എം.ടിയൻ ജലമർമ്മരങ്ങൾ,
കുമരനെല്ലൂരിലെ കുളങ്ങൾ

എം.ടി.യെക്കുറിച്ചുള്ള പ്രൊഫ. എം.എ. റഹ്മാന്റെ ‘കുമരനെല്ലൂരിലെ കുളങ്ങൾ’ എന്ന ഡോക്യുമെൻററിയുടെ കാഴ്ച, എസ്.എൻ. റോയ് എഴുതുന്നു.

‘മനുഷ്യാ നീ മണ്ണാകുന്നു’ എന്ന് ബൈബിളിൽ പറയുന്നതുപോലെ മനുഷ്യൻ ജലവുമാകുന്നു. മറ്റൊരുതരത്തിൽ പറഞ്ഞാൽ മണ്ണിനേക്കാൾ ജലാംശമാണ് മനുഷ്യശരീരത്തിൽ കൂടുതൽ. 50- 75 ശതമാനം വരെ മനുഷ്യശരീരത്തിൽ ജലാംശമുണ്ട്. ഒരു അളവിനപ്പുറം ദേഹത്തിൽ വെറും ജലമായ് സംഭരിയ്ക്കുകയെന്നത് ജീവശാസ്ത്രപരമായി സാധ്യമല്ലാത്തതു കൊണ്ടാണ് രക്തം, ദഹനലായിനികൾ എന്നിവയൊക്കെയായി ശരീരം ജലാംശം നിലനിർത്തുന്നത്. മനുഷ്യശരീരത്തിനുള്ളിലെ ഇത്തരം ജലാംശത്തിന്റെ സ്വാധീനം തന്നെയാവണം ജലസ്രോതസുകളോടുള്ള അവരുടെ ആഭിമുഖ്യത്തിനും അഭിവാഞ്ഛയ്ക്കും ഹേതു. നദികൾ വറ്റിവരളുന്ന ഈ പുതിയകാലത്തുപോലും ജലവുമായി ബന്ധപ്പെട്ട വിനോദങ്ങൾ വർധിക്കുന്നതാണ് കണ്ടുവരുന്നത്. കേരളത്തിൽ മനുഷ്യർ മുങ്ങിമരിയ്ക്കുന്ന വാർത്തകളും വർധിച്ചുവരികയാണ്.

41 നദികളും തീരമാസകലം കടലുമുള്ള ഒരു ജനതയുടെ ബാല്യം സുഭിക്ഷമായ ജലകേളികളിലും കൗമാര യൗവ്വനങ്ങൾ ജീവിതം കരുപ്പിടിപ്പിയ്ക്കാൻ വേണ്ടിയുള്ള നിരന്തര യാത്രകളുമായിത്തീർന്നത് സ്വാഭാവികം. ഒരുവേള എം.ടി. വാസുദേവൻ നായരും തന്റെ യാത്രയ്ക്കു മുമ്പ് കൗമാരവേളയിൽ അക്കാലമത്രയും ആവേശത്തോടെ നീന്തിത്തുടിച്ച പുഴയുടെ കരയിലേയ്ക്ക് അതീവ വിഷാദത്തോടെ വരുന്നുണ്ട്. പരസ്പരമൊന്നായിത്തീർന്ന ജലാംശത്തിന്റെ കെട്ടുപാടുകൾ അഴിഞ്ഞില്ലാതായിത്തീരുന്നതിലുള്ള തീവ്ര ദുഃഖമാണത്. കുളക്കരയിലിരിയ്ക്കുന്ന ആ കൗമാരക്കാരന്റെ കരതലങ്ങളിൽ നിന്നിറ്റിറ്റു വീഴുന്നത് വെറും ജലമല്ല, അവന്റെ ഹൃദയരക്തം തന്നെയാണ്. നിരന്തര യാത്രകൾ കഴിഞ്ഞു മടങ്ങിയെത്തി ജീവിതാസ്തമയ കാലത്ത്, കൈക്കുമ്പിളിൽ കോരിയെടുത്ത ജലം വാർന്നുവീഴുന്ന ദൃശ്യവും സംവിധായകൻ അതിമനോഹരമായി ആവിഷ്കരിയ്ക്കുന്നുണ്ട്. താന്നിക്കുന്ന് വിട്ടുപോയെങ്കിലും ആ കലാകാരൻ കണ്ട ലോകങ്ങളൊന്നും അത്രത്തോളം ആ നാട്ടുമനുഷ്യന്റെ ഹൃദയത്തെ സ്വാധീനിയ്ക്കാൻ കഴിഞ്ഞില്ലെന്നതിന്റെ അത്യന്തം ഹൃദയസ്പർശിയായ ആത്മാവിഷ്കാരമാണത്.

കുളക്കരയിലിരിയ്ക്കുന്ന ആ കൗമാരക്കാരന്റെ കരതലങ്ങളിൽ നിന്നിറ്റിറ്റു വീഴുന്നത് വെറും ജലമല്ല, അവന്റെ ഹൃദയരക്തം തന്നെയാണ്.
കുളക്കരയിലിരിയ്ക്കുന്ന ആ കൗമാരക്കാരന്റെ കരതലങ്ങളിൽ നിന്നിറ്റിറ്റു വീഴുന്നത് വെറും ജലമല്ല, അവന്റെ ഹൃദയരക്തം തന്നെയാണ്.

തന്റെ ബാല്യത്തിൽ കുളങ്ങളിൽ നീന്തിത്തുടിയ്ക്കാനുള്ള ആന്തരിക ചോദനകളാൽ പ്രകടമാകുന്ന അതേ വ്യഗ്രതയും അസ്വസ്ഥതയും തന്നെയാണ്, തിരിച്ചറിവിന്റെ വാർദ്ധക്യത്തിൽ കൺമുന്നിലെ കുളങ്ങളെയും നിളാനദിയെയും കൂറ്റൻ ടിപ്പർലോറികളിൽ കടത്തിക്കൊണ്ടുപോകുന്നതിന്റെ മുരൾച്ചയും ദൃശ്യങ്ങളും എം.ടി എന്ന എഴുത്തുകാരനിലും പ്രകൃതിസ്നേഹിയിയിലും ഭ്രാന്തമായ ഒരു തരം അസ്വസ്ഥതതയായ് പടരുന്നതും: "നന്ദിയുണ്ട് നിന്നോട്… ഇത്രയും കാലം ഈ കുളിർജലവും പേറി കാത്തുനിന്നതിന്. എന്റെ ബാല്യത്തിന് കുളിർമ നൽകിയ കുളിർശയ്യയ്ക്കു വീണ്ടും നന്ദി".
പ്രിയ ഗുരു അക്കിത്തം പാടിയതുപോലെ പൂത്താങ്കോലേറെ കളിച്ചും കുളിരോരുമോളത്തിൽ മുങ്ങിക്കുളിയും മറ്റുമൊക്കെയായി കഴിച്ചു കൂട്ടിയ കാലത്തിന് ജലശയ്യകളോട് നന്ദിയർപ്പിയ്ക്കുന്ന അപൂർവ്വ നിമിഷം. മനുഷ്യർ ജലാശയങ്ങളിലെ മണ്ണുമാന്തി വിറ്റ് പകരം ചെളി നികത്തി മണിമാളികൾ പണിയുന്ന കാലത്ത് ഇവിടെയൊരാൾ എന്നോ ഇത്തിരി കുളിരു നൽകിയ ജലശയ്യകൾക്കു നന്ദി പറയുന്നു... എന്തൊരു വൈരുദ്ധ്യം അല്ലേ?

നദികൾ നിറഞ്ഞൊഴുകുന്ന കാഴ്ച പല തവണ കണ്ടിട്ടുള്ള ഒരാൾ, നാട്ടിൽ രണ്ടു വലിയ വെള്ളപ്പൊക്കങ്ങൾ കണ്ട ഒരെഴുത്തുകാരൻ, അനതിവിദൂര ഭാവിയിൽ നാം നേരിടാനിരിയ്ക്കുന്ന കുടിവെള്ള പ്രശ്നത്തെക്കുറിച്ച് ദീർഘദർശനം നടത്തുന്നത് കേരളീയരായ നാം വേണ്ടത്ര ശ്രദ്ധിച്ചിട്ടില്ലെന്നാണ് തോന്നുന്നത്.

മുക്കുറ്റിയിലും മന്ദാരത്തിലും കണ്ണാന്തളിപ്പൂക്കളിലും തുടങ്ങി നാട്ടുപ്രകൃതിയിലെ സർവ്വ സൗന്ദര്യങ്ങളോടും ഹൃദയത്തിൽ ഒരു പ്രത്യേക ഇഷ്ടം കൊണ്ടുനടന്ന എം.ടിയ്ക്ക് അത് പുഴയിലെത്തുമ്പോൾ അദമ്യമായ ഒരഭിനിവേശമായി തീരുന്നു. എത്ര കുളിച്ചു തിമിർത്തു നടക്കുമ്പോഴും സ്വന്തമായി ഒരു കുളമുണ്ടാകണമെന്നു കൂടി ആശിച്ചുപോകുന്നത് അതുകൊണ്ടാണ്. ഒരു വെള്ളെപ്പാക്ക കാലത്ത് വീട്ടുപടിക്കൽ വരെ വെള്ളം വന്നത് എം.ടി ഓർക്കുന്നു: "നാലഞ്ചു ദിവസം ഞങ്ങൾ പടിക്കൽ നിന്നാണു കുളിച്ചത്. ഇപ്പോൾ പുഴയിൽ ഒരു തുടം വെള്ളം മാത്രേമയുള്ളൂ… കാലാവസ്ഥയ്ക്കനുസരിച്ച് ചിരിച്ചും പുളച്ചും അലറിവിളിച്ചും ഒഴുകുന്ന ഭാരതപ്പുഴ കാണാനാണു മുൻപു വന്നിരുന്നത്.." ആത്മഗതം പോലെ അടർന്നു വീഴുന്ന വാക്കുകളിലെ വേദനയുടെ ആഴം ആരുടെ ഹൃദയത്തിലും വേദനയുണർത്തും.

‘എം.ടി എന്ന എഴുത്തുകാരനിലെ പാരിസ്ഥിതിക കർത്തൃത്വം അന്വേഷിക്കുകയാണ് ‘കുമരനെല്ലൂരിലെ കുളങ്ങൾ’ എന്ന ഡോക്യുമെൻ്ററി.
‘എം.ടി എന്ന എഴുത്തുകാരനിലെ പാരിസ്ഥിതിക കർത്തൃത്വം അന്വേഷിക്കുകയാണ് ‘കുമരനെല്ലൂരിലെ കുളങ്ങൾ’ എന്ന ഡോക്യുമെൻ്ററി.

"ഇവിടെയും ഈ മണലാെക്കെ എടുത്ത് പണ്ടും ആളുകൾ വീടുപണിക്കൊക്കെ ഉപേയാഗിച്ചിരുന്നു. പക്ഷേ, ഈ മണൽ വ്യാപകമായിട്ട് വൻകിട വ്യാപാരമായിട്ട് തമിഴ്നാട്ടിലേക്കും ആന്ധ്രയിലേക്കും പോകാൻ തുടങ്ങിയതു മുതൽക്കാണ് ഈ വിപത്തു വന്നത്. വാട്ടർ ഹാർെവസ്റ്റിങ്ങ്… നമ്മുടെ ജലസംഭരണത്തിൻെറ മാർഗ്ഗങ്ങളായിരുന്നു വലിയ കുളങ്ങളാെക്കെ. ഒരുപാടു പറഞ്ഞു. ഒരുപാട് എഴുതി. കുറേ പ്രസംഗിച്ചു. അതുെകാെണ്ടാന്നും കാര്യമില്ല. ഇപ്പഴ് നമ്മുടെ അടുത്ത തലമുറ അദ്ഭുതപ്പെടുന്നുണ്ടാകും പുഴയ്ക്ക് ഇങ്ങനെയാരു ഭൂതകാലം ഉണ്ടായിരുന്നെന്ന്", ആർജ്ജവമുള്ള വാക്കുകൾ… സ്വന്തം ബാല്യകാലാനുഭവങ്ങളുടെ ഊഷ്മളവും ഹൃദയത്തിലലിഞ്ഞുചേർന്ന സഹവാസവുമാകാം ഈ എഴുത്തുകാരനെക്കൊണ്ട് നിളയെക്കുറിച്ച്, ജലസംസ്കാരത്തെക്കുറിച്ച് ഇത്രയേറെ പറയിപ്പിച്ചത്. ഒരു പക്ഷെ ജലസ്രോതസുകളെക്കുറിച്ച് ഇത്രയേറെ പറഞ്ഞ, ഇത്രയേറെ പരിതപിച്ച ഒരെഴുത്തുകാരൻ മലയാളത്തിൽ വേറെയുണ്ടാകില്ല.

‘‘എം.ടി എന്ന എഴുത്തുകാരനിലെ പാരിസ്ഥിതിക കർത്തൃത്വം അന്വേഷിക്കുകയാണ് ‘കുമരനെല്ലൂരിലെ കുളങ്ങൾ’ എന്ന ഈ ഡോക്യുമെൻ്ററി. ‘ബഷീർ ദ മാൻ’, ‘കോവിലൻ എൻെറ അച്ഛാച്ഛൻ’ എന്നീ ഡോക്യുമെന്റെറികളുടെ തുടർച്ചയാണിത്. ചരിത്രം പുനരുൽപ്പാദിപ്പിക്കുന്ന അതതു കാലത്തിെൻെറ നിലനിൽപ്പു നരിടുന്ന നൈതിക പ്രശ്നങ്ങളെയാണ് ഈ മൂന്ന് എഴുത്തുകാരും എഴുത്തിനുമപ്പുറേത്തക്കു ആവാഹിച്ചത്. അത്തരത്തിൽ ഒരു ചരിത്ര നൈരന്തര്യം ഈ ഡോക്യുമെന്ററി ത്രയ (Trilogy)ത്തിനുണ്ട്. ബഷീറിൻേറത് ദേശീയസമരത്തിൻെറയും ആത്മീയാന്വേഷണത്തിെന്റെയും സംഘർഷ ഭൂമികയായിരുന്നുവെങ്കിൽ കോവിലൻേറത് പാർശ്വവൽകൃതന്റെ അസ്തിത്വ നിർവഹണത്തിനാവശ്യമായ മനുഷ്യപ്പറ്റിന്റെയും വിശപ്പിന്റെയും അഭിലാഷപൂർത്തീകരണത്തിനു വേണ്ടിയുള്ള നിത്യസമരമായിരുന്നു. എം.ടിയുടേത് തന്നെ പെറ്റിട്ട നിളാനദിയുമായുള്ള പൊക്കിൾക്കൊടി ബന്ധമാണ്. നാമത് വെട്ടിമുറിക്കുമ്പോൾ പ്രതിേരാധിക്കാനാവാതെ നിസ്സഹായരായി നോക്കി നിൽക്കേണ്ടിവരുന്ന മധ്യവർഗ്ഗ ജനതയുടെ തന്നെ പ്രതിനിധാനമാണ്’’, ഭാഷാപോഷിണിയിൽ ഖണ്ഡശഃ പ്രസിദ്ധീകരിച്ച ‘കുമരനെല്ലൂരിലെ കുളങ്ങൾ’ എന്ന തിരക്കഥയുടെ ആമുഖത്തിൽ നിന്നുള്ള വാക്കുകളാണിത്.

മഹാനദിയെ, അവയിലെ രുചിയേറിയ മീനുകളായ്, ബിസ്കറ്റ് പരുവത്തിലുള്ള സുവർണ മണൽത്തരികളായ് തിന്നു തീർത്തവർ, അതിലെ ജലാംശം ഊറ്റിയവർ ഒന്നും പിൽക്കാലത്ത് നദിയെ ഓർക്കണമെന്നില്ല. എന്നാൽ നദികളുടെ കുളിരും രുചിയും ഒരിയ്ക്കലെങ്കിലും അറിഞ്ഞ ചിലരെങ്കിലും ഒരിയ്ക്കലും അവയെ, വഴിയിലുപേക്ഷിയ്ക്കാറില്ല. ആ ജീവനുവേണ്ടി അതിന്റെ നിലനിൽപ്പിനുവേണ്ടി എപ്പോഴും പോരാടിക്കൊണ്ടുമിരിക്കും. മനുഷ്യൻ ഇല്ലാതായാലും നദികൾ എന്നേക്കും ജീവിയ്ക്കുകയും ചെയ്യും. എം.ടി വിട പറയുമ്പോഴും പറഞ്ഞതും കേട്ടതുമായ കഥകൾ അവസാനിയ്ക്കുന്നില്ല. അമരത്വം പൂകിയ ആ വാക്കുകളുടെ മുഴക്കം വർദ്ധിയ്ക്കുന്നതേയുള്ളൂ. പറയാൻ ബാക്കി വെച്ചവ ഉണ്ടാകാമെങ്കിലും എഴുത്തും വിചാരങ്ങളും കൊണ്ട് അത്യന്തം സാർത്ഥകമായിരുന്നു ആ സർഗജീവിതം.


Summary: Kumaranalloorile Kulangal, documentary directed by MA Rahman on legendary Malayalam writer MT Vasudevan Nair. SN Roy writes about the documentary.


എസ്.എൻ. റോയ്

മാധ്യമ പ്രവർത്തകൻ, എഴുത്തുകാരൻ. ദീർഘകാലം പ്രവാസിയായിരുന്നു. ഓസ്ട്രേലിയയിൽ നിന്നുള്ള ആദ്യത്തെ മലയാളം വാർത്താമാസികയായ 'മെൽബൺ മലയാളി' യുടെ എഡിറ്റർ. 'ഓർമ്മപ്പെരുന്നാൾ', 'അതിരുകൾ മായുന്ന ആകാശം' എന്നിവ കൃതികൾ.

Comments