗ്ലീഷ്​ വർജനം എന്ന മുദ്രാവാക്യം ഇടക്കൊക്കെ ഉയർന്നുവരും. സമ്പർക്ക ഭാഷകളെ ഉച്ചാടനം ചെയ്തുകൊണ്ടുള്ള ശുദ്ധഭാഷാവാദം ഭാഷാജനാധിപത്യത്തിനെതിരാണ്. അതുപോലെ, ഇംഗ്ലീഷ് വരേണ്യതയിലൂടെയേ സാമ്പത്തിക സുരക്ഷിതത്വമുണ്ടാകൂ എന്ന ചിന്തയും അടിമത്തമാണ്. നാട്ടുഭാഷയെ സാമ്പത്തിക സുരക്ഷിതത്വം ഉറപ്പുവരുത്തുന്ന അവസരങ്ങളുടെ ഭാഷയാക്കുന്നതിലൂടെ മാത്രമേ ഇംഗ്ലീഷ് ഉയർത്തുന്ന അസ്തിത്വഭീതിയെ മലയാളിക്ക് മറികടക്കാനാവൂ.

ഇംഗ്ലീഷ് വ്യാപനം ഇന്ത്യയിൽ സുഗമമായത് അത് പ്രദാനം ചെയ്ത അവസരങ്ങളിലൂടെയാണ്​. പ്രയോജനമുള്ളതിന് അംഗീകാരവുമുണ്ടാകുമെന്ന പാഠമാണ് ഇംഗ്ലീഷ് കൊളോണിയലിസം നമ്മെ പഠിപ്പിക്കുന്നത്. മറിച്ച്​, കേവലം അധിനിവേശാധികാരം മാത്രമല്ല ഇതിനുപിന്നിൽ. അവസരങ്ങളുടെ സുരക്ഷിതയിടമാകുന്നതോടെ മലയാളത്തിനും വളരാം, വ്യാപിക്കാം. ഇതിനാവശ്യം രാഷ്ട്രീയ ഇച്ഛാശക്തിയും ശാസ്ത്രീയമായ ഭാഷാസൂത്രണവുമാണ്. ▮


എം. ശ്രീനാഥൻ

ഭാഷാശാസ്ത്രജ്ഞൻ, പ്രഭാഷകൻ, എഴുത്തുകാരൻ. തുഞ്ചത്തെഴുത്തച്ഛൻ മലയാള സർവകലാശാലയിൽ പ്രൊഫസർ. തിയററ്റിക്കൽ ലിംഗ്വിസ്റ്റിക്‌സ്, അപ്ലൈഡ് ലിംഗ്വിസ്റ്റിക്‌സ്, ലിംഗ്വിസ്റ്റിക്‌സ് ആന്ത്രപ്പോളജി, ലാംഗ്വേജ് ആൻറ്​ ജനറ്റിക്‌സ് തുടങ്ങിയവ മേഖലകളിൽ സ്‌പെഷലൈസേഷൻ. മലയാള ഭാഷാചരിത്രം: പുതുവഴികൾ, എ.ആർ. നിഘണ്ടു, Dravidian Tribes & Language, മലയാള ഭാഷാശാസ്ത്രം, കേരള പാണിനീയ വിജ്ഞാനം (ഡോ. സി. സെയ്തലവിക്കൊപ്പം എഡിറ്റർ), ചട്ടമ്പിസ്വാമികളുടെ ജ്ഞാന നവോത്ഥാനം തുടങ്ങിയവ പ്രധാന പുസ്തകങ്ങൾ.

Comments