മൈഹർ ഭാഗം- 11
എപ്പിസോഡ് 21
▮
ഡൽഹിയിൽ രവിശങ്കറും അന്നപൂർണ്ണയും ഒന്നിച്ച് നടത്തിയ കച്ചേരി കഴിഞ്ഞുവന്നപ്പോൾ രവി അന്നപൂർണ്ണയോട് പറഞ്ഞു; “നിന്റെ വായനയുടെ കുഴപ്പം എന്താണെന്ന് അറിയുമോ, നീ സദസ്സിനെ ശ്രദ്ധിക്കുന്നേയില്ല. അവരുടെ താല്പര്യത്തിനനുസരിച്ചു വേണം നമ്മൾ വായിക്കാൻ.”
“ഞാൻ വായിക്കുന്നത് എനിക്കു വേണ്ടിയാണ്. ഏത് കലാകാരനും, അവൾ അല്ലെങ്കിൽ അവനാണ് കലയുടെ ആദ്യത്തെ ആസ്വാദകൻ. സ്വയം നമുക്ക് ഇഷ്ടപ്പെട്ടാൽ അത് മറ്റുള്ളവർക്കും ഇഷ്ടമാവും. സദസ്സ് എൻ്റെ വായന ആസ്വദിക്കുന്നുണ്ട്.”
“നമ്മൾ ജീവിക്കുന്നത് പുതിയ കാലത്താണ്. അപ്പോൾ അതനുസരിച്ച് മാറണം. നിന്റെ സംഗീതം ആധുനികമാക്കണം.”
“രവി പറയുന്നതിനോട് എനിക്ക് യോജിക്കാൻ പറ്റില്ല. ഞാൻ ശുദ്ധസംഗീതത്തെ ഉപാസിക്കാൻ ഇഷ്ട്ടപ്പെടുന്നു. അതാണ് ബാബ എന്നെ പഠിപ്പിച്ചത്. അണുകിട വ്യത്യാസമില്ലാതെ അത് മരണം വരെ ഞാൻ കൊണ്ടുപോകും.”
“നീയൊരു കാര്യം മനസ്സിലാക്കണം, ഞാനും നീയും ബാബയും അടക്കമുള്ള സംഗീതജ്ഞർ പ്രൊഫഷണൽസ് ആണ്. സദസ്സിനെ രമിപ്പിക്കലാണ് നമ്മുടെ ജോലി. കാശ് കൊടുത്തിട്ടാണ് അവർ കേൾക്കാൻ വന്നിരിക്കുന്നത്. അവർക്കുവേണ്ടത് എന്താണ് വെച്ചാൽ അത് കൊടുക്കണം. അതിന് നമ്മൾ ചിലപ്പോൾ ഗിമ്മിക്ക് കാണിക്കേണ്ടിവരും. അല്ലാതെ ആർക്ക് വേണം നീ പറയുന്ന ശുദ്ധസംഗീതം?”
“ബാബ എന്നോട് പറഞ്ഞ ഒരു പ്രധാന കാര്യമുണ്ട്. സംഗീതം കേൾക്കുന്നവരുടെ ആത്മാവിനെ തൊടണം. ബാബയുടെ ഈ വാക്കുകൾ വിശുദ്ധ വാക്യം പോലെ ഞാൻ എപ്പോഴും കൂടെക്കൊണ്ടു നടക്കാറുണ്ട്. എൻ്റെ കൈയിൽ ആദ്യമായി തംബുരു വെച്ച് തന്നിട്ട് ബാബ പറഞ്ഞത് എന്താണെന്ന് അറിയാമോ, നിന്നെ ഞാൻ സംഗീതത്തിന് വിവാഹം ചെയ്‌തു തന്നിരിക്കുന്നുവെന്ന്. പിന്നെ പറഞ്ഞു. ‘നിന്റെ ജീവിതത്തിലെ ചെലവുകൾ നടത്താനുള്ള സ്വത്തുക്കളൊക്കെ ഞാൻ സമ്പാദിച്ചു തന്നിട്ടുണ്ട്. മനസ്സും ആത്മാവും സംഗീതത്തിനായി സമർപ്പിക്കണം. പണമുണ്ടാക്കാൻ വേണ്ടി സദസ്സിന്റെ മുമ്പിൽ വായിക്കേണ്ടതില്ല. ഈശ്വരന് വേണ്ടി വായിക്കുക. സംഗീതത്തെ പണം സമ്പാദിക്കാനുള്ള മാർഗ്ഗമാക്കിയാൽ അതിൻ്റെ പരിശുദ്ധി നഷ്ടമാവും’, ഇതാണ് ബാബ എന്നെ പഠിപ്പിച്ചത്. അത് ഇപ്പോഴും പാലിക്കുന്നു. ഇനി മരണം വരെയും അങ്ങനെ തന്നെയായിരിക്കും.” അന്നപൂർണ്ണ വാദപ്രതിവാദത്തിൽ നിന്ന് പിന്മാറി.
ദാമ്പത്യത്തിൽ മാത്രമല്ല സംഗീതത്തെകുറിച്ചുള്ള കാഴ്ചപ്പാടിലും ഇരുവരും രണ്ടു ധ്രുവങ്ങളിലായിരുന്നു. ഒരേ ഘരാനയിൽ പഠിച്ച അവർക്ക് സംഗീതത്തിന്റെ അടിസ്ഥാന ആശയങ്ങളിൽ പോലും ഐക്യപ്പെടാൻ സാധിച്ചില്ല.
രവിയുടെ അടുത്ത സുഹൃത്ത് ബിമൻ ഘോഷ് ഡൽഹിയിലെ വീട്ടിൽ നിത്യസന്ദർശകനായിരുന്നു. ആ സമയം സുബൈദ ബീഗവും മകൻ ആശിഷും അവിടെ താമസിച്ചിരുന്നു. രവി കച്ചേരിക്ക് പോകുമ്പോൾ കുടുംബത്തെ നോക്കാൻ ബിമൻ ഘോഷിനെയാണ് ഏൽപ്പിച്ചിരുന്നത്. അയാൾ വീട്ടിൽ വരുമ്പോൾ സുബൈദയുമായി ദീർഘനേരം സംസാരിച്ചിരിക്കും. അന്നപൂർണ്ണ അകത്തെ മുറിയിൽ സൂർബഹാർ വായിക്കുകയായിരിക്കും.

ഒരു ദിവസം രവി മൈഹറിൽ പോയി ബാബയോട് പറഞ്ഞു, ‘‘നിങ്ങളുടെ മോൾക്കൊരു മോശം സ്വഭാവമുണ്ട്. അവൾക്ക് പരപുരുഷബന്ധമുണ്ട്.”
ബാബ മൗനം പാലിച്ചു. ജഹനാരയുടെ കാര്യം ഓർമ്മ വന്നു. അതു പോലെയാണോ ഈ ദാമ്പത്യവും മുന്നോട്ട് പോകുന്നതെന്ന് സംശയിച്ചു. ഈ വിവരം അന്നപൂർണ്ണയുടെ ചെവിയിലെത്തി. തന്നെ ഒഴിവാക്കി കമലയെ കല്യാണം കഴിക്കാനാവണം രവി അങ്ങനെ പറഞ്ഞുനടക്കുന്നതെന്ന് അന്നപൂർണ്ണ ഊഹിച്ചു. കമലയുടെ ഭർത്താവ് അമിയോ ചക്രവർത്തിയുടെ മരണത്തിനുശേഷം ഈയിടെ അവർ തമ്മിലുള്ള ബന്ധം പുനരാരംഭിച്ചിരുന്നു.
പ്രശ്നങ്ങൾ രൂക്ഷമായപ്പോൾ അന്നപൂർണ്ണ കൊൽക്കത്തയിലേക്ക് വണ്ടി കയറി. ശുഭോ മാത്രം അച്ഛന്റെ കൂടെ ഡൽഹിയിൽ തങ്ങി. കൊൽക്കത്തയിൽ അലി അക്ബർ നടത്തുന്ന സംഗീത കോളേജിൽ അന്നപൂർണ്ണയെ അലി വൈസ് പ്രിൻസിപ്പാളാക്കി. പ്രിൻസിപ്പൽ അലി തന്നെ. സംഗീത സ്കൂളിന്റെ ഉദ്ഘാടനത്തിന് അന്നപൂർണ്ണ കച്ചേരി നടത്തി. സൗണ്ട് റെക്കോർഡിസ്റ്റ് വൈദ്യസനാൽ വലിയ സ്പൂൾ ടേപ്പിൽ പരിപാടി പിടിച്ചു. പിറ്റേന്ന് ആ ടേപ്പ് നശിപ്പിക്കപ്പെട്ട നിലയിലാണ് കണ്ടെത്തിയത്. അന്നപൂർണ്ണ ദേഷ്യത്തോടെ അയാളോട് ചോദിച്ചു, “എന്റെ പരിപാടി റെക്കോർഡ് ചെയ്യാൻ ആരാണ് നിങ്ങൾക്ക് അനുവാദം തന്നത്?”.
അവളുടെ ദേഷ്യം കണ്ടപ്പോൾ വൈദ്യസനാൽ ഒന്നും മിണ്ടിയില്ല.
കുറച്ചു ദിവസങ്ങൾ കഴിഞ്ഞപ്പോൾ അന്നപൂർണ്ണ വീണ്ടും ഡൽഹിയിലെത്തി രവിശങ്കറുമായി അനുരഞ്ജനം നടത്തി. ശുഭോയുടെ പഠനം പൂർണ്ണമായും അന്നപൂർണ്ണ ഏറ്റെടുത്തു. ഇതിനിടെ ആകാശവാണിയിലെ ജോലി രാജിവെച്ച് രവി യൂറോപ്പിലേക്ക് പോയി. ജർമനിയിലും ഇംഗ്ളണ്ടിലും കറങ്ങി അമേരിക്കയിൽ എത്തി.
തിരിച്ചുവന്ന് രവി മുംബൈയിലെ മലബാർ ഹിൽസിലെ പാവ്ലോവ എന്ന ഫ്‌ളാറ്റിലേക്ക് താമസം മാറ്റി. അന്നപൂർണ്ണയുടെ എതിർപ്പിനെ വകവെക്കാതെ മകനെ ജെ ജെ സ്കൂൾ ഓഫ് ആർട്സിൽ ചേർത്തു. അവന് ചിത്രം വരയ്ക്കാൻ താത്പര്യമുണ്ടെന്ന് പറഞ്ഞിട്ടുണ്ടായിരുന്നു അങ്ങനെ ചെയ്തത്. രണ്ടു ലോകങ്ങൾക്കിടയിൽ കുടുങ്ങി ശുഭോ ആശയക്കുഴപ്പത്തിലായി. ഏതുവഴി പിന്തുടരണം? മൂന്നു വർഷം കോളേജിൽ പോയെങ്കിലും കോഴ്‌സ് പൂർത്തിയാക്കിയില്ല. അമ്മയുടെ കടുത്ത അച്ചടക്കം അവനെ ശ്വാസം മുട്ടിച്ചു. ബാബയ്ക്ക് ശേഷം മകനെ മൈഹർ ഘരാനയുടെ പിൻഗാമിയാക്കുകയായിരുന്നു ആഗ്രഹം. ശുഭോയുടെ ചെറുപ്പം മുതലേ ഇരുവരും തമ്മിലുള്ള തർക്കം തുടങ്ങിയിരുന്നു. മകനെ ബോഡിങ് സ്കൂളിൽ ചേർക്കുന്നതിനെ പറ്റിയായിരുന്നു ആദ്യതർക്കം. അമ്മയുടെ കീഴിൽ സംഗീതപഠനം തുടരുന്ന കാലത്തായിരുന്നു അത്. അവന് അച്ഛനോട് കൂടുതൽ ഇഷ്ട്ടമുണ്ടായിരുന്നു. അച്ഛൻ വിദേശത്തുനിന്ന് വരുമ്പോൾ മകന് പുതിയ സമ്മാനങ്ങൾ കൊണ്ട് വരിക പതിവായിരുന്നു.
അമിയോ ചക്രവർത്തിയുടെ മരണത്തോടെ പൂർണ്ണമായും സ്വതന്ത്രയായ കമല രവിയുടെ കൂടെ അമേരിക്കയിലേക്ക് പോയി. ഒരു വർഷം കഴിഞ്ഞപ്പോൾ അന്നപൂർണ്ണ വാർഡൻ റോഡിലെ ആകാശഗംഗ അപ്പാർട്സ് മെന്റിലേക്ക് താമസം മാറി. ചെറിയൊരു ഫളാറ്റായിരുന്നു. ശുഭോയാണ് അത് തിരഞ്ഞെടുത്തത്. അവിടെ അന്നപൂർണ്ണ പുതുജീവിതം ആരംഭിച്ചു. രവി നാട്ടിൽ എത്തിയപ്പോൾ സുഹൃത്തുക്കൾക്കുവേണ്ടി ശുഭോയുടെ സംഗീത കച്ചേരി ഏർപ്പാടാക്കി. ശുഭോ നന്നായി വായിക്കുമെന്ന് രവി കേട്ടിരുന്നു. അന്നപൂർണ്ണ നിരുത്സാഹപ്പെടുത്താൻ പോയില്ല, അച്ഛൻ പറഞ്ഞിട്ടല്ലേ.

മെലിഞ്ഞു നീണ്ട രൂപമാണ് ശുഭോയ്ക്ക്. അച്ഛന്റെയും അമ്മയുടെയും ശീതസമരം കണ്ടാണ് വളർന്നത്. പലപ്പോഴും ശുഭോ ഒറ്റക്കിരുന്ന് കരഞ്ഞിരുന്നു. ആരും അവന്റെ കണ്ണുനീർ ശ്രദ്ധിച്ചില്ല. എല്ലാവരും തിരക്കിലായിരുന്നു. കുട്ടികൾ കളിക്കുന്ന തിരക്കിൽ. ബാബ പരിപാടികളുടെ തിരക്കിൽ. മദനാകട്ടെ അടുക്കളയിലെ ജോലിത്തിരക്കിലും. അന്നപൂർണ്ണ എപ്പോഴും മുകളിലെ മുറിയിൽ സുർബഹാർ വായനയിലും. അച്ഛൻ അമ്മയുമായി വേർപെട്ട് എപ്പോഴും പുറത്താണ്. എന്തിനാണ് അച്ഛൻ അമ്മയെ അവഗണിക്കുന്നത്? അച്ഛനോട് ഇടയ്ക്ക് ദേഷ്യം തോന്നുമെങ്കിലും ചിലപ്പോഴൊക്കെ അച്ഛനെയോർത്ത് ഓർത്ത് അഭിമാനം തോന്നാറുമുണ്ട്.
അമ്മ അനുഭവിക്കുന്ന വേദനകൾ ശുഭോ ശ്രദ്ധിക്കാറുണ്ടായിരുന്നു. ഒരു ദിവസം രാത്രി അമ്മയുടെ തേങ്ങൽ കേട്ട് അവനുണർന്നു. ഉണർന്നത് അന്നപൂർണ്ണ കണ്ടില്ല. വിവരം അമ്മയെ അറിയിച്ചതുമില്ല. പെട്ടെന്ന് പത്ത് വയസ്സുള്ളപ്പോഴുള്ള ഓർമ്മയിലേക്ക് ശുഭോ വന്നു. അമ്മ രക്തം ഛർദിച്ചു. ബാബ ഉടനെ ഡോക്ടറെ വിളിച്ചു വരുത്തി. 'അമ്മ മരിക്കാൻ പോവുകയാണോ’ എന്ന് ഭയപ്പെട്ടു. ഡോക്ടർ വന്നു പരിശോധിച്ചപ്പോൾ പ്രശ്‌നമൊന്നുമില്ല എന്ന് കേട്ടപ്പോൾ ആശ്വാസമായി.
ഒരു രാത്രി രവിയുടെ സിതാർ വായന ആകാശവാണി പ്രക്ഷേപണം ചെയ്തു. രവിയുടെ വായനയ്ക്ക് ശേഷം രാത്രി മുഴുവൻ അന്നപൂർണ്ണ സുർബഹാർ വായിക്കാൻ തുടങ്ങി. താഴെനിലയിൽ നിന്ന് ബാബ അത് ശ്രദ്ധിച്ചു കേൾക്കുന്നുണ്ടായിരുന്നു. കനത്ത ഇരുൾ ആ വീടിനെയാകെ മൂടിനിന്നു. അമ്മയുടെ വായനക്കിടയിൽ ശുഭോ ബാബയോട് ചോദിച്ചു, “ഇത് ദുഃഖത്തിന്റെ രാഗമല്ലേ മുത്തച്ഛാ”, ബാബയ്ക്ക് അടക്കിപ്പിടിക്കാൻ കഴിഞ്ഞില്ല.
“അതെ കുഞ്ഞേ, എന്റെ പെണ്മക്കളുടെ ജീവിതം മുഴുവൻ ദുഃഖമാണ്.”
ബാബ തേങ്ങിക്കരയാൻ തുടങ്ങി. കരച്ചിൽ നിറുത്തി ബാബ ശുഭോയെ നോക്കി. മറ്റു കുട്ടികളെക്കാൾ അവന് സംഗീതത്തിന്റെ ആത്മാവ് അറിയാമെന്ന് തോന്നി. ശുഭോയുടെ പെയിന്റിങ് പഠനം സംഗീതത്തെ ബാധിക്കുമെന്ന് അന്നപൂർണ്ണ ഭയന്നു.
“നീയെന്താ ഇപ്പൊ സിതാർ വായിക്കാത്തത്?”
“അമ്മ പേടിക്കേണ്ട. ഞാൻ സിതാർ ഉപേക്ഷിക്കാനൊന്നും പോകുന്നില്ല. പെയിന്റിംഗ് പഠനം കഴിഞ്ഞാൽ സിതാറിലേക്ക് തിരിച്ചുവരും. ജെ ജെയിലെ പഠനം എനിക്ക് വലിയ ഗുണം ചെയ്യും. അച്ഛന്റെ സഹായത്തോടെ വിദേശത്ത് ജോലി കണ്ടെത്തണം. അവിടെയാകുമ്പോൾ അച്ഛനും കൂടെ ഉണ്ടാകുമല്ലോ’’.
“നമ്മുടേത് സംഗീതപാരമ്പര്യമുള്ള കുടുംബമാണ്. പെയിന്റിംഗ് വെറുമൊരു ഹോബിയാണ്.” അന്നപൂർണ്ണ മകനെ നിരുത്സാഹപ്പെടുത്തി. അന്നപൂർണ്ണ തൻ്റെ ആശങ്ക രവിയുമായിചർച്ച ചെയ്തു.
“ഒരു കലാരൂപത്തിൽ നിന്ന് മറ്റൊന്നിലേക്ക് മാറുന്നതിൽ തെറ്റൊന്നുമില്ല. എന്നെ നോക്കൂ, ഞാൻ ഉദയശങ്കറിന്റെ ബാലെയിൽ ഡാൻസറായിരുന്നല്ലോ. പിന്നെ സിതാറിസ്റ്റ് ആയി. ഉദയശങ്കറും ഇംഗ്ളണ്ടിൽ പോയത് പെയിന്റിങ് പഠിക്കാനാണ്. റഷ്യൻ നർത്തകി അന്നാ പാവ്ലോവയെ കണ്ടു നൃത്തത്തിലേക്ക് വന്നു. അതുകൊണ്ട് ഒന്നിൽ നിന്ന് മറ്റൊന്നിലേക്ക് മാറുന്നതിൽ അസ്വാഭാവികതയൊന്നും എനിക്ക് തോന്നുന്നില്ല.”
“അതുപോലെ അല്ലല്ലോ ഇത്. ശുഭോ വലിയൊരു സംഗീതപാരമ്പര്യമുള്ള കുടുംബത്തിൽ ജനിച്ചവനാണ്. ആ പൈതൃകത്തിന്റെ അവകാശിയുമാണ്.”
“ശുഭോ ഇപ്പോൾ വലിയ കുട്ടിയാണല്ലോ. അവൻ തന്നെ തീരുമാനമെടുക്കട്ടെ”, ഒടുവിൽ രവി പറഞ്ഞു.
▮
എപ്പിസോഡ് 22
അന്നപൂർണ്ണ ആകാശഗംഗ അപ്പാർട്ട്മെന്റിനെ അലങ്കരിച്ചു. പുതിയ കാർട്ടനുകളും സോഫകളും വാങ്ങി. ശുഭോ വാങ്ങിയ നായ മുന്നയും പിന്നെ കുറച്ചു പ്രാവുകളും മാത്രമാണ് അവിടെ ഉണ്ടായിരുന്നത്. അതിനു തീറ്റകൊടുക്കുന്നതും അവ പറന്ന് വന്ന് ബാൽക്കെണിയിൽ ഇരിക്കുന്ന കാഴ്ചയും കണ്ട് അന്നപൂർണ്ണ ആനന്ദിച്ചു.
മാ എന്നായിരുന്നു ശിഷ്യർ അന്നപൂർണ്ണയെ വിളിച്ചിരുന്നത്. പഠിപ്പിക്കാൻ ആരിൽ നിന്നും പണം സ്വീകരിച്ചിരുന്നില്ല. പഠിതാവിന്റെ സമ്പൂർണ്ണമായ അർപ്പണമനോഭാവം മാത്രമാണ് നോക്കിയിരുന്നത്. ഈ കാര്യത്തിലും ബാബയുടെ പാതയാണ് പിന്തുടർന്നത്. അർഹതപ്പെട്ടവർക്ക് അറിവ് നിഷേധിക്കരുതെന്ന് ബാബ മകളെ ഉപദേശിച്ചിരുന്നു. അന്നപൂർണ്ണ തന്നെയാണ് ശിഷ്യർക്ക് ഭക്ഷണം പാകം ചെയ്തു കൊടുത്തിരുന്നത്.
അന്നപൂർണ്ണയുടെ ദിനചര്യയിൽ ഉൾപ്പെടുന്നതാണ് സാധകമെങ്കിലും അത് മറ്റുള്ളവരുടെ സാന്നിധ്യത്തിൽ ചെയ്യാൻ ഇഷ്ടപ്പെട്ടിരുന്നില്ല. അങ്ങനെ ചെയ്യുമ്പോൾ അവരിൽ മതിപ്പുളവാക്കണമെന്ന ചിന്ത മനസ്സിലുണ്ടാകും. പലപ്പോഴും അന്നപൂർണ്ണ രണ്ടുമൂന്നു മണിക്കൂറിൽ കൂടുതൽ ഉറങ്ങിയിരുന്നില്ല. ഏറെ സമയം പ്രാവുകളുടെ കൂടെ ചെലവഴിക്കും. തന്റെ കൈയിൽ നിന്ന് അവ കൊത്തിതിന്നുന്നത് നോക്കി നിൽക്കാൻ ഇഷ്ടപ്പെട്ടു.
കുറെ കാലത്തിനുശേഷം ബാബയുടെ കത്ത് വന്നു. ബ്രിജ്‌നാഥ് സിംഗ് മരിച്ചെന്നും അത് വലിയ സങ്കടമുണ്ടാക്കിയെന്നും കത്തിൽ പറഞ്ഞിരിക്കുന്നു. സ്വാതന്ത്ര്യം കിട്ടിയതിനുശേഷം മൈഹർ ഇന്ത്യൻ യൂണിയനിൽ ലയിച്ചപ്പോൾ രാജാവ് ജബൽപൂരിലേക്ക് താമസം മാറി. ഇടയ്ക്ക് സംഗീതം പഠിക്കാൻ ബാബയുടെ അടുത്ത് വരും. രാജഭരണം നഷ്ട്ടപെട്ടെങ്കിലും പ്രിവി പേഴ്സ് കിട്ടുന്നത് കൊണ്ട് ചിലവുകൾ നടത്താൻ ഒരു പ്രയാസവും ഉണ്ടായിരുന്നില്ല. അതിനുശേഷം ബാബ രാജാവിൽ നിന്ന് പണം സ്വീകരിക്കുന്നത് നിർത്തി. അതുകൊണ്ട് ബാബയ്ക്ക് ഇപ്പോൾ മുമ്പത്തേക്കാൾ കൂടുതലായി അധ്വാനിക്കേണ്ടി വരുന്നു. മക്കളെ വീട്ടിൽ വിട്ടിട്ട് മുംബൈയിൽ താമസിക്കുന്ന അലി പണം അയക്കാത്തതും അവരുടെ ചെലവുകൾ ഈ വയസ്സുകാലത്ത് താൻ തന്നെ പണിയെടുത്ത് വേണം നടത്താനെന്നും കത്തിൽ എഴുതിയിരിക്കുന്നു.

കുറെക്കാലമായി ഹരിപ്രസാദ് ചൗരസ്യ തന്നെ ശിഷ്യനായി സ്വീകരിക്കണം എന്ന് ആവശ്യപ്പെട്ട് അന്നപൂർണ്ണയുടെ പിന്നാലെ കൂടിയിരിക്കുന്നു. വിടാതെ പിന്തുടരുകയാണെന്ന് കണ്ടപ്പോൾ സ്വീകരിച്ചു. ഹരി സിനിമക്കുവേണ്ടി പിന്നണി വായിക്കുന്നുണ്ടായിരുന്നു. പക്ഷെ ഹരിയുടെ വായന ക്ലാസ്സിക്കൽ സംഗീതത്തിന് യോജിച്ചതല്ലായിരുന്നു. അയാളുടെ മുമ്പിൽ ഒരു ഉപാധി വെച്ചു. ആദ്യം മുതൽ തുടങ്ങണം. ഹരി അത് സ്വീകരിക്കില്ല എന്നായിരുന്നു കരുതിയത്. പക്ഷെ അയാൾ അതിന് തയ്യാറായി. പകൽ മുഴുവൻ റെക്കോർഡിങ് സ്റ്റുഡിയോവിൽ കഠിനമായി ജോലി ചെയ്ത് വൈകീട്ട് ആകാശഗംഗയിൽ വരുമ്പോൾ ഗുരു കൊടുക്കുന്ന ഭക്ഷണം കഴിച്ച് പ്രാക്ടീസ് ചെയ്യാനിരിക്കും.
ഹരി ആകാശഗംഗ അപ്പാർട്ട്മെന്റിൽ നിത്യസന്ദർശകനായി. അന്നപൂർണ്ണയുടെ ഒറ്റക്കുളള ജീവിതവും മാനസികകരുത്തും ഹരിയെ അത്ഭുതപ്പെടുത്തി. കൂടുതൽ അടുത്തപ്പോൾ അവർ അനുഭവിക്കുന്ന മാനസിക സംഘർഷവും ചില അവസരങ്ങളിൽ ജീവിതത്തോട് കാണിക്കുന്ന വിരക്തിയും ഹരിയെ വേദനിപ്പിച്ചു. അവർക്ക് സംഗീതത്തോടുള്ള അഭിനിവേശവും അർപ്പണവും തുല്യതയില്ലാത്തതാണെന്ന് ബോധ്യമായിരുന്നു.
ഫ്ളാറ്റിന് പുറത്തുപോകാൻ താല്പര്യം കാണിക്കാത്ത അന്നപൂർണ്ണയെ പുറത്ത് കൊണ്ടുപോകാൻ ഹരി ഒരു സൂത്രം പ്രയോഗിച്ചു. രവിശങ്കറിന്റെ അംബാസഡർ കാർ കുറച്ചുകാലമായി അവരുടെ ഷെഡിൽ ഉപയോഗശൂന്യമായി കിടക്കുന്നുണ്ടായിരുന്നു. ഉപയോഗിച്ചില്ലെങ്കിൽ തുരുമ്പെടുത്ത് നശിച്ചു പോകും. റിപ്പെയർ ചെയ്യാൻ നല്ല കാശാവും, ഹരി പറഞ്ഞു.
“അതിന് എന്ത് ചെയ്യണം’’, അന്നപൂർണ്ണ ചോദിച്ചു.
“നിങ്ങൾ കാറോടിക്കണം”.
“എനിക്ക് ഓടിക്കാൻ അറിയില്ലല്ലോ”, അന്നപൂർണ്ണ ചിരിച്ചു.
“ അത് എളുപ്പമല്ലേ, ഞാൻ പഠിപ്പിക്കാം”.
അങ്ങനെ ഹരി ഗുരുവും അന്നപൂർണ്ണ ശിഷ്യയുമായി ഡ്രൈവിംഗ് പഠനം തുടങ്ങി. വളരെ വേഗം തന്നെ അവർ ഡ്രൈവിംഗ് പഠിച്ചെടുത്തു.
ഒരു ദിവസം അന്നപൂർണ്ണ ചോദിച്ചു, “കാർ ഓടിക്കണമെങ്കിൽ ലൈസൻസ് വേണ്ടേ?”
“വേണം”.
“എങ്കിൽ എനിക്കൊരു ലൈസൻസ് എടുത്തു തരണം. നിയമം ലംഘിക്കാനോന്നും താല്പര്യമില്ല.”
അന്നപൂർണ്ണയെ ക്യൂവിൽ നിർത്തി പരീക്ഷയും എഴുതിച്ച് ലൈസൻസ് എടുക്കുക പ്രായോഗികമല്ലെന്ന് തോന്നി. അന്നപൂർണ്ണയ്ക്ക് പകരം ഡ്രൈവിംഗ് അറിയാവുന്ന മറ്റൊരു സ്ത്രീയെക്കൊണ്ട് പരീക്ഷ എഴുതിപ്പിച്ച് പാസാക്കി. അതുകഴിഞ്ഞ് ലൈസൻസിന് അപേക്ഷിക്കുമ്പോൾ ബ്ലാക്ക് ആൻഡ് വൈറ്റ് ഫോട്ടോ നിർബന്ധമായിരുന്നു. അതിനായി അന്നപൂർണ്ണയോട് രൂപസാദൃശ്യമുള്ള തന്റെ ഭാര്യ അരുന്ധതിയുടെ ഫോട്ടോ സമർപ്പിച്ചു. ഡ്രൈവിംഗ് ലൈസൻസ് കിട്ടുകയും ചെയ്തു.
ഒരു ദിവസം അവർ സഞ്ചരിച്ച കാറിൽ മറ്റൊരു കാർ വന്നിടിച്ചു. തെറ്റായ ദിശയിലൂടെയാണ് ഇടിച്ച കാർ കടന്നുവന്നത്. അപകടത്തിൽ ആർക്കും പരിക്കില്ല.
“ എന്തുകൊണ്ട് ബ്രേക്ക് പിടിക്കാൻ നിങ്ങൾ പറഞ്ഞില്ല’’, അന്നപൂർണ്ണ ഹരിയോട് ദേഷ്യപ്പെട്ടു.
“ ബാബ മായെ പഠിപ്പിക്കുമ്പോൾ അദ്ദേഹം പറഞ്ഞു തരുന്ന നോട്ടുകൾ മാത്രമാണോ വായിക്കുന്നത്?’’
ഹരിയുടെ മറുപടി കേട്ട് അന്നപൂർണ്ണ ചിരിച്ചു.
പിന്നീട് കുറച്ചുകാലം കാറോടിച്ചില്ല. അധികം താമസിയാതെ രവിശങ്കർ കാർ വിറ്റു.
അലി അക്ബർ കയറിവരുമ്പോൾ അന്നപൂർണ്ണ തലവേദനയായി ചാരുകസേരയിൽ ഇരിക്കുകയായിരുന്നു.
“ഹാ..ഭയ്യാ…” അപ്രതീക്ഷിതമായി കയറിവന്നതിൽ അന്നപൂർണ അത്ഭുതപ്പെട്ടു. അവർ കസേരയിൽ നിന്ന് എഴുന്നേറ്റ് സഹോദരനെ ആലിംഗനം ചെയ്‌തു.
“ഞാൻ അമേരിക്കയിലേക്ക് പോവുകയാണ്, യാത്ര പറയാൻ വന്നതാണ്.
“എപ്പോഴാ?’’
“അടുത്ത മാസം പതിനാലിന്.”
“ഭയ്യാ, മുടിയൊക്കെ കുറെ പോയല്ലോ..”
“വർഷങ്ങൾ എത്രവേഗമാണ് കടന്നുപോകുന്നത്.”
“ശരിയാണ്, എത്ര വേഗമാണ് കാലം പോകുന്നത്. പണ്ട് സ്കൂളിൽ പോകുമ്പോൾ ഞാൻ നിന്നെ സൈക്കിളിൽ നിന്ന് തള്ളിയിടുന്നത് ഓർമ്മയുണ്ടോ”
“പിന്നെ….പിന്നെ”
“എനിക്കറിയാമായിരുന്നു, അത് മനഃപൂർവ്വമാണെന്ന്. എന്നിട്ട് റോഡിലെ കുഴിയെ കുറ്റം പറയും.” അന്നപൂർണ്ണ പറഞ്ഞു. അലി ഉറക്കെ ചിരിച്ചു.

“അതിനൊരു കാരണമുണ്ടായിരുന്നു. ബാബ നന്നായിട്ട് വായിക്കുന്നവർക്ക് മിട്ടായി തരുമെന്ന് പറയും. അത് എല്ലായിപ്പോഴും നിനക്കാണ് കിട്ടിയിരുന്നത്. എനിക്കാണെങ്കിൽ മിട്ടായി തിന്നാൻ കൊതിയാണ്. മിട്ടായി കിട്ടാത്ത പക എൻ്റെ മനസ്സിലുണ്ടായിരുന്നു. അതുകൊണ്ടാണ് അന്ന് അങ്ങനെയൊക്കെ പെരുമാറിയത്.”
അലി അൽപനേരം മൗനിയായി.
“എന്നോട് പൊറുക്കണം.”
അലി വികാരാധീനനായി. അന്നപൂർണ്ണയുടെ കണ്ണുകളും നിറഞ്ഞു.
“അതൊക്കെ കുട്ടികാലത്തെ തമാശകളല്ലേ. അത് കഴിഞ്ഞിട്ട് എത്രയോ വർഷങ്ങൾ കഴിഞ്ഞില്ലേ’’.
“എൻ്റെ മനസ്സിൽ ഇപ്പോഴും ഓർമ്മ വരുന്ന തമാശയുണ്ട്.”
“എന്താ ”
അലിയുടെ സങ്കടം മാറ്റാൻ അന്നപൂർണ്ണ മറ്റൊരു സംഭവം പറഞ്ഞു. “ഭയ്യാ ഓർക്കുന്നോ, ജാക്കറ്റിട്ട് ഇരിക്കുന്നത്. നാല്പത് ഡിഗ്രി വരെ ചൂടുള്ള മാസങ്ങളിലും വിയർത്തൊലിച്ചാലും മാറ്റില്ല. ബാബയുടെ അടുത്തുനിന്ന് കിട്ടുന്ന അടിയുടെ കാഠിന്യം കുറക്കാൻ..”
അന്നപൂർണ്ണ ചിരിച്ചു
“എന്തിനാ ചൂടുള്ള സമയത്ത് ജാക്കറ്റ് ഇടുന്നത് എന്ന് ബാബ ചോദിച്ചപ്പോൾ ഭയ്യ പറഞ്ഞു. ചുമയും ജലദോഷവുമാണെന്ന്. കള്ളച്ചുമ കാണിക്കുകയും ചെയ്തു.” ഇരുവരും പൊട്ടിച്ചിരിച്ചു.
അങ്ങനെ അവർ ബാല്യകാലത്തെ ഓർമ്മകളിൽ മുങ്ങാൻ കുഴിയിട്ടു കൊണ്ടിരുന്നു. അന്നപൂർണ്ണ അലിയെ ബാൽക്കണിയിലേക്ക് കൂട്ടിക്കൊണ്ടു പോയി. അവിടെ പ്രാവുകൾ കുറുകുന്നുണ്ടായിരുന്നു.
“ മൈഹറിൽ നിന്ന് എത്ര വ്യത്യസ്തമാണ് ഈ നഗരം. അല്ലെ?”
“ആദ്യമൊക്കെ ഇവിടെ പൊരുത്തപ്പെടാൻ വലിയ പ്രയാസമായിരുന്നു. ഇപ്പോൾ ഇവിടെ വിട്ട് മൈഹാറിലേക്ക് പോകാനും തോന്നുന്നില്ല. മൈഹറിന് എന്തോ നിഗൂഢതയുള്ളതായി തോന്നിയിട്ടുണ്ട്. അവിടെ രാത്രി സ്ഥിരമായി വീശുന്ന കാറ്റിൽ പോലും. ഇവിടെ എല്ലാം ലളിതമാ….”
കുറച്ചു ദിവസം കഴിഞ്ഞപ്പോൾ ബാബയും മദൻമഞ്ചരിയും ആകാശഗംഗയിൽ താമസിക്കാനെത്തി. അപ്രതീക്ഷിതമായിരുന്നു ആ വരവ്. അന്നപൂർണ്ണ ഏറെ സന്തോഷിച്ചു.
“ഞങ്ങൾ വരാന്ന് വിചാരിച്ചതല്ല. എന്തോ ഒരു വല്ലായ്‌മ തോന്നുന്നു. ഇനി വരാൻ കഴിഞ്ഞില്ലങ്കിലോ.”
“അങ്ങെയൊന്നും പറയല്ലേ ബാബാ”
“രാജാവ് മരിച്ചതിനുശേഷം ബാബയ്ക്ക് എന്തോ തളർച്ചപോലെ എപ്പോഴും പഴയ കാര്യങ്ങൾ പറഞ്ഞ് കൊണ്ടിരിക്കും.”
“ അവർ തമ്മിൽ അങ്ങനെയൊരു ബന്ധമായിരുന്നല്ലോ.”
“അലി അമേരിക്കയിലേക്കും സുബൈദയും കുട്ടികളും വീട്ടിലേക്കും പോയി. എല്ലാവരും പോയിക്കഴിഞ്ഞപ്പോൾ എന്തോ ഒരു വിഷമം പോലെ. നിന്റെ കൂടെ നിന്നാൽ മാറ്റമുണ്ടാകും എന്ന് കരുതി.” മദൻ മഞ്ചരി പറഞ്ഞു.
“വന്നത് നന്നായി.. കുറച്ചുദിവസം താമസിക്കുമ്പോൾ ബാബയുടെ മൂഡ് മാറുമല്ലോ. കഴിഞ്ഞ ആഴ്ച ഭയ്യാ വന്നിരുന്നു യാത്ര പറയാൻ. അപ്പോൾ സംസാരിച്ചത് മുഴുവൻ മൈഹാറിലെ കുട്ടിക്കാലത്തെ കുറിച്ചായിരുന്നു.”
“മൈഹറിൽ താമസിച്ചവർക്കൊക്കെ അവിടം വിട്ട് മറ്റൊരിടത്തേക്ക് മാറുന്നതിനെ പറ്റി ചിന്തിക്കാൻ പറ്റില്ല.” മദൻ പറഞ്ഞു.
“നിനയ്ക്ക് രാജാവ് തന്ന ഭൂമിയിൽ ഞാൻ മതിൽ കെട്ടി വീട് പണി തുടങ്ങിയിട്ടുണ്ട് .”
“ അതെന്തിനായിരുന്നു ബാബ, ഇപ്പോൾ തന്നെ ബാബയ്ക്ക് വയ്യാതിരിക്കുകയല്ലേ”
“അത് അവിടെ കിടക്കട്ടെ. ഒരു വീടുണ്ടെങ്കിൽ ഭാവിയിൽ നല്ലതല്ലേ. താമസിക്കുകയോ വാടകയ്ക്ക് കൊടുക്കുകയോ ചെയ്യാമല്ലോ.”
“ എനിക്ക് ഈ അപ്പാർട്ട്മെന്റ് വിട്ടിട്ടു പുറത്തേക്ക് പോകാൻ താല്പര്യമൊന്നുമില്ല.”
വൈകീട്ട് അവർ ബാൽക്കണിയിൽ ഇരിക്കുമ്പോൾ മഴ പെയ്‌തു.
“ഇവിടെ മഴ പതിവില്ല.” അന്നപൂർണ്ണ പറഞ്ഞു.
അപ്രതീക്ഷിതമായി പെയ്ത മഴയിൽ നിന്ന് രക്ഷനേടാൻ ആൾക്കാർ തലങ്ങും വിലങ്ങും ഓടുന്ന കാഴ്ച അവിടെയിരുന്ന് കണ്ടു. നിമിഷങ്ങൾക്കകം തെരുവ് ശൂന്യമായി. മഴ കൂടുതൽ കനക്കാൻ തുടങ്ങി. മൂവരും നിശ്ശബ്ദമായിരുന്ന് അൽപനേരം മഴ ആസ്വദിച്ചു. മഴയുടെ ശക്തി കുറയാൻ തുടങ്ങിയപ്പോൾ ബാബ പറഞ്ഞു, ‘‘നീ സിതാർ എടുത്തുകൊണ്ട് വാ…”
ബാബ ഉത്സാഹം കാണിച്ചു.
ബാബ സിതാറിൽ മേഘ് രാഗം വായിച്ചു.. അന്നപൂർണ്ണയും മദൻ മഞ്ചരിയും ആസ്വദിച്ചു നിന്നു.
(അടുത്ത പാക്കറ്റിൽ തുടരും).
