ഭാഗം 1
ഹിന്ദുസ്ഥാനി സംഗീതലോകത്തെ അതികായനായിരുന്ന ഉസ്താദ് അലാവുദ്ദീൻ ഖാൻ, ജീവിതപങ്കാളി മദൻമഞ്ജരി, മക്കളായ ജഹനാര, അന്നപൂർണ്ണ, അലി അക്ബർ ഖാൻ എന്നിവരുടെ ജീവിതം പറയുന്ന സ്റ്റോറി സീരീസ്. സംഗീതം പഠിക്കാൻ ചെറുപ്പത്തിലേ വീട് വിട്ടിറങ്ങുകയും വർഷങ്ങളോളം അലഞ്ഞു തിരിയുകയും പലരിൽ നിന്നായി അൽപം പഠിക്കുകയും ഒടുവിൽ രാംപൂരിലെ കൊട്ടാരം സംഗീതജ്ഞനായ ഉസ്താദ് വാസിർ ഖാനിൽ നിന്ന് പഠിക്കാൻ നടത്തിയ ശ്രമങ്ങൾ പരാജയപ്പെട്ടപ്പോൾ ആത്മഹത്യ ചെയ്യാനൊരുങ്ങുകയും അവസാനം ജീവിതത്തിലേക്ക് തിരിച്ചെത്തുകയും ചെയ്ത അലാവുദ്ദീൻ ഖാന്റെ ഇതിഹാസ ജീവിതത്തിന് സമാനമായ മറ്റൊന്ന് ഹിന്ദുസ്ഥാനി സംഗീതത്തിലില്ല.
മദൻമഞ്ജരിയുടെ അനന്തമായ കാത്തിരിപ്പ്, മകൾ ജഹനാരയുടെ അകാല വിയോഗം, സംഗീതവും കലഹവും പങ്കിട്ട അന്നപൂർണ്ണയും രവിശങ്കറും- ഇതിനെല്ലാം സാക്ഷിയായി സഹോദരൻ അലി അക്ബർ ഖാനും കൂടെയുണ്ടായിരുന്നു. സംഗീതം മനുഷ്യനെ എങ്ങനെ ഉയർത്തുകയും താഴ്ത്തുകയും ചെയ്യുന്നു എന്നതിന്റെ നേർസാക്ഷ്യമാണ് ഈ സ്റ്റോറി സീരീസ്. ഇത് വെറുമൊരു ജീവചരിത്രമല്ല, സംഗീതത്തിനുവേണ്ടി ജീവിതം സമർപ്പിച്ച ഒരു കൂട്ടം മനുഷ്യരുടെ സഹനത്തിലൂടെയും വേദനയിലൂടെയും നടത്തുന്ന ആഴമേറിയ ദാർശനിക യാത്ര. കാത്തിരിപ്പും, തിരസ്‌കാരവും, ഏകാന്തതയും, പ്രണയവും, സംഗീതത്തോടൊപ്പം ചേർന്ന് കാലത്തെയും മരണത്തെയും അതിജീവിക്കുന്ന അനശ്വരകഥയുടെ ആവിഷ്‌കാരം.
▮
എപ്പിസോഡ് ഒന്ന്:
രാത്രി വളരെ വൈകീട്ടും മദൻമഞ്ജരിക്ക് ഉറങ്ങാൻ സാധിച്ചില്ല. എല്ലാവരും ഉറക്കത്തിന്റെ രണ്ടാംപാതി പിന്നിട്ടിരിക്കാം. ശബ്ദമുണ്ടാക്കാതെ ഉമ്മറവാതിൽ തുറന്ന് അവൾ പതിയെ പുറത്തിറങ്ങി. മേഘരഹിതമായ ആകാശത്ത് നക്ഷത്രങ്ങൾ തിളങ്ങിനിൽക്കുന്നുണ്ട്. കനത്ത ഇരുട്ടിലും നക്ഷത്രത്തിന്റെ ഒരു പാളി അടർന്നുവീണ് നെല്ലിമരത്തിൽ പ്രകാശിക്കുന്നു. ചെറുപ്രാണികളുടെ ശബ്ദങ്ങൾ ശ്രവിക്കാൻ പാകത്തിലുള്ള നിശ്ശബ്ദത. രാത്രിയുടെ ശബ്ദരാഹിത്യം അവളെ കൂടുതൽ തനിച്ചാക്കിയത് പോലെ തോന്നിച്ചു.
മനസ്സാകെ കലുഷിതമായിരിക്കുന്നു. കണ്ണുകളിൽ വിഷാദത്തിന്റെ നീലഗർത്തം. ശരീരമാകെ പടരുന്ന വിയർപ്പ് കണങ്ങൾ. സമയബോധത്തിൽ നിന്നും പരിസരബോധത്തിൽ നിന്നും തെന്നിമാറിയുള്ള നടപ്പ്. അപ്രതീക്ഷിതമായി കാലിനിടയിലൂടെ ഒരു കുഞ്ഞെലി പാഞ്ഞുപോയത് അവൾ അറിഞ്ഞില്ല. ഈ രാത്രി എങ്ങനെ തള്ളിനീക്കും? ഹിമപടലമുള്ള കടലിലൂടെ കപ്പലിനെ മുന്നോട്ട് ചലിപ്പിക്കുക എത്ര ദുഷ്‌കരമാണോ അത്രയും പ്രയാസമാണ് രാത്രി കഴിച്ചുകൂട്ടുന്നതിനെപ്പറ്റി ആലോചിക്കുമ്പോൾ അവൾക്ക് തോന്നിയത്.
രാവിലെ വീട്ടിൽ നടന്ന ചർച്ചയാണ് അവളുടെ മനസ്സിൽ വീണ്ടും സംഘർഷത്തിന്റെ തീപ്പൊരികൾ വീഴ്ത്തിയത്. കരിയിലകൾക്ക് ചൂടുപിടിച്ച് ആളിക്കത്താൻ തുടങ്ങുന്നതുപോലെ അത് വേഗത്തിൽ പടർന്നു. ചർച്ചയിലെ ഓരോ സംഭാഷണവും മനസ്സിൽ തിരശീലയിലെന്ന പോലെ മിന്നിമാഞ്ഞു.
‘‘എത്രകാലമായി അവളിങ്ങനെ വീട്ടിൽ നിൽക്കുന്നു. ഇതിനൊരു പരിഹാരം വേണ്ടേ?'', അമ്മാവൻ തുടങ്ങിവെച്ച സംസാരം ബാപ്പയുടെ നേർക്കായിരുന്നു. ആജാനബാഹുവായ ആ മനുഷ്യൻ വെറ്റിലച്ചെല്ലത്തിൽ നിന്ന് മുറുക്കാനെടുത്ത് വായലിട്ട് ചവച്ചു.
‘‘പതിനഞ്ച് കൊല്ലായി നിങ്ങള് എന്ത് ചെയ്യായിരുന്നു?’’, ബാപ്പയുടെ മറുപടി കാത്തുനിൽക്കാതെ അയാൾ മറ്റൊരു ചോദ്യം തൊടുത്തുവിട്ടു.
‘‘നാളേറെയായി അവളോട് പറയുന്നു ഈ ബന്ധമൊഴിവാക്കി മറ്റൊരു കല്യാണം കഴിക്കാൻ. പക്ഷെ കേൾക്കേണ്ടെ’’, ബാപ്പ പറഞ്ഞു.
''അലാവുദ്ദീൻ മടങ്ങിവരുമെന്ന് വിചാരിച്ചു. ഇന്നു വരും നാളെ വരും എന്നു കരുതി കാലം പോയറിഞ്ഞില്ല’’, മദൻ മഞ്ചരിയുടെ ഉമ്മ ഇടപെട്ടു.

''അയാള് മുമ്പും നാടുവിട്ടു പോയിട്ടില്ലേ?''
''ഉണ്ട്. കുട്ടിക്കാലത്ത്’’.
''ഓ, അത് ശരി. ഇതൊരു പുതിയ സംഭവമല്ല’’.
''സംഗീതം പഠിക്കണംന്ന് പറഞ്ഞാ ആദ്യം വീട് വിട്ടത്’’.
''എന്നിട്ട് അയാള് സംഗീതം പഠിച്ചോ'', അമ്മാവന്റെ ചോദ്യത്തിൽ പരിഹാസത്തിന്റെ മുനയുണ്ടായിരുന്നു.
''ഇപ്പൊ എവിടെയാണെന്ന് ഒരു വിവരവുമില്ല’’, മറ്റൊരാൾ പറഞ്ഞു.
‘‘അയാൾ ഗിരീഷ് ചന്ദ്രഘോഷിന്റെ കൂടെയാണെന്ന് ചിലർ പറയുന്നു’’.
''അതാരാ...’’
‘‘നടനാ... കൽക്കത്തയിൽ നാടകശാല നടത്തുന്നുണ്ട്. പേരുകേട്ടയാളാ. അറിയില്ലേ?''
''ഇല്ല’’.
''എല്ലാ നാടകക്കമ്പനികളിലും കള്ളുകുടിയും പെണ്ണുപിടിയുമൊക്കെയാ, അവിടെയും അതൊക്കെ തന്നെയായിരിക്കും. അതാ മടങ്ങിവരാത്തത്’’.
‘‘ഇനിയിപ്പോ വേറെ കല്യാണം കഴിച്ച് ഭാര്യയും കുട്ടികളുമായി കഴിയുന്നൊണ്ടോന്ന് ആർക്കറിയാം’’, ബാപ്പ ദേഷ്യത്തിൽ സ്വയം പറഞ്ഞു. അയാളുടെ മുഖം കോപത്തിന്റെ തിളച്ചുമറിയലിൽ നിന്ന് നിമിഷാർദ്ധം കൊണ്ട് സങ്കടത്തിന്റെ ദൈന്യതയിലേക്ക് മാറി.
''നമ്മളെന്തിനാ ഉറപ്പില്ലാത്ത കാര്യം പറയുന്നത്?'', ഉമ്മ എതിർത്തു.
''പെണ്ണിന് ഭംഗിയില്ലാത്തതുകൊണ്ടാ നാടുവിട്ടത് എന്നൊരു വർത്തമാനംണ്ട്’’, ബന്ധുവായ ഒരു സ്ത്രീ പറഞ്ഞു.
''ഇത്തരം വർത്തമാനങ്ങൾക്ക് ചെവികൊടുക്കരുത്’’, മറ്റൊരാൾ നിരുത്സാഹപ്പെടുത്തി.
‘‘നാട്ടുകാരുടെയും ബന്ധുക്കാരുടെയും ചോദ്യങ്ങൾക്ക് പലപ്പോഴും ഉത്തരം കൊടുക്കേണ്ടത് ഞങ്ങളാ. അമ്മാവനായിട്ട് നിങ്ങൾക്ക് നാട്ടിൽ ഉള്ള വില കുടുംബത്തില് ഇല്ല അല്ലേ. ഈ പരിഹാസമൊക്കെ ഞാൻ ആവശ്യമില്ലാതെ കേൾക്കേണ്ടിവരുന്നത് നിന്റെ മോളെക്കൊണ്ടാ... അവളുടെ പിടിവാശിന്റെ മാനക്കേട് സഹിക്കേണ്ടി വരുന്നത് ഞങ്ങള് കൂടിയാ.... അതൊക്കെ പോട്ടെ എന്തെങ്കിലും ആവട്ടെന്ന് കരുതാം. ഇതിപ്പം ഞങ്ങളെ കുട്ടികൾക്ക് വരുന്ന നല്ല ആലോചനകൾ പോലും ഇതിന്റെ പേരിൽ മുടങ്ങിപ്പോവാ. അതോണ്ട് ഞങ്ങള് എല്ലാരുംകൂടി രണ്ടില് ഒന്ന് അറിയാനാ വന്നത്. അവളെ തല്ലിട്ടോ പട്ടിണിയ്ക്ക് ഇട്ടോ, നല്ല രീതിയ്ക്ക് പറഞ്ഞിട്ടോ എങ്ങനെ ആയാലും വേണ്ടീല്ല എത്രയും പെട്ടന്ന് നിക്കാഹ് കഴിപ്പിച്ച് അയക്കണം. അവളുടെ വാക്കും കേട്ട് ഇത്രയുംകാലം അലാവുദ്ദീനെ കാത്തിരുന്നിട്ട് എന്തെങ്കിലും നടന്നോ? ഇനിയും അവളുടെ വർത്തമാനത്തിന് ചെവി കൊടുക്കാണ്ട് കാര്യങ്ങൾനീക്കാൻ നോക്ക്. ഞാൻ തന്നെ അവൾക്ക് നല്ലൊരു ആലോചന കൊണ്ട് വരും. എതിര് പറയാൻ നിക്കേണ്ട. അങ്ങോട്ട് ഉറപ്പിച്ചേക്കണം... ഇനിയും അനുസരിക്കാന് ഭാവല്ലെങ്കില് ഇവിടെ നിന്ന് അടിച്ചിറക്കി വിട്ടേക്കണം. അപ്പോഴേ പഠിക്കൂ’’, അമ്മാവന്റെ ഇടിനാദം പോലെയുള്ള ശബ്ദം അവിടെ മുഴങ്ങി. എല്ലാറ്റിനും മൂകസാക്ഷിയായി, വാതിലിന് പിന്നിൽ മറഞ്ഞു നിൽക്കുന്ന, മദൻ മഞ്ചരിയുടെ മനസ്സിൽ അത് ചാട്ടുളി പോലെ ചെന്ന് തറച്ചു.
ഇത്രയൊക്കെ പറഞ്ഞിട്ടും ബാപ്പ അവൾക്ക് വേണ്ടി ഒരക്ഷരം മിണ്ടാതിരുന്നത് നിരാശയിലാഴ്ത്തി. ബന്ധുക്കളുടെ അഭിപ്രായത്തിന് വീട്ടുകാർ മൗനപിന്തുണയേകിയത് അവളുടെ ആത്മാവിനെ ആഴത്തിൽ മുറിവേൽപ്പിച്ചു. മുമ്പൊരിക്കൽ വീട്ടുകാർ മറ്റൊരു വിവാഹം കഴിക്കാൻ നിർബന്ധിച്ചിരുന്നു. ഒരാഴ്ച്ച നിരാഹാരം കിടന്നാ അതിനെ എതിർത്ത് തോൽപ്പിച്ചത്. അന്ന് ഇതുപോലൊരു സഭ കൂടൽ ഉണ്ടായിരുന്നില്ല. മദൻ മഞ്ജരിയുടെ ജീവിതത്തിൽ ഇടപെട്ടു കൊണ്ട് ബന്ധുക്കളെല്ലാം അഭിപ്രായ പ്രകടനം നടത്തി പിരിഞ്ഞുപോയപ്പോൾ അവൾ ബാപ്പയ്ക്ക് നേരെ തിരിഞ്ഞു; ‘‘അവര് പറഞ്ഞതിനോട് യോജിക്കുന്നുണ്ടോ? എനിക്ക് ബാപ്പയുടെ തീരുമാനം അറിയണം’’.
‘‘മോൾക്ക് ഇങ്ങനെ എത്രനാള് ഒറ്റക്ക് ജീവിക്കാനാകും?''
''ആലം തിരിച്ചുവരുന്നത് വരെ’’, അവൾ ബാപ്പയെ ഉത്തരം മുട്ടിച്ചു.
എല്ലാവരും പോയതിനുശേഷം മദൻ മഞ്ചരി മുറിയിൽ കയറി കതകടച്ചു. ഹൃദയത്തിൽ പതിച്ച വേദനയുടെ പിടച്ചിൽ കണ്ണുനീരിലൂടെ ഒഴുക്കിക്കളയാൻ ശ്രമിച്ചു. ഭർത്താവിനെ കാത്തിരുന്ന പല രാത്രികളും അവളിൽ വേദന നീറിപുകഞ്ഞിട്ടുണ്ട്. പക്ഷെ ഇതുപോലെ ഒരിക്കലും വേദന കടലിലെ തുഴക്കാരനെ പോലെ സമുദ്രഗാധതലങ്ങളിലേക്ക് ഇങ്ങനെ പിടഞ്ഞു പാഞ്ഞിട്ടില്ല. നെഞ്ചിൽ ഇത്രയധികം ചോരപൊടിഞ്ഞിട്ടില്ല. ഭൂമിയിൽ തന്റെ ജീവിക്കാനുള്ള അവകാശം ഇത്രയും നീചമായി മുമ്പൊരിക്കലും ചോദ്യം ചെയ്യപ്പെട്ടിട്ടില്ല. ഒരാളുടെ അഭാവം അവരുടെ പ്രിയപ്പെട്ടവരെ നീണ്ടകാലം വേദനയിൽ നീറ്റിയേക്കാം. അതനുഭവിക്കുന്ന ആൾക്ക് മാത്രമേ എത്ര തീവ്രമായ വേദനയിലൂടെയാണ് കടന്നുപോകുന്നതെന്ന് അറിയാൻ സാധിക്കുകയുള്ളൂ. ചാരത്തിനുള്ളിൽ പുകയുന്ന കനൽ പോലെ അത് ഉള്ളിൽ നിശ്ശബ്ദം കത്തിക്കൊണ്ടിരിക്കും.
ആ രാത്രി മദൻ മഞ്ചരി ഉറച്ച തീരുമാനമെടുത്തു, തന്റെ ജീവനെ ഈ ഭൂമിയിൽ നിന്ന് പറഞ്ഞയക്കാൻ. അത് മറ്റൊരു രൂപത്തിലും വീണ്ടും അവതരിക്കരുത് എന്നുപോലും ചിന്തിച്ചു പോയി. ഭർത്താവായ അലാവുദ്ദീൻ ഖാനെ പ്രതീക്ഷിച്ചുള്ള കാത്തിരിപ്പ് ബന്ധുക്കളുടെയും നാട്ടുകാരുടെയും മുനവെച്ചുള്ള ചോദ്യങ്ങളും പരിഹാസങ്ങളും മാത്രമാണ് സമ്മാനിച്ചത്. മറ്റൊരു കല്യാണം കഴിക്കാൻ അവൾ ഒരുക്കമല്ല. ഇനിയും അപമാനം സഹിക്കാനും വയ്യ.
ഉമ്മറവാതിലടച്ച് മദൻ കിടപ്പുമുറിയിലെത്തി. മരക്കസേരയിൽ മണ്ണെണ്ണ വിളക്ക് കത്തുന്നുണ്ട്. വിളക്കിന്റെ തിരി അല്പംഉയർത്തി. മുറിയിലാകെ മഞ്ഞവെളിച്ചം പടർന്നു. ഉത്തരത്തിലേക്ക് നോക്കി. കട്ടിലിൽ കയറി നിന്നു. സാമാന്യം ഉയരമുണ്ടെങ്കിലും കയർ കുരുക്കിടാൻഎത്തുന്നില്ല. അപ്പോഴാണ് മുറിയിലെ കസേര ശ്രദ്ധയിൽപെട്ടത്. വിളക്കെടുത്ത് നിലത്ത് വെച്ച്, കസേരയെടുത്ത് കട്ടിലിൽ വെച്ചു. ഇപ്പോൾ പ്രയാസമില്ലാതെ കാര്യം നടത്താം. കസേരയിൽ കയറി നിന്ന് ഉത്തരത്തിലെ മുളയിൽ കയറിട്ടു. അതിന്റെ മറ്റേയറ്റം തന്റെ കഴുത്തിലും കുരുക്കിട്ടു. കണ്ണുകളടച്ചു. ജീവിതത്തിൽ താൻ അന്നേവരെ അനുഭവിച്ച സകല വേദനകളും അപമാനങ്ങളും ഒരു നിമിഷം മനസ്സിലേക്ക് ഇരച്ചുകയറിവന്നു. അതിൽ നിന്ന് കിട്ടിയ ഉൾക്കരുത്തിൽ കാലുകൊണ്ട് കസേര തട്ടി താഴെയിട്ടു. അത് നിലത്തു വെച്ച വിളക്കിൻ മേൽ പതിച്ച് വെളിച്ചം അണഞ്ഞു. ശരീരം കയറിൽ തൂങ്ങിയാടി. ഭാരം താങ്ങാനാവാതെ ഉത്തരത്തിലെ മുളപൊട്ടി ഒരലർച്ചയോടെ കട്ടിലിലേക്ക് പതിച്ചു. ശബ്ദം കേട്ട് അടുത്ത മുറിയിൽ ഉറങ്ങുകയായിരുന്ന ഉമ്മയും ബാപ്പയും ഞെട്ടിയുണർന്നു. എന്താണ് സംഭവിച്ചതെന്ന് അവർക്ക് പിടികിട്ടിയില്ല. മണ്ണെണ്ണ വിളക്കിന്റെ താഴ്ത്തി വെച്ച തിരിയുയർത്തി അതുമായി ശബ്ദംകേട്ട മുറിയിലേക്ക് ഓടി. വിളക്കിന്റെ അരണ്ട വെളിച്ചത്തിൽ കണ്ട കാഴ്ച ഞെട്ടിക്കുന്നതായിരുന്നു. കഴുത്തിൽ കുരുക്കുമായി കട്ടിലിൽ പുളയുന്ന മദൻ മഞ്ജരി.ഒടിഞ്ഞ മുളയുടെ ഒരു ഭാഗം ഉത്തരത്തിൽ തൂങ്ങിനിൽക്കുന്നു. മറ്റേ ഭാഗം കട്ടിലിൽ. കണ്ണ് തുറിച്ചിരിക്കുന്നു. കയർ ഉരഞ്ഞ് കഴുത്തിലെ തൊലി അടർന്ന് ചോര പൊടിയുന്നുണ്ടായിരുന്നു. ബാപ്പ ഉടനെ അവളുടെ കഴുത്തിലെ കുരുക്ക് അറുത്ത് മാറ്റി. അവൾ നിർത്താതെ ചുമച്ചു. ബാപ്പ പുറവും നെഞ്ചും തടവികൊണ്ട് അവളുടെ ശ്വാസഗതി പുനഃസ്ഥാപിക്കാൻ പാടുപെട്ടു. അപ്പോഴേക്കും ഉമ്മ വെള്ളവും പച്ചമരുന്നും കൊണ്ടുവന്നു. മുറിവിൽ മരുന്ന് പുരട്ടി കൊടുക്കുമ്പോൾ ഉമ്മ കരയുന്നുണ്ടായിരുന്നു.

''എന്തിനാ മോളെ ഞങ്ങളോട് ഇത് ചെയ്തത്?’’
''മതി, മതി; ഇതിനെകുറിച്ച് ഇപ്പൊ ഒന്നും പറയേണ്ട’’, ഉമ്മ തുടങ്ങിവെച്ച സംഭാഷണത്തിന് ബാപ്പ വിരാമമിട്ടു.
ഉമ്മ കിടക്കയിലുള്ള മുളയുടെ അവശേഷിപ്പും മറ്റും വൃത്തിയാക്കി. അപ്പോഴും മുറിയുടെ മൂലയിൽ, വെറും നിലത്ത്, അവൾ കാൽമുട്ടിൽ തലയും താഴ്ത്തി ഇരിപ്പായിരുന്നു. പൊട്ടിയ വിളക്കിന്റെ ചില്ലുകൾ സമീപം ചിതറിക്കിടന്നിരുന്നു. കമഴ്ന്നു കിടക്കുന്ന വിളക്കിൽനിന്ന് ഒഴുകിയ മണ്ണെണ്ണ അവിടെയാകെ രൂക്ഷഗന്ധം പടർത്തി.
ഉമ്മ അവളെ മെല്ലെ പിടിച്ചെഴുന്നേൽപ്പിച്ച് കട്ടിലിൽ ഇരുത്തി; ‘‘കഴിഞ്ഞത് കഴിഞ്ഞു. സാരമില്ല.മോള് കിടന്നോ'', ഉമ്മ മോളെ ചേർത്തു പിടിച്ചു. അവൾ ഒന്നും മിണ്ടാതെ കിടക്കയിലേക്ക് ചുരുണ്ടു. ഉറക്കം വരുന്നുണ്ടായിരുന്നില്ല. പലതും ആലോചിച്ചു കിടന്നു.
മകളെ അണച്ചു പിടിച്ചു സമീപത്തായി കിടന്നു. ഉമ്മയുടെ ഗർഭപാത്രത്തിൽ ചുരുണ്ടുക്കൂടി കിടന്നത് പോലെ അവൾ വയറിൽ മുഖം അമർത്തിവെച്ച് ഉമ്മയോട് ചേർന്നുകിടന്നു. കഴുത്തിലെ മുറിവിൽ നിന്ന് അപ്പോഴും ചോര പൊടിയുന്നുണ്ടായിരുന്നു.
‘‘എത്രകാലായി അയാള് പോയിട്ട്. ഇതുവരെ ഒരു വിവരോം ല്ല. അതല്ലേ ഞങ്ങക്ക് അങ്ങനെ തീരുമാനിക്കേണ്ടി വന്നത്. അങ്ങനെയെങ്കിലും നിന്റെ മനസ്സ് മാറട്ടെയെന്ന് വിചാരിച്ചാ പറഞ്ഞത്. അല്ലാതെ നിന്നെ ഇവിടെനിന്ന് ഇറക്കിവിടാന് ഞങ്ങൾക്ക് പറ്റോ?’’
മകളുടെ അവസ്ഥ കണ്ട് ബാപ്പയ്ക്ക് മുറി വിട്ടുപോകാൻ തോന്നിയില്ല. അയാൾ അവളുടെ തലയണയുടെ സമീപത്ത് വന്നിരുന്നു.
''എന്റെ മോള് എത്രമാത്രം ആലത്തെ സ്‌നേഹിക്കുണ്ടെന്ന് എനിക്കറിയാം. എവിടെ ഉണ്ടെങ്കിലും ഞാൻ തേടിപിടിച്ചു കൊണ്ടുവരും’’, ബാപ്പയുടെ ശബ്ദം ദൃഢമായിരുന്നു.
ഉമ്മ മകളെ മെല്ലെ തലോടിക്കൊണ്ടിരിക്കുന്നു. അവരുടെ മെലിഞ്ഞ് ഉണങ്ങിയ വിരലുകൾ അവളുടെ തലമുടിയിലൂടെ സഞ്ചരിച്ചു. കൺപോളകൾ അടയാൻ തുടങ്ങി. ഉറക്കത്തിലേക്ക് വീഴുന്നതിന് മുമ്പ് അവളുടെ ചുണ്ടുകൾ മന്ത്രിച്ചു.
‘‘ഉമ്മാ, എനിക്കുറപ്പുണ്ട് ആലം തിരിച്ചുവരുമെന്ന്’’.
▮
എപ്പിസോഡ് 2
റായ്പൂരിൽ നിന്ന് കിഴക്കൻ ബംഗാളിലെ ഷിബ്പൂർ ഗ്രാമത്തിലേക്ക് മദൻ മഞ്ചരിയുടെ രണ്ടാമത്തെ യാത്രയായിരുന്നു. അകലെയുള്ള തീവണ്ടിയാപ്പീസിലേക്ക് ഒരു തകരപ്പെട്ടിയും തൂക്കിപ്പിടിച്ച് പുലരിയുടെ ഇളംതണുപ്പിൽ ബാപ്പയുടെ പിന്നിലായി അവൾ നടന്നു. ആകാശത്ത് മേഘങ്ങൾ താഴെ വീഴാൻ പാകത്തിൽ തൂങ്ങിക്കിടക്കുന്നതായി കാണപ്പെട്ടു. കാറ്റടിച്ചപ്പോൾ അവ മെല്ലെ നീങ്ങിത്തുടങ്ങി. സൂര്യനെ പൊതിഞ്ഞ മേഘങ്ങൾ അകന്നുപോയതോടെ വെളിച്ചം തെളിഞ്ഞു. തലേദിവസം കഴുത്തിലുണ്ടായ മുറിവ് ആരും കാണാതിരിക്കാൻ അവൾ സാരിത്തലപ്പ് കൊണ്ട് തലയും കഴുത്തും പൊതിഞ്ഞ് കൊണ്ട് നടന്നു. വഴിയിൽ വെച്ച് അവർക്കൊരു കാളവണ്ടി കിട്ടി. പുറംകാഴ്ചയിൽ മുഴുകിയിരിക്കുന്ന മകളോട് ബാപ്പ കഴിഞ്ഞ രാത്രിയിലെ സംഭവങ്ങൾ സംസാരിക്കാൻ തുടങ്ങി.
''പെൺമക്കളുടെ ഭാവിയെ പറ്റി എല്ലാ രക്ഷിതാക്കൾക്കും ബേജാറുണ്ടാവും. അതുകൊണ്ടാ നിന്നെ മറ്റൊരു കല്യാണത്തിന് നിർബന്ധിച്ചത്’’.
''നിങ്ങൾക്ക് എന്നെ മനസ്സിലാകാൻ പറ്റിയില്ലല്ലോ എന്നോർത്തപ്പോ സങ്കടം വന്നു. എന്റെ മുന്നിൽ വേറെ വഴികളില്ലായിരുന്നു. ബാപ്പ എന്നോട് ക്ഷമിക്കണം’’.
‘‘ഞങ്ങൾക്കാ തെറ്റുപറ്റിയത്. ഇനി നിന്റെ ഇഷ്ടത്തിന് എതിരായി ഒന്നും ചെയ്യൂല’’.
‘‘എനിക്കറിയാം ആലത്തിന് മറ്റൊരു കല്യാണം കഴിക്കാൻ പറ്റില്ലെന്ന്. അത്രമാത്രം ആലം സംഗീതത്തെ സ്‌നേഹിക്കുന്നു’’.
അവരുടെ സംഭാഷങ്ങൾക്കിടയിൽ തീവണ്ടിയാപ്പീസിൽ എത്തി.
വിക്ടോറിയൻ ശില്പഭംഗിയിൽ പണികഴിപ്പിച്ച ചുവന്ന ഇഷ്ടിക പതിപ്പിച്ച തീവണ്ടിയാപ്പീസ് അവൾ തെല്ല് കൗതുകത്തോടെ വീക്ഷിച്ചു. ആപ്പീസിന് പുറത്ത് ഉന്തുവണ്ടിയിലും കുട്ടയിലും കച്ചവടം ചെയ്യുന്ന ആളുകൾ. തോളിൽ മുഷിഞ്ഞ ഭാണ്ഡവുമായി യാത്രക്കാരെ പ്രതീക്ഷിച്ചു നിൽക്കുന്ന യാചകർ. മരംകൊണ്ട് നിർമ്മിച്ച ഇരിപ്പടങ്ങളിലും ഇരുമ്പിന്റെ തൂണുകളിലും കാലപ്പഴക്കവും വെയിലും മഴയും കേടുപാടുകൾ ഏൽപ്പിച്ചിട്ടുണ്ട്. യാത്രക്കാരായിട്ട് ചെറിയൊരു ആൾകൂട്ടം മാത്രമേ ഉണ്ടായിരുന്നുള്ളൂ.
ദൂരെനിന്ന് വണ്ടിയുടെ ചൂളം വിളികേട്ടു. പ്രതീക്ഷിച്ചതിലും വേഗം അടുത്തെത്തി. പാളങ്ങൾ കുലുക്കികൊണ്ട്, കടകട ശബ്ദമുണ്ടാക്കി, പുകപടർത്തി ആവിക്കപ്പൽ പോലെ കരിവണ്ടി പ്ലാറ്റ് ഫോമിൽ വന്നു നിന്നു. ആകാശത്തേക്ക് കറുത്ത പുക തുപ്പിയ വണ്ടിയുടെ ചക്രത്തിനോട് ചേർന്നുള്ള മറ്റൊരു പുകക്കുഴലിൽ നിന്നുള്ള പുക കൊണ്ട് അവൾക്ക് കാഴ്ച മങ്ങിയത് പോലെ തോന്നി. കണ്ണ് തിരുമ്മി നോക്കിയപ്പോൾ എഞ്ചിൻ ഡ്രൈവർ ഒരു വളയം താഴോട്ട് എറിഞ്ഞു കൊടുക്കുന്നു, താഴെ വെള്ള യൂണിഫോം ധരിച്ചയാൾ അത് സ്വീകരിച്ച് പകരം മറ്റൊന്ന് എറിഞ്ഞു കൊടുക്കുന്നു. ആദ്യയാത്രയിലും ഇങ്ങനെയൊരു കൈമാറ്റം കണ്ടിരുന്നുവെങ്കിലും എന്തിനാണ് അതെന്ന് പിടികിട്ടിയില്ല. എന്നിട്ടും ആ കാഴ്ച കൗതുകം പകർന്നു.
യാത്രയിലുടനീളം മദന്റെ ഓർമ്മകൾ ശിബ്പൂരിലേക്ക് നടത്തിയ ആദ്യയാത്രയെ പറ്റിയായിരുന്നു. മദൻ ജനിച്ച് ഏതാനും ദിവസങ്ങൾ കഴിഞ്ഞപ്പോൾ തന്നെ അവളെ അലാവുദ്ദീന് പറഞ്ഞു വെച്ചിരുന്നു. അവളുടെ ബാപ്പയും അലാവുദ്ദീന്റെ ബാപ്പയും ഉറ്റ ചങ്ങാതിമാർ. മദൻ ജനിക്കുമ്പോൾ അലാവുദ്ദീന് ഏഴുവയസ്സ്.
സംഗീതം പഠിക്കാൻ നാടുവിട്ട അലാവുദ്ദീനെ നാട്ടിൽ പിടിച്ചുനിർത്താനും ഉത്തരവാദിത്വമുണ്ടാക്കാനും വീട്ടുകാർ കണ്ടുവെച്ച സൂത്രമായിരുന്നു ഉടനെ വിവാഹം കഴിപ്പിക്കുക എന്നത്. കൊൽക്കത്തയിൽ നിന്ന് അലാവുദ്ദീനെ തേടിപ്പിടിച്ച് നാട്ടിലേക്ക് കൂട്ടികൊണ്ടുവരുന്ന വഴി അവർ റായ്പൂരിലെ മദൻ മഞ്ജരിയുടെ വീട്ടിൽ തങ്ങി. അവിടെ അലാവുദ്ദീന് രാജകീയ സ്വീകരണമാണ് ലഭിച്ചത്. അദ്ദേഹത്തിന്റെ കുടുംബവും മദന്റെ വീട്ടിലുണ്ടായിരുന്നു. കല്യാണക്കാര്യം എല്ലാവരും രഹസ്യമാക്കി വെച്ചു.

അടുത്തദിവസം മൂത്തസഹോദരൻ അഫ്താബുദീൻ അലാവുദ്ദീനോട് കാര്യം അവതരിപ്പിച്ചു. തെല്ലും പ്രതീക്ഷിക്കാത്ത ആ വാർത്ത അയാളിൽ അസ്വസ്ഥതയുണ്ടാക്കി. കല്യാണത്തിന് മാനസികമായി തയ്യാറായിരുന്നില്ല. ബാപ്പ കൊടുത്ത വാക്കായതുകൊണ്ട് മറിച്ചൊന്നും പറയാനും വയ്യ. അലാവുദ്ദീൻ വല്ലാത്ത ധർമ്മസങ്കടത്തിലായി. കല്യാണത്തിനുശേഷം കൽക്കത്തയിലേക്ക് തിരിച്ചു പോകാമെന്ന് കേട്ടപ്പോൾ അർദ്ധമനസ്സോടെ സമ്മതം മൂളി. സംഗീതപഠനം തുടരുക എന്നതിൽപ്പരം ആനന്ദം നൽകുന്ന മറ്റൊരു വിചാരവും അയാളിലുണ്ടായിരുന്നില്ല. മദന്റെ വീട്ടിൽ വെച്ച് കല്യാണം കഴിഞ്ഞ് അവർ ശിബ്പൂരിലേക്ക് യാത്ര തിരിച്ചു.
കല്യാണം കഴിഞ്ഞ് ആദ്യരാത്രി മദൻ മഞ്ജരി മുറിയിലേക്ക് പ്രവേശിച്ചപ്പോൾ അലാവുദ്ദീൻ വെള്ളപൈജാമയും കുർത്തയും ധരിച്ച്, പൈപ്പ് വലിച്ച്, ജനലിലൂടെ പുറത്തേക്കുനോക്കി നിൽക്കുകയായിരുന്നു. മദനെ കണ്ടപ്പോൾ മൃദുവായി ചിരിച്ചു. കുഞ്ഞുങ്ങളുടെത് പോലുള്ള നിഷ്‌കളങ്കത ഉണ്ടായിരുന്നു ആ ചിരിയിൽ. പൈപ്പ് മേശപ്പുറത്ത് വെച്ച് അയാൾ കട്ടിലിൽ വന്നിരുന്നു. മദന് അയാളോട് ഒട്ടും അപരിചത്വം തോന്നിയില്ല.
‘‘വേഷം മാറുന്നില്ലേ’’, അവൾ ചോദിച്ചു.
‘‘കുറച്ചു കഴിയട്ടെ. ഉറങ്ങാൻ തുടങ്ങുമ്പോൾ’’.
‘‘നിങ്ങളെ ഞാൻ എന്താ വിളിക്കാ…’’
‘‘ആലം ന്ന് വിളിച്ചാൽ മതി. അങ്ങനെയാ എല്ലാരും വിളിക്കുന്നത്’’.
''അധികം വൈകാതെ എനിക്ക് കൽക്കത്തയിലേക്ക് പോവണം. ഗുരുവിന്റെ കീഴിലെ പഠനം തുടരണം’’.
''എപ്പൊഴാ പോകുന്നത്?''
''ഒരാഴ്ചക്കുള്ളിൽ. വൈകാതെ തിരിച്ചുവരും’’.
''കുറച്ചുനാളുകളെങ്കിലും എന്റെ കൂടെയുണ്ടാവില്ലേ’’.
അതിന് മറുപടി പറയാതെ അലാവുദ്ദീൻ അവളുടെ കൈകൾ ചേർത്തുപിടിച്ചു.
‘‘ആരുടെ കീഴിലാ പഠിക്കുന്നത്?''
‘‘നൂലോ ഗോപാൽ. നല്ല മനുഷ്യനാ... മോനെപ്പോലെയാ എന്നെ കാണുന്നത്’’.
‘‘ആലം പോയാ വേഗം മടങ്ങിവരോ?''
''ങാ...തിരിച്ചുവരണം’’.
അയാൾ തന്റെ സംഗീതപഠനത്തെകുറിച്ച് വാചാലനായി. അവൾ എല്ലാം നിശ്ശബ്ദം മൂളിക്കേട്ടു. ഉറക്കക്ഷീണം കൊണ്ട് മദന്റെ കണ്ണുകളടഞ്ഞു പോകുന്നത് കണ്ടപ്പോൾ അലാവുദ്ദീൻ പറഞ്ഞു, ‘‘കൊറേ ദൂരം സഞ്ചരിച്ചതല്ലേ, യാത്രാക്ഷീണം കാണും. ഉറങ്ങിക്കോളൂ’’.
അയാൾക്ക് ആ രാത്രി ഉറങ്ങാൻ പറ്റുമായിരുന്നില്ല. ഒരു ഖയാൽ മൂളിക്കൊണ്ടിരുന്നു. മദൻ അതിവേഗം ഉറക്കത്തിലേക്ക് വീണു.
പിറ്റേദിവസം ഉണർന്നപ്പോൾ അലാവുദ്ദീനെ കാണാനില്ല. അവൾ അഴിച്ചുവെച്ച സ്വർണ്ണാഭരണങ്ങളും അപ്രത്യക്ഷമായിരിക്കുന്നു. കല്യാണദിവസം കിട്ടിയ പണവും കാണാതായിരുന്നു. രാത്രിയിൽ താൻ ഉറക്കത്തിലേക്കുവീണ ഏതോ യാമത്തിലായിരിക്കും അയാൾ കടന്നു കളഞ്ഞതെന്ന് അവൾ ഊഹിച്ചു. വീട്ടുകാരെ വിവരമറിയിച്ചപ്പോൾ അവർ അന്ധാളിച്ചു. അലാവുദ്ദീനെ തേടി സഹോദരന്മാരായ അഫ്താബും സമീറുദീനും കൽക്കത്തയിലേക്ക് യാത്രതിരിച്ചു.

അവർ കൊൽക്കത്തയിൽ നുലോഗോപാലിന്റെ വീട്ടിലെത്തി. കല്യാണത്തിനുമുമ്പ് അവിടെ വെച്ചായിരുന്നു അലാവുദ്ദീനെ കണ്ടെത്തിയത്. അയാൾ അവിടെ ഉണ്ടാകുമെന്നു കരുതി. നൂലോ ഗോപാലിന്റെ വീട് അടച്ചിട്ടത് കണ്ട് അവർക്കൊന്നും മനസ്സിലായില്ല. തൊട്ടടുത്തുള്ള കടയിൽ അന്വേഷിച്ചു.
‘‘മാസ്റ്റർജി മരിച്ചുപോയി. രണ്ടാഴ്ച്ചയോളം ജ്വരം വന്നു കിടപ്പിലായിരുന്നു. ബന്ധുക്കളായി ആരുല്ലായിരുന്നു’’.
‘‘ഇവിടെ ഒരു പയ്യൻ വന്നിരുന്നോ ഗുരുവിനെ അന്വേഷിച്ച്.....?''
‘‘ഒരു വെള്ള തൊപ്പിയിട്ട, പൊക്കം കുറഞ്ഞ.....’’
''അതെ’’.
‘‘മാസ്റ്റർജി മരിച്ച വിവരമറിഞ്ഞപ്പോൾ അയാള് കൊറേ കരഞ്ഞ് . പിന്നെ എഴുന്നേറ്റ് എങ്ങോട്ടോ പോയി’’.
(അടുത്ത പാക്കറ്റിൽ തുടരും)
