അന്നപൂർണ്ണയും ജീവിതപങ്കാളി രവിശങ്കറും.

മൈഹർ

ഉസ്താദ് അലാവുദ്ദീൻ ഖാൻ, ജീവിതപങ്കാളി മദൻമഞ്ജരി, മക്കളായ ജഹനാര, അന്നപൂർണ്ണ, അലി അക്ബർ ഖാൻ എന്നിവരെ കഥാപാത്രങ്ങളാക്കി നദീം നൗഷാദ് എഴുതിയ Story Series തുടരുന്നു.

മൈഹർ ഭാഗം- 10
എപ്പിസോഡ് 19

വിശങ്കർ സുഖം പ്രാപിച്ചു. ക്ഷീണം പൂർണ്ണമായി വിട്ടുമാറിയില്ല. എല്ലാവരും മിക്ക ദിവസങ്ങളിലും രാജേന്ദ്രശങ്കറിന്റെ ഫ്ലാറ്റിൽ ഒത്തുകൂടും. അവിടെ കൂടുതൽ സമയം ചെലവഴിക്കാൻ രവി താല്പര്യപ്പെടുന്നതിന്റെ കാരണം കമലയെ കാണാൻ വേണ്ടിയായിരുന്നു. കമലയോടുള്ള പ്രണയം രവി പല രീതിയിലും പ്രകടിപ്പിച്ചു. ഒത്തുചേരലുകൾ ആഘോഷമാക്കി മാറ്റി. ലക്ഷ്മി ശങ്കർ പാടി. കമല നൃത്തം ചെയ്തു. രവി സിതാറും അന്നപൂർണ്ണ സുർബഹാറും വായിച്ചു. ഇതൊക്കെ ചെയ്യുമ്പോൾ രവിയുടെ ശ്രദ്ധ പൂർണ്ണമായും കമലയിലായിരുന്നു.

കമലയെ രവി ആദ്യമായി കണ്ടത് ഉദയ്ശങ്കറിന്റെ ട്രൂപ്പിൽ വെച്ചായിരുന്നു. അന്നുമുതൽ പ്രണയം തോന്നിയിട്ടുണ്ട്. രവിയുടെ കല്യാണത്തിനുശേഷം വീണ്ടും കണ്ടപ്പോൾ പഴയ പ്രണയം തളിർത്തു. രാജേന്ദ്ര ശങ്കറിന്റെ വീട്ടിൽ വെച്ച് രവി കമലയ്ക്ക് പ്രണയലേഖനം കൊടുത്തു. അന്നപൂർണ്ണ അതറിഞ്ഞു.
“എന്തിനാ എപ്പോഴും രാജേന്ദ്രശങ്കറിന്റെ ഫ്‌ളാറ്റിൽ പോകുന്നത്?”
‘‘ചുമ്മാ … പാട്ടു കേൾക്കാം, നൃത്തം കാണാം’’.
രവിയുടെ മറുപടി അന്നപൂർണ്ണയ്ക്ക് തൃപ്തികരമായി തോന്നിയില്ല.

വലിയ ചോദ്യങ്ങൾ ഉയർത്തിയിട്ട് കാര്യമില്ല എന്ന് അന്നപൂർണ്ണയ്ക്ക് അറിയാമായിരുന്നു. അവളുടെ എതിർപ്പ് നിശ്ശബ്ദമായിരുന്നു. അവരുടെ വഴക്കിൽ കഴിഞ്ഞ ആഴ്ച സുബൈദ ബീഗം അയച്ച കത്തിനും കാര്യമായ പങ്കുണ്ടായിരുന്നു. രവി അലിയോട് പങ്കുവെച്ച സ്വകാര്യമായ പ്രണയബന്ധങ്ങളുടെ കഥകൾ അലി സുബൈദയോട് പറഞ്ഞിരുന്നു. ഇവ വള്ളിപുള്ളി വിടാതെ സുബൈദ അന്നപൂർണ്ണയ്ക്ക് അയച്ച കത്തിൽ സൂചിപ്പിച്ചിരുന്നു. ഇതേചൊല്ലി പല ദിവസങ്ങളിലും രവിയും അന്നപൂർണ്ണയും വഴക്കടിച്ചു.

‘‘എനിക്ക് ഒന്നിലധികം പേരെ പ്രണയിക്കാൻ പറ്റും. നീ കരുതുന്നപോലെയൊന്നുമല്ല എന്റെ പ്രണയം. അത് കെട്ടിനിൽക്കുന്ന ജലാശയമല്ല, പരന്നൊഴുകുന്ന നദിയാണ്’’, രവിശങ്കർ തന്റെ ഭാഗം ന്യായീകരിച്ചു.
“ പിന്നെ എന്തിനാണ് എന്നെ വിവാഹം കഴിച്ചത്?’’, അന്നപൂർണ്ണ രോഷത്തോടെ ചോദിച്ചു.
“ഞാൻ എല്ലാം തുറന്നു പറയുന്ന പ്രകൃതകാരനാണ്. ഞാനോരു വിശുദ്ധനൊന്നുമല്ല, എന്നാൽ ദുഷ്ട്ടനുമല്ല.”
“ബാബയിൽ നിന്ന് സംഗീതം പഠിച്ചെടുക്കാനായിരുന്നു അല്ലേ ഈ അഭിനയമെല്ലാം ? ബന്ധുക്കളല്ലാത്തവർക്ക് ബാബ സംഗീതം പഠിപ്പിച്ചുകൊടുക്കില്ല എന്ന് നിങ്ങൾ കരുതി. അതിനു വേണ്ടിയായിരുന്നില്ലേ നിങ്ങളെന്റെ ജീവിതം നശിപ്പിച്ചത്? മറ്റു ഉസ്താദ്മാരെ പോലെയല്ല ബാബ. രക്തബന്ധമില്ലാത്തവർക്കും പഠിപ്പിച്ചു കൊടുക്കും. അത് അദ്ദേഹത്തിന് ഉസ്താദ് വാസിർ ഖാനിൽ നിന്ന് കിട്ടിയ ഗുണമാണ്.”

അന്നപൂർണ്ണ രവിയുമായുള്ള എല്ലാ ശാരീരിക ബന്ധങ്ങളും അവസാനിപ്പിച്ചു. താൻ തെറ്റു ചെയ്ത് പോയിട്ടുണ്ടെങ്കിലും അത് മാപ്പർഹിക്കാത്തതൊന്നുമല്ല എന്നായിരുന്നു രവിയുടെ നിലപാട്.

അന്നപൂർണ്ണയും ജീവിതപങ്കാളി രവിശങ്കറും.
അന്നപൂർണ്ണയും ജീവിതപങ്കാളി രവിശങ്കറും.

ഒന്നും മിണ്ടാതെ എല്ലാ സങ്കടവും നിശ്ശബ്ദമായി സഹിക്കുകയായിരുന്നു അവൾ. മനസ്സിൽ തളം കെട്ടിനിന്ന ദുഃഖം ഉള്ളിൽ കനലായി കെടാതെ നിന്നു. ദമ്പതികളുടെ ഇടയിൽ മൗനത്തിന്റെ ഒരു മതിൽ ഉയർന്നുവന്നു. മൗനവും ഉൾവലിയലുമായിരുന്നു അന്നപൂർണ്ണയുടെ പ്രതിഷേധരീതികൾ.

അന്നപൂർണ്ണ മൈഹറിലേക്ക് പോയി. ബാബ ഇതറിയരുതെന്ന് അവൾക്ക് നിർബന്ധമായിരുന്നു. അറിഞ്ഞാൽ ഹൃദയം പൊട്ടി മരിക്കും. ശുഭോക്ക് മൂന്നു വയസ്സ് മാത്രമായിരുന്നു പ്രായം. രാജേന്ദ്ര ശങ്കറും ഭാര്യയും പ്രശ്‌നത്തിൽ ഇടപെട്ടു. കമലയെ അവരുടെ സുഹൃത്തും ഫിലിം നിർമ്മാതാവുമായ അമിയോ ചക്രബർത്തിയെ കൊണ്ട് വിവാഹം കഴിപ്പിക്കുക എന്നതായിരുന്നു പരിഹാരമായി നിർദേശിച്ചത്. അയാൾക്ക് കമലയുടെ ഇരട്ടി പ്രായമുണ്ടായിരുന്നു.

അന്നപൂർണ്ണ സംഗീതത്തിൽ കൂടുതലായി മുഴുകി. ശുഭോയെ മൈഹറിലെ ഏറ്റവും വലിയ സംഗീതജ്ഞനായി വളർത്തണമെന്ന് ആഗ്രഹിച്ചു. രവിശങ്കറിന് ആകാശവാണിയിൽ ജോലി കിട്ടി ഡൽഹിയിലേക്ക് താമസം മാറ്റി. കൂടുതൽ പരിപാടികൾ കിട്ടി പ്രശസ്തിയിലേക്ക് ഉയരാൻ തുടങ്ങി. അന്നപൂർണ്ണ വീട്ടിൽ ഒതുങ്ങിക്കൂടി. മൗനത്തിലും സംഗീതത്തിന്റെ ആന്തരികയാത്രകളിലും മുഴുകി. കച്ചേരികളിൽ പങ്കെടുക്കേണ്ട എന്ന തീരുമാനമെടുത്തു. ഉറക്കമില്ലായ്‌മയും ചിന്തകളും അന്നപൂർണ്ണയെ അപസ്മാര ബാധയിൽ എത്തിച്ചു. മൈഹറിന്റെ ഏകാന്തതയിൽ പുസ്തകവായന തുടങ്ങി. ടാഗോറായിരുന്നു പ്രിയപ്പെട്ട എഴുത്തുകാരൻ.

ഭാര്യയും ഭർത്താവും തമ്മിലുള്ള പ്രശ്‌നം ബാബ അറിയാതിരിക്കാൻ അന്നപൂർണ്ണ പരമാവധി ശ്രമിച്ചു. രവി അവളെ ഡൽഹിയിലേക്ക് ക്ഷണിച്ചു. ശുഭോയ്ക്ക് അച്ഛനെ കാണാൻ ആഗ്രഹമുണ്ടായിരുന്നു. മൈഹറിൽ അവന് ധാരാളം പുസ്തകങ്ങളും കളികൂട്ടുകാരുമുണ്ട്. ആഷ്, പ്രാണേഷ്, ധ്യാൻ എന്നിവരുടെ കൂടെ കളിക്കുന്നത് ഇഷ്ടമായിരുന്നെങ്കിലും അച്ഛന്റെ അസാനിധ്യം ചിലപ്പോഴൊക്കെ മകനെ സങ്കടപ്പെടുത്തി. ത്രസിപ്പിക്കുന്ന കഥകൾ പറഞ്ഞു കൊടുത്തിരുന്ന അച്ഛന്റെ സാനിധ്യം അവൻ ആഗ്രഹിച്ചു.

രവി മൈഹറിൽ എത്തിയപ്പോൾ ബാബ സ്ഥലത്തുണ്ടായിരുന്നില്ല. അലഹബാദ് റേഡിയോ സ്റ്റേഷനിൽ പരിപാടിയിലായിരുന്നു. തന്നെ കാത്തിരിക്കേണ്ട എന്നും അന്നപൂർണ്ണയെയും മകനെയും കൊണ്ടുപോകാമെന്നും ബാബ മദൻ മഞ്ജരിയെ പറഞ്ഞ് ഏൽപ്പിച്ചിരുന്നു. ലഗേജ് പാക്ക് ചെയ്തത് അവരെ തീവണ്ടിയാപ്പീസിലേക്ക് യാത്രയാക്കുമ്പോൾ അനുഗമിക്കാൻ മൈഹർ ബാൻഡിലെ കുട്ടികളും എത്തിയിരുന്നു. ബാബയോടുള്ള സ്നേഹമായിരുന്നു അന്നപൂർണ്ണയെയും രവിയേയും യാത്രയാക്കാൻ വരാൻ അവരെ പ്രേരിപ്പിച്ചത്.
തൊട്ടടുത്ത ദിവസം ബാബ വീട്ടിൽ തിരിച്ചെത്തി. മകളും കൊച്ചു മകനും പോയതുകൊണ്ട് വീട് ശൂന്യമായതുപോലെ തോന്നി. വന്ന ഉടനെ മുകളിലെ അന്നപൂർണ്ണയുടെ മുറിയിലേക്ക് കയറിപ്പോയി. അവിടെ അൽപനേരം ഇരുന്നു. അന്നപൂർണ്ണയുടെ സുർബഹാർ സ്നേഹപൂർവ്വം തലോടി.

ആരോ വന്നിട്ടുണ്ട് എന്നു പറഞ്ഞ് താഴെ നിന്ന് മദന്റെ വിളികേട്ട് ഗോവണിപ്പടികൾ ഇറങ്ങി. ഒരു പെൺകുട്ടിയും കൂടെ പ്രായമായ ഒരാളും.

“ഞാൻ വിശാൽ ഗുപ്‌ത. ഇതെന്റെ മരുമകൾ ശരൺ റാണി. ഞങ്ങൾ വരുന്ന കാര്യം അങ്ങേയ്ക്ക് എഴുതിയിരുന്നു.”
“ഓർമ്മയുണ്ട്, വരൂ”
അവർ പൂമുഖത്തെ കസേരയിലിരുന്നു.
“കുട്ടി മുമ്പ് സംഗീതം പഠിച്ചിട്ടുണ്ടോ?”
അവൾ സംസാരിക്കാൻ മടിച്ചുനിന്നപ്പോൾ അമ്മാവൻ പറഞ്ഞു, “മടിക്കാതെ പറഞ്ഞോ…”
“ ആദ്യം ഞാൻ കഥക്ക് ആണ് പഠിച്ചത്. പിന്നെയാ സംഗീതത്തോട് താൽപര്യം തോന്നിത്തുടങ്ങിയത് എട്ടാം വയസ്സിലാണ്. അങ്ങയുടെ അടുത്തുനിന്ന് സരോദ് പഠിക്കണം എന്നാണ് ആഗ്രഹം.”

സരോദ് പഠിക്കണമെന്ന് കേട്ടപ്പോൾ ബാബ പുഞ്ചിരിച്ചു, “നിനയ്ക്ക് സരോദ് വഴങ്ങുമോ കുട്ടീ.. സരോദ് ഒരു പുരുഷ ഉപകരണമാണ്. സിതാർ പഠിച്ചാൽ പോരെ?”
“അങ്ങ് എന്നോട് ക്ഷമിക്കണം. സരോദ് പഠിക്കണമെന്നാ എൻ്റെ ആഗ്രഹം.”
“എന്നാൽ ശരി. നിന്റെ ഇഷ്ടം പോലെയാവട്ടെ.”
വിശാൽ ഗുപ്‌ത തിരിച്ചുപോയി. ശരൺറാണിയെ മദൻ മഞ്ചരി കൊണ്ടുപോയി മുറി കാണിച്ചു കൊടുത്തു. അന്നു രാത്രി തൻ്റെ ഡയറിയിൽ ബാബ ഇങ്ങനെ എഴുതി:

“ഇന്ന് അന്നപൂർണ്ണ പോയപ്പോൾ വീട് ശൂന്യമാക്കപ്പെട്ട പോലെ തോന്നി. ദുഃഖത്തിന്റെ നാദം അന്തരീക്ഷത്തിൽ മുഴങ്ങുന്നതുപോലെ. അപ്പോഴാണ് ശരൺറാണി വന്നത്. സരോദ് പഠിക്കുന്നതിൽ നിന്ന് പിന്തിരിപ്പിക്കാൻ ശ്രമിച്ചിട്ടും അത് പഠിച്ചേ അടങ്ങൂ എന്ന നിലപാടാണ് അവൾക്ക്. അത്രയും അർപ്പണ ബോധമുണ്ടെന്ന് തോന്നുന്നു. അത്തരം ശിഷ്യരെയാണ് ഞാൻ പഠിപ്പിക്കാൻ ആഗ്രഹിക്കുന്നതും.”

അന്നപൂർണ്ണയും പിതാവ്  ഉസ്താദ് അലാവുദ്ദീൻ ഖാനും
അന്നപൂർണ്ണയും പിതാവ് ഉസ്താദ് അലാവുദ്ദീൻ ഖാനും

എപ്പിസോഡ് 20

ന്നപൂർണ്ണ ഡൽഹിയിൽ എത്തിയ സമയത്തായിരുന്നു ഡൽഹി ആകാശവാണി നിലയം ബാബയുടെ സുർശ്രിങ്കാർ കച്ചേരി പ്രക്ഷേപണം ചെയ്തത്. അന്നപൂർണ്ണയും ശുഭോയും അകത്തെ മുറിയിൽ വെച്ചും രവിശങ്കറും സുഹൃത്തുക്കളും ഡ്രോയിങ് റൂമിൽ ഇരുന്നും കേൾക്കുന്നുണ്ടായിരുന്നു. പരിപാടി കഴിഞ്ഞപ്പോൾ അതിനെ പറ്റിയുള്ള ചർച്ച തുടങ്ങി.

“ബാബയുടെ വായന മികച്ചത് തന്നെ; പ്രത്യേകിച്ചും ബാഗേശ്രീ രാഗവതരണം. പക്ഷെ ഈ ഉപകരണം പഴഞ്ചനായിക്കഴിഞ്ഞു. ലോകം അതിവേഗം മാറികൊണ്ടിരിക്കുന്നു. ബാബാ എന്തിനാ ഇപ്പോഴും പഴയ ഉപകരണത്തെ കെട്ടിപിടിച്ചിരിക്കുന്നത്’’, സുഹൃത്തുക്കളിൽ ഒരാൾ അഭിപ്രായപ്പെട്ടു

“രാജ്യഭരണവും വിദേശഭരണവും പോയി. നെഹ്‌റു ഇന്ത്യയെ പുതിയ നൂറ്റാണ്ടിലേക്ക് നയിക്കാൻ തയ്യാറെടുക്കുന്നു. ലോകം മാറികൊണ്ടിരിക്കുമ്പോൾ ഉപകരണവും ആധുനികമാവേണ്ടേ’’, മറ്റൊരാൾ പറഞ്ഞു.

“ബാബ ഒരിക്കൽ പറഞ്ഞെന്ന് മദൻമാ പറഞ്ഞു കേട്ടിട്ടുണ്ട്, ഇത്തരം പഴഞ്ചൻ ഉപകരണങ്ങൾ വായിക്കുന്നത് കേട്ടാൽ ആൾക്കാർ എന്നെ തല്ലുമെന്ന്.”

രവിയുടെ അഭിപ്രായം കേട്ട് എല്ലാവരും പൊട്ടിച്ചിരിച്ചു. അടുത്ത മുറിയിൽ നിന്ന് അവരുടെ സംഭാഷണം കേട്ട അന്നപൂർണ്ണക്ക് സങ്കടം വന്നു. ബാബയുടെ സംഗീതത്തെ കുറ്റം പറയുന്നതൊന്നും അവൾക്ക് ഇഷ്ടമല്ല. പഴയതാണ് എന്നതുകൊണ്ട് ഒന്നിന്റെ പ്രാധാന്യം ഇല്ലാതാകുമോ. കാലം മാറുന്നത് അനുസരിച്ച് നമ്മുടെ സംഗീതപാരമ്പര്യത്തിൽ എന്തിന് മാറ്റം വരുത്തണം? ഈ കാര്യങ്ങളൊക്കെ രവിയോട് പറയണം. ഇപ്പോളല്ല. മറ്റൊരു അവസരത്തിലാവട്ടെ.

ശുഭോ ജനിച്ചതിനുശേഷം നിരവധി പ്രശ്‌നങ്ങളാണ് അന്നപൂർണ്ണ നേരിടുന്നത്. രവിയുമായുള്ള അകൽച്ച അവളെ മാനസികമായി തെല്ലൊന്നുമല്ല വിഷമിപ്പിക്കുന്നത്. മകൻ കരയുമ്പോൾ രാത്രി മുഴുവൻ ഉറക്കം നഷ്ടപ്പെടുന്നു. അടുത്തദിവസം ക്ഷീണിതയും അസ്വസ്ഥയുമാകും. അന്നപൂർണ്ണയെ സംബന്ധിച്ച് പിറ്റേദിവസം സാധകം ചെയ്യൽ നിർബന്ധമാണ്. അതിന് കഴിയാത്തത് അവളിൽ ഈർഷ്യയായി പുറത്തുവരുന്നു.

ഈ കാലത്ത് രവി തന്റെ ജീവിതത്തിൽ സാമ്പത്തികവും ആത്മീയവുമായ പ്രതിസന്ധിയിലൂടെ കടന്നുപോകുകയായിരുന്നു. അഭിപ്രായ വ്യത്യാസങ്ങൾ ധാരാള മുണ്ടായിരുന്നെങ്കിലും അവൾ രവിയെ പൂർണ്ണമായും ഉപേക്ഷിക്കാൻ തയ്യാറായില്ല.

കമലയുമായുള്ള ബന്ധം തുടരാൻ പാടില്ല എന്ന് രാജേന്ദ്രശങ്കർ രവിയെ ഉപദേശിച്ചു. ഗുരുവായ ബാബയുടെ മകളെ സങ്കടപ്പെടുത്തരുതെന്ന് രവിയേയും കമലയെയും താക്കീത് ചെയ്‌തു. മാനസികമായി രവിയും വല്ലാത്തൊരു അവസ്ഥയിലായിരുന്നു.

ചെറുപ്പത്തിൽ തന്നെ അച്ഛൻ അമ്മയെ ഉപേക്ഷിച്ച് ലണ്ടനിലേക്ക് കുടിയേറിയിരുന്നു. അപൂർവമായി മാത്രമേ രവി അച്ഛനെ കണ്ടിരുന്നുള്ളൂ. അതും എട്ട് വയസ്സുള്ളപ്പോൾ. അച്ഛനും അമ്മയും തമ്മിലുള്ള അകൽച്ചയും പിന്നീട് അച്ഛന്റെ ദുരൂഹമരണവുമെല്ലാം രവിയുടെ ബാല്യത്തിൽ വലിയ മുറിവുകളുണ്ടാക്കി. അത് പലപ്പോഴും മനസ്സിലേക്ക് തികട്ടി വരാറുണ്ട്. മാത്രമല്ല അന്നപൂർണ്ണയുമായുള്ള പ്രശ്‌നങ്ങൾ രവിയെ വിഷാദത്തിലേക്ക് കൊണ്ടുപോയി. പരിപാടികൾ നടത്താൻ ആൾക്കാരോട് അങ്ങോട്ട് അഭ്യർത്ഥിക്കേണ്ട ഗതികേടുണ്ടായി. ഇത് ആത്മവിശ്വാസത്തെയും ഭാവിപ്രതീക്ഷയേയും തകർത്തു. തീവണ്ടിയുടെ മുമ്പിൽ ചാടി ആത്മഹത്യ ചെയ്യാൻ തീരുമാനിച്ചു. രാജേന്ദ്ര ശങ്കറിനെ അഭിസംബോധന ചെയ്‌ത്‌ ആത്മഹത്യക്കുറിപ്പ് തയാറാക്കി. ‘എൻ്റെ മരണത്തിൽ മറ്റാർക്കും പങ്കില്ല’ എന്നെഴുതി വെച്ചു.

ആത്‍മഹത്യ ചെയ്യാൻ തീരുമാനിച്ച ദിവസം ജോധ്പൂരിലെ രാജകുമാരൻ നഗരത്തിൽ എത്തിയിട്ടുണ്ടായിരുന്നു. രവിയുടെ സിതാർ വായന കേൾക്കണമെന്ന് ഒരു സുഹൃത്ത് മുഖേന ആവശ്യപ്പെട്ടു. നല്ല കാശും വാഗ്‌ദാനം ചെയ്‌തു. മുമ്പ് ബാബയുടെ കൂടെ പരിപാടി അവതരിപ്പിച്ചത് രാജകുമാരൻ കണ്ടിട്ടുണ്ട്. ഏതായാലും ഈ പരിപാടി നടത്തിയിട്ട് മരിക്കാം എന്ന് തീരുമാനിച്ചു.

രവി പരിപാടിക്ക് വേണ്ടിയുള്ള പരിശീലനത്തിൽ ലയിച്ചിരുന്നു. കുറച്ചു കഴിഞ്ഞപ്പോൾ വാതിലിൽ മുട്ട് കേട്ടു. തുറന്നപ്പോൾ ചണം കൊണ്ട് വസ്ത്രം ധരിച്ച, തല മുണ്ഡനം ചെയ്‌ത ഒരാളെ കണ്ടു. മുപ്പത് വയസ്സിലധികം പ്രായം തോന്നില്ല. തിളക്കമുള്ള കണ്ണുകൾ. തത്ബാബയായിരുന്നു. മുമ്പ് നേരിട്ട് പരിചയപ്പെട്ടിട്ടുണ്ട്. അയാൾ പുഞ്ചിരിയോടെ അകത്ത് പ്രവേശിച്ചു. രവിയുടെ മുമ്പിൽ ചമ്രം പടിഞ്ഞിരുന്നു.

പണ്ഡിറ്റ് രവിശങ്കർ
പണ്ഡിറ്റ് രവിശങ്കർ

“എനിക്കുവേണ്ടി വായിക്കൂ”
ദീർഘനേരം തത്ബാബയ്ക്കുവേണ്ടി വായിച്ചു. ജോധ്പൂർ രാജാവുമായുള്ള കൂടിക്കാഴ്ച മറന്നു. സമയം അതിക്രമിച്ചിരിക്കുന്നു എന്ന് മനസ്സിലായപ്പോൾ രവിക്ക് നിരാശയായി.
“നീ ദുഖിക്കേണ്ട. ഇതിനെ മറികടക്കുന്ന പരിപാടി നിന്റെ ജീവിതത്തിൽ വന്നുചേരും.”
രവിയും അന്നപൂർണ്ണയും തത്ബാബയും മൈഹറിലേക്ക് പോയി.

യാത്രയിൽ അവൾ തത്‍ബാബയോട് ഒന്നും മിണ്ടിയില്ല. അവൾ തന്റെ ആത്മീയഗുരുവിനെ ഗൗനിക്കാത്തത് രവിയെ അസ്വസ്ഥനാക്കി. അന്നപൂർണ്ണയ്ക്ക് ഭക്തിയുണ്ട്. പക്ഷെ ആൾദൈവങ്ങളെ ഇഷ്ടമല്ല. തന്റെ സ്വാർത്ഥമായ ആഗ്രഹങ്ങൾ സാധിക്കാൻ മനുഷ്യദൈവങ്ങളെ ഉപയോഗപ്പെടുത്താറില്ല. രത്‌നം പതിച്ച കല്ല് മോതിരവിരലിൽ ധരിച്ചാൽ ദാമ്പത്യത്തിലെ കഷ്ടപ്പാടുകൾ തീരും എന്ന തത് ബാബയുടെ അഭിപ്രായത്തോട് അന്നപൂർണ്ണയ്ക്ക് യോജിപ്പുണ്ടായിരുന്നില്ല. തന്റെ പ്രശ്‌നം തനിക്ക് തന്നെയാണ് പരിഹരിക്കാൻ പറ്റുക എന്ന ദൃഢമായ വിശ്വാസമായിരുന്നു കൈമുതൽ. അത് ഏതെങ്കിലുമൊരു രത്നം ധരിച്ചാൽ മാറുന്നതല്ല.

മൈഹറിൽ തത്ബാബയ്ക്ക് രാജകീയ സ്വീകരണമാണ് ലഭിച്ചത്. അദ്ദേഹത്തെ നന്നായി സൽക്കരിക്കാനുള്ള തിരക്കിലായിരുന്നു എല്ലാവരും. അന്നപൂർണ്ണയാകട്ടെ മുകൾനിലയിലിരുന്ന് ശുഭോയുടെ വസ്ത്രം തുന്നുകയായിരുന്നു. മുറിയിലേക്ക് സുബൈദ കടന്നുവന്നു.

“താഴെ എല്ലാവരും തിരക്കിലാ, നീ എന്താ താഴോട്ട് വരാത്തത്. നീ എപ്പോഴും ആൾക്കാരെ ഒഴിവാക്കുന്നു.”
“ഞാൻ ആരോടും ബഹുമാനക്കുറവ് കാണിക്കുന്നില്ലല്ലോ’’, തുന്നലിൽ നിന്ന് കണ്ണെടുക്കാതെ അവൾ പറഞ്ഞു.

സുബൈദ പോയതിനുശേഷം രവി മുറിയിലേക്ക് വന്നു. അപ്പോഴും അന്നപൂർണ്ണ തുന്നുകയായിരുന്നു.

“എന്തുകൊണ്ടാ നീ തത് ബാബയെ ഒഴിവാക്കുന്നത് ? യാത്രയിലും നീ ഒന്നും മിണ്ടിയില്ല. അദ്ദേഹവുമായി കുറച്ചുനേരം സംസാരിച്ചാൽ എന്താ പ്രശ്‌നം? എന്റെ ജീവൻ രക്ഷിച്ച ആളാ… അതറിയോ നിനയ്ക്ക്?’’, രവിയുടെ വാക്കുകളിൽ രോഷം പുകഞ്ഞു.

“നിങ്ങൾ തത്ബാബയെ ആരാധിക്കുന്നതിലൊന്നും എനിക്ക് എതിർപ്പില്ല. പക്ഷെ നിങ്ങളുടെ വിശ്വാസം എന്തിനാണ് എന്നിൽ അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്നത്? എന്നെ സംബന്ധിച്ച് ഒരു ഗുരുവേയുള്ളൂ, അത് ബാബയാണ്. ഒരു ഈശ്വരനെ മാത്രമേ ഉപാസിക്കുന്നുള്ളൂ, അത് സംഗീതമാണ്.”

“ എന്തിനും ഏതിനുമുള്ള നിന്റെ പിടിവാശി ഉപേക്ഷിക്കണം. സ്വന്തം മുറി വിട്ട് പുറത്തേക്ക് വരില്ല. ആരുമായും ഇടപഴകില്ല. ഇങ്ങനെ മനുഷ്യർക്ക് ജീവിക്കാൻ പറ്റുമോ?”
രവി രോഷത്തോടെ മുറി വിട്ട് പോയി.

(അടുത്ത പാക്കറ്റിൽ തുടരും).


Summary: Maihar story series on Hindustani Music family written by Nadeem Noushad part 10 published in Truecopy webzine packet 257.


നദീം നൗഷാദ്

സംഗീതത്തെ കുറിച്ച് എഴുതുന്നു. പി. വത്സല, കോഴിക്കോട് അബ്ദുള്‍ഖാദര്‍ എന്നിവരെ കുറിച്ച് ജീവചരിത്ര ഡോക്യുമെന്‍ററികള്‍ സംവിധാനം ചെയ്തു. മധുരത്തെരുവ് (നോവൽ), മെഹ്ഫിലുകളുടെ നഗരം (പഠനം), പാടാനോര്‍ത്തൊരു മധുരിതഗാനം (എഡിറ്റര്‍) തുടങ്ങിയവ പ്രധാന പുസ്​തകങ്ങൾ.

Comments